ദൈവശുശ്രൂഷയുടെ പ്രമാണങ്ങള്‍

ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   സഭ
    Download Formats:

അധ്യായം 0
ആമുഖം

ദൈവികശുശ്രൂഷ എന്നാല്‍ എന്താണ്? യഥാര്‍ത്ഥ ക്രിസ്തീയ ശുശ്രൂഷ എങ്ങനെയായിരിക്കണം? അതിന്റെ പ്രമാണങ്ങള്‍ എന്തെല്ലാമാണ്?....

തിരുവല്ലയില്‍ 1997 ഡിസംബര്‍ 17-നു നടന്ന ക്രിസ്തീയ ശുശ്രൂഷകന്മാരുടെയും പ്രവര്‍ത്തകരുടെയും സുവിശേഷസംഘടനാനേതാക്കളുടെയും അഖിലേന്ത്യാ സമ്മേളനത്തില്‍ ബ്രദര്‍ സാക് പുന്നന്‍ നല്‍കിയ സന്ദേശമാണ് ആദ്യത്തെ രണ്ടദ്ധ്യായം.

അധ്യായം 1
ഉയരത്തിലേക്കുള്ള വിളി

വെളിപ്പാടു പുസ്തകം നാലാം അധ്യായത്തില്‍ നിന്നു ചിന്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വെളിപ്പാട് ഒന്നാം അധ്യായത്തില്‍ യോഹന്നാനു കര്‍ത്താവ് സ്വയം വെളിപ്പെടുത്തിയശേഷം രണ്ടും മൂന്നും അധ്യായത്തില്‍ ആ ഭാഗത്തെ സഭകളുടെ യഥാര്‍ത്ഥ അവസ്ഥയെക്കുറിച്ച് അപ്പൊസ്തലന് ഒരു ഉള്‍ക്കാഴ്ച കൊടുക്കുന്നു. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ആ സഭകള്‍ മിക്കതും പിന്മാറ്റ അവസ്ഥയിലായിരുന്നു. തുടര്‍ന്നു നാലാം അദ്ധ്യായത്തിന്റെ ഒന്നാം വാക്യത്തില്‍ കര്‍ത്താവു യോഹന്നാനോടു പറയുന്നത് 'ഇവിടെ കയറി വരിക' എന്നാണ്. എത്ര മനോഹരമായ വാക്കുകള്‍!

ചുറ്റുമുള്ള കാര്യങ്ങളുടെ അവസ്ഥ കാണുമ്പോള്‍, നമുക്കു പരിഹാരമില്ലാത്ത പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ 'ഇവിടെ കയറി വരിക! ഇവിടെ വന്ന് എന്റെ വീക്ഷണകോണില്‍ കാര്യങ്ങളെ കാണുക. നിങ്ങളുടേതായ, ഭൗമികമായ, താഴ്ന്ന നിലവാരത്തില്‍ കാര്യങ്ങളെ വീക്ഷിക്കാതിരിക്കുക' എന്ന കര്‍ത്താവിന്റെ വാക്കുകള്‍ കേള്‍ക്കുവാന്‍ കഴിഞ്ഞിരുന്നെങ്കില്‍! നാം നിരന്തരം കേള്‍ക്കേണ്ട വാക്കുകള്‍ ഇവയാണെന്നു ഞാന്‍ വിശ്വസിക്കുന്നു - ''ഇവിടെ വരിക!''''

'ഒന്നു ഞാന്‍ ചെയ്യുന്നു. പിമ്പിലുള്ളതു മറന്നും മുമ്പിലുള്ളതിന് ആഞ്ഞുംകൊണ്ട് ക്രിസ്തുയേശുവില്‍ ദൈവത്തിന്റെ ഉന്നത വിളിയുടെ വിരുതിനായി ലാക്കിലേക്ക് ഓടുന്നു' എന്നാണ് പൗലൊസ് പറഞ്ഞത്. ഉന്നതത്തിലേക്കു വരിക എന്ന വിളിയാണ് പൗലൊസ് കേട്ടത്. എത്ര ഉയരത്തില്‍ എത്തിയാലും പൗലൊസ് തൃപ്തനുമായിരുന്നില്ല.

ക്രിസ്തീയ നേതൃത്വത്തിന്റെ അപകടം നാം ആളുകളുടെ മുമ്പില്‍ ഏറെ നില്‍ക്കുന്നു എന്നതാണ്. നാം പുകഴ്ത്തപ്പെടുന്നു. പേരിനു മുമ്പ് നമുക്കു പദവികളും പേരിനുശേഷം വയ്ക്കാന്‍ നമുക്കു ബിരുദങ്ങളുമുണ്ട്! കൂടുതല്‍ എന്താണു നമുക്കു വേണ്ടത്? നമുക്കു വേണ്ടത് എന്താണെന്ന് ഞാന്‍ പറയാം. ദൈവത്തിന്റെ ഹൃദയത്തോട് നാം കൂടുതല്‍ അടുത്തുവരേണ്ട ആവശ്യം ഉണ്ട്. നാം ഉയരത്തിലേക്ക് കയറിച്ചെല്ലേണ്ട ആവശ്യം ഉണ്ട്.

ദൈവം ആദമിനെ സൃഷ്ടിച്ചത് അവിടുത്തേക്ക് ഒരു വേലക്കാരനെയോ പണ്ഡിതനെയോ ആവശ്യമുള്ളതുകൊണ്ടായിരുന്നില്ല. സേവകന്മാരെയോ പണ്ഡിതന്മാരെയോ ആവശ്യം ഉള്ളതു കൊണ്ടല്ല, അവിടുന്ന് എന്നേയും നിങ്ങളേയും സൃഷ്ടിച്ചതും. കോടിക്കണക്കിനു ദൂതന്മാരില്‍ അവിടുത്തേക്ക് ആവശ്യത്തിനു സേവകന്മാരുണ്ടായിരുന്നു. പ്രാഥമികമായും ആദമിനെ ദൈവം സൃഷ്ടിച്ചത് അവന് താനുമായി കൂട്ടായ്മ ഉണ്ടാകേണ്ടതിനുവേണ്ടിയായിരുന്നു. അതുകൊണ്ടാണ് ആദമിനെ സംബന്ധിച്ചിടത്തോളം 'ആറു ദിവസം അധ്വാനം, ഏഴാം ദിവസം വിശ്രമം' എന്ന നിയമത്തിനു പ്രസക്തി ഇല്ലാതിരുന്നത്. ആ നിയമം പിന്നീടു മോശയുടെ പ്രമാണങ്ങളിലൂടെ പ്രാബല്യത്തില്‍ വന്നതാണ്.

ആറാം ദിവസമാണ് ദൈവം ആദമിനെ സൃഷ്ടിച്ചത്. അതുകൊണ്ട് ദൈവത്തിന്റെ ഏഴാം ദിവസം ആദമിനെ സംബന്ധിച്ചിടത്തോളം ഒന്നാം ദിവസം ആയിരുന്നു. വിശ്രമത്തിനും സ്രഷ്ടാവിനോടുള്ള കൂട്ടായ്മയ്ക്കും വേണ്ടിയുള്ള ദിവസം. ദൈവത്തോടുള്ള കൂട്ടായ്മയുടെ ആദ്യദിവസത്തിനുശേഷമാണ് ആദം തോട്ടത്തില്‍ വേലചെയ്യുവാനും ദൈവത്തെ ശുശ്രൂഷിക്കാനുമായി അടുത്ത ആറുദിവസം ചെലവിട്ടത്.

ആ ഒരു ക്രമം - ദൈവത്തിന്റെ മുന്തിരിത്തോട്ടത്തില്‍ തന്നെ സേവിക്കാന്‍ പോകുന്നതിനുമുമ്പ് ദൈവവുമായുള്ള കൂട്ടായ്മ നടന്നിരിക്കണം എന്ന ക്രമം - നാം മറന്നുപോയാല്‍ നമ്മുടെ സൃഷ്ടിയും രക്ഷയും സംബന്ധിച്ച പ്രാഥമികമായ ലക്ഷ്യം നാം വിസ്മരിച്ചു പോയി.

നമുക്കു ചുറ്റും കാണുന്ന ആവശ്യങ്ങളാല്‍ എല്ലാം നാം വശീകരിക്കപ്പെട്ടുപോയാല്‍ - പ്രത്യേകിച്ചും ഇന്ത്യപോലെ ഒരു രാജ്യത്ത് - ദൈവത്തോടുള്ള കൂട്ടായ്മയ്ക്കു നമുക്കു സമയം ഉണ്ടായിരിക്കുകയില്ല. ചുറ്റും ഇത്രയേറെ ആവശ്യങ്ങള്‍ നിവൃത്തിക്കപ്പെടേണ്ടതായി കിടക്കുമ്പോള്‍ ഇതൊരു സമയ നഷ്ടമായി നമുക്കു തോന്നും. എന്നാല്‍ ആവശ്യത്തില്‍ അധിഷ്ഠിതമായ ഒരു പ്രവര്‍ത്തനത്തിന്റെ ഫലം എന്താണ്? ഒരു പക്ഷേ ധാരാളം 'വേല' ചെയ്‌വാന്‍ കഴിഞ്ഞേക്കും. എന്നാല്‍ അതിന്റെ ഗുണം തുലോം കുറവായിരിക്കും. സ്ഥിതിവിവരക്കണക്കുകള്‍ നമ്മെ ചതിച്ചേക്കാം, കള്ളങ്ങള്‍ മൂന്നുതരം ഉണ്ടെന്ന പ്രസ്താവന ഒരു പക്ഷേ നിങ്ങള്‍ കേട്ടിട്ടുണ്ടായിരിക്കും - കറുത്ത കള്ളം, വെളുത്ത കള്ളം, പിന്നെ സ്ഥിതി വിവരക്കണക്കുകള്‍! സ്ഥിതിവിവരക്കണക്കുകള്‍ നമ്മെ വഴി തെറ്റിച്ചേക്കാം. യഹോവാസാക്ഷികള്‍ക്ക് അവരുടേതായ കണക്കുകളുണ്ട്. മോര്‍മോണ്‍ വിഭാഗക്കാര്‍ക്കും അവരുടെ സ്ഥിതവിവരക്കണക്കുകളുണ്ട്. ഇന്നു ലോകത്തില്‍ വളരെ വേഗം വളരുന്ന ഗ്രൂപ്പുകളില്‍ ചിലതാണ് ഇവ. ഉവ്വ്, ഇസ്ലാമിക യാഥാസ്ഥിതികള്‍ക്കും അവരുടേതായ സ്ഥിതിവിവരക്കണക്കുകളുണ്ട്. ഇക്കാലത്ത് എല്ലാവര്‍ക്കും ഉള്ളത് കണക്കുകളാണ്. പക്ഷേ യേശുവിനെ ഒരിക്കലും സ്ഥിതിവിവരക്കണക്കുകള്‍ അലട്ടിയിരുന്നില്ല.

ചില പ്രതിസന്ധികളിലൂടെ കടന്നുപോയ അവസരങ്ങള്‍ എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. ഒന്ന് ഞാന്‍ ശുശ്രൂഷക്കായി ഇറങ്ങിയ പ്രാരംഭനാളുകളിലാണ്. അന്ന് ദൈവവചനം അറിയാമായിരുന്നെങ്കിലും എനിക്ക് ശക്തി ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഉയരത്തില്‍നിന്നുള്ള ശക്തി ലഭിക്കേണ്ടതിന് ഞാന്‍ പരിശുദ്ധാത്മാവിനായി ദൈവത്തെ അന്വേഷിച്ചു. ഇതേപ്പറ്റി ഇന്നു വ്യത്യസ്തമായ വീക്ഷണം നിലവിലുണ്ടെന്ന് എനിക്കറിയാം. ആരുടേയും അഭിപ്രായത്തെ മാറ്റുവാനല്ല ഞാന്‍ ശ്രമിക്കുന്നത്. വീണ്ടും ജനിച്ച് വിശ്വാസസ്‌നാനം ഏറ്റിരുന്നെങ്കിലും എന്നില്‍ നിന്ന് 'ജീവജലത്തിന്റെ ഉറവകള്‍' പുറപ്പെട്ടിരുന്നില്ല എന്നു മാത്രമാണ് ഞാന്‍ പറഞ്ഞുവന്നത്. എന്നാല്‍ തന്നില്‍ വിശ്വസിക്കുന്നവരുടെ എല്ലാം ജീവനില്‍നിന്ന് ജീവജലത്തിന്റെ ഉറവകള്‍ പുറപ്പെടും എന്നാണ് യേശുവിന്റെ വാഗ്ദാനം എന്നെനിക്കറിയാമായിരുന്നു. അവര്‍ ഒരിക്കലും വരണ്ട അവസ്ഥയില്‍ ആയിരിക്കേണ്ടതില്ല. എന്നാല്‍ പലപ്പോഴും ഞാന്‍ അങ്ങനെയായിരുന്നു. ദൈവവചനം എനിക്കറിയാമായിരുന്നെങ്കിലും ഞാന്‍ പ്രസംഗിക്കാറുണ്ടായിരുന്നെങ്കിലും ഞാന്‍ വരണ്ട അവസ്ഥയിലായിരുന്നു. കര്‍ത്താവിനുവേണ്ടിയുള്ള എന്റെ ശുശ്രൂഷകൈകൊണ്ടു പ്രവര്‍ത്തിപ്പിക്കുന്ന ഒരു പമ്പ് ഉപയോഗിച്ച് വെള്ളം എടുക്കുന്നതുപോലെയായിരുന്നു അതിന്റെ അര്‍ത്ഥം എന്താണെന്നു നിങ്ങള്‍ക്കറിയാം. കൈകൊണ്ട് പമ്പുചെയ്ത് പമ്പുചെയ്ത് വശംകെടുമ്പോള്‍ അല്‍പം വെള്ളം പുറത്തുവരും. തീര്‍ച്ചയായും അത് ഒരു നദിപോലെയുള്ള പ്രവാഹമല്ല. എന്നാല്‍ യേശുവിന്റെ വാക്കുകള്‍ വളരെ വ്യക്തമായി ഞാന്‍ കണ്ടു.''എന്നില്‍ വിശ്വസിക്കുന്നവന്റെ ഉള്ളില്‍നിന്ന് ജീവജലത്തിന്റെ നദികള്‍ ഒഴുകും.''

എനിക്ക് ആകെ പറയുവാനുള്ളത് ഇക്കാര്യത്തില്‍ ഞാന്‍ ദൈവത്തെ അന്വേഷിച്ചുവെന്നും അവിടുന്ന് എന്നെ കണ്ടുമുട്ടി എന്നുമാണ്. അത് എന്റെ ജീവിതത്തിന്റെ ദിശയെത്തന്നെ വ്യതിയാനപ്പെടുത്തി. ഞാന്‍ ഒരു പെന്തക്കോസ്തുസഭയില്‍ ചേര്‍ന്നില്ല. പെന്തക്കോസ്‌തോ കരിസ്മാറ്റിക്കോ ആയി ഞാന്‍ എന്നെത്തന്നെ കണക്കാക്കാറുമില്ല. പക്ഷേ ദൈവം എന്നെ കണ്ടുമുട്ടി തന്റെ പരിശുദ്ധാത്മാവിനാല്‍ എന്നെ നിറച്ചു.

പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ജീവിതത്തില്‍ മറ്റൊരു പ്രതിസന്ധിയെ അഭിമുഖീകരിച്ചു. യാഥാര്‍ത്ഥ്യത്തെ സംബന്ധിച്ച് ഒരു പ്രതിസന്ധിയായിരുന്ന അത്. ഞാന്‍ പ്രസംഗിക്കുന്നത് എന്റെ ആന്തരികജീവിതത്തില്‍ യാഥാര്‍ത്ഥ്യമായി പരിണമിച്ചിട്ടുണ്ടോ, ആളുകളോടു സംസാരിക്കുമ്പോള്‍ എന്നിലുള്ള ഭാരം യഥാര്‍ത്ഥത്തില്‍ എന്റെ ഹൃദയത്തില്‍ ഞാന്‍ കൊണ്ടുനടക്കുന്നതാണോ എന്നിവയായിരുന്നു ആ പ്രശ്‌നങ്ങള്‍.

