അതൊരു ഉത്സാഹം നല്‍കുന്ന വചനമല്ലേ?. നിങ്ങള്‍ അതു കേട്ടോ?. "നിങ്ങള്‍ക്ക് ഇനിമേലില്‍ ഒരു ചതിയനായിരിക്കേണ്ട ആവശ്യമില്ല."
ഹല്ലേലുയ്യ!
നിങ്ങള്‍ ഇനി ഒരിക്കലും പാപത്തില്‍ വീഴുകയില്ല എന്നല്ല പറഞ്ഞത്. ജീവിതത്തില്‍ മേലില്‍ ഒരു വഞ്ചനയും ഉണ്ടായിരിക്കുകയില്ല എന്നാണ്. നിങ്ങളുടെ ജീവിതത്തില്‍ ഇനി ഒരിക്കലും കാപട്യം ഉണ്ടായിരിക്കുകയില്ല.
തുടര്‍ന്നു ദൈവം യാക്കോബിനോട് അരുളിച്ചെയ്യുന്നു "നിന്‍റെ പേര് ഇനി യിസ്രായേല്‍ (ദൈവത്തിന്‍റെ പ്രഭു) എന്നായിരിക്കും. നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചിരിക്കുന്നുവല്ലോ." എന്തൊരു രൂപാന്തരം-ഒരു 'ചതിയ'നെന്ന നിലയില്‍ നിന്നു 'ദൈവത്തിന്‍റെ പ്രഭു' എന്ന സ്ഥാനത്തേക്ക്. യാക്കോബ് തകര്‍ക്കപ്പെട്ടതിനെതുടര്‍ന്നാണ് ഇതു സംഭവിച്ചത്.
നമ്മുടെ വിളിയും ഇതാണ്-ഒരു പ്രഭുവിനെപ്പോലെ ക്രിസ്തുവിനോടൊപ്പം തന്‍റെ സിംഹാസനത്തില്‍ ഇരുന്ന് സാത്താന്‍റെ മേല്‍ ആത്മീയാധികാരം നടത്തി സ്ത്രീപുരുഷന്മാരെ സാത്താന്‍റെ ബന്ധത്തില്‍ നിന്നു പുറത്തു കൊണ്ടുവരിക. ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ അംഗങ്ങളെന്ന നിലയില്‍ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിക്കുന്ന അനുഭവം. എല്ലാവര്‍ക്കും ഒരനുഗ്രഹമാകാന്‍ വേണ്ടിയാണു നമ്മള്‍ വിളിക്കപ്പെട്ടിരിക്കുന്നത്. പക്ഷേ നാം തകര്‍ക്കപ്പെട്ടാല്‍ മാത്രമേ അതു നടക്കൂ. നമ്മുടെ കാപട്യവും വഞ്ചനയും സംബന്ധിച്ചു നാം ദൈവത്തോടു സത്യസന്ധരായാല്‍ മാത്രമേ നാം നുറക്കം അറിയുകയുള്ളൂ.
പല നൂറ്റാണ്ടുകള്‍ക്കുശേഷം യാക്കോബിന്‍റെ ഒരു അനന്തരഗാമി, നഥനയേല്‍ യേശുവിനെ കണ്ടുമുട്ടുമ്പോള്‍ കര്‍ത്താവ് അവനെക്കുറിച്ചു പറഞ്ഞു "ഇതാ സാക്ഷാല്‍ യിസ്രായേല്യന്‍ ഇവനില്‍ യാക്കോബില്ല (കാപട്യമില്ല)". (യോഹന്നാന്‍ 1:47). തുടര്‍ന്ന് യേശു നഥനയേലിനെ യാക്കോബ് ബഥേലില്‍ വച്ചുകണ്ട ഗോവേണിയെപ്പറ്റി ഓര്‍മ്മിപ്പിക്കുന്നു. നഥനയേല്‍ സാക്ഷാല്‍ യിസ്രായേല്യനാണ്-അത് അവന്‍ പൂര്‍ണനായതുകൊണ്ടല്ല, അവനില്‍ കാപട്യവും ചതിവും ഇല്ലാത്തതുകൊണ്ടാണ്.
ഒടുവില്‍ യാക്കോബ് അവിടെവച്ച് ദൈവത്തിന്‍റെ മുഖം കണ്ടതുകൊണ്ടാവണം ആ സ്ഥലത്തിന് 'പെനിയേല്‍' എന്നു പേരിട്ടത്. ബഥേലില്‍ 'ദൈവത്തിന്‍റെ ഭവനം' എന്ന കാര്യത്താലാണ് അവന്‍ പിടിക്കപ്പെട്ടത്. നിങ്ങള്‍ പല വര്‍ഷങ്ങളായി ദൈവത്തിന്‍റെ ഭവനത്തിലാണെന്നു വരാം. പക്ഷേ നിങ്ങള്‍ ദൈവത്തിന്‍റെ മുഖം കണ്ടിട്ടുണ്ടാവുകയില്ല. എങ്കില്‍ നിങ്ങള്‍ക്ക് ആവശ്യം ദൈവത്തോട് ഒരു രണ്ടാം മുഖാമുഖമാണ്-അവിടെ നിങ്ങള്‍ അവിടുത്തെ മുഖം കാണും.
യാക്കോബ് അത്ഭുതാഹ്ലാദങ്ങളോടെ പറയുന്നു 'ഇപ്പോള്‍ ഞാന്‍ ദൈവമേ, അവിടുത്തെ മുഖം കാണുന്നു എന്‍റെ ജീവിതം സംരക്ഷിക്കപ്പെട്ടിരിക്കുന്നു"
"ഞാന്‍ ആ കമ്പനിയില്‍ നിന്നു പറത്താക്കപ്പെടേണ്ടവനാണ്. പക്ഷേ എന്‍റെ ശമ്പളം മൂന്നിരട്ടിയാക്കുകയാണു ചെയ്തത്!"
"ഞാന്‍ നരകത്തില്‍ പോകേണ്ടവനായിരുന്നു. പകരം അവിടുന്നു പരിശുദ്ധാത്മാവിനാല്‍ എന്നെ നിറച്ചു. ഹല്ലേലുയ്യാ!"
പല വിശ്വാസികളും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടാത്തതിന്‍റെ കാരണം ഇപ്പോള്‍ എനിക്കറിയാം എന്നു ഞാന്‍ കരുതുന്നു. അവര്‍ അതു കൈവശമാക്കാന്‍ ശ്രമിക്കുന്നു. അതിനു യോഗ്യരായിത്തീരുവാനാണ് അവരുടെ ശ്രമം. പല മതങ്ങളിലുമുള്ള ആത്മാര്‍ത്ഥതയുള്ള ആളുകള്‍ പാപമോചനം നേടാനായി ശ്രമിക്കുന്നതും ഇതേ വിധമാണ്. അവര്‍ക്കെന്തുകൊണ്ടാണു പാപക്ഷമ ലഭിക്കാത്തത്? അവര്‍ അതു നേടാന്‍ ശ്രമിക്കുന്നു എന്നതാണു കാരണം.
നിങ്ങള്‍ക്ക് എങ്ങനെയാണു നിങ്ങളുടെ പാപത്തില്‍ നിന്നു ക്ഷമ ലഭിക്കുന്നത്? നിങ്ങള്‍ അതു നേടുകയായിരുന്നോ? നിങ്ങള്‍ക്കതിന് അര്‍ഹത ഉണ്ടായിരുന്നോ? നിങ്ങള്‍ ദൈവത്തിന്‍റെ ക്ഷമയ്ക്ക് ഒരിക്കലും അര്‍ഹനല്ലെന്നു തിരിച്ചറിഞ്ഞ ഒരു ദിവസം നിങ്ങളുടെ ജീവിതത്തിലുണ്ടായി. അപ്പോള്‍ നിങ്ങള്‍ യേശുവിന്‍റെ അടുത്തേക്കു വന്നു. ഒരു ക്രിസ്ത്യാനിയായിട്ടല്ല, ഒരു പാപിയെന്ന നിലയില്‍. ഉടനെ നിങ്ങളുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടു. ആത്മാവിന്‍റെ നിറവു പ്രാപിക്കാന്‍ നാമും ഈ വിധം വരേണ്ടതുണ്ട്.
ഇന്നു പല വിശ്വാസികളും പരിശുദ്ധാത്മാവിന്‍റെ നിറവിനുവേണ്ടി കാത്തിരിക്കയും പ്രാര്‍ത്ഥിക്കയും ഉപവസിക്കയും ചെയ്യാറുണ്ട്. ഇവയൊക്കെ ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല. അതെല്ലാം നല്ലതാണ്. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ നിറവുപ്രാപിക്കാന്‍ യോഗ്യരാകാന്‍ വേണ്ടി നിങ്ങള്‍ ഇതിലേതെങ്കിലും ചെയ്താല്‍ അപ്പോള്‍ നിങ്ങള്‍ തെറ്റായ പാതയിലാണ്.
അപ്പോള്‍ ആത്മാവിന്‍റെ നിറവ് ലഭിക്കാതിരുന്നാല്‍ നിങ്ങള്‍ ദൈവത്തെത്തന്നെ ചോദ്യം ചെയ്തെന്നു വരും: "കര്‍ത്താവേ, ഞാന്‍ പ്രാര്‍ത്ഥിക്കുകയും ഉപവസിക്കുകയും കാത്തിരിക്കുകയും ചെയ്തതാണല്ലോ. എന്നിട്ടും അവിടുന്ന് എന്താണെന്നെ നിറയ്ക്കാഞ്ഞത്?" പക്ഷേ പാപക്ഷമ നിങ്ങള്‍ക്ക് നേടിയെടുക്കാനോ അതിന് അര്‍ഹത നേടുവാനോ കഴിയാത്തതുപോലെ പരിശുദ്ധാത്മാവും സ്വന്ത പ്രയത്നത്തിലൂടെ നേടിയെടുക്കുവാനോ അതിനു അര്‍ഹനായിത്തീരുവാനോ നിങ്ങള്‍ക്കു കഴിയുകയില്ല. ഇവ രണ്ടും ദൈവത്തിന്‍റെ ദാനമാണ്. രണ്ടിനുവേണ്ടിയും നിങ്ങള്‍ക്ക് ദൈവത്തിനു വില നല്‍കാന്‍ സാധ്യമല്ല. നിങ്ങള്‍ അവ സൗജന്യമായി എടുക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും അതു കിട്ടുകയില്ല.
ദൈവത്തിന്‍റെ ദാനങ്ങളെല്ലാം സൗജന്യമാണ്. പക്ഷേ മനുഷ്യന്‍റെ തെറ്റ്, ദൈവത്തിന് ഇതിനെല്ലാം അവന്‍ വിലകൊടുക്കാന്‍ ശ്രമിക്കുന്നു എന്നതാണ്. ഫലം അവന് ഒന്നും സ്വായത്തമാക്കാന്‍ കഴിയാതെ പോകുന്നു. ദൈവത്തിന്‍റെ ദാനങ്ങള്‍ ലഭിക്കുവാന്‍ നിങ്ങള്‍ നിങ്ങളെത്തന്നെ യോഗ്യനാക്കിത്തീര്‍ക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവ ലഭിക്കുകയില്ല. നിങ്ങള്‍ ഇതുവരെ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടാത്തതിന്‍റെ കാരണം ഒരു പക്ഷേ ഇതാകാം.
യേശു ഭൂമിയിലായിരുന്നപ്പോള്‍, മറ്റാരേക്കാളും പാപക്ഷമയ്ക്ക് തങ്ങളാണ് അര്‍ഹരെന്ന് അന്നു പരീശന്മാര്‍ ചിന്തിച്ചു. പക്ഷേ അവര്‍ക്കതു ലഭിച്ചില്ല-അവര്‍ നരകത്തിലേക്കു പോയി. അതേ സമയം മഗ്ദലനമറിയത്തെപ്പോലെയുള്ള കുപ്രസിദ്ധരായ പാപികള്‍ക്കു പാപക്ഷമ വേഗം ലഭ്യമായി. ഒരു ജീവിതകാലം മുഴുവന്‍ കുറ്റകൃത്യങ്ങള്‍ ചെയ്ത ഒരു കള്ളന് ഒരു നിമിഷം കൊണ്ടു ക്ഷമ ലഭിക്കുകയും അവന്‍ ക്രൂശിക്കപ്പെട്ട രാത്രിയില്‍ തന്നെ പറുദീസയില്‍ പ്രവേശിക്കുകയും ചെയ്തു.
അര്‍ഹരല്ലാത്തവര്‍ക്കാണ് ദൈവം തന്‍റെ ഏറ്റവും നല്ല ദാനങ്ങള്‍ നല്‍കുന്നത്..പതിനൊന്നാം മണിക്കൂറില്‍ മുന്തിരിത്തോപ്പില്‍ ജോലിചെയ്യാന്‍ എത്തിയവര്‍ക്ക് തങ്ങള്‍ ഒന്നിനും അര്‍ഹരല്ലെന്ന് അറിയാമായിരുന്നു ഫലം അവര്‍ക്ക് ആദ്യം പ്രതിഫലം ലഭിച്ചു. പക്ഷേ നേരത്തെ വന്നവര്‍ക്ക് തങ്ങള്‍ കൂലിക്ക് അര്‍ഹരാണെന്നു തോന്നി. അതിന്‍റെ ഫലമായി അവര്‍ പിമ്പന്മാരായി.
ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ പിതാവിനു വിരലില്‍ മോതിരമുണ്ടായിരുന്നു. പക്ഷേ ഒരുനാള്‍ അവന്‍ അത് ഊരി തന്‍റെ പണം മുഴുവന്‍ പാഴാക്കിയ ഇളയ മകനു സമ്മാനിച്ചു. എന്തുകൊണ്ടാണ് അവന്‍ ആ മോതിരം മൂത്തപുത്രനു നല്‍കാഞ്ഞത്? കാരണം മുത്തപുത്രന്‍ സ്വന്തനീതിയെക്കുറിച്ചു ബോധ്യം ഉള്ളവനായിരുന്നു. മനുഷ്യദൃഷ്ടിയില്‍ മോതിരത്തിന് അര്‍ഹനായ അവകാശി മൂത്തപുത്രനായിരുന്നു. പക്ഷേ പിതാവ് അത് ഇളയമകനാണു നല്‍കിയത്.
ദൈവത്തിന്‍റെ വഴി അതാണ്. ഒരു ജഡവും തന്‍റെ സാന്നിദ്ധ്യത്തില്‍ പ്രശംസിക്കാതിരിക്കേണ്ടതിന്, മനുഷ്യന്‍റെ അഹങ്കാരത്തെ വിനയപ്പെടുത്താന്‍, ദൈവം ഇങ്ങനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നു. നമ്മുടെ വഴികളല്ല ദൈവത്തിന്‍റെ വഴികള്‍. നമ്മുടെ വിചാരങ്ങളല്ല അവിടുത്തെ വിചാരങ്ങള്‍.
