WFTW Body: 

വേദജ്ഞരും പരീശന്മാരും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട ഒരു സ്ത്രീയെ കൊണ്ടുവന്നു. അവര്‍ അവളെ നടുവില്‍ നിര്‍ത്തിയിട്ട് യേശുവിനോടു പറഞ്ഞു: ''ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകര്‍മ്മത്തില്‍ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ള സ്ത്രീകളെ കല്ലെറിയണമെന്നു മോശെ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു. അങ്ങ് എന്തു പറയുന്നു ? അദ്ദേഹത്തെ കുറ്റം ചുമത്തേണ്ടതിന് എന്തെങ്കിലും തക്ക കാരണം കിട്ടേണ്ടതിന് അവര്‍ പ്രയോഗിച്ച ഒരു കെണിയായിരുന്നു ഈ ചോദ്യം'' ( യോഹ. 8:3-6).

വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീയെ കല്ലെറിയണമെന്ന ന്യായപ്രമാണത്തിനു പിന്നില്‍ ഉള്ള ദൈവത്തിന്റെ ഹൃദയത്തെ പരീശന്‍മാര്‍ മനസ്സിലാക്കിയില്ല. ഒരു സ്ത്രീയെ കല്ലെറിഞ്ഞു കൊല്ലുന്നതു കാണുവാന്‍ അവിടുന്ന് ഒരിക്കലും ആഗ്രഹിച്ചില്ല എന്നാല്‍ വ്യഭിചാരത്തെ കര്‍ശനമായി തടയുവാനും അവിടുന്ന് ആഗ്രഹിച്ചു. ഇവിടെ പരീശന്‍മാര്‍ക്കു ന്യയപ്രമാണം അനുസരിക്കുന്നതില്‍ അത്ര താല്പര്യമില്ലായിരുന്നു. അവര്‍ക്കു വേണ്ടിയിരുന്നത് യേശുവിനെ കുറ്റപ്പെടുത്തുവാന്‍ എന്തെങ്കിലും കാരണം കണ്ടുപിടിക്കുക എന്നതായിരുന്നു. പാപിനിയായ സ്ത്രീയെ അവര്‍ കുറ്റം ചുമത്തിക്കഴിഞ്ഞു. അതിനു ശേഷം പാപമില്ലാത്ത ദൈവപുത്രനെയും കുറ്റപ്പെടുത്തുവാന്‍ അവര്‍ ആഗ്രഹിച്ചു. പരീശന്‍മാര്‍ അങ്ങനെയുള്ളവരാണ്. അവര്‍ക്ക് ഒട്ടും ദൈവഭയമില്ല. മറ്റേതൊരാളെയും കുറ്റം ചുമത്തുന്നതുപോലെതന്നെ ഏറ്റവും ദൈവഭക്തനായ ഒരുവനെയും കുറ്റം ചുമത്തും.

