WFTW Body: 

വചനം പറയുന്നത് ഭർത്താക്കന്മാർ തങ്ങളുടെ ഭാര്യമാരെ എപ്രകാരമാണ് സ്നേഹിക്കേണ്ടത് എന്ന് അറിയേണ്ടതിന് മാതൃകയായി സഭയോടുള്ള യേശുവിൻ്റെ സ്നേഹത്തെ നോക്കണം എന്നാണ് (എഫെ. 5:25). ആ വചനം അനുസരിക്കാൻ ഒരു ജീവിതകാലം മുഴുവൻ എടുക്കുമെന്ന് ഒരു പത്ത് ശതമാനം എങ്കിലും പരമാർത്ഥതയുള്ള ഏത് ഭർത്താവും സമ്മതിക്കും. അതിലേക്ക് എത്തിച്ചേർന്നിരിക്കുന്ന ഒരു മനുഷ്യൻ പോലും ഇല്ല. അതിനുവേണ്ടി നാം പരിശ്രമിക്കുന്നതു പോലുമില്ലെങ്കിൽ നാം ഒരിക്കലും അത് അനുസരിക്കുകയില്ല. "പൂർണ്ണതയിലേക്ക് ആയുക" എന്നു പറയുമ്പോൾ ബൈബിൾ അർഥമാക്കുന്നത് അതാണ്. ഭർത്താക്കന്മാർക്ക് ഒരു കടമയുണ്ട്: ക്രിസ്‌തു സഭയെ സ്നേഹിച്ചതുപോലെ തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുക എന്നത്. ക്രിസ്തു സഭയെ സ്നേഹിച്ച്, അവളെ വിശുദ്ധീകരിക്കേണ്ടതിന് അവൾക്കുവേണ്ടി തന്നെത്താൻ അർപ്പിച്ചതുപോലെ ഓരോ വർഷവും കൂടുതൽ പൂർണ്ണതയോടെ തങ്ങളുടെ ഭാര്യമാരെ സ്നേഹിക്കുന്നവരായി തങ്ങളെ തന്നെ കണ്ടെത്തേണ്ടതിന് ഭർത്താക്കന്മാർ ഈ മേഖലയിൽ പൂർണ്ണതയിലേക്ക് ആയേണ്ടതുണ്ട്.

യേശു സഭയിൽ ഒരു പരാജയം കാണുമ്പോൾ അവിടുന്ന് ആ പിഴവ് എങ്ങനെയാണ് പരിഹരിക്കുന്നത്? മിക്ക ഭർത്താക്കന്മാരും ചെയ്യുന്നതുപോലെയല്ല. മിക്ക ഭർത്താക്കന്മാരും തങ്ങളുടെ ഭാര്യമാരിൽ ഉള്ള പരാജയങ്ങൾ തിരുത്താൻ ശ്രമിക്കുന്നത് "നീ ശരിയായ വിധത്തിൽ പെരുമാറുന്നില്ല" എന്നതുപോലെയുള്ള കഠിന വാക്കുകൾ കൊണ്ടോ അല്ലെങ്കിൽ അതിനു തുല്യമായ മറ്റു പൈശാചികമായ വാക്കുകൾ കൊണ്ടോ ആണ്. യേശു അത് ചെയ്തില്ല. സഭയെ ഒരു കറയും ചുളുക്കവുമില്ലാതെ പരിശുദ്ധയും കുറ്റമില്ലാത്തവളും ആക്കി തീർക്കേണ്ടതിന്, അവിടുന്ന് എന്താണ് ചെയ്തത്? അവളെ വിശുദ്ധീകരിക്കേണ്ടതിന് അവിടുന്ന് തൻ്റെ ജീവനെ വച്ചു കളഞ്ഞു. നിങ്ങളുടെ ഭാര്യക്ക് വേണ്ടി അത് ചെയ്യുന്നതിനെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതാണ് ദൈവത്തിൻ്റെ മാർഗ്ഗം. ഇതിനു വിപരീത മാർഗ്ഗത്തിൽ പോയിട്ട്, മനുഷ്യവർഗ്ഗം മുഴുവൻ തലകീഴായി നടക്കുന്നു. നിങ്ങൾ ദൈവത്തിൻ്റെ മാർഗം പിന്തുടർന്നാൽ, നിങ്ങളുടെ ദാമ്പത്യം നല്ലതിൽ നിന്ന് ശ്രേഷ്ഠമായതയിലേക്ക് പോകും. ഒരു ഭർത്താവെന്ന നിലയിൽ നിങ്ങളുടെ ഭാര്യയിൽ ഒരു തെറ്റ് കണ്ടാൽ, നിങ്ങൾ യേശുവിനെ പിൻഗമിക്കണം. ചുറ്റുമുള്ള മറ്റെല്ലാ മനുഷ്യരും ചെയ്യുന്നതുപോലെ നിങ്ങൾ ചെയ്യരുത്.

