ഒരു ഭാര്യക്കും ഭർത്താവിനും ഇടയിൽ പിശാച് കടന്നു വരാൻ അനുവദിക്കപ്പെട്ടാൽ, അവരുടെ ദാമ്പത്യം ഒരു വനഭൂമി പോലെ ആയിത്തീരും. സദൃശവാക്യം 24:30-32 വരെയുള്ള വാക്യങ്ങൾ ഇങ്ങനെ പറയുന്നു "ഞാൻ മടിയൻ്റെ കണ്ടത്തിനരികെയും ബുദ്ധിഹീനന്റെ മുന്തിരിത്തോട്ടത്തിൽ സമീപെയും കൂടി പോയി. അവിടെ മുള്ളു പടർന്നു പിടിച്ചിരിക്കുന്നതും തൂവ നിറഞ്ഞു നിലം മൂടിയിരിക്കുന്നതും അതിൻ്റെ കന്മതിൽ ഇടിഞ്ഞു കിടക്കുന്നതും കണ്ടു. ഞാൻ അതു നോക്കി വിചാരിക്കുകയും അതുകണ്ട് ഉപദേശം പ്രാപിക്കുകയും ചെയ്തു". ഒരു തോട്ടം അവഗണിക്കപ്പെടുമ്പോൾ, അത് പെട്ടെന്ന് ഇടതിങ്ങി വളരാൻ തുടങ്ങുന്നു. നിങ്ങൾ ഒരു തോട്ടത്തിൽ കളകൾ, മുള്ള്, ഞെരിഞ്ഞിൽ മുതലായവ വിതയ്ക്കേണ്ട ആവശ്യമില്ല കാരണം അവ തന്നെ വളർന്നുവരും. നിങ്ങൾ രണ്ടു വീടുകളുടെ അടുത്തുകൂടി കടന്നു പോകുമ്പോൾ അവയിൽ ഒന്നിന് മനോഹരമായ ഒരു പൂന്തോട്ടവും മറ്റേതിന് ചെടികൾ തിങ്ങിവളർന്ന് കാട് പോലെയുള്ള ഒരു തോട്ടവും ഉള്ളതായി കാണുന്നെങ്കിൽ, ആ മനോഹരമായ തോട്ടം സ്വയമേ അവിടെ ഉണ്ടായി വന്നതാണെന്ന് നിങ്ങൾ വിചാരിക്കുകയില്ല. ആ മനോഹരമായ തോട്ടം ഉള്ളയാൾ അധ്വാനിക്കുകയും അതു മനോഹരമാക്കുവാൻ കഠിന പ്രയത്നം ചെയ്യുകയും ചെയ്തിട്ടുണ്ടാകണം. നേരെമറിച്ച്, ആ കാടുപിടിച്ച തോട്ടം അങ്ങനെയാക്കുവാൻ അതിൻ്റെ ഉടമസ്ഥൻ വലിയ പ്രയത്നം ചെയ്തിട്ടുണ്ട് എന്ന് നിങ്ങൾ ചിന്തിക്കുകയില്ല -അയാളുടെ തോട്ടം അങ്ങനെയായത് അവഗണനയിലൂടെയാണ്.
ദാമ്പത്യത്തിലും അതേ പ്രമാണം പ്രയോഗിക്കുന്നു. നിങ്ങൾ മനോഹരമായ ഒരു ദാമ്പത്യ ബന്ധം കാണുന്നെങ്കിൽ, അത് സ്വാഭാവികമായി അങ്ങനെ ആയി തീർന്നതല്ല എന്നു നിങ്ങൾക്ക് തീർച്ചപ്പെടുത്താം. ഭർത്താവും ഭാര്യയും അതു മനോഹരമാക്കാൻ വേണ്ടി പ്രവർത്തിച്ചു. ഭർത്താവും ഭാര്യയും, രണ്ടുപേരും ക്രമമായി കളകൾ പിഴുതു കളയുകയും വെള്ളം ഒഴുക്കുകയും ചെയ്യാതെ ഒരു ദാമ്പത്യവും മനോഹരമായ ഒരു തോട്ടം പോലെ ആയിത്തീരുക അസാധ്യമാണ്. നേരെമറിച്ച്, നിങ്ങൾ നിങ്ങളുടെ ദാമ്പത്യത്തെ അവഗണിച്ചാൽ, അത് സ്വയമേ ഒരു വനഭൂമി പോലെ ആയിത്തീരും.
