ലേഖകൻ :   സാക് പുന്നൻ
WFTW Body: 

ദൈവത്തിനോടും അവിടുത്തെ ശുശ്രൂഷയോടും ഉള്ള സ്വയ - കേന്ദ്രീകൃത മനോഭാവം വിശേഷിപ്പിക്കപ്പെടുന്നത് നിയമ സിദ്ധാന്തത്തിൻ്റെ ആത്മാവിനാലാണ്. സ്വയത്തിന് ദൈവത്തെ സേവിക്കുന്നതിനായി ശ്രമിക്കാൻ കഴിയും. അത്തരം ശുശ്രൂഷകളിൽ അതിന് വളരെ സജീവമായിരിക്കാനും കഴിയും - എന്നാൽ അത് എപ്പോഴും നിയമാനുസൃത ശുശ്രൂഷ ആയിരിക്കും. ദൈവത്തിന് അർപ്പിക്കുന്ന ശുശ്രൂഷയ്ക്ക് അത് ഒരു പ്രതിഫലം അന്വേഷിക്കുന്നു. മൂത്ത പുത്രൻ തൻ്റെ പിതാവിനോട് ഇപ്രകാരം പറഞ്ഞു , "ഇത്ര കാലമായി ഞാൻ നിന്നെ സേവിക്കുന്നു , ... നീ ഒരിക്കലും എനിക്ക് ഒരാട്ടിൻ കുട്ടിയെ തന്നിട്ടില്ല ". ഇത്രയും കാലം അവൻ തൻ്റെ അപ്പനെ സേവിച്ചത് ഒരു പ്രതിഫലത്തിനു വേണ്ടി ആയിരുന്നു. എന്നാൽ ഈ സമയം വരെ അത് വ്യക്തമായിരുന്നില്ല. സമ്മർദ്ദത്തിൻ്റെ ഈ നിമിഷമാണ് ആ വസ്തുത പുറത്തു കൊണ്ടുവന്നത്.

ഇങ്ങനെയാണ് മനുഷ്യൻ്റെ സ്വയം ദൈവത്തെ സേവിക്കുന്നത് - സ്വതന്ത്രമായോ , സന്തോഷത്തോടു കൂടെയോ , സ്വയമേവയോ അല്ല , എന്നാൽ തിരികെ എന്തെങ്കിലും കിട്ടുമെന്നു പ്രതീക്ഷിച്ചു കൊണ്ടാണ്‌. തിരിച്ചു പ്രതീക്ഷിച്ചത് ദൈവത്തിൽ നിന്ന് ഏതെങ്കിലും ആത്മീയ അനുഗ്രഹങ്ങളോ അല്ലെങ്കിൽ എന്തെങ്കിലും പ്രതിഫലമോ ആകാം. എന്നാൽ ഇത്തരം ഒരു ലക്ഷ്യത്തോടെയാണെങ്കിൽ പോലും ആ ശുശ്രൂഷ നിയമാനുസൃതവും ദൈവത്തിന് അസ്വീകാര്യവുമാണ്.

ആ വർഷങ്ങളിലെല്ലാം താൻ ചെയ്ത ശുശ്രൂഷയ്ക്ക് പ്രതിഫലം നൽകാത്തതിനാൽ മൂത്ത പുത്രൻ തൻ്റെ പിതാവിനെ കഠിനഹൃദയനും ക്രൂരനുമായി കണക്കാക്കുന്നു. കണക്കു തീർക്കുന്ന സമയത്ത് തൻ്റെ യജമാനൻ്റെ അടുത്തു വന്ന , ഒരു താലന്ത് നൽകപ്പെട്ട ആ മനുഷ്യനെ പോലെയാണ് ഇവൻ. അയാൾ പറഞ്ഞത് , " ഞാൻ നിൻ്റെ താലന്ത് സുരക്ഷിതമായി സൂക്ഷിച്ചു ( ലാഭം കിട്ടേണ്ടതിന് അതു വ്യാപാരം ചെയ്യാതെ ) , കാരണം നീ ഇടപെടാൻ പറ്റാത്ത വിധം കഠിനഹൃദയനായ ഒരു മനുഷ്യനായതു കൊണ്ട് ഞാൻ ഭയപ്പെട്ടു (എൻ്റെ ലാഭം നീ ആവശ്യപ്പെടുമെന്ന്) " (ലൂക്കോ. 19:21 ലി. ബൈ) . മനുഷ്യൻ്റെ സ്വയം , ദൈവത്തെ കണക്കാക്കുന്നത് വളരെ നിർബന്ധ ബുദ്ധിയുള്ളവരും പ്രസാദിപ്പിക്കാൻ വളരെ പ്രയാസമുള്ളവനും ആയാണ് , അതു കൊണ്ട് അത് ദൈവത്തിൻ്റെ ശുശ്രൂഷയിൽ വളരെ അധ്വാനിക്കുകയും അപ്പോഴും ഇത്രയും കാർക്കശ്യമുള്ള ഒരു ദൈവത്തിൻ്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്താൻ കഴിയാത്തതിൽ തന്നത്താൻ കുറ്റം വിധിക്കുകയും ചെയ്യുന്നു.

