WFTW Body: 

വരുന്ന നാളുകളിൽ നിങ്ങൾക്കു വേണ്ടി ദൈവത്തിന് ഒരു ശുശ്രൂഷയുണ്ട്, അതു കൊണ്ട് എപ്പോഴും താഴ്മയുള്ളവനായി നിലനിന്ന്, ഒരിക്കലും ഒരു സാഹചര്യത്തിലും നിങ്ങളെ തന്നെ നീതീകരിക്കാതെ, സ്ഥിരമായി ദൈവത്തിൻ്റെ സഹായത്തിനായി ദൈവത്തോടു നിലവിളിച്ചുകൊണ്ട് നിങ്ങളുടെ ജീവിതത്തിൽ എല്ലാ കൃത്രിമത്വത്തിനെയും വെറുത്തുകൊണ്ട് നിങ്ങളെ തന്നെ അതിനായി ഒരുക്കുക.

പരീശത്വവും ആത്മീയ നിഗളവും നീതിയെ പിന്തുടരുന്ന ഏവർക്കും വളരെ അടുത്തു കിടക്കുന്നു. ഈ ഇരട്ട തിന്മകൾ ഏതെങ്കിലും ഒരു കൂട്ടത്തിൻ്റെ വിശേഷാധികാരമല്ല. ഈ ദോഷങ്ങൾ നമ്മിൽ ആരിൽ നിന്നും അകലെയല്ല. ഈ തിന്മകളെ മറ്റുള്ളവരിൽ കണ്ടെത്തുക വളരെ എളുപ്പമാണെന്നു ഞാൻ കാണുന്നു, എന്നാൽ അവയെ നമ്മിൽ തന്നെ കണ്ടെത്തുക വളരെ പ്രയാസമാണ്. മത ചിന്തയുള്ള യുവാക്കൾ വളരെ എളുപ്പത്തിൽ അതിലേക്ക് ആയാൻ പ്രേരിപ്പിക്കപ്പെടുന്ന ഒരു കാര്യമാണ്‌ കൃത്രിമത്വം, അത് ആത്മീയതയെ കൊല്ലുന്നു.

നിങ്ങൾ പോരാടികൊണ്ടിരിക്കുന്ന, പാപത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ ഒരു "പൂർണ്ണ" മരണത്തിലേക്ക് പ്രവേശിക്കുവാൻ നിങ്ങൾ പ്രയത്നിക്കണം. ഉപരിപ്ലവമായ ഒരു വിജയം കൊണ്ട് നിങ്ങൾ സന്തുഷ്ടരാകരുത്. ഓരോ ആഗ്രഹവും ഉള്ളി പോലെയാണ്. ഇപ്പോൾ നിങ്ങൾക്കു കാണാൻ കഴിയുന്ന മുകളിലത്തെ പാളിക്കടിയിൽ അനേകം അടുക്കുകൾ ഉണ്ട്. നിങ്ങൾക്ക് കാണാൻ കഴിയുന്ന പാളിയെ സമൂലമായി കൈകാര്യം ചെയ്യുന്നില്ലെങ്കിൽ, അതിൻ്റെ അടിയിലുള്ള പാളി (അടുക്ക്‌) യിലേക്ക്‌ നിങ്ങൾ ഒരിക്കലും എത്തുകയില്ല.

