ഇന്നത്തെ ക്രിസ്ത്യാനികൾ പഴയ ഉടമ്പടിക്ക് കീഴിൽ ജീവിച്ചു കൊണ്ടിരിക്കുന്ന അനേകം മേഖലകളുണ്ട്; പെന്തക്കോസ്ത് നാളിൽ പുതിയ ഉടമ്പടി സ്ഥാപിതമായി എന്ന് അവർ മനസ്സിലാക്കുന്നില്ല. അത് ഏതാണ്ട് 1947 ൽ ഇന്ത്യ സ്വതന്ത്രമായി എന്ന് ഇന്ത്യയിലുള്ളവർ അറിയുന്നില്ല എന്നു പറയുന്നതുപോലെയാണ്. അതിനെക്കുറിച്ച് ആരെങ്കിലും അജ്ഞരാണ് എന്ന് നിങ്ങൾക്കു സങ്കൽപ്പിക്കാൻ കഴിയുമോ? ക്രിസ്ത്യാനികൾ ഇപ്പോഴും പഴയ ഉടമ്പടിയുടെ കീഴിൽ ജീവിക്കുന്നത് അതുപോലെതന്നെ അപഹാസ്യമാണ്.
മിക്ക ക്രിസ്ത്യാനികളും പല മേഖലകളിലും പഴയ ഉടമ്പടിയുടെ കീഴിലാണ് ജീവിക്കുന്നത്. പഴയ ഉടമ്പടിയിൽ, നിങ്ങൾക്ക് നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചു കിട്ടാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ (സങ്കീ. 103);പുതിയ ഉടമ്പടിയിൽ റോമർ 6:14. പറയുന്നത് പാപം നിങ്ങളുടെ മേൽ കർതൃത്വം നടത്തുകയില്ല എന്നാണ്. പാപത്തിന്റെ മേൽ വിജയമില്ലാതെ ആളുകൾക്ക് പാപക്ഷമ മാത്രമാണുള്ളതെങ്കിൽ, അവർ ജീവിക്കുന്നത് പഴയ ഉടമ്പടിയിലാണ്. പഴയ ഉടമ്പടിയിൽ ഒരു ശരീരം എന്ന നിലയിൽ പ്രവർത്തിക്കാൻ കഴിയാത്ത ഒരു കൂടി വരവാണുണ്ടായിരുന്നത്. ഇന്ന് ഒരു സഭ അതുപോലെയാണെങ്കിൽ -ഒരു ശരീരം എന്ന നിലയിൽ പ്രവർത്തിക്കാൻ കഴിയാതിരിക്കുമ്പോൾ -അത് തെളിയിക്കുന്നത് അത് യഥാർത്ഥമായി ഒരു പഴയ ഉടമ്പടി കൂടി വരവാണെന്നാണ്. ദശാംശം കൊടുക്കുന്നതിന് ഊന്നൽ കൊടുക്കുമ്പോൾ, അതും പഴയ ഉടമ്പടിയാണ്.
ഇന്നത്തെ ക്രിസ്തീയ ഗോളത്തിൽ നാം കാണുന്ന ദശാംശം കൊടുക്കുന്നതിനുള്ള ഊന്നൽ പൂർണ്ണമായി പഴയ ഉടമ്പടിയാണ്, അതുകൊണ്ട് പുതിയ നിയമപ്രകാരം കൊടുക്കുന്നതിനുള്ള പ്രമാണങ്ങൾ എന്താണെന്നു നാം മനസ്സിലാക്കേണ്ടതുണ്ട്. നിങ്ങൾ 10% കൊടുക്കണമെന്നു പറയുന്ന ഒരു നിയമം പുതിയ ഉടമ്പടിയിൽ ഇല്ല. ദശാംശം നൽകുന്നതിനെക്കുറിച്ച് കൽപ്പിക്കപ്പെട്ടിരിക്കുന്നതായി ഏറ്റവും ഒടുവിൽ പറഞ്ഞിരിക്കുന്നത്, പഴയ നിയമത്തിലുള്ള മലാഖിയിലാണ്. മത്തായി 23 ൽ യേശു അത് സൂചിപ്പിച്ചപ്പോൾ, പഴയ ഉടമ്പടിയുടെ കീഴിലുള്ളവരോടാണ് - പരീശന്മാരോടും യഹൂദന്മാരോടും - അവിടുന്ന് സംസാരിച്ചുകൊണ്ടിരുന്നത്. പുതിയ ഉടമ്പടി സ്ഥാപിതമായത് പെന്തക്കോസ്ത് നാളിലാണ്, അതിനുശേഷം, ക്രിസ്ത്യാനികളോട് ദശാംശം നൽകാനുള്ള ഒരൊറ്റ കൽപ്പന പോലുമില്ല. ദശാംശത്തെക്കുറിച്ച് ഒരു പരാമർശം പോലും ഇല്ല.