നമ്മിൽ ആരിൽ നിന്നും ദൈവം പ്രതീക്ഷിക്കുന്നത് ഈ വിധത്തിലുള്ള ഒരു ശുശ്രൂഷയല്ല. വേദപുസ്തകം ഇപ്രകാരം പറയുന്നു , " സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു " ( 2 കൊരി. 9:7). ശുശ്രൂഷയുടെ കാര്യത്തിലും സന്തോഷത്തോടെ സേവിക്കുന്നവനിൽ ദൈവം പ്രസാദിക്കുന്നു , മനസ്സില്ലാമനസ്സോടെയോ , നിവൃത്തിയില്ലാതെയോ അല്ല. ഒരുവന് വൈമനസ്യത്തോടു കൂടിയുള്ള ശുശ്രൂഷ ഉള്ളതിനേക്കാൾ അയാൾക്ക് ഒരു ശുശ്രൂഷയും ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഒരാൾ പ്രതിഫലത്തിനായി ശുശ്രൂഷിക്കുമ്പോൾ , വളരെ കുറച്ചു കാലത്തേക്കു മാത്രമേ മതിയായ വിധം അനുഗ്രഹിക്കപ്പെടാത്തതിന് ദൈവത്തോടു പരാതിയില്ലാതെ ശുശ്രൂഷ ചെയ്യുകയുള്ളൂ. മറ്റാരെങ്കിലും അയാളെക്കാൾ കൂടുതൽ അനുഗ്രഹിക്കപ്പെടുമ്പോൾ കാര്യം വഷളാകുന്നു.

നമ്മുടെ പ്രവർത്തനവും നമുക്കു ലഭിക്കുന്ന അനുഗ്രഹവും മറ്റുള്ളവരുടേതുമായി നാം എപ്പോഴെങ്കിലും താരതമ്യം ചെയ്യാറുണ്ടോ? ഇത് നിയമ പ്രകാരമുള്ള ശുശ്രൂഷയുടെ മാത്രം ഫലമായിരിക്കാനാണു സാധ്യത. ഒരു മനുഷ്യൻ ഒരു ദിവസത്തിൻ്റെ വ്യത്യസ്ത മണിക്കൂറുകളിൽ ജോലിക്കായി നിയമിച്ച് ആക്കിയവരുടെ ഒരു ഉപമ ഒരിക്കൽ യേശു പറഞ്ഞു. സന്ധ്യയായപ്പോൾ ആ യജമാനൻ ഓരോരുത്തർക്കും ഓരോ വെള്ളിക്കാശ് കൊടുത്തു. കൂടുതൽ നേരം ജോലി ചെയ്തവർ യജമാനൻ്റെ അടുത്തു വന്ന് ഇങ്ങനെ പരാതി പറഞ്ഞു , " ഇവർക്കു കൊടുത്ത അതേ കൂലി ഞങ്ങൾക്കു തരുവാൻ നിനക്കെങ്ങനെ കഴിഞ്ഞു? ഞങ്ങൾ കൂടുതൽ അർഹിക്കുന്നു" . അവർ കൂലിക്കു വേണ്ടിയാണ് സേവിച്ചത്. അവർക്കു കൊടുക്കാമെന്നു സമ്മതിച്ചത് അവർക്കു കിട്ടിയപ്പോൾ , അവർക്കു നൽകിയത്രയും മറ്റുള്ളവർക്കു കൊടുക്കരുതെന്ന് അവർ പരാതി പറഞ്ഞു (മത്താ. 20: 1 - 16).

ഇത് കൃത്യമായി ആ മൂത്ത പുത്രനിൽ കണ്ട അതേ കാര്യമാണ് , " എൻ്റെ ഇളയ സഹോദരന് ഇത്രയുമെല്ലാം നൽകുവാൻ നിനക്കെങ്ങനെ കഴിഞ്ഞു. ഞാനാണ് വിശ്വസ്തതയോടെ നിന്നെ സേവിച്ചിരിക്കുന്നത് , അവനല്ല ".

യിസ്രായേല്യർ ദൈവത്തെ പിറുപിറുപ്പോടെ സേവിച്ചപ്പോൾ , അവരോട് അവിടുന്ന് ചെയ്യുമെന്ന് പറഞ്ഞിട്ടുള്ളതുപോല അവരെ അവിടുന്ന് അടിമത്തത്തിലേക്ക് അയച്ചു. " നിൻ്റെ ദൈവമായ യഹോവയെ നീ ഉന്മേഷത്തോടും ഹൃദയം നിറഞ്ഞ സന്തോഷത്തോടും കൂടെ സേവിക്കായ്ക കൊണ്ട് ... നീ നിൻ്റെ ശത്രുക്കളെ സേവിക്കും (ആവർ. 28:47). ഇല്ല. നിയമാനുസൃതമായ ശുശ്രൂഷയിൽ ദൈവത്തിന് ഒരു സന്തോഷവും ഇല്ല.