പരീശന്‍മാര്‍ ഇത് യേശുവിനെ കുറ്റം ചുമത്തുന്നതിനുള്ള മറ്റൊരു സാഹചര്യമായിട്ടാണ് ചിന്തിച്ചത്. അവളെ കല്ലെറിഞ്ഞുകൊല്ലണം എന്ന് അവിടുന്ന് പറഞ്ഞിരുന്നെങ്കില്‍ യേശുവിനെ കരുണയില്ലാത്തവന്‍ എന്നു പറഞ്ഞു കുറ്റപ്പെടുത്തുമായിരുന്നു. ''വേണ്ട, അവളെ കല്ലെറിഞ്ഞുകൊല്ലണ്ട'' എന്നു പറഞ്ഞിരുന്നെങ്കില്‍ യേശുവിനെ മോശെയുടെ ന്യാപ്രമാണങ്ങള്‍ അനുസരിക്കാത്തവന്‍ എന്നു കുറ്റം ചുമത്തുമായിരുന്നു. എങ്ങനെയും തങ്ങള്‍ക്കു ജയിക്കണം എന്നാല്‍ അവര്‍ ജയിച്ചില്ല. അവര്‍ തോറ്റു! യേശു ഉടനെ മറുപടി നല്കിയില്ല. തന്റെ പിതാവിങ്കല്‍നിന്നും ഒരു വചനം ലഭിക്കുന്നതുവരെ അവിടുന്നു കാത്തിരുന്നു. പിതാവില്‍നിന്നു മറുപടി ലഭിച്ച ഉടന്‍ അവിടുന്ന് അവരോടു പറഞ്ഞു ''നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യത്തെ കല്ല് എറിയട്ടെ.'' പിതാവില്‍നിന്നുള്ള ഒറ്റ വാചകം മതിയായിരുന്നു പ്രശ്‌നപരിഹാരത്തിന്. നിങ്ങള്‍ പരിശുദ്ധാത്മാവിനു ശ്രദ്ധ കൊടുക്കുന്നവരാണെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു നീണ്ട പ്രസംഗത്തിന്റെ ആവശ്യം ഉണ്ടാവുകയില്ല. നിങ്ങളുടെ ശത്രുവിന്റെ വായ് അടയ്ക്കുവാന്‍ ഒറ്റ വാചകം മതി. പരീശന്‍മാരല്ലാത്തവര്‍ക്കും മറ്റുള്ളവരെ കുറ്റം വിധിക്കാത്തവര്‍ക്കും ഇന്നും ദൈവം ജ്ഞാനത്തിന്റെ വാക്കുകള്‍ നല്‍കുന്നു. അങ്ങനെയുള്ളവരോടുള്ള ദൈവത്തിന്റെ വാഗ്ദാനം ഇതാണ്. ''നിങ്ങളുടെ എതിരികള്‍ക്ക് ആര്‍ക്കും ചെറുക്കാനോ എതിര്‍ പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാന്‍ നിങ്ങള്‍ക്കു തരും(ലൂക്കോ. 21:15).

യേശു വ്യഭിചാരത്തിന് എതിരായിരുന്നോ? തീര്‍ച്ചയായും. എന്നാല്‍ വ്യഭിചാരത്തേക്കാള്‍ അവിടുന്ന് എതിര്‍ത്തത് ന്യായവാദത്തെ ആയിരുന്നു. അത് ഇവിടെ നാം വ്യക്തമായി കാണുന്നു. യേശുവിന്റെ ഒരു വശത്ത് വ്യഭിചാരിണിയായ സ്ത്രീയും മറുവശത്ത് ന്യായവാദികളായ പരീശന്‍മാരും. ഒടുവില്‍ യേശുവിന്റെ പാദപീഠത്തിങ്കല്‍ വ്യഭിചാരിണിയായ സ്ത്രീയെ മാത്രം കാണുന്നു. യേശു സംസാരിച്ച വചനത്താല്‍ മറ്റുള്ളവര്‍ ഒഴിവാക്കപ്പെട്ടു. വ്യഭിചാരം ആ സ്ത്രീയുടെ കണ്ണിലെ ഒരു കരടു മാത്രമായിരുന്നെങ്കില്‍ പരീശന്‍മാരുടെ കണ്ണിലെ കോലായിരുന്നു, ന്യായവാദവും വെറുപ്പും. വ്യഭിചാരത്തേക്കാള്‍ പല മടങ്ങു ലഘുവായ കാര്യങ്ങള്‍ക്കു നല്ല സഹോദരന്‍മാരെയും സഹോദരികളെയും എത്രയോ തവണ കുറ്റപ്പെടുത്തിയിട്ടുണ്ടെന്ന കാര്യം സ്വയം ചോദിക്കുക. നിങ്ങളുടെ വീട്ടിലോ മറ്റെവിടെയെങ്കിലും വെച്ചോ അവരെക്കുറിച്ചു പരദൂഷണം പറഞ്ഞത് ചിന്തിക്കുക. ഓരോ സമയവും ഇങ്ങനെ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോള്‍ നിങ്ങളുടെ, കഠിനമായി ന്യായം വിധിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവത്താല്‍ നിങ്ങളുടെ കണ്ണിലെ കോല്‍ കൂടുതല്‍ കൂടുതല്‍ വലുതാകുകയാണ്. അങ്ങനെ ആത്മീയകാര്യങ്ങളില്‍ കൂടുതല്‍ അന്ധനായിത്തീരുന്നു. ആത്യന്തികമായി നിങ്ങള്‍ ആരെയാണ് ദ്രോഹിച്ചത്? മറ്റാരേക്കാളും അധികം നിങ്ങളെത്തന്നെ.

