ഒരു ഭാര്യയും ഭർത്താവും ഒരുമിച്ച് ഒരു ഭവനം പണിയാൻ ശ്രമിക്കുമ്പോൾ, ഒരു സമയത്ത് അവർ അത് ഒരു ഇഷ്ടിക കൊണ്ടു പണിയുന്നു. ഇത് ഭൗതികമായും ആത്മീയമായും സത്യമാണ്. നാം ഉപയോഗിക്കുന്ന ആത്മീക ഇഷ്ടികകൾ എന്താണ്?
അവർക്ക് അന്യോന്യമുള്ള ചിന്തകളെയും അവർ തമ്മിൽ തമ്മിൽ സംസാരിക്കുന്ന വാക്കുകളെയും അവർ തങ്ങളുടെ ഭവനം പണിയാൻ ഉപയോഗിക്കുന്ന ഇഷ്ടികകളോട് ഉപമിക്കാം. നിങ്ങളുടെ സ്വന്തം ഭവനം പണിയാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് ഏതിനം ഇഷ്ടികയാണ് എന്ന് തീരുമാനിക്കാൻ നിങ്ങൾക്കു മാത്രമാണ് കഴിയുന്നത്.അനേകം ദമ്പതികൾ ഉപയോഗിക്കുന്ന ഇഷ്കയുടെ ഗുണനിലവാരം വച്ചു നോക്കുമ്പോൾ, അവരുടെ ഭവനം തകർന്നുവീഴുന്നതിൽ ഒരു അതിശയവുമില്ല.
ഭൗതികമായ ഒരു വീട് പണിയുമ്പോൾ, നീണ്ടുനിൽക്കുന്ന ഒരു രൂപഘടന നമുക്ക് ആഗ്രഹമുള്ളതുകൊണ്ട് പരിശോധിക്കപ്പെട്ട ഗുണനിലവാരമുള്ള ഇഷ്ടികകൾ ഉപയോഗിക്കാൻ നാം വളരെ ശ്രദ്ധാലുക്കളാണ്. എന്നാൽ ഭൗതികമായ ഭവനങ്ങൾ നിത്യമല്ല. അവ ഒരു നാൾ നശിപ്പിക്കപ്പെടും. നാം നമ്മുടെ ദൃഷ്ടികേന്ദ്രം ഉറപ്പിക്കേണ്ട യഥാർത്ഥ ഭവനം, മുഴുവൻ നിത്യതയ്ക്കുവേണ്ടി നാം പണിയുന്ന നമ്മുടെ ജീവിതപങ്കാളിയുമായുള്ള ബന്ധമാണ്. അപ്പോൾ നിങ്ങൾ തമ്മിലുള്ള ബന്ധത്തിൽ ഉണ്ടാകുന്ന ചിന്തകളെയും വാക്കുകളെയും സൂക്ഷിക്കുക. പരസ്പരം അവ നിർമ്മലതയുടെയും നന്മയുടേയും ആയിരിക്കട്ടെ.
