യാക്കോബ് 4:2 ൻ്റെ അവസാന ഭാഗത്ത്, നാം ഇപ്രകാരം വായിക്കുന്നു, "നിങ്ങൾ യാചിക്കായ്ക കൊണ്ട് കിട്ടുന്നില്ല". ക്രിസ്ത്യാനികൾക്കു നൽകേണ്ടതിനു ദൈവം ആഗ്രഹിക്കുന്ന അനേകം കാര്യങ്ങളുണ്ട്, എന്നാൽ അവർ യാചിക്കായ്കകൊണ്ട് അവർ അതു പ്രാപിക്കുന്നില്ല. ആത്മീയ കാര്യങ്ങളുടെ കാര്യത്തിൽ ഇതു വിശേഷിച്ചും സത്യമാണ്. ലൂക്കൊ. 11:13 ലുള്ള വാക്യം എടുക്കുക, "നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ എത്ര അധികം കൊടുക്കും". നമ്മെ വിശുദ്ധരാക്കുന്ന പരിശുദ്ധാത്മാവിനെ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ, നമുക്ക് ഒരിക്കലും യേശുവിൻ്റെ നിലവാരത്തിനൊപ്പം ജീവിക്കാൻ കഴിയില്ല. അതുകൊണ്ടാണ് മത്താ 7:7 ൽ യേശു ഇപ്രകാരം പറഞ്ഞത്, "യാചിപ്പിൻ, എന്നാൽ നിങ്ങൾക്കു കിട്ടും".
നാം അവിടുത്തോടു യാചിക്കാൻ വേണ്ടി ദൈവം കാത്തിരിക്കുന്നതെന്തുകൊണ്ടാണ്? കാരണം അവിടുന്നു നമുക്കു തരുന്നതിനെ നാം വിലമതിക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ചോദിക്കാതെ അവിടുന്ന് നമുക്കു നൽകുന്നതിനെ സാധാരണയായി നാം വിലമതിക്കുന്നില്ല. പാപങ്ങളുടെ ക്ഷമ, അതാണ് എല്ലാറ്റിനെക്കാൾ പ്രധാനപ്പെട്ട കാര്യം. നിങ്ങൾ യാചിക്കാതെയാണോ അതു നിങ്ങൾക്കു ലഭിച്ചത്? അതിനായി നിങ്ങൾ ചോദിച്ചില്ലായിരുന്നെങ്കിൽ അതു നിങ്ങൾക്കു ലഭിക്കുമായിരുന്നോ? രക്ഷയ്ക്കായി നിങ്ങൾ യാചിച്ചില്ലായിരുന്നുവെങ്കിൽ അതു നിങ്ങൾക്കു പ്രാപിക്കാൻ കഴിയുമായിരുന്നോ? രക്ഷയ്ക്കായി യാചിക്കായ്കകൊണ്ട് രക്ഷിക്കപ്പെടാത്ത ലക്ഷക്കണക്കിനാളുകൾ ഭൂമിയിലുണ്ട്. അവർക്ക് അത് ആവശ്യമുണ്ടെന്ന് ഏറ്റു പറയുവാൻ അവർ. തങ്ങളെ തന്നെ താഴ്ത്തുന്നില്ല.
ദൈവത്തിൻ്റെ ഏറ്റവും ഉന്നതമായ ആത്മീയാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനാവശ്യമായ മറ്റു നിബന്ധനകൾ എന്തൊക്കെയാണ്? ഒന്നാമതായി നമുക്ക് ഒരാഗ്രഹം, ഒരു ദാഹം, അവയ്ക്കായി ഉണ്ടാകണം. അതിനുശേഷം നാം വിശ്വാസത്തിൽ യാചിക്കണം. യാചിക്കൽ ആ ആഗ്രഹത്തെ കുറിച്ച് സംസാരിക്കുന്നു, കൂടാതെ ഏതാനും വാക്യങ്ങൾക്കു താഴെ മത്താ. 7:11 ൽ യേശു വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നു. അവിടുന്ന് ഇപ്രകാരം പറയുന്നു, "അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് തന്നോട് യാചിക്കുന്നവർക്കു നന്മ എത്രയധികം കൊടുക്കും".