സ്വയ - കേന്ദ്രീകൃത ക്രിസ്ത്യാനികൾ മിക്കപ്പോഴും ദൈവത്തെ സേവിക്കുന്നത് മറ്റുള്ളവരുടെ കാഴ്ചയിൽ ആത്മീയമായ ഒരു മതിപ്പ് ഉളവാക്കാൻ വേണ്ടിയാണ്. ക്രിസ്തുവിനോടുള്ള നിർമ്മലവും തീക്ഷ്ണവുമായ സ്നേഹമല്ല അവരെ ക്രിസ്തീയ വേലയിൽ സജീവമായി സൂക്ഷിക്കുന്നത് , എന്നാൽ അവർ ഒന്നും ചെയ്തില്ലെങ്കിൽ മറ്റുള്ളവർ അവരെ അനാത്മീയരായി കണക്കാക്കും എന്ന ഭീതിയാണ്. അതുകൊണ്ടുതന്നെ അത്തരം ആളുകൾ അവർക്കു വേണ്ടി എളുപ്പമുള്ളതും അവർക്കു സാമ്പത്തിക നേട്ടമുണ്ടാക്കുന്നതുമായ ഒരു വഴി തിരഞ്ഞെടുക്കുമ്പോൾ , ആ പാതയിലൂടെ അവരെ നയിച്ചത് ദൈവമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താൻ അവർ കഠിനമായി പരിശ്രമിക്കുന്നു ! തങ്ങളുടെ ആത്മീയതയെ കുറിച്ച് കുറവുള്ളതായി മറ്റുള്ളവർ ചിന്തിച്ചേക്കുമോ എന്ന രഹസ്യ ഭയം ഇല്ലെങ്കിൽ അത്തരം ഒരു സ്വയ നീതീകരണത്തിൻ്റെ ആവശ്യം എവിടെയാണ് ! അങ്ങനെ ദൈവത്തെ സേവിക്കുന്നവരിൽ എത്രമാത്രം സമ്മർദ്ദവും ബന്ധനവും ഉണ്ട്.

ക്രിസ്തുവിനോടുള്ള സ്നേഹത്തിൽ നിന്ന് ഉണ്ടാകുന്ന ശുശ്രൂഷയിൽ എന്തൊരു സന്തോഷവും എന്തൊരു സ്വാതന്ത്ര്യവും ആണ്. കിറുകിറുപ്പോ ഞരക്കമോ ഇല്ലാത്തവണ്ണം നമ്മുടെ ജീവിതങ്ങളിലെ യന്ത്ര സംവിധാനത്തിന് അയവു വരുത്തുന്ന എണ്ണയാണ് സ്നേഹം ! റാഹേലിനെ ലഭിക്കേണ്ടതിന് യാക്കോബ് ഏഴു സംവത്സരങ്ങൾ അധ്വാനിച്ചു .അവന് അവളോടുള്ള സ്നേഹം മൂലം ആ ഏഴു വർഷങ്ങൾ ഏതാനും ദിവസങ്ങൾ പോലെ തോന്നി എന്നാണ് ബൈബിൾ പറയുന്നത് ( ഉൽപ. 29: 20). അതു കൊണ്ട് ദൈവത്തിനു വേണ്ടിയുള്ള നമ്മുടെ ശുശ്രൂഷ സ്നേഹത്തിൽ നിന്ന് ഉത്ഭവിക്കുന്നതായിരിക്കുമ്പോൾ നമ്മുടെ കാര്യത്തിലും അത് അങ്ങനെ തന്നെ ആയിരിക്കും. അവിടെ ഒരു സമ്മർദ്ദവുമില്ല ഒരു കാഠിന്യവും വിരസതയുമില്ല.

ക്രിസ്തുവിന് തൻ്റെ സഭയോടുള്ള ബന്ധം ഭർത്താവും ഭാര്യയും തമ്മിലുള്ള ബന്ധം പോലെയാണെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. ഒരു ഭർത്താവ് തൻ്റെ ഭാര്യയിൽ നിന്ന് പ്രാഥമികമായി അന്വേഷിക്കുന്നതെന്ത്? അവളുടെ സേവനമല്ല. പ്രഥമ പ്രധാനമായി ഭക്ഷണം പാകം ചെയ്യുന്നതിനോ വസ്ത്രങ്ങൾ അലക്കുന്നതിനോ അല്ല അവൻ അവളെ വിവാഹം ചെയ്തത്. പ്രാഥമികമായി അവൻ ആഗ്രഹിക്കുന്നത് അവളുടെ സ്നേഹമാണ്. അതു കൂടാതെയുള്ളതെല്ലാം വിലയില്ലാത്തതാണ്. നമ്മിൽ നിന്നും ദൈവം ആഗ്രഹിക്കുന്നതും ഇതു തന്നെയാണ്.