നിങ്ങളുടെ അധ്വാനങ്ങളുടെ വിജയത്തെ നിങ്ങളുടെ ബഹുജനസമ്മതിയാൽ ഒരിക്കലും തീർപ്പാക്കരുത്. ജനങ്ങളുടെ ഇടയിൽ "ജനപ്രീതിയുള്ള" വരായിരുന്നവർക്ക് ഒരു മഹാദുരിതമാണ് യേശു പ്രഖ്യാപിച്ചത്, കാരണം ഒരു വ്യാജ പ്രവാചകനെ തിരിച്ചറിയാനുള്ള ലക്ഷണമതായിരുന്നു (ലൂക്കോ.6:26). അതുകൊണ്ട് നിങ്ങൾ വളരെ ജനസമ്മതനായ ഒരു പ്രാസംഗികനാണെങ്കിൽ നിങ്ങൾ ഒരു കള്ള പ്രവാചകനാകാൻ സാധ്യതയുണ്ട്! മറിച്ച്, എല്ലാവരും അവർക്കു വിരോധമായി സംസാരിക്കുമ്പോൾ സന്തോഷിച്ചുല്ലസിക്കാനാണ് യേശു അവിടുത്തെ ശിഷ്യന്മാരോടു പറഞ്ഞത്, കാരണം ഒരു യഥാർത്ഥ പ്രവാചകൻ്റെ അടയാളങ്ങളിൽ ഒന്ന് അതായിരുന്നു (ലൂക്കോ. 6:22, 23).
യേശു ഇവിടെ പറഞ്ഞത് നിങ്ങൾ യഥാർത്ഥമായി വിശ്വസിക്കുന്നുണ്ടോ?
യിസ്രായേലിൻ്റെ ചരിത്രത്തിലും സഭാചരിത്രത്തിലും ഓരോ യഥാർത്ഥ പ്രവാചകനും ഒരു വിവാദ പുരുഷൻ ആയിരുന്നു എന്നും, അദ്ദേഹം സമകാലികരായ മത നേതാക്കന്മാരാൽ പിന്തുടരപ്പെടുകയും, വെറുക്കപ്പെടുകയും, വ്യാജമായി ആരോപിക്കപ്പെടുകയും ചെയ്തു എന്നും ഓർക്കുക.
ഈ നിയമത്തിന് വ്യത്യസ്തമായി ഒന്നും ഉണ്ടായിരുന്നിട്ടില്ല - അത് പഴയ നിയമസമയത്തുണ്ടായിരുന്ന ഏലിയാവും യിരെമ്യാവും ആയാലും അല്ലെങ്കിൽ, ഒന്നാം നൂറ്റാണ്ടിലുണ്ടായിരുന്ന സ്നാപക യോഹന്നാനും പൗലൊസുമായാലും അല്ലെങ്കിൽ കുറച്ചു കൂടി ആധുനിക കാലത്തുണ്ടായിരുന്ന ജോൺ വെസ്ലിയും വാച്ച് മാൻ നീയും ആയാലും.
അതുകൊണ്ട് ഒരിക്കലും നമ്മുടെ അധ്വാനങ്ങളുടെ നിത്യമായ വിജയം അളക്കുന്നത് നാം എത്ര ജന സമ്മതരാണ് എന്ന അളവുകോൽ കൊണ്ടായിരിക്കരുത്!
നമ്മുടെ പ്രവർത്തനങ്ങളുടെ വിജയം അളക്കുന്നത് സ്ഥിതിവിവരക്കണക്കുകൾ കൊണ്ടും ആകരുത് - നമ്മുടെ മീറ്റിംഗുകളിൽ എത്ര പേർ തങ്ങളുടെ കരങ്ങൾ ഉയർത്തി അല്ലെങ്കിൽ എത്ര പേരോടു നാം പ്രസംഗിച്ചു, തുടങ്ങിയ കാര്യങ്ങൾ കൊണ്ട്.
സ്ഥിതിവിവരക്കണക്കുകൾ പ്രകാരം പോകുമ്പോൾ, യേശുവിൻ്റെ ശുശ്രൂഷ ഒരു പൂർണ്ണ പരാജയം ആയിരുന്നു എന്നു നാം പറയേണ്ടി വരും, കാരണം അവിടുത്തെ ശുശ്രൂഷയുടെ അവസാനം, അവിടുത്തേക്ക് പിതാവിനു സമർപ്പിക്കുവാൻ 11 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു (യോഹ. 17). എന്നാൽ ആ പതിനൊന്നു ശിഷ്യന്മാർ ഏതു തരത്തിലുള്ളവരായിരുന്നു എന്നതിലാണ് അവിടുത്തെ ശുശ്രൂഷയുടെ വിജയം കാണപ്പെട്ടത്! ഇന്നത്തെ അർദ്ധമനസ്കരും, പണസ്നേഹികളും, പൊത്തുവരുത്തക്കാരും, ലൗകികരുമായ പതിനൊന്നു ലക്ഷോപലക്ഷം "വിശ്വാസികളെക്കാൾ", അവർ ദൈവത്തിനു വളരെയധികം വിലയുള്ളവരും, ദൈവത്തിനു വേണ്ടി വളരെ കാര്യങ്ങൾ പൂർത്തീകരിക്കാൻ കഴിഞ്ഞവരും ആയിരുന്നു.
