WFTW Body: 

"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ,എന്തുകൊണ്ടെന്നാൽ അവർ ദൈവത്തെ കാണും" (മത്താ. 5:8).നമ്മുടെ ഹൃദയത്തിലുള്ള നിർമ്മലതയുടെ അഭാവമാണ് നമ്മുടെ കണ്ണുകളെ കുരുടാക്കുന്നത്. ഹൃദയശുദ്ധിയുള്ളവർക്ക് അവിടുന്നു വെളിപ്പെടുത്തി കൊടുക്കുന്ന ദൈവത്തെക്കുറിച്ചുള്ള അനേകം കാര്യങ്ങളുണ്ട്. ലൂക്കൊ. 11:34 ൽ കണ്ണിനെ കുറിച്ച് ശരീരത്തിൻ്റെ വിളക്കായി പറഞ്ഞിരിക്കുന്നു. ആ ലേഖന ഭാഗത്തെ മത്തായി 5:8 നോട് ബന്ധിപ്പിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു ("ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ, കാരണം അവർ ദൈവത്തെ കാണും").

"കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും" (ലൂക്കൊ. 11:34). അന്ധനായിരിക്കുക എന്നതിൻ്റെ അർത്ഥമെന്താണെന്ന് അറിയണമെങ്കിൽ, നിങ്ങളുടെ കണ്ണ് വെറുതെ ഒന്ന് അടച്ചിട്ട് അന്ധത എന്താണെന്ന് നിങ്ങൾ അറിയുക. പുറത്തുള്ള വെളിച്ചം അല്പം പോലും ഉള്ളിലേക്ക് വരുന്നില്ല അതുകൊണ്ട് നിങ്ങൾക്ക് ഒന്നും കാണാൻ കഴിയുന്നില്ല. "ശരീരത്തിന്റെ വിളക്ക് കണ്ണ് ആകുന്നു, എന്നാൽ നിങ്ങളുടെ കണ്ണ് ചൊവ്വല്ലാത്തതോ അല്ലെങ്കിൽ അന്ധമോ, അല്ലെങ്കിൽ തിമിരം നിറഞ്ഞതോ ആണെങ്കിൽ, അപ്പോൾ നിങ്ങളുടെ ശരീരം മുഴുവൻ ഇരുട്ട് നിറഞ്ഞതാണ്. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ സൂക്ഷിക്കുക. നിൻ്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ,വിളക്ക് തിളക്കം കൊണ്ട് നിന്നെ പ്രകാശിപ്പിക്കും പോലെ അശേഷം പ്രകാശിതമായിരിക്കും" (ലൂക്കൊ. 11:34-36).

ഈ വാക്യം മനസ്സാക്ഷിയെ കുറിച്ചുള്ള ഒരു സൂചനയാണ്. മനസ്സാക്ഷി ഹൃദയത്തിന്റെ കണ്ണാണ്. നിങ്ങളുടെ മനസ്സാക്ഷി തെളിവുള്ളതാണെങ്കിൽ, നിങ്ങളുടെ ഹൃദയം പ്രകാശം കൊണ്ടു നിറഞ്ഞിരിക്കുന്നു അതുകൊണ്ട് നിങ്ങൾക്ക് ദൈവത്തെ കാണാൻ കഴിയും. എന്നാൽ നിങ്ങളുടെ മനസ്സാക്ഷി നിർമ്മലമായി സൂക്ഷിക്കുന്ന കാര്യം നിങ്ങൾ അവഗണിക്കുമ്പോൾ, അതായത് നിങ്ങൾ എന്തെങ്കിലും തെറ്റായി ചെയ്തിട്ട് ഏറ്റു പറയാതിരിക്കുമ്പോൾ -അതിന്റെ കുറ്റം നിങ്ങൾ ഏറ്റെടുക്കാതെ, അതിൻ്റെ കുറ്റം മറ്റാരുടെയെങ്കിലും മേൽ ചുമത്താൻ ശ്രമിച്ചാൽ - ആ കണ്ണ് കുറച്ചു കുറച്ചായി മങ്ങുകയും ദൈവത്തെക്കുറിച്ചുള്ള കാഴ്ച നഷ്ടപ്പെടുകയും ചെയ്യുന്നു. അപ്പോഴും നിങ്ങൾക്ക് വേദപുസ്തകത്തെ കുറിച്ചുള്ള അറിവു കൊണ്ടു നിറഞ്ഞ ഒരു തലയുണ്ടായിരിക്കാൻ കഴിയും, എന്നാൽ നിങ്ങൾ ഇനി ഒരിക്കലും ദൈവത്തെ കാണുകയില്ല, കാരണം തലയ്ക്കകത്തുള്ള അറിവുമായി അതിനൊരു കാര്യവുമില്ല, അതിനു കാര്യം ഉള്ളത് ഹൃദയത്തിൻ്റെ നിർമ്മലതയുമായാണ്.

