"നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കപട ഭക്തിക്കാരെ പോലെ ആകരുത്" (മത്താ. 6:5). എങ്ങനെ പ്രാർത്ഥിക്കണമെന്നു നമ്മെ പഠിപ്പിക്കുന്നതിനുമുമ്പ്, ഒരു മുന്നറിയിപ്പ് എന്ന നിലയിൽ പ്രാർത്ഥനയെക്കുറിച്ച് യേശു പറഞ്ഞു പല കാര്യങ്ങൾ ഉണ്ട്.
ഒന്നാമതായി, കപട ഭക്തിക്കാർ തങ്ങൾ പ്രാർത്ഥിക്കുന്നവരായി കാണപ്പെടുന്നതിനെ ഇഷ്ടപ്പെടുന്നു. "അവർ മനുഷ്യർക്കു വിളങ്ങേണ്ടതിനു പള്ളികളിലും തെരുക്കോണുകളിലും നിന്നുകൊണ്ടു പ്രാർത്ഥിക്കാൻ ഇഷ്ടപ്പെടുന്നു. അവർക്ക് പ്രതിഫലം കിട്ടിപ്പോയി എന്ന് ഞാൻ സത്യമായിട്ടു നിങ്ങളോട് പറയുന്നു". നിങ്ങൾ പരസ്യമായി പ്രാർത്ഥിച്ചിട്ട്, നിങ്ങളുടെ ലക്ഷ്യം മറ്റുള്ളവർ നിങ്ങളുടെ പ്രാർത്ഥനയെ പ്രശംസിക്കണമെന്നതാണെങ്കിൽ, അത് മനുഷ്യൻ്റെ മാനം അന്വേഷിക്കുന്നതാണ് എന്നാണ് ഇവിടുത്തെ പ്രമാണം. പരസ്യമായി പ്രാർത്ഥിച്ചു തുടങ്ങുന്ന മിക്കവാറും എല്ലാവരും തങ്ങൾ പ്രാർത്ഥിക്കുമ്പോൾ മാനം തേടുന്നുണ്ട് എന്ന് സമ്മതിക്കേണ്ടിവരും.
നിങ്ങൾ രഹസ്യത്തിൽ പ്രാർത്ഥിക്കുന്ന അതേ രീതിയിലാണോ നിങ്ങൾ പരസ്യമായി പ്രാർത്ഥിക്കുന്നത് എന്ന് നിങ്ങളോടു തന്നെ ചോദിക്കുക. നിങ്ങൾ തനിയെ നിങ്ങളുടെ കിടക്കയുടെ അരികിൽ മുട്ടുകുത്തുമ്പോൾ, നിങ്ങൾ എങ്ങനെയാണ് പ്രാർത്ഥിക്കുന്നത്? നിങ്ങൾ ദൈവത്തോട് എന്താണ് പറയുന്നത്? പരസ്യമായി വീണ്ടും നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ അതു തന്നെയാണോ നിങ്ങൾ പറയുന്നത്? അതോ നിങ്ങളുടെ ഭാഷ കുറച്ചു കൂടി ആലങ്കാരികമാക്കിയിട്ട് നിങ്ങളുടെ ശബ്ദത്തിൽ കുറച്ച് വിറയൽ കൊണ്ടുവന്ന് ഒരു നടനെപ്പോലെ പെരുമാറുമോ? പരസ്യമായി പ്രാർത്ഥിക്കുമ്പോൾ അനേകം ആളുകൾ ചെയ്യുന്നതുപോലെ, അത് അവർ വളരെ പരമാർത്ഥതയുള്ളവരാണെന്നും വളരെ വൈകാരികതയുള്ളവരാണെന്നും മറ്റുള്ളവരിൽ മതിപ്പുളവാക്കാൻ വേണ്ടിയാണ്.