ഇരുപത്തെട്ടു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ദിയോളിയില്‍ സുവിശേഷീകരണത്തെ സംബന്ധിച്ച ആദ്യത്തെ അഖിലേന്ത്യാ കോണ്‍ഗ്രസ് നടക്കുന്നത്. ഞാന്‍ അവിടെ ഒരു പ്രബന്ധം അവതരിപ്പിച്ചു. എനിക്ക് അന്ന് ചെറുപ്പമായിരുന്നു-ഏകദേശം മുപ്പതു വയസുമാത്രം. നാം ചെറുപ്പമായിരിക്കുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണെന്ന് നിങ്ങള്‍ക്കറിയാം. ഞാന്‍ എല്ലാവരിലും ഒരു അഭിപ്രായം ഉണ്ടാക്കുവാന്‍ ആഗ്രഹിച്ചു. എന്റെ പ്രബന്ധവും വളരെ മതിപ്പുണ്ടാക്കുന്ന ഒന്നായിരുന്നു. കാരണം ഞാന്‍ അത്രയേറെ അദ്ധ്വാനിച്ചാണ് അത് തയാറാക്കിയത്. പിന്നീട് ആഴമേറിയ ക്രിസ്തീയ ജീവിതത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സുകളില്‍ പ്രസംഗിക്കുവാന്‍ ഓസ്‌ട്രേലിയ, സിംഗപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം എന്ന നിലയില്‍ എന്റെ ശുശ്രൂഷ തുടര്‍ന്നു. എല്ലായിടത്തും ആളുകളില്‍ മതിപ്പുളവാക്കുകയായിരുന്നു എന്റെ ലക്ഷ്യം.

കര്‍ത്താവ് ഒരിക്കല്‍ എന്നോടു ചോദിച്ചു:''ആളുകളില്‍ മതിപ്പുളവാക്കാനാണോ, അവരെ സഹായിക്കുവാനാണോ നീ ആഗ്രഹിക്കുന്നത്?'' ഞാന്‍ പറഞ്ഞു ''കര്‍ത്താവേ ഞാന്‍ അവരെ സഹായിക്കുവാന്‍ ആഗ്രഹിക്കുന്നു''. അപ്പോള്‍ കര്‍ത്താവ് എന്നോട് പറഞ്ഞു ''എങ്കില്‍ ആളുകളില്‍ മതിപ്പുളവാക്കാനുള്ള ശ്രമം അവസാനിപ്പിക്കുക.'' അന്ന് ഞാന്‍ എന്റെ ജീവിതത്തില്‍ 'കര്‍ത്താവേ ഞാന്‍ പ്രസംഗിക്കുന്നതിനൊപ്പം എന്റെ ആന്തരിക ജീവിതം ആയിത്തീരുന്നില്ലല്ലോ' എന്നു പറയുന്ന അവസ്ഥയില്‍ എത്തിയിരുന്നു. ബാഹ്യമായി എനിക്ക് നല്ല ഒരു സാക്ഷ്യം ഉണ്ടായിരുന്നു. പക്ഷേ എന്റെ വിചാര ജീവിതവും എന്റെ മനോഭാവങ്ങളും - പണത്തോടുള്ള മനോഭാവം-ക്രിസ്തു തുല്യം അല്ലെന്നു ഞാന്‍ കണ്ടു. ഞാന്‍ വായ്‌കൊണ്ട് ക്രിസ്തുവിനെ പ്രഘോഷിക്കുന്നു. പക്ഷേ ക്രിസ്തുവിന്റെ ആത്മാവ് എന്റെ ചിന്തകളെ ഭരിക്കുന്നില്ല. ഞാന്‍ അതേപ്പറ്റി ദൈവമുമ്പാകെ സത്യസന്ധനായിരുന്നു. ദൈവത്തിങ്കലേക്കുള്ള ആദ്യത്തെ ചുവട് സത്യസന്ധനായിരിക്കുക എന്നതാണെന്നു ഞാന്‍ കരുതുന്നു. അക്കാലത്ത് ഞാന്‍ ഏറെക്കുറെ അറിയപ്പെടുന്ന ഒരാളായിരുന്നു. വ്യാപകമായ പ്രചാരമുള്ള പുസ്തകങ്ങള്‍ ഞാന്‍ എഴുതിയിരുന്നു ആഴ്ചതോറും റേഡിയോയിലൂടെ ഒരു പ്രസംഗ പരിപാടി നടത്തിയിരുന്നു. അവിടിവിടെ ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. ഒരു ദിവസം കര്‍ത്താവ് എന്നോടു ചോദിച്ചു ''നിന്നെ വളരെ ബഹുമാനിക്കുന്ന സഭയുടെ മുമ്പാകെ എഴുന്നേറ്റു നിന്ന് നിന്നില്‍ പരമാര്‍ത്ഥം ഇല്ല, അയഥാര്‍ത്ഥ്യം ഉണ്ട് എന്നു പറയുവാന്‍ തയാറാണോ?'' ഞാന്‍ പറഞ്ഞു ''ഉവ്വ് കര്‍ത്താവേ ആളുകള്‍ എന്നെക്കുറിച്ച് എന്തു പറയും എന്നത് ഞാന്‍ ശ്രദ്ധിക്കുന്നില്ല. എനിക്കുവേണ്ടി അവിടുന്ന് ഒരു കാര്യം മാത്രം ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പ്രസംഗിക്കുന്നതിനൊപ്പം എന്റെ ആന്തരിക ജീവിതം ആയിത്തീരണം''.

അതാണ് ഞാന്‍ 23 വര്‍ഷം മുമ്പ് കര്‍ത്താവിനോട് ചോദിച്ചത്. ദൈവം വീണ്ടും എന്നെ കണ്ടു മുട്ടി : തന്നെ ശുഷ്‌കാന്തിയോടെ അന്വേഷിക്കുന്നവര്‍ക്ക് പ്രതിഫലം നല്‍കുന്നവനാണ് അവിടുന്ന്. കര്‍ത്താവ് എന്നോട് പറഞ്ഞു ''ഇവിടെ കയറി വരിക''.

കഴിഞ്ഞ 22 വര്‍ഷമായി ദൈവത്തോടുള്ള കൂട്ടായ്മ എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വിലപ്പെട്ട കാര്യമാണ്. അതെന്റെ ജീവിതത്തെ വ്യത്യാസപ്പെടുത്തി. എന്റെ ജീവിതത്തില്‍ നിന്ന് നിരാശയും അധൈര്യവും അതുമുഴുവനായി എടുത്തുമാറ്റി.

ദൈവത്തോടൊപ്പം നടക്കുന്നതിന്റെ രഹസ്യം ഞാന്‍ കണ്ടെത്തി. എന്റെ ശുശ്രൂഷയെ അതു സന്തോഷഭരിതമാക്കി. അത് ഒരിക്കലും വരണ്ടതായിരിക്കുന്നില്ല.

ദൈവത്തോടൊപ്പമുള്ള നിങ്ങളുടെ വ്യക്തിപരമായ നടപ്പിനെ ആശ്രയിച്ചായിരിക്കും നിങ്ങളുടെ ശുശ്രൂഷ. മറിയയുടേയും മാര്‍ത്തയുടെയും വീട്ടില്‍ യേശുവന്ന സന്ദര്‍ഭം നിങ്ങള്‍ ഓര്‍ക്കുമല്ലോ. അവിടുന്ന് മാര്‍ത്തയോടു പറഞ്ഞു ''നീ പലതിനെച്ചൊല്ലി വിചാരപ്പെട്ടും മനം കലങ്ങിയും ഇരിക്കുന്നു.'' എന്തിനെചൊല്ലിയാണ് മാര്‍ത്ത വിചാരപ്പെട്ടത്? അവിടെ ഒരു ആവശ്യം ഉണ്ടായിരുന്നു. അവള്‍ അതു കണ്ടശേഷം നിസ്വാര്‍ത്ഥമായും ത്യാഗപരമായും കര്‍ത്താവിനെ സേവിക്കുകയായിരുന്നു. തനിക്കുവേണ്ടിയല്ല, കര്‍ത്താവിനും അവിടുത്തെ ശിഷ്യന്മാര്‍ക്കും വേണ്ടി ഭക്ഷണം ഒരുക്കാന്‍ അവള്‍ അടുക്കളയില്‍ വിയര്‍പ്പൊഴുക്കുകയായിരുന്നു! ഇതിനെക്കാള്‍ വലിയ എന്തു സേവനമാണ് അവള്‍ക്കു ചെയ്യാന്‍ കഴിയുക? തീര്‍ത്തും നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനം! ഇന്നു പല ക്രിസ്തീയ വേലക്കാരും ചെയ്യുന്നതുപോലെ പണത്തിനോ ശമ്പളത്തിനോ വേണ്ടിയായിരുന്നില്ല അവളുടെ പ്രവര്‍ത്തനം. ഇല്ല, അതു തികച്ചും നിസ്വാര്‍ത്ഥമായ സേവനമായിരുന്നു. എന്നിട്ടും കര്‍ത്താവ് അവളോടു പറഞ്ഞത് 'നീ പലതിനെ ചൊല്ലി വിചാരിപ്പെട്ടിരിക്കുന്നു' എന്നാണ്! പ്രവൃത്തി ഒന്നും ചെയ്യാതെ വെറുതെ കര്‍ത്താവിന്റെ പാദത്തില്‍ ഇരുന്ന് കേള്‍ക്കുക മാത്രം ചെയ്ത മറിയയാണു സ്വാര്‍ത്ഥമതിയെന്നാണ് അവള്‍ കരുതിയത്. എന്നാല്‍ യേശു പറഞ്ഞു ''അതാണു പ്രധാനപ്പെട്ട കാര്യം. ഒന്നുമതി.''

ലിവിങ് ബൈബിളില്‍ 1 കൊരിന്ത്യര്‍ 4:2ന്റെ പരാവര്‍ത്തനം വളരെ മനോഹരമാണ്: ''ഒരു വേലക്കാരനെ സംബന്ധിച്ച സുപ്രധാനമായ കാര്യം അവന്‍ തന്റെ യജമാനന്‍ അവനോടു ചെയ്യുവാന്‍ പറയുന്നതു മാത്രം ചെയ്യുന്നു എന്നതാണ്.'' ആ വാക്യം എന്റെ ഹൃദയത്തിന് ഏറെ സ്വസ്ഥതതന്നു. ആവശ്യങ്ങള്‍ ഒട്ടേറെയുള്ള ഈ ലോകത്തെ കാണുമ്പോള്‍ ഞാന്‍ എന്തു ചെയ്യണം? ആവശ്യങ്ങള്‍ എല്ലാം നിവൃത്തിക്കാനായി പ്രവര്‍ത്തിച്ചു തളരണമോ? എന്നെ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിക്കാന്‍ ക്രിസ്തീയഗോളത്തില്‍ ധാരാളം കൗശലക്കാരും ഉണ്ടായിരുന്നു. പക്ഷേ ഞാന്‍ കര്‍ത്താവിനോടു പറഞ്ഞു ''ഞാന്‍ അങ്ങയില്‍ നിന്നു കേള്‍പ്പാന്‍ ആഗ്രഹിക്കുന്നു.'' എന്നാല്‍ എന്നെ വിമര്‍ശിക്കാന്‍ ധാരാളം മാര്‍ത്തമാരുണ്ടായിരുന്നു. അവര്‍ പറഞ്ഞു ''ഒട്ടേറെ ആവശ്യങ്ങള്‍ ഉള്ള ലോകം പാപത്താല്‍ നശിച്ചുപോകുമ്പോള്‍ വെറുതെ കേട്ടുകൊണ്ടിരുന്നു സമയം പാഴാക്കരുത് എന്നവനോടു പറയൂ.''

തീര്‍ച്ചയായും ലോകത്തിന്റെ ആവശ്യങ്ങളെ നാം പരിഗണിക്കണം. 'കൊയ്ത്തിനു വെളുത്തിരിക്കുന്ന നിലങ്ങള്‍ തലപൊക്കി നോക്കുവീന്‍' എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ടല്ലോ. നാം ഈ ആവശ്യങ്ങള്‍ കാണുകയും മറ്റുള്ളവരെ ഈ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടുകയും വേണം. എന്നാല്‍ വിളി ദൈവത്തില്‍ നിന്നുതന്നെയാണു വരേണ്ടത് - മനുഷ്യരില്‍നിന്നല്ല. ഞാന്‍ അക്കാര്യം കണ്ടെത്തിയിട്ടുണ്ട്.

ഈ ലോകം ഒരു രക്ഷിതാവിനു വേണ്ടി നാലായിരം കൊല്ലം കാത്തുകിടന്നപ്പോള്‍ യേശു സ്വര്‍ഗ്ഗത്തില്‍ തന്നെ ഇരിക്കുകയായിരുന്നു. പിതാവിന്റെ സമയത്തിനുമുമ്പ് സ്വര്‍ഗ്ഗം വിട്ടു ഭൂമിയിലേക്കു പോകുവാന്‍ തന്നെ നിര്‍ബന്ധിക്കുവാന്‍ ആര്‍ക്കും കഴിയുമായിരുന്നില്ല. പക്ഷേ 'കാലത്തികവിങ്കല്‍' അവിടുന്നു വന്നു. ഭൂമിയില്‍ വന്നു കഴിഞ്ഞിട്ടും 30 വര്‍ഷം അവിടുന്നു ബഞ്ചുകളും സ്റ്റൂളുകളും ഉണ്ടാക്കിക്കൊണ്ടിരുന്നു. അതും ലോകം നാശത്തിലേക്കു പതിച്ചുകൊണ്ടിരുന്നപ്പോള്‍! ആവശ്യം കണ്ടുകൊണ്ടുമാത്രം അവിടുന്നു പ്രവര്‍ത്തിച്ചില്ല. എന്നാല്‍ തക്കസമയം വന്നപ്പോള്‍ 'പോകുക' എന്നു പിതാവ് ആജ്ഞാപിച്ചു. പുത്രന്‍ അനുസരിച്ചു. മൂവായിരം വര്‍ഷം മറ്റുള്ളവര്‍ക്കു ചെയ്യുവാന്‍ കഴിയാത്തതു മൂന്നര വര്‍ഷം കൊണ്ട് അവിടുന്ന് നിവര്‍ത്തിച്ചു. ഒരു സേവകനെ സംബന്ധിച്ച് പരമപ്രധാനമായ കാര്യം അതും ഇതും മറ്റതും എല്ലാം ദൈവത്തിനുവേണ്ടി ചെയ്യുവാന്‍ ഉഴറി പാഞ്ഞു നടക്കുകയല്ല. മറിച്ച് അവിടുന്ന് പറയുന്നതു ശ്രദ്ധിക്കുകയാണ്. കേള്‍ക്കുന്നതാണ് ഏറ്റവും പ്രയാസമുള്ള കാര്യം.

തിരുവചനം പഠിക്കുക, പ്രാര്‍ത്ഥിക്കുക, ഉപവസിക്കുക ഇവയൊക്കെ കൃത്യമായി ചെയ്തിരുന്ന ആളുകള്‍ ഉള്ള ഒരു സഭയിലാണ് ഞാന്‍ ചെറുപ്പത്തില്‍ പൊയ്‌ക്കൊണ്ടിരുന്നത്. അന്ന് എല്ലാ ദിവസവും രാവിലെ വേര്‍തിരിക്കപ്പെട്ട ഒരു നിശബ്ദസമയം (ഝൗശല േശോല) വചനധ്യാനത്തിനായി എടുക്കണമെന്നും ഞങ്ങള്‍ പഠിച്ചിരുന്നു. തീര്‍ച്ചയായും ഇതൊരു നല്ല സ്വഭാവമാണ്. എന്നാല്‍ ഇങ്ങനെ പ്രത്യക്ഷത്തില്‍ത്തന്നെ 'ദൈവസാന്നിധ്യത്തില്‍' ആയിരുന്നിട്ടും ആ ആളുകളെല്ലാം കയ്പും മുഷിച്ചിലും വിമര്‍ശനങ്ങളും സംശയവും ഉള്ളവരും അന്യോന്യം വിധിക്കുന്നവരും ഒന്നിച്ചു പോകാന്‍ കഴിയാത്തവരും ആയിരുന്നു. എവിടെയോ എന്തോ തകരാര്‍ ഉണ്ടായിരുന്നു. ഒരു ദൈവമനുഷ്യനോടൊത്ത് പത്തുപതിനഞ്ചു മിനിറ്റു ചെലവഴിച്ചത് ഞാന്‍ ഓര്‍ത്തു. ആ ചുരുങ്ങിയ സമയം എന്നെ പ്രചോദിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു. അങ്ങനെയെങ്കില്‍ സാക്ഷാല്‍ ദൈവത്തോടൊപ്പം പത്തുപതിനഞ്ചു മിനിറ്റ് ചെലവിട്ടാല്‍ എന്തു സംഭവിക്കും!എന്നിട്ടും ഞങ്ങളില്‍ ഒരു മാറ്റവും ഉണ്ടാകാതിരുന്നത് എന്തുകൊണ്ടാണ്? ദൈവം എന്നെ കാണിച്ചത് രാവിലത്തെ 'നിശബ്ദവേള'യില്‍ ഞാന്‍ കര്‍ത്താവിനോടൊപ്പമല്ല സമയം ചെലവഴിക്കുന്നത് എന്നാണ്. ഞാന്‍ എന്നോടൊപ്പം തന്നെയാണ് സമയം ചെലവിട്ടത്. ഞാന്‍ ആ സമയം ഒരു പുസ്തകം പഠിക്കുകയായിരുന്നു. അതു ബൈബിളാണോ രസതന്ത്രപുസ്തകമാണോ എന്നത് ഒരു വ്യത്യാസവും ഉണ്ടാക്കിയില്ല. ഞാന്‍ ദൈവത്തോടൊപ്പം സമയം ചെലവിടുകയോ അവിടുന്നു പറയുന്നതു കേള്‍ക്കുകയോ ചെയ്യുകയായിരുന്നില്ല. ഞാന്‍ കേവലം ഒരു പുസ്തകം പഠിക്കുകയായിരുന്നു!

