WFTW Body: 

മത്താ. 6:5-8 വരെയുള്ള വാക്യങ്ങളിൽ എങ്ങനെ പ്രാർത്ഥിക്കരുതെന്ന് യേശു പഠിപ്പിച്ചിരിക്കുന്നു - കപട ഭക്തരെ പോലെയല്ല, അർത്ഥശൂന്യമായ ആവർത്തനങ്ങൾ കൊണ്ടല്ല, പ്രാർത്ഥനയുടെ ദൈർഘ്യം കൊണ്ടല്ല, എന്നാൽ നമുക്ക് ആവശ്യമുള്ളതെന്തെന്ന് നമ്മുടെ പിതാവ് അറിയുന്നു എന്നു വിശ്വസിച്ചുകൊണ്ട് - അടുത്തതായി യേശു നമ്മോട് എങ്ങനെ പ്രാർത്ഥിക്കണമെന്ന് പറയുന്നു. ക്രിസ്ത്യാനികളെ നിരീക്ഷിക്കുന്നതിലൂടെ ഞാൻ ശ്രദ്ധിച്ചത്, ഒരു കുഞ്ഞിനുപോലും മനസ്സിലാക്കാൻ കഴിയുന്ന യേശുവിൻ്റെ ഈ ലളിതമായ പ്രസ്താവനകൾക്ക് വളരെ ചുരുക്കം പേരാണ് വാസ്തവമായി ശ്രദ്ധ കൊടുക്കുന്നത്. എങ്ങനെ പ്രാർത്ഥിക്കരുതെന്ന് അവിടുന്ന് നമ്മെ പഠിപ്പിച്ചിട്ട്, പലരും അത് ഗൗരവമായി എടുത്തിട്ടില്ല, കൂടാതെ എങ്ങനെ പ്രാർത്ഥിക്കണം എന്ന് അവിടുന്ന് നമ്മെ പഠിപ്പിച്ചിരിക്കുന്നു, അതും അനേക ആളുകളും ഗൗരവമായി എടുത്തിട്ടില്ല.

അവിടുന്ന് നമുക്ക് ഒരു പ്രാർത്ഥന നൽകിയത് അന്ധമായി അത് ആവർത്തിച്ച് ഉരുവിടാനല്ല. അതിലെ ഓരോ വാചകവും അർത്ഥമാക്കിയാണ് ആവർത്തിക്കുന്നതെങ്കിൽ ഒരു ദോഷവും ഇല്ല. എന്നാൽ നമ്മുടെ എല്ലാ പ്രാർത്ഥനകളേയും വിശേഷിപ്പിക്കേണ്ട ഒരു മാതൃക യേശു നമ്മെ പഠിപ്പിക്കുകയായിരുന്നു.

യേശു പറഞ്ഞു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, ഇതുപോലെ പ്രാർത്ഥിക്കുവിൻ - "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ". യേശു പറഞ്ഞ ഒന്നാമത്തെ കാര്യം നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, അവിടുത്തെ പിതാവേ എന്ന് വിളിക്കുക എന്നതാണ്. പഴയ നിയമത്തിൽ ആരുംതന്നെ ദൈവത്തിങ്കലേക്ക് നോക്കിക്കൊണ്ട് "പിതാവേ" എന്നു പറയുവാൻ ഒരിക്കലും ധൈര്യപ്പെട്ടില്ല. പഴയ നിയമ പ്രാർത്ഥനകൾ എപ്പോഴും "ഓ ദൈവമേ, സർവ്വശക്തനായ കർത്താവേ" തുടങ്ങിയവ ആയിരുന്നു കാരണം ദൈവം ഈ പ്രപഞ്ചത്തിന്റെ സിഇഒയും അവിടുത്തെ ജനങ്ങൾ ഒരു ഫാക്ടറിയിലെ ചെറിയ ജീവനക്കാരും പോലെയായിരുന്നു. ഒരു സിഇഒ യോട് നിങ്ങൾക്ക് തോന്നുന്നതുപോലെ എങ്ങനെയെങ്കിലും സംസാരിക്കാൻ കഴിയുകയില്ല! എന്നാൽ പുതിയ ഉടമ്പടിയിൽ, നാം ദൈവത്തിൻ്റെ മക്കളാണ്, ഒരു സിഇഒ യുടെ കുഞ്ഞിന് തൻ്റെ പിതാവിൻ്റെ ഓഫീസിലേക്ക് കടന്നു ചെന്ന്. അദ്ദേഹത്തെ "ഡാഡി" എന്നു വിളിക്കാൻ കഴിയുന്നതുപോലെ, ഒരു ദൈവപൈതൽ ആയിരിക്കുന്നതിന്റെ വിശേഷാധികാരം നാം മനസ്സിലാക്കേണ്ടതുണ്ട്. അത് അടിസ്ഥാനപരമായി വ്യത്യസ്തമാണ്!

