"ഞങ്ങൾ മറ്റുള്ളവരോടു ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കേണമേ" എന്ന് എല്ലാ ദിവസവും പ്രാർത്ഥിക്കാൻ യേശു പഠിപ്പിച്ചു. നാം എല്ലാ ദിവസവും പാപക്ഷമയ്ക്കു വേണ്ടി പ്രാർത്ഥിക്കേണ്ട ആവശ്യമുണ്ട് എന്നു നിങ്ങൾക്കറിയാമോ? യേശുവിൻ്റെ പ്രാർത്ഥന നാം ഓരോ ദിവസവും ആവർത്തിച്ചില്ലെങ്കിൽ പോലും, കുറഞ്ഞ പക്ഷം ദിനംതോറും നാം പാപക്ഷമയ്ക്കുവേണ്ടി പ്രാർത്ഥിക്കേണ്ടതുണ്ട് എന്നു നാം തിരിച്ചറിയണം. "കർത്താവേ എൻ്റ പാപങ്ങൾ എന്നോടു ക്ഷമിക്കേണമേ" എന്ന് എല്ലാ ദിവസവും ഞാൻ പ്രാർത്ഥിക്കുന്നു. പാപക്ഷമ എന്നത് ദിനംതോറും നമുക്ക് ആവശ്യമുള്ള ഒരു കാര്യമാണെന്ന് നമുക്കെങ്ങനെ അറിയാം? കാരണം ഈ പ്രാർത്ഥനയിൽ അതിനു മുമ്പിലത്തെ വരി, "ദിനംതോറുമുള്ള ഞങ്ങളുടെ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ" എന്നാണ് (മത്താ. 6:11). അതുകൊണ്ട് അത്, ദിനംപ്രതിയുള്ള ഒരു കാര്യമാണ്. കർത്താവേ, ദിനം പ്രതിയുള്ള ആഹാരം എനിക്ക് ആവശ്യമുണ്ട്, അതെ തുടർന്നുള്ള എൻ്റെ അപേക്ഷ, അതുപോലെ ഇന്ന് എൻ്റെ പാപങ്ങൾ എന്നോട് ക്ഷമിക്കേണമേ.
നിങ്ങൾ ഇങ്ങനെ ചോദിച്ചേക്കാം, "നിങ്ങൾ പാപത്തിൻ്റെ മേലുള്ള വിജയം അവകാശപ്പെടുകയും, അതിൻ്റെ കൂടെ ഞാൻ എല്ലാ ദിവസവും പാപം ചെയ്യുന്നു എന്നു പറയുകയും ചെയ്യാൻ നിങ്ങൾക്കെങ്ങനെ കഴിയും?" ബോധപൂർവ്വമായ പാപത്തെ ജയിക്കുന്നതും നാം അറിയുക പോലുമില്ലാത്ത മേഖലയിൽ ബോധപൂർവ്വമല്ലാതെ പാപം ചെയ്യുന്നതും തമ്മിൽ ഒരു വ്യത്യാസമുണ്ട്. നമ്മുടെ ജീവിതത്തിൻ്റെ 10 ശതമാനത്തെ കുറിച്ചു മാത്രമേ നാം ബോധവാന്മാരാകുന്നുള്ളു. ഒഴുകുന്ന മഞ്ഞുമലയുടെ അറ്റം മാത്രമേ നമുക്കു കാണാൻ കഴിയുകയുള്ളു. അതുപോലെ, നമ്മുടെ ജീവിതത്തിലുള്ള പാപത്തിൻ്റെ മുകൾ ഭാഗം മാത്രമെ നമുക്കു കാണാൻ കഴിയുകയുളളു. നമ്മുടെ പാപത്തെ കുറിച്ചും ക്രിസ്താനുരൂപമല്ലാത്ത കാര്യങ്ങളെ കുറിച്ചും നമുക്കു ബോധമില്ലാത്ത ഒരു വലിയ മേഖല നമ്മുടെ ജീവിതത്തിലുണ്ട്. ആ മേഖലകളിലും ദൈവം നമ്മോടു ക്ഷമിക്കേണ്ടതിന് നാം പ്രാർത്ഥിക്കേണ്ടതുണ്ട്.
