WFTW Body: 

എല്ലാ ക്രിസ്ത്യാനികൾക്കും വേണ്ടിയുള്ള ഒരു പ്രധാന പുസ്തകമാണ് ശലോമോന്റെ ഉത്തമഗീതം. ഞാൻ എൻ്റെ ക്രിസ്തീയ ജീവിതം ആരംഭിച്ചപ്പോൾ, ആദ്യം ഈ പുസ്തകം പഠിക്കുന്നതിലേക്ക് എന്നെ നയിച്ച കർത്താവിനോട് ആഴമായ നന്ദിയുള്ളവനാണ്. കർത്താവിനുവേണ്ടിയുള്ള എല്ലാ യഥാർത്ഥമായ ശുശ്രൂഷയും ഒഴുകുന്ന സ്രോതസ്സ്, ക്രിസ്തുവിനോടുള്ള വ്യക്തിപരമായ, സ്നേഹിക്കുന്ന, സമർപ്പിതമായ ബന്ധമാണ് - അത് സുവിശേഷീകരണമായാലും, സഭ സ്ഥാപിക്കുന്നതായാലും, ബൈബിൾ പഠിപ്പിക്കുന്നതായാലും, സാമൂഹ്യപ്രവർത്തനമായാലും അല്ലെങ്കിൽ മറ്റെന്തായാലും. നാം ആദ്യം "കാന്തന്റെയും കാന്തയുടെയും പാട്ടു പഠിക്കണം" - നമ്മുടെ കർത്താവ് നമ്മോടു പാടുന്നതും നാം തിരിച്ച് അവിടുത്തോടു പാടുന്നതുമായ പാട്ട്.

ശലോമോന്റെ ഉത്തമഗീതം 1:1 ൽ നാം ശ്രദ്ധിക്കുന്ന ആദ്യത്തെ കാര്യം - പ്രാഥമികമായി അത് കാന്തന്റെ പാട്ടാണ്, കാന്തയുടെ പാട്ടല്ല. അതിൻ്റെ അർത്ഥം അത് പ്രാഥമികമായി നമ്മോടുള്ള നമ്മുടെ കർത്താവി ൻ്റെ ഗീതമാണ്, അവിടുത്തോടുള്ള നമ്മുടെ ഗാനമല്ല. "അവിടുന്ന് ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ട്, നാം അവിടുത്തെ സ്നേഹിക്കുന്നു" (1 യോഹ. 4:19). ആദ്യം നാം അല്ല അവിടുത്തെ സ്നേഹിച്ചത്. ആദ്യം അവിടുന്ന് നമ്മെ സ്നേഹിച്ചു. ആദ്യം അവിടുന്ന് ഈ പാട്ട് നമ്മോടു പാടിയതുകൊണ്ടു മാത്രമാണ്, ഇപ്പോൾ നമുക്ക് അവിടത്തോട് ഈ പാട്ട് പാടാൻ കഴിയുന്നത്.

ഉത്തമഗീതം 4:8 ൽ കാന്തൻ കാന്തയോട് ഇങ്ങനെ പറയുന്നത് നാം കേൾക്കുന്നു, "കാന്തേ ലെബാനോനെ വിട്ട് എന്നോടു കൂടെ വരിക. അമാനാമുകളും ശെനീർ ഹെർമ്മോൻ കൊടുമുടികളും സിംഹങ്ങളുടെ ഗുഹകളും പുള്ളിപ്പുലികളുടെ പർവ്വതങ്ങളും വിട്ടു പോരിക" (ഉത്തമഗീതം 4:8). ഇത് സ്വർഗ്ഗ സ്ഥലങ്ങളിൽ ജീവിക്കാനുള്ള ഒരു ക്ഷണമാണ്. കർത്താവ് പറയുന്നു, "ഒരു താഴ്ന്ന ഭൗമികമായ നിലപാടിൽ നിന്ന് കാര്യങ്ങളെ നോക്കരുത്. എന്നോടു കൂടെ സ്വർഗ്ഗസ്ഥലങ്ങളിലേക്കു വന്നിട്ട്, ആ നിലപാടിൽ നിന്ന് എല്ലാ കാര്യങ്ങളെയും നോക്കുക. അവിടെ നിന്നു നീ നോക്കുമ്പോൾ ഭൗമികമായ കാര്യങ്ങൾ ചെറിയതും, മങ്ങിയതും, വിലയില്ലാത്തതുമായി തീരും" കർത്താവ് നമ്മെ കൂടുതൽ ഉന്നതമായ ഒരു തലത്തിലേക്കു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നു. അവിടെ സിംഹങ്ങൾ ഉണ്ട് എന്നത് സത്യമാണ് - പിശാചുക്കളും, ദുഷ്ട അധികാരങ്ങളും ശക്തികളും. എന്നാൽ അവിടെ കർത്താവിനോട് കൂടെ ആയിരിക്കുകയും അവിടുത്തോട് കൂടെ ചേർന്നു. നിന്ന് നാം ആ ദുഷ്‌ട ശക്തികളെയെല്ലാം ജയിക്കുകയും ചെയ്യും.