ഇപ്പോഴും, മിക്ക ക്രിസ്ത്യാനികളും ദൈവത്തെ "പിതാവ്" എന്ന് വിളിക്കുന്നില്ല എന്നത് സത്യമാണ്, അവർ അവിടുത്തെ "ഓ ദൈവമേ" എന്നു വിളിക്കുന്നു. അതിൽ തെറ്റൊന്നുമില്ല. അവിടുന്ന് ദൈവമാണ്, അവിടുത്തെ ദൈവമെന്ന് അഭിസംബോധന ചെയ്യുന്നത് ശരിയാണ്, എന്നാൽ നിങ്ങൾ അവിടുത്തെ പിതാവ് എന്നു കൂടി വിളിക്കണം, ദൈവം എന്നു മാത്രം അഭിസംബോധന ചെയ്യുന്നെങ്കിൽ, അപ്പോൾ അവിടെ എന്തോ പിശകുണ്ട്.

പഴയ നിയമത്തിൽ, ദൈവത്തിന് ഒരു പേരുണ്ട്, യഹോവ (അല്ലെങ്കിൽ യാഹ്‌വേ) അതിൻ്റെ കൃത്യമായ ഉച്ചാരണം എന്താണെന്ന് ആർക്കും അറിയില്ല കാരണം എബ്രായ അക്ഷരമാലയ്ക്ക് അതിൽ സ്വരാക്ഷരങ്ങൾ ഒന്നുമില്ല. എന്നെ സംബന്ധിച്ചിടത്തോളം, അത് തീർത്തും അപ്രധാനമായ ഒരു ചർച്ചയാണ്, കാരണം ഞാൻ ദൈവത്തെ യഹോവ എന്നോ യാഹ്‌വേ എന്നോ വിളിക്കുന്നില്ല!ഞാൻ അവിടുത്തെ ഡാഡി എന്നാണ് വിളിക്കുന്നത്.

അവിടുന്ന് എൻ്റെ പിതാവാണ് കാരണം "ഞങ്ങളുടെ പിതാവേ" എന്നു പറഞ്ഞു പ്രാർത്ഥിക്കുവാൻ യേശു നമ്മെ പഠിപ്പിച്ചു. റോമർ 8 ൽ, നാം പഠിക്കുന്നത് പരിശുദ്ധാത്മാവ് നമ്മുടെ ഹൃദയങ്ങളിലേക്കു വന്ന് "അബ്ബാ പിതാവേ" എന്ന് വിളിക്കുന്നു എന്നാണ് (റോമ. 8:15). എന്നിട്ടും "ഓ വലിയവനായ യഹോവേ, അവിടുന്ന് എനിക്ക് വഴികാട്ടണമേ", എന്ന് ആളുകൾ പാടുന്ന ചില പാട്ടുകൾ നോക്കിയാൽ, അവർ അവരുടെ പിതാവിനോടാണോ സംസാരിക്കുന്നത്? അവിടുന്ന് യഹോവയാണ്, എന്നാൽ നാം അവിടുത്തെ പിതാവേ എന്ന് അഭിസംബോധന ചെയ്യാൻ പഠിക്കേണ്ട ആവശ്യമുണ്ട്. എൻ്റെ മക്കൾ എൻ്റെ അടുത്തുവന്ന് എന്നെ "മിസ്റ്റർ പുന്നൻ" എന്നു പറഞ്ഞാൽ, അവർക്ക് എന്തോ ചില കുഴപ്പമുണ്ടെന്നു ഞാൻ കരുതും!അവർ എന്നെ ഡാഡി എന്ന് വിളിക്കണം. ഞാൻ ദൈവത്തിൻ്റെ അടുക്കൽ വരുമ്പോൾ, ദൈവത്തെ യഹോവ അല്ലെങ്കിൽ യാഹ്‌വേ എന്നു വിളിക്കുകയില്ല, അത് അവിടുത്തെ നാമം ആണെങ്കിൽ പോലും. ഞാൻ പറയുന്നത്, "പിതാവേ" എന്നാണ്. കാരണം അവിടുന്ന് എൻ്റെ പിതാവാണ്. ഞാൻ അവിടുത്തെ പൈതലായി തീർന്നിരിക്കുന്നു.

