ലേഖകൻ :   സാക് പുന്നൻ
WFTW Body: 

വെളി. 22: 2 ൽ നാം ഇപ്രകാരം വായിക്കുന്നു - വീഥിയുടെ നടുവിൽ ഒരു നദിയും നദിക്ക് ഇക്കരെയും അക്കരെയും ജീവവൃക്ഷവും ഉണ്ട് , അതു 12 വിധം ഫലം കായിച്ച് മാസം തോറും അതാതു ഫലം കൊടുക്കുന്നു , വൃക്ഷത്തിൻ്റെ ഇല ജാതികളുടെ രോഗശാന്തിക്ക് ഉതകുന്നു. ഉൽപ്പത്തി 2 , വെളിപ്പാട് 22 ഇവ തമ്മിൽ അനേകം സമാനതകളുണ്ട്. ജീവവൃക്ഷം പ്രതീകവൽക്കരിക്കുന്നത് ദൈവത്തിൻ്റെ ജീവനെ തന്നെയാണ് - ഇപ്പോൾ നമുക്ക് പങ്കാളികളാവാൻ കഴിയുന്ന നിത്യജീവൻ അല്ലെങ്കിൽ ദിവ്യസ്വഭാവം. നിത്യജീവൻ എന്നാൽ, " എന്നേക്കും ജീവിക്കുന്നത് " എന്ന് അർത്ഥമില്ല. കാരണം തീപ്പൊയ്കയിലേക്ക് പോകുന്നവരും എന്നേക്കും ജീവിക്കും. എന്നാൽ അവർക്കു നിത്യജീവൻ ഇല്ല . നിത്യജീവൻ എന്നാൽ ആരംഭവും അവസാനവും ഇല്ലാത്ത ഒരു ജീവൻ എന്നാണർത്ഥം . അത് ദൈവത്തിൻ്റെ തന്നെ ജീവനാണ് . അതാണ് ജീവവൃക്ഷത്തിൽ പ്രതീകവൽക്കരിച്ചിരിക്കുന്നത് . ജീവവൃക്ഷത്തിനടുത്തേക്കു പോകുന്നതിനു പകരം, അറിവിൻ്റെ വൃക്ഷത്തിനടുത്തേക്കു പോയ ആദം ഭോഷത്തമാണ് ചെയ്തത് , ജീവനേക്കാൾ വേദപുസ്തക പരിജ്ഞാനം അന്വേഷിക്കുന്ന അനേകർ ഇന്നു ചെയ്യുന്നതുപോലെ. നന്മതിന്മകളെക്കുറിച്ചുള്ള അറിവിൻ്റെ വൃക്ഷം വെളി. 22 ൽ കാണുന്നില്ല. അത് അപ്രത്യക്ഷമായിരിക്കുന്നു . ജീവവൃക്ഷത്തിൻ്റെ മുമ്പിൽ ദൈവം ഒരു ജ്വലിക്കുന്ന വാൾ നിർത്തിയിരിക്കുന്നു (ഉൽ. 3:24). ഇതു നമ്മെ പഠിപ്പിക്കുന്നത് , നമുക്കു ജീവവൃക്ഷത്തിൽ പങ്കാളികളാകണമെങ്കിൽ , നമ്മുടെ സ്വയ ജീവനിൽ ഒരു വാൾ വീഴണമെന്നാണ് . അതുകൊണ്ടാണ് മിക്ക ക്രിസ്ത്യാനികളും, വാളിനെ നേരിടേണ്ടാത്ത, അറിവിൻ്റെ വൃക്ഷത്തിലേക്കു പോകുന്നത്. ബൈബിൾ പരിജ്ഞാനം ലഭിക്കുവാൻ നാം സ്വയത്തിനു മരിക്കുകയോ , നാൾ തോറും ക്രൂശെടുക്കുകയോ , ചെയ്യേണ്ടതില്ല. എന്നാൽ ദൈവത്തിൻ്റെ സ്വഭാവത്തിനു പങ്കാളിയാകേണ്ടതിന് , നാം എല്ലായ്പോഴും " നമ്മുടെ ശരീരത്തിൽ യേശുവിൻ്റെ മരണം വഹിക്കേണ്ടതുണ്ട് (2 കൊരി. 4:10 ). നമ്മുടെ മേൽ വാൾ വീഴാൻ നാം അനുവദിക്കേണ്ടതുണ്ട് . ക്രൂശിൻ്റെ വഴി ജീവവൃക്ഷത്തിലേക്കുള്ള വഴിയാണ് . യേശുവിൻ്റെ മേൽ വാൾ വീഴുകയും അവിടുന്ന് ക്രൂശിക്കപ്പെടുകയും ചെയ്തു . നാമും അവിടുത്തോടു കൂടെ ക്രൂശിക്കപ്പെട്ടതുകൊണ്ട്, നമ്മുടെ മേലും വാൾ വീഴണം . അങ്ങനെ നമുക്ക് , മാസംതോറും പുതിയ ഫലം തരുന്ന , ജീവൻ്റെ വൃക്ഷത്തിൽ പങ്കാളിയാകാൻ കഴിയും , അതിൻ്റെ ഇല രോഗശാന്തിക്ക് ഉതകുന്നു.

