WFTW Body: 

പുറപ്പാട് 12:40ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു, "യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍ കഴിച്ച പ്രവാസകാലം 430 സംവത്സരമായിരുന്നു". എങ്ങനെ ആയാലും ദൈവം അബ്രഹാമിനോടു സംസാരിച്ചപ്പോള്‍, അവിടുന്ന് അദ്ദേഹത്തോടു അവന്‍റെ സന്തതി 400 വര്‍ഷത്തേക്ക് സ്വന്തമല്ലാത്ത ദേശത്ത് ആയിരിക്കും എന്നു പറഞ്ഞിട്ടുണ്ട് (ഉല്‍പത്തി 15:13). എന്നാല്‍ ഇവിടെ നാം വായിക്കുന്നത് അവര്‍ വാസ്തവത്തില്‍ 430 വര്‍ഷം അവിടെ ആയിരുന്നു എന്നാണ് ദൈവത്തിനു തെറ്റുപറ്റിയതാണോ? അല്ല. ദൈവം തന്‍റെ സമയക്രമപട്ടികയില്‍ വളരെ കൃത്യതയുളളവനാണ്. ദൈവത്തിനു ഒരു തെറ്റും പറ്റിയില്ല. ദൈവം അബ്രാഹാമിനോടു സംസാരിച്ചപ്പോള്‍, യിസ്രായേല്യരെക്കുറിച്ചുളള അവിടുത്തെ പരിപൂര്‍ണ്ണമായ ഹിതം അവര്‍ 400 വര്‍ഷം മിസ്രയീമില്‍ ആയിരിക്കണം എന്നായിരുന്നു. പിന്നെ എന്തുകൊണ്ടാണ് അവര്‍ ഒരു 30 വര്‍ഷം കൂടുതല്‍ അവിടെ പാര്‍ത്തത്? ഇതിനുളള ഉത്തരം കണ്ടെത്തുവാന്‍, നമുക്ക് മറ്റൊരു ഉദാഹരണം നോക്കാം. യിസ്രായേല്യരെ മിസ്രയീമിന്‍ നിന്നു പുറത്തു കൊണ്ടു വന്നപ്പോള്‍ അവര്‍ 2 വര്‍ഷം മാത്രം മരുഭൂമിയില്‍ ആയിരിക്കണമെന്നായിരുന്നു അവര്‍ക്കു വേണ്ടിയുളള അവിടുത്തെ ഉദ്ദേശ്യം. എന്നാല്‍ അവര്‍ വാസ്തവത്തില്‍ എത്രവര്‍ഷം മരുഭൂമിയില്‍ ചെലവഴിച്ചു? 40 വര്‍ഷം (ആവര്‍ത്തന പുസ്തകം 2:14 കാണുക). ദൈവം നിങ്ങളെ 2 വര്‍ഷം കൊണ്ടു തകര്‍ക്കാന്‍ ഉദ്ദേശിക്കുന്നുണ്ടായിരിക്കാം. എന്നാല്‍ 40 വര്‍ഷം എടുക്കേണ്ടി വന്നേക്കും. ദൈവം ആഗ്രഹിക്കുന്നത് നിങ്ങള്‍ മാനസാന്തരപ്പെട്ടതിനുശേഷം 2 വര്‍ഷം കഴിഞ്ഞു നിങ്ങളെ ഉപയോഗിക്കണമെന്ന് ആയിരിക്കാം. എന്നാല്‍ 40 വര്‍ഷങ്ങളോളം നിങ്ങളെ ഉപയോഗിക്കുവാന്‍ അവിടുത്തേക്കു കഴിയുന്നില്ലായിരിക്കാം. ഇതെല്ലാം നിങ്ങള്‍ എത്ര പെട്ടന്നു തകര്‍ക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. അതുപോലെ തന്നെ, യിസ്രായേലിനു വേണ്ടിയുളള അവിടുത്തെ പദ്ധതിയും അവര്‍ 400 വര്‍ഷം ഈജിപ്തില്‍ പാര്‍ക്കണമെന്നായിരുന്നു. എന്നാല്‍ അവര്‍ക്കു അവിടെ 430 വര്‍ഷങ്ങള്‍ പാര്‍ക്കേണ്ടിവന്നു.