ഒരു ദൈവ പൈതൽ ആയി തീരുന്നതിന്റെ യാഥാർത്ഥ്യം അനേകം ക്രിസ്ത്യാനികളെ തട്ടിയിട്ടില്ല, ഇതിൻ്റെ കാരണം അവർ തങ്ങളെ തന്നെ പരിശുദ്ധാത്മാവിനു തുറന്നു കൊടുത്തിട്ടില്ല. പരിശുദ്ധാത്മാവ് ഒരു വ്യക്തിയെ നിറയ്ക്കുമ്പോൾ, ആദ്യം ചെയ്യുന്ന കാര്യങ്ങളിൽ ഒന്ന് അവിടുന്ന് അയാളെ "ഡാഡി" എന്ന് അർത്ഥം വരുന്ന "അബ്ബാ പിതാവേ" എന്ന് നിലവിളിക്കുമാറാക്കുന്നു എന്നതാണ്. നിങ്ങൾക്ക് അത് സംഭവിച്ചിട്ടുണ്ടോ? ഇതു വളരെ, വളരെ പ്രധാനമാണ്. അത് മറ്റാരെങ്കിലും നിങ്ങളെ അങ്ങനെ പറയാൻ പരിശീലിപ്പിക്കുന്ന ഒരു കാര്യമല്ല. അത് സ്വയം പ്രേരിതമായ ആന്തരിക കരച്ചിലാണ്. ആ ആന്തരിക യാഥാർത്ഥ്യം വരുന്നത്, ഒരു വ്യക്തി വീണ്ടും ജനിക്കുമ്പോൾ, പരിശുദ്ധാത്മാവ് അയാളുടെ ഹൃദയത്തിലേക്കു വരുമ്പോഴാണ്. അയാൾ പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടവനാണെങ്കിൽ, അയാൾ യഥാർത്ഥമായി ദൈവത്തെ തൻ്റെ പിതാവായി അറിയും. ക്രിസ്തീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്, ദൈവത്തെ പിതാവായി അറിയുന്നതും അവിടുത്തെ പിതാവേ എന്ന് വിളിക്കുന്നതും. നിങ്ങൾക്ക് അവിടുത്തെ കർത്താവ് എന്നു വിളിക്കാം നിങ്ങൾക്ക് അവിടുത്തെ ദൈവമേ എന്നും വിളിക്കാം. എന്നാൽ നിങ്ങൾ പ്രബലമായ വിധത്തിൽ പ്രാർത്ഥിക്കുന്നത് നിങ്ങളുടെ "അബ്ബാ പിതാവിനോട്" ആയിരിക്കണം.

"ഞങ്ങളുടെ പിതാവേ" എന്നുമാത്രമല്ല യേശു പ്രാർത്ഥിക്കാൻ പറഞ്ഞത്, എന്നാൽ "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നുകൂടിയാണ്. നാം ചില ഭൗമിക പിതാവിനോടല്ല പ്രാർത്ഥിക്കുന്നത്. എൻ്റെ ഭൗമിക പിതാവ് എന്നെ വളരെയധികം സ്നേഹിക്കുന്നുണ്ടാകാം, എന്നാൽ ഒരു ബുദ്ധിമുട്ടുള്ള സാഹചര്യത്തിൽ എന്നെ സഹായിക്കുന്നതിന് അദ്ദേഹം നിസ്സഹായനായേക്കാം. എൻ്റെ സ്വർഗ്ഗസ്ഥനായ പിതാവ് നിസ്സഹായനല്ല, അവിടുന്ന് ഈ പ്രപഞ്ചത്തെ നടത്തുന്നവനാണ്. അവിടുന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയേക്കാൾ ശക്തനാണ്! ഇന്ത്യയുടെ പ്രധാനമന്ത്രി നിങ്ങളുടെ പിതാവാണെങ്കിൽ എന്നത് നിങ്ങൾ ചിന്തിക്കുക. നിങ്ങൾക്ക് ഒരു പ്രശ്നം ഉണ്ടെങ്കിൽ, നിങ്ങൾ ആകെ ചെയ്യേണ്ടത് നിങ്ങളുടെ പിതാവിനെ വിളിച്ച് അതിനെക്കുറിച്ച് പറയുക എന്നതു മാത്രമാണ്. കൊള്ളാം, നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് ഈ ലോകത്തിലെ ആരെക്കാളും കൂടുതൽ ശക്തനും കൂടുതൽ അധികാരമുള്ളവനും ആണ്. നിങ്ങളുടെ പ്രശ്നങ്ങളുമായി നിങ്ങൾ എന്തുകൊണ്ട് അവിടുത്തെ അടുക്കലേക്ക് പോകുന്നില്ല?