കണ്ണില്‍ കോലിരിക്കുന്ന ഒരുവനു മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുവാന്‍ കഴിയുന്ന ഒരു കണ്ണുഡോക്ടര്‍ ആകാന്‍ കഴിയുമെന്നു നിങ്ങള്‍ കരുതുന്നുവോ ? നിങ്ങള്‍ ദൈവശബ്ദം കേള്‍ക്കുക. നിങ്ങളുടെ സഹോദരീസഹോദരന്‍മാരെ വെറുതെ വിടുക. അവരുടെ കണ്ണില്‍ അല്പം കരടു മാത്രമേയുള്ളു. ആ കരടുകളെല്ലാം ചേരുന്നതിനേക്കാള്‍ മോശമാണ് നിന്റെ കണ്ണിലെ കോല്‍!

എന്തുകൊണ്ടാണ് യേശു കുറ്റപ്പെടുത്തുന്നതിന്റെ ആത്മാവിനെ എതിര്‍ത്തത്? കാരണം അവിടുന്നു സ്വര്‍ഗത്തില്‍ ആയിരുന്നപ്പോള്‍ രാപ്പകല്‍ തുടര്‍ച്ചയായി ആളുകളെ കുറ്റപ്പെടുത്തുന്ന സാത്താന്റെ (സഹോദരന്‍മാരെ കുറ്റപ്പെടുത്തുന്നവന്‍) ശബ്ദം കേട്ടിരുന്നു (വെളി. 2:10).യേശു ഭൂമിയില്‍ വച്ച് ഇത്തരത്തിലുള്ള സാത്താന്യആത്മാവിനെ ആളുകളില്‍ കണ്ടപ്പോള്‍ അവിടുന്ന് സാത്താനെയാണ് ഓര്‍ത്തത്. കുറ്റപ്പെടുത്തലിന്റെ ആത്മാവിനെ യേശു വെറുക്കുന്നു. ഇന്നും വെറുക്കുന്നു. നിങ്ങള്‍ ഒരുവനെ കുറ്റപ്പെടുത്തുമ്പോള്‍ യേശുവിനു സാത്താനെയാണ് ഓര്‍മ്മപ്പെടുത്തുന്നതെന്നു നിങ്ങള്‍ അറിയുന്നുണ്ടോ? പല വിശ്വാസികളും ഈ കാര്യം കാണുന്നില്ല. കാര്യം അവരുടെ കണ്ണിലെ കോല്‍ അവരെ അന്ധരാക്കിയിരിക്കുന്നു.