ഞാന്‍ ഊന്നിപ്പറയുന്ന ഈ സത്യം നിങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ ദൈവം എങ്ങനെയാണു മനുഷ്യരോട് ഇടപെടുന്നത് എന്നതു സംബന്ധിച്ച അടിസ്ഥാന നിയമം നിങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞു.
ആദ്യമായി ദൈവത്തിന്‍റെ ദയയാണ് എന്നെ അനുതാപത്തിലേക്കു നയിച്ചത്. തുടര്‍ന്ന് എന്‍റെ മേല്‍ ചൊരിഞ്ഞ ദൈവത്തിന്‍റെ കരുണകള്‍ എന്നെ കൂടുതല്‍ അനുതാപത്തിലേക്കു നയിച്ചു.
ദൈവത്തിന്‍റെ ദയ നിങ്ങളേയും അനുതാപത്തിലേക്കു നയിക്കട്ടെ. അവിടുത്തെ നന്മയെമുതലെടുക്കാതിരിക്കുക. ദൈവം നമ്മോട് വിവിധ നിലകളില്‍ ദയയുള്ളവനാണ്. എന്നാല്‍ നമ്മളോടു ദയയുള്ളവനായതുകൊണ്ട് അവിടുന്നു നമ്മെ സംബന്ധിച്ച് സന്തുഷ്ടനാണെന്നു കരുതരുത്. അവിടുന്ന് എല്ലാ മനുഷ്യരോടും ദയയുള്ളവനാണ്. അവിടുത്തെ ദയ നമ്മെ അനുതാപത്തിലേക്കു നയിക്കുന്നതിനുവേണ്ടിയാണ്. കാപട്യമില്ലാതെ നാം ദൈവത്തിങ്കലേക്കു തിരിയുമെങ്കില്‍ അവിടുന്നു നമ്മുടെ വിരലിലും മോതിരം അണിയിക്കും. നമ്മെപ്പോലെയുള്ള പാപികള്‍ക്കുവേണ്ടിയാണ് അവിടുന്ന് ആ മോതിരം സൂക്ഷിക്കുന്നത്.
യേശു ഒരിക്കല്‍ പരീശന്മാരോട് ഹാസ്യരൂപത്തില്‍ ഇങ്ങനെ പറഞ്ഞു: "നിങ്ങള്‍ എല്ലാവരും വളരെ ആരോഗ്യമുള്ളവരാണ്. നിങ്ങള്‍ക്ക് ഒരു വൈദ്യനെ ആവശ്യമില്ല. രോഗികളായ ആളുകള്‍ക്കാണ് വൈദ്യനെ ആവശ്യം. ഞാന്‍ അങ്ങനെയുള്ളവര്‍ക്കുവേണ്ടിയാണ് വന്നത്". (മത്തായി 9:12). അവിടുന്നു സ്നേഹത്തോടെ ഹാസ്യരസം ഉപയോഗിച്ചു-അവരെ സത്യത്തിലേക്ക് ഉണര്‍ത്തേണ്ടതിനുവേണ്ടി. പക്ഷേ അവര്‍ ഉണര്‍ന്നില്ല.
തങ്ങളെത്തന്നെ നീതിമാന്മാര്‍ എന്നു കരുതുന്നവരെവിളിക്കാനല്ല യേശുവന്നത്. മറിച്ച് തങ്ങളെത്തന്നെ പാപികളായി കാണുന്നവരെയാണ്. ഇന്നു നിങ്ങളില്‍ പലരും പരീശന്മാരെപ്പോലെ രോഗികളായിരിക്കാനുള്ള സാധ്യതയുണ്ട്. പക്ഷേ അത് മനസ്സിലാക്കുന്നുമില്ല. കാപട്യത്താലും, അഹങ്കാരത്താലും, സ്വയനീതീകരണത്താലും രോഗികളായിരിക്കുക. ഈ രോഗങ്ങള്‍ സത്യത്തില്‍ എയ്ഡ്സിനെക്കാളും കാന്‍സറിനെക്കാളും മാരകമാണ്-അവ നിങ്ങളെ നശിപ്പിച്ചെന്നുവരാം! ഈ പാപങ്ങളോടു താരതമ്യപ്പെടുത്തുമ്പോള്‍ കൊലപാതകവും വ്യഭിചാരവുമൊക്കെ പനിയും ജലദോഷവും പോലെ നിസ്സാരമാണ്. കൊലപാതകികളും വ്യഭിചാരികളുമാണ് രോഗികള്‍ എന്നു നിങ്ങള്‍ കരുതുന്നു. എന്നാല്‍ നിങ്ങള്‍ ആ രണ്ടു കൂട്ടരെക്കാളും രോഗാതുരനാണെന്നു വരാം!!
തന്‍റെ ജീവനും ശക്തിയും അധികാരവും നമുക്ക് തരുവാന്‍ ദൈവം ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് നമ്മള്‍ നിരന്തരം പരാജയപ്പെടുവാനും ഒടുവില്‍ തകര്‍ക്കപ്പെടുവാനും അവിടുന്ന് അനുവദിക്കുന്നത്.
ഇയ്യോബിന്‍റെ ചരിത്രത്തില്‍ അവന്‍റെ വസ്തുവകകളും കുഞ്ഞുങ്ങളും ആരോഗ്യവും നഷ്ടപ്പെടുത്തി ഏറ്റവും അടിത്തട്ടിലേക്ക് ദൈവം അവനെ കൊണ്ടുവന്നതു നാം കാണുന്നു. പ്രത്യേകാര്‍ത്ഥത്തില്‍ പറഞ്ഞാല്‍ അവനു ഭാര്യയേയും (അവള്‍ അവനെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു) മൂന്നു നല്ല കൂട്ടുകാരേയും (അവര്‍ അവനെ തെറ്റിദ്ധരിക്കുകയും വിമര്‍ശിക്കുകയും ചെയ്തു) നഷ്ടപ്പെട്ടു. അവന്‍റെ സ്നേഹിതന്മാര്‍ സ്വയംനീതിമാന്മാരായ പ്രസംഗകരെപ്പോലെയാണ് പെരുമാറിയത്. അവന്‍ നിലംപരിചായപ്പോള്‍ അവനെ പന്തു തട്ടുന്നതുപോലെ ഇട്ടുതട്ടുന്നതില്‍ അവര്‍ ആഹ്ലാദം കണ്ടെത്തി. അവര്‍ അവനെ തട്ടിക്കൊണ്ടിരുന്നു. ഒടുവില്‍ ദൈവം തന്‍റെ കരുണയാല്‍ അതിന് ഒരന്തം വരുത്തി. ഈ സമ്മര്‍ദ്ദങ്ങളുടെ എല്ലാം നടുവില്‍ ഇയ്യോബ് നിരന്തരം തന്നെ നീതീകരിക്കുകയാണു ചെയ്തത്. ഒടുവില്‍ ദൈവം അവനോടു സംസാരിച്ചപ്പോള്‍ അവന്‍ തന്‍റെ സ്വയംനീതീകരണത്തിലെ ജീര്‍ണത കണ്ടെത്തി. അനുതപിച്ചു. ഇയ്യോബ് നീതിമാനായ ഒരു മനുഷ്യനായിരുന്നു. അതു നല്ലതാണ്. പക്ഷേ അവന്‍ തന്‍റെ നീതിയെക്കുറിച്ച് അഹംഭാവം ഉള്ളവനായിരുന്നു. അത് ചീത്തയായിരുന്നു. പക്ഷേ ദൈവം അവനോട് ഇടപെട്ടുകഴിഞ്ഞപ്പോള്‍ അവന്‍ തകര്‍ക്കപ്പെട്ട ഒരുവനായി. അവിടം മുതല്‍ അവന്‍ ദൈവത്തില്‍ മാത്രം പുകഴുവാന്‍ തുടങ്ങി. അങ്ങനെ ഇയ്യോബിനെക്കുറിച്ചുള്ള ദൈവിക ലക്ഷ്യം പൂര്‍ത്തിയായി.
ഇയ്യോബ് തകര്‍ക്കപ്പെട്ടുകഴിഞ്ഞപ്പോള്‍ അവന്‍ എന്താണ് ദൈവത്തോട് പറഞ്ഞതെന്നു ശ്രദ്ധിക്കുക: "ഇതുവരെ ഞാന്‍ ഈ പ്രസംഗകരില്‍ നിന്നെല്ലാം അങ്ങയെക്കുറിച്ചു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാകട്ടെ ഞാന്‍ അങ്ങയെ മുഖാമുഖം കാണുന്നു" (ഇയ്യോബ് 42:5). യാക്കോബിന്‍റെ പെനിയേലും അതുതന്നെ ആയിരുന്നല്ലോ. യാക്കോബും ദൈവത്തിന്‍റെ മുഖം കണ്ടു. എന്നാല്‍ അവന്‍റെ ജീവന്‍ സംരക്ഷിക്കപ്പെട്ടു. അതിന്‍റെ ഫലം എന്തായിരുന്നു? അവന്‍ പൊടിയിലും ചാരത്തിലും കിടന്ന് അനുതപിച്ചു (ആറാം വാക്യം). നിരവധി പ്രസംഗങ്ങള്‍ കൊണ്ട് അവന്‍റെ സ്നേഹിതര്‍ക്കു ചെയ്തെടുക്കുവാന്‍ കഴിയാതിരുന്നതാണത്. എന്നാല്‍ തന്‍റെ ദയയെക്കുറിച്ചുള്ള വെളിപ്പാടു നല്‍കി ദൈവം ഇയ്യോബില്‍ അക്കാര്യം ഒരു നിമിഷംകൊണ്ടു ചെയ്തെടുത്തു. ദൈവത്തിന്‍റെ ദയയാണ് ഇയ്യോബിനെ തകര്‍ത്തതും അവനെ അനുതാപത്തിലേക്കു നയിച്ചതും.
മീറ്റിംഗുകളില്‍ പ്രസംഗകരില്‍ നിന്നാണു നമ്മില്‍ മിക്കവരും ദൈവത്തെക്കുറിച്ചു കേള്‍ക്കുന്നത്. നമുക്കു വേണ്ടതു ദൈവത്തോട് ഒരു അഭിമുഖബന്ധമാണ്. അവിടെ നമ്മള്‍ അവിടുത്തെ ദയ കണ്ട് അതിനാല്‍ ഹൃദയംതകര്‍ന്നവരായിത്തീരുകയാണ് വേണ്ടത്.
പത്രോസിനും ഇതാണു സംഭവിച്ചത്. അവന്‍ കര്‍ത്താവിനെ മൂന്നുപ്രാവശ്യം തള്ളിപ്പറഞ്ഞു കഴിഞ്ഞ് അവന്‍ അവിടുത്തെ മുഖം കണ്ടു. പത്രോസിനും അവന്‍റേതായ പെനിയേല്‍ ഉണ്ടായിരുന്നു! "കര്‍ത്താവു പത്രോസിന്‍റെ നേരേ തിരിഞ്ഞ് അവനെ നോക്കി" എന്നാണു നാം വായിക്കുന്നത് (ലൂക്കോസ് 22:61). "ഇതു സംഭവിക്കുമെന്നു ഞാന്‍ നിനക്കു മുന്നറിയിപ്പുനല്‍കിയതല്ലേ?" എന്നു ചോദിക്കുന്ന കുറ്റപ്പെടുത്തുന്ന ഒരു നോട്ടമായിരുന്നില്ല കര്‍ത്താവിന്‍റേത്. മറിച്ച് "ഞാനിപ്പോഴും നിന്നെ സ്നേഹിക്കുന്നു-നീ ആയിരിക്കുന്ന അവസ്ഥയില്‍ എന്നിലുള്ള നിന്‍റെ വിശ്വാസം നഷ്ടപ്പെടുത്താതിരിക്കുക. ഞാനിതില്‍ നിന്നു നിന്നെ വിടുവിക്കും" എന്ന സന്ദേശം നല്‍കുന്ന ആര്‍ദ്രമായ നോട്ടമായിരുന്നു അത്. ഫലം എന്തായിരുന്നു? "പത്രോസ് പുറത്തിറങ്ങി കയ്പോടെ കരഞ്ഞു." (62-ാം വാക്യം). യേശുവിന്‍റ ദയാപൂര്‍വമായ ആ നോട്ടവും അവന്‍റെ മേല്‍ ചൊരിഞ്ഞ ക്ഷമയും ആ പരുക്കനായ മുക്കുവന്‍റെ ഹൃദയത്തെ തകര്‍ത്തുകളഞ്ഞു.
പഴയ ഉടമ്പടിയില്‍ ദൈവം ആരോഗ്യവും സമ്പത്തും ധാരാളം ഭൗതികാനുഗ്രഹങ്ങളും യിസ്രായേലിനു വാഗ്ദാനം ചെയ്തു. പക്ഷേ അതിലെല്ലാം മഹത്തായത് മറ്റൊരനുഗ്രഹമായിരുന്നു. സംഖ്യ 6:22-26 ല്‍ അതു രേഖപ്പെടുത്തിയിട്ടുണ്ട്. അവിടെ യിസ്രായേല്‍ മക്കളെ ഇങ്ങനെ അനുഗ്രഹിക്കാനാണ് അഹരോനോട് ദൈവം ആജ്ഞാപിച്ചിരിക്കുന്നത്. "യഹോവ തിരുമുഖം നിന്‍റെ മേല്‍ പ്രകാശിപ്പിച്ചു നിന്നോടു കൃപയുള്ളവനാകട്ടെ. യഹോവ തിരുമുഖം നിന്‍റെ മേല്‍ ഉയര്‍ത്തി നിനക്കു സമാധാനം നല്‍കുമാറാകട്ടെ".
ആരോഗ്യം, സമ്പത്ത് (അവിശ്വാസികള്‍ക്കും പ്രാര്‍ത്ഥന കൂടാതെപോലും ലഭിക്കുന്നതാണത്) വൈകാരികാനുഭൂതികള്‍ (അവയില്‍ പലതും വഴിതെറ്റിക്കുന്നതാണ്) എന്നിങ്ങനെയുള്ള നിലവാരം കുറഞ്ഞ അനുഗ്രഹങ്ങള്‍ ഇന്നു പല വിശ്വാസികളും അന്വേഷിക്കുന്നു. അതേസമയം അവരുടെ ജീവിതത്തെ അടിമുടി രൂപാന്തരപ്പെടുത്തുന്ന ഏറ്റവും വലിയ അനുഗ്രഹം-ദൈവത്തോട് ഒരു അഭിമുഖബന്ധം-അവര്‍ ആഗ്രഹിക്കുന്നില്ലെന്നത് പരിതാപകരമല്ലേ?