അതെല്ലാം കാപട്യമാണ്. ദൈവം അത് വെറുക്കുന്നു. ആ തരത്തിലുള്ള പരസ്യ പ്രാർത്ഥന ദൈവത്തിൻ്റെ മുമ്പാകെ അറപ്പുള്ളതാണെന്ന് നാം മനസ്സിലാക്കിയെങ്കിൽ എന്നു ഞാൻ ആഗ്രഹിക്കുന്നു. ദൈവം അതിനെ വെറുക്കുന്നു തന്നെയുമല്ല അവിടുന്ന് അതിന് ചെവി കൊടുക്കുന്നതു പോലുമില്ല. തങ്ങൾക്ക് എത്ര നന്നായി പ്രാർത്ഥിക്കാൻ കഴിയുമെന്ന് പ്രദർശിപ്പിക്കേണ്ടതിന് ആളുകൾ പ്രാർത്ഥിക്കുന്ന വിധത്തിൽ സഭകളിലുള്ള മിക്കവാറും പരസ്യ പ്രാർത്ഥനകൾ ഈ വിഭാഗത്തിനു കീഴിലാണ്. ഇത് യേശുവിൻ്റെ ഉപദേശത്തിന് തീർത്തും എതിരാണ്, ആളുകൾ അങ്ങനെ ചെയ്യുന്നതിനു കാരണം യേശു കൽപ്പിച്ചത് എല്ലാം അവരെ പഠിപ്പിച്ചിട്ടില്ല എന്നതാണ്.
ഇതിൽ നിന്നും നാം നമ്മെ തന്നെ ശുദ്ധീകരിക്കുന്നതെങ്ങനെയാണ്? നാം പ്രാർത്ഥിക്കുന്ന ഓരോ സമയവും നാം നമ്മെ തന്നെ വിധിക്കണം. ഒരു ക്രിസ്ത്യാനി എന്ന നിലയിൽ ഞാൻ ആദ്യ തവണ പരസ്യമായി പ്രാർത്ഥിച്ചത് ഞാൻ ഓർക്കുന്നു. ഞാൻ പ്രാർത്ഥിച്ചപ്പോൾ മനുഷ്യരിൽ നിന്നു മാനം അന്വേഷിക്കുകയായിരുന്നു എന്ന് എനിക്ക് ഏറ്റു പറയേണ്ടി വന്നു. ഞാൻ വീട്ടിൽ പോയി എന്നെത്തന്നെ വിധിച്ചു, ഞാൻ പറഞ്ഞു, "കർത്താവേ, ആ വിധത്തിൽ ആയിരുന്നില്ല ഞാൻ പ്രാർത്ഥിക്കേണ്ടിയിരുന്നത്". അടുത്ത പ്രാവശ്യം ഞാൻ എഴുന്നേറ്റ് പരസ്യമായി പ്രാർത്ഥിച്ചു, അപ്പോഴും ഞാൻ മാനം അന്വേഷിക്കുകയായിരുന്നു, അതുകൊണ്ട് ഞാൻ വീട്ടിൽ പോയിട്ട് വീണ്ടും ഞാൻ എന്നെത്തന്നെ വിധിച്ചു. പരസ്യ പ്രാർത്ഥനയിൽ മനുഷ്യൻ്റെ മാനം അന്വേഷിക്കാനുള്ള ഈ ആഗ്രഹത്തിൽ നിന്നും എന്നെത്തന്നെ വെടിപ്പാക്കുന്നതിന് അനേകം വർഷങ്ങൾ എടുത്തു, എന്നാൽ ഒടുവിൽ, അനേക വർഷങ്ങൾക്കു ശേഷം, സ്വർഗ്ഗസ്ഥനായ, എൻ്റെ പിതാവായ സർവ്വശക്തനായ ദൈവത്തോടുതന്നെ പ്രാർത്ഥിക്കാൻ ഞാൻ പഠിച്ചു. നിങ്ങൾ അവിടെ എത്തിയിരിക്കുന്നോ? ഇല്ലെങ്കിൽ, മനുഷ്യരുടെ മാനം അന്വേഷിക്കുന്നതിൽ നിന്നുള്ള നിങ്ങളുടെ രക്ഷയും പ്രാവർത്തികമാക്കുവാൻ ഞാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നു.