കഴിഞ്ഞ മുപ്പതു വര്‍ഷമായി ഞാന്‍ തുടര്‍ച്ചയായി പ്രസംഗിക്കുന്ന ഒരു പ്രസംഗമുണ്ടെങ്കില്‍ അത് ഇതാണ്: ''നിങ്ങള്‍ക്ക് ആത്മീയപുരോഗതി ഉണ്ടാകണമെങ്കില്‍ മറ്റുള്ളവരെ വിധിക്കുന്നത് അവസാനിപ്പിച്ച് സ്വയം വിധിക്കാന്‍ തുടങ്ങുക''. നിങ്ങളുടെ ഭൂതക്കണ്ണാടി ഉപയോഗിച്ച് മറ്റുള്ളവരെ നോക്കാതെ നിങ്ങളെത്തന്നെ നോക്കുക. നിങ്ങള്‍ സ്വയം വിധിച്ചശേഷം എന്താണ് ചെയ്യേണ്ടത് എന്നു ഞാന്‍ പറയാം. വീണ്ടും സ്വയം വിധിക്കുക. എന്ന് ഇതു നിര്‍ത്തുവാന്‍ കഴിയും? നിങ്ങള്‍ പൂര്‍ണ്ണമായി യേശുക്രിസ്തുവിനെപ്പോലെ ആയതിനുശേഷം മാത്രം

അപ്പൊസ്തലനായ യോഹന്നാന്‍ തന്റെ ജീവിതത്തിന്റെ അവസാനസമയത്ത് വിശ്വാസികളോട് ഇങ്ങനെ പറഞ്ഞു: ''ക്രിസ്തു വെളിപ്പെടുമ്പോള്‍ നാമും അവനെപ്പോലെ ആകും...അവനില്‍ ഈ പ്രത്യാശയുള്ളവരെ അവന്‍ നിര്‍മ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നെ നിര്‍മ്മലീകരിക്കുന്നു.(1യോഹ.3:2,3)

അപ്പോള്‍ തെറ്റിപ്പോയ ഒരുവനെ ഒരു സഭാനേതാവ് എങ്ങനെയാണ് തിരുത്തേണ്ടത്? കരുണയോടെ, അതിയായ കരുണയോടെ, കര്‍ത്താവു തന്നോടു കാണിച്ച അത്രയും കരുണയോടെ. ഈ സ്ത്രീ ചെയ്ത വ്യഭിചാരം എന്ന പാപത്തെ യേശു അവഗണിക്കുകയായിരുന്നോ. അല്ല, അവിടുന്ന് അവളോട് വലിയ അനുകമ്പയോടെ പറഞ്ഞു ''ഞാന്‍ നിന്നെ കുറ്റം വിധിക്കുന്നില്ല..'' എന്നിട്ടു ശക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്കി ''വീണ്ടും ഈ പാപം ഒരിക്കലും ചെയ്യരുത്.'' ദൈവത്തിന്റെ കൃപ നമ്മുടെ പാപത്തെ കുറ്റം വിധിക്കുന്നില്ല.! അത് ആദ്യമായി നമ്മുടെ പാപത്തെ ക്ഷമിക്കുന്നു. എന്നിട്ട് വീണ്ടും പാപം ചെയ്യരുതെന്ന മുന്നറിയിപ്പു നല്കുകയും പാപം ചെയ്യാതിരിക്കാന്‍ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

എന്തുകൊണ്ടാണ് പരീശന്‍മാര്‍ എല്ലാം പൊയ്ക്കളഞ്ഞത്? അവര്‍ എല്ലാവരും കര്‍ത്താവിങ്കലേക്കു നുറുക്കത്തോടുകൂടെ വന്നിട്ട് ഇങ്ങനെ പറയേണ്ടതായിരുന്നു ''കര്‍ത്താവേ, എന്നോടു ക്ഷമിക്കേണമേ. എനിക്ക് എന്റെ മറഞ്ഞിരുന്ന് പാപങ്ങളെപ്പറ്റിയും എന്റെ കഠിനമായ നിയമാനുസരണ മനോഭാവത്തെപ്പറ്റിയും ഇപ്പോള്‍ വെളിച്ചം ലഭിച്ചിരിക്കുന്നു. ഈ സ്ത്രീയെക്കാളും വളരെ മോശമാണ് എന്റെ സ്ഥിതി എന്ന് ഇപ്പോള്‍ ഞാന്‍ കാണുന്നു. എന്നോടു ദയവുചെയ്ത് കരുണ തോന്നേണമേ.'' എന്നാല്‍ ഒറ്റ ആള്‍പോലും ഈ രീതിയില്‍ കര്‍ത്താവിങ്കലേക്കു വന്നില്ല..