നമ്മള്‍ സമ്പന്നരായില്ലെങ്കിലും സൗഖ്യം പ്രാപിച്ചില്ലെങ്കിലും നാം കര്‍ത്താവിന്‍റെ മുഖം കണ്ടാല്‍ അതു നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റും.
ദൈവത്തെ കണ്ടപ്പോള്‍ ഇയ്യോബിന് ശരീരത്തില്‍ മുഴുവന്‍ വ്രണങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ രോഗസൗഖ്യത്തിനായി അവന്‍ ദൈവത്തോട് അപേക്ഷിച്ചില്ല. അവന്‍ പറഞ്ഞു: "ഞാന്‍ ദൈവത്തിന്‍റെ മുഖം കണ്ടല്ലോ. അതുമതി". ദൈവത്തില്‍ നിന്ന് ഒരു വചനവും വിവേചനവും പ്രാപിച്ചെന്ന് ഭാവിച്ച ആ മൂന്നു പ്രസംഗകരും ഇയ്യോബിനോടു പറഞ്ഞത് അവന്‍റെ ജീവിതത്തിലെ ഏതോ രഹസ്യപാപം മൂലം അവന്‍ പരീക്ഷിക്കപ്പെട്ടെന്നാണ്. ഇന്നും "കര്‍ത്താവ് ഇങ്ങനെ പറയുന്നു" എന്ന മുഖവുരയോടെ വ്യാജസന്ദേശങ്ങള്‍ നല്‍കുന്ന സ്വയം നിയമിച്ച പ്രവാചകന്മാര്‍ ദൈവജനത്തെ കുറ്റംവിധിയിലേക്കു തള്ളിവിടാറുണ്ട്. പക്ഷേ ദൈവം ആ മൂന്നു പ്രവാചകന്മാരെയുംപോലെ ന്യായവിധിയുടെ ഭീഷണി ഇയ്യോബിനു നേരേ മുഴക്കിയില്ല.
ഇയ്യോബിനോടു ദൈവം അവന്‍റെ പരാജയങ്ങളെക്കുറിച്ചു പറയുകയോ സമ്മര്‍ദ്ദത്തിലായിരുന്നപ്പോള്‍ അവന്‍ ദൈവത്തെ സംബന്ധിച്ചു പറഞ്ഞ പരാതികളെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയോ ചെയ്യുന്നില്ല. ദൈവം ഇയ്യോബിനോടു തന്‍റെ ദയ മാത്രം വെളിപ്പെടുത്തി-മനുഷ്യന്‍റെ ആസ്വാദനത്തിനായി സൃഷ്ടിച്ച ഈ പ്രപഞ്ചത്തിലും മനുഷ്യനു വിധേയപ്പെട്ടിരിക്കാനായി സൃഷ്ടിച്ച മൃഗങ്ങളിലും പ്രകടമാകുന്ന അവിടുത്തെ ദയ. ദൈവത്തിന്‍റെ ദയയെക്കുറിച്ചുള്ള ആ വെളിപ്പാടാണ് ഇയ്യോബിനെ അനുതാപത്തിലേക്കു നയിച്ചത്. പലരും ദൈവത്തിന്‍റെ ദയയെ മുതലെടുത്തശേഷം അതിനെ പഴിപറയാറുണ്ട്. എന്നാല്‍ ഇയ്യോബിനെ സംബന്ധിച്ച് അതവനെ അനുതാപത്തിലേക്കാണു നയിച്ചത്. കര്‍ത്താവ് തുടര്‍ന്ന് അവനെ നേരത്തേ ഉണ്ടായിരുന്നതില്‍ ഇരട്ടിയായി അനുഗ്രഹിച്ചു.
നമ്മെ തകര്‍ക്കുന്നതില്‍ അവിടുത്തെ ആത്യന്തികലക്ഷ്യം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കുക എന്നതാണ്-യാക്കോബ് 5:11 ല്‍ നമ്മള്‍ വായിക്കുന്നതുപോലെ. ഇയ്യോബിനെ സംബന്ധിച്ചു ദൈവത്തിന്‍റെ ഹൃദയത്തിലുള്ള ഉദ്ദേശ്യം അവന്‍റെ സ്വയനീതിയെയും നിഗളത്തെയും ഉടച്ച് അവനെ നുറുങ്ങപ്പെട്ട ഒരു മനുഷ്യനാക്കിത്തീര്‍ക്കുക എന്നതായിരുന്നു-അങ്ങനെയെങ്കില്‍ കര്‍ത്താവിന് അവനെ സമൃദ്ധമായി അനുഗ്രഹിക്കുവാന്‍ കഴിയുമല്ലോ. ദൈവം നമുക്കു നല്‍കുന്ന ഭൗതികവും ശാരീരികവുമായ അനുഗ്രഹങ്ങള്‍ക്കു പിന്നില്‍ നാം അവിടുത്തെ മുഖം കണ്ടില്ലെങ്കില്‍ ഈ ഭൗതികാനുഗ്രഹങ്ങള്‍ തന്നെ നമ്മെ ദൈവത്തില്‍ നിന്ന് അകറ്റിക്കളയും. ഇന്ന് ഭൗതികസമൃദ്ധികൊണ്ട് ദൈവത്തില്‍ നിന്ന് അകന്നുപോയ വിശ്വാസികള്‍ എത്ര!
ഈ ലോകം വാഗ്ദാനം ചെയ്യുന്നതെല്ലാം ആഗ്രഹിക്കുന്നതില്‍ നിന്ന് കര്‍ത്താവിന്‍റെ മുഖത്തിന്‍റെ ദര്‍ശനം നമ്മെ വിടുവിക്കും.
"എന്നെ കാട്ടുക അവിടുത്തെ മുഖം-ഒരു മാത്രയെങ്കിലും ദിവ്യസ്നേഹഭരിതമത്. അപ്പോള്‍ ഞാന്‍ അങ്ങേസ്നേഹത്തിനപ്പുറം മറ്റൊന്നും ചിന്തിക്കുകയോ സ്വപ്നം കാണുകയോ ഇല്ല. അപ്പോള്‍ മങ്ങിയ എല്ലാ വെളിച്ചവും ഇരുളാകും തരംതാണ എല്ലാ മഹത്വവും മങ്ങിടും ഈ ലോക സൗന്ദര്യം മേലില്‍ തരിമ്പും സുന്ദരമായ് തോന്നുകയുമില്ല."
പത്രോസ് കര്‍ത്താവിന്‍റെ മുഖദര്‍ശനത്തിനു മുമ്പില്‍ കയ്പോടെ കരഞ്ഞു. അവസാനം അവിടെ പത്രോസ് ഹൃദയത്തകര്‍ച്ചയിലായി എന്നു നാം കരുതും. പക്ഷേ ഇല്ല. അവന്‍ തന്‍റെ പെനിയേലിനു തയ്യാറാകുന്നതിനു മുന്‍പ് കര്‍ത്താവിന് അവനെ പരാജയത്തിന്‍റെ ഒരനുഭവത്തിലേക്കുകൂടി നയിക്കേണ്ടതുണ്ടായിരുന്നു.
പത്രോസ് തന്‍റെ സഹ അപ്പോസ്തലന്മാരോട് "ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു" എന്നു പറഞ്ഞതായിയോഹന്നാന്‍ 21:3 ല്‍ നാം വായിക്കുന്നു. ആ വൈകുന്നേരം വെറുതെ ഒന്നു മീന്‍ പിടിക്കാന്‍ പോകുന്നു എന്നല്ല അവന്‍ അര്‍ത്ഥമാക്കിയത്. അപ്പോസ്തലന്‍റെ ജോലി-അതില്‍ താന്‍ ഒരു പരാജയമായിരുന്നതിനാല്‍-ഉപേക്ഷിച്ച് സ്ഥിരമായി മീന്‍പിടിത്തത്തിനു പോകുന്നു എന്നാണവന്‍ അര്‍ത്ഥമാക്കിയത്!
ചിലവര്‍ഷങ്ങള്‍ക്കു മുന്‍പ് കര്‍ത്താവ് അവനെ വിളിച്ചപ്പോള്‍ മീന്‍പിടിത്തം ഉപേക്ഷിച്ചവനാണു പത്രോസ്. അവന്‍ അന്ന് എല്ലാം ഉപേക്ഷിച്ച് അവന് ആകാവുന്നിടത്തോളം ആത്മാര്‍ത്ഥമായി കര്‍ത്താവിനെ അനുഗമിക്കാന്‍ ഇറങ്ങിത്തിരിച്ചതാണ്. പക്ഷേ അവന്‍ തോറ്റുപോയി. ഒരു അപ്പോസ്തലനായിരിക്കുന്ന പരിപാടി തനിക്കു പറ്റിയതല്ലെന്ന തോന്നലില്‍ അവന്‍ എത്തിച്ചേര്‍ന്നു. പ്രസംഗിച്ചിട്ടുള്ളതില്‍ ഏറ്റവും അത്ഭുതകരമായ സന്ദേശങ്ങള്‍ ജീവിച്ചിട്ടുള്ള ഏറ്റവും മഹാനായ പ്രസംഗകനില്‍ നിന്ന് മൂന്നരവര്‍ഷം കേട്ടശേഷവും അവന്‍ കര്‍ത്താവിനെ പൂര്‍ണമായി തള്ളിപ്പറഞ്ഞു. അതും ഒരിക്കലല്ല. മൂന്നുവട്ടം. അതോടെ ഒരു അപ്പോസ്തലനാകുന്നത് അവനു മതിയായി.
പക്ഷേ ഇപ്പോഴും പത്രോസിന് ഭംഗിയായി ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്-മീന്‍പിടിത്തം. ഒരു കുട്ടിയായിരിക്കുമ്പോള്‍ മുതലേ അവന്‍ ഈ തൊഴില്‍ ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അതില്‍ അവന്‍ ഒരു വിദഗ്ധനാണ്. അതുകൊണ്ട് വീണ്ടും ഒരു മീന്‍ പിടിത്തക്കാരനാകാന്‍ അവന്‍ തീരുമാനിച്ചു. മറ്റുചില അപ്പോസ്തലന്മാര്‍ക്കും അങ്ങനെതന്നെ തോന്നാന്‍ തുടങ്ങി. അവരും ആ ആവശ്യത്തിന്‍റെ മണിക്കൂറില്‍ കര്‍ത്താവിനെ ഉപേക്ഷിച്ച് ഓടിപ്പോയവരാണ്. അതുകൊണ്ട് അവരും മീന്‍പിടിത്തത്തിനു പോകുന്നു. കാരണം അപ്പോസ്തലന്മാരെന്ന നിലയില്‍ അവരും പരാജയപ്പെട്ടവരാണ്.
നിങ്ങളുടെ അനുഭവവും അവരുടേതുപോലെയാകാം. ശക്തമായ സന്ദേശങ്ങള്‍ കേട്ട് നിങ്ങളും ഉണര്‍ത്തപ്പെട്ടിട്ടുണ്ടാവാം. ദൈവത്തിന്‍റെ വചനം കേട്ട് നിങ്ങളുടെ ഹൃദയം നിങ്ങളില്‍ തന്നെ കത്തിയിട്ടുണ്ടായിരിക്കാം. നിങ്ങള്‍ എല്ലാം ഉപേക്ഷിച്ച് സത്യസന്ധമായി കര്‍ത്താവിനെ പിന്‍പറ്റാന്‍ ശ്രമിച്ചവനാകാം. ശക്തമായ സന്ദേശങ്ങള്‍ കേട്ട് നിങ്ങള്‍ പലപ്പോഴും 'തീരുമാനങ്ങള്‍' എടുത്തിട്ടുണ്ടാകും. പല പരാജയങ്ങള്‍ക്കു ശേഷം നിങ്ങള്‍ ഒരു ഘട്ടത്തില്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകാം-"ഇപ്രാവശ്യം ഞാന്‍ യഥാര്‍ത്ഥമായി അതു ചെയ്യാന്‍ പോകുകയാണ്". പക്ഷേ നിങ്ങള്‍ പിന്നേയും തോറ്റു. ഇന്നു നിങ്ങള്‍ പുറകോട്ടുതിരിഞ്ഞു നോക്കുമ്പോള്‍ നിങ്ങള്‍ക്കു കാണാന്‍ കഴിയുന്നത് പരാജയങ്ങളുടെ ഒരു കൂമ്പാരം മാത്രമാണ്. നിങ്ങളില്‍ ചിലര്‍ വളരെ നിരാശപ്പെട്ട് ഇന്ന് ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും "ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഞാനിത് ഉപേക്ഷിക്കുവാന്‍ പോകുകയാണ്. ഈ സുവിശേഷം മറ്റുള്ളവരെ സംബന്ധിച്ചു പ്രായോഗികമായേക്കാം. പക്ഷേ എന്നെ സംബന്ധിച്ച് ഇതു നടപ്പാകുകയില്ല. ഞനതിരുവിട്ടു പോയി. എനിക്കിതു സാധിക്കുകയില്ല".
ഇതുപോലെയാണോ നിങ്ങള്‍ക്കിന്നു തോന്നുന്നത്? ഇനി ശ്രമിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലാത്തതു കൊണ്ട് മേലില്‍ ഇക്കാര്യം ശ്രമിക്കേണ്ടന്നാണോ നിങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്? ലോകത്തിലേക്കു മടങ്ങിപ്പോയി അവിടുത്തെ നിരര്‍ത്ഥകമായ സുഖങ്ങള്‍ അന്വേഷിക്കാമെന്നാണോ നിങ്ങളുടെ തീരുമാനം? യേശുകര്‍ത്താവിന്‍റെ ഒരു ശിഷ്യനാണെന്ന് അവകാശപ്പെടുന്നതിനെക്കാള്‍ ഭേദം ക്രിസ്ത്യാനിയാണെന്ന അഭിനയം ഒക്കെ നിര്‍ത്തിവച്ച് തീര്‍ത്തും ഒരു ലോകമനുഷ്യനായി ജീവിക്കുന്നതാണെന്ന് നിങ്ങള്‍ക്കിപ്പോള്‍ തോന്നുന്നുവോ?