വെളി. 22: 7 ൽ നാം ഇങ്ങനെ വായിക്കുന്നു - ഇതാ ഞാൻ വേഗത്തിൽ വരുന്നു . ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവൻ ഭാഗ്യവാൻ. അവിടുന്നു ഉടനെ വരുന്നു എന്നല്ല കർത്താവ് ഇവിടെ പറയുന്നത് . അല്ല , അവിടുന്നു പറയുന്നത് , അവിടുന്നു വേഗത്തിൽ - പെട്ടെന്ന് - കള്ളൻ രാത്രിയിൽ വരുന്നതു പോലെ, ഒരു മുന്നറിയിപ്പുമില്ലാതെ വരുന്നു എന്നാണ്.

വെളി. 22: 8 ,9 ൽ നാം ഇപ്രകാരം വായിക്കുന്നു - ഇതു കേൾക്കുകയും കാണുകയും ചെയ്തത് യോഹന്നാൻ എന്ന ഞാൻ തന്നെ. കേൾക്കുകയും കാണുകയും ചെയ്തതിനുശേഷം അതെനിക്കു കാണിച്ചുതന്ന ദൂതൻ്റെ കാൽക്കൽ ഞാൻ വീണു നമസ്കരിച്ചു . എന്നാൽ അവൻ എന്നോട് " അതരുത് , ഞാൻ നിൻ്റെയും നിൻ്റെ സഹോദരന്മാരായ പ്രവാചകന്മാരുടെയും ഈ പുസ്തകത്തിലെ വചനം പ്രമാണിക്കുന്നവരുടെയും സഹഭൃത്യനത്രെ; ദൈവത്തെ നമസ്കരിക്ക " എന്നു പറഞ്ഞു . ഈ സത്യങ്ങളെല്ലാം , തന്നെ പഠിപ്പിക്കുവാൻ ദൈവം ഉപയോഗിച്ച വ്യക്തിയാൽ ആകർഷിക്കപ്പെടുന്ന ഒരു തെറ്റ് യോഹന്നാനു സംഭവിച്ചു. തന്നെ ഇക്കാര്യങ്ങൾ എല്ലാം കാണിച്ചുകൊടുത്ത ദൂതൻ്റെ കാൽക്കൽ വീണ് യോഹന്നാൻ നമസ്കരിച്ചു . എന്നാൽ ആ ദൂതൻ പെട്ടെന്ന് ഇങ്ങനെ പറഞ്ഞു , " അതു ചെയ്യരുത്. ഞാൻ നിൻ്റെ ഒരു സഹ ഭൃത്യൻ മാത്രമാണ് . ദൈവത്തെ മാത്രം ആരാധിക്കുക " അതാണ് ഒരു യഥാർത്ഥ ദൈവഭൃത്യൻ്റെ ലക്ഷണം , ആരെങ്കിലും തന്നോട് ഒട്ടിച്ചേരുന്നതു കാണുമ്പോഴൊക്കെ, പെട്ടെന്ന് അദ്ദേഹം തന്നെ മറ്റെയാളിൽ നിന്ന് മാറിനിന്ന് , മറ്റെയാൾക്ക് മനുഷ്യരോടല്ല , കർത്താവിനോടു പറ്റിച്ചേരാനുള്ള വഴി ഒരുക്കുന്നു ! സ്വർഗ്ഗത്തിൽ അവർ ഒരു പാട്ടു മാത്രമേ പാടുന്നുള്ളൂ - " അവിടുന്നു മാത്രം യോഗ്യൻ " എന്നു പറയുന്ന പുതിയ പാട്ട്. ഈ ദൂതൻ ആ പാട്ടു പഠിച്ചിട്ടുണ്ട് . അതുകൊണ്ട് യോഹന്നാനെ കുടഞ്ഞു കളഞ്ഞിട്ട് , അവനോട് ദൈവത്തിനു മാത്രം മഹത്വം കൊടുക്കുവാൻ പറയുന്നതിന് തിടുക്കം കാണിക്കുന്നു.