മറിയയെ സംബന്ധിച്ച് യേശു പറഞ്ഞു ''ഒന്നുമതി'' അതു കേള്‍ക്കുകമാത്രം. അതില്‍നിന്നാണ് മറ്റെല്ലാം പുറപ്പെടുന്നത്. ദൈവത്തെ ഫലപ്രദമായി ശുശ്രൂഷിക്കുന്നതിനുള്ള മാര്‍ഗ്ഗം അതാണ്. കാരണം നിങ്ങള്‍ എന്തു ചെയ്യണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് അപ്പോള്‍ അവിടുത്തേക്കു പറയുവാന്‍ കഴിയും.

എന്തു ചെയ്യണമെന്ന് പിതാവ് യേശുവിനോടു പറയുമായിരുന്നു. ഒരിക്കല്‍ യേശു ആത്മാവിനാല്‍ നടത്തപ്പെട്ട് ഗലീലയില്‍നിന്ന് 50 മൈല്‍ അകലെയുള്ള സുറഫൊയിനിക്യയിലേക്കു പോയി. യിസ്രായേലിന്റെ അതിര്‍ത്തിക്കുപുറത്തുള്ള ആ സ്ഥലത്തേക്ക് അവിടുന്നു നടന്നാണ് പോയിരിക്കുക. അതിന് എന്തു സമയം എടുത്തു എന്നെനിക്കറിഞ്ഞുകൂടാ - ഒരു പക്ഷേ ഒരു മുഴുവന്‍ ദിവസം. അവിടെ അവിടുന്നു ഭൂതബാധിതയായ മകളുള്ള ഒരു പുറംജാതിക്കാരിയെ കണ്ടുമുട്ടി. മക്കളുടെ മേശയില്‍നിന്നു വീഴുന്ന 'അപ്പനുറുക്കുകള്‍ക്കായി' അവള്‍ യാചിച്ചപ്പോള്‍ അവിടുന്ന് ഭൂതത്തെ പുറത്താക്കി. വിലയേറിയ വിശ്വാസത്തിന് ഉത്തമോദാഹരണമായി അവളുടെ വിശ്വാസത്തെ ശിഷ്യന്മാര്‍ക്കു ചൂണ്ടിക്കാട്ടുകയും ചെയ്തു. പിന്നീട് അവിടുന്ന് ഗലീലയിലേക്കു തിരിച്ചുനടന്നു. യേശു ഇങ്ങനെയാണ് ജീവിച്ചത്. ഒരേ ഒരു ആത്മാവിനുവേണ്ടി അവിടുന്ന് ഈ വഴി മുഴുവന്‍ നടന്നു. സ്ഥിതി വിവരക്കണക്കുകളുടെ വീക്ഷണത്തില്‍ ഇതൊരു വലിയ നേട്ടമല്ല. പക്ഷേ ഇതു ദൈവഹിതമായിരുന്നു.

ഈ മട്ടിലാണു യേശു മൂന്നര വര്‍ഷവും ശുശ്രൂഷിച്ചത്. ഈ കാലഘട്ടത്തിനുശേഷം അവിടുന്നു പറഞ്ഞു ''പിതാവേ നീ എനിക്കു ചെയ് വാന്‍ തന്ന പ്രവൃത്തി തികച്ചിരിക്കുന്നു'' (യോഹ. 17:4) അവിടുന്ന് ലോകത്തിലുള്ള ആവശ്യങ്ങളെല്ലാം നിറവേറ്റിയോ? ഇന്ത്യയില്‍? ആഫ്രിക്കയില്‍? ഇല്ല. അവിടുന്ന് എല്ലായിടത്തും ആവശ്യങ്ങള്‍ക്കു പരിഹാരം കാണുകയായിരുന്നില്ല. എന്നാല്‍ പിതാവ് തനിക്കു ചെയ്യുവാന്‍ തന്ന വേലകളെല്ലാം അവിടുന്നു തികച്ചു. അതിനുശേഷം ഈ ലോകത്ത് ഒരു ദിവസംപോലും ജീവിക്കുവാന്‍ അവിടുത്തേക്ക് ആഗ്രഹമില്ലായിരുന്നു. അപ്പോസ്തലനായ പൗലോസിനും തന്റെ ജീവിതാന്ത്യത്തില്‍ 'ഞാന്‍ ഓട്ടം തികച്ചു' എന്നു പറയുവാന്‍ കഴിഞ്ഞു.

ക്രിസ്തുവിന്റെ ശരീരത്തില്‍ എനിക്ക് ഒരു വിളിയാണുള്ളത്. നിങ്ങള്‍ക്കു വ്യത്യസ്തമായ മറ്റൊരു വിളിയാണുള്ളത്. പക്ഷേ ദൈവം നമ്മേക്കുറിച്ച് എന്താഗ്രഹിക്കുന്നുവെന്ന് നാം എല്ലാവരും മനസ്സിലാക്കിയിരിക്കണം. ദൈവസ്വരത്തോട് നമ്മുടെ കാതുകള്‍ മന്ദമായിരിക്കുന്നതിനുള്ള ഒരു കാരണം നമ്മുടെ ജീവിതത്തില്‍ അയഥാര്‍ത്ഥ്യം ഉണ്ട് എന്നുള്ളതാണ്- സത്യസന്ധതയില്ലായ്മ, നാട്യങ്ങള്‍.

നാട്യങ്ങളുടെ ഒരു ജീവിതമാണ് നയിച്ചിരുന്നത് എന്നുള്ളതുകൊണ്ട് പരീശന്മാര്‍ക്ക് യേശു എന്താണ് പറയുന്നതെന്നു ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. തങ്ങള്‍ ദൈവമനുഷ്യരാണെന്ന ധാരണ അവര്‍ മറ്റുള്ളവര്‍ക്കു കൊടുത്തു. അക്കാലത്തെ നേതാക്കന്മാരും പണ്ഡിതന്മാരുമെന്ന നിലയില്‍ ആളുകളുടെ മുന്‍പന്തിയില്‍ അവര്‍ നിന്നു. അവര്‍ യേശുവിനെ പരിചയപ്പെടുന്നതിന് നാലോ അഞ്ചോ വര്‍ഷം മുമ്പു നിങ്ങള്‍ ചോദിക്കുകയാണ് 'പത്രോസേ, യോഹന്നാനേ നിങ്ങള്‍ക്കിയാവുന്ന ഒരു ദൈവപുരുഷന്റെ പേരു പറയാമോ? പ്രാദേശിക യഹൂദപള്ളിയിലെ മൂപ്പനായ ഏതെങ്കിലും പരീശന്റെ പേരായിരിക്കും നിശ്ചയമായും അവര്‍ പറയുക. കാരണം അതാണ് അവരുടെ ധാരണ - തിരുവെഴുത്തുകള്‍ പഠിക്കുന്നവര്‍, ഉപവസിക്കുന്നവര്‍, പ്രാര്‍ത്ഥിക്കുന്നവര്‍, തിരുവെഴുത്തിലെ വാക്യങ്ങള്‍ അടക്കം ചെയ്ത നെറ്റിപ്പട്ടം ധരിക്കുന്നവര്‍ ഇവരാണ് ദൈവജനം. ഇതായിരുന്നിരിക്കാം അവരുടെ ചിന്താഗതി. എന്നാല്‍ യേശു ഇവരെ കപടഭക്തരെന്നും നരകയോഗ്യരെന്നും കഠിനമായി ഭര്‍ത്സിച്ചപ്പോള്‍ എന്തൊരു ഞെട്ടലായിരിക്കും ശിഷ്യന്മാര്‍ക്കുണ്ടായത് എന്നു സങ്കല്‍പ്പിക്കാവുന്നതേയുള്ളൂ.

യേശു തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുത്തപ്പോള്‍ ഏതെങ്കിലും ബൈബിള്‍സ്‌കൂളില്‍ നിന്ന് ഒരാളെപ്പോലും തിരഞ്ഞെടുത്തില്ല. ഉവ്വ്, അക്കാലത്ത് യെരുശലേമില്‍ ഗമാലിയേല്‍ ഒരു ബൈബിള്‍ സ്‌കൂള്‍ നടത്തിയിരുന്നു. പക്ഷേ തന്റെ ശിഷ്യന്മാരെ തിരഞ്ഞെടുക്കാന്‍ വേണ്ടി യേശു അവിടേക്കു പോയില്ല. അവിടുന്ന് ഗലീലക്കടല്‍ തീരത്തു നിന്ന് വിദ്യാവിഹീനരായ ചിലരെ തിരഞ്ഞെടുത്തു തന്റെ അപ്പൊസ്തലന്മാരാക്കി. അവര്‍ എഴുതിയ പുസ്തകങ്ങള്‍ ബൈബിള്‍ സെമിനാരികള്‍ ഇപ്പോള്‍ ആളുകള്‍ക്കു നല്‍കുന്നത് അവ പഠിച്ച് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് എടുക്കുന്നതിനാണ്!! ഇത് അത്ഭുതകരമല്ലേ? നമ്മുടെ ഏതെങ്കിലും ഒരു സെമിനാരിയില്‍ നിന്ന് ഒരു ബിരുദം നേടാന്‍ പോലും പത്രോസിനു കഴിയുമായിരുന്നുവെന്നു ഞാന്‍ ചിന്തിക്കുന്നില്ല. ഒരു പക്ഷേ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരാള്‍ക്കു മാത്രമേ ഒരു ബിരുദം നേടുവാന്‍ കഴിയുമായിരുന്നുള്ളു. അക്കൂട്ടത്തില്‍ മിടുക്കനും ബുദ്ധിമാനുമായിരുന്ന ഇസ്‌കരിയോത്ത യൂദായ്ക്കുമാത്രം.

എന്തുകൊണ്ടാണ് യേശു അത്തരം ആളുകളെ തിരഞ്ഞെടുക്കുന്നത്? അവര്‍ ലളിതഹൃദയരും കര്‍ത്താവിനെ കേള്‍ക്കുവാന്‍ മനസ്സുള്ളവരും ആയിരുന്നു. ഈ ശുദ്ധാത്മാക്കള്‍ ഏതെങ്കിലും പള്ളിയില്‍ ചെന്നു പ്രസംഗിച്ചപ്പോള്‍ അവിടെ ഉണ്ടായ കലക്കം എത്ര വലുതായിരുന്നു! അവിടെ സാധാരണ കേള്‍ക്കുന്ന പതിവു പ്രസംഗമല്ല അവര്‍ നടത്തിയത്. അവര്‍ പ്രവാചകന്മാരായിരുന്നു. ആളുകള്‍ക്കൊരിക്കലും പ്രവാചകന്മാരെ ഇഷ്ടമായിരുന്നില്ല. സ്‌തെഫാനോസ് ചോദിച്ചതുപോലെ, യിസ്രായേലിന്റെ 1500 വര്‍ഷത്തെ ചരിത്രത്തില്‍ പ്രവാചകന്മാരില്‍ ഏവരെയാണ് അവര്‍ ഉപദ്രവിക്കാതിരുന്നിട്ടുള്ളത്?.

ഈ പ്രവാചകന്മാരൊന്നും നയതന്ത്രജ്ഞരായ പ്രസംഗകരായിരുന്നില്ല. അവര്‍ പ്രവാചകന്മാരായിരുന്നു. ഇക്കാലത്തു നമ്മുടെ രാജ്യത്തു ചില പ്രവാചകന്മാരുണ്ടായിരുന്നെങ്കില്‍ ദൈവം എന്താണ് സംസാരിക്കുന്നതെന്നു നമുക്കു കേള്‍ക്കുവാന്‍ കഴിയുമായിരുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. മനുഷ്യദൃഷ്ടിയില്‍ വലുതും വിലയേറിയതുമായതു ദൈവം ഗണ്യമാക്കുന്നില്ല.

ഇതുപോലെയുള്ള മീറ്റിംഗുകള്‍ക്കു ഞാന്‍ എതിരല്ല. എന്നാല്‍ ഇത്തരം കോണ്‍ഫ്രന്‍സുകള്‍ക്കു പോകുന്നത് 20 വര്‍ഷത്തിനു മുമ്പുതന്നെ ഞാന്‍ അവസാനിപ്പിച്ചു. ഇപ്പോള്‍ ഇത്തരം ക്ഷണങ്ങളെ ഞാന്‍ നിരസിക്കാറാണ് പതിവ്.

ഈ മീറ്റിംഗുകള്‍ നിങ്ങളെ പ്രശസ്തനാക്കും. മാധ്യമങ്ങളിലൂടെയും നിങ്ങള്‍ക്കു പ്രസിദ്ധി ലഭിക്കും. എന്നാല്‍ നമ്മുടെ രാജ്യത്തെ ഗ്രാമങ്ങളിലൂടെ - ഇപ്പോള്‍ എന്റെ ശുശ്രൂഷകള്‍ ഏറിയ കൂറും അവിടെയാണ് - സഞ്ചരിച്ചിട്ടുള്ളപ്പോള്‍ ഞാന്‍ കണ്ടെത്തിയിട്ടുള്ള ഒരു വസ്തുതയുണ്ട്. അതിതാണ്: യഥാര്‍ത്ഥ വേല ചെയ്യുന്നവര്‍ ഈ മട്ടിലുള്ള കോണ്‍ഫ്രന്‍സുകളിലുണ്ടാവുകയില്ല. ഗ്രാമങ്ങളില്‍ അവര്‍ ആരാലും അറിയപ്പെടാതെ കഴിയുന്നു. അവര്‍ക്ക് ഇംഗ്ലീഷു പറയാന്‍ കഴിവില്ല. ഒരു പ്രബന്ധം അവതരിപ്പിക്കുക എന്നത് എന്താണെന്ന് അവര്‍ക്ക് അത്രയുംപോലും അറിയില്ല. പക്ഷേ അവര്‍ ആത്മനിറവുള്ളവരാണ്. കര്‍ത്താവിനെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ പുറത്തുപോയി, നഷ്ടപ്പെട്ട ആതമാക്കളെ കൂട്ടിക്കൊണ്ടുവരുന്നു. അത്തരം ആളുകള്‍ക്കായി ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.