ഈ വാക്യത്തെ പ്രയോഗക്ഷമമായ മറ്റൊരു വിധത്തിൽ നോക്കാൻ കഴിയും. നമ്മുടെ ഹൃദയം ശുദ്ധമായിരിക്കുമ്പോൾ, നമ്മുടെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ കാണുന്നതിനേയും ഇത് സൂചിപ്പിക്കുന്നു എന്നു നമുക്ക് പറയാൻ കഴിയും. എൻ്റെ ഹൃദയം ശുദ്ധമായിരിക്കുമ്പോൾ, ഞാൻ ചുറ്റും നോക്കിയിട്ട് എൻ്റെ എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ കാണുവാൻ കഴിയും, അവിടുന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവിടുന്ന് പറയുന്ന എല്ലാ കാര്യങ്ങളിലും. നിയന്ത്രണം ദൈവത്തിൻ്റെ കയ്യിൽ ആണെന്ന് എനിക്കു പറയാൻ കഴിയും,മറ്റുള്ളവർ എന്നോട് ചെയ്യുന്ന തിന്മയിൽ പോലും, ദൈവം അതെൻ്റെ നന്മയ്ക്കായി ഉപയോഗിക്കുന്നത് എനിക്ക് കാണാൻ കഴിയും. അവിടുത്തേക്ക് സംഭവിച്ച ഏറ്റവും തിന്മയായ കാര്യത്തിൽ പോലും യേശുവിനു ദൈവത്തെ കാണാൻ കഴിഞ്ഞു. റോമൻ പടയാളികൾ തന്നേ പിടിക്കാൻ ഗതസമനയിൽ വന്നപ്പോൾ, പത്രൊസിന് ആകെ കാണാൻ കഴിഞ്ഞത് കുടിലചിത്തനായ വഞ്ചകൻ യൂദാസ് യേശുക്രിസ്തുവിനെ ഒറ്റിക്കൊടുക്കുന്നതും ദുഷ്ടരായ റോമൻ പടയാളികൾ അവൻ്റെ ഗുരുവിനെ പിടിക്കാനായി വരുന്നതുമാണ്. എന്നാൽ യേശു അവരെ കണ്ടില്ല. അവിടുന്ന് ഇപ്രകാരം പറഞ്ഞു, "എൻ്റെ പിതാവ് എനിക്കു തന്നിരിക്കുന്ന പാനപാത്രം ഞാൻ കുടിക്കേണ്ടതല്ലയോ?" ഇതു കൊണ്ടുവന്ന പോസ്റ്റ്മാൻ ഇസ്കര്യോത്ത യൂദയോ അല്ലെങ്കിൽ പരീശന്മാരോ, മഹാപുരോഹിതന്മാരോ ആകാം, എന്നാൽ ആത്യന്തികമായി ആ പാനപാത്രം പിതാവിൽ നിന്നും വന്നതാണ്. ആ എഴുത്ത് നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്നാണു വന്നതെങ്കിൽ, പോസ്റ്റ്മാൻ ഒരു ദുഷ്ടനെപ്പോലെയാണ് ഇരിക്കുന്നത് എന്നതിൽ എന്താണ് കാര്യമുള്ളത്?

യേശുവിൻ്റെ ഹൃദയം ശുദ്ധമായിരുന്നു; അതുകൊണ്ട്, അവിടുന്ന് ഓരോ കാര്യത്തിലും ദൈവത്തെ കണ്ടു. അതുകൊണ്ടാണ് പിടിക്കപ്പെടുന്നതും, നിന്ദിക്കപ്പെടുന്നതും, ക്രൂശിക്കപ്പെടുന്നതും അംഗീകരിക്കാൻ അവിടുത്തേക്ക് കഴിഞ്ഞത്. അവിടുത്തെ ഹൃദയം ശുദ്ധമായിരുന്നതുകൊണ്ട് ഓരോ കാര്യത്തിലും അവിടുന്ന് ദൈവത്തെ കണ്ടു. നാം ദൈവത്തെ പൂർണ്ണഹൃദയം കൊണ്ടു സ്നേഹിക്കുകയും നാം അവിടുത്തെ ഉദ്ദേശ്യപ്രകാരം വിളിക്കപ്പെടുകയും ചെയ്തിരിക്കുന്നെങ്കിൽ, അപ്പോൾ സകലവും നമ്മുടെ നന്മയ്ക്കായി ചേർന്ന് പ്രവർത്തിക്കുന്നു (റോമ. 8:28). നമ്മുടെ ഹൃദയം ശുദ്ധമാണെങ്കിൽ, അപ്പോൾ ദൈവം സകലവും നമ്മുടെ നന്മയ്ക്കാക്കി തീർക്കുന്നു, നമ്മുടെ ആഗ്രഹങ്ങളുമായി ചേരാത്തതായി തോന്നുന്ന, മറ്റുള്ളവർ നമ്മോട് ചെയ്യുന്ന തിന്മകളെ നാം കാണുമ്പോൾ,നമുക്ക് ഇങ്ങനെ പറയാൻ കഴിയും, "ദൈവം അവിടെ ഉണ്ട്". ഇതുകൊണ്ടാണ് ഹൃദയശുദ്ധിയെ പിന്തുടരുന്നതിൽ വളരെ വലിയ അനുഗ്രഹമുള്ളത്.