എബ്രായ ലേഖനത്തിൽ അബ്രാഹാം മൽക്കീസേദെക്കിന് 10% കൊടുക്കുന്നതിനെ കുറിച്ച് അവ്യക്തമായ ഒരു സൂചനയുണ്ട്. എന്നാൽ അബ്രാഹാം പിന്തുടർന്നിരുന്ന ഒരു നിയമം ആയിരുന്നില്ല അത്. അവന് ഇഷ്ടമുള്ളത് എന്തും അവൻ നൽകാമായിരുന്നു. എന്നാൽ അത് 10% മായി ഭവിച്ചു, എന്നാൽ അബ്രാഹാം ഒരു നിയമം പിന്തുടരുകയായിരുന്നില്ല, തന്നെയുമല്ല അവൻ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിലും പാപം ചെയ്യുകയായിരുന്നില്ല.
പുതിയ ഉടമ്പടിയിൽ, കൊടുക്കുന്നതിന്റെ പ്രമാണങ്ങൾ എന്തെന്നാൽ, അത് രഹസ്യത്തിൽ ആയിരിക്കണം (മത്താ. 6:1-4), സന്തോഷത്തോടു കൂടെ ആയിരിക്കണം (2 കൊരി. 9:7). നീ സമ്പാദിച്ചിട്ടുള്ളതിന് ആനുപാതികമായിരിക്കണം (1 കൊരി. 16:2). നിങ്ങൾ എത്രമാത്രം കൊടുക്കണമെന്ന വിധത്തിൽ ഒരു നിയമവുമില്ല. ദൈവം നിങ്ങൾക്ക് നൽകിയിരിക്കുന്ന സമൃദ്ധിക്കൊത്തവണ്ണം നിങ്ങൾക്കു കൊടുക്കാം. നിങ്ങൾക്ക് ധാരാളം ഉണ്ടായിരിക്കുകയും, അധികപ്പറ്റായി ധാരാളം ഉണ്ടായിരിക്കുകയും ചെയ്താൽ, നിങ്ങൾക്ക് അധികം കൊടുക്കാം, നിങ്ങൾക്ക് കൂടുതൽ ഇല്ലെങ്കിൽ നിങ്ങൾ കൊടുക്കേണ്ടതില്ല. അത് ശരിയായ കാര്യമാണ്, കാരണം ദൈവം മഹാസമ്പന്നനാണ്, തൻ്റെ ഏതെങ്കിലും ദരിദ്രരായ മക്കൾ അവിടുത്തേക്ക് കൊടുക്കുന്നതിലൂടെ കഷ്ടത അനുഭവിക്കുവാൻ അവിടുന്ന് ആഗ്രഹിക്കുന്നില്ല.
നിങ്ങൾ ഈ പ്രമാണങ്ങൾ മനസ്സിലാക്കുന്നില്ലെങ്കിൽ, അനേകം പാസ്റ്റർമാരും പ്രാസംഗികരും നിങ്ങളെ ചൂഷണം ചെയ്ത് സാമ്പത്തികമായി നിങ്ങളെ മുതലെടുക്കും. എന്നാൽ നാം കൊടുക്കുമ്പോൾ രഹസ്യത്തിൽ ചെയ്യണം എന്നത് മനസ്സിൽ സൂക്ഷിക്കുക. നിങ്ങൾ കൊടുക്കുന്നതു വെളിപ്പെടുത്തുവാൻ നിങ്ങളെ നിർബന്ധിക്കുന്ന ഏതൊരു സഭയും മത്താ. 6:1-4 വരെയുള്ള വാക്യങ്ങളിലുള്ള ദൈവവചനത്തോട് അനുസരണക്കേട് കാണിക്കുവാൻ വാസ്തവത്തിൽ നിങ്ങളോട് ആവശ്യപ്പെടുകയാണ്. കഴിവുള്ളടത്തോളം നമ്മുടെ ദാനം രഹസ്യത്തിലും സ്വമേധയാ ആയും, സന്തോഷത്തോടു കൂടെയും ആയിരിക്കണം.
അതുകൊണ്ടാണ് വ്യക്തിപരമായി, ആളുകളുടെ മുമ്പിൽ ഒരു സഞ്ചി കാണിച്ച്, കൊടുക്കാൻ സന്തോഷത്തോടെ അല്ലാതെ ആയിരിക്കുമ്പോൾ ആയേക്കാം, അവരെക്കൊണ്ട് കൊടുക്കാൻ നിർബന്ധിക്കണമെന്നു ഞാൻ വിശ്വസിക്കുന്നില്ല. അത് മിക്കവാറും രഹസ്യത്തിൽ കൊടുക്കാനും അവർക്ക് കഴിയില്ല. കാരണം അവരുടെ തൊട്ടടുത്തുള്ളവർ അവർ കൊടുക്കുന്നത് നോക്കുന്നുണ്ട്. ഒരു പെട്ടി സഭയിൽ എവിടെയെങ്കിലും വച്ചിട്ട് ആളുകൾക്ക് അവരുടെ പ്രാപ്തിക്ക് അനുസരിച്ച് സ്വമേധയാ, രഹസ്യത്തിൽ, സന്തോഷത്തോടെ കൊടുക്കാൻ കഴിയുന്ന രീതിയാണ് അതിനുപറ്റിയത് എന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ വളരെ കുറച്ച് സഭകൾ മാത്രമേ ഇത് പ്രായോഗികമാക്കുന്നുള്ളൂ, കാരണം മിക്ക ക്രിസ്തീയ പ്രാസംഗികരുടെ ഇടയിലും മിക്ക ക്രിസ്തീയ സഭകളിലും പണത്തോട് വളരെ വലിയൊരു സ്നേഹമുണ്ട്.
