WFTW Body: 

നമ്മുടെ ആത്മീയ അഭ്യസനത്തിൻ്റെ ഭാഗമായി കർത്താവ് നമ്മെ എല്ലാവരെയും ചില ബുദ്ധിമുട്ടുള്ള (പ്രയാസകരമായ) അനുഭവങ്ങളിലൂടെ കൊണ്ടു പോകുന്നു. ഉദാഹരണത്തിന്, നമ്മുടെ വിശ്വാസത്തെ പ്രതി മറ്റുള്ളവർ നമ്മെ പരിഹസിക്കാൻ അവിടുന്ന് അനുവദിച്ചേക്കാം. നമ്മെ ഉപദ്രവിക്കുന്ന അനേകരും അപകർഷതാബോധത്താൽ "പാറ്റപ്പെടുകയും" നമ്മോട് അസൂയാലുക്കളാകുകയും ചെയ്യുന്നു. അതുകൊണ്ട് നമുക്ക് അവരോട് സഹതാപം തോന്നണം. എന്നാൽ അവരുടെ കളിയാക്കലുകൾ നമ്മിൽ ചെയ്യുന്ന നന്മ, നാം മനുഷ്യരുടെ അഭിപ്രായങ്ങളിൽ നിന്ന് കൂടുതൽ സ്വതന്ത്രരായി തീരുന്നു എന്നതാണ്. എൻ്റെ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോൾ, ഇപ്പോൾ ഞാൻ കാണുന്നത്, നേവിയിൽ കപ്പലിലെ ഉദ്യോഗസ്ഥന്മാരിൽ നിന്ന് വിശ്വാസത്തിൻ്റെ പേരിൽ ഞാൻ നേരിട്ട എല്ലാ കളിയാക്കലുകളും അതിനു ശേഷം ഞാൻ നേരിട്ടതും - എല്ലാം എന്നെ മനുഷ്യരെ പ്രസാദിപ്പിക്കുന്ന കാര്യം അന്വേഷിക്കുന്നതിൽ നിന്നു സ്വതന്ത്രനാക്കി. അങ്ങനെ കർത്താവ് എൻ്റെ ശുശ്രൂഷയ്ക്കു വേണ്ടി എന്നെ തയ്യാറാക്കി.

കുടുംബമായി ഞങ്ങൾ നേരിട്ടിരിക്കുന്ന ഓരോ ശോധനയിലൂടെയും ജയോത്സവമായി കടന്നു പോകുവാൻ കർത്താവു ഞങ്ങൾക്കു തന്നിരിക്കുന്ന കൃപയ്ക്കായി ഞാൻ നന്ദിയുള്ളവനാണ്. ഞങ്ങളെ ഉപദ്രവിക്കുവാൻ സാത്താൻ പലരെയും പ്രചോദിപ്പിച്ചു, കാരണം അവർ ഞങ്ങളോട് അസൂയാലുക്കളായിരുന്നു. എന്നാൽ സാത്താനെ ജയിക്കുവാനും, ഞങ്ങളെ കുറിച്ച് ദൂഷണം പറഞ്ഞ എല്ലാവരോടും ഒരു നല്ല മനോഭാവം സൂക്ഷിക്കുവാനും വേണ്ട കൃപ ദൈവത്തിൽ നിന്നു ഞങ്ങൾ പ്രാപിച്ചു - വാസ്തവത്തിൽ അവർക്കാർക്കും തന്നെ ഞങ്ങളെ ഉപദ്രവിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും. റോമർ 8:28 ൽ വാഗ്ദത്തം ചെയ്തതുപോലെ, ആളുകൾ ചെയ്ത ഓരോ കാര്യവും ഞങ്ങളുടെ നന്മയ്ക്കു വേണ്ടി മാത്രം പ്രവർത്തിച്ചു.

നമ്മുടെ ഭൂതകാല പരാജയങ്ങൾ പോലും - അതെത്ര ആഴമുള്ളതും വലിയതും ആയാൽ പോലും നമ്മുടെ ജീവിതങ്ങൾക്കു വേണ്ടിയുള്ള ദൈവത്തിൻ്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റപ്പെടുന്നതിൽ നിന്ന് തടയാൻ കഴിയില്ല, ഭാവിയിൽ കൂടുതൽ പൂർണ്ണ ഹൃദയത്തോടെ നമ്മുടെ കഴിഞ്ഞ നാളുകളിലുണ്ടായ കുറവുകൾ പരിഹരിക്കും എന്നു നാം തീരുമാനിക്കുമെങ്കിൽ.