മീന്‍പിടിത്തത്തിനു പോകാമെന്നു തീരുമാനിച്ചപ്പോള്‍ അപ്പോസ്തലന്മാര്‍ക്ക് ഈ നിലയിലാണു തോന്നിയത്. "ആട്ടെ പൊയ്ക്കോളൂ. മീന്‍ പിടിത്തത്തില്‍ വിജയിക്കാമോ എന്നു പരീക്ഷിച്ചുകൊള്ളൂ" എന്നു പറഞ്ഞ് കര്‍ത്താവ് അവരെ അതിനു പോകാന്‍ അനുവദിക്കുകയും ചെയ്തു. അങ്ങനെ പത്രോസും കൂട്ടരും രാത്രി മുഴുവന്‍ മീന്‍ പിടിക്കാന്‍ ശ്രമിച്ചു-പക്ഷേ അവര്‍ ദയനീയമായി പരാജയപ്പെട്ടു. അത്തരം ഒരു കാളരാത്രി അവര്‍ ജീവിതത്തില്‍ മുന്‍പ് അനുഭവിച്ചിട്ടുണ്ടാവുകയില്ല.
ഒരിക്കല്‍ ദൈവം താങ്കളെ തന്‍റേതായി വിളിച്ചിട്ടുണ്ടെങ്കില്‍ അവിടുന്ന് പിന്നെ ഒരിക്കലും നിങ്ങളെ വിട്ടുകളയുകയില്ല. മീന്‍ പിടിത്തത്തിലോ അല്ലെങ്കില്‍ നിങ്ങള്‍ ഏര്‍പ്പെടുന്ന ഏതു പ്രവര്‍ത്തനത്തിലോ പരാജയപ്പെടാന്‍ അവിടുന്നു നിങ്ങളെ അനുവദിക്കും. നിങ്ങള്‍ക്കിഷ്ടംപോലെ പരിശ്രമിക്കാം. എന്നാല്‍ നിങ്ങള്‍ തോറ്റുപോകുമെന്നുറപ്പ്. നിസ്സാരമായ കാര്യങ്ങള്‍ക്കു പിന്നാലെ പോയി ജീവിതം പാഴാക്കാന്‍ ദൈവസ്നേഹം താങ്കളെ അനുവദിക്കുകയില്ല. അതുകൊണ്ട് ദൈവത്തില്‍ നിന്ന് ഓടിയകലാന്‍ താങ്കള്‍ ശ്രമിച്ചാല്‍, നിങ്ങള്‍ എവിടെപ്പോയാലും എന്തുചെയ്താലും ഒരു പരാജയമായിരിക്കും-അവിടുത്തെ അടുക്കലേക്കു മടങ്ങിവരുന്നതുവരെ.
പക്ഷേ ഇത് ദൈവത്താല്‍ വിളിക്കപ്പെട്ടിട്ടില്ലാത്തവരെ സംബന്ധിച്ചു പ്രസക്തമല്ല. ധാരാളം 'കറുത്തപണം' സമ്പാദിച്ചിട്ടുള്ള വളഞ്ഞ വഴിക്കാരായ ബിസിനസ്സുകാരും രാഷ്ട്രീയക്കാരും നല്ല ആരോഗ്യത്തോടെ ജീവിക്കുന്നു-ദൈവത്തെ കൂടാതെ തന്നെ. എന്തുകൊണ്ടാണ് ദൈവം ഇതനുവദിക്കുന്നത്? കാരണം അവര്‍ ദൈവത്തിന്‍റെ മക്കളല്ല. പക്ഷേ അവരെക്കുറിച്ചല്ല ഞാന്‍ ഇപ്പോള്‍ പറയുന്നത്; തന്‍റേതായിരിക്കുവാന്‍ ലോകസ്ഥാപനത്തിനു മുന്‍പേ ദൈവം വിളിച്ച നിങ്ങളെക്കുറിച്ചാണ്.
സത്യത്തില്‍ ഗലീലാതടാകത്തില്‍ ധാരാളം മത്സ്യം ഉണ്ടായിരുന്നു. ആ രാത്രി മറ്റു മത്സ്യത്തൊഴിലാളികള്‍ അത് ഇഷ്ടം പോലെ പിടിക്കുകയും ചെയ്തു. മറ്റു മത്സ്യബന്ധന ബോട്ടുകളുടെ സമീപത്തേക്ക് മത്സ്യങ്ങള്‍ ധാരാളം ചെന്നപ്പോള്‍ അവയില്‍ ഒന്നു പോലും പത്രോസിന്‍റെ വള്ളത്തിനടുത്തേക്കു ചെല്ലാതെ ദൈവം തടഞ്ഞു. മറ്റു വള്ളക്കാര്‍ വന്ന് തങ്ങള്‍ക്ക് എത്ര വലിയ കോളാണ് കിട്ടിയതെന്ന് പത്രോസിനോട് വിവരിച്ചിരിക്കാം. അതുകേട്ടപ്പോള്‍ തങ്ങള്‍ക്കു മാത്രം എന്താണ് ഒന്നും പിടിക്കാന്‍ കഴിയാതെ പോയതെന്ന് പത്രോസും കൂട്ടരും അമ്പരന്നിരിക്കാം.
ചുറ്റുപാടും ഉള്ളവരെപ്പോലെ സ്റ്റോക്ക് മാര്‍ക്കറ്റില്‍ നിന്നു പണം സമ്പാദിക്കാന്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ലെന്നു നിങ്ങള്‍ അമ്പരന്നിട്ടുണ്ടോ? മറ്റുള്ളവരുടേതുപോലെ നിങ്ങളുടെ ബിസിനസ്സ് 'ദശലക്ഷ'ങ്ങളിലേക്കു കുതിക്കാത്തതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ അത്ഭുതപ്പെട്ടിട്ടില്ലേ? ചുറ്റുമുള്ള ജനങ്ങളെല്ലാം കൂടുതല്‍ ധനികരായി മാറുന്നതായി കാണുന്നു. എന്നാല്‍ സമൃദ്ധി നിങ്ങളുടെ വഴിയേ പോലും വരുന്നതായിത്തോന്നുന്നില്ല. ദൈവത്തിന്‍റെ വിളി നിങ്ങളുടെ ജീവിതത്തിന്മേലുണ്ടെന്നും ലോകമനുഷ്യര്‍ക്കുള്ളതിനേക്കാള്‍ മെച്ചമായതു നിങ്ങള്‍ക്കുണ്ടാകണമെന്നും ദൈവം ആഗ്രഹിക്കുന്നു എന്നതാണ് അതിനു കാരണം.
തന്‍റെ ജീവിതത്തിന്‍റെ മേലുള്ള ദൈവികവിളിയില്‍നിന്നു പത്രോസ് മാറിപ്പോകുകയാണുണ്ടായത്. അതുകൊണ്ടു ദൈവത്തിന് അവനെ ഒരിക്കല്‍ കൂടെ തോല്പിച്ച് നുറുക്കേണ്ടതുണ്ടായിരുന്നു. വൈകുന്നേരം ആറുമണിക്ക് ആ അപ്പോസ്തലന്മാര്‍ മീന്‍പിടിത്തം തുടങ്ങി. പക്ഷേ പിറ്റേന്നു പുലര്‍ച്ചെ അഞ്ചുമണിവരെ യേശു അവരുടെ അടുത്തേക്കു ചെന്നില്ല. പത്രോസിന് ആ രാത്രിയില്‍ മീനൊന്നും ലഭിക്കാന്‍ പോകുന്നില്ലെന്നു കര്‍ത്താവിന് അറിയാമായിരുന്നു. അങ്ങനെയെങ്കില്‍ അവര്‍ മീന്‍ പിടിക്കാന്‍ പോയപ്പോള്‍ തന്നെ, അവര്‍ സമയം പാഴാക്കാതിരിക്കേണ്ടതിന്, കര്‍ത്താവ് എന്തുകൊണ്ടു അപ്പോള്‍തന്നെ അവരുടെ അടുത്തേക്കു ചെന്നില്ല? രാത്രി ഒന്‍പതു മണിക്കെങ്കിലും എന്തുകൊണ്ടാണ് കര്‍ത്താവ് അവരുടെ അടുത്തു ചെല്ലാഞ്ഞത്? പിറ്റേന്ന് അഞ്ചുമണിവരെ അവിടുന്നു കാത്തുനിന്നത് എന്തിനാണ്? പതിനൊന്നു മണിക്കൂര്‍ പാടുപെട്ട് ക്ഷീണിച്ച് അവര്‍ പരാജയപ്പെടുന്നതുവരെ കര്‍ത്താവ് എന്തുകൊണ്ട് ഈ കാര്യത്തില്‍ ഇടപെട്ടില്ല?
ഈ ചോദ്യത്തിനു മറുപടിയായി നമ്മെ പരാജയപ്പെടാന്‍ അനുവദിക്കുന്നതിനു പിന്നിലുള്ള ദൈവത്തിന്‍റെ പരിപാടി എന്തെന്നു നാം കണ്ടെത്തും. മനുഷ്യന്‍റെ തോല്‍വിക്കു പിന്നിലെ ദൈവികലക്ഷ്യമാണു നാം അവിടെ കാണുന്നത്. നാം പാടുപെടുമ്പോള്‍, രക്ഷയ്ക്കായുള്ള നമ്മുടെ ആവര്‍ത്തിച്ചുള്ള നിലവിളികള്‍ക്കു മറുപടി നല്‍കാതെയും നമ്മുടെ ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനകള്‍ കേള്‍ക്കാതെയും ദൈവം നമ്മെ രക്ഷിക്കാതെ ഇരിക്കുന്നതെന്തുകൊണ്ടെന്നുള്ളതിന്‍റെ ഉത്തരം അപ്പോള്‍ നമുക്കു മനസ്സിലാകും.
പത്രോസും സുഹൃത്തുക്കളും വൈകുന്നേരം ആറുമണിക്ക് മീന്‍പിടിത്തം ആരംഭിച്ചപ്പോള്‍ അവര്‍ ഒരു പരാജയമായിരുന്നില്ല. അവരപ്പോള്‍ പ്രതീക്ഷാനിര്‍ഭരമായ മനസ്സോടുകൂടിയവരായിരുന്നു. രാത്രി ഒന്‍പതുമണിയായപ്പോള്‍ മീനൊന്നും കിട്ടാതിരുന്നതിനാല്‍ അവര്‍ തെല്ലു നിരാശരായിപ്പോയിരിക്കും. പക്ഷേ അപ്പോഴും അവരുടെ ശ്രമം'ഒരു പരാജയം' എന്ന് എഴുതിത്തള്ളാവുന്ന സ്ഥിതിയിലെത്തിയിരുന്നില്ല. അര്‍ദ്ധരാത്രിയോടെ അവര്‍ തീര്‍ത്തും നിരാശരായിക്കാണും. പിറ്റേന്നു പുലര്‍ച്ചെ നാലുമണിയോടെ അവര്‍ എല്ലാ പ്രതീക്ഷകളും കൈവിട്ടിരിക്കാം. പക്ഷേ 'തീര്‍ത്തും പരാജയം' എന്ന നിലയില്‍ അവര്‍ അപ്പോഴും എത്തിച്ചേരേണ്ടതുണ്ടായിരുന്നു. അവരുടെ ആത്മവിശ്വാസത്തിന്‍റെ ഗ്രാഫ് കുത്തനെ താഴേക്കു പോകുകയായിരുന്നു. പക്ഷേ അതു തീര്‍ത്തും 'പൂജ്യ'ത്തില്‍-കഴിവിന്‍റെ നെല്ലിപ്പലകയില്‍-ചെന്നെത്തേണ്ടതുണ്ടായിരുന്നു. അതു സംഭവിച്ചതു പുലര്‍ച്ചെ അഞ്ചുമണിക്കാണ്. അപ്പോള്‍ അവര്‍ എല്ലാം വിട്ടുകളയാന്‍ തയ്യാറായി."ഇനി ശ്രമിക്കുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ല. നമുക്കു വീട്ടില്‍ പോകാം" എന്ന് അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞിരിക്കാം.
അപ്പോഴാണ് കര്‍ത്താവ് അവര്‍ക്ക് പ്രത്യക്ഷനായത്. അതാണു ദൈവത്തിന്‍റെ വഴി. കര്‍ത്താവ് അവരുടെ വല അപ്പോള്‍ നിറഞ്ഞു കവിയുവാന്‍ ഇടയാക്കി. ജീവിതത്തില്‍ ഒരിക്കലും ഒറ്റ ദിവസം കൊണ്ട് അവര്‍ക്ക് അത്രയും വലിയൊരു മീന്‍പിടിത്തം നടത്താന്‍ കഴിഞ്ഞിട്ടില്ല. 153 വലിയ മീനാണ് അന്നു പുലര്‍ച്ചെ അവര്‍ക്കു ലഭിച്ചത്. പണ്ട് നല്ല കോളുകിട്ടുന്ന ദിവസം ഇരുപതോ മുപ്പതോ മീന്‍ കിട്ടിയിരുന്ന സ്ഥാനത്ത് ഒരൊറ്റ ദിവസം തന്നെ 153 വലിയ മീന്‍! തീര്‍ച്ചയായും ഇതൊരു അത്ഭുതം തന്നെയായിരുന്നു. ആ തടാകത്തില്‍ നിന്ന് ആരും അതേവരെ അത്രയും മീന്‍ ഒരു ദിവസം പിടിച്ചിട്ടുണ്ടാവില്ല. ഗലീലിയയിലെ റെക്കോര്‍ഡ് ബുക്കില്‍ സ്ഥാനം പിടിക്കത്തക്കവണ്ണം വലിയ മീന്‍പിടിത്തം! തങ്ങളുടെ പ്രതീക്ഷകള്‍ എല്ലാം അസ്തമിച്ചു കഴിഞ്ഞപ്പോള്‍ ദൈവം ചെയ്ത ഒരത്ഭുതമായി അവര്‍ അത് എന്നും ഓര്‍ക്കും.
ഇന്നു നിങ്ങള്‍ നിങ്ങളുടെ 'നെല്ലിപ്പലക'യില്‍ എത്തിച്ചേര്‍ന്നോ? -എങ്ങോട്ടു തിരിയണം, ഇനി എന്തുചെയ്യണം എന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടാ. കാരണം എവിടേക്കു തിരിഞ്ഞപ്പോഴും നിങ്ങള്‍ക്കു നിരാശയും പരാജയവും മാത്രമാണ് അനുഭവിക്കാന്‍ കഴിഞ്ഞത്. അങ്ങനെയെങ്കില്‍ ദൈവം നിങ്ങള്‍ക്കു പ്രത്യക്ഷനാകാന്‍ പോകുന്ന സ്ഥലത്തിനു വളരെ അടുത്തു നിങ്ങള്‍ എത്തിക്കഴിഞ്ഞു. ഉപേക്ഷിച്ചുകളയരുത്. നിങ്ങളുടെ ആത്മവിശ്വാസം പൂജ്യമായിത്തീരാന്‍വേണ്ടിയാണ് അവിടുന്നു കാത്തുനില്‍ക്കുന്നത്. അവിടുന്നു ഇതുവരെ നിങ്ങളുടെ അടുത്ത് എത്തിയിട്ടില്ലെങ്കില്‍ അതിന്‍റെ അര്‍ത്ഥം ഇതുവരെ നിങ്ങളുടെ ആത്മവിശ്വാസത്തിന്‍റെ ഗ്രാഫ് പൂജ്യത്തില്‍ എത്തിയിട്ടില്ലെന്നാണ്. സ്വയത്തിന്‍റെ അല്പം ബലം ഇപ്പോഴും നിന്നില്‍ അവിടുന്നു കാണുന്നുണ്ട്. അതും പോകണം. കര്‍ത്താവു വരണമെങ്കില്‍ അതിനുമുന്‍പ് ലാസര്‍ മരിക്കുകയും അടക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്!