അനേകം ആളുകളില്‍ ഒന്നല്ലെങ്കില്‍ മറ്റൊരു കുറ്റം കണ്ടുപിടിച്ചുകൊണ്ടിരുന്ന് നിങ്ങളെപ്പറ്റി എന്തു പറയുന്നു? കര്‍ത്താവു നിങ്ങളെ നുറുക്കുവാന്‍ ഇന്നു നിങ്ങള്‍ അനുവദിക്കുമോ?

ചില ആളുകള്‍ എന്റെ അടുത്തുവന്ന് അവര്‍ എനിക്കെതിരെ പറഞ്ഞതും ചെയ്തതുമായ തെറ്റുകള്‍ക്കു മാപ്പു ചോദിച്ചപ്പോള്‍ അവര്‍ നുറുക്കപ്പെട്ടിട്ടില്ല എന്നു എനിക്കു തിരിച്ചറിയുവാന്‍ കഴിഞ്ഞു. അവര്‍ വാസ്തവത്തില്‍ അവരുടെ പാപങ്ങളെപ്പറ്റി അനുതപിച്ചിട്ടില്ല എന്നാണ് ഇതു തെളിയിക്കുന്നത്. അവര്‍ തങ്ങളുടെ മനസ്സാക്ഷി ശുദ്ധമാക്കാന്‍ വേണ്ടി നിയമം അനുസരിക്കുക മാത്രമാണ് ചെയ്തത്. ഞാന്‍ ഉടന്‍തന്നെ അവരോടു ക്ഷമിച്ചു. അവര്‍ വീണ്ടും ആ പാപത്തിലേക്കു വീഴും എന്നെക്ക് ഉറപ്പായിരുന്നു. കാരണം അവര്‍ നിയമാനുസാരികള്‍ ആയിരുന്നു.അവരെ സംബന്ധിച്ചിടത്തോളം അവര്‍ തങ്ങളുടെ പ്രമാണ പട്ടികയിലെ നിയമം-347, ഒരു മൂപ്പന്റെ പിന്നില്‍ നിന്ന് അവനെപ്പറ്റി ദോഷമായി സംസാരിക്കരുത് എന്നതിന് അനുസരണക്കേടു കാണിച്ചു എന്നു സാങ്കേതികമായി മനസ്സിലാക്കിയതിനാല്‍ ക്ഷമാപണം നടത്തുകയായിരുന്നു.. അതുകൊണ്ട് അവര്‍ ക്ഷമാപണം എന്ന ചടങ്ങ്, 'നിങ്ങള്‍ തെറ്റു ചെയ്തവരോടു ക്ഷമ ചോദിക്കണമെന്ന നിയമം അനുസരിക്കുന്നതിനുവേണ്ടി ചെയ്തു എന്നു മാത്രം!! എന്നാല്‍ അവരുടെ ഉള്ളില്‍ ഒരു മാറ്റവും വന്നിട്ടില്ലായിരുന്നു. അവര്‍ മുമ്പത്തേപ്പോലെ തന്നെ അവരുടെ ജീവിതവുമായി മുന്നോട്ടു പോകുന്നു.