ഞാന്‍ വിശ്വസിക്കുന്നത് അവരുടെ നേതാവ് മോശെ അപ്പോഴും തയ്യാറായിട്ടില്ലായിരുന്നു എന്നതാണ് അതിന്‍റെ കാരണം എന്നാണ്. നാല്‍പ്പതാമത്തെ വയസ്സില്‍ മോശെ മിസ്രയിം വിട്ടപ്പോള്‍, അവന്‍ തന്‍റെ അമ്മായപ്പന്‍റെ കൂടെ മരുഭൂമിയില്‍ ആയിരുന്നു. ഒരു പത്തുവര്‍ഷത്തെ പരിശീലനം കൊണ്ടു അവനെ തകര്‍ക്കണമെന്നായിരുന്നു ദൈവം ആഗ്രഹിച്ചിട്ടുളളത്, അങ്ങനെ 50 വയസ്സാകുമ്പോഴേക്ക് അവന്‍ യിസ്രായേലിന്‍റെ നേതാവാകുവാന്‍ തക്കവണ്ണം ഒരുക്കപ്പെടും എന്നും അവിടുന്ന് ആഗ്രഹിച്ചു. എന്നാല്‍ മോശെ 10 വര്‍ഷം കൊണ്ട് അവന്‍റെ പാഠം പഠിച്ചില്ല. മോശെ വേണ്ടത്ര തകര്‍ക്കപ്പെടേണ്ടതിനു അവന്‍റെ അമ്മായപ്പന്‍ അവനെകുറച്ചുകൂടി വിനയപ്പെടുത്തേണ്ടി വന്നു. ആ 10 വര്‍ഷ- പരിശീലനം പൂര്‍ത്തിയാക്കുവാന്‍ മോശെ 40 വര്‍ഷമെടുത്തു. അതുകൊണ്ട് യിസ്രായേല്യര്‍ക്കു 30 വര്‍ഷങ്ങള്‍ കൂടെ കാത്തിരിക്കേണ്ടിവന്നു. ഭൂമിയിലെ തന്‍റെ വേലയ്ക്കായി ദൈവം തകര്‍ക്കപ്പെട്ട മനുഷ്യരില്‍ ആശ്രയിക്കുന്നു. ഇതില്‍ നമുക്കൊരു സന്ദേശവും മുന്നറിയിപ്പും ഉണ്ട്. ദൈവത്തിനു നിങ്ങളുടെ ജീവിതത്തിനുവേണ്ടി ഒരു പദ്ധതി ഉണ്ടായിരിക്കാം. എന്നാല്‍ നിങ്ങള്‍ തകര്‍ക്കപ്പെടുന്നതു വരെ അതൊരിക്കലും നിങ്ങളില്‍ നിറവേറപ്പെടുകയില്ല. 10 വര്‍ഷം കൊണ്ട് നിങ്ങളില്‍ ചെയ്യാന്‍ അവിടുന്നു പദ്ധതിയിട്ട കാര്യത്തിനു 40 വര്‍ഷം വേണ്ടി വന്നേക്കാം. അതുകൊണ്ട് എപ്പോഴും ദൈവത്തിന്‍റെ ബലമുളള കൈക്കീഴില്‍ നമ്മെതന്നെ താഴ്ത്തുവാന്‍ തിടുക്കമുളളവരായിരിക്കുക - അതുസൂചിപ്പിക്കുന്നതു നമ്മുടെ ജീവിതപാതയില്‍ അവിടുന്നു അയയ്ക്കുന്ന സാഹചര്യങ്ങളെയാണ്.