നിങ്ങൾ യാചിക്കുന്നില്ലെങ്കിൽ നിങ്ങൾ പ്രാപിക്കുകയില്ല. നിങ്ങൾ അന്വേഷിച്ചാൽ, നിങ്ങൾ കണ്ടെത്തും. നിങ്ങൾ സത്യം അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, അതിനുവേണ്ടി നിങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ദൈവവചനത്തിൽ നിധികളുണ്ട്. എല്ലാവർക്കും പ്രാപിക്കാൻ കഴിയുന്ന ചില കാര്യങ്ങൾ ഉപരിതലത്തിലുണ്ട്, എന്നാൽ ആഴത്തിലുള്ള നിധികൾ ഉൾഭാഗത്താണ്, അവയ്ക്കായി നിങ്ങൾ അന്വേഷിക്കേണ്ടതുണ്ട്. ഭൂമിയെക്കുറിച്ചു ചിന്തിക്കുക. മാങ്ങ, തേങ്ങ, മറ്റനേകം നല്ല ഫലങ്ങൾ മുതലായവ പോലെ വിലയുള്ള അനേകം കാര്യങ്ങൾ ഭൂമിയുടെ ഉപരിതലത്തിലുണ്ട്, എന്നാൽ യഥാർത്ഥമായ അമിത വിലയുള്ള സ്വർണം, രത്നങ്ങൾ പോലെയുള്ള നിധികൾ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, നിലത്തു നിന്ന് ആയിരക്കണക്കിന് അടികൾ താഴോട്ടു നിങ്ങൾ കുഴിക്കേണ്ടതുണ്ട്. അതേപോലെ തന്നെ, വേദപുസ്തകത്തിൽ ഉപരിതലത്തിൽ നിന്നു നിങ്ങൾക്കു ലഭിക്കുന്ന ചില കാര്യങ്ങളുണ്ട്, നിങ്ങളുടെ പാപങ്ങൾ ക്ഷമിക്കപ്പെടാൻ കഴിയും (കാരണം യേശു അവയ്ക്കുവേണ്ടി മരിച്ചു), ഇതുപോലെയുള്ള കാര്യങ്ങൾ. എന്നാൽ തിരുവചനത്തിലെ ആഴത്തിലുള്ള സത്യങ്ങൾ കണ്ടുപിടിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടെങ്കിൽ - ആത്മ നിറവുള്ള ജീവിതം എങ്ങനെ ജീവിക്കാം, എങ്ങനെ ദൈവത്തിൻ്റെ സ്വഭാവത്തിൻ്റെ പങ്കാളികളാകാം, എല്ലാ പാപത്തെയും എങ്ങനെ ജയിക്കാം, കോപം, കയ്പ്, ക്ഷമിക്കാൻ കഴിയാത്തത്, അസൂയ, ലൈംഗിക മോഹം ഇവയെ എങ്ങനെ ജയിക്കാം - അപ്പോൾ നിങ്ങൾ ആഴത്തിൽ കുഴിക്കേണ്ടിയിരിക്കുന്നു. ഒരു വ്യക്തി ആഴത്തിൽ കുഴിക്കുന്നില്ലെങ്കിൽ, അയാൾക്ക് യഥാർത്ഥമായി താല്പര്യമില്ല എന്ന് ദൈവം കാണുന്നു. "യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും. നിങ്ങളുടെ പൂർണ്ണ ഹൃദയം കൊണ്ടും നിങ്ങൾ അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും".