ഉത്തമഗീതം 4:12 ൽ കാന്തൻ കാന്തയെ "കെട്ടി അടച്ചിരിക്കുന്ന ഒരു തോട്ടം" എന്നു വിളിക്കുന്നു. കാന്തനു വേണ്ടി മാത്രമുള്ള ഒരു തോട്ടം. അവൾ മറ്റാരുടേതും അല്ല അവൾ മുഴുവനായി തൻ്റെ കർത്താവിന്റേതാണ്. കർത്താവിനോടുള്ള നിങ്ങളുടെ ബന്ധം അതുപോലെയാണോ? കർത്താവിന് നിങ്ങളോട്, "നീ എൻ്റെ സ്വകാര്യ തോട്ടമാണ്, നീ പൂർണ്ണമായും എന്റേതു മാത്രമാണ്" എന്നു പറയാൻ കഴിയുമോ? നമുക്കാവശ്യമുള്ളതിൽ കൂടുതൽ പണമുണ്ടാക്കാനുള്ള അവസരങ്ങൾ, ഭൗമികമായ അധികാരവും, പ്രശസ്തിയും, നമുക്കുവേണ്ടി തന്നെ ഒരു പേരുണ്ടാക്കാനുള്ള അവസരങ്ങൾ മുതലായവയെ പോലെ ലോകത്തിൽ നമ്മെ ആകർഷിക്കാൻ കഴിയുന്ന പല കാര്യങ്ങളുണ്ട്. ഇത്തരം പ്രലോഭനങ്ങളെ കാന്തയെ വശീകരിക്കാനായി ശ്രമിക്കുന്ന അന്യ പുരുഷന്മാരോട് താരതമ്യം ചെയ്യാം. എന്നാൽ ഇവിടെ കാന്ത ആകർഷിക്കപ്പെടുന്നില്ല. അവൾ തൻ്റെ പ്രിയനാൽ മാത്രം പിടിക്കപ്പെട്ടവളാണ്. അവൾ മുഴുവനായി തൻ്റെ കാന്തനു വേണ്ടി മാത്രമുള്ളവളാണ്. വളരെ കുറച്ചു വിശ്വാസികൾ മാത്രമാണ് ക്രിസ്തുവിനോട് അങ്ങനെ ഒരു ബന്ധത്തിൽ ജീവിക്കുന്നത് അതുകൊണ്ടാണ് അവർക്ക് അവിടുത്തെ അറിയാൻ കഴിയാത്തതും അവിടുത്തെ വചനം മനസ്സിലാകാത്തതും. വേദപുസ്തകം മനസ്സിലാക്കുന്നതിന്റെ രഹസ്യം എല്ലാറ്റിനും മുമ്പേ കർത്താവുമായി ഉറ്റബന്ധം ഉണ്ടായിരിക്കുക എന്നതാണ് - അവിടുത്തെ വചനം അർത്ഥമാക്കുന്നത് എന്താണെന്ന് തന്നെക്കാൾ കൂടുതൽ മെച്ചമായി നമുക്ക് വിശദീകരിച്ചു തരാൻ വേറെ ആർക്കാണ് കഴിയുന്നത്. ആദിമ ശിഷ്യന്മാർ ചെയ്തതുപോലെ അവിടുത്തോട് ചേർന്നു നടന്ന് അവിടുന്നു നിങ്ങളോടു പറയുന്നത് കേൾക്കുവാൻ വാഞ്ഛിക്കുക. അപ്പോൾ അവരുടെതുപോലെ നിങ്ങളുടെ കണ്ണുകൾ തുറക്കപ്പെട്ടിട്ട് നിങ്ങളുടെ ഹൃദയം അവരുടേതു പോലെ കത്തിക്കൊണ്ടിരിക്കും.

