WFTW Body: 

തങ്ങളുടെ രാജ്യം സ്വയംഭരണമുള്ള സ്വതന്ത്ര രാജ്യമായി നില നിർത്തേണ്ടതിന് പട്ടാളക്കാർക്ക് അവരുടെ രാജ്യത്തിനു വേണ്ടി ഇത്രയധികം ത്യാഗം ചെയ്യാൻ കഴിയുന്നെങ്കിൽ, നമ്മുടെ ജീവിതങ്ങളിലൂടെ എല്ലാ വിധത്തിലും കർത്താവു ബഹുമാനിക്കപ്പെടേണ്ടതിനും സാത്താൻ ലജ്ജിതനാകേണ്ടതിനും, എല്ലാം ത്യാഗം ചെയ്യുവാൻ (നമ്മുടെ ജീവൻ പോലും) നാം എത്രയധികം മനസ്സുള്ളവരായിരിക്കണം.

നിങ്ങളുടെ കർത്തവ്യങ്ങളിൽ ദൈവത്തിൽ നിന്ന് അമാനുഷികമായ കൃപ നിങ്ങൾ കണ്ടെത്തുന്നുണ്ട് എന്നു ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ പഠനത്തിനും പ്രവൃത്തിക്കും വേണ്ട ആലോചന തരുവാൻ നിങ്ങൾക്ക് ദൈവത്തോടു ചോദിക്കാവുന്നതാണ്. ദൈവം നിങ്ങളെ സഹായിക്കും. വിശ്വാസത്തിൽ ചോദിക്കുക - എന്നിട്ട് അവിടുത്തേയ്ക്ക് നിങ്ങൾക്കു വേണ്ടി ചെയ്യാൻ കഴിയുന്ന അത്ഭുതങ്ങൾ എന്താണെന്ന് കാണുക. അത്തരം സാഹചര്യങ്ങളിൽ നാം അവിടുത്തെ തെളിയിക്കുമ്പോഴാണ് നമ്മുടെ വിശ്വാസം ശക്തിപ്പെട്ടു കിട്ടുന്നത്. എല്ലാ സമയങ്ങളിലും ദൈവത്തെ മാനിക്കുക. അവിടുത്തെ ബഹുമാനിക്കുന്നവർക്ക് എപ്പോഴും ജീവിതത്തിലെ എല്ലാ മേഖലകളിലും ഏറ്റവും നല്ലത് ലഭിക്കും. ഞാൻ വീണ്ടും ജനിച്ച സമയം മുതൽ ഞാൻ അതു തെളിയിച്ചിട്ടുണ്ട്, ലോകത്തിനു ചുറ്റും പോയി താഴെ പറയുന്ന കാര്യങ്ങൾ എല്ലായിടത്തുമുള്ള ജനങ്ങളോടു പറയാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കത്തക്ക വിധം ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്:

- എല്ലാ മേഖലകളിലും ദൈവത്തെ മാനിക്കുക.
- എല്ലാ സമയങ്ങളിലുമുള്ള നിങ്ങളുടെ പ്രതിപത്തികളിൽ ദൈവത്തെ ഒന്നാമതു വയ്ക്കുക.
- എല്ലാ സമയങ്ങളിലും നിങ്ങളുടെ മനസാക്ഷി നിർമ്മലമായി സൂക്ഷിക്കുക.
അപ്പോൾ മാത്രമെ നിങ്ങൾക്ക് മൂല്യവത്തായ ഒരു ജീവിതം ജീവിക്കുവാൻ കഴിയൂ.

ഈ കാര്യങ്ങൾക്കു പ്രാധാന്യം കൊടുക്കാത്തവരാണ് ഈ ലോകത്തിലെ ഏറ്റവും വലിയ വിഡ്ഢികൾ, തങ്ങളുടെ കഴിവുകളും ഭൗമികമായ നേട്ടങ്ങളും കൊണ്ട് മൂല്യവത്തായ ഒരു ജീവിതം ജീവിക്കാൻ അവർക്കു കഴിയും എന്നു ചിന്തിക്കുന്നവരാണവർ. ഇവയ്ക്കൊന്നിനും ആരെയും ആത്യന്തികമായി തൃപ്തിപ്പെടുത്താൻ കഴിയില്ല.

