ദൈവം സൃഷ്ടിച്ചിട്ടുള്ള എല്ലാ ജന്മവാസനകളിലും വച്ചു് ഏറ്റവും ശക്തിയുള്ളതാണു് ലൈംഗികവാസന. അതു് സ്‌ഫോടകവസ്തു പോലെയാണ്. വളരെ അനുഗ്രഹം നല്‍കുവാന്‍ കഴിവുള്ള ദൈവികമായ ഒരു അദ്ഭുതദാനമാണതു്. എങ്കിലും അതിന്‍റെ ദുരുപയോഗം എന്തു വലിയ വിപത്താണു് വരുത്തിയിട്ടുള്ളതു്!
ഓരോ പുരുഷനിലും സ്ത്രീയിലും ലൈംഗികവാസനകളും ആഗ്രഹങ്ങളും കുടികൊള്ളുന്നുണ്ട്. ഈ വാസനകള്‍ എല്ലാ വ്യക്തികളിലും തുല്യശക്തിയോടെയല്ല കാണപ്പെടുന്നതു്. എന്നാല്‍ യൗവനപ്രാപ്തി മുതല്‍ കുറഞ്ഞതു് ഒരു മുപ്പതു വര്‍ഷത്തേക്കെങ്കിലും എല്ലാ സാധാരണമനുഷ്യവ്യക്തികളിലും അതൊരു വലിയ ശക്തിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.സ്‌ഫോടകവസ്തുപോലെ ലൈംഗികവാസനയും നന്മയ്ക്കായോ തിന്മയ്ക്കായോ വിനിയോഗിക്കാം. ദൈവമഹത്വത്തിനായോ പിശാചിന്‍റെ ഇച്ഛാനിവൃത്തിക്കായോ അതു തീരുവാന്‍ കഴിയും. സ്‌ഫോടകപദാര്‍ത്ഥം അതില്‍ത്തന്നെ പാപകരമല്ല. അതു് എങ്ങനെ, എന്തു ലക്ഷ്യത്തിനായി, ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ചാണു് നന്മയോ തിന്മയോ സംഭവിക്കുന്നതു. അതുപോലെതന്നെയാണു് ലൈംഗികവാസനയും. ദൈവത്തിന്‍റെ ദാനമായി അതിനെ കൈക്കൊള്ളുകയും ദൈവികനിയന്ത്രണത്തിന്‍കീഴില്‍ ബുദ്ധിപൂര്‍വ്വം ഉപയോഗിക്കയും ചെയ്താല്‍ മനുഷ്യന്‍റെ പരമോന്നതമായ ജീവിത സാഫല്യത്തിനു് അതു് ഉപകരിക്കും. നേരേമറിച്ചു് ദുരുപയോഗപ്പെടുത്തിയാല്‍ അതു് അധഃപതനത്തിന്‍റെ നെല്ലിപ്പലകയില്‍ അവനെ കൊണ്ടെത്തിക്കുകയും ചെയ്യും. ഒരാള്‍ ഒരിക്കല്‍ പറഞ്ഞതുപോലെ ''അതു് ഉത്തമനായ ഒരു ഭൃത്യനാണു്; എന്നാല്‍ ഭീകരനായ ഒരു യജമാനനുമാണു്.''
ഭക്ഷണത്തിനും വിശ്രമത്തിനും വേണ്ടിയുള്ള ആഗ്രഹം പോലെ തന്നെ സ്വാഭാവികമാണു് ലൈംഗികമായ ആഗ്രഹവും. എന്നാല്‍ ഈ ആഗ്രഹങ്ങളെ സൃഷ്ടിച്ചിട്ടുള്ള ദൈവം തന്നെ അവയുടെ ന്യായമായ സംതൃപ്തിക്കുള്ള മാര്‍ഗ്ഗങ്ങളും വ്യവസ്ഥാപിച്ചിട്ടുണ്ട്.
h3>വഴി തെറ്റിയ അഭിപ്രായങ്ങള്ലൈംഗികവാസന ദൈവസൃഷ്ടിയെന്ന നിലയില്‍ വിശുദ്ധവും നിര്‍മ്മലവുമാണു്. മനുഷ്യന്‍ പാപത്തില്‍ വീഴുന്നതിനുമുമ്പു് അതു് സൃഷ്ടിക്കപ്പെട്ടു. ദൈവം തന്നെ ''എത്രയും നല്ലതു്'' എന്നു കണ്ട ഒരു ലോകത്തില്‍ അതു് നിലനില്‍ക്കുകയും ചെയ്തു. ഇതു തന്നെ അതിന്‍റെ വൈശിഷ്ട്യത്തിനു തെളിവാണു്. എന്നാല്‍ മനുഷ്യന്‍റെ പതനം മുതല്‍ ലൈംഗികവാസനയെപ്പറ്റിയുള്ള ചിന്താഗതി വഴി തെറ്റുകയും മനുഷ്യന്‍ ലൈംഗികാഭിലാഷത്തിന്‍റെ ഒരടിമയായി സ്വയം തീരുകയും ചെയ്തു. ആദാമും ഹവ്വയും പാപം ചെയ്ത ഉടന്‍ തന്നെ അവര്‍ ലൈംഗിക ബോധമുള്ളവരായിത്തീരുകയും അവര്‍ക്കു് തങ്ങളുടെ നഗ്നതയെപ്പറ്റി നാണം തോന്നുകയും പെട്ടെന്നു് അവര്‍ ശരീരം മറയ്ക്കുവാനാഗ്രഹിക്കുകയും ചെയ്തു. ആ പതനത്തിന്‍റെ പരിതാപകരമായ ഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ലോകത്തിലാണു് ഇന്നു നാം ജീവിക്കുന്നതു്. അതുമൂലം മനുഷ്യനു് ഒരനുഗ്രഹമായിത്തീരേണ്ട ലൈംഗികവാസന ഇപ്പോള്‍ അവനു് ഒരു ഭാരമായി മാറിയിരിക്കുന്നു.
ദൈവദത്തമായ ഈ പ്രവര്‍ത്തനമണ്ഡലത്തെ മനുഷ്യന്‍ വീണ്ടും വീണ്ടും ദുരുപയോഗപ്പെടുത്തുകമൂലം 'സെക്‌സ്' എന്ന പദത്തിനുതന്നെ അശുദ്ധി കലര്‍ന്ന ഒരര്‍ത്ഥം ഇന്നു വന്നുകൂടിയിട്ടുണ്ട്. വിശുദ്ധവും സുന്ദരവും പവിത്രവുമായിരിക്കണമെന്നു് ദൈവം ഉദ്ദേശിച്ച ഒന്നിനെ ഇന്നത്തെ സിനിമയും പ്രസിദ്ധീക രണസംവിധാനവും വിലകുറഞ്ഞ സാഹിത്യകൃതികളുമെല്ലാം ചേര്‍ന്നു് ദുഷിപ്പിക്കുകയും അതു വഴിതെറ്റി അധഃപതിച്ച ഒരു നിലയില്‍ വന്നുചേരുകയും ചെയ്തിരിക്കുന്നു.
സെക്‌സിനെ സംബന്ധിച്ച നമ്മുടെ ചിന്താഗതിക്കുതന്നെ മാര്‍ഗ്ഗഭ്രംശം സംഭവിച്ചിരിക്കുന്നുവെന്നതിനു വേണ്ടുവോളം തെളിവുകള്‍ ലഭ്യമാണു്. ക്രിസ്തീയ പെരുമാറ്റം (Christian Behaviour) എന്ന ഗ്രന്ഥത്തില്‍ സി. എസ്. ലൂയിസ് ഇപ്രകാരം എഴുതുന്നു: ''ഒരു സ്‌റ്റേജില്‍ ഒരു പെണ്‍കുട്ടി വേഷവിധാനമഴിച്ചു മാറ്റുന്ന ചടങ്ങു സംഘടിപ്പിക്കുന്നപക്ഷം കാഴ്ചക്കാരായി ഒരു വലിയ ജനക്കൂട്ടത്തെ നമുക്കു് എളുപ്പം ലഭിക്കുന്നതാണു്. ഇനിയും ചിന്തിച്ചുനോക്കുക. നിങ്ങള്‍ ഒരു പുതിയ സ്ഥലത്തു വന്നുചേര്‍ന്നുവെന്നിരിക്കട്ടെ. ആ നാട്ടില്‍ മൂടിവച്ചിരിക്കുന്ന ഒരു പ്ലേറ്റു് ഒരു തീയേറ്ററിലെ മേശപ്പുറത്തു വച്ചശേഷം ലൈറ്റു് അണയ്ക്കുന്നതിനുമുമ്പുള്ള ഒരു നിമിഷത്തേക്കു് അതിന്‍റെ മൂടി നീക്കുകയും പ്ലേറ്റില്‍ ഇരിക്കുന്ന ആട്ടിറച്ചിയുടെയോ പന്നിയിറച്ചിയുടെയോ കഷണം പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നപക്ഷം അതു കാണാന്‍ ഒരു തീയേറ്റര്‍ നിറയെ ആളുകള്‍ തടിച്ചുകൂടു ന്നുവെങ്കില്‍ ഭക്ഷണാഭിരുചിയുടെ കാര്യത്തില്‍ എന്തോ അപാകത അവിടെ സംഭവിച്ചിട്ടുണ്ടെന്നു നിങ്ങള്‍ കരുതുകയില്ലേ? വ്യത്യസ്തമായ ഒരു ലോകത്തില്‍ വളര്‍ന്നുവന്ന ഒരാള്‍ നമ്മുടെ ലോകത്തില്‍ വരുന്നപക്ഷം ഇതുപോലെയുള്ള ഒരപാകത ലൈംഗികവാസനയുടെ കാര്യത്തില്‍ നമ്മുടെ ഇടയില്‍ സംഭവിച്ചിട്ടുണ്ടെന്നു അയാള്‍ കരുതുകയില്ലേ?''
വഴിപിഴച്ചുപോയ ഇന്നത്തെ ലോകത്തില്‍ ദൈവത്തിനുവേണ്ടി ഒരു വെളിച്ചമായി ശോഭിക്കുവാനാണു് ഒരു ക്രിസ്ത്യാനിയെ ദൈവം വിളിച്ചിട്ടുള്ളതു്. അതിനാല്‍ ലൈംഗികവാസനയെ കേവലം ജന്തുസഹജമായ ഒരു പ്രവണതയായും സുഖലബ്ധിക്കുള്ള ഉപാധിയായും മാത്രം കരുതുന്ന ഈ ലോകത്തിന്‍റെ താണ ചിന്താഗതിയോടു് അയാള്‍ തീര്‍ച്ചയായും എതിര്‍ത്തുനില്‍ക്കേതു് ആവശ്യമാണു്. ദൈവം സെക്‌സിനെ (ലൈംഗികവാസനയെ) എങ്ങനെ വീക്ഷിക്കുന്നുവോ അങ്ങനെ അതിനെ വീക്ഷിക്കുവാന്‍ കഴിവുണ്ടാകുമാറു് ദൈവാത്മാവു് അവന്‍റെ മനസ്സിനു് പുതുക്കം വരുത്തുവാന്‍ അവന്‍ അനുവദിക്കണം. അങ്ങനെയെങ്കില്‍ പാപപൂര്‍ണ്ണവും ലജ്ജാകരവുമായ ഒന്നായി അതിനെ കരുതാതെ യഥാര്‍ത്ഥത്തില്‍ പവിത്രവും സുന്ദരവുമായ ഒന്നായി അയാള്‍ അതിനെ പരിഗണിക്കും.
പല മതങ്ങളും തത്ത്വശാസ്ത്രങ്ങളും ലൈംഗികബന്ധത്തെപ്പറ്റി വഴിതെറ്റിയ ചിന്താഗതികള്‍ പുലര്‍ത്തുന്നുണ്ടു. അതിന്‍റെ കാരണം, ഒന്നുകില്‍ അവര്‍ മനുഷ്യശരീരത്തെ ദോഷകരവും കഴിവതും വേഗം ഉപേക്ഷിക്കേതുമായ ഒന്നായി കരുതുന്നതാകാം; അഥവാ നേരേ മറുവശത്തുള്ള തെറ്റായ മനോഭാവം കൈക്കൊണ്ടുശരീരത്തെ ആരാധിക്കുകയും അതിന്‍റെ ആഗ്രഹങ്ങളെയെല്ലാമകന്നു മടികൂടാതെ നിറവേറ്റുകയും ചെയ്യുന്നതായും വരാം.
ദേഹം എന്നതു് ദേഹിയെയും ആത്മാവിനെയും അപേക്ഷിച്ചു് പ്രാധാന്യം കുറഞ്ഞതെങ്കിലും അവയെപ്പോലെതന്നെ ദൈവത്തിന്‍റെ ഉത്തമസൃഷ്ടികളില്‍പ്പെട്ട ഒന്നാണെന്നതാണു് ക്രിസ്തീയചിന്ത. അതിനാല്‍ ദൈവികപദ്ധതിയില്‍ ശരീരത്തിനു് വ്യക്തമായ ഒരുദ്ദേശ്യമുണ്ടു. ശരീരം പരിശുദ്ധാത്മാവിന്‍റെ മന്ദിരമാകയാല്‍ ക്രിസ്ത്യാനി തന്‍റെ ശരീരം കൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തേണ്ടതാണെന്നു് ബൈബിള്‍ പഠിപ്പിക്കുന്നു (1 കൊരി. 6:13-20). അതിനാല്‍ ശരീരത്തെ ദൈവത്തിനുവേണ്ടിയുള്ള ജീവനുള്ള യാഗമായി സമര്‍പ്പിച്ചുകൊണ്ടു ദൈവത്തെ ആരാധിക്കുവാനാണു് വചനം നമ്മെ പ്രബോധിപ്പിക്കുന്നതു് (റോമര്‍ 12:1).
ശരീരമാണു് പാപകാരണമെന്നു കരുതിയവരോടു് മാര്‍ട്ടിന്‍ ലൂഥര്‍ പറഞ്ഞ മറുപടി ഇപ്രകാരമാണു്: ''കര്‍ത്താവായ യേശുക്രിസ്തുവിനു് ഈ ഭൂമിയില്‍വച്ചു് ഒരു ശരീരം ഉണ്ടായിരുന്നുവെങ്കിലും അവിടുന്നു് പാപരഹിതനായി ജീവിച്ചു; പിശാചാകട്ടെ, ശരീരം ഇല്ലാത്തവനെങ്കിലും പാപം നിറഞ്ഞവന്‍ തന്നെ.'' അതിനാല്‍ പാപത്തിന്‍റെ വേരു കിടക്കുന്നതു് ശരീരത്തിലല്ല, ഹൃദയത്തിലാണു്. പാപത്തില്‍നിന്നുള്ള വിടുതല്‍ ലഭിക്കുന്നതു് ശരീരത്തെയോ അതിന്‍റെ ആഗ്രഹങ്ങളെയോ ഇല്ലായ്മ ചെയ്തിട്ടല്ല, പിന്നെയോ ഹൃദയത്തിനു സംഭവിക്കുന്ന ഒരു മാറ്റം മുഖേനയാണു്. ചിലര്‍ ചെയ്യുന്നതുപോലെ ദൈവത്തോടു് നമ്മുടെ ലൈംഗികാഭിലാഷങ്ങളെ മാറ്റിക്കളയണമെന്നു് നാം പ്രാര്‍ത്ഥിക്കേണ്ട കാര്യമില്ല. അപ്രകാരം ചെയ്താല്‍ അതു് നമ്മുടെ മനുഷ്യത്വത്തെ വികലമാക്കും. ദൈവമന്ദിരത്തിന്‍റെ ഒരു ഭാഗം നശിപ്പിക്കുകയായിരിക്കും അതിന്‍റെ ഫലം. വിജയത്തില്‍ ജീവിക്കുന്ന സമ്പൂര്‍ണ്ണമനുഷ്യരായി നാം തീരണമെന്നാണു് ദൈവത്തിന്‍റെ ആഗ്രഹം. അടുക്കളയില്‍ എരിഞ്ഞുകൊണ്ടിരിക്കുന്ന തീ കെടുത്തിക്കളയേണ്ട കാര്യമില്ല. അതു പടര്‍ന്നുപിടിച്ചു് വീടു മുഴുവന്‍ വെന്തുപോകാതെ സൂക്ഷിക്കുക മാത്രമാണു് നാം ചെയ്യേണ്ടതു്.
ലൈംഗികാഭിലാഷത്തിന്‍റെ രംഗത്തുപോലും നാം പരീക്ഷിക്കപ്പെടുവാന്‍ ദൈവം അനുവദിക്കുന്നതു് ഒരു ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണു്. ഏദെന്‍തോട്ട ത്തില്‍വച്ചു് ആദാമും ഹവ്വയും പരീക്ഷിക്കപ്പെടുവാന്‍ അവിടുന്നു് അനുവദിച്ച അതേ ലക്ഷ്യമാണു് ഇതിലും അവിടുത്തേക്കുള്ളതു്. ആദാം നിഷ്‌കളങ്കനായിരുന്നു. എന്നാല്‍ അവന്‍ വിശുദ്ധി പ്രാപിക്കണമെന്നു് ദൈവം ആഗ്രഹിച്ചു. വിശുദ്ധിയെന്നതു് നിഷ്‌കളങ്കതയെ കവിയുന്ന ഒന്നാണു്. ആദാം ധാര്‍മ്മികമായ ഒരു തിരഞ്ഞെടുപ്പു നടത്തുകയും പരീക്ഷയെ അതിജീവിക്കുകയും ചെയ്താല്‍ മാത്രമേ വിശുദ്ധിയിലെത്തുമായിരുന്നുള്ളു. അതുതന്നെയാണു് നമ്മുടെയും അവസ്ഥ.
ഓരോ യുവാവും യുവതിയും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ അശുദ്ധ ചിന്തകളാല്‍ പരീക്ഷിക്കപ്പെടും. പുരുഷന്മാരില്‍ ലൈംഗികപ്രേരണ സ്ത്രീകള്‍ ക്കുള്ളതില്‍ അധികം ശക്തമായിരിക്കുന്നതിനാല്‍ പുരുഷന്മാരാണു് ഈ പ്രശ്‌നത്തെ കൂടുതലായി നേരിടുന്നതു്.
മര്‍ക്കോ. 7:21-ല്‍ യേശുക്രിസ്തു മനുഷ്യരുടെ ഹൃദയത്തില്‍നിന്നു പുറപ്പെടുന്ന കാര്യങ്ങളുടെ ഒരു പട്ടിക വിവരിക്കുമ്പോള്‍ അതില്‍ ഒന്നാമതായിപ്പറയുന്നതു് ദുശ്ചിന്ത(അശുദ്ധചിന്ത) യെപ്പറ്റിയാണു്. മാനസാന്തരം സംഭവിക്കാത്ത എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ ഒരുപോലെ ദുഷ്ടത നിറഞ്ഞതാണു്. അതിനാല്‍ യേശു നല്‍കുന്ന വിവരണം എല്ലാവരെ സംബന്ധിച്ചും ശരി തന്നെ. അശു ദ്ധചിന്തകള്‍ എപ്രകാരം ദുര്‍മ്മാര്‍ഗ്ഗിയായ ഒരുവന്‍റെ ഹൃദയത്തെ ആക്രമിക്കുമോ അതുപോലെതന്നെ സന്മാര്‍ഗ്ഗനിഷ്ഠയുള്ള ഒരുവനെയും ആക്രമിക്കും. അവസരം ലഭിക്കാത്തതുകൊണ്ടും സമൂഹത്തെപ്പറ്റിയുള്ള ഭയംകൊണ്ടും അയാള്‍ ശാരീരികമായി വ്യഭിചാരകര്‍മ്മത്തില്‍ ഏര്‍പ്പെടുവാനിടയായിട്ടില്ല എന്നുമാത്രം. എങ്കിലും പരീക്ഷ (പാപം ചെയ്യുവാനുള്ള പ്രലോഭനം), പാപം എന്നിവയെ തമ്മില്‍ വേര്‍തിരിച്ചു നാം മനസ്സിലാക്കേണ്ടതു് ആവശ്യമാണു്. യേശു തന്നെയും സകലത്തിലും നമുക്കു തുല്യം പരീക്ഷിക്കപ്പെട്ടവനാണു് (എബ്രാ. 4:15). എങ്കിലും അവിടുന്നു് ഒരിക്കലും പരീക്ഷകള്‍ക്കു കീഴ്‌പ്പെട്ടില്ല. അതിനാല്‍ അവിടുന്നു് ഒരിക്കലും പാപം ചെയ്തില്ല. നാമും ഭൂമിയിലെ നമ്മുടെ അവസാനദിവസം വരെയും പരീക്ഷിക്കപ്പെടും. എന്നാല്‍ നാം പാപം ചെയ്യേണ്ട ആവശ്യമില്ല. ദുഷിച്ച ആഗ്രഹം നമ്മുടെ മനസ്സില്‍ ഗര്‍ഭം ധരിക്കുവാന്‍ ഇടകൊടുക്കുമ്പോഴേ, അതായതു് നമ്മുടെ മനസ്സില്‍ ഉദിച്ചുവന്ന ദുര്‍മ്മോഹചിന്തയെ നാം അംഗീകരിക്കുമ്പോള്‍ മാത്രമേ, നാം പാപം ചെയ്യുന്നുള്ളു (യാക്കോ. 1:15). മനസ്സില്‍ വന്ന ചിന്തയെ ഉടന്‍തന്നെ പുറംതള്ളുന്ന പക്ഷം നാം പാപം ചെയ്യുന്നില്ല.പണ്ടൊരിക്കല്‍ ഒരു ശുദ്ധിനിഷ്ഠക്കാരന്‍ (Puritan) പറഞ്ഞതുപോലെ, ''എന്‍റെ തലയ്ക്കുമീതേകൂടി പക്ഷികള്‍ പറന്നുപോകുന്നതു തടയാന്‍ എനിക്കു കഴിവില്ലായിരിക്കാം; എന്നാല്‍ എന്‍റെ തലമുടിയ്ക്കുള്ളില്‍ അവ കൂടുവയ്ക്കുന്നതു തടയുവാന്‍ എനിക്കു സാധിക്കും.'' ഒരശുദ്ധചിന്ത നമ്മുടെ ഉള്ളില്‍ കടന്നുവരുമ്പോള്‍ ഒരു നിമിഷനേരത്തേക്കെങ്കിലും നാം അതിനെ താലോലിക്കുന്നപക്ഷം അതു് അവിടെ കൂടുവയ്ക്കുവാന്‍ നാം അനുവദിക്കുകയാണു്. അപ്പോള്‍ നാം പാപം ചെയ്യുന്നു.
ഒരിക്കല്‍ താലോലിക്കപ്പെട്ട ദുര്‍മ്മോഹചിന്തകള്‍ ഒരുവനെ വീണ്ടും വീണ്ടും ആക്രമിക്കുകയും അയാളെ കൂടുതല്‍ അടിമയാക്കിത്തീര്‍ക്കുകയും ചെയ്യും. സമയം കഴിയുന്തോറും അതില്‍നിന്നുള്ള വിടുതല്‍ കൂടുതല്‍ കൂടുതല്‍ പ്രയാസമായിത്തീരും. എത്ര നേരത്തേ നാം വിടുതല്‍ അന്വേഷിക്കുന്നവോ അത്രയധികം അതു് എളുപ്പമായിത്തീരും. മറ്റെല്ലാ പാപങ്ങളുടെമേലുമെന്നപോലെ അശുദ്ധചിന്തകളുടെമേലും വിജയം ലഭിക്കുന്നതു് നമ്മുടെ വീഴ്ചയെ ഏറ്റുപറയുന്നതിലൂടെയും വിടുതലിനുവേണ്ടി തീവ്രമായി വാഞ്ഛിക്കുന്നതിലൂടെയും ക്രിസ്തുവിനോടൊപ്പം നാം മരിച്ചിരിക്കുന്നുവെന്ന സത്യം അംഗീകരിക്കുന്നതിലൂടെയും നമ്മുടെ ശരീരമനസ്സുകളെ പൂര്‍ണ്ണമായി കര്‍ത്താവിനു കീഴ്‌പ്പെടുത്തിക്കൊടുക്കുന്നതിലൂടെയുമത്രേ (റോമര്‍ 6:1-14).
തുടര്‍ച്ചയായ വിജയം നമുക്കനുഭവപ്പെടണമെങ്കില്‍ നാം ആത്മാവിനെ അനുസരിച്ചു നടക്കുകയും നമ്മുടെ ജീവിതത്തെ ശിക്ഷണവിധേയമാക്കുവാന്‍ പരിശുദ്ധാത്മാവിനോടു സഹകരിക്കുകയും ചെയ്യണം (ഗലാ. 5:16-19). നമ്മുടെ കണ്ണുകളെയും ചെവികളെയും നാം ശിക്ഷണത്തില്‍ നിറുത്തുന്നില്ലെങ്കില്‍ (അതായതു് ദുര്‍മ്മോഹം ജനിപ്പിക്കുന്ന എല്ലാ കാഴ്ചകളും വായനയും കേള്‍വിയും ബലമായി നീക്കുന്നില്ലെങ്കില്‍) നമ്മുടെ ചിന്തകളെ ശിക്ഷണത്തില്‍ കൊണ്ടുവ രാന്‍ നമുക്കു കഴിവുണ്ടാവുകയില്ല (മത്താ. 5:28-30). ദുര്‍മ്മോഹചിന്തകളില്‍നിന്നു സ്വാതന്ത്ര്യം ലഭിക്കുവാന്‍ ശാരീരികമായ ശിക്ഷണം അനുപേക്ഷണീയമാണു്. ഏറ്റവും വലിയ വിശുദ്ധന്മാര്‍ തങ്ങള്‍ക്കു് ഹൃദയത്തില്‍ നിരന്തരമായി ലൈംഗിക പ്രലോഭനങ്ങളുമായി മല്ലടിക്കേണ്ടിവന്നിട്ടുള്ളതിനെപ്പറ്റി ഏറ്റുപറഞ്ഞിട്ടുണ്ട്. പാപത്തിന്‍റെമേല്‍ വിജയം ലഭിക്കുന്നതിനു് അവര്‍ക്കു് തങ്ങളുടെ ശരീരത്തെ ദണ്ഡിപ്പിച്ചു് അടിമയാക്കേണ്ടിവന്നിട്ടുണ്ട്.
ഇയ്യോബ് വിവാഹിതനും പത്തു മക്കളുടെ പിതാവുമായിരുന്നുവെങ്കിലും ദുര്‍മ്മോഹചിന്തകളില്‍നിന്നു രക്ഷപെടുന്നതിനു് തനിക്കു കണ്ണുകളെ നിയന്ത്രിക്കേണ്ടതാവശ്യമായിരുന്നുവെന്നു് അദ്ദേഹം ഗ്രഹിച്ചിരുന്നു. ''ഒരു കന്യകയെ നോക്കാതിരിക്കേണ്ടതിനു് ഞാന്‍ എന്‍റെ കണ്ണുമായി ഒരുടമ്പടി ചെയ്തു'' (ഇയ്യോ. 31:1 TLB) എന്നു് അദ്ദേഹം പറഞ്ഞിരിക്കുന്നു. പുരുഷന്മാര്‍ക്കു് ഏറ്റവും വലിയ പരീക്ഷ അവരുടെ കണ്ണുകള്‍ മുഖാന്തരമാണു് സംഭവിക്കുന്നതു്. ഈ കാര്യത്തില്‍ ശ്രദ്ധചെലുത്താതെ ഒരു അശുദ്ധചിന്തയോ ചിത്രമോ മനസ്സില്‍ പ്രവേശിക്കുവാന്‍ നാം അനുവദിക്കുന്നപക്ഷം അതിനെ പിന്നെ അവിടെനിന്നു പറിച്ചു നീക്കിക്കളയുക അസാധ്യമാണു്.
നമ്മുടെ ജീവിതത്തെ ശിക്ഷണവിധേയമാക്കുന്നതില്‍ പ്രധാനപ്പെട്ട ഒരു ഘടകം ഓരോ പ്രഭാതത്തിലും ഉണര്‍ന്നെഴുന്നേറ്റശേഷവും ഓരോ രാത്രിയും ഉറങ്ങാന്‍പോകുന്നതിനുമുമ്പും ഒരു ധ്യാനസമയം വേര്‍തിരിക്കുക എന്നതാണു്. നേരേമറിച്ചു് ഉണര്‍ന്നശേഷം നാം തുടര്‍ന്നു കിടക്കയില്‍ത്തന്നെ അലസമായിക്കിടക്കുന്നപക്ഷം അശുദ്ധചിന്തകള്‍ മനസ്സില്‍ നിറയുവാന്‍ നാം വാതില്‍ മലര്‍ക്കെ തുറന്നുകൊടുക്കുകയാണു്. നാം നമ്മുടെ മനസ്സിനെ ദിനംതോറും ദൈവവചനം കൊണ്ടു നിറയ്ക്കണം. അപ്രകാരം മനസ്സില്‍ ദൈവവചനം നിറയുവാന്‍ അനുവദിക്കുന്നതു് അശുദ്ധചിന്തകള്‍ക്കെതിരായുള്ള സുനിശ്ചിതമായ ഒരു രക്ഷാനടപടിയാണു്. ''ഞാന്‍ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിനു് നിന്‍റെ വചനത്തെ ഹൃദയത്തില്‍ സംഗ്രഹിക്കുന്നു'' എന്നു് ദാവീദു പറയുന്ന ഭാഗം ശ്രദ്ധിക്കുക (സങ്കീ. 119:11).
ദൈവവചനം ഇത്രയുംകൂടി പറയുന്നു: ''ദൈവത്തിന്‍റെ അംഗീകാരം വിലപ്പെട്ടതായി നിങ്ങള്‍ കരുതുന്നുവെങ്കില്‍ നിങ്ങളുടെ മനസ്സിനെ വിശുദ്ധവും ഉത്തമവും നിര്‍മ്മലവും മനോഹരവും നന്മ നിറഞ്ഞതുമായ കാര്യങ്ങളില്‍ ഉറപ്പിച്ചു നിര്‍ത്തുക'' (ഫിലി. 4:8 JBP). തിരുവചനത്തിലെ ഈ കല്പനയുടെ അനുസരണം അശുദ്ധചിന്തകളുമായി പോരാടുന്നതില്‍ തനിക്കു വലിയൊരു സഹായമായിത്തീര്‍ന്നിട്ടുണ്ടന്നു ഇന്‍ഡ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു ശ്രേഷ്ഠമിഷ്യനറിയായ ഹെന്റി മാര്‍ട്ടിന്‍ താന്‍ പ്രസിദ്ധീകരിച്ചിരുന്ന ഒരു മാസികയില്‍ എഴുതിയിട്ടുണ്ട്. ഏതെങ്കിലും ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ട ഒരു ദുര്‍മ്മോഹചിന്ത അദ്ദേഹത്തിന്‍റെ ഹൃദയവാതിലില്‍ വരുന്ന സമയത്തു് ഉടന്‍തന്നെ അദ്ദേഹം അവള്‍ക്കു വേണ്ടി ഇപ്രകാരം പ്രാര്‍ത്ഥിക്കുമായിരുന്നു: ''ദൈവമേ, അവളെ അവിടുത്തെ മഹത്വത്തിനായി വേര്‍തിരിക്കപ്പെട്ടവളായി, പരിശുദ്ധാത്മാവിന്‍റെ ഒരു മന്ദിരമായിത്തീരുമാറു് ഹൃദയത്തിലും മനസ്സിലും വിശുദ്ധയായി സൂക്ഷിക്കണമേ.'' ഇപ്രകാരം അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചശേഷം അവളെ സംബന്ധിച്ച ഒരു അശുദ്ധചിന്ത തന്‍റെ ഹൃദയത്തിലേക്കു കടത്തിവിടുവാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. ചിന്തയില്‍ വിശുദ്ധി നിലനിര്‍ത്തുവാനുള്ള അത്യുത്തമമായ ഒരു മാര്‍ഗ്ഗമാണിതു്.
ലോകത്തില്‍ ഇന്നു നിലവിലുള്ള ധാര്‍മ്മികനിലവാരം വളരെയധികം താഴ്ന്നതാണെന്നും തന്മൂലം അശുദ്ധചിന്തകളില്‍നിന്നു നിശ്ശേഷം സ്വതന്ത്രനായിത്തീരുക പ്രയാസമാണെന്നും ചിലര്‍ പറഞ്ഞേക്കാം. എന്നാല്‍ ഈ നിലവാരം ഇരുപതാം ശതാബ്ദത്തിനു മാത്രമുള്ളതല്ല. ഒന്നാം ശതാബ്ദത്തിലെ കോരിന്ത് ധാര്‍മ്മികാധഃപതനത്തിന്‍റെയും അസാന്മാര്‍ഗ്ഗികതയുടെയും കേന്ദ്രമായിരുന്നു. എങ്കിലും കൊരിന്ത്യരുടെ എല്ലാ ചിന്തയെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കണമെന്നു് ദൈവാത്മാവു് അവിടെയുള്ള ക്രിസ്ത്യാനികളെ പ്രബോധിപ്പിച്ചിരുന്നു (2 കൊരി. 10:5). ഇന്നും അതുതന്നെ ചെയ്യുവാന്‍ പരിശുദ്ധാത്മാവു് നമ്മോടു കല്പിക്കുന്നു. ജീവനിലേക്കുള്ള വഴി ഇടുങ്ങിയതും ദുര്‍ഘടവുമായിരിക്കാം. എങ്കിലും ആ വഴിയിലൂടെ നടക്കത്തക്കവണ്ണം നമ്മെ ശക്തീകരിക്കുവാന്‍ പരിശുദ്ധാത്മാവിനു കഴിയും.
ഇപ്രകാരം നമ്മുടെ ജീവിതങ്ങളെ ശിക്ഷണാധീനമാക്കുക എന്നതിന്‍റെ അര്‍ത്ഥം സ്ത്രീക്കു് പുരുഷനോടോ പുരുഷനു് സ്ത്രീയോടോ ഒരു വിരക്തി അഥവാ വെറുപ്പു തോന്നുക എന്നതല്ല. സ്ത്രീപുരുഷന്മാര്‍ക്കു് അന്യോന്യം ആകര്‍ഷ ണം തോന്നുക എന്നതു് അതില്‍ത്തന്നെ പാപകരമല്ല. അതു് ഏറ്റവും സ്വാഭാവികമാണു്. സുന്ദരമായ ഒരു മുഖത്തെ ദൈവത്തിന്‍റെ സൗന്ദര്യപൂര്‍ണ്ണമായ സൃഷ്ടിയുടെ ഒരു ഭാഗമായിക്കണ്ട് അഭിനന്ദിക്കുക എന്നതു് തെറ്റായ ഒരു കാര്യമല്ല. എന്നാല്‍ നാം ധാര്‍മ്മികമായി വീഴ്ചപറ്റിയ സൃഷ്ടികളാണു്. അതിനാല്‍ നാം വേണ്ടത്ര കരുതലോടെയിരുന്നില്ലെങ്കില്‍ സുന്ദരമായ രൂപത്തെ ശ്രദ്ധിക്കുന്നതോടൊപ്പം ദുര്‍മ്മോഹമങ്കുരിക്കുവാനുംകൂടി അതു വഴിയൊരുക്കും. സ്ത്രീക്കു് പുരുഷന്‍റെയോ പുരുഷനു സ്ത്രീയുടെയോ നേരേ തോന്നുന്ന ആകര്‍ഷണം അതില്‍ത്തന്നെ നിര്‍ദ്ദോഷമാണെങ്കിലും നമുക്കു് ദുശ്ചിന്തയ്ക്കുള്ള ഒരവസരമായി അതു തീരുവാന്‍ സാധ്യതയുണ്ട്.
'രണ്ടാമതൊരു സ്പര്‍ശനം' (A second touch) എന്ന ഗ്രന്ഥത്തില്‍ കെയ്ത്ത് മില്ലര്‍ ഇപ്രകാരം പറയുന്നു: ''ആഴമായ സമര്‍പ്പണമുള്ള ഒരു ക്രിസ്ത്യാനിയായിത്തീര്‍ന്നതുകൊണ്ട് ഒരുവന്‍ മറുവിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിയുടെ സൗന്ദര്യ ത്തെപ്പറ്റി ബോധവാനാകാതിരിക്കേണ്ട ആവശ്യമില്ല എന്നു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. ഈ വിധത്തിലുള്ള അംഗീകാരം ഏതെങ്കിലും വിധത്തില്‍ പാപമാണെന്നു ഞാന്‍ കരുതുന്നില്ല. ആത്മീയമായി ഒരു പരിശോധനയ്ക്കു് ഒരുവന്‍ പാത്രമാകണമെന്നു കാണിക്കുന്ന ഒരു വിഷയവുമല്ല അതു്. വാസ്തവത്തില്‍ നിങ്ങള്‍ എന്‍റെ പ്രായക്കാരനായിരിക്കെ, എതിര്‍വിഭാഗത്തില്‍പ്പെട്ട ഒരാളുടെ ശാരീരികസൗന്ദര്യത്തെപ്പറ്റി ബോധവാനാകുന്നില്ലെങ്കില്‍ നിങ്ങള്‍ ഒരു ശാരീരികപരിശോധന നടത്തേണ്ടതാവശ്യമാണു്. ഇതു ഞാന്‍ വളരെ ഗൗരവപൂര്‍വ്വം പറയുകയാണു്. അംഗീകാരമെന്നതു് ഒരിക്കലും പാപമല്ല എന്നാണെന്‍റെ അഭിപ്രായം. യാഥാര്‍ത്ഥ്യമാലോചിച്ചാല്‍ പാപം ചെയ്യാനുള്ള ഒരു പ്രത്യേകസാധ്യതയെ അംഗീകരിക്കുക എന്നതു് ക്രിസ്തീയസ്വഭാവത്തിന്‍റെ വളര്‍ച്ചയ്ക്കു് ആവശ്യമായ ഒരു ഘടകമാണു്. ഉദാഹരണമായി അന്ധനായ ഒരു മനുഷ്യന്‍ അയാളുടെ മുമ്പില്‍ മേശപ്പുറത്തിരുന്ന സ്വര്‍ണ്ണക്കട്ടി മോഷ്ടിക്കാതിരിക്കുന്നതുമൂലം നാമയാളെ സത്യസന്ധനെന്നു കരുതാറില്ല. നേരേമറിച്ചു് ആ സ്വര്‍ണ്ണക്കട്ടി കണ്ടറിയുകയും അതു കരസ്ഥമാക്കുവാനുള്ള തന്‍റെ ഹൃദയാഭിലാഷം പൂര്‍ണ്ണമായി ഗ്രഹിക്കയും, എന്നിട്ടും അതു മോഷ്ടിക്കാതിരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്ത ഒരുവനെയാണു് സത്യസന്ധനെന്നു് നാം എണ്ണുന്നതു്. താന്‍ കണ്ട്റിഞ്ഞ ഒരു കാര്യത്തെ സംബന്ധിച്ചു് ഒരുവന്‍ എന്തു ചെയ്യുന്നു എന്നതാണു് പ്രശ്‌നം.''
പരിശുദ്ധാത്മാവു നമ്മെ നിയന്ത്രിക്കയും നമ്മുടെ കണ്ണുകളും ചിന്തകളും മറ്റൊരു ഭാഗത്തേക്കു തിരിച്ചുവിടുവാന്‍ ഉപദേശിക്കയും ചെയ്യുമ്പോള്‍ ആത്മാവിന്‍റെ ശബ്ദത്തെ അനുസരിക്കുന്നതിലാണു് നമ്മുടെ സുരക്ഷിതത്വം സ്ഥിതിചെയ്യുന്നതു്.
''കര്‍ത്താവേ, (ഈ വിഷയത്തില്‍) എനിക്കു ജയിക്കുവാന്‍ കഴിയാത്ത പരീക്ഷ അഭിമുഖീകരിക്കുവാന്‍ എനിക്കു് ഇടയാക്കരുതേ'' എന്നു നാം കൂടെക്കൂടെ പ്രാര്‍ത്ഥിക്കുകയും വേണം. ആത്മാര്‍ത്ഥതയോടെ അപ്രകാരം പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി പല യുവജനങ്ങള്‍ക്കും വിജയം ലഭിച്ചിട്ടുണ്ട്.
ചിന്താജീവിതത്തിലെ നിയന്ത്രണമില്ലായ്മ ശരീരത്തിലെ ലൈംഗികാഭിലാഷത്തിന്‍റെ കാര്യത്തില്‍ ശിക്ഷണം കൂടാതെയുള്ള പെരുമാറ്റങ്ങള്‍ക്കു വഴിയൊരുക്കും. ഒരു ക്രിസ്ത്യാനി ഒരിക്കലും ഇതു ചെയ്യുവാന്‍ പാടില്ല. അപ്പോസ്തലനായ പൗലോസ് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ''അങ്കം പൊരുതുന്നവന്‍ ഒക്കെയും സകലത്തിലും വര്‍ജ്ജനം ആചരിക്കുന്നു. അതോ, അവര്‍ വാടുന്ന കിരീടവും നാമോ വാടാത്തതും പ്രാപിക്കേണ്ടതിനുതന്നെ. ആകയാല്‍ ഞാന്‍ നിശ്ചയമില്ലാത്തവണ്ണമല്ല ഓടുന്നതു്; ആകാശത്തെ കുത്തുന്നതുപോലെയല്ല ഞാന്‍ മുഷ്ടിയുദ്ധം ചെയ്യുന്നതു്. മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാന്‍ തന്നെ കൊള്ളരുതാത്തവനായി പോകാതിരിക്കേണ്ടതിനു് എന്‍റെ ശരീരത്തെ ദണ്ഡിപ്പിച്ചു് അടിമയാക്കുകയത്രേ ചെയ്യുന്നതു്'' (1 കൊരി. 9:25-27).
വീണ്ടും അദ്ദേഹം പറയുന്നതു ശ്രദ്ധിക്കുക: ''നിങ്ങളില്‍ ഓരോരുത്തനും സ്വന്തശരീരത്തെ നിയന്ത്രിക്കുവാന്‍ പഠിക്കണം. അതിനെ വിശുദ്ധമായി സൂക്ഷിക്കയും ആദരപൂര്‍വ്വം അതിനെ വീക്ഷിക്കയും ചെയ്യണം. ദൈവത്തെപ്പറ്റി അറിവില്ലാത്ത അന്യജാതിക്കാര്‍ ചെയ്യുന്നതുപോലെ ഭോഗസംതൃപ്തിക്കുള്ള ഒരുപകരണമായി അതിനെ കരുതരുതു്'' (1 തെസ്സ. 4:4-5 JBP).
സി. ജി. സ്‌കോറര്‍ 'ബൈബിളും ലൈംഗികധര്‍മ്മശാസ്ത്രവും' (Bible and sex ethics) എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: ''(അപ്പോസ്തലനായ പൗലോസിന്‍റെ) ഈ വാക്കുകളില്‍നിന്നാണു് ബൈബിള്‍ വാച്യമായി പറഞ്ഞിട്ടി ല്ലാത്ത മറ്റൊരു കാര്യത്തെപ്പറ്റിയുള്ള പ്രബോധനം നമുക്കു ലഭിക്കുന്നതു്. അതു് മറ്റൊന്നുമല്ല; രഹസ്യത്തിലും ഏകാന്തമായും ചെയ്യപ്പെടുന്ന ലൈംഗികാഭിലാഷ പൂരണം അഥവാ സ്വയംഭോഗമാണതു്. ഒരു മനുഷ്യന്‍റെ ജീവിതത്തിലെ രഹസ്യ മണ്ഡലത്തെ അപഗ്രഥിക്കുവാന്‍ പുതിയനിയമം ഉദ്യമിക്കുന്നില്ല. ആധുനികമതശ്ശാസ്ത്രം അതു ചെയ്‌തേക്കാം; ക്രിസ്തുവും അപ്പോസ്തലന്മാരും അതു ചെയ്യുന്നില്ല. എന്നാല്‍ അപ്രകാരമുള്ള അഭിലാഷപൂരണം നമ്മുടെ ശരീരത്തിന്‍റെമേലുള്ള ദൈവത്തിന്‍റെ അധികാരത്തിനെതിരേ മറുതലിക്കുന്ന ഒരു മനോഭാവം ഉള്‍ക്കൊള്ളുന്നുവെന്ന വസ്തുതയില്‍നിന്നു് ഒഴിഞ്ഞുമാറുവാന്‍ സാധ്യമല്ല. ലൈംഗികാനുഭൂതിയെ അതില്‍ത്തന്നെ ഒരു ലക്ഷ്യമായി അന്വേഷിക്കുന്ന ഒരു പ്രവണത അതിലടങ്ങിയിരിക്കുന്നു. തല്‍ഫലമായി ഒരു പുരുഷനോ സ്ത്രീയോ തന്‍റെ തന്നെ അഭിലാഷങ്ങളുടെ യജമാനനായിട്ടല്ല, ദാസനായി ഭവിക്കുന്നു. വിഷയേച്ഛാപരമായ ചിന്ത ആത്മീയമായ ഉള്‍ക്കാഴ്ചയെയും ശക്തിയെയും ഹനിക്കുന്നു എന്ന വസ്തുത ഒരു സാമാന്യ തത്വമാണു്. ശരീരത്തിന്‍റെ ഇച്ഛകള്‍ നമ്മുടെ ജീവിതത്തെ ഭരിക്കുന്നപക്ഷം ആത്മാവിനു് നമ്മുടെ ജീവിതത്തിന്മേലുള്ള ആധിപത്യം നഷ്ടപ്പെടും. മനശ്ശാസ്ത്രപരമായിപ്പറഞ്ഞാല്‍ ഇത്തരം പാപങ്ങള്‍ പക്വത വരാത്ത സ്വഭാവനിഷ്ഠയുടെ ലക്ഷണമാണു്. നമ്മെപ്പറ്റി മാത്രമുള്ള ചിന്ത, സ്വാര്‍ത്ഥനിഷ്ഠമായുള്ള സ്വഭാവം എന്നിങ്ങനെ നാം ജയിച്ചടക്കേണ്ട ഒരു പ്രവണതയുടെ അടയാളവുമാണതു്. മറ്റൊരു വ്യക്തിയെ ബാധിക്കുന്നതല്ലായ്കയാല്‍ അതു് പരസംഗമെന്ന പാപത്തോളം ഗൗരവമുള്ള ഒരു പ്രശ്‌നമല്ലായിരിക്കാം. എങ്കിലും അതു് ഒരു മനുഷ്യന്‍റെ ശാരീരികസന്തുഷ്ടിയെ കെടുത്തിക്കളയുന്നു. എന്തെന്നാല്‍ തന്‍റെ മനസ്സിന്‍റെ തന്നെ ഒരു ദുഷ്‌പ്രേരണയുടെമേല്‍ തനിക്കു തന്നെ നിയന്ത്രണമില്ലെന്ന വസ്തുത അയാള്‍ സമ്മതിക്കേണ്ടിവരുന്നു. അതു് അയാളെ മാനം കെടുത്തുന്നു. അങ്ങനെ സ്വാഭിമാനം നഷ്ടപ്പെടുന്നതുമൂലം ഒരു ക്രിസ്ത്യാനിയെന്ന നിലയിലുള്ള അയാളുടെ സാക്ഷ്യം വിലയറ്റതായിത്തീരുന്നു. ഇച്ഛാശക്തിയുടെ പ്രവര്‍ത്തനത്തിലൂടെയും ലൈംഗികപ്രകോപനത്തെ ആരംഭത്തില്‍ത്തന്നെ ഒഴിവാക്കുന്നപക്ഷം അതിനെ വിജയകരമായി ചെറുത്തുനില്‍ക്കുവാന്‍ സാധിക്കുമെന്നുള്ള സാമാന്യബുദ്ധിയിലൂടെയുമാണു് ഈ പ്രശ്‌നം പരിഹരിക്കേണ്ടതു്.''
സ്വയംഭോഗം ഏതെങ്കിലും രോഗത്തിനിടയാക്കുന്നില്ല. എങ്കിലും അതു വിഷാദചിന്തയിലേക്കും ഇച്ഛാശക്തിയെ ദുര്‍ബ്ബലമാക്കുന്ന ഒരുതരം കുറ്റബോധത്തിലേക്കും ഒരുവനെ നയിക്കുന്നു. ഇതെല്ലാം ചേര്‍ന്നു് അന്തിമമായി അവനു് ദൈവത്തോടുള്ള കൂട്ടായ്മയെയും ആത്മീയമായ കാര്യക്ഷമതയെയും നശിപ്പിക്കുന്നു. ഈ ശീലം ക്രമാധികമായിത്തീര്‍ന്നാല്‍ വിവാഹാനന്തരമുള്ള ഒരുവന്‍റെ ലൈംഗികജീവിതത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചെന്നുവരാം. സ്വയംഭോഗം ദൈവദത്തമായ ലൈംഗികവാസനയുടെ ഒരു ദുര്‍വിനിയോഗമാകയാല്‍ അതു പാപം തന്നെ. അതിനെപ്പറ്റി അനുതപിച്ചു് ദൈവമുമ്പാകെ ഏറ്റുപറഞ്ഞു് ഉപേക്ഷിക്കേണ്ടതു് ആവശ്യമത്രേ.
യുവജനങ്ങള്‍ പലപ്പോഴും ലൈംഗികജീവിതത്തെപ്പറ്റിയുള്ള വസ്തുതകള്‍ തങ്ങളുടെ അനാത്മികരായ സ്‌നേഹിതരിലൂടെ വളഞ്ഞ വഴിയില്‍ പഠിക്കുന്നതുകൊണ്ടാണു് അവര്‍ വേഗത്തില്‍ ഈ ദുശ്ശീലത്തിന്‍റെ പിടിയിലകപ്പെടുന്നതു്. ഒരിക്കല്‍ ഈ ദുശ്ശീലം ബാധിച്ചുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും ഇതിനു കീഴ്‌പ്പെട്ടു പോകുവാന്‍ ചെറുപ്പക്കാര്‍ നിര്‍ബന്ധിതരായിത്തീരുമാറു് അതിന്‍റെ സ്വാധീനശക്തി അത്ര പ്രബലമായിത്തീരുന്നു. എങ്കിലും ക്രിസ്തുവിനു് അവരെ സ്വതന്ത്രരാക്കുവാന്‍ കഴിയും.
സ്വയംഭോഗം ചെയ്യേണ്ടതു് ഒരാവശ്യമാണെന്നു് അനേകം യുവജനങ്ങളോടു് അവരുടെ കൂട്ടുകാര്‍ ഉപദേശിക്കാറുണ്ട്. അതിനു് അവര്‍ കാണിക്കുന്ന യുക്തി വിചിത്രമാണു്. ഒരു മാംസപേശി അനേകവര്‍ഷക്കാലം ഉപയോഗിക്കാതെ വച്ചിരുന്നാല്‍ അതു് കാലാന്തരത്തില്‍ ശക്തിഹീനമായിത്തീരുമാറുള്ളതുപോലെ ലൈംഗികാവയവങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ ശക്തിയറ്റതായിത്തീരുമെന്നതാണു് ആ യുക്തി. എന്നാല്‍ സമ്പൂര്‍ണ്ണമായും തെറ്റായ ഒരാശയമാണതു്. ലൈംഗികാവയങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിലൂടെ അവ ക്ഷീണിതമാകയോ അവയുടെ പ്രവര്‍ത്തനക്ഷമത കുറയുകയോ ചെയ്യുകയില്ല എന്നു് വൈദ്യശാസ്ത്രവിദഗ്ദ്ധന്മാര്‍ ഏകകണ്ഠമായി അഭിപ്രായപ്പെടുന്നു. ലൈംഗികമായ ആഗ്രഹത്തെ നിയന്ത്രിക്കുന്നതു് മാനസികമായിത്തന്നെയും യാതൊരു വൈകല്യത്തിനും കാരണമാകുകയില്ല. ലൈംഗികാഭിലാഷത്തെ നിയന്ത്രണാധീനമാക്കി വയ്ക്കുന്നതുമൂലം വാസ്തവത്തില്‍ യാതൊരു ഹാനിയും സംഭവിക്കുകയില്ല. നേരേമറിച്ചു് ഒരുവന്‍ ഈ വിധത്തില്‍ ശിക്ഷണം ശീലിക്കുന്നതിലൂടെ അവന്‍റെ ഇച്ഛാശക്തി കൂടുതല്‍ പ്രബലമാകുകയും മനസ്സു് കൂടുതല്‍ സജീവമായി വ്യാപരിക്കയും ചെയ്യും. ഒരു മനുഷ്യനു് തന്‍റെ ആയുഷ്‌കാലത്തില്‍ ഒരിക്കല്‍പ്പോലും ലൈംഗികാവയവങ്ങള്‍ ഉപയോഗിക്കാതിരിക്കുവാനും എന്നിട്ടും മനസ്സിലും ശരീരത്തിലും പൂര്‍ണ്ണാരോഗ്യവും ശക്തിയും നിലനിര്‍ത്തുവാനും കഴിയും.
ഉറക്കത്തില്‍ സംഭവിക്കുന്ന ഇന്ദ്രിയസ്ഖലനത്തെപ്പറ്റി ചില യുവാക്കന്മാര്‍ ഭാരപ്പെട്ടേക്കാം. ഇതു് ആവശ്യത്തില്‍ക്കവിഞ്ഞുള്ളതിനെ പുറന്തള്ളുന്ന സ്വാഭാവികമായ ശാരീരികപ്രവര്‍ത്തനത്തിന്‍റെ ഒരു ഭാഗം മാത്രമാണു്. അതിനാല്‍ ഇതില്‍ അസ്വാഭാവികത ഒന്നുമില്ല; പരിഭ്രമിക്കേണ്ട ആവശ്യവുമില്ല.
ഓരോ യുവാവും വിവാഹിതനായിത്തീരുന്നതിനുമുമ്പു് തന്‍റെ ലൈംഗികാസക്തിയെ നിയന്ത്രിക്കുവാന്‍ ശീലിച്ചിരിക്കണം. കാരണം, അതിനുശേഷമുള്ള ജീവിതത്തില്‍ ആത്മനിയന്ത്രണം വളരെ ആവശ്യമായിത്തീരും. വിവാഹത്തിനു ശേഷവും ലൈംഗികബന്ധത്തില്‍ സ്വയംശിക്ഷണത്തിനു് ഒരു സ്ഥാനമുണ്ട്; എന്തെന്നാല്‍ വിവാഹം അനിയന്ത്രിതമായ ലൈംഗികവേഴ്ചയ്ക്കുള്ള ഒരു അനുവാദപത്രമല്ല. വിവാഹത്തിനുമുമ്പു് ആത്മനിയന്ത്രണം ശീലിച്ചിട്ടില്ലാത്ത ഒരുവന്‍ പിന്നീടു് അതു ശീലിക്കുക എന്നതു് സംഭവ്യവുമല്ല.
ഈ ദുസ്സ്വഭാവത്തിന്‍റെ പിടിയിലകപ്പെട്ടുപോയവര്‍ എങ്ങനെ ഇതില്‍നിന്നു വിമോചനം നേടേണ്ടു എന്നോര്‍ത്തു വിഷമിക്കുന്നുണ്ടാവും. വിമോചനത്തിനുള്ള മാര്‍ഗ്ഗം ഇതാണു്: ക്രിസ്തുവുമായി അവിടത്തെ മരണത്തിലും ഉയിര്‍ത്തെഴുന്നേല്‍പിലും നാം ഒന്നായിത്തീര്‍ന്നിരിക്കുന്നു എന്ന വസ്തുത അംഗീകരിക്കുന്നതി ലൂടെ നമ്മുടെ മേലുള്ള പാപത്തിന്‍റെ പിടി തകര്‍ന്നുപോകുന്നു. ഇപ്പോള്‍ അവിടുത്തെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കപ്പെടുന്നതിനുവേണ്ടി നമ്മെത്തന്നെ സമര്‍പ്പിക്കുന്നതിലൂടെ നമ്മുടെ ജീവിതത്തില്‍ വിജയം ഒരു യാഥാര്‍ത്ഥ്യമായിത്തീരും (റോമര്‍ 8:2).
മാത്രമല്ല, നമ്മുടെ ജീവിതത്തില്‍ മുഴുവന്‍ സമയവും തിരക്കോടെ പ്രവര്‍ത്തിക്കുന്ന ഒരു പ്രതിദിനപരിപാടി നാം തയ്യാറാക്കണം. നമ്മുടെ മനസ്സും പ്രത്യേകിച്ചു ശരീരവും ഏതെങ്കിലും ഒരു പ്രവൃത്തിയില്‍ അല്ലെങ്കില്‍ മറ്റൊന്നില്‍ ദിവസം മുഴുവനും വ്യാപരിച്ചുകൊണ്ടിരിക്കണം. അലസമായും ഒന്നും ചെയ്യാനില്ലാതെയുമിരിക്കുന്ന ശരീരം മാത്രമാണു് ലൈംഗികാഭിലാഷത്തിനു് ഇരയായിത്തീരുന്നതു്. അധ്വാനജീവിതം നയിക്കുന്ന ഒരു മനുഷ്യനു് ഈ രംഗത്തു് വളരെ ക്കുറച്ചു വൈഷമ്യമേ അനുഭവപ്പെടുകയുള്ളു. മനുഷ്യന്‍ കഠിനാധ്വാനം ചെയ്യണമെന്നു് ദൈവം ആഗ്രഹിക്കുന്നു. ആദാം നെറ്റിയിലെ വിയര്‍പ്പോടെ തന്‍റെ ആഹാരം സമ്പാദിക്കുവാന്‍ ബാധ്യസ്ഥനായിരുന്നു (ഉല്‍പ. 3:19). എങ്കിലും ഇന്നു് സമയം ലാഭിക്കുവാനുള്ള അനേകം മാര്‍ഗ്ഗങ്ങള്‍ ശാസ്ത്രം നമുക്കു നല്‍കിയിട്ടുണ്ട്. തല്‍ഫലമായി ആധുനികയുഗത്തിലെ ഒരു യുവാവിനു് അലസമായിരിക്കുവാനുള്ള ധാരാളം സമയം സ്വായത്തമായിത്തീരുന്നു. പിശാചു് തക്കത്തില്‍ ഈ സമയം പ്രയോജനപ്പെടുത്തുവാന്‍ ശ്രമിക്കുന്നു. അതുകൊണ്ട് സമയം മിച്ചപ്പെടുത്തുവാനുപകരിക്കുന്ന യാതൊരു മാര്‍ഗ്ഗങ്ങളും നാം സ്വീകരിക്കരുതു് എന്നു ഞാന്‍ പറയുന്നില്ല. തീര്‍ച്ചയായും അത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചുകൊള്ളുക. എങ്കിലും നമുക്കു മിച്ചമായിക്കിട്ടുന്ന സമയം പ്രയോജനകരമായി ഏതെങ്കിലും രചനാത്മകമായ പ്രവര്‍ത്തനത്തിനായി വിനിയോഗിക്കുവാന്‍ നാം ശ്രമിക്കണം.
ശരീരത്തിന്‍റെ ഊര്‍ജ്ജം നമുക്കു് നാലുതരത്തില്‍ ചെലവഴിക്കാന്‍ കഴിയും. ശാരീരികാധ്വാനം, മാനസികപ്രവര്‍ത്തനം, വൈകാരികാനുഭവങ്ങള്‍, ലൈംഗികാശാപൂരണം (sexual indulgence) എന്നിവയാണവ. ശാരീരികോര്‍ജ്ജത്തെ ആദ്യത്തെ മൂന്നുമാര്‍ഗ്ഗങ്ങളില്‍ക്കൂടി നാം ചെലവഴിക്കുന്നില്ലെങ്കില്‍ നാലാമത്തെ മാര്‍ഗ്ഗത്തില്‍ക്കൂടി അതിനെ ചെലവിടുവാനുള്ള സമ്മര്‍ദ്ദം വളരെ കൂടുതലായിത്തീരും. എന്നാല്‍ അപ്രകാരമുള്ള ലൈംഗികപ്രവര്‍ത്തനം മറ്റെന്തിനെക്കാളുമധികം ശരീരത്തിലും അതിന്‍റെ നാഡിവ്യൂഹത്തിലും ഉള്ള പ്രവര്‍ത്തനശക്തിയെയും ഓജസ്സിനെയും ചോര്‍ത്തിക്കളയുന്നതാണു്.
ചില പുരുഷന്മാര്‍ ശരാശരിയില്‍ത്താണ ലൈംഗികശക്തിയോടുകൂടിയവരാണു്. അവര്‍ക്കു് മറ്റുള്ളവരോളം ലൈംഗികമായ സമ്മര്‍ദ്ദം ഉള്ളില്‍ അനുഭവിക്കേണ്ടിവരുന്നില്ല. എന്നാല്‍ ക്രമത്തിലധികം ലൈംഗികാഭിലാഷം അനുഭവപ്പെടുന്നവര്‍ തങ്ങള്‍ വിലക്ഷണരായ (abnormal) വ്യക്തികളാണെന്നു ചിന്തിക്കേണ്ടതില്ല. സൃഷ്ടിപരമായ അധികോര്‍ജ്ജം അവരില്‍ കുടികൊള്ളുന്നുവെന്നും അതിനെ ഉന്നതമാര്‍ഗ്ഗത്തിലുള്ള പ്രവര്‍ത്തനങ്ങളിലേക്കു തിരിച്ചുവിട്ടു് പ്രയോജനകരമായി ചെലവിടേണ്ടതാവശ്യമാണെന്നും മാത്രമേ കരുതേണ്ടതുള്ളു. നിരന്തരമായി നാം ലൈംഗികമോഹത്തോടു പോരാടിക്കൊണ്ടിരിക്കണമെന്നു് ദൈവം ആഗ്രഹിക്കുന്നില്ല. (ചിന്തയിലോ പ്രവൃത്തിയിലോ ഉള്ള ലൈംഗികവ്യാപാരത്തിനായി തിടുക്കം കൊള്ളുന്ന) നമ്മുടെ ശാരീരികോര്‍ജ്ജത്തെ ദൈവമഹത്വത്തിനും മനുഷ്യ സേവനത്തിനും ഉപകരിക്കുന്ന മാര്‍ഗ്ഗങ്ങളിലേക്കു തിരിച്ചുവിടണമെന്നതാണു് ദൈവഹിതം.