അതിനുശേഷം യേശു പറഞ്ഞു, "നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ചു രഹസ്യത്തിലുള്ള നിൻ്റെപിതാവിനോട് പ്രാർത്ഥിക്ക". ഇത് നമ്മൾ പരസ്യമായി എങ്ങനെ ചെയ്യും? നമ്മുടെ മനസ്സിൽ നമുക്ക് അടയ്ക്കാൻ കഴിയുന്ന ഒരു വാതിൽ ഉണ്ടെങ്കിൽ നമുക്കത് പരസ്യ പ്രാർത്ഥനയിൽ ചെയ്യാൻ കഴിയും. നൂറുകണക്കിന് ആളുകളുടെ മധ്യത്തിൽ നിൽക്കുമ്പോഴും, എൻ്റെ മനസ്സിൽ ഒരു വാതിൽ ഉണ്ട്. ഞാനത് അടച്ചിട്ട് ഇങ്ങനെ പറയുന്നു, "ഞാൻ ഇപ്പോൾ എൻ്റെ പിതാവായ സർവ്വശക്തനായ ദൈവത്തിൻ്റെ മാത്രം മുമ്പിൽ തനിയെയാണ് നിൽക്കുന്നത്". എനിക്ക് ചുറ്റും ആളുകൾ ഉണ്ടായേക്കാം, എന്നാൽ അവരെക്കുറിച്ച് ഞാൻ ബോധവാനാകേണ്ട കാര്യമില്ല. നാം പ്രാർത്ഥിക്കുമ്പോൾ നമ്മുടെ കണ്ണുകളടയ്ക്കുന്നതിൻ്റെ ഒരു കാരണം അതാണ്. നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ കണ്ണുകൾ അടയ്ക്കണമെന്ന് ഒരു നിയമവുമില്ല. തുറന്ന കണ്ണുകളോടെ നിങ്ങൾ പ്രാർത്ഥിക്കാം, കാരണം യേശു പോലും ചില സമയങ്ങളിൽ അതു ചെയ്തു.
നാം കണ്ണുകൾ അടയ്ക്കുന്നത് നമ്മുടെ ചുറ്റുപാടുകളാൽ നമ്മുടെ ശ്രദ്ധ വ്യതിചലിക്കപ്പെടാതിരിക്കാനാണ്, അതുവഴി നമുക്ക് ചുറ്റുമുള്ള ആളുകളിൽനിന്ന് നാം മാനം തേടാതിരിക്കാൻ വേണ്ടി. ഒരുവിധത്തിൽ പറഞ്ഞാൽ നാം നമ്മുടെ കണ്ണുകൾ അടയ്ക്കുമ്പോൾ നാം ആളുകളെയാണ് പുറത്താക്കി അടയ്ക്കുന്നത്. നമ്മുടെ മനസ്സിനെയും കൂടെ നാം അടയ്ക്കേണ്ടതുണ്ട്, എന്നിട്ട് പറയുക, "പിതാവേ, ഞാൻ ഇപ്പോൾ വാതിലുകൾ അടച്ചിരിക്കുന്നു എന്നിട്ട് ഞാൻ അങ്ങയോട് പ്രാർത്ഥിക്കുന്നു". അതാണ് പ്രാർത്ഥിക്കാനുള്ള മാർഗം, അതു നമുക്ക് പൊതുസ്ഥലത്തു പോലും ചെയ്യാൻ കഴിയും. നാം നമ്മുടെ പിതാവിനോട് രഹസ്യത്തിൽ പ്രാർത്ഥിക്കുന്നു, രഹസ്യത്തിൽ കാണുന്ന, നമ്മുടെ പിതാവ്, നമുക്ക് പ്രതിഫലം തരും. മനുഷ്യരിൽ നിന്നുള്ള മാനം അന്വേഷിക്കാതെ നിങ്ങളുടെ പിതാവായ ദൈവത്തോടാണ് നിങ്ങൾ പ്രാർത്ഥിക്കുന്നതെങ്കിൽ, അവിടുന്ന് നിശ്ചയമായി നിങ്ങൾക്കു പ്രതിഫലം തരുമെന്നും ആ പ്രാർത്ഥനയ്ക്ക് ഉത്തരം തരുമെന്നും നിങ്ങൾക്ക് തീർത്തും ഉറപ്പിക്കാം.
