ഉല്പത്തി 13:7 ൽ അബ്രാഹാമിന്റെ വേലക്കാരും ലോത്തിൻ്റെ വേലക്കാരും തമ്മിൽ ഒരു പിണക്കം ഉണ്ടായതായി നാം വായിക്കുന്നു.അബ്രാഹാമിനും ലോത്തിനും തങ്ങളുടെ മിസ്രിയീമിലേക്കുള്ള (ഈജിപ്തിലേക്കുള്ള) യാത്രയിലൂടെ വളരെ സമ്പത്ത് ലഭിച്ചു ഇപ്പോൾ ആ സമ്പത്ത് പ്രശ്നങ്ങൾക്ക് കാരണമായിരിക്കുന്നു. സമ്പത്ത് എപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. ഈജിപ്തിൽ കണ്ട കാര്യങ്ങളാൽ ലോത്തും അയാളുടെ ഭാര്യയും സ്വാധീനിക്കപ്പെട്ടു. അവർ കൂടുതൽ പണം ഉണ്ടാക്കാൻ ആഗ്രഹിച്ചു. എന്നാൽ ആരുമായും വഴക്കുണ്ടാക്കാത്ത ഒരു മനുഷ്യനായിരുന്നു അബ്രാഹാം. എന്നാൽ അവൻ്റെ വേലക്കാർ വഴക്കിട്ടു.
"അബ്രാഹാമിന്റെ കന്നുകാലികളുടെ ഇടയന്മാർക്കും ലോത്തിൻ്റെ കന്നുകാലികളുടെ ഇടയന്മാർക്കും തമ്മിൽ പിണക്കമുണ്ടായി; കനാന്യരും പെരീസ്യരും അന്ന് ദേശത്ത് പാർത്തിരുന്നു." ഈ അവസാന വാചകം എന്തുകൊണ്ടാണ് അവിടെ ഉൾപ്പെടുത്തിയത്? കാരണം വിജാതീയരായ ആ ആളുകൾ ഈ വഴക്കു നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഇന്നത്തെ ക്രിസ്തീയ ഗോളത്തിലെ സാഹചര്യത്തിലും ഇത് വളരെ പ്രസക്തമാണ്. ഈ രാജ്യത്ത് വിജാതീയർ പാർക്കുന്നുണ്ട്, അവർ എന്താണ് കാണുന്നത്? ക്രിസ്തീയ കൂട്ടങ്ങൾ തമ്മിൽ വഴക്കിടുന്നു. ഇതിന്റെയെല്ലാം നടുവിൽ ലോത്തിനെ (പണ സ്നേഹിയായ ലോകമനുഷ്യൻ) വിളിച്ചിട്ട് അവനോട് "എനിക്കും നിനക്കും തമ്മിൽ പിണക്കം ഉണ്ടാകരുതെ, നാം സഹോദരന്മാരല്ലോ" (ഉൽപ. 13:8) എന്നു പറയുന്ന അബ്രാഹാമിനെ പോലെ ദൈവഭക്തനായ ഒരു മനുഷ്യനെ നമുക്ക് കണ്ടെത്താൻ കഴിയുമോ. അവർ സഹോദരന്മാരായിരുന്നില്ല. അബ്രാഹാം പേരപ്പനും ലോത്ത് അദ്ദേഹത്തിൻ്റെ സഹോദര പുത്രനും ആയിരുന്നു. 75 വയസ്സ് പ്രായമുള്ള ഈ മനുഷ്യന് 35 വയസ്സ് പ്രായമുള്ള തൻ്റെ സഹോദര പുത്രനോടുള്ള കൃപ കാണുക. "നാം സഹോദരന്മാരല്ലോ!" ദൈവഭക്തനായ ഒരു മനുഷ്യൻ വിനയമുള്ള ഒരുവനാണ്. അദ്ദേഹത്തിന് 75 വയസ്സുണ്ട്, എന്നാലും തൻ്റെ ചെറിയ സഹോദര പുത്രനെ നോക്കി ഇങ്ങനെ പറയാൻ കഴിഞ്ഞു "നാം സഹോദരന്മാരല്ലോ നമ്മൾ തുല്യരാണ്. ഞാൻ നിനക്ക് ആദ്യം തിരഞ്ഞെടുക്കാനുള്ള മുൻഗണന തരുന്നു. നിനക്കു വേണുന്നത് നീ തിരഞ്ഞെടുത്തു കൊൾക." ഇങ്ങനെയുള്ളവരെ കൊണ്ടാണ് യെരുശലേം പണിയപ്പെടുന്നത്. ക്രിസ്തീയ ഗോളത്തിന് അങ്ങനെയുള്ള നേതാക്കന്മാരെ ആവശ്യമുണ്ട് - എന്നാൽ അവർ അത്ര എളുപ്പത്തിൽ കണ്ടെത്തപ്പെടുന്നില്ല.