മറ്റുള്ളവരോ? അവര്‍ സുവിശേഷ പ്രവര്‍ത്തനങ്ങളുടെ സംഘാടകരാണ്. സുവിശേഷീകരണത്തിനുള്ള സംഘടനകളുടെ നേതാക്കളെന്ന നിലയില്‍ അവര്‍ക്കു ബഹുമാനവും ലഭിക്കുന്നു. എന്നാല്‍ യേശുക്രിസ്തു മടങ്ങിവരുമ്പോള്‍ മുമ്പന്മാര്‍ പലരും പിമ്പന്മാരാകും. അതുകൊണ്ട് താഴ്മയില്‍ ഇരിക്കുന്നതാണ് നമുക്ക് നന്ന്. നമ്മെക്കുറിച്ചു തന്നെ എളിയ ചിന്തകളിലായിരിക്കുന്നതും നന്നായിരിക്കും. നമ്മുടെ ബിരുദങ്ങളും സ്ഥാനങ്ങളും കണ്ട് ആളുകള്‍ നമ്മെ ബഹുമാനിക്കുന്നു. എന്നാല്‍ ദൈവത്തിന്റെ കണ്ണില്‍ നാം അത്രയും ശ്രേഷ്ഠരായിരിക്കണമെന്നില്ല. ഇവയെല്ലാം ജനങ്ങളില്‍ ഒരു മതിപ്പുണ്ടാക്കിയേക്കാം. പക്ഷേ ദൈവത്തിന് ഇതില്‍ മതിപ്പില്ല. സത്യത്തില്‍ ഇവകൊണ്ടു പിശിചിലും മതിപ്പുണ്ടാക്കാന്‍ കഴിയുകയില്ല. പിശാച് പേടിക്കുന്നത് വിശുദ്ധനായ മനുഷ്യനെയാണ്- വ്യാജമില്ലാത്ത മനുഷ്യന്‍, അകവും പുറവും ഒരുപോലെ ഇരിക്കുന്നവന്‍, താന്‍ പ്രവര്‍ത്തികമാക്കാത്തതൊന്നും പ്രസംഗിക്കാത്തവന്‍.

ആളുകള്‍ എന്നോട് ചോദിക്കാറുണ്ട് ''ബ്രദര്‍ സാക്, വടക്കേ ഇന്ത്യയിലേക്കു പോകാന്‍ താങ്കള്‍ ആളുകളെ ഉത്സാഹിപ്പിക്കാത്തതെന്താണ്?'' എന്റെ മറുപടി: ''ആദ്യം സ്വയം ചെയ്ത കാര്യങ്ങള്‍ മാത്രമേ യേശു മറ്റുള്ളവരെ ഉപദേശിച്ചുള്ളൂ'' (അപ്പോ. പ്രവൃ. 1:1) ഞാന്‍ വടക്കേ ഇന്ത്യയില്‍ ജീവിച്ചിട്ടില്ല. അതുകൊണ്ട് മറ്റുള്ളവരോട് അങ്ങനെ ചെയ്യണമെന്നു പറയാന്‍ എനിക്കു കഴിയില്ല. അങ്ങനെ ചെയ്യരുതെന്നല്ല ഞാന്‍ പറയുന്നത്. ഞാന്‍ ചെയ്യാത്ത കാര്യങ്ങളൊന്നും ഉപദേശിക്കാന്‍ എനിക്കു കഴിയില്ലെന്നു മാത്രമാണ്.

എന്നാല്‍ ക്രിസ്തുവിന്റെ മുഴുശരീരവും ഞാനല്ല. ക്രിസ്തുവിന്റെ ശരീരത്തിലെ വേണ്ടത്ര സമതുലിത (യമഹമിരല) ഇല്ലാത്ത ഒരംഗം മാത്രമാണ് ഞാന്‍. എന്നും ഞാന്‍ സന്തുലിതമായ കാഴ്ചപ്പാടില്ലാത്ത ഒരുവനുമായിരിക്കും. ഈ ഭൂമിയുടെ പരപ്പിലൂടെ നടന്നുപോയിട്ടുള്ളവരില്‍ പൂര്‍ണമായ സമതുലനം ഉണ്ടായിരുന്ന ഒരേ ഒരുവന്‍ യേശുക്രിസ്തു മാത്രമാണ്. നിങ്ങള്‍ക്കു സന്തുലനം ഇല്ല. എനിക്കും അങ്ങനെ തന്നെ. നാം കേവലം ഒരു ഭാഗമാണെന്നതില്‍ കവിഞ്ഞൊന്നും നമുക്ക് ചിന്തിക്കാതിരിക്കാം. ഓരോ ഭാഗവും ആവശ്യമുള്ളതാണ്. സുവിശേഷകന്‍, ഉപദേശകന്‍, ഇടയന്‍, പ്രവാചകന്‍, അപ്പൊസ്തലന്‍ എന്നിവരെല്ലാം ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ പണിക്കും ആളുകളെ ശരീരത്തിന്റെ ഭാഗമാക്കുന്ന പ്രക്രിയയ്ക്കും അത്യാവശ്യമാണ്.

സ്വയത്തിന്റെ മരണത്തിലൂടെയുള്ള ശുശ്രൂഷ

നമ്മുടെ വിളി എന്താണ്? ക്രിസ്തുവിന്റെ ശരീരത്തിന്റെ അംഗമല്ലാത്ത ഒരുവനെ അതിന്റെ അംഗമാക്കുന്നതിനുവേണ്ടിയാണ് നമ്മെ വിളിച്ചിരിക്കുന്നത്. അടിസ്ഥാനപരമായി അതല്ലേ നമ്മുടെ വിളി? ഇക്കാര്യത്തില്‍ നാം എല്ലാവരും യോജിക്കുമെന്നു ഞാന്‍ ചിന്തിക്കുന്നു.

പരിശുദ്ധാത്മാവ് 'ശരീരം' എന്ന പദം ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഭൗതിക ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഞാന്‍ ഒരു ഉദാഹരണം നല്‍കട്ടെ. ഇവിടെ ഒരു പാത്രത്തില്‍ ഒരു ഉരുളക്കിഴങ്ങ് (അവിശ്വാസിയുടെ പ്രതീകം) ഇരിക്കുന്നു. ഇത് എങ്ങനെയാണ് എന്റെ ശരീരത്തിന്റെ ഭാഗമായി മാറുന്നത്? ഇതിന്റെ ആദ്യപടി സുവിശേഷീകരണമാണ്. അതായത് കൈ നീണ്ടുചെന്ന് പാത്രത്തില്‍ നിന്ന് ആ ഉരുളക്കിഴങ്ങ് എടുക്കുക.

ആദ്യത്തെ ശുശ്രൂഷ എപ്പോഴും സുവിശേഷീകരണം തന്നെയാണ്. അതുകൊണ്ടാണ് സുവിശേഷീകരണത്തെ ഞാനൊരിക്കലും വില കുറച്ചു കാണാത്തത്. ഞാനതിനെ വിലയേറിയതായിത്തന്നെ കാണുന്നു. പ്രത്യേകിച്ച് വടക്കേ ഇന്ത്യയിലെ ചൂടിലും പൊടിയിലും പ്രവര്‍ത്തിക്കുന്നവരുടെ ശുശ്രൂഷയെ. അവരുടെ മാസികകള്‍ - അവയില്‍ പലതും എനിക്കു വീട്ടില്‍ കിട്ടാറുണ്ട് - ഞാന്‍ താല്‍പര്യത്തോടെയാണ് വായിക്കുന്നത്. അവിടെ അദ്ധ്വാനിക്കുന്ന എന്റെ ഈ പ്രിയ സഹോദരന്മാരുടെ ശുശ്രൂഷയെക്കുറിച്ച് മനസ്സിലാക്കുന്നു. അവരില്‍ ചിലരെ എങ്കിലും അവിടെപോയി കാണുകയും ചെയ്യുന്നു.

ഇവിടെ എന്റെ കയ്യാണു പാത്രത്തില്‍ നിന്ന ഉരുളക്കിഴങ്ങ് എടുക്കുന്നത്. സുവിശേഷകന്‍ (എന്റെ കയ്യ്) പുറത്തു പോയി സുവിശേഷീകരണം (ഉരുളക്കിഴങ്ങ് എടുത്ത് എന്റെ വായില്‍ വയ്ക്കുക) നടത്തിയില്ലെങ്കില്‍ അതൊരിക്കലും എന്റെ ശരീരത്തിന്റെ ഭാഗമായി മാറുകയില്ല.

പക്ഷേ അവിടംകൊണ്ട് എല്ലാം അവസാനിച്ചോ? ഞാന്‍ ആ ഉരുളക്കിഴങ്ങ് വായില്‍തന്നെ സൂക്ഷിച്ചാല്‍ അതെന്റെ ശരീരത്തിന്റെ ഭാഗമായി മാറുമോ? ഇല്ല. അത് അസാധ്യമാണ്. കുറേനേരം കഴിഞ്ഞാല്‍ അതെന്റെ വായിലിരുന്ന് ചീഞ്ഞുപോകുകയും ഞാന്‍ പുറത്തേക്കു തുപ്പിക്കളയുകയും ചെയ്യും. ചില വിശ്വാസികള്‍ ഇങ്ങനെയാണ് ചില സഭകളിലിരുന്ന് ചീഞ്ഞുപോകുന്നത്! അവരെ എടുത്തു വായില്‍ സൂക്ഷിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ!

പക്ഷേ ആ ഉരുളക്കിഴങ്ങിനു മറ്റു ചിലതുകൂടി സംഭവിക്കേണ്ടതുണ്ട്. എന്റെ പല്ലുകള്‍കൊണ്ട് അവയെ ചവച്ചുപൊടിക്കേണ്ടിയിരിക്കുന്നു. ഉരുളക്കിഴങ്ങ് അപ്പോള്‍ വിചാരിക്കുന്നത് എല്ലാം കഴിഞ്ഞു എന്നാണ്! പക്ഷേ എല്ലാം കഴിഞ്ഞിട്ടില്ല. ഉരുളക്കിഴങ്ങ് തുടര്‍ന്ന് എന്റെ ആമാശയത്തിലേക്കാണു പോകുന്നത്. അവിടെ അതാ ധാരാളം ദഹനരസങ്ങള്‍ കരുണയില്ലാതെ അതിന്റെ മേല്‍ വര്‍ഷിക്കപ്പെടുന്നു. സഭയിലെ പ്രവാചകശുശ്രൂഷയുടെ ചിത്രമാണിത്. തീക്ഷ്ണമായ രസങ്ങള്‍ വര്‍ഷിക്കപ്പെടുന്നത് ഒട്ടും സുഖകരമല്ലെന്നു നിങ്ങള്‍ക്കറിയാം. പാത്രത്തില്‍നിന്നും മൃദുവായി എടുക്കപ്പെടുന്ന ശുശ്രൂഷ നല്ലതായിരുന്നു. എന്നാല്‍ ശക്തിയേറിയ ദഹനരസങ്ങളുടെ രാസ പ്രവര്‍ത്തനത്തിനു വിധേയമാകുന്നത് അത്ര സുഖകരമല്ല. ഉരുളക്കിഴങ്ങ് ഇപ്പോള്‍ പൂര്‍ണമായി തകര്‍ന്നുപൊടിഞ്ഞിരിക്കുന്നു. കാഴ്ചയില്‍ ഇനി ഒരിക്കലും അതൊരു ഉരുളക്കിഴങ്ങായിരിക്കുകയില്ല. പക്ഷേ ചില ആഴ്ചകള്‍ക്കുള്ളില്‍, കണ്ടാലും, അതു രക്തവും മാംസവും അസ്ഥിയുമായി മാറിക്കഴിഞ്ഞു. എന്റെ ശരീരത്തിന്റെ തന്നെ ഒരു ഭാഗമായിക്കഴിഞ്ഞു.

ഈ പ്രക്രിയയില്‍ ആരുടെ ജോലിയാണ് കൂടുതല്‍ പ്രധാനം? നമുക്കു ലഭിച്ചിട്ടില്ലാത്ത ഏതു ശുശ്രൂഷയാണ് നമ്മിലാര്‍ക്കെങ്കിലും ഉള്ളത്? നാമെല്ലാം സമതുലനം ഇല്ലാത്തവരാണെന്ന്, വിനയമുള്ളവരാണെങ്കില്‍, നമുക്കു സമ്മതിക്കാതെ തരമില്ല. വയറിനെക്കാള്‍ പ്രാധാന്യം കൈകള്‍ക്കില്ല. അവ അന്യോന്യം പൂരകങ്ങളാണ്. നിര്‍ഭാഗ്യവശാല്‍ ക്രിസ്തീയഗോളത്തില്‍ അംഗങ്ങള്‍ തമ്മില്‍ ഇത്തരം നിരന്തരമായ മത്സരം തുടരുന്നു. കൈ അതിന്റേതായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുന്നു. വയര്‍ മറ്റൊരു സാമ്രാജ്യം ഉണ്ടാക്കുന്നു. വായ് വേറൊന്ന്! ഫലം: കെട്ടിപ്പടുക്കുന്നത് ശരീരമല്ല. പകരം 'ശരീരാവയവങ്ങളുടെ പരീക്ഷണശാലയാണ്' - ഒരു വായ് ഇവിടെ. ഒരു വയര്‍ അവിടെ. ഒരു കൈ ഇവിടെ. ഒരു കാല്‍ അവിടെ. അതൊരു ശരീരമല്ല!

നമുക്ക് ഏറ്റവും അത്യാവശ്യം എന്താണ്? ഉവ്വ്, നമുക്ക് നിര്‍ദ്ദേശങ്ങള്‍ ആവശ്യമാണ്. എന്നാല്‍ മറ്റെല്ലാറ്റിനെക്കാളുമേറെ നമുക്കാവശ്യം താഴ്മയാണ്. നാമെല്ലാം - ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയിലെ എല്ലാ അംഗങ്ങളും - തുല്യമായ പ്രാധാന്യം ഉള്ളവരാണെന്ന് അംഗീകരിക്കേണ്ട ആവശ്യം ഉണ്ട്. ശരിയായി ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെങ്കിലും പുറത്തുപോയി ക്രിസ്തുവിനുവേണ്ടി ആത്മാക്കളെ നേടുന്ന പാവപ്പെട്ട സഹോദരനെക്കാള്‍ വിലയേറിയവനല്ല സുവിശേഷസംഘടനയുടെ 'മഹാനായ' നേതാവ്. എല്ലാവരും ഒരേ ശരീരത്തിന്റെ ഭാഗങ്ങളാണ്.

''ഇവിടെ കയറിവരിക'' കര്‍ത്താവു പറയുന്നു. ''ഇവിടെ നിന്ന് എന്റെ വീക്ഷണ കോണിലൂടെ കാര്യങ്ങളെ നോക്കുക''. ലൗകികമായ കാഴ്ചപ്പാടില്‍ നിന്നു മാറി ദൈവിക വീക്ഷണത്തിലൂടെ കാര്യങ്ങളെ വിലയിരിത്തുമ്പോള്‍ എല്ലാം വളരെ വ്യത്യസ്തമായി തോന്നും.

എന്തുകൊണ്ടാണ് പല ക്രിസ്തീയ പ്രവര്‍ത്തകര്‍ക്കും തങ്ങളെക്കുറിച്ചുതന്നെ വലിയ മതിപ്പുള്ളത്? സത്യസന്ധമായി പറയുക. നിങ്ങള്‍ തനിയേ ഇരിക്കുമ്പോള്‍ നിങ്ങളെക്കുറിച്ചു മനസ്സില്‍ വരുന്ന ചിന്തകള്‍ എന്തെല്ലാമാണ്? നിങ്ങള്‍ സ്വയം ഒന്നുമില്ലെന്നു സമ്മതിക്കുന്ന താഴ്മയുടെ ചിന്തകളാണോ അവ?

രാത്രികളില്‍ തനിയെ ഇരുന്ന് ആകാശത്തേക്കു നോക്കി അത്ഭുതപ്പെടുന്ന സമയങ്ങള്‍ എനിക്കുണ്ട്. കോടിക്കണക്കിനു നക്ഷത്രങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ടെന്നും ഈ ഭൂമി അതില്‍ ഒരു പുള്ളിക്കുത്തുമാത്രമാണെന്നും എനിക്കറിയാം. ഞാന്‍ പറയാറുണ്ട്. ''ദൈവമേ നീ എത്ര വലിയവന്‍. ഈ പ്രപഞ്ചവും എത്ര വിശാലം! ഭൂമിയെന്നു വിളിക്കുന്ന ഈ ചെറിയ തരിയിലെ വളരെ ചെറിയ ഒരു പൊടി മാത്രമാണു ഞാന്‍. ഇവിടെ ഞാന്‍ അങ്ങയെ പ്രതിനിധാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുകയും വലിയ കാര്യങ്ങള്‍ പ്രസംഗിക്കുകയും ചെയ്യുന്നു. എന്നെക്കുറിച്ചുതന്നെ സുബോധമുള്ള ഒരു വിലയിരുത്തല്‍ ഉണ്ടാകുവാന്‍ എന്നെ സഹായിക്കേണമേ''. നിങ്ങളും ഇപ്രകാരം ദൈവത്തോടു പറയുന്നത് നല്ലതാണെന്നു ഞാന്‍ പറയട്ടെ.

