WFTW Body: 

വേദപുസ്തകം പറയുന്നത് "ദൈവഭക്തനായ ഒരുവന്റെ ജീവിതം ആവേശമു ണർത്തുന്നതാണ്" (സദൃശ. 14:14 - ലിവിംഗ്).

ഞാൻ എൻ്റെ സാക്ഷ്യം നിങ്ങൾക്ക് നൽകട്ടെ. ഞാനിപ്പോൾ 85 വയസ്സുള്ളവനാണ്, അതുതന്നെയല്ല 65 വർഷങ്ങളിൽ അധികമായി ഞാൻ ഒരു വീണ്ടും ജനിക്കപ്പെട്ട ദൈവ പൈതൽ ആയിരിക്കുന്നു. എൻ്റെ ക്രിസ്തീയ ജീവിതം ആവേശമുളവാക്കുന്ന ഒന്നായിരിക്കുന്നു എന്ന് സത്യസന്ധമായി എനിക്ക് സാക്ഷിക്കുവാൻ കഴിയും. ഞാൻ അനേകം ശോധനകളിലൂടെ കടന്നു പോയിരിക്കുന്നു, എന്നാൽ അവയിൽ എല്ലാം, ആവേശകരമായ വിധത്തിൽ ഞാൻ ദൈവത്തെ അനുഭവിച്ചിരിക്കുന്നു. കൂടാതെ എൻ്റെ ജീവിതത്തിൻ്റെ ഏറ്റവും നല്ല ഭാഗം ഇനിയും എനിക്ക് മുന്നോട്ടുണ്ട് എന്നു ഞാൻ വിശ്വസിക്കുന്നു. ദൈവത്തിനുവേണ്ടി ജീവിക്കുവാനും അവിടുത്തെ സേവിക്കുവാനും കഴിവുള്ളവനാകുവാൻ ഞാൻ ഉത്തേജിതനാണ്. അവിടുത്തെ സേവിക്കുക എന്നതാണ് ഈ ലോകത്തിൽ ഏതൊരാൾക്കും ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.

എനിക്ക് ഈ ലോകത്തിലുള്ള ഒരൊറ്റ വ്യക്തിക്കെതിരെയും ഒരു പരാതിയുമില്ല. എനിക്ക് ഹാനിയുണ്ടാക്കുന്നതിൽ ആരും ഒരിക്കലും വിജയിച്ചിട്ടില്ല. അനേകർ എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിരിക്കുന്നു, കൂടാതെ എൻ്റെ ചില സഹപ്രവർത്തകർ എന്നെ വഞ്ചിക്കുകയും എനിക്കെതിരായി തിരിയുകയും ചെയ്തിരിക്കുന്നു. അനേ കം "ക്രിസ്ത്യാനികൾ" എന്നെക്കുറിച്ച് "ക്രിസ്ത്യൻ" മാഗസിനുകളിലൂടെയും ഇൻ്റർനെറ്റിലൂടെയും വ്യാജ വാർത്തകൾ പരത്തി, അവരിൽ ചിലർ എന്നെ കോടതിയിലേക്കും കൊണ്ടുപോയി. എന്നാൽ ഇവയെല്ലാം എനിക്ക് "ക്രിസ്തുവിൻ്റെ കഷ്ടങ്ങളുടെ കൂട്ടായ്മയുടെ" ഒരു ഭാഗം മാത്രമായിരുന്നു; ഓരോരുത്തരും ചെയ്ത ഓരോ കാര്യവും എന്റെ നന്മയ്ക്കായി കൂടി വ്യാപരിച്ചു - റോമർ 8:28 ൽ പറയുന്നതുപോലെ. അതുകൊണ്ട് വാസ്തവത്തിൽ അവർക്കെല്ലാവർക്കും വേണ്ടി ഞാൻ ദൈവത്തിന് നന്ദി പറയുന്നു, കാരണം അവരുടെ തിന്മ പ്രവർത്തികളെ ദൈവം എന്നെ കൂടുതൽ നല്ല ഒരു മനുഷ്യനാക്കാൻ വേണ്ടി ഉപയോഗിച്ചു - എൻ്റെ പ്രതികരണങ്ങളിൽ അധികം ക്രിസ്തു തുല്യനാക്കാൻ. അവരുടെ തിന്മ പ്രവൃത്തികളിൽ നിന്നും പുറത്തുവന്ന മുഖ്യമായ നന്മ അതായിരുന്നു.