ഇന്ന് തങ്ങളുടെ അധികാരം ഉറച്ചിട്ട് "എനിക്ക് 75 വയസ്സുണ്ട് ഞാൻ നിൻ്റെ പേരപ്പനാണ്. ദൈവം എന്നെയാണ് വിളിച്ചത്, നിന്നെയല്ല നീ എൻ്റെ കൂട്ടിനു വന്നു എന്ന് മാത്രം." എന്നു പറഞ്ഞേക്കാവുന്ന അനേകം നേതാക്കന്മാർ നമുക്കുണ്ട്. എന്നാൽ അബ്രാഹാം ലോത്തിനോട് അങ്ങനെ സംസാരിച്ചില്ല. അദ്ദേഹം ലോത്തിനോട് ഇപ്രകാരം സംസാരിച്ചു, "നീ ഇടത്തോട്ടെങ്കിൽ ഞാൻ വലത്തോട്ടു പൊയ്ക്കൊള്ളാം. നീ വലത്തോട്ടെങ്കിൽ ഞാൻ ഇടത്തോട്ട് പോയി കൊള്ളാം. നിനക്കാവശ്യമുള്ളത് നീ ആദ്യം എടുത്തുകൊള്ളുക." അപ്പോൾ ബാബിലോണിന്റെ ആത്മാവുള്ള, അത്യാഗ്രഹിയായ, ലോത്ത്, ആദ്യം തന്നെ തട്ടിയെടുത്തു. അവൻ സോദോമിലെ മനോഹരമായ വയലുകളെ നോക്കിയപ്പോൾ, അവിടെ പണമുണ്ടാക്കുന്നതിനുള്ള അവസരം അവൻ കണ്ടു, കൂടാതെ അവിടെ താമസിച്ച ധനവാന്മാരായ ആളുകളെയും കണ്ടു, എന്നിട്ട് ഇങ്ങനെ പറഞ്ഞു, "ഞാൻ അങ്ങോട്ട് മാറി കൊള്ളാം എന്നിട്ട് അവിടെ ദൈവത്തെ സേവിച്ചു കൊള്ളാം."
അനേകം ക്രിസ്ത്യാനികളും ക്രിസ്തീയ നേതാക്കളും സമ്പന്ന രാജ്യങ്ങളിലേക്ക് മാറുവാൻ ഇഷ്ടപ്പെടുന്നു എന്നാൽ വ്യത്യാസം കൂടാതെ, അവർക്ക് തങ്ങളുടെ ആത്മീയത നഷ്ടപ്പെടുന്നു. അബ്രാഹാം ഈ തീരുമാനം എടുത്തുകൊണ്ടിരുന്നപ്പോൾ, യഹോവ അവിടെ ഇറങ്ങി വന്നു (ബാബേലിലെ പോലെ), അവനും ലോത്തും എന്തു ചെയ്യുകയാണെന്ന് കാണുവാൻ. അബ്രാഹാം തന്നത്താൻ പെരുമാറിയ ദൈവീക രീതി അവിടുന്നു കണ്ടു. ലോത്ത് അബ്രാഹാമിനെ വിട്ടുപിരിഞ്ഞ ഉടനെ, വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ യഹോവ അബ്രാഹാമിനോടു പറഞ്ഞു (ഉൽ. 13:14).
ദൈവം ആദ്യം അവനെ തന്റെ പിതാവിൽ നിന്നു വേർതിരിച്ചു (മരണത്താൽ), അതിനുശേഷം അവിടുന്ന് അബ്രാഹാമിനെ പിന്നെയും അവൻ്റെ മറ്റൊരു ബന്ധുവിൽ നിന്നു വേർതിരിച്ചു (തന്റെ അത്യാഗ്രഹത്തിലൂടെ അബ്രാഹാമിന് തടസ്സമാകാമായിരുന്ന ഒരാളിൽ നിന്ന്). യഹോവ ഇപ്രകാരം പറഞ്ഞു, "ഇപ്പോൾ നീ തനിച്ചാണ് അതുകൊണ്ട് എനിക്ക് നിന്നെ ഞാൻ ആഗ്രഹിക്കുന്നിടത്തേക്ക് കൊണ്ടുപോകുവാനും നീ എന്താകണമെന്ന് ഞാൻ ആഗ്രഹിക്കുന്നോ അതുപോലെ ആക്കി തീർക്കുവാനും എനിക്ക് കഴിയും. കൃത്യമായി സംഭവിച്ചതെന്താണെന്ന് ഞാൻ കണ്ടു." ആളുകൾക്ക് തമ്മിൽ ഉണ്ടാകുന്ന എല്ലാ ഇടപാടുകളും ദൈവം സൂക്ഷ്മതയോടെ നോക്കുന്നുണ്ട് എന്നു നിങ്ങൾക്കറിയാമോ? അവിടുന്ന് നമ്മുടെ മനോഭാവങ്ങളെ നോക്കുന്നു. നിങ്ങൾ ഒരു ക്രിസ്ത്യാനി ആയതുകൊണ്ട് നിങ്ങളുടെ അവകാശങ്ങൾ ചിലതിനുവേണ്ടി വിട്ടുകളഞ്ഞിട്ടുണ്ടോ? ദൈവം നിങ്ങളോട് ഇങ്ങനെ പറയുന്നു, "ഞാൻ അത് കുറിച്ചു വച്ചിരിക്കുന്നു."
