ലേഖകൻ :   സാക് പുന്നൻ
WFTW Body: 

" ഇന്നു നിങ്ങൾ അവിടുത്തെ ശബ്ദം കേൾക്കുന്നു എങ്കിൽ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത് " എന്ന് എബ്രായർ 8:7 ൽ നാം താക്കീത് ചെയ്യപ്പെട്ടിരിക്കുന്നു . പിന്നീട് എബ്രായർ 3: 12 ൽ , " നിങ്ങളിൽ ആർക്കും അവിശ്വാസം ഉള്ള ദുഷ്ട ഹൃദയം ഉണ്ടാകാതിരിപ്പാൻ നോക്കുവിൻ " എന്നും പറഞ്ഞിരിക്കുന്നു . ഇവിടെ എഴുത്തുകാരൻ സ്വർഗ്ഗീയ വിളിക്ക് ഓഹരിക്കാരായ സഹോദരങ്ങൾ യേശു കൃത്യമായി തങ്ങളെ പോലെ തന്നെ വന്നു എന്നു വിശ്വസിക്കാൻ കഴിയാത്ത അവിശ്വാസമുള്ള ഒരു ദുഷ്ട ഹൃദയവുമായി അവസാനിക്കാതിരിക്കേണ്ടതിന് മുന്നറിയിപ്പു നൽകുകയാണ് . നിങ്ങളൂടെ പരാജിത ജീവിതം കൊണ്ട് നിങ്ങൾ മടുക്കുമ്പോൾ മാത്രമെ, നിങ്ങൾക്കു മാതൃക ആകേണ്ടതിനു യേശു നിങ്ങളെ പോലെ വന്നു എന്ന ഈ വെളിപ്പാട് ദൈവം നിങ്ങൾക്കു തരികയുള്ളൂ. ഒരു സമയം ഞാൻ തീർത്തും പരാജിതനായ ഒരു ക്രിസ്ത്യാനി ആയിരുന്നു. എൻ്റെ പരാജിത ജീവിതം കൊണ്ടു ഞാൻ മടുത്തു പോയിരുന്നു. പകലും രാവും ഇങ്ങനെ പറഞ്ഞു കൊണ്ട് പതിവായി ഞാൻ ദൈവത്തോടു കരഞ്ഞു , " കർത്താവെ ഉത്തരം എന്താണെന്ന് എനിക്കറിയില്ല . ഞാൻ ഒരു പ്രാസംഗികനാണ്. എന്നാൽ എൻ്റെ ആന്തരിക ജീവിതത്തിലെ പാപത്താൽ ഞാൻ പരാജിതനാണ് . ഞാൻ വീണ്ടും ജനിക്കപ്പെട്ടവനാണ് , ജല സ്നാനം ഏറ്റവനാണ് എന്നാൽ ഞാൻ പരാജിതനാണ് . ഞാൻ അറിയേണ്ടത് എന്നെ കാണിച്ചു തരേണമേ " . അപ്പോൾ കർത്താവ്' ദൈവ ഭക്തിയുടെ മർമ്മം എന്നെ കാണിച്ചു തന്നു - ക്രിസ്തു ജഡത്തിൽ വന്നിട്ട് എന്നെ പോലെ പ്രലോഭിപ്പിക്കപ്പെട്ടു , എന്നിട്ടും ഒരു നിർമ്മല ജീവിതം നയിച്ചു . ഞാൻ അതു മുഴു ഹൃദയത്തോടും കൂടെ വിശ്വസിച്ചു - അത് എൻ്റെ ജീവിതത്തെ വ്യത്യാസപ്പെടുത്തി . ഇവിടെ നമുക്ക് മുന്നറിയിപ്പു നൽകിയിരിക്കുന്നത് നമുക്ക് അവിശ്വാസമുള്ള ഒരു ഹൃദയമുണ്ടെങ്കിൽ ,നമുക്ക് ദൈവത്തെ പരിത്യജിക്കാൻ ഇടയാകും എന്നാണ് (എബ്രായർ.3:12).

എന്നാൽ. കർത്താവിനെ പരിത്യജിക്കുന്നതിന് പകരം , അടുത്ത വാക്യം നമുക്കു മറ്റൊന്നു തിരഞ്ഞെടുക്കാനുള്ള അവകാശം തരുന്നു , " ഇന്ന് എന്നു പറയുന്നിടത്തോളം അന്യോന്യം പ്രോത്സാഹിപ്പിച്ചു കൊൾവിൻ " (എബ്രായർ 3:13 ) . നാളെ എന്തു സംഭവിക്കും എന്നു നാം അറിയുന്നില്ലല്ലോ. അതു കൊണ്ട് ഇന്നു നമുക്ക് ചില കാര്യങ്ങൾ ചെയ്യാം . നമുക്കു ചിലരെ പ്രബോധിപ്പിക്കാം. ഈ അധ്യായത്തിൻ്റെ പശ്ചാത്തലത്തിൽ അത് അർത്ഥമാക്കുന്നത് , നമ്മെ പോലെ ആയി തീർന്ന യേശുവിനെ പരിഗണിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കാനാണ്.