ഉപേക്ഷിക്കാൻ ഏറ്റവും പ്രയാസമുള്ള കാര്യം നമ്മുടെ സ്വയ മാണ് - "ഞാൻ" എന്നുപറയുന്ന സ്വത്വം - സിംഹാസനത്തിൽ ഇരിക്കുന്ന പ്രധാന വ്യക്തി. സിംഹാസനത്തിൽ ഇരിക്കുന്ന രാജാവ് പ്രതീക്ഷിക്കുന്നതു പോലെ തൻ്റെ ഭാര്യ കാര്യങ്ങൾ ചെയ്യാതിരിക്കുമ്പോൾ അയാൾ വളരെ അവഹേളിക്കപ്പെടുകയും മുറിപ്പെടുകയും ചെയ്യുന്നു. അവളെ വിശുദ്ധീകരിക്കേണ്ടതിന് ഉപേക്ഷിക്കപ്പെടേണ്ട നിങ്ങളുടെ "സ്വയം" ആണിത്. നിർഭാഗ്യവശാൽ ഈ മാർഗ്ഗത്തിലൂടെ പോകുവാൻ താല്പര്യമുള്ള വളരെ ചുരുക്കം ഭർത്താക്കന്മാരെ ഉള്ളൂ. നിങ്ങൾ ഈ വഴിയിലൂടെ പോകുന്നില്ലെങ്കിൽ, അപ്പോൾ തീർച്ചയായും നിങ്ങളുടെ ദാമ്പത്യജീവിതം അധഃപതനത്തിലേക്കു പോകും. എന്നാൽ ഈ വഴി പോകുവാൻ നിങ്ങൾ യഥാർത്ഥമായി താല്പര്യപ്പെടുന്നെങ്കിൽ, നിങ്ങളുടെ ഭാര്യയെ സ്നേഹിക്കുവാൻ ശ്രമിക്കുകയും അത് ഗൗരവമായി എടുക്കുകയും വേണം. സ്നേഹത്തിൻ്റെ അർത്ഥം അന്വേഷിക്കാൻ വേണ്ടി ഒരു നിഘണ്ടുവിൽ നോക്കരുത്. അതിനേക്കാൾ സ്നേഹത്തിൻ്റെ അർത്ഥം ക്രിസ്തുവിൻ്റെ മാതൃകയിൽ നിന്നു നോക്കി കാണുക - നിന്നോടുള്ള ബന്ധത്തിൽ ക്രിസ്തു ചെയ്തതുപോലെ മരിക്കാൻ ഒരുക്കമുള്ളവനായിരിക്കുക. ഭർത്താക്കന്മാർ എന്ന നിലയിൽ നമ്മുടെ വിളി ഇതാണ്.