തന്മൂലം ഓരോ ക്രിസ്തീയയുവാവും തന്‍റെ ശരീരത്തെ ദിനംതോറുമുള്ള ശാരീരികവ്യാപാരങ്ങളിലൂടെ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരിക്കേണ്ടതു് ആവശ്യമാണു്. അലസമായ സംഭാഷണത്തിലേര്‍പ്പെടാതെ ഗൗരവമായ ബൈബിള്‍പഠനത്തിലും പ്രാര്‍ത്ഥനയിലും അയാള്‍ തന്‍റെ സമയം ചെലവിടട്ടെ. അങ്ങനെ ചെയ്യുന്നപക്ഷം താന്‍ വളരെക്കാര്യങ്ങള്‍ ചെയ്തുതീര്‍ത്തുവെന്ന സംതൃപ്തി ദിവസത്തിന്‍റെ അവസാനമണിക്കൂറുകളില്‍ അയാള്‍ക്കുണ്ടാകുമെന്നു മാത്രമല്ല, നന്നെ ക്ഷീണിച്ചിരിക്കുന്നതുമൂലം കിടക്കയില്‍ച്ചെന്നു കിടന്നാലുടന്‍തന്നെ അയാള്‍ ഉറക്കത്തില്‍ ലയിക്കുകയും ചെയ്യും. രാത്രിസമയം കിടക്കയില്‍വച്ചു് ദുര്‍മ്മോഹചിന്തകളാല്‍ പീഡിതനാകുവാനോ സ്വയംഭോഗത്തിനായി പ്രലോഭിപ്പിക്കപ്പെടുവാനോ ഇടയാകാതെ സുഖപൂര്‍ണ്ണമായ ഗാഢനിദ്രയില്‍ അയാള്‍ പെട്ടെന്നുതന്നെ മുഴുകിക്കൊള്ളും. ''വേലചെയ്യുന്ന മനുഷ്യനു് അവന്‍റെ ഉറക്കം സുഖകരമാകുന്നു'' എന്നു് ദൈവവചനം പറയുന്നു (സഭാ. 5:12).
ഭക്ഷണം, ഉറക്കം എന്നിങ്ങനെ താരതമ്യേന കൂടുതല്‍ ലളിതമായ കാര്യങ്ങളില്‍ നാം നമ്മെത്തന്നെ ശിക്ഷണത്തിനു് വിധേയരാക്കുന്നപക്ഷം ലൈംഗികാസക്തിയെ നിയന്ത്രിക്കുക എന്നതു് കൂടുതല്‍ എളുപ്പമായിത്തീരും. ഈ രണ്ടു കാര്യങ്ങളില്‍ തങ്ങളെത്തന്നെ ശിക്ഷണാധീനരാക്കാത്തതുമൂലം ലൈംഗികജീവിതരംഗത്തു് പലരും പരാജയപ്പെടുവാന്‍ ഇടയാകുന്നു. അമിതഭക്ഷണവും ലൈംഗികാഭിലാഷത്തിന്‍റെ ഉത്തേജനവും തമ്മില്‍ വാസ്തവമായ ഒരു ബന്ധമുണ്ട്. ആഹാരത്തിന്‍റെ അതിസമൃദ്ധി, സമ്പത്തിന്‍റെ വര്‍ദ്ധനവുമൂലമുള്ള സ്വൈരജീവിതം, അലസത എന്നിവ മൂലമാണു് പ്രാചീനകാലത്തെ സോദോം നഗരത്തില്‍ ലൈംഗികപാപങ്ങള്‍ വര്‍ദ്ധിക്കുവാനിടയായതു് (യെഹെ. 16:49). ലൈംഗികാസക്തിക്കു് അടിമപ്പെട്ടുപോകുന്ന ആളുകള്‍ തങ്ങളുടെ ഭക്ഷണരീതി ക്രമപ്പെടുത്തുകയും ഉപവാസത്തോടുകൂടിയ പ്രാര്‍ത്ഥനയില്‍ കര്‍ത്താവിന്‍റെ മുഖമന്വേഷിക്കുകയും ചെയ്യട്ടെ. അങ്ങനെയെങ്കില്‍ വളരെ വേഗം അവര്‍ക്കു വിടുതല്‍ ലഭിക്കും.
എല്ലാറ്റിനുമുപരി എല്ലായ്‌പ്പോഴും ദൈവസാന്നിദ്ധ്യബോധം പരിപാലിക്കുവാന്‍ നാം മനസ്സിരുത്തണം. എന്നുവച്ചാല്‍ കര്‍ത്താവു് എപ്പോഴും നമ്മോടുകൂടെയുണ്ടെന്നും നമ്മെ നോക്കിക്കൊണ്ടിരിക്കുന്നുവെന്നുമുള്ള യാഥാര്‍ത്ഥ്യത്തെപ്പറ്റി നാം ബോധമുള്ളവരായിത്തീരണം. മറ്റൊരു വിശ്വാസി നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നപക്ഷം നാം സ്വയംഭോഗം ചെയ്കയില്ലല്ലോ. അതിലും എത്രയോ അധികമായി നാം ദൈവത്തെ ഭയപ്പെടേണ്ടതാണു്.
എത്രയധികം പരിശ്രമിച്ചിട്ടും ഏതെങ്കിലുമൊരു സമയത്തു് ഈ പരീക്ഷയില്‍ ജയം നേടുവാന്‍ നിങ്ങള്‍ക്കു കഴിയാതെ വരുന്നപക്ഷം അപ്പോള്‍ നിങ്ങള്‍ക്കു ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം മറ്റൊരു വ്യക്തിയുടെ (സാധ്യമെങ്കില്‍ ഒരു വിശ്വാസിയുടെ) സാന്നിധ്യം തേടുക എന്നതാണു്. ഇതു് വിജയം നേടുവാന്‍ നിങ്ങളെ സഹായിക്കും.
,ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ആദ്യത്തെ ലൈംഗികവേഴ്ച അവരെ പരസ്പരം നിഗൂഢമായ ഒരു ഏകീഭാവത്തിലേക്കു നയിക്കും. അവിടെവച്ചാണു് വിവാഹം അതിന്‍റെ സാഫല്യദശയെ പ്രാപിക്കുന്നതു്. ദൈവവചനം ഇപ്രകാരം പറയുന്നു: ''വേശ്യയോടു പറ്റിച്ചേരുന്നവന്‍ അവളുമായി ഏകശരീരമാകുന്നു എന്നു് നിങ്ങള്‍ അറിയുന്നില്ലയോ? ഇരുവരും ഒരു ദേഹമായിത്തീരും എന്നുല്ലോ'' (1 കൊരി. 6:16). പഴയനിയമത്തില്‍ ,ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ലൈംഗികവേഴ്ചയെ 'അറിയുക' എന്ന പദംകൊണ്ട് കുറിക്കുന്നു. ലൈംഗിക വേഴ്ച കേവലം ശാരീരികമായ ഫലങ്ങള്‍ മാത്രമുളവാക്കുന്ന ഒരു പ്രവര്‍ത്തനമല്ല. അതിനെ നിഷ്പ്രയാസം വിസ്മരിക്കുവാനും സാധ്യമല്ല. അതിരു വ്യക്തികളെ നിഗൂഢമായവിധത്തില്‍ ഒന്നാക്കി സംയോജിപ്പിക്കുന്നു. ഇതു കൊണ്ടാണു് ലൈംഗികമായി വഴിതെറ്റിപ്പോകുന്നതിനെതിരേ അനേകം തടസ്സങ്ങള്‍ ദൈവം വച്ചിട്ടുള്ളതു്. രണ്ടെണ്ണെത്തിന്‍റെ മാത്രം പേരു പറയാം: സിഫിലിസ്, ഗൊണോറിയ എന്നീ മാരകരോഗങ്ങള്‍. ''മറ്റുള്ളവരുടെ ശരീരത്തിലേക്കു് അതിക്രമിച്ചുകടക്കുന്ന ദുര്‍മ്മാര്‍ഗ്ഗികള്‍ക്കു ദൈവം ശിക്ഷ വിധിക്കും'' (എബ്രാ. 13:4 JBP).
ചെറുപ്പക്കാര്‍ സാധാരണയായി ഉത്തരവാദിത്വം കൂടാതെയുള്ള പദവിയും ആനന്ദവും ഇഷ്ടപ്പെടുന്നവരാണു്. ഈ കാരണത്താലാണു് അവര്‍ വിവാഹജീവിതത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ കൂടാതെ ലൈംഗികാനുഭൂതിയുടെ സന്തോഷം അന്വേഷിക്കുവാന്‍ പ്രലോഭിപ്പിക്കപ്പെടുന്നതു്. സ്ത്രീപുരുഷബന്ധത്തെ ഈ വിധത്തില്‍ അധഃപതിപ്പിക്കുന്നവര്‍ക്കു് ദൈവശാപവും ന്യായവിധിയുമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുവാനില്ല.
ദുഷ്ടബുദ്ധികളും ലൗകികരുമായ ചില സ്‌നേഹിതന്മാര്‍ ചിലപ്പോള്‍ യുവാക്കന്മാരെ തങ്ങളുടെ പുരുഷത്വം തെളിയിക്കുവാന്‍വേണ്ടി ലൈംഗികവേഴ്ചയ്ക്കായി പ്രേരിപ്പിക്കാറുണ്ട്. ഒരു യുവാവു് ഏതെങ്കിലും പെണ്‍കുട്ടിയുമൊത്തു് പ്രേമസല്ലാപത്തിലേര്‍പ്പെടുകയോ ഏതെങ്കിലും ലൈംഗികവീരകൃത്യങ്ങള്‍ കാട്ടിയതായി അവകാശപ്പെടുകയോ ചെയ്യുന്നില്ലെങ്കില്‍ അയാളെ അവര്‍ പരിഹസിക്കുക പതിവാണു്. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള പുരുഷത്വം തെളിയിക്കപ്പെടുന്നതു് ലൈംഗികമായ ദുസ്സ്വാതന്ത്ര്യത്തിലൂടെയല്ല, പിന്നെയോ ആത്മനിയന്ത്രണത്തിലൂടെയാണു്.
അനിയന്ത്രിതമായ ദുര്‍മ്മോഹത്തിലൂടെ തന്‍റെ മേന്മയെ ഭാഗികമായി നഷ്ടപ്പെടുത്തിയ ദാവീദിനെപ്പറ്റി ദൈവവചനത്തില്‍ നാം വായിക്കുന്നു. അദ്ദേഹത്തിന്‍റെ വീഴ്ചയ്ക്കു വഴിതെളിച്ച സാഹചര്യങ്ങള്‍ ശ്രദ്ധിക്കുക. താന്‍ യുദ്ധരംഗത്തില്‍ ആയിരിക്കേണ്ട സമയത്തു് അദ്ദേഹം അലസനായി ഭവനത്തില്‍ താമസിച്ച തിനെപ്പറ്റി 2 ശമൂ. 11:1,2 വാക്യങ്ങള്‍ പറയുന്നു. അദ്ദേഹം തന്‍റെ കര്‍ത്തവ്യം അവഗണിക്കുകയും അലസതയ്ക്കും സുഖേച്ഛയ്ക്കും വഴങ്ങിക്കൊടുക്കുകയും ചെയ്തു. ആ സമയത്താണു് അദ്ദേഹം ബേത്ത്‌ശേബയെ കണ്ടതു്. തന്‍റെ കണ്ണുകളെ നിയന്ത്രിക്കേണ്ടതിനുപകരം ദാവീദ് അവളെ പിന്നെയും നോക്കിക്കൊണ്ടിരിക്കുകയും അങ്ങനെ പാപത്തില്‍ വീഴുകയും ചെയ്തു.
അനിയന്ത്രിതമായ ഭോഗാസക്തി നിമിത്തം സമ്പൂര്‍ണ്ണവിനാശത്തെ നേരിടേണ്ടിവന്ന ശിംശോനെപ്പറ്റിയും നാം ബൈബിളില്‍ കാണുന്നുണ്ട് (ന്യായാ. 14,16 അധ്യായങ്ങള്‍ നോക്കുക). സൗന്ദര്യമുള്ള സ്ത്രീകളെ കാണുമ്പോള്‍ ഒരു ദൈവഭൃത്യനെന്ന നിലയിലുള്ള തന്‍റെ വിളിയെപ്പറ്റി അവന്‍ തികച്ചും മറന്നുപോകുക പതിവായിരുന്നു. തന്മൂലം അവനു് തന്‍റെ ശുശ്രൂഷ നഷ്ടപ്പെട്ടു. പില്‍ക്കാലത്തും ഒട്ടുവളരെപ്പേര്‍ ഈ വിധത്തില്‍ വീണുപോകയും തങ്ങളുടെ ശുശ്രൂഷ നഷ്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
നേരേമറിച്ചു് നാം യോസേഫിനെ നോക്കുക. ദാവീദിന്‍റെ ആഡംബരജീവിതമോ സുഖസൗകര്യങ്ങളോ സ്ഥാനമാനങ്ങളോ അവനു് ഉണ്ടായിരുന്നില്ല. ശിംശോനെപ്പോലെ ശുശ്രൂഷയ്ക്കായുള്ള ഉയര്‍ന്ന ദൈവവിളിയും അവനു ലഭിച്ചിരുന്നില്ല. എന്നിട്ടും ലൈംഗികദുര്‍മ്മോഹത്തിന്‍റെമേല്‍ അവന്‍ സമ്പൂര്‍ണ്ണവിജയം നേടി. ഉല്‍പ. അധ്യായം 39-ല്‍ ഓരോ യുവാവും വായിച്ചുപഠിക്കേണ്ടതാവശ്യമാണു്. അവിടെ യാതൊരു മുന്നറിവും കൂടാതെ പൊടുന്നനവേ ഒരു ദിവസം യോസേഫിനു പരീക്ഷ നേരിട്ടതായി വാക്യം 7-ല്‍ നാം വായിക്കുന്നു. ഇതേ വിധം തന്നെ നമുക്കും സംഭവിക്കാം. മുന്‍കൂട്ടിത്തന്നെ അതിനെ നേരിടുവാനുള്ള ഒരുക്കം നാം നടത്തിയിട്ടില്ലെങ്കില്‍ നാം തീര്‍ച്ചയായും വീണുപോകും. തന്‍റെ സ്വകാര്യജീവിതത്തില്‍ യോസേഫ് ദുര്‍മ്മോഹചിന്തകളെ താലോലിച്ചിരുന്നുവെങ്കില്‍ വളരെ വേഗത്തില്‍ അവന്‍ വീണുപോകുമായിരുന്നു. എന്നാല്‍ യോസേഫ് ദൈവസാന്നിദ്ധ്യബോധം ശീലിച്ചിരുന്നു. അതിനാല്‍ പരീക്ഷ വന്നപ്പോള്‍ മറ്റാരുടെയെങ്കിലും സാന്നിദ്ധ്യത്തെക്കാളധികം ദൈവത്തിന്‍റെ സാന്നിദ്ധ്യം അവനു കൂടു തല്‍ യഥാര്‍ത്ഥമായി അനുഭവപ്പെട്ടു. യോസേഫിന്‍റെ ആത്മീയജീവിതം യഥാര്‍ത്ഥമായ ഒന്നായിരിക്കാതെ മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനുള്ള ഒരു നാട്യം മാത്രമായിരുന്നുവെങ്കില്‍, അത്തരമൊരു ശക്തമായ പരീക്ഷണത്തിന്‍റെ മുമ്പില്‍ അവന്‍ തീര്‍ച്ചയായും വശീകരിക്കപ്പെട്ടുപോകുമായിരുന്നു.
പാപത്തില്‍ വീഴാതെ യോസേഫിനെ പിന്നോക്കം പിടിച്ചുനിര്‍ത്തിയതു് താന്‍ കണ്ടെത്തപ്പെട്ടുപോകുമെന്ന ഭയമോ അഥവാ ശിക്ഷയേക്കുറിച്ചുള്ള ഭീതിയോ (വാക്യം 9-ല്‍ ) ആയിരുന്നില്ലെന്നും നേരേമറിച്ചു് ദൈവഭയമായിരുന്നുവെന്നുമുള്ള കാര്യവും ശ്രദ്ധിക്കുക. ഹാ! കഷ്ടം! മാനുഷഭയമോ ശിക്ഷാഭയമോ ആണു് ഇന്നു പലരെയും പാപത്തില്‍നിന്നകറ്റിനിര്‍ത്തുന്നതു്. എങ്കിലും നമ്മുടെ ഈ കാലത്തു് ദൈവത്തോടു് പല ആളുകള്‍ക്കുമുള്ള ഉപരിപ്ലവമായ ബന്ധത്തെക്കാള്‍ വളരെയധികം ആഴമുള്ള ഒരു ബന്ധമാണു് യോസേഫിനു് ദൈവവുമായി ഉണ്ടായിരുന്നതു്.
പോത്തീഫറിന്‍റെ ഭാര്യ അവനെ പാപത്തില്‍ വീഴിക്കുവാന്‍ വീണ്ടും വീണ്ടും നടത്തിയ പരിശ്രമത്തെയെല്ലാം യോസേഫ് ചെറുത്തുനിന്നതായും നാം വായിക്കുന്നു (വാക്യം 10). ആദ്യത്തെ പ്രാവശ്യം അവന്‍ 'ഇല്ല' എന്നു് ഉത്തരം പറഞ്ഞതുകൊണ്ട് രണ്ടാമത്തെ പ്രാവശ്യം 'ഇല്ല' എന്നു പറയുവാന്‍ അവനു് കൂടുതല്‍ എളുപ്പമായിരുന്നു. മൂന്നാം പ്രാവശ്യം അതിലും നിഷ്പ്രയാസം അവനതു സാധിച്ചു.
''പ്രലോഭനത്തിനു വഴങ്ങരുതു്; വഴങ്ങുന്നതു പാപമാണു്. ഓരോ വിജയവും മറ്റൊന്നു നേടുവാന്‍ നിങ്ങളെ സഹായിക്കും''
എന്നു്
ലൈംഗികമായി മറുവിഭാഗത്തില്‍പ്പെട്ടവരുടെ സംസര്‍ഗ്ഗവും സ്‌നേഹബന്ധവും അഭിനന്ദനവും വാഞ്ഛിക്കുവാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്നു് നമ്മുടെയെല്ലാം സ്വഭാവത്തില്‍ കുടികൊള്ളുന്നുണ്ട്. നമ്മുടെ സ്വന്തം വിഭാഗത്തില്‍പ്പെട്ട ഒരാളിലെന്നതിലധികം എതിര്‍വിഭാഗത്തില്‍പ്പെട്ട ഒരാളില്‍ മതിപ്പുളവാക്കുവാനാണു് നമുക്കു താല്‍പര്യം. നമ്മുടെ അതേ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ നമ്മെ പുച്ഛിക്കുമ്പോള്‍ നമുക്കു തോന്നുന്നതിലധികം നിരാശ എതിര്‍വിഭാഗത്തില്‍പ്പെട്ട ഒരാള്‍ നമ്മെ അവഗണിക്കുന്നപക്ഷം നമുക്കുണ്ടാകും. ഈവിധ മനോഭാവമൊന്നും തന്നിലില്ല എന്നു പറയുന്നവന്‍ ഒന്നുകില്‍ സ്വവര്‍ഗ്ഗരതിയുള്ളവനായിരിക്കണം; അല്ലെങ്കില്‍ അയാള്‍ വ്യാജമായിരിക്കും പറയുന്നതു്.
വിജയം നേടണമെന്നുള്ള ദൃഢനിശ്ചയം സ്‌നേഹബന്ധവും അഭിനന്ദനവും വാഞ്ഛിക്കുവാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഒന്നു് നമ്മുടെയെല്ലാം സ്വഭാവത്തില്‍ കുടികൊള്ളുന്നുണ്ട്. നമ്മുടെ സ്വന്തം വിഭാഗത്തില്‍പ്പെട്ട ഒരാളിലെന്നതിലധികം എതിര്‍വിഭാഗത്തില്‍പ്പെട്ട ഒരാളില്‍ മതിപ്പുളവാക്കുവാനാണു് നമുക്കു താല്‍പര്യം. നമ്മുടെ അതേ വിഭാഗത്തില്‍പ്പെട്ട ഒരാള്‍ നമ്മെ പുച്ഛിക്കുമ്പോള്‍ നമുക്കു തോന്നുന്നതിലധികം നിരാശ എതിര്‍വിഭാഗത്തില്‍പ്പെട്ട ഒരാള്‍ നമ്മെ അവഗണിക്കുന്നപക്ഷം നമുക്കുണ്ടാകും. ഈവിധ മനോഭാവമൊന്നും തന്നിലില്ല എന്നു പറയുന്നവന്‍ ഒന്നുകില്‍ സ്വവര്‍ഗ്ഗരതിയുള്ളവനായിരിക്കണം; അല്ലെങ്കില്‍ അയാള്‍ വ്യാജമായിരിക്കും പറയുന്നതു്.
സാധാരണക്കാരായ എല്ലാ മനുഷ്യവ്യക്തികളിലും ലൈംഗികമായി എതിര്‍ വിഭാഗത്തില്‍പ്പെട്ടവരോടു് വ്യത്യസ്തമായ ഒരു മനോഭാവം യൗവനാരംഭത്തില്‍ ത്തന്നെ അങ്കുരിക്കുന്നു. ആണ്‍കുട്ടികളില്‍ ഇതു് 14 വയസ്സിനും 16 വയസ്സിനുമിടയ്ക്കും പെണ്‍കുട്ടികളില്‍ 12-നും 14-നുമിടയ്ക്കും ആയിരിക്കും. ആ പ്രായത്തിനുമുമ്പു് ആണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പവും പെണ്‍കുട്ടികള്‍ പെണ്‍കുട്ടികളോടൊപ്പവും തന്നെ ഇടപഴകുവാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ യൗവനാരംഭത്തോടെ എതിര്‍വിഭാഗത്തില്‍പ്പെട്ടവോരുടുള്ള ഒരാകര്‍ഷണം ആരംഭിക്കുന്നു. ഈ വസ്തുത സമ്മതിക്കുവാന്‍ ഇരുവിഭാഗക്കാരും ഒരുവേള മടികാണിച്ചെന്നു വരാം. ഈ ആകര്‍ഷണം ചിലപ്പോള്‍ തന്‍റെ വേഷവിധാനം, രൂപഭംഗി എന്നിവയില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നതിലോ എതിര്‍വിഭാഗത്തില്‍പ്പെട്ടവരുടെ സാന്നിദ്ധ്യത്തില്‍ കൂടുതല്‍ സൗമനസ്യം കാണിക്കുന്ന മനോഭാവത്തിലോ മാത്രമായിരിക്കാം പ്രദര്‍ശിപ്പിക്കപ്പെടുന്നതു്. പക്ഷേ ഈ ആകര്‍ഷണം സ്വാഭാവികവും അനിവാര്യവുമാണു്. അതില്‍ പാപകരമായിഒന്നുമില്ലതാനും.
ദൈവം തന്നെ നമ്മെ ഈ വിധത്തില്‍ സൃഷ്ടിച്ചിരിക്കയാല്‍ ലൈംഗികമായി എതിര്‍വിഭാഗത്തില്‍പ്പെട്ടവരോടു് സ്വാഭാവികമായ സ്‌നേഹഭാവം കാണിക്കുവാന്‍ അവിടുന്നു് നമ്മെപ്പറ്റി പ്രതീക്ഷിക്കുന്നുണ്ട്. സുഹൃദ്ബന്ധത്തിനുവേണ്ടിയുള്ള ഇത്തരം അഭിലാഷത്തെ അസ്വാഭാവികമായവിധം നാം അടിച്ചമര്‍ത്തണമെന്നു് ദൈവം ആഗ്രഹിക്കുന്നില്ല. എന്നാല്‍ അത്തരം ആഗ്രഹങ്ങള്‍ അനിയന്ത്രിതമായോ അതിര്‍കടന്നതായോ തീരാതെ നമ്മെത്തന്നെ ശിക്ഷണവിധേയരാക്കണമെന്നു ദൈവം കല്പിച്ചിട്ടുണ്ട്. ലൈംഗികമായി എതിര്‍വിഭാഗത്തില്‍പ്പെട്ടവരോടു് ആവശ്യത്തിലധികം സുഹൃദ്ബന്ധം പുലര്‍ത്തുന്നതു് തീര്‍ച്ചയായും ആപല്‍ക്കര മാണു്. വിശേഷിച്ചു് അത്തരം സുഹൃദ്ബന്ധം ഒരു വ്യക്തിയോടുമാത്രം പുലര്‍ത്തുമ്പോള്‍ ഈ ആപല്‍സാധ്യത വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇതിനു നേര്‍വിപരീതമായ ഒരു ആത്യന്തികമനോഭാവത്തിലേക്കു (extreme attitude) കടന്നു് അവരുമായുള്ള സമ്പര്‍ക്കം നിശ്ശേഷം വെടിയുന്നുവെങ്കില്‍ അതും ഇതുപോലെതന്നെ ആപല്‍ക്കരമാണു്.
അതിഭക്തരെന്നു സ്വയം കരുതി ലൈംഗികമായി എതിര്‍ചേരിയില്‍പ്പെട്ടവരോടു സംഭാഷണത്തില്‍പ്പോലും ഏര്‍പ്പെടാത്ത ആളുകളുണ്ട്. പക്ഷേ, ഇതു് അവരുടെ ആത്മീയത്വത്തിന്‍റെയല്ല, പിന്നെയോ അസ്വാഭാവികത്വത്തിന്‍റെ ലക്ഷണമാണു്. ലൈംഗികമായി എതിര്‍വിഭാഗത്തില്‍പ്പെട്ടവരോടു് സുഹൃദ്ബന്ധം പുലര്‍ത്തുന്നതു് അനാത്മീയമാണെന്ന ചിന്താഗതി, വാസ്തവത്തില്‍, അവിവാഹിതജീവിതം ദാമ്പത്യജീവിതത്തെക്കാള്‍ കൂടുതല്‍ പരിശുദ്ധമാണെന്നു കരുതുന്ന അതേ തത്ത്വശാസ്ത്രത്തിന്‍റെ തന്നെ ഒരു ഭാഗമാണു്. ഇപ്രകാരമുള്ള വേദവിരുദ്ധമായ ഉപദേശം രഹസ്യപാപത്തിലേക്കുമാത്രം വഴിതെളിക്കുന്നതാണു്. മതസംഘടനകളുമായി ബന്ധപ്പെട്ട അവിവാഹിതരില്‍ ഒട്ടധികം പേരും അസാന്മാര്‍ഗ്ഗികപന്ഥാവിലേക്കു തിരിഞ്ഞിട്ടുള്ളതു്. ഈ വസ്തുതയ്ക്കു തെളിവായിക്കരുതാം. സ്വാഭാവികമായ വിധത്തില്‍ സ്ത്രീപുരുഷവിഭാഗങ്ങളില്‍ ഇരുകൂട്ടത്തിലുംപെട്ട ആളുകളോടു് ഇടപഴകി ജീവിക്കുന്നവരെക്കാളധികം ഒരു വിഭാഗത്തോടുമാത്രം ഇടപെടുന്നവരുടെ മനസ്സുകള്‍ കൂടുതല്‍ ദോഷപങ്കിലമായിക്കാണപ്പെടുന്നതും ഈ സത്യത്തെത്തന്നെയാണു് വ്യക്തമാക്കുന്നതു്.
മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ ലൈംഗികമായി എതിര്‍ചേരിയിലുള്ളവരോടുള്ള അനിയന്ത്രിതമായ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുവാന്‍ ഉദ്ദേശിച്ചു് എഴുതിയിട്ടുള്ളതല്ല. കാരണം, അതു് ഒരുവനെ മറുവശത്തുള്ള ഒരാത്യന്തികമനോഭാവത്തിലേക്കു്, അതായതു് ദുര്‍വൃത്തജീവിതത്തിലേക്കു്, നയിക്കുന്നതാണു്.
ഡോ. ഹെര്‍ബര്‍ട്ട് ഗ്രേ ''പുരുഷന്മാരും സ്ത്രീകളും ദൈവവും'' (Men, women and God) എന്ന പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു: ''വിവാഹത്തെ മാറ്റിനിറുത്തിക്കൊണ്ടു ചിന്തിച്ചാല്‍ത്തന്നെയും പുരുഷന്മാരും സ്ത്രീകളും തമ്മില്‍ സഖിത്വത്തോടെ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഒരവസ്ഥ ഏറ്റവും സന്തോഷകരവും ശ്രേയസ്‌കരവുമാണു്. അത്യധികം പ്രചോദനവും ഉന്മേഷവും നല്‍കുന്ന ഒന്നാണതു്. മനുഷ്യവര്‍ഗ്ഗത്തെ ഈ വിധത്തില്‍ രണ്ടു വിഭാഗങ്ങളായിത്തിരിച്ച വ്യവസ്ഥിതി ദൈവത്തിന്‍റെ ചിന്തയിലെ ഏറ്റവും ഉല്‍കൃഷ്ടമായൊരു ഘടകമാണെന്നു് ആദരപൂര്‍വ്വം നമുക്കു പറയുവാന്‍ കഴിയും. വ്യക്തമായ അപൂര്‍വ്വം ചില വ്യത്യസ്തതകളൊഴിച്ചാല്‍ ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും സ്ത്രീ പുരുഷന്മാര്‍ പരസ്പരപൂരകഘടകങ്ങളായി പ്രവര്‍ത്തിക്കുകയും അന്യോന്യം പ്രചോദനം നല്‍കുകയും ചെയ്യുന്നു. വേറെ ഏതെങ്കിലും മാര്‍ഗ്ഗത്തില്‍ സാധിക്കുമായിരുന്നതിലധികം ഈവിധ സഖിത്വം ജീവിതത്തെ ഉദാത്തമാക്കി രൂപാന്തരപ്പെടുത്തുന്നു.''
യുവാക്കന്മാര്‍ യുവതികളോടു് പൂര്‍ണ്ണനിര്‍മ്മലതയോടെ സഹോദരന്മാരെ പ്പോലെ പെരുമാറണമെന്നു് ദൈവവചനം പഠിപ്പിക്കുന്നു (1 തിമോ. 5:2). മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍ നിങ്ങളുടെ സ്വന്തം സഹോദരിയോടു് മറ്റു പുരുഷന്മാര്‍ എങ്ങനെ പെരുമാറണമെന്നു് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ ആ വിധത്തിലാണു് നിങ്ങള്‍ ഒരു പെണ്‍കുട്ടിയോടു് പെരുമാറേണ്ടതു്. ഇതു് എല്ലാ കാലത്തും പിന്തുടരേണ്ട ഏറ്റവും സുരക്ഷിതമായ നിയമമത്രേ.
സ്ത്രീകളും പുരുഷന്മാരും അന്യോന്യം ആദരവോടും ബഹുമാനത്തോടും അതുപോലെതന്നെ അടക്കത്തോടും നിയന്ത്രണത്തോടും കൂടെ പെരുമാറണം. മറുവിഭാഗത്തില്‍പ്പെട്ട വ്യക്തികളുമായി ആവശ്യത്തിലധികം വ്യക്തിബന്ധമോ ജിജ്ഞാസയോ നാം കാട്ടരുതു്; മര്യാദാരഹിതമായോ ലാഘവുബുദ്ധിയോടെയോ പെരുമാറുകയുമരുതു്. കുറച്ചൊരു ഗൗരവബുദ്ധിയോ കുറഞ്ഞപക്ഷം സമചിത്തതയെങ്കിലുമോ പുലര്‍ത്തുന്നതു് എപ്പോഴും ബുദ്ധിപൂര്‍വ്വമായിരിക്കും. ഇതു് നര്‍മ്മ ബോധത്തിനുള്ള സ്ഥാനം അപഹരിക്കുന്നില്ല. എങ്കിലും മറ്റു് അവസരങ്ങളെക്കാളധികം മറുവിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിയുടെ സാന്നിദ്ധ്യത്തില്‍ അതിരുകടന്ന ലാഘവബുദ്ധി വന്നുപോകുമാറു് നാം പരീക്ഷിക്കപ്പെടുവാന്‍ ഇടയുണ്ടെന്നും അതു് ആപല്‍ക്കരമായിത്തീരാമെന്നുമുള്ള കാര്യം നാം ഓര്‍ത്തിരിക്കണം.
യുവതീയുവാക്കന്മാര്‍ തമ്മിലുള്ള സുഹൃദ്ബന്ധം വളരെ വേഗത്തിലും മുന്നറിയിപ്പുകൂടാതെയും വളര്‍ന്നുവരുന്നതാണു്. കാരണം, ഒരു യുവാവു് തന്‍റെ കഴിവുകളെയും യുവതി തന്‍റെ ആകര്‍ഷകത്വത്തെയും പ്രദര്‍ശിപ്പിക്കുവാന്‍ എപ്പോഴും ആഗ്രഹിക്കും. അതു് സഹജസ്വഭാവമാണു്. ഗൂഢോദ്ദേശ്യങ്ങളോടെ സുഹൃദ്ബന്ധം പുലര്‍ത്തുവാനാഗ്രഹിക്കുന്നവര്‍ പലരുണ്ട്. അതിനാല്‍ ഒരു വ്യക്തി കരുതലോടെയിരുന്നേ മതിയാവൂ. ഒരു ക്രിസ്തീയയുവാവു് ഒരിക്കലും ഒരു യുവതിയുടെ ദൗര്‍ബല്യം ചൂഷണം ചെയ്തുകൊണ്ട് താന്‍ വാസ്തവത്തില്‍ മറ്റേ വ്യക്തിയില്‍ തല്‍പരനല്ലാതിരിക്കെ, തല്‍പരനാണെന്നു ധരിപ്പിക്കുമാറു് പെരുമാറരുതു്. ഒരു പ്രത്യേകാര്‍ത്ഥവും ഉദ്ദേശിക്കാത്തിടത്തു് അര്‍ത്ഥം ഊഹിച്ചെടുക്കുന്ന സ്വഭാവമുള്ളവരാണു് പെണ്‍കുട്ടികള്‍. എല്ലാ യുവാക്കന്മാരും ഈ കാര്യം ഓര്‍ത്തിരിക്കണം. അതിനാല്‍ അവര്‍ ഒരിക്കലും ഒരു യുവതിയ്ക്കു് കത്തെഴുതുകയോ പ്രത്യേകക്ഷണമോ പാരിതോഷികമോ നല്‍കുകയോ ചെയ്യരുതു്. കാരണം, ഇത്തരം പ്രവൃത്തികളുടെ ഉദ്ദേശ്യം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുവാനിടയുണ്ട്. ആത്മീയകാര്യങ്ങളെക്കുറിച്ചുള്ള കത്തുകള്‍പോലും എഴുതാന്‍ പാടില്ല. അതുപോലെ മറുവിഭാഗത്തില്‍പ്പെട്ട ഒരവിവാഹിതവ്യക്തിയെ വ്യക്തിപരമായ കാര്യങ്ങളില്‍ - ആത്മീയകാര്യങ്ങളില്‍പ്പോലും - ഉപദേശത്തിനോ സഹായത്തിനോവേണ്ടി സമീപിക്കയുമരുതു്.
ഇത്രയും പറഞ്ഞതുകൊണ്ട് എതിര്‍ചേരിയില്‍പ്പെട്ട ഒരു വ്യക്തിയെ നമ്മുടെ ജീവിതപങ്കാളിയായിത്തീരാന്‍ സാധ്യതയുള്ള ഒരാളായി പരിഗണിക്കരുതെന്നു് അര്‍ത്ഥമാകുന്നില്ല. എങ്കിലും വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്തു് ഒരു വിശ്വാസി എതിര്‍വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിയുമായി മറ്റാരോടുമില്ലാത്ത തരത്തിലുള്ള ഒരു സുഹൃദ്ബന്ധം പുലര്‍ത്തുന്നതു് തീര്‍ച്ചയായും ബുദ്ധിഹീനമായിരിക്കും. ഒരു വിദ്യാര്‍ത്ഥി അഥവാ വിദ്യാര്‍ത്ഥിനി തന്‍റെ വികാരങ്ങളെ നിഷ്‌ക്രിയമാക്കിവച്ചു കൊണ്ട് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണു് വേണ്ടതു്. ഒരു യുവാവു് തന്‍റെ പഠനം പൂര്‍ത്തിയാക്കുന്നതുവരെ, എത്രയായാലും ഇരുപത്തിയഞ്ചുവയസ്സാകുന്നതുവരെയെങ്കിലും, സാധാരണഗതിയില്‍ വിവാഹത്തെപ്പറ്റി ചിന്തിക്കരുതു്. അതുപോലെ ഒരു പെണ്‍കുട്ടി ഇരുപതുവയസ്സാകുന്നതുവരെ ഈ കാര്യം പരിഗണിക്കരുതു്. ആ പ്രായം വരെ അവര്‍ കലവറ കൂടാതെ യാതൊരന്യചിന്തയുമെന്യേ, തങ്ങളുടെ മിച്ച സമയങ്ങളിലെല്ലാം കര്‍ത്താവിന്‍റെ വേലയില്‍ വ്യാപൃതരായിരിക്കണം. വിവാഹം അതിനോടൊപ്പംതന്നെ ഒഴിച്ചുകൂടാത്ത ചുമതലകള്‍ വരുത്തി വയ്ക്കുന്നു. വിവാഹത്തിനുശേഷം ഒരുവനു് അതിനുമുമ്പുള്ള കാലത്തെപ്പോലെ (സമയത്തിന്‍റെ കാര്യത്തില്‍) കര്‍ത്തൃശുശ്രൂഷ ചെയ്യുവാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കുകയില്ല. എന്നാല്‍ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ വേണ്ടി പരക്കം പാഞ്ഞുള്ള അന്വേഷണവും മറുവിഭാഗത്തില്‍പ്പെട്ട വ്യക്തികളുമായി അതിരുകവിഞ്ഞ സുഹൃദ്ബന്ധങ്ങളും വിവാഹജീവിതത്തെക്കാളധികം സമയനഷ്ടം വരുത്തിവയ്ക്കാവുന്നവയാണു്. വിവാഹത്തെ (മുന്‍പറഞ്ഞവിധം) താമസിപ്പിക്കേണ്ടതിന്‍റെ മറ്റൊരു കാരണം യുവജനങ്ങള്‍ക്കു് മാനസികവും വൈകാരികവുമായ പരിപക്വത കൈവരണം എന്നുള്ളതാണു്. ശരിയായ തിരഞ്ഞെടുപ്പു നടത്തുവാനുള്ള ഈ പരിപക്വത പ്രായംകൊണ്ടുമാത്രമേ ലഭിക്കുകയുള്ളു. അഞ്ചാമധ്യായത്തില്‍ നാം ഈ വിഷയത്തെപ്പറ്റി കൂടുതല്‍ ചിന്തിക്കുന്നതായിരിക്കും.
അതിനാല്‍ യുവാക്കന്മാര്‍ക്കു യുവതികളുമായോ മറിച്ചോ ഉള്ള സുഹൃദ്ബന്ധം, കുറഞ്ഞപക്ഷം വിവാഹത്തെപ്പറ്റി പരിഗണിക്കുന്ന സമയംവരെയെങ്കിലും, ആവശ്യത്തിലധികം അടുപ്പമുള്ളതായിരിക്കരുതു്. യുവാക്കന്മാരും യുവതികളും (വിശേഷിച്ചു് ആദ്യത്തെ കൂട്ടര്‍) തങ്ങള്‍ക്കു പരസ്പരമുള്ള ബന്ധത്തില്‍ നേരും നീതിനിഷ്ഠയും പുലര്‍ത്തുന്നുവെന്നു് ഉറപ്പുവരുത്തേണ്ടതാണു്. ഇരുകൂട്ടരിലും എല്ലായ്‌പ്പോഴും പൂര്‍ണ്ണമായ സത്യസന്ധതയും ഉദ്ദേശ്യശുദ്ധിയും ഉണ്ടായിരിക്കണം. ഈ പ്രമാണം പാലിക്കാതിരിക്കുക കാരണം അനേകം പേര്‍ക്കു് വൈകാരികമായ തകര്‍ച്ചയും നൈരാശ്യവുമുണ്ടാകുവാനിടയായിട്ടുണ്ട്. പലപ്പോഴും പഠനരംഗത്തു് പരാജയമുണ്ടാകുവാനും ക്രിസ്തീയസാക്ഷ്യം നഷ്ടപ്പെടുവാനും അതു വഴിതെളിച്ചിട്ടുണ്ട്. പുരുഷനു് പലപ്പോഴും മുന്‍കൈയെടുക്കുവാനുള്ള കഴിവാണുള്ളതെങ്കില്‍ സ്ത്രീയ്ക്കു് ആകര്‍ഷിക്കുവാനുള്ള ശക്തിയായിരിക്കും ഉള്ളതു്. അതിനാല്‍ ഇരുകൂട്ടരും സൂക്ഷിക്കേണ്ടതു് ആവശ്യം.
ഒരു പെണ്‍കുട്ടിയുമായി ആവശ്യത്തിലധികം സ്വതന്ത്രമായി ഇടപെടുക, അഥവാ വിവാഹം കഴിക്കുവാന്‍ വാസ്തവത്തില്‍ ഉദ്ദേശ്യമില്ലാതിരിക്കെ, അപ്രകാരം ഉദ്ദേശിക്കുന്നുണ്ടെന്നു തോന്നിക്കത്തക്കവിധത്തില്‍ പെരുമാറുക - ഈവക കാര്യങ്ങളിലൂടെ ഒരു യുവാവിനു് ഒരു പെണ്‍കുട്ടിയുടെ വിവാഹസാധ്യതകളെ നശിപ്പിക്കുവാന്‍ സാധിക്കുമെന്നുള്ള കാര്യം അയാള്‍ മനസ്സിലാക്കിയിരിക്കേണ്ടതാണു്. ഒരു യുവാവിനു് അത്തരം സാഹചര്യങ്ങളില്‍നിന്നു് തന്‍റെ ഭാവിക്കോ സ്വഭാവനിഷ്ഠയ്‌ക്കോ വലിയ തകരാറു വരാത്തവിധത്തില്‍ രക്ഷപെടുവാന്‍ സാധിക്കും. എന്നാല്‍ ഒരു പെണ്‍കുട്ടിയാകട്ടെ, താന്‍ സ്വയം ഒരു തെറ്റും ചെയ്യാതെതന്നെ, അന്നുമുതല്‍ സംശയദൃഷ്ടിയോടെയും തരംതാഴ്ത്തല്‍മനോഭാവത്തോടെയും വീക്ഷിക്കപ്പെടും. അതിനാല്‍ അത്തരം പെരുമാറ്റം ഒരു ക്രിസ്തീയയുവാവിനു് ഒരിക്കലും ചേരാത്തതാണു്. മുന്‍കൈയെടുക്കുവാനുള്ള കഴിവു് പുരുഷനുള്ളതാകയാല്‍ അത്തരമൊരാപത്തു് ഒഴിവാക്കുവാനുള്ള ഉത്തരവാദിത്വവും അവനുള്ളതാണു്. മറ്റുള്ളവരുടെ വ്യക്തിത്വത്തെ നാമൊരിക്കലും പന്താടുവാന്‍ പാടില്ല. അപ്രകാരം ചെയ്യുന്നവരെ ദൈവം കര്‍ശനമായിത്തന്നെ വിധിക്കും.
ഒരു യുവാവിനു് അഥവാ യുവതിയ്ക്കു് ചിലപ്പോള്‍ എതിര്‍വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിയോടു് രഹസ്യമായ ഒരു അടുപ്പം ഉണ്ടായെന്നും അതു് അയാള്‍ മറ്റാര്‍ക്കും വെളിപ്പെടുത്താതെ ഇരുന്നെന്നും വരാം. അത്തരമൊരു അടുപ്പം നിഗൂഢമായിരിക്കെത്തന്നെ, വളര്‍ന്നുകൊണ്ടിരിക്കാനും സാധ്യതയുണ്ട്. എന്നാല്‍ ഇതു് ഒടുവില്‍ തന്‍റെ സ്‌നേഹപാത്രമായ വ്യക്തി മറ്റൊരാളെ വിവാഹം കഴിക്കുന്നതോടെ അവനു് അല്ലെങ്കില്‍ അവള്‍ക്കു് നൈരാശ്യവും മനസ്സിടിവും ഉണ്ടാകുവാന്‍ കാരണമായിത്തീരും. അത്തരം സാഹചര്യങ്ങളില്‍ കഴിവതും നേരത്തേ നിങ്ങളുടെ ചിന്തകള്‍ വിവാഹം കഴിഞ്ഞ ഒരു മുതിര്‍ന്ന വിശ്വാസിയുടെ മുമ്പില്‍ തുറന്നുപറഞ്ഞു് ഉപദേശവും സഹായവും തേടുന്നതു് ഏറ്റവും ബുദ്ധിപൂര്‍വ്വമായ നടപടിയായിരിക്കും.
ഈ രണ്ടു കാര്യങ്ങളെപ്പറ്റി ഈ സന്ദര്‍ഭത്തില്‍ ചില വാക്കുകള്‍ പറയട്ടെ. കാരണം, ഇന്‍ഡ്യയില്‍ ഈ കാര്യങ്ങള്‍ കൂടുതല്‍ സാധാരണമായിത്തീര്‍ന്നുകൊണ്ടിരിക്കുകയാണു്. ഡേറ്റിംഗ് എന്ന വാക്കുകൊണ്ട് ഞാന്‍ ഉദ്ദേശിക്കുന്നതു് ഒരാണ്‍കുട്ടിയും പെണ്‍കുട്ടിയും സ്വകാര്യമായി സമ്മേളിച്ചു് ഒരുമിച്ചു സഞ്ചരിക്കുക എന്നതാണു്. പെറ്റിംഗിനു ഞാന്‍ വിവക്ഷിക്കുന്ന അര്‍ത്ഥം ലൈംഗികവേഴ്ച കൂടാതെയുള്ള ശാരീരികസമ്പര്‍ക്കവുമാണു്.
ഇന്‍ഡ്യയില്‍ഒരു വിശ്വാസി തന്‍റെ സാക്ഷ്യം നിലനിര്‍ത്തുകയും ദൈവത്തിനു പ്രയോജനമുള്ളവനായിത്തീരുവാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍, വിവാഹം ചെയ്യാനുദ്ദേശിക്കുമ്പോള്‍പോലും മറുവിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിയുമായി ഡേറ്റിംഗ് നടത്തുവാന്‍ പാടുള്ളതല്ല എന്ന കാര്യം നിസ്സംശയം ഉറപ്പിച്ചുപറയാവുന്നതാണു്. അതുപോലെതന്നെ എതിര്‍വിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിയുമായി തനിച്ചു് ഏതെങ്കിലും സ്ഥലത്തേക്കു സഞ്ചരിക്കുക എന്നതും കഴിവുള്ളിടത്തോളം വര്‍ജ്ജിക്കേണ്ട കാര്യമാണു്, വിശിഷ്യ സന്ധ്യയ്ക്കുശേഷമുള്ള സമയത്തു്. ഇന്‍ഡ്യന്‍ സംസ്‌കാരവുമായി പരിചയമുള്ള ഏതൊരു വ്യക്തിക്കും ഇതിന്‍റെ കാരണം മനസ്സിലാക്കുവാന്‍ കഴിയും. അപവാദത്തിനിടകൊടുക്കുന്ന സാഹചര്യങ്ങളെ സംബന്ധിച്ചു് വിശ്വാസികള്‍ കരുതലുള്ളവരായിരിക്കേണ്ടതു് ആവശ്യമാണു്.
ക്രിസ്തു തങ്ങളെ ചുറ്റുമുള്ളവരുടെ പാരമ്പര്യത്തില്‍നിന്നും സംസ്‌കാര വിശേഷങ്ങളില്‍നിന്നും സ്വതന്ത്രരാക്കിയിരിക്കുന്നുവെന്നു് ചിലര്‍ പറഞ്ഞേക്കാം. വാസ്തവം തന്നെ. എന്നാല്‍ ക്രിസ്തു നമ്മെ സ്വതന്ത്രരാക്കിയിട്ടുള്ളതു് ദൈവവചനം അനുസരിക്കുവാന്‍ വേണ്ടിയാണെന്നും ബൈബിള്‍ ഒരുത്തരെയും ഡേറ്റിംഗ് നടത്തുവാന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഓര്‍ത്തുകൊള്ളുക. ആ വിഷയത്തെപ്പറ്റി ദൈവവചനം തികഞ്ഞ മൗനം അവലംബിക്കുന്നു. ദൈവവചനവും മാനുഷികപാരമ്പര്യവും തമ്മില്‍ വൈരുദ്ധ്യം കാണുന്നിടത്തു് നാം ദൈവവചന ത്തെ അനുസരിക്കണം. എന്നാല്‍ മറ്റെല്ലാ രംഗങ്ങളിലും സ്വാതന്ത്ര്യം നമ്മുടെ അധമസ്വഭാവത്തെ പിന്തുടരുന്നതിനുള്ള അവസരമായിത്തീരുന്നില്ല എന്നു് നാം ഉറപ്പായി കരുതിക്കൊള്ളണം (ഗലാ. 5:13 JBP). അത്തരം സാഹചര്യങ്ങളില്‍ റോമര്‍ 14:16-ല്‍ കൊടുത്തിട്ടുള്ള പ്രമാണമാണു് നമ്മെ ഭരിക്കേണ്ടതു്. ആ വാക്യത്തിന്‍റെ രണ്ടു വിവര്‍ത്തനങ്ങള്‍ താഴെ കൊടുക്കുന്നു:-
''നിങ്ങള്‍ക്കു് നല്ലതായിരിക്കുന്ന ഒരു കാര്യം മറ്റൊരാള്‍ക്കു് ഒരു ദുര്‍നടപടിയെന്നു തോന്നിക്കുവാന്‍ നിങ്ങള്‍ ഇടകൊടുക്കരുതു്'' - JBP
''നിങ്ങള്‍ ചെയ്യുന്നതു ശരിയെന്നു് നിങ്ങള്‍ക്കറിവുണ്ടെങ്കില്‍ത്തന്നെയും നിങ്ങള്‍ക്കെതിരായി ദോഷാരോപണത്തിനിടയാക്കുന്നതൊന്നും ചെയ്യരുതു്'' - LB
1 കൊരി അധ്യായം 8 ഇവിടെ പ്രസക്തമാണു്. അതിനെ പരാവര്‍ത്തനം ചെയ്തു് ഈ വിഷയത്തോടു ബന്ധപ്പെടുമാറു് എഴുതുകയാണെങ്കില്‍ അതു് ഏതാണ്ടു ഇപ്രകാരമായിരിക്കും:-
''ഏതെങ്കിലും ഒരു യുവാവോ യുവതിയോ ഡേറ്റിംഗ് നടത്തുന്നതിനെപ്പറ്റി ഇനി പറയാം. അതിന്‍റെ സാധുത്വത്തെപ്പറ്റി ശരിയായ ഉത്തരം നമുക്കു മാത്രമാണു് അറിയാവുന്നതു് എന്നു ചിന്തിക്കുക എളുപ്പമാണു്. എന്നാല്‍ അറിവു് ഒരുവനെ നിഗളിയാക്കുകമാത്രം ചെയ്യുന്നു; സ്‌നേഹമോ അവനെ ദൈവസ്വഭാവത്തോടു് അധികം അനുരൂപനാക്കുന്നു. തനിക്കു് എല്ലാമറിയാമെന്നു കരുതുന്ന ഒരു മനുഷ്യന്‍ തന്‍റെ അജ്ഞതയെ മാത്രമാണു് വെളിപ്പെടുത്തുന്നതു്. എന്നാല്‍ സത്യമായി ദൈവത്തെ സ്‌നേഹിക്കുന്നവന്‍ മാത്രമാണു് ദൈവത്തിന്‍റെ സ്‌നേഹിതന്‍. അതുകൊണ്ട് എന്താണു നാം ചെയ്യേണ്ടതു്? നാം ഡേറ്റിംഗ് നടത്തുകയോ നടത്താതിരിക്കുകയോ വേണ്ടതു്? മറുവിഭാഗത്തില്‍പ്പെട്ട ഒരു വ്യക്തിയുമൊത്തു് നടക്കാന്‍പോകുന്നതിലോ ഒരു ഹോട്ടലില്‍ക്കയറി ഭക്ഷണം കഴിക്കുന്നതിലോ, നമ്മുടെ ഉദ്ദേശ്യം ശുദ്ധമെങ്കില്‍, യഥാര്‍ത്ഥത്തില്‍ പാപകരമായി ഒന്നുമില്ല എന്നു നമുക്കറിയാം. എന്നാല്‍ ഇന്‍ഡ്യയില്‍ എല്ലാ ആളുകളും ഇതിനെപ്പറ്റി ഒരേവിധത്തിലല്ല ചിന്തിക്കുന്നതു്. അവരില്‍ ഭൂരിഭാഗമാളുകളും തങ്ങളുടെ ജീവിതകാലം മുഴുവന്‍ ഡേറ്റിംഗ് തെറ്റാണെന്നാണു് ചിന്തിച്ചുകൊണ്ടിരുന്നിട്ടുള്ളതു്. നാം ഡേറ്റിംഗ് നടത്തുന്നുവോ ഇല്ലയോ എന്നുള്ളതിന്‍റെ അടിസ്ഥാനത്തിലല്ല ദൈവത്തിനു നാം സ്വീകാര്യരായിത്തീരുന്നതു് എന്നോര്‍ക്കുക. അതു നടത്തിയാല്‍ അതു നമ്മെ കൂടുതല്‍ നല്ലവരാക്കുന്നില്ല; നടത്താഞ്ഞാല്‍ കൂടുതല്‍ തീയവരാക്കുന്നുമില്ല. എന്നാല്‍ ഡേറ്റിംഗ് നടത്താനുള്ള നിങ്ങളുടെ സ്വാതന്ത്ര്യം മറ്റൊരു ക്രിസ്ത്യാനിയെയോ (സത്യാന്വേഷിയായ ഒരു ഹിന്ദുവിനെത്തന്നെയോ) വീഴിക്കുവാനിടയാകാതെ കരുതിക്കൊള്ളുക. ഡേറ്റിംഗ് തെറ്റാണെന്നു കരുതുന്ന ഒരുവന്‍ നിങ്ങളെ ഒരു പെണ്‍കുട്ടി (അഥവാ ആണ്‍കുട്ടി) യുമൊരുമിച്ചു് നടക്കാന്‍ പോകുന്ന നിലയില്‍ കാണുന്നുവെന്നു സങ്കല്പിക്കുക. നിങ്ങളുടെ ക്രിസ്തീയ സാക്ഷ്യത്തെപ്പറ്റി അയാള്‍ക്കുള്ള ബഹുമാനം നഷ്ടപ്പെട്ടുവെന്നുവരാം. മാത്രമല്ല, അയാളും ഡേറ്റിംഗ് നടത്തുവാനാരംഭിച്ചെന്നും വരാം. അയാള്‍ നിങ്ങളെപ്പോലെ ആത്മീയമായി ശക്തനല്ലായ്കയാല്‍ പാപത്തില്‍ വീഴാനും സാധ്യതയുണ്ട്. ഈ വിധത്തില്‍ നിങ്ങള്‍ നിങ്ങളുടെ സഹോദരന്‍റെ ആത്മീയമായ അധഃപതനത്തിനു കാരണക്കാരനായിത്തീരും. മറ്റൊരു വ്യക്തി, നിങ്ങള്‍ അയാളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകനിമിത്തം പാപത്തില്‍ വീഴുന്നുവെങ്കില്‍, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ യേശുവിനെതിരായി പാപം ചെയ്കയാണു്. അതിനാല്‍ ഡേറ്റിംഗ് മുഖേന എന്‍റെ സഹോദരനു് ഹാനി വരുത്തുവാനുള്ള വല്ല സാധ്യതയും ഉള്ളപക്ഷം, അഥവാ മറ്റുള്ളവര്‍ വീണുപോകുവാന്‍ അതു കാരണമാക്കുന്നപക്ഷം, മറ്റുള്ളവര്‍ക്കു വീഴ്ച സംഭവിക്കാതിരിക്കുവാന്‍വേണ്ടി ഞാന്‍ ഒരിക്കലും ഡേറ്റിംഗിനായി പോകുകയില്ല.''
ഡേറ്റിംഗ് തുടരുന്ന ആളുകള്‍ക്കു് ശാരീരികമായ സമ്പര്‍ക്കത്തില്‍നിന്നൊഴിഞ്ഞിരിക്കുക ഏറ്റവും വിഷമമായി അനുഭവപ്പെടും. കൈയോടുകൈ ചേര്‍ത്തു പിടിക്കുന്നതു മുതല്‍ ചുംബനാശ്ലേഷാദികള്‍ വരെ, ശാരീരികസമ്പര്‍ക്കത്തിനുള്ള പ്രേരണ പെണ്‍കുട്ടിയെക്കാളധികം ആണ്‍കുട്ടിക്കാണു് ഉണ്ടാകുക. കാരണം, ലൈംഗികാസക്തി എപ്പോഴും പുരുഷനില്‍ കൂടുതല്‍ പ്രബലമായിരിക്കുന്നു. പുരുഷന്മാര്‍ ലൈംഗികമായി കൂടുതല്‍ വേഗത്തില്‍ പ്രചോദിതരാകുന്നു. ലൈംഗികാവേശം ഒരിക്കല്‍ ഉണര്‍ത്തപ്പെട്ടാല്‍ അതിനെ നിയന്ത്രണത്തില്‍ കൊണ്ടുവരിക അത്യന്തം ദുഷ്‌കരമാണു്.
ഒരാണും പെണ്ണും ഒരിക്കല്‍ പെറ്റിംഗ് (പരിലാളനം) ആരംഭിച്ചുകഴിഞ്ഞാല്‍ അതു നിറുത്തുവാന്‍ പരമാര്‍ത്ഥത്തില്‍ അസാധ്യമായിരിക്കും. ഒരുപടി മറ്റൊന്നിലേക്കു വഴിതെളിക്കും. ഓരോ പ്രാവശ്യവും നിങ്ങള്‍ ഒരുമിച്ചു വരു മ്പോള്‍ മുന്‍തവണ ലഭിച്ചതിലധികം വികാരോത്തേജനം നിങ്ങള്‍ ആഗ്രഹിക്കുകയും ചെയ്യും. ഓരോ തവണയും അതില്‍നിന്നു കിട്ടുന്ന സംതൃപ്തി അനുക്രമം കുറഞ്ഞുവരികയും ചെയ്യും.
പരിലാളനം പോലെയുള്ള ലൈംഗികാനുഭൂതികള്‍ ഒരാളിന്‍റെ വ്യക്തിസത്തയുടെ ആഴങ്ങളിലേക്കു് കടന്നുചെല്ലുന്നു. അവയിലേര്‍പ്പെട്ടുകഴിഞ്ഞാല്‍ ഗൗരവാവഹമായ അനന്തരഫലങ്ങള്‍ ഉണ്ടാകാതിരിക്കുക സാധ്യമല്ല. പരിലാളനം സ്വാഭാവികമായിത്തന്നെ വിവാഹജീവിതത്തില്‍ ലൈംഗികബന്ധത്തിലേക്കുള്ള പ്രാരംഭപടിയാണു്. അതിനാല്‍ വിവാഹത്തിനുമുമ്പു് അതിലേര്‍പ്പെടുക എന്നതു് പാപകരം മാത്രമല്ല, അയുക്തവുമാണു്. പരിലാളനം ലൈംഗികബന്ധത്തെ വിലകുറഞ്ഞ താക്കുകയും അധഃപതിപ്പിക്കുകയും ചെയ്യുന്നു. വൈകാരികസംഘട്ടനങ്ങള്‍ക്കും നൈരാശ്യബോധത്തിനും സിരാസംഘര്‍ഷത്തിനും അതു് ഹേതുവായിത്തീരാം. അന്തിമമായി അതു് ഒരിക്കല്‍ സ്‌നേഹമുണ്ടായിരുന്ന സ്ഥാനത്തു് നീരസവിദ്വേഷങ്ങള്‍ പ്രവേശിക്കുവാന്‍ ഇടകൊടുക്കുകയും ചെയ്യാം. അതു് അനായാസമായിത്ത ന്നെ അതിന്‍റെ സ്വഭാവികപരിണാമമായ ലൈംഗികവേഴ്ചയിലേക്കു് വഴിനടത്തിയെന്നും വരാം. ഒരു സ്ത്രീയും പുരുഷനും കൂടെക്കൂടെ സമ്പൂര്‍ണ്ണസംയോഗത്തില്‍നിന്നു സ്വയം വിരമിക്കുമ്പോള്‍ അതു് സംഘര്‍ഷമോചനത്തിനുവേണ്ടി സ്വയംഭോഗം നടത്തുവാന്‍ പ്രേരിപ്പിക്കയും കാലാന്തരത്തില്‍ വിവാഹാനന്തരമുള്ള ലൈംഗികബന്ധത്തില്‍ വിഷമതകള്‍ സൃഷ്ടിക്കുകയും ചെയ്യാം. പരിലാളനത്തിന്‍റെ ഫലമായി കുറ്റബോധവും പശ്ചാത്താപവും എന്നെന്നേക്കും മനസ്സില്‍ അവശേഷിച്ചുവെന്നും വരാവുന്നതാണു്.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള പല സുഹൃദ്ബന്ധങ്ങളും അല്‍പകാലത്തിനുശേഷം തകര്‍ന്നുപോകാറുണ്ട്. പരിലാളനം നടത്തിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ പെണ്‍കുട്ടി ഒരു വേശ്യയില്‍നിന്നു വളരെ വ്യത്യസ്തയല്ലാതെ തീരുകയാണു് ചെയ്യുന്നതു്. തന്മൂലം തന്‍റെ യുവസ്‌നേഹിതന്‍ ശാരീരികബന്ധത്തിനു ശ്രമിക്കുമ്പോള്‍ യുവതി അതിനു് ബ്രേയ്ക്കിടുവാന്‍ നിഷ്‌കര്‍ഷിക്കേണ്ടതു് ആവശ്യമത്രേ.