നിങ്ങൾ ശ്രദ്ധാലുക്കൾ അല്ലെങ്കിൽ, പിശാച് ഒരു കൊള്ളക്കാരനെ പോലെ നിങ്ങളുടെ ദാമ്പത്യ ബന്ധം നശിപ്പിക്കേണ്ടതിന് നിങ്ങളുടെ ഭാവനത്തിലേക്ക് വരും -സാവധാനത്തിൽ ആയിരിക്കാം എന്നാൽ തീർച്ചയായും വരും. അത് ഒരു രാത്രി കൊണ്ടും സംഭവിക്കുകയില്ല. കേവലം രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് ഒരു കാട് വളർന്നുവരികയില്ല. എല്ലാം നന്നായിരിക്കുന്നു എന്ന് നിങ്ങൾ ചിന്തിച്ചേക്കാം, എന്നാൽ നിങ്ങളുടെ ദാമ്പത്യം മെച്ചപ്പെടുത്തുന്ന കാര്യം നിങ്ങൾ അവഗണിച്ചാൽ, അത് സമയം കഴിയുംതോറും തീർച്ചയായും ഒരു വനഭൂമി ആയിത്തീരും.
നിങ്ങളുടെ പൂന്തോട്ടം നേരത്തെ തന്നെ ഒരു വനഭൂമി ആയി തീർന്നെങ്കിൽ എന്തുചെയ്യും? ഒരു വന ഭൂമിയെ വീണ്ടും ഒരു പൂന്തോട്ടം ആക്കി യഥാസ്ഥാനപ്പെടുത്തുവാൻ എങ്ങനെ കഴിയും എന്ന് നമുക്ക് നോക്കാം.
ദൈവം നമുക്കു രണ്ടു മഹത്തായ വാഗ്ദത്തങ്ങൾ തരുന്നു. ഒന്നാമത്തേത് യെശയ്യാവ് 51:3 ആണ് "യഹോവ അതിൻ്റെ മരുഭൂമിയെ ഏദെനെപ്പോലെയും അതിൻ്റെ നിർജനപ്രദേശത്തെ യഹോവയുടെ തോട്ടം പോലെയും ആക്കുന്നു" എത്ര അത്ഭുതകരമായ ഒരു വാഗ്ദത്തമാണത്! നിങ്ങളുടെ ജീവിതത്തിൽ അത് നിവൃത്തിയാക്കുവാൻ കർത്താവിനോട് ചോദിക്കുക. നിങ്ങൾ ചോദിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് അത് ലഭിക്കുകയില്ല. യാക്കോബ് 4:1 പറയുന്നു "നിങ്ങൾ യാചിക്കായ്ക കൊണ്ട് നിങ്ങൾക്ക് കിട്ടുന്നില്ല". അവിടുന്ന് വാഗ്ദത്തം ചെയ്തിരിക്കുന്നത് പോലെ നിങ്ങളുടെ വനഭൂമിയെ ഏദൻതോട്ടം പോലെ യഥാസ്ഥാനപ്പെടുത്തേണ്ടതിന് കർത്താവിനോട് യാചിക്കുക.
രണ്ടാമത്തെ വാഗ്ദത്തം വരുന്നത് യെഹെസ്കേൽ 36:34-36 വരെയുള്ള വാക്യങ്ങളിലാണ്, "വഴി പോകുന്ന ഏവരുടെയും കാഴ്ചയ്ക്ക് ശൂന്യമായി കിടന്നിരുന്ന പ്രദേശത്ത് കൃഷി നടക്കും. 'ശൂന്യമായി കിടന്നിരുന്ന ദേശം ഏദൻതോട്ടം പോലെയായി തീർന്നുവല്ലോ' എന്ന് അവർ പറയും. യഹോവയായ ഞാൻ അരുളി ചെയ്തിരിക്കുന്നു; ഞാൻ നിവർത്തിക്കുകയും ചെയ്യും". വഴി പോകുന്നവർക്കു പോലും അതിൻ്റെ അവസ്ഥ കാണത്തക്ക നിലയിൽ അത്ര മോശമായിരുന്ന ഒരു ദാമ്പത്യത്തെ കുറിച്ചാണ് ഈ പറയുന്നത്. എന്നാൽ ദൈവം പറയുന്നു, അത്രയും കുഴഞ്ഞ ദാമ്പത്യത്തെ അവിടുന്ന് യഥാസ്ഥാനപ്പെടുത്തുകയും അത് ശൂന്യഭൂമിയായി കിടന്നതായി കണ്ടവർ ഇപ്പോൾ അത് ഏദൻതോട്ടം പോലെ ആയി തീർന്നിരിക്കുന്നു എന്ന് പറയുകയും ചെയ്യും.