നാം കൂടുതൽ തിരുവചനം മനസ്സിലാക്കുമ്പോൾ, തിരുവചനത്തിൽ നാം യേശുവിനെ കൂടുതൽ കാണും. മിക്കയാളുകളും തിരുവചനം പഠിച്ചിട്ട് യേശുവിനെ കാണുന്നില്ല. അവർ ഒരു ഉപദേശം കണ്ടിട്ട് ആ ഒരു ഉപദേശത്തിനു വേണ്ടി അവർ പോരാടുന്നു. എന്നാൽ നമ്മുടെ ഹൃദയം ശുദ്ധമായിരിക്കുകയും നമ്മുടെ കണ്ണുകൾ തെളിമയുള്ളതായിരിക്കുകയും ആണെങ്കിൽ മറ്റുള്ളവർ ഒരു ഉപദേശത്തെ കാണുന്ന അതേ വചനം, നമുക്കത് യേശുവിനെ വെളിപ്പെടുത്തി തരും. പരിശുദ്ധാത്മാവ് കാട്ടിത്തരുന്ന യേശുവിൻ്റെ തേജസ് നാം കാണുകയും അത് നമ്മുടെ ഹൃദയത്തെ അവിടുത്തെ അടുത്തേക്ക് വലിച്ച് അടുപ്പിക്കുകയും ചെയ്തിട്ട് അവിടുത്തോട് കൂടുതൽ അടുത്ത് അവിടുത്തെ പിൻഗമിക്കുവാൻ കഴിയേണ്ടതിന് നമ്മെ സഹായിക്കുകയും ചെയ്യുന്നു.

രാവും പകലും നമുക്ക് ദൈവത്തോട് നിരന്തരമായ ഒരു കരച്ചിൽ ഉണ്ടാകണം, ആ വിധവയുടെ ഉപമയിൽ യേശു പറഞ്ഞതുപോലെ (ലൂക്കൊ. 18:7 കാണുക) - "ദൈവത്തിൻ്റെ വൃതന്മാർ രാവും പകലും അവിടുത്തോടു നിലവിളിക്കുന്നു". ആ വിധവയെ പോലെ നമുക്കൊരു കരച്ചിൽ ഉണ്ടായിരിക്കണം, ശത്രുവിന്റെ ശക്തിയിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനായി, പരിശുദ്ധാത്മാവിന്റെ അഗ്നി ഒരിക്കലും നഷ്ടപ്പെടാത്തവിധം വിശുദ്ധിയും ശക്തിയും ഉള്ള ഒരു ജീവിതത്തിനുവേണ്ടി. പാപകരമായ ഒരൊറ്റ ചിന്തയാണെങ്കിൽ പോലും എയിഡ്സ് രോഗത്തെ ഭയപ്പെടുന്നതിനേക്കാൾ അധികം, നാം അതിനെ ഭയപ്പെടണം (അശുദ്ധിയുടെയോ, വെറുപ്പിന്റെയോ, ലൗകികതയുടെയോ അല്ലെങ്കിൽ പണ സ്നേഹത്തിന്റെയോ ചിന്ത'). ഒരു സമയം ദൈവം പറഞ്ഞു, യിസ്രായേലിൽ "ദൈവത്തിൻ്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവനും തന്നെ മുറുകെ പിടിപ്പാൻ ഉത്സാഹിക്കുന്നവനും ആരുമില്ല" (യെശ. 64:7). തിമൊഥെയൊസിനു പോലും അവനിലുള്ള ആത്മാവിൻ്റെ അഗ്നിയെ ജ്വലിപ്പിക്കേണ്ടതുണ്ടായിരുന്നു (2 തിമൊ. 1:6). ദൈവം സ്വയമേവ ഒന്നും നമ്മിൽ ചെയ്യുന്നില്ല, കാരണം അതു നമ്മുടെ സ്വതന്ത്ര ഇച്ഛയെ നമ്മിൽ നിന്നും കവർന്നെടുക്കുന്നു. എന്നാൽ, അവിടുത്തേക്കു വേണ്ടിയും നമ്മുടെ ജീവിതത്തിൽ അവിടുത്തെ ഏറ്റവും നല്ലതിനുവേണ്ടിയും ഏറ്റവും ചെറിയ ഒരാഗ്രഹമെങ്കിലും അവിടുന്ന് കാണുമ്പോൾ, നമ്മെ സഹായിക്കാൻ അവിടുന്ന് ശക്തനാണ്.

പൗലൊസ് ചെയ്തതുപോലെ ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പിൽ തങ്ങളുടെ മനസ്സാക്ഷി നിർമ്മലമായി സൂക്ഷിക്കുവാൻ പൂർണ്ണഹൃദയത്തോടെ അന്വേഷിക്കുകയും അതിലൂടെ ഹൃദയശുദ്ധിയുള്ളവരായിരിക്കുകയും ചെയ്യുന്നവർ ഭാഗ്യവാന്മാർ, കാരണം അവർ എല്ലായ്പ്പോഴും ദൈവത്തെ കാണും -വചനത്തിലും, അവരുടെ സാഹചര്യങ്ങളിലും.