ഉത്തമഗീതം 5:2 ൽ അർദ്ധരാത്രിയിൽ കാന്തൻ വന്ന്, "എൻ്റെ പ്രിയേ, വാതിൽ തുറക്കുക" എന്നു വാതിൽക്കൽ മുട്ടി വിളിച്ചപ്പോൾ എഴുന്നേറ്റ് വസ്ത്രം ധരിച്ച് വാതിൽ തുറക്കുവാൻ അവൾക്കു വളരെ മടിയായിരുന്നു (ഉത്തമഗീതം 5:2). അവളുടെ കാലുകൾ (അവൾ കഴുകിയിരിക്കുന്നവ) മലിനമാകുമെന്ന് ഉത്കണ്ഠപ്പെട്ടിരുന്നു. അദ്ദേഹം തന്നെ കതകിന്റെ കുറ്റി ഊരുവാൻ ശ്രമിച്ചു (ഉത്തമഗീതം 5:4). അപ്പോൾ കാന്ത തൻ്റെ മനസ്സു മാറ്റിയിട്ട് വാതിൽ തുറന്നു, എന്നാൽ അവളുടെ പ്രിയൻ പൊയ്ക്കളഞ്ഞിരുന്നു. അവിടുന്ന് അവളെ വിളിച്ചപ്പോൾ, പെട്ടെന്ന് പ്രതികരിക്കാതിരുന്നതുകൊണ്ടാണ് അവിടുന്ന് പൊയ് ക്കളഞ്ഞത് നമുക്കും അത് സംഭവിക്കാം. കർത്താവ് നമ്മോട് ഇങ്ങനെ പറഞ്ഞേക്കാം, "നീ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം വിട്ടു കളയുക, ആ പുസ്തകം വായിക്കുന്നതു നിർത്തുക, ആ സംഭാഷണം നിർത്തുക. എൻ്റെ കൂടെ തനിച്ച് ആയിരുന്ന് എന്നോട് സംസാരിക്കുക. നമുക്ക് ഒരുമിച്ച് ഒന്നു നടക്കാൻ പോകാം". അപ്പോൾ നാം ഇപ്രകാരം പറഞ്ഞുകൊണ്ട് പ്രതികരിച്ചേക്കാം, "കർത്താവേ ഒന്ന് നിൽക്ക്. എനിക്ക് പ്രധാനപ്പെട്ട ചില കാര്യങ്ങൾ ചെയ്യാനുണ്ട്. 15മിനിറ്റിൽ അത് പൂർത്തിയാകും. അതു കഴിഞ്ഞ് ഞാൻ വരാം". 15 മിനിറ്റ് കഴിഞ്ഞ്, ആ പ്രധാന കാര്യം (?) ചെയ്തു കഴിഞ്ഞപ്പോൾ, നാം പറയുന്നു, "കർത്താവേ, ഇപ്പോൾ ഞാൻ തയ്യാറാണ്". എന്നാൽ അവിടുന്ന് പൊയ്ക്കളഞ്ഞു എന്ന് കണ്ടെത്തുന്നു. നമുക്ക് അവിടുത്തെ കണ്ടെത്താൻ കഴിയില്ല. നിങ്ങൾക്ക് ദൈവത്തിൻ്റെ ഫലപ്രദമായ ഒരു ഭൃത്യനായിരിക്കാൻ ആഗ്രഹമുണ്ടോ? കർത്താവ് നിങ്ങളെ വിളിക്കുമ്പോൾ എല്ലാ കാര്യങ്ങളും വിട്ടുകളഞ്ഞിട്ട് അവിടത്തെ ശ്രദ്ധിച്ചു കേൾക്കുന്ന ശീലം നിങ്ങൾ വളർത്തിയെടുക്കുക. നിങ്ങൾ ഒരിക്കലും അതേ ചൊല്ലി ദുഃഖിക്കേണ്ടി വരികയില്ല.