വിശുദ്ധീകരണം എന്നത് യേശുവിനെ പോലെ ആയിതീരുന്ന ഒരു ആജീവനാന്ത പ്രക്രിയയാണ് - ഉദാഹരണത്തിന്, അവിടുന്ന് പെൺകുട്ടികളെ കണ്ട രീതിയിൽ പെൺകുട്ടികളെ കാണുന്നത്, പണത്തെയും ഭൗതിക വസ്തുക്കളെയും അവിടുന്നു കണ്ടതുപോലെ കാണുന്നത്, അവിടുന്നു തൻ്റെ ശത്രുക്കളെ കണ്ടതുപോലെ നമ്മുടെ ശത്രുക്കളെ കാണുന്നത് തുടങ്ങിയ കാര്യങ്ങളിലേക്ക് എത്തി ചേരാൻ ഒരു ജീവിതകാലം മുഴുവൻ എടുക്കുന്ന ഒരു ലക്ഷ്യമാണത്. എന്നാൽ നിങ്ങൾ അതിനായി പ്രവർത്തിക്കണം. "നമുക്ക് പൂർണ്ണതയിലേക്ക് ആയാം" (എബ്രാ. 6:1), അതുപോലെ "യേശുവിനെ പോലെ ആയിതീരുമെന്ന് പ്രത്യാശയുള്ളവൻ, അവിടുന്നു നിർമ്മലനായിരിക്കുന്നതു പോലെ തന്നെത്തന്നെ നിർമ്മലീകരിക്കുന്നു" (1 യോഹ. 3:3) എന്നതും "പിമ്പിലുള്ളതു മറന്നും, മുമ്പിലുള്ളതിനായി ആഞ്ഞും കൊണ്ട് ക്രിസ്തു യേശുവിലുള്ള ദൈവത്തിൻ്റെ പരമ വിളിയുടെ ലാക്കിലേക്ക് ഓടുന്നു" (ഫിലി. 3:13, 14) എന്നീ വാക്യങ്ങളുടെ അർത്ഥം ഇതാണ്. ഈ യുദ്ധത്തിൽ നിങ്ങൾ മടുത്തു പോയാൽ അപ്പോൾ ശത്രുവിന് മേൽക്കൈ (ജയം) ലഭിക്കും. മറിച്ച് രഹസ്യത്തിൽ നിങ്ങൾ ജഡത്തിൽ കഷ്ടം അനുഭവിക്കുന്നതു (നിങ്ങളുടെ സ്വയ ജീവനെ മരണത്തിന് ഏൽപ്പിക്കുന്നത്) തുടർന്നാൽ, 1 പത്രൊ. 4: 1, 2 പറയുന്നതുപോലെ നിങ്ങൾ പാപം ചെയ്യുന്നത് നിർത്തും.

മറ്റുള്ളവർ പ്രലോഭിപ്പിക്കപ്പെടാത്ത വിധത്തിലാണ് നിങ്ങൾ പ്രലോഭിപ്പിക്കപ്പെടുന്നത് എന്ന് ഒരിക്കലും ചിന്തിക്കരുത്. ആ ഭോഷ്കു കൊണ്ട് നിങ്ങളെ വിഡ്ഢിയാക്കുവാൻ നിങ്ങൾ പിശാചിനെ അനുവദിക്കരുത്, കാരണം അതു നിങ്ങളെ നിരുത്സാഹപ്പെടുത്തും.

1 കൊരി. 10:13 ഇപ്രകാരം പറയുന്നു "നിങ്ങൾ അനുഭവിക്കുന്ന ഓരോ പരീക്ഷയും എല്ലാ ആളുകൾക്കും സാധാരണയായി വരുന്ന തരത്തിലുള്ളവയാണ്. എന്നാൽ ദൈവം തൻ്റെ വാഗ്ദത്തം പാലിക്കുന്നു, ജയിക്കാനുള്ള നിങ്ങളുടെ കഴിവിനു മീതെ പ്രലോഭിപ്പിക്കപ്പെടുവാൻ അവിടുന്നു നിങ്ങളെ അനുവദിക്കയില്ല; എന്നാൽ ആ സമയത്ത് ജയിക്കാനുള്ള ശക്തി (കൃപ) അവിടുന്നു നിങ്ങൾക്കു നൽകി അതിൽ നിന്നു രക്ഷപ്പെടാൻ നിങ്ങളെ സഹായിക്കുന്നു. ഒരു പരീക്ഷയും എതിർത്തു നിൽക്കാൻ കഴിയാത്തതല്ല (ഗുഡ് ന്യൂസ് ബൈബിളും ലിവിംഗ് ബൈബിളും).