ദൈവം താഴ്മയുള്ളവര്‍ക്കു കൃപ കൊടുക്കുന്നു. അറിവ് ആര്‍ക്കും ഉണ്ടാകും. എന്നാല്‍ കൃപ താഴ്മയുള്ളവര്‍ക്കേ ലഭിക്കൂ. അറിവിനേക്കാള്‍ കൃപ എത്രയോ മടങ്ങാണ് നമുക്കുവേണ്ടത്!

ഹിന്ദു, മുസ്ലീം പശ്ചാത്തലങ്ങളില്‍ നിന്നും കര്‍ത്താവിലേക്കു വരുന്നവരും വിശ്വാസത്തിന്റെ പേരില്‍ വീട്ടുകാരാല്‍ പീഡിക്കപ്പെടുന്നവരുമായ യുവാക്കളെക്കുറിച്ചു ഞാന്‍ ചിന്തിക്കാറുണ്ട്. അത്തരം ഒരാള്‍ നമ്മുടെ സഭകളില്‍ വന്നാല്‍ അവന്‍ എന്താണ് കാണുന്നത്? യേശുക്രിസ്തുവിന്റെ ആത്മാവ് അവന് അവിടെ ദര്‍ശിക്കുവാന്‍ സാധിക്കുമോ? നമുക്കു ചുറ്റുള്ളമുള്ളവര്‍ക്ക് ക്രിസ്തീയതയെക്കുറിച്ച് തെറ്റായ ധാരണയല്ലേ നാം കൊടുക്കാറുള്ളത്?

ഹൈന്ദവനായ എന്റെ ഒരു അയല്‍ക്കാരന്‍ ഒരു ദിവസം എന്നോടു പറഞ്ഞു. ''മിസ്റ്റര്‍ പുന്നന്‍, കഴിഞ്ഞ ദിവസം താങ്കളുടെ തിരുമേനിയെ ഞാന്‍ ടെലിവിഷനില്‍ കണ്ടു.'' അതെന്റെ തിരുമേനിയല്ലെന്നു ഞാന്‍ പറഞ്ഞത് കേട്ടപ്പോള്‍ അദ്ദേഹത്തിന് ആശ്വാസമായി. കാരണം അദ്ദേഹം ക്രിസ്തുവിനെ ബഹുമാനിക്കുന്ന ആളാണ്. ആളുകളെ സിംഹാസനങ്ങളില്‍ എഴുന്നള്ളിക്കുന്നതിലല്ല മറിച്ച്, യേശുവിനെ ദാസനെന്നു വിവരിക്കുന്ന സുവിശേഷത്തില്‍ അധിഷ്ഠിതമാണ് എന്റെ ക്രിസ്തീയതയെന്നു കേള്‍ക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തെ സമാശ്വാസിപ്പിച്ചു.

എല്ലാ ഫലപ്രദമായ ശുശ്രൂഷയുടെയും - അതു സുവിശേഷീകരണമായാലും മറ്റെന്തായാലും - ആദ്യനിയമം എബ്രായര്‍ 2:17 ല്‍ നാം കാണുന്നു: ''യേശു സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശ്യനായിത്തീര്‍ന്നു''. എന്നാണ് അവിടെ വായിക്കുന്നത്. അക്കാര്യം ധ്യാനിപ്പാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവിടുന്ന് തന്റെ സഹോദരന്മാര്‍ക്കു തുല്യനായി - സകലത്തിലും.

എനിക്ക് എങ്ങനെയാണ് മറ്റുള്ളവരെ സേവിക്കാന്‍ കഴിയുന്നത്? സകലത്തിലും അവരെപ്പോലെ ആയിത്തീര്‍ന്നാലേ അതു സാധിക്കുകയുള്ളൂ. ഞാന്‍ അവരുടെ തലത്തിലേക്ക് ഇറങ്ങിച്ചെല്ലേണ്ടിയിരിക്കുന്നു.

നിലത്ത് ഇഴയുന്ന കൊച്ചുറുമ്പിനോട് സംവദിക്കാന്‍ എനിക്കു കഴിയാത്തത് എന്തുകൊണ്ടാണ്? കാരണം ഞാന്‍ വളരെ വലുതാണ്. ഞാന്‍ മനുഷ്യാകാരത്തില്‍ തന്നെ അതിന്റെ അടുത്തു ചെന്നാല്‍ അതു ഭയന്നുപോകും. ഒന്നാമത് ഉറുമ്പിനെപ്പോലെ ആയിത്തീരുക എന്നതാണ് അതുമായി സംവദിക്കാനുള്ള ഏകവഴി. ദൈവത്തിനു നമ്മളുമായി ബന്ധം പുലര്‍ത്തുവാനുള്ള ഒരേ ഒരു മാര്‍ഗ്ഗം നമ്മെപ്പോലെ ആയിത്തീരുക എന്നതായിരുന്നു. നമുക്കെല്ലാം അതു മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ മറ്റുള്ളവരെ സേവിക്കണമെങ്കില്‍ അതു സഭയിലായാലും പുറത്തായാലും ആദ്യ നിയമം എല്ലാറ്റിലും അവരെപ്പോലെ ആയിത്തീരുക എന്നതാണെന്ന കാര്യം മറന്നുപോകരുത്. യെഹെസ്‌കേല്‍ പറഞ്ഞതുപോലെ അവര്‍ 'ഇരിക്കുന്ന ഇടത്തുതന്നെ ഇരിക്കുക.' (യെഹ.3:15)

അതിന്റെ അര്‍ത്ഥം നാം നമ്മെത്തന്നെ മറ്റുള്ളവര്‍ക്കു മീതെ ഉയര്‍ത്തരുതെന്നാണ്. അതുകൊണ്ടാണ് ഗുരുവെന്നോ പിതാവെന്നോ ഉള്ളപേര് എടുക്കരുതെന്ന് യേശു ശിഷ്യന്മാരോടു പറഞ്ഞത്. കാരണം അത്തരം ഒരു പദവി നിങ്ങള്‍ ശുശ്രൂഷിക്കുന്ന ആളുകളുടെ മീതെ നിങ്ങളെ ഉയര്‍ത്തും. അവരെപ്പോലെ ആകുന്നതിനു പകരം നിങ്ങളുടെ വലിപ്പംകൊണ്ട് അവരെ ഭയപ്പെടുത്തുകയാണ് നിങ്ങള്‍ ചെയ്യുന്നത്.

ഇത്തരം മുന്നറിയിപ്പുകളുണ്ടായിട്ടും ക്രിസ്തീയഗോളത്തില്‍ ഈ മട്ടിലുള്ള പേരുകള്‍ എടുത്തിട്ടുള്ള ധാരാളം പേര്‍ ഇന്നുണ്ട്.

ലോകത്തിന്റെ രീതികള്‍ ഉപയോഗിച്ച് ദൈവത്തെ സേവിക്കാന്‍ കഴിയുമെന്നാണു നമ്മള്‍ കരുതുന്നത്. പക്ഷേ അതു വാസ്തവമല്ല.

ഫെലിസ്ത്യര്‍ ഒരിക്കല്‍ ദൈവത്തിന്റെ പെട്ടകം പിടിച്ച കാര്യം നമ്മള്‍ പഴയനിയമത്തില്‍ കാണുന്നു. പക്ഷേ അവര്‍ക്ക് അതുമൂലം പ്രശ്‌നമുണ്ടായപ്പോള്‍ കാളവണ്ടിയില്‍ പെട്ടകം കയറ്റി യിസ്രായലിലേക്കു തിരിച്ചയച്ചു. വര്‍ഷങ്ങള്‍ക്കു ശേഷം ദാവീദിന് ആ പെട്ടകം കൊണ്ടുപോകേണ്ടിവന്നപ്പോള്‍ അദ്ദേഹം ചിന്തിച്ചു. ''ഹാ! അതൊരു നല്ല ആശയമാണ്. ന്യായപ്രമാണത്തില്‍ പറയുന്നതു പോലെ ലേവ്യര്‍ പെട്ടകം തോളില്‍ ചുമക്കുന്നത് ചെറിയ ദൂരത്തേക്കാണെങ്കില്‍ നല്ല രീതിയാണ്. പക്ഷേ കൂടുതല്‍ ദൂരം കൊണ്ടുപോകണമെങ്കില്‍ ഫെലിസ്ത്യരുടെ സമ്പ്രദായംതന്നെയാണ് തീര്‍ച്ചയായും ഉത്തമം.'' അതുകൊണ്ട് ദാവീദും പെട്ടകം കാളവണ്ടിയില്‍ കയറ്റിക്കൊണ്ടുപോകാന്‍ ശ്രമിച്ചു. എന്താണ് സംഭവിച്ചതെന്നു നിങ്ങള്‍ക്കറിയാം. കാള വിരണ്ടു. പെട്ടകം വീഴാതെ പിടിക്കാന്‍വേണ്ടി ഉസ്സാ കൈ നീട്ടി. അവന്‍ ലേവ്യനല്ലാതിരുന്നതിനാല്‍ ദൈവം ക്രോധപൂര്‍വം അവനെ അവിടെവച്ചുതന്നെ ഛേദിച്ചുകളഞ്ഞു. തന്റെ രീതികളെ ദൈവം മാറ്റുന്നില്ല. ദാവീദ് അസ്വസ്ഥനായി. പക്ഷേ എല്ലാം എവിടെയാണ് ആരംഭിച്ചത് ദാവീദ് ഫെലിസ്ത്യരെ അനുകരിക്കാന്‍ തുടങ്ങിയപ്പോഴാണ് അതു സംഭവിച്ചത്. മരണം അവിടേക്കു കടന്നുവന്നു.

നമ്മള്‍ ലോകത്തിന്റെ വഴികളെ അനുകരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവിടെ മരണം കടന്നുവരും. ബിസിനസ് സ്ഥാപനങ്ങള്‍ നടത്തുന്ന രീതിയില്‍ ക്രിസ്തീയ സഭകള്‍ നടത്തുവാന്‍ തുടങ്ങുമ്പോള്‍, ക്രിസ്തീയ പ്രവര്‍ത്തനത്തില്‍ പണം ഒന്നാമത്തെ ഘടകമായി മാറുമ്പോള്‍.....

പണം വരുന്നത് ഒരു ദിവസം പൊടുന്നനെ ഇല്ലാതായാല്‍ നാം നടത്തുന്ന സഭയോ സംഘടനയോ നിലനില്‍ക്കുമോ അതോ എല്ലാം ഒന്നായി തകര്‍ന്നുവീഴുമോ എന്നു നാം നമ്മോടുതന്നെ ചോദിക്കുന്നതു നന്നായിരിക്കും. ദൈവത്തിന്റെ യഥാര്‍ത്ഥവേലയില്‍ പണത്തെ ഉപയോഗിച്ചേക്കും. എന്നാല്‍ അതിനെ ആശ്രയിക്കുകയില്ല പരിശുദ്ധാത്മാവില്‍ മാത്രമായിരിക്കും ആശ്രയം.

ആത്മാവ് അസൂയയോടെ കാംക്ഷിക്കുന്നുവെന്നു ബൈബിള്‍ പറയുന്നു. (യാക്കോ 4:5) സഭയിലെ തന്റെ മാന്യമായ സ്ഥാനം മറ്റെന്തെങ്കിലുമോ ആരെങ്കിലുമോ എടുത്താലാണ് അസൂയ ഉണ്ടാകുന്നത്. അതു സംഗീതമാകാം. ഞാന്‍ സംഗീതത്തിന് എതിരല്ല. ലേകത്തെ അനുകരിക്കാതെ, സാധ്യമായ ഏറ്റവും നല്ല സംഗീതം തന്നെ സഭയില്‍ ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. പക്ഷേ നാം സംഗീതത്തെ ആശ്രയിക്കരുത്.

ഉദാഹരണത്തിന് മീറ്റിംഗിന്റെ അവസാനം ഓര്‍ഗന്‍ നേരിയ ശബ്ദത്തില്‍ ട്യൂണ്‍ ചെയ്യുമ്പോള്‍ ഒരു തീരുമാനത്തിലേക്ക് ആളുകളെ നടത്താമെന്നാണോ നാം കരുതുന്നത്. അതെന്താണ്? മനഃശാസ്ത്രപരമായ കൗശലമാണത്. അല്ലാതെ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനമല്ല.

ദൈവവചനം പരിശുദ്ധാത്മശക്തിയാല്‍ യേശുവും പത്രോസും പ്രസംഗിച്ചതുപോലെ നിങ്ങള്‍ പ്രസംഗിച്ചാല്‍ ഒടുവില്‍ ഓര്‍ഗന്റെ നേരിയ സംഗീതമൊന്നും വേണ്ടിവരികയില്ല. എന്നാല്‍ പരിശുദ്ധാത്മാവിന്റെ ശക്തി ഇല്ലെങ്കില്‍, തീരുമാനം എടുക്കാന്‍ ആളുകളെ പ്രേരിപ്പിക്കാന്‍ അത്തരം മനഃശാസ്ത്രപരമായ കൗശലങ്ങളൊക്കെ വേണ്ടിവരും. പക്ഷേ അത്തരം തീരുമാനങ്ങളൊക്കെ ഉപരിപ്ലവവും വൈകാരികവുമായിരുന്നെന്ന് കാലാന്തരത്തില്‍ കണ്ടെത്തും.

സഭയിലെ തന്റെ ന്യായമായ സ്ഥാനത്തിനുവേണ്ടി പരിശുദ്ധാത്മാവ് അസൂയയോടെ കാംക്ഷിക്കുന്നു. പരിശുദ്ധാത്മാവിനു പകരം ദൈവശാസ്ത്രമോ, സംഗീതമോ, പണമോ വയ്ക്കുവാന്‍ കഴിയുകയില്ല. യേശു ഒരു സ്‌തോത്രഗീതം പാടിയതായി എഴുതിയിരിക്കുന്നു. പിതാവിനെ സ്തുതിക്കുവാന്‍ സഭയെ നയിക്കുന്നത് യേശു തന്നെയാണെന്ന് എബ്രയര്‍ 2:12ല്‍ വായിക്കുന്നു. അപ്പോള്‍ ദൈവത്തെ പാടി സ്തുതിക്കുമ്പോള്‍ നാം നമ്മുടെ നേതാവിനെ പിന്തുടരുകയാണ്. അങ്ങനെയെങ്കില്‍ നമുക്ക് എങ്ങനെ സംഗീതത്തെ എതിര്‍ക്കാന്‍ കഴിയും? നാം ഇതിനൊന്നും എതിരല്ല. എന്നാല്‍ എന്തിലാണ് നാം ആശ്രയിക്കുന്നത് എന്നതാണ് പ്രസക്തമായ ചോദ്യം.

നാം വലിയ പ്രസംഗകരിലും വ്യക്തികളിലുമാണോ ആശ്രയിക്കേണ്ടത്? അല്ല. പരിശുദ്ധാത്മാവ് അസൂയയോടെ കാംക്ഷിക്കുന്നു.

യേശു ഒരു ദാസനായിത്തീര്‍ന്നു. ദാസത്വത്തെക്കുറിച്ച് എല്ലാ ക്രിസ്തീയ നേതാക്കന്മാരും പ്രസംഗിക്കാറുണ്ട്. ഇതേപ്പറ്റി ധാരാളം പുസ്തകങ്ങളും ഉണ്ട്. പക്ഷേ പ്രായോഗികതലത്തില്‍ ഇതിന്റെ അര്‍ത്ഥം എന്താണ്? ഞാന്‍ നിങ്ങളോടു ചോദിക്കട്ടെ: നിങ്ങള്‍ സഹപ്രവര്‍ത്തകരോട് എങ്ങനെയാണ് പെരുമാറുന്നത്? ഇന്നലെ വന്നുചേര്‍ന്ന, നിങ്ങളുടെ സംഘടനയിലെ ഏറ്റവും ഇളയ സഹപ്രവര്‍ത്തകനോടുള്ള മനോഭാവം എന്താണ്? അവന്‍ നിങ്ങള്‍ക്കൊരു സഹോദരനാണോ? അതോ നിങ്ങളെക്കുറിച്ചുള്ള ഭീതിയിലാണോ അവന്‍ കഴിയുന്നത്? അങ്ങനെയെങ്കില്‍ അന്ത്യനാള്‍വരെ നിങ്ങള്‍ ദാസത്വത്തെക്കുറിച്ചു പ്രസംഗിച്ചാലും നിങ്ങള്‍ക്ക് അതു മനസ്സിലായിട്ടില്ലെന്നു ഞാന്‍ പറയും. നിങ്ങള്‍ യേശുവിനെ കണ്ടിട്ടില്ല.