എല്ലാ ദിവസവും പാപക്ഷമയ്ക്കു വേണ്ടി അപേക്ഷിക്കുന്നതിൻ്റെ അർത്ഥം അതാണ്. അപ്പൊസ്തലനായ പൗലൊസ് ചെയ്തതുപോലെ ബോധപൂർവ്വമായ പാപത്തിന്മേൽ ഉള്ള സമ്പൂർണ്ണ വിജയത്തിൽ നമുക്കു ജീവിക്കാൻ കഴിയും. 1 കൊരി 4:4 ൽ പൗലൊസ് ഇങ്ങനെ പറയുന്നു, "എനിക്കു എതിരെയുള്ള യാതൊരു കുറ്റത്തെ കുറിച്ചും എനിക്കു ബോധമില്ല." മറ്റു വാക്കുകളിൽ പറഞ്ഞാൽ പൗലൊസ് ഇങ്ങനെയാണ് പറയുന്നത്, "അറിയപ്പെടുന്ന എല്ലാ പാപത്തിന്മേലുമുള്ള വിജയത്തിലാണ് ഞാൻ ജീവിക്കുന്നത്. എൻ്റെ ജീവിതത്തിൽ യാതൊരു പാപത്തെ കുറിച്ചും ഞാൻ ബോധവാനല്ലാതിരിക്കാം, എന്നാൽ അതിൻ്റെ അർത്ഥം ഞാൻ കുറ്റവിമുക്തനാണെന്നോ അല്ലെങ്കിൽ കുറ്റത്തിൽ നിന്നു പൂർണ്ണമായി സ്വതന്ത്രനായി എന്നോ അല്ല. എന്നെ ശോധന ചെയ്യുന്നവൻ, ഞാൻ കണക്കു ബോധിപ്പിക്കേണ്ടവനായ കർത്താവു തന്നെയാണ്. എന്റെ ജീവിതത്തിൽ ഞാൻ തന്നെ കണ്ടിട്ടു പോലുമില്ലാത്ത അനേകം മേഖലകൾ അവിടുന്നു കാണുന്നു. അതുകൊണ്ടാണ് ഞാൻ കുറ്റവിമുക്തനാണ് എന്നു അശ്രദ്ധമായി പറയാൻ എനിക്കു കഴിയാത്തത്. എന്നോടു ക്ഷമിക്കണമേ എന്നു ദൈവത്തോട് ഞാൻ അപേക്ഷിക്കേണ്ടതുണ്ട്. എനിക്ക് അതിനു മുമ്പേ ബോധ്യമല്ലാതിരുന്ന മേഖലകളിന്മേൽ അവിടുന്നു വെളിച്ചം തരുമ്പോൾ, അപ്പോൾ ആ മേഖലകളിൽ ജയിക്കുന്ന കാര്യം അന്വേഷിക്കാൻ എനിക്കു കഴിയും." ഇതാണ് വിശുദ്ധീകരണം.