യേശു നമ്മുടെ നേതാവാണ്, എന്നാൽ ലോകം നേതൃത്വത്തെ മനസ്സിലാക്കുന്നതുപോലെയല്ല. യേശുവിൻ്റെ ഭൂമിയിലെ അവസാന നാളുകളിൽ നാം അവിടുത്തെ കണ്ടെത്തുന്നത് എവിടെയാണെന്നു നിങ്ങൾക്കറിയാമോ? തൻ്റെ കാന്തയുടെ പാദങ്ങളിൽ, അവളുടെ പാദങ്ങൾ കഴുകിക്കൊണ്ടും അവളെ സഹായിച്ചു കൊണ്ടും അവളെ വിശുദ്ധീകരിക്കേണ്ടതിന് അവളെ വെടിപ്പാക്കിക്കൊണ്ടും തൻ്റെ കാന്തയുടെ പാദങ്ങളിൽ. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഒരു ഭർത്താവ് ഈ പൂർണ്ണതയുടെ ഔന്നത്യത്തിൽ എത്തിച്ചേർന്നെങ്കിൽ, അവളുടെ പാദങ്ങൾ കഴുകിക്കൊണ്ട്, അവളെ സഹായിച്ചു കൊണ്ട്, അവളെ വിശുദ്ധീകരിക്കേണ്ടതിന് അവളെ വെടിപ്പാക്കിക്കൊണ്ട്, തൻ്റെ കാന്തയുടെ കാൽപാദങ്ങളിൽ അവനെ കണ്ടെത്തും. അവളുടെ കാൽ കഴുകുക എന്നാൽ എന്താണ് അർത്ഥമാക്കുന്നത്? അത് വൃത്തികെട്ട ജോലികൾ ചെയ്യുന്നതാണ്. തീർച്ചയായും അത് മുതലെടുത്ത് തങ്ങളുടെ ഭർത്താക്കന്മാരുടെ മേൽ അധികാരം നടത്തുന്ന ബുദ്ധികെട്ട ഭാര്യമാരുണ്ട്. ആളുകൾക്കു ചവുട്ടി തേക്കാനുള്ള ഒരു ചവിട്ടി ആയിരുന്നില്ല യേശു, അവിടുന്ന് അങ്ങനെ ആയിരുന്നോ? ഭർത്താവ് ഭാര്യയുടെ പാദങ്ങൾ കഴുകുകയും വൃത്തികെട്ട ജോലികൾ ചെയ്യുകയും വേണം എന്ന് നാം പറയുമ്പോൾ ചില സ്ത്രീകൾ തെറ്റിദ്ധരിക്കുന്നു. എല്ലാത്തരത്തിലുള്ള അസാധാരണവും വൃത്തികെട്ടതുമായ ജോലികൾ ചെയ്യുന്ന ഒരു വേലക്കാരനായി അവരുടെ ഭർത്താക്കന്മാർ തീരുന്നു. അതല്ല ഞാൻ അർത്ഥമാക്കുന്നത്. യേശു ഒരു ഡോർമാറ്റ് ആയിരുന്നില്ല. നിങ്ങൾ യേശുവിനെ ശിഷ്യന്മാരുമായി ഇരിക്കുന്നവൻ ആയി കണ്ടിരുന്നെങ്കിൽ, അതിലെ നേതാവ് ആരാണെന്ന് ഒരു സംശയവും ഉണ്ടാകുമായിരുന്നില്ല. അവിടെ വ്യക്തമായ നേതൃത്വം ഉണ്ടായിരുന്നു. പത്രൊസോ, മമത്തായിയോ ആണ് നേതാവ് എന്ന് നിങ്ങൾ ഒരിക്കലും ചിന്തിക്കുമായിരുന്നില്ല. അതുതന്നെയാണ് ഭർത്താക്കന്മാർക്ക് ഉണ്ടായിരിക്കേണ്ട സ്ഥാനവും. ഒരു നേതാവായിരിക്കുന്നതിലും ഒരു ദാസൻ ആയിരിക്കുന്നതിലും ഉള്ള ഈ നേരിയ സന്തുലിതാവസ്ഥയാണ് നാം യേശുവിൽ നിന്നു പഠിക്കേണ്ടത്. ആ തരത്തിലുള്ള - നേതൃത്വത്തിന് വിവേകം ആവശ്യമുണ്ട്. അത് കർത്താവിനു മാത്രമേ നൽകാൻ കഴിയൂ, പ്രാർത്ഥനയിൽ നിങ്ങൾ അത് കർത്താവിനോടു ചോദിക്കുമെങ്കിൽ.