യിരെ. 29:13 ൽ നാം കണ്ടെത്തുന്ന ഒരു വാഗ്ദത്തമാണത്, "പൂർണ്ണഹൃദയത്തോടെ നിങ്ങൾ എന്നെ അന്വേഷിക്കുമ്പോൾ, നിങ്ങൾ എന്നെ കണ്ടെത്തും". ഒരു വ്യക്തി ദൈവത്തെയും ദൈവത്തിലുള്ള സമ്പത്തിനെയും കണ്ടെത്തിയിരിക്കുന്നില്ലെങ്കിൽ, തരിപോലും സംശയമന്യേ എനിക്കു പറയാൻ കഴിയുന്നത്, ഈ മനുഷ്യൻ തന്റെ പൂർണ്ണഹൃദയത്തോടെ ദൈവത്തെ അന്വേഷിച്ചിരിക്കുന്നില്ല എന്നാണ്. അയാൾ അർദ്ധ മനസ്സോയോടെയാണ് അന്വേഷിച്ചിരിക്കുന്നത്, അർദ്ധമനസ്കർക്കു തിരുവചനത്തിൽ ഒരു വാഗ്ദത്തവും ഇല്ല. 3/4 ഭാഗം ഹൃദയത്തോടെ അന്വേഷിക്കുന്നവർക്കും വാഗ്ദത്തങ്ങൾ ഒന്നുമില്ല, എന്നാൽ പൂർണ്ണഹൃദയരായവർക്ക് അതിബൃഹത്തായ വാഗ്ദത്തങ്ങളുണ്ട്. നിങ്ങൾക്കു അതിനോടു വളരെ അടുത്തായിരിക്കാൻ കഴിയും; നിങ്ങൾക്കു നിങ്ങളുടെ തന്നെ 90% ദൈവത്തിനു കൊടുക്കാൻ കഴിയും. എന്നാൽ അവിടുത്തേക്ക് 10%കൊടുക്കുന്നതിനേക്കാൾ അധികമൊന്നും നിങ്ങൾക്ക് കിട്ടുകയില്ല. എന്നാൽ ഒരു 100% നിങ്ങൾ ദൈവത്തിനു കൊടുക്കുമ്പോൾ നിങ്ങൾക്ക് എല്ലാം ലഭിക്കുന്നു. നിങ്ങൾ 90% കൊടുത്താൽ, 10 % കൊടുത്ത ആളിന്റെ അതേ വിഭാഗത്തിലാണ് നിങ്ങളും. അതാണ് ക്രിസ്ത്യാനികൾ മനസ്സിലാക്കാത്തത്. നിങ്ങളുടെ ഹൃദയത്തിൻ്റെ 10% കൊണ്ടു നിങ്ങൾ ദൈവത്തെ അന്വേഷിച്ചാൽ, നിങ്ങൾ അവിടുത്തെ കണ്ടെത്തുകയില്ല. നിങ്ങളുടെ ഹൃദയത്തിൻ്റെ 90% കൊണ്ടു ദൈവത്തെ അന്വേഷിച്ചാലും നിങ്ങൾ അവിടുത്തേ കണ്ടെത്തുകയില്ല. നിങ്ങളുടെ മുഴുഹൃദയത്തോടു ദൈവത്തെ അന്വേഷിക്കുക, എന്നാൽ നിങ്ങൾ അവിടുത്തെ കണ്ടെത്തും.
"അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കപ്പെടും". ഇവ വാഗ്ദത്തങ്ങളാണ്. ദൈവം ഒരിക്കലും തൻ്റെ വാഗ്ദത്തങ്ങൾ ലംഘിക്കുന്നില്ല. "യാചിക്കുന്ന എവനും പ്രാപിക്കുന്നു". എന്തുകൊണ്ടാണ് നിങ്ങൾ പ്രാപിക്കാത്തത്? നിങ്ങൾ യാചിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നതുപോലെയല്ല നിങ്ങൾ ചോദിക്കുന്നത് എന്നത് സ്പഷ്ടമാണ്. "അന്വേഷിക്കുന്ന ഏവനും കണ്ടെത്തുന്നു". ഒരുപക്ഷേ, നിങ്ങൾ അന്വേഷിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നതു പോലെ നിങ്ങൾ അന്വേഷിക്കുന്നില്ലായിരിക്കാം. "മുട്ടുന്ന ഏവനും തുറക്കപ്പെടും". ഒരുപക്ഷേ വേണ്ടത്ര നിങ്ങൾ മുട്ടിയിട്ടില്ലായിരിക്കാം.
ദൈവത്തോടു യാചിക്കാത്തതു കൊണ്ടുമാത്രം ക്രിസ്ത്യാനികൾക്കു നഷ്ടമായിരിക്കുന്ന ലക്ഷക്കണക്കിനു കാര്യങ്ങൾ ഉണ്ട്. യാക്കോ. 4:2 ൻ്റെ അവസാനമുള്ള ഈ ചെറിയ വാക്യം ഓർക്കുക, "നിങ്ങൾക്കുണ്ടായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ നിങ്ങൾക്കില്ലാത്തതു നിങ്ങൾ യാചിക്കാത്തതുകൊണ്ടാണ്".