ഈ പ്രാർത്ഥനയുടെ ഏറ്റവും ആദ്യത്തെ വാചകത്തിൽ തന്നെ വിശ്വാസത്തിൻ്റെ ഒരു അടിസ്ഥാനമിടാൻ യേശു ശ്രമിക്കുകയായിരുന്നു. "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്നത് ഞാൻ പ്രാർത്ഥിക്കുന്നതിനു മുമ്പേ എൻ്റെ ഹൃദയത്തിൽ വ്യക്തമാക്കുന്നത് ഞാൻ സംസാരിക്കുന്നത് എന്റെ സ്വർഗ്ഗീയ പിതാവിനോടാണ്, എന്നെ ആഴമായി സ്നേഹിക്കുന്ന ഒരു പിതാവ്. ഈ പിതാവ് സ്വർഗ്ഗത്തിലാണ്, തന്നെയുമല്ല അവിടുന്ന് സർവ്വശക്തനുമാണ്. ഈ രണ്ടു സത്യങ്ങൾ, ദൈവം എന്നെ ആഴമായി സ്നേഹിക്കുന്നു എന്നതും, അവിടുന്ന് സർവ്വശക്തനാണ് എന്നതുമാണ് എൻ്റെ വിശ്വാസത്തിൻ്റെ അടിസ്ഥാനം. അവിടുത്തേക്ക് ഏത് പ്രശ്നവും പരിഹരിക്കാൻ കഴിയും - അവിടുത്തേക്ക് എന്തും ചെയ്യാൻ കഴിയും - അവിടുന്ന് എന്നെ ആഴമായി സ്നേഹിക്കുന്നു. വിശ്വാസത്തിനു വേണ്ട ഏറ്റവും വലിയ അടിസ്ഥാനം ഇതാണ്.

തുടർന്നു വരുന്ന ആറ് അപേക്ഷകളിൽ, നിങ്ങൾ സശ്രദ്ധം വീക്ഷിച്ചാൽ കണ്ടെത്തുന്നത്, ആദ്യത്തെ മൂന്ന് അപേക്ഷകൾ ദൈവത്തെ സംബന്ധിക്കുന്നതാണെന്നാണ്. നിങ്ങൾ പ്രാർത്ഥനയിൽ ദൈവത്തിൻ്റെ അടുത്തേക്ക് ചെല്ലുമ്പോൾ, നിങ്ങളുടെ ഒന്നാമത്തെ അപേക്ഷ എന്താണ്? അതു മിക്കവാറും നിങ്ങൾക്കു തന്നെയും നിങ്ങളുടെ കുടുംബത്തിനുവേണ്ടിയും ഉള്ളതാണെന്ന് എപ്പോഴും നിങ്ങൾ കണ്ടെത്തും. "കർത്താവേ ഈ ആവശ്യം എനിക്ക് നടത്തി തരേണമേ", അല്ലെങ്കിൽ "എൻ്റെ നടുവേദന സൗഖ്യമാക്കേണമേ" അല്ലെങ്കിൽ, "എനിക്കൊരു ജോലി തരേണമേ" അല്ലെങ്കിൽ "എൻ്റെ മക്കളെ കാത്തുകൊള്ളേണമേ:അവർക്ക് ഒരു ജോലിയും ഒരു വിവാഹ പങ്കാളിയെയും നൽകേണമേ", തുടങ്ങിയവ. ഈ അപേക്ഷകളുടെ കാര്യത്തിൽ തെറ്റൊന്നുമില്ല. തീർച്ചയായും ഈ കാര്യങ്ങൾക്കെല്ലാം വേണ്ടി പ്രാർത്ഥിക്കാൻ കഴിയും. ഓരോ ചെറിയ കാര്യത്തിനും വേണ്ടി നാം ദൈവത്തിൻ്റെ അടുത്തേക്കു ചെല്ലണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത് കൊച്ചു കാര്യങ്ങൾ പോലും. നിങ്ങളുടെ താക്കോൽ വച്ച് മറന്നുപോയാൽ പോലും, അത് കണ്ടെത്തുവാൻ നിങ്ങൾക്ക് ദൈവത്തോട് സഹായം ചോദിക്കാം.