ആടുകൾക്കു പിമ്പേ പോകുന്ന ഒരിടയനാണ് യേശു. അവിടുന്ന് അവയെ പിന്നിൽ നിന്നു തട്ടുകയില്ല. യേശു ഒരു കൂട്ടം പ്രബോധനങ്ങൾ നൽകാറില്ല. അവിടുന്ന് തൻ്റെ കാന്തയ്ക്കു പിന്തുടരാനുള്ള ഒരു മാതൃകയായിരുന്നു. ഇതാണ് ഒരു ഭർത്താവും ആയിരിക്കേണ്ടത് - യേശുവിനെപ്പോലെ ഒരു മാതൃക - തൻ്റെ ഭാര്യയെ നയിക്കാനുള്ള ഒരു ഇടയൻ. നിങ്ങളുടെ ഭാര്യയുടെ കാലിടറുമ്പോൾ, എൻ്റെ പ്രിയ സഹോദരാ, നിങ്ങളോടു തന്നെ ചോദിക്കുക, ഞാൻ എൻ്റെ ആടിനെ, ദൈവം എന്നെ ഭരമേല്പിച്ചിരിക്കുന്ന എൻ്റെ ഭാര്യയെ നേരായ വിധത്തിൽ ആണോ നയിക്കുന്നത്? നിൻ്റെ ഭാര്യയുടെ പിന്നിൽ മറ്റു ചെറിയ ആട്ടിൻകുട്ടികൾ വരും - നിങ്ങളുടെ മക്കൾ. ഇവരെല്ലാം ഈ മനുഷ്യനെ ആശ്രയിച്ചാണിരിക്കുന്നത്. ഭർത്താവിന് ആത്മ നിയന്ത്രണമില്ലെങ്കിൽ, ഈ ആടും കുഞ്ഞാടുകളും എങ്ങനെയാണ് പെരുമാറേണ്ടത് എന്നാണ് നിങ്ങൾ. പ്രതീക്ഷിക്കുന്നത്? അവൻ തൻ്റെ രക്ഷയെ ഭയത്തോടും വിറയലോടും കൂടെ പ്രവർത്തിച്ചെടുക്കുന്നില്ലെങ്കിൽ, അവൻ യേശുവിനെ പിൻഗമിക്കുന്നില്ലെങ്കിൽ, ഭവനം ഏതു ദിശയിൽ പോകും? ദൈവം ഉദ്ദേശിച്ചതിൻ്റെ എതിർ ദിശയിൽ, ശേഷം മനുഷ്യ വർഗ്ഗത്തെ പോലെ.

അതുകൊണ്ട് ഒരു വിവാഹജീവിതം നല്ലതിൽ നിന്ന് ശ്രേഷ്ഠമായതിലേക്കു പോകണമെന്നു നാം ആഗ്രഹിക്കുന്നെങ്കിൽ, യേശുവിനെ അനുഗമിക്കുന്ന കാര്യം ഗൗരവമായി എടുക്കുന്ന ഭർത്താക്കന്മാർ നമുക്ക് ഉണ്ടാകേണ്ട ആവശ്യമുണ്ട്. ഇത് അയാളുടെ വിശ്രമവേളയിലെ വിനോദമാകണം, അയാളുടെ ജീവകാല ആഗ്രഹമായിരിക്കണം, അത് അവന് ഒരു പൂർണ്ണ സമയം ജോലി പോലും ആയിരിക്കണം - ഒരു സഭായോഗത്തിൽ ചെയ്യുന്ന വല്ലപ്പോഴും ഉള്ള ഒരു കാര്യമായിരിക്കരുത്. ഈ തരത്തിലുള്ള വിവാഹജീവിതം ശിഷ്യന്മാർക്ക് ഉള്ളതാണ്, കേവലം മരിക്കുമ്പോൾ സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിക്കുന്നവർക്കു വേണ്ടിയുള്ളതല്ല.