സകല മനുഷ്യരും അടിസ്ഥാനപരമായി പ്രലോഭിപ്പിക്കപ്പെടുന്നത് ഒരേ വിധത്തിലാണ് - തങ്ങളുടെ സ്വന്തഹിതം ചെയ്യാൻ. അനേകം വ്യത്യസ്ത മേഖലകളുള്ള ഒരു വലിയ വൃത്തമാണ് പാപം. എന്നാൽ ഓരോ പ്രലോഭനവും അടിസ്ഥാനപരമായി ഒരുപോലെയാണ് - ദൈവത്തിൻ്റെ ഹിതമല്ലാതെ എൻ്റെ സ്വന്തം ഇഷ്ടം ചെയ്യുന്നത് - അത് ഒരു കള്ളം പറയുന്നതായാലും, ദേഷ്യപ്പെടുന്നത്, ആരെയെങ്കിലും വെറുക്കുന്നത്, പിറുപിറുക്കുന്നത്, പരസംഗം ചെയ്യുന്നത് അല്ലെങ്കിൽ മറ്റേതെങ്കിലും പാപത്തിൻ്റെ കാര്യത്തിലായാലും. സ്വന്ത ഇഷ്ടം ചെയ്യാൻ യേശുവും പരീക്ഷിക്കപ്പെട്ടു. എന്നാൽ ദൈവത്തിൻ്റെ സഹായം ചോദിച്ചു കൊണ്ട് അവിടുന്ന് ആ പ്രലോഭനങ്ങളോട് എതിർത്തു നിന്നു (എബ്രാ. 5: 7). അതു കൊണ്ട് അവിടുന്ന്, ഒരിക്കൽ പോലും പാപം ചെയ്തില്ല (യോഹ. 6:38). ഇപ്പോൾ നമുക്കെല്ലാവർക്കും അവിടുത്തെ മാതൃക പിൻതുടരാൻ കഴിയും.

അതുകൊണ്ട് വ്യത്യസ്ത പാപങ്ങളെ പരസ്പരം ബന്ധമില്ലാത്ത വെവ്വേറെ കാര്യങ്ങളായി കാണരുത്. ചിലയാളുകൾ ഒരു മേഖലയിൽ കൂടുതൽ പ്രലോഭിപ്പിക്കപ്പെടുന്നു അതേ സമയം മറ്റുള്ളവർ മറ്റൊരു മേഖലയിൽ കൂടുതൽ പ്രലോഭിപ്പിക്കപ്പെടുന്നു. എന്നാൽ ഓരോ കാര്യത്തിലും, പാപം ചെയ്യുക എന്നാൽ ഒരാൾ തൻ്റെ സ്വന്ത ഇഷ്ടം ചെയ്യുന്നതാണ്. നിങ്ങളെ സഹായിക്കാൻ ദൈവത്തോട് ആവശ്യപ്പെടുക - നിങ്ങളുടെ ജഡത്തെ (സ്വന്ത ഇഷ്ടത്തെ) മരണത്തിന് ഏൽപ്പിക്കാൻ പരിശുദ്ധാത്മാവു നിങ്ങളെ സഹായിക്കും (റോമ. 8:13 ഉം ഗലാ. 5:24 ഉം കാണുക).

യേശുവിനോടുള്ള തീക്ഷ്ണമായ ഭക്തിയാണ് നിങ്ങളെ ജയിക്കാൻ സഹായിക്കുന്നതും എല്ലാ സമയവും ശരിയായ പാതയിലൂടെ നിങ്ങളെ സൂക്ഷിക്കുന്നതും. എല്ലാ സമയവും നിങ്ങൾക്ക് "ഈ ഭൂമിയിൽ അങ്ങെയല്ലാതെ മറ്റൊന്നിനെയും (മറ്റാരെയും) ഞാൻ ആഗ്രഹിക്കുന്നില്ല" (സങ്കീ.73:25) എന്നു പറയാൻ കഴിയണം. യേശുവിനോടുള്ള സ്നേഹത്തിന് നിങ്ങളുടെ ഹൃദയത്തിൽ നിന്ന് മറ്റു സ്നേഹങ്ങളെ (മോഹങ്ങളെ) പുറത്താക്കാനുള്ള ശക്തിയുണ്ട്. ''ഞാൻ എൻ്റെ കർത്താവിനെ എപ്പോഴും എൻ്റെ മുമ്പിൽ വച്ചിരിക്കുന്നു" (അതുകൊണ്ട് ഞാൻ പാപം ചെയ്യാൻ ഭയപ്പെടുന്നു - ജോസഫ് പറഞ്ഞതുപോലെ) എന്നും, "അവിടുന്ന് എപ്പോഴും എൻ്റെ വലതു ഭാഗത്തുണ്ട് (പാപം ചെയ്യാതിരിക്കാൻ വേണ്ട കൃപ തരാൻ)" (സങ്കീ. 16:8) എന്നും നിങ്ങൾ പറയണം. സ്ഥിരമായ വിജയത്തിൽ ജീവിക്കുന്നതിൻ്റെ ഒരു രഹസ്യം അതാണ്.