യേശു വളരെ ലളിതമനസ്‌കനായിരുന്നു. അവിടുന്ന് ആളുകളെ ഭയപ്പെടുത്തിയില്ല. 'മനുഷ്യപുത്രനാണെന്നാ'ണ് യേശു സ്വയം പറഞ്ഞത്. 'വെറും സാധാരാണ മനുഷ്യന്‍' എന്ന് അര്‍ത്ഥം. എല്ലാ നിത്യതയിലും പിതാവിനോടൊപ്പമുണ്ടായിരുന്ന നിര്‍മലനും, വിശുദ്ധനുമായ ദൈവപുത്രനാണ് അവിടുന്ന്. എന്നാല്‍ ഒരു സാധാരണക്കാരനായി അവിടുന്ന് ഈ ഭൂമിയില്‍ ജീവിച്ചു. എല്ലാറ്റിലും അവിടുന്നു സഹോദരന്മാരെപ്പോലെ ആയിത്തീര്‍ന്നു.

എല്ലാറ്റിലും സഹോദരന്മാരെപ്പോലെ ആകണമെങ്കില്‍ നമ്മിലുള്ള ചിലതു മരിക്കേണ്ടിയിരിക്കുന്നു. 'മരണത്തോളം സ്വയം താഴ്ത്തി' എന്നാണ് യേശുവിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. മരണമാണ് നമ്മുടെ താഴ്മയുടെ പൂര്‍ണ തെളിവ്.

നിലത്തു വീണു ചാകുന്ന ഗോതമ്പുമണിയില്‍ നിന്നു വളരെ വിളവുണ്ടാകും എന്നു പറഞ്ഞിരിക്കുന്നു. ഇരുപത്തി രണ്ടു വര്‍ഷം മുമ്പ് യാഥാര്‍ത്ഥ്യത്തെ

അധ്യായം 2
ദൈവത്തിനു ആവശ്യമുള്ള മനുഷ്യര്‍

ദൈവത്തിന് ഇന്ന് താഴെപ്പറയുന്ന യോഗ്യതകളുള്ള ആളുകളെ ആവശ്യമുണ്ട്.

$ ദിനംപ്രതി തന്റെ മുമ്പാകെ നിന്ന് തന്റെ ശബ്ദം കേള്‍ക്കുന്നവര്‍.

$ ദൈവത്തെയല്ലാതെ മറ്റാരെയും മറ്റൊന്നിനെയും ആഗ്രഹിക്കാത്തവര്‍.

$ ദൈവത്തോടുള്ള ഉറ്റ സ്‌നേഹം നിമിത്തം തങ്ങളുടെ എല്ലാ വഴികളിലും സകലവിധ പാപത്തെയും വെറുക്കുന്നവര്‍: നീതിയെയും സത്യത്തെയും സ്‌നേഹിക്കുന്നവര്‍.

കോപത്തെയും പാപകരമായ ലൈംഗികചിന്തകളെയും ജയിച്ചവരും തങ്ങളുടെ ചിന്തയിലോ മനോഭാവത്തിലോ പാപം ചെയ്യാനിടയാകുന്നതിനെക്കാള്‍ മരണമാണ് കൂടുതല്‍ അഭികാമ്യമെന്ന് കരുതുന്നവരുമായ ആളുകള്‍

ദിനംതോറും തങ്ങളുടെ ക്രൂശെടുത്തുകൊണ്ട് പൂര്‍ണ്ണതയിലേക്കു മുന്നേറുന്നവര്‍; ഭയത്തോടും വിറയലോടും കൂടി സ്വന്തരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍.

പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവര്‍; എത്ര വലിയ പ്രകോപനമുണ്ടായാലും മറ്റൊരു വ്യക്തിയുടെ നേരേ സ്‌നേഹശൂന്യമായ ഒരു മനോഭാവം കൈക്കൊള്ളാത്തവിധം ദൈവസ്‌നേഹത്തില്‍ വേരൂന്നി അടിസ്ഥാനപ്പെട്ടവര്‍

മനുഷ്യരുടെ പ്രശംസയോ ആത്മീയപുരോഗതിയോ ദൈവത്താല്‍ അംഗീകരിക്കപ്പെട്ട ശുശ്രൂഷയോ മറ്റെന്തു തന്നെയോ ലഭിച്ചാലും തങ്ങള്‍ എല്ലാവിശുദ്ധന്മാരിലും ഏറ്റവും ചെറിയവരാണെന്നുള്ള ബോധം കൈവിടാതെ താഴ്മയില്‍ത്തന്നെ അടിയുറച്ചു നില്ക്കുന്നവര്‍.

ദൈവവചനത്തിലൂടെ ദൈവസ്വഭാവത്തെക്കുറിച്ചും ഈ ലോകത്തില്‍ ദൈവത്തിനു സാധിക്കുവാനുള്ള ലക്ഷ്യങ്ങളെക്കുറിച്ചും മനസ്സിലാക്കിയിട്ടുള്ളവര്‍; ഏറ്റവും ചെറിയ കല്പനകളില്‍പ്പോലും അനുസരണക്കേടു കാണിക്കുകയോ അവ മറ്റുള്ളവരെ പഠിപ്പിക്കുന്നതില്‍ ഉപേക്ഷ വിചാരിക്കുകയോ ചെയ്യാതെ ദൈവവചനത്തിന്റെ മുമ്പില്‍ വിറയ്ക്കുന്നവര്‍.

ദൈവത്തിന്റെ മുഴുവന്‍ ആലോചനയും മറ്റുള്ളവരെ അറിയിക്കയും മതപരമായ വേശ്യാവൃത്തിയെയും ദൈവവചനവിരുദ്ധമായ മാനുഷികപാരമ്പര്യങ്ങളെയും വെളിച്ചത്തുകൊണ്ടുവരികയും ചെയ്യുന്നവര്‍.

ദൈവഭക്തിയുടെ മര്‍മ്മത്തെപ്പറ്റി-ക്രിസ്തുജഡത്തില്‍ വെളിപ്പെടുകയും തന്റെ ജഡത്തിലൂടെ ജീവനുള്ള പുതുവഴി തുറക്കുകയും ചെയ്തതിനെപ്പറ്റി-പരിശുദ്ധാത്മാവിലൂടെ വെളിപ്പാടു പ്രാപിച്ചവര്‍.

തീക്ഷ്ണതയോടും സ്ഥിരചിത്തതയോടും കൂടി അധ്വാനിക്കുന്നവര്‍; അതേ സമയം തന്നെ നര്‍മ്മബോധവും ശാന്തതയും പൂണ്ട് കൊച്ചുകുട്ടികളോടൊത്ത് കളിക്കുവാനും പ്രകൃതിദത്തമായ ദൈവികദാനങ്ങള്‍ ആസ്വദിക്കുവാനും കഴിവുള്ളവര്‍.

തന്നെത്താന്‍ പീഡിപ്പിക്കുന്ന ശരീരാഭ്യാസങ്ങളിലേര്‍പ്പെടാതെ തന്നെ ആത്മശിക്ഷണത്തോടും ക്ലേശസഹിഷ്ണുതയോടും കൂടെ ജീവിക്കുന്നവര്‍

വിശേഷവസ്ത്രങ്ങളിലോ ഉല്ലാസയാത്രകളിലോ താല്‍പര്യമില്ലാത്തവര്‍: പാഴ്‌വേലകള്‍ക്കായി തങ്ങളുടെ സമയമോ പ്രയോജനമില്ലാത്ത വസ്തുക്കള്‍ക്കായി പണമോ ദുര്‍വ്യയം ചെയ്യാത്തവര്‍.

വിശിഷ്ടഭോജ്യങ്ങളോടുള്ള കൊതി ഉപേക്ഷിച്ചവര്‍, സംഗീതം, വിനോദം എന്നിവപോലെ നിയമാനുസൃതങ്ങളായ കാര്യങ്ങള്‍ക്കു തന്നെയും അടിമകളാകാത്തവര്‍.

മനുഷ്യരുടെ പരിഹാസം, ഉപദ്രവം, വ്യാജമായ കുറ്റാരോപണം, രോഗം, ദാരിദ്ര്യം, സ്വജനങ്ങളുടെ വൈരം, മതനേതാക്കളില്‍നിന്നുള്ള പീഡനം എന്നീ കഷ്ടതകളുടെ തീച്ചുളയില്‍ക്കൂടിക്കടന്നും ദൈവത്താല്‍ ആ വിധം ശോധന ചെയ്യപ്പെട്ടും കൊള്ളാവുന്നവരായിത്തെളിഞ്ഞവര്‍.

തങ്ങള്‍ തന്നെ പാപികളില്‍ പ്രധാനികളെന്നറികയാല്‍ നികൃഷ്ടപാപികളോടും ഒന്നിനും കൊള്ളരുതാത്ത വിശ്വാസികളോടും സഹതാപം കാണിപ്പാന്‍ കഴിയുന്ന കരുണാപൂര്‍ണ്ണന്മാര്‍.

ഒന്നിനെക്കുറിച്ചും ഉല്‍ക്കണ്ഠപ്പെടാതെയും സാത്താനെയോ ദുഷ്ടജനങ്ങളെയോ പ്രതികൂലസാഹചര്യങ്ങളെയോ മറ്റെന്തിനെയെങ്കിലുമോ ഭയപ്പെടാതെയും തങ്ങളുടെ സ്വര്‍ഗ്ഗസ്ഥപിതാവിന്റെ സ്‌നേഹം മൂലമുള്ള പൂര്‍ണ്ണ സുരക്ഷിതബോധത്തില്‍ ഉറച്ചുനില്‍ക്കുന്നവര്‍.

എല്ലാ കാര്യങ്ങളിലും തങ്ങളുടെ പരമമായ നന്മയ്ക്കായി ദൈവം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവെന്ന വിശ്വാസം മൂലം ദൈവത്തിലുള്ള സ്വസ്ഥതയില്‍ പ്രവേശിച്ചവര്‍: തന്മൂലം എല്ലാ മനുഷ്യര്‍ക്കും എല്ലാ വസ്തുക്കള്‍ക്കും സാഹചര്യങ്ങള്‍ക്കുമായി എല്ലായ്‌പ്പോഴും ദൈവത്തെ സ്തുതിക്കുന്നവര്‍.

ദൈവത്തില്‍ മാത്രം സന്തുഷ്ടി കണ്ടെത്തുകയാല്‍ എല്ലാ അസന്തുഷ്ടിയെയും ജയിച്ച് സന്തോഷപരിപൂര്‍ണ്ണരായി ജീവിക്കുന്നവര്‍.

തങ്ങളിലോ തങ്ങളുടെ പ്രകൃതിസിദ്ധമായ കഴിവുകളിലോ ആശ്രയിക്കാതെ എല്ലാ സാഹചര്യങ്ങളിലും എല്ലാറ്റിനും മതിയായ ദൈവത്തില്‍ പൂര്‍ണ്ണാശ്രയം വച്ചുകൊണ്ട് സജീവമായ വിശ്വാസം മുറുകെപ്പിടിക്കുന്നവര്‍.

സ്വന്തവിവേകത്തെയും യുക്തിബോധത്തെയും പിന്തുടരാതെ പരിശുദ്ധാത്മാവു കാണിച്ചുതരുന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കുന്നവര്‍.

കര്‍ത്താവായ യേശുക്രിസ്തുവിനാല്‍ തന്നെ പരിശുദ്ധാത്മാവിലും തീയിലും സ്‌നാനമേറ്റവര്‍; പകരം വ്യാജമായ വികാരാവേശത്താലോ ദൈവശാസ്ത്രപരമായ വാദഗതികളാലോ കബളിപ്പിക്കപ്പെടാത്തവര്‍.

നിരന്തരമായ പരിശുദ്ധാത്മാഭിഷേകത്തില്‍ ജീവിക്കുന്നവര്‍; ആ പരിശുദ്ധാത്മാവു നല്‍കുന്ന പ്രകൃതീതമായ കൃപാവരങ്ങളില്‍ സമ്പന്നര്‍.

ക്രിസ്തുവിന്റെ ശരീരമായ സഭയെപ്പറ്റി ദൈവികവെളിപ്പാടു ലഭിക്കുകമൂലം ഏതെങ്കിലും മതസമൂഹത്തിന്റെയോ സഭാവിഭാഗമെന്നറിയപ്പെടുന്ന സംഘടനയുടേയോ ഭാഗമാകാതെ ആ യഥാര്‍ത്ഥസഭയെ പണിതുയര്‍ത്തുവാന്‍ വേണ്ടി തങ്ങളുടെ എല്ലാ കഴിവുകളും ഭൗതികസമ്പത്തുകളും ആത്മീയവരങ്ങളും വിനിയോഗിക്കുന്നവര്‍.

പരിശുദ്ധാത്മസഹായത്താല്‍ സ്വന്തനാവിനു കടിഞ്ഞാണിടുവാന്‍ ശീലിച്ചവര്‍; ഇപ്പോള്‍ അതേ നാവുതന്നെ ദൈവവചനം കൊണ്ട് ജ്വലിക്കുമാറ് രൂപാന്തരം പ്രാപിച്ചവര്‍.

തങ്ങള്‍ക്കുള്ളതെല്ലാം വിട്ടുകളഞ്ഞവര്‍; പണത്തിന്റെയോ ഭൗതികവസ്തുക്കളുടെയോ ബന്ധത്തില്‍നിന്നു സ്വതന്ത്രരായും ദാനങ്ങളാഗ്രഹിക്കാതെയും ജീവിക്കുന്നവര്‍.

തങ്ങളുടെ ഭൗതികമായ എല്ലാ ആവശ്യങ്ങള്‍ക്കും വേണ്ടി ദൈവത്തില്‍ മാത്രം ആശ്രയം വയ്ക്കുന്നവര്‍; ഒരിക്കലും തങ്ങളുട ഭൗതികാവശ്യങ്ങളെപ്പറ്റി മറ്റുള്ളവര്‍ക്കു സൂചന നല്‍കാത്തവര്‍; തങ്ങളുടെ സേവനത്തെപ്പറ്റി സംഭാഷണത്തിലോ കത്തുകളിലോ റിപ്പോര്‍ട്ടുകളിലോ സ്വയം പ്രശംസിക്കാത്തവര്‍.

ദുശ്ശാഠ്യക്കാരാകാതെ സൗമ്യപ്രകൃതികളായും തങ്ങളെക്കാള്‍ പ്രായവും അറിവുമുള്ള സഹോദരന്മാരുടെ നിയന്ത്രണത്തിനും തെറ്റുതിരുത്തലിനും വിധേയരായും ജീവിക്കുന്നവര്‍.

മറ്റുള്ളവരുടെമേല്‍ അധികാരം ചെലുത്തുവാനോ അവരെ ഉപദേശിക്കുവാനോ താല്‍പര്യമില്ലാതെയും (ഉപദേശം തേടുന്നവരെ ഉപദേശിപ്പാന്‍ സന്നദ്ധതയോടും) മൂപ്പന്മാരായോ നായകന്മാരായോ ഗണിക്കപ്പെടുവാന്‍ ആഗ്രഹിക്കാതെയും സാധാരണസഹോദരന്മാരായും എല്ലാവര്‍ക്കും ദാസന്മാരുമാരായും ജീവിക്കുവാന്‍ ഇച്ഛിക്കുന്നവര്‍.

മറ്റുള്ളവരോടു വിഷമം കൂടാതെ ഒത്തിണങ്ങിപ്പോകുന്നവര്‍; അസൗകര്യങ്ങളും നഷ്ടങ്ങളും സഹിച്ചുകൊണ്ടും മറ്റുള്ളവര്‍ക്കു നന്മ ചെയ്യുന്നവര്‍.

ലക്ഷപ്രഭുവെന്നോ യാചകനെന്നോ വെള്ളക്കാരനെന്നോ കറുത്തവനെന്നോ ബുദ്ധിജീവിയെന്നോ ബുദ്ധിഹീനനെന്നോ സംസ്‌ക്കാരസമ്പന്നനെന്നോ അപരിഷ്‌കൃതനെന്നോ ഭേദം കൂടാതെ എല്ലാ മനുഷ്യരോടും ഒരുപോലെ പെരുമാറുന്നവര്‍.

