ലേഖകൻ :   സാക് പുന്നൻ
WFTW Body: 

എഫെസ്യർ 1 :3 ഇങ്ങനെ പറയുന്നു , " സ്വർഗ്ഗത്തിലെ സകല ആത്മീയാനുഗ്രഹത്താലും നമ്മെ ക്രിസ്തുവിൽ അനുഗ്രഹിച്ചിരിക്കുന്ന നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ ദൈവവും പിതാവുമായവൻ വാഴ്ത്തപ്പെട്ടവൻ ". ഈ അനുഗ്രഹങ്ങളെല്ലാം ആത്മീയമാണ്, ഭൗതികമല്ല. പഴയ ഉടമ്പടിയുടെ കീഴിൽ , യിസ്രായേല്യർക്കു വാഗ്ദത്തം ചെയ്യപ്പെട്ടിരുന്നത് ഭൗതിക അനുഗ്രഹങ്ങൾ ആയിരുന്നു. ആവർത്തനം 28 ൽ നമുക്കത് വായിക്കാൻ കഴിയും. മോശെ കൊണ്ടുവന്ന ന്യായപ്രമാണത്തിൽ നിന്ന് ക്രിസ്തു കൊണ്ടുവന്ന കൃപയെ വേർതിരിക്കുന്നത് ഇതാണ് . പഴയനിയമത്തിൽ ഇതേപോലൊരു വാക്യം ഉണ്ടായിരുന്നെങ്കിൽ , അത് ഇപ്രകാരം വായിക്കുമായിരുന്നു: " ഭൂലോകത്തിലെ സകല ഭൗതിക അനുഗ്രഹങ്ങളാലും മോശെയിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്ന സർവ്വശക്തനായ ദൈവം ( നമ്മുടെ പിതാവെന്നല്ല) വാഴ്ത്തപ്പെടുമാറാകട്ടെ " . അതുകൊണ്ട് ശാരീരിക സൗഖ്യവും ഭൗതിക അനുഗ്രഹങ്ങളും പ്രാഥമികമായി അന്വേഷിക്കുന്ന വിശ്വാസികൾ യഥാർത്ഥത്തിൽ പഴയ ഉടമ്പടിയിലേക്കു തിരിച്ചു പോവുകയാണ് . അത്തരം "വിശ്വാസികൾ " വാസ്തവത്തിൽ യിസ്രായേല്യരാണ് ക്രിസ്ത്യാനികളല്ല. അവർ മോശയുടെ അനുഗാമികൾ ആണ് , ക്രിസ്തുവിൻ്റേതല്ല.

അതിൻ്റെ അർത്ഥം ഇന്ന് ദൈവം വിശ്വാസികളെ ഭൗതികമായി അനുഗ്രഹിക്കുകയില്ലെന്നാണോ? അവിടുന്നു ചെയ്യുന്നുണ്ട് - എന്നാൽ വ്യത്യസ്തമായ ഒരു രീതിയിൽ . അവർ മുമ്പേ അവിടുത്തെ രാജ്യവും നീതിയും അന്വേഷിക്കുമ്പോൾ , അവരുടെ ഭൗതിക ആവശ്യങ്ങളെല്ലാം അവർക്കുവേണ്ടി നൽകപ്പെടുന്നു. പഴയ ഉടമ്പടിയുടെ കീഴിൽ, ആളുകൾ ഭൗതിക കാര്യങ്ങൾ മാത്രമേ അന്വേഷിച്ചിരുന്നുള്ളു. അത് ധാരാളമായി അവർക്കു ലഭിക്കുകയും ചെയ്തു - അനേകം മക്കൾ , വളരെ വസ്തുവകകൾ, ധാരാളം പണം, ശത്രുക്കളുടെ മേൽ വിജയം, ഭൂമിയിലെ സ്ഥാനമാനങ്ങൾ തുടങ്ങിയവ. എന്നാൽ പുതിയ ഉടമ്പടിയുടെ കീഴിൽ , നാം ആത്മീയ അനുഗ്രഹങ്ങൾക്കു വേണ്ടി അന്വേഷിക്കുന്നു - ആത്മീയ മക്കൾ , ആത്മീയ സമ്പത്ത് , ആത്മീയ ബഹുമതി, ആത്മീയ വിജയം ( സാത്താൻ്റെ മേലും ജഡത്തിൻ്റെ മേലും , ഫെലിസ്ത്യരുടെ മേലോ , മനുഷ്യരുടെ മേലോ അല്ല.). ദൈവ ഇഷ്ടം ചെയ്യാൻ നമുക്കു വേണ്ട ആരോഗ്യവും പണവും പോലെയുള്ള, നമ്മുടെ ഭൗതിക ആവശ്യങ്ങൾ, നമ്മോടു കൂടി ചേർക്കപ്പെടുന്നു. നമ്മെ നശിപ്പിക്കുകയില്ലെന്നു ദൈവത്തിന് അറിയുന്ന അത്രയും പണം അവിടുന്നു നമുക്കു നൽകും.