മുകളില്‍പ്പറഞ്ഞ കാര്യങ്ങളില്‍നിന്നു് ഇത്രയും വ്യക്തമാകുന്നു: ഡേറ്റിംഗ് പരിലാളനത്തിനു വഴിയൊരുക്കുകയും പരിലാളനം അനേകം പ്രശ്‌നങ്ങള്‍ക്കിട നല്‍കുകയും ചെയ്യുന്നു. അതിനാല്‍ തന്‍റെ ജീവിതത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവാനാഗ്രഹിക്കുന്ന ഒരുവന്‍ ഡേറ്റിംഗ് തന്നെ വര്‍ജ്ജിക്കേണ്ടതാണു്. നമ്മുടെ ചുറ്റുമുള്ള ആളുകള്‍ ഇതില്‍ ഏര്‍പ്പെടുന്നുണ്ടാകാം. പക്ഷേ അവരുടെ മാതൃകയല്ല നമ്മെ ഭരിക്കേണ്ടതു്. അവരോടു് നാം അസൂയപ്പെടേണ്ട ആവശ്യവുമില്ല. കാരണം, ഒടുവില്‍ അവര്‍ ഖേദചിന്തയ്ക്കും നിരാശാബോധത്തിനും ഇരയായിത്തീരുന്നു. നിങ്ങള്‍ ദൈവത്തെ ആദരിക്കുകയും അവിടുത്തെ വചനത്തില്‍ എഴുതിയിട്ടുള്ള പ്രമാണങ്ങളെ അനുസരിക്കുകയും ചെയ്യുന്നുവെങ്കില്‍ നിങ്ങള്‍ക്കു് ഖേദചിന്തയ്ക്കിടനല്‍കാത്ത ഒരു ജീവിതവും നിത്യതയും തീര്‍ച്ചയായും ലഭിക്കും.
സ്‌നേഹമെന്ന പദം ഒരു പക്ഷേ ബൈബിളിലുള്ള എല്ലാ പദങ്ങളിലും ഏറ്റവും മനോഹരമായ ഒന്നാണു്. എങ്കിലും പലരും അതിന്‍റെ വാസ്തവത്തിലുള്ള അര്‍ത്ഥം മനസ്സിലാക്കിയിട്ടില്ലാത്തതിനാല്‍ അതിന്‍റെ ബഹുമുഖതേജസ്സു് അവരൊരിക്കലും ആസ്വദിച്ചിട്ടില്ല. സ്‌നേഹത്തെപ്പറ്റിയുള്ള തങ്ങളുടെ ചിന്താഗതിയില്‍ ദൈവവചനത്തിന്‍റെ ഉപദേശത്തെക്കാളധികം ഇരുപതാം ശതകത്തിലെ കല, ചലച്ചിത്രം, കാല്പനികസാഹിത്യം എന്നിവയുടെ സ്വാധീനത്തിനു വശംവദരായിട്ടു് പല യുവദമ്പതികളും യഥാര്‍ത്ഥസ്‌നേഹത്തിന്‍റെ ആരോഗ്യകരവും ആനന്ദസന്ദായകവുമായ അനുഭവം നഷ്ടപ്പെട്ടവരായിത്തീര്‍ന്നിരിക്കുന്നു.
സ്‌നേഹത്തിന്‍റെ വാസ്തവമായ അര്‍ത്ഥം മനസ്സിലാക്കാത്തതുമൂലം പല വിവാഹങ്ങളും തകര്‍ന്നുപോകുവാനിടയായിട്ടുണ്ട്. ലൈംഗികമായി എതിര്‍വകുപ്പില്‍പ്പെട്ട ഒരു വ്യക്തിയുടെ സാന്നിദ്ധ്യത്താല്‍ ഉളവാകുന്ന വൈകാരികാഹ്ലാദത്തെ യഥാര്‍ത്ഥസ്‌നേഹമായി പലരും പലപ്പോഴും തെറ്റിദ്ധരിച്ചിട്ടുണ്ട്. ആ അടി സ്ഥാനത്തില്‍ മുമ്പോട്ടുപോയി പലരും വിവാഹം കഴിക്കുകയും അല്പകാലത്തിനുശേഷം തങ്ങള്‍ സ്‌നേഹമെന്നു കരുതിയതു് സ്‌നേഹമായിരുന്നില്ലെന്നും അതു് വൈകാരികമായ മതിമോഹം (romantic infatuation) ആയിരുന്നുവെന്നും കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.
പലപ്പോഴും ഒരു യുവാവു് ഏതെങ്കിലുമൊരു യുവതിയുമായി സ്‌നേഹബന്ധത്തില്‍ 'അകപ്പെടുന്നു.' അനന്തരം താന്‍ ഏറ്റവുമൊടുവില്‍ കണ്ട ഫിലിമിലെയോ വായിച്ച പുസ്തകത്തിലെയോ നായകന്‍റെ സ്ഥാനത്തു് തന്നെത്തന്നെ പ്രതിഷ്ഠിച്ചുകൊണ്ട് അവളെ വിവാഹം കഴിക്കുവാന്‍ സാധിക്കുന്നപക്ഷം പിന്നീടു് എല്ലാക്കാലത്തേക്കും തങ്ങള്‍ക്കു് ആനന്ദപൂര്‍ണ്ണമായി ജീവിതം നയിക്കാമെന്നു് വ്യാമോഹിക്കുന്നു. എന്നാല്‍ പ്രേമബന്ധത്തില്‍ കഴിഞ്ഞിരുന്ന കാലത്തു് മതിമോഹത്തിലകപ്പെട്ട സ്ത്രീപുരുഷന്മാര്‍ ജീവിച്ചുപോന്ന സ്വപ്നലോകത്തെ തകര്‍ക്കുവാനുള്ള ഒരു കഴിവു് വിവാഹത്തിനുണ്ട്. അതു് അവരെ മോഹത്തില്‍നിന്നുണര്‍ത്തി യഥാര്‍ത്ഥലോകത്തേക്കാനയിക്കുന്നു. മതിമോഹം അന്ധമാണു്; വിവാഹമോ കണ്ണുതുറപ്പിക്കുവാന്‍ പര്യാപ്തവും.
ബൈബിള്‍ സ്‌നേഹത്തെപ്പറ്റി സംസാരിക്കുമ്പോള്‍ എന്താണര്‍ത്ഥമാക്കുന്നതെന്നു് നാം മനസ്സിലാക്കണം. അല്ലാത്തപക്ഷം ലക്ഷക്കണക്കിനു യുവജനങ്ങളും വിവാഹിതരായ സ്ത്രീപുരുഷന്മാരും സഞ്ചരിക്കുന്ന പരാജയത്തിന്‍റെ പാത യില്‍ക്കൂടി നാമും സഞ്ചരിക്കേണ്ടിവരും. പുതിയനിയമത്തിന്‍റെ മൂലം ഗ്രീക്കുഭാഷയിലാണു് എഴുതപ്പെട്ടതു്. ആ ഭാഷയില്‍ സ്‌നേഹം എന്ന അര്‍ത്ഥം കുറിക്കുവാന്‍ നാലു വാക്കുകളുണ്ട് - അഗപ്പേ (agape), ഫിലിയാ (philia), സ്‌റ്റോര്‍ജ് (storge), ഈറോസ് (eros) എന്നിവയാണു് ആ പദങ്ങള്‍. ഇവയില്‍ സ്‌റ്റോര്‍ജ് എന്നതു് മാതാപിതാക്കള്‍ക്കു് മക്കളോടും മക്കള്‍ക്കു് മാതാപിതാക്കളോടുമുള്ള സ്‌നേഹത്തെ കുറിക്കുവാന്‍ മാത്രമാണു് മിക്കവാറും ഉപയോഗിക്കപ്പെടുന്നതു്. ഇവിടെ നാം സ്ത്രീപുരുഷസ്‌നേഹത്തെപ്പറ്റിയാണല്ലോ ചിന്തിക്കുന്നതു്. അതിനാല്‍ സ്‌റ്റോര്‍ജ് എന്ന പദം മാറ്റിവച്ചിട്ടു് മറ്റു മൂന്നു പദങ്ങളെപ്പറ്റി വിചിന്തനം ചെയ്യാം. അഗപ്പേ, ഫിലിയാ, ഈറോസ് എന്നീ പദങ്ങള്‍ സ്‌നേഹത്തിന്‍റെ മൂന്നു തലങ്ങളെ കുറിക്കുന്നവയാണു്. ഈ തലങ്ങള്‍ യഥാക്രമം മനുഷ്യന്‍റെ ആത്മാവു്, ദേഹി, ദേഹം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഏറ്റവും താഴത്തെ തലത്തില്‍നിന്നാരംഭിക്കുകയാണെങ്കില<്em>, ഈറോസ് ശാരീരികാസക്തിയുടെ രൂപത്തിലുള്ള സ്‌നേഹത്തെ കുറിക്കുന്നു. ''ചൂടുള്ള അസഹനീയമായ ആഗ്രഹം'' എന്നാണു് ചിലര്‍ അതിനെ നിര്‍വചിച്ചിട്ടുള്ളതു്. സ്ത്രീപുരുഷന്മാരില്‍ ഒരാളുടെ ശരീരത്തിനു് മറ്റേയാളുടെ ശരീരവുമായുള്ള ഏകീഭാവത്തെ അതു കുറിക്കുന്നു. ഒരാളുടെ ശാരീരികസുഖേച്ഛയെ തൃപ്തിപ്പെടുത്താന്‍ മറ്റേയാള്‍ക്കുള്ള കഴിവില്‍ അധിഷ്ഠിതമായ ഒരു സ്‌നേഹമാണതു്. എപ്പോഴും തനിക്കെന്തെങ്കിലും ലഭിക്കണമെന്നു മാത്രമാണു് ഈ മനോഭാവമുള്ളയാളുടെ ആഗ്രഹം.
അടുത്ത പദം ഫിലിയാ എന്നതാണു്. ഗ്രീക്കില്‍ സ്‌നേഹത്തെക്കുറിക്കുവാന്‍ സര്‍വസാധാരണമായി ഉപയോഗിക്കുന്ന പദമാണിതു്. വാല്‍സല്യപൂര്‍വമുള്ള കരുതലിനെയും സുഹൃദ്ബന്ധരൂപത്തിലുള്ള സ്‌നേഹത്തെയുമാണു് ഇതു കുറിക്കുന്നതു്. സ്‌നേഹപൂര്‍വ്വം ഹൃദയത്തില്‍ വഹിക്കുകയും ലാളിക്കുകയും ചെയ്യുക എന്നതാണു് ഇതിലടങ്ങിയ ആശയം. വിവാഹബന്ധത്തില്‍ ഒരാളുടെ ദേഹിക്കു് (soul) മറ്റേയാളുടെ ദേഹിയുമായുള്ള ഏകീഭാവത്തെയാണു് ഇതു കാണിക്കുന്നതു്. പലപ്പോഴും ബുദ്ധിപരവും വൈകാരികവുമായ പൊരുത്തത്തില്‍ അധിഷ്ഠിതമായിട്ടുണ്ടാകുന്ന ഒരു സ്‌നേഹമാണിതു്. ഇതു് ശാരീരികസ്‌നേഹത്തെ കവിയുന്നതാണെങ്കിലും ഇതും സ്വാര്‍ത്ഥനിഷ്ഠമായിത്തീരാന്‍ സാധ്യതയുണ്ട്. കാരണം, താന്‍ വിലമതിക്കപ്പെടുന്നുവെന്നോ മറ്റേയാള്‍ക്കു് ആവശ്യത്തില്‍ താന്‍ സഹായിയും സംരക്ഷകനുമായിത്തീരുന്നുവെന്നോ ഉള്ള തോന്നലില്‍നിന്നാണു് ഇതില്‍ സംതൃപ്തി ജനിക്കുന്നതു്.
സ്‌നേഹത്തിന്‍റെ ഏറ്റവും ഉയര്‍ന്ന തലത്തെക്കുറിക്കുന്ന അഗപ്പേ എന്നതാണു് മൂന്നാമത്തെ പദം. പരിശുദ്ധാത്മാവിനാല്‍ നമ്മില്‍ ചൊരിയപ്പെടുന്ന സ്‌നേഹമാണിതു് (റോമര്‍ 5:5). വിവാഹബന്ധത്തില്‍ ഒരാളുടെ ആത്മാവിനു് മറ്റേയാളുടെ ആത്മാവുമായുണ്ടാകുന്ന ഏകീഭാവമത്രേ ഇതു്. ഇതു് തന്നെത്തന്നെ മറ്റുള്ളവര്‍ ക്കായി നല്‍കുന്ന കാല്‍വറി സ്‌നേഹമാണു്.
വില്യം ബാര്‍ക്‌ളേ 'കൂടുതല്‍ പുതിയനിയമപദങ്ങള്‍' (More New Testament words) എന്ന ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു: ''അഗപ്പേ അജയ്യമായ പരോപകാരതല്‍പരതയാണു്: കീഴടക്കാനാവാത്ത സന്മനസ്സാണു്. അതു കേവലം ഒരു വികാരതരംഗമല്ല. മനസ്സിലെ ബോധപൂര്‍വമായ ഒരുറപ്പു് ജീവിതത്തില്‍ ബോധപൂര്‍വമായ ഒരു ശൈലിയായിത്തീരുന്നതാണതു്. ഇച്ഛാശക്തിയുടെ കരുതിക്കൂട്ടിയുള്ള ഒരു നേട്ടവും കീഴടക്കലും വിജയവുമാണതു്. ഈ സ്‌നേഹം സാഫല്യദശയിലെത്തിക്കുവാന്‍ മനുഷ്യന്‍റെ എല്ലാ കഴിവുമാവശ്യമാണു്. അതില്‍ അവന്‍റെ ഹൃദയം മാത്രമല്ല, മനസ്സും ഇച്ഛാശക്തിയുമെല്ലാം വ്യാപരിക്കുന്നു. ദൈവത്തിന്‍റെ ആത്മാവു് ഒരു മനുഷ്യനെ ഭരിക്കുകയും ദൈവസ്‌നേഹം അവന്‍റെയുള്ളില്‍ ചൊരിയുകയും ചെയ്തല്ലാതെ ഒരുവനു് ഈ സ്‌നേഹമുള്ളവനായിത്തീരാന്‍ സാധ്യമല്ല.''
ഒരു ഗ്രീക്കുലെക്‌സിക്കണില്‍ അഗപ്പേയെക്കുറിച്ചു് ഇപ്രകാരം പറയുന്നു: ''അതു് തനിക്കു സ്‌നേഹപാത്രമായ വ്യക്തിയെ സ്വന്തതീരുമാനപ്രകാരം തിരഞ്ഞെടുക്കുന്നു. സ്വാര്‍ത്ഥത്യാഗപരമായ അനുകമ്പയോടാണിതു ചെയ്യുന്നതു്. സ്‌നേഹം അതിന്‍റെ പരമപരിപൂര്‍ണ്ണവും പരമോന്നതവുമായ രൂപത്തെ പ്രാപിക്കുമ്പോള്‍ അതു് അഗപ്പേ ആയിത്തീരുന്നു എന്നുപറയാം. അതിന്‍റെ ഉറവിടം ദൈവം തന്നെ. ഈ പദത്തിന്‍റെ ക്രിയാത്മകരൂപത്തിനു് അതിനു പാത്രമായിത്തീരുന്ന ആളോടു് ദയ കാണിക്കുക എന്നാണര്‍ത്ഥം. ഇച്ഛാശക്തിയുടെ പ്രവര്‍ത്തനത്തോടു ബന്ധ പ്പെടുത്തിയുള്ള പ്രയോഗമാണിതു്.''
അഗപ്പേയുടെ ക്രിയാരൂപമായ 'അഗപ്പാന്‍' എന്നതിനു് 'വിലമതിക്കുക', 'കരുതല്‍ കാണിക്കുക', 'ഒരാളില്‍ ആനന്ദിക്കുക', 'ഒരു വ്യക്തിയോടു് വിശ്വസ്തത പുലര്‍ത്തുക' എന്നെല്ലാമാണു് അര്‍ത്ഥം. ഒരു ഭാര്യയും ഭര്‍ത്താവും തമ്മില്‍ ഉണ്ടായിരിക്കേണ്ട സ്‌നേഹത്തോടു ബന്ധപ്പെടുത്തുമ്പോള്‍ ഒരു വ്യക്തി മറ്റേയാളെ അന്തമറ്റവിധം വിലപ്പെട്ട ഒരാളായിക്കരുതുക എന്നു് ഈ പദം അര്‍ത്ഥമാക്കുന്നു. അവര്‍ക്കു് അന്യോന്യം കരുതല്‍ ഉണ്ടായിരിക്കണം. ഒരാള്‍ മറ്റേയാളില്‍ ആനന്ദിക്കുകയും ആഹ്ലാദിക്കുകയും ചെയ്യണം; ഓരോരുത്തരും മറ്റേയാളിനോടു് വിശ്വസ്തത പുലര്‍ത്തുകയും വേണം.
ബൈബിള്‍ അഗപ്പേയെ ഇപ്രകാരം നിര്‍വചിക്കുന്നു: ''അതു് ഒരിക്കലും നശിക്കാത്ത ക്ഷമയോടുകൂടിയതാണു്; രചനാത്മകമായ ഒരു മാര്‍ഗ്ഗത്തിലൂടെ പ്രവര്‍ത്തിക്കുവാന്‍ അതു് ആഗ്രഹിക്കുന്നു. എന്തെങ്കിലും തനിക്കായിത്തന്നെ കൈയടക്കിവയ്ക്കുവാന്‍ അതു് ആഗ്രഹിക്കുന്നില്ല; അതു് തന്നെപ്പറ്റി മതിപ്പുളവാക്കുവാന്‍ ആകാംക്ഷ കാണിക്കുകയോ തന്‍റെ തന്നെ പ്രാധാന്യത്തെപ്പറ്റി വലിപ്പം ഭാവിക്കുന്ന ചിന്തകള്‍ പുലര്‍ത്തുകയോ ചെയ്യുന്നില്ല. അതു് ഭവ്യതയോടെ പെരുമാറുന്നു; സ്വാര്‍ത്ഥലാഭമന്വേഷിക്കുന്നില്ല. ഈര്‍ഷ്യാകുലത്വം അതിനുണ്ടാകുന്നില്ല. അതു് ദോഷം കണക്കിലെടുക്കുന്നില്ല. മറ്റുള്ളവരുടെ ദുഷ്ടസ്വഭാവമോര്‍ത്തു് സന്തോഷിക്കുന്നുമില്ല. നേരേമറിച്ചു് സത്യം ജയിക്കുമ്പോള്‍ അതു് എല്ലാ നല്ല മനുഷ്യരോടുമൊപ്പം സന്തോഷിക്കുന്നു. അതിന്‍റെ സഹനശീലത്തിനു് അറുതിയില്ല. അതിന്‍റെ വിശ്വാസം ഒരിക്കലും തകരുന്നില്ല; അതിന്‍റെ പ്രത്യാശ ഒരിക്കലും മങ്ങിപ്പോകുന്നില്ല. അതു് എല്ലാറ്റിനെയും അതിജീവിക്കുന്നു. യഥാര്‍ത്ഥത്തില്‍ മറ്റുള്ളതെല്ലാം വീണുപോകുമ്പോഴും നിലനില്‍ക്കുന്നതു് അതൊന്നുമാത്രമാണു്'' (1 കൊരി. 13:4-8 JBP).
അഗപ്പേയുടെ മറ്റൊരു നിര്‍വചനം ഇതാ: ''അതിനു് താഴെപ്പറയുന്ന ഗുണങ്ങളുണ്ട്: സംശയിക്കുവാന്‍ താമസം, വിശ്വസിക്കുവാന്‍ വേഗത; കുറ്റം വിധിക്കുവാന്‍ താമസം, നീതീകരിക്കുവാന്‍ വേഗത; വ്രണപ്പെടുത്തുവാന്‍ താമസം, സംരക്ഷിക്കുവാന്‍ വേഗത; കുറ്റം തുറന്നുകാട്ടുവാന്‍ താമസം, മറയ്ക്കുവാന്‍ വേഗത; ശാസിക്കുവാന്‍ താമസം, സഹിഷ്ണുത കാണിക്കുവാന്‍ വേഗത; പുച്ഛിക്കുവാന്‍ താമസം, അഭിനന്ദിക്കുവാന്‍ വേഗത; അവകാശപ്പെടുവാന്‍ താമസം, കൊടുക്കുവാന്‍ വേഗത; കോപിക്കുവാന്‍ താമസം, അനുരഞ്ജിപ്പിക്കുവാന്‍ വേഗത; തടസ്സപ്പെടുത്തുവാന്‍ താമസം, സഹായിക്കുവാന്‍ വേഗത; നീരസപ്പെടുത്തുവാന്‍ താമസം, ക്ഷമിക്കുവാന്‍ വേഗത.''
ഒരു വിശ്വാസിയുടെ വിവാഹജീവിതത്തില്‍ മേല്‍പറഞ്ഞ എല്ലാത്തരം സ്‌നേഹങ്ങളും ഉണ്ടായിരിക്കണം; എങ്കിലും അവയുടെ ഉചിതമായ ക്രമത്തിലാണവ നില്‍ക്കേതു്. ഒന്നാമതു് അഗപ്പേ, രണ്ടാമതു് ഫിലിയാ, മൂന്നാമതു് ഈറോ സ്. ഇതു് 1 തെസ്സ. 5:23-ലെ പ്രബോധനപ്രകാരമാണു്. അവിടെ ആത്മാവിനെ ഒന്നാമതും ദേഹിയെ രണ്ടാമതും ശരീരത്തെ മൂന്നാമതുമാണു് പരിഗണിച്ചിരിക്കുന്നതു്. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവന്‍റെ ജീവിതത്തില്‍ ഉണ്ടായിരിക്കണമെന്നു ദൈവം ആഗ്രഹിച്ച ക്രമമാണിതു്.
എങ്കിലും വീഴ്ചപറ്റിയ മനുഷ്യനില്‍ ഈ ക്രമം നേരേ മറിച്ചായിത്തീര്‍ന്നിട്ടുണ്ട്. തന്മൂലം അവന്‍റെ സ്‌നേഹസങ്കല്പവും തലതിരിഞ്ഞുപോകാനിടയായി. ഒരാളുടെ ജഡമനസ്സിനും ശരീരത്തിനും മറ്റേയാളുടെ ജഡമനശ്ശരീരങ്ങളോടു് തോന്നുന്ന ആകര്‍ഷണത്തെയാണു് ലോകം സ്‌നേഹമെന്നു വിളിക്കുന്നതു്. അതു കേവലം ഫിലിയായും ഈറോസും മാത്രമാണു്; കഷ്ടമെന്നു പറയട്ടെ, ചിലപ്പോള്‍ ഈറോസു മാത്രവുമാണു്. എന്നിരുന്നാലും ദൈവത്തിന്‍റെ ദൃഷ്ടിയില്‍ അഗപ്പേയെന്ന ഘടകം ഉള്‍ക്കൊണ്ടിട്ടില്ലാത്ത യാതൊന്നും സ്‌നേഹമെന്നു വിളിക്കപ്പെടുവാന്‍ യോഗ്യമല്ല.
പ്രണയബദ്ധനായിത്തീരുക എന്നതു് ഒരു വിശ്വാസിക്കു യോജിച്ചതാണോ? പ്രണയബദ്ധത എന്നതിനു് എന്തര്‍ത്ഥമാണു് നിങ്ങള്‍ നല്‍കുന്നതു് എന്നതിനെ ആശ്രയിച്ചിരിക്കും ഇതിന്‍റെ ഉത്തരം. പെട്ടെന്നു് ഒരു മനുഷ്യനെ ബാധിച്ചു് അവ ന്‍റെമേല്‍ ആധിപത്യം ചെലുത്തുന്ന ഒരു ശക്തിയായിട്ടാണു് ലോകം പ്രണയത്തെ (അഥവാ സ്‌നേഹത്തെ) കരുതുന്നതു്. ഇപ്രകാരം പ്രണയത്തിലകപ്പെട്ട ഒരു വ്യക്തിക്കു് ഏതെങ്കിലും കാരണവശാല്‍ താന്‍ സ്‌നേഹിച്ചയാളിനെ വിവാഹം ചെയ്യുവാന്‍ സാധിക്കുന്നില്ലെങ്കില്‍ അയാള്‍ക്കു് ആജീവനാന്തം, അഥവാ വീണ്ടും പ്രണയബന്ധത്തിലാകുന്നതുവരെ ദുഃഖപൂര്‍ണ്ണനായിക്കഴിയുകയല്ലാതെ മറ്റൊരു പോംവഴിയുമില്ലെന്നാണു് ലോകത്തിന്‍റെ ചിന്ത. ഇന്നത്തെ സിനിമയും പോപ് സംഗീതവുമെല്ലാം ഒരു വലിയ അളവുവരെ പ്രേമനൈരാശ്യമെന്ന ഈ വിഷയത്തെ ആസ്പദമാക്കിയാണു് പ്രവര്‍ത്തിക്കുന്നതു്. ഫിലിയായുടെയും ഈറോസിന്‍റെയും തലങ്ങളില്‍ മാത്രമേ ഈ ലോകത്തിനു സ്‌നേഹത്തെപ്പറ്റി ചിന്തിക്കുവാന്‍ സാധിക്കുന്നുള്ളു എന്നതാണു് ഈ ചിന്താഗതിക്കു കാരണം. ഈ വിധത്തിലുള്ള ഒരു പ്രണയബന്ധം (falling in love) ഒരു വിശ്വാസിക്കു് ഒരിക്കലും യോജിച്ചതല്ല.
ഒരു ദൈവപൈതലിനു് സ്‌നേഹം അഗപ്പേതലത്തില്‍ ആരംഭിക്കുന്നതും ആത്മീയമായ ആകര്‍ഷണത്തില്‍ അധിഷ്ഠിതവുമായിരിക്കണം. ആ അടിസ്ഥാനത്തില്‍ മാത്രമേ അയാള്‍ പ്രണയബദ്ധനായിത്തീരാവൂ. തന്‍റെ വികാരങ്ങളെ നിയന്ത്രിക്കുവാനും അവ തന്നെ കീഴടക്കുവാനിടയാകാതെ സൂക്ഷിക്കുവാനും സാധിക്കുമാറു് പരിപൂര്‍ണ്ണമായി പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തില്‍ അയാള്‍ ജീവിക്കണം. ഒരു ക്രിസ്ത്യാനി മറ്റേതൊരു ജീവിതമണ്ഡലത്തിലുമെന്നപോലെ പ്രേമത്തിന്‍റെ കാര്യത്തിലും ദൈവാത്മാവിനാല്‍ ഭരിക്കപ്പെടണം. ദൈവം നിങ്ങളുടെ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തിട്ടുള്ള ആളിങ്കലേക്കു നിങ്ങളെ നയിക്കുവാന്‍ പരിശുദ്ധാത്മാവിനു മാത്രമേ കഴിയുകയുള്ളു. ആ ആളുമായി മാത്രമേ നിങ്ങള്‍ പ്രണയബന്ധത്തിലാകുവാനും പാടുള്ളു.
അങ്ങനെയെങ്കില്‍ നാമെത്ര കരുതലുള്ളവരായി ജീവിക്കണം! ഒരു വ്യക്തി യുമായി പ്രണയബന്ധത്തിലായശേഷം കുറേ മാസങ്ങളോ വര്‍ഷങ്ങളോ കഴിഞ്ഞു് മനസ്സുമാറി വീണ്ടും മറ്റൊരാളുമായി പ്രണയബന്ധത്തിലാകുന്ന അവിശ്വാ സിയെപ്പോലെ നാമൊരിക്കലും തീരുവാന്‍ പാടില്ല. ഒരു വിശ്വാസി ഒരിക്കലും തന്‍റെ വികാരങ്ങളുടെ ഒരു കളിപ്പാവയായിത്തീരരുതു്. അയാളുടെ സ്‌നേഹം തന്‍റെ ഇച്ഛാശക്തിയിലാണു് ഉദ്ഭവിക്കേണ്ടതു്; വികാരങ്ങളിലല്ല. എന്തെന്നാല്‍ വികാരങ്ങള്‍ വളരെ വഞ്ചനാത്മകങ്ങളായിത്തീരുവാനിടയുണ്ട്. സ്‌നേഹത്തിന്‍റെ മനോഭാവങ്ങളില്ലാത്തവരായി നാം തീരരുതു്; എങ്കിലും ഇച്ഛാശക്തിയുടെ മണ്ഡലത്തിലുള്ള സ്‌നേഹത്തെയാണു് നാം പിന്തുടരേണ്ടതു്. നമ്മുടെ ജീവിതത്തില്‍ ക്രൂശു് നിരന്തരമായി അതിന്‍റെ പ്രവൃത്തി ചെയ്യുവാന്‍ നാം അനുവദിക്കുകയും നമ്മുടെ സ്വന്തമായ ആഗ്രഹങ്ങളെ നാം മരിപ്പിക്കുകയും ദൈവഹിതം മാത്രം കൈക്കൊള്ളുകയും ചെയ്യുമ്പോഴേ ഇതു് സാധ്യമാവുകയുള്ളു.
എപ്പോഴെങ്കിലും ലൈംഗികമായി മറുചേരിയില്‍പ്പെട്ട ഒരു വ്യക്തിയെ നിങ്ങള്‍ കണ്ടുമുട്ടുകയും ആ വ്യക്തിയിലേക്കു് നിങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നതായി തോന്നുകയും ചെയ്യുമ്പോള്‍ നിങ്ങളുടെ സ്വാഭാവികസ്‌നേഹഭാവങ്ങളുടെമേല്‍ ക്രൂശു് നിര്‍ദ്ദയം പ്രവര്‍ത്തിക്കുവാന്‍ നിങ്ങള്‍ അനുവദിക്കുകയും (രഹസ്യമായി പ്പോലും) ആ വ്യക്തിയുമായി അപ്രകാരം വൈകാരികമായ അടുപ്പത്തിലകപ്പെടാതെ നിങ്ങള്‍ സ്വയം സൂക്ഷിക്കുകയും ചെയ്യണം. എങ്കില്‍ മാത്രമേ ദൈവഹിതമെന്തെന്നു നിര്‍ണ്ണയം വരുത്തുവാന്‍ നിങ്ങള്‍ക്കു കഴിവുണ്ടാവുകയുള്ളു. ആ കാര്യത്തില്‍ ദൈവഹിതമെന്തെന്നു നിങ്ങള്‍ കണ്ടെത്തുന്നതുവരെ വികാരപരമായ അടുപ്പത്തില്‍നിന്നു് നിങ്ങള്‍ സ്വതന്ത്രനായിരിക്കണം. അല്ലാത്തപക്ഷം നിങ്ങളുടെ വികാരങ്ങള്‍ യുക്തിചിന്തയെ മന്ദീഭവിപ്പിക്കുകയും അന്തിമമായി നിങ്ങള്‍ വഴി തെറ്റുവാനിടയാവുകും ചെയ്യും. ഇതു നിങ്ങള്‍ക്കുതന്നെ മനസ്സിലാക്കുവാനും കഴിയും.
ഒടുവില്‍ പശ്ചാത്താപത്തിനിടനല്‍കുന്ന സാഹചര്യങ്ങളിലേക്കു് നിങ്ങളുടെ വികാരങ്ങള്‍ നിങ്ങളെ നയിക്കാതെ സൂക്ഷിച്ചുകൊള്ളേണ്ടതാണു്. നിങ്ങളുടെ സ്‌നേഹം (രഹസ്യമായിപ്പോലും) നിങ്ങള്‍ ഒരാള്‍ക്കു നല്‍കിയശേഷം ദൈവം നിങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുള്ളതു് ആ വ്യക്തിയെയല്ല എന്നു കണ്ടെത്തുന്നതു് ഒരു ദുരന്താനുഭവമാണു്. നിങ്ങളെത്തന്നെ വികാരപരമായി ആ ആളില്‍നിന്നു വേര്‍പെടുത്തുക എന്നതു് ആ സമയത്തു വളരെ ദുഷ്‌കരമായിരിക്കും. ഇപ്രകാരമുള്ള ഒരനുഭവം അനേകം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. മനസ്സില്‍നിന്നു് അതിനെ നീക്കം ചെയ്യുവാന്‍ എളുപ്പവുമല്ല. നിങ്ങള്‍ വേറൊരാളെ വിവാഹം ചെയ്തതിനു ശേഷവും വീണ്ടും വീണ്ടും ആ കാര്യം ബോധമണ്ഡലത്തിലേക്കു് ഉയര്‍ത്തിക്കൊണ്ടുവരുവാനുള്ള ഒരു കഴിവു് മനുഷ്യമനസ്സിനുണ്ട്. ആ സന്ദര്‍ഭത്തില്‍ കുറ്റബോധവും പശ്ചാത്താപവും നിങ്ങളുടെ വ്യക്തിത്വത്തെ മുറിപ്പെടുത്തുകയും നിങ്ങളുടെ വിവാഹജീവിതത്തെ തകരാറിലാക്കുകയും ചെയ്യുവാന്‍ സാധ്യതയുണ്ട്.
ശാരീരികസൗന്ദര്യവും അംഗകാന്തിയും മൂലം ആകര്‍ഷിക്കപ്പെട്ടു് വഴിതെറ്റിപ്പോകാതിരിക്കുവാന്‍ യുവാക്കന്മാര്‍ പ്രത്യേകം ശ്രദ്ധയുള്ളവരായിരിക്കണം.യഥാര്‍ത്ഥസ്‌നേഹമില്ലാത്തിടത്തു് ശാരീരികാകര്‍ഷണത്തെ കര്‍ശനമായി ഒഴിച്ചു നിര്‍ത്തേണ്ടതാണു്. യഥാര്‍ത്ഥസ്‌നേഹമുള്ളിടത്തു് എന്തായാലും ശാരീരികാകര്‍ഷണത്തിനായിരിക്കുകയില്ല പ്രധാനസ്ഥാനം.
മറ്റുകാര്യങ്ങളിലെന്നപോലെ സ്‌നേഹത്തിന്‍റെ കാര്യത്തിലും ദൈവവചനം നമുക്കു നല്‍കുന്ന കല്പന ഇതാണു്: ''ഈ ലോകത്തിനു് അനുരൂപമാകാതെ നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ട തിനു മനസ്സുപുതുക്കി (പുതിയ ജീവിതമാതൃകയും പുതിയ മനോഭാവവുമുള്ളവരായി) രൂപാന്തരപ്പെടുവിന്‍'' ( റോമര്‍ 12:2 ).
വികാരപ്രധാനമായ പ്രേമബന്ധത്താലുളവാകുന്ന മതിമോഹവും അഗപ്പേ സ്‌നേഹവും തമ്മില്‍ വിപുലമായ അന്തരമുണ്ട്. ''ഞാന്‍ യഥാര്‍ത്ഥത്തില്‍ ഒരു യുവാവിനെ / യുവതിയെ സ്‌നേഹിക്കുന്നുണ്ടോ അതോ ഞാന്‍ മതിമോഹത്തിലകപ്പെട്ടിരിക്കുകയാണോ എന്നു് എങ്ങനെ വേര്‍തിരിച്ചറിയാന്‍ കഴിയും?'' ഇപ്രകാരം ചിലര്‍ ചോദിച്ചേക്കാം. വെബ്‌സ്റ്ററുടെ നിഘണ്ടു മതിമോഹത്തിനു (infatuation) നല്‍കുന്ന നിര്‍വചനം - ''യുക്തിയാല്‍ നിയന്ത്രിക്കപ്പെടാനാവാത്തവിധം അതിരുകടന്നതും ബുദ്ധിഹീനവുമായ ഒരാസക്തിയാല്‍ പ്രേരിതനായിത്തീരുന്ന ഒരവസ്ഥ'' എന്നാണു്. മതിമോഹവും അഗപ്പേസ്‌നേഹവും തമ്മിലുള്ള അന്തരം കൂടുതല്‍ വ്യക്തമാക്കുന്നതിനു് പ്രകാശ് എന്നും സുരേഷ് എന്നും പേരുള്ള രണ്ടു യുവാക്കന്മാരുടെ അനുഭവങ്ങളെ തമ്മില്‍ തട്ടിച്ചുനോക്കുന്നതു് സഹായകമായിരിക്കും. പ്രകാശ് ഒരു പെണ്‍കുട്ടിയുമായി ബന്ധപ്പെട്ടു് മതിമോഹം ബാധിച്ചവനും സുരേഷ് ഒരു യുവതിയുമായി യഥാര്‍ത്ഥമായ അഗപ്പേസ്‌നേഹത്തോടെ പ്രേമബദ്ധനായിത്തീര്‍ന്നവനുമാണു്. താഴെക്കൊടുത്തിരിക്കുന്ന ദൃഷ്ടാന്തം പെണ്‍കുട്ടികളുടെ കാര്യത്തിലും അതേവിധം തന്നെ പ്രസക്തമായിരിക്കും. (ഡൈ്വറ്റ് ഹെര്‍വി സ്മാള്‍ എന്ന എഴുത്തുകാരന്‍റെ 'ക്രിസ്തീയവിവാഹത്തിന്‍റെ രൂപരേഖ' (Design for Christian marriage) എന്ന പുസ്തകത്തില്‍നിന്നാണു് മതിമോഹവും യഥാര്‍ത്ഥ സ്‌നേഹവും തമ്മിലുള്ള ഈ താരതമ്യപഠനത്തിലെ പല ആശയങ്ങളും സ്വീകരിച്ചിട്ടുള്ളതു്.)
പ്രകാശ് ആ പെണ്‍കുട്ടിയെ കണ്ടുമുട്ടിയതു് കോളേജില്‍വച്ചായിരുന്നു. അയാള്‍ക്കു് സൗന്ദര്യവതിയായി തോന്നുകയും അയാളോടു് പ്രതികരിക്കുകയും ചെയ്ത ആദ്യത്തെ പെണ്‍കുട്ടിയായിരുന്നു അവള്‍. അയാള്‍ അവളെപ്പറ്റി വിശദമായും പൂര്‍ണ്ണമായും മനസ്സിലാക്കിയിരുന്നില്ല. എങ്കിലും (അയാള്‍ പറയുന്നതു പോലെ) താന്‍ പെട്ടെന്നു് അവളോടു പ്രേമബദ്ധനായിത്തീര്‍ന്നുവെന്നു് അയാള്‍ക്കനുഭവപ്പെട്ടു. അതൊരു പ്രഥമദര്‍ശനപ്രണയമായിരുന്നു. ആ പെണ്‍കുട്ടിയുടെ ശാരീരികസൗന്ദര്യവും അംഗകാന്തിയും അവര്‍ക്കു് പൊതുവിലുണ്ടായിരുന്ന ചില താല്‍പര്യങ്ങളുമായിരുന്നു അയാളില്‍ ഈ മനോഭാവം അങ്കുരിക്കുവാന്‍ പ്രേരകമായിത്തീര്‍ന്നതു്. മുഖ്യഘടകം ശരീരസൗന്ദര്യം തന്നെയായിരുന്നു. അയാള്‍ക്കു് വളരെക്കുറച്ചുമാത്രമേ അവളെപ്പറ്റി അറിവുണ്ടായിരുന്നുള്ളു. എങ്കിലും താന്‍ അഭിനന്ദിക്കുന്ന ചില കാര്യങ്ങള്‍ അവളിലുള്ളതായി അയാള്‍ ചിന്തിച്ചു. ഈ കാര്യങ്ങളെ അയാള്‍ ഊതിവീര്‍പ്പിച്ചു് തന്‍റെ മനസ്സില്‍ അവളെപ്പറ്റിയുള്ള ഒരാദര്‍ശചിത്രം നിര്‍മ്മിച്ചു. (ലോകത്തില്‍ മറ്റൊരു പെണ്‍കുട്ടിക്കും സാധ്യമല്ലാത്തവിധം) പരിപൂര്‍ണ്ണതയുള്ള ഒരുവളായി അവളെ അയാള്‍ പരിഗണിച്ചു. അവളില്‍ എന്തെങ്കിലും കുറവുകാണുവാന്‍ അയാള്‍ക്കു വിസമ്മതം തോന്നി. (മറ്റുള്ളവര്‍ക്കു് അവളുടെ കുറ്റങ്ങള്‍ വ്യക്തമായിരുന്നുതാനും.) സ്വയം നിര്‍മ്മിച്ച ഒരു സ്വപ്നലോകത്തില്‍ അയാള്‍ ജീവിക്കുവാനാരംഭിച്ചു. നിലം തൊടാതെ വായുവിലൂടെ സഞ്ചരിക്കുന്ന ഒരുവനെപ്പോലെയായിരുന്നു അയാള്‍. പരിപൂര്‍ണ്ണയായ ഒരു പെണ്‍കുട്ടിയെ ഇപ്രകാരം കണ്ടെത്തുകയാല്‍ ലോകത്തിന്‍റെ മേല്‍ക്കൂരയില്‍ ജീവിക്കുന്ന ഒരുവനാണു് താനെന്നു് അയാള്‍ ചിന്തിച്ചു. (മതിമോഹം അന്ധമാണല്ലോ.) ആര്‍ക്കും തടയുവാനാവാത്തവിധം താന്‍ അവളിലേക്കു് ആകര്‍ഷിക്കപ്പെട്ടതായി അയാള്‍ക്കു തോന്നി. അവളുടെ അടുക്കലോ അവളോടൊപ്പമോ കഴിയുന്നതിനുവേണ്ടി എന്തെങ്കിലും ചില ഒഴികഴിവുകള്‍ അയാള്‍ കണ്ടുപിടിച്ചു. അവളെക്കൂടാതെയുള്ള ഒരു ജീവിതം ഭാവന ചെയ്യുവാന്‍ അയാള്‍ക്കു സാധ്യമായിരുന്നില്ല. അവളും താനുമായിട്ടുള്ള വ്യത്യാസങ്ങളെയോ ചേര്‍ച്ചക്കേടുകളെയോ വെളിപ്പെടുത്തുന്ന ഏതെങ്കിലും ചര്‍ച്ചകളില്‍നിന്നു് അയാള്‍ സ്വയം ഒഴിഞ്ഞുമാറി.
അവള്‍ പരിപൂര്‍ണ്ണയായ പെണ്‍കുട്ടിയായതിനാല്‍ താന്‍ പരിപൂര്‍ണ്ണനായ യുവാവാണെന്നു് അവളെ ബോധ്യപ്പെടുത്തേണ്ടതു് ആവശ്യമാണെന്നു് പ്രകാശ് കരുതി. ഇതു് അയാളെ ഒരു കൃത്രിമജീവിയാക്കി മാറ്റി. കാരണം തന്‍റെ വ്യക്തിത്വത്തില്‍ ഏറ്റവും ആകര്‍ഷകമെന്നു താന്‍ കരുതിയ വശങ്ങള്‍ മാത്രം അയാള്‍ അവള്‍ക്കു കാണിച്ചുകൊടുത്തു. താന്‍ നിസ്സ്വാര്‍ത്ഥനും വിനയശാലിയുമാണെന്നു് അവളെ ബോധ്യപ്പെടുത്തുവാന്‍ അയാള്‍ ശ്രമിച്ചു. എന്നാല്‍ ഉള്ളിന്‍റെയുള്ളില്‍ അയാളുടെ ഉദ്ദേശ്യങ്ങള്‍ സ്വാര്‍ത്ഥപരങ്ങളായിരുന്നു. അടിസ്ഥാനപരമായി അയാള്‍ സ്വാര്‍ത്ഥനിഷ്ഠനായ ഒരു വ്യക്തിയായിരുന്നു. അയാളുടെ ഹൃദയത്തിലെ ആഴമായ ഒരഭിനിവേശത്തിനു് ആ പെണ്‍കുട്ടി സംതൃപ്തി നല്‍കി. തനിക്കു സന്തുഷ്ടി ലഭിക്കുന്നതിനുവേണ്ടിയാണു് വാസ്തവത്തില്‍ അയാള്‍ അവളെ ആഗ്രഹിച്ചതു്. ഈ ലക്ഷ്യപ്രാപ്തിക്കുള്ള ഒരുപാധി മാത്രമായിരുന്നു ആ പെണ്‍കുട്ടി. ചിലപ്പോള്‍ അവളെ എങ്ങനെ സന്തുഷ്ടയാക്കാമെന്നു് അയാള്‍ ചിന്തിച്ചിരുന്നു. എന്നാല്‍ മറ്റാരെയെങ്കിലും സന്തുഷ്ടരാക്കണമെന്ന ആഗ്രഹം അയാള്‍ക്കുണ്ടായിരുന്നില്ല. കോളേജിലെ മറ്റേതെങ്കിലും ആണ്‍കുട്ടിയോടു് അവള്‍ സംസാരിക്കുന്നതു കാണുമ്പോള്‍ അയാള്‍ വളരെ അസൂയാലുവായും ദുശ്ശങ്ക ബാധിച്ചവനായും തീര്‍ന്നു. തന്നോടു മാത്രമല്ലാതെ മറ്റു പെണ്‍കുട്ടികളോടുപോലും അവള്‍ സംസാരിക്കരുതെന്നു് യുക്തിരഹിതമായ വിധത്തില്‍ അയാള്‍ ആഗ്രഹിച്ചു. തന്‍റെ ബാല്യകാലാനുഭവങ്ങളില്‍നിന്നുയിരെടുത്തതും താന്‍ മറ്റുള്ളവര്‍ക്കു സ്വീകാര്യനോ സ്‌നേഹിക്കപ്പെടുവാന്‍ യോഗ്യനോ അല്ലെന്നു് സ്വയം ചിന്തിക്കുവാനിടയാക്കിയതുമായ ഒരു അരക്ഷിതബോധമായിരുന്നു ഇത്തരം മനോഭാവങ്ങളുടെയെ ല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചതു്. ഇതിന്‍റെ ഫലമായി ഒരു പെണ്‍കുട്ടിയുടെ സ്‌നേഹം ലഭിക്കുവാനും നിലനിര്‍ത്തുവാനുമുള്ള തന്‍റെ കഴിവില്‍ അയാള്‍ക്കു വിശ്വാസം നഷ്ടപ്പെട്ടിരുന്നു. തന്മൂലം താന്‍ നേടിയിട്ടില്ലാത്തതും അര്‍ഹിക്കാത്തതുമെന്നു് അയാള്‍ കരുതിയ ഒരു വിശ്വസ്തത അവളില്‍നിന്നു് അയാള്‍ പ്രതീക്ഷിച്ചു.
അവളെ വിവാഹം കഴിക്കുവാന്‍ അയാള്‍ തിടുക്കം പൂണ്ടു. ഈ തിടുക്കം സ്ത്രീപുരുഷവേഴ്ചയ്ക്കുവേണ്ടി മാത്രമുള്ളതായിരുന്നതിനാല്‍ ഏതെങ്കിലും വിധത്തിലുള്ള താമസം അയാള്‍ക്കു് അസഹ്യമായിരുന്നു. സാമ്പത്തികപ്രശ്‌നങ്ങള്‍, മാതാപിതാക്കന്മാരുടെ എതിര്‍പ്പു്, സാംസ്‌കാരികമായ വലിയ അന്തരം എന്നിവയെല്ലാം അവരുടെ വിവാഹത്തിനു തടസ്സങ്ങളായി നിലകൊണ്ടു. എന്നാല്‍ പ്രകാശാകട്ടെ, സ്‌നേഹം എല്ലാറ്റിനെയും അതിജീവിക്കുമെന്ന വിശ്വാസത്തോടെ ഈ തടസ്സങ്ങളുടെ നേരേ കണ്ണടയ്ക്കുകയാണുണ്ടായതു്. ''വിവേകശാലിയായ മനുഷ്യന്‍ തന്‍റെ പാതയിലുള്ള പ്രതിബന്ധങ്ങളെ മുന്‍കൂട്ടി കാണുന്നു; .... അല്പബുദ്ധിയോ അന്ധനായി മുന്നോട്ടുപോകയും ഭവിഷ്യത്തുകള്‍നിമിത്തം ചേതം സഹിക്കുകയും ചെയ്യുന്നു'' ( സദൃ. 22:3 LB ). മറ്റുള്ളവര്‍ അയാളെ ഉപദേശിക്കുവാന്‍ ശ്രമിച്ചപ്പോള്‍ അതു ശ്രദ്ധിക്കുവാന്‍ അയാള്‍ വിസമ്മതം കാണിച്ചു; കാരണം, അയാള്‍ പ്രേമസംബന്ധമായ മതിമോഹത്തിനു് അധീനനായിത്തീര്‍ന്നിരുന്നു. അപ്രകാരമുള്ള ഒരു മതിമോഹത്തിനു് ഒരുവന്‍ കീഴടങ്ങിക്കഴിഞ്ഞാല്‍ പിന്നെ യുക്തിയുടെ ശബ്ദം ശ്രദ്ധിക്കുവാന്‍ അയാളെ പ്രേരിപ്പിക്കുകതന്നെ അസാധ്യമാണു്.
ഇതിനുശേഷം പെട്ടെന്നൊരിക്കല്‍ ഒരു തെറ്റിദ്ധാരണയുടെ ഫലമായി പ്രകാശും ആ പെണ്‍കുട്ടിയും തമ്മില്‍ തെറ്റുവാനടയായി. ഇതു് അയാളെ വളരെ കുപിതനാക്കി. പെട്ടെന്നുതന്നെ, മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത എല്ലാത്തരം ബലഹീനതകളും അവളില്‍ കണ്ടെത്തുവാന്‍ അയാള്‍ ആരംഭിച്ചു. അതു് അയാള്‍ അവളോടു പറകയും ചെയ്തു. അയാളുടെ അഭിമാനം മുറിപ്പെട്ടു. ഇതു് അയാളെ പെട്ടെന്നു് യാഥാര്‍ത്ഥ്യത്തിന്‍റെ ലോകത്തേക്കു തിരികെ വരുത്തി. അയാള്‍ക്കു് ആ പെണ്‍കുട്ടിയോടു വെറുപ്പുതോന്നുകയും വേഗത്തില്‍ അമ്‌നോന്‍ താമാറിനെയെന്നപോലെ (2 ശമു. 13 ) അയാള്‍ അവളെ വെറുക്കുവാനാരംഭിക്കുകയും ചെയ്തു. എങ്കിലും ഇതുമൂലം പ്രകാശിനു വലിയ മാനസികത്തകര്‍ച്ചയുണ്ടായില്ല. കാരണം, ആ പെണ്‍കുട്ടിക്കുണ്ടാകുന്ന അനുഭവത്തെക്കുറിച്ചു് അയാള്‍ ഗൗനിച്ചില്ല. മാത്രവുമല്ല, തനിക്കു് വളരെക്കൂടുതല്‍ സൗന്ദര്യവതിയായിത്തോന്നിയ മറ്റൊരു പെണ്‍കുട്ടിയിലേക്കു് അയാളുടെ ശ്രദ്ധ വേഗത്തില്‍ തിരിയുകയും ചെയ്തു.
സുരേഷിന്‍റെ കാര്യം പറഞ്ഞാല്‍, ആ പെണ്‍കുട്ടിയെ സാധാരണ പരിചയത്തിലൂടെ കുറച്ചധികം കാലം അയാള്‍ അറിഞ്ഞിരുന്നു. അതിനുശേഷമാണു് തനിക്കുവേണ്ടി ദൈവം തിരഞ്ഞെടുത്ത യുവതി അവളാണെന്നു് അയാള്‍ക്കു ബോധമുണ്ടായതു്. അവര്‍ രണ്ടുപേരും കര്‍ത്താവിനെ സ്‌നേഹിക്കുന്നവരായിരുന്നു. അവര്‍ക്കു ജീവിതവീക്ഷണം, താല്‍പര്യങ്ങള്‍ എന്നിവയിലും ഐകരൂപ്യം ഉണ്ടായിരുന്നു. വിവിധ സാഹചര്യങ്ങളിലൂടെ കുറെക്കാലമായി അയാള്‍ അവളെ നിരീക്ഷിച്ചിരുന്നു. അങ്ങനെ തനിക്കു സാധ്യമായിടത്തോളം കാര്യങ്ങള്‍ അവളെക്കുറിച്ചു് അയാള്‍ മനസ്സിലാക്കി. അവളോടുള്ള സ്‌നേഹം ക്രമാഗതമായി സുരേഷിന്‍റെ ഹൃദയത്തില്‍ വളര്‍ന്നുവന്നു. പൊടുന്നനവേ ആവേശപൂര്‍വം തലകുത്തി വീഴുന്ന തരത്തില്‍ അവര്‍ പ്രണയബദ്ധരാവുകയല്ല ഉണ്ടായതു്. യാദൃച്ഛികപരിച യത്തില്‍ത്തുടങ്ങി അഗപ്പേസ്‌നേഹത്തിലെത്തുന്നതുവരെ ശാന്തമായും സ്ഥിരമായുമുള്ള ഒരു വളര്‍ച്ചയായിരുന്നു അതു്. അവളടെ നേരേ അയാള്‍ക്കു തോന്നിയ ആകര്‍ഷണം പ്രാഥമികമായി അവളുടെ ആത്മീയജീവിതത്തെയും സ്വഭാവത്തെ യും ആശ്രയിച്ചുള്ളതായിരുന്നു. ശാരീരികലാവണ്യത്തിനും അതില്‍ ഒരു പങ്കുണ്ടായിരുന്നു. പക്ഷേ അതു് അപ്രധാനമായ ഒരു പങ്കുമാത്രമായിരുന്നു. എന്തെന്നാല്‍ സൗന്ദര്യമത്സരത്തില്‍ സമ്മാനം നേടുവാനര്‍ഹതയുള്ളതരം സൗന്ദര്യം അവള്‍ക്കുണ്ടായിരുന്നില്ല. മറ്റുള്ളവര്‍ അവളെ സുന്ദരിയായിക്കരുതിയിരുന്നില്ലെങ്കിലും സുരേഷ് അപ്രകാരം കരുതിയിരുന്നു. ചില നല്ല വശങ്ങളെക്കുറിച്ചുമാത്രം ചിന്തിക്കുകയല്ല, പിന്നെയോ അവളെക്കുറിച്ചു് യാഥാര്‍ത്ഥ്യബോധത്തോടെയുള്ള ഒരു വിലയിരുത്തല്‍ നടത്തുകയാണു് അയാള്‍ ചെയ്തതു്. അവളെ ഒരു മാതൃകാ യുവതിയെന്നു കരുതുന്ന മനോഭാവം ഒരളവുവരെ അയാളുടെ മനസ്സിലുണ്ടായിരുന്നു. അതു പ്രതീക്ഷിക്കാവുന്നതുമാണല്ലോ. എങ്കിലും ഭയമോ ആത്മവഞ്ചനയോ കൂടാതെ യാഥാര്‍ത്ഥ്യത്തെ സത്യസന്ധമായി നോക്കിക്കാണുവാന്‍ അയാള്‍ ശ്രമിച്ചിരുന്നു. (കാരണം, പ്രേമം മൂലമുള്ള മതിമോഹത്തെപ്പോലെ അന്ധമല്ല അഗപ്പേസ്‌നേഹം.)
സുരേഷിന്‍റെ ഉദ്ദേശ്യം നിസ്സ്വാര്‍ത്ഥവും അവളെക്കുറിച്ചു് അയാള്‍ക്കുണ്ടായ ആഗ്രഹം വിശുദ്ധവുമായിരുന്നു. അയാള്‍ അവളുടെ കാര്യത്തില്‍ ദയാശീലനും കരുതലുള്ളവനുമായിരുന്നു. തന്‍റെ നന്മയെക്കാളധികം അവളുടെ നന്മയെപ്പറ്റിയാണു് അയാള്‍ ചിന്തിച്ചതു്. തന്‍റെ വ്യക്തിപരമായ സന്തുഷ്ടിക്കുവേണ്ടിയല്ല അയാള്‍ അവളെ ആഗ്രഹിച്ചതു്. അയാളുടെ ആഗ്രഹം ഒന്നാമതു് തങ്ങള്‍ ഒരുമിച്ചു് ദൈവത്തെ സന്തോഷിപ്പിക്കുന്നവരാകണമെന്നും രണ്ടാമതു് അവള്‍ സന്തുഷ്ടയായിരിക്കണമെന്നും ആയിരുന്നു. വാങ്ങുന്നതിലൂടെയല്ല, കൊടുക്കുന്നതിലൂടെയാണല്ലോ അനുഗ്രഹം ലഭിക്കുന്നതു് ( അപ്പോ. 20:35). അവളുടെ നന്മയ്ക്കുവേണ്ടി തന്‍റെ സ്വന്തമായ എന്തും ത്യജിക്കുവാന്‍ അയാള്‍ ഒരുക്കമായിരുന്നു. തന്നെത്തന്നെ അവള്‍ക്കായി നല്‍കുവാന്‍ സുരേഷ് ഉറച്ചിരുന്നു; അവളില്‍ ലയിച്ചുകിടക്കുന്ന കഴിവുകള്‍ വികസിപ്പിക്കുവാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി ഏതെങ്കിലും വിധത്തില്‍ അവളെ ചൂഷണം ചെയ്യുവാന്‍ അയാള്‍ ആഗ്രഹിച്ചിരുന്നില്ല.
സുരേഷ് അവളുടെ സാന്നിദ്ധ്യത്തിലായിരിക്കുമ്പോഴും അയാളുടെ പെരുമാറ്റം സ്വാഭാവികമായിരുന്നു. കരുതിക്കൂട്ടിയോ ആലോചിച്ചോ ചെയ്യുന്നതരത്തിലുള്ള കൃത്രിമത്വം അതിലുണ്ടായിരുന്നില്ല. ആര്‍ക്കും വ്യക്തമായി ബോധ്യമാവുന്ന രീതിയില്‍ സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്ളവനായിരുന്നു അയാള്‍.
സുരേഷ് എപ്പോഴും അവളെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരുന്നിട്ടില്ല. അയാള്‍ പലപ്പോഴും ചിന്തിച്ചിരുന്ന ഒരു കാര്യം പില്‍ക്കാലത്തു് (താനും അവളും ചേര്‍ന്നു്) തങ്ങളുടെ ചുറ്റും ആത്മീയവും ലൗകികവുമായ പ്രയാസങ്ങളിലിരിക്കുന്നവരെ എങ്ങനെ സഹായിക്കും എന്നതായിരുന്നു. എല്ലാ സമയത്തും കര്‍ത്താവായ യേശുവിനെക്കുറിച്ചുള്ള സ്‌നേഹമാണു് അവന്‍റെ ഹൃദയത്തിലുണ്ടായിരുന്നതു്. താന്‍ സ്‌നേഹിക്കുന്ന പെണ്‍കുട്ടിക്കു് രണ്ടാം സ്ഥാനം മാത്രമേ അയാള്‍ കൊടുത്തിരുന്നുള്ളു. കര്‍ത്താവിന്‍റെ വേലയ്ക്കും അയാളുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം ഉണ്ടായിരുന്നു. അവളെ കാണുകയും ഇടപെടുകയും ചെയ്യുന്നതിനുവേണ്ടി അക്കാര്യം അയാള്‍ അവഗണിച്ചിരുന്നില്ല. അവളും തന്‍റെ ജീവിതത്തില്‍ ഒന്നാം സ്ഥാനം കര്‍ത്താവിനു നല്‍കണമെന്നും അയാള്‍ ആഗ്രഹിച്ചിരുന്നു.
സുരേഷിനു് അവളില്‍ പൂര്‍ണ്ണവിശ്വാസമുണ്ടായിരുന്നു. ഒരു അരക്ഷിത ബോധവും അയാളെ പിടികൂടിയിരുന്നില്ല. അയാള്‍ ഒരിക്കലും ഒരവകാശവാദവും പുറപ്പെടുവിച്ചില്ല. സ്വാര്‍ത്ഥതാല്‍പര്യമോ യുക്തിഹീനതയോ അയാള്‍ പ്രദര്‍ശിപ്പിച്ചില്ല. അസൂയയും ദുശ്ശങ്കയും അയാളെ സ്പര്‍ശിച്ചിരുന്നതേയില്ല. ഇച്ഛാസ്വാതന്ത്ര്യത്തെ ഒരിക്കലും അയാള്‍ അപഹരിച്ചില്ല എന്നതായിരുന്നു അയാളുടെ സ്‌നേഹത്തിന്‍റെ ഏറ്റവും വലിയ തെളിവു്. 'ഇല്ല' എന്നു പറയുവാനുള്ള സ്വാതന്ത്ര്യം അയാള്‍ അവള്‍ക്കു നല്‍കിയിരുന്നു.
