WFTW Body: 

പുറപ്പാട്‌ നാലാം അദ്ധ്യായത്തില്‍ ദൈവം മോശെയെ വിളിക്കുന്നതിനെപ്പറ്റി നാം വായിക്കുന്നു. മോശെയെ ഉത്സാഹിപ്പിക്കുന്നതിനും ചില പാഠങ്ങള്‍ പഠിപ്പിക്കുന്നതിനും വേണ്ടി ദൈവം അദ്ദേഹത്തിന്‌ മൂന്ന്‌ അടയാളങ്ങള്‍ കൊടുത്തു. അവർ എന്നെ വിശ്വസിക്കുകയില്ല എന്ന് മോശെ കര്‍ത്താവിനോട്‌ പറഞ്ഞപ്പോള്‍ കര്‍ത്താവ്‌ അദ്ദേഹത്തോടു ചോദിച്ചു ``നിന്റെ കയ്യിലുള്ളതെന്താണ്‌?'' അതു ശ്രദ്ധിക്കുക! കര്‍ത്താവ്‌ എപ്പോഴും നമ്മുടെ കയ്യില്‍ നേരത്തെ തന്നെ ഉള്ള കാര്യങ്ങള്‍ കൊണ്ടാണ്‌ തുടങ്ങുന്നത്‌. നമുക്കില്ലാത്ത എന്തെങ്കിലും കാര്യം അന്വേഷിച്ച്‌ നാം എങ്ങും പോകേണ്ടതില്ല. എലീശ ആ വിധവയോട്‌ ചോദിച്ചു. ``നിന്റെ വീട്ടില്‍ എന്തുണ്ട്‌?'' ``ഒരു ഭരണി എണ്ണ മാത്രം.'' അവള്‍ മറുപടി പറഞ്ഞു. ``അതു മതി, ആ പാത്രത്തിലെ എണ്ണ കൊണ്ട്‌ നിന്റെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുവാന്‍ കഴിയും'' ഏലീശ പറഞ്ഞു ( 2 രാജ. 4:2,3). മോശെയ്ക്ക്‌ തന്റെ കയ്യില്‍ ഇടയന്റെ വടി മാത്രമേ ഉണ്ടായിരുന്നുള്ളു. അതു മതിയായിരുന്നു. ദൈവം നിങ്ങളുടെ കൂടെ ഉള്ളപ്പോള്‍, ഇടയന്റെ വടി കൊണ്ടു പോലും അതിശയങ്ങള്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും.

ഒന്നാമത്തെ അടയാളത്തിനു വേണ്ടി, ദൈവം മോശെയോട്‌ ആ വടി നിലത്തിടുവാന്‍ കല്‌പിച്ചു. അത്‌ ഒരു സര്‍പ്പമായി മാറുകയും മോശെ അവിടെ നിന്ന്‌ ഓടിപ്പോകുകയും ചെയ്‌തു (പുറ. 4:3). യഹോവ പറഞ്ഞു: ``ഭയപ്പെടെണ്ട, നീ കൈനീട്ടി അതിനെ വാലില്‍ പിടിച്ച്‌ എടുക്കുക.'' അദ്ദേഹം അതിനെ പിടിക്കുകയും അതു തന്റെ കയ്യില്‍ വീണ്ടും വടിയായി തീരുകയും ചെയ്‌തു. ഇവിടുത്തെ സന്ദേശം എന്താണ്‌? ഒന്നാമതായി, സാത്താന്‍ നാം വിചാരിക്കുന്നതിനെക്കാള്‍ നമ്മോട്‌ വളരെ അടുത്താണ്‌ - വടി മോശെയോട്‌ എത്ര അടുത്താണോ അത്രയും അടുത്ത്‌, സാത്താന്‍ നമ്മില്‍ നിന്ന്‌ വളരെ അകലെയാണ്‌ എന്ന്‌ നിങ്ങള്‍ കരുതുന്നുണ്ടോ? അങ്ങനെയല്ല. ഭാര്യാഭര്‍ത്താക്കന്മാര്‍, സഹപ്രവര്‍ത്തകര്‍ മുതലായവര്‍ക്കിടയില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാനായി അവന്‍ എപ്പോഴും അടുത്തു തന്നെയുണ്ട്‌. എന്നാല്‍ നമുക്കു സാത്താനെ ജയിക്കാന്‍ കഴിയും! നാം അവനെ ഭയപ്പെടേണ്ട കാര്യമില്ല. കാരണം അവന്‍ പരാജിതനായ ഒരു ശത്രുവാണ്‌. ദൈവം അവനെ നമ്മുടെ കാല്‍ക്കീഴെ ചതച്ചു കളയും. കര്‍ത്താവിനെ സേവിക്കുമ്പോള്‍ നാം പഠിക്കേണ്ട ആദ്യപാഠങ്ങളിലൊന്ന്‌ `സാത്താനെ ഭയപ്പെടേണ്ട' എന്നാണ്‌. സാത്താന്‌ അവന്റെ അന്തര്‍നഗരങ്ങളും കോട്ടകളും ഉണ്ട്‌, എന്നാല്‍ നാം അവനില്‍ നിന്ന്‌ ഓടിപ്പോകണ്ട. നാം പ്രലോഭനങ്ങളില്‍ നിന്ന്‌ ആണ്‌ ഓടിമാറേണ്ടത്‌ (2 തിമൊ. 2:22). എന്നാല്‍ സാത്താന്‍ നമ്മെ വിട്ട്‌ ഓടിപ്പോകണം (യാക്കോ. 4:7). സാത്താന്‍ നമ്മെ പേടിപ്പിക്കാനായി ഉപയോഗിക്കുന്ന അതേ കാര്യം, യേശുവിന്റെ ശക്തിയുള്ള നാമത്തില്‍ നമ്മുടെ കയ്യില്‍ അധികാരത്തിന്റെ ചെങ്കോലായി മാറും - ആഴിയെ പിളര്‍ന്ന്‌ ദൈവജനത്തെ മുന്നോട്ടു നടത്താന്‍.