വെളി. 22 :11 ൽ നാം ഇപ്രകാരം വായിക്കുന്നു - അനീതി ചെയ്യുന്നവൻ ഇനിയും അനീതിചെയ്യട്ടെ , അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ. നീതിമാൻ ഇനിയും നീതി ചെയ്യട്ടെ , വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ. വേദപുസ്തകത്തിൻ്റെ അവസാനത്തെ താളിൽ നാം കാണുന്ന ആശ്ചര്യകരമായ ഒരു പ്രബോധനമാണിത് . ഇത് ആളുകളോട് , "അഴുക്കാടുന്നതും " " അനീതി ചെയ്യുന്നതും " തുടരുവാൻ പറയുന്നു . ഇതിൻ്റെ വിവക്ഷിതാർത്ഥം ഇതാണ് : നിങ്ങൾ ഈ വേദപുസ്തകം മുഴുവൻ വായിച്ച് അതിൻ്റെ അവസാന താളിലേക്കു വന്നിരിക്കുന്നു. എന്നിട്ടും നിങ്ങൾക്കു മാനസാന്തരപ്പെടുവാനോ നിങ്ങളുടെ പാപങ്ങളെ ഉപേക്ഷിക്കുവാനോ നിങ്ങൾക്കാഗ്രഹ മില്ലെങ്കിൽ , പിന്നെ അഴുക്കുള്ളവനായി മുന്നോട്ടുപോയി അനീതി ചെയ്യുന്നതു തുടരുക . നിങ്ങളെക്കുറിച്ച് പ്രതീക്ഷയ്ക്ക് ഒരു വകയുമില്ല. വെളിപ്പാടു പുസ്തകത്തിൽ പാപത്തിന്മേലുള്ള ദൈവത്തിൻ്റെ ന്യായവിധിയെ കുറിച്ചു വായിച്ചശേഷം നീ ഇനിയും നിൻ്റെ ദുർമോഹങ്ങളിൽ മുഴുകുവാനും , പാപത്തിൻ്റെ ഇമ്പങ്ങളെ തേടുവാനും, അശ്ലീല പുസ്തകങ്ങൾ വായിക്കുവാനും , അശ്ലീലചിത്രങ്ങൾ കാണുവാനും , ആഗ്രഹിക്കുകയാണെങ്കിൽ , മറ്റാരോടെങ്കിലുമുള്ള കയ്പ് നിലനിർത്തി , ക്ഷമിക്കാൻ മനസ്സില്ലാത്ത ഒരുവനായി, ഇപ്പോഴും നിങ്ങൾ അപവാദവും ഏഷണിയും പറയുവാൻ ആഗ്രഹിക്കുകയും , അസൂയാലുവായി ഈ ദുഷിച്ച ലോകത്തിൽ നിങ്ങൾക്കു വേണ്ടി തന്നെ ജീവിക്കുവാനും ആഗ്രഹിക്കുന്നെങ്കിൽ , പിന്നെ നിങ്ങൾ അങ്ങനെ തന്നെ മുന്നോട്ടുപോയി അത് ചെയ്യുക . എന്നാൽ വാക്യം 11 ൻ്റെ രണ്ടാം ഭാഗത്തിൽ നീതിമാനു വേണ്ടി എന്താണ് എഴുതിയിരിക്കുന്നത് എന്നു കാണുക. " നീതിമാൻ ഇനിയും നീതി ചെയ്യട്ടെ . വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ " വിശുദ്ധിയെ പിന്തുടരുന്നതിന് ഒരു അവസാനം ഇല്ല . നാം നമ്മുടെ ജീവിതം അവസാനിപ്പിക്കുന്നത് ഏത് അവസ്ഥയിലാണ് എന്നതാണ് നാം നമ്മുടെ നിത്യത എങ്ങനെ ചെലവഴിക്കും എന്ന കാര്യം തീരുമാനിക്കുന്നത് . നാം പാപത്തിലും അഴുക്കിലും ജീവിക്കുകയാണെങ്കിൽ , നാം നിത്യ യുഗങ്ങളോളം തീപ്പൊയ്കയിൽ പാപത്തിലും , അഴുക്കിലും , തിന്മ ചെയ്യുന്നതിലും തുടരും. നാം ഈ ജീവിതത്തിൽ നീതിയെയും വിശുദ്ധിയെയും പിന്തുടർന്നാൽ നിത്യതയിലും അതു തന്നെ ആയിരിക്കും നമ്മൾ പിന്തുടരുന്നത് . നിത്യത മുഴുവൻ ഉള്ള നമ്മുടെ അവസ്ഥ തീരുമാനിക്കപ്പെടുന്നതു നാം മരിക്കുമ്പോഴാണ് . " വൃക്ഷം തെക്കോട്ടോ വടക്കോട്ടോ വീണാൽ വീണിടത്തു തന്നെ കിടക്കും" ( സഭാ. 1 1: 3 ).