എങ്ങനെ പ്രാർത്ഥിക്കരുത് എന്നത് സംബന്ധിച്ച് കൂടുതൽ ഉപദേശങ്ങൾ യേശു നമുക്ക് മത്താ. 6:7 ൽ നൽകുന്നു. "പ്രാർത്ഥിക്കയിൽ നിങ്ങൾ ജാതികളെപ്പോലെ ജല്പനം ചെയ്യരുത്; അതിഭാഷണത്താൽ ഉത്തരം കിട്ടും എന്നല്ലോ അവർക്ക് തോന്നുന്നത്". ജാതികൾ ചെയ്യുന്ന അബദ്ധങ്ങളിൽ ഒന്ന് അർത്ഥമില്ലാത്ത വാക്കുകളുടെ ആവർത്തനമാണ്. ചില മതങ്ങൾക്ക് ചില മന്ത്രങ്ങൾ ചൊല്ലുന്ന ശീലമുണ്ട്. അവർ ചില മതപരമായ പദങ്ങൾ ആവർത്തിക്കുകയും അത് അർത്ഥ ശൂന്യമായ ഒരു കാര്യമായി തീരുകയും ചെയ്യുന്നു.
ചില ആത്മീയമായ വാക്കുകൾ എടുത്ത് അത് ആവർത്തിക്കുന്ന കാര്യം സാധ്യമാണ്. "ഹാലേലുയ്യ, ഹാലേലുയ്യ, ഹാലേലുയ്യ" എന്നു പറയാൻ നമുക്ക് സാധ്യമാണ്, കുറച്ചുനേരം കഴിയുമ്പോൾ അത് വെറും അർത്ഥശൂന്യമായി തീരുവാനും സാധ്യതയുണ്ട്. അത് ഒരു ആചാരമായി തീരുന്നു "ഇത് പ്രെയിസ് ദ ലോർഡ്, പ്രെയിസ് ദ ലോർഡ്, പ്രെയിസ് ദ ലോർഡ്" (കർത്താവിന് സ്തുതി, കർത്താവിന് സ്തുതി, കർത്താവിന് സ്തുതി)എന്നീ പദസമുച്ചയത്തിൻ്റെ കാര്യത്തിലും സത്യമാണ്. യേശു പറഞ്ഞു, "അർത്ഥശൂന്യമായ ആവർത്തനം (ജല്പനം) ചെയ്യരുത്". നിങ്ങൾ പുതിയ നിയമം വായിച്ചാൽ, ഹല്ലേലുയ്യ എന്ന വാക്ക് വെളിപ്പാട് 19 ൽ മാത്രമാണ് വരുന്നത് എന്ന് നിങ്ങൾ കണ്ടെത്തുന്നു, തന്നെയുമല്ല അതു പറയുന്നത് "ഈ കാരണത്താൽ ഹല്ലേലുയ്യ", വീണ്ടും മറ്റൊരു സമയത്ത് ഇങ്ങനെ തന്നെ പറഞ്ഞുകൊണ്ട് തുടരുന്നു "ഈ കാരണത്താൽ ഹല്ലേലുയ്യ". നാം കർത്താവിനെ സ്തുതിക്കുന്നതിന് ഒരു കാരണമുണ്ടായിരിക്കണം, അതുകൊണ്ട് നാം അർത്ഥമില്ലാതെ വെറുതെ "ഹല്ലേലുയ്യ" എന്നു പറയരുത്. നാം എല്ലാത്തിനും നന്ദി പറയണം, എന്നാൽ അത് അർത്ഥമില്ലാത്ത ആവർത്തനമായാൽ, അത് ശുദ്ധ മണ്ടത്തരമാകാം, തന്നെയുമല്ല അതിന് ദൈവത്തിൻ്റെ മുമ്പാകെ ഒരു വിലയും നൽകപ്പെടുന്നില്ല. അത് യഹോവയുടെ നാമം വൃഥാ എടുക്കുന്നതു പോലും ആകാം, കാരണം ഹല്ലേലുയ്യായുടെ അവസാന ഭാഗമായ "യാഹ്" യഹോവ എന്ന വാക്കിൻ്റെ ചുരുങ്ങിയ രൂപമാണ്, അതുതന്നെയുമല്ല യഹോവയുടെ നാമം വൃഥാ എടുക്കാതിരിക്കേണ്ടതിന്, യഹൂദന്മാർ ആ പേര് പറയുന്നതിനു പോലും വളരെ ഭയപ്പെട്ടിരുന്നു. ഒട്ടനേകം ക്രിസ്ത്യാനികളും, തങ്ങൾ ഹാല്ലേലുയ്യാ എന്ന് അർത്ഥമില്ലാതെ പറയുമ്പോൾ, അവർ യഹോവയുടെ നാമം വൃഥാ എടുക്കുകയാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ കർത്താവിനെ സ്തുതിക്കുമ്പോൾ അതും ഞാൻ കൂടെ കൂടെ പറയുന്നുണ്ട്, എന്നാൽ ഓരോ സമയവും അത് അർത്ഥവത്തായി പറയുവാൻ ഞാൻ പരിശ്രമിക്കുന്നു. ആ വാക്ക് ഉപയോഗിക്കുന്നതിന് ഞാൻ എതിരല്ല, ദൈവവും എതിരല്ല, എന്നാൽ അത് അർത്ഥപൂർണ്ണമായിരിക്കണം, അർത്ഥമില്ലാത്ത ആവർത്തനം ആകരുത്.
ഇതുപോലെ ലളിതമായ ഒരു കൽപ്പന ക്രിസ്ത്യാനികൾ ഗൗരവമായി എടുക്കാതിരിക്കുന്നത് എങ്ങനെ എന്ന് നിങ്ങൾ കാണുന്നോ? യേശു പറഞ്ഞത് അക്രൈസ്തവരാണ് ഒരു മന്ത്രം ചൊല്ലുന്നതു പോലെ അർത്ഥശൂന്യമായി ചില വാക്കുകൾ ആവർത്തിക്കുന്നത് എന്നാണ്, അത് നമ്മുടെ ജീവിതങ്ങളിൽ സത്യമായിരിക്കരുത്. നാം ദൈവത്തോട് ഭയഭക്തിയോടെ നാം അർത്ഥമാക്കുന്നത് പറയുക. ഒരു രാജാവിൻ്റെയോ, അല്ലെങ്കിൽ ഒരു പ്രസിഡന്റിന്റെയോ അല്ലെങ്കിൽ പ്രധാനമന്ത്രിയുടെയോ മുമ്പിൽ ചെന്ന്, നിങ്ങൾ എന്താണ് പറയുന്നത് എന്നു പോലും അറിയാതിരിക്കെ എന്തെങ്കിലും വെറുതെ ആവർത്തിക്കാൻ നിങ്ങൾക്കു കഴിയുകയില്ല. അതിനേക്കാൾ വളരെയധികം ഭയഭക്തി നമുക്ക് ദൈവത്തോട് ഉണ്ടാകണം. അർത്ഥമില്ലാത്ത ആവർത്തനം (ജല്പനം) ഒഴിവാക്കുക.
യേശു ഇങ്ങനെയും കൂടെ പറയുന്നു, "അതിഭാഷണത്താൽ ഉത്തരം ലഭിക്കുമെന്ന് നിങ്ങൾ ചിന്തിക്കരുത്". ഒട്ടു വളരെ ആളുകൾ പ്രാർത്ഥനയിൽ വരുത്തുന്ന മറ്റൊരു അബദ്ധമാണിത്. അവർ കരുതുന്നത് അവർ ദീർഘനേരം പ്രാർത്ഥിച്ചാൽ, ദൈവം തീർച്ചയായും അവരുടെ പ്രാർത്ഥന കേൾക്കും എന്നാണ്. "ഞാൻ മൂന്നു മണിക്കൂറോളം പ്രാർത്ഥിച്ചു, അതുകൊണ്ട് തീർച്ചയായും ദൈവം എന്നെ കേൾക്കും". അത് വലിയൊരു അസംബന്ധമാണ്, അതുതന്നെയാണ് അക്രൈസ്തവർ ചിന്തിക്കുന്നതും -അവർ ദീർഘനേരം പ്രാർത്ഥിച്ചാൽ, അപ്പോൾ ദൈവം തീർച്ചയായും അവരെ കേൾക്കും എന്നത്. അത് സത്യമല്ല.