ഭാര്യ, മക്കള്‍, ബന്ധുക്കള്‍ തുടങ്ങിയവരുടെയോ വിശ്വാസികളുടെയോ സ്വാധീനംമൂലം ക്രിസ്തുവിനോടുള്ള തങ്ങളുടെ ഭക്തിയിലും ദൈവകല്പനകളുടെ അനുസരണത്തിലും ഒരുപടി താണും തണുത്തും പോകാതെ ആദ്യസ്‌നേഹം നിലനിറുത്തുന്നവര്‍.

സാത്താന്‍ വാഗ്ദാനം ചെയ്യുന്ന ധനം, മാനം, മറ്റേതെങ്കിലും പ്രതിഫലം എന്നിവയാല്‍ സ്വാധീനിക്കപ്പെടാതെ, ഒരിക്കലും ഒത്തുതീര്‍പ്പിനു സന്നദ്ധരാകാതെ, ഉറച്ചുനില്ക്കുന്നവര്‍.

മതാധ്യക്ഷന്മാരെയോ രാഷ്ട്രഭരണാധികാരികളെയോ ഭയപ്പെടാതെ നിര്‍ഭയം ക്രിസ്തുവിന്റെ സാക്ഷികളായി നിലകൊള്ളുന്നവര്‍.

ഭൂമിയില്‍ ഏതെങ്കിലും മനുഷ്യവ്യക്തിയെ പ്രസാദിപ്പിക്കുവാനാഗ്രഹിക്കാതെ ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്നതില്‍ ഏതൊരാളുടെ പിണക്കവും നേരിടുവാന്‍ ഒരുക്കമുള്ളവര്‍.

തങ്ങളുടെ മാനുഷികമായ ആവശ്യങ്ങളോ സ്വന്തം സുഖസൗകര്യങ്ങളോ ഗണിക്കാതെ ദൈവമഹത്വത്തിനും ദൈവഹിതത്തിനും ദൈവരാജ്യത്തിനും എപ്പോഴും മുന്‍ഗണന നല്‍കുന്നവര്‍.

മറ്റുള്ളവരുടെയോ സ്വന്തം ബുദ്ധിയുടെയോ സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി നിര്‍ജ്ജീവപ്രവൃത്തികള്‍ അനുഷ്ഠിക്കാതെ തങ്ങളുടെ ജീവിതത്തെപ്പറ്റി ദൈവം വെളിപ്പെടുത്തിയിട്ടുള്ള തിരുഹിതം മാത്രം ചെയ്യുവാന്‍ വാഞ്ഛയോടെ ആഗ്രഹിക്കുന്നവര്‍.

ക്രിസ്തീയവേലയില്‍ ദേഹീപരവും (ടീൗഹശവെ) ആത്മീയവുമായവയെ (ടുശൃശൗേമഹ) തമ്മില്‍ വേര്‍തിരിച്ചറിയുവാന്‍ പരിശുദ്ധാത്മാവിനാലുള്ള വിവേചനം പ്രാപിച്ചവര്‍.

കാര്യങ്ങളെ ഭൗതികമായ കാഴ്ചപ്പാടിലൂടെയല്ല, സ്വര്‍ഗ്ഗീയമായ ദര്‍ശനത്തോടെ തന്നെ നോക്കിക്കാണുവാന്‍ കഴിവുള്ളവര്‍.

ദൈവത്തിനുവേണ്ടി തങ്ങള്‍ നടത്തുന്ന അധ്വാനത്തിനു പ്രതിഫലമായി ലഭിക്കാവുന്ന ലൗകികബഹുമതികളെയും സ്ഥാനങ്ങളെയും പരിത്യജിക്കുന്നവര്‍.

ഇടവിടാതെ പ്രാര്‍ത്ഥിക്കുകയും ആവശ്യം വരുമ്പോള്‍ ഉപവാസത്തോടെയുള്ള പ്രാര്‍ത്ഥനയില്‍ ജാഗരിക്കുകയും ചെയ്യുന്നവര്‍.

ഔദാര്യമായും രഹസ്യത്തിലും വിവേകത്തോടും സന്തോഷത്തോടുംകൂടി കൊടുക്കുവാന്‍ ശീലിച്ചിട്ടുള്ളവര്‍.

$ ഏതുവിധത്തിലെങ്കിലും ചിലരെ നേടുവാനായി എല്ലാവര്‍ക്കും എല്ലാമായിത്തീരുവാന്‍ സന്നദ്ധതയുള്ളവര്‍.

$ മറ്റുള്ളവര്‍ രക്ഷിക്കപ്പെടുവാന്‍ മാത്രമല്ല, ക്രിസ്തുവിന്റെ ശിഷ്യന്മാരാകുവാനും സത്യത്തിന്റെ പരിജ്ഞാനത്തിലെത്തുവാനും ദൈവകല്പനകള്‍ എല്ലാം അനുസരിക്കുന്നവരായിത്തീരുവാനും ആഗ്രഹിക്കുന്നവര്‍.

$ എല്ലാ സ്ഥലത്തും ദൈവത്തിന് വിശുദ്ധമായ ഒരു സാക്ഷ്യം ഉയര്‍ന്നുകാണുവാന്‍ തീവ്രമായ വാഞ്ഛയുള്ളവര്‍.

$ ഒരു കാര്യത്തിലും സ്വാര്‍ത്ഥം അന്വേഷിക്കാത്തവര്‍

$ ആത്മീയാധികാരവും ആത്മീയമായ അന്തസ്സും പാലിക്കുന്നവര്‍.

$ വേണ്ടിവന്നാല്‍ ദൈവത്തിനു വേണ്ടി ഈ ലോകത്തില്‍ ഒറ്റയ്ക്കുനില്ക്കുവാന്‍ മനസ്സുള്ളവര്‍.

$ ഒത്തുതീര്‍പ്പിനു വഴങ്ങാതെ കഴിഞ്ഞകാലത്തെ അപ്പോസ്തലന്മാരെയും പ്രവാചകന്മാരെയുംപോലെ ഉറച്ചുനില്ക്കുന്നവര്‍.

$ ഈ വിധത്തിലുള്ള ആളുകള്‍ സംഖ്യയില്‍ വളരെ കുറവാകയാല്‍ ഇന്നും ദൈവത്തിന്റെ വേല നഷ്ടം സഹിക്കേണ്ടി വന്നിരിക്കുന്നു.

പാപവും വ്യഭിചാരവുമുള്ള ഒരു തലമുറയില്‍, ഒത്തുതീര്‍പ്പില്‍ ജീവിക്കുന്ന ക്രൈസ്തവലോകത്തിന്റെ മധ്യത്തില്‍, ദൈവത്തിനുവേണ്ടി ഇപ്രകാരമുള്ള ഒരുവനായി ജീവിക്കുമെന്ന് പൂര്‍ണ്ണഹൃദയത്തോടെ തീരുമാനിക്കുക. ദൈവത്തിനു മുഖപക്ഷമില്ലാത്തതിനാല്‍ അതിനുവേണ്ടി തീക്ഷ്ണതയോടെ നിങ്ങള്‍ ആഗ്രഹിക്കുമെങ്കില്‍ നിങ്ങള്‍ക്കും അപ്രകാരം ഒരുവനാകുവാന്‍ സാധിക്കും. ഒരാളിന്റെ ബോധമണ്ഡലത്തില്‍ (രീിരെശീൗ െമൃലമ) മാത്രം സമര്‍പ്പണവും അനുസരണവും ആവശ്യപ്പെടുന്നവനാണ് ദൈവം. അതിനാല്‍ ഒരുപക്ഷേ നിങ്ങളുടെ ബോധമണ്ഡലം പരിമിതമാണെങ്കില്‍ത്തന്നെയും ഈ വിധത്തിലുള്ള ഒരുവനാകുവാന്‍ നിങ്ങള്‍ക്കു സാധ്യമാണ്. നിങ്ങള്‍ വെളിച്ചത്തില്‍ നടക്കുകയും പരിപൂര്‍ണ്ണതയിലേക്കു വളരുകയും ചെയ്യുന്തോറും ഈ ബോധമണ്ഡലം കൂടുതല്‍ വിശാലമായിക്കൊണ്ടിരിക്കും. അതിനാല്‍ ഇപ്രകാരമുള്ള ഒരാളാകുവാന്‍ 'എനിക്കു സാധിക്കയില്ലല്ലോ' എന്നു ചിന്തിച്ച് നിങ്ങള്‍ ക്ലേശിക്കേണ്ട കാര്യമില്ല.

നമ്മുടെ ജഡത്തില്‍ നന്മയൊന്നും വസിക്കാത്തതിനാല്‍ മേല്‍ വിവരിച്ച നന്മകള്‍ നമ്മില്‍ വളര്‍ന്നു വരുവാനായി ദൈവകൃപ നാം അന്വേഷിക്കേണ്ടത് ആവശ്യമാണ്. കാലം അതിന്റെ അവസാനഘട്ടത്തിലെത്തിയിരിക്കുന്ന ഈ നാളുകളില്‍ ഈ വിധത്തില്‍ ജീവിക്കുന്ന ഒരുവനായിത്തീരുന്നതിനുള്ള ദൈവകൃപയ്ക്കായി ദിനംപ്രതി ദൈവസന്നിധിയില്‍ നിലവിളിക്കുക.

കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അധ്യായം 3
ഞാന്‍ പഠിച്ച ചില സുപ്രധാന സത്യങ്ങള്‍

വീണ്ടും ജനിച്ച ഒരു ക്രിസ്ത്യാനിയായി ജീവിച്ച കഴിഞ്ഞ നാല്പതു വര്‍ഷങ്ങള്‍ കൊണ്ട് ഞാന്‍ ചില സത്യങ്ങള്‍ പഠിക്കയും അതെന്റെ ജീവിതത്തെ ഉത്സാഹിപ്പിക്കയും ജീവിതത്തിന് അര്‍ത്ഥവും ദിശാബോധവും നല്‍കുകയുമുണ്ടായിട്ടുണ്ട്. അതു നിങ്ങള്‍ക്കും പ്രയോജനകരമാകാമെന്നതുകൊണ്ട് ഇവിടെ പങ്കുവയ്ക്കുന്നു. ദൈവം യേശുവിനെ സ്‌നേഹിച്ചതു പോലെ നമ്മെയും സ്‌നേഹിക്കുന്നു. ''നീ എന്നെ സ്‌നേഹിക്കുന്നതു പോലെ അവരെയും സ്‌നേഹിക്കുന്നു''(യോഹ.17:23)

ഞാന്‍ ബൈബിളില്‍ കണ്ടെത്തിയ ഏറ്റവും മഹത്തായ സത്യം ഇതുതന്നെയാണ്. മനസ്സിടിഞ്ഞ് നിരാശനും അരിഷ്ടനുമായ ഒരു വിശ്വാസി എന്ന നിലയില്‍ നിന്നും ഇതെന്നെ ദൈവത്തിന്റെ കരങ്ങളില്‍ സുരക്ഷിതനായ, എപ്പോഴും കര്‍ത്താവില്‍ സന്തോഷമുള്ള, ഒരുവനാക്കിമാറ്റി.

ദൈവം നമ്മെ സ്‌നേഹിക്കുന്നു എന്നു പറയുന്ന നിരവധിവാക്യങ്ങള്‍ ബൈബിളിലുണ്ട്. എന്നാല്‍ അതിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന ഒരേ ഒരു വാക്യം ഇതുമാത്രമാണ്. 'യേശുവിനെ സ്‌നേഹിക്കുന്നത്രയും തന്നെ'.

തന്റെ ഏതുമക്കളെയും സ്വര്‍ഗ്ഗീയപിതാവ് മുഖപക്ഷം കൂടാതെ തന്നെ സ്‌നേഹിക്കുന്നതു കൊണ്ട് ആദ്യജാതനായ യേശുവിനുവേണ്ടി ചെയ്തതുപോലെ തന്റെ എല്ലാമക്കള്‍ക്കും വേണ്ടി ചെയ്യുവാനും അവിടുത്തേക്കു മനസ്സാണ്. യേശുവിനെ സഹായിച്ചതുപോലെ അവിടുന്നു നമ്മെയും സഹായിക്കും. യേശുവിനെ കരുതിയതുപോലെ അവിടുന്നു നമ്മെയും കരുതും. യേശുവിന്റെ ജീവിതത്തിനു വ്യക്തമായ രൂപരേഖയുണ്ടാക്കിയതുപോലെ നമ്മുടെയും ജീവിതത്തിനു രൂപരേഖയുണ്ടാക്കിയിരിക്കുന്നു-നമ്മുടെ ദൈനംദിനജീവിതത്തിന്റെ ഏറ്റവും ചെറിയ വിശദാംശങ്ങളോടുംകൂടെത്തന്നെ. ദൈവത്തെ ഞെട്ടിക്കുന്ന ഒരു ആകസ്മികതയും നമ്മുടെ ജീവിതത്തില്‍ സംഭവിക്കില്ല. അന്തിമമായി സംഭവിക്കേണ്ടുന്ന ഓരോന്നും വരെ അവിടുന്നു രൂപപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടു നാം അരക്ഷിതബോധമുള്ളവരായിരിക്കേണ്ടതില്ല. യേശുവിനെ ഭൂമിയിലേക്കയച്ചതുപോലെ വ്യക്തമായ പദ്ധതിയും രൂപരേഖയും തയ്യാറാക്കിത്തന്നെ നമ്മെയും അവിടുന്ന് അയച്ചിരിക്കുന്നു. നിങ്ങള്‍ക്കു വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ ഇതൊക്കെയും നിങ്ങളെ സംബന്ധിച്ചും സത്യമാകും.

ദൈവത്തിന്റെ വചനത്തില്‍ വിശ്വസിക്കാത്ത ആര്‍ക്കും തന്നെ ഒന്നും സാദ്ധ്യമായി വരുന്നില്ല.

2. സത്യസന്ധരില്‍ ദൈവം പ്രസാദിക്കുന്നു.

''അവിടുന്ന് വെളിച്ചത്തില്‍ ഇരിക്കുമ്പോലെ നാമും വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ട്'' (1 യോഹ.1:7) വെളിച്ചത്തില്‍ നടക്കുക എന്നുപറഞ്ഞാല്‍ നാം ഒന്നും മറച്ചു വയ്ക്കുന്നില്ല എന്നര്‍ത്ഥം. നാം ഉള്ളതുപോലെ എല്ലാക്കാര്യങ്ങളും കര്‍ത്താവിനോടു തുറന്നുപറയുന്നു. ദൈവത്തോടടുക്കുവാനുള്ള ഒന്നാമത്തെ പടി സത്യസന്ധതയാണ്. ആത്മാര്‍ത്ഥതയില്ലാത്തവരെ ദൈവം വെറുക്കുന്നു. മറ്റാരെക്കാളുമധികം കപടഭക്തന്മാര്‍ക്കെതിരെയാണു യേശു സംസാരിച്ചത്.

ദൈവം വിശുദ്ധിയെക്കാളും പൂര്‍ണ്ണതയെക്കാളും സത്യസന്ധതയാണ് ഒന്നാമതായി നമ്മില്‍ നിന്നാഗ്രഹിക്കുന്നത്. സത്യസന്ധതയുടെ ഉറവില്‍ നിന്നും മറ്റെല്ലാം തന്നെ ക്രമേണ ഒഴുകാന്‍ തുടങ്ങും. യഥാര്‍ത്ഥവിശുദ്ധിയുടെ ഉറവും അതുതന്നെ. നമുക്ക് ഏറ്റവും അനായാസമായി ചെയ്യാവുന്ന ഒരു കാര്യം സത്യസന്ധരാവുക എന്നതുതന്നെയാണ്. അതുകൊണ്ടു പാപം പെട്ടെന്നു തന്നെ ദൈവത്തോട് ഏറ്റുപറയുക. പാപകരമായ ചിന്തകളെ മറ്റ് ഓമനപ്പേരിട്ടു വിളിക്കാതിരിക്കുക. കണ്‍മോഹത്തില്‍ വീണതിനുശേഷം ഞാന്‍ ദൈവത്തിന്റെ സൃഷ്ടിയുടെ മനോഹാരിത ശ്രദ്ധിക്കയായിരുന്നു എന്നു പറയരുത്. 'കോപ'ത്തെ 'ധാര്‍മ്മികരോഷം' എന്നു വിളിക്കരുത്. ഇപ്രകാരമുള്ള സത്യസന്ധതയില്ലായ്മ കൊണ്ട് നിങ്ങള്‍ക്കു പാപത്തെ ഒരിക്കലും ജയിക്കാന്‍ കഴിയില്ല. 'പാപ'ത്തെ ഒരിക്കലും 'അബദ്ധ'മെന്നു വിളിക്കരുത്. യേശുവിന്റെ രക്തത്തിനു പാപത്തെ കഴുകാന്‍ കഴിയും. അത് 'അബദ്ധ'ങ്ങളെ കഴുകുന്നില്ല. സത്യസന്ധതയില്ലാത്തവരെ അവിടുന്നു കഴുകുന്നില്ല. സത്യസന്ധര്‍ക്ക് എന്നും പ്രത്യാശയ്ക്കു വഴിയുണ്ട്. ''തന്റെ തെറ്റുകളെ മറയ്ക്കുന്നവന്നു ശുഭം വരികയില്ല'' (സദൃ.28:13).