സാഹചര്യങ്ങള്‍ അവരെ ദീര്‍ഘസമയത്തേക്കു് തമ്മിലകറ്റിയപ്പോള്‍ അവളുമായുള്ള അയാളുടെ സ്‌നേഹം കുറഞ്ഞില്ല. അതു് കൂടുതല്‍ അഗാധമായിത്തീരുകയാണുണ്ടായതു്. അവര്‍ക്കു സാമ്പത്തികഞെരുക്കങ്ങളും മറ്റു പ്രശ്‌നങ്ങളും ഉണ്ടായിരുന്നു. ഈ കാരണങ്ങളാല്‍ അവര്‍ക്കു് തങ്ങളുടെ വിവാഹം കുറെയധികം കാലത്തേക്കു് താമസിപ്പിക്കേണ്ടിവന്നു. തന്മൂലം കുറച്ചുസമയത്തേക്കു് ഒരു നിരാശത അയാള്‍ക്കു തോന്നിയെങ്കിലും ഈ സാഹചര്യങ്ങള്‍ ദൈവദത്തമെന്നും തങ്ങളുടെ നന്മയ്ക്കായി ദൈവം വരുത്തിയതെന്നും കരുതി സ്വീകരിക്കുകയാണു് അയാള്‍ ചെയ്തതു്. കാത്തിരിപ്പിന്‍റെ ഈ കാലഘട്ടത്തില്‍ അയാള്‍ ക്ഷമയോടെ കാത്തിരിക്കുകയും വിവാഹത്തിനായി തന്നെത്തന്നെ ഒരുക്കുകയും ചെയ്തു. ഈ ഇടക്കാലം അവളോടുള്ള തന്‍റെ ആഴമായ സ്‌നേഹത്തെയും ദൈവം അവളെ തനിക്കായി തിരഞ്ഞെടുത്തിരിക്കുന്നു എന്നതിനെയും പറ്റി ഉറപ്പു വരുത്തുവാന്‍ അയാള്‍ക്കു പ്രയോജനപ്പെട്ടു.
അയാള്‍ക്കു് അവളുമായി എപ്പോഴും എല്ലാ കാര്യത്തെപ്പറ്റിയും ഏകാഭി പ്രായം ഉണ്ടായിരുന്നില്ല. എങ്കിലും മര്‍മ്മപ്രധാനമല്ലാത്ത കാര്യങ്ങളിലുണ്ടായിരുന്ന ഈ അഭിപ്രായവ്യത്യാസങ്ങള്‍ സ്വീകരിക്കുവാന്‍ തന്‍റെ അക്ഷയമായ സ്‌നേഹ ജ്വാല അയാള്‍ക്കു കഴിവു നല്‍കി. കാരണം, തങ്ങളുടെ വ്യക്തിസ്വഭാവങ്ങളെ പ്രകാശിപ്പിക്കുവാന്‍ ഇവ സഹായിച്ചുവെന്നു് അയാള്‍ കരുതി.
ഈ യുവതിയോടുള്ള സുരേഷിന്‍റെ സ്‌നേഹം സുസ്ഥിരമായിരുന്നു. മറ്റാരെയെങ്കിലും സ്‌നേഹിക്കുന്നതിനെപ്പറ്റി ചിന്തിക്കുവാന്‍പോലും അയാള്‍ക്കു സാധ്യമായിരുന്നില്ല.
ഈ രണ്ടു ദൃഷ്ടാന്തങ്ങളിലൂടെ പ്രേമസംബന്ധമായ മതിമോഹവും (പലപ്പോഴും ഇതിനെ പ്രേമമെന്നു തെറ്റിദ്ധരിക്കാറുണ്ട്) ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള യഥാര്‍ത്ഥപ്രേമവും തമ്മിലുള്ള നിശിതമായ താരതമ്യം നാം മനസ്സിലാക്കുന്നു. മതിമോഹത്തിനധീനരായവര്‍ പ്രകാശ് കാണിച്ചതരത്തിലുള്ള സ്വഭാവവിശേഷങ്ങളില്‍ ചിലതു മാത്രമേ കാണിച്ചുള്ളുവെന്നുവരാം. എന്നായാലും അതു് മതിമോഹം തന്നെ. സുരേഷില്‍ പരിപൂര്‍ണ്ണതയുള്ള ഒരു പ്രേമബന്ധത്തിന്‍റെ ചിത്രമാണു് നാം കാണുന്നതു്. എല്ലാവിധത്തിലും അവനെപ്പോലെതന്നെ പെരുമാറുന്നവരെ കണ്ടില്ലെന്നുവരാം. എന്നാലും പരിപൂര്‍ണ്ണതയായിരിക്കണം നമ്മുടെ ലക്ഷ്യം. അതില്‍ക്കുറഞ്ഞ ഒന്നിനെയും നാം ലക്ഷ്യമായി സ്വീകരിക്കരുതു്. മതിമോഹം കാലാന്തരത്തില്‍ യഥാര്‍ത്ഥസ്‌നേഹമായി മാറാന്‍ സാധ്യതയുണ്ട്. എങ്കിലും അതു് ഇവിടെ രണ്ടാമതു പറഞ്ഞതരം സ്‌നേഹത്തിന്‍റെ ചില പ്രധാനസവിശേഷതകളെങ്കിലും കാണിക്കുന്നതുവരെ അഗപ്പേസ്‌നേഹമെന്നു് അതിനെ വിളിക്കുവാന്‍ സാധ്യമല്ല.
യുവാക്കള്‍ വഴിതെറ്റിപ്പോകാതിരിക്കുന്നതിനു് മതിമോഹത്തെയും സ്‌നേഹത്തെയും തമ്മില്‍ വേര്‍തിരിച്ചറിയുവാനുള്ള കഴിവു് അവര്‍ സ്വായത്തമാക്കേണ്ടതാണു്. മതിമോഹം അല്പകാലത്തിനുള്ളില്‍ വാടിക്കൊഴിഞ്ഞുപോകും; അഗപ്പേസ്‌നേഹമോ, വിവാഹജീവിതകാലം മുഴുവന്‍ നിലനില്‍ക്കുകയും ഓരോ കടമയെയും സന്തോഷമായും ഓരോ കര്‍ത്തവ്യത്തെയും ആനന്ദമായും രൂപാന്തരപ്പെടുത്തുകയും ചെയ്യും.
ഉത്തമഗീതത്തില്‍ മൂന്നുപ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞിട്ടുള്ള ഒരു താക്കീതു് നാം ഗൗരവപൂര്‍വം കൈക്കൊള്ളണം ( ഉത്ത. 2:7;3:5;8:4). ''പ്രേമത്തിനു് ഇഷ്ടമാകുവോളം അതിനെ ഇളക്കരുതു്, ഉണര്‍ത്തുകയുമരുതു്.'' മറ്റൊരുതരത്തില്‍പ്പറ ഞ്ഞാല്‍ ഭ്രാന്തമായ ഒരു മതിമോഹത്തിലേക്കു് എടുത്തുചാടരുതു്. പകരം സ്‌നേഹിക്കുവാനായി ദൈവം നിശ്ചയിച്ച സമയമെത്തുവോളം കാത്തിരിക്കുകയാണു് വേണ്ടതു്.
എല്ലാറ്റിനുമുപരി, ''നിങ്ങളുടെ സ്‌നേഹഭാവങ്ങളെപ്പറ്റി ജാഗ്രത പാലിക്കുക; എന്തെന്നാല്‍ ജീവിതത്തില്‍ മറ്റെല്ലാറ്റിനെയും അവ സ്വാധീനിക്കുന്നു'' ( സദൃ. 4:23 ).
ക്രിസ്ത്യാനികളായ ഭാര്യാഭര്‍ത്താക്കന്മാര്‍, പലവിധത്തിലും അന്യോന്യം ഭിന്നസ്വഭാവികളായിരിക്കെത്തന്നെ പരിപൂര്‍ണ്ണ ഐക്യത്തോടെ ഒത്തിണങ്ങി ഒന്നായിത്തീര്‍ന്നിരിക്കുന്നതു കാണുന്നതുപോലെ അത്ര മനോഹരമായ മറ്റൊരനുഭവം സ്വര്‍ഗ്ഗത്തില്‍ നാമെത്തുന്നകാലംവരെയും കാണുവാന്‍ സാധിക്കുമോ എന്നു ഞാന്‍ സംശയിക്കുന്നു. വിഭിന്നതകളുടെ മധ്യത്തിലുള്ള അദ്ഭുതകരമായ ഒരു ഏകത്വമാണു് ദമ്പതിമാരുടെ വിവാഹജീവിതത്തിലൂടെ ദൈവം വെളിപ്പെടുത്തുന്നതു്. എന്താണു് ഈ ഏകത്വത്തിന്‍റെ രഹസ്യം?
മുകളില്‍ വിവരിച്ചതിനു വിപരീതമായി അന്യോന്യം മനസ്സിലാക്കാത്തവരും വിവാഹം കഴിഞ്ഞു് വര്‍ഷങ്ങള്‍ക്കുശേഷവും ഐക്യബന്ധത്തിലെത്തിയിട്ടില്ലാത്തവരുമായി ആയിരക്കണക്കിനു ഭാര്യാഭര്‍ത്താക്കന്മാരെയും നമുക്കു കാണുവാന്‍ കഴിയും. ഇവരില്‍ പലരും അവസരം ലഭിച്ചാല്‍ അവിവാഹിതജീവിതത്തിലേക്കു മടങ്ങിപ്പോകുവാനാഗ്രഹിക്കുന്നവരാണു്. മനുഷ്യന്‍റെ സന്തുഷ്ടിക്കായി ദൈവം നിയമിച്ചിട്ടുള്ള വിവാഹം ഇവര്‍ക്കു് ഒരു യാതനയായി, ഭൂമിയിലെ നരകമായിത്തന്നെ, തീര്‍ന്നിരിക്കുന്നു. ഭാര്യയും ഭര്‍ത്താവും ഒരു മേല്‍ക്കൂരയ്ക്കുകീഴില്‍ ജീവിക്കുന്നു; പക്ഷേ അവരെത്തമ്മില്‍ ഇണക്കിച്ചേര്‍ക്കുന്ന ഒരു ഘടകവും ഇല്ലാതെ ഒറ്റതിരിഞ്ഞ വ്യക്തികളായി ഏകാന്തതയില്‍ അവര്‍ കഴിഞ്ഞുകൂടുന്നു. തങ്ങളുടെ കുട്ടികളെ മാത്രം കരുതി, അഥവാ തങ്ങളുടെ വിവാഹബന്ധത്തിന്‍റെ തകര്‍ച്ചകണ്ടു സമൂഹം തങ്ങളെ പരിഹസിക്കുമല്ലോ എന്നു മാത്രം കരുതി, അവര്‍ ഒരുമിച്ചു ജീവിക്കുന്നു. അവരുടെ ജീവിതം പൊള്ളയായ ഒരു കപടനാടകമായി മാറിയിരിക്കുന്നു. എങ്കിലും ഇവരില്‍ മിക്ക ദമ്പതികളും പുറംകാഴ്ചയിലുള്ള ഐക്യത്തോടും സ്‌നേഹത്തോടുംകൂടി വിവാഹജീവിതമാരംഭിച്ചവരാണു്. എവിടെയാണു് അവര്‍ പരാജിതരായതു്?
വിവാഹജീവിതത്തെപ്പറ്റി ദൈവവചനം പഠിപ്പിക്കുന്ന കാര്യങ്ങള്‍ അനുസരിച്ചാല്‍ ഒരുവന്‍റെ ദാമ്പത്യജീവിതത്തില്‍ സമൂലമായ മാറ്റം സംഭവിക്കും. അനുസരിക്കുന്നവരില്‍ മഹാവിജയവും അനുസരിക്കാത്തവരില്‍ വമ്പിച്ച അസന്തുഷ്ടിയുമാണു് ഉണ്ടാകുന്നതു്. ദൈവം വിവാഹത്തെ വീക്ഷിക്കുന്നതു പോലെ അതിനെ വീക്ഷിക്കുവാന്‍ ഒരുവന്‍റെ മനസ്സു് നവീകരിക്കപ്പെടുന്നതുവരെ ഒരു ക്രിസ്ത്യാനി ഒരിക്കലും തന്‍റെ വിവാഹപങ്കാളിയെപ്പറ്റി ചിന്തിക്കുവാന്‍ പോലും തുനിയരുതു്.
വിവാഹമെന്ന വ്യവസ്ഥയെ രൂപപ്പെടുത്തിയതില്‍ ദൈവത്തിന്‍റെ പ്ലാനും ഉദ്ദേശ്യവും എന്തായിരുന്നു? ആദ്യവിവാഹത്തെക്കറിച്ചുള്ള ബൈബിളിലെ വിവരണത്തിലേക്കുതിരിഞ്ഞു് നമുക്കു പരിശോധിക്കാം.
മനുഷ്യചരിത്രത്തിലെ ആദിമവിവാഹത്തെപ്പറ്റിയുള്ള ഒരു വിവരണം ഉല്‍പ. 2:18-25 വാക്യങ്ങളില്‍ നാം കാണുന്നു. ആ വിവാഹം നടത്തിയതു ദൈവം തന്നെയാണു്. ഉല്‍പ. 1:27-ല്‍ സംക്ഷിപ്തമായി സൂചിപ്പിച്ചിട്ടുള്ളതിന്‍റെ വിപുലരൂ പത്തിലുള്ള ഒരു വിശദീകരണമാണു് ഈ ഭാഗം.
ദൈവം ആദ്യം മനുഷ്യനെ ഏകനായി സൃഷ്ടിച്ചു. ആറാം ദിവസം വരെ താന്‍ സൃഷ്ടിച്ച എല്ലാറ്റിനെയും 'നല്ലതു്' എന്നു കണ്ട ദൈവം ('നല്ലതു് എന്നു ദൈവം കണ്ടു എന്ന പ്രസ്താവന ഉല്‍പത്തി ഒന്നാമധ്യായത്തില്‍ 5 പ്രാവശ്യം ആവര്‍ത്തിച്ചിരിക്കുന്നതു നോക്കുക) ഇപ്പോള്‍ 'മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല' എന്നു പ്രസ്താവിക്കുന്നതായി നാം കാണുന്നു ( ഉല്‍പ2:18) മില്‍റ്റന്‍ പറഞ്ഞിട്ടുള്ളതുപോലെ 'നല്ലതല്ല' എന്നു ദൈവം കണ്ട ആദ്യത്തെ കാര്യം ഏകാന്തതയായിരുന്നു. അനന്തരം ദൈവം ആദാമിന്‍റെ ഭാര്യയും തുണയാളിയുമായി സ്ത്രീയെ നിര്‍മ്മിക്കുവാന്‍ തുനിഞ്ഞു. അവളെ നിര്‍മ്മിച്ചു് ആദാമിനോടു കൂട്ടിച്ചേര്‍ത്തതിനുശേഷം അവിടുന്നു തന്‍റെ സൃഷ്ടിയെ നോക്കി. താന്‍ അപ്പോള്‍ കണ്ടതിനെ വിവരിക്കുവാന്‍ ' എത്രയും നല്ലതു്' എന്ന ശ്രേഷ്ഠമായ പദം അവിടുന്നു് ഉപയോഗിച്ചു. വിവാഹിതരായിത്തീര്‍ന്ന ഒരു സ്ത്രീയും പുരുഷനും പ്രപഞ്ചത്തിനു് ഒന്നാകെത്തന്നെ എത്ര വലിയ ഒരു വ്യത്യാസം വരുത്തിയെന്നു നോക്കുക!
വിവാഹത്തിന്‍റെ പ്രാഥമികലക്ഷ്യം തീര്‍ച്ചയായും കൂട്ടായ്മയും തുണയുമാണ്. ഉല്‍പ. 2:18 ഈ കാര്യം വിശദമാക്കുന്നു. ആദാമിന്‍റെ സന്തതസഹചാരിണിയായിത്തീരുവാനാണു് ഹവ്വയെ ദൈവം സൃഷ്ടിച്ചതു്. എല്ലാ പ്രകാരത്തിലും അവന്‍റെ വ്യക്തിത്വത്തെയും ജീവിതത്തെയും പൂരിപ്പിക്കുന്നവളാകുവാനാണു് അവള്‍ നിര്‍മ്മിക്കപ്പെട്ടതു്. അവനു് ഇണങ്ങുന്നവളും അനുയോജ്യയും തുല്യയും അനുരൂപയുമായ ഒരു തുണ.
ആദാമും ഹവ്വയും തങ്ങളുടെ പരസ്പരാപേക്ഷയും ഇരുവര്‍ക്കും ഒരുമിച്ചു ദൈവത്തോടുള്ള കടപ്പാടും മനസ്സിലാക്കിക്കൊണ്ടു ജീവിക്കണമെന്നു് ദൈവം ആഗ്രഹിച്ചു. അവരിലോരോരുത്തരും മറ്റേയാള്‍ക്കുവേണ്ടി ജീവിക്കേണ്ടതാണു്. ഇരുവരും ദൈവത്തിനായി ജീവിക്കയും വേണം. ആദാമിന്‍റെ ബലം കൂടാതെ ഹവ്വയ്ക്കും ഹവ്വയുടെ മൃദുലത കൂടാതെ ആദാമിനും ജീവിതം സാധ്യമല്ല. രണ്ടു പേര്‍ക്കും ദൈവത്തെക്കൂടാതെ ജീവിക്കുവാനും അസാധ്യം തന്നെ. ഇപ്രകാരമുള്ള ഒരു കൂട്ടായ്മയിലൂടെ ആത്മീയമായി അവര്‍ ശക്തി പ്രാപിക്കണമെന്നു് ദൈവം ആഗ്രഹിച്ചു. ദൈവവചനം ഈ കാര്യത്തെപ്പറ്റി നമ്മെ ഓര്‍പ്പിക്കുന്നതു നോക്കുക: ''ഒരാള്‍ തനിയെ ചെയ്യുന്നതിന്‍റെ ഇരട്ടിയില്‍ക്കൂടുതല്‍ രണ്ടുപേര്‍ ചേര്‍ന്നു ചെയ്യുവാന്‍ സാധിക്കും. അവരുടെ പ്രയത്‌നഫലം താരതമ്യേന മെച്ചമായിത്തീരും. ഒരുവന്‍ വീണാല്‍ മറ്റേയാള്‍ അവനെ പിടിച്ചെഴുന്നേല്‍പിക്കും. എന്നാല്‍ ഒരുവന്‍ തനിച്ചായിരിക്കുമ്പോള്‍ വീണുപോയാല്‍ അവന്‍ വിഷമത്തിലാകും. .... തനിയെ നില്‍ക്കുന്ന ഒരാളെ ആക്രമിച്ചു കീഴടക്കാം. ഇരുവരാണെങ്കിലോ പുറത്തോടുപുറം ചേര്‍ന്നുനിന്നു് വിജയം നേടാം'' ( സഭാ. 4:9-12 LB)
സാത്താന്‍ ഹവ്വയെ പരീക്ഷിക്കാനൊരുമ്പെട്ടതു് അവള്‍ ആദാമിനോടുകൂടെയിരുന്നപ്പോഴായിരുന്നില്ല, പിന്നെയോ തനിച്ചിരുന്നപ്പോഴായിരുന്നു എന്ന കാര്യം ഈ സത്യത്തെ തെളിയിക്കുന്നുണ്ട്. ആദാമിനും ഹവ്വയ്ക്കും ചേര്‍ന്നു് സാത്താന്‍റെ ആക്രമണത്തെ ചെറുത്തുനില്‍ക്കാമായിരുന്നു. തനിയെ അവരില്‍ ഓരോരുത്തരും ബലഹീനരായിരുന്നു. (മുകളില്‍ ഉദ്ധരിച്ച വാക്യം വിവരിക്കുന്നതുപോലെ) ഒരുമിച്ചു് അവരുടെ ബലം ഒരാളുടെ ബലത്തോടു് മറ്റേയാളുടേതു ചേര്‍ന്നാലാകുന്നിടത്തോളം മാത്രമല്ല, പിന്നെയോ പല മടങ്ങായി വര്‍ദ്ധിക്കുമായിരുന്നു. ക്രിസ്ത്യാനികളായ ഓരോ ഇണകളും തങ്ങളുടെ ആത്മീയശക്തി ഈ വിധത്തില്‍ വര്‍ദ്ധിപ്പിക്കണമെന്നു് ദൈവം ആഗ്രഹിക്കുന്നു.
എന്നാല്‍ ഭാര്യയും ഭര്‍ത്താവും പരസ്പരബന്ധത്തില്‍ ദൈവം തങ്ങളെക്കുറിച്ചു് ഉദ്ദേശിച്ചിട്ടുള്ള സ്ഥാനത്താണെങ്കില്‍ മാത്രമേ ഈ വിധത്തിലുള്ള ശക്തി അനുഭവപ്പെടുത്തുവാന്‍ സാധിക്കുകയുള്ളു. ഭാര്യയും ഭര്‍ത്താവും ജീവന്‍റെ കൃപയ്ക്കു കൂട്ടാളികളായി ( 1 പത്രോ. 3:7 ജീവിക്കാത്തിടത്തു് അവര്‍ തങ്ങളുടെ വിവാഹത്തിന്‍റെ മുഖ്യലക്ഷ്യം വിഫലമാക്കുക മാത്രമല്ല, സാത്താനു പ്രവേശിക്കുവാനായി വാതില്‍ മലര്‍ക്കെ തുറന്നുവയ്ക്കുക കൂടിച്ചെയ്യുന്നു.
ഒരു പക്ഷേ നിങ്ങള്‍ ഈ കാര്യം കേട്ടിരിക്കാം. ദൈവം ഹവ്വയെ ആദാമിന്‍റെ തലയില്‍നിന്നല്ല എടുത്തതു്; എന്തെന്നാല്‍ അവള്‍ പുരുഷനെ അടക്കിഭരിക്കുവാന്‍ ദൈവമാഗ്രഹിച്ചില്ല. ദൈവം അവളെ ആദാമിന്‍റെ കാലില്‍നിന്നുമല്ല എടുത്തതു്; കാരണം, അവള്‍ പുരുഷന്‍റെ അടിമയായിത്തീരണമെന്നു് ദൈവം ഇച്ഛിച്ചില്ല. എന്നാല്‍ ദൈവം അവളെ മനുഷ്യന്‍റെ ഒരു പാര്‍ശ്വത്തില്‍നിന്നു് എടുത്തു. കാരണമിതാണു്: അവള്‍ മനുഷ്യന്‍റെ സഹചാരിണിയും തുണയും ആയിരിക്കണമെന്നാണു് ദൈവത്തിന്‍റെ ആഗ്രഹം. ആദാമിന്‍റെ പാര്‍ശ്വത്തില്‍, അവന്‍റെ ഹൃദയത്തോടുചേര്‍ന്ന ഭാഗത്തുനിന്നുതന്നെയാണു് ഹവ്വയെ എടുത്തതു്. എന്തെന്നാല്‍ ആദാം എപ്പോഴും അവളെ തന്‍റെ പാര്‍ശ്വത്തില്‍ത്തന്നെ ചേര്‍ത്തു സംരക്ഷിക്കണമെന്നായിരുന്നു ദൈവഹിതം. അവള്‍ എപ്പോഴും അവന്‍റെ ഹൃദയത്തോടു് അടുത്തവളായിരിക്കണം. ആര്‍ദ്രചിത്തതയോടെ അവളെ അവന്‍ സ്‌നേഹിക്കുകയും പുലര്‍ത്തുകയും ചെയ്യണം. ഈ സാദൃശ്യത്തില്‍ ഇങ്ങനെ വളരെ സത്യം അടങ്ങിയിരിക്കുന്നുവെന്നു് നാം മനസ്സിലാക്കുന്നു.
ഉല്‍പ. 2:21 -ല്‍ ദൈവം മനുഷ്യന്‍റെ വാരിയെല്ലുകളില്‍ ഒന്നു് എടുത്തശേഷം അവിടെ അതു് മൂടുമാറു് പകരം മാംസം പിടിപ്പിച്ചു എന്നു് നാം വായിക്കുന്നു. ഇവിടെയും പ്രതീകാത്മകമായ അര്‍ത്ഥം അടങ്ങിയിരിക്കുന്നു. വാരിയെല്ലു് ആദാമില്‍നിന്നു് എടുത്തുമാറ്റിയതോടെ ആദാമിനു് തന്‍റെ ഒരംശം കുറവായ ഒരവസ്ഥയുണ്ടായി. പകരം മാംസം പിടിപ്പിച്ചതുമൂലം ഇതു് വ്യക്തമായി പുറമേകാണു വാന്‍ അസാധ്യവുമായിരുന്നു. ഹവ്വയ്ക്കുമാത്രം നിറയ്ക്കുവാന്‍ സാധിക്കുന്ന ഒരു ശൂന്യസ്ഥാനം അവനില്‍ ഉണ്ടായി എന്നാണു് ഇതിന്‍റെ അര്‍ത്ഥം. എന്തെന്നാല്‍ അവള്‍ ആ വാരിയെല്ലില്‍നിന്നു സൃഷ്ടിക്കപ്പെട്ടവളാണു്. യെഹൂദറബ്ബിമാര്‍ ഇപ്രകാരം പഠിപ്പിക്കാറുണ്ട്: ''തന്‍റെ പാര്‍ശ്വത്തില്‍നിന്നു് എടുക്കപ്പെട്ട വാരിയെല്ല് തനിക്കു ലഭിക്കാത്ത അവസ്ഥയില്‍ പുരുഷന്‍ അസ്വസ്ഥനാകുന്നു; താന്‍ എവിടെ നിന്നെടുക്കപ്പെട്ടുവോ ആ ഭാഗത്തു്, അതായതു് പുരുഷന്‍റെ കൈക്കീഴില്‍, താന്‍ വന്നുചേരുന്നതുവരെ സ്ത്രീയും അസ്വസ്ഥയത്രേ.''
ഒരു ഭര്‍ത്താവും ഭാര്യയും തമ്മില്‍ ഉണ്ടായിരിക്കണമെന്നു് ദൈവം ആഗ്രഹിക്കുന്ന ബന്ധം ഈ വിധത്തിലുള്ളതാണു്. ഇപ്രകാരമുള്ള ഒരു ബന്ധത്തില്‍ കൂടി (കൂട്ടായ്മയില്‍ക്കൂടി) മാത്രമേ ദൈവശക്തി വെളിപ്പെടുകയും അവിടുത്തെ ഉദ്ദേശ്യം നിറവേറുകയും ചെയ്കയുള്ളു.
പുതിയനിയമത്തില്‍ ഭാര്യാഭര്‍ത്തൃബന്ധത്തെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ കര്‍ത്താവായ യേശുക്രിസ്തുവും (പരിശുദ്ധാത്മപ്രേരണയാല്‍) അപ്പോസ്തലനായ പൗലോസും ഉല്‍പത്തി രണ്ടിലെ ഈ ഭാഗം ഉദ്ധരിക്കുന്നതായി നാം കാണുന്നു ( മത്താ. 19:3-9;എഫേ. 5:22-33. ) അതിനാല്‍ വിവാഹത്തെപ്പറ്റി യഥാര്‍ത്ഥമായ ഒരു ക്രിസ്തീയധാരണ നമുക്കുണ്ടാകുന്നതിലേക്കു് ഉല്‍പത്തി പുസ്തകത്തിലെ ഈ ഭാഗത്തില്‍ അടങ്ങിയ ഉപദേശം പരമപ്രാധാന്യം അര്‍ഹിക്കുന്നതാണു്.
പുതുതായി വിവാഹം കഴിഞ്ഞ ആദാമിനോടും ഹവ്വയോടും ഉല്‍പ. 1:28-ല്‍ ദൈവം ആദ്യമായിപ്പറയുന്ന വാക്കുകളില്‍ വിവാഹത്തിന്‍റെ രണ്ടാമത്തെ ഉദ്ദേശ്യം നാം കാണുന്നു. അവര്‍ സന്താനപുഷ്ടിയുള്ളവരായിത്തീരണം. ദൈവം വിവാഹത്തെ സ്ഥാപിച്ചതിന്‍റെ മറ്റൊരു കാരണം സന്താനോല്‍പാദനവും ഒരു ഭവനത്തിന്‍റെ സ്ഥാപനവുമാണു്. ലൈംഗികപ്രവര്‍ത്തനത്തെ ദൈവം സൃഷ്ടിച്ചതു് പ്രാഥമികമായി ഈ ലക്ഷ്യത്തിനുവേണ്ടിയത്രേ.
ദൈവാരാധനയുടെയും സേവനത്തിന്‍റെയും ഒരു കേന്ദ്രമെന്ന നിലയില്‍ കുടുംബത്തിനു് ബൈബിള്‍ വലിയ പ്രാധാന്യം നല്‍കുന്നു. ദൈവത്തിന്‍റെ നേതൃത്വത്തിന്‍കീഴില്‍ ഒരു കുടുംബം ക്രമീകരിക്കപ്പെടുന്നതു് അവിടുത്തേക്കു് വളരെ മഹത്വം കരേറ്റുന്ന ഒരു കാര്യമാണു്. ദൈവം നമുക്കു കുഞ്ഞുങ്ങളെ നല്‍കുന്നതു് നമ്മുടെ ഹൃദയത്തെ സന്തോഷിപ്പിക്കുവാന്‍ മാത്രമല്ല, നാം അവരെ ദൈവഭയത്തില്‍ വളര്‍ത്തി അവര്‍ തങ്ങളുടെ തലമുറയില്‍ അവിടുത്തെ വിശ്വസ്തസാക്ഷികളായിത്തീരുന്നതിനും കൂടിയാണു്. ഈ കാര്യം ദൈവവചനത്തില്‍ വീണ്ടും വീണ്ടും ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. (സങ്കീ. 78:5-7).
ദൈവത്തെ മഹത്വപ്പെടുത്തുകയും അവിടുത്തെ വിശ്വസ്തതയ്ക്കും കരുതലിനും സാക്ഷ്യം വഹിക്കുകയും ചെയ്യുന്ന ഒരു കുടുംബം പടുത്തുയര്‍ത്തുക എന്നതു് വിവാഹിതരായിത്തീരുന്ന എല്ലാ വധൂവരന്മാരുടെയും ദൈവദത്തമായ കടമയാണു്. ഒരു മനുഷ്യനു് ഏതുകാലത്തും നടത്താവുന്നതില്‍വച്ചു് ഏറ്റവും ഫലപ്രദമായ സുവിശേഷപ്രസംഗമാണു് കര്‍ത്താവിന്‍റെ വഴിയിലൂടെ നടക്കുന്ന സന്താനങ്ങള്‍. തന്‍റെ മക്കളെ ദൈവികമാര്‍ഗ്ഗത്തില്‍ വളര്‍ത്തിയതിനു് ദൈവം അബ്രഹാമിനു നല്‍കിയ അനുഗ്രഹവും അതു ചെയ്യാതിരുന്നതിനു് ഏലിക്കു നല്‍കിയ ശാപവും ഈ വസ്തുതയ്ക്കു ദൈവം നല്‍കുന്ന പ്രാധാന്യം തെളിയിക്കുന്നു (സങ്കീ. 78:5-7). ഉല്‍പ. 18:19;1 ശമൂ. 3:13,14).
പുതിയനിയമത്തിലും ഇതിന്‍റെ പ്രാധാന്യത്തെപ്പറ്റിയുള്ള പഠിപ്പിക്കല്‍ കാണുന്നുണ്ട്. എഫേസ്യലേഖനത്തില്‍ സഭ ക്രിസ്തുവിന്‍റെ ശരീരമെന്ന മര്‍മ്മം വിശദീകരിച്ചതിനുശേഷം (അധ്യായം 1 മുതല്‍ 3 വരെ) പൗലോസ് തുടര്‍ന്നു് ഈ സത്യത്തെ പ്രയോഗത്തില്‍ വരുത്തേണ്ടതു ക്രിസ്തീയഭവനങ്ങളില്‍ ഭാര്യാ ഭര്‍ത്താക്കന്മാര്‍ തമ്മിലും മക്കളും മാതാപിതാക്കന്മാരും തമ്മിലും യജമാനന്മാരും ഭൃത്യന്മാരും തമ്മിലും ഉള്ള ബന്ധത്തിലൂടെയാണെന്നു് പ്രസ്താവിക്കുന്നു (എഫേ. 5:22-6:9). പൗലോസ് ഇവിടെ സംസാരിക്കുന്നതു് പ്രാഥമികമായി പ്രാദേ ശികസഭയെപ്പറ്റിയല്ല, പ്രത്യുത കുടുംബത്തെപ്പറ്റിയാണു് എന്ന കാര്യം വിശിഷ്യ ശ്രദ്ധേയമായിരിക്കുന്നു. ക്രിസ്തീയഭവനത്തിന്‍റെ സാക്ഷ്യമാണു് ദൈവദൃഷ്ടിയില്‍ ഒന്നാമതു പ്രാധാന്യമുള്ള കാര്യമെന്നു് ഇതു വ്യക്തമാക്കുന്നു. ഒരു പ്രാദേശികസഭ സുശക്തമായിരിക്കണമെങ്കില്‍ അതിന്‍റെ ഘടകങ്ങളായ കുടുംബങ്ങള്‍ സുശക്തങ്ങളായേ തീരൂ. കുടുംബങ്ങളില്‍ ആത്മീയാന്തരീക്ഷമില്ലാതിരുന്നാല്‍ അതു് പ്രാദേശികസഭയുടെ വിനാശത്തിനു വഴിതെളിക്കുന്നു.
അതിനാല്‍ സാത്താന്‍റെ ഏറ്റവും ഭീകരങ്ങളായ ആക്രമണങ്ങള്‍ ഈ സമരമുഖത്തായിരിക്കുമെന്നതു് സ്വാഭാവികമായും നമുക്കു പ്രതീക്ഷിക്കാവുന്ന കാര്യമാണു്. ദൈവം സ്ഥാപിച്ച ആദ്യത്തെ ഭവനത്തില്‍ സാത്താന്‍ അസൂയയും വിദ്വേ ഷവും കൊലപാതകവും കടക്കുവാനിടവരുത്തി ( ഉല്‍പ. 4:). അതിനുശേഷം ഇന്നുവരെ ഒരൊറ്റ ഭവനത്തെപ്പോലും സാത്താന്‍ ആക്രമിക്കാതിരുന്നിട്ടില്ല. അതിനാല്‍എഫേസ്യലേഖനത്തില്‍ ആത്മീയമായ പോരാട്ടത്തെക്കുറിച്ചു പഠിപ്പിക്കുന്ന ഭാഗം ക്രിസ്തീയഭവനത്തെപ്പറ്റി പഠിപ്പിക്കുന്ന ഭാഗത്തിനു തൊട്ടടുത്തായി കാണപ്പെടുന്നു ( എഫേ. 6:10-18). ദൈവഭക്തിയുള്ള ഒരു കുടുംബം പടുത്തുയര്‍ത്തുവാനുള്ള എല്ലാ പരിശ്രമത്തെയും സാത്താന്‍ എതിര്‍ക്കുമെന്നുള്ളതിനു് ഇതു നമുക്കു് ഒരു മുന്നറിയിപ്പാണു്. എങ്കിലും ശത്രുവിന്‍റെ എല്ലാ ആക്രമണങ്ങളെയും ചെറുത്തുനിന്നു വിജയം നേടുവാനുള്ള ആയുധവര്‍ഗ്ഗം ദൈവം നമുക്കു നല്‍കിയിരിക്കുന്നുവെന്നുള്ള കാര്യവും ഈ ഭാഗത്തുതന്നെ പ്രസ്താവിച്ചിട്ടുണ്ട്.
ദൈവത്തെ മഹത്വപ്പെടുത്തുന്ന ഒരു ഭവനത്തിന്‍റെ സ്ഥാപനം വിവാഹത്തെ സംബന്ധിച്ചു ദൈവത്തിനുള്ള മുഖ്യലക്ഷ്യങ്ങളില്‍ ഒന്നാണെന്നുള്ളതു് നിസ്തര്‍ക്കം തന്നെ.
ആദാമിനോടും ഹവ്വയോടും നിങ്ങള്‍ സന്താനപുഷ്ടിയുള്ളവരായിത്തീരും എന്നു ദൈവം കല്പിച്ചതില്‍നിന്നു് അവര്‍ ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടണമെന്നു് ദൈവം ഉദ്ദേശിച്ചിരുന്നുവെന്ന കാര്യം വ്യക്തമാകുന്നുണ്ട്. പുരുഷനും സ്ത്രീയ്ക്കും തങ്ങളുടെ ലൈംഗികാഭിലാഷത്തിനു സമ്പൂര്‍ണ്ണമായ പൂര്‍ത്തി ലഭിക്കുവാന്‍ ദൈവം ഉദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗമാണു് വിവാഹം. ഇതു് വിവാഹത്തിന്‍റെ മൂന്നാമത്തെ ഉദ്ദേശ്യമാണു്.
കേവലം ശാരീരികമായ സംതൃപ്തി, സന്തുഷ്ടി എന്നിവയെക്കാളൊക്കെ വളരെ കവിഞ്ഞ ഒരു കാര്യമാണു് വിവാഹത്തിലൂടെയുള്ള ലൈംഗികമായ അഭിലാഷപൂരണം. ശാരീരികസംതൃപ്തി മാത്രമേ അതുകൊണ്ടു ഉദ്ദേശിച്ചിരുന്നുള്ളുവെങ്കില്‍ മനുഷ്യനു മൃഗത്തെക്കാള്‍ മെച്ചമൊന്നുമില്ലെന്നുവരുമായിരുന്നു. സ്ത്രീപു രുഷബന്ധത്തിന്‍റെ ശാരീരികവശത്തെ ബൈബിള്‍ നിന്ദിക്കുന്നില്ല. ലൈംഗികബന്ധം ദൈവസൃഷ്ടമായ ഒന്നെന്നനിലയില്‍ പവിത്രവും വിശുദ്ധവുമാണെന്നു് ഒന്നാമധ്യായത്തില്‍ നാം കണ്ടുകഴിഞ്ഞു. എന്നാല്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ലൈംഗികവേഴ്ച എല്ലാ സമയത്തും അതിനെക്കാള്‍ കൂടുതല്‍ ആഴമായ നിലയില്‍ അവരുടെ ആന്തരികവ്യക്തിത്വത്തില്‍ അവര്‍ നേരത്തേതന്നെ പ്രാപിച്ചിട്ടുള്ള ഏകീഭാവത്തിന്‍റെ പ്രതീകാത്മകമായ പരമകാഷ്ഠയും ബാഹ്യപ്രകടനവുമായിരിക്കണം. അതു് അവര്‍ക്കു് അന്യോന്യമുള്ള അഗപ്പേസ്‌നേഹത്തിന്‍റെ ബാഹ്യപ്രകാശനമായി രിക്കണം. വിവാഹശയ്യ ഒരു പരിശുദ്ധമായ യാഗപീഠമായിത്തീരണം. അതിന്മേല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളിലും ത്യാഗമയമായ സേവനത്തിലൂടെ അന്യോന്യം ആത്മസമര്‍പ്പണം ചെയ്യുവാനുള്ള തങ്ങളുടെ ആഗ്രഹത്തെ ലൈംഗികവേഴ്ചയില്‍ക്കൂടി പ്രകാശിപ്പിക്കണം.
വിവാഹത്തിലുള്ള ലൈംഗികസ്‌നേഹത്തെ മഹത്വമുള്ള ഒന്നായി ബൈബിള്‍ നമുക്കു കാണിച്ചുതരുന്നു. ബൈബിളില്‍ ഒരു പുസ്തകം ഒന്നാകെത്തന്നെ സ്‌നേഹബദ്ധരായ രണ്ടാളുകളുടെ വൃത്താന്തം വര്‍ണ്ണിക്കുന്നതിനായി വിനിയോഗിച്ചിട്ടുണ്ട് - ഉത്തമഗീതം. മണവാളന്‍ മണവാട്ടിയില്‍ സന്തോഷിക്കുന്നതിനെപ്പറ്റി ബൈബിള്‍ പ്രസ്താവിക്കുന്നു ( യെശ. 62:5). അതു് ഭര്‍ത്താക്കന്മാരെ തങ്ങളുടെ ഭാര്യമാരുമൊത്തു് ലൈംഗികസംതൃപ്തി പ്രാപിക്കുവാനും അവരുടെ സ്‌നേഹത്തില്‍ രമിച്ചു് ആനന്ദിക്കുവാനും പ്രോത്സാഹിപ്പിക്കുണ്ട് ( സദൃ. 5:18,19; 1 കൊരി. 7:5 എന്നിവ നോക്കുക). അതില്‍ പാപകരമായി ഒന്നുമില്ല. അതു് നിയമാനുസൃതമാണു്, ശരിയാണു്. അനേകമാളുകളും ലൈംഗികബന്ധത്തെ ഒരശുദ്ധ കാര്യമായി സങ്കല്പിക്കുന്നതുമൂലമാണു് ഈ കാര്യങ്ങളൊക്കെ ദൈവവചനത്തില്‍ ഉള്‍പ്പെടുത്തിയതെങ്ങനെയെന്നു ഗ്രഹിക്കുവാന്‍ അവര്‍ക്കു സാധിക്കാതിരിക്കുന്നതു്. (ഹൃദയത്തിലും മനസ്സാക്ഷിയിലും) ''ശുദ്ധിയുള്ളവര്‍ക്കു് എല്ലാം ശുദ്ധം തന്നെ; എന്നാല്‍ മലിനന്മാര്‍ക്കും അവിശ്വാസികള്‍ക്കും ഒന്നും ശുദ്ധമല്ല. അവരുടെ ചിത്തവും മനസ്സാക്ഷിയും മലിനമായിത്തീര്‍ന്നിരിക്കുന്നു'' ( തീത്തോ. 1:15). നമ്മുടെ മനസ്സു് ഇപ്പോഴും ജഡികമെങ്കില്‍ അശുദ്ധിയൊന്നുമില്ലാത്തിടത്തു് നാം അശുദ്ധി ദര്‍ശിക്കും. അപ്പോള്‍ ദൈവം തന്‍റെ വചനത്തില്‍ എഴുതിയിട്ടുള്ള കാര്യങ്ങള്‍ കൂടി അശുദ്ധമായി നാം കരുതും. എന്നാല്‍ പരിശുദ്ധാത്മാവിനാല്‍ നമ്മുടെ മനസ്സുകള്‍ പുതുക്കം പ്രാപിക്കുമ്പോള്‍ ദൈവം ലൈംഗികബന്ധത്തെ വീക്ഷിക്കുന്നതുപോലെ അതിനെ നാമും വീക്ഷിക്കുവാന്‍ തുടങ്ങും. അപ്പോള്‍ വിവാഹത്തിലൂടെയുള്ള ലൈംഗികസംതൃപ്തി യഥാര്‍ത്ഥത്തില്‍ വിശുദ്ധവും ഉചിതവുമാണെന്നു് നമുക്കു ഗ്രഹിപ്പാന്‍ കഴിയും.
പാപം ലോകത്തില്‍ കടക്കുന്നതിനുമുമ്പു് ഏദെന്‍തോട്ടത്തില്‍വച്ചു് ആദാമും ഹവ്വയും അന്യോന്യം ലൈംഗികസംതൃപ്തി പ്രാപിക്കണമെന്നു് ദൈവം ഉദ്ദേശിച്ചിരുന്നു. പാപത്തിന്‍റെ വരവിനുശേഷം ഇപ്പോള്‍ വിവാഹം കുറെക്കൂടി ആവശ്യമായിത്തീര്‍ന്നിരിക്കുന്നുവെന്നു് ബൈബിള്‍ പ്രസ്താവിക്കുന്നു. (ഒരു പക്ഷേ ഇതു് പുരുഷന്മാരെ സംബന്ധിച്ചു് കൂടുതല്‍ ശരിയായിരിക്കണം.) എന്തെന്നാല്‍ അവിവാഹിതനായ പുരുഷനു് ലൈംഗികപാപത്തില്‍ വീഴുവാന്‍ അധികം സാധ്യതയുണ്ട് ( 1 കൊരി. 7:2). അസംതൃപ്തമായ അഭിലാഷത്താല്‍ നിരന്തരം യാതനയ നുഭവിക്കുവാനിടയാകാതെ വിവാഹം ചെയ്യുവാന്‍ ബൈബിള്‍ പുരുഷനെ ഉപദേശിക്കുന്നു. സ്ത്രീപുരുഷന്മാര്‍ക്കു് ലൈംഗികാഭിലാഷത്തെ തൃപ്തിപ്പെടുത്തുവാന്‍ ദൈവം വ്യവസ്ഥാപിച്ചിട്ടുള്ള ഏകമാര്‍ഗ്ഗം വിവാഹമാണു് ( 1കൊരി. 7:9).
ഭാര്യാഭര്‍ത്തൃബന്ധം ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധത്തിന്‍റെ ഒരു ചിഹ്നം അഥവാ പ്രതീകം (symbol) ആണെന്നു് ദൈവവചനം പറയുന്നു ( എഫേ. 5:22,23 ). ഇ തു് മഹത്വകരമായ ഒരു വെളിപ്പാടുതന്നെ. ദൈവവചനത്തില്‍ ഭര്‍ത്താ വിനെ ഭാര്യയുടെ തലയായി കല്പിച്ചിരിക്കുന്നു. അതുകൊണ്ട് ഭാര്യമാര്‍ തങ്ങളു ടെ ഭര്‍ത്താക്കന്മാര്‍ക്കു കീഴ്‌പ്പെട്ടിരിക്കണമെന്നു് വചനം അനുശാസിക്കുന്നു. മറ്റൊരുഭാഗത്തു് ഭാര്യമാരോടുള്ള കല്പന അവര്‍ സകലത്തിലും ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരിക്കയും അവരെ ബഹുമാനിക്കുകയും ഭയഭക്തിയോടെ ആദരിക്കയും വേണമെന്നാണു് ( എഫേ. 5:22-24;1 പത്രോ. 3:1-6). ഇപ്രകാരമുള്ള കീഴടക്കം ഇന്നത്തെക്കാലത്തു് എല്ലാവരും സ്വീകരിച്ചിട്ടുള്ള ഒരു നടപടി അല്ലായിരിക്കാം; എന്നാല്‍ അതു ദൈവവചനത്തിന്‍റെ പ്രമാണമാണു്. ഈ പ്രമാണം ലംഘി ട്ടുള്ള ഒരു ഭവനം ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ അനുസരണക്കേടിന്‍റെ ഭവിഷ്യത്തുകള്‍ അനുഭവിക്കുമെന്നു തീര്‍ച്ചയാണു്. വിവാഹജീവിതത്തില്‍ ദൈവത്തിന്‍റെ ഈ കല്പനകള്‍ അനുസരിക്കാന്‍ ഏതെങ്കിലും യുവതിക്കു മനസ്സില്ലെങ്കില്‍ അവള്‍ ഒരിക്കലും വിവാഹം കഴിക്കാനേ പാടില്ല. അപ്രകാരമുള്ള ഒരു പെണ്‍കുട്ടി വിവാഹം ചെയ്തിട്ടു് ദൈവകല്പനകളെ നിരന്തരം ധിക്കരിച്ചുകൊണ്ട് ജീവിക്കുന്നതിനെക്കാള്‍ അവിവാഹിതയായിക്കഴിയുന്നതു ഏറെ നന്നായിരിക്കും.
എഫേസ്യലേഖനത്തില്‍നിന്നു് മുകളിലുദ്ധരിച്ച വാക്യങ്ങളെ തുടര്‍ന്നുള്ള ഭാഗത്തു് ക്രിസ്തു സഭയെ സ്‌നേഹിച്ചു് അവള്‍ക്കുവേണ്ടി തന്നെത്തന്നെ ഏല്‍പിച്ചുകൊടുത്തതുപോലെ ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കണമെന്നു് ഉപദേശിച്ചിട്ടുണ്ട് (എഫേ. 5:28-32). ദൈവകല്പന ഒരുവനു് തന്‍റെ ഭാര്യയുടെമേല്‍ യുക്തിവിരുദ്ധമായ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുന്നതായി ഭര്‍ത്താക്കന്മാര്‍ ആരുംതന്നെ കരുതാതിരിപ്പാന്‍ ഈ ഭാഗം സഹായിക്കുന്നു. ഇതിന്‍റെ അര്‍ത്ഥവ്യാപ്തി ഇപ്രകാരമാണു്: ഭര്‍ത്താക്കന്മാര്‍ ആത്മത്യാഗപരമായ സ്‌നേഹത്തോടെ തങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കണം. അവരുടെ നന്മയ്ക്കും സന്തുഷ്ടിക്കും വേണ്ടി എന്തെങ്കിലും വസ്തുവകകളല്ല, പിന്നെയോ തങ്ങളുടെ ജീവന്‍തന്നെ നല്‍കണം. ക്രിസ്തു ഒരിക്കലും നശിക്കാത്ത സ്‌നേഹത്തോടുകൂടി സഭയെ സ്‌നേഹിക്കുന്നതുപോലെ ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെ ഒരിക്കലും നിലച്ചുപോകാത്ത സ്‌നേഹത്തോടെ സ്‌നേഹിക്കണം. ഇതിനുപകരം ഭാര്യമാര്‍ തങ്ങളെ സ്‌നേഹിച്ചാലുമില്ലെങ്കിലും ഇതു ചെയ്യുവാന്‍ അവര്‍ ബാധ്യസ്ഥരാണു്. ക്രിസ്തുവിനു് തന്‍റെ ശിഷ്യന്മാരോടുണ്ടായിരുന്ന സ്‌നേഹം അവരുടെ കാലുകള്‍ കഴുകുന്നതിനുപോലും അവിടുത്തെ പ്രേരിപ്പിച്ചുവെന്നോര്‍ക്കുക (യോഹ. 13:1-5). മുന്‍പറഞ്ഞ വചനഭാഗത്തുതന്നെ ഭര്‍ത്താക്കന്മാര്‍ സ്വന്തശരീരങ്ങളെപ്പോലെ തങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കണം എന്ന കല്പന അടങ്ങിയിരിക്കുന്നു. ഒരാള്‍ സ്വന്തശരീരത്തെ മനഃപൂര്‍വം മുറിവേല്‍പിക്കുകയോ അതിനു കേടുവരുത്തുകയോ ചെയ്യാത്തതുപോലെ അവര്‍ ഭാര്യമാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയോ അവരെ ദുഃഖിപ്പിക്കുകയോ ചെയ്‌വാന്‍ പാടില്ല. സ്വന്ത ശരീരത്തെ ആപത്തില്‍നിന്നു രക്ഷിക്കുകയും അതിനുവേണ്ടി കരുതുകയും ചെയ്യുന്നതുപോലെ അവര്‍ തങ്ങളുടെ ഭാര്യമാരെ സംരക്ഷിക്കുകയും അവര്‍ക്കു വേണ്ടി കരുതുകയും ചെയ്യേതാണു്. ഇപ്രകാരമുള്ള തിരുവചനത്തിലെ ഉപദേശങ്ങളെ അനുസരിക്കുവാന്‍ ഒരുവന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ അയാള്‍ അവിവാ ഹിതനായിക്കഴിയുന്നതായിരിക്കും നല്ലതു്.
എഫേസ്യലേഖനത്തിലെ ഈ ഭാഗത്തുകൂടി ദൈവം വ്യക്തമാക്കുവാനുദ്ദേശിക്കുന്ന ആശയം ഇതാണു്: ഓരോ ഭര്‍ത്താവും ഭാര്യയും ക്രിസ്തുവും സഭയും പോലെ ഒന്നായിത്തീരണം. ആ ബന്ധത്തിന്‍റെ സുന്ദരഭാവങ്ങളെ വെളിപ്പെടുത്തുന്നതായിരിക്കണം അവരുടെ ഒരുമിച്ചുള്ള ജീവിതം.
പരിശുദ്ധാത്മാവു നിറഞ്ഞവരായിത്തീരുവാനുള്ള കല്പന (എഫേ. 5:18) ഭാര്യാഭര്‍ത്തൃബന്ധത്തെപ്പറ്റിയുള്ള ഈ ഭാഗത്തിനു തൊട്ടുമുമ്പായിക്കാണുന്നു. ആത്മനിറവു് ഒന്നാമതായിത്തന്നെ ഭവനത്തില്‍ ക്രിസ്തുവിനെപ്പോലെ പെരുമാറുവാന്‍ നമ്മെ സഹായിക്കണം എന്നു സൂചിപ്പിക്കുകയല്ലേ ഇവിടെ ചെയ്തിട്ടുള്ളതു്? ഇതിന്‍റെ മറുവശവും ആലോചിക്കാം. വിവാഹജീവിതത്തിലൂടെ ദൈവത്തെ മഹത്വപ്പെടുത്തണമെങ്കില്‍ പരിശുദ്ധാത്മനിറവു പ്രാപിക്കേണ്ടതാവശ്യമാണു്.
ഒരു ജീവിതപങ്കാളിയെ അന്വേഷിക്കുന്നതിനുമുമ്പായി മുകളില്‍ വിവരിച്ചതുപോലെയുള്ള ഒരു ഭവനത്തിനായി താന്‍ യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നുണ്ടോ എന്നു് ഓരോ ക്രിസ്ത്യാനിയും തന്നോടുതന്നെ ചോദിക്കണം. ആ വിധത്തിലുള്ള ഒരഭിവാഞ്ഛയില്ലാത്ത ഒരാള്‍ക്കു് വിവാഹത്തില്‍ ദൈവനടത്തിപ്പു് എങ്ങനെ പ്രതീക്ഷിക്കുവാന്‍ കഴിയും? എന്നാല്‍ ഇതാണു് നിങ്ങളുടെ യഥാര്‍ത്ഥമായ ആഗ്രഹമെങ്കില്‍ തന്‍റെ പരിപൂര്‍ണ്ണഹിതപ്രകാരമുള്ള ഒരു വിവാഹത്തിലേക്കു് നിങ്ങളെ ദൈവം നയിക്കുകമാത്രമല്ല, അപ്രകാരമുള്ള ഒരു ഭവനം പടുത്തുയര്‍ത്തുവാന്‍ ദൈവം നിങ്ങളെ ശക്തിപ്പെടുത്തുകയുംകൂടി ചെയ്യുമെന്നു് നിങ്ങള്‍ക്കു് ഉറപ്പായി വിശ്വസിക്കാം.
ബൈബിള്‍ വിവാഹജീവിതത്തിന്‍റെ മഹത്വത്തെക്കുറിച്ചുമാത്രമല്ല, അവിവാഹിതജീവിതത്തിന്‍റെ മെച്ചങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. അതിനാല്‍ ഈ അധ്യായം സമാപിക്കുന്നതിനുമുമ്പു് സന്തുലിതാവസ്ഥ പാലിപ്പാന്‍വേണ്ടി അവിവാഹിതജീവിതത്തെക്കുറിച്ചുകൂടി ചില കാര്യങ്ങള്‍ പ്രസ്താവിക്കേണ്ടിയിരിക്കുന്നു.
1 കൊരി. അധ്യായം 7-ല്‍ പൗലോസ് അവിവാഹിതജീവിതത്തെപ്പറ്റി സംസാരിക്കുന്നു. ഈ അധ്യായത്തില്‍നിന്നുംമത്താ. 19:12-ലുള്ള കര്‍ത്താവിന്‍റെ പ്രസ്താവനയില്‍നിന്നും വിവാഹജീവിതത്തെക്കാള്‍ അവിവാഹിതാവസ്ഥ കൂടുതല്‍ അഭികാമ്യവും കൂടുതല്‍ ആത്മീയവുമായ ഒരു വിളിയാണെന്നു ചിലര്‍ ധരിക്കുവാനിടയായിട്ടുണ്ട്. എന്നാല്‍ വാസ്തവത്തില്‍ ബൈബിള്‍ അപ്രകാരമാണോ പഠിപ്പിക്കുന്നതു്?
1 കൊരി. 7-നെപ്പറ്റി ചിന്തിക്കുമ്പോള്‍ അവിടെ താന്‍ സ്വന്ത അഭിപ്രായമാണു് പറയുന്നതെന്നും അവര്‍ ഉന്നയിച്ച കാര്യങ്ങളെപ്പറ്റി കര്‍ത്താവിന്‍റെ മനസ്സു് എന്താണെന്നു തനിക്കു തീര്‍ച്ചയില്ലെന്നും പൗലോസ് നാലുപ്രാവശ്യം പറയുന്ന കാര്യം നാമോര്‍ക്കേണ്ടതു് ആവശ്യമാണു് ( വാ. 6,12,25,40 എന്നിവ നോക്കുക).
എല്ലാ മനുഷ്യരും തന്നെപ്പോലെ അവിവാഹിതരായിരിക്കണമെന്നു് പൗലോസ് ആഗ്രഹിക്കുന്നുണ്ടെങ്കിലും ഓരോ വ്യക്തിക്കും തന്‍റെതായ പ്രത്യേകവരം ദൈവത്തില്‍നിന്നു ലഭിക്കുന്നുവെന്ന കാര്യം താന്‍ മനസ്സിലാക്കിയിരുന്നതായി അദ്ദേഹം വ്യക്തമാക്കുന്നുണ്ട് ( വാ. 7). പൗലോസ് വരം (gift) എന്ന പദം തന്നെ ഇവിടെ ഉപയോഗിക്കുന്നതു പ്രത്യേകം ശ്രദ്ധേയമാണു്. അതുകൊണ്ട് അദ്ദേഹം അര്‍ത്ഥമാക്കുന്നതു് അവിവാഹിതാവസ്ഥയ്ക്കു പ്രത്യേകശ്രേഷ്ഠതയൊന്നും കല്പിക്കുന്നില്ല എന്നാണല്ലോ. അതു് ഒരു നേട്ടമോ പ്രതിഫലമോ അല്ല, മറിച്ചു് ഒരു വരം (ദാനം) മാത്രമാണു്. മത്താ. 19:11-ല്‍ യേശു അതേ പദം തന്നെ ഉപയോഗിച്ചു. ചിലര്‍ക്കു് അവിവാഹിതജീവിതം നയിക്കുവാനുള്ള കഴിവു 'ലഭിക്കുന്നു' എന്നാണു് അവിടെ കര്‍ത്താവു പറയുന്നതു്. ദൈവത്തില്‍നിന്നു് ഈ കഴിവു ലഭിച്ചവര്‍ മാത്രമേ അപ്രകാരമൊരു ജീവിതം സ്വീകരിക്കാവൂ എന്നു് കര്‍ത്താവു വളരെ വ്യക്തമായി പറയുന്നു ( വാ. 12) . അവിവാഹിതനായിക്കഴിയുന്നതില്‍ പ്രത്യേകിച്ചൊരു ശ്രേഷ്ഠതയൊന്നുമില്ല. അതു തീര്‍ച്ചയായും ചുരുക്കം ചിലര്‍ക്കു വേണ്ടിയുള്ള ദൈവവിളിയാണെന്ന കാര്യം നിസ്തര്‍ക്കമാണു്. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകളുടെ കാര്യത്തിലും അവര്‍ വിവാഹജീവിതം നയിക്കണമെന്നതു് ദൈവനിശ്ചയമാണു്. നിങ്ങള്‍ വിവാഹം കൂടാതെ കഴിയണമെന്നു് ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവിടുന്നു് അതു് നിങ്ങളെ അറിയിക്കും. വ്യക്തിപരമായി അത്തരമൊരു പ്രത്യേകകല്പന നിങ്ങളുടെ ഹൃദയത്തില്‍ ദൈവം തന്നിട്ടില്ലെങ്കില്‍ നിങ്ങള്‍ വിവാഹം ചെയ്യുവാന്‍ ദൈവമാഗ്രഹിക്കുന്നുവെന്നു ചിന്തിക്കുകയാണു വേണ്ടതു്.
അവിവാഹിതരായി ജീവിക്കണമെന്നു താല്‍പര്യപ്പെടുന്ന ആളുകള്‍ അപ്രകാരമൊരു ജീവിതം തിരഞ്ഞെടുക്കുന്നതിനു തങ്ങളെ പ്രേരിപ്പിക്കുന്ന കാരണങ്ങള്‍ പരിശോധിക്കേണ്ടതാണു്. തനിച്ചു ജീവിക്കുവാനുള്ള സ്വാര്‍ത്ഥപരമായ ആഗ്രഹംകൊണ്ടോ അഥവാ ആത്മോല്‍കര്‍ഷബോധവും എതിര്‍വിഭാഗത്തെക്കുറിച്ചുള്ള നിന്ദയും കൊണ്ടോ അതുമല്ല, ആ വിധത്തില്‍ മാത്രമേ ആത്മീയവിശുദ്ധി പ്രാപിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന ചിന്തകൊണ്ടോ ആണോ നിങ്ങള്‍ അവിവാഹിതജീവിതം തിരഞ്ഞെടുക്കുന്നതു്? അഥവാ പ്രത്യേക സാഹചര്യങ്ങള്‍മൂലം നിങ്ങളാഗ്രഹിച്ചതു ലഭിക്കാതെവരികയും നിങ്ങള്‍ക്കു ലഭിച്ചതു് അഭികാമ്യമല്ലെന്നു തോന്നുകയും ചെയ്തതുകൊണ്ടാണോ? ഇവയില്‍ ഏതെങ്കിലുമാണു് നിങ്ങളെ പ്രേരിപ്പിക്കുന്ന കാരണമെങ്കില്‍ അതു തീര്‍ച്ചയായും തെറ്റാണു്. നേരേമറിച്ചു് പ്രതിബന്ധങ്ങള്‍ കൂടാതെ കര്‍ത്താവിനെ സേവിക്കുവാന്‍ കൂടുതലായ സ്വാതന്ത്ര്യം നിങ്ങള്‍ക്കു ലഭിക്കുമെന്നുള്ളതുകൊണ്ടാണു് നിങ്ങള്‍ അവിവാഹിതനായി ക്കഴിയുവാനാഗ്രഹിക്കുന്നെങ്കില്‍ കുറഞ്ഞപക്ഷം നിങ്ങളുടെ ഉദ്ദേശ്യം ശുദ്ധമാണു്. എന്നാല്‍ത്തന്നെയും അപ്രകാരമുള്ള ഒരു ജീവിതം നയിക്കുവാനുള്ള വിളി ദൈവത്തില്‍നിന്നുതന്നെ വരേണ്ടതാണു്. അപ്പോസ്തലനായ പൗലോസിന്‍റെ കാര്യത്തില്‍ അതു് അപ്രകാരമായിരുന്നു ( 1 കൊരി. 7:32,33;9:5).