എഫെസ്യർ 1:3 ലെ ആത്മീയ അനുഗ്രഹങ്ങൾ എന്ന വാക്കുകൾ " പരിശുദ്ധാത്മാവിൻ്റെ അനുഗ്രഹങ്ങൾ " എന്നു പരിഭാഷപ്പെടുത്താൻ കഴിയും. പരിശുദ്ധാത്മാവിൻ്റെ സകല അനുഗ്രഹവും ദൈവം നമുക്കു ക്രിസ്തുവിൽ നൽകി കഴിഞ്ഞിരിക്കുന്നു . നാം അത് യേശുവിൻ്റെ നാമത്തിൽ അവകാശപ്പെടുക മാത്രം ചെയ്താൽ മതി. ഭിക്ഷ യാചിച്ചു കൊണ്ട് റോഡരികിൽ ഇരിക്കുന്ന യാചകിയായ ഒരു പെൺകുട്ടിയെ കുറിച്ചു സങ്കല്പിക്കുക. സമ്പന്നനായ ഒരു രാജകുമാരൻ ആ വഴി വരികയും അവളെ വിവാഹം ചെയ്യാൻ തീരുമാനിച്ച് ഒരു ബാങ്ക് അക്കൗണ്ടിൽ ലക്ഷക്കണക്കിനു രൂപ ഇടുകയും ചെയ്യുന്നു - അവൾക്ക് ആവശ്യമുള്ള ഏതുസമയത്തും സൗജന്യമായി അതിൽ നിന്ന് പണം പിൻവലിക്കാൻ കഴിയുന്ന ഒരു അക്കൗണ്ട്. എത്ര ഭാഗ്യവതിയായ ഒരു പെൺകുട്ടിയാണവൾ! ഒരിക്കൽ ഒരു ചെറിയ തകരപ്പാട്ടയും അതിൽ ഏതാനും നാണയത്തുട്ടുകളും മാത്രമല്ലാതെ മറ്റൊന്നും അവൾക്കില്ലായിരുന്നു. എന്നാൽ ഇപ്പോൾ അവൾ ഏറ്റവും മേൽത്തരമായ വസ്ത്രങ്ങളണിഞ്ഞ് പ്രൗഡ ശൈലിയിൽ ജീവിക്കുന്നു. രാജകുമാരൻ ഒപ്പിട്ട വളരെയധികം ചെക്കുകൾ അവളുടെ കൈവശമുള്ളതുകൊണ്ട്, അവൾക്ക് ബാങ്കിൽ നിന്ന് എത്ര തുക വേണമെങ്കിലും പിൻവലിക്കാം. ആത്മീയമായി പറഞ്ഞാൽ , ഇതാണ് നമ്മുടെ ചിത്രം.