നിങ്ങൾക്ക് ദൈവത്തോട് ഓരോ ചെറിയ കാര്യത്തിനും ഓരോ വലിയ കാര്യത്തിനും വേണ്ടി പ്രാർത്ഥിക്കാം, എന്നാൽ നിങ്ങൾ എന്തിനാണ് മുൻഗണന നൽകുന്നത്? യേശു പറഞ്ഞത് നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ, നിങ്ങളുടെ മുൻഗണന ദൈവത്തിനും അവിടുത്തെ ആവശ്യങ്ങൾക്കും വേണ്ടിയാകണം. അതാണ് "മുമ്പേ ദൈവത്തിൻ്റെ രാജ്യം അന്വേഷിക്കുക" എന്നതിൻ്റെ അർത്ഥം. മത്താ 6:33 ൽ യേശു ഇതു പറയുന്നു, "മുമ്പേ അവിടുത്തെ രാജ്യവും നീതിയും അന്വേഷിപ്പിൻ. അതോടുകൂടി നിങ്ങളുടെ ഭൗതികമായ ആവശ്യങ്ങൾ നിങ്ങൾക്കു കൂട്ടിച്ചേർക്കപ്പെടും". അവയ്ക്കായി നിങ്ങൾക്കു ചോദിക്കാം, എന്നാൽ ദൈവത്തിൻ്റെ രാജ്യം ഒന്നാമത് വയ്ക്കുക, ഇതാണ് ദൈവത്തിൻ്റെ മാർഗ്ഗം.

"ദൈവമേ, സ്വർഗ്ഗസ്ഥനായ എൻ്റെ പിതാവേ, അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടേണം. എൻ്റെ പേരിനെക്കുറിച്ച് ആളുകൾ എന്തുപറഞ്ഞാലും എനിക്കതു കാര്യമല്ല. അത് അപ്രധാനമാണ്, കാരണം എൻ്റെ പ്രശസ്തി കുപ്പത്തൊട്ടിക്ക് വേണ്ടി മാത്രം ചേരുന്നതാണ്". ദൈവത്തിൻ്റെ പേരിനേക്കാൾ നിങ്ങളുടെ പേരിനേയും പ്രശസ്തിയെയും കുറിച്ചാണോ നിങ്ങളുടെ ഉത്കണ്ഠ? അപ്പോൾ നിങ്ങൾ പ്രാർത്ഥിക്കുന്നത് യേശു പഠിപ്പിച്ച വിധത്തിലല്ല. നിങ്ങളെയോ അല്ലെങ്കിൽ നിങ്ങളുടെ മകളെയോ ആരെങ്കിലും അപകീർത്തിപ്പെടുത്തി എന്നു സങ്കല്പിക്കുക. നമ്മുടെ രാജ്യത്ത് യേശുവിൻ്റെ നാമം അപമാനിക്കപ്പെടുന്നതിനേക്കാൾ കൂടുതൽ അത് നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ടോ? ക്രിസ്ത്യാനികൾ തമ്മിൽ തമ്മിൽ പോരടിക്കുന്നതും വളരെയധികം തെറ്റായ കാര്യങ്ങൾ ചെയ്യുന്നതും നമ്മെ വേണ്ടത്ര അലട്ടുന്നില്ല. അത് നമ്മളെ ക്ലേശിപ്പിക്കുന്നതേയില്ലെങ്കിൽ, നമുക്ക് യഥാർത്ഥമായി ദൈവവുമായി പിതാവ് എന്ന നിലയിലുള്ള ബന്ധമുണ്ടോ എന്നു ഞാൻ അത്ഭുതപ്പെടുന്നു. നിങ്ങളുടെ പേര്, നിങ്ങളുടെ കുടുംബത്തിന്റെയും നിങ്ങളുടെ കുഞ്ഞുങ്ങളുടെയും പേര് (അവരെക്കുറിച്ച് ആളുകൾ എന്താണ് പറയുന്നത് എന്ന കാര്യം) ഇവയെക്കുറിച്ചാണ് നിങ്ങൾ കൂടുതൽ ഉത്കണ്ഠപ്പെടുന്നതെങ്കിൽ, അപ്പോൾ നിങ്ങൾ നിങ്ങളുടെ ചിന്തകൾക്ക് പുതിയ സ്വഭാവം നൽകി അത് ദൈവത്തിൽ കൂടുതൽ കേന്ദ്രീകൃതമാക്കുക.

