ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   യുവജനങ്ങള്‍
WFTW Body: 

വെളിപ്പാട്‌ 15:3,4 വാക്യങ്ങളില്‍ നാം വായിക്കുന്നു: ``അവര്‍ ദൈവത്തിന്റെ ദാസനായ മോശയുടെ പാട്ടും കുഞ്ഞാടിന്റെ പാട്ടും പാടി ചൊല്ലിയത്‌ ``സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ, നിന്റെ പ്രവൃത്തികള്‍ വലുതും അത്ഭുതവുമായവ; സര്‍വ്വജാതികളുടെയും രാജാവേ, നിന്റെ വഴികള്‍ നീതിയും സത്യവുമുള്ളവ. കര്‍ത്താവേ, ആര്‍ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും? നീയല്ലോ ഏക പരിശുദ്ധന്‍, നിന്റെ ന്യായവിധികള്‍ വിളങ്ങിവന്നതിനാല്‍ സകലജാതികളും വന്ന്‌ തിരുസന്നിധിയില്‍ നമസ്‌കരിക്കും.''

മോശയുടെ രണ്ടു പാട്ടുകള്‍ പഴയനിയമത്തില്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌ - ഒന്ന്‌ പുറപ്പാടു പുസ്‌തകം 15:1-18ല്‍. യിസ്രയേല്‍ ജനം ചെങ്കടല്‍ കടക്കുകയും ഫറവോനും അവന്റെ സൈന്യവും അതില്‍ മുങ്ങിപ്പോകുകയും ചെയ്‌തപ്പോള്‍ മോശ പാടിചൊല്ലിയത്‌, ``ഞാന്‍ യഹോവയ്ക്ക്‌ പാട്ടുപാടും, അവന്‍ മഹോന്നതന്‍. കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവന്‍ കടലില്‍ തള്ളിയിട്ടിരിക്കുന്നു.'' എതിര്‍ക്രിസ്‌തുവിനെ ഒരു വെള്ളക്കുതിരയുടെമേല്‍ ഇരിക്കുന്നവനായി ചിത്രീകരിച്ചിരിക്കുന്നത്‌ വെളിപ്പാട്‌ ആറില്‍ നാം കാണുന്നു. ഇവിടെ ഈ കുതിരയെയും അതിന്മേൽ ഇരിക്കുന്നവനെയും തള്ളിയിട്ടതിനായിട്ട്‌ ജയാളികളികള്‍ ദൈവത്തെ സ്‌തുതിക്കുന്നത്‌ നാം കാണുന്നു.

അന്തിമ ഹെര്‍മഗദോന്‍ യുദ്ധത്തില്‍ എതിര്‍ക്രിസ്‌തുവും അവന്റെ സൈന്യവും യിസ്രായേലിലേക്കു വന്ന്‌ അതിനെ ആക്രമിക്കും. ആ സമയത്തു കര്‍ത്താവായ യേശുക്രിസ്‌തു തന്റെ വിശുദ്ധത്താരുമായി ഭൂമിയിലേക്കു വരും. അവന്റെ പാദങ്ങള്‍ ഒലിവു മലമേല്‍ നില്‍ക്കുകയും എതിര്‍ക്രിസ്‌തുവിന്റെ സൈന്യത്തെ നശിപ്പിച്ചു കളയുകയും ചെയ്യും. ദൈവജനം ഒരു യുദ്ധവും ചെയ്യാതെ ആ വിജയം നോക്കി കാണുകയും അതില്‍ പങ്കാളികളാകുകയും ചെയ്യും.

ഇന്നും ഓരോ വിജയവും നാം നേടേണ്ടത്‌ അങ്ങനെ തന്നെയാണ്‌. നാം മാനുഷികമായ ആയുധങ്ങള്‍ കൊണ്ടല്ല യുദ്ധം ജയിക്കുന്നത്‌. നാം ഉറച്ചു നില്‍ക്കുകയും കര്‍ത്താവില്‍ ആശ്രയിക്കുകയും ചെയ്യുക. അപ്പോള്‍ കര്‍ത്താവു നമ്മുടെ ശത്രുക്കളെ നശിപ്പിക്കുന്നു. അതുകൊണ്ട്‌ അതില്‍ വിശ്വാസമുള്ളവര്‍ക്ക്‌ ഇന്നുപോലും മോശയുടെ പാട്ടു പാടുവാന്‍ കഴിയും!! ജീവിതത്തിന്റെ പോരാട്ടങ്ങളില്‍ നമുക്കു മോശയുടെ പാട്ടുപാടുവാന്‍ കഴിയും. `ഉറച്ചു നിന്ന്‌' കര്‍ത്താവു നമ്മുടെ ശത്രുക്കളോട്‌ എന്താണു ചെയ്യുന്നത്‌ എന്നു നമുക്കു കാണാന്‍ കഴിയും.