ഒടുവില്‍ അന്നു പുലര്‍ച്ചെ തടാകക്കരയില്‍ എത്തിയപ്പോള്‍ യേശു അവരോട് എന്താണു ചോദിച്ചത്? അവരുടെ പക്കല്‍ ഒരു മീനും ഇല്ലെന്ന് അവിടുത്തേക്ക് അറിയാം. എന്നിട്ടും അവിടുന്നു ചോദിച്ചു "കുഞ്ഞുങ്ങളെ, നിങ്ങളുടെ പക്കല്‍ മീന്‍ എന്തെങ്കിലും ഉണ്ടോ?" ആദ്യം അവരില്‍ ആരും തന്നെ മറുപടി പറഞ്ഞിരിക്കുകയില്ല. അവിടുത്തേക്ക് രണ്ടാമതും ചോദ്യം ആവര്‍ത്തിക്കേണ്ടതായി വന്നിരിക്കാം. അപ്പോള്‍ അവര്‍ മന്ദസ്വരത്തില്‍ പറഞ്ഞു "ഇല്ല". തങ്ങള്‍ ഒരു പരാജയമാണെന്ന് അവര്‍ സമ്മതിക്കുകയായിരുന്നു. മുന്‍പ് യാക്കോബും ഇയ്യോബും പറഞ്ഞതുപോലെ ഇവരും ഈ ഘട്ടത്തില്‍ സത്യസന്ധമായി അതു സമ്മതിച്ചു. കര്‍ത്താവും അത്രമാത്രമേ ആഗ്രഹിച്ചുള്ളു. തങ്ങള്‍ തോറ്റുവെന്ന് അവര്‍ സമ്മതിക്കണം.
എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളിലൊന്ന് ഈ തേജസ്സേറിയ സത്യം കണ്ടെത്തിയതാണ്: ജീവിതത്തിന്‍റെ എല്ലാ രംഗങ്ങളിലും ദൈവം നമ്മില്‍ നിന്ന് ആഗ്രഹിക്കുന്ന പ്രധാന കാര്യം സത്യസന്ധതയാണ്.അപ്പോള്‍ അവിടുത്തേക്ക് അത്ഭുതം പ്രവര്‍ത്തിക്കുവാന്‍ കഴിയും.
"നിങ്ങള്‍ക്കു മീന്‍ എന്തെങ്കിലും കിട്ടിയോ?""ഇല്ല" "വലതു വശത്തു വല വീശുക" കണ്ടാലും! അവിടെ ഒരത്ഭുതം സംഭവിച്ചു!!
"നിന്‍റെ പേരെന്താണ്?""ചതിയന്‍" "മേലില്‍ നിന്‍റെ പേര് ചതിയനെന്നല്ല. ദൈവത്തിന്‍റെ പ്രഭു എന്നാണ്" കണ്ടാലും! മറ്റൊരത്ഭുതം!
പ്രിയസഹോദരീസഹോദരന്മാരേ, ഇതാണു ദൈവത്തിന്‍റെ വഴി.
ദൈവം നമ്മില്‍ നിന്ന് ആകെ ആഗ്രഹിക്കുന്നതു സത്യസന്ധതയാണ്.
നിനക്ക് ഇന്ന് അവിടുത്തോട് സത്യസന്ധനായിരിക്കാന്‍ കഴിയുമോ?
നമ്മുടെ സഭ ഒരു ആശുപത്രിപോലെയാണ്. നമ്മള്‍ എല്ലാവരും ഇവിടെ രോഗികളാണ്. നമ്മളാരും ഇവിടെ വിദഗ്ദ്ധന്‍മാരോ സ്പെഷ്യലിസ്റ്റുകളോ അല്ല. നമ്മില്‍ ചിലര്‍ ഈ ആശുപത്രിയില്‍ മറ്റുള്ളവരെക്കാള്‍ കൂടുതല്‍ കാലമായി കഴിയുന്നു എന്നു മാത്രം. നമ്മള്‍ എല്ലാവരും രോഗികളാണ്. ഒരേ ഒരു ഡോക്ടര്‍ മാത്രമേ ഉള്ളൂ-അത് യേശുവാണ്. നമ്മുടെ മദ്ധ്യത്തില്‍ സ്പെഷ്യലിസ്റ്റുകള്‍ ഇല്ല. സ്പെഷ്യലിസ്റ്റുകളും വിദ്ഗ്ധന്മാരും ഉള്ളത് അന്ധാരാധനാ സമൂഹങ്ങളിലെ സ്വയനീതിമാന്മാരായ ആളുകള്‍ക്കിടയിലാണ്. ജീവനുള്ള ദൈവത്തിന്‍റെ സഭയിലല്ല. എല്ലാവര്‍ക്കും നമ്മുടെ ആശുപത്രിയിലേയ്ക്ക് സ്വാഗതമുണ്ട്. നിങ്ങളുടെ അസുഖം എത്രത്തോളം ഗുരുതരമാണോ സൗഖ്യം കണ്ടെത്താനായി കൂടുതല്‍ കാലം നിങ്ങള്‍ ഞങ്ങളുടെ മധ്യത്തിലുണ്ടായിരിക്കണം. ഞങ്ങളുടെ സന്ദേശം ഇതാണ്:"പാപികളെ രക്ഷിപ്പാന്‍ യേശുക്രിസ്തു ഈ ലോകത്തില്‍ വന്നു. അവരില്‍ ഒന്നാമന്മാര്‍ ഞങ്ങളാണ്."
ഒന്നും അര്‍ഹിക്കാത്തവരെയാണു ദൈവം സന്ധിക്കുന്നത്. ചുങ്കക്കാരന്‍ പ്രാര്‍ത്ഥിച്ചത് ഇങ്ങനെയാണ് "ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകണമേ" (ലൂക്കോസ് 18:13). അവന്‍ തന്നെത്തന്നെ വിളിക്കുന്നത് ഒരേഒരു പാപി എന്നാണ്. അവന്‍ അര്‍ത്ഥമാക്കിയത് താരതമ്യം ചെയ്യുമ്പോള്‍ ചുറ്റുമുള്ളവരെല്ലാം വിശുദ്ധരാണെന്നാണ്. അവന്‍റെ കണ്ണില്‍ ഈ ഭൂമിയിലുള്ള ഏക പാപി അവനാണ്! യേശു പറഞ്ഞത് ഒടുവില്‍ അവന്‍ നീതീകരിക്കപ്പെട്ടവനായി വീട്ടില്‍ പോയി എന്നാണ്. ഇങ്ങനെയുള്ളവരെയാണു ദൈവം നീതീകരിക്കുന്നത്.
'നീതീകരിക്കുക' എന്ന വാക്കിന്‍റെ ശരിയായ അര്‍ത്ഥം എന്താണെന്നു ഞാന്‍ നിങ്ങളോടു പറയട്ടെ. അത് വളരെ മനോഹരമായ, വിടുവിക്കുന്ന, ഒരു വാക്കാണ് (ലൂക്കോ 18:14).
ഇക്കാലത്തു കംപ്യൂട്ടറില്‍ ക്രമീകരിക്കുന്ന പുസ്തകങ്ങളുടെപേജുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഇടതു വശത്തെ മാര്‍ജിന്‍ പോലെ തന്നെ വലതു വശത്തെ മാര്‍ജിനും ഭംഗിയായി ഒരേ നിരപ്പില്‍ താഴേയറ്റം വരെ ആയിരിക്കും. കംപ്യൂട്ടര്‍ ഭാഷയനുസരിച്ച് ഇതിന് നീതീകരണം എന്നതിന്‍റെ ഇംഗ്ലീഷ് വാക്കായ'ജസ്റ്റിഫൈ' എന്ന പദമാണ് ഉപയോഗിക്കുന്നത്. ഓരോ വരിയിലേയും അക്ഷരങ്ങളുടെ എണ്ണം വ്യത്യസ്തമാണെങ്കിലും കംപ്യൂട്ടറില്‍ ''ജസ്റ്റിഫൈ' ' എന്ന കമാന്‍റു കൊടുക്കുമ്പോള്‍ അക്ഷരങ്ങളുടെ ഇടയിലുള്ള അകലം കംപ്യൂട്ടര്‍ തന്നെ ക്രമീകരിച്ച് വലതുവശത്തെ മാര്‍ജിനും ഇടതുവശത്തേതുപോലെ ഒരേ നിരപ്പില്‍ ആയിത്തീരും. അതേ സമയം ''ജസ്റ്റിഫൈ' ' എന്ന നിര്‍ദ്ദേശം നല്‍കിയില്ലെങ്കില്‍ വലതു വശത്തെ മാര്‍ജിന്‍റെ ഭാഗം, പണ്ടു നമ്മള്‍ കൈകൊണ്ടു ടൈപ്പു ചെയ്യുമ്പോള്‍ വന്നിരുന്നതുപോലെ ഏറിയും കുറഞ്ഞും വരും. എന്നാല്‍ 'ഖൗശെേളശരമശേീി' എന്ന നിര്‍ദ്ദേശം കൊടുത്താല്‍ ഒരു നിമിഷംകൊണ്ട് വലതുവശത്തെ മാര്‍ജിനും ഇടതുവശത്തേതുപോലെ ഒരേ നിരപ്പില്‍ വരുന്നതു കാണാം.
നിങ്ങള്‍ ഇതുവരെ 30 വരികള്‍ എഴുതിയെന്നിരിക്കട്ടെ. എല്ലാ വരിയുടെയും വലത്തേ അറ്റം ഏറിയും കുറഞ്ഞും ഇരിക്കുകയും ചെയ്യുന്നു. നിങ്ങള്‍ എഴുതിയ അത്രയും വരികള്‍ 'സെലക്ടു' ചെയ്തശേഷം കംപ്യൂട്ടറിനോട് 'ജസ്റ്റിഫൈ' ചെയ്യാന്‍ ആവശ്യപ്പെടുക. അത്ഭുതം. നിങ്ങള്‍ ഒരൊറ്റ കട്ട അമര്‍ത്തുന്നതോടെ അത്രയും വരികള്‍ 'ജസ്റ്റിഫൈ' ചെയ്തുകഴിഞ്ഞു.
ദൈവവും നമ്മെ നീതീകരിക്കുമ്പോള്‍ ഇതു തന്നെയാണു ചെയ്യുന്നത്. നിങ്ങള്‍ നിങ്ങളുടെ ജീവിതം ഇതുവരെ ആകെകുഴപ്പമാക്കിയെന്നിരിക്കട്ടെ. നിങ്ങളുടെ ഭൂതകാലജീവിതത്തിലെ ഓരോ ദിവസവും അവസാനിച്ചത് ക്രമം തെറ്റിയ നിലയിലാണെന്നും ഇരിക്കട്ടെ. എന്നാല്‍ നിങ്ങള്‍ ക്രിസ്തുവിലേക്കു വരുമ്പോള്‍ ദൈവം നിങ്ങളെ ഒരു നിമിഷം കൊണ്ടു നീതീകരിക്കും.! നിങ്ങളുടെ ഭൂതകാലജീവിതത്തിലെ ഒരോ വരിയും അവിടുന്നു പൂര്‍ണതയുള്ളതാക്കിത്തീര്‍ക്കും. നിങ്ങളുടെ ജീവിതത്തില്‍ ഇതുവരെ ഒരിക്കല്‍ പോലും പാപം ചെയ്തിട്ടില്ലെന്നവണ്ണം അവിടുന്നു നിങ്ങളെ നീതീകരിക്കും. ക്രമം തെറ്റിയ വരികളൊന്നും ഇല്ലാതെ ഒരു നേര്‍രേഖ പോലെ അവിടുന്ന് ഇതുവരെയുള്ള ജീവിതത്തെ ആക്കിത്തീര്‍ക്കും.
അതുവളരെ അത്ഭുതകരമാണ്. അല്ലേ?. കംപ്യൂട്ടര്‍ ഒരു പേജിനെ സംബന്ധിച്ചു ചെയ്തത് ദൈവം നമ്മുടെ ജീവിതത്തെ സംബന്ധിച്ചു ചെയ്യും.
ഇതു സംബന്ധിച്ചു കൂടുതലായി ഒരു കാര്യം കൂടി ഞാന്‍ നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തട്ടെ. ഒരിക്കല്‍ നാം കംപ്യൂട്ടറിന് 'ജസ്റ്റിഫൈ' എന്ന നിര്‍ദ്ദേശം നല്‍കിയാല്‍ അതുവരെയുള്ള വരികള്‍ മുഴുവന്‍ ക്രമീകരിക്കുക മാത്രമല്ല, പിന്നീടു നാം അടിക്കുന്ന ഒരോ വരിയും കംപ്യൂട്ടര്‍തന്നെ യാന്ത്രികമായി ക്രമീകരിച്ച് വലതുവശത്തെ മാര്‍ജിന്‍ ഒരേനിരയിലാക്കും. നീതീകരണം നമ്മുടെ ഭൂതകാലത്തെ സംബന്ധിച്ചു മാത്രമല്ല ഭാവിയെ സംബന്ധിച്ചും പ്രസക്തമാണെന്നു സാരം. ഇതു തീര്‍ച്ചയായും അത്ഭുതകരമായ സുവിശേഷം തന്നെ.
ദൈവം ഇപ്പോള്‍ നമ്മെ ക്രിസ്തുവിലാണു കാണുന്നത്. ഇനി നമുക്കു തന്നെ പുകഴുവാന്‍ ഒരു നീതിയുമില്ല. ക്രിസ്തു തന്നെയാണു നമ്മുടെ നീതീകരണം.
ദൈവം നീതീകരിക്കുമ്പോള്‍ ഒരു പാപവും, ജീവിതത്തില്‍ ഒരു തെറ്റും, ചെയ്തിട്ടില്ലാത്തവരെപ്പോലെയാണു പിന്നെ നമ്മെ കണക്കാക്കുന്നത്. തുടര്‍ന്നും നാം നിരന്തരം ക്രിസ്തുവിന്‍റെ രക്തത്താല്‍ നീതീകരിക്കപ്പെടുകയാണ്-കാരണം നാം വെളിച്ചത്തില്‍ നടക്കുമ്പോള്‍ ക്രിസ്തുവിന്‍റെ രക്തം എല്ലാ പാപത്തില്‍ (ബോധപൂര്‍വമോ, അബോധപൂര്‍വമോ ആയ) നിന്നും നമ്മെ ശുദ്ധീകരിക്കുന്നു.