അവിവാഹിതത്വം വിശുദ്ധജീവിതത്തിനു് കൂടുതല്‍ സഹായകമാകുമെന്ന ചിന്ത പൂര്‍ണ്ണമായും തെറ്റാണു്. ഒരവിവാഹിതവ്യക്തിക്കു് വിവാഹിതനായ വ്യക്തിയെക്കാള്‍ ആത്മീയപ്രവര്‍ത്തനത്തിനു് കൂടുതല്‍ സമയം ലഭിച്ചേക്കാം. പക്ഷേ വിശുദ്ധി പ്രാപിക്കുവാന്‍ അപ്രകാരമുള്ള പ്രവര്‍ത്തനം കൂടിയേ തീരൂ എന്നില്ല. ഹാനോക്കു് ദൈവത്തോടുകൂടി (നിരന്തരമായ കൂട്ടായ്മയില്‍) മുന്നൂറു വര്‍ഷം ജീവിച്ചു. അദ്ദേഹത്തിനു് പുത്രന്മാരും പുത്രിമാരും ജനിച്ചു ( ഉല്‍പ. 5:22). വിവാഹവും തന്‍റെ മൂത്തപുത്രന്‍റെ ജനനവും കഴിഞ്ഞിട്ടാണു് അദ്ദേഹം ദൈവ ത്തോടുകൂടി നടക്കുവാനാരംഭിച്ചതു്. ദൈവത്തോടുകൂടെയുള്ള തന്‍റെ നടപ്പു് സാധാരണനിലയിലുള്ള തന്‍റെ വിവാഹജീവിതത്തിനും കുട്ടികള്‍ ജനിക്കുന്നതിനും അദ്ദേഹത്തിനു തടസ്സമായിരുന്നില്ല. അതുപോലെ ഒരു കുടുംബവും അതോടൊപ്പമുള്ള ചുമതലകളും അദ്ദേഹത്തിനു ദൈവത്തോടുകൂടി നടക്കുവാന്‍ പ്രതിബന്ധം സൃഷ്ടിച്ചില്ല.
അതുകൊണ്ട് എല്ലാ വിശ്വാസികളും അവിവാഹിതരായിരിക്കണമെന്നു് പൗലോസ് അര്‍ത്ഥമാക്കുന്നില്ല. ഒരു ജീവിതപ്രമാണമെന്നനിലയില്‍ അവിവാഹിതജീവിതം പ്രസംഗിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ സാത്താന്‍റെ ഉപദേശം പ്രചരിപ്പിക്കുന്നവരാണെന്നു് അദ്ദേഹം തന്നെ മറ്റൊരു ഭാഗത്തു് പ്രസ്താവിച്ചിട്ടുണ്ട് ( 1 തിമോ. 4:1-3). അതുകൊണ്ട് 1 കൊരി. 7:25-28 വാക്യങ്ങളെപ്പറ്റി അവയുടെ ശരിയായ പശ്ചാത്തലത്തോടും അര്‍ത്ഥത്തോടുംകൂടി നാം ചിന്തിക്കേണ്ടതു് ആവശ്യമാണു്. എ. എല്‍. ട്രൈറ്റണ്‍ ഈ വേദഭാഗത്തെ ഇപ്രകാരം പരാവര്‍ത്തനം ചെയ്തിട്ടുണ്ട്:-
''ഞാന്‍ ഒരു നിയമം വയ്ക്കുകയല്ല. എങ്കിലും താഴെപ്പറയുന്ന വസ്തുതകള്‍ നാം മനസ്സില്‍ കരുതിക്കൊള്ളണം. നാം (ഏ. ഡി. 55-ല്‍) കഷ്ടതയുടെയും സംഭവ്യമായ പീഡനത്തിന്‍റെയും ഒരു കാലഘട്ടത്തിലാണു് ജീവിക്കുന്നതു്. നേരിട്ടു കീഴ്‌പ്പെടുത്തുവാന്‍ സാധിക്കാത്ത ഒരു പുരുഷനെയോ സ്ത്രീയെയോ അയാളുടെ കുടുംബത്തെക്കുറിച്ചുള്ള ചിന്തയിലൂടെ കീഴ്‌പ്പെടുത്തുവാന്‍ സാധിക്കുമെന്നുള്ളതു് ഓരോ പീഡകനും അറിയാവുന്ന വസ്തുതയാണു്. അതിനാല്‍ വിവാഹിതരായ ആളുകള്‍ ഭയങ്കരമായ ഉല്‍കണ്ഠയുടെയും പീഡനത്തിന്‍റെയും ഒരു കാലഘട്ടത്തെ നേരിടുവാനുള്ള സാധ്യതയിലാണു് നീങ്ങുന്നതു്. ഇതു നിങ്ങള്‍ക്കുണ്ടാകരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. തന്മൂലം വിവാഹം കഴിക്കാതെ ജീവിക്കുവാന്‍ ഞാന്‍ നിങ്ങളോടു് ഉപദേശിക്കും. എങ്കിലും വിവാഹം പാപകരമാണെന്നു ഞാന്‍ പറയുന്നില്ല എന്നോര്‍ത്തുകൊള്ളുക. ഈ വര്‍ത്തമാനകാലത്തു് അതു കഷ്ടതയെ വിളിച്ചുവരുത്തലാണെന്നു മാത്രമേ ഞാന്‍ പറയുന്നുള്ളു. ആ കഷ്ടത നിങ്ങള്‍ക്കു വരാതിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.
''കുറഞ്ഞപക്ഷം നിങ്ങള്‍ ചെറുപ്പമായിരിക്കുന്ന കാലത്തു് വിവാഹത്തെ ഒഴിവാക്കുവാന്‍ ഇപ്പറഞ്ഞവ പ്രബലമായ കാരണങ്ങളാണു് (വാ. 36). ക്രിസ്തീയ സേവനമനുഷ്ഠിക്കുവാന്‍ അവിവാഹിതര്‍ക്കു് പ്രത്യേകമായ അളവില്‍ ലഭിക്കുന്ന വലിയ സൗകര്യം പരിഗണിക്കുക. വിവാഹത്തെ, അതു് ഇനി നീട്ടിവച്ചാല്‍ വളരെ താമസിച്ചുപോകും എന്നു നിങ്ങള്‍ക്കു തോന്നുന്നതുവരെ താമസിപ്പിക്കുന്നപക്ഷം (വാ. 36) സേവനത്തിനായി അദ്ഭുതകരമായ അവസരങ്ങള്‍ നിങ്ങള്‍ക്കു സ്വായത്തമാകും.
''ഞാന്‍ ഇതു പറയുന്നതു് നിങ്ങളുടെ സ്വാതന്ത്ര്യത്തെ വെട്ടിച്ചുരുക്കുവാന്‍ വേണ്ടിയല്ല, പിന്നെയോ ഏറ്റവും ഉന്നതമായ ഒന്നിലേക്കു് നിങ്ങളെ നയിക്കുവാന്‍ വേണ്ടിയാണെന്നു് ഓര്‍ത്തുകൊള്ളുക. എങ്കിലും സാഹചര്യങ്ങളോ നിങ്ങളുടെ സ്വഭാവരീതിയോ മറ്റൊരു വഴിയിലേക്കു നിങ്ങളെ നയിക്കുന്നുവെങ്കില്‍ വിവാഹം ചെയ്യുന്നതുകൊണ്ട് യാതൊരു തെറ്റുമില്ല; അതു് ദൈവത്തിന്‍റെ നല്ലൊരു ദാനം തന്നെ (വാ. 36).''
ഇപ്രകാരം ആരംഭത്തില്‍ അവിവാഹിതജീവിതം ദൈവത്തിന്‍റെ ഒരു വരമാണെന്നു പ്രസ്താവിച്ച പൗലോസ് അവസാനത്തില്‍ വിവാഹവും ദൈവത്തിന്‍റെ വരമാണെന്നു പ്രസ്താവിക്കുന്നതായി ഇവിടെ നാം കാണുന്നു. ഈ കാര്യങ്ങളെപ്പറ്റിയുള്ള പൗലോസിന്‍റെ ചിന്താഗതി സമതുലിതം (balanced) തന്നെ.
കര്‍ത്താവു് അവിവാഹിതജീവിതത്തെപ്പറ്റി പറഞ്ഞുകഴിഞ്ഞ ഉടന്‍തന്നെ അവിടുന്നു ശിശുക്കളെ തന്‍റെ കരങ്ങളിലെടുത്തു് അനുഗ്രഹിച്ചതു് (അപ്രകാരം വിവാഹത്തെ അംഗീകരിച്ചതു്) അന്വര്‍ത്ഥമായിരിക്കുന്നു ( മത്താ. 19:10-15). തിരുവചനത്തിന്‍റെ സമതുലിതാവസ്ഥ ഈ വിധത്തിലുള്ളതാണു്. നാം സത്യത്തെ ഇതേ സമാവസ്ഥയില്‍ ധരിക്കേണ്ടതു് ആവശ്യമത്രേ.
യഥാര്‍ത്ഥത്തില്‍ വളരെ ചുരുക്കം സാഹചര്യങ്ങളില്‍ മാത്രമാണു് ദൈവം ഒരുവനെ അവിവാഹിതജീവിതത്തിനായി വിളിക്കാറുള്ളതു്. വിവാഹിതനായിത്തീരുമ്പോള്‍ മാത്രമാണു് മനുഷ്യന്‍ ഒരര്‍ത്ഥത്തില്‍ പൂര്‍ണ്ണനായിത്തീരുന്നതെന്നു് ദൈവം തന്നെ അരുളിച്ചെയ്തിട്ടുണ്ട്. ഉല്‍പ. 2:18 (ബെര്‍ക്ക്‌ലി ഭാഷാന്തരപ്രകാരം) ഇപ്രകാരമാണു്: ''യഹോവയായ ദൈവം: 'മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനെ പൂര്‍ണ്ണനാക്കുമാറു് ഞാന്‍ അവനു് ഉചിതമായൊരു തുണ നല്‍കും' എന്നു് അരുളിച്ചെയ്തു.''
ബൈബിള്‍ ഒരു വിവാഹത്തോടുകൂടി ആരംഭിക്കുന്നു എന്നതും ( ഉല്‍പ. 2:18-25) യേശു ചെയ്ത ഒന്നാമത്തെ അദ്ഭുതപ്രവൃത്തി ഒരു വിവാഹസന്ദര്‍ഭത്തിലായിരുന്നു എന്നതും (യോഹ. 2:1-11) ശ്രദ്ധേയമത്രേ.
''വിവാഹം എല്ലാവര്‍ക്കും മാന്യമായിരിക്കട്ടെ'' ( എബ്രാ. 13:4) . മാന്യമെന്ന പദത്തിനു് മാനിക്കത്തക്കതു്, ഉചിതം, മൂല്യമുള്ളതു്, പ്രത്യേകിച്ചു വിലയേറിയതു് എന്നൊക്കെയാണല്ലോ അര്‍ത്ഥം.
നിങ്ങളുടെ ജീവിതപങ്കാളിയായിത്തീരുവാന്‍ ഏറ്റവും അനുയോജ്യയായ വ്യക്തിയിലേക്കു നിങ്ങളെ നയിക്കുവാന്‍ ദൈവത്തിനു മാത്രമേ കഴിയൂ. നിങ്ങള്‍ അവിടുത്തെ ശബ്ദത്തിനു ചെവികൊടുക്കുമെങ്കില്‍ അപ്രകാരം നിങ്ങളെ വഴിനടത്തുവാന്‍ ദൈവം യഥാര്‍ത്ഥമായ താല്‍പര്യത്തോടെ കാത്തിരിക്കുകയാണു്.
തന്‍റെ മക്കളില്‍ ഓരോരുത്തരുടെയും ജീവിതത്തെപ്പറ്റി ദൈവത്തിനു് ഒരു പ്ലാന്‍ ഉണ്ടെന്നു ബൈബിള്‍ പഠിപ്പിക്കുന്നു (എഫേ. 2:10). ഇതു സത്യമെങ്കില്‍ നിങ്ങള്‍ വിവാഹം ചെയ്യണമോ വേണ്ടയോ എന്ന കാര്യം ദൈവം നേരത്തേതന്നെ പ്ലാന്‍ ചെയ്തിട്ടുണ്ട് എന്നു വിശ്വസിക്കാതിരിക്കുവാന്‍ സാധ്യമല്ല. നിങ്ങള്‍ വിവാഹം ചെയ്യേണ്ട ആളിനെയും ദൈവം തീര്‍ച്ചയായും നിശ്ചയിച്ചിട്ടുണ്ട്. എങ്കിലും തന്നെ അനുസരിക്കുവാന്‍ ദൈവം ആരെയും നിര്‍ബന്ധിക്കുന്നില്ല. അതിനാല്‍ ഒരു വ്യക്തിക്കു് ദൈവത്തിന്‍റെ പ്ലാന്‍ അവഗണിക്കുകയോ നിരസിക്കുകയോ ചെയ്തശേഷം ദൈവഹിതത്തിനു പുറത്തുള്ള ഒരു വിവാഹബന്ധത്തിലേക്കു പ്രവേശിക്കുക സാധ്യമാണു്.
നിങ്ങളുടെ ആത്മരക്ഷ കഴിഞ്ഞാല്‍ ജീവിതത്തില്‍ നിങ്ങള്‍ക്കു ചെയ്യുവാനുള്ള ഏറ്റവും പ്രധാനമായ തീരുമാനം നിങ്ങളുടെ ജീവിതസഖിയെ തിരഞ്ഞെടുക്കുന്ന കാര്യത്തെ സംബന്ധിച്ചതാണു്. ഈ തീരുമാനമാകട്ടെ, ഒരിക്കല്‍ ചെയ്തു കഴിഞ്ഞാല്‍ പിന്നീടൊരിക്കലും ഭേദപ്പെടുത്തുവാന്‍ കഴിയാത്തതായതുകൊണ്ട് ഈ കാര്യത്തില്‍ ഒരു തെറ്റുപറ്റാതെ സൂക്ഷിക്കേണ്ടതു് ഏറ്റവും ആവശ്യമാണു്. സ്വന്തം ജീവിതവൃത്തി അഥവാ തൊഴില്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ നിങ്ങള്‍ തെറ്റായ തീരുമാനമെടുക്കുന്നപക്ഷം ആ തെറ്റു ശരിയാക്കുവാന്‍ നിങ്ങള്‍ക്കു വീണ്ടും സാധിച്ചെന്നു വരാം. അതുപോലെ ജീവിതത്തിലെ മറ്റു പല തീരുമാനങ്ങളും തിരുത്തുവാന്‍ നിങ്ങള്‍ക്കു സാധിച്ചേക്കാം. എന്നാല്‍ ദൈവഹിതത്തില്‍ നിന്നന്യമായ ഒരു വിവാഹം നിങ്ങള്‍ ചെയ്യുന്നപക്ഷം നിങ്ങള്‍ക്കു് ആ തെറ്റു് ഒരിക്കലും തിരുത്തുവാന്‍ സാധ്യമല്ല. ഇവിടെ തെറ്റായി ചെയ്തുപോയ ഒരു തിരഞ്ഞെടുപ്പിനെ കഴിയുന്നിടത്തോളം ഉചിതമായി കൈകാര്യം ചെയ്‌വാന്‍ മാത്രമേ നിങ്ങള്‍ക്കു കഴിയൂ. വിവാഹത്തില്‍ ദൈവഹിതമനുസരിക്കാതെപോകുക എന്നതു് ഒരു ദുരന്താനുഭവം തന്നെ.
ദൈവത്തിന്‍റെ സമയത്തിനായോ ഹിതത്തിനായോ കാത്തിരിക്കാതെ തിടുക്കത്തില്‍ വിവാഹം ചെയ്ത പലരും ഇപ്പോള്‍ അതിനെപ്പറ്റി പശ്ചാത്തപിക്കുന്നവരാണു്. തീര്‍ച്ചയായും അവരുടെ ദൃഷ്ടാന്തം ഈ രംഗത്തു കരുതലോടെ പ്രവര്‍ത്തിക്കുവാന്‍ യുവജനങ്ങള്‍ക്കു് ഒരു മുന്നറിയിപ്പായിത്തീര്‍ന്നിരിക്കുന്നു.
ദൈവഹിതത്തിനു പുറത്തായി വിവാഹം ചെയ്യുന്നതിനെക്കാള്‍ അവിവാഹിതജീവിതം നയിക്കുന്നതു് എത്രയോ ഭേദമാണു്. വിവാഹകാര്യത്തില്‍ ദൈവത്തിന്‍റെ പരിപൂര്‍ണ്ണഹിതത്തില്‍നിന്നു തെറ്റിപ്പോയശേഷം പില്‍ക്കാലത്തു പശ്ചാത്തപിക്കുന്നവരോടു് ദൈവം തന്‍റെ കരുണയില്‍ അനുഗ്രഹകരമായവിധം ഇടപെട്ടേക്കാമെങ്കിലും ദൈവത്തിന്‍റെ സമ്പൂര്‍ണ്ണഹിതത്തിന്‍റെ കേന്ദ്രത്തില്‍ത്തന്നെ നില കൊള്ളുന്നതിനാല്‍ മാത്രമേ യഥാര്‍ത്ഥസന്തുഷ്ടിയും അനുഗ്രഹവും ലഭിക്കുകയുള്ളു.
ദൈവത്തിനു മഹത്വമുണ്ടാകത്തക്കവണ്ണം നമുക്കു പരമമായ നന്മ ലഭിക്കണമെങ്കില്‍ നമുക്കായി ദൈവം തിരഞ്ഞെടുത്തിട്ടുള്ളയാളിനെ കണ്ടെത്തി അയാളെത്തന്നെ വിവാഹം ചെയ്യേണ്ടതു് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ആവശ്യമാണു്. ദൈവം ആദാമിനു് ഒരു ജീവിതപങ്കാളിയെ കൊടുക്കുവാനാഗ്രഹിച്ചപ്പോള്‍ അവിടുന്നു് പത്തു സ്ത്രീകളെ സൃഷ്ടിച്ചു് അതില്‍ ഏറ്റവും പറ്റിയ ആളെ തിരഞ്ഞെടുക്കുവാന്‍ ആദാമിനോടു് കല്പിക്കുകയല്ല ചെയ്തതു്. ദൈവം ഒരുവളെ മാത്രം സൃഷ്ടിക്കുകയും അവളെ അവനു നല്‍കുകയും ചെയ്തു. ആ കാര്യത്തില്‍ ഒരു തിരഞ്ഞെടുപ്പു നടത്താനുള്ള അവസരം ആദാമിനു് ഉണ്ടായിരുന്നില്ല.ഈ ദൈവം തന്നെ അനുസരിക്കുന്ന ഓരോ മക്കള്‍ക്കുമായി ഒരോററയാളെ മാത്രമെ നിശ്ചയിച്ചിട്ടുള്ളു. ഈ ഉപദേശം അതിന്‍റെ എല്ലാ അര്‍ത്ഥവ്യാപ്തിയോടും കൂടി മനസ്സിലാക്കുവാന്‍ ഉണ്ടായേക്കാം. ദൈവത്തിന്‍റെ പരമാധികാരമെന്ന ഉപദേശം മനുഷ്യന്‍റെ ഇച്ഛാസ്വാതന്ത്ര്യമെന്ന ഉപദേശത്തോടിണക്കിച്ചര്‍ത്തു മനസ്സിലാക്കുക പ്രയാസമായിരിക്കുന്നതുപോലെയാണിതും. എങ്കിലും ദൈവവചനം നല്‍കുന്ന ഉപദേശം ഇതുതന്നെയാണു്. അവിടുത്തെ പ്ലാന്‍ നാം സ്വീകരിക്കുന്ന പക്ഷം , ദൈവം നമുക്കായി തിരഞ്ഞെടുത്ത വ്യക്തി - ആദാമിനു ഹവ്വയെന്നതു പോലെ എല്ലാ തരത്തിലും നമ്മുടെ വ്യക്തിത്വത്തെ പൂരിപ്പിക്കുവാന്‍ ദൈവം ഒരുക്കിയ വ്യക്തി - തന്നെയാണു് പരമാവധി നല്ലതെന്നു മനസ്സിലാക്കുവാന്‍ നമുക്കു കഴിയും.
യിസ്ഹാക്കിനു് ഒരു ഭാര്യയെ അന്വേഷിക്കുന്ന സമയത്തു് അബ്രഹാമിന്‍റെ കാര്യവിചാരകനായ എല്യേസര്‍ ഈ വസ്തുത മനസ്സിലാക്കിയിരുന്നു. അതിനാല്‍ - ''ദൈവമേ, ഈ സ്ഥലത്തുള്ള ചില നല്ല പെണ്‍കുട്ടികളുടെ അടുക്കലേക്കു് എന്നെ നടത്തി അവരുടെ കൂട്ടത്തില്‍നിന്നു് യിസ്ഹാക്കിനു് ഒരു ഭാര്യയെ തിരഞ്ഞെടുക്കുവാന്‍ എന്നെ സഹായിക്കണമേ'' എന്നല്ല അദ്ദേഹം പ്രാര്‍ത്ഥിച്ചതു്. നേരേമറിച്ചു് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ''ദൈവമേ, യിസ്ഹാക്കിന്‍റെ ഭാര്യയായിരിക്കുവാന്‍ അവിടുന്നു നേരത്തേതന്നെ തിരഞ്ഞെടുക്കുകയും നിയമിക്കയും ചെയ്തിട്ടുള്ള പെണ്‍കുട്ടിയുടെ അടുത്തേക്കു് എന്നെ നടത്തണമേ'' (ഉല്‍പ. 24:14,44). തന്‍റെ പ്രാര്‍ത്ഥനയ്ക്കു ദൈവം ഉത്തരം നല്‍കിയപ്പോള്‍ ''യഹോവ എന്നെ വഴിനടത്തി'' എന്നു യഥാര്‍ത്ഥമായിത്തന്നെ പറയുവാന്‍ എല്യേസറിനു സാധിക്കുകയും ചെയ്തു (ഉല്‍പ. 24:27). ഇക്കാലത്തു് ചിലര്‍ ഒഴുക്കന്‍ മട്ടില്‍പ്പറയുന്നതുപോലെ വെറും ഭക്തിമയമായ ഒരു പദപ്രയോഗമല്ല ഇതു്. നേരേ മറിച്ചു് എലേസ്യര്‍ പറഞ്ഞതു് നൂറുശതമാനവും സത്യമായിരുന്നു. എല്ലാ ക്രിസ്തീയവിവാഹങ്ങളിലും ദൈവം തന്നോടുകൂടെയിരുന്നു തന്നെ വഴിനടത്തി എന്നു പറയുവാന്‍ സാധിക്കുമാറു് ദൈവനടത്തിപ്പിനെക്കുറിച്ചുള്ള പൂര്‍ണ്ണമായ ഉറപ്പു് നമുക്കു ലഭിക്കുവാന്‍ സാധിച്ചെങ്കില്‍!
ദൈവം നിങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുള്ള വ്യക്തിയിലേക്കു് അവിടുന്നു് നിങ്ങളെ നേരിട്ടോ അഥവാ നിങ്ങളുടെ മാതാപിതാക്കള്‍, സ്‌നേഹിതര്‍ എന്നിവരിലൂടെയോ വഴിനടത്താവുന്നതാണു്.
വിവാഹത്തില്‍ - ദൈവത്തിന്‍റെ വ്യക്തമായ നടത്തിപ്പിനെപ്പറ്റി ബൈബിളില്‍ ഒരൊറ്റ ദൃഷ്ടാന്തമേ നാം കാണുന്നുള്ളു. അതു നാം ഇപ്പോള്‍ത്തന്നെ പറഞ്ഞ യിസ്ഹാക്കിന്‍റെയും റിബേക്കയുടെയും വിവാഹമാണു്. ആ വിവാഹം മാതാപിതാക്കന്മാരാല്‍ മാത്രം ക്രമീകരിക്കപ്പെട്ട ഒന്നായിരുന്നില്ല. എന്തെന്നാല്‍ അബ്രഹാം റിബേക്കയെ ഒരിക്കലെങ്കിലും കാണുകപോലും ചെയ്തിരുന്നില്ല. അബ്രഹാമിന്‍റെ ദാസനും അവളെപ്പറ്റി ഒന്നും അറിഞ്ഞിരുന്നില്ല. ആ വിവാഹം യുവതീയുവാക്കന്മാര്‍ തമ്മില്‍ ക്രമീകരിച്ചതുമല്ല. എന്തെന്നാല്‍ യിസ്ഹാക്കും റിബേക്കയും നേരത്തെ ഒരിക്കലും തമ്മില്‍ കണ്ടിട്ടില്ല. നേരേമറിച്ചു് ദൈവം തന്നെ ക്രമീകരിച്ച ഒരു വിവാഹമായിരുന്നു അതു്.
ഇതില്‍നിന്നും ഒരു സത്യം നമുക്കു മനസ്സിലാക്കുവാന്‍ കഴിയും. തന്‍റെ മക്കളില്‍ രണ്ടുപേരെ ഒരുമിച്ചു കൊണ്ടുവരുവാന്‍ ദൈവം ഏതു മാര്‍ഗ്ഗം ഉപയോഗിച്ചു എന്നതല്ല, പിന്നെയോ അവരെ അന്യോന്യം അടുപ്പിച്ചതു് ദൈവമാണു് എന്നതാണു് പ്രധാനം. നമ്മുടെ മാതാപിതാക്കളിലൂടെയോ സ്‌നേഹിതന്മാരിലൂടെയോ ദൈവം ഒരു വ്യക്തിയിലേക്കു നമ്മെ നടത്തിയെന്നുവരാം. അഥവാ അന്യസഹായം കൂടാതെ നാം സ്വയം ആ വ്യക്തിയെ കണ്ടെത്തിയെന്നും വരാം. അതെങ്ങനെയായാലും ദൈവം നമുക്കായി തിഞ്ഞെടുത്തയാളാണു് ആ വ്യക്തിയെന്ന ഉറപ്പു നമുക്കു ലഭിക്കണം എന്നുള്ളതാണു് പ്രധാനമായ കാര്യം.
സംസ്‌കാരപാരമ്പര്യങ്ങളും മറ്റു സാഹചര്യങ്ങളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി പല യുവിശ്വാസികളും വളരെയധികം ബോധവാന്മാരാണു്. ഈ പ്രശ്‌നങ്ങള്‍ തങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നതായി അവര്‍ ചിന്തിക്കുന്നു. എന്നാല്‍ ഈ എല്ലാ പ്രശ്‌നങ്ങളും ഒരുമിച്ചുചേര്‍ന്നതിനെക്കാള്‍ വലിയവനാണു് ദൈവം എന്ന കാര്യം അവര്‍ വിസ്മരിച്ചുകളയുന്നു. മറ്റു ചിലര്‍ക്കു് തങ്ങളുടെ പ്രശ്‌നത്തില്‍ ഒട്ടും തല്‍പരനല്ല ദൈവം എന്നൊരു രഹസ്യഭയം തന്നെയുണ്ട്. ഈ ഭയം അതുപോലെതന്നെ അവര്‍ പുറത്തുപറഞ്ഞില്ല എന്നുവരാം. അവരുടെ പ്രവൃത്തികള്‍ അതിനെ വ്യക്തമാക്കുന്നു.
ഇങ്ങനെ ഭയപ്പെടുന്ന എല്ലാ ആളുകള്‍ക്കും ധൈര്യം നല്‍കുന്ന ഒരു സന്ദേശം ഞാന്‍ ഇവിടെക്കുറിക്കുകയാണു്: ''അവന്‍ (ദൈവം) നിങ്ങള്‍ക്കായി കരുതുന്നു; നിങ്ങളെക്കുറിച്ചു കരുതലുള്ള ഒരുവനാണു് ദൈവം'' (1 പത്രോ. 5:7). ആദാമിനു തുണയായി ഒരു ഭാര്യ ആവശ്യമാണെന്നു മനസ്സിലാക്കുകയും അവനായി ഹവ്വയെ നല്‍കുകയും ചെയ്തതു് ദൈവമാണെന്നു് ഓര്‍ത്തുകൊള്ളുക (ഉല്‍പ. 2:18). ആദാം ദൈവത്തിന്‍റെ അടുക്കല്‍ച്ചെന്നു് ഒരു ഭാര്യയ്ക്കുവേണ്ടി യാചിക്കേണ്ടിവന്നില്ല. ദൈവം ആദാമിനുവേണ്ടി കരുതി. അവിടുന്നു് നിങ്ങള്‍ക്കുവേണ്ടിയും കരുതുന്നു.
അതിനാല്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് അവിടുന്നു നിങ്ങളെ നടത്തുവാന്‍ അവിടുത്തേക്കായി കാത്തിരിക്കുക. അസ്വസ്ഥമായ മനോവിഭ്രമം കൊണ്ട് ഒരു പ്രയോജനവും ലഭിക്കുകയില്ല. ദൈവം ആദാമിനു് ഗാഢനിദ്ര വരുത്തിയതായും അതിനുശേഷം അവനെ ഉണര്‍ത്തിയിട്ടു് ഹവ്വയെ അവന്‍റെ മുമ്പില്‍ എത്തിച്ചതായുമുള്ള വസ്തുതയില്‍ മനോഹരമായ ഒരു സാദൃശ്യാര്‍ത്ഥം അടങ്ങിയിരിക്കുന്നു (ഉല്‍പ. 2:21,22). നിദ്ര വിശ്രമത്തെ കുറിക്കുന്നു. ദൈവം താന്‍ തന്നെ തിരഞ്ഞെടുത്തിട്ടുള്ള ജീവിതപങ്കാളിയെ നമ്മുടെ പക്കല്‍ എത്തിക്കുന്ന സമയം വരെ നാം സ്വസ്ഥചിത്തരായി അവനിലുള്ള വിശ്രാന്തിയില്‍ കഴിയണ മെന്നു് ദൈവമാഗ്രഹിക്കുന്നു. നാം ഒന്നും ചെയ്യേതില്ലെന്നു് ഇതുകൊണ്ട് അര്‍ത്ഥമാകുന്നില്ല. എന്തെന്നാല്‍ ഞാന്‍ പറയുന്ന ഈ വിശ്രമം ബാഹ്യവും ശാരീരികവുമായ ഒന്നല്ല, പിന്നെയോ ആന്തരികവും ആത്മീയവുമായ ഒന്നാണു്.
നമുക്കെങ്ങനെ ഈ വിശ്രമം ലഭിക്കും? ദൈവഹിതം ചെയ്യുന്നതിനാല്‍ തന്നെ. യേശു പറഞ്ഞു: ''എന്‍റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിന്‍. (അതായതു് നിന്‍റെ ജീവിതത്തില്‍ എന്‍റെ ഹിതം ചെയ്യുക): അങ്ങനെയെങ്കില്‍ നിങ്ങളുടെ ആത്മാക്കള്‍ക്കു് ആശ്വാസം (വിശ്രമം - rest) കണ്ടെത്തും (മത്താ. 11:29). ഓക്കാസ് (Aucas) എന്ന ആളുകളുടെയിടയില്‍ മിഷ്യനറിയായിരുന്ന ജിം എലിയട്ട് പ്രസ്താവിച്ചിട്ടുള്ളതുപോലെ 'ദൈവഹിതത്തില്‍ ഉറങ്ങുവാന്‍ നാം പഠിക്കണം.' അപ്രകാരം നാം ചെയ്യുന്നപക്ഷം ദൈവം തീര്‍ച്ചയായും തക്കസമയത്തു് താന്‍ നിശ്ചയിച്ചിട്ടുള്ള വ്യക്തിയുടെ അടുക്കലേക്കു് നമ്മെ നയിക്കും. മറ്റെല്ലാ ജീവിതരംഗങ്ങളിലും ദൈവഹിതം ചെയ്യുന്നതില്‍ നാം ജാഗ്രതയോടെ വ്യാപരിക്കുമെങ്കില്‍ ഈയൊരു കാര്യത്തില്‍ ദൈവഹിതത്തില്‍നിന്നകന്നുപോകുമെന്നു് നാം ഭയപ്പെടേണ്ട കാര്യമില്ല. ഈ വിഷയത്തെ സംബന്ധിച്ചു് എല്ലാ യുവജനങ്ങളും വായിച്ചിരിക്കേണ്ട മൂന്നു പുസ്തകങ്ങളുണ്ട്. അവ 'The triumph of John and Betty Stam' by Mrs Howard Taylor, 'Shadow of the Almighty' by Elizabeth Elliot, 'Hudson Taylor and Maria' by John Pollock എന്നിവയാണു്.
ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ നാം സന്നദ്ധരാകണം. ബൈബിള്‍ പ്രസ്താവിക്കുന്നു: ''വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുന്നതല്ല; ദൈവത്തിന്‍റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട് എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്കു പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ'' (എബ്രാ. 11:6). നിങ്ങള്‍ ശുഷ്‌കാന്തിയോടെ ദൈവത്തിന്‍റെ സകലഹിതവും അനുഷ്ഠിക്കുമെങ്കില്‍ അവിടുന്നു തീര്‍ച്ചയായും താന്‍ നിശ്ചയിച്ചിട്ടുള്ള വ്യക്തിയെ നിങ്ങളുടെ അടുക്കല്‍ എത്തിക്കും. അതു് ഏതു വഴിയില്‍ക്കൂടിയായാലും കുഴപ്പമില്ല. അതു മാതാപിതാക്കളില്‍ക്കൂടിയോ സ്‌നേഹിതന്മാരില്‍ക്കൂടിയോ നേരിട്ടുതന്നെയോ ആയെന്നുവരാം. മാര്‍ഗ്ഗമേതെന്നു നിശ്ചയിക്കുന്ന കാര്യം ദൈവത്തിനു വിട്ടുകൊടുക്കുക. നിശ്ചിതസമയത്തു് അവിടുന്നു് നിങ്ങളുടെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിങ്ങള്‍ക്കു തരും (സങ്കീ. 37:4).
നിങ്ങളുടെ സ്ഥലത്തുള്ള സഭയിലോ ക്രിസ്തീയകൂട്ടായ്മയിലോ അഥവാ മറ്റെവിടെയെങ്കിലുമുള്ള തത്തുല്യമായ കൂട്ടായ്മയിലോ ദൈവം തിരഞ്ഞെടുത്ത വ്യക്തിയെ കണ്ടെത്തുവാന്‍ ദൈവം നിങ്ങളെ വഴിനടത്തിയെന്നുവരാം. ഒരു ക്രിസ്തീയകൂട്ടായ്മയോഗത്തില്‍ നിങ്ങള്‍ കണ്ടുമുട്ടുന്ന ഒരു വ്യക്തിയിലേക്കു നിങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നതായി തോന്നുന്നപക്ഷം അയാളെ ഈ കാര്യത്തില്‍ പരിഗണനാവിഷയമാക്കുന്നതില്‍ തെറ്റൊന്നുമില്ല. നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും അന്യോന്യം കണ്ടുമുട്ടുവാന്‍ സാഹചര്യങ്ങളെ തന്‍റെ ഹിതപ്രകാരം ഒരുക്കിയതു് ദൈവം തന്നെയായിരിക്കാം. ഒരു ജീവിതപങ്കാളിയെ കണ്ടെത്തുന്നതുപോലെയുള്ള ഒരു കാര്യം വിശുദ്ധമായ ഒരു കൂട്ടായ്മയോഗത്തിലൂടെ സംഭവിക്കുന്നതില്‍ എന്തോ അശുദ്ധിയുണ്ടെന്നു പലയാളുകളും ചിന്തിക്കുന്നതു് സ്ത്രീപുരുഷബന്ധത്തെയും പ്രേമത്തെയും കുറിച്ചുള്ള വഴിതെറ്റിയ ചിന്താഗതിമൂലമാണു്.
എന്നാല്‍ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്തുക എന്ന കാര്യത്തില്‍ തീര്‍ച്ചയായും വിശുദ്ധമല്ലാത്ത ഒന്നുംതന്നെ അടങ്ങിയിട്ടില്ല. ദൈവമുമ്പാകെ വിശുദ്ധമായ ഒരു കാര്യമാണിതു്. നിങ്ങളുടെ ഹൃദയം വിശുദ്ധവും ഒരു ക്രിസ്ത്യാനിക്കു ചേര്‍ന്നതുമാണെങ്കില്‍ മറ്റുള്ളവര്‍ എന്തുപറയും എന്നതിനെപ്പറ്റി നിങ്ങള്‍ ഭയപ്പെടേണ്ട ആവശ്യമില്ല.
ഞാന്‍ ഈ കാര്യം ഇവിടെ പറയുവാന്‍ ഒരു കാരണമുണ്ട്. തങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്ന ക്രിസ്തീയകൂട്ടായ്മസംഘങ്ങളില്‍നിന്നും സ്വന്തം ജീവിതപങ്കാളിയെ കണ്ടെത്തുവാന്‍ മാനുഷഭയം (മറ്റുള്ളവര്‍ എന്തു പറയും എന്ന ഭയം) മൂലം ഒരുമ്പെടാതിരുന്നിട്ടുള്ള ചിലര്‍ ഒടുവില്‍ നാമധേയ ക്രിസ്ത്യാനികളായ തങ്ങളുടെ മാതാപിതാക്കന്മാര്‍ ആലോചിച്ചു കൊണ്ടുവന്ന വെറും അവിശ്വാസികളെ വിവാഹം ചെയ്യാനിടയായ ചില സന്ദര്‍ഭങ്ങള്‍ എന്‍റെ അറിവില്‍പ്പെട്ടിട്ടുണ്ട്. മാനുഷഭയം അവരെ സാത്താന്‍റെ മറഞ്ഞിരുന്ന കെണിയില്‍ അകപ്പെടുത്തുകയാണു് ഉണ്ടായതു് (സദൃ. 29:25). തല്‍ഫലമായി ദൈവത്തിനും സഭയ്ക്കും അനേകം ക്രിസ്തീയഭവനങ്ങള്‍ നഷ്ടപ്പെടുവാന്‍ ഇടയായിട്ടുണ്ട്.
ചില വിശ്വാസികള്‍ക്കു് വീണ്ടും ജനനം പ്രാപിച്ച മറ്റു ക്രിസ്തയാനികളുമായി കൂട്ടായ്മയ്ക്കുള്ള അവസരങ്ങള്‍ ലഭിക്കാതെപോകുന്ന സാഹചര്യങ്ങള്‍ ഉണ്ട്. മറ്റുചിലര്‍ക്കു് ലഭിച്ചിട്ടുള്ള കൂട്ടായ്മ വളരെ ചുരുങ്ങിയ പരിധിയിലുള്ളതായും വരാം. അതുപോലെ രോഗം, കുടുംബപശ്ചാത്തലം, നിര്‍ഭാഗ്യകരമായ കുടുംബസാഹചര്യങ്ങള്‍, സാംസ്‌കാരികപ്രതിബന്ധങ്ങള്‍ എന്നിവമൂലമുള്ള പ്രശ്‌നങ്ങളില്‍പ്പെട്ട ആളുകളും കണ്ടേക്കോം. ഈ ആളുകള്‍ തങ്ങള്‍ക്കു് എപ്രകാരം തക്ക വ്യക്തിയെ കണ്ടെത്തുവാന്‍ സാധിക്കുമെന്നു് സംശയിക്കുന്നുണ്ടാകും. എല്ലാ ആശയും കൈവിട്ടു് പലരും തങ്ങളുടെ മാതാപിതാക്കള്‍ തിരഞ്ഞെടുക്കുന്ന അവിശ്വാസികളെ വിവാഹം ചെയ്യുവാന്‍ തുനിയുകയും ചെയ്യാറുണ്ട്. ഏതെങ്കിലും വിശ്വാസിയുടെ കാര്യത്തില്‍ ഈ ചിന്താഗതി വന്നുകൂടുവാന്‍ ഇടയാകുന്നതു് കേവലം അവിശ്വാസംകൊണ്ടു മാത്രമാണു്. ദൈവത്തിനു് അസാധ്യമായി എന്തെങ്കിലും ഉണ്ടോ? നമ്മില്‍ ഓരോരുത്തരിലും ദൈവത്തിനു താല്‍പര്യം ഇല്ലേ? നിങ്ങളുടെ സാഹചര്യം അസാധ്യമായ ഒന്നെന്നു നിങ്ങള്‍ക്കു തോന്നുന്നുവെങ്കില്‍, മനുഷ്യരാല്‍ അസാധ്യമെന്നു കരുതപ്പെടുന്ന കാര്യങ്ങളില്‍ പ്രത്യേകവൈദ ഗ്ദ്ധ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുവനാണു് ദൈവമെന്നു് ഓര്‍ത്തുകൊള്ളുക. ആ ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുക. അപ്പോള്‍ നിങ്ങളുടെ വിശ്വാസംപോലെ നിങ്ങള്‍ക്കു ഭവിക്കുന്നതായി നിങ്ങള്‍ കാണും (മത്താ. 9:29). നിങ്ങളുടെ ഹൃദയം അവിടുത്തെ നേരെ നേരുള്ളതാണെങ്കില്‍, ദൈവവചനത്തില്‍ നല്‍കപ്പെട്ടിട്ടുള്ള പ്രമാണങ്ങളോടു വിശ്വസ്തനായി നിങ്ങള്‍ നിലകൊള്ളുമെങ്കില്‍, അപ്പോള്‍ ദൈവത്തിന്‍റെ കണ്ണുകള്‍ നിങ്ങള്‍ക്കായി ഭൂമിയില്‍ ഒക്കെയും ഊടാടി സഞ്ചരിക്കുന്നതായി നിങ്ങള്‍കു മനസ്സിലാക്കും (2 ദിന. 16:9).
സാംസ്‌കാരികപ്രതിബന്ധങ്ങളോ മാതാപിതാക്കളുടെ എതിര്‍പ്പോ പ്രത്യേക സാഹചര്യങ്ങള്‍ മൂലമുള്ള വൈഷമ്യങ്ങളോ മറ്റു് ആയിരത്തൊന്നുകൂട്ടം തടസ്സങ്ങളോ ഒന്നും അദ്ഭുതം പ്രവര്‍ത്തിക്കുന്നവനായ നമ്മുടെ ദൈവത്തിനു് ഒരു പ്രശ്‌നമല്ലതന്നെ. ഉദാഹരണമായി ഒരു ഹൈന്ദവപശ്ചാത്തലത്തില്‍നിന്നു രക്ഷിക്കപ്പെട്ടു് ക്രിസ്ത്യാനിയായിത്തീര്‍ന്നശേഷം കുടുംബത്തില്‍നിന്നു ഒറ്റതിരിക്കപ്പെട്ടു് തനിക്കുവേണ്ടി വിവാഹാലോചന നടത്തുവാന്‍ ആരുമില്ലാതിരുന്ന ഒരു യുവതിയെ എനിക്കറിയാം. എന്നാല്‍ ദൈവം അവള്‍ക്കു് വിശ്വാസിയായ ഒരു യുവാവിനെ ജീവിതപങ്കാളിയായി നല്‍കി. ആ യുവാവിന്‍റെ മാതാപിതാക്കള്‍ അദ്ഭുതാവഹമായ വിധത്തില്‍ ഒരു മടിയുംകൂടാതെ ആ ആലോചന സ്വീകരിക്കുകയും ചെയ്തു.
ദൈവം സാഹചര്യങ്ങളുടെമേല്‍ വാഴുന്നവനാണു്. അവിടുന്നു് നമ്മുടെ പിതാവാണെങ്കില്‍ നാം അപ്പം ചോദിക്കുമ്പോള്‍ അവിടുന്നു് കല്ലു തരികയില്ലെന്നു് നമുക്കു് ഉറപ്പായി വിശ്വസിക്കാം. ദോഷികളായ പിതാക്കന്മാര്‍ തങ്ങളുടെ മക്കള്‍ക്കു് നല്ല ദാനങ്ങളെ കൊടുപ്പാന്‍ അറിയുന്നവരാണെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ നമ്മുടെ പിതാവു് തന്നോടു ചോദിക്കുന്നവര്‍ക്കു് നന്മ എത്രയധികം കൊടുക്കും? (മത്താ. 7:11). ഈ നന്മയില്‍ ഒരു ജീവിതപങ്കാളിയെയും ബൈബിള്‍ ഉള്‍പ്പെടുത്തുന്നുണ്ട് (സദൃ. 18:22) നോക്കുക.
തന്‍റെ മക്കള്‍ തന്‍റെ വിശ്വസ്തതയെ പരീക്ഷിച്ചറിയുവാനായി ദൈവം കാത്തിരിക്കുകയാണു്. എന്നാല്‍ നിങ്ങള്‍ ക്ഷമ കാട്ടണം. അക്ഷമകൊണ്ടും ധൃതികൂട്ടല്‍ കൊണ്ടും ദൈവം നല്‍കുവാനാഗ്രഹിക്കുന്ന പരമോന്നതനന്മ നഷ്ടപ്പെടുവാനിടയാക്കരുതു്. പലരും അപ്രകാരം ചെയ്തിട്ടുണ്ട്. പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ വിശ്വസിക്കുക. പൂര്‍ണ്ണമായി അവിടുത്തെ വിശ്വസിക്കുന്നവര്‍ ദൈവം തികച്ചും സത്യവാനാണെന്നു മനസ്സിലാക്കും. തന്‍റെ പ്രത്യേകപരിതഃസ്ഥിതിയോ സാഹചര്യമോ ഒരു അപവാദം (exception) ആണെന്നു പറയുവാന്‍ ആര്‍ക്കും സാധ്യമല്ല. നമ്മുടെ ദൈവമായ കര്‍ത്താവു് എല്ലാറ്റിനെയും ഭരിക്കുക യും നിയന്ത്രിക്കുകയും ചെയ്യുന്നു.
ദൈവഹിതം എപ്രകാരം അറിയാന്‍ സാധിക്കും എന്ന വിഷയം ഞാനിവിടെ കൈകാര്യം ചെയ്യുന്നില്ല. 'ദൈവഹിതം കണ്ടെത്തുക (Finding God's will) എന്ന പുസ്തകത്തില്‍ ഞാന്‍ ആ വിഷയത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. നമ്മുടെ പുതുക്കപ്പെട്ട മനോവ്യാപാരങ്ങളിലൂടെ ദൈവം നമ്മെ നയിക്കുന്നു. അതിനാല്‍ ഒരു വ്യക്തി നിങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെട്ടവന്‍(ള്‍) ആണോ എന്നറിയുന്നതിലേക്കു് ആ വ്യക്തിയില്‍ നിങ്ങള്‍ അന്വേഷിക്കേണ്ട കാര്യങ്ങളെപ്പറ്റിമാത്രം ഇവിടെ പ്രതിപാദിക്കാം.
ആദാമിനു് തക്ക ഒരു തുണയായിരിപ്പാന്‍വേണ്ടിയാണു് ഹവ്വയെ ദൈവം സൃഷ്ടിച്ചതു്. തന്മൂലം പലവിധത്തിലും അവള്‍ ആദാമിനോടു് ഐകരൂപ്യമുള്ളവളാകേണ്ടതു് ആവശ്യമായിരുന്നു. നിങ്ങളുടെ കാര്യത്തിലും നിങ്ങള്‍ വിവാഹം ചെയ്യുന്ന വ്യക്തി പലവിധത്തില്‍ നിങ്ങളോടു് അനുയോജ്യയായിരിക്കേണ്ടതു് ആവശ്യമാണു്. വിവാഹത്തില്‍ രണ്ടു വ്യക്തികള്‍ ഒന്നായിത്തീരുന്നു. 'രണ്ടുപേര്‍ തമ്മില്‍ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുവാന്‍ സാധ്യമല്ലെ'ന്നു ദൈവവചനം പറയുന്നു ( ആമോ. 3:3). അതിനാല്‍ വിവാഹം ഒരു വിജയമായിത്തീരണമെങ്കില്‍ ഒരു വലിയ പരിധിവരെ ഒരുമയും പൊരുത്തവും യോജിപ്പും ആവശ്യമാണു്. ഒന്നായിത്തീരേണ്ട രണ്ടുപേരും ഭിന്നവ്യക്തികളാണെന്ന നിലയില്‍ ആത്മാവു്, ദേഹി, ദേഹം എന്നിവയോടുകൂടിയവരാകയാല്‍ ഈ മൂന്നു മേഖലകളിലും ഒരു വലിയ അളവിലുള്ള ഐകരൂപ്യം ആവശ്യമാണു്. ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ഏകീഭാവം ആത്മാവു്, ദേഹി, ദേഹം എന്നിവയുടേതായ ഒരു ഏകീഭാവമായി പരിണമിച്ചിട്ടുള്ളിടത്തെല്ലാം വിവാഹം ദൈവഹിതപ്രകാരമുള്ള ഒന്നായിരിക്കും. അപ്രകാരമുള്ള ഒരു ഏകീഭാവം സഭാ. 4:12-ല്‍ പറയുന്നതുപോലെ അറ്റു പോകാത്ത ഒരു മുപ്പിരിച്ചരടായിത്തീരും. അറ്റുപോകുക എന്ന വാക്കു് ഇവിടെ വിവാഹമോചനത്തെമാത്രം കുറിക്കുന്നതല്ല; പിന്നെയോ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള യോജിപ്പില്ലായ്മയെക്കൂടി കുറിക്കുന്നതാണു്.
വിവാഹത്തെപ്പറ്റിയുള്ള ദൈവഹിതം കണ്ടുപിടിക്കുവാന്‍ ശ്രമിക്കുമ്പോള്‍ നിങ്ങള്‍ പരിഗണിക്കുന്ന വ്യക്തിയെ ഈ മൂന്നു വശങ്ങളില്‍ക്കൂടി വീക്ഷിക്കേണ്ടതാവശ്യമാണു്. ഇവ ഓരോന്നായി നമുക്കു് പരിശോധിക്കാം. (ഞാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍, ഒരുപക്ഷേ അവിടെ പ്രയോഗിച്ചിട്ടുള്ളതു് പുരുഷനെ കുറിക്കുന്ന സര്‍വനാമമാണെന്നു വന്നാല്‍പ്പോലും, യുവാക്കന്മാര്‍ക്കെന്നപോലെ യുവതികള്‍ക്കും ചേരുന്നവയാണു്.)
ആത്മാവില്‍ നാം ആരംഭിക്കണം. കാരണം, മനുഷ്യനിലുള്ള ഏറ്റവും ഉന്നതമായ ഘടകം അതാണല്ലോ. ഈ രംഗത്തു് യോജിപ്പില്ലെങ്കില്‍ മറ്റു കാര്യങ്ങളിലുള്ള യോജിപ്പിനെപ്പറ്റി ചിന്തിച്ചിട്ടു കാര്യമില്ല. മനുഷ്യനെ ദൈവവുമായി കൂട്ടായ്മയ്ക്കു കഴിവുള്ളവനാക്കിത്തീര്‍ക്കുന്ന ഏകഘടകം അവന്‍റെ ആത്മാവാണു്. ഒരവിശ്വാസിയില്‍, അതായതു് മാനസാന്തരത്തിലൂടെയും ക്രിസ്തുവിനെ തന്‍റെ ജീവിതത്തിലേക്കു കൈക്കൊള്ളുന്നതിലൂടെയും പുതിയജനനം അനുഭവത്തിലാക്കിയിട്ടില്ലാത്ത ഒരുവനില്‍, ആത്മാവു് മരണാവസ്ഥയിലാണു്. അയാള്‍ സഭാപ്രവര്‍ത്തനത്തില്‍ സജീവമായി പങ്കെടുക്കുന്ന ഭക്തിയുള്ള ഒരു നാമധേയക്രി സ്ത്യാനിയാണെങ്കില്‍പ്പോലും അതു് അപ്രകാരം തന്നെ.
ജീവനുള്ളവരെ മരിച്ചവരുമായി യോജിപ്പിക്കുക സാധ്യമല്ലാത്തതിനാല്‍ ഒരു വിശ്വാസി ഒരവിശ്വാസിയുമായുള്ള വിവാഹം പരിഗണനയ്‌ക്കെടുക്കുക എന്ന പ്രശ്‌നം പോലും ഉദിക്കുന്നില്ല. നിങ്ങള്‍ കര്‍ത്താവിനോടു യോജിപ്പിക്കപ്പെട്ടവനെങ്കില്‍ നിങ്ങളുടെ ആത്മാവു് അവിടുത്തെ ആത്മാവിനോടു ചേര്‍ന്നു് ഒന്നായിത്തീര്‍ന്നിരിക്കുന്നു (1 കൊരി. 6:16). അതിനാല്‍ ആ വിധത്തില്‍ കര്‍ത്താവിനോടു യോജിപ്പിക്കപ്പെട്ട ഒരാളുമായിട്ടുള്ള വിവാഹം മാത്രമേ നിങ്ങള്‍ക്കു പരിഗണനായോഗ്യമാകുന്നുള്ളു. പുരുഷനും സ്ത്രീയും ദൈവവും ചേര്‍ന്നുള്ള ഏകീഭാവത്തിലൂടെയാണു് ഒരു യഥാര്‍ത്ഥക്രിസ്തീയവിവാഹം സംഭവിക്കുന്നതു്. അതില്‍ ക്കുറഞ്ഞ ഒന്നും ഒരിക്കലും ക്രിസ്തീയവിവാഹമെന്നു വിളിക്കപ്പെടുവാന്‍ യോഗ്യമാകുന്നില്ല.
ബൈബിള്‍ നമ്മോടു് ഇപ്രകാരം കല്പിക്കുന്നു: ''നിങ്ങള്‍ അവിശ്വാസികളോടു് ഇണയല്ലാപ്പിണ കൂടരുതു്.'' (ഇംഗ്ലീഷ് തര്‍ജ്ജമയനുസരിച്ചു് - ''നിങ്ങള്‍ അവിശ്വാസികളുമായി ചേര്‍ച്ചയില്ലാവിധം ഒരേനുകത്തിന്‍ കീഴേ ബന്ധിക്കപ്പെടരുതു്.'') നുകം വിവാഹത്തിന്‍റെ വ്യക്തമായ ഒരു പ്രതീകമാണു്. ഇവിടത്തെ ചിത്രം ഒരേ നുകത്തിന്‍ കീഴെ അമയ്ക്കപ്പെട്ടു് ഒരുമിച്ചു നുകം വലിച്ചുകൊണ്ടൂ നീങ്ങുന്ന രണ്ടുകാളകളുടേതാണു്. അതുപോലെ ഭര്‍ത്താവും ഭാര്യയും വിവാഹത്താല്‍ പരസ്പരം ബന്ധിക്കപ്പെട്ടു് കര്‍ത്താവിനുവേണ്ടി പ്രവര്‍ത്തിച്ചുമുന്നേറുകയാണു് വേണ്ടതു്. പഴയനിയമത്തില്‍ കാളയെയും കഴുതയെയും ഒരുമിച്ചു ചേര്‍ത്തു് ഉഴുന്നതിനെ നിരോധിച്ചിട്ടുണ്ട് (ആവര്‍. 22:10). കാരണം, ഈ രണ്ടു മൃഗങ്ങള്‍ക്കു് ഭിന്നസ്വഭാവങ്ങളാണുള്ളതു്. അതുപോലെ വിശ്വാസിക്കു് അവിശ്വാസിയില്‍നിന്നു ഭിന്നമായ ഒരു സ്വഭാവമാണുള്ളതു്. അതുകൊണ്ട് ബൈബിള്‍ തുടര്‍ന്നു് ഇപ്രകാരം ചോദിക്കുന്നു: ''വെളിച്ചത്തിനും ഇരുളിനും എങ്ങനെ സഹവര്‍ത്തിക്കുവാന്‍ (ഒരുമിച്ചുനില്‍ക്കുവാന്‍) കഴിയും? ഒരു വിശ്വാസിക്കു് അവിശ്വാസിയുമായി എന്തു പൊരുത്തമാണുള്ളതു്?'' (2 കൊരി. 6:14,15 JBP).
ദൈവപൈതലായ നിങ്ങള്‍ പിശാചിന്‍റെ സന്തതിയായ ഒരവിശ്വാസിയെ (യോഹ. 8:44;1 യോഹ. 3:10) വിവാഹം ചെയ്യുന്നപക്ഷം പിശാചു് നിങ്ങളുടെ അമ്മാവിയപ്പനായിത്തീരും എന്ന വസ്തുത സുവ്യക്തമാണു്. അത്തരമൊരു അമ്മാവിയപ്പനുമൊത്തു ജീവിക്കുമ്പോള്‍ ശിഷ്ടായുഷ്‌കാലം മുഴുവന്‍ അന്തമറ്റ ദുരിതങ്ങള്‍ നിങ്ങള്‍ സഹിക്കേണ്ടിവരുമെന്നതും തീര്‍ച്ചയാണു്.
താന്‍ ഒരവിശ്വാസിയെ വിവാഹം ചെയ്യുന്നപക്ഷം അതിലൂടെ ഒരാത്മാവിനെ നരകത്തില്‍നിന്നു രക്ഷിക്കാന്‍ താന്‍ പ്രാപ്തനാകുമെന്നു് ഒരു വിശ്വാസി ചിലപ്പോള്‍ വാദിച്ചേക്കാം. ആ വാദം ശരിയായിരുന്നെങ്കില്‍ എല്ലാ വിശ്വാസികളും അവിശ്വാസികളെ വിവാഹം ചെയ്യണമെന്നു് സര്‍വജ്ഞനായ ദൈവം കല്പിക്കുമായിരുന്നു. എന്നാല്‍ എന്തുകൊണ്ടാണു് തന്‍റെ വചനത്തിലൂടെ അവിടുന്നു് അപ്രകാരം കല്പിക്കാതു്? വിവാഹം ആത്മാക്കളെ രക്ഷിക്കുന്നതിനുള്ള ഒരു മാര്‍ഗ്ഗമായിത്തീരുവാന്‍ ദൈവം തീര്‍ച്ചയായും ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. അതു കൊണ്ട് വചനവിരുദ്ധമായ അത്തരമൊരു ആത്മരക്ഷാപദ്ധതി ആരെങ്കിലും സ്വീകരിക്കുന്നപക്ഷം ദൈവം അയാളെ പിന്താങ്ങുമെന്നു് ആരും പ്രതീക്ഷിക്കേണ്ടതില്ല. വിവാഹത്തിനുമുമ്പു മാനസാന്തരപ്പെട്ടിട്ടില്ലാത്തയാളാണു് നിങ്ങളുടെ ജീവിതപങ്കാളിയെങ്കില്‍ വിവാഹാനന്തരം അയാള്‍ മാനസാന്തരപ്പെടുകയെന്നതു് വളരെ അസംഭവ്യമാണു്.
എങ്ങനെയായാലും ഒരവിശ്വാസിയെ വിവാഹം ചെയ്യുന്ന വിശ്വാസി ദൈവ വചനത്തിലെ കല്പനയെ വ്യക്തമായി ലംഘിച്ചുകൊണ്ടും കര്‍ത്താവിനോടു് പ്രകടമായ അനുസരണക്കേടു കാണിച്ചുകൊണ്ടുമാണു് അപ്രകാരം ചെയ്യുന്നതു്. അതിനാല്‍ തന്‍റെ വിവാഹത്തെ അനുഗ്രഹിക്കുവാന്‍ അയാള്‍ ദൈവത്തോടപേ ക്ഷിക്കുന്നപക്ഷം അതു കേവലം മിഥ്യാസങ്കല്പം മാത്രമാണു്.
തന്‍റെ മക്കളിലൊരാള്‍ ഒരവിശ്വാസിയെ വിവാഹം ചെയ്യുന്നതിനെ ഒരു സാഹചര്യത്തിലും അനുവദിച്ചുകൊടുക്കുവാന്‍ ദൈവത്തിനു സാധ്യമല്ല. (ഒരു ഹിന്ദുവിനെയോ നിരീശ്വരനെയോ നാം അവിശ്വാസിയെന്നു കരുതുന്നതുപോലെ തുല്യമായ അളവില്‍ത്തന്നെ അവിശ്വാസിയാണു് ഒരു നാമധേയക്രിസ്ത്യാനിയും എന്ന കാര്യം ഇവിടെ ഞാന്‍ ആവര്‍ത്തിച്ചുപറയുകയാണു്.) ഏതെങ്കിലും വിശ്വാസിയുടെ മാനസാന്തരപ്പെടാത്ത ജീവിതപങ്കാളി പില്‍ക്കാലത്തു മാനസാന്തരപ്പെട്ടിട്ടുള്ള ദൃഷ്ടാന്തം ഉദ്ധരിക്കുന്നതില്‍ യാതൊരു സാംഗത്യവുമില്ല. എന്തെന്നാല്‍ മറ്റുള്ളവരുടെ ദൃഷ്ടാന്തമല്ല, ദൈവവചനം തന്നെയാണു് നിങ്ങളെ ഭരിക്കേണ്ടതു്. ഒരവിശ്വാസിയെ വിവാഹം ചെയ്യുന്നതിനെക്കാള്‍ അവിവാഹിതജീവിതത്തില്‍ തുടരുന്നതുത്തമം എന്നു തീരുമാനിക്കുകയാണു് ദൈവത്തിന്‍റെ സര്‍വോന്നതനന്മയാഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടതു്.