യേശു പ്രാർത്ഥനയ്ക്ക് ഒരു വലിയ പ്രധാന സ്ഥാനം നൽകിയിരിക്കുന്നു. ലൂക്കൊ. 18:1 ൽ യേശു പറഞ്ഞ കാര്യങ്ങളിൽ ഒന്ന് മനുഷ്യർ മടുത്തു പോകാതെ എല്ലായ്പ്പോഴും പ്രാർത്ഥിക്കണം എന്നാണ് -അധൈര്യപ്പെടരുത്. പ്രാർത്ഥനയെക്കുറിച്ച് അവിടുന്നു നൽകിയ രണ്ട് ഉപമകളിൽ ഓരോന്നിലും പ്രാർത്ഥന തുടർന്നുകൊണ്ടിരിക്കുന്നതിനെക്കുറിച്ച് പറഞ്ഞു. ഇതിൻ്റെ ഒരു ഉദാഹരണം ലൂക്കൊ. 18:1-8 വരെയുള്ള വാക്യങ്ങളിൽ ഒരു ന്യായാധിപന്റെ അടുക്കൽ പോയി തൻ്റെ ശത്രുവിനെതിരെ നീതി ലഭിക്കുന്നതുവരെ അദ്ദേഹത്തോട് ചോദിക്കുന്ന ഒരു വിധവയുടേതാണ്. ഇവിടെയുള്ളത് സാത്താനെയും നമ്മുടെ ജഡത്തിലുള്ള മോഹത്തെയും ജയിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രാർത്ഥനയാണ്. മറ്റൊരു ഉദാഹരണം ലൂക്കൊ. 11:5-13 വരെയുള്ള വാക്യങ്ങളിലാണ്, അവിടെ ദൈവത്തോട് അപ്പത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതിനെ കുറിച്ചാണ് യേശു പറഞ്ഞത് - നമ്മുടെ അടുത്തേക്കു വരുന്ന, ആവശ്യത്തിൽ ഇരിക്കുന്ന മറ്റൊരാളിനെ സഹായിക്കാൻ വേണ്ട ശക്തിയും വരങ്ങളും. ഈ രണ്ട് ഉപമകളിലും മടുത്തു പോകാതെ പ്രാർത്ഥന തുടരുന്നതിനാണ് ഊന്നൽ;അപ്പം കിട്ടുന്നതു വരെ മുട്ടിക്കൊണ്ടേയിരിക്കുന്ന വ്യക്തി. പ്രാർത്ഥനയെ കുറിച്ചുള്ള യേശുവിൻ്റെ പഠിപ്പിക്കലിൽ മുഴുവനുള്ളത് ഒരിക്കലും വിട്ടുകളയരുത് എന്നാണ്! ദൈവം നിങ്ങളുടെ പിതാവാണ്. അവിടുന്ന് നിങ്ങളുടെ ആവശ്യങ്ങൾ നടത്തിത്തരും, നിങ്ങൾക്കു വേണ്ടി നിങ്ങളുടെ ശത്രുവിനെ അവിടുന്ന് ജയിക്കും, കൂടാതെ മറ്റുള്ളവരെ അനുഗ്രഹിക്കേണ്ടതിനു നിങ്ങൾക്കു വേണ്ടതെല്ലാം അവിടുന്ന് നൽകും. അവിടുത്തെ മഹത്വത്തിനുവേണ്ടി നാം ചോദിക്കുന്നത് അവിടുന്ന് നമുക്കു നൽകും എന്നു വിശ്വസിച്ചു കൊണ്ട് പ്രാർത്ഥനയിലും വിശ്വാസത്തിലും ദൈവത്തിൻ്റെ അടുക്കലേക്ക് നാം പോകേണ്ടതുണ്ട്.