ദൈവവചനം വായിക്കുമ്പോള്‍ നമുക്കുപറ്റാവുന്ന ഏറ്റവും വലിയതെറ്റ്, ഒരു കണക്ക് ചെയ്യുമ്പോഴെന്നപോലെ നാം അപ്പോഴും യുക്തിപൂര്‍വം ചിന്തിച്ചു പോകാം എന്നതാണ്. ദൈവം ഒരു ഗണിതശാസ്ത്രത്തിന്‍റെ യുക്തി അനുസരിച്ചു പ്രവര്‍ത്തിക്കാത്തതിനാല്‍ നമുക്കു ദൈവത്തിന്‍റെ മനസ്സ് ആ നിലയില്‍ മനസ്സിലാക്കാന്‍ കഴിയുകയില്ല. അതുകൊണ്ട് ഭൂതകാലത്തില്‍ ധാരാളം തെറ്റുകള്‍ വരുത്തിയശേഷവും നമ്മുടെ ജീവിതത്തില്‍ ദൈവത്തിന്‍റെ പൂര്‍ണഹിതം എങ്ങനെ നിറവേറും എന്നു ചിന്തിക്കുമ്പോള്‍ അവിടെ നമ്മുടെ യുക്തികൊണ്ടുവരരുത്. ഗണിതശാസ്ത്രമനുസരിച്ച് ഒരു തെറ്റു വരുത്തിയാല്‍ പിന്നീട് ഒരിക്കലും അവസാനഉത്തരം ശരിയാവുകയില്ല. കണക്കു ചെയ്തു വരുന്ന വഴിയില്‍ എവിടെയെങ്കിലും ഒരു തെറ്റു വന്നാല്‍ ഉത്തരം തീര്‍ച്ചയായും തെറ്റായിരിക്കും.
കണക്കിലെ ഈ യുക്തി അനുസരിച്ചു ചിന്തിച്ചാല്‍ ഭൂതകാലത്തില്‍ എപ്പോഴെങ്കിലും-അതു രണ്ടു വയസ്സുള്ളപ്പോഴോ 52 വയസ്സുള്ളപ്പോഴോ-നിങ്ങള്‍ ദൈവഹിതത്തില്‍ നിന്നു പാളിപ്പോയാല്‍ നിങ്ങള്‍ക്ക് ഇപ്പോള്‍ എത്ര അനുതപിച്ചാലും നിങ്ങളെ സംബന്ധിച്ച ദൈവത്തിന്‍റെ പരിപൂര്‍ണഹിതത്തില്‍ എത്തിച്ചേരാന്‍ കഴിയുകയില്ല. കാരണം കണക്കു ചെയ്തുവരുമ്പോള്‍ എവിടെവച്ചെങ്കിലും തെറ്റിയാല്‍ (അതു രണ്ടാമത്തെ സ്റ്റെപ്പിലോ 52 -ാമത്തെ സ്റ്റെപ്പിലോ ആണെങ്കിലും) പിന്നീട് അവസാന ഉത്തരം ഒരിക്കലും ശരിയാകുകയില്ലല്ലോ!!
പക്ഷേ ദൈവം പറയുന്നത് "എന്‍റെ വഴികള്‍ നിങ്ങളുടെ വഴികളല്ല" (യെശയ്യ 55:8,9).
ഗണിതശാസ്ത്രത്തിലെ യുക്തിയനുസരിച്ചല്ല നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം നടപ്പാക്കുന്നതെന്ന് ഓര്‍ത്ത് ദൈവത്തിനു നന്ദി പറയാം. അങ്ങനെയായിരുന്നെങ്കില്‍ ഒരു മനുഷ്യജീവിക്കും (എന്തിന് പൗലോസ് അപ്പോസ്തലനു പോലും) ദൈവത്തിന്‍റെ പൂര്‍ണഹിതം നിറവേറ്റാന്‍ കഴിയാതെ പോകുമായിരുന്നു. നമ്മളെല്ലാം ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ പരാജയപ്പെട്ടവരാണ്. വിശ്വാസികളായതിനുശേഷവും നമ്മള്‍ പരാജയപ്പെട്ടിട്ടുണ്ട്-പല തവണ. വിശ്വാസികളായതിനുശേഷവും ബോധപൂര്‍വം പാപം ചെയ്തിട്ടുണ്ട്. സത്യസന്ധരായ എല്ലാവരും അത് വേഗം സമ്മതിക്കും. പക്ഷേ അത്ഭുതകരമായ സത്യം, നമ്മെ ഓരോരുത്തരെ സംബന്ധിച്ചും ഇനിയും പ്രതീക്ഷയുണ്ടെന്നതാണ്.
ഗണിതശാസ്ത്രം, ഒരു നേരിയ തെറ്റു വരുത്തുന്നവരെയും തെറ്റുകാരാക്കും. വളരെ ചെറിയതെറ്റിനുപോലും ഒരു ഔദാര്യവും കാണിക്കുന്നില്ല. 2+2 ഒരിക്കലും 3.99999999 ആയിരിക്കുന്നില്ല. അതു കൃത്യം 4 ആണ്. കൂടുതലുമില്ല; കുറവുമില്ല.
എന്നാല്‍ ദൈവത്തിന്‍റെ പദ്ധതികള്‍ ഗണിതശാസ്ത്രം പോലെയല്ല പ്രവര്‍ത്തിക്കുന്നത്. അവിടുത്തെ പദ്ധതിയില്‍, നമ്മുടെ തോല്‍വികള്‍ അനിവാര്യമാണ്. കാരണം തോല്‍വിയിലൂടെ അല്ലാതെ നമ്മിലാരും നുറുങ
കഴിഞ്ഞ കാലത്ത് പാപം ചെയ്ത് ദൈവത്തിന്‍റെ പദ്ധതികളെ തകിടം മറിച്ചവരായതിനാല്‍, ഇനി തങ്ങള്‍ക്കു ജീവിതത്തില്‍ ദൈവത്തിന്‍റെ പരിപൂര്‍ണഹിതം നിറവേറ്റാന്‍ കഴിയുകയില്ലെന്നു കരുതുന്ന പല സഹോദരീ സഹോദരന്മാരുണ്ട്.
ഈ കാര്യത്തില്‍ സ്വന്തധാരണകളെയോ യുക്തികളെയോ ആശ്രയിക്കുന്നതിനുപകരം തിരുവചനം എന്തു പറയുന്നു എന്നു നമുക്കു നോക്കാം.
ഒന്നാമതായി ബൈബിള്‍ ആരംഭിക്കുന്നത് എങ്ങനെയാണെന്നു ശ്രദ്ധിക്കുക:
"ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു" (ഉല്പത്തി 1:1).
ആകാശവും ഭൂമിയും ദൈവം സൃഷ്ടിച്ചപ്പോള്‍ അതു പൂര്‍ണതയുള്ളതായിരുന്നു. അപൂര്‍ണവും മുഴുമിപ്പിക്കാത്തതുമായ ഒന്ന് അവിടുത്തെ കരങ്ങളില്‍ നിന്നുണ്ടാവുക സാധ്യമല്ലല്ലോ!
എന്നാല്‍ അവിടുന്നു സൃഷ്ടിച്ച ദൂതന്മാരില്‍ ചിലര്‍ വീണുപോയി (യെശയ്യാവ് 14:11-15, യെഹസ്കേല്‍ 28:13-18 എന്നീ ഭാഗങ്ങള്‍ ശ്രദ്ധിക്കുക) അതിനെ തുടര്‍ന്നാണ് ഉല്‍പത്തി 1:2 ല്‍ കാണുന്ന പാഴും ശൂന്യവുമായ അവസ്ഥയില്‍ ഭൂമി എത്തിച്ചേര്‍ന്നത്.
രൂപമില്ലാത്ത, ശൂന്യമായ, പാഴായ ഈ ഭൂമിയെ ദൈവം ഇത്ര മനോഹര മായി പുനര്‍സൃഷ്ടിച്ചതെങ്ങനെയെന്നാണ് ഉല്‍പത്തി ഒന്നാം അദ്ധ്യായത്തിന്‍റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ പറയുന്നത്. അങ്ങനെ പുനര്‍സൃഷ്ടിച്ച ഈ ഭൂമി ദൈവം തന്നെ 'വളരെ നന്ന്' എന്നു പറയത്തക്കവണ്ണം സുന്ദരമായിരുന്നു! (ഉല്‍പത്തി 1:31). ദൈവത്തിന്‍റെ ആത്മാവ് അതിന്മേല്‍ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു, ദൈവം തന്നെ കല്പിച്ചു-ഈ രണ്ടു കാര്യങ്ങളാണ് പാഴും ശുന്യവുമായ ഭൂമിക്കു രൂപാന്തരം വരുത്തിയതെന്ന് ഉല്‍പത്തി 1:2,3 വചനങ്ങളില്‍ നിന്നു വ്യക്തം.
ഇതില്‍ നിന്ന് ഇന്ന് നമുക്കു ലഭിക്കുന്ന സന്ദേശം എന്താണ്?
നാം എത്രമാത്രം തോറ്റു പോകുകയും നമ്മുടെ ജീവിതത്തെ അങ്ങേയറ്റം കുഴപ്പമാക്കിത്തീര്‍ക്കുകയും ചെയ്താലും ദൈവത്തിനു നമ്മുടെ ജീവിതത്തെ തന്‍റെ ആത്മാവിനാലും വചനത്താലും മഹത്വപൂര്‍ണ്ണമാക്കിത്തീര്‍ക്കാന്‍ കഴിയും എന്ന സന്ദേശമാണിതു നല്‍കുന്നത്.
ഭൂമിയെയും ആകാശത്തെയും ആദ്യമായി സൃഷ്ടിച്ചപ്പോള്‍ ദൈവത്തിന് അവയെക്കുറിച്ച് പൂര്‍ണമായ ഒരു പദ്ധതിയുണ്ടായിരുന്നു. പക്ഷേ ലൂസിഫറിന്‍റെ പരാജയം മൂലം ഈ പദ്ധതി മാറ്റിവയ്ക്കേണ്ടിവന്നു. പക്ഷേ ദൈവം ആ പാഴും ശൂന്യവുമായ അവസ്ഥയില്‍ നിന്ന് ഭൂമിയെയും ആകാശങ്ങളേയും പുനര്‍സൃഷ്ടിച്ച് 'ഏറ്റവും നല്ല'തൊന്നിനു രൂപം നല്‍കി.
തുടര്‍ന്ന് എന്താണ് സംഭവിച്ചതെന്ന് ശ്രദ്ധിക്കാം:
ദൈവം ആദമിനെയും ഹവ്വയെയും സൃഷ്ടിച്ച് എല്ലാം പൂതുതായി ആരംഭിച്ചു. ദൈവത്തിന് അവരെ സംബന്ധിച്ചും പൂര്‍ണമായ ഒരു പദ്ധതിയുണ്ടായിരുന്നു. നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്‍റെ വൃക്ഷഫലം ഭക്ഷിച്ചു പാപം ചെയ്തു പരാജയപ്പെടുന്നതു തീര്‍ച്ചയായും ആ പദ്ധതിയുടെ ഭാഗമായിരുന്നില്ല. പക്ഷേ വിലക്കപ്പെട്ട കനി ഭക്ഷിച്ച് അവരെക്കുറിച്ചുള്ള ദൈവിക പദ്ധതിയെ-അതെന്തായിരുന്നാലും-അവര്‍ തകിടം മറിച്ചു.
ഇനി അവര്‍ക്കൊരിക്കലും ദൈവത്തിന്‍റെ സമ്പൂര്‍ണമായ പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ കഴിയുകയില്ലെന്നു നമ്മുടെ യുക്തി പറഞ്ഞെന്നിരിക്കും. എന്നാല്‍ ദൈവം പിന്നീടു തോട്ടത്തില്‍ അവരെ സന്ദര്‍ശിക്കുവാന്‍ എത്തിയപ്പോള്‍ ഇനി അവര്‍ക്കു തന്‍റെ ഏറ്റവും നല്ലതിനു താഴെയുള്ള പദ്ധതിയില്‍ മാത്രമേ ജീവിക്കാന്‍ കഴിയുകയുള്ളൂ എന്നു പറയുന്നില്ല. ഇല്ല, മറിച്ച് ഉല്‍പത്തി 3:15 ല്‍ അവിടുന്നു നല്‍കുന്ന വാഗ്ദാനം സ്ത്രീയുടെ സന്തതി സര്‍പ്പത്തിന്‍റെ തല തകര്‍ക്കുമെന്നാണ്. ലോകത്തിന്‍റെ പാപത്തിന്‍റെ പരിഹാരമായി യേശു മരിക്കുകയും സാത്താനെ കാല്‍വറിയില്‍ ജയിക്കുകയും ചെയ്യുമെന്ന വാഗ്ദാനമായിരുന്നു അത്.
ഇനി ഈ വസ്തുതകള്‍ പരിഗണിച്ച് നിങ്ങളുടെ യുക്തി ഉപയോഗിച്ച് ഒരു നിഗമനത്തില്‍ എത്തിച്ചേരാമോ?
ക്രിസ്തുവിന്‍റെ മരണം നിത്യത മുതലുള്ള ദൈവത്തിന്‍റെ പൂര്‍ണപദ്ധതിയാണെന്നു നമുക്കറിയാം. "ലോകസ്ഥാപനം മുതല്‍ അറുക്കപ്പെട്ട കുഞ്ഞാട്" (വെളിപ്പാട് 13:8) എന്നാണല്ലോ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ആദമും ഹവ്വയും പാപം ചെയ്ത് പരാജയപ്പെട്ടതുകൊണ്ട് മാത്രമാണ് യേശു മരിക്കേണ്ടിവന്നതെന്നും നമുക്കറിയാം. അപ്പോള്‍ യുക്തി അനുസരിച്ചു നോക്കിയാല്‍ ലോകത്തിന്‍റെ പാപത്തിന്‍റെ പരിഹാരത്തിനുവേണ്ടി ക്രിസ്തു മരിക്കുകയെന്ന ദൈവത്തിന്‍റെ പരിപൂര്‍ണഹിതം നിറവേറിയതു ആദാം വിജയിച്ചതുകൊണ്ടല്ല മറിച്ച് പരാജയപ്പെട്ടതുകൊണ്ടാണ്! ആദാമിന്‍റെ പാപം സംഭവിച്ചില്ലായിരുന്നെങ്കില്‍ കാല്‍വറിക്രൂശില്‍ ദൈവത്തിന്‍റെ സ്നേഹം നമുക്കു കാണാന്‍ കഴിയുകയില്ലായിരുന്നു!