തന്‍റെ ജീവിതപങ്കാളിയാകുവാന്‍ പരിഗണിക്കപ്പെടുന്ന വ്യക്തി വീണ്ടും ജനനം പ്രാപിച്ചിട്ടില്ലാത്തയാളാണെങ്കില്‍ അക്കാര്യത്തില്‍ മാതാപിതാക്കളുടെയോ മറ്റാരുടെയെങ്കിലുമോ നിര്‍ബ്ബന്ധം അനുസരിക്കുവാന്‍ ആരും ബാധ്യസ്ഥരല്ല. അമ്മയപ്പന്മാരെ കര്‍ത്താവില്‍ അനുസരിക്കുവാന്‍ മാത്രമേ നമുക്കു ബാധ്യതയുള്ളു (എഫേ. 6:1). അതായതു് നിങ്ങളുടെ മനസ്സാക്ഷിക്കോ ദൈവവചനത്തിലെ ഉപദേശത്തിനോ വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടിവരാത്ത സന്ദര്‍ഭങ്ങളില്‍മാത്രം നിങ്ങള്‍ അവരെ അനുസരിച്ചാല്‍ മതിയാകും. ഒരു വിശ്വാസിയുടെ ഒന്നാമത്തെ കടപ്പാടു് കര്‍ത്താവിനെ അനുസരിക്കുവാനാണു്. എന്നുവച്ചാല്‍ അവനു് ചില സാഹചര്യങ്ങളില്‍ സ്വന്തം മാതാപിതാക്കള്‍ക്കെതിരായി നില്‍ക്കേണ്ടിവരും എന്നാണു് അതിന്‍റെയര്‍ത്ഥം. കര്‍ത്താവുതന്നെ മത്താ. 10:32-39 വാക്യങ്ങളില്‍ അപ്രകാരം അരുളിച്ചെയ്തിട്ടുണ്ട്. വാക്യം 37- ല്‍ വിശേഷിച്ചു ശ്രദ്ധിക്കുക: ''എന്നെക്കാളധികം അപ്പനെയോ അമ്മയെയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല.''
ഒരു പിതാവിനു തന്‍റെ മകനുവേണ്ടി ഭവനങ്ങളെയോ സമ്പത്തുകളെയോ നല്‍കുവാന്‍ കഴിയും: എന്നാല്‍ കര്‍ത്താവിനുമാത്രമേ വിവേകശാലിനിയായ ഭാര്യയെ നല്‍കുവാന്‍ കഴിയുകയുള്ളു (സദൃ. 19:14 LB).
ചിലപ്പോള്‍ നിങ്ങള്‍ ഒരു യുവതിയിലേക്കു് ആകൃഷ്ടനായിത്തീരുകയും പിന്നീടു് അവള്‍ മാനസാന്തരപ്പെട്ടവളല്ലെന്നു് അറിയാനിടവരികയും ചെയ്‌തേക്കാം. അല്ലാത്തപക്ഷം നിങ്ങള്‍ മാനസാന്തരപ്പെടുന്ന സമയത്തു് മാനസാന്തരാനുഭവമില്ലാത്ത ഒരു പെണ്‍കുട്ടിയുമായി നേരത്തേ സ്‌നേഹത്തിലായിരുന്നുവെന്നും വരാം. അത്തരം സാഹചര്യങ്ങളില്‍ പെണ്‍കുട്ടി മാനസാന്തരാനുഭവം ഇല്ലാത്തവളെന്നതിനു വ്യക്തമായ തെളിവുണ്ടായിരിക്കെത്തന്നെ നിങ്ങളെത്തന്നെയും (മറ്റുള്ളവരെയും) അവള്‍ വീണ്ടുംജനനം പ്രാപിച്ചവളെന്നു വിശ്വസിപ്പിക്കുന്നതിനുള്ള പരീക്ഷ വളരെ പ്രബലമായിത്തീരും.
നിങ്ങള്‍ കുറെക്കൂടി സത്യസന്ധനും യാഥാര്‍ത്ഥ്യബോധമുള്ളവനുമെങ്കില്‍, അത്തരം ആത്മവഞ്ചനയെ നിരസിച്ചശേഷം അവള്‍ രക്ഷ പ്രാപിക്കേണ്ടതിന്‍റെ ആവശ്യം അംഗീകരിച്ചുകൊണ്ട് അവളോടു സുവിശേഷം അറിയിക്കുകയാണു് നിങ്ങള്‍ ചെയ്യേണ്ടതു്. എന്നാല്‍ ഇതിനു അവള്‍ ചെയ്യുന്ന ഏതെങ്കിലും പ്രതികരണം വിശ്വാസ്യമാണെന്നു് ഉറപ്പുവരുത്തുന്ന കാര്യത്തില്‍ നിങ്ങള്‍ വളരെ വളരെ ശ്രദ്ധിക്കേണ്ടതാണു്. അന്യോന്യമുള്ള സ്‌നേഹത്തിന്‍റെ ആകര്‍ഷണം മൂലം 'മാനസാന്തര'മെന്നു നിങ്ങള്‍ വിളിക്കുന്ന ഒരു പരിപാടിയിലൂടെ കടന്നുപോകുവാന്‍ അവള്‍ സന്നദ്ധയായിരിക്കും. എന്നാല്‍ അത്തരമൊരു മാനസാന്തരം യഥാര്‍ത്ഥ പാപബോധത്തില്‍നിന്നു് ഉറവെടുക്കുന്നതല്ലെങ്കില്‍ സത്യവിരുദ്ധമെന്നു് പിന്നീടു വെളിപ്പെടും. നിങ്ങള്‍ അവളോടു സുവിശേഷം അറിയിക്കേണ്ട എന്നു ഞാന്‍ പറയുകയല്ല. ഉപരിപ്ലവമായ ഒരു മനംമാറ്റം മാത്രം അവളില്‍ ഉണ്ടാകുവാനുള്ള സാധ്യത നിങ്ങള്‍ മനസ്സില്‍ കരുതിക്കൊള്ളണം എന്നുമാത്രമാണു് ഞാന്‍ പറയുന്നതു്.
എനിക്കു പരിചയമുണ്ടായിരുന്ന ഒരു വിശ്വാസിയുടെ കാര്യം ഞാനോര്‍ക്കുന്നു. അദ്ദേഹം കര്‍ത്താവിന്‍റെ വേലയില്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരുവനായിരുന്നു. മാതാപിതാക്കന്മാര്‍ അദ്ദേഹത്തിനു് ഒരു വിവാഹമാലോചിച്ചു നടത്തി. പെണ്‍കുട്ടി ഒരു നാമധേയക്രിസ്ത്യാനിയും ആ സമയത്തു് രക്ഷിക്കപ്പെട്ടിട്ടില്ലാത്തവളുമായിരുന്നു. എന്നാല്‍ വിവാഹത്തിനുമുമ്പു് അദ്ദേഹം അവളോടു സുവിശേഷമറിയിച്ചു. ആ സമയത്തു് താന്‍ രക്ഷയിലേക്കു വരുന്നതായി അവള്‍ ഏറ്റുപറയുകയും ചെയ്തു. എന്നാല്‍ വിവാഹം കഴിഞ്ഞു് ഏതാനും മാസത്തിനകം പെണ്‍കുട്ടിയുടെ യഥാര്‍ത്ഥസ്വഭാവം വെളിപ്പെട്ടു. അവള്‍ക്കു് യഥാര്‍ത്ഥരക്ഷയുടെ അനുഭവം ലേശംപോലുമില്ലെന്ന സത്യം അവളുടെ ഭര്‍ത്താവിനു മാത്രമല്ല, മറ്റുള്ളവര്‍ക്കും വ്യക്തമായിത്തീര്‍ന്നു. ആത്മീയകാര്യങ്ങളില്‍ ഇതു് അവളുടെ ഭര്‍ത്താവിനു് ഒരു തടങ്കല്‍പ്പാറയായിത്തീര്‍ന്നു. വളരെവേഗം അദ്ദേഹത്തിനു് തന്‍റെ സാക്ഷ്യവും ആത്മീയതീക്ഷ്ണതയും നഷ്ടപ്പെട്ടു.
'മാനസാന്തര'പ്പെടാത്ത ഒരാളില്‍ അനേകം വിശിഷ്ടഗുണങ്ങള്‍ സാത്താന്‍ നിങ്ങള്‍ക്കു കാണിച്ചുതരും. വിവിധതരത്തില്‍ അവള്‍ എത്രമാത്രം അഭികാമ്യയായ ഒരു പെണ്‍കുട്ടിയാണെന്നു് അവന്‍ നിങ്ങളോടു് ഉപദേശിക്കും. ''അവള്‍ എത്ര മാധുര്യമുള്ള ഒരു വ്യക്തി! സാഹചര്യങ്ങളോടിണങ്ങിച്ചേരുന്ന പ്രകൃതമുള്ളവള്‍!'' എന്നു് അവന്‍ നിങ്ങളുടെ ചെവിയില്‍ മന്ത്രിക്കും. എന്നാല്‍ അവന്‍റെ വാക്കുകള്‍ക്കു ചെവികൊടുക്കരുതു്. അവന്‍ വ്യാജങ്ങളുടെ പിതാവാണു്. നമ്മുടെ ആദിമാതാപിതാക്കളെ അവന്‍ വഞ്ചിച്ചപ്പോള്‍ അതില്‍ത്തന്നെ നല്ലതും മനോഹരവുമായി കാണപ്പെട്ട ഒരു വസ്തുവിലൂടെയാണു് അവരെ വശീകരിച്ചതു് (ഉല്‍പ. 3:6). എന്നാല്‍ ദൈവം അതിനെ വിലക്കിയിരുന്നു. അതുപോലെ ഇണയില്ലാപ്പിണയെയും ദൈവം വിലക്കിയിട്ടുണ്ട് (2 കൊരി. 6:14). ദൈവം വിലക്കിയതിനെ സ്വീകരിക്കുന്നപക്ഷം അതു് (എത്ര നന്മയുള്ളതായി നിങ്ങള്‍ക്കു തോന്നിയാല്‍ തന്നെയും) വിനാശം വിളിച്ചുവരുത്തും.
ഇതിനെപ്പറ്റി ദൈവവചനം നല്‍കുന്ന ഉപദേശം നിരാകരിച്ചതിന്‍റെ ഫലമായി അസന്തുഷ്ടമായ വിവാഹങ്ങളും ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ അന്തമില്ലാത്ത കലഹവും ഉണ്ടായിട്ടുള്ള ഒന്നിലധികം സന്ദര്‍ഭങ്ങള്‍ എനിക്കു് അറിവുണ്ട്. വിവാഹത്തിനുശേഷം ഭര്‍ത്താവിനെ മാനസാന്തരത്തിലേക്കു നയിക്കാമെന്നു ചിന്തിച്ച സ്ത്രീയുടെ സ്വപ്നങ്ങളെല്ലാം തകര്‍ന്നു തരിപ്പണമാകുകയും കര്‍ത്താവിന്‍റെ വേലയ്ക്കായി തന്‍റെ ഭവനം തുറന്നുകൊടുക്കുവാന്‍ അവള്‍ക്കു കഴിവില്ലാതാകുകയും ചെയ്തിട്ടുണ്ട്. തന്നെ ഇത്രമാത്രം സ്‌നേഹിച്ച ഒരു യുവതിയെ വിവാഹാനന്തരം കര്‍ത്താവിങ്കലേക്കു നടത്തുക ഒരു പ്രശ്‌നമേ അല്ലെന്നു ചിന്തിച്ച പുരുഷന്‍ തന്നെ പിറകോട്ടുവലിച്ചുതാഴ്ത്തുന്ന ഒരു ശക്തിയായിട്ടാണു് അവളെ ഇപ്പോള്‍ കാണുന്നതു്.
മാനസാന്തരപ്പെടാത്ത ഒരാളുമായി ഒരിക്കലും വൈകാരികബന്ധത്തിലേര്‍പ്പെടാതെ സൂക്ഷിക്കുക എന്നതാണു് ഏറ്റവും സുരക്ഷിതമായ കാര്യം. അങ്ങനെയുള്ള ഒരാളോടു് ആന്തരികമായ ഒരാകര്‍ഷണം നിങ്ങള്‍ക്കു് അനുഭവപ്പെടുന്നുവെങ്കില്‍ ഉടന്‍തന്നെ സ്വയം നിയന്ത്രിച്ചുകൊള്ളുക. അവള്‍ സത്യമായും പൂര്‍ണ്ണമായും മാനസാന്തരപ്പെട്ടശേഷം മാത്രമേ ഭാവിയില്‍ നിങ്ങളുടെ ജീവിതപങ്കാളിയായിത്തീരാന്‍ സാധ്യതയുള്ള ഒരു വ്യക്തിയായി അവളെ വീക്ഷിക്കാവൂ.
നിങ്ങള്‍ രക്ഷിക്കപ്പെടുന്നതിനു മുമ്പുതന്നെ അത്തരമൊരു യുവതിയുമായി പ്രേമബന്ധത്തിലായിരുനുവെങ്കില്‍, നിങ്ങള്‍ ഇപ്പോള്‍ നിങ്ങളുടെ ആത്മീയനിലപാടു് അവളെ വ്യക്തമായി ധരിപ്പിക്കണം. ഇപ്പോള്‍ നിങ്ങളുടെ പ്രഥമസ്‌നേഹം യേശുക്രിസ്തുവുമായിട്ടാണെന്നും അവളുടെ ജീവിതത്തില്‍ അപ്രകാരമൊരു രൂപാന്തരം സംഭവിക്കുന്നതുവരെ വിവാഹത്തിനു പരിഗണിക്കപ്പെടുവാനുള്ള ഒരു സാധ്യത തന്നെ അവള്‍ക്കില്ലെന്നും അവളെ ധരിപ്പിക്കണം. നിങ്ങള്‍ രണ്ടുപേരില്‍ ഓരോരുത്തരുടെയും ജീവിതത്തില്‍ ക്രിസ്തുവിനല്ല സര്‍വോന്നതസ്ഥാനമെങ്കില്‍ നിങ്ങളുടെ ഭവനം ഒരു വിധത്തിലും ഒരു യഥാര്‍ത്ഥക്രിസ്തീയഭവനമാകുകയില്ല. അത്തരം സാഹചര്യങ്ങളില്‍ ദൈവത്തെ മാനിക്കുന്നവര്‍ക്കു് ദൈവം തങ്ങളെയും മാനിക്കുന്നതായി ബോധ്യമാകും (1 ശമൂ. 2:30). ദൈവത്തെ മാനിക്കുക എന്നതി അര്‍ത്ഥം ഇതാണു്: ആ പെണ്‍കുട്ടിയുമായുള്ള നിങ്ങളുടെ ബന്ധത്തെപ്പറ്റി തനിക്കു് ഇഷ്ടമുള്ളവിധം ദൈവം പ്രവര്‍ത്തിച്ചുകൊള്ളുവാനായി അതിനെ യാഗപീഠത്തിന്മേല്‍ വയ്ക്കുക. ആ പെണ്‍കുട്ടി നിങ്ങള്‍ക്കായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളാണെങ്കില്‍ അവളെ ക്രിസ്തുവിനു കീഴടങ്ങുന്ന ഒരനുഭവത്തിലേക്കു് ദൈവം കൊണ്ടുവരികയും യിസ്ഹാക്കിനെ അബ്രഹാമിനു വീണ്ടും തിരിച്ചു കൊടുത്തതുപോലെ നിങ്ങള്‍ക്കു തിരിച്ചുതരികയും ചെയ്യും (ഉല്‍പ. 22). അവള്‍ നിങ്ങള്‍ക്കായി ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവളല്ലെങ്കില്‍ യിശ്മായേല്‍ അബ്രഹാമിന്‍റെ ജീവിതത്തില്‍നിന്നു് അകന്നുപോയതുപോലെ അവള്‍ നിങ്ങളുടെ ജീവിതത്തില്‍നിന്നും അകന്നുപോകുവാന്‍ ദൈവം ഇടവരുത്തും (ഉല്‍പ. 21). രണ്ടിനും നിങ്ങള്‍ സമ്മതം ഉള്ളവനായിരിക്കണം. ദൈവം ആര്‍ക്കും കടക്കാരനാകുകയില്ല. ആ ദൈവത്തെ നിങ്ങളുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനത്തു് പരിഗണിക്കുന്നുവെങ്കില്‍ അവിടുന്നു് സര്‍വ്വോന്നതമായ നന്മയ്ക്കായി പരിഗണിക്കുന്ന കാര്യം ഒരിക്കലും നിങ്ങള്‍ക്കു നഷ്ടമാവുകയില്ല.
ഒരു വിവാഹത്തിലെ പങ്കാളികളായ രണ്ടുപേര്‍ക്കും യഥാര്‍ത്ഥമായ രക്ഷാനുഭവം ഉണ്ടെങ്കില്‍ അവരില്‍ ഓരോരുത്തരും ദൈവത്തില്‍നിന്നു് പാപക്ഷമയുടെ ഫലമായുള്ള ഹൃദയസമാധാനം അനുഭവിക്കുന്നവരായിരിക്കും. അവരുടെ അന്യോന്യബന്ധത്തില്‍ പരസ്പരം ക്ഷമ ചോദിക്കുവാനും ക്ഷമിക്കുവാനുമുള്ള സന്നദ്ധതയില്‍ ഇതു് വീണ്ടും വീണ്ടും വെളിപ്പെടും. രണ്ടുപേരില്‍ ആരെങ്കിലും ഒരാളിലോ രണ്ടുപേരിലുമോ ഈ സന്നദ്ധത ഇല്ലാതെ വരികമൂലം അനേകം വിവാ ഹങ്ങള്‍ തകര്‍ന്നുപോയിട്ടുണ്ട്.
എന്നാല്‍ മാനസാന്തരാനുഭവം മാത്രം പോരാ. ആത്മാവിലുള്ള ഐക്യത്തിനു് ആത്മീയകാര്യങ്ങളില്‍ തികച്ചും സമാനമായ വീക്ഷണവും ആവശ്യമാണു്. കര്‍ത്താവിനോടുള്ള ഭക്തിയുടെയും തീക്ഷ്ണതയുടെയും കാര്യത്തില്‍ വിശ്വാസികള്‍ തമ്മില്‍ത്തന്നെ വിപുലമായ അന്തരമുണ്ട്. ഒരു തീക്ഷ്ണതയുള്ള ക്രിസ്ത്യാനി മന്ദോഷ്ണനിലപാടുള്ള (lukewarm) ഒരാളെ വിവാഹം ചെയ്താല്‍ അതിന്‍റെ അനന്തരഫലം മന്ദോഷ്ണരീതിക്കാരായ രണ്ടു ക്രിസ്ത്യാനികള്‍ ഉണ്ടായിത്തീരുക എന്നതായിരിക്കും. തീക്ഷ്ണതയുള്ള ക്രിസ്ത്യാനിയുടെ താപനില മന്ദോഷ്ണരീതിയുള്ളയാളിന്‍റെ താപനിലയിലേക്കു താണുവരും. അതുകൊണ്ട് ഒരാള്‍ വീണ്ടും ജനനാനുഭവമുള്ളവന്‍ അഥവാ ഉള്ളവള്‍ ആണോ എന്നുമാത്രം നിങ്ങള്‍ ചിന്തിച്ചാല്‍ പോരാ. പിന്നെയോ അയാള്‍ നിങ്ങളുടെ ജീവിതത്തെ വലിച്ചുതാഴ്ത്തുന്ന ഒരാളായിരിക്കുമോ അഥവാ ഉയര്‍ത്തുന്ന ഒരാളായിരിക്കുമോ എന്ന കാര്യം കൂടി നിങ്ങള്‍ പരിഗണിക്കണം. നിങ്ങള്‍ക്കുള്ള അതേ ആത്മീയമായ ആഴവും അഭിവാഞ്ഛയും അയാള്‍ക്കും ഉണ്ടായിരിക്കണം. അയാളുടെ ജീവിതം നിങ്ങളുടെ ജീവിതത്തിനു് ഉയര്‍ച്ചയിലേക്കു് നിരന്തരമായുള്ള ഒരു ആത്മീയാഹ്വാനം ആയിരിക്കുകയും വേണം. അയാളുടെ ആത്മീയത്വം നിങ്ങളുടെ ആദരം പിടിച്ചു പറ്റുന്നതായിരിക്കണം. രണ്ടു പങ്കാളികളും യഥാര്‍ത്ഥത്തില്‍ ആത്മീയരായിരിക്കുമ്പോള്‍ ഈ ആദരം അന്യോന്യം ഉണ്ടായിരിക്കും. ഓരോരുത്തരും മറ്റേയാളിനെ ആത്മീയമായി തന്നെക്കാള്‍ ഉയര്‍ന്നവന്‍(ള്‍) എന്നു കരുതുകയും ചെയ്യും (ഫിലി. 2:3).
അപ്രകാരം ഒരു ജീവിതപങ്കാളിയുണ്ടെങ്കില്‍ നിങ്ങള്‍ പിന്നോക്കം പോകുമ്പോള്‍ നിങ്ങളെ ആത്മീയമായി പിടിച്ചുയര്‍ത്തുവാന്‍ അയാള്‍ക്കു കഴിവുണ്ടായിരിക്കും. അതേ കാര്യം അയാള്‍ക്കുവേണ്ടി ചെയ്യുവാന്‍ നിങ്ങള്‍ക്കും കഴിവുണ്ടായിരിക്കും. നിങ്ങളുടെ ആത്മീയമായ മൂര്‍ച്ച കുറഞ്ഞുപോകുമ്പോള്‍ അതിനു മൂര്‍ച്ച വരുത്തുവാന്‍ അയാള്‍ക്കു കഴിവുണ്ടാകും. അതേ കാര്യം അയാള്‍ക്കുവേണ്ടി ചെയ്യുവാന്‍ നിങ്ങള്‍ക്കും കഴിവു ലഭിക്കും (സഭാ. 4:10). ഇപ്രകാരമുള്ള ഒരു ജീവിതപങ്കാളി വിലതീരാത്ത ഒരു നേട്ടമായിത്തീരും.
എന്നാല്‍ ഒരു വ്യക്തിയെ നാം ആത്മീയമായി വിലയിരുത്തേണ്ത്ട്തു് എങ്ങനെയാണു്? ആധ്യാത്മികപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലാണോ അതു ചെയ്യേണ്ടതു്? എപ്പോഴും ബൈബിള്‍ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും സുവിശേഷവുമായി ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന ഒരു യുവതി ആത്മീയത്വം ഉള്ളവളായിരുന്നാല്‍പ്പോലും ഒരു ഭാര്യയും അമ്മയുമെന്ന നിലയില്‍ വളരെ കുറവുള്ളവളായിത്തീരാന്‍ ചിലപ്പോള്‍ സാധ്യതയുണ്ട്. ഒരു സജീവപ്രവര്‍ത്തകയ് ക്കു് ആഴമായ ആത്മീയാനുഭവം ഉണ്ടായിരിക്കണമെന്നില്ല എന്ന കാര്യം നാമോര്‍ക്കണം. കാരണം, ആത്മീയതയും ആധ്യാത്മികപ്രവര്‍ത്തനവും എല്ലായ്‌പ്പോഴും പര്യായപദങ്ങളല്ല. വിവാഹജീവിതത്തിന്‍റെ പ്രാരംഭവര്‍ഷങ്ങള്‍ നിങ്ങള്‍ക്കും നിങ്ങളുടെ ഭാര്യയ്ക്കും നിരന്തരമായ ബൈബിള്‍പഠനത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും ക്രിസ്തീയസേവനത്തിന്‍റെയും വര്‍ഷങ്ങളായിരിക്കുകയില്ല. നേരേ മറിച്ചു് കരച്ചിലും ബഹളവുംകൊണ്ട് പകല്‍ സമയം നിങ്ങളുടെ ഭാര്യയുടെ സമയത്തിന്‍റെ ഭൂരിഭാഗവും അപഹരിക്കുകയും രാത്രിയില്‍ നിങ്ങളെ രണ്ടുപേരെയും അലോസരപ്പെടുത്തുകയും ചെയ്യുന്ന കുട്ടികളെ നോക്കുന്നതിലായിരിക്കും നിങ്ങള്‍ ഏര്‍പ്പെട്ടിരിക്കുക. ആധ്യാത്മികപ്രവര്‍ത്തനത്തിലും ബൈബിള്‍പഠനത്തിലും മാത്രം ആത്മീയത്വം കാണുന്ന യുവതി ഈ വക കാര്യങ്ങള്‍മൂലം നീരസപ്പെടുകയും മുഖം വീര്‍പ്പിക്കയും പിറുപിറുക്കുകയും ചെയ്യും. ഇവയെല്ലാം കര്‍ത്താവുമായുള്ള തന്‍റെ കൂട്ടായ്മയ്ക്കു് പ്രതിബന്ധമെന്നു് അവള്‍ കരുതിയെന്നും വരാം.
ആത്മീയത്വവും വീണ്ടുംജനനാനുഭവും തന്നെയും അളക്കുക എന്നതു് എളുപ്പമുള്ള കാര്യമല്ല. ഇന്നത്തെ ലോകത്തില്‍ ഭൂരിപക്ഷമാളുകളും നാട്യപ്രധാനമായ ഒരന്തരീക്ഷത്തില്‍ ജീവിക്കുകമൂലം അതു വീണ്ടും കൂടുതല്‍ പ്രയാസമുള്ള തായിത്തീരുന്നു. അല്‍പംപോലും കാപട്യമില്ലാത്ത ആളുകള്‍ വളരെക്കുറച്ചേയുള്ളു. മിക്ക വിശ്വാസികളും വാസ്തവത്തിലുള്ളതിനെക്കാള്‍ ഉയര്‍ന്ന ഒരാത്മീയത്വം തങ്ങള്‍ക്കുന്നെ ധാരണ മറ്റുള്ളവരില്‍ ജനിപ്പിക്കുവാന്‍ ശ്രമിക്കുന്നവരാ ണു്. ചെറുപ്പക്കാരെ സംബന്ധിച്ചു് ഇതു വിശേഷിച്ചും സത്യമാണു്. അതിലും പ്രത്യേകിച്ചു് പതിവായി കൂട്ടായ്മയോഗങ്ങളില്‍ സംബന്ധിക്കുന്നവര്‍ക്കു് ഈ പ്രവണത കൂടുതലായിക്കാണും. ഈ കാര്യം നാമോര്‍ക്കുകയും ഒരു വ്യക്തിയുടെ പുറമേയുള്ള ഭാവംകൊണ്ടു വഞ്ചിതരാകാതെ സൂക്ഷിക്കയും ചെയ്യണം. ശരിയായ ഒരു വിലയിരുത്തല്‍ നടത്തുക എന്നതു് ഏറ്റവും വിഷമകരമാണു്. എങ്കിലും വിവാഹക്കാര്യം ചിന്തിക്കുമ്പോള്‍ നാമതു ചെയ്‌തേ മതിയാവൂ. മറ്റേ വ്യക്തി രക്ഷിക്കപ്പെട്ടതിനെക്കുറിച്ചു് വാക്കിനാല്‍ സാക്ഷ്യം പറയുന്നതുകൊണ്ടുമാത്രം നിങ്ങള്‍ തൃപ്തിപ്പെടരുതു്. ഞാന്‍ നേരത്തെ സൂചിപ്പിച്ചതുപോലെ ഒരിക്കലും വീണ്ടുംജനനം ഉണ്ടായിട്ടില്ലാത്ത ഒരാളിനു് അതിനെപ്പറ്റി സാക്ഷ്യം പറയുവാന്‍ സാധ്യമാണു്. ആളുകളെ അവരുടെ ഫലങ്ങളാല്‍ നമുക്കു തിരിച്ചറിയാന്‍ കഴിയുമെന്നു് നമ്മുടെ കര്‍ത്താവു പറഞ്ഞിട്ടുണ്ട് (മത്താ. 7:16). നാം ദിനംപ്രതി കര്‍ത്താവിനോടുകൂടി നടക്കുന്നപക്ഷം തക്കസമയം വരുമ്പോള്‍ ശരിയായ വിലയിരുത്തല്‍ നടത്തുവാന്‍ അവിടുന്നു് നമുക്കു കഴിവു നല്‍കും.
പ്രാഥമികമായി നാം നോക്കേണ്ടതു് സ്‌നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ (സഹിഷ്ണുത), ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയ ജയം (ആത്മനിയന്ത്രണം) എന്നിങ്ങനെയുള്ള ആത്മാവിന്‍റെ ഫലങ്ങളാണു് (ഗലാ. 5:22-23). നാം പരിഗണിക്കുന്ന വ്യക്തി ക്രിസ്തീയകൂട്ടായ്മയിലും കര്‍ത്താവിന്‍റെ വേലയിലും സജീവമായ ഒരു താല്‍പര്യം കാണിക്കുകയും വേണം.
ഒരു പെണ്‍കുട്ടിക്കു് ശാന്തവും സൗമ്യവുമായ മനസ്സു് എന്ന വാട്ടം തട്ടാത്ത സൗന്ദര്യം (1 പത്രോ. 3:4 JBP) ഉണ്ടായിരിക്കണം. അവള്‍ ഇരുപതാംനൂറ്റാണ്ടിലെ ചില പെണ്‍കുട്ടികളെപ്പോലെ ശബ്ദായമാനത്വവും അധികാരഭ്രമവും പൂണ്ട ഒരുവളായിരിക്കരതു്. അത്തരക്കാരുടെ ഭാവം കണ്ടാല്‍ അവരെ സ്ത്രീകളായിച്ചമച്ചതില്‍ ദൈവത്തിനു തെറ്റുപറ്റിപ്പോയി എന്നു തോന്നിപ്പോകും.
സദൃ. 31:10-31 വാക്യങ്ങളില്‍ ബൈബിള്‍ ഒരു സല്‍ഗുണസമ്പന്നയായ സ്ത്രീയുടെ ചിത്രം നമുക്കു നല്‍കുന്നുണ്ട്. അവിടെ വര്‍ണ്ണിക്കപ്പെടുന്ന ഗുണവിശേഷങ്ങള്‍ ഏതൊരു യുവാവും താന്‍ പരിഗണിക്കുന്ന യുവതിയില്‍ പ്രതീക്ഷിക്കേണ്ടതാണു്. ശാരീരികസൗന്ദര്യം വ്യര്‍ത്ഥവും ലാവണ്യം വഞ്ചനാത്മകവുമാണെന്നു് അവിടെ പറഞ്ഞിട്ടുണ്ട്. ദൈവഭയത്തിനാണു് അവിടെ പ്രാധാന്യം നല്‍കിയിട്ടുള്ളതു് (വാ. 30). ദൈവത്തിന്‍റെ ദൃഷ്ടിയില്‍ ഒരു പെണ്‍കുട്ടി എത്രമാത്രം വിശുദ്ധിയുള്ളവളാണോ അത്രയ്ക്കുമാത്രമാണു് അവളുടെ സൗന്ദര്യം. ദൈവഹിതമറിയുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ദൈവം വ്യക്തികളെ നോക്കുന്നതുപോലെ അവരെ നോക്കുവാന്‍ നാമും പഠിക്കണം. റോമര്‍ 12:2-ല്‍ ദൈവഹിതമറിയുവാനുള്ള അത്യാവശ്യഘടകമായി വിവരിക്കപ്പെടുന്ന 'പുതുക്കപ്പെട്ട മനസ്സു്' എന്നതിന്‍റെ അര്‍ത്ഥം ഇതാണു്. ദൈവം പുറംകാഴ്ചയെയല്ല, ഹൃദയത്തെയാണു് നോക്കുന്നതു് (1 ശമൂ. 16:7) എന്നു മനസ്സിലാക്കിയതിനുശേഷവും നമ്മുടെ തിരഞ്ഞെടുപ്പില്‍ ശാരീരികസൗന്ദര്യം നമ്മെ സ്വാധീനിക്കുന്നുവെങ്കില്‍ നാം ദൈവത്താല്‍ നടത്തപ്പെടുമെന്നു പ്രതീക്ഷിക്കുവാന്‍ സാധ്യമല്ല. അപ്പോള്‍ സാത്താന്‍ നമ്മെ വഞ്ചിക്കുവാനും വഴിതെറ്റിക്കുവാനും നാം വാതില്‍ മലര്‍ക്കെ തുറന്നിടുകയാണു് ചെയ്യുന്നതു്.
സദൃ. 31:10-31 വാക്യങ്ങളില്‍ ഒരു മാതൃകാപത്‌നിയുടെ ഗുണവിശേഷങ്ങളായി വര്‍ണ്ണിച്ചിട്ടുള്ള കാര്യങ്ങളെല്ലാം അവളുടെ ആന്തരികസ്വഭാവത്തെ സംബന്ധിക്കുന്നവയാണു്. അവള്‍ സംശയത്തിനു് ഇടം നല്‍കുന്നില്ല; (തന്‍റെ നന്മയെക്കാളധികം) തന്‍റെ ഭര്‍ത്താവിന്‍റെ നന്മ അന്വേഷിക്കുന്നു. അവള്‍ മനസ്സോടെ കഠിനാധ്വാനം ചെയ്യുന്നു. തന്‍റെ കുടുംബത്തെക്കുറിച്ചു് ദീര്‍ഘദൃഷ്ടിയോടെ ചിന്തിക്കുന്നു. സ്വന്തം കൈകൊണ്ട് അദ്ധ്വാനിക്കുവാനും താണതും എളിയതുമായ ഏതു പണിയും ചെയ്യുവാനും അവള്‍ക്കു ലജ്ജയില്ല. അവള്‍ മിതവ്യയക്കാരിയാണെങ്കിലും ലുബ്ധയല്ല. അവള്‍ ഔദാര്യചിത്തയും ബുദ്ധിമുട്ടിലിരിക്കുന്നവരോടു് കരുണയുള്ളവളുമാണു്. തന്‍റെ നാവിനെ നിയന്ത്രിക്കുവാന്‍ അവള്‍ക്കറിയാം. എപ്പോള്‍ എന്തു സംസാരിക്കണമെന്നും മൗനമായിരിക്കേണ്ടതു് എപ്പോഴെന്നും അവള്‍ക്കറിവുണ്ട്. (ഇതു് എത്ര പ്രധാനം!) അവള്‍ തന്‍റെ സമയം വ്യര്‍ത്ഥമായി ചെലവിടുന്നില്ല. ഓരോ നിമിഷവും അവള്‍ പ്രയോജനപ്പെടുത്തുന്നു. അവളുടെ ഭര്‍ത്താവും മക്കളും ദൈവം തന്നെയും അവളെ പ്രശംസിക്കുന്നതില്‍ എന്താണദ്ഭുതം!
ഈ ഗുണവിശേഷങ്ങളെല്ലാം ഒരു പെണ്‍കുട്ടിയിലുണ്ടോ എന്നു് പൂര്‍ണ്ണമായി നിര്‍ണ്ണയിക്കുവാന്‍ നമുക്കു് കഴിവില്ലായിരിക്കാം. എങ്കിലും ദൈവഹിതമറിയുവാന്‍ നാമാഗ്രഹിക്കുന്നുവെങ്കില്‍ ഈ വാക്കുകള്‍ നമ്മുടെ മനസ്സിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ടായിരിക്കുകയും നാം ചെയ്യുന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനം അതായിരിക്കുകയും വേണം.
നിങ്ങള്‍ പരിഗണിക്കുന്ന വ്യക്തി ഇപ്പോള്‍ ഈ ഭദ്രമായ നിലവാരത്തില്‍ വന്നിട്ടില്ലെങ്കിലും, വിവാഹാനന്തരം അവളെ നന്നാക്കി ഉയര്‍ത്തിയെടുക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കും
(ഈ അധ്യായം ഡോക്ടര്‍ (മിസ്സിസ്) ആനി പുന്നന്‍ എം. ബി. ബി. എസ്. എഴുതിയിട്ടുള്ളതാണു്.)
''അവളുടെ വില മുത്തുകളിലും ഏറും. അവള്‍ അമൂല്യരത്‌നങ്ങളെക്കാള്‍ വിലയേറിയവളാണു്'' (സദൃ. 31:10 LB). സല്‍ഗുണശാലിനിയായ സ്ത്രീയെ ഇപ്രകാരമാണു് ബൈബിള്‍ വര്‍ണ്ണിച്ചിട്ടുള്ളതു്.
അക്രൈസ്തവസംസ്‌കാരങ്ങള്‍ പുരുഷനെക്കാള്‍ തരംതാണ ഒരു സൃഷ്ടിയായിട്ടാണു് സ്ത്രീയെ വീക്ഷിച്ചിരുന്നതു്. എന്നാല്‍ കര്‍ത്താവായ യേശുക്രിസ്തു തന്‍റെ ഉപദേശംകൊണ്ടും ജീവിതദൃഷ്ടാന്തംകൊണ്ടും സ്ത്രീയുടെ സ്ഥാനം പുരുഷന്‍റെ കാല്‍ക്കീഴിലല്ല, മറിച്ചു് പാര്‍ശ്വത്തിലാണെന്നു് വ്യക്തമായി പഠിപ്പിച്ചു.
പുരുഷനു് ഒരിക്കലും നിര്‍വ്വഹിക്കുവാനാവാത്ത നിസ്തുല്യമായ ഒരു കൃത്യം നിറവേറ്റുവാനാണു് ദൈവം സ്ത്രീയെ സൃഷ്ടിച്ചതു്. അതിനാല്‍ ശാരീരികമായി മാത്രമല്ല, മാനസികമായും വൈകാരികമായും കൂടെ പുരുഷനില്‍നിന്നു വ്യത്യസ്തയായിട്ടാണു് സ്ത്രീ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതു്. മാതൃത്വം തന്നില്‍നിന്നാവശ്യപ്പെടുന്ന കാര്യങ്ങള്‍ സാധിക്കേണ്ടതിനുവേണ്ടി അവളുടെ മാനസികഘടന പുരുഷന്‍റെതില്‍നിന്നു വ്യത്യസ്തമായിരിക്കുന്നു. തന്മൂലം അവള്‍ കൂടുതല്‍ മൃദുലചിത്തതയും (sensitivity) ആത്മനിഷ്ഠതയും വികാരശീലവും ഉള്ളവളാണു്. അതിനാല്‍ അവള്‍ക്കു് സ്‌നേഹിക്കുവാന്‍ കൂടുതല്‍ കഴിവുണ്ട്; അതോടൊപ്പം സ്‌നേഹിക്കപ്പെടുവാനുള്ള അഭിവാഞ്ഛയും കൂടുതലുണ്ട്. സ്‌നേഹം നിഷേധിക്കപ്പെട്ടാല്‍ ആന്തരികമായി പട്ടിണികിടക്കുന്ന അനുഭവമാണു് സാധാരണ അവള്‍ക്കുണ്ടാകുന്നതു്. അവള്‍ക്കു് നിറവേറ്റുവാനുള്ള പ്രത്യേക കടമകള്‍ നിര്‍വ്വഹിക്കുവാന്‍വേണ്ടി പുരുഷനെക്കാളധികം ബഹുമുഖസിദ്ധികളുള്ളവളായിട്ടാണു് ദൈവം അവളെ തീര്‍ത്തിട്ടുള്ളതു്. അതുകൊണ്ട് ദൈവം അവള്‍ക്കു കൂടുതല്‍ സൂക്ഷ്മമായ സഹജാവബോധം - പുരുഷന്മാര്‍ മനസ്സോടെ ഇതു് അംഗീകരിക്കുക യില്ലെങ്കിലും - നല്‍കിയിട്ടുണ്ട്.
സ്ത്രീകളില്‍ അര്‍പ്പിക്കപ്പെട്ടിട്ടുള്ള ഉത്തരവാദിത്വങ്ങളെപ്പറ്റി പ്രതിപാദിക്കുമ്പോള്‍ ജി. ക്യാംപ്‌ബെല്‍ മോര്‍ഗന്‍ തന്‍റെ 'യിരെമ്യാപ്രവചനപഠനങ്ങള്‍' എന്ന പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു: ''ദൈവത്തിന്‍റെ ഛായയും സാദൃശ്യവും സ്ത്രീയില്‍ പൂര്‍ണ്ണത പ്രാപിക്കയും അതു് ലോകത്തിനു വെളിപ്പെടുകയും ചെയ്യണമെന്നു് ദൈവമാഗ്രഹിക്കുന്നു. ഈ വസ്തുത സ്ത്രീ മനസ്സിലാക്കേണ്ടതാവശ്യമാണു്. 'നാം നമ്മുടെ സ്വരൂപത്തില്‍ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാകുക’ എന്നു ദൈവം പറഞ്ഞതായി എഴുതിയിട്ടുള്ള ഭാഗത്തുതന്നെ 'ഇങ്ങനെ ദൈവം തന്‍റെ സ്വരൂപത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു' എന്നുകൂടി രേഖപ്പെടുത്തിയിരിക്കുന്നു. ഈ കാര്യം പ്രസ്താവിക്കുന്നതിലുള്ള വൈഷമ്യം എനിക്കറിയാം. എങ്കിലും നാം ദൈവത്തെ അറിയണമെങ്കില്‍, മനുഷ്യത്വമെന്തെന്നു ഗ്രഹിക്കണമെങ്കില്‍, പുരുഷനില്‍ പ്രകാശിച്ചു കാണാത്ത എന്തോ ഒന്നു് സ്ത്രീയില്‍ പ്രകാശിക്കുന്നുണ്ടെന്നുള്ള വസ്തുത നാം മനസ്സിലാക്കണം. ഇതു് ബൈബിളിലെ ഏറ്റവും അഗാധമായ സത്യങ്ങളില്‍ ഒന്നാണു്. ദൈവത്തെ സംബന്ധിച്ച അഗാധമായ സത്യത്തെ മറനീക്കിക്കാണിക്കുവാനായി ദൈവം സ്ത്രീയ്ക്കു് ഒരു മനുഷ്യനും കടന്നുനോക്കുവാന്‍ കഴിവില്ലാത്ത ഒരു ഗുണവിശേഷം - പ്രത്യേകവും പവിത്രവുമായ ഒരു ഉത്തരവാദിത്വത്തിന്‍റെ രൂപത്തില്‍, നല്‍കിയിരിക്കുന്നു.
അതെന്താണു്? 'ദൈവം പിതാവാണെന്നുള്ള വസ്തുത സത്യമായിരിക്കുന്നതുപോലെ ദൈവം മാതാവാണെന്നുള്ളതും സത്യം തന്നെ' എന്നു പറയുന്നതിലൂടെയല്ലാതെ എങ്ങനെയാണു് ഞാന്‍ ഈ കാര്യം വെളിപ്പെടുത്തേണ്ടതു്? ദൈവത്തിന്‍റെ പിതൃത്വം എന്ന മഹത്തായ ഉപദേശത്തെപ്പറ്റി ദൈവവചനം വളരെ തെളിവായി പഠിപ്പിക്കുന്നുണ്ട്. അതുപോലെ തെളിവായിത്തന്നെ ദൈവത്തിന്‍റെ മാതൃത്വത്തെപ്പറ്റിയും ബൈബിള്‍ പഠിപ്പിക്കുന്നു (യെശ. 66:13; മത്താ. 23:37 നോക്കുക). ദൈവത്തിന്‍റെ നിത്യശക്തിയുടെ സാരതത്വമായ ആര്‍ദ്രസ്‌നേഹം അതിന്‍റെ അജ്ഞേയവും ദിവ്യവുമായ എല്ലാ അഗാധതയോടും കൂടെ അനാവര ണം ചെയ്യുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ഇതിനെപ്പറ്റി മനുഷ്യരെന്നനിലയില്‍ പരിമിതബുദ്ധികളായ നമുക്കു മനസ്സിലാക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം മാതൃത്വമെന്ന വിശിഷ്ടവും പവിത്രവുമായ അദ്ഭുതശക്തിയെ മനസ്സിലാക്കുകയാണു്.
ആക്ഷരികമായ ഒരു മാതൃത്വത്തെപ്പറ്റി മാത്രമല്ല ഞാന്‍ ഇവിടെ പറയുന്നതു്. കാരണം, ആക്ഷരികമായി ഒരിക്കലും മാതാക്കളായിത്തീര്‍ന്നിട്ടില്ലാത്തവരെങ്കിലും ആര്‍ദ്രചിത്തത, കരുതല്‍, സ്‌നേഹശക്തി എന്നിങ്ങനെ മറ്റുള്ളവരെ സംരക്ഷിക്കുകയും കാവല്‍ചെയ്കയും സൗഖ്യപ്പെടുത്തുകയും സഹായിക്കുകയും ചെയ്യുന്ന മാതൃധര്‍മ്മം നിറവേറ്റുന്ന സ്ത്രീകളുണ്ട്. അന്തമറ്റ മൃദുലഹൃദയത്വവും സൗമ്യഭാവവും ഹൃദയസൗന്ദര്യവും കലര്‍ന്ന ആ സുശക്തമായ സ്വഭാവവിശേഷമാണു് സ്ത്രീത്വത്തിന്‍റെ അത്യുദാരമായ മഹത്വം. ക്രമവിരുദ്ധമായ എന്തെങ്കിലും കാരണംകൊണ്ട് സ്ത്രീത്വത്തിന്‍റെ ആ ഉദാത്തഭാവങ്ങള്‍ ദുഷിപ്പിക്കപ്പെടുന്ന ദിവസത്തില്‍നിന്നു ദൈവം നമ്മെ രക്ഷിക്കട്ടെ. ഈ വക കാര്യങ്ങളിലാണു് സ്ത്രീ ദൈവത്തെ പ്രതിനിധാനം ചെയ്യുന്നതു്. മനുഷ്യഭാഷകൊണ്ട് വിവരിക്കാനാവാത്ത ദൈവസ്വഭാവത്തിന്‍റെ ആ പ്രത്യേകവശത്തെ മാതൃത്വമെന്ന പദം കൊണ്ടു മാത്രമേ നമുക്കു കുറിക്കുവാന്‍ സാധ്യമാവൂ. കൂടുതല്‍ മൃദുലമായ ദൈവികസ്വഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന മാര്‍ദ്ദവം കുറഞ്ഞ ഒരാവരണം മാത്രമാണു് സ്ത്രീയുടെ സ്വഭാവം. ഇതു് ഒന്നാമതായി സമ്മതിക്കുന്ന വ്യക്തികള്‍ മാതാക്കള്‍ തന്നെയായിരിക്കും. ഇതാണു് സ്ത്രീയിലൂടെ ദൈവം വെളിപ്പെടുത്തുവാനുദ്ദേശിക്കുന്ന ആത്മഭാവം.
ഇപ്രകാരമുള്ള ഒരു ദൗത്യമാണു് സ്ത്രീയ്ക്കു് ദൈവം നല്‍കിയിട്ടുള്ളതു്. സ്ത്രീ യഥാര്‍ത്ഥത്തില്‍ ദൈവത്തിനു് സമര്‍പ്പിക്കപ്പെട്ടവളാണെങ്കില്‍ ദൈവം അവള്‍ക്കു നല്‍കിയ ഈ സ്വഭാവവിശേഷങ്ങള്‍ അവിടത്തെ മഹത്വത്തിനും മറ്റുള്ളവരുടെ നന്മയ്ക്കുമായി വിനിയോഗിക്കുവാന്‍ അവള്‍ക്കു കഴിയും. എന്നാല്‍ അവള്‍ തന്‍റെ ജീവിതത്തിലെ എല്ലാ മണ്ഡലങ്ങളിലും ദൈവഭക്തിയെ അന്വേഷിക്കുന്നവളല്ലെങ്കില്‍ ഇതേ സ്വഭാവഗുണങ്ങള്‍ തന്നെ ദുരുപയോഗപ്പെടുത്തുകയും അങ്ങനെ അവ നഷ്ടപ്പെട്ടുപോകയും ചെയ്യും. ദൈവദത്തമായ ആര്‍ദ്രചിത്തത, ആകര്‍ഷകത്വം എന്നിവയിലൂടെ ജീവിതത്തിലെ സാധാരണഘടകങ്ങള്‍ക്കു സൗന്ദര്യം പകരുവാനും തദ്വാരാ ചുറ്റുമുള്ളവര്‍ക്കു് അനുഗ്രഹമായിത്തീരുവാനും സ്ത്രീകളായ നമ്മെപ്പറ്റി ദൈവം ആഗ്രഹിക്കുന്നുവെന്നു മനസ്സിലാക്കുവാന്‍ ദൈവം നമ്മെ സഹായിക്കട്ടെ.
നൈസര്‍ഗ്ഗികമായ ലൈംഗികവാസനകളും സ്ത്രീയില്‍ കുടികൊള്ളുന്നുണ്ട്. പുരുഷന്‍റെ നൈസര്‍ഗ്ഗികവാസനകളില്‍നിന്നു വ്യത്യസ്തമായി അവളുടെ വാസനകള്‍ വിശ്രാന്തവും (passive) തന്മൂലം കൂടുതല്‍ നിയന്ത്രണാധീനവുമാണു്. ഈ സഹജവാസനകള്‍ വളരെ സ്വാഭാവികമാണു്. അവയില്ലാതിരിക്കുന്ന സ്ഥിതിയില്‍ സ്ത്രീ സ്വാഭാവികതയില്‍നിന്നു് അകന്നവളായിത്തീരുന്നു. ശ്രദ്ധയും സ്‌നേഹവും ലഭിക്കുവാന്‍ സ്ത്രീ വാഞ്ഛിക്കുന്നു. ഏതൊരു പുരുഷനും എക്കാലവും ആഗ്രഹിക്കുന്നതിലധികമായും ഒരു ഭവനവും തന്‍റെതായ ഒരു കുടുംബവുമുണ്ടാകുവാന്‍ അവള്‍ ആഗ്രഹിക്കുന്നു. ഈ അഭിവാഞ്ഛകള്‍ വാസ്തവത്തില്‍ മാതൃത്വത്തിനു പശ്ചാത്തലമൊരുക്കുന്നവയാണു്. ഇതു് ആരോഗ്യകരമായ ഒരു മനോ ഭാവമത്രേ. കാരണം, ദൈവം തന്നെ സ്ത്രീയെ ആ വിധത്തില്‍ സൃഷ്ടിച്ചിരിക്കുന്നു. ഈ അഭിവാഞ്ഛകള്‍നിമിത്തം ഒരു പെണ്‍കുട്ടി വിവാഹത്തിനുള്ള താല്‍പര്യത്തോടെ ഒരു പുരുഷനിലേക്കു് ആകര്‍ഷിക്കപ്പെടുന്നതു് സ്വാഭാവികം മാത്രമാണു്. ഒരു പുരുഷന്‍ കേവലം ശാരീരികബന്ധത്തിനുവേണ്ടി മാത്രം സ്ത്രീയിലേക്കു് ആകര്‍ഷിക്കപ്പെട്ടേക്കാം. എന്നാല്‍ ഒരു യുവതിയാകട്ടെ, എതിര്‍വിഭാഗത്തില്‍പ്പെട്ടവരോടു് ആകര്‍ഷിക്കപ്പെടുന്ന ഏതവസ്ഥയിലും വിവാഹം ആഗ്രഹിക്കുന്നവളായിരിക്കും. കേവലം കുഴഞ്ഞാട്ടത്തിനു (flirting) വേണ്ടി മാത്രം യുവാക്കന്മാരു മായി സ്‌നേഹബന്ധം പുലര്‍ത്തുവാനാഗ്രഹിക്കുന്ന ചുരുക്കം പെണ്‍കുട്ടികള്‍ വ്യത്യസ്തവര്‍ഗ്ഗത്തില്‍പ്പെട്ടവരായി കണ്ടേക്കോം. പക്ഷേ ഇതു് സാധാരണഗതിയല്ല. എന്നാല്‍ ഏറ്റവും അസാധാരണമായവിധം എതിര്‍വിഭാഗത്തില്‍പ്പെട്ടവരോടു് അതായതു് പുരുഷന്മാരോടു് ഒരാകര്‍ഷണവും തോന്നാത്തവരും സ്വന്തം വിഭാഗത്തില്‍പ്പെട്ടവരോടു് (സ്ത്രീകളോടു്) മാത്രം അതിരുകടന്ന ആകര്‍ഷണം തോന്നുന്നവരുമായ പെണ്‍കുട്ടികളെയും ചുരുക്കമായി കാണുന്നുണ്ട്. ഇതു് വിലക്ഷണവും അനാരോഗ്യകരവുമായ പ്രവണതയുമാണു്; പലപ്പോഴും സ്വവര്‍ഗ്ഗരതിയുടെ ഒരു ലക്ഷണവുമാണിതു്.
ബൈബിള്‍ യുവതികള്‍ക്കു് ഇപ്രകാരമൊരു താക്കീതു് നല്‍കിയിട്ടുണ്ട്: ''ആഭരണങ്ങളും മോടിയുള്ള വസ്ത്രങ്ങളും കേശാലങ്കാരങ്ങളും കൊണ്ടുള്ള ബാഹ്യസൗന്ദര്യത്തില്‍ ഭ്രമിക്കരുതു്. ആന്തരികമായ ഹൃദയസൗന്ദര്യം - പ്രശാന്തവും സൗമ്യവുമായ ഒരു മനസ്സുമൂലം ലഭിക്കുന്ന ശാശ്വതസൗന്ദര്യം - നിങ്ങള്‍ക്കുണ്ടായിരിക്കട്ടെ. അതാണു് ദൈവം ഏറ്റവും അമൂല്യമായി പരിഗണിക്കുന്നതു്. പണ്ടത്തെ വിശുദ്ധസ്ത്രീകളില്‍ ഇത്തരം അഗാധമായ ആന്തരികസൗന്ദര്യം കാണപ്പെട്ടിരുന്നു'' (1 പത്രോ. 3:3-5 LB).
പുരുഷന്മാരെ ആകര്‍ഷിക്കുവാനുള്ള ശക്തി സ്ത്രീയ്ക്കു് സ്വായത്തമാണു്. ഇതു ദൈവദത്തമായ ഒരു കഴിവാണു്. എങ്കിലും ഇതു് പലപ്പോഴും ഭയാനകമായ വിധം ദുരുപയോഗപ്പെടുത്താവുന്നതാണു്; ചിലര്‍ അപ്രകാരം ചെയ്യുന്നുമുണ്ട്. ഈ ശക്തി പരിശുദ്ധാത്മാവിന്‍റെ നിയന്ത്രണത്തില്‍ സൂക്ഷിക്കുന്നില്ലെങ്കില്‍ ഒരു പെണ്‍കുട്ടി ആപല്‍ക്കരമായ മാര്‍ഗ്ഗത്തിലാണു് ചരിക്കുന്നതു്. പെണ്‍കുട്ടികള്‍ വളര്‍ന്നുവരുന്നതോടെ തങ്ങള്‍ക്കു് സ്വായത്തമായ ഈ കഴിവിനെപ്പറ്റി ബോധവതികളാകുകയും അതിനെ വര്‍ദ്ധിപ്പിക്കുവാന്‍ കഴിവുള്ളതെല്ലാം ചെയ്യുന്നതിനു് പ്രലോഭിപ്പിക്കപ്പെടുകയും ചെയ്യുന്നു. അതിന്‍റെ ഫലം, മോടികൂട്ടലിനുള്ള മാര്‍ഗ്ഗങ്ങളുടെ വര്‍ദ്ധമാനമായ ഉപയോഗം, ഏറ്റവും ആധുനികമായ വേഷവിധാനങ്ങളിലൂടെ ശരീരത്തിന്‍റെ വര്‍ദ്ധമാനമായ അനാവരണം, കേശാലങ്കാരത്തിനു് കൂടുതല്‍ സമയത്തിന്‍റെ വിനിയോഗം എന്നിവയാണു്. സ്ത്രീകള്‍ക്കു് ബൈബിള്‍ നല്‍കുന്ന ഉപദേശം ശ്രദ്ധിക്കുക: ''വിശ്വാസിനികളായ സ്ത്രീകള്‍ കേശാലങ്കാരങ്ങളും ആഭരണങ്ങളും വിശിഷ്ടവസ്ത്രങ്ങളുംകൊണ്ടല്ല, നന്മയും കാരുണ്യവുംകൊണ്ടാണു് തങ്ങളെ അലങ്കരിക്കേണ്ടതു് ( 1 തിമോ. 2:9,10 LB). നേരത്തേ ഉദ്ധരിച്ച വാക്യത്തിലെന്നപോലെ ഇവിടെയും യഥാര്‍ത്ഥസൗന്ദര്യമെന്തെന്നു് ദൈവം നമുക്കു കാണിച്ചു തന്നിരിക്കുന്നു.
ദൈവം നമ്മെ വിശ്വസിച്ചേല്‍പിച്ചിരിക്കുന്ന ഒരു സ്വത്താണു് നമ്മുടെ ശരീരം. അതിനെ നാം ദുരുപയോഗപ്പെടുത്തുവാന്‍ പാടില്ല. നമ്മുടെ ശരീരംകൊണ്ടു ദൈവത്തെ മഹത്വപ്പെടുത്തുവാന്‍ ദൈവം നമ്മോടു കല്പിച്ചിരിക്കുന്നു. ഇതു ശാരീരികശീലങ്ങളെക്കുറിച്ചു മാത്രമല്ല, ശരീരത്തില്‍ നാം ധരിക്കുന്ന വേഷവിധാനത്തെക്കുറിച്ചുംകൂടിയാണു് പറഞ്ഞിട്ടുള്ളതു്. പുരുഷന്മാരെ ആകര്‍ഷിക്കുവാന്‍ നല്‍കിയിട്ടുള്ള ഈ ശക്തിയെ പലവിധമാര്‍ഗ്ഗങ്ങളിലൂടെ ദുരുപയോഗപ്പെടുത്തിയതിനു് സീയോന്‍പുത്രിമാരെ ദൈവം ശിക്ഷവിധിച്ചതായി പഴയനിയമത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (യെശ. 3:16-24).
നാം അകമേ യഥാര്‍ത്ഥത്തില്‍ എന്തായിരിക്കുന്നുവെന്നു കാണിക്കുന്ന ഒരു പരസ്യമാണു് നാം ധരിക്കുന്ന വസ്ത്രങ്ങള്‍ പലപ്പോഴും. ഒരളവുവരെ അവ നമ്മുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്നു. മറ്റു മനുഷ്യര്‍ക്കു് നമ്മെക്കുറിച്ചുള്ള ആദ്യധാരണ ലഭിക്കുന്നതു് സാധാരണയായി നാം ധരിക്കുന്ന വസ്ത്രങ്ങളിലൂടെയാണു്. അതിനാല്‍ നമ്മുടെ വസ്ത്രധാരണത്തില്‍ നാം ലോകത്തിന്‍റെ വഴികള്‍ പിന്തുടരുന്നുവെങ്കില്‍ ക്രിസ്തുവിനുവേണ്ടിയുള്ള നമ്മുടെ സാക്ഷ്യം നിഷ്ഫലമായിത്തീര്‍ന്നെന്നുവരാം. മറ്റു മനുഷ്യര്‍ നമ്മുടെ വസ്ത്രധാരണം ശ്രദ്ധിക്കുന്നുണ്ടല്ലോ. അവര്‍ നിരീക്ഷിക്കുന്നതെല്ലാം നമ്മോടു് അവര്‍ പറഞ്ഞെന്നുവരികയില്ല. എന്നാല്‍ ക്രിസ്തു നമ്മെ ഈ ദുഷ്ടലോകത്തില്‍നിന്നു വിടുവിച്ചുവെന്നു് അവരോടു നാം പറയുമ്പോള്‍ അവര്‍ ഉള്ളുകൊണ്ടു ചിരിച്ചെന്നുവരാം. അതിനാല്‍ വസ്ത്രധാരണത്തില്‍ നാം ശ്രദ്ധാലുകളായിരുന്നേ മതിയാവൂ.
നാം മോശമായി വസ്ത്രധാരണം ചെയ്യണമെന്നല്ല ഞാന്‍ പറയുന്നതു്. വൃത്തിയായും മോടിയായും വസ്ത്രം ധരിക്കുവാന്‍ നാം എല്ലാവിധത്തിലും ശ്രദ്ധിക്കണം; എന്തെന്നാല്‍ വൃത്തികേടായോ വെറുപ്പുളവാക്കുന്ന വിധത്തിലോ നാം വസ്ത്രം ധരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നില്ല. ഒരു ക്രിസ്ത്യാനിയുടെ വസ്ത്രധാരണത്തിനു്, മറ്റുള്ളവര്‍ക്കു് അതിലെന്തെങ്കിലും പ്രത്യേകതയുള്ളതായി തോന്നാത്തവിധത്തിലുംധരിക്കുന്നയാള്‍തന്നെ താനെന്തുധരിച്ചിരിക്കുന്നുവെന്ന കാര്യം മറന്നുപോകുമാറും ലാളിത്യം, ഔചിത്യം എന്നീ ഗുണങ്ങള്‍ (simplicity and decency) ഉണ്ടായിരിക്കണമെന്നു് എ. ബി. സിംപ്‌സണ്‍ പറഞ്ഞിട്ടുണ്ട്. ഇതു് നമുക്കു പിന്തുടരുവാന്‍ പറ്റിയ ഒരു നിര്‍ദ്ദേശമാണു്.
പുരുഷന്മാരില്‍ ദുര്‍മ്മോഹം ജനിപ്പിക്കുമാറുള്ള വസ്ത്രധാരണരീതി നാം എന്തായാലും സ്വീകരിക്കാന്‍ പാടില്ല. ദൈവം ദുര്‍മ്മോഹത്തിനു് പുരുഷന്മാരെ വിധിക്കുമെങ്കില്‍, അവരില്‍ ദുര്‍മ്മോഹം ജനിപ്പിക്കുമാറു് വസ്ത്രധാരണം ചെയ്ത യുവതികളെക്കൂടി വിധിക്കുക എന്നതു് യുക്തിയുക്തം മാത്രമാണു്.
