ലേഖകൻ :   സാക് പുന്നൻ
WFTW Body: 

ന്യായാധിപന്മാരുടെ പുസ്തകം ആറാം അധ്യായത്തിൽ നാം വായിക്കുന്നത്, ഇസ്രായേലിൻ്റെ വിമോചകനായി ഗിദെയോനെ ദൈവം എഴുന്നേൽപ്പിച്ചു എന്നാണ്. " യഹോവയുടെ ആത്മാവ് ഗിദെയോനെ അണിയിച്ചു " ( ന്യായാധിപന്മാർ 6:34 - മാർജിൻ). താൻ ധരിച്ച വസ്ത്രം പോലെ പരിശുദ്ധാത്മാവ് ഗിദെയോൻ്റെ മേൽ വന്നു. അപ്പോൾ ഗിദെയോൻ നിയോഗിക്കപ്പെടുകയും അവൻ കാഹളം ഊതി യുദ്ധത്തിനു പുറപ്പെടുകയും യഹോവ അവനു വിജയം നൽകുകയും ചെയ്തു. എന്നാൽ ഗിദെയോൻ യഹോവയോടുള്ള വിശ്വസ്തതയിൽ നിലനിന്നില്ല. നന്നായി ആരംഭിച്ച അനേകരെ സംബന്ധിച്ചുള്ള ദുഃഖകരമായ കഥ ഇതാണ് - പഴയ നിയമത്തിലും അതുപോലെ പുതിയ നിയമത്തിലും . ഗിദെയോൻ തങ്ങളുടെ രാജാവായിരിക്കണമെന്ന് യിസ്രായേല്യർ ആഗ്രഹിച്ചു എന്നാൽ അവൻ, അവരോട് , " ഇല്ല ഞാൻ നിങ്ങൾക്കു രാജാവായിരിക്കുകയില്ല. എൻ്റെ മകനും ആകയില്ല .യഹോവയത്രേ നിങ്ങളുടെ രാജാവ് " എന്നു പറഞ്ഞു ( ന്യായാധിപന്മാർ 8:22, 23) . അതു വളരെ, ആത്മീയമായി തോന്നുന്നു. എന്നാൽ അതിൻ്റെ തൊട്ടടുത്ത വാക്യത്തിൽ അവൻ എന്താണു പറഞ്ഞതെന്നു ശ്രദ്ധിക്കുക. അവൻ ഇപ്രകാരം പറഞ്ഞു , " നിങ്ങൾ ഓരോരുത്തൻ കൊള്ള കിട്ടിയ കടുക്കൻ എനിക്കു തരേണം " ( ന്യായാധിപന്മാർ 8:24). അതു കൊണ്ട് എല്ലാ യിസ്രായേല്യരും തങ്ങളുടെ കടുക്കൻ അവനു കൊടുക്കുകയും ഗിദെയോൻ 1700 ശേക്കെൽ (ഏകദേശം 20 കിലോഗ്രാം) സ്വർണ്ണവും മറ്റു പല ആഭരണങ്ങളും വില പിടിപ്പുള്ള വസ്ത്രങ്ങളും ശേഖരിക്കുകയും ചെയ്തു ( ന്യായാധിപന്മാർ 8:26). ഒറ്റ ദിവസം കൊണ്ട് ഗിദെയോൻ ഒരു കോടീശ്വരനായി തീർന്നു - തങ്ങളുടെ ആളുകളിൽ നിന്നു പിരിഞ്ഞു കിട്ടുന്ന ദശാംശവും വഴിപാടുകളും ശേഖരിച്ച് ഭവനങ്ങളിലേക്കു കൊണ്ടുപോയി കോടീശ്വരന്മാരായി തീരുന്ന പ്രാസംഗികരെപ്പോലെ ! അതിൽ കുറച്ചു സ്വർണ്ണം ഒരു ഏഫോദ് ഉണ്ടാക്കുന്നതിനായി ഗിദെയോൻ ഉപയോഗിച്ചു. അതു പിന്നീട് യിസ്രയേല്യർ ആരാധിച്ച ഒരു വിഗ്രഹമായി തീർന്നു (ന്യായാധിപന്മാർ 8:27). അങ്ങനെ ഈ മഹാനായ മനുഷ്യൻ പിൻമാറ്റത്തിലായി. ഒരു മനുഷ്യൻ തൻ്റെ ജീവിതം അവസാനിപ്പിക്കുന്ന വിധമാണ് കാര്യമായിട്ടുള്ളത് , അതെങ്ങനെ ആരംഭിക്കുന്നു എന്നുള്ളതല്ല. ഓരോ മത്സരത്തിലും സമ്മാനം ലഭിക്കുന്നത് നന്നായി അവസാനിപ്പിക്കുന്നവർക്കാണ് , നന്നായി ആരംഭിക്കുന്നവർക്കല്ല (1. കൊരി. 9:24) . നമ്മോടു കല്പിച്ചിരിക്കുന്നത് " അവരുടെ ജീവാവസാനം ഓർത്തു കൊൾവിൻ " എന്നാണ് (എബ്രാ.13:7- മാർജിൻ). തങ്ങളുടെ പ്രാരംഭ നാളുകളിൽ ദൈവത്താൽ ശക്തമായി ഉപയോഗിക്കപ്പെട്ട ഒട്ടനവധി പ്രാസംഗികരും ഗിദെയോനെ പോലെ പിന്മാറ്റത്തിലായിട്ട്, തങ്ങളുടെ ജീവിതം പണത്തിനും വസ്തുവകകൾക്കും പിന്നാലെ ഓടി അവസാനിപ്പിച്ചിട്ടുണ്ട് ! അഭിഷേകം നഷ്ടപ്പെട്ടവരായി , അവർ തങ്ങളുടെ മക്കൾക്കു വേണ്ടി സ്വർണ്ണവും കടുക്കനുകളും ശേഖരിച്ചു കൊണ്ട് അവരുടെ അന്ത്യനാളുകൾ ചെലവഴിക്കുന്നു ! നിങ്ങളിൽ നന്നായി ആരംഭിച്ചവരോടു ഞാൻ പറയട്ടെ : ഗിദെയോനു സംഭവിച്ച അതേ കാര്യം നിങ്ങൾക്കു സംഭവിക്കാതിരിക്കാൻ ഗിദെയോനിൽ നിന്ന് നിങ്ങൾ ഒരു പാഠം പഠിക്കുക. നിങ്ങൾക്കു ദൈവത്തെയും പണത്തെയും കൂടെ സേവിക്കാൻ കഴിയുകയില്ല.

ന്യായാധിപന്മാർ 13 ൽ , നാം കാണുന്നത് ശിംശോൻ ബലശാലിയായ ഒരു വിമോചകൻ ആയിരുന്നു എന്നാണ് , എന്നാൽ അവൻ തൻ്റെ മോഹങ്ങൾക്കും വികാരങ്ങൾക്കും അടിമപ്പെട്ടിരുന്നു. 1 കൊരി. 9:27 ൽ, പൗലൊസ് പറയുന്നത്, " ഞാൻ എൻ്റെ ശരീരത്തെ വിധേയത്വത്തിൽ സൂക്ഷിക്കുന്നില്ലെങ്കിൽ , മറ്റുള്ളവരോടു പ്രസംഗിച്ച ശേഷവും എനിക്ക് അയോഗ്യനായിരിക്കാൻ സാധിക്കും" . ലിവിംഗ് ബൈബിൾ ആ വചനത്തെ ഇങ്ങനെ പരാവർത്തനം ചെയ്തിരിക്കുന്നു. " എൻ്റെ ശരീരത്തെ അതു ചെയ്യേണ്ടതു ചെയ്യുവാൻ തക്കവണ്ണം ആക്കിയിരിക്കുന്നു അല്ലാതെ അത് ആഗ്രഹിക്കുന്നതു ചെയ്യുവാനല്ല ". അതായത് നമ്മുടെ ശരീരത്തെ അതാഗ്രഹിക്കുന്നതു തിന്മാനല്ല , അതു തിന്നേണ്ടതു തിന്മാൻ തക്കവണ്ണം, എത്രമാത്രം ഉറങ്ങണമെന്ന് അത് ആഗ്രഹിക്കുന്നത്ര അല്ല അത് ഉറങ്ങേണ്ട അത്രയും ഉറങ്ങുവാൻ തക്കവണ്ണം നാം നമ്മുടെ ശരീരത്തെ ആക്കി തീർക്കേണ്ടിയിരിക്കുന്നു. നമ്മുടെ കണ്ണുകളെ അതാഗ്രഹിക്കുന്നതു, നോക്കുവാനല്ല അതു നോക്കേണ്ടതിനെ മാത്രം നോക്കുവാൻ തക്കവണ്ണം നാം അതിനെ നിയന്ത്രിക്കണം. നമ്മുടെ നാവിനെ അത് ആഗ്രഹിക്കുന്നതു പറയാതെ അതു പറയേണ്ടതു സംസാരിക്കുവാൻ തക്കവണ്ണം നാം അതിനെ നിയന്ത്രിക്കണം. നാം നമ്മുടെ ശാരീരിക വികാരങ്ങളെ നിയന്ത്രിക്കുന്നില്ലെങ്കിൽ , നാം അത്ഭുതകരമായ സന്ദേശങ്ങൾ പ്രസംഗിച്ചേക്കാം എന്നിരുന്നാലും അന്ത്യനാളിൽ നാം കർത്താവിനാൽ പുറന്തള്ളപ്പെടും. വളരെയധികം കാര്യങ്ങൾ നമ്മുടെ ശരീരത്തിൻ്റെ വികാരങ്ങളെ ശിക്ഷണം ചെയ്യുന്നതിനെ ആശ്രയിച്ചിരിക്കുന്നുണ്ട്. വളരെയധികം ആളുകളെ അനുഗ്രഹിച്ച അത്ഭുതകരമായ ഒരു ശുശ്രൂഷ ഉണ്ടായിരുന്ന ശിംശോൻ്റെ കഥയിൽ നിന്നു നമുക്കു ലഭിക്കുന്ന സന്ദേശം അതാണ്. എന്നാൽ ഒടുവിൽ അവൻ അവനാൽത്തന്നെ അയോഗ്യനാക്കപ്പെട്ടു. അനേകം പ്രാസംഗികർ സൗന്ദര്യമുള്ള സ്ത്രീകൾക്ക് ഇരയായി വീണു പോയിരിക്കുന്നു. അങ്ങനെയുള്ളവരുടെ വരങ്ങളാലോ അല്ലെങ്കിൽ അവരുടെ സംഘടനയുടെ വലിപ്പത്താലോ നിങ്ങൾ ആകൃഷ്ടരാകരുത് !! ഒരു നേതാവ് ഒരു പാപത്തിൽ വീഴുന്നത്, ഒരു സാധാരണ വിശ്വാസി അതേ പാപത്തിൽ വീഴുന്നതിനേക്കാൾ വളരെയധികം ഗൗരവമുള്ളതാണ്. അധികം നൽകപ്പെടുന്നവരോട് അധികം ചോദിക്കും. എതിർ ലിംഗത്തിലുള്ളവരുമായുള്ള ബന്ധത്തിൽ നിങ്ങൾ വിശ്വസ്തരല്ലെങ്കിൽ , ഒരു മൂപ്പനോ ഒരു നേതാവോ ആകാനായി ശ്രമിച്ച് ദൈവ നാമത്തെ അപമാനിക്കരുത്. നിങ്ങൾ പാപത്തിൽ ജീവിച്ചു കൊണ്ടിരിക്കുമ്പോൾ ദൈവത്തിൻ്റെ ഒരു വിശുദ്ധനാണെന്ന ഭാവത്തിൽ ആളുകളെ കബളിപ്പിക്കരുത്. നിങ്ങൾ, അങ്ങനെ ജീവിക്കുന്നതു തുടർന്നാൽ, ദൈവം നിങ്ങളെ പരസ്യമായി തുറന്നു കാട്ടും. നിങ്ങളുടെ പാപങ്ങളെ ഒളിച്ചുവെയ്ക്കുവാൻ വേണ്ടത്ര ബുദ്ധിയുള്ളവനാണ് നിങ്ങൾ എന്നു ചിന്തിച്ചേക്കാം എന്നാൽ നിങ്ങൾ ദൈവത്തിനു വേണ്ടത്ര ബുദ്ധിമാനല്ല. നിങ്ങൾ ഇതുവരെ തുറന്നു കാട്ടപ്പെട്ടതിനെക്കാൾ അധികം അവിടുന്നു നിങ്ങളെ തുറന്നു കാണിക്കും.