നാം ദൈവത്തിന് ഉപയോഗമുള്ളവരാകുന്നതിനുമുമ്പ്, ഒന്നാമതായി നാം നുറുക്കപ്പെടേണ്ടതുണ്ട്.

നമ്മുടെ നിഗളവും നമ്മുടെ സ്വന്തം കഴിവുകളിലുമുള്ള അമിത വിശ്വാസവും തകർക്കുന്നതിന് പല ആളുകളെയും സംഭവങ്ങളെയും ദൈവം ഉപയോഗിക്കുന്നു അങ്ങനെ നമ്മുടെ തന്നെ കണ്ണുകളിൽ നമ്മെ ചെറിയവരാക്കി തീർക്കേണ്ടതിന്.

ദൈവം എന്റെ യൗവന കാലത്ത് എന്നെ വളരെയധികം നുറുക്കി, ഇപ്പോഴും അവിടുന്ന് എന്നെ നുറുക്കിക്കൊണ്ടിരിക്കുന്നു. ഇതാണ് ഫലക്ഷമതയ്ക്കുള്ള മാർഗ്ഗം. നാം എത്രയധികം നുറുക്കപ്പെടുന്നോ, അത്രകണ്ട് കൂടുതൽ നമ്മെ മറ്റുള്ളവർക്ക് ഒരു അനുഗ്രഹമായിരിക്കാൻ തക്കവണ്ണം ദൈവത്തിന് ഉപയോഗിക്കാൻ കഴിയും. പുറപ്പാട് 17 ൽ നാം വായിക്കുന്നത് പാറയെ അടിച്ചപ്പോഴാണ് അതിൽ നിന്നു വെള്ളം ഒഴുകാൻ തുടങ്ങിയത്. ഒരു സ്ത്രീ യേശുവിനെ പൂശുവാൻ പരിമളതൈലത്തിൻ്റെ ഭരണി കൊണ്ടുവന്നപ്പോൾ, ആ ഭരണി പൊട്ടിച്ചപ്പോൾ മാത്രമാണ് ആ വീട് സൗരഭ്യം കൊണ്ടു നിറഞ്ഞത് (മർക്കൊ. 14:3). അയ്യായിരം പേരെ പോഷിപ്പിക്കുവാൻ, യേശു അപ്പം എടുത്തു വാഴ്ത്തി. എന്നാൽ ആ അപ്പം നുറുക്കപ്പെടുന്നതുവരെ ആരും പോഷിപ്പിക്കപ്പെട്ടില്ല. ഈ ഉദാഹരണങ്ങളിലെല്ലാമുള്ള സന്ദേശമെന്താണ്? ഇതു മാത്രമാണ് അനുഗ്രഹത്തിനുള്ള മാർഗം അതു നുറുക്കമാണ്. ഒരു അണു (ആറ്റം) വിഭജിക്കപ്പെടുമ്പോൾ, അത് ഒരു നഗരത്തിനു മുഴുവൻ ആവശ്യമായ പവർ ഉത്പാദിപ്പിക്കുന്നു! ഒരു അണു (ആറ്റം) എന്നത് മൈക്രോസ്കോപ്പിനടിയിൽ വെച്ചാൽ പോലും കാണാൻ കഴിയാത്തത്ര ചെറുതാണ്. എന്നാൽ അത് നുറുക്കപ്പെടുമ്പോൾ എന്തു വലിയ ശക്തിയാണ് സ്വതന്ത്രമാക്കപ്പെടുന്നത്. പ്രകൃതിയിലും അതുപോലെ ബൈബിളിലുമുള്ള സന്ദേശം ഇത്രമാത്രം: ദൈവത്തിന്റെ ശക്തി നുറുക്കത്തിലൂടെ സ്വതന്ത്രമാക്കപ്പെടുന്നു. ഈ വരുന്ന പുതിയ വർഷത്തിൽ നമ്മെ എല്ലാവരെയും ഈ സന്ദേശം മുറുകെ പിടിക്കട്ടെ.