എബ്രാ. 12:15 കയ്പിന്റെ വേരിനെതിരെ മുന്നറിയിപ്പ് നൽകുന്നു. നമ്മുടെ ജീവിതപങ്കാളിക്ക് നേരെ നമ്മുടെ ഹൃദയത്തിൽ ഇതിനു രൂപപ്പെടാൻ കഴിയും. വേദ പുസ്തകം കൊലൊ. 3:19 ൽ ഭാര്യമാരോട് കയ്പ്പ് ആയിരിക്കുകയും അരുത് എന്നും ഭർത്താക്കന്മാരോട് കൽപ്പിച്ചിരിക്കുന്നു. കയ്പ്പു പോലെയുള്ള ചിന്തകളും മനോഭാവങ്ങളും മരണത്തിനേൽപ്പിക്കണം. നമ്മുടെ ചിന്താജീവിതത്തിൽ, രക്തത്തിൻ്റെ ഒരടയാളം ഉണ്ടായിരിക്കണം - നാം മരിക്കുന്ന ഒരു ക്രൂശ്. സ്നേഹഹീനമായചിന്തകൾ, സ്വാർത്ഥ ചിന്തകൾ, കൂടാതെ ഭിന്നതയുണ്ടാക്കുന്ന ചിന്തകൾ ഇവയെ ഞാൻ മരണത്തിന് ഏൽപ്പിക്കേണ്ടതുണ്ട്. പിശാച് തൻ്റെ പാറകളും ഇഷ്ടികകളും നിങ്ങളുടെ വീടു പണിയാൻ നിങ്ങൾ ഉപയോഗിക്കുമെന്ന പ്രതീക്ഷയിൽ, നിങ്ങളുടെ കയ്യിൽ വയ്ക്കുവാൻ ആയി അവൻ എപ്പോഴും നിങ്ങളുടെ അടുത്തുതന്നെയുണ്ട് എന്നത് ഒരിക്കലും മറക്കരുത്. നമ്മുടെ പങ്കാളിക്കു നേരെ കഠിനവും, സ്വാർത്ഥതയുള്ളതും കയ്പ്പുള്ളതും സംശയകരമായ ചിന്തകളും ഉണ്ടാക്കാൻ വരുന്ന പ്രലോഭനങ്ങളെക്കുറിച്ച് നമ്മിൽ വിവാഹിതരായവർക്കറിയാം. നമ്മുടെ താൽപര്യങ്ങളെ കുറിച്ചു മാത്രം ചിന്തിച്ചു കൊണ്ട് നമ്മെക്കൊണ്ടു വീടു പണിയുന്നതിന് സ്വാർത്ഥതയുടെ ഇഷ്ടിക പിശാച് കൊണ്ടുവരുന്നു. അവൻ നിങ്ങളുടെ ജീവിതപങ്കാളിക്കു നേരെ സംശയത്തിന്റെ ഇഷ്ടിക കൊണ്ടുവരുന്നു. സംശയത്തിനു മരിച്ചിട്ട് വിശ്വസിക്കാൻ പഠിക്കുക. പിശാച് കൊണ്ടുവരുന്ന ഏറ്റവും ചീത്തയായ ഇഷ്ടികകളാണ് സംശയ വിചാരങ്ങൾ.
അതുപോലെ, നാം സംസാരിക്കുന്ന വാക്കുകളും നാം നമ്മുടെ ഭവനം പണിയാൻ ഉപയോഗിക്കുന്ന ഇഷ്ടികകളാണ്. വിവാഹിതരായവർ പറയുന്ന എല്ലാ വാക്കുകളും റെക്കോർഡ് ചെയ്ത് വീണ്ടും കേട്ടാൽ (ന്യായവിധി നാളിൽ വാസ്തവമായി സംഭവിക്കാൻ പോകുന്നത്), നമ്മിൽ എത്രപേർ അത് കേൾക്കുന്നത് ആസ്വദിക്കും എന്നു ഞാൻ അത്ഭുതപ്പെടുന്നു. അതോ നാം ഓടിയൊളിക്കുമോ? തമ്മിൽ തമ്മിൽ ദയയും. സ്നേഹവുമുള്ള വാക്കുകൾ സംസാരിച്ചിരിക്കുന്ന ചില ദമ്പതികൾക്ക് അത് എത്ര അത്ഭുതകരമായിരിക്കും. ന്യായവിധി ദിവസത്തിൽ ലോകം മുഴുവൻ അവരുടെ സംഭാഷണം കേട്ടാലും അവർക്ക് ധൈര്യമുണ്ടായിരിക്കും.