വിലാപങ്ങള്‍ 3:27 പറയുന്നത്, "ബാല്യത്തില്‍ നുകം ചുമക്കുന്നതു ഒരു പുരുഷനു നല്ലത്" എന്നാണ് (അവന്‍ തന്നെത്താന്‍ താഴ്ത്തുകയും തകര്‍ക്കപ്പെട്ടവനായിരിക്കുകയും ചെയ്യുന്നത്). നീ യുവാവ് ആയിരിക്കുമ്പോള്‍ നിന്നെ തകര്‍ക്കുവാന്‍ ദൈവത്തെ അനുവദിക്കുക. നിന്‍റെ ജീവിതത്തില്‍ ദൈവം അനുവദിക്കുന്ന സാഹച ര്യങ്ങളോട് എതിര്‍ത്തു നില്‍ക്കരുത്, കാരണം അതു ദൈവത്തിന്‍റെ പദ്ധതിയെ താമസിപ്പിക്കുകയേ ഉളളൂ. നിങ്ങളുടെ എല്ലാവേദപുസ്തക പരിജ്ഞാനത്തിനും, സംഗീത പാടവത്തിനും, പണത്തിനും ഒന്നും ദൈവത്തിന്‍റെ ശുശ്രൂഷയ്ക്കായി നിങ്ങളെ സജ്ജമാക്കാന്‍ കഴിയുകയില്ല. നുറുക്കം ആണ് അത്യന്താപേക്ഷിതമായിട്ടുളളത്. തകര്‍ക്കപ്പെട്ടപ്പോള്‍ മാത്രമാണ് യാക്കോബിനു യിസ്രായേല്‍ ആയി തീരാന്‍ കഴിഞ്ഞത്. മോശെ ഒരു നേതാവും ഒരു പ്രവാചകനും ആയി തീര്‍ന്നത് അവന്‍ തകര്‍ക്കപ്പെട്ടപ്പോള്‍ മാത്രമാണ്. യിസ്രായേല്യരെ മിസ്രയീമ്യരുടെ കൈയ്യില്‍ നിന്നു വിടുവിക്കുവാന്‍ മോശെപോകുന്ന സമയത്തെക്കുറിച്ചു പുറപ്പാട് 2 ല്‍ നാം വായിക്കുന്നു. ഒരു മിസ്രയീമ്യന്‍ ഒരു എബ്രായനെ അടിക്കുന്നതു കണ്ടിട്ട് ( പുറപ്പാട് 2:11). അവന്‍ മിസ്രയീമ്യനെ അടിച്ചു കൊന്നു. തന്‍റെ വെറും കൈകൊണ്ട് ഒരു മനുഷ്യനെ കൊല്ലുവാന്‍ കഴിഞ്ഞ മോശെ എത്രശക്തനാണെന്നു നിങ്ങള്‍ക്കു ഊഹിക്കാന്‍ കഴിയുമോ? ഈ നിരക്കില്‍ - ഓരോരുത്തനെ വീതം- മിസ്രയീമ്യരെ കൊല്ലുന്നതു തുടര്‍ന്നിരുന്നെങ്കില്‍ ലക്ഷക്കണക്കിനുളള എല്ലാ മിസ്രയീമ്യരെയും കൊല്ലുവാന്‍ എത്രവര്‍ഷങ്ങള്‍ എടുക്കുമായിരുന്നു എന്നാണ് നിങ്ങള്‍ കരുതുന്നത്? എല്ലാ മിസ്രയീമ്യരും കൊല്ലപ്പെടുന്നതിനു മുമ്പ് മോശെ മരിച്ചുപോകുമായിരുന്നു. എന്നാല്‍ എണ്‍പതാമത്തെ വയസ്സില്‍ ദൈവം അവനെ തകര്‍ത്തു കഴിഞ്ഞപ്പോള്‍ മോശെയ്ക്കു ചെയ്യേണ്ടിയിരുന്ന ഒരേ ഒരു കാര്യം തന്‍റെ വടി ചെങ്കടലിനുമീതെ ഉയര്‍ത്തുക എന്നതു മാത്രമായിരുന്നു, അങ്ങനെ ഒരു നിമിഷം കൊണ്ടു മുഴുവന്‍ മിസ്രയീമ്യരും ചെങ്കടലിന്‍റെ അടിത്തട്ടില്‍ മൂടപ്പെട്ടു. ഇതാണ് ഒരു മനുഷ്യനു തന്‍റെ സ്വന്ത ശക്തിയാല്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നതും തകര്‍ക്കപ്പെട്ട ഒരു മനുഷ്യനു ദൈവത്തിന്‍റെ ശക്തിയാല്‍ പൂര്‍ത്തീകരിക്കാന്‍ കഴി.യുന്നതുമായ കാര്യങ്ങള്‍ തമ്മിലുളള വ്യത്യാസം.

