കഴിഞ്ഞ ആഴ്ച, മഹാനിയോഗം പൂർണ്ണമായി നിറവേറ്റുന്നതിനെ കുറിച്ചു നാം ചിന്തിക്കാൻ തുടങ്ങി: അത് സുവിശേഷം എത്തിപ്പെടാത്ത ആളുകളുടെ അടുത്ത് എത്തുന്നതു മാത്രമല്ല, എന്നാൽ യേശു കല്പിച്ചതെല്ലാം ചെയ്യുന്നതിന് ശ്രദ്ധാലുക്കളായ ശിഷ്യന്മാരെ ഉണ്ടാക്കുന്നതും കൂടെയാണ്.
ഒരു വലിയ പുരുഷാരം തൻ്റെ പിന്നാലെ വരുന്നതു യേശു കണ്ടപ്പോൾ, അവിടുന്നു തിരിഞ്ഞ് ആരോടും ഇതുവരെ പറഞ്ഞിട്ടില്ലാത്ത ചില കഠിനവാക്കുകൾ അവരോടു പറഞ്ഞത് നാം കണ്ടു.
മിക്ക പ്രാസംഗികരും പാസ്റ്റർമാരും, വലിയ ഒരു ജനക്കൂട്ടം അവരെ കേൾക്കുവാൻ വരുന്നതു കണ്ടാൽ, ഇതുപോലെയുള്ള വാക്കുകൾ സംസാരിക്കുന്നതിനെ കുറിച്ച് ഒരിക്കലും സ്വപ്നം കാണാൻ പോലും കഴിയുകയില്ല, ഇതു കാണിക്കുന്നത് യേശു എത്ര വ്യത്യസ്തനായിരുന്നു എന്നാണ്. അവിടുന്ന് എണ്ണത്തിൽ താല്പര്യപ്പെട്ടില്ല. ആളുകളുടെ എണ്ണത്തിൽ താത്പര്യമില്ലാത്ത വളരെ കുറച്ചു ക്രിസ്തീയ പ്രാസംഗികർ മാത്രമെ ഇന്നുള്ളു; എന്നാൽ ലൂക്കോസ് 14 ൻ്റെ അവസാനം യേശു ഗുണനിലവാരത്തിന് ഊന്നൽ കൊടുക്കുന്നതു നാം കാണുന്നു.
ശിഷ്യന്മാരെ ആയിരുന്നു അവിടുത്തേക്ക് ആവശ്യം, അതുകൊണ്ട് അവിടുന്ന് തിരിഞ്ഞ് അവരോട് ഇപ്രകാരം പറഞ്ഞു. "എൻ്റെ അടുക്കൽ വന്നിട്ട് അപ്പനെയും അമ്മയെയും, ഭാര്യയെയും മക്കളെയും, സഹോദരന്മാരെയും സഹോദരിമാരെയും നിങ്ങളുടെ സ്വന്ത ജീവനെയും കൂടെ പകയ്ക്കാത്തവന് എൻ്റെ ശിഷ്യനായിരിക്കാൻ കഴിയുകയില്ല". അത് നിങ്ങൾക്ക് ഒരു രണ്ടാം തരം ശിഷ്യനായിരിക്കാൻ കഴിയുമെന്നല്ല; ഒരു നിശ്ചിത സമയത്തേക്ക് ഒരു ശിഷ്യനായിരിക്കാൻ നിങ്ങൾക്കു കഴിയില്ല.
ഇവിടെ നാം ശിഷ്യത്വത്തിൻ്റെ ഒന്നാമത്തെ വ്യവസ്ഥ കാണുന്നു. അപ്പനെയും അമ്മയെയും നാം ബഹുമാനിക്കണമെന്ന് വേദപുസ്തകം പറയുന്നു. അപ്പോൾ നാം അവരെ "വെറുക്കണ" മെന്നു പറഞ്ഞപ്പോൾ യേശു എന്താണ് അർത്ഥമാക്കിയത്? അത് ഒരു ആപേക്ഷികമായ പ്രസ്താവനയാണ്.
ചില സമയങ്ങളിൽ യേശു കുറച്ചു ശക്തമായ ഭാഷ ഉപയോഗിച്ചിട്ടുണ്ട് - ഉദാഹരണത്തിന്: "നിൻ്റെ വലതു കണ്ണ് നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ ചൂഴ്ന്നെടുത്ത് എറിഞ്ഞുകളക". "നിൻ്റെ വലങ്കൈ നിനക്ക് ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക". "ധനവാൻ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നതിനേക്കാൾ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നത് എളുപ്പം" " നിങ്ങൾ എൻ്റെ മാംസം തിന്നാതെയും എൻ്റെ രക്തം കുടിക്കാതെയും ഇരുന്നാൽ, നിങ്ങൾക്ക് നിത്യജീവൻ ഉണ്ടായിരിക്കയില്ല". അവിടുന്ന് ശക്തമായി പല വാക്കുകൾ സംസാരിച്ചു. എന്നാൽ അവിടുന്നു സംസാരിച്ച വാക്കുകൾ ആത്മാവും ജീവനും ആയിരുന്നു. അതുകൊണ്ട്, അവിടുന്ന് വാസ്തവത്തിൽ ഇവിടെ അർത്ഥമാക്കിയത്, അവിടുത്തോടുള്ള സ്നേഹവുമായി താരതമ്യം ചെയ്യുമ്പോൾ, ഭൂമിയിലെ നമ്മുടെ ബന്ധുക്കളോടുള്ള സ്നേഹം പ്രകാശത്തോട് ഇരുട്ടിനെ താരതമ്യം ചെയ്യുന്നതുപോലെ ആയിരിക്കണം എന്നാണ്.