യോഹന്നാൻ 15 അത്ഭുതകരമായ ഒരദ്ധ്യായം ആണ്. വസിക്കുക എന്നത് പൂർണ്ണ സ്വസ്ഥത (വിശ്രമം) യുടെ ഒരു ചിത്രമാണ് (കൊമ്പ് മുന്തിരിവള്ളിയിൽ ആയിരിക്കുന്നതു പോലെ).ഉൽകണ്ഠയോ പിരിമുറുക്കമോ കൂടാതെ - നമ്മുടെ ജീവിതത്തിൻ്റെ ഓരോ കാര്യങ്ങൾക്കു വേണ്ടിയും ദൈവം കരുതുന്നു എന്ന വിശ്വാസത്തിൻ്റെ ഫലമാണത്. കഷ്ടപ്പാടും കഠിനാധ്വാനവും ഉണ്ടായിരിക്കാം എന്നാൽ ഉൽകണ്ഠയോ പിരിമുറുക്കമോ ഇല്ല. വൃക്ഷത്തിൽ നിന്ന് കൊമ്പുകളിലേക്കുള്ള ജീവരസത്തിൻ്റെ (സത്ത്) സ്ഥിരമായ ഒഴുക്ക്, പരിശുദ്ധാത്മാവിനാൽ സ്ഥിരമായി നാം നിറയപ്പെടേണ്ടതിൻ്റെ ആവശ്യത്തെ വിശദമാക്കുന്നു.

രണ്ടു കാര്യങ്ങൾക്കായി കർത്താവിനെ അന്വേഷിക്കുക:

1. ഇന്നുവരെ നിങ്ങൾ ഒരിക്കലും പാപം ചെയ്തിട്ടില്ലാത്തവനെന്നു നിങ്ങളെ അവിടുന്നു കാണത്തക്ക വിധമുള്ള അവിടുത്തെ നീതികരണം എത്ര ശക്തിയുള്ള താണെന്ന് അവിടുത്തെ വചനത്തിൽ നിന്നു നിങ്ങളെ കാണിച്ചു തരേണ്ടതിന്.

2. സകല മനുഷ്യരുടെയും അഭിപ്രായങ്ങളിൽ നിന്നു പൂർണ്ണമായി സ്വതന്ത്രനാകേണ്ടതിന്.

മനുഷ്യർ നമ്മെ കുറിച്ച് എന്തു വിചാരിക്കും എന്ന കാര്യത്തിന് നാം എത്രമാത്രം അടിമപ്പെട്ടിരിക്കുന്നു എന്നു നാം മനസ്സിലാക്കുന്നില്ല. ഈ രണ്ട് കാര്യങ്ങളുടെ മേൽ നിങ്ങൾ പ്രവൃത്തി ചെയ്യുമെങ്കിൽ, നിങ്ങൾക്ക് കർത്താവിൻ്റെ കരങ്ങളിൽ ഫലപ്രദമായ ഒരു പാത്രമായിരിക്കാൻ കഴിയും. നമ്മുടെ കഴിഞ്ഞ കാല പരാജയങ്ങളെ കുറിച്ചുള്ള ഭീതികൊണ്ടു പതുങ്ങുമ്പോൾ നാം വിനയമുള്ളവരാണെന്നു ചിന്തിപ്പിക്കുവാൻ സാത്താൻ പ്രവർത്തിക്കുന്നു. നമ്മുടെ ഭൂതകാല പരാജയങ്ങളെ കുറിച്ചു ചിന്തിക്കേണ്ട ഒരേ ഒരു സമയം, നാം മറ്റുള്ളവരോട് കഠിനഹൃദയരാകുവാൻ പ്രലോഭിപ്പിക്കപ്പെടുമ്പോൾ മാത്രമാണ് (2 പത്രൊ. 1:9) - അല്ലാത്തപ്പോഴല്ല.

ഈ രണ്ട് പോയിൻ്റുകളിൽ നിങ്ങൾ വെടിപ്പുള്ളവരാണെങ്കിൽ,താഴേക്കു നിങ്ങളെ പിടിച്ചു നിർത്തുന്ന ഒരു കാര്യവുമില്ലാതെ ഒരു റോക്കറ്റു പോലെ നിങ്ങളുടെ ജീവിതം മുകളിലേക്കു കുതിച്ചു പൊങ്ങും. ഈ കാര്യങ്ങളെ കുറിച്ചു യുക്തി പൂർവ്വകമായോ ബുദ്ധി പൂർവ്വമായോ വാദിക്കാൻ ശ്രമിക്കരുത്. ദൈവവചനം വിശ്വസിച്ച് അതിൽ ആശ്രയിക്കുക മാത്രം ചെയ്യുക.

സ്വയം കുറ്റം വിധിയും നിരുത്സാഹവും എപ്പോഴും സാത്താനിൽ നിന്നാണ്. നിങ്ങൾ ഒരിക്കലും ഭൂത കാലത്തിൽ ജീവിക്കരുത്. കഴിഞ്ഞ കാല പരാജയങ്ങളെ കുറിച്ചു ചിന്തിക്കുന്നതു നിർത്തുക - അതുപോലെ തന്നെ നിങ്ങളുടെ കഴിഞ്ഞ കാല നേട്ടങ്ങളെ കുറിച്ചും. നിങ്ങൾ വീഴുമ്പോൾ, ഉടനെ തന്നെ ചാടി എഴുന്നേറ്റിട്ട് നേരേയുള്ള ഓട്ടം തുടരുക. ഒരിക്കലും വിട്ടുകളയരുത്.