മത്താ 5:20 - "നിങ്ങളുടെ നീതി പരീശന്മാരുടെ നീതിയെ കവിയണം" - എന്നത് ഒരുപക്ഷേ ഗിരിപ്രഭാഷണത്തിന്റെ ശേഷമുള്ള ഭാഗങ്ങളുടെ തലക്കെട്ട് ആകാം: "നാം സ്വർഗ്ഗരാജ്യത്തിൽ കടക്കേണ്ടതിന് നമ്മുടെ നീതി ശാസ്ത്രമാരുടെയും പരീശന്മാരുടേയും നീതിയെ കവിയേണ്ടതിനുള്ള മാർഗങ്ങൾ".
കൊടുക്കുന്ന കാര്യത്തിൽ, നമ്മുടെ മനോഭാവം, തങ്ങൾ കൊടുക്കുന്നത് മനുഷ്യർ അറിയണമെന്ന് ആഗ്രഹിക്കുന്ന പരീശന്മാരുടെയും കപടഭക്തന്മാരുടെയും മനോഭാവത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കണമെന്ന് യേശു പറഞ്ഞു. മനുഷ്യരുടെ മുമ്പിൽ നിങ്ങളുടെ നീതി ചെയ്യാതിരിക്കാൻ സൂക്ഷിപ്പിൻ എന്ന് അവിടുന്ന് പറഞ്ഞു. അതാണ് അടിസ്ഥാനപ്രമാണം. ആളുകളാൽ ശ്രദ്ധിക്കപ്പെടേണ്ടതിന് അതു ചെയ്യാതിരിക്കാൻ യേശു പറഞ്ഞു.
ചില സമയങ്ങളിൽ ഈ കാര്യങ്ങൾ ആളുകൾ ശ്രദ്ധിക്കുന്നത് ഒഴിവാക്കാൻ നമുക്ക് കഴിയില്ല, യാദൃശ്ചികമായി മറ്റുള്ളവർ അതിനെക്കുറിച്ച് അറിയുന്നതിനെക്കുറിച്ചോ അല്ലെങ്കിൽ അത് ഒഴിവാക്കാൻ വേറെ മാർഗ്ഗമൊന്നുമില്ലെങ്കിലോ അതിൽ കുറ്റബോധം ഉണ്ടാകേണ്ട ആവശ്യമില്ല, എന്നാൽ മനുഷ്യർക്കു വിളങ്ങേണ്ടതിന് നാം ഈ കാര്യങ്ങൾ ചെയ്യരുത്. അതാണ് കാര്യം. അല്ലാത്തപക്ഷം സ്വർഗ്ഗസ്ഥനായ പിതാവിൽ നിന്നും നിങ്ങൾക്ക് ഒരു പ്രതിഫലവും ലഭിക്കുകയില്ല. ഈ വാക്യം അനുസരിച്ച്, കർത്താവിൻ്റെ വേലയ്ക്കു വേണ്ടി കൊടുത്തിട്ട് സ്വർഗ്ഗത്തിൽ ഒരു പ്രതിഫലവും ലഭിക്കാൻ കഴിയാതെ പോകുന്ന അനേകർ ഉണ്ട്, കാരണം അവർ എത്രമാത്രം കൊടുത്തു എന്നു മറ്റുള്ളവർ അറിയണമെന്ന് അവർ ആഗ്രഹിച്ചു.
നിങ്ങൾ രഹസ്യത്തിൽ കൊടുത്താൽ, രഹസ്യത്തിൽ കാണുന്ന നിങ്ങളുടെ പിതാവ്, നിങ്ങൾക്കു പ്രതിഫലം നൽകും. ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്ന അതിശയകരമായ ഒരു പ്രതിഫലമാണിത്, ഇവിടെ നാം അവിടുത്തെ കല്പന അനുസരിക്കുമെങ്കിൽ, അന്ന് ഒരുനാൾ, ക്രിസ്തു വീണ്ടും വരുമ്പോൾ, ത്യാഗപരമായി രഹസ്യത്തിൽ കൊടുത്തവർക്കെല്ലാം ഒരു വലിയ പ്രതിഫലം ഉണ്ടാകാൻ പോകുകയാണ്.