ഞാൻ വീണ്ടും ജനിച്ചതിനു ശേഷം പല രീതിയിൽ ഞാൻ ദൈവത്തെ നിരാശപ്പെടുത്തിയിട്ടുണ്ട് എന്നാൽ 1975 ൽ (എനിക്ക് ഏതാണ്ട് 36 വയസ് പ്രായമുണ്ടായിരുന്നപ്പോൾ ഞങ്ങളുടെ ഭവനത്തിൽ ഞങ്ങൾ ഒരു സഭയായി ഒരുമിച്ചു കൂടി വരുവാൻ തുടങ്ങി അപ്പോൾ), ഞാൻ തീരുമാനിച്ചത്, ഞാൻ ചെയ്തതുപോലെ കർത്താവിനെ നിരാശപ്പെടുത്തിയിട്ടില്ലാത്ത മറ്റുള്ളവരെക്കാൾ കൂടുതൽ ഞാൻ പൂർണ്ണ ഹൃദയത്തോടെ ആയിരിക്കും എന്നാണ്. ഇന്ന് ഈ വർഷങ്ങൾക്കെല്ലാം ശേഷം, എനിക്കു പറയാൻ കഴിയുന്നത്, വർഷങ്ങൾ കഴിയുന്തോറും എനിക്ക് കൂടുതൽ വലിയ അളവിൽ കൃപ തന്നു കൊണ്ട് ദൈവം എൻ്റെ തീരുമാനത്തെ മാനിച്ചിരിക്കുന്നു എന്നാണ്. അതുകൊണ്ട്, ദൈവം തിരഞ്ഞെടുക്കുന്നത് കുറ്റമില്ലാത്ത ഒരു റിക്കാർഡ് ഉള്ളവരേയോ ഒരിക്കലും വഴുതിപ്പോയി പരാജയപ്പെടാത്തവരെയോ അല്ല എന്നാണ് എൻ്റെ വ്യക്തിപരമായ അനുഭവത്തിൽ നിന്നു ഞാൻ അറിയുന്നത്. വാസ്തവത്തിൽ ഏറ്റവും അധികം പരാജയപ്പെട്ടവരെയാണ്, അവിടുന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. ഇതാണ് ഞങ്ങളുടെ സഭയിലേക്കു വന്നിരിക്കുന്ന ഏറ്റവും മോശമായ പാപികളെ കുറിച്ചു എനിക്ക് വലിയ പ്രത്യാശ തരുന്നത്.

അവൾക്കും അവളുടെ കുഞ്ഞിനും സുഖമാണോ എന്ന് ശൂനേം കാരത്തിയോട് ഏലീശാ പ്രവാചകൻ ചോദിച്ചപ്പോൾ, "എല്ലാം നന്നായിരിക്കുന്നു" എന്ന് അവൾ മറുപടി പറഞ്ഞു, അവളുടെ കുഞ്ഞ് അപ്പോൾ തന്നെ മരിച്ചു കഴിഞ്ഞിരുന്നു എന്നിട്ടുപോലും (2 രാജാ. 4:8, 26)! അങ്ങനെ അവൾക്കു പറയാൻ കഴിഞ്ഞത് അവളുടെ അതിശയകരമായ വിശ്വാസം കൊണ്ടാണ്. അവളുടെ മകനെ മരണത്തിൽ നിന്ന് ഉയർത്തെഴുന്നേല്പിച്ച്, ദൈവം അവളുടെ വിശ്വാസത്തെ മാനിച്ചു! ദൈവത്തിൽ ആശ്രയിക്കുന്നവർക്കു വേണ്ടി ദൈവം അത്ഭുതകരമായ കാര്യങ്ങൾ ചെയ്യുന്നു. അങ്ങനെയുള്ളവർ ഏതൊരു സാഹചര്യത്തിലും ലജ്ജിതരാകയില്ല. നിങ്ങൾ എല്ലായ്പോഴും അങ്ങനെയുള്ള ഒരു വിശ്വാസത്തോടെ ജീവിക്കുവാൻ ഇടയാകട്ടെ - ഇടയ്ക്കിടയ്ക്ക് നിങ്ങൾ പ്രതിസന്ധി ഘട്ടങ്ങളിലാകുമ്പോഴോ അല്ലെങ്കിൽ നിങ്ങൾ ദൈവത്തെ ശോചനീയമായി പരാജയപ്പെടുത്തുമ്പോഴോ (അങ്ങനെയും സംഭവിക്കാവുന്നതാണ്).

ഏതൊരു "മരണത്തിൻ്റെ" സാഹചര്യത്തിൽ നിന്നും കർത്താവിനു നിങ്ങൾക്ക് ഒരു പുനരുത്ഥാനം കൊണ്ടുവരാൻ കഴിയും എന്ന് ഓർക്കുക. നിങ്ങൾ ചെയ്യേണ്ട ഒരേ ഒരു കാര്യം നിങ്ങൾ കർത്താവിനോടു സത്യസന്ധരായിരിക്കുക എന്നതു മാത്രമാണ് (നിങ്ങളുടെ പാപം ഒരു മനുഷ്യനോടും ഏറ്റു പറയേണ്ട ആവശ്യമില്ല, എന്നാൽ കർത്താവിനോട് നിങ്ങൾ തീർത്തും സത്യസന്ധരായിരിക്കണം).