നമുക്ക് സ്വർഗ്ഗീയ ബാങ്കിലേക്കു ചെന്ന് പരിശുദ്ധാത്മാവിൻ്റെ ഓരോ അനുഗ്രഹവും അവകാശപ്പെടാൻ കഴിയും കാരണം അവയെല്ലാം ക്രിസ്തുവിൻ്റെ നാമത്തിൽ നമ്മുടേതാണ്. നാം അവിടുന്നുമായുള്ള ഈ വിവാഹ ബന്ധത്തിൽ നിലനിൽക്കുമെങ്കിൽ സ്വർഗ്ഗത്തിൻ്റേതെല്ലാം ക്രിസ്തുവിൽ നമുക്കുള്ളതാണ് , നമുക്ക് ഇങ്ങനെ പറയാൻ കഴിയുമെങ്കിൽ , " കർത്താവെ, ഈ ഭൂമിയിലെ എൻ്റെ എല്ലാ നാളും അവിടുത്തെ കാന്ത എന്ന നിലയിൽ അവിടുത്തോടു സത്യസന്ധ ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു" അപ്പോൾ പരിശുദ്ധാത്മാവിലുള്ള ഓരോ അനുഗ്രഹവും നമ്മുടേതാണ്. അവയിൽ എന്തെങ്കിലും നാം അർഹിക്കുന്നു എന്ന് ദൈവത്തെ ബോധ്യപ്പെടുത്താൻ നാം പരിശ്രമിക്കേണ്ടതില്ല - കാരണം അവയിൽ ഒന്നും തന്നെ നാം അർഹിക്കുന്നില്ല. ആ ഭിക്ഷക്കാരി പെൺകുട്ടിക്കു സൗജന്യമായി ലഭിച്ച സമ്പത്തെല്ലാം അവൾക്ക് അർഹമായതാണെന്ന് അവൾ ചിന്തിക്കുന്നതായി നിങ്ങൾക്കു സങ്കൽപിക്കാൻ കഴിയുമോ? അൽപം പോലും ഇല്ല. നാം പ്രാപിക്കുന്നതെല്ലാം ദൈവത്തിൻ്റെ കരുണയാലും കൃപയാലുമാണ്. സ്വർഗ്ഗത്തിൻ്റേതെല്ലാം നമുക്ക് എടുക്കാൻ കഴിയും കാരണം അവയെല്ലാം ക്രിസ്തുവിൽ സൗജന്യമായി നമുക്ക് നൽകപ്പെട്ടിരിക്കുന്നു. നമ്മുടെ ഉപവാസങ്ങൾ കൊണ്ടോ നമ്മുടെ പ്രാർത്ഥനകൾ കൊണ്ടോ അതു നമുക്ക് സമ്പാദിക്കാൻ കഴിയില്ല. പരിശുദ്ധാത്മാവിൻ്റെ ഈ അനുഗ്രഹങ്ങൾ അനേകർക്കും പ്രാപിക്കാൻ കഴിയാത്തതിനു കാരണം അവർ ഈ മാർഗ്ഗങ്ങളിലൂടെ അതു സമ്പാദിക്കാൻ ശ്രമിക്കുന്നതാണ്! അവയെ അങ്ങനെ പ്രാപിക്കാൻ നമുക്ക് കഴിയില്ല. അവയെല്ലാം ക്രിസ്തുവിൻ്റെ യോഗ്യതയിലൂടെ മാത്രം നാം സ്വീകരിക്കണം.