ഒരു ഉദാഹരണം ഉപയോഗിച്ചാൽ, നിങ്ങളുടെ മാതാപിതാക്കൾ, ഭാര്യ, മക്കൾ, സഹോദരന്മാർ, സഹോദരിമാർ തുടങ്ങിയവരോടുള്ള നിങ്ങളുടെ സ്നേഹം നക്ഷത്രങ്ങളുടെ പ്രകാശം പോലെ ആണെങ്കിൽ, ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്നേഹം സൂര്യൻ്റെ പ്രകാശം പോലെ ആയിരിക്കണം. സൂര്യൻ ഉയർന്നു വരുമ്പോൾ, നക്ഷത്രങ്ങൾ ഇരുണ്ടതായി തീരുന്നതായി കാണുന്നു. അവ അപ്പോഴും അവിടെ തന്നെയുണ്ട്, എന്നാൽ സൂര്യൻ്റെ പ്രകാശത്തിൽ നിങ്ങൾക്ക് അവയെ കാണാൻ കഴിയുന്നില്ല. അതുകൊണ്ട്, ഇവിടെ "വെറുക്കുക" എന്ന വാക്ക് അർത്ഥമാക്കുന്നത് നിങ്ങളുടെ അപ്പനോടും അമ്മയോടുമുള്ള നിങ്ങളുടെ സ്നേഹം അധികവും അദൃശ്യമാണ്. നിങ്ങൾ അപ്പോഴും അവരെ സ്നേഹിക്കുന്നുണ്ട്, എന്നാൽ ശക്തിയോടെ പ്രകാശിക്കുന്ന സൂര്യനെപ്പോലെ, ക്രിസ്തുവിനോടുള്ള നിങ്ങളുടെ സ്നേഹത്തിൻ്റെ പ്രകാശത്തിൽ, ഈ സ്നേഹം താരതമ്യം ചെയ്യുമ്പോൾ ഇരുട്ടു പോലെയാണ്.
ക്രിസ്തുവിനോടുള്ള നമ്മുടെ സ്നേഹത്തോടു താരതമ്യം ചെയ്യുമ്പോൾ കുടുംബാംഗങ്ങളോടുള്ള നമ്മുടെ സ്നേഹം വെറുപ്പു പോലെയാണ്. കർത്താവു നമ്മെ എന്തു ചെയ്യാൻ വിളിച്ചാലും അതിനെ പിൻപറ്റുന്നതിൽ നിന്നും നമ്മെ തടയുവാൻ നമ്മുടെ ഒരു കുടുംബാംഗത്തെയും അനുവദിക്കരുത് എന്നും അത് അർത്ഥമാക്കുന്നു.
അതുകൊണ്ട് ശിഷ്യത്വത്തിൻ്റെ ആദ്യ വ്യവസ്ഥ ക്രിസ്തുവിനോടുള്ള പരമമായ സ്നേഹമാണ്, അത് നാം നമ്മുടെ മാതാപിതാക്കളെക്കാൾ അധികമായി, നമ്മുടെ ഭാര്യമാരെക്കാൾ അധികമായി, നമ്മുടെ മക്കളെക്കാൾ അധികമായി, നമ്മുടെ രക്തബന്ധത്തിലുള്ളതോ സഭയിലുള്ളതോ ആയ സഹോദരീ സഹോദരന്മാരെക്കാൾ അധികമായി, കൂടാതെ നമ്മുടെ സ്വന്ത ജീവനേക്കാൾ അധികമായി ക്രിസ്തുവിനെ സ്നേഹിക്കുന്ന ഇടമാണ്. പ്രേഷിത വേലയും സുവിശേഷ പ്രവർത്തനങ്ങളും ക്രിസ്ത്യാനികളെ ഈ സ്ഥാനത്തേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നു നിങ്ങൾക്ക് പറയാമോ?
വീണ്ടും ജനിക്കപ്പെട്ട ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്ന ഓരോ വ്യക്തിയും ഈ സ്ഥാനത്ത് എത്തിയിരിക്കുന്നോ? നിങ്ങൾ തന്നെ, നിങ്ങൾ വീണ്ടും ജനിക്കപ്പെട്ട ഒരു ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്നെങ്കിൽ, ഈ സ്ഥാനത്തു എത്തിയിരിക്കുന്നോ? ഈ ഭൂമിയിലുള്ള മറ്റാരെയുംകാൾ ക്രിസ്തുവിനെ പരമമായി സ്നേഹിക്കുന്നു എന്നു സത്യസന്ധമായി നിങ്ങൾക്കു പറയാൻ കഴിയുമോ? കഴിഞ്ഞ അര നൂറ്റാണ്ടിൽ പല രാജ്യങ്ങളിലുള്ള വിശ്വാസികളെ ഞാൻ നിരീക്ഷിച്ചതിൽ, ഇത് സത്യമാണെന്നു ഞാൻ കണ്ടില്ല. അനേകർ ക്രിസ്തുവിനെ സ്വീകരിച്ചിട്ട്, "എൻ്റെ പാപങ്ങൾ എല്ലാം ക്ഷമിക്കപ്പെട്ട് ഞാൻ സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗത്തിലാണ്" എന്നു പാടുന്നു, എന്നാൽ അവർ ശിഷ്യരായി തീർന്നിട്ടില്ല.
അടുത്ത ആഴ്ച, ശിഷ്യത്വത്തിൻ്റെ രണ്ടാമത്തെ വ്യവസ്ഥയെ കുറിച്ചു നമുക്കു ചിന്തിക്കാം.