ദൈവം നമ്മുടെ സ്വന്തപാപങ്ങളെപ്പറ്റി നമുക്കു വെളിച്ചം നല്കുമ്പോള്‍ നാം ആ വെളിച്ചത്തിന്റെ ശക്തിയാല്‍ അനുതപിടിച്ചിട്ട് യേശുവിന്റെ പാദങ്ങളില്‍ മരിച്ചവനെപ്പോലെ വീഴുകയും(വെളി. 1:17)നമ്മെത്തന്നെ ഭൂമിയിലെ ഏറ്റവും വലിയ പാപികളെന്ന് അംഗീകരിക്കുകയും ചെയ്യും(1തിമോ.1:15). നിങ്ങള്‍ക്ക് എപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ടോ അതോ ചെറുതായൊന്നു തെറ്റിപ്പോയി എന്നു തോന്നുന്നതേയുള്ളോ? എങ്കില്‍ നിങ്ങള്‍ ഒരു പരീശനാണ്. കണ്ണില്‍ കരടു മാത്രമുള്ള പാവപ്പെട്ട ആളുകളെ കല്ലെറിഞ്ഞതിനെപ്പറ്റി അനുതപിക്കുന്നതുവരെ നിങ്ങളുടെ കാര്യങ്ങള്‍ ഭംഗിയായി പോകുകയില്ല. നിങ്ങളുടെ കടുംപിടുത്തമുള്ള ഹൃദയത്തെ ദൈവം നുറുക്കട്ടെ.

യാക്കോബ് .2:13നമ്മെ ഓര്‍മ്മിപ്പിക്കുന്നത് മറ്റുള്ളവരോടു കരുണ കാണിക്കാത്തവരെ ദൈവം കരുണയില്ലാതെ ന്യായം വിധിക്കും എന്നാണ്. സഭാനേതാക്കളായിരിക്കും ഈ തലത്തില്‍ ഒന്നാമത്തെ കുറ്റക്കാര്‍. മാതാപിതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളോടു കരുണയില്ലാതെ പെരുമാറുന്നതിനെതിരെ ജാഗ്രതയുള്ളവരായിരിക്കണം.

വ്യഭിചാരത്തില്‍ വീണുപോയ ഒരു സഭാനേതാവിന് സഭയെ ഒരിക്കലും നശിപ്പിക്കുവാന്‍ കഴിയുകയില്ല. കാരണം എല്ലാ വിശ്വാസികള്‍ക്കും വ്യഭിചാരം പാപമാണെന്നറിയാവുന്നതുകൊണ്ട് നേതാവിനെ ആ സ്ഥാനത്തുനിന്ന് ഉടന്‍തന്നെ മാറ്റിക്കളയും. എന്നാല്‍ ഒരു സഭാനേതാവ് നിയമാനുസാരി ആണെങ്കില്‍ അത് കൂടുതല്‍ വലിയ അപകടം ആയിരിക്കും. കാരണം, അയാള്‍ വിശുദ്ധിയെപ്പറ്റിയാണ് പ്രസംഗിക്കുന്നത്. നിയമാനുസരണത്തെപ്പറ്റി വെളിച്ചം ലഭിച്ചിട്ടില്ലാത്തവര്‍ അയാളെ അനുഗമിക്കുകയും സ്വയം നിയമാനുസാരികള്‍ ആകുകയും ചെയ്യും. ഒരു അന്ധനായ പരീശനെപ്പോലെ അവന്‍ മറ്റുള്ളവരെയും താന്‍ വീണുപോയ നിയമസിദ്ധാന്തത്തിന്റെ ആഴമായ കുഴിയിലേക്കു നയിക്കും.

മറ്റുള്ളവരെ വിധിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന നിങ്ങളുടെ മനോഭാവം യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ പത്തു പ്രാവശ്യം വ്യഭിചാരത്തില്‍ വീണുപോകുന്നതിലും മോശമായതാണെന്നു മനസ്സിലാക്കിയിട്ടുണ്ടോ ? കഴിഞ്ഞ ഒരു മാസം പത്തു പ്രാവശ്യം വ്യഭിചാരത്തില്‍ വീണുപോയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ എങ്ങനെ അനുതപിക്കും? കുറ്റപ്പെടുത്തലിന്റെ ആത്മാവു നിങ്ങള്‍ക്കുണ്ടെങ്കില്‍ ഇതിനേക്കാള്‍ അധികം അനുതപിക്കേണ്ട ആവശ്യം ഉണ്ട്..