തുടക്കം മുതല്‍ ദൈവവചനത്തിലുളള സന്ദേശം ഇതാണ്; നിങ്ങള്‍ക്കു യെരുശലേം, സത്യസഭ, പണിയണമെങ്കില്‍, നിങ്ങള്‍ തകര്‍ക്കപ്പെടേണ്ടതുണ്ട്. സാഹചര്യങ്ങളിലൂടെയും വ്യക്തികളിലൂടെയും ദൈവത്താല്‍ നിങ്ങള്‍ വിനീതരാക്കപ്പെടേണ്ടതുണ്ട്. ആ സാഹചര്യങ്ങളില്‍ നിങ്ങള്‍ മത്സരിക്കാതിരുന്നാല്‍, ദൈവത്തിനു വളരെ പെട്ടന്നു ഒരു പ്രവൃത്തി നിങ്ങളില്‍ ചെയ്യാന്‍ കഴിയും. തങ്ങളുടെ തലയില്‍ വേദപുസ്തക പരിജ്ഞാനമുളളവരും അതുകൊണ്ട് പുറത്തുപോയി അവരുടെ ശക്തിയില്‍ ദൈവത്തെ സേവിക്കുവാന്‍ കഴിയും എന്നു ചിന്തിക്കുന്നവരുമായ തീക്ഷ്ണതയുളള ധാരാളം യുവാക്കളെ ഞാന്‍ കണ്ടിട്ടുണ്ട്. 20 അല്ലെങ്കില്‍ 30 വര്‍ഷം കഴിയുമ്പോഴേക്ക് അവര്‍ മോഹഭംഗം സംഭവിച്ചവരും, നിരുത്സാഹിതരും, വിമര്‍ശകരും, തങ്ങളുടെ പരാജയത്തിനു ഇവരെയും അവരെയം കുറ്റപ്പെടുത്തുന്നവരുമായി തീരുന്നു. അവര്‍ ഒന്നും പൂര്‍ത്തിയാക്കാതെ തങ്ങളുടെ ജീവിതം പാഴാക്കുന്നു. എന്തുകൊണ്ട് ? ഒരേ ഒരു കാരണം- തങ്ങളെ തകര്‍ക്കുവാന്‍ അവര്‍ ഒരിക്കലും ദൈവത്തെ അനുവദിച്ചിട്ടില്ല.

വേദപുസ്തകം പറയുന്നത് " ദൈവഭക്തനായ ഒരുവന്‍റെ ജീവിതം ആവേശമുണര്‍ത്തുന്നതാണ് " എന്നാണ് (സദൃശവാക്യങ്ങള്‍ 14:14 - ലീവിംഗ്). എനിക്കിപ്പോള്‍ 79 വയസ്സുണ്ട് തന്നെയുമല്ല 59 വര്‍ഷങ്ങളായിട്ട് ഞാന്‍ ഒരു ദൈവപൈതലായിരിക്കുകയും ചെയ്യുന്നു - എന്‍റെ ക്രിസ്തീയ ജീവിതം ആവേശമുണര്‍ത്തുന്നതാണെന്ന് എനിക്ക് സത്യസന്ധമായി പറയാന്‍ കഴിയും. ഞാന്‍ ധാരാളം ശോധനകളിലൂടെ കടന്നു പോയിട്ടുണ്ട്, എന്നാല്‍ അവയിലെല്ലാം ഞാന്‍ ആവേശകരമാംവിധം ദൈവത്തെ അനുഭവിച്ചിട്ടുണ്ട്. ദൈവത്തിനായി ജീവിക്കുവാനും അവിടുത്തെ സേവിക്കുവാനും കഴിവുളളവനാകുവാന്‍ തക്കവണ്ണം ഞാന്‍ ഉത്സാഹഭരിതനായിട്ടുണ്ട്. ഈ ലോകത്തില്‍ ഏതൊരാള്‍ക്കും ചെയ്യുവാന്‍ കഴിയുന്ന ഏറ്റവും നല്ലകാര്യമാണ് കര്‍ത്താവിനെ സേവിക്കുക എന്നത്. ഈ ലോകം മുഴുവനിലുമുളള ഒരുത്തനും വിരോധമായി ഒരു പരാതിയും എനിക്കില്ല. എനിക്കു ഉപദ്രവം ചെയ്യുന്നതില്‍ ഇതുവരെ ആരും ഒരിക്കലും വിജയിച്ചിട്ടില്ല. അനേകര്‍ എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുമുണ്ട്. കൂടാതെ എന്‍റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ എന്നെ വഞ്ചിച്ചിട്ടുമുണ്ട്. എന്നാല്‍ അവര്‍ ചെയ്തതെല്ലാം എന്‍റെ നന്മയ്ക്കായി പ്രവര്‍ത്തിച്ചു - റോമര്‍ 8:28 ല്‍ പറയുന്നതുപോലെ അതുകൊണ്ട് അവര്‍ക്കുവേണ്ടി ഞാന്‍ ദൈവത്തിനു നന്ദി പറയുന്നു, കാരണം അവരുടെ തിന്മപ്രവര്‍ത്തികളെ, എന്നെ കൂടുതല്‍ ക്രിസ്താനു രൂപനാക്കുവാന്‍ ദൈവം ഉപയോഗിച്ചു. എന്‍റെ യൗവ്വന നാളുകളില്‍ ദൈവം എന്നെ തകര്‍ത്തു അതുതന്നെയുമല്ല .ഇന്നും അവിടുന്ന് എന്നെ തകര്‍ത്തു കൊണ്ടിരിക്കുന്നു. ഫലസമൃദ്ധിയ്ക്കുളള മാര്‍ഗ്ഗം ഇതാണ്. നാം എത്രമാത്രം തകര്‍ക്കപ്പെടുന്നോ അത്രമാത്രം മറ്റുളളവര്‍ക്കു ഒരു അനുഗ്രഹമായിരിക്കുവാന്‍ തക്കവണ്ണം ദൈവത്തിനു നമ്മെ ഉപയോഗിക്കുവാന്‍ കഴിയും.