ഇവിടെ ഞാന്‍ പറയുവാനാഗ്രഹിക്കുന്ന മറ്റൊരു കാര്യം പൊട്ടു് (തിലകം) ഉപയോഗിക്കുന്നതിനെപ്പറ്റിയാണു്. ഈ ഹൈന്ദവാചാരം കൂടുതല്‍ കൂടുതല്‍ ക്രിസ്ത്യന്‍ സ്ത്രീകള്‍ ഇക്കാലത്തു് സ്വീകരിച്ചുകാണുന്നതു് വാസ്തവത്തില്‍ ദുഃഖകരം തന്നെ. പൊട്ടു് ശിവന്‍റെ മൂന്നാം കണ്ണിനെ കുറിക്കുന്നതായിട്ടാണു് സങ്കല്പം. അതിനാല്‍ അതു ധരിക്കുന്നയാള്‍ ശിവന്‍റെ ഭക്തനോ ഭക്തയോ ആണെന്നു കരുതപ്പെടുന്നു. അതിനാല്‍ അത്തരമൊരടയാളം ധരിക്കുന്നതു് ഒരു ക്രിസ്ത്യാനിസ്ത്രീയ്ക്കു് പാപകരമെന്നുമാത്രമല്ല, ആപല്‍ക്കരം കൂടിയാണു്. എന്തെന്നാല്‍ (അവള്‍ക്കതു് അറിഞ്ഞുകൂടെന്നു വന്നാല്‍ തന്നെയും) അന്യജാതി കളുടെ ദേവന്മാരോടും വിഗ്രഹാരാധനയോടും അവള്‍ ബന്ധപ്പെടുവാനിടയാകുന്നു. ചിലര്‍ ചിന്തിക്കുന്നതുപോലെ അതു് കേവലം ഒരു ഫാഷന്‍ മാത്രമല്ല തന്നെ.
നമ്മുടെ ക്രിസ്തീയസ്വഭാവത്തിനും സാക്ഷ്യത്തിനും വിഘാതമായിത്തീരുന്ന ലോകത്തിന്‍റെതായ എല്ലാ പ്രവണതകളോടും ഫാഷനുകളോടും എതിര്‍ത്തു നില്‍ക്കുവാനുള്ള ധൈര്യം ദൈവം നമുക്കു നല്‍കട്ടെ.
യിസ്ഹാക്കിന്‍റെ ഭാര്യ എന്ന ഉന്നതപദവിക്കായി ദൈവം റിബേക്കയെ തിരഞ്ഞെടുത്തതു് എന്തുകൊണ്ട്? (അബ്രഹാമിനു ലഭിച്ചിരുന്ന ദൈവവാഗ്ദാനങ്ങളുടെ അവകാശിയായിരുന്നല്ലോ യിസ്ഹാക്ക്). അഥവാ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ മാതാവായിത്തീരുവാന്‍ മറിയയെ ദൈവം തിരഞ്ഞെടുത്തതെന്തുകൊണ്ട്? തീര്‍ച്ചയായും ദൈവത്തെ പ്രസാദിപ്പിച്ച ആന്തരമായ ഹൃദയസൗന്ദര്യം അവര്‍ക്കുണ്ടായിരുന്നതാണു് അതിനു കാരണം. യഥാര്‍ത്ഥസൗന്ദര്യം ബാഹ്യമല്ല, ആന്തരികമാണു്. അതു് സൗന്ദര്യസംവര്‍ദ്ധകവിഭവങ്ങള്‍ വില്‍ക്കുന്ന ഒരു കടയിലും വാങ്ങാന്‍ കിട്ടുകയില്ല (സദൃ. 31:10). അനാത്മീയയായ ഒരു സുന്ദരിയെ പൊന്‍മുക്കൂത്തിയണിഞ്ഞ ഒരു പന്നിയോടു് ബൈബിള്‍ ഉപമിച്ചിരിക്കുന്നതില്‍ (സദൃ. 11:22) അദ്ഭുതത്തിനു് എന്താണവകാശം? എത്ര ശക്തമായ ഭാഷയാണതു്! എന്നാല്‍ യഥാര്‍ത്ഥമൂല്യങ്ങളെപ്പറ്റിയുള്ള ഒരു ധാരണ അതിലൂടെ നമുക്കു ലഭിക്കുന്നുണ്ട്.
ഈ ലോകത്തിന്‍റെ ഫാഷനുകളെ പിന്തുടരുക നിമിത്തം അനേകം യുവതികള്‍ക്കു് പരമോന്നതമായ ദൈവികാനുഗ്രഹങ്ങള്‍ നഷ്ടപ്പെടുന്നുണ്ട് എന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.
നിങ്ങള്‍ ഇഷ്ടപ്പെട്ടാലുമില്ലെങ്കിലും യുവാക്കന്മാര്‍ നിങ്ങളില്‍ തല്‍പരരായിത്തീരുമെന്ന കാര്യം ഇന്നോ നാളെയോ നിങ്ങള്‍ മനസ്സിലാക്കുവാന്‍ പോകുകയാണു്. അവര്‍ നിങ്ങളുടെ കോളേജിലുള്ളവരോ സഭയിലുള്ളവരോ അയല്‍വാസികളോ ആകാം. ഇതു് നിങ്ങള്‍ക്കൊഴിവാക്കുവാന്‍ സാധ്യമല്ല. അതിനാല്‍ അവരോടു് എങ്ങനെ പെരുമാറണമെന്നു് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതാവശ്യമാണു്.
സ്ത്രീപുരുഷന്മാര്‍തമ്മിലുള്ള ബന്ധത്തെപ്പറ്റി രണ്ടാമധ്യായത്തില്‍ വിവരിച്ചുകഴിഞ്ഞതുകൊണ്ട് അവിടെപ്പറഞ്ഞ കാര്യങ്ങള്‍ ഞാനിവിടെ ആവര്‍ത്തിക്കുന്നില്ല. എന്നാല്‍ പെണ്‍കുട്ടികള്‍ പ്രത്യേകിച്ചു ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇവിടെ പ്രസ്താവിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അടുത്തകാലത്തു് കൂടുതല്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉന്നതവിദ്യാഭ്യാസത്തിനു പോകുന്നതുമൂലം മുന്‍കാലത്തു ജീവിച്ചിരുന്ന യുവതികളെ അപേക്ഷിച്ചു കുറെക്കൂടി പ്രായംചെന്നശേഷമേ വിവാഹിതരായിത്തീരുന്നുള്ളു. ഒരു ഡിഗ്രി സമ്പാദിക്കുവാനോ പ്രത്യേകപരിശീലനം നേടുവാനോവേണ്ടി യുവാക്കന്മാരോടൊപ്പം ചെലവഴിക്കേണ്ടിവരുന്ന ഈ കാലഘട്ടത്തിലാണു് പെണ്‍കുട്ടികള്‍ പല പ്രലോഭനങ്ങളെയും നേരിടേണ്ടിവരുന്നതു്. അവര്‍ക്കുണ്ടാകുന്ന ഒരു പ്രലോഭനം ഇതാണു്: വിവാഹത്തിനുള്ള യാതൊരുദ്ദേശ്യവും കൂടാതെതന്നെ അവര്‍ യുവാക്കന്മാരെ ആകര്‍ഷിക്കുവാനുള്ള തങ്ങളുടെ കഴിവുപയോഗിച്ചു് അവരുടെ ശ്രദ്ധയാര്‍ജ്ജിക്കുവാന്‍ ശ്രമിക്കുന്നു. ഈ പ്രലോഭനത്തിനു് അവര്‍ കീഴടങ്ങുന്നുവെങ്കില്‍ അതിന്‍റെ ഫലം വിനാശകരമായിരിക്കും.
വികാരക്ഷോഭങ്ങള്‍ ഒരു പുരുഷന്‍റെമേല്‍ ചെലുത്തുന്നതിലധികം സ്വാധീനശക്തി ഒരു സ്ത്രീയുടെമേല്‍ ചെലുത്തുമെന്ന കാര്യം പെണ്‍കുട്ടികള്‍ അറിഞ്ഞിരിക്കണം. ഒരു യുവാവിനു് അനായാസമായി ഒരു പെണ്‍കുട്ടിയുമായി പ്രേമബന്ധത്തിലാകുവാനും അതുപോലെതന്നെ അനായാസമായി അവളെ മറക്കുവാനും സാധിക്കും. അനന്തരം തന്‍റെ വൈകാരികജീവിതത്തിനു് വലിയ തകരാറുകള്‍ സംഭവിക്കാതെ മറ്റൊരു പെണ്‍കുട്ടിയുമായും അതേ ബന്ധം തന്നെ അവന്‍ ആവര്‍ത്തിച്ചെന്നും വരാം. ഇതിന്‍റെ കാരണം മറ്റൊന്നുമല്ല: പെണ്‍കുട്ടി അനുവദിച്ചുകൊടുക്കുന്ന പരിധിവരെ ശാരീരികസമ്പര്‍ക്കത്തിലേര്‍പ്പെടുക എന്നതാണു് മിക്ക യുവാക്കന്മാരുടെയും ലക്ഷ്യം. അവന്‍റെ ആന്തരികഭാവങ്ങള്‍ക്കു് ഈ പരിപാടിയില്‍ ഒട്ടുംതന്നെ സ്ഥാനമില്ലെന്നുവരാം. നേരേമറിച്ചു് അത്തരമൊരു ബന്ധത്തിലേര്‍പ്പെടുന്ന പെണ്‍കുട്ടിയുടെ ഹൃദയഭാവങ്ങള്‍ വളരെയധികം അതിനോടു കെട്ടുപിണഞ്ഞുകിടക്കും. ഒരു പെണ്‍കുട്ടിക്കു് താനൊരിക്കല്‍ സ്‌നേഹിച്ചിരുന്ന യുവാവുമായുള്ള ഹൃദയബന്ധം വേര്‍പെടുത്തുക എന്നതു് വളരെ പ്രയാസമാണു്. ചില സ്ത്രീകള്‍ വിവാഹാനന്തരവും ഈ ഹൃദയബന്ധം തുടര്‍ന്നുപോകുന്നതായിക്കണ്ടിട്ടുണ്ട്. ഇതു് അവരുടെ വിവാഹജീവിതത്തെ അസന്തുഷ്ടമാക്കിത്തീര്‍ത്തിട്ടുള്ള ഒരു സംഗതിയാണു്. അതിനാല്‍ ഇക്കാര്യത്തില്‍ വളരെയധികം മുന്‍കരുതല്‍ ആവശ്യമായിരിക്കുന്നു.
സ്പര്‍ശേന്ദ്രിയം മുഖേന നിങ്ങള്‍ക്കുണ്ടാകുന്ന പ്രലോഭനങ്ങള്‍ വളരെ ശക്തമായിരിക്കുമെന്ന കാര്യം നിങ്ങള്‍ മറക്കരുതു്. അതിനാല്‍ ഒരു യുവാവും നിങ്ങളുടെ കൈയില്‍ പിടിക്കുവാന്‍ നിങ്ങള്‍ അനുവദിക്കരുതു്. ചുംബനത്തെപ്പ റ്റി പറയുകയേ വേണ്ടല്ലോ. ഒരിക്കല്‍ ഇവ അനുവദിക്കപ്പെട്ടാല്‍ നിങ്ങളുടെ മനസ്സില്‍നിന്നും ചപലസങ്കല്പങ്ങളെ അകറ്റിനിര്‍ത്തുവാന്‍ വളരെ പ്രയാസമായിത്തീരും. ആ വിധത്തില്‍ ഒരു പടിയില്‍നിന്നു് അതിനടുത്ത മറ്റൊന്നിലേക്കു് നിഷ്പ്രയാസം നിങ്ങള്‍ നയിക്കപ്പെടുവാന്‍ ഇടയാകുകയും ചെയ്യും.
നിങ്ങളും ഒരു യുവാവും തമ്മിലുള്ള സ്‌നേഹബന്ധം തകര്‍ന്നുപോകാനിടയായാല്‍ യുവാവു നല്‍കേണ്ടിവരുന്നതിനെക്കാള്‍ വളരെ കനത്ത വിലയാണു് അതിനു നിങ്ങള്‍ നല്‍കേണ്ടിവരുന്നതെന്ന കാര്യം നിങ്ങളോര്‍ക്കണം. നിങ്ങളെ കൈവിട്ടു മറ്റാരെയെങ്കിലും വിവാഹം ചെയ്യുവാന്‍ അയാള്‍ക്കു നിഷ്പ്രയാസം സാധിക്കും. എന്നാല്‍ നിങ്ങള്‍ക്കതു് അത്രയും അനായാസമായിരിക്കയില്ല. ആ സ്‌നേഹബന്ധത്തിന്‍റെ ഫലമായി എന്നെന്നേക്കുമായി ഒരു ദുഷ്‌പേരു് നിങ്ങള്‍ക്കവശേഷിക്കും. പില്‍ക്കാലത്തു് ഒരു ജീവിതപങ്കാളിയെ ലഭിക്കുക നിങ്ങള്‍ക്കു് ഏറ്റവും വിഷമമായിത്തീരും. ഇന്‍ഡ്യയില്‍ ഇതു പ്രത്യേകിച്ചും വാസ്തവമാണു്. ഡേറ്റിംഗിലും പെറ്റിംഗിലും (സന്ദര്‍ശനപരിലാളനങ്ങളില്‍) ഏര്‍പ്പെടുന്നവരെപ്പ റ്റി മാത്രമല്ല ഞാനിതു പറയുന്നതു്. ഒരു യുവാവുമായി നിര്‍മ്മലമായ ഒരു സ്‌നേഹബന്ധം പുലര്‍ത്തിയവര്‍ (അതു് എഴുത്തുകുത്തിലൂടെയായാല്‍ തന്നെയും) അവരുടെ സ്‌നേഹബന്ധമോ എഴുത്തുകുത്തുതന്നെയോ മറ്റുള്ളവര്‍ അറിയാനിടയായാല്‍ അതുമൂലം നഷ്ടം സഹിക്കേണ്ടിവരും. ഈ കാര്യത്തില്‍ പെണ്‍കുട്ടികള്‍ക്കുള്ള ആപല്‍സാധ്യത എത്രമാത്രമെന്നു് അവര്‍ മറക്കരുതു്.
ആദ്യഘട്ടത്തില്‍ വേണ്ടത്ര മുന്‍കരുതല്‍ കാണിക്കാഞ്ഞതുമൂലം ഇപ്രകാരം നഷ്ടം സഹിക്കുകയും സല്‍പ്പേരു നഷ്ടപ്പെടുകയും ചെയ്തിട്ടുള്ള പെണ്‍കുട്ടികളുടെ സംഖ്യ കുറവല്ല. അപ്രകാരമൊരു കാര്യം അവരുടെ സാക്ഷ്യം നഷ്ടപ്പെടുത്തുക മാത്രമല്ല, കര്‍ത്താവിന്‍റെ നാമത്തിനു് അപമാനം വരുത്തുകപോലും ചെയ്തിട്ടുണ്ട്. ബൈബിള്‍ സ്ത്രീകളെ ബലഹീനപാത്രങ്ങളെന്നും പുരുഷന്മാരെക്കാളധികം വഞ്ചിക്കപ്പെടുവാന്‍ സാധ്യതയുള്ളവരെന്നും വിളിക്കുന്നതു കാരണം കൂടാതെയല്ല (1 പത്രോ. 3:17; 1 തിമോ. 2:14).
സമീപഭാവിയില്‍ വിവാഹം ചെയ്‌വാന്‍ സാധ്യതയുള്ളപ്പോഴല്ലാതെ ഒരു യുവാവുമായും ആവശ്യത്തിലധികം സുഹൃദ്ബന്ധം പാലിക്കാതെയിരിക്കുവാന്‍ മറ്റൊരു കാരണം കൂടി ഞാന്‍ നിങ്ങളോടു പറയട്ടെ. നിങ്ങള്‍ക്കു് സ്വതന്ത്രമായും നിര്‍വിഘ്‌നമായും കര്‍ത്താവിനെ സേവിക്കുവാന്‍ ലഭിക്കുന്ന വര്‍ഷങ്ങള്‍ നിങ്ങളുടെ അവിവാഹിതദശയിലെ വര്‍ഷങ്ങള്‍ മാത്രമാണു്. വിവാഹിതയായിക്കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ സമയത്തിന്‍റെ ഉടമസ്ഥ നിങ്ങളായിരിക്കുകയില്ല. വിവാഹത്തിനുമുമ്പുള്ള നിങ്ങളുടെ വര്‍ഷങ്ങള്‍ യുവസ്‌നേഹിതനെപ്പറ്റി സ്വപ്നം കാണുവാന്‍ നിങ്ങള്‍ ചെലവഴിക്കുന്നപക്ഷം ദൈവത്തിനുവേണ്ടി പ്രയോജനകരമായി ചെലവഴിക്കുവാന്‍ കഴിയുന്ന നിങ്ങളുടെ ജീവിതത്തിലെ ഒരു മുഖ്യപങ്കു് നഷ്ടമായിപ്പോകും. അതിനാല്‍ പിശാചു് നിങ്ങളെ വഴിതെറ്റിക്കുവാന്‍ അനുവദിക്കരുതു്.
ഈ വിഷയത്തെപ്പറ്റി രണ്ടു ചെറിയ ഉപദേശശകലങ്ങള്‍ കൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കട്ടെ. ഒന്നാമതു് ആത്മീയവിഷയങ്ങളെപ്പറ്റി ഉപദേശം തേടുവാനായി ഒരിക്കലും ഒരവിവാഹിതന്‍റെ അടുക്കല്‍ പോകരുതു്. പകരം മറ്റൊരു സ്ത്രീയുടെ അടുക്കലോ അഥവാ നിങ്ങളെക്കാള്‍ വളരെ പ്രായക്കൂടുതലുള്ള ഒരു വിവാഹിതന്‍റെ അടുക്കലോ പോകുക. രണ്ടാമതു് വിവാഹിതനായ ഒരു പുരുഷനുമായി - അദ്ദേഹത്തിന്‍റെ ഭാര്യയുമായി തുല്യമായ ഒരു സുഹൃദ്ബന്ധം നിങ്ങള്‍ക്കില്ലാത്തപക്ഷം - യാദൃച്ഛികമായിപ്പോലും സുഹൃദ്ബന്ധം പുലര്‍ത്താതിരിക്കുക.
വിവാഹം, മാതൃത്വം എന്നിവയിലൂടെ അവിവാഹിതദശയില്‍ അനുഭവപ്പെട്ടിട്ടില്ലാത്ത ഒരു സാഫല്യത്തിന്‍റെയും പൂര്‍ണ്ണതയുടെയും അനുഭവം തങ്ങള്‍ക്കു ലഭിക്കുന്നതായി മാതാക്കളായിത്തീര്‍ന്നിട്ടുള്ള മിക്കവരും സമ്മതിക്കും. അവിവാഹിതരായി ജീവിക്കുവാന്‍ ദൈവത്താല്‍ വിളിക്കപ്പെട്ടിട്ടുള്ളവര്‍ക്കു് ജീവിതസാഫല്യം നഷ്ടപ്പെടുന്നുവെന്നല്ല ഞാന്‍ പറയുന്നതു്. ഒരു ക്രിസ്തീയയുവതി വിവാഹിതയായാലും അവിവാഹിതയായാലും ദൈവഹിതം ചെയ്യുന്നതില്‍ സംതൃപ്തി കണ്ടെത്തണം. ദൈവത്തോടു് ആ വിധത്തിലുള്ള അനുസരണത്തില്‍ അവിവാഹിതയുവതിയും സാഫല്യം കണ്ടെത്തുന്നു. എങ്കിലും ഒരു സ്ത്രീ അവിവാഹിതജീവിതം നയിക്കുവാന്‍ വിളിക്കപ്പെടുക എന്നതു് സാധാരണേതരമായ ഒരു കാര്യമാണു്. സ്ത്രീയെ ദൈവം സൃഷ്ടിച്ചിട്ടുള്ളതു് പ്രാഥമികമായി ഒരു ഭാര്യയും അമ്മയുമായിത്തീരാനാണു്.
വിവാഹം തന്‍റെ ക്രിസ്തീയശുശ്രൂഷയെ പരിമിതപ്പെടുത്തുമെന്നു് ഒരു യുവതിയും ചിന്തിക്കേണ്ടതില്ല. അതു് അവളുടെ പ്രവര്‍ത്തനങ്ങളെ പരിമിതപ്പെടുത്തിയേക്കാം; എന്നാല്‍ ആത്മീയശുശ്രൂഷയെ പരിമിതമാക്കുകയില്ല. ക്രിസ്തീയ പ്രവര്‍ത്തനത്തില്‍ സജീവമായി ഏര്‍പ്പെട്ടിരുന്ന ഒരു യുവതിക്കു് വിവാഹത്തിനുശേഷം അവളുടെ സ്വതന്ത്രമായ പ്രവര്‍ത്തനങ്ങളും സഞ്ചാരസ്വാതന്ത്ര്യവും ഒരു വലിയ അളവുവരെ നിയന്ത്രിക്കപ്പെടുന്നതായി അനുഭവമാകും. പുരുഷനു് വിവാഹം മൂലം ഇങ്ങനെയൊരു പരിമിതിയുണ്ടാകുന്നില്ല; സ്ത്രീയ്ക്കു് അതുണ്ടാകുന്നു. അതിനാല്‍ വിവാഹാനന്തരം അവള്‍ക്കുവേണ്ടി ദൈവം മറ്റൊരുതരം ശുശ്രൂഷയാണു് നിശ്ചയിച്ചിട്ടുള്ളതെന്നു് അവള്‍ മനസ്സിലാക്കണം. നൈഷ്ഫല്യ ബോധത്തില്‍നിന്നും നൈരാശ്യത്തില്‍നിന്നും അവള്‍ സ്വതന്ത്രയാകണമെങ്കില്‍ ഇതു സ്വീകരിക്കുവാന്‍ അവള്‍ സന്നദ്ധയാകണം. വിവാഹാനന്തരം അവളുടെ പ്രധാനമായ പ്രവര്‍ത്തനമണ്ഡലം ഭവനമാണു്. അവള്‍ തന്‍റെ ഭവനത്തെ കൊടുങ്കാറ്റില്‍പ്പെട്ടുഴലുന്ന അനേകം യുവാക്കള്‍ക്കും പ്രായമായവര്‍ക്കും ഒരഭയസങ്കേതമാക്കുകയും തന്‍റെ മക്കളെ ദൈവഭയത്തില്‍ വളര്‍ത്തുകയും ചെയ്യണം. അവിവാഹിതദിനങ്ങളില്‍ തനിക്കുണ്ടായിരുന്നിരിക്കാവുന്ന ഏതു ശുശ്രൂഷയെയും പോലെതന്നെ പ്രധാനമാണിതു്.
ഒരാള്‍ ഒരിക്കല്‍ പറഞ്ഞതുപോലെ ''തന്‍റെ വിവാഹജീവിതത്തില്‍ സന്തുഷ്ടയും, അതിന്‍റെ പൂര്‍ണ്ണാര്‍ത്ഥവും തന്‍റെ സമയത്തിന്‍മേലും പ്രവര്‍ത്തനശക്തിയിന്‍ മേലും അതു പുറപ്പെടുവിച്ചിട്ടുള്ള അവകാശവാദങ്ങളും തന്‍റെ സ്വാതന്ത്ര്യത്തിനു് അതുവരുത്തുന്ന പരിമിതിയും അംഗീകരിക്കുന്നവളുമായ ഒരു സ്ത്രീ മറ്റുള്ളവര്‍ക്കു് വലിയൊരു സംഭാവനയാണു് നല്‍കുന്നതു്. കുടുംബജീവിതത്തിലെ തന്‍റെ അനുഭവങ്ങളില്‍നിന്നും ദാമ്പത്യസ്‌നേഹം മറ്റുള്ളവരെപ്പറ്റി നല്‍കുന്ന അധികമായ സൂക്ഷ്മാവബോധത്തില്‍നിന്നും സ്‌നേഹബന്ധങ്ങള്‍ സ്വാഭാവികമായി വളര്‍ന്നു പുഷ്ടി പ്രാപിക്കുന്ന ഒരന്തരീക്ഷം സൃഷ്ടിക്കുവാന്‍ അവള്‍ക്കു കഴിയും.''
സൂസന്നാ വെസ്ലി ഒരു പ്രസംഗകയായിരുന്നില്ല. എന്നാല്‍ അവര്‍ ദൈവഭക്തിയുള്ള ഒരു മാതാവായിരുന്നു. അവര്‍ തന്‍റെ അനേകം മക്കളെ ദൈവഭക്തിയില്‍ വളര്‍ത്തി. അവരുടെ രണ്ടു മക്കള്‍ - ജോണ്‍ വെസ്ലിയും ചാള്‍സ് വെസ്ലിയും - വളര്‍ന്നു് ഇംഗ്ലണ്ടില്‍ ആത്മീയ ഉണര്‍വുണ്ടാക്കുവാന്‍ ദൈവകരങ്ങളില്‍ ശക്തിയുള്ള ആയുധങ്ങളായിത്തീര്‍ന്നു. ഒരവിവാഹിതയായിരുന്നെങ്കില്‍ തന്‍റെ രാജ്യത്തിനുവേണ്ടി നിര്‍വഹിക്കുവാന്‍ സാധിക്കുമായിരുന്നതില്‍ എത്രയോ ഉന്നതമായ സേവനമാണു് ദൈവഭക്തയായ ആ മാതാവു് നിര്‍വഹിച്ചിട്ടുള്ളതു്.
വിവാഹത്തിനുവേണ്ടിയുള്ള ഒരുക്കമെന്ന നിലയില്‍ ഓരോ യുവതിയും സദൃ. 31:10-31 വാക്യങ്ങള്‍ കൂടെക്കൂടെ വായിച്ചു ധ്യാനിക്കണം. അവിടെ ഒരാദര്‍ശപത്‌നിയുടെ സ്വഭാവചിത്രം ദൈവം നമുക്കു നല്‍കിയിരിക്കുന്നു. അവളുടെ ജീവിതത്തിന്‍റെ മുഴുവന്‍ രഹസ്യം ദൈവഭയമാണു് (വാ. 30). എന്നാല്‍ അപ്രകാരമുള്ള ഒരു ഭാര്യാത്വത്തിന്‍റെ അടിസ്ഥാനം വിവാഹത്തിനു വളരെ മുമ്പുതന്നെ പണിയപ്പെടുന്നു. അതിനാല്‍ ഈ വേദഭാഗം ഓരോ ക്രിസ്തീയയുവതിയ്ക്കും ഒരു വെല്ലുവിളിയായിരിക്കണം. അവിടെ പറഞ്ഞിട്ടുള്ളതെല്ലാം ഒരു വിശദീകരണവുമാവശ്യമില്ലാത്തവിധത്തില്‍ അത്ര വ്യക്തമാണു്. അവിടെ പരാമര്‍ശിച്ചിട്ടുള്ള ഉല്‍കൃഷ്ടസ്വഭാവങ്ങളിലൊന്നു് മിതവ്യയമാണു്. ഒരു മാതൃകാപത്‌നി താന്‍ പണം ചെലവാക്കുന്ന വിധത്തെപ്പറ്റി വളരെ സൂക്ഷ്മതയുള്ളവളായിരിക്കും. ഓരോ യുവതിയും വളര്‍ത്തിക്കൊണ്ടുവരേണ്ട ഒരു ശീലമാണിതു്. ഇന്നു് കോളേജില്‍ പഠിക്കുന്ന പല യുവതികളും ധാരാളിത്തശീലമുള്ളവരാണു്. ഇപ്പോള്‍ നിങ്ങള്‍ മിതവ്യയം ശീലിച്ചാല്‍ പില്‍ക്കാലത്തു് നിങ്ങള്‍ വിവാഹിതരായിത്തീരുമ്പോള്‍ അതു് നിങ്ങള്‍ക്കു് ഒരു വലിയ സഹായമായിരിക്കും. ഇപ്പോഴത്തെ നിങ്ങളുടെ പരിചയം അന്നു നിങ്ങളെ സഹായിക്കും.
വിവാഹത്തിനു് ഒരുങ്ങുന്ന ഓരോ യുവതിയും അഭ്യസിക്കേണ്ട മറ്റൊരു ശീലം ത്യാഗമനോഭാവമാണു്. ത്യാഗം കൂടാതെ സന്തുഷ്ടമായ ഒരു വിവാഹജീവിതം സാധ്യമല്ല. ഇതു സ്ത്രീയുടെ കാര്യത്തില്‍ പ്രത്യേകിച്ചും സത്യമാണു്. വിവാഹാനന്തരം പുരുഷനെക്കാളധികം ത്യാഗം ചെയ്യുവാന്‍ അവള്‍ നിര്‍ബ്ബന്ധിതയായിത്തീരും. ഒരു അവിവാഹിതയുവതിയെന്ന നിലയില്‍ തനിക്കുണ്ടായിരുന്ന പല അവകാശങ്ങളും അവള്‍ ത്യജിക്കേണ്ടിവരും. ഇപ്പോള്‍ വിവാഹത്തിനുമുമ്പു് ത്യാഗത്തിന്‍റെ അര്‍ത്ഥം നിങ്ങള്‍ ഗ്രഹിക്കുന്നില്ലെങ്കില്‍ പില്‍ക്കാലത്തു് അതു് നിങ്ങള്‍ക്കു് വളരെ പ്രയാസമായിത്തീരും. അതിനാല്‍ ഇതു നിങ്ങളെ പഠിപ്പിക്കുവാന്‍ ദൈവത്തോടു് അപേക്ഷിക്കുക.
ഒരു യുവതി വിവാഹത്തിനുവേണ്ടി ചെയ്യേണ്ട ഏറ്റവും വലിയ ഒരുക്കം, പ്രാര്‍ത്ഥനയാണെന്നതില്‍ സംശയംവേണ്ടാ. വിവാഹത്തെപ്പറ്റി ചിന്തിക്കുവാന്‍ ഇടവരുന്ന സമയത്തിനു് തൊട്ടുമുമ്പുള്ള രണ്ടോ മൂന്നോ വര്‍ഷക്കാലത്തേക്കു് ഓരോ ക്രിസ്തീയയുവതിയും തന്‍റെ ജീവിതപങ്കാളിയെപ്പറ്റി പതിവായി ശ്രദ്ധയോടെ പ്രാര്‍ത്ഥിക്കണമെന്നു് ഞാന്‍ അഭിപ്രായപ്പെടുന്നു. ദൈവം തിരഞ്ഞെടുത്തിട്ടു ള്ള വ്യക്തിയെ വിവാഹം കഴിക്കുവാന്‍ തനിക്കു വഴികാട്ടണമെന്നു് അവള്‍ പ്രാര്‍ത്ഥിക്കണം. മറ്റെല്ലാ വിവാഹാലോചനകളും നിഷ്ഫലമായിത്തീരുവാന്‍ അവള്‍ ദൈവത്തോടപേക്ഷിക്കണം. ഇന്‍ഡ്യയില്‍ മാതാപിതാക്കള്‍ക്കു് തങ്ങളുടെ മക്കളുടെ വിവാഹകാര്യത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുവാന്‍ കഴിയുന്നതുമൂലം (നമ്മുടെ രാജ്യത്തു്) ഇതു പ്രത്യേകിച്ചും ആവശ്യമാണു്. അതിനാല്‍ തങ്ങളുടെ മാതാപിതാക്കള്‍ക്കു് - അവര്‍ രക്ഷിക്കപ്പെടാത്തവരായിരുന്നാല്‍ പ്പോലും - ഈ കാര്യത്തില്‍ മാര്‍ഗ്ഗദര്‍ശനം നല്‍കുവാനായി പെണ്‍കുട്ടികള്‍ പ്രാര്‍ത്ഥിക്കണം. വിശ്വാസത്തോടുകൂടെ തുടര്‍ന്നുപ്രാര്‍ത്ഥിക്കുന്നവര്‍ക്കു് തങ്ങളുടെ പ്രാര്‍ത്ഥനയ്ക്കു് അദ്ഭുതകരമായ ഫലം ലഭിക്കുന്നതായി കാണാന്‍ കഴിയും.
വിവാഹത്തിനുള്ള തയ്യാറെടുപ്പെന്ന നിലയില്‍ മറ്റൊരു പ്രായോഗികകാര്യം കൂടെ പറയട്ടെ. ഇപ്പോള്‍ നിങ്ങള്‍ക്കു് സമയം ലഭിക്കുമ്പോഴെല്ലാം അല്പം പാചകം പഠിക്കുക. വിവാഹിതയായിത്തീര്‍ന്നശേഷമുള്ള പല വിഷമതകളില്‍നിന്നും മനശ്ശല്യങ്ങളില്‍നിന്നും അതു് നിങ്ങളെ വിടുവിക്കും.
തന്‍റെ ഭാവിഭര്‍ത്താവില്‍ ഒരു യുവതി എന്തെല്ലാം കാര്യങ്ങള്‍ പ്രതീക്ഷിക്കണം? ഇതിനെ സംബന്ധിച്ച പ്രധാനവിവരങ്ങള്‍ അഞ്ചാമധ്യായത്തില്‍ പ്രസ്താവിച്ചുകഴിഞ്ഞു. യുവതികള്‍ മനസ്സില്‍ കരുതിക്കൊള്ളേണ്ട ചില കാര്യങ്ങള്‍ മാത്രം പ്രസ്താവിക്കുവാനേ ഞാന്‍ ആഗ്രഹിക്കുന്നുള്ളു. തന്നെ സംരക്ഷിക്കുകയും തനിക്കു് സുരക്ഷിതത്വം പ്രദാനം ചെയ്കയും തന്നെ സഹായിക്കുകയും ആശ്വസിപ്പിക്കുകയും ഒരളവുവരെ മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ജീവിതപങ്കാളി ഒരു യുവതിയ്ക്കാവശ്യമാണു്. തനിക്കു് ആശ്രയിക്കത്തക്കവണ്ണം കരുത്തനും പക്വമതിയും അതേസമയം ഒരു അപകര്‍ഷബോധം തന്നില്‍ ജനിപ്പിക്കാത്തവനുമായിരിക്കണം അയാള്‍. ദൈവം സ്ത്രീയെ സൃഷ്ടിച്ചിട്ടുള്ളതു് പുരുഷന്‍റെമേല്‍ ആശ്രയിക്കുന്ന സ്വഭാവമുള്ളവളായിട്ടാണു്. അതിനാല്‍ നിങ്ങള്‍ പരിഗണിക്കുന്ന വ്യക്തി നിങ്ങളില്‍ വിശ്വാസമങ്കുരിപ്പിക്കുന്നവനും നിങ്ങള്‍ക്കു് യഥാര്‍ത്ഥമായി ആശ്രയിക്കാമെന്ന തോന്നല്‍ ഉളവാക്കുന്നവനുമായിരിക്കണം.
''ഭാര്യ ഭര്‍ത്താവിനെ അഗാധമായി സ്‌നേഹിച്ചും അനുസരിച്ചും ബഹുമാനിച്ചും അഭിനന്ദിച്ചും ജീവിക്കുവാന്‍ ശ്രദ്ധിക്കണം'' (എഫേ. 5:33 LB) എന്നു് ബൈബിള്‍ പഠിപ്പിക്കുന്നു. സ്‌നേഹം ബഹുമാനത്തില്‍നിന്നും ഉദ്ഭവിച്ചു വളരുന്നു. അതിനാല്‍ ഒരു ഭാര്യ ഭര്‍ത്താവിനെ ബഹുമാനിക്കുന്നില്ലെങ്കില്‍, അദ്ദേഹത്തെ സ്‌നേഹിക്കുവാന്‍ അവള്‍ക്കു് അസാധ്യമായിരിക്കും. തന്നെക്കാള്‍ കൂടുതല്‍ പക്വതയുള്ള ആളെന്ന നിലയില്‍ ഭാര്യ ഭര്‍ത്താവിനെ ബഹുമാനിക്കുന്നില്ലെങ്കില്‍ ഭര്‍ത്താവിനെ തന്‍റെ തലയായിക്കരുതുവാന്‍ ഭാര്യയ്ക്കു് കഴിവുണ്ടാകുകയില്ല. അതിനാല്‍ ഒരാളിന്‍റെ കാര്യം നിങ്ങള്‍ പരിഗണിക്കുമ്പോള്‍ ശേഷിച്ച ജീവിതകാലം മുഴുവന്‍ അദ്ദേഹത്തെ ആശ്രയിച്ചും ബഹുമാനിച്ചും അഭിനന്ദിച്ചും ജീവിക്കുവാന്‍ തക്കവണ്ണം അദ്ദേഹത്തെ ആദരിക്കുന്നുണ്ടോ എന്നു് നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കണം വിവാഹജീവിതത്തിലെ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുന്നതാണു് ഈ
ഒരു വ്യക്തിയുടെ സ്വഭാവത്തെപ്പറ്റി എല്ലാ കാര്യങ്ങളും സൂക്ഷ്മമായി അറിയുവാന്‍ സാധ്യമല്ലെന്നു് ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ മുകളില്‍പ്പറഞ്ഞതും അഞ്ചാമധ്യായത്തില്‍ വിവരിച്ചതുമായ കാര്യങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി ദൈവം തിരഞ്ഞെടുത്ത ആളിനെ കണ്ടെത്തുവാന്‍ കുറഞ്ഞപക്ഷം ചില മാര്‍ഗ്ഗദര്‍ശകരേഖകള്‍ നിങ്ങള്‍ക്കു നല്‍കുന്നവയാണു്. നമ്മുടെ രാജ്യത്തു് ചില യുവതികള്‍ പലപ്പോഴും ചെയ്യുന്നതുപോലെ നിങ്ങള്‍ക്കു് വളരെക്കുറച്ചുമാത്രം അറിവുള്ളവനോ ഒട്ടും അറിഞ്ഞുകൂടാത്തവനോ ആയ ഒരു വ്യക്തിയെ എന്തായാലും നിങ്ങള്‍ ഒരിക്കലും വിവാഹം ചെയ്യരുതു്. വിവാഹം ആജീവനാന്തം നിലനില്‍ക്കുന്നതും അലംഘനീയവുമാണു്. ലഘുചിത്തതയോടുകൂടി അതിലേക്കു് പ്രവേശിക്കുവാന്‍ പാടില്ല.
ഒരവിശ്വാസിയോ മറ്റുവിധത്തില്‍ നിങ്ങള്‍ക്കു യോജിക്കാത്തവനോ ആയ ഒരാളെ വിവാഹം കഴിക്കണമെന്നു് നിങ്ങളുടെ മാതാപിതാക്കന്മാര്‍ അഭിപ്രായപ്പെ ട്ടാല്‍ എന്താണുചെയ്യേണ്ടതെന്നറിയാതെ നിങ്ങള്‍ കുഴങ്ങിയേക്കാം. അത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കളോടു് ''ഇല്ല'' എന്നു പറയുവാന്‍ ഒരു യുവാവിനെക്കാളധികം പ്രയാസം ഒരു യുവതിക്കുണ്ട് എന്നു ഞാന്‍ മനസ്സിലാക്കുന്നു. എങ്കിലും നിങ്ങള്‍ ഉറച്ച മനസ്സോടും സ്‌നേഹത്തോടും കൂടി നിങ്ങളുടെ ഉത്തമവി ശ്വാസങ്ങള്‍ക്കുവേണ്ടി നില്‍ക്കേണ്ടതു് അത്യന്താപേക്ഷിതമാണു്. അങ്ങനെ ചെയ്താല്‍ ദൈവം നിങ്ങളെ മാനിക്കും. ഭാവിയില്‍ വരാവുന്ന അരക്ഷിതത്വത്തെ ഓര്‍പ്പിച്ചു് സാത്താന്‍ നിങ്ങളെ പരീക്ഷിക്കുകയും അനാത്മീയനായ ഒരു പങ്കാളിയെ വിവാഹം ചെയ്‌വാന്‍ സമ്മതിക്കുന്നതിനു് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്‌തേക്കാം. എന്നാല്‍ അവന്‍റെ വാക്കുകള്‍ക്കു ചെവികൊടുക്കരുതു്. ദൈവ ത്തെ അനുസരിച്ചതുകൊണ്ട് ആര്‍ക്കും ഒരിക്കലും നഷ്ടം സഹിക്കേണ്ടിവന്നിട്ടില്ല. അതിനാല്‍ ഭയപ്പെടുവാന്‍ ഒരാവശ്യവുമില്ല. നിങ്ങള്‍ കര്‍ത്താവിനെ മാനിക്കുകയും കര്‍ത്താവില്‍ ശരണം വയ്ക്കുകയും ചെയ്താല്‍ അവിടുന്നു നിങ്ങളെ കൈവിടുകയോ ലജ്ജിപ്പിക്കുകയോ ചെയ്കയില്ല. താന്‍ നിശ്ചയിച്ച സമയത്തു് ഏറ്റവും ഉത്തമമായതു് ദൈവം നിങ്ങള്‍ക്കു നല്‍കും. അതു നഷ്ടപ്പെടുത്തുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലല്ലോ.
സ്ത്രീധനത്തിന്‍റെ പ്രശ്‌നം ഇതിനുമുമ്പു ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഒരു വാക്കു ഞാനിവിടെ കൂട്ടിച്ചേര്‍ക്കട്ടെ. സ്ത്രീധനം ചോദിക്കുന്ന ഒരാളെ വിവാഹം ചെയ്യുന്നതിനുമുമ്പു് ഒരു ക്രിസ്തീയയുവതി പലവട്ടം ചിന്തിക്കണം. നിങ്ങളെക്കാളധികം നിങ്ങള്‍ നല്‍കുന്ന പണത്തിലായിരിക്കും അയാള്‍ക്കു കൂടുതല്‍ താല്‍പര്യം. അതേസമയം തന്നെ ഒരു വ്യക്തിയുടെ സമ്പത്തോ ഉന്നതസ്ഥാനമോ കൊണ്ടുമാത്രം അയാളിലേക്കു് ആകൃഷ്ടയായിത്തീരരുതു്. ദൈവവചനം ഓര്‍പ്പിക്കുന്നതുപോലെ സ്‌നേഹത്തിനു പകരം വയ്ക്കാവുന്ന ഒന്നല്ല പണം (ഉത്തമ. 8:7).
അവിവാഹിതജീവിതം നയിക്കുന്ന യുവതികളോടു പറയുവാനുള്ള ഒരു വാക്കു കൂടെ ഇവിടെ രേഖപ്പെടുത്താതെയിരുന്നാല്‍ ഈ അധ്യായം അപൂര്‍ണ്ണമായിരിക്കും.
ഭാരതീയസമൂഹത്തില്‍ കരുതിക്കൂട്ടിത്തന്നെ അവിവാഹിതജീവിതം തിരഞ്ഞെടുക്കുന്ന പെണ്‍കുട്ടികളുടെ സംഖ്യ വാസ്തവത്തില്‍ ചുരുക്കമാണു്. വ്യക്തമായ ദൈവനടത്തിപ്പുണ്ടെങ്കില്‍ മാത്രമേ അത്തരമൊരു ജീവിതം തിരഞ്ഞെടുക്കാവൂ. കാരണം, പരീക്ഷണഘട്ടങ്ങളില്‍ അത്തരമൊരു വിളിയെക്കുറിച്ചുള്ള ഉറച്ച ബോധമേ പതറാതെനില്‍ക്കുവാനുള്ള കഴിവു നിങ്ങള്‍ക്കു് നല്‍കുകയുള്ളു. ചിലര്‍ക്കു് ഇതൊരു താല്‍ക്കാലികമായ വിളിയായിരിക്കും. കുറച്ചുവര്‍ഷങ്ങളിലേക്കു് ഏതെങ്കിലും പ്രത്യേകസേവനത്തിനായി ദൈവം നിങ്ങളെ നടത്തുന്നതാണു് അതിന്‍റെ സ്വഭാവം. അതുകഴിഞ്ഞാല്‍ ദൈവം വിവാഹജീവിതത്തിലേക്കു് നിങ്ങളെ നടത്തിയെന്നുവരാം.
ഇതു വായിക്കുന്നവരുടെ കൂട്ടത്തില്‍ തങ്ങള്‍ ഇഷ്ടപ്പെടാതെതന്നെ അവിവാഹിതജീവിതം നയിക്കുവാന്‍ നിര്‍ബ്ബന്ധിതരായിത്തീര്‍ന്ന മറ്റുചിലര്‍ ഒരുപക്ഷേ ഉണ്ടായേക്കാം. നിങ്ങളുടെ ആ സ്ഥിതിക്കു് ഉത്തരവാദിയായ കുടുംബത്തെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ നീരസം തോന്നാതിരിക്കുക എന്നതു് നിങ്ങള്‍ക്കു് എത്ര പ്രയാസമായിരിക്കും! നിങ്ങളുടെ സ്വാഭാവികവും സ്ത്രീസഹജവുമായ എല്ലാ അഭിവാഞ്ഛകളും സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനും നിങ്ങള്‍ക്കു് സ്വന്തമായ ഒരാള്‍ക്കുവേണ്ടി നിലവിളിക്കുമ്പോള്‍ നിങ്ങളെക്കുറിച്ചുതന്നെ ദുഃഖം തോന്നാതിരിക്കുക എന്നതും എത്ര പ്രയാസം! എന്നാലും, നിങ്ങളോടു് എത്രമാത്രം അന്യായമായി ആളുകള്‍ പെരുമാറിയാല്‍ തന്നെയും, നീരസവും സ്വയംസഹതാപവും എപ്പോഴും ദോഷകരവും നിങ്ങളുടെതന്നെ വ്യക്തിത്വത്തിന്‍റെമേല്‍ അനാരോഗ്യകരമായ ഫലങ്ങള്‍ ഉളവാക്കുന്നതുമാണു്. ആ തെറ്റുകള്‍ നിങ്ങള്‍ ഏറ്റുപറഞ്ഞു് ഉപേക്ഷിക്കുകതന്നെവേണം. ഒരിക്കല്‍ ഈ വൃത്തികെട്ട വികാരങ്ങള്‍ കഴുകിനീക്കുകയും ദൈവവുമായുള്ള നിങ്ങളുടെ ബന്ധം വീണ്ടേടുക്കുകയും ചെയ്തുകഴിഞ്ഞാല്‍, ഭൂതവര്‍ത്തമാനഭാവികള്‍ക്കുവേണ്ടിയെല്ലാം ദൈവത്തിന്‍റെ സര്‍വാധികാരശക്തിയില്‍ വിശ്വാസമര്‍പ്പിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. നിങ്ങളുടെ സാഹചര്യങ്ങള്‍ക്കു് അദ്ഭുതാവഹമായവിധത്തില്‍ പരിവര്‍ത്തനം വരുത്തുവാന്‍ ദൈവം തീര്‍ച്ചയായും കഴിവുള്ളവനാണു്. എന്നാല്‍ അവിടുന്നു് അപ്രകാരം ചെയ്യുന്നില്ലെങ്കില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന വിളിയില്‍ കൂടുതല്‍ ഉന്നതമായ എന്തോ ഒന്നു് ദൈവം നിങ്ങളെക്കുറിച്ചു് ഉദ്ദേശിച്ചിട്ടുണ്ട്. അവിടുത്തെ കൃപയുടെ സമൃദ്ധിയായ പ്രവാഹം നിങ്ങള്‍ക്കു് ഒരിക്കലും മുടങ്ങാത്തവിധം അവകാശപ്പെടാം. നിങ്ങളുടെ എല്ലാ പോരായ്മകള്‍ക്കും ആവശ്യങ്ങള്‍ക്കും അതു് പരിഹാരമായിത്തീരുകയും അതിലുമധികമായ കൃപതന്നെ നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്യും (2 കൊരി. 12:7-10).
നിങ്ങളുടെ വിവാഹിതയായ സഹോദരിയെക്കുറിച്ചു് അസൂയപ്പെട്ടുകൊണ്ട് നിങ്ങള്‍ ജീവിക്കേണ്ട ആവശ്യമില്ല. നിങ്ങള്‍ക്കു ലഭിക്കാത്ത ചില പദവികളും സൗകര്യങ്ങളും അവള്‍ക്കുണ്ട്, തീര്‍ച്ച തന്നെ. എന്നാല്‍ അവള്‍ക്കു് കിട്ടിയിട്ടില്ലാത്ത ചില പദവികള്‍ നിങ്ങള്‍ക്കുണ്ടെന്നുള്ള കാര്യം മറക്കരുതു്. 1 കൊരി. 7:34 സൂചിപ്പിക്കുന്നതു് അവള്‍ക്കു സാധ്യമായതിലധികം നിര്‍ബ്ബാധമായി കര്‍ത്താവിനെ സേവിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമെന്നാണു്. ഫലപ്രദമായ വിധത്തില്‍ നിങ്ങള്‍ക്കു് ഏര്‍പ്പെടുവാന്‍ കഴിയുന്ന അനേക സേവനമണ്ഡലങ്ങളുണ്ട്. കുഞ്ഞുങ്ങള്‍ക്കും യുവജനങ്ങള്‍ക്കും വേണ്ടിയുള്ള ശുശ്രൂഷകള്‍ അതിനൊരുദാഹരണമാണു്. ജീവിതപ്പോരാട്ടത്തിനിടയില്‍ കഠിനയാതനകള്‍ക്കിരയായിത്തീര്‍ന്ന മറ്റുള്ളവര്‍ക്കു് അനുകമ്പാപൂര്‍വമായ സുഹൃദ്ബന്ധമെന്ന വിലയേറിയ ദാനം പകര്‍ന്നുകൊടുക്കുവാനും നിങ്ങളുടെ സ്വാനുഭവത്തിന്‍റെ ഫലമായി നിങ്ങള്‍ക്കു കഴിവുണ്ടായിരിക്കും.
എല്ലാ മനുഷ്യര്‍ക്കും ഉണ്ടാകാറുള്ളതുപോലെ ഇനിയും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ നിങ്ങള്‍ക്കു പരീക്ഷണങ്ങള്‍ നേരിടേണ്ടിവരും. സ്ത്രീസഹജമായ മൃദുലഹൃദയം നിങ്ങള്‍ക്കുള്ളതുമൂലം സാത്താന്‍ വളരെ അനായാസമായി നിങ്ങളെ ആക്രമിക്കുന്ന ഒരു മാര്‍ഗ്ഗമാണതു്. എന്നാല്‍ ദൈവം തന്‍റെ വചനം നിറവേറ്റുന്നതില്‍ വിശ്വസ്തനാണു്. തന്‍റെ കരുണാര്‍ദ്രത നിങ്ങളോടു കാണിക്കുന്നതിലും അവിടുന്നു വിശ്വസ്തനായിരിക്കും. നിങ്ങള്‍ക്കു സഹിക്കുവാന്‍ കഴിയുന്നതിനുമീതേ പരീക്ഷ നേരിടുവാന്‍ അവിടുന്നു് അനുവദിക്കുകയില്ലെന്നു് നിങ്ങള്‍ക്കുറപ്പായി വിശ്വസിക്കാം. പരീക്ഷയോടൊപ്പം നിങ്ങള്‍ സ്ഥിരചിത്തതയോടെ അതു സഹിച്ചു് ധീരതയോടും ശക്തിയോടും നില്‍ക്കേണ്ടതിനായി രക്ഷാമാര്‍ഗ്ഗവും അവിടുന്നു് ഒരുക്കിത്തരും (1 കൊരി. 10:13). ദൈവത്തിന്‍റെ സ്‌നേഹം, സര്‍വാധികാരം, വിശ്വസ്തത എന്നിവയിലുള്ള അചഞ്ചലമായ വിശ്വാസം സാത്താന്‍റെ എല്ലാ തീയമ്പുകളെയും കെടുത്തിക്കളയുവാന്‍ തക്ക ഒരു പരിചയാണു് ( എഫേ. 6:16).
മധ്യപ്രായത്തില്‍ അനേകം അവിവാഹിതകളും മനസ്സില്‍ കൈപ്പുനിറഞ്ഞവരും തങ്ങളെക്കുറിച്ചുമാത്രം ചിന്തിച്ചുവലയുന്നവരുമായിത്തീരാറുണ്ട്. ഈ ദുരവസ്ഥ നിങ്ങള്‍ക്കുണ്ടാകേണ്ട ഒരാവശ്യവുമില്ല. കര്‍ത്താവിനോടുള്ള ഏകാഗ്രമായ ഭക്തി ഹൃദയത്തില്‍ വളര്‍ത്തുകയും അവിടുത്തെ എല്ലാ വഴികളും സന്തോഷപൂര്‍വം സ്വീകരിക്കുകയും നമുക്കു ലഭിച്ച ഏറ്റവും ചെറിയ നന്മകള്‍ക്കുവേണ്ടിക്കൂടിയും ദൈവത്തോടും മനുഷ്യരോടും നന്ദിയുള്ള ഒരു മനോഭാവം പുലര്‍ത്തു കയും ചെയ്യുന്നതിന്‍റെ ഫലമായി നിങ്ങളുടെ ജീവിതം നിരന്തരമായി ദൈവികസന്തോഷത്താല്‍ നിറഞ്ഞുകവിഞ്ഞു് അനേകര്‍ക്കു് അനുഗ്രഹം പ്രദാനം ചെയ്യുന്നതായി രൂപാന്തരപ്പെടും.
സഭയില്‍ ഏറ്റവും അദ്ഭുതകരമായ ശുശ്രൂഷ നിറവേറ്റിയിട്ടുള്ള അനേകം അവിവാഹിതകള്‍ ജീവിച്ചിരുന്നിട്ടുണ്ട്. മധ്യേന്‍ഡ്യയില്‍ കെഡ്ഗാവോണ്‍ എന്ന സ്ഥലത്തു് മുക്തിമിഷ്യന്‍ സ്ഥാപിച്ച പണ്ഡിതരമാഭായി (എന്ന വിധവ) ഒരു മികച്ച ഉദാഹരണമാണു്. ഇന്‍ഡ്യയില്‍ എക്കാലവും വന്നിട്ടുള്ള വനിതാമിഷ്യനറിമാരില്‍ ഏറ്റവും വിശുദ്ധയായിരുന്ന ഡോണാവറിലെ ഏമി കാര്‍മൈക്കല്‍ മറ്റൊരു ദൃഷ്ടാന്തമാണു്. അവരുടെ ജീവിതങ്ങളില്‍നിന്നുറന്നൊഴുവാനാരംഭിച്ച അനുഗ്രഹനദികള്‍, അവരുടെ ചരമത്തിനുശേഷം ദീര്‍ഘകാലം കഴിഞ്ഞിട്ടും ഇപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നു. ഇപ്രകാരമുള്ള ഒട്ടനേകം പേരില്‍ കേവ ലം രണ്ടു വ്യക്തികള്‍ മാത്രമാണിവര്‍.
വാസ്തവത്തില്‍ പ്രാധാന്യമുള്ള വസ്തുത നിങ്ങളുടെ ജീവിതത്തെപ്പറ്റിയുള്ള ദൈവോദ്ദേശ്യം മനസ്സിലാക്കുകയും അതെന്തായിരുന്നാലും സന്തോഷത്തോടുകൂടി നിറവേറ
" പത്തു്, ഒമ്പതു്, എട്ടു്, ഏഴു്, ആറു്, അഞ്ചു്," ....... താഴോട്ടുള്ള ഈ എണ്ണല്‍ പൂജ്യത്തിലെത്തുമ്പോഴേക്കു് വികാരാവേശം മേലോട്ടു് മേലോട്ടു് കുതിച്ചുകയറുന്നു. മനുഷ്യരെയും വഹിച്ചുകൊണ്ട് ബാഹ്യാകാശപേടകം ചന്ദ്രനിലേക്കു പറക്കുന്നതുപോലെയുള്ള മറ്റൊരു സാഹസികയാത്ര ആരംഭിക്കാന്‍ പോകയാണു്. മാസങ്ങളായി തുടര്‍ന്ന വമ്പിച്ച ഒരുക്കം കഴിഞ്ഞു് അവസാനം ആ ദിവസം ഇതാ സമാഗതമാകുന്നു. ഇപ്പോഴും അന്ത്യനിമിഷപരിശോധനകള്‍ ഇടയ്ക്കിടെ നടക്കുന്നുണ്ട്. മനുഷ്യജീവിതങ്ങളുടെ പ്രശ്‌നം ഇതിലന്തര്‍ഭവിച്ചിട്ടുള്ളതിനാല്‍ ഈ ഒരുക്കക്കാലം അലസമായി കൈകാര്യം ചെയ്യുന്നതു് ആപല്‍ക്കരമാണു്.
ഏതു ബാഹ്യാകാശയാനത്തെക്കാളുമധികം ആവേശജനകവും ആപത്തു നിറഞ്ഞതുമാണു് വിവാഹജീവിതം. അതിനാല്‍ അലസമായും അശ്രദ്ധമായും അതിലേക്കു പ്രവേശിക്കരുതു്. അതിനു് ഒരുക്കം അത്യന്താപേക്ഷിതം തന്നെ.
വാസ്തവത്തിലുള്ള വിവാഹദിനത്തിനു് ഏതാനും മാസംമുമ്പു് താഴോട്ടുള്ള എണ്ണമാരംഭിക്കുന്ന ഒരു ദിവസം നിശ്ചയിക്കുന്നതു് നല്ലതായിരിക്കും. നിങ്ങള്‍ക്കിഷ്ടമാണെങ്കില്‍ വിവാഹനിശ്ചയദിവസമെന്നു് അതിനെ വിളിച്ചുകൊള്ളൂ. പേരിലല്ലല്ലോ പ്രധാനം. യുവതീയുവാക്കന്മാര്‍ വിവാഹിതരായിത്തീരാന്‍ പോകുന്നുവെന്നു് ആ സമയത്തു് പൊതുവില്‍ പരസ്യപ്പെടുത്താം. ആ ദിവസം മുതല്‍ താഴോട്ടുള്ള എണ്ണല്‍ വിവാഹദിവസത്തിലേക്കു് മന്ദംമന്ദം നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ പങ്കാളികള്‍ രണ്ടുപേരും വികാരാവേശമുള്ളവരായിത്തീരുന്നതു് സ്വാഭാവികം മാത്രമാണു്. എന്നാല്‍ ഈ വികാരാവേശം തങ്ങളെത്തന്നെ വിവാഹത്തിനുവേണ്ടി ഒരുക്കുന്നതില്‍ അവര്‍ക്കു് തടസ്സമായിത്തീരരുതു്.
ഇപ്രകാരം ഒരു വിവാഹനിശ്ചയദിനം ഉണ്ടായിരിക്കുന്നതിന്‍റെ ഒരു മെച്ചം വിവാഹത്തിനുമുമ്പു് വധൂവരന്മാര്‍ക്കു് ഒരു പരിധിവരെ അടുത്തറിയുന്നതിനുള്ള അവസരം അതു നല്‍കുന്നു എന്നുള്ളതാണു്. ഈ ഘട്ടത്തില്‍ അവര്‍ക്കു് അന്യോന്യം കത്തിടപാടു നടത്തുകയും അപവാദഭീതികൂടാതെ അന്യോന്യം കണ്ടു സംസാരിക്കുകയും ചെയ്യാം. ഓരോരുത്തര്‍ക്കും മറ്റേയാളിന്‍റെ കുടുംബത്തെപ്പറ്റി - കുടുംബാംഗങ്ങള്‍, കുടുംബചരിത്രം എന്നിവയെപ്പറ്റി - കുറെയൊക്കെ അറിവാന്‍ അവസരം ലഭിക്കുന്നതു് മറ്റൊരു മെച്ചമാണു്. ഇന്‍ഡ്യയില്‍ വിവാഹ മെന്നതു് വിവാഹപങ്കാളിയുടെ കുടുംബവുമായി വളരെ കെട്ടപ്പെട്ടുകിടക്കുന്ന ഒന്നാകയാല്‍ നമ്മുടെ രാജ്യത്തു് ഇതു് പ്രത്യേകിച്ചും അനുപേക്ഷണീയമത്രേ.
വിവാഹനിശ്ചയത്തിനുശേഷമുള്ള കാലഘട്ടം വധൂവരന്മാര്‍ക്കു രണ്ടു പേര്‍ക്കും മറ്റൊരു മെച്ചമുണ്ടാക്കിക്കൊടുക്കുന്നുണ്ട്. തങ്ങളുടെ മാതാപിതാക്കന്മാരോടു് ആവശ്യത്തിലധികം ശക്തമായ മമതാബന്ധമുള്ളപക്ഷം അതില്‍നിന്നു വിമുക്തരായിത്തീരുവാനുള്ള സമയവും സാവകാശവും നല്‍കുക എന്നതാണു് ഈ മെച്ചം. വിവാഹത്തിനുശേഷവും മാതാപിതാക്കളെപ്പറ്റി സ്‌നേഹവും കരുതലും പുലര്‍ത്തുന്നതില്‍ തെറ്റില്ല. വാസ്തവത്തില്‍ ഇതു് വചനാനുസൃതമാണു്. എന്നാല്‍ വധൂവരന്മാരിലാരെങ്കിലും ഒരാളോ, ഇരുവരുമോ തങ്ങള്‍ക്കു് പരസ്പര മുള്ളതിലധികമായ മമതാബന്ധം മാതാപിതാക്കളോടു കാണിക്കുകനിമിത്തം പല വിവാഹബന്ധങ്ങളും തകരാറിലായിത്തീര്‍ന്നിട്ടുണ്ട്.