എൻ്റെ ചില ഭൗതിക ആവശ്യങ്ങൾക്കുവേണ്ടി ഒരിക്കൽ ഞാൻ പ്രാർത്ഥിച്ചപ്പോൾ ഈ പാഠം കർത്താവെന്നെ പഠിപ്പിച്ചതു ഞാൻ ഓർക്കുന്നു. ഞാൻ ഇങ്ങനെ പറഞ്ഞു, " കർത്താവേ, ഇത്രയധികം വർഷങ്ങളായി ഞാൻ അങ്ങയെ സേവിക്കുന്നു. അതുകൊണ്ട് ഈ കാര്യം ദയവായി എനിക്കുവേണ്ടി ചെയ്തു തരണമേ " . അപ്പോൾ കർത്താവു പറഞ്ഞു, " ഇല്ല , നീ നിൻ്റെ സ്വന്ത നാമത്തിൽ വന്നാൽ ഞാൻ അതു ചെയ്തു തരികയില്ല ". യേശുവിൻ്റെ നാമത്തിൽ പ്രാർത്ഥിക്കുക എന്നാൽ എന്താണ് അർത്ഥമെന്ന് അന്നു ഞാൻ മനസ്സിലാക്കി. അത്രമാത്രം രക്ഷിക്കപ്പെട്ട ഒരു പുതിയ വിശ്വസിക്കും, 1959 ൽ രക്ഷിക്കപ്പെട്ട എനിക്കും ദൈവത്തിൻ്റെ അടുത്തു വരുവാൻ കൃത്യമായി ഒരേ അടിസ്ഥാനമാണ് ഉള്ളതെന്ന് ആ ദിവസം ഞാൻ ഗ്രഹിച്ചു - യേശുക്രിസ്തുവിൻ്റെ യോഗ്യതയിൽ മാത്രം. യേശുക്രിസ്തു ഒപ്പിട്ട ഒരു ചെക്കുമായിട്ടാണ് അയാൾ സ്വർഗ്ഗീയ ബാങ്കിലേക്കു പോകേണ്ടത് . എനിക്കും യേശുക്രിസ്തു ഒപ്പിട്ട ഒരു ചെക്കുമായി മാത്രമേ അവിടെ പോകാൻ കഴിയൂ. വളരെയധികം വർഷങ്ങളായി ഞാൻ അവിടുത്തോടു വിശ്വസ്തനായിരുന്നു എന്നു പറഞ്ഞുകൊണ്ട് ദൈവത്തിൻ്റെ അടുക്കൽ ഞാൻ വന്നാൽ , അപ്പോൾ ഞാൻ തന്നെ ഒപ്പിട്ട ഒരു ചെക്കുമായാണ് ഞാൻ സ്വർഗ്ഗീയ ബാങ്കിൽ ചെല്ലുന്നത്. നമ്മുടെ അനേകം പ്രാർത്ഥനകൾക്കും ഉത്തരം ലഭിക്കാത്തതിനു കാരണം അതാണ്. നാം യേശുവിൻ്റെ നാമത്തിലല്ല ചെല്ലുന്നത്. നമ്മുടെ പേരിലാണ് നാം ചെല്ലുന്നത് . ദൈവത്തിനു വേണ്ടി നാം വളരെയധികം ത്യാഗം സഹിച്ചിരിക്കുന്നതുകൊണ്ട് , അവിടുന്നു നമുക്ക് ഉത്തരം തരണമെന്നാണ് നാം ചിന്തിക്കുന്നത് . നാം 70 വർഷങ്ങളായി വിശ്വസ്തതയോടെ ജീവിക്കുന്നു എങ്കിലും , നാം കർത്താവിൻ്റെ മുമ്പിൽ വരുമ്പോൾ , ഒരു പുതിയ വിശ്വാസി എന്ന നിലയിലുള്ള അതേ അടിസ്ഥാനത്തിൽ മാത്രമേ നമുക്കു ചെല്ലാൻ കഴിയൂ - യേശുവിൻ്റെ നാമത്തിൽ ആ വെളിപ്പാടിനായി ഞാൻ ദൈവത്തിനു നന്ദി പറയുന്നു , കാരണം അതിനുശേഷം ഒരിക്കലും ഞാൻ എൻ്റെ പേരിൽ ഒപ്പിട്ട ഒരു ചെക്ക് ദൈവത്തിൻ്റെ അടുത്തു കൊണ്ടു ചെന്നിട്ടില്ല !! അതു ചെയ്യാൻ ഞാൻ പ്രലോഭിപ്പിക്കപ്പെടുമ്പോൾ ഞാൻ ഇങ്ങനെ പറയുന്നു " ആ ചെക്ക് ഒരിക്കലും മാറി പണം കിട്ടുകയില്ല. യേശുവിൻ്റെ നാമത്തിൽ അവിടുത്തെ യോഗ്യത നിമിത്തം മാത്രം ഞാൻ പോകാം". അതു കൊണ്ട് സ്വർഗ്ഗ സ്ഥലങ്ങളിലുള്ള പരിശുദ്ധാത്മാവിൻ്റെ സകല അനുഗ്രഹങ്ങളും ക്രിസ്തുവിൽ നമുക്കുള്ളതാണ്.