വെളിപ്പാട് 22: 21 ൽ നാം ഇപ്രകാരം വായിക്കുന്നു - കർത്താവായ യേശുക്രിസ്തുവിൻ്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ. ആമേൻ. ദൈവവചനം എങ്ങനെ അവസാനിക്കുന്നു എന്നു കാണുന്നത് വളരെ അത്ഭുതകരമാണ്. ദൈവകൃപയാൽ മാത്രമാണ് നമുക്ക് പുതിയ യെരുശലേമിൻ്റെ ഒരു ഭാഗമായിരിക്കാൻ കഴിയുന്നത് . അനേക വർഷങ്ങളായി നമ്മെ അടിമപ്പെടുത്തിയിരുന്ന ബന്ധനങ്ങളിൽ നിന്നു സ്വതന്ത്രരാകുവാൻ നമുക്കു കഴിയുന്നത് , ദൈവം നൽകുന്ന ശക്തിയാലും സഹായത്താലും മാത്രമാണ് . കൃപ നമ്മുടെ പാപങ്ങളെ ക്ഷമിക്കുന്നു ! പാപത്തെയും , ലോകത്തെയും , സാത്താനെയും ജയിക്കാൻ കൃപ നമ്മെ സഹായിക്കുന്നു ! ഈ വാക്കിനെ (കൃപ ) പഴയനിയമത്തിലെ അവസാനവാക്കായ "ശാപം" എന്നതുമായി താരതമ്യം ചെയ്യുക. മലാഖി 4: 6 ൽ ദൈവം ഇപ്രകാരം പറയുന്നു , "ഞാൻ വന്ന് ഭൂമിയെ "സംഹാര ശപഥം" (curse) കൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന് ." പുതിയനിയമം ആരംഭിക്കുന്നതു യേശുവിൻ്റെ ജനനത്തോടെയും അവസാനിക്കുന്നത് " നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെ കൃപ എല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ " എന്ന ആശിർവാദത്തോടെയുമാണ്. പഴയനിയമത്തിൻ്റെ ഒടുവിലുള്ള ശാപത്തിൽ നിന്ന് നമുക്കു സ്വതന്ത്രരാകുവാനും, പുതിയനിയമത്തിൻ്റെ കൃപയുടെ കീഴിൽ വരുവാനും, നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ദൈവത്തിൻ്റെ അനുഗ്രഹം അനുഭവിച്ചുകൊണ്ട്, നിത്യത മുഴുവൻ ദൈവത്തിൻ്റെ വാസസ്ഥലത്തിൻ്റെ ഒരു ഭാഗമായിരിക്കാനും കഴിയും എന്നത് എത്ര അത്ഭുതകരമാണ് , ഹല്ലേലുയ്യാ! എല്ലാ മഹത്വവും സ്തുതിയും ബഹുമാനവും ദൈവത്തിനും നമ്മുടെ പാപങ്ങൾക്കുവേണ്ടി അറുക്കപ്പെട്ട കുഞ്ഞാടിനും ആയിരിക്കട്ടെ . ആമേൻ. ആമേൻ .