നാം പൂർണ്ണതയുള്ളവരല്ല, എന്നാൽ നമ്മെ തന്നെ വിനയപ്പെടുത്തുന്നതിനും, നല്ല വാക്കുകൾ സംസാരിക്കുന്നതിനും, പിശാച് നമ്മുടെ നാവിൽ ഇട്ടു തരുന്ന ചീത്ത വാക്കുകളെ മരണത്തിന് ഏൽപ്പിക്കാനും പഠിക്കാൻ നമുക്ക് കഴിയും. ഭാര്യാഭർത്താക്കന്മാർ തമ്മിൽ തമ്മിൽ സംസാരിക്കുന്ന എല്ലാ ദുഷിച്ച വാക്കുകളെ കുറിച്ചും ചിന്തിക്കുക ('നിങ്ങളുടെ അച്ഛൻ അങ്ങനെ ആയിരുന്നു', അല്ലെങ്കിൽ 'നിൻ്റെ സഹോദരി ഇങ്ങനെയായിരുന്നു' തുടങ്ങിയവ). അനേകർ അത്തരം ഇഷ്ടികകൾ കൊണ്ട് തങ്ങളുടെ ഭവനങ്ങൾ പണിയുന്നു എന്നത് സങ്കടകരമാണ്. എന്നാൽ അത്തരം പരിതാപകരമായ നിലവാരത്തിന്റെ നടുവിൽ ദൈവം തന്റെ വചനത്തിൽ നൽകിയിരിക്കുന്ന രൂപരേഖ പ്രകാരം, ദൈവത്തെ മഹത്വീകരിക്കുന്ന ഒരു ഭവനം നാം പണിയേണ്ടതുണ്ട്.
എഫെ. 4:29 പറയുന്നു, "ആകാത്ത വാക്കുകൾ ഒന്നും നിങ്ങളുടെ വായിൽ നിന്നും പുറപ്പെടരുത്". ആകാത്ത വാക്കുകൾ ദ്രവിച്ച ഇഷ്ടികയ്ക്ക് തുല്യമാണ്. നമ്മൾ ഭാര്യ ഭർത്താക്കന്മാർ എന്ന നിലയിൽ, ഈ ലളിതമായ നിയമം പിന്തുടരുമെങ്കിൽ: നമ്മുടെ ജീവിതപങ്കാളിയോട് കൃപയുള്ള വാക്കുകൾ മാത്രമേ പറയൂ എന്ന കാര്യം - വർഷങ്ങൾ ചെലവഴിച്ച് ആളുകൾ പണിതിരിക്കുന്ന എല്ലാജീർണ്ണിച്ച ഭവനങ്ങളേക്കാൾ, ഒരു വർഷം കൊണ്ട് നല്ല ഒരു ഭവനം നമുക്കുണ്ടാക്കാൻ കഴിയും. അത് നമ്മിൽ ഓരോരുത്തർക്കും തീർച്ചയായുമുള്ള ഒരു സാധ്യതയാണ്. നിങ്ങളുടെ ഭവനത്തിലുള്ള മറ്റാരെയെങ്കിലും കുറിച്ച് ദൂഷണം പറയാനുള്ള പ്രലോഭനങ്ങൾ ഉണ്ടാകാം. എന്നാൽ അത് ഒരു പ്രലോഭനം മാത്രമാണ്. ആരെങ്കിലും നിങ്ങളുടെ ഭവനം സന്ദർശിക്കുകയും നിങ്ങൾ പരദൂഷണം പറയാൻ തുടങ്ങുകയും ചെയ്താൽ, നിങ്ങൾ ജീർണ്ണിച്ച ഇഷ്ടികകൾ കൊണ്ട് നിങ്ങളുടെ ഭവനം പണിയുകയാണ്. പിശാച് ജീർണ്ണിച്ച ഇഷ്ടിക നിങ്ങൾക്ക് കൈമാറുകയും നിങ്ങൾ മനസ്സോടെ അവ സ്വീകരിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ഭവനത്തോട് അത് ചെയ്യാൻ അവനെ അനുവദിക്കരുത്. നിങ്ങൾ ദൈവത്തിൻ്റെ രൂപരേഖ ഗൗരവത്തോടെ പിന്തുടരുമെന്ന് തീരുമാനിച്ചാൽ നിങ്ങൾക്ക് ഒരു സ്വർഗീയമായ ഭവനം ഉണ്ടാകും -അതിന് ഒരു സംശയവുമില്ല.