കർമ്മേൽ പർവ്വതത്തിൽ വച്ച്, ബാലിന്റെ പ്രവാചകന്മാർ വളരെ മണിക്കൂറുകളോളം പ്രാർത്ഥിച്ചു -ആറോ അതിലധികമോ മണിക്കൂറുകൾ -എന്നാൽ ഒന്നും സംഭവിച്ചില്ല. ഏലിയാവ് എഴുന്നേറ്റ് അര മിനിറ്റ് നേരം പ്രാർത്ഥിച്ചപ്പോൾ അഗ്നിയിറങ്ങി. ഒരു പ്രാർത്ഥനയുടെ ദൈർഘ്യമല്ല അതു കർത്താവ് കേൾക്കുമാറാകുന്നത്. അതും മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്.
അനേകമാളുകൾ ചിന്തിക്കുന്നത് രാത്രി മുഴുവൻ പ്രാർത്ഥിച്ചാൽ അവരുടെ പ്രാർത്ഥന കേൾക്കും എന്നാണ്. "കൊള്ളാം ഞാൻ രാത്രി മുഴുവൻ പ്രാർത്ഥിച്ചു, അതുകൊണ്ട് തീർച്ചയായും ദൈവം എൻ്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകും". അത് ആരു പറഞ്ഞു? വിശ്വാസവും പാപത്തിൽ നിന്നു സ്വതന്ത്രമായ ഒരു ഹൃദയവുമാണ് പ്രാർത്ഥനയ്ക്ക് ഉത്തരം കൊണ്ടുവരുന്നത്, അവയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ. "എൻ്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നെങ്കിൽ" സങ്കീ. 66:18 ൽ പറയുന്നു, "കർത്താവ് എൻ്റെ പ്രാർത്ഥന കേൾക്കയില്ലായിരുന്നു".
നിങ്ങൾ രാത്രി മുഴുവൻ പ്രാർത്ഥിച്ചാലും എത്ര വിസ്മയനീയമായി നിങ്ങളുടെ പ്രാർത്ഥന തോന്നിയാലും അതുകാര്യമല്ല. നിരപ്പ് പ്രാപിക്കാത്ത പാപം ഉണ്ടെങ്കിൽ, നിങ്ങളുടെ ഹൃദയത്തിൽ ഏറ്റു പറയാത്ത പാപം ഉണ്ടെങ്കിൽ,നിങ്ങളും നിങ്ങളുടെ സഹോദരനും തമ്മിലുള്ള ബന്ധം ശരിയല്ലെങ്കിൽ കൂടാതെ നിങ്ങൾ ആരെയെങ്കിലും വേദനിപ്പിച്ചിട്ടു വന്ന്, ദൈവത്തോട് പ്രാർത്ഥിച്ചാൽ ദൈവം നിങ്ങളുടെ പ്രാർത്ഥനയ്ക്ക് ചെവി തരില്ല. പോയി നിങ്ങളുടെ സഹോദരനുമായി കാര്യം നിരപ്പാക്കുക. നിങ്ങൾക്കും ദൈവത്തിനുമിടയിൽ അല്ലെങ്കിൽ നിങ്ങൾക്കും നിങ്ങളുടെ സഹോദരനും ഇടയിൽ ഒരു പാപം ഉണ്ടെങ്കിൽ,ആ പാപം ഏറ്റുപറഞ്ഞ് നിരപ്പാകുന്നില്ലെങ്കിൽ, പ്രാർത്ഥിച്ച് നിങ്ങളുടെ സമയം നിങ്ങൾ പാഴാക്കുകയാണെന്ന കാര്യം നിങ്ങൾക്ക് തീർത്തും ഉറപ്പിക്കാം, നിങ്ങൾ ഒരു മിനിറ്റു പ്രാർത്ഥിച്ചാലും അല്ലെങ്കിൽ 10 മണിക്കൂറുകൾ പ്രാർത്ഥിച്ചാലും.