ഉത്തമഗീതം 5:3 ൽ കാന്ത കാന്തനോട് ഇപ്രകാരം പറയുന്നു, "രാത്രിയിൽ ഞാൻ വെളിയിൽ ആയിരുന്നതിനാൽ ഞാൻ മഞ്ഞുതുള്ളികൾ കൊണ്ട് നനഞ്ഞിരിക്കുന്നു". യേശു നഷ്ടപ്പെട്ടതിനെ അന്വേഷിച്ച് രക്ഷിക്കുവാനായി ഭൂമിയിലേക്കു വന്നതുകൊണ്ട്, അവിടുന്ന് ക്രൂശിന്റെ മാർഗ്ഗത്തിലൂടെ (സ്വയം ത്യജിക്കുന്ന മാർഗ്ഗത്തിലൂടെ) നടന്ന് ഈ ലോകത്തിൻ്റെ ഇരുണ്ട രാത്രിയിൽ നഷ്ടപ്പെട്ടുപോയ ആടിനെ അന്വേഷിച്ച് കഷ്ടം അനുഭവിച്ചു. ഇപ്പോൾ അവിടുന്ന് അതേ വഴിയിലൂടെ നടക്കുവാൻ തൻ്റെ കാന്തയേയും ക്ഷണിക്കുന്നു. എന്നാൽ അവൾക്കു മനസ്സില്ല.

ഉത്തമഗീതം 6:4-10 വരെയുള്ള വാക്യങ്ങളിൽ കാന്തൻ കാന്തയോടുള്ള തൻ്റെ മതിപ്പ് പ്രകടിപ്പിക്കുന്നു. അവിടുന്ന് പറയുന്നത് "സകല സ്ത്രീകളുടെ ഇടയിലും, തൻ്റെ കാന്തയെ പോലെ മറ്റാരുമില്ല, തികഞ്ഞവളായ തൻ്റെ കാന്ത. മറ്റെല്ലാവർക്കും മുകളിൽ ഞാൻ അവളെ തിരഞ്ഞെടുത്തു". ഓരോ ഭർത്താവും തൻ്റെ ഭാര്യയെ നോക്കുന്നത് ഇതുപോലെ ആയിരിക്കണം: ഈ ലോകത്തിൽ ആകർഷകത്വമുള്ള അനേകം സ്ത്രീകൾ ഉണ്ട്, എന്നാൽ എൻ്റെ ഭാര്യയെ പോലെ ആരുമില്ല. എൻ്റെ കണ്ണുകളിൽ ഒന്നാമത്തേത് അവളാണ്. നമ്മെക്കുറിച്ച് നമ്മുടെ കർത്താവ് പറയുന്നത് അതാണ്. ഈ ലോകത്തിലുള്ള എല്ലാ ബുദ്ധിമാന്മാരെക്കാളും, ധനവാന്മാരെക്കാളും, മഹാന്മാരെക്കാളും അധികം അവിടുന്നു നമ്മെയാണ് വിലമതിക്കുന്നത്.

ഉത്തമഗീതം 7:1-9 വരെയുള്ള വാക്യങ്ങളിൽ കാന്തൻ തൻ്റെ കാന്തയെ പ്രശംസിക്കുന്നു. നാം വ്യക്തമായി കാണേണ്ടത് നമ്മുടെ എല്ലാ ബലഹീനതകളും ക്ഷീണതയും ഒന്നും വകവയ്ക്കാതെ നമ്മുടെ കർത്താവ് നമ്മെ പ്രശംസിക്കുകയും വിലമതിക്കുകയും ചെയ്യുന്നു എന്നതാണ്. അനേകം വിശ്വാസികൾ നിരന്തരമായ സ്വയം കുറ്റവിധിയോടു കൂടെ ജീവിക്കുന്നു, അതിനുള്ള ഏക കാരണം കർത്താവ് അവരെ പ്രശംസിക്കുന്നു എന്ന് അവർക്ക് വിശ്വസിക്കുവാൻ കഴിയുന്നില്ല എന്നതാണ്. കാന്തൻ കാന്തയുടെ ചുണ്ടുകളെ കുറിച്ച് പ്രശംസിച്ചപ്പോൾ, അത് വാസ്തവത്തിൽ അവൻ്റെ അധരങ്ങളെ കുറിച്ചാണ് കൂടുതൽ സത്യം എന്ന് പറഞ്ഞുകൊണ്ട് വേഗത്തിൽ പ്രതികരിക്കുന്നു (ഉത്തമ ഗീതം 7:9)! ഇത് ഈ രണ്ടുപേർ തമ്മിലുള്ള അടുത്ത സ്നേഹബന്ധത്തിന്റെ ഉന്നത നിലവാരത്തെക്കുറിച്ച് പറയുന്നു - ഈ വിധത്തിലുള്ള ഒരു അടുത്ത സ്നേഹബന്ധമാണ് നമുക്ക് കർത്താവിനോട് ഉണ്ടാകേണ്ടത്.