1963 ൽ ഞാൻ ആദ്യം എൻ്റെ ജീവിതത്തിലും ശുശ്രൂഷയിലും വേണ്ട ശക്തിക്കായി അന്വേഷിച്ചപ്പോൾ ഈ സന്ദേശം കൊണ്ട് ദൈവം എന്നെ പിടിച്ചു. അപ്പോൾത്തന്നെ, നേവിയിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നതിനുമുമ്പ്, ശക്തിയ്ക്കുള്ള മാർഗം നുറുക്കമാണെന്നു ദൈവം എന്നെ കാണിച്ചു. അത് എന്റെ മുഴു ജീവിതത്തിലും ഒരിക്കലും മറക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അവർ ചെറുപ്പമായിരിക്കുമ്പോൾ തന്നെ പ്രത്യേകിച്ച് ഈ പാഠം പഠിക്കുവാൻ യുവാക്കളെ പ്രോത്സാഹിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

രണ്ടാമത് ആവശ്യമായിരിക്കുന്നത് ദൈവത്തിൻ്റെ വാഗ്ദത്തങ്ങളിലുള്ള ഒരു ജീവനുള്ള വിശ്വാസമാണ്.

മിശ്രയീമിലുള്ള ഇസ്രായേലിലെ മൂപ്പന്മാർക്ക് ദൈവം രണ്ടു വാഗ്ദത്തങ്ങൾ നൽകി: "ഞാൻ നിങ്ങളെ 1. മിസ്രയീമിൽ നിന്ന് പുറപ്പെടുവിച്ച് 2. കനാൻ ദേശത്തേക്കു കൊണ്ടുവരും" (പുറപ്പാട് 3:17). നിങ്ങൾക്കു കാണാൻ കഴിയുന്നതുപോലെ, അവിടെ രണ്ടു വാഗ്ദത്തങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അതിൽ ആദ്യത്തെ ഒരെണ്ണം മാത്രമാണ് നിറവേറപ്പെട്ടത്. രണ്ടാമത്തേത് നിറവേറപ്പെട്ടില്ല. ആ മൂപ്പന്മാരിൽ ആരും കനാനിൽ പ്രവേശിച്ചില്ല - കാരണം കനാലിലേക്ക് പ്രവേശിക്കേണ്ട സമയം വന്നപ്പോൾ അവർ വിശ്വാസത്തിൽ പ്രതികരിച്ചില്ല (സംഖ്യാ പുസ്തകം 13). നാം വിശ്വാസത്തിൽ പ്രതികരിക്കുന്നതുവരെ, ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ നിറവേറപ്പെടുന്നില്ല. ദൈവത്തിൻ്റെ വാഗ്ദത്തവും നമ്മുടെ വിശ്വാസവും രണ്ടു വൈദ്യുത കമ്പികൾ പോലെയാണ്. അവ രണ്ടും തമ്മിൽ സ്പർശിക്കുമ്പോൾ മാത്രമേ (വൈദ്യുത സ്വിച്ചിലെ പോലെ) ആ കമ്പികളിൽ കൂടി വൈദ്യുതി ഒഴുകുകയുള്ളൂ. നിങ്ങൾ ദൈവത്തിൻ്റെ വാഗ്ദത്തെക്കുറിച്ച് കേട്ട് അതു മനസ്സിലാക്കിയേക്കാം. എന്നാൽ നിങ്ങളുടെ വിശ്വാസകൈ നീട്ടിയിട്ട്, "അതെ, എന്റെ ജീവിതത്തിൽ അതു നിറവേറപ്പെടുമെന്നു ഞാൻ വിശ്വസിക്കുന്നു" എന്നു നിങ്ങൾ പറയുമ്പോൾ മാത്രമേ ആ വാഗ്ദത്തം നിറവേറപ്പെടുകയുള്ളൂ. കനാനിൻ്റെ അതിർത്തിയിൽ, യോശുവയും കാലേബും മാത്രം ദൈവത്തിൻ്റെ വാഗ്ദത്തത്തിൽ വിശ്വസിച്ചു, അതുകൊണ്ട് അവർ മാത്രം വാഗ്ദത്ത ദേശത്തു പ്രവേശിച്ചു. നമുക്കും അതേ വിശ്വാസം ഉണ്ടായിട്ട് ഈ പുതിയ വർഷത്തിൽ വിജയത്തിൻ്റെ വാഗ്ദത്ത ദേശത്ത് തുടർമാനമായി ജീവിക്കുവാൻ ഇടയാകട്ടെ.

ഞങ്ങൾ നിങ്ങൾക്കെല്ലാവർക്കും വളരെ അനുഗ്രഹീതമായ ഒരു വർഷം ആശംസിക്കുന്നു - വലിയ നുറുക്കത്തിന്റെയും ദൈവത്തിലുള്ള വലിയ വിശ്വാസത്തിൻ്റെയും ഒരു പുതിയ വർഷം.