നമ്മുടെ വിളി , ഒരോ ദിവസവും , യേശുവിനെ ഉയർത്തുവാനാണ്. എപ്പോഴും നമ്മുടെ പെരുമാറ്റവും , നമ്മുടെ വാക്കുകളും പറയുന്നത് , " യേശുവിനെ നോക്കുക. എത്ര അതിശയവാനായ രക്ഷകനാണ് അവിടുന്ന് ! അവിടുന്ന് എൻ്റെ പാപങ്ങൾ ക്ഷമിക്കുക മാത്രമല്ല , എന്നാൽ അവിടുന്ന് എൻ്റെ ജീവിതത്തെ വ്യത്യാസപ്പെടുത്തുകയും ചെയ്തു . അവിടുന്ന് എൻ്റെ കുടുംബ ജീവിതത്തെ വ്യത്യാസപ്പെടുത്തി , എപ്പോഴും സന്തോഷിച്ചുല്ലസിക്കത്തക്കവിധം കർത്താവിൻ്റെ സന്തോഷം കൊണ്ട് എന്നെ അവിടുന്നു നിറച്ചിരിക്കുന്നു . അവിടുന്നു മരണഭയം എന്നിൽ നിന്ന് എടുത്തു മാറ്റിയിരിക്കുന്നു. യേശുവിനെ നോക്കുക " എന്നായിരിക്കണം . നമ്മുടെ ജീവിതം ഓരോ ദിവസവും മറ്റുള്ളവർക്ക് ഒരു വെല്ലുവിളിയും പ്രോത്സാഹനവും ആയിരിക്കണം . ആളുകൾ നിങ്ങളുടെ മുഖത്തു നോക്കുമ്പോൾ , ദൈവത്തിൻ്റെ തേജസ്സിൻ്റെ എന്തെങ്കിലും അവിടെ അവർ കാണണം .

എബ്രായർ 3:13 നമുക്കു മുന്നറിയിപ്പു നൽകുന്നത് നാം ഒരു പിന്മാറ്റക്കാരനാകാൻ 24 മണിക്കൂർ മാത്രമെ എടുക്കുകയുള്ളൂ എന്നാണ് . അതു കൊണ്ടാണ് ദിവസം തോറും നാം അന്യോന്യം പ്രബോധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത്. ക്രിസ്തുവിൻ്റെ ശരീരത്തിൽ നമുക്ക് അന്യോന്യം ഒരു ഉത്തരവാദിത്തം ഉണ്ട് . കയീൻ പറഞ്ഞു , " ഞാൻ എൻ്റെ സഹോദരൻ്റെ കാവൽക്കാരനല്ല " . എന്നാൽ ക്രിസ്തുവിൻ്റെ ശരീരത്തിൽ , നാം നമ്മുടെ സഹോദരൻ്റെ കാവൽക്കാരനാണ് , നാം നമ്മുടെ സഹോദരിയുടെ കാവൽക്കാരനാണ് . ആരെങ്കിലും വഴുതിപോകുന്നതു നിങ്ങൾ കണ്ടാൽ , അവനെ പ്രോത്സാഹിപ്പിക്കുക . ആരെങ്കിലും വീഴുന്നതു നിങ്ങൾ കണ്ടാൽ അവനെ പൊക്കി എഴുന്നേൽപ്പിക്കുക.

നിങ്ങളെ പ്രോത്സാഹിപ്പിക്കുവാനും , പ്രബോധിപ്പിക്കുവാനും നിങ്ങൾക്ക് ആരും ഇല്ലെങ്കിൽ , നിങ്ങൾക്കു പരിശുദ്ധാത്മാവും വേദപുസ്തകവും ഉണ്ട് . വേദപുസ്തകത്തിലുള്ള തൻ്റെ വാക്കുകളിലൂടെ പൗലൊസ് അപ്പൊസ്തലൻ പല ദിവസങ്ങളിലും എന്നെ വ്യക്തിപരമായി പ്രബോധിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു . പത്രൊസ് , യാക്കോബ് , യോഹന്നാൻ തുടങ്ങിയവരും എന്നെ പ്രബോധിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു . പല സമയങ്ങളിൽ എന്നെ പ്രബോധിപ്പിക്കുവാൻ എൻ്റെ സഹോദരന്മാർ അടുത്തില്ലാതിരുന്നപ്പോൾ , ഈ അപ്പൊസ്തലന്മാർ ബൈബിളിലെ താളുകളിലൂടെ എൻ്റെ അടുത്തുവന്ന് എന്നെ പ്രോത്സാഹിപ്പിച്ചു . ഓരോ ദിവസവും നമ്മെ പ്രോത്സാഹിപ്പിക്കുവാൻ നമുക്ക് പത്രൊസിനെയും പൗലൊസിനെയും യോഹന്നാനെയും നമ്മോടു കൂടെ നമ്മുടെ മുറിയിൽ ലഭിക്കുവാൻ നമുക്കെല്ലാവർക്കും കഴിയും എന്നത് അത്ഭുതകരമല്ലെ? നിങ്ങളെ പ്രോത്സാഹിപ്പിക്കുവാൻ നിങ്ങൾ അവരെ അനുവദിക്കാത്തതെന്തുകൊണ്ടാണ് ? നിങ്ങൾ അവരെ വേദപുസ്തകത്തിനകത്ത് പൂട്ടി വച്ചിരിക്കുന്നത് എന്തിനാണ്?

നിങ്ങൾ ബൈബിൾ തന്നെ വായിക്കേണ്ടതുണ്ട് , ബൈബിളിനെ കുറിച്ചു പറയുന്ന മറ്റെല്ലാ പുസ്തകങ്ങളെക്കാൾ . പത്രൊസിൻ്റെയും , പൗലൊസിൻ്റെയും , യോഹന്നാൻ്റെയും ലേഖനങ്ങൾ പറയുന്നതിനെ കുറിച്ച് വലിയ ബൈബിൾ പണ്ഡിതന്മാർക്കു പറയാനുള്ളതെന്താണെന്നറിയുവാൻ എനിക്കാഗ്രഹമില്ല. അവ നേരിട്ട് കേൾക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു . അതുകൊണ്ട് ഞാൻ ബൈബിൾ തന്നെ വായിക്കുന്നു - ബൈബിളിനെ കുറിച്ചുള്ള പുസ്തകങ്ങൾ അല്ല .