പുറപ്പാട് 17 ല്‍ നാം വായിക്കുന്നത് പാറയെ അടിച്ചപ്പോള്‍ മാത്രമാണ് വെളളം ഒഴുകാന്‍ തുടങ്ങിയത് എന്നാണ്. പാറയെ അടിച്ചില്ലായിരുന്നെങ്കില്‍, വെളളം ഒഴുകുകയില്ലായിരുന്നു. വെണ്‍കല്‍ ഭരണിയില്‍ പരിമളതൈലവുമായി വന്ന സ്ത്രീ ആ ഭരണി യേശുവിന്‍റെ പാദത്തിങ്കല്‍ പൊട്ടിച്ചപ്പോള്‍ മാത്രമാണ് ആ വീട് അതിന്‍റെ സൗരഭ്യത്താല്‍ നിറയപ്പെട്ടത്. തൈലപാത്രം പൊട്ടിക്കുന്നതുവരെ ആര്‍ക്കും ആ സൗരഭ്യം മണക്കുവാന്‍ കഴിഞ്ഞില്ല. യേശു അപ്പം എടുത്ത വാഴ്ത്തിയപ്പോള്‍, ഒന്നും സംഭവിച്ചില്ല. എന്നാല്‍ അവിടുന്നു അതു നുറുക്കിയപ്പോള്‍, അയ്യായിരം പേര്‍ പോഷിപ്പിക്കപ്പെട്ടു. ഈ ഉദാഹരണങ്ങളിലെല്ലാമുളള സന്ദേശമെന്താണ് ? നുറുക്കമാണ് അനുഗ്രഹത്തിനുളള മാര്‍ഗ്ഗം. അണു (ആറ്റം) പിളര്‍ക്കപ്പെടുമ്പോള്‍ ശക്തി സ്വതന്ത്രമാക്കപ്പെടുന്നു! അതിന് ഒരു പട്ടണത്തിനു മുഴുവന്‍ വൈദ്യുതി നല്‍കുവാന്‍ കഴിയും. ഒരു ചെറിയ അണു ( ഒരു സൂക്ഷ്മ ദര്‍ശിനിയില്‍ കൂടെപോലും കാണാന്‍ പറ്റാത്ത അത്ര ചെറിയകണം) തകര്‍ക്കപ്പെടുമ്പോള്‍ പുറത്തേക്കുവരുന്ന ശക്തിയെകുറിച്ചു ചിന്തിക്കുക. പ്രകൃതിയിലും അതുപോലെതന്നെ ബൈബിളിലും ഉളള സന്ദേശം ഇതാണ്: നുറുക്കത്തിലൂടെയാണ് ദൈവശക്തി പുറത്തേക്കു വരുന്നത്. ആ സന്ദേശം നിങ്ങളുടെ ജീവിതത്തെ മുറുകെ പിടിക്കട്ടെ, 1963 ല്‍ ഞാന്‍ പരിശുദ്ധാത്മാവിനു വേണ്ടിയും എന്‍റെ ശുശ്രൂഷയില്‍ അവിടുത്തെ ശക്തിക്കുവേണ്ടിയും ദൈവത്തെ അന്വേഷിച്ചു കൊണ്ടിരുന്നപ്പോള്‍ ഈ സന്ദേശത്താല്‍ ദൈവം എന്നെ മുറുകെ പിടിച്ചു. നുറുക്കത്തിന്‍റെ മാര്‍ഗ്ഗമാണ് ശക്തിയുടെ മാര്‍ഗ്ഗം എന്നു ദൈവം എന്നെ അപ്പോള്‍ കാണിച്ചു. എന്‍റെ ജീവിതകാലം മുഴുവന്‍ ഒരിക്കലും അതു മറക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ ആ പാഠം പഠിക്കുവാന്‍ ഞാന്‍ നിങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നു.