ഇതെല്ലാം നമ്മുടെ യുക്തിയുടെ പൊള്ളത്തരമല്ലേ വെളിവാക്കുന്നത്? ഇതുകൊണ്ടാണ് 'നാം സ്വന്ത വിവേകത്തില്‍ ഊന്നരുതെന്ന്' തിരുവെഴുത്തു പറഞ്ഞിരിക്കുന്നത് (സദൃശവാക്യം 3:5).
ഗണിതശാസ്ത്രപരമായ ഒരു യുക്തി അനുസരിച്ചു ദൈവം പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ക്രിസ്തുവിന്‍റെ ഭൂമിയിലേക്കുള്ള വരവ് അവിടുത്തെ രണ്ടാമത്തെ നല്ല പദ്ധതി മാത്രമാണെന്നു പറയേണ്ടി വരും. പക്ഷേ അങ്ങനെ പറഞ്ഞാല്‍ അതു ദൈവദൂഷണമാണ്. അതു മനുഷ്യനെ സംബന്ധിച്ച ദൈവത്തിന്‍റെ പരിപൂര്‍ണപദ്ധതി തന്നെയായിരുന്നു. ദൈവം ഒരു തെറ്റു വരുത്തുകയില്ല. ദൈവം സര്‍വശക്തനും നിത്യനുമായതുകൊണ്ട്, ആദിയില്‍ത്തന്നെ അവിടുത്തേക്ക് അവസാനവും അറിയാവുന്നതുകൊണ്ട്, സ്നേഹത്തില്‍ അവിടുന്ന് നിശ്ശബ്ദമായി നമുക്കുവേണ്ടി പ്ലാന്‍ ചെയ്യുന്നതുകൊണ്ട് നമ്മോടുള്ള അവിടുത്തെ ഇടപാടുകളെപ്പറ്റി വിശദീകരിക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മുടെ യുക്തി അമ്പേ തോറ്റുപോകുകയാണ്.
ദൈവത്തിന്‍റെ വഴികള്‍ നമ്മുടെ വഴികളല്ല. അവിടുത്തെ വിചാരങ്ങള്‍ നമ്മുടെ വിചാരങ്ങളുമല്ല. ആകാശം ഭൂമിക്കു മീതെ ഉയര്‍ന്നിരിക്കുന്നതുപോലെ ദൈവത്തിന്‍റേയും നമ്മുടെയും വഴികളും വിചാരങ്ങളും തമ്മില്‍ അകന്നിരിക്കുന്നു. (യെശയ്യാവ് 55:8,9). അതുകൊണ്ട് ദൈവത്തിന്‍റെ വഴികള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ നാം നമ്മുടെ സമര്‍ത്ഥമായ യുക്തിയെയും ചിന്തകളെയും മാറ്റിവയ്ക്കുന്നതാണ് നല്ലത്.
അപ്പോള്‍ ബൈബിളിന്‍റെ ആദ്യപേജുമുതല്‍ ദൈവം നമുക്കു തരുവാന്‍ ശ്രമിക്കുന്ന സന്ദേശം എന്താണ്? പരാജയപ്പെട്ട ഒരുവനെ എടുത്ത് അവനില്‍ നിന്ന് മഹത്വപൂര്‍ണമായ ഒന്നുണ്ടാക്കുകയും അവന്‍റെ ജീവിതത്തില്‍ ദൈവത്തിന്‍റെ പരിപൂര്‍ണഹിതം നിറവേറ്റുകയും ചെയ്യാന്‍ അവിടുത്തേക്കു കഴിയും എന്നതാണത്.
ഇതാണു മനുഷ്യനോടുള്ള ദൈവത്തിന്‍റെ സന്ദേശം. നാം ഇതൊരിക്കലും മറന്നുപോകരുത്: നിരന്തരം പരാജയപ്പെട്ട ഒരുവനെ ദൈവത്തിന് എടുത്ത് അവിടുത്തെ പരിപൂര്‍ണ്ണഹിതം- ദൈവത്തിന്‍റെ രണ്ടാമത്തെ നല്ല പദ്ധതിയല്ല, ഏറ്റവും നല്ല പദ്ധതി തന്നെ- അവനില്‍ നിറവേറ്റുവാന്‍ ദൈവത്തിനു കഴിയും.
അവനെ മറന്നുപോകാത്ത നല്ല ചില പാഠങ്ങള്‍ പഠിപ്പിക്കുവാനായി, അവന്‍റെ പരാജയങ്ങളെപ്പോലും ദൈവത്തിന്‍റെ പരിപൂര്‍ണഹിതത്തിന്‍റെ ഭാഗമാക്കുവാന്‍ ദൈവത്തിനു കഴിയും എന്നതാണിതിനു കാരണം. ഇതു മനുഷ്യ യുക്തിക്കു മനസ്സിലാക്കുവാന്‍ പ്രയാസമാണ്. എന്തെന്നാല്‍ നാം ദൈവത്തെ വളരെ കുറച്ചേ മനസ്സിലാക്കിയിട്ടുള്ളു.
ദൈവത്തിനു നുറക്കപ്പെട്ട മനുഷ്യരെ മാത്രമേ-പുരുഷനേയും സ്ത്രീയെയും-ഉപയോഗിക്കുവാന്‍ കഴിയുകയുള്ളൂ. നമ്മെ നുറുക്കുവാനുള്ള ദൈവത്തിന്‍റെ വഴികളിലൊന്നാണ് നിരന്തരമായ തോല്‍വി.
നമ്മെ അനുഗ്രഹിക്കുന്നതിനു ദൈവത്തിനുള്ള ഏറ്റവും വലിയ പ്രശ്നം എന്തെന്നു വച്ചാല്‍ അനുഗ്രഹം നമ്മെ നിഗളത്തിലേക്കു നയിക്കാതെ നമ്മെ എങ്ങനെ അനുഗ്രഹിക്കാന്‍ കഴിയും എന്നതാണ്. കോപത്തിന്‍റെ മേല്‍ വിജയം ലഭിക്കുകയും എന്നിട്ട് അതെക്കുറിച്ച് പ്രശംസിക്കുകയും ചെയ്താല്‍ നാം കൂടുതല്‍ ആഴമുള്ള ഒരു കുഴിയില്‍ വീഴുകയാണ്. വിജയം നല്‍കിയശേഷവും നമ്മെ താഴ്മയില്‍ ദൈവത്തിനു സൂക്ഷിക്കേണ്ടിയിരിക്കുന്നു.
പാപത്തിന്‍റെ മേലുള്ള യഥാര്‍ത്ഥ ജയത്തെ എപ്പോഴും ആഴമേറിയ താഴ്മ അകമ്പടി സേവിക്കും. നമ്മുടെ ആത്മവിശ്വാസത്തെ തകര്‍ക്കുന്നതില്‍ നിരന്തര പരാജയങ്ങള്‍ക്ക് ഒരു പങ്ക് വഹിക്കാനുണ്ട്. അങ്ങനെ ദൈവത്തിന്‍റെ കൃപയില്ലാതെ പാപത്തിന്‍റെ മേല്‍ ജയം സാധ്യമല്ലെന്നു നമുക്ക് ബോധ്യമാകും. അങ്ങനെയാകുമ്പോള്‍ ഒടുവില്‍ നമുക്കു ജയം കിട്ടുമ്പോള്‍ അതെച്ചൊല്ലി നമുക്കൊരിക്കലും ഒന്നും പ്രശംസിക്കാനുണ്ടായിരിക്കുകയില്ല.
മാത്രമല്ല, നാം തന്നെ പലവട്ടം പരാജയപ്പെട്ടിട്ടുള്ളതിനാല്‍ തോറ്റ മറ്റൊരാളെ നമുക്കു നിന്ദാപൂര്‍വ്വം വീക്ഷിക്കുവാന്‍ കഴിയുകയില്ല. നമ്മുടെ തന്നെ എണ്ണമറ്റ പരാജയങ്ങള്‍ മൂലം നമ്മുടെ ജഡത്തിന്‍റെ ബലഹീനത നാം കണ്ടിട്ടുള്ളതിനാല്‍ തോറ്റുപോകുന്നവരോട് സഹതപിക്കുവാന്‍ നമുക്കു കഴിയും. നാമും 'ബലഹീനത പൂണ്ടവരാകയാല്‍ അറിവില്ലാത്തവരോടും വഴിതെറ്റിപ്പോകുന്നവരോടും സഹതാപം കാണിക്കാന്‍' സാധിക്കും (എബ്രായര്‍ 5:2).
ഇത്തരം ഒരു സന്ദേശം കേട്ടാല്‍ യുക്തിയാല്‍ ഭരിക്കപ്പെടുന്ന ഒരുവന്‍ ഇങ്ങനെ പറഞ്ഞേക്കാം: "എങ്കില്‍ കൂടുതല്‍ നന്മവരാന്‍ വേണ്ടി നമുക്കു കൂടുതല്‍ പാപം ചെയ്യാം".
ഇത്തരം ഒരു മനുഷ്യനോട് റോമര്‍ 3:7,8 വാക്യങ്ങള്‍ നല്‍കുന്ന ഉത്തരം കേള്‍ക്കുക: ദൈവത്തിന്‍റെ സത്യം എന്‍റെ ഭോഷ്കിനാല്‍ അവന്‍റെ മഹത്വത്തിനായി അധികം തെളിവായി എങ്കില്‍ എന്നെ പാപി എന്നു വിധിക്കുന്നത് എന്ത്? നല്ലതു വരേണ്ടതിനു തീയതു ചെയ്ക എന്നു പറയരുതോ? ഞങ്ങള്‍ അങ്ങനെ പറയുന്നു എന്നു ചിലര്‍ ഞങ്ങളെ ദുഷിച്ചു പറയുന്നുവല്ലോ. ഇവര്‍ക്കു വരുന്ന ശിക്ഷാവിധി നീതിയുള്ളതു തന്നേ.
(നിങ്ങള്‍ പറയുന്നു: 'എന്‍റെ സത്യസന്ധതയില്ലായ്മ ദൈവത്തിന്‍റെ സത്യസന്ധതയിലേക്കു വിരല്‍ ചൂണ്ടുന്നതു മൂലം ദൈവത്തിനു മഹത്വം വരുമല്ലോ. ഈ ആശയത്തിലൂടെ മുന്നോട്ടുപോയാല്‍ നിങ്ങള്‍ ഈ നിഗമനത്തിലെത്തും: നാം എത്ര മോശമാകുന്നുവോ, ദൈവത്തിനു അത് അത്രത്തോളം പ്രസാദകരമാണ്! പക്ഷേ ഇങ്ങനെ വാദിക്കുന്നവര്‍ക്കു വരുന്ന ശിക്ഷാവിധി നീതികരിക്കത്തക്കതാണ്'-ലിവിങ് ബൈബിള്‍)
ഇല്ല. 'നല്ലതു വരേണ്ടതിനുവേണ്ടി നാം പാപം ചെയ്യുക' എന്നു പറയാന്‍ പാടില്ല. ദൈവത്തിന്‍റെ കൃപയെ നമുക്കു മുതലെടുക്കാമെന്നും ദൈവത്തെ ബോധപൂര്‍വം നിരന്തരം അനുസരിക്കാതിരിക്കാമെന്നും എന്നിട്ടും നാം വിതച്ചതിന്‍റെ ഫലം അനുഭവിക്കാതെ പോകാമെന്നും കരുതരുത്. ഇല്ല സാധ്യമല്ല.
എന്നാല്‍ തോറ്റുപോയ മനുഷ്യന്‍റെ മേല്‍ ചൊരിയുന്ന ദൈവകൃപയെ മാനുഷികയുക്തിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുകയില്ലെന്നു നാം പറഞ്ഞുകൊണ്ടിരിക്കണം. ദൈവത്തിന് ഒന്നും അസാധ്യമല്ല-നിരന്തരം ദാരുണമാം വിധം പരാജയപ്പെട്ടിട്ടും നമ്മെ അവിടുത്തെ പൂര്‍ണഹിതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതുപോലും. നമ്മുടെ അവിശ്വാസത്തിനു മാത്രമേ തന്നെ തടയുവാന്‍ കഴിയുകയുള്ളു.
നിങ്ങള്‍ ഇങ്ങനെ പറയുകയാണെന്നിരിക്കട്ടെ: "പക്ഷേ ഞാന്‍ പലവട്ടം കാര്യങ്ങള്‍ വഷളാക്കിയിട്ടുണ്ട്. ഇനി ഇപ്പോള്‍ എന്നെ തന്‍റെ പൂര്‍ണഹിതത്തിലേക്കു മടക്കിക്കൊണ്ടുവരിക എന്നതു ദൈവത്തിന് അസാധ്യമാണ്". അങ്ങനെയാണു നിങ്ങള്‍ പറയുന്നതെങ്കില്‍ ഇനി ദൈവത്തിന് അത് അസാധ്യമാണ്. കാരണം അവിടുത്തേക്കു നിങ്ങള്‍ക്കുവേണ്ടി ചെയ്യാന്‍ കഴിയുന്നതില്‍ നിങ്ങള്‍ക്കു വിശ്വസിക്കാനാവുന്നില്ല. യേശു പറഞ്ഞത് ദൈവത്തിന് നമ്മെ സംബന്ധിച്ച് അസാധ്യമായി ഒന്നും ഇല്ലെന്നാണ്. പക്ഷേ നാം വിശ്വസിക്കേണ്ടിയിരിക്കുന്നു.
"നിന്‍റെ വിശ്വാസം പോലെ നിനക്കു ഭവിക്കട്ടെ". എല്ലാ കാര്യങ്ങളെ സംബന്ധിച്ചും ദൈവത്തിന്‍റെ പ്രമാണമാണിത് (മത്തായി 9:29). നമുക്കു വിശ്വാസം ഉണ്ടെങ്കില്‍ നമുക്കതു ലഭിക്കും. എന്നാല്‍ നമ്മുടെ ജീവിതത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ ദൈവത്തിനു സാധിക്കുകയില്ല എന്നാണു നാം വിശ്വസിക്കുന്നതെങ്കില്‍ അതു നമ്മുടെ ജീവിതത്തില്‍ നടപ്പാകുകയില്ല.