എൻ്റെ മുഴുജീവിതത്തിലും, ആ ആദ്യ അപ്പൊസ്തലന്മാരെ പോലെ സ്വഭാവദാർഢ്യവും കഴിവുമുള്ള പതിനൊന്നു പേരെ പുറത്തു കൊണ്ടുവരാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ, എൻ്റെ ശുശ്രൂഷ മഹത്വകരമായ ഒരു വിജയം ആകുമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്നാൽ അത്തരം രണ്ടോ മൂന്നോ പേരെ പോലും പുറത്തു കൊണ്ടുവരുന്നത് എളുപ്പമല്ല. "യേശുവിൽ വിശ്വസിക്കുന്ന" എന്നാൽ തങ്ങളുടെ മുഴു ഹൃദയങ്ങളും കൊണ്ടു അവിടുത്തെ സ്നേഹിക്കാത്ത ലൗകികരായ പൊത്തുവരുത്തക്കാരായ ഒരു ജനക്കൂട്ടത്തെ ഒരുമിച്ചു കൂട്ടുവാൻ അതിനേക്കാൾ വളരെ എളുപ്പമാണ്.
കഴിഞ്ഞ 20 നൂറ്റാണ്ടുകളിൽ ക്രിസ്തീയ ഗോളത്തിൽ ദൈവം ആരംഭിച്ച ഓരോ പ്രസ്ഥാനങ്ങളിലും, അതു രണ്ടാം തലമുറയിലേക്കു പ്രവേശിക്കുമ്പോൾ അതിന് അധഃപതനം സംഭവിച്ചു തുടങ്ങിയിട്ട് അതിൻ്റെ സ്ഥാപകൻ അത് ആരംഭിച്ചപ്പോൾ അതിനുണ്ടായിരുന്ന അതേ ഊർജ്ജസ്വലതയും ഉജ്ജ്വലതയും പിന്നീട് ഒരിക്കലും നിലനിർത്തുവാൻ അതിനു കഴിയുന്നില്ല. എന്തുകൊണ്ട്?
രണ്ടാം തലമുറ അംഗസംഖ്യയാൽ പിടിക്കപ്പെടാൻ തുടങ്ങുന്നു എന്നതായിരുന്നു ഒരു കാരണം. അവർ കരുതിയത് ആളുകളുടെ എണ്ണത്തിലുള്ള വർദ്ധനവ്, ദൈവം അവരെ അനുഗ്രഹിക്കുന്നതിൻ്റെ തെളിവാണ് എന്നാണ്.
ഈ അടുത്ത വർഷങ്ങളിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന കൂട്ടങ്ങൾ, അന്ധാരാധന കൂട്ടങ്ങളും മറ്റു മതങ്ങളുടെ മതമൗലികവാദ കൂട്ടങ്ങളുമാണ്. അതെന്താണു തെളിയിക്കുന്നത്? ഇത്രമാത്രം - സംഖ്യാപരമായ വളർച്ച ദൈവാനുഗ്രഹത്തിൻ്റെ തെളിവല്ല.
ദൈവം നമ്മെ വിളിച്ചിരിക്കുന്നത്, ക്രിസ്തുവിൻ്റെ ശരീരത്തിൽ അവിടുന്നു നമുക്കു നൽകിയ ശുശ്രൂഷയിൽ കേന്ദ്രീകരിക്കുവാനും അതേ സമയം തന്നെ വ്യത്യസ്തമായ ശുശ്രൂഷകളുള്ളവരോടു ചേർന്ന് സഹകരണത്തിൽ പ്രവർത്തിക്കുവാനുമാണ്. നമ്മുടെ ശുശ്രൂഷയുടെ ഫലങ്ങൾ കൃത്യമായി വിലയിരുത്തുക അസാധ്യമാണ്, കാരണം നാം ഒരു ടീമിൻ്റെ ഭാഗമാണ് - ക്രിസ്തുവിൻ്റെ ശരീരമെന്ന കൂട്ടത്തിൻ്റെ.
അതുകൊണ്ട് നാം ഉറപ്പു വരുത്തേണ്ടത്, നമുക്കു പൂർത്തീകരിക്കാൻ ദൈവം നൽകിയിരിക്കുന്ന ദൗത്യത്തോട് നാം വിശ്വസ്തരാണ് എന്നതാണ്.