മോശയുടെ രണ്ടാമത്തെ പാട്ട്‌ ആവര്‍ത്തനം 31:30 മുതല്‍ 32:43 വരെയുള്ള വാക്യങ്ങളിലാണ്‌: ``ജാതികളെ അവന്റെ ജനത്തോടു കൂടെ ഉല്ലസിപ്പിന്‍; അവന്‍ (കര്‍ത്താവ്‌) സ്വദാസത്താരുടെ രക്തത്തിനു പ്രതികാരം ചെയ്യും; തന്റെ ശത്രുക്കളോട്‌ അവന്‍ പകരം വീട്ടും; തന്റെ ദേശത്തിനും ജനത്തിനും പാപപരിഹാരം നടത്തും'' (ആവ. 32:43). ഈ രണ്ടു പാട്ടുകളിലും, നാം ഒരു സത്യം കാണുന്നു: ദൈവജനം അവരുടെ ശത്രുക്കളോടു പ്രതികാരം ചെയ്യുന്നില്ല. അവര്‍ പുറകില്‍ നില്‍ക്കുകയും ദൈവം അവര്‍ക്കുവേണ്ടി യുദ്ധം ചെയ്യുകയും, അവരുടെ ശത്രുക്കളോടു പ്രതികാരം നടത്തുകയും ചെയ്യുന്നു.

ഒരുനാള്‍ മഹത്വത്തില്‍ ദൈവത്തിന്റെ വാദ്യമേളങ്ങളോടു ചേര്‍ന്നു നമുക്ക്‌ ഇതു പാടാന്‍ കഴിയേണ്ടതിന്‌ ഇപ്പോള്‍ ഈ പാട്ട്‌ നാം പഠിക്കേണ്ടിയ ആവശ്യമുണ്ട്‌. ജീവിതത്തിന്റെ ദൈനംദിന സാഹചര്യങ്ങള്‍ ഈ പാട്ടു പഠിക്കുന്നതിനുള്ള ഗാനപരിശീലനംപോലെയാണ്‌.

ജയാളികള്‍ പാടിചൊല്ലുന്നത്‌ ദൈവത്തിന്റെ വഴികള്‍ തികവുള്ളതാണ്‌ എന്നാണ്‌. സ്വര്‍ഗ്ഗത്തില്‍ നാം പാടും. ``യേശു എല്ലാ കാര്യങ്ങളും നന്നായി ചെയ്‌തിരിക്കുന്നു'' എന്ന്‌ ആ നാളില്‍, നമ്മെ ഭൂമയില്‍ ദൈവം നടത്തിയ എല്ലാ വഴികളിലേക്കും നാം തിരിഞ്ഞു നോക്കുമ്പോള്‍, നാം കണ്ടെത്തും, എല്ലാ കാര്യങ്ങളും - അതെ, എല്ലാ കാര്യങ്ങളും- നമ്മുടെ ഏറ്റവും നല്ലതിനായി ദൈവത്താല്‍ നിയമിക്കപ്പെട്ടവയായിരുന്നു എന്ന്‌. ഇന്ന്‌ അനേക കാര്യങ്ങളും സംഭവിക്കുന്നതെന്തുകൊണ്ടാണെന്ന്‌ നമുക്കു മനസ്സിലാകുന്നില്ല. എന്നാല്‍ ആ ദിവസം നമുക്കു പൂര്‍ണ്ണമായി മനസ്സിലാകും. എന്നാല്‍ വിശ്വാസമുള്ള ഒരു മനുഷ്യന്‌ അന്നുവരെ കാത്തിരിക്കേണ്ട. അവന്‍ അതു വിശ്വസിക്കുകയും ഇന്നുതന്നെ അത്‌ അറിയുകയും ചെയ്യുന്നു. ഈ ഭൂമിയില്‍ അവനു സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കുമുള്ള കാരണം ദൈവം വിശദീകരിച്ചു കൊടുക്കുന്നതുവരെ കാത്തിരിക്കേണ്ട ആവശ്യം അവനില്ല. ഇപ്പോള്‍ തന്നെ അവന്‍ പാടുന്നത്‌ ``കര്‍ത്താവേ! അവിടുത്തെ വഴികള്‍ പൂര്‍ണ്ണതയുള്ളതാണ്‌.''