നേരേ മറിച്ച് നിങ്ങള്‍ ഒരിക്കല്‍ യേശുവിന്‍റെ ന്യായാസനത്തിനു മുന്‍പാകെ നില്ക്കുമ്പോള്‍ നിങ്ങള്‍ ഒരു കാര്യം കണ്ടെത്തും. തന്‍റെ ജീവിതത്തെ നിങ്ങളെക്കാള്‍ വഷളാക്കിയിരുന്ന മറ്റൊരുവന്‍ ദൈവത്തിന്‍റെ പൂര്‍ണഹിതം തന്‍റെ ജീവിതത്തില്‍ കൈവരിച്ചിരിക്കുന്നു! അതിന് ഒരേ ഒരു കാരണമേയുള്ളൂ. അവന്‍ വിശ്വസിച്ചു. അതുകൊണ്ട് ദൈവത്തിന് അവന്‍റെ ജീവിതത്തിന്‍റെ തകര്‍ന്ന കഷണങ്ങളില്‍ നിന്ന് 'വളരെ നല്ല' ഒന്നിനു രൂപം നല്‍കാന്‍ കഴിഞ്ഞു.
നിങ്ങളുടെ പാരാജയങ്ങളല്ല മറിച്ച് നിങ്ങളുടെ അവിശ്വാസമാണ് നിങ്ങളെക്കുറിച്ചുള്ള ദൈവത്തിന്‍റെ പദ്ധതിയെ താളം തെറ്റിച്ചതെന്ന് അന്നു കണ്ടെത്തുമ്പോള്‍ എത്ര വലിയ ദുഃഖമായിരിക്കും നിങ്ങള്‍ക്ക് ആ ദിവസം ഉണ്ടാവുക!
ദൈവം തന്‍റെ ഏറ്റവും 'ഉത്തമ'മാ യതു പരാജയപ്പെട്ടവര്‍ക്കും നല്‍കും എന്നതാണ് പല വര്‍ഷങ്ങള്‍ പാഴാക്കിയ ധൂര്‍ത്തപുത്രന്‍റെ അനുഭവം നമ്മെ കാണിക്കുന്നത്. ആ ഉപമയിലെ പിതാവ് പറയുന്നത് ശ്രദ്ധിക്കുക: 'വേഗത്തില്‍ ഏറ്റവും മേല്ത്തരമായ അങ്കികൊണ്ടുവന്ന് അവനെ ധരിപ്പിക്കുക' തന്നെ ഏറ്റവും മോശമായ നിലയില്‍ തള്ളിക്കളഞ്ഞ മകനുവേണ്ടിയാണ് ഈ ആജ്ഞ എന്നോര്‍ക്കണം. സുവിശേഷത്തിന്‍റെ 'സുവാര്‍ത്ത' ഇതാണ്:-ഒരു പുതിയ തുടക്കം. ഒരിക്കല്‍ മാത്രമല്ല. പിന്നേയും പിന്നേയും. കാരണം ദൈവം ഒരാളെയും ഒരിക്കലും എഴുതിത്തള്ളുന്നില്ല.
തന്‍റെ മുന്തിരിത്തോട്ടത്തില്‍ വേലക്കാരെ വിളിച്ചാക്കേണ്ടതിനു പുറപ്പെട്ട വീട്ടുടയവന്‍റെ ഉപമയും (മത്തായി 20:1-16) ഇതേ കാര്യം തന്നെയാണു നമ്മെ പഠിപ്പിക്കുന്നത്. പതിനൊന്നാം മണിക്കൂറില്‍ വേലയ്ക്കായി വിളിക്കപ്പെട്ടവര്‍ക്കാണ് അവിടെ ഒന്നാമതു കൂലി ലഭിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തങ്ങളുടെ ജീവിതത്തിന്‍റെ 90 ശതമാനവും (പന്ത്രണ്ടു മണിക്കൂറില്‍ പതിനൊന്നും) നഷ്ടപ്പെടുത്തിയവര്‍ക്ക്, നിത്യതയില്‍ വിലയുള്ളത് ഒന്നും ചെയ്യാതെ പാഴാക്കിക്കളഞ്ഞവര്‍ക്ക്, തങ്ങളുടെ ജീവിതത്തിന്‍റെ അവശേഷിച്ച 10 ശതമാനം കൊണ്ട് ദൈവത്തിനു മഹത്വകരമായ ചില പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുമെന്നാണ് ഇതു തെളിയിക്കുന്നത്. പരാജയപ്പെട്ട എല്ലാവര്‍ക്കും ഇതു വലിയ ഉത്സാഹം തരുന്നു.
'ദൈവപുത്രന്‍ വെളിപ്പെട്ടതിന്‍റെ കാരണം പിശാചുചെയ്ത പ്രവൃത്തികളെ അഴിക്കുക (ഇല്ലാതെയാക്കുക) എന്നതായിരുന്നു?' (1 യോഹന്നാന്‍ 3:8 ആംപ്ലിഫൈഡ് ബൈബിള്‍).
" പിശാച് നമ്മുടെ ജീവിതത്തില്‍ കെട്ടിയ എല്ലാ കെട്ടുകളേയും അഴിക്കുന്നതിനുവേണ്ടിയാണ്" യേശു വന്നതെന്ന് ഈ വാക്യം അര്‍ത്ഥമാക്കുന്നു. ഇതിനെ ഈ വിധത്തില്‍ ചിത്രീകരിക്കാം: നമ്മള്‍ ജനിച്ചപ്പോള്‍ ദൈവം നമ്മുടെ എല്ലാം കൈയില്‍ ഒരോ നൂലുണ്ട തന്നു. നാം ഒരോ ദിവസവും ജീവിച്ചപ്പോള്‍ നാം ആ നൂലുണ്ട അഴിച്ച് അതില്‍ കെട്ടുകള്‍ ഇടുകയാണ് (പാപം ചെയ്യുക) ചെയ്തത്. പല വര്‍ഷങ്ങള്‍ക്കു ശേഷം ഇന്നു നമ്മുടെ കൈവശം ഉള്ള നൂലില്‍ ആയിരക്കണക്കിനു കെട്ടുകള്‍ വീണിരിക്കുന്നതായി നാം നിരാശയോടെ കണ്ടെത്തുന്നു. പക്ഷേ 'പിശാച്' കെട്ടിയ എല്ലാ കെട്ടുകളേയും അഴിക്കുന്നതിനുവേണ്ടിയാണ്' യേശു വന്നത്. അതുകൊണ്ട് ഏറ്റവും കൂടുതല്‍ കെട്ടുകളുള്ള നൂല് കൈവശമുള്ള ആളിനും പ്രതീക്ഷയ്ക്കു വകയുണ്ട്. കര്‍ത്താവിന് ഒരോ കെട്ടും അഴിച്ച് നിങ്ങളുടെ കൈയില്‍ വീണ്ടും പഴയമട്ടിലുള്ള ഒരു നൂലുണ്ട തരുവാന്‍ കഴിയും. ഇതാണു സുവിശേഷത്തിന്‍റെ സന്ദേശം: "നിങ്ങള്‍ക്ക് ഒരു പുതിയ ആരംഭം കുറിക്കുവാന്‍ കഴിയും".
"അത് അസാധ്യമാണ്"-നിങ്ങള്‍ പറഞ്ഞേക്കാം. ശരി എങ്കില്‍ നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ലഭിക്കും. ഫലം, നിങ്ങളുടെ ജീവിതത്തില്‍ അത് അസാധ്യമായിരിക്കും. പക്ഷേ നിങ്ങളുടെ ജീവിതത്തെക്കാള്‍ കുഴഞ്ഞു മറിഞ്ഞ ജീവിതമുള്ള ഒരുവന്‍ "അതേ. ദൈവം എനിക്കുവേണ്ടി അതു ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നു" എന്നു പറയുന്നതു ഞാന്‍ കേള്‍ക്കുന്നു. അവന് അവന്‍റെ വിശ്വാസം പോലെ ലഭിക്കും. അവന്‍റെ ജീവിതത്തില്‍ ദൈവത്തിന്‍റെ പൂര്‍ണഹിതം നിറവേറപ്പെടും.
ഒരു പ്രായോഗികദൃഷ്ടാന്തം കൊണ്ടു യിരെമ്യവിന് ദൈവം ഇക്കാര്യം വെളിപ്പെടുത്തിക്കൊടുത്തത് യിരെമ്യാവ് 18:1-6 ല്‍ നാം കാണുന്നു. ഒരു കുശവന്‍റെ വീട്ടിലേക്കു പോകാന്‍ യിരെമ്യാവിനോട് ആവശ്യപ്പെടുന്നു. അവിടെ ചെന്നപ്പോള്‍ കുശവന്‍ ഒരു പാത്രം ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ ആ പാത്രം 'കുശവന്‍റെ കൈയില്‍ തന്നെ ചീത്തയായിപ്പോയി'. അപ്പോള്‍ കുശവന്‍ എന്താണു ചെയ്തത്? 'അവന്‍ അതിനെ തനിക്കു ബോധിച്ചതുപോലെ മറ്റൊരു പാത്രമാക്കിത്തീര്‍ത്തു'.
ഇനി ഈ ദൃഷ്ടാന്തത്തിന്‍റെ പ്രായോഗികപാഠം. "ഈ കുശവന്‍ ചെയ്തതുപോലെ എനിക്കു നിന്നോടു (........) ചെയ്യുവാന്‍ കഴിയുകയില്ലേ?" ഇതായിരുന്നു കര്‍ത്താവിന്‍റെ ചോദ്യം (ഇവിടെ മുകളിലെ ബ്രായ്ക്കറ്റിലെ ഒഴിഞ്ഞ സ്ഥലത്തു നിങ്ങളുടെ പേരു ചേര്‍ത്തു വായിച്ചാല്‍ അതു നിങ്ങളോടുള്ള ദൈവത്തിന്‍റെ ചോദ്യമാണെന്നു കാണാം.)
നിങ്ങളുടെ എല്ലാ പരാജയങ്ങളെക്കുറിച്ചും നിങ്ങള്‍ക്ക് ദൈവികമായ ഒരനുതാപം ഉണ്ടെങ്കില്‍ നിങ്ങളുടെ പാപങ്ങള്‍ രക്താംബരംപോലെ കടുഞ്ചുവപ്പായിരുന്നാലും അവന്‍ അത് ഹിമംപോലെ വെളുപ്പിക്കും. ഇതാണു പഴയ ഉടമ്പടിയിലെ വാഗ്ദാനം (യെശയ്യാ. 1:18). പക്ഷേ പുതിയ ഉടമ്പടിയില്‍ ദൈവം ഇതു കൂടാതെ മറ്റൊരു വാഗ്ദാനം കൂടി നല്‍കുന്നുണ്ട്-'ഞാന്‍ നിങ്ങളുടെ പാപങ്ങളെ ഒരു നാളും ഇനി ഓര്‍ക്കുകയുമില്ല' (എബ്രായര്‍ 8:12).
നിങ്ങളുടെ അബദ്ധങ്ങളും പരാജയങ്ങളും എന്തു തന്നെയായാലും നിങ്ങള്‍ക്ക് ദൈവത്തോടൊപ്പം ഒരു പുതിയ തുടക്കം കുറിക്കുവാന്‍ കഴിയും. നിങ്ങള്‍ ഇതിനു മുന്‍പ് ഒരായിരം വട്ടം പുതുതായി തുടങ്ങുകയും പരാജയപ്പെടുകയും ചെയ്തുവെന്നിരിക്കട്ടെ. എങ്കിലും നിങ്ങള്‍ക്ക് ഇന്ന് 1001-ാമതായി വീണ്ടും എല്ലാം പുതുതായി തുടങ്ങാം. ദൈവത്തിനു നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ഇനിയും മനോഹരമായ ഒന്നു പുനഃസൃഷ്ടിക്കാന്‍ കഴിയും. ജീവിതം ഉള്ളിടത്തോളം പ്രത്യാശയ്ക്കു വകയുണ്ട്.
അതുകൊണ്ട് ദൈവത്തെ വിശ്വസിക്കുന്നതില്‍ പരാജയപ്പെടരുത്. ദൈവത്തിനു തന്‍റെ കുഞ്ഞുങ്ങളില്‍ ഒരു വലിയ പ്രവൃത്തി ചെയ്തെടുക്കാന്‍ കഴിയാത്തതിനു കാരണം അവരുടെ ഭൂതകാല പരാജയങ്ങളല്ല മറിച്ച് അവരുടെ അവിശ്വാസമാണ്.
അതുകൊണ്ട്" വിശ്വാസത്തില്‍ ശക്തിപ്പെട്ട് നമുക്ക് ദൈവത്തിനു മഹത്വം കൊടുക്കാം" (റോമര്‍ 4:20). ഇന്നുവരെ അസാധ്യമെന്നു നാം കരുതിയിരുന്ന കാര്യങ്ങള്‍ വരും ദിവസങ്ങളില്‍ അവിടുന്നു നമ്മുടെ ജീവിതത്തില്‍ ചെയ്യാനായി നമുക്കു ദൈവത്തെ വിശ്വസിക്കാം.
എല്ലാവര്‍ക്കും-പ്രായമുള്ളവര്‍ക്കും ചെറുപ്പക്കാര്‍ക്കും-അവര്‍ ഭൂതകാലത്തില്‍ എത്രവട്ടം തോറ്റുപോയവരാണെങ്കിലും, തങ്ങളുടെ പരാജയങ്ങളെ അംഗീകരിച്ച് വിനയത്തോടെ ദൈവത്തെ വിശ്വസിക്കാന്‍ തയ്യാറാവുമെങ്കില്‍ പ്രതീക്ഷയ്ക്കു വകയുണ്ട്.
നമുക്കെല്ലാം നമ്മുടെ പരാജങ്ങളില്‍ നിന്നു പാഠം പഠിച്ച് ദൈവത്തിന്‍റെ പൂര്‍ണഹിതം നമ്മുടെ ജീവിതത്തില്‍ നിറവേറ്റാന്‍ കഴിയും.
അങ്ങനെയെങ്കില്‍ പൂര്‍ണ്ണമായി പരാജയപ്പെട്ട ജീവിതങ്ങളെ തനിക്ക് എങ്ങനെ പണിയാനാകുമെന്നതിന്‍റെ ഉത്തമദൃഷ്ടാന്തമായി ദൈവത്തിനു മറ്റുള്ളവര്‍ക്കു നമ്മെ കാട്ടിക്കൊടുക്കാന്‍ വരുംകാലങ്ങളില്‍ കഴിയും.
'ക്രിസ്തുയേശുവില്‍ നമ്മെക്കുറിച്ചുള്ള വാത്സല്യത്തില്‍ തന്‍റെ കൃപയുടെ അത്യന്തധനം' മൂലം നമ്മില്‍ എന്തു ചെയ്യാന്‍ കഴിഞ്ഞുവെന്ന് ആ നാളില്‍ അവിടുന്ന് കാണിക്കും (എഫേസ്യര്‍ 2:6). ഹല്ലേലുയ്യ!
ആമേന്‍! ആമേന്‍!