ഉത്തമഗീതം 7:11 ൽ (മലയാളം ബൈബിൾ) കാന്ത ഇപ്രകാരം പറയുന്നു, "ഞാൻ എ ൻ്റെ പ്രിയനുള്ളവൾ; അവൻ്റെ ആഗ്രഹം എന്നോടാകുന്നു". ഇവിടെ കാന്ത പറയുന്നത് കർത്താവ് എനിക്കുള്ളവൻ എന്നു മാത്രമല്ല, എന്നാൽ കർത്താവ് അവളിൽ പ്രസാദിച്ചിരിക്കുന്നു എന്നു കൂടിയാണ്. കർത്താവിന് "ഞാൻ നിന്നെ സ്‌നേഹിക്കുന്നു" എന്നു പറയുന്നത് ഒരു കാര്യം. കർത്താവിന് "ഞാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്നു" എന്നു പറയുന്നത് മറ്റൊരു കാര്യം. ഒരു ഭർത്താവ് തൻ്റെ ഭാര്യയെ സ്നേഹിക്കുന്നുണ്ടാകാം, എന്നാൽ നിങ്ങളുടെ ജീവിതത്തിലെ പല കാര്യങ്ങളോടും അദ്ദേഹം സന്തുഷ്ടനായി ഇരിക്കുകയില്ല. പക്വതയുള്ള സ്നേഹം കർത്താവിനെ പ്രസാദിപ്പിക്കുന്ന കാര്യം അന്വേഷിക്കുന്നു. ഇപ്പോൾ കാന്ത അവളുടെ കാന്തനോട് ചേർന്ന് ഒരു സഹപ്രവർത്തകയായി തീർന്നിട്ട് ഇപ്രകാരം പറയുന്നു, "പ്രിയാ വരിക, നാം വെളിമ്പ്രദേശത്തേക്ക് പോക (മലയാളം ബൈബിൾ - ഉത്തമഗീതം 7:12). ഇപ്പോൾ കാന്ത, കൊയ്ത്തിനു വെളുത്തിരിക്കുന്ന വയലുകളുള്ള, ആവശ്യത്തിലിരിക്കുന്ന ലോകത്തിനു വേണ്ടിയുള്ള തൻ്റെ കാന്തൻ്റെ ഉത്കണ്ഠ പങ്കിട്ടെടുക്കുന്നു. എന്നാൽ ആ വയലുകളിലേക്ക് നിങ്ങൾ തനിയെ പോകരുത്. നിങ്ങളുടെ പ്രിയനുമായി പോവുക. അവിടുത്തോട് ഒരു സ്നേഹബന്ധം പണിഞ്ഞിട്ട് അവിടുത്തെ സേവിക്കുക. നിങ്ങൾക്ക് അവിടുത്തേക്കുവേണ്ടി അധ്വാനിക്കുവാൻ കഴിയുന്ന വയലിന്റെ ഏറ്റവും നല്ല ഭാഗം ഏതാണെന്ന് അറിയുന്നവൻ അവിടുന്നാണ്.

ഇങ്ങനെയാണ് കഴിഞ്ഞ 60 വർഷങ്ങളായി, കർത്താവിൻ്റെ പൂർണ്ണസമയ ശുശ്രൂഷകനായി, കർത്താവിനെ ശുശ്രൂഷിക്കുവാൻ ഞാൻ ലക്ഷ്യം വച്ചിരിക്കുന്നത്. ഒരിടത്തും തനിയെ പോകാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ല. "കർത്താവേ അവിടുന്ന് പാത നയിക്കണേ ഞാൻ അങ്ങയുടെ കൂടെ വരും. വയലിലേക്ക് നമുക്കൊരുമിച്ച് പോകാം. അവിടുന്ന് എവിടെയാണ് പോകുന്നതെന്ന് എന്നോട് പറയുക. അവിടുന്ന് ഏതെങ്കിലും സ്ഥലത്ത് പോകുന്നില്ലെങ്കിൽ, എനിക്കും അവിടെ പോകാൻ ആഗ്രഹമില്ല". നാം കർത്താവിനോടുള്ള കൂട്ടായ്മയിലും വിധേയത്വത്തിലും. അവിടുത്തെ സേവിക്കുകയാണെങ്കിൽ, നമ്മുടെ ജീവിതങ്ങളിൽ ഒരു പൊങ്ങച്ചവും ഉണ്ടായിരിക്കുകയില്ല, മറ്റാരുടെയും ശുശ്രൂഷയോട് നമ്മുടെ ശുശ്രൂഷയെ താരതമ്യം ചെയ്യുകയുമില്ല.