തങ്ങളുടെ ജനനകാലംമുതല്‍ എന്നും വീട്ടില്‍ത്തന്നെ കഴിയുകയും ഒരിക്കലും മാതാപിതാക്കളില്‍നിന്നകന്നു് ജീവിക്കാതിരിക്കയും ചെയ്തിട്ടുള്ളവരാണു് മറ്റുള്ളവരെക്കാളധികം ഈ പ്രവണതയ്ക്കു് പാത്രമായിത്തീര്‍ന്നിട്ടുള്ളതു്. എന്നാല്‍ ഈ വിഷയത്തെപ്പറ്റി ബൈബിള്‍ നല്‍കുന്ന ഉപദേശം വളരെ വ്യക്തമാണു്. ''അതുകൊണ്ട് പുരുഷന്‍ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു് ഭാര്യയോടു് പറ്റിച്ചേരും'' (ഉല്‍പ. 2:24). ഇതു സ്പഷ്ടമായും സ്ത്രീയ്ക്കും ബാധകം തന്നെ (സങ്കീ. 45:10,11).
വിവാഹനിശ്ചയം കഴിഞ്ഞ വധൂവരന്മാര്‍ക്കു കൂടെക്കൂടെ തമ്മില്‍ കണ്ടുമുട്ടുവാനവസരമുള്ളപ്പോള്‍ അവര്‍ ഒരുമിച്ചു് പുറത്തെവിടെയെങ്കിലും പോകുന്നതും പെറ്റിംഗ് (പരിലാളനം) നടത്തുന്നതും ശരിയാണോ? രണ്ടാമധ്യായത്തില്‍ വിവരിച്ച പ്രമാണങ്ങള്‍ നാം ഒരിക്കല്‍ക്കൂടി മനസ്സില്‍ കരുതിക്കൊള്ളുക. ഇന്‍ഡ്യയിലെ സാമൂഹ്യസ്ഥിതി വച്ചുകൊണ്ടുനോക്കിയാല്‍ വിവാഹനിശ്ചയത്തിനു ശേഷമായാലും വധൂവരന്മാര്‍ ഒരുമിച്ചു പുറത്തെവിടെയെങ്കിലും പോകുന്നതു് ആശാസ്യമല്ല എന്നു് ഞാന്‍ പറയും. വിവാഹനിശ്ചയം കഴിഞ്ഞതിനുശേഷം വധൂവരന്മാര്‍ക്കു് രഹസ്യത്തില്‍ കണ്ടുമുട്ടുവാനും സംസാരിക്കുവാനും ആഗ്രഹം തോന്നുക തീര്‍ച്ചയായും സ്വാഭാവികമാണു്. എന്നാല്‍ ഇതു് അവരിലൊരാളുടെ ഭവനത്തിലോ അല്ലെങ്കില്‍ ഒരു പൊതുസ്‌നേഹിതന്‍റെ വീട്ടിലോ ആയിരുന്നാല്‍ ഏറ്റവും നന്നു്. അവിടെ രണ്ടുപേര്‍ക്കും ഒരുമിച്ചിരുന്നു സംസാരിക്കാം. ഒരു ഏകാന്തസ്ഥലത്തു് ഇരുവരുംകൂടി പോകുന്നതു് അപവാദത്തിനിടകൊടുക്കുമെന്നു മാത്രമല്ല, ലൈംഗികമായ പ്രലോഭനങ്ങള്‍ക്കു് അവരെ വശംവദരാക്കുകയും ചെയ്യും.
പെറ്റിംഗിനെ (പരിലാളനം) സംബന്ധിച്ചാണെങ്കില്‍ അതു തെറ്റാണെന്നു നിശ്ശങ്കമായിത്തന്നെ ഞാന്‍ പറയും. വിവാഹനിശ്ചയം ലൈംഗികമായ ദുസ്സ്വാതന്ത്ര്യത്തിനുള്ള ഒരു ലൈസന്‍സല്ല. ''ആലിംഗനം ചെയ്‌വാന്‍ ഒരു കാലം; ആലിംഗനം ചെയ്യാതിരിക്കാന്‍ ഒരു കാലം'' (സഭാ. 3:5). ആലിംഗനം ചെയ്‌വാനുള്ള കാലം വിവാഹത്തിനുശേഷമാണു്. ഇവിടെ ക്ഷമ കാണിക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ വിവാഹജീവിതം കൂടുതല്‍ ആനന്ദകരമായിത്തീരും. കാരണം, എല്ലാ പശ്ചാത്താപത്തില്‍നിന്നും അതു് വിമുക്തമായിരിക്കും. വിവാഹത്തിനു മുമ്പു് പരിലാളനവും ആലിംഗനവും ആരംഭിക്കുന്ന വധൂവരന്മാരുടെ ജീവിതത്തില്‍ വ്യക്തിപരമായ ബന്ധം മോശമായിത്തീരും; വൈകാരികസംഘര്‍ഷം വര്‍ദ്ധിക്കും; പരിലാളനം പ്രാര്‍ത്ഥനയുടെ സ്ഥാനം അപഹരിക്കുകയാല്‍ ഒരുമിച്ചുള്ള പ്രാര്‍ത്ഥന ഇല്ലാതാകും; ഒരു പക്ഷേ, വിവാഹത്തിനുമുമ്പുള്ള ലൈംഗികവേഴ്ചയിലേക്കു തന്നെ അവര്‍ വീണുപോകുവാന്‍ ഇടയാവുകയും ചെയ്യും.
വിവാഹം ചിലപ്പോള്‍ മാറിപ്പോകുവാനുള്ള ഒരു സാധ്യതയും മനസ്സില്‍ കരുതിക്കൊള്ളേണ്ടതു് ആവശ്യമാണു്. പരിലാളനത്തിനു് യുവതീയുവാക്കന്മാര്‍ ഇടനല്‍കിയിട്ടുണ്ടെങ്കില്‍ വിവാഹം മാറിപ്പോകുമ്പോള്‍ തന്‍റെ ശരീരം സ്പര്‍ശിക്കുവാന്‍ യുവാവിനെ അനുവദിച്ചതില്‍ യുവതി ഖേദിക്കുവാനിടവരും. അതിനാല്‍ ഞാന്‍ രണ്ടാമധ്യായത്തില്‍പറഞ്ഞിട്ടുള്ളതുപോലെ യുവാവു് അതിരുകടന്ന സ്വാതന്ത്ര്യം കാണിക്കുന്നപക്ഷം യുവതി നിയന്ത്രണത്തിന്‍റെ ചുമതലയേറ്റെടുക്കണം. എന്തെന്നാല്‍ അയാളെക്കാള്‍ കൂടുതല്‍ നഷ്ടം സഹിക്കേണ്ടിവരുന്നതു് അവളാണു്. ആലിംഗനം ചെയ്യുവാന്‍ അനുവദിക്കാത്തതുമൂലം തനിക്കു് അയാള്‍ നഷ്ടപ്പെടുമെന്നു് അവള്‍ ഭയപ്പെടേണ്ടതില്ല. അയാള്‍ വിവാഹത്തിനു യോഗ്യനെങ്കില്‍ ആ കാര്യംകൊണ്ട് അയാള്‍ വ്രണിതനായിത്തീരുകയില്ല; നേരേമറിച്ചു് അവളെ കൂടുതല്‍ ബഹുമാനിക്കുകയേ ചെയ്യൂ. അയാള്‍ വ്രണിതനാകുന്നെങ്കില്‍ താന്‍ വിവാഹത്തിനു യോഗ്യനല്ലെന്നു് അയാള്‍ തെളിയിക്കുകയായിരിക്കും ചെയ്യുന്നതു്.
വിവാഹനിശ്ചയം കഴിഞ്ഞ ചില വധൂവരന്മാര്‍ ചില്ലറ അഭിപ്രായഭിന്നതകള്‍ പോലും അടിസ്ഥാനപരമായ ചേര്‍ച്ചയില്ലായ്മയുടെ ലക്ഷണമായി പരിഗണിക്കുകയും തന്മൂലം വിവാഹനിശ്ചയത്തില്‍ തുടരുന്നതിന്‍റെ ആശാസ്യതയെ ചോദ്യം ചെയ്കയും ചെയ്യാറുണ്ട്. എന്നാല്‍ തന്‍റെ വിവാഹപങ്കാളിയുമായി ഒരിക്കലും ഒരഭിപ്രായഭിന്നതയും ഉണ്ടാകയില്ലെന്നുള്ള സങ്കല്പത്തോടെ വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്ന വ്യക്തി യാഥാര്‍ത്ഥ്യത്തെക്കാളധികം യക്ഷികഥകള്‍ക്കു സ്ഥാനമുള്ള ഒരു സ്വപ്നലോകത്തിലാണു് ജീവിക്കുന്നതു്. ഏറ്റവും ആത്മീയരായ വ്യക്തികള്‍ തമ്മിലുള്ള ഏറ്റവും പരിപൂര്‍ണ്ണമായ വിവാഹജീവിതത്തില്‍പ്പോലും ചെറിയതോതിലുള്ള ചില അഭിപ്രായഭിന്നതകള്‍ ഉണ്ടാകാറുണ്ട്. ഇതു് ആനുരൂപ്യമില്ലായ്മയുടെയോ വിവാഹം ദൈവഹിതാനുസാരമല്ലാത്തതിന്‍റെയോ ലക്ഷണമല്ല. അപ്രകാരമായിരുന്നെങ്കില്‍ ദൈവഹിതപ്രകാരമുള്ള ഒരു വിവാഹവും ഒരിടത്തും ഉണ്ടാകുമായിരുന്നില്ല. ഒരു ഭിന്നതയും അഭിപ്രായവ്യത്യാസവും ചെറിയതോതില്‍പ്പോലും ഉണ്ടാകാത്ത ഒരു വിവാഹം ഒരു തരത്തില്‍ മാത്രമേ ഉണ്ടാകൂ. എങ്ങനെയെന്നുവച്ചാല്‍ അതില്‍ പങ്കാളികളിലൊരാള്‍ കേവലം ഒരു മനുഷ്യയന്ത്രം മാത്രമായിരിക്കും. ആ വ്യക്തിക്കു് സ്വതന്ത്രമായ ഒരു ഇച്ഛാശക്തി ഉണ്ടായിരിക്കയില്ല. അതിനാല്‍ ചെറിയതോതിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഒരിക്കലും വിവാഹനിശ്ചയത്തില്‍നിന്നു പിന്മാറുവാനുള്ള ഒരു കാരണമായിത്തീരരുതു്. നേരേമറിച്ചു് ഓരോ വ്യക്തിയിലും ജീവനുണ്ട് എന്നതിന്‍റെ ലക്ഷണമാണവ. എന്നാല്‍ രണ്ടുപേര്‍ക്കും സ്വയം വിനയപ്പെടുത്തുന്നതിനും അന്യോന്യം ക്ഷമ ചോദിക്കുന്നതിനുമുള്ള കഴിവുണ്ടായിരിക്കണം എന്നുമാത്രം. സ്ത്രീയെപ്പോലെ തന്നെ പുരുഷനും ക്ഷമാപണം ചെയ്യുവാന്‍ സന്നദ്ധനായിരിക്കണം. ഭാരതീയസമൂഹത്തില്‍ ഈ സ്വഭാവം പുരുഷനു് ഒരപമാനമായി ചിലര്‍ കരുതുന്നു. എന്നാല്‍ ക്രിസ്ത്യാനിക്കു് ഒരിക്കലും അപ്രകാരമായിരിക്കരുതു്. തന്‍റെ ഭാര്യയോടു് ക്ഷമ ചോദിക്കുവാന്‍ മനസ്സില്ലാത്ത വ്യക്തി ഒരിക്കലും വിവാഹം ചെയ്യരുതു്.
വിവാഹനിശ്ചയത്തിനുശേഷമുള്ള സമയത്തു് പുറമേനിന്നുള്ള മറ്റു ചില പ്രശ്‌നങ്ങളും പ്രതിബന്ധങ്ങളും ഉണ്ടായെന്നും അവ വിവാഹം നീട്ടിവയ്ക്കുവാന്‍ കാരണമായിത്തീര്‍ന്നെന്നും ഇതു് രണ്ടുകൂട്ടര്‍ക്കും കഷ്ടതയും വേദനയും വരുത്തി വച്ചെന്നും വരാം. മാതാപിതാക്കളുടെ വിസമ്മതം, സാമ്പത്തികപ്രശ്‌നങ്ങള്‍ എന്നിവ ഇതിനു ദൃഷ്ടാന്തമാണു്. എന്നാല്‍ ഇവമൂലം നൈരാശ്യമോ ഹൃദയത്തകര്‍ച്ചയോ ഉണ്ടാകുവാന്‍ ഇടനല്‍കരുതു്. നേരേമറിച്ചു് അവ സ്‌നേഹബന്ധത്തെ ഉറപ്പിക്കുകയും ഭാവിഭവനത്തിന്‍റെ അടിസ്ഥാനം ആഴത്തില്‍ ഉറപ്പിക്കുകയും ചെയ്യുന്നു വെന്നു് നാം മനസ്സിലാക്കണം. നിങ്ങള്‍ക്കു് എത്രമാത്രം വഹിക്കുവാന്‍ കഴിവുണ്ടെന്നു ദൈവത്തിനറിയാം. നിങ്ങള്‍ക്കു് കഴിവുള്ളതിനപ്പുറം നിങ്ങള്‍ പ്രയാസപ്പെടുവാന്‍ ദൈവം അനുവദിക്കുകയില്ലെന്നോര്‍ത്തു് അവനില്‍ ശരണപ്പെടണം. (1 കൊരി. 10:13 JBP). താന്‍ നിശ്ചയിച്ചിട്ടുള്ള സമയത്തു് എല്ലാ ചെങ്കടലുകളുടെയും മധ്യത്തില്‍ക്കൂടി കടന്നുപോകുവാന്‍ പറ്റിയ ഒരു വഴി അവിടുന്നു് നിങ്ങള്‍ക്കു് ഒരുക്കിത്തരികയും വിജയത്തോടെ നിങ്ങളെ മുന്നോട്ടുനയിച്ചു് താന്‍ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുള്ള സ്ഥലത്തു് നിങ്ങളെ എത്തിക്കുകയും ചെയ്യും (പുറ. 14). അതിനാല്‍ ദൈവത്തില്‍ വിശ്വസിക്കുക. നിങ്ങളുടെ ഹൃദയം ക്ഷീണിച്ചുപോകുവാന്‍ ഒരിക്കലും അനുവദിക്കരുതു്.
ഇതിനു് ഒരു നിയമം വയ്ക്കുക സാധ്യമല്ല. എന്നാല്‍ വധൂവരന്മാരിരുവരും ഒരു സ്ഥലത്തായിരിക്കുകയും കൂടെക്കൂടെ കണ്ടുമുട്ടുകയും ചെയ്യുന്ന സ്ഥിതിയില്‍ ഈ കാലം 6 മാസത്തിലധികമാകുന്നതു് ഉചിതമല്ല. അവര്‍ അന്യോന്യം അകന്നു് ദൂരസ്ഥലങ്ങളിലായിരിക്കുമ്പോള്‍ അതു് സാധാരണഗതിയില്‍ 12 മാസത്തിലധികമാകാതിരിക്കുന്നതു് നല്ലതു്. കാരണമിതാണു്: വിവാഹനിശ്ചയത്തിനുശേഷം വധൂവരന്മാര്‍ ഇരുവരുടെയും വികാരങ്ങള്‍ ഉയര്‍ന്ന ഒരു തലത്തിലായിരിക്കും. ആ വിധത്തില്‍ വളരെ ദീര്‍ഘമായ ഒരു കാലം അവര്‍ ജീവിക്കുവാനിടയാക്കുന്നതു് മാനസികക്ലേശത്തിനും സംഘര്‍ഷത്തിനും ഇടവരുത്തും.
''ഞാന്‍ ഒരു യുവാവിനെ സ്‌നേഹിച്ചു'' എന്ന ഗ്രന്ഥത്തില്‍ വാള്‍ട്ടര്‍ ട്രോബിഷ് വിവാഹനിശ്ചയത്തിനുശേഷമുള്ള കാലത്തെ ഒരു ശിശു മാതൃഗര്‍ഭത്തില്‍ കഴിയുന്ന കാലത്തോടു് ഉപമിച്ചിട്ടുണ്ട്. ആ ശിശു ലോകത്തിലേക്കു ജനിച്ചുവീഴുകയും എല്ലാവരും അതിനെ കാണുകയും ചെയ്യുന്നതുപോലെയുള്ള ഒരു പരിപാടിയാണു് വിവാഹദിനത്തില്‍ സംഭവിക്കുന്നതെന്നു് അദ്ദേഹം കരുതുന്നു. എന്നാല്‍ കുട്ടി യഥാര്‍ത്ഥത്തില്‍ ജനിക്കുന്നതിനുമുമ്പു് മാതൃഗര്‍ഭത്തില്‍ വച്ചുതന്നെ ജനനത്തിനുള്ള ഒരുക്കവും വളര്‍ച്ചയും നടക്കുന്ന ഒരു കാലഘട്ടമുണ്ട്. വിവാഹനിശ്ചയത്തിനുശേഷമുള്ള ഇടവേള വാസ്തവത്തിലെന്തായിരിക്കണം എന്നതിനെ ചിത്രീകരിക്കുന്ന നല്ല ഒരു ദൃഷ്ടാന്തമാണിതു്.
ഔപചാരികമോ അനൗപചാരികമോ ആയ വിവാഹനിശ്ചയം വിവാഹത്തിനുള്ള പവിത്രമായ ഒരു ഉടമ്പടിയാണു്. അതിനാല്‍ ലാഘവബുദ്ധിയോടെ അതിനെ കൈകാര്യം ചെയ്യരുതു്. ദൈവസന്നിധിയില്‍ ജീവിക്കുന്ന ഒരു മനുഷ്യന്‍ ''സത്യം ചെയ്തിട്ടു് ചേതം വന്നാലും മാറാത്തവ''നാണെന്നു് ദൈവവചനം പറയുന്നു (സങ്കീ. 15:4). ''തങ്ങളുടെ വാഗ്ദാനങ്ങള്‍ പാലിക്കുന്നവരെ ദൈവം സ്‌നേഹിക്കുന്നു; അവ ലംഘിക്കുന്നവരെ അവിടുന്നു വെറുക്കുന്നു'' (സദൃ. 12:22 LB). ഒരു ക്രിസ്ത്യാനിയുടെ ''ഉവ്വു്'' എന്നതു് ''ഉവ്വു്'' എന്നുതന്നെയായിരിക്കണം; ''ഇല്ല'' എന്നതു് ''ഇല്ല'' എന്നും (മത്താ. 5:37; യാക്കോ. 5:12).
വിവാഹത്തിന്‍റെ ഔചിത്യത്തെപ്പറ്റി സംശയമുളവാക്കുന്ന പുതിയ വസ്തുതകള്‍ വെളിച്ചത്തുവരുന്നപക്ഷം ഒരു വിവാഹനിശ്ചയം തള്ളിക്കളയുന്നതു് യോഗ്യമാണോ? മറ്റേ പങ്കാളി വീണ്ടുംജനനം പ്രാപിച്ചയാളല്ലെങ്കില്‍ - വിവാഹ നിശ്ചയത്തിനുമുമ്പുതന്നെ വീണ്ടുംജനനത്തിന്‍റെ സത്യാവസ്ഥ നിങ്ങള്‍ തിരക്കി ബോധ്യപ്പെടേണ്ടതു് ആവശ്യമായിരുന്നുവെങ്കില്‍പ്പോലും - നിങ്ങള്‍ക്കു് വിവാഹ നിശ്ചയം ഉടന്‍ തള്ളിക്കളയാം. ഇപ്രകാരമുള്ള ഒരു പ്രതിജ്ഞാലംഘനം മേല്‍ ഖണ്ഡികയില്‍ വിവരിച്ച കല്പനകളുടെ ഒരു ലംഘനമായിരിക്കുകയില്ല. കാരണം, അത്തരമൊരു വിവാഹം നിങ്ങള്‍ക്കു മാത്രമല്ല, ഭൂമിയില്‍ ദൈവഹിതം നിറവേറുന്നതിനുതന്നെ പ്രതിബന്ധമായിത്തീരുന്നതാണു്. ഇവിടെ നിങ്ങള്‍ 2 കൊരി. 6:14 അനുസരിച്ചാണു് പ്രവര്‍ത്തിക്കേണ്ടതു്.
മറ്റേ പങ്കാളി വീണ്ടുംജനനം പ്രാപിച്ചയാളാണെങ്കില്‍ പിന്നെ ഒന്നോ രണ്ടോ സുപ്രധാനമായ അടിസ്ഥാനങ്ങളില്‍ മാത്രമേ വിവാഹനിശ്ചയം തള്ളിക്കളയുവാന്‍ ന്യായമുള്ളു. അവയിലൊന്നു് മറ്റേയാള്‍ അവിശ്വസ്തത കാണിക്കുക എന്നതാണു്. വേറൊന്നു് മര്‍മ്മപ്രധാനമായ കാര്യങ്ങളിലുള്ള ഉപദേശഭിന്നതയാണു്. ഒരു വ്യക്തിക്കു വാക്കുകൊടുക്കുകയും പിന്നീടു് തനിക്കിപ്പോള്‍ ദൈവഹിതത്തെപ്പറ്റി നിശ്ചയമില്ലെന്നുപറഞ്ഞു് പെട്ടെന്നു പ്രതിജ്ഞ ലംഘിക്കുകയും ചെയ്യുന്ന അസ്ഥിരചിത്തരായ വിശ്വാസികളെ ദൈവം ഒരിക്കലും മാനിക്കുന്നില്ല. തനിക്കു വിദേശത്തുപോകേണ്ടതുണ്ടെന്ന കാരണത്താല്‍ വിവാഹനിശ്ചയത്തില്‍നിന്നു പിന്‍മാറിയ ഒരു യുവാവിനെ എനിക്കറിയാം. ഇതു് ആ പെണ്‍കുട്ടിയെ വലിയ ദുര്‍ഘടത്തില്‍ കൊണ്ടുചെന്നെത്തിച്ചു. അവളെ വിവാഹം ചെയ്യുവാന്‍ സമ്മതമുള്ള ഒരാളെ കുപിടിക്കുക എന്നതു് അവളുടെ വീട്ടുകാര്‍ക്കു് അത്യന്തം ദുഷ്‌കരമായിത്തീര്‍ന്നു. ഇത്തരം കുറ്റകരമായ പെരുമാറ്റം സ്ത്രീകളെക്കാളധികം പുരുഷന്മാരിലാണു് കണ്ടുവരുന്നതു്. ഇങ്ങനെ ചഞ്ചലഹൃദയരായ ആളുകള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിനു് അപമാനം വരുത്തുന്നവരാണു്. 100 ശതമാനം ഉറപ്പുകിട്ടിയശേഷമേ ഒരാള്‍ ഇക്കാര്യത്തില്‍ വാക്കുകൊടുക്കാവൂ. ഉറപ്പില്ലാതിരിക്കുന്ന അവസ്ഥയില്‍ കുറെക്കൂടി കാത്തിരിക്കുന്നതാണു് എപ്പോഴും ബുദ്ധിപൂര്‍വ്വം. എന്നാല്‍ നമ്മുടെ ദുര്‍ബ്ബലചിത്തതകൊണ്ട് നാം മറ്റുള്ളവരുടെ ജീവിതത്തെ നശിപ്പിക്കരുതു്. നിങ്ങള്‍ ഒരു കാര്യം ചെയ്യാമെന്നു പറഞ്ഞിട്ടു് പിന്നീടു് ചെയ്യാതിരിക്കുന്നതിനെക്കാള്‍ അങ്ങനെ പറയാതിരിക്കുന്നതു് ഏറെ നല്ലതു് (സഭാ. 5:5 LB).
വിവാഹത്തിനൊരുമ്പെടുന്നവര്‍ കുറഞ്ഞപക്ഷം വിവാഹിതനായ ഒരു വിശ്വാസിയെയെങ്കിലും (യുവാക്കന്മാര്‍ ഒരു പുരുഷനെയും യുവതികള്‍ ഒരു സ്ത്രീയെയും) കണ്ട് വിവാഹജീവിതത്തെപ്പറ്റി ഉപദേശം തേടുന്നതു നന്നായിരിക്കും. ഇപ്രകാരം ലഭിക്കുന്ന ഉപദേശം വളരെ വിലപ്പെട്ടതായിരിക്കും.
അതുപോലെ വിവാഹപങ്കാളികള്‍ ഇരുവര്‍ക്കും ലൈംഗികവിജ്ഞാനം, ശരീരാപഗ്രഥനശാസ്ത്രം എന്നിവയെപ്പറ്റിയും സന്താനോല്‍പാദനത്തിന്‍റെ പ്രമാണങ്ങളെപ്പറ്റിയും വിവാഹത്തിന്‍റെ ശാരീരികാവശ്യങ്ങളെപ്പറ്റിയും സാമാന്യമായ അറിവുണ്ടായിരിക്കേണ്ടതും ആവശ്യമാണു്. ഇതിനുവേണ്ടി അവര്‍ വ്യക്തിപരമായി വിവാഹിതനായ ഒരു ഡോക്ടറെ (പുരുഷന്മാര്‍ പുരുഷഡോക്ടറെയും സ്ത്രീകള്‍ ലേഡിഡോക്ടറെയും - വിശ്വാസിയായ ഡോക്ടറായിരുന്നാല്‍ ഏറെ നല്ലതു്) കണ്ടു ഉപദേശം നേടണം. ചില ഭാര്യാഭര്‍ത്താക്കന്മാര്‍ തുടരെ ലൈംഗികമായി പൊരുത്തപ്പെടാത്ത അവസ്ഥയില്‍ ആയിത്തീരുക നിമിത്തം നിരാശരായിത്തീരാറുണ്ട്. ഇതിന്‍റെ കാരണം പലപ്പോഴും അജ്ഞതയായിരിക്കും. ഡബ്ലിയൂ. മെല്‍വിന്‍ കാപ്പര്‍, എച്ചു്. മോര്‍ഗന്‍ വില്യംസ് എന്നിവര്‍ ചേര്‍ന്നെഴുതിയ 'ക്രിസ്തീയവിവാഹത്തിലേക്കു്' (Towards Christian Marriage) എന്ന പുസ്തകത്തില്‍നിന്നു് ലൈംഗികമായ ശരീരാപഗ്രഥനശാസ്ത്രത്തെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കുന്നതാണു്.
വിവാഹപങ്കാളികള്‍ രണ്ടുപേരും ചേര്‍ന്നു് തങ്ങളുടെ വിവാഹം നടത്തുന്നതിന്‍റെ വിശദാംശങ്ങള്‍ ആസൂത്രണം ചെയ്യേണ്ടതാണു്. അനന്തരം തങ്ങളുടെ വിവാഹം എങ്ങനെ നടത്തുവാന്‍ അവര്‍ ആഗ്രഹിക്കുന്നുവെന്ന കാര്യം തങ്ങളുടെ പാസ്റ്ററെയും (അഥവാ സഭാമൂപ്പന്‍) മാതാപിതാക്കന്മാരെയും അവര്‍ അറിയിക്കണം. അക്രൈസ്തവമായ പാരമ്പര്യങ്ങളോ ആചാരങ്ങളോ ഉള്‍പ്പെടുത്താതെ ലളിതവും ആഡംബരരഹിതവും ക്രിസ്തുവിനെ മാനിക്കുന്നതുമായ വിധത്തില്‍ വിവാഹം നടത്തുവാന്‍ ഓരോ വിശ്വാസിയും നിഷ്‌കര്‍ഷ കാണിക്കണം. ഇന്‍ഡ്യയില്‍ അനേകം ക്രിസ്തീയവിവാഹങ്ങളും ഹിന്ദുമതത്തില്‍നിന്നു കടമെടുത്ത പല ആചാരങ്ങളാല്‍ ദുഷിതമായിത്തീരുന്നതായിക്കാണുന്നതു ദയനീയം തന്നെ. വിശ്വാസികള്‍പോലും അത്തരം ആചാരങ്ങള്‍ക്കു് സ്വയം കീഴ്‌പ്പെടുത്തിക്കൊടുക്കുന്നതു് ലജ്ജാവഹമാണു്. തങ്ങളുടെ മാതാപിതാക്കളെയും ബന്ധുക്കളെയും വ്രണപ്പെടുത്തുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല എന്നതാണു് ഇതിനൊരു മറയായി അവര്‍ ഉയര്‍ത്തിക്കാണിക്കുന്നതു്. എന്നാല്‍ ദൈവം വ്രണിതഹൃദയനായിത്തീരുന്നതും അവിടുത്തെ നാമത്തിനു് അപമാനം വരുന്നതും അവര്‍ക്കൊരു പ്രശ്‌നമല്ലെന്നു തോന്നുന്നു. ഒരു പക്ഷേ അവര്‍ ദൈവത്തെക്കാളധികം തങ്ങളുടെ ബന്ധുക്കളെ ഭയപ്പെടുന്നു. ''സൃഷ്ടിച്ചവനെക്കാള്‍ സൃഷ്ടിയെ ഭജിച്ചു് ആരാധിക്കുന്നു'' (റോമര്‍ 1:25). വിവാഹാവസരത്തില്‍ അക്രൈസ്തവാചാരങ്ങള്‍ക്കു് വാതില്‍ തുറന്നുകൊടുക്കുന്നപക്ഷം ആ വിവാഹത്തില്‍ ദൈവസാന്നിദ്ധ്യം പ്രതീക്ഷിക്കു ന്നതു് മൗഢ്യമാണു്. ദൈവവചനത്തെ കൃത്യമായി പിന്തുടരുക. എന്തായാലും ഒത്തുതീര്‍പ്പു ചെയ്യുകയില്ലെന്നുറയ്ക്കുക - അങ്ങനെയെങ്കില്‍ ദൈവം നിങ്ങളെ മാനിക്കും, തീര്‍ച്ച.
വിവാഹാവസരം വരനും വധുവിനും തങ്ങളുടെ ക്രൈസ്തവവിശ്വാസത്തെപ്പറ്റി ചുരുക്കമായൊരു സാക്ഷ്യം പ്രസ്താവിക്കുവാന്‍ ഏറ്റവും പറ്റിയ സന്ദര്‍ഭമാണു്. ഈ അവസരം നഷ്ടപ്പെടുത്താതെ കര്‍ത്താവിനുവേണ്ടി പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തണം. ഈ കാര്യങ്ങളെല്ലാം മാതാപിതാക്കള്‍, സഭയിലെ മൂപ്പന്‍ എന്നിവരുമായി കാലേകൂട്ടി ചര്‍ച്ച ചെയ്യുകയും അതനുസരിച്ചു് വിവാഹം ക്രമീകരിക്കുകയും ചെയ്യണം.
വിവാഹാനന്തരം ഉടന്‍തന്നെയോ അല്ലെങ്കില്‍ കഴിവതും സമീപമായ ഒരു സമയത്തോ വധൂവരന്മാര്‍ ഒരുമിച്ചു് കുറഞ്ഞപക്ഷം ഒരാഴ്ചക്കാലത്തേക്കു് അവര്‍ക്കിരുവര്‍ക്കും മാത്രമായി കര്‍ത്താവിനോടൊപ്പം സമയം ചെലവഴിക്കുവാന്‍ സാധിക്കുന്ന ശാന്തമായ ഒരു സ്ഥലത്തേക്കു പോകുന്നതു നന്നായിരിക്കും. ഇതിനെ നിങ്ങള്‍ ഒരു 'മധുവിധു' എന്നു വിളിച്ചാലും ഇല്ലെങ്കിലും ഇപ്രകാരമൊരു സമയം വളരെ വിലപ്പെട്ടതായിരിക്കും. നിങ്ങളുടെ പ്രത്യേകസാഹചര്യത്തില്‍ ഏതെങ്കിലും കാരണത്താല്‍ ഇതു് അസാധ്യമെന്നു തോന്നുന്നപക്ഷം, ഇതു് ഒരു പ്രാര്‍ത്ഥനാവിഷയമാക്കിത്തീര്‍ക്കുക. അപ്പോള്‍ കര്‍ത്താവിനു നിങ്ങള്‍ക്കുവേണ്ടി എന്തുചെയ്‌വാന്‍ കഴിയുമെന്നു് വിസ്മയപൂര്‍വ്വം മനസ്സിലാക്കും.
വിവാഹത്തിനുശേഷം വധൂവരന്മാര്‍ മാത്രം വേറിട്ടു് ഒരു ഭവനത്തില്‍ താമസിക്കുന്നതു്, ആ ഭവനം ഒരു ചെറുകുടിലാണെങ്കില്‍പ്പോലും, ഉത്തമമായിരിക്കും. ബന്ധുജനങ്ങളോടൊപ്പം താമസിക്കുന്നതു് വളരെ പ്രശ്‌നങ്ങളും സംഘര്‍ഷങ്ങളും സൃഷ്ടിക്കും. ഇന്‍ഡ്യയില്‍ സാമ്പത്തികവും അല്ലാത്തതുമായ കാരണങ്ങള്‍ മൂലം വധൂവരന്മാര്‍ സ്വന്തം നിലയില്‍ വേറിട്ടു താമസിക്കുന്നതു് ചിലരുടെ കാര്യത്തില്‍ പ്രായോഗികമല്ലെന്നുവരാം. അങ്ങനെയുള്ളവര്‍ ഇതു ഗൗരവപൂര്‍വ്വമായ ഒരു പ്രാര്‍ത്ഥനാവിഷയമാക്കിത്തീര്‍ക്കണം. എന്തെന്നാല്‍ ഓരോ കുടുംബവും ഒരു പ്രത്യേകയൂണിറ്റായിരിക്കണമെന്നതു് ദൈവഹിതമാണു്. തങ്ങള്‍ക്കായി ഒരു വഴി തുറക്കുന്ന കാര്യത്തില്‍ അവര്‍ ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുകയും കഴിവതും നേരത്തേ സ്വന്തം ഭവനം സംവിധാനം ചെയ്കയും വേണം.
വിവാഹത്തിനുള്ള ഒരുക്കത്തെ സംബന്ധിച്ചു ചില പ്രധാനവസ്തുതകള്‍ നാമിവിടെ വിചിന്തനം ചെയ്തു. ഇവയിലൊന്നും ലാഘവബുദ്ധിയോടെ പരിഗണിക്കരുതു്. പൂജ്യം മണിക്കൂറിലെത്തുന്നതിനുമുമ്പുതന്നെ നടത്തുന്ന ശ്രദ്ധാപൂര്‍വ്വമായ ഒരുക്കങ്ങളെ ആശ്രയിച്ചാണു് ഈ ബാഹ്യാകാശപേടകത്തിന്‍റെ ഫലപ്രദമായ സഞ്ചാരം ഇരിക്കുന്നതു്. ഇപ്രകാരം വിവാഹദിനത്തിനു് ഏറെ മുമ്പുതന്നെ സന്തുഷ്ടമായ വിവാഹജീവിതത്തിന്‍റെ അടിസ്ഥാനശിലകള്‍ സ്ഥാപിക്കപ്പെടുന്നു.
സെക്സ്, പ്രേമം, വിവാഹം എന്നീ രംഗങ്ങളില്‍ നാം സഞ്ചരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്ന സന്തുഷ്ടിയുടേതായ ഒരു രാജപാതയുണ്ട്. എന്നാല്‍ അതുപേക്ഷിച്ചു് ദുരിതം നിറഞ്ഞ ഓടയില്‍ക്കൂടിയുള്ള സഞ്ചാരമാണു് പലരും തിരഞ്ഞെടുക്കാറുള്ളതു്.
ഈ വിഷയങ്ങളെ സംബന്ധിച്ച എല്ലാ വാദമുഖങ്ങള്‍ക്കും വ്യക്തമായ ഉത്തരങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഇനി നാം ഏതു തിരഞ്ഞെടുക്കും എന്ന പ്രശ്‌നം മാത്രം ശേഷിക്കുന്നു. നമ്മിലോരോരുത്തരും നമ്മുടെ ഹൃദയത്തിന്‍റെ രഹസ്യമ ണ്ഡലത്തില്‍ ദൈവമുമ്പാകെ നില്‍ക്കുകയാണു്. അവിടെ നാം എന്തു തീരുമാനങ്ങള്‍ സ്വീകരിക്കുന്നുവെന്ന കാര്യം ദൈവവും നാമുമല്ലാതെ മറ്റാരും അറിഞ്ഞില്ലെന്നു വരാം. എങ്കിലും നമ്മുടെ ജീവിതത്തിന്‍റെ പ്രയോജനവും അനുഗ്രഹവും ആ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുന്നു. ദൈവത്തിന്‍റെ രാജപാതയിലൂടെ നാം നടക്കണമെങ്കില്‍ അതിനു് ഒരു വില കൊടുക്കേണ്ടിയിരിക്കുന്നു. ഓരോ ചുവടു വയ്പ്പിലും ദൈവത്തെ അനുസരിക്കുക എന്നതാണു് ആ വില. എന്തെന്നാല്‍ സന്തുഷ്ടിയുടെ രാജപാത എന്നതു് വിശുദ്ധിയുടെയും കൂടി രാജപാതയാണു് (യെശ. 35:8,10 എന്നീ വാക്യങ്ങള്‍ നോക്കുക).
ഈ രാജപാതയുടെ ഇരുവശത്തും ദൈവം വേലി കെട്ടിയിട്ടുണ്ട്. ആരെങ്കിലും ഈ വേലി പൊളിച്ചാല്‍ അവനെ ഒരു പാമ്പുകടിക്കുമെന്നു് ബൈബിള്‍ നമുക്കു താക്കീതു നല്‍കുന്നു (സഭാ. 10:8). ഏദന്‍തോട്ടത്തിലും ദൈവം ഒരു നിഷിദ്ധ വൃക്ഷത്തെ വേലികെട്ടിയടച്ചിരുന്നു. എന്നാല്‍ സാത്താന്‍ അതിലെ ഫലത്തിന്‍റെ ഭംഗി ഹവ്വയെ കാണിച്ചു് അതു് തിന്നുന്നതുകൊണ്ടുള്ള പ്രയോജനങ്ങളെപ്പറ്റി അവളോടു പറയുകയും അതു തിന്നാല്‍ യാതൊരു ദോഷഫലവും ഉണ്ടാകയില്ലെന്നു് ഉറപ്പുകൊടുക്കുകയും ചെയ്തു. അങ്ങനെ അവള്‍ ആ വേലി പൊളിച്ചു് അപ്പുറം കടക്കുവാന്‍ പ്രേരിതയായി. തന്മൂലം അവള്‍ സാത്താനാകുന്ന പാമ്പിനാല്‍ കടിക്കപ്പെട്ടു.
സെക്‌സ്, പ്രേമം, വിവാഹം എന്നിവയുടെ മണ്ഡലത്തില്‍ ദൈവം വേലി കെട്ടിയടച്ചിട്ടുള്ള നിഷിദ്ധമാര്‍ഗ്ഗങ്ങളെപ്പറ്റി ബൈബിളില്‍ തെളിവായി വിവരിച്ചിട്ടുണ്ട്; ഈ പുസ്തകത്തില്‍ അവ വിശദീകരിച്ചിട്ടുമുണ്ട്. എന്നാലും ദൈവത്തിന്‍റെ ഈ രാജപാതയുപേക്ഷിച്ചു്, ദൈവം കെട്ടിയിട്ടുള്ള വേലി പൊളിച്ചു്, ദൈവം വിലക്കിയിട്ടുള്ള ഫലം അനുഭവിക്കുവാന്‍ ലക്ഷക്കണക്കിനു യുവജനങ്ങളെയും (പ്രായമായവരെയും) സാത്താന്‍ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ പ്രേരണ ധാരാളം പേരില്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്. നമ്മുടെ ആദിമാതാപിതാക്കന്മാരുടെ കാലത്തെന്നപോലെ തന്നെ ഇപ്പോഴും ഈ പാമ്പിന്‍റെ കടി മരണകാരണമാണെന്നുള്ള കാര്യം വളരെ താമസിച്ചേ ഇവരെല്ലാം മനസ്സിലാക്കുന്നുള്ളു.
ദൈവം തന്നെ നിര്‍മ്മിച്ചിട്ടുള്ള വേലികളെ ബഹുമാനിക്കുകയും ദൈവവചനത്തെ കര്‍ശനമായി പാലിക്കുകയും ചെയ്യുന്നതിലാണു് നമ്മുടെ സുരക്ഷിതത്വം കുടികൊള്ളുന്നതു്. ആ വേലി പൊളിച്ചു് അപ്പുറം കടക്കാതിരിപ്പാന്‍ സൂക്ഷിച്ചു കൊള്‍ക. അപ്രകാരം സൂക്ഷിക്കുന്നില്ലെങ്കില്‍ പിന്നീടു് നിങ്ങള്‍ വേദനയോടും ലജ്ജയോടും കൂടി ഞരങ്ങിക്കൊണ്ട് - ''അയ്യോ! കഷ്ടം! അന്നു് ഞാനതു് ശ്രദ്ധിച്ചിരുന്നെങ്കില്‍! അന്നു് എന്‍റെ സ്വന്തവഴിയിലൂടെ ഞാന്‍ പോകാതിരുന്നെങ്കില്‍! ഹാ കഷ്ടം! അന്നു് ഞാന്‍ ഉപദേശം കൈക്കൊള്ളാതിരുന്നതു് എന്തുകൊണ്ടായിരുന്നു? ഞാന്‍ എന്തുകൊണ്ട് ഇത്ര മൂഢനായിപ്പോയി? ഇപ്പോഴിതാ പരസ്യമായ ലജ്ജയും അപമാനവും ഞാന്‍ സഹിക്കേണ്ടി വന്നിരിക്കുന്നു!'' എന്നു് പറയാനിടവരും (സദൃ. 5:11-14 LB).
''വഞ്ചിക്കപ്പെടരുതു്; ദൈവത്തെ അവഗണിക്കുന്നവര്‍ അതിന്‍റെ ഫലം അനുഭവിക്കുകതന്നെ ചെയ്യും'' (ഗലാ. 6:7 LB).
നേരേമറിച്ചു് ദൈവത്തെ മാനിക്കുന്നതിലൂടെ ലഭിക്കുന്ന അനുഗ്രഹത്തിന്‍റെ ഒരു വീക്ഷണം കാനാവിലെ കല്യാണത്തിലൂടെ നമുക്കു ലഭിക്കുന്നു (യോഹ. 2:1-11). യേശു തന്‍റെ മഹത്വം ആദ്യമായി വെളിപ്പെടുത്തിയതു് ഒരു വിവാഹാഘോഷവേളയിലായിരുന്നു എന്നതു് അന്വര്‍ത്ഥമായിരിക്കുന്നു. ഇന്നും ഓരോകല്യാണത്തിലും ഓരോ വിവാഹജീവിതത്തിലും കൂടി തന്‍റെ മഹത്വം വെളിപ്പെടുത്തുവാന്‍ അവിടുന്നു് ആഗ്രഹിക്കുന്നു. സെക്‌സ്, പ്രേമം, വിവാഹം എന്നിവ നമുക്കു് അവിടുന്നു നല്‍കിയിട്ടുള്ള ഏറ്റവും വിലയേറിയ ദാനങ്ങളാണു്. നാം തന്നെ അനുവദിക്കുമെങ്കില്‍ തന്‍റെ മഹത്വം നമുക്കു മാത്രമല്ല, നമ്മിലൂടെ മറ്റുള്ളവര്‍ക്കും വെളിപ്പെടുത്തുവാന്‍ അവിടുന്നു് അവയെ ഉപയോഗിക്കും.
കാനാവില്‍ വീഞ്ഞു പോരാതെവന്നു എന്ന വസ്തുത കാണിക്കുന്നതു് മറ്റൊന്നുമല്ല, ഏതു വിവാഹത്തിലും പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉണ്ടാകും എന്നതുതന്നെയാണു്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഇരുവരെയും നിരന്തരമായ പരാജയ ബോധത്തിലും നൈരാശ്യത്തിലുമാഴ്ത്തുവാന്‍ ഈ പ്രശ്‌നങ്ങള്‍ക്കു കഴിവുണ്ട്. എന്നാല്‍ ഒരു വിവാഹത്തില്‍ നാം യേശുവിനു് സര്‍വ്വോന്നതസ്ഥാനം നല്‍കുമെങ്കില്‍ അവിടുന്നു കാനാവില്‍വച്ചു ചെയ്തതുപോലെ വളരെ വേഗത്തില്‍ നമ്മുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും ആവശ്യങ്ങള്‍ നിറവേറ്റിത്തരികയും ചെയ്യും.
ക്രിസ്തുവിനെ കേവലം ഒരതിഥിയായി മാത്രം നാം ഭവനത്തിലേക്കു ക്ഷണിച്ചാല്‍ പോരാ, അവിടുന്നു ഭവനത്തിന്‍റെ നാഥനായിത്തന്നെ തീരണം. ''ക്രിസ്തു ഈ ഭവനത്തിന്‍റെ ഭരണകര്‍ത്താവാണു്'' എന്നൊരു ബോര്‍ഡ് വീട്ടില്‍ തൂക്കുകയും അതേസമയം സത്യത്തില്‍ ഭര്‍ത്താവോ ഭാര്യയോ ഭവനത്തിന്‍റെ ഭരണം നിര്‍വ്വഹിക്കുകയും ചെയ്യുന്നപക്ഷം അതു് കേവലമൊരു കപടനാടകം മാത്രമായിരിക്കും. എന്നാല്‍ എവിടെയെല്ലാം ക്രിസ്തുവിനെ യഥാര്‍ത്ഥത്തില്‍ കുടുംബത്തിന്‍റെ നാഥനും ഭരണകര്‍ത്താവുമായി അംഗീകരിക്കുമോ അവിടെയെല്ലാം രണ്ടായിരം വര്‍ഷംമുമ്പു കാനാവില്‍വച്ചു ചെയ്തതുപോലെ അവിടുന്നു് തന്‍റെ മഹത്വം വെളിപ്പെടുത്തും (വാ. 11).
''അവന്‍ നിങ്ങളോടു് എന്തെങ്കിലും കല്പിച്ചാല്‍ അതു ചെയ്‌വിന്‍'' എന്നായിരുന്നു യേശുവിന്‍റെ അമ്മയായ മറിയ അവിടെയുള്ള ശുശ്രൂഷക്കാരോടു പറഞ്ഞതു് (വാ. 5). അവര്‍ ആ ഉപദേശം കൈക്കൊണ്ട് കര്‍ത്താവിനെ ഉടന്‍തന്നെ പൂര്‍ണ്ണമായി അനുസരിച്ചു. തല്‍ഫലമായി പ്രശ്‌നം വേഗത്തില്‍ പരിഹരിക്കപ്പെട്ടു. വിവാഹിതരായ ദമ്പതിമാരും വിവാഹം ചെയ്യാനാഗ്രഹിക്കുന്ന യുവജനങ്ങളും കര്‍ത്താവിന്‍റെ കല്പനകള്‍ കൈക്കൊണ്ട് അവയെ വേഗത്തിലും പൂര്‍ണ്ണമായും അനസരിക്കുകമാത്രം ചെയ്യുമെങ്കില്‍ അവരുടെ പ്രശ്‌നങ്ങള്‍ വേഗം തന്നെ പരിഹരിക്കപ്പെടും.
ആ കല്യാണത്തില്‍ വെള്ളം വീഞ്ഞായി മാറി. രുചിയും നിറവുമില്ലാത്ത സര്‍വ്വസാധാരണമായ വസ്തു മാധുര്യവും തിളക്കവും വിലയുമുള്ള മറ്റൊന്നായി നിമിഷനേരത്തിനുള്ളില്‍ രൂപാന്തരപ്പെട്ടു. കര്‍ത്താവിനു നമ്മുടെ ഭവനത്തിന്‍റെ പൂര്‍ണ്ണനിയന്ത്രണം നാം നല്‍കുമ്പോള്‍ വിവാഹജീവിതത്തിലെ സര്‍വ്വസാധാരണമായ കാര്യങ്ങള്‍ (ദിനംതോറുമുള്ള ഒരു പുതുമയുമില്ലാത്ത കഠിനാധ്വാനമുള്‍പ്പെടെ) അപൂര്‍വ്വശോഭയോടെ തിളങ്ങുവാനാരംഭിക്കും. രുചിയില്ലാത്തതു മധുരമായിത്തീരും. സര്‍വ്വസാധാരണമെന്നുവച്ചു നിന്ദിച്ചിരുന്നതു് നിര്‍ണ്ണയിക്കാനാവാത്ത വിലയുള്ളതായി ക്ഷണത്തില്‍ ബോധ്യപ്പെടും.
ആ അദ്ഭുതത്തിന്‍റെ ഫലമായി അനേകമാളുകളുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കപ്പെട്ടു. വിവാഹപങ്കാളികളായ രണ്ടുപേര്‍ക്കും സന്തുഷ്ടി ലഭിക്കുക എന്നതിലൂടെ മാത്രം ഒരു ക്രിസ്തീയവിവാഹം അതിന്‍റെ ലക്ഷ്യം നിറവേറ്റുന്നില്ല. ഭാര്യാ ഭര്‍ത്താക്കന്മാരുടെ പാനപാത്രം നിരന്തരമായി നിറഞ്ഞുകവിയണം എന്നതാണു് ദൈവത്തിന്‍റെ ഉദ്ദേശ്യം (സങ്കീ. 23:5). മറ്റനേകമാളുകള്‍ക്കു് - വാസ്തവത്തില്‍ അവരുമായി ബന്ധപ്പെടുന്ന എല്ലാവര്‍ക്കും തന്നെ - അവര്‍ അനുഗ്രഹത്തിന്‍റെ ചാലുകളായിത്തീരണം. തന്‍റെ അനുസരണമുള്ള ഒരു ഭൃത്യനോടു് ദൈവം ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു: ''ഞാന്‍ നിന്നെ അനുഗ്രഹിച്ചു് നിന്‍റെ പേര്‍ വലുതാക്കും; നീ ഒരനുഗ്രഹമായിരിക്കും. .... നിന്നില്‍ ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും'' (ഉല്‍പ. 12:2,3). ഗലാ. 3:14 അനുസരിച്ചു് ദൈവം അബ്രഹാമിനു നല്‍കിയ ഈ അനുഗ്രഹം നമുക്കും ഉള്ളതാണു്. ഒരുവനു് തന്‍റെ വിവാഹത്തെ സംബന്ധിച്ചിടത്തോളം ഇതിനെക്കാള്‍ വലിയ മറ്റെന്തു ലക്ഷ്യമാണു് സാക്ഷാല്‍ക്കരിക്കുവാനുള്ളതു്? എന്നാല്‍ പ്രതിദിനജീവിതത്തില്‍ നാം എത്രത്തോളം ദൈവത്തെ അനുസരിക്കുന്നുവോ അത്രത്തോളം മാത്രമേ നാം മറ്റുള്ളവര്‍ക്കു് അനുഗ്രഹമായിത്തീരുകയുള്ളു. ''നീ എന്‍റെ വാക്കു് അനുസരിച്ചതുകൊണ്ട് നിന്‍റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകല ജാതികളും അനുഗ്രഹിക്കപ്പെ ടും'' എന്നു് യഹോവ അബ്രഹാമിനോടു് അരുളിച്ചെയ്തു (ഉല്‍പ. 22:18).
സെക്‌സ്, പ്രേമം, വിവാഹം എന്നീ രംഗങ്ങളില്‍ അബദ്ധം പ്രവര്‍ത്തിക്കുകയും പരാജയപ്പെടുകയും ചെയ്തിട്ടുള്ളവര്‍ക്കു പ്രത്യാശയുടേതായ ഒരു സന്ദേശവും കൂടെ കാനാവിലെ അദ്ഭുതം വാഗ്ദാനം ചെയ്യുന്നുണ്ട്. കാനാവില്‍ വീഞ്ഞു പോരാതെ വന്നപ്പോള്‍ അവര്‍ സഹായത്തിനായി കര്‍ത്താവിന്‍റെ അടുത്തേക്കു ചെന്നു: അവിടുന്നു് അവരെ നിരസിച്ചതുമില്ല. നിങ്ങളുടെ പരാജയം എത്ര വലുതായിരുന്നാലും നിങ്ങളുടെ ആവശ്യത്തില്‍ നിങ്ങള്‍ കര്‍ത്താവിങ്കലേക്കു തിരിയുന്നപക്ഷം അവിടുന്നു നിങ്ങളെ നിരസിക്കുകയില്ല. നിങ്ങളുടെ ആവശ്യത്തെ സംബന്ധിച്ചു് കാനാവിലെ ഭവനക്കാരെപ്പോലെ സത്യസന്ധരായിരിക്കുവാനും നിങ്ങളുടെ തെറ്റു് തന്നോടേറ്റു പറയുവാനും മാത്രമേ കര്‍ത്താവു് ആവശ്യപ്പെടുന്നുള്ളു. നിങ്ങളുടെ ബുദ്ധിഹീനതയില്‍ ആ യുവതിയുമായുള്ള (അഥ വാ യുവാവുമായുള്ള) ബന്ധം അതിരുകടന്ന നിലയിലാകുവാന്‍ നിങ്ങള്‍ അനുവദിച്ചിട്ടുണ്ടോ? ഒരുപക്ഷേ അജ്ഞതമൂലം സ്‌നേഹബന്ധത്തിന്‍റെ കാര്യത്തില്‍ നിങ്ങള്‍ അബദ്ധം പ്രവര്‍ത്തിച്ചുവോ? തല്‍ഫലമായി ഇപ്പോള്‍ പശ്ചാത്താപവും നൈരാശ്യവും നിങ്ങളെ നേരിട്ടിരിക്കുന്നുവോ? മറ്റുള്ളവര്‍ നിങ്ങളെ തെറ്റിദ്ധരിക്കുകയും നിന്ദിക്കുകയും ഒരുപക്ഷേ ദുഷിക്കുകയും ചെയ്യുന്നുണ്ടോ? അങ്ങനെയെങ്കില്‍ ഇനിയൊരു നിമിഷവും താമസിക്കാതെ കര്‍ത്താവിങ്കലേക്കു് തിരിയുക. അവിടുന്നു് പാപികളുടെ സ്‌നേഹിതനാണു്. നിങ്ങളുടെ പാപം ക്ഷമിക്കുവാന്‍ മാത്രമല്ല, നിങ്ങളുടെ ജീവിതത്തില്‍ സാത്താന്‍ വരുത്തിവച്ച കുഴപ്പം മാറ്റി കാര്യങ്ങള്‍ ക്രമീകരിക്കുവാനും അവിടുന്നു് കാത്തിരിക്കുകയാണു്. ഈ രണ്ടു കാര്യങ്ങള്‍ നിറവേറ്റുവാനാണു് അവിടുന്നു് ലോകത്തിലേക്കു വന്നതു് (1 യോഹ. 3:5,8). നിങ്ങള്‍ നിരാശയ്ക്കു കീഴ്‌പ്പെട്ടുപോകേണ്ട ഒരാവശ്യവുമില്ല. നിങ്ങള്‍ക്കു പോലും ആശയ്ക്കു വകയുണ്ട്. കാനാവിലെ കല്യാണത്തില്‍ ഉണ്ടായിരുന്ന പോരായ്മ കര്‍ത്താവു പരിഹരിച്ചു. മാത്രമല്ല, അതിലധികവും കര്‍ത്താവു പ്രവര്‍ത്തിച്ചു. അതുപോലെ നിങ്ങളുടെ ജീവിതത്തിലും സംഭവിച്ച എല്ലാ പോരായ്മകളും കര്‍ത്താവു പരിഹരിക്കും. അതിലധികവും അവിടുന്നു് ചെയ്യും. കര്‍ത്താവു് കാനാവില്‍ വച്ചു് തന്‍റെ മഹത്വം വെളിപ്പെടുത്തി. നിങ്ങളുടെ ജീവിതത്തിലും അവിടുന്നു് തന്‍റെ മഹത്വം വെളിപ്പെടുത്തും.
ജീവിതത്തില്‍ നിങ്ങള്‍ക്കു് നിരാശത നേരിട്ടിട്ടുണ്ടെങ്കില്‍, കാര്യങ്ങള്‍ സ്വന്തമാക്കുന്നതിലല്ല, ത്യജിക്കുന്നതിലാണു് ക്രിസ്തീയജീവിതത്തിന്‍റെ സൗഭാഗ്യം കുടികൊള്ളുന്നതു് എന്ന വസ്തുതയില്‍ നിങ്ങള്‍ ആശ്വാസം കണ്ടെത്തുക (അപ്പോ. 20:35). സഫലമാകാത്ത ആഗ്രഹങ്ങള്‍ നിങ്ങള്‍ക്കുണ്ടെന്നു വന്നാല്‍ തന്നെയും, കാര്യങ്ങളെ നിങ്ങളുടെ നന്മയ്ക്കായി ഒരുമിച്ചുചേര്‍ത്തു വ്യാപരിപ്പിക്കുവാനും തന്‍റെ മഹത്വത്തിനായി ഒരു പൂര്‍ണ്ണജീവിതം നയിക്കുവാന്‍ നിങ്ങളെ സഹായിക്കുവാനും ദൈവത്തിനു കഴിയും.
സെക്സ്, പ്രേമം, വിവാഹം എന്നീ മണ്ഡലങ്ങളില്‍ ദൈവത്തെ മഹത്വപ്പെടുത്തുക എന്നതായിരിക്കട്ടെ നിങ്ങളുടെ ലക്ഷ്യം. അങ്ങനെയെങ്കില്‍ ഈ കാര്യങ്ങളില്‍ ദൈവത്തിന്‍റെ പൂര്‍ണ്ണഹിതത്തില്‍നിന്നകന്നുപോകുമെന്നു് ഭയപ്പെടേണ്ട യാതൊരാവശ്യവും നിങ്ങള്‍ക്കുണ്ടാകുകയില്ല. ഒരു സിംഹവും ഒരു ദുഷ്ടമൃഗവും ഇല്ലാത്തതും നേരേമറിച്ചു് ജീവിതയാത്രയുടെ അന്ത്യം വരെയും ദൈവമഹത്വം മേല്‍ക്കുമേല്‍ തേജസ്സോടെ തെളിഞ്ഞു പ്രകാശിക്കുന്നതുമായ അനശ്വരസന്തുഷ്ടിയുടെ രാജപാതയിലൂടെ അവിടുന്നു നിങ്ങളെ തീര്‍ച്ചയായും വഴിനടത്തും. ജീവിതകാലം മുഴുവന്‍ ഈ സ്വര്‍ഗ്ഗീയപാതയിലൂടെ സഞ്ചരിക്കുവാന്‍ നിങ്ങള്‍ക്കിടയാകട്ടെ. ആമേന്‍.
('O perfect love' എന്ന രീതി)
യേശുനാഥാ, വണങ്ങുന്നു നിന്‍ പാദേ നീ വീണ്ടെടുത്ത ദാസരീ ഞങ്ങള്‍ നിന്‍ സ്വന്തമിപ്പോള്‍ ഞങ്ങളെന്നെന്നേക്കും നീ താനെങ്ങള്‍ക്കു നിത്യസൗഭാഗ്യം.നിന്നാശിസ്സോര്‍ക്കിലപ്രമേയം നാഥാ! നീ നടത്തിയിന്നോളം ഞങ്ങളെ നിന്‍ സ്‌നേഹബന്ധമെങ്ങളെയിണച്ചു നിത്യമതോര്‍ത്തു സ്‌തോത്രം പാടിടും.
സേവിക്കുമീയെളിയോര്‍ നിന്നെ നിത്യം സേവിപ്പാന്‍ ശക്തിയെങ്ങള്‍ക്കില്ലോര്‍ക്കില്‍ എന്നാലോ നിന്‍ നിറവു ഞങ്ങള്‍ക്കേകും നിന്‍ ശക്തിയാലേയോടീടും ഞങ്ങള്‍.
നിന്‍ കഷ്ടദുഃഖം പങ്കുവയ്ക്കുമെങ്ങള്‍ നിന്‍ ക്രൂശില്‍ താന്‍ പ്രശംസിച്ചീടുന്നൂ നിന്‍ പ്രസാദം നേടിടാന്‍ മാത്രമോര്‍ക്കും ഞങ്ങള്‍ക്കും ലാഭം സര്‍വ്വം ചേതമാം.
ഈ ലോകം നല്‍കും നിന്ദ, പരിഹാസം, വേദനയഗ്നിശോധനയെല്ലാം ഏതുമേ ഗണ്യമാക്കുകില്ല ഞങ്ങള്‍ സ്‌നേഹത്തില്‍ നിന്നെ പിന്തുടര്‍ന്നീടും.
മറ്റുള്ളോര്‍ക്കെങ്ങള്‍ നല്‍ത്തുണ നല്‍കീടാന്‍ മുറ്റുമവര്‍ തന്‍ദുഃഖം വഹിപ്പാന്‍ ക്രൂശിങ്കലേക്കവരെ നയിച്ചീടാന്‍ ആശു ഞങ്ങള്‍ക്കു ശക്തി നല്‍കേണം.
നാഥാ! നിന്നാത്മശക്തി തന്‍ നിറവാ- ലേവര്‍ക്കുമാശിസ്സേകി ധന്യരായ് ഈ ഞങ്ങള്‍ നിന്‍ സൗരഭ്യം പരത്തേണം ഭൂമിയിലെന്നും നിന്‍റെ കീര്‍ത്തിക്കായ്.
നിന്‍ ഹിതം ഭൂമി തന്നില്‍ നിറവേറ്റി നിന്‍ പുകഴ്ചയ്ക്കായ് ജീവിച്ചൊടുക്കം നിന്‍ നിത്യരാജ്യം തന്നിലെത്തി മോദാല്‍ നിന്‍ മഹത്വത്തെ ഞങ്ങള്‍ പ്രാപിക്കും.