ആവർത്തന പുസ്തകം 3:16 ൽ ദൈവത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത് "മുൾപ്പടർപ്പിൽ വസിക്കുന്നവൻ" എന്നാണ്. അതു സൂചിപ്പിക്കുന്നത് കത്തുന്ന മുൾപ്പടർപ്പിൽ നിന്ന് 'ദൈവം മോശെയോടു സംസാരിക്കുന്നതിനെ വിവരിക്കുന്ന പുറപ്പാട് 3-ാം അധ്യായമാണ്. ബൈബിളിൽ പറയപ്പെട്ടിരിക്കുന്ന ദൈവത്തിൻ്റെ ആദ്യത്തെ വാസസ്ഥലം ഇതാണ്. ആ മുൾച്ചെടിയിൽ തീ കത്തുമ്പോൾ അതിൽ ഏതെങ്കിലും കീടങ്ങളോ അണുക്കളോ അതിജീവിക്കും എന്നു നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? തീ ഓരോ കീടത്തെയും അണുക്കളെയും നശിപ്പിക്കും. നമുക്ക് ആ തീ ആവശ്യമാണ് - പരിശുദ്ധാത്മാവിന്റെ അഗ്നി - നമ്മുടെ വീട്ടിലുള്ള എല്ലാ കീടങ്ങളെയും അണുക്കളെയും നശിപ്പിക്കാൻ. ഞാൻ സൂചിപ്പിക്കുന്നത് ഏത് കീടങ്ങളെയും അണുക്കളെയുമാണ്? അന്യോന്യമുള്ള ദൈവികമല്ലാത്ത ചിന്തകൾ, നാം സംസാരിക്കുന്ന ദയയില്ലാത്ത, ദുഷിച്ച വാക്കുകൾ, അനാവശ്യമായ പരദൂഷണം മുതലായവ. നാം പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ടിരിക്കുമ്പോൾ, പരിശുദ്ധാത്മാവിൻ്റെ അഗ്നി നമ്മുടെ ഭവനത്തിന്മേൽ ഉള്ളപ്പോൾ, നമുക്ക് അണുവിമുക്തമാക്കപ്പെട്ട ഒരു ഭവനം ഉണ്ടായിരിക്കും. നമ്മുടെ ഭവനം ഭൗതികമായി വൃത്തി ഇല്ലാത്തത് ആണെങ്കിലും സാരമില്ല, എന്നാൽ നമ്മുടെ വാക്കുകളും ചിന്തകളും ശുദ്ധിയുള്ളതായിരിക്കണം.
ദൈവം എന്തിനെക്കുറിച്ചാണ് വിചാരിക്കുന്നത് എന്നതും മനുഷ്യൻ എന്തിനെക്കുറിച്ചാണ് വിചാരിക്കുന്നത് എന്നതും തമ്മിലുള്ള വ്യത്യാസം ഇതാണ്. പരീൾന്മാർ പുറമേ വെടിപ്പുള്ളവർ ആണ്, എന്നാൽ യേശുവിൻ്റെ ശിഷ്യന്മാർ അന്തർഭാഗം വെടിപ്പായി സൂക്ഷിക്കുന്നു. അവരുടെ ചിന്തകളും വാക്കുകളും ദൈവത്തിന് അവരുടെ ഭവനങ്ങളിൽ വസിക്കത്തക്ക വിധം നേരുള്ളതാണ്. നാം ഇതിനായി അന്വേഷിച്ചാൽ, നമ്മുടെ ഭവനം പഴയ നിയമത്തിൽ ദൈവത്തിൻ്റെ തേജസ് ഇറങ്ങിവന്ന സമാഗമന കൂടാരം പോലെയായിരിക്കും. അതുപോലെയുള്ള പല ഭവനങ്ങൾ നമുക്കുണ്ടെങ്കിൽ അത് അത്ഭുതകരമായിരിക്കും. മുൾപ്പടർപ്പിൽ വസിക്കുന്ന ദൈവം അവിടുത്തേക്ക് മഹത്വപ്പെടാൻ കഴിയുന്ന ഒരു ഭവനത്തിനുള്ളിലും വസിക്കും.