ലളിതമായ ഒരു കല്പനയാണ് കർത്താവ് നമുക്കു നൽകുന്നത്, "എന്നെ അനുഗമിക്കുക." അതിനു ശേഷം പടിപടിയായി വളരുന്ന വിശുദ്ധീകരണത്തിൻ്റെ അത്ഭുതകരമായ ഒരു ഊടുവഴി കർത്താവ് നമുക്കു കാണിച്ചു തരുന്നു. സദൃശവാക്യങ്ങൾ 4:18 ഇങ്ങനെ പറയുന്നു, "നീതിമാന്മാരുടെ പാതയോ പ്രഭാതത്തിൻ്റെ വെളിച്ചം പോലെ അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു". നാം വീണ്ടും ജനിപ്പിക്കപ്പെട്ടവരാണെങ്കിൽ, നാം നീതിമാന്മാരെന്നു പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു കാരണം ക്രിസ്തുവിൻ്റെ നീതി നമ്മിൽ കണക്കിടപ്പെട്ടിരിക്കുന്നു. മാനസാന്തരത്തിൻ്റെ നിമിഷം, പ്രഭാതത്തിൽ ഇരുട്ടിനെ തുരത്തിക്കൊണ്ട്, ചക്രവാള സീമയിൽ സൂര്യൻ ഉദിക്കുന്നതുപോലെയാണ്. സൂര്യൻ സാവധാനത്തിൽ ആകാശത്തേക്ക് ഉയരുമ്പോൾ അത് കുറേശ്ശെ കൂടുതൽ പ്രകാശമുള്ളതായി തീരുന്നു. നട്ടുച്ചയ്ക്ക് അത് ഏറ്റവും പ്രകാശമുള്ളതായി തീരുന്നതുവരെ. അതുപോലെ, നാം നീതിമാന്മാരാണെങ്കിൽ, പ്രായോഗിക നീതിയിൽ, അനുദിനം നാം ഒരു വലിയ അളവിലേക്കു പടിപടിയായി വളർന്നു വരണം. നമ്മുടെ ജീവിത നാളുകൾ മുഴുവൻ സൂര്യൻ ചക്രവാള സീമയിൽ തന്നെ നിൽക്കരുത്. അത് പ്രകാശത്തിൽ വർധിച്ചു വരണം. നീതിമാൻ്റെ പാത വർദ്ധിച്ചു വർദ്ധിച്ചു വരുന്ന പ്രഭാത വെളിച്ചം പോലെ ക്രിസ്തു മടങ്ങിവരുന്നതുവരെ വർദ്ധിച്ചു വരുന്നു. അപ്പോൾ നാം അവിടുത്തെ പോലെയാകും.
നാം പൂർണ്ണമായി അവിടുത്തെ പോലെയാകുന്നത് അവിടുന്നു മടങ്ങി വരുമ്പോൾ മാത്രമാണ്, എന്നാൽ ഇന്ന് അവിടുന്നു നടന്നതുപോലെ നമുക്കു നടക്കാൻ കഴിയും. 1 യോഹ. 3:2 ഇങ്ങനെ പറയുന്നു, "പ്രിയമുള്ളവരെ, നാം ഇപ്പോൾ ദൈവമക്കൾ ആകുന്നു, നാം ഇന്നത് ആകും എന്ന് ഇതുവരെ പ്രത്യക്ഷമായില്ല. അവിടുന്നു പ്രത്യക്ഷനാകുമ്പോൾ നാം അവിടുത്തെ താൻ ഇരിക്കും പോലെ തന്നെ കാണുന്നതാകകൊണ്ട് അവിടുത്തോടു സദൃശന്മാർ ആകും എന്നു നാം അറിയുന്നു." 1 യോഹ. 3:2 ൽ പറഞ്ഞിരിക്കുന്ന വ്യത്യാസം ശ്രദ്ധിക്കുക. നാം ഇപ്പോൾ തന്നെ ദൈവമക്കൾ ആകുന്നു, എന്നാൽ നാം എന്തായി തീരുമെന്ന് ഇതുവരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. നാം എന്തായി തീരാനാണ് പോകുന്നത്? നാം പൂർണ്ണമായി യേശുവിനെ പോലെ ആയി തീരാൻ പോകുകയാണ്. നമ്മുടെ ചിന്തകൾ, വാക്കുകൾ, പ്രവൃത്തികൾ, മനോഭാവങ്ങൾ, ലക്ഷ്യങ്ങൾ, നമ്മുടെ ആന്തരിക ജീവിതത്തിൻ്റെ എല്ലാ മേഖലകളും, നമ്മുടെ ബോധപൂർവ്വമല്ലാത്ത ജീവിതം ഇവയെല്ലാം ഉൾപ്പെടുന്ന നമ്മുടെ മുഴുവൻ വ്യക്തിത്വവും യേശുവിനെ പോലെ ആയി തീരും.