ന്യായാധിപന്മാർ 16 ൽ , ശിംശോന് എങ്ങനെയാണ് അവൻ്റെ ശക്തി നഷ്ടപ്പെട്ടതെന്നും അവൻ്റെ കണ്ണുകൾ അന്ധമായി പോയതെങ്ങനെയെന്നും നാം വായിക്കുന്നു. പ്രാസംഗികർ സ്ത്രീകളുടെ പിന്നാലെ പോകുമ്പോൾ ഇതാണ് സംഭവിക്കുന്നത് : അവർക്ക് തങ്ങളുടെ ആത്മീയ ദർശനം നഷ്ടപ്പെടുന്നു. അവർക്ക് പിന്നീട് അധികമൊന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല . അവർ അപ്പോഴും തങ്ങളുടെ ഉപദേശത്തിൽ സുവിശേഷാനുസാരമായിരിക്കുകയും വാക്ചാതുര്യത്തോടെ പ്രസംഗിക്കുകയും ചെയ്തേക്കാം. എന്നാൽ അവരുടെ ആത്മീയ ദർശനം നഷ്ടപ്പെട്ടിട്ടുണ്ടാവും. ശിംശോൻ ഒരു അടിമയായി തീർന്നു. എന്നാൽ, ദൈവത്തിനു, സ്തോത്രം, അവൻ്റെ ജീവിതാവസാനത്തോട് അടുത്തപ്പോൾ അവൻ്റെ പാപം സമ്മതിക്കുവാൻ വേണ്ടത്ര ബോധം അവനുണ്ടായി. അവൻ അനുതപിക്കുകയും അവസാനമായി അവൻ്റെ, മരണസമയത്ത് അനേകം ഫെലിസ്ത്യരെ നശിപ്പിക്കയും ചെയ്തു ( ന്യായാധിപന്മാർ 16:23-31). ന്യായാധിപന്മാർ 13-16 വരെയുള്ള അധ്യായങ്ങളിലുള്ള ശിംശോൻ്റെ കഥ, രണ്ടു സിംഹങ്ങളുടെ കഥയാണ് - ഒന്ന് വെളിയിലുള്ളതും മറ്റൊന്ന് അവൻ്റെ ഹൃദയത്തിനകത്തുള്ളതും . പുറത്തുള്ള സിംഹത്തെ അവനു കീഴടക്കുവാൻ കഴിഞ്ഞു , എന്നാൽ ആന്തരികമായതിനെ അവനു കീഴടക്കുവാൻ കഴിഞ്ഞില്ല. ഇതു നമ്മെ പഠിപ്പിക്കുന്നത് , ലൈംഗിക മോഹമെന്ന സിംഹം പുറത്തുള്ള സിംഹത്തെക്കാൾ കൂടുതൽ ശക്തിയുള്ളതും അധികം ഭയപ്പെടേണ്ടതുമാണ്. ഒരു വനത്തിൽ വെച്ച് ഒരു സിംഹം നിങ്ങളുടെ നേരേ പാഞ്ഞു വരുന്നതു കണ്ടാൽ നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ തിരിഞ്ഞ് ഓടും. മോഹത്തിൻ്റെ സിംഹം നിങ്ങളുടെ നേർക്ക് വരുന്നതു കാണുമ്പോൾ നിങ്ങൾ അതേ കാര്യം തന്നെ ചെയ്യുമോ? " ദുർന്നടപ്പു വിട്ടോടുവിൻ " ( 1 കൊരി. 6:18) എന്നു ബൈബിൾ നമ്മെ പ്രബോധിപ്പിക്കുന്നു. അതിനെ ജയിക്കാനുള്ള ഒരേ ഒരു വഴി അതാണ് - അത്തരം പ്രലോഭനങ്ങളുടെ അടുത്തെങ്ങും പോകരുത്. നിങ്ങളെ പ്രലോഭിപ്പിക്കുന്ന ഒരു സ്ത്രീയുടെയും അടുത്തെങ്ങും പോകരുത് . വിശപ്പുള്ള സിംഹങ്ങളെ നിങ്ങൾ ഒഴിവാക്കുന്നതു പോലെ ശൃംഗാരികളായ സ്ത്രീകളെ ഒഴിവാക്കുക. പഴയ ഉടമ്പടിയുടെ കീഴിലാണ് ശിംശോൻ ജീവിച്ചത്. അതു കൊണ്ട് ഇന്നു ദുർമാർഗ്ഗത്തിൽ വീഴുന്നതിന് ഒഴികഴിവായി ശിംശോൻ്റെ മാതൃക എടുക്കാൻ ആർക്കും കഴിയില്ല. ശിംശോന് പുതിയ നിയമം ഇല്ലായിരുന്നു , കാൽവറിയിലെ ക്രൂശിനു മുമ്പാണ് അവൻ ജീവിച്ചിരുന്നത് , ഇന്നു നമുക്കുള്ളതുപോലെ യേശുവിൻ്റെ മാതൃക അവനില്ലായിരുന്നു , നമുക്കു കഴിയുന്നതു പോലെ ഉള്ളിൽ വസിക്കുന്ന ഒരു സഹായകനായി പരിശുദ്ധാത്മാവിനെ പ്രാപിക്കുവാൻ അവനു കഴിഞ്ഞിരുന്നില്ല. ആ നാളുകളിൽ , പിതാവുമായുള്ള കൂട്ടായ്മയ്ക്കുള്ള ഇടമായ അതി പരിശുദ്ധ സ്ഥലത്തേക്കുള്ള വഴി അതുവരെ തുറക്കപ്പെട്ടിട്ടില്ലായിരുന്നു. ദൈവഭക്തന്മാരുമായുള്ള കൂട്ടായ്മയുടെ അനുഗ്രഹവും ശിംശോന് ഉണ്ടായിരുന്നില്ല. ഇവയെല്ലാം ഇന്നു നമുക്കുണ്ട്. അതു കൊണ്ട് പാപത്തിൽ ജീവിക്കുന്നതു തുടരുന്നതിനു നമുക്ക് ഒഴികഴിവ് ഒന്നുമില്ല.