ദൈവത്തിന്റെ ദാസന്‍ എന്ന നിലയില്‍ നമുക്ക്‌ അധികാരം ആവശ്യമുണ്ട്‌ - ആദ്യം വേദപുസ്‌തക പരിജ്ഞാനമല്ല വേണ്ടത്‌, ദൈവിക അധികാരമാണ്‌. എന്നായാലും വേദപുസ്‌തക പരിജ്ഞാനത്തെക്കാളും ആത്മീയ അധികാരം ഉള്ളവനായിരിക്കാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നു. മോശെയ്ക്ക്‌ ആവശ്യമായിരുന്ന ഒന്നാമത്തെ കാര്യം ശത്രുവിന്റെ മേലുള്ള അധികാരമായിരുന്നു. സാത്താനായിരുന്നു അവന്റെ ദാസനായ ഫറവോനിലൂടെ യിസ്രേയേല്‍ ജനത്തെ അടിമകളാക്കിയിരുന്നത്‌. അപ്പോള്‍ മോശെയ്ക്ക്‌ ഒരു ഭയവും കൂടാതെ അവനെ വാലില്‍ പിടിച്ചു പൊക്കി എടുക്കേണ്ടി വന്നു. സാത്താന്‌ ഒരിക്കലും അവനെ ഭപ്പെടുന്നവരാക്കി നമ്മെ തീര്‍ക്കുവാന്‍ കഴിയരുത്‌.