ഇത് എപ്പോഴാണ് സംഭവിക്കുന്നത്? അ വിടുന്ന് വരികയും നാം അവിടുത്തെ താൻ ആയിരിക്കുന്നതുപോലെ കാണുകയും ചെയ്യുമ്പോൾ. എന്നാൽ ആ ദിവസം വരെ നാം എന്തു ചെയ്യണം? 1 യോഹ. 3:3 പറയുന്നത് ഒരു നാൾ നിങ്ങൾ പൂർണ്ണമായി യേശുവിനെ പോലെ ആകും എന്ന പ്രത്യാശ നിങ്ങൾക്കുണ്ടെങ്കിൽ, നിങ്ങൾ അവിടുത്തെ നിർമ്മലതയുടെ നിലവാരത്തിൽ എത്തിചേരുന്നതുവരെ നിങ്ങൾ നിങ്ങളെ തന്നെ നിർമ്മലീകരിച്ചു കൊണ്ടിരിക്കും എന്നാണ്. ഇത് അല്പം മുമ്പ് 1 യോഹ. 2:6 ൽ എഴുതപ്പെട്ടിരിക്കുന്നതിനു സമാനമാണ്, അതു പറയുന്നത് ഞാൻ ഒരു ക്രിസ്ത്യാനിയാണെന്നു ഞാൻ പറയുന്നെങ്കിൽ, ഞാൻ ക്രിസ്തു ജീവിച്ചതുപോലെ ജീവിക്കുകയും അവിടുന്നു നടന്നതുപോലെ നടക്കുകയും വേണം എന്നാണ്. അപ്പോൾ ഒരു നാൾ, ഞാൻ അവിടുത്തെ പോലെ ആകും.
1 യോഹ. 2:6 ഉം 1 യോഹ. 3:2 ഉം തമ്മിൽ ഒരു വ്യത്യാസമുണ്ട്. 1 യോഹ. 2:6 ൻ്റെ സന്ദേശം അർത്ഥമാക്കുന്നത് യേശു തൻ്റെ ഭൗമിക ജീവിതം ജീവിച്ച അതേ പ്രമാണം അനുസരിച്ചു നാം നടക്കുകയും അവിടുത്തെ അനുഗമിക്കുകയും വേണം എന്നാണ്. ഭൗതിക വസ്തുക്കൾ, പുരുഷന്മാർ, സ്ത്രീകൾ, പരീശന്മാർ, മതഭക്തരായ കാപട്യക്കാർ, ശത്രുക്കൾ തുടങ്ങിയവരോടൊക്കെ യേശുവിനുണ്ടായിരുന്ന അതേ മനോഭാവം നമുക്കുണ്ടാകണം. ഉദാഹരണത്തിന്, യേശു തന്നെ ക്രൂശിച്ച ശത്രുക്കൾക്കുവേണ്ടി ഇങ്ങനെ പ്രാർത്ഥിച്ചു, "പിതാവേ, ഇവർ ചെയ്യുന്നതിന്നതെന്ന് ഇവർ അറിയായ്ക കൊണ്ട് അവരോടു ക്ഷമിക്കേണമേ."
യേശുവിനെ പോലെ നടക്കുവാൻ പരിശുദ്ധാത്മാവ് നമ്മെ പ്രാപ്തരാക്കും, എന്നാൽ അത് നമ്മുടെ മുഴുവൻ ജീവിതങ്ങളുടെ പത്ത് ശതമാനം മാത്രമുള്ള നമ്മുടെ ബോധപൂർവ്വമായ ജീവിതങ്ങളിൽ മാത്രമാണ്. ബാക്കി 90 ശതമാനവും മറഞ്ഞിരിക്കുന്നതാണ്. ആ മറഞ്ഞിരിക്കുന്ന മേഖലകളുടെ കൂടുതൽ കാര്യങ്ങൾ ദൈവം നമുക്കു വെളിപ്പെടുത്തി തരും, അത് ആ മേഖലകളിലും നമ്മൾ ജയിച്ച്, അങ്ങനെ വർധമാനമായി നാം നമ്മെ തന്നെ നിർമ്മലീകരിക്കേണ്ടതിനാണ്. ദൈവം നമ്മെ പാപത്തിൽ നിന്നും വെടിപ്പാക്കുന്നു (1 യോഹ. 1:7), എന്നാൽ പരിശുദ്ധാത്മാവിൻ്റെ ശക്തിയിലൂടെ പാപങ്ങളെ ഉപേക്ഷിക്കുന്നതിനാൽ നാം നമ്മെ തന്നെ നിർമ്മലീകരിക്കുന്നതിന് അന്വേഷിക്കുകയും വേണം (1 യോഹ. 3:3).