അതിനുശേഷം ദൈവം അബ്രാഹാമിനോട് പറഞ്ഞു, നീ ഇവിടെ നിന്നുകൊണ്ട് വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമിയൊക്കെയും ഞാൻ നിനക്കും നിൻ്റെ സന്തതിക്കും ശാശ്വതമായി തരും. ഞാൻ അതും വാഗ്ദത്തം ചെയ്യുന്നു. അത് ലോത്തിൻ്റെ സന്തതിയ്ക്കുള്ളതല്ല." ദൈവം അത് അബ്രാഹാമിനോട് 4000 വർഷങ്ങൾക്കു മുമ്പാണ് പറഞ്ഞത്. 4000 വർഷങ്ങൾക്ക് ശേഷം ആ ദേശം നോക്കിയിട്ട് ആരാണ് അവിടെ താമസിക്കുന്നതെന്ന് നിങ്ങളോട് തന്നെ ചോദിക്കുക. അബ്രാഹാമിന്റെ സന്തതികൾ, ലോത്തിന്റെ സന്തതികളല്ല. ദൈവം അവിടുത്തെ വാക്കു പാലിക്കുന്നു. ആയിരക്കണക്കിന് വർഷങ്ങൾ കടന്നു പോയേക്കാം, എന്നാൽ ദൈവം അബ്രാഹാമിനോട് "ഞാൻ ഈ ദേശം നിൻ്റ സന്തതികൾക്ക് ശാശ്വതമായി തരും," (ഉൽ. 13:15) എന്നു പറഞ്ഞിട്ടുണ്ടെങ്കിൽ, അപ്പോൾ അത് കൃത്യമായി അങ്ങനെ തന്നെയായിരിക്കും.
അതിനു ശേഷം ലോത്ത് കഷ്ടത്തിൽ ആകുന്നത് എങ്ങനെയെന്ന് 14-ാം അധ്യായത്തിൽ നാം കാണുന്നു. നിങ്ങൾ ദൈവഹിതത്തിന്റെ വെളിയിൽ പോകുമ്പോഴെല്ലാം നിങ്ങൾ പ്രയാസത്തിലാകുന്നു. അവൻ തൻ്റെ ശത്രുക്കളാൽ ബന്ധിയാക്കപ്പെട്ടു. അബ്രാഹാമിന് ഇങ്ങനെ പറയാമായിരുന്നു, "അവന് കിട്ടേണ്ടത് ശരിയായി കിട്ടി. ആ മനുഷ്യൻ എന്നിൽ നിന്ന് ചില കാര്യങ്ങൾ പിടിച്ചുപറിച്ചു കൊണ്ടുപോയി." എന്നാൽ അബ്രാഹാം അങ്ങനെ പ്രതികരിച്ചില്ല. അവിടെ അബ്രാഹാം മറ്റൊരു പ്രാവശ്യം കൂടി പരിശോധിക്കപ്പെടുന്നതാണ് നിങ്ങൾ കാണുന്നത്: തന്നെ കബളിപ്പിച്ച ഈ മനുഷ്യൻ ബുദ്ധിമുട്ടിലായി എന്ന് കേൾക്കുമ്പോൾ അബ്രാഹാമിന്റെ മനോഭാവം എന്തായിരിക്കും? നിങ്ങളെ കബളിപ്പിച്ച ആരെങ്കിലും അയാളുടെ കുഴപ്പം കൊണ്ട് കഷ്ടത്തിലാകുമ്പോൾ, അപ്പോൾ വളരെ പെട്ടെന്നു തന്നെ നിങ്ങൾ ഒരു ദൈവത്തിൻ്റെ മനുഷ്യനാണോ - അല്ലയോ എന്ന് നിങ്ങൾ കണ്ടെത്തും.
അബ്രാഹാമിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, "ഞാൻ പോയി ലോത്തിനെ സഹായിക്കട്ടെ. ലോത്ത് എന്നെ കബളിപ്പിച്ചു എന്നത് സത്യമാണ്. എന്നാൽ എന്താണ് അവൻ എന്നിൽ നിന്നും വഞ്ചിച്ചെടുത്തത്? ഭൗമിക സമ്പത്തിലെ കുറച്ചു ചവറ്. അത് ഒന്നുമല്ല. എനിക്ക് സ്വർഗീയ സമ്പത്ത് കിട്ടിയിരിക്കുന്നു. ഭൗമിക വസ്തുക്കളുടെ പിന്നാലെ പോയിട്ട്, ഇപ്പോൾ അവൻ കഷ്ടത്തിലായി എന്നതിൽ ലോത്തിനെ കുറിച്ച് എനിക്ക് ദുഃഖം തോന്നുന്നു. ഞാൻ പോയി അവനെ സഹായിക്കട്ടെ." അങ്ങനെ അബ്രാഹാം പോയി, ലോത്തിനെ അവൻ തന്നെ വിടുവിച്ചു. ഒരു ദൈവഭക്തന്റെ മനോഭാവം അതാണ്. അങ്ങനെയുള്ളവർക്ക് മാത്രമേ യെരൂശലേം പണിയാൻ കഴിയുകയുള്ളൂ.