രണ്ടാമത്തെ അടയാളത്തിനായി, യഹോവ മോശയോട്‌ അവന്റെ കൈ മാറിടത്തില്‍ വയ്ക്കുവാനായി ആവശ്യപ്പെട്ടു(പുറ. 4:6). മോശെ അങ്ങനെ ചെയ്‌തിട്ട്‌ തന്റെ കൈ പുറത്തെടുത്തപ്പോള്‍, അതു നിറയെ കുഷ്‌ഠമായിരുന്നു. കര്‍ത്താവിന്റെ ദാസന്‍ എന്ന നിലയില്‍ നാം മനസ്സിലാക്കേണ്ട രണ്ടാമത്തെ കാര്യം, നമ്മുടെ ജഡത്തില്‍ ഒരു നന്മയും വസിക്കുന്നില്ല എന്നാണ്‌ (റോമ. 7:18). നമ്മുടെ ജഡത്തില്‍ എല്ലായിടത്തും സ്വാര്‍ത്ഥതയും തിന്മയും കാണുന്നു! ഇതു സത്യമല്ല എന്നാണ്‌ നിങ്ങള്‍ ചിന്തിക്കുന്നതെങ്കില്‍ നിങ്ങളുടെ കൈ നിങ്ങളുടെ ജഡത്തില്‍ ഒന്ന്‌ ഇട്ടു നോക്കുക! നിങ്ങളുടെ ഉള്ളില്‍ വസിക്കന്ന കുഷ്‌ഠത്തിന്മേല്‍ നിങ്ങള്‍ക്ക്‌ വെളിച്ചം തരാനായി ദൈവത്തോട്‌ ചോദിക്കുക. ഈ പ്രധാനപ്പെട്ട പാഠം നിങ്ങള്‍ പഠിക്കുന്നില്ലെങ്കില്‍ മറ്റുള്ളവര്‍ നിങ്ങളെക്കാള്‍ മോശമായ ഒരു ജഡമുണ്ട്‌ എന്നപോലെ ആളുകളെ കുറ്റം വിധിച്ചു കൊണ്ട്‌ നിങ്ങള്‍ ചുറ്റി നടക്കും. നമുക്ക്‌ ചെയ്യാന്‍ കഴിയാത്ത ഒരു പാപം ചെയ്യാന്‍ മറ്റാര്‍ക്കും കഴിയില്ല! നാം അത്തരത്തില്‍ ഒരു പാപം ചെയ്‌തിട്ടില്ലെങ്കില്‍ അതു ദൈവത്തിന്റെ കരുണ മാത്രമാണ്‌. കാരണം നമുക്ക്‌ അത്രയും തീവ്രതയുള്ള ഒരു പ്രലോഭനം ഒരിക്കലും നോരിട്ടിട്ടില്ല. നാം നമ്മുടെ സഹജീവികളെക്കാള്‍ ഒട്ടും നല്ലവരല്ല. നിങ്ങള്‍ ഈ ഭൂമിയുടെ മുഖത്തുള്ള ഏതു മനുഷ്യരെക്കാളും നല്ലവരാണെന്ന്‌ നിങ്ങള്‍ ചിന്തിക്കുന്നെങ്കില്‍, ഞാന്‍ നിങ്ങളോട്‌ പറയാന്‍ ആഗ്രഹിക്കുന്നു- കര്‍ത്താവിന്റെ ഒരു ദാസനാകുവാന്‍ നിങ്ങള്‍ തീര്‍ത്തും അയോഗ്യനാണ്‌.

മൂന്നാമത്തെ അടയാളത്തിനായി യഹോവ മോശെയോട്‌, നൈല്‍ നദിയില്‍ നിന്ന്‌ കുറച്ചു വെള്ളം കോരി നിലത്തൊഴിക്കണം അപ്പോള്‍ അതു രക്തമായി മാറും എന്നു പറഞ്ഞു (പുറ. 4:9). നൈല്‍ നദി ഈജിപ്‌തുകാരുടെ വിലയേറിയ ദൈവവും, രക്തം മരണത്തിന്റെ ചിത്രവുമായിരുന്നു. അതിനാല്‍ ഈ അടയാളത്തിന്റെ ആത്മീയ അര്‍ത്ഥം, ലൌകികന്മാരായ ആളുകള്‍ ആരാധിക്കുകയും, പുറകെ നടക്കുകയും ചെയ്യുന്നതായ ഈ ലോകത്തിന്റെ കാര്യങ്ങളെ നാം മരണത്തിനായി ഒഴുക്കി കളയണം എന്നാണ്‌. കര്‍ത്താവിന്റെ ഒരു ദാസന്‍ ഈ ലോകത്തിന്‌ ക്രൂശിക്കപ്പെട്ടവനായിരിക്കണം. ഈ ലോകം തനിക്കും ക്രൂശിക്കപ്പെട്ടതായിരിക്കണം. ഈ ലോകം ഇനി ഒരിക്കലും എനിക്കു വെള്ളം (ജീവിതത്തിന്‌ അത്യന്താപേക്ഷിതമായത്‌) പോലെ അല്ല. എന്നാല്‍ കുടിക്കാനായി നാം പ്രലോഭിപ്പിക്കപ്പെടുക പോലും ചെയ്യാത്ത രക്തം പോലെയാണ്‌. രക്തം കുടിക്കുന്നതിനേക്കാള്‍ നാം ദാഹിച്ചിരിക്കുന്നതാണ്‌ നല്ലത്‌. ഇപ്രകാരമാണ്‌ നാം ഈ ലോകത്തിലുള്ള എല്ലാ കാര്യങ്ങളെയും കാണേണ്ടത്‌.