ഈ അത്ഭുതകരമായ വാഗ്ദത്തങ്ങൾ വായിച്ചതിനുശേഷം, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ മരുഭൂമിയുടെ അവസ്ഥ യഥാർത്ഥ പെടുത്തുവാൻ പരിശുദ്ധാത്മാവിന്റെ സഹായം കൂടാതെ നിങ്ങൾക്ക് കഴിയുകയില്ല എന്ന് ഓർക്കേണ്ടത് പ്രാധാന്യമുള്ള കാര്യമാണ് -വിവാഹ കൗൺസിലിംഗ് തന്ത്രങ്ങൾ കൊണ്ടോ അല്ലെങ്കിൽ പല പുസ്തകങ്ങൾ വായിക്കുന്നതിനാലോ അല്ല, എന്നാൽ പരിശുദ്ധാത്മാവിന്റെ സഹായത്തിലൂടെ മാത്രം. യെഹെസ്കേൽ 36:26 ൽ ദൈവം തൻ്റെ പരിശുദ്ധാത്മാവിനെ നമുക്ക് വാഗ്ദാനം ചെയ്തിരിക്കുന്നു: "ഞാൻ നിങ്ങൾക്കു പുതിയൊരു ഹൃദയം തരും;പുതിയൊരു ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കും;കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽ നിന്നും നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്ക് തരും. ഞാൻ എൻ്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിൽ ആക്കും". ഉൽപ്പത്തി 2:10 ൽ, നാം വായിക്കുന്നത് ഏദൻ തോട്ടത്തിൽ കൂടി ഒഴുകുന്ന ഒരു നദി ഉണ്ടായിരുന്നു എന്നാണ്. ആ നദി നമ്മുടെ ദാമ്പത്യ ജീവിതമാകുന്ന പൂന്തോട്ടത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന പരിശുദ്ധാത്മാവിന്റെ ഒരു ചിത്രമാണ്,സകലവും പുതുതാക്കിക്കൊണ്ട്.
നമ്മുടെ മരുഭൂവി യഥാസ്ഥാനപ്പെടുത്തുന്നതിലുള്ള നമ്മുടെ നിസ്സഹായ അവസ്ഥ അംഗീകരിച്ച ദൈവത്തോട് നാം സഹായത്തിനായി കേഴുമ്പോൾ, അവിടുന്നു നമ്മെ സഹായിക്കും! സങ്കീ. 127:1 പറയുന്നു, "യഹോവ വീട് പണിയാതിരുന്നാൽ പണിയുന്നവർ വൃഥാ അധ്വാനിക്കുന്നു". കർത്താവ് നമ്മെ സഹായിക്കാതിരുന്നാൽ നമ്മുടെ ദാമ്പത്യം ഒരു പൂന്തോട്ടമായി മാറ്റുന്നതിനുള്ള നമ്മുടെ എല്ലാ അധ്വാനവും വ്യർത്ഥമാകും.കൂടാതെ ഇപ്പോൾ നമുക്ക് ഒരു തോട്ടമുണ്ടെങ്കിൽ, കർത്താവ് അതിനെ കാവൽ ചെയ്യുന്നില്ലെങ്കിൽഅത് മരുഭൂമിയായി തീരുന്നതിൽ നിന്ന് അതിനെ സംരക്ഷിക്കുവാൻ നമുക്ക് കഴിയുകയില്ല.
ഇന്ന് നിങ്ങളുടെ ദാമ്പത്യ ബന്ധം എങ്ങനെയുണ്ട്? അതൊരു വനഭൂമിയാണോ? നിങ്ങളുടെ ദാമ്പത്യം എന്നെങ്കിലും ഒരു തോട്ടത്തിന്റെ അവസ്ഥയിലേക്ക് യഥാസ്ഥാനപ്പെടുത്താൻ കഴിയുമെന്ന് പ്രതീക്ഷ നിങ്ങൾ ഉപേക്ഷിച്ചോ? "എനിക്കുള്ള എൻ്റെ പങ്കാളിയോട് ചേർന്ന് ഒരു പൂന്തോട്ടം ഉണ്ടായിരിക്കുന്നത് അസാധ്യമാണ്" എന്ന് നിങ്ങൾ പറയാറുണ്ടോ? കൃത്യമായി അതുതന്നെ പറയണമെന്നാണ് പിശാച് ആഗ്രഹിക്കുന്നത്. എന്നാൽ നാം ഒരിക്കലും പ്രതീക്ഷ കൈവിടരുത്. നിങ്ങൾ യഥാസ്ഥാനത്തെ കുറിച്ചുള്ള ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ കണ്ടതിനാൽ, നിങ്ങളുടെ ദാമ്പത്യ ജീവിതത്തിനു വേണ്ടി അവയെ വിശ്വാസത്തോടെ അവകാശപ്പെടുക. യെഹെസ്കേൽ 36:37പറയുന്നു, "യഹോവ ഇപ്രകാരം അരുളി ചെയ്യുന്നു, ഞാൻ അവർക്ക് വേണ്ടി അത് ചെയ്യേണ്ടതിന് അവർ എന്നോട് അപേക്ഷിക്കുന്നതുവരെ ഞാൻ കാത്തിരിക്കും". നാം ദൈവത്തോട് അപേക്ഷിക്കുമ്പോൾ മാത്രമേ അവിടുന്ന് അത് നമുക്ക് വേണ്ടി ചെയ്തു തരികയുള്ളൂ. അതുകൊണ്ട്, നിങ്ങൾ കർത്താവിൻ്റെ അടുക്കൽ വന്നിട്ട് ഇപ്രകാരം പറയുക, "കർത്താവേ എൻ്റെ ദാമ്പത്യത്തിൽ അവിടുത്തേക്ക് ഇത് ചെയ്യാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു! ഞാൻ പ്രത്യാശ കൈവിടുകയില്ല".