മതനേതാക്കന്മാരേക്കാള്‍ കള്ളന്മാര്‍ക്കും വ്യഭിചാരിണികള്‍ക്കും അധികം പ്രത്യാശയ്ക്കുവകയുണ്ടെന്ന് യേശുപറയാന്‍ കാരണമെന്താകും? (മത്തായി 21:31). അതിന്റെ കാരണം വ്യഭിചാരിണികളും കള്ളന്മാരും തങ്ങള്‍ വിശുദ്ധരാണെന്ന് ഒരിക്കലും നടിക്കുന്നില്ല എന്നതു തന്നെ.

പല യുവാക്കളും മനസ്സുമടുത്ത് സഭ വിട്ടു പോകുവാനുള്ള കാരണം സഭാംഗങ്ങള്‍ തങ്ങള്‍ക്കു എന്തെങ്കിലും വീഴ്ചകളോ ദൗര്‍ബല്യങ്ങളോ അതിനെ അഭിമുഖീകരിക്കുന്നതിന്റെ പോരാട്ടങ്ങളോ ഒന്നും ഉള്ളതായി ഭാവിക്കുകപോലും ചെയ്യാറില്ല. അതുകൊണ്ടു ചെറുപ്പക്കാര്‍ ഇങ്ങനെ വിചാരിക്കുന്നു ''ഓ, ഈ വിശുദ്ധന്മാരുടെ കൂട്ടത്തിനു ഞങ്ങളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ മനസ്സിലാകാനാണ്!'' ഇതു സത്യമാണെങ്കില്‍ പാപികളെ തങ്കലേക്ക് ആകര്‍ഷിച്ച യേശുവിനെപ്പോലെയല്ല നാം.

3. സന്തോഷത്തോടെ കൊടുക്കുന്നവനില്‍ ദൈവം പ്രസാദിക്കുന്നു.

''സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു.'' (2 കൊരി. 9:7)

ഒരു വ്യക്തി വീണ്ടും ജനിക്കുന്നതിനു മുമ്പും പിമ്പും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞശേഷവും ഒക്കെ ദൈവം മനുഷ്യന് പൂര്‍ണ്ണസ്വാതന്ത്ര്യം നല്‍കുന്നത് ഇക്കാരണത്താലാണ്.

നാമും ദൈവത്തെപ്പോലെയെങ്കില്‍ മറ്റാരെയും നാം സമ്മര്‍ദ്ദങ്ങള്‍ക്കടിമയാക്കുകയോ നിയന്ത്രിക്കയോ ചെയ്കയില്ല. അവരും തങ്ങളുടേതായ നിലയിലും സ്വാതന്ത്ര്യത്തിലും നമ്മില്‍ നിന്നും വ്യത്യസ്തരായി തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടോടെ വളര്‍ന്നുവരാന്‍ നാം അനുവദിക്കും.

എല്ലാ സമ്മര്‍ദ്ദങ്ങളും പിശാചില്‍ നിന്നാണ് വരുന്നത്.

പരിശുദ്ധാത്മാവ് വ്യക്തികളെ നിറയ്ക്കുന്നു. അശുദ്ധാത്മാക്കള്‍ ആളുകളെ തങ്ങളുടെ നിയന്ത്രണത്തിലാക്കുന്നു. പരിശുദ്ധാത്മാവ് ഒരു വ്യക്തിയില്‍ നിറഞ്ഞാലും ആ വ്യക്തിക്കു എന്തുകാര്യവും ചെയ്യുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. എന്നാല്‍ അശുദ്ധാത്മാക്കള്‍ ആളുകളെ പിടിച്ചാല്‍ അവര്‍ക്കു വ്യക്തിപരമായ ഒരു സ്വാതന്ത്ര്യവും ലഭിക്കുകയില്ല. പരിശുദ്ധാത്മാവില്‍ നിറയുമ്പോഴുണ്ടാകുന്ന ഫലങ്ങളിലൊന്ന് ഇന്ദ്രിയജയം (ആത്മനിയന്ത്രണം) ആണ് (ഗലാ.5:22,23). എന്നാല്‍ അശുദ്ധാത്മാവ് ബാധിച്ച ഒരു വ്യക്തിക്ക് ആത്മനിയന്ത്രണത്തിനുള്ള കഴിവു നഷ്ടപ്പെടുന്നു.

നാം ദൈവത്തിനുവേണ്ടി ചെയ്യുന്ന ഏതൊരു ജോലിയും ഉന്മേഷത്തോടെയും സന്തോഷത്തോടെയും സ്വതന്ത്രമായും സ്വമേധയായും അല്ല ചെയ്യുന്നതെങ്കില്‍ അതൊരു നിര്‍ജ്ജീവപ്രവൃത്തി മാത്രമായിരിക്കുമെന്ന് ഓര്‍മ്മിച്ചിരിക്കുക. ദൈവത്തെ സംബന്ധിച്ചിടത്തോളം പരപ്രേരണയാല്‍ ഒരാള്‍ നല്‍കുന്ന പണമോ മറ്റെന്തെങ്കിലുമോ മൂല്യമുള്ളതായി ദൈവം കണക്കാക്കുന്നില്ല.

ആരുടെയെങ്കിലും സമ്മര്‍ദ്ദത്തിനു വഴിപ്പെട്ടോ മനസ്സാക്ഷിക്കുത്ത് ഒഴിവാക്കാനോ ചെയ്യുന്ന എന്തിനേക്കാളും മനസ്സോടെ, സന്തോഷത്തോടെ, തനിക്കു നല്‍കുന്ന ഒരു ചെറിയതിനെയാണ് ദൈവം വിലമതിക്കുന്നത്.

4. യേശുവിനെ ശ്രദ്ധിച്ചുനോക്കുന്നതിലൂടെയാണു വിശുദ്ധി ലഭിക്കുന്നത്.

''യേശുവിനെത്തന്നെ നോക്കിക്കൊണ്ട്.....നമ്മുടെ ഓട്ടം സ്ഥിരതയോടെ ഓടാം.'' (എബ്രാ.12:1,2)

നമ്മുടെ ജഡത്തില്‍ വന്ന യേശു എന്ന വ്യക്തിയിലാണ് ദൈവഭക്തിയുടെ രഹസ്യം കണ്ടെത്തുന്നത്. അല്ലാതെ നമ്മുടെ ജഡത്തില്‍ വന്ന ക്രിസ്തുവിനെക്കുറിച്ചുള്ള ഉപദേശത്തിലല്ല (1 തിമൊ. 3:16 ല്‍ ഇതു വ്യക്തമാണ്). തന്റെ ശരീരം സംബന്ധിച്ച ഉപദേശത്തിന്റെ വിശകലനത്തിലല്ല മറിച്ച് യേശു എന്ന വ്യക്തിയിലൂടെയാണ് നാം വിശുദ്ധരായിത്തീരുന്നത്.

എത്ര വലിയ പ്രയത്‌നം കൊണ്ടും പാപകരമായ ഒരു ഹൃദയത്തെ ശുദ്ധമാക്കാനാവില്ല. അതു സംഭവിക്കാന്‍ ദൈവം തന്നെ നമ്മുടെയുള്ളില്‍ ഒരു പ്രവൃത്തി ചെയ്യണം.

വിശുദ്ധി (നിത്യജീവന്‍) ദൈവത്തിന്റെ ദാനമാണ്. ഒരിക്കലും പ്രവൃത്തികൊണ്ട് അതു കൈവരിക്കാനാവില്ല. (റോമ. 6:23) ദൈവത്തിനു മാത്രമേ നമ്മെ മുഴുവനും വിശുദ്ധീകരിക്കാന്‍ കഴിയൂ എന്ന് ബൈബിള്‍ പ്രസ്താവിക്കുന്നു. (1 തെസ്സ. 5:23 ല്‍ ആര്‍ക്കും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം അതു രേഖപ്പെടുത്തിയിരിക്കുന്നു.) എന്നിട്ടും അനേകം വിശ്വാസികള്‍ സ്വയത്തെ ത്യജിച്ചുകൊണ്ട് വിശുദ്ധരായിത്തീരുവാന്‍ പാടുപെടുന്നു. തത്ഫലമായി അവര്‍ പരീശമനോഭാവമുള്ളവരായിത്തീരുന്നു.

''ഒരു മിഥ്യാബോധമല്ല, സത്യത്തിന്റെ ഫലമായ വിശുദ്ധി..''(എഫെ.4:24 ഫിലിപ്‌സ്) യേശുവിലുള്ള വിശ്വാസത്താല്‍, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ യേശുവിനെ ശ്രദ്ധിച്ചു നോക്കുന്നതിലൂടെ മാത്രമേ വിശുദ്ധി ലഭ്യമാവൂ. നാം ഒരു ഉപദേശത്തെ ശ്രദ്ധിച്ചു കൊണ്ടിരുന്നാല്‍ നാം പരീശന്മാരാകും. നമ്മുടെ ഉപദേശം എത്ര ശുദ്ധമായിത്തീരുന്നോ അത്രമാത്രം പരീശത്വവും നമ്മില്‍ വളരും.

സ്വപ്രയത്‌നത്തിലൂടെ വിശുദ്ധിയുടെ ഉന്നതനിലവാരത്തെക്കുറിച്ചു ഘോഷിക്കുന്നവരുടെയിടയിലാണ് ഞാന്‍ ഏറ്റവും വലിയ പരീശന്മാരെ കണ്ടിട്ടുള്ളത്. നാമും അവരിലൊരാളാകാതിരിക്കാന്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്.

യേശുവിനെ ശ്രദ്ധിക്കുക എന്നാല്‍ എന്താണെന്ന് എബ്രാ.12:2 ല്‍ പറയുന്നു. ഒന്നാമതായി ഈ ഭൂമിയില്‍ ജീവിച്ച ഒരാളെന്ന നിലയില്‍ നാം യേശുവിനെ കാണുക. എല്ലാ ദിവസവും നമ്മെപ്പോലെ എല്ലാ കാര്യങ്ങളിലും പരീക്ഷിതനായിട്ടും പാപത്തിനു വഴങ്ങാതെ നിത്യവും തന്റെ ക്രൂശിനെ സഹിച്ചുകൊണ്ട് അവിടുന്നു നടന്നു (എബ്രാ.4:15). അവിടുന്നു നമ്മുടെ മുന്നോടിയാണ് (എബ്രാ.6:20) അവിടുത്തെ കാല്‍ച്ചുവടുകളില്‍ത്തന്നെ വേണം നാം അനുഗമിക്കുവാന്‍. രണ്ടാമതായി നമ്മുടെ എല്ലാ പരീക്ഷകളിലും ശോധനകളിലും നമ്മെ സഹായിക്കുവാന്‍ സന്നദ്ധനായി പിതാവിന്റെ വലത്തുഭാഗത്ത് നമുക്കുവേണ്ടി മദ്ധ്യസ്ഥത ചെയ്യുന്ന ഒരുവനായി നാം യേശുവിനെ കാണ്ടേണ്ടതുണ്ട്.

5. നാം നിരന്തരമായി പരിശുദ്ധാത്മാവിനാല്‍ നിറയണം.

ആത്മാവില്‍ നിറഞ്ഞവരായിരിക്കുക. (എഫെ.5:18)

നാം നിരന്തരം ആത്മാവില്‍ നിറയുന്നില്ലെങ്കില്‍ ദൈവം ആഗ്രഹിക്കുന്നതരത്തില്‍ ക്രിസ്തീയജീവിതം നയിക്കുക നമുക്കസാദ്ധ്യമാണ്. പരിശുദ്ധാത്മാവിനാല്‍ അഭിഷേകം പ്രാപിക്കയും അവിടുത്തെ പ്രകൃത്യാതീതവരങ്ങള്‍ നമുക്കു ലഭിക്കയും ചെയ്യുന്നില്ലെങ്കില്‍ ദൈവത്തെ സേവിക്കുവാനും നമുക്ക് സാദ്ധ്യമല്ല. യേശുവിനും ഈ അഭിഷേകം ആവശ്യമായിരുന്നു.

നമ്മുടെ സ്വകാര്യജീവിതത്തിലും പരസ്യശുശ്രൂഷയിലും നമ്മെ യേശുവിനെപ്പോലെയാക്കുവാനാണു പരിശുദ്ധാത്മാവു വന്നത് (2 കൊരി.3:18). സ്വഭാവത്തില്‍ ക്രിസ്തുവിനോടനുരൂപരാക്കുവാനും യേശുശുശ്രൂഷിച്ചതുപോലെ ശുശ്രൂഷിക്കുവാനും തക്കവണ്ണമാണു ദൈവം നമ്മെ തന്റെ പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കുന്നത്. യേശുവിന്റെ അതേ ശുശ്രൂഷയല്ല നമുക്കുള്ളത്, അതുകൊണ്ട് യേശു ചെയ്ത ശുശ്രൂഷ നമുക്കു ചെയ്യാനാവില്ല. എന്നാല്‍ യേശു ദൈവത്തെ ശുശ്രൂഷിച്ച അതേ നിറവില്‍ നമുക്കും ശുശ്രൂഷ ചെയ്യാന്‍ സാധിക്കും-നമുക്കു തന്നിരിക്കുന്ന ശുശ്രൂഷ.

അതിനു വേണ്ടത് അതിനാവശ്യമായ ജീവജല നദി നമ്മില്‍ നിന്നും ഒഴുകാന്‍ വേണ്ട ദാഹവും വിശ്വാസവുമാണ് (യോഹ.7:37-39). പരിശുദ്ധാത്മാവിന്റെ വരങ്ങള്‍ നമുക്കുണ്ടാകണമെങ്കില്‍ അതിനായുള്ള അതിവാഞ്ഛ നമ്മിലുണ്ടാകണം. (1 കൊരി. 14:1) അല്ലെങ്കില്‍ ഒരിക്കലും നമ്മിലതുണ്ടാവില്ല.

ആത്മവരങ്ങളില്ലാത്ത ഒരു സഭ ജീവിച്ചിരിക്കുന്ന ഊമനും ബധിരനും അന്ധനും മുടന്തനുമായ ഒരു വ്യക്തിയെപ്പോലെ കര്‍മ്മരഹിതനാണ്. പ്രയോജനമറ്റവനാണ്.

6. ക്രൂശിന്റെ വഴി തന്നെ ജീവന്റെ വഴി

''നാം അവനോടു കൂടെ മരിച്ചു എങ്കില്‍ കൂടെ ജീവിക്കും'' (2 തിമൊ.2:11) ദൈവത്തിന്റെ പദ്ധതിയില്‍ നാം മരിക്കേണ്ട എല്ലായിടങ്ങളിലും നമ്മുടെ സ്വയജീവന്‍ മരിക്കുക എന്നതല്ലാതെ യേശുവിന്റെ ജീവന്‍ നമ്മുടെ ശരീരത്തില്‍ വെളിപ്പെടുവാന്‍ മറ്റൊരു വഴിയുമില്ല. (2 കൊരി. 4:10,11) പാപത്തിന്മേല്‍ ജയം ഉണ്ടാകുവാന്‍ എല്ലാ സാഹചര്യങ്ങളിലും നമ്മെ പാപത്തിനു മരിച്ചവരായി എണ്ണേണ്ടതുണ്ട് (റോമ.6:11) ആത്മാവിനാല്‍ നാം ജഡത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നെങ്കില്‍ മാത്രമേ നാം ജീവിക്കൂ (റോമ. 8:13). പരിശുദ്ധാത്മാവു നമ്മെ നിത്യവും ക്രൂശിങ്കലേക്കു തന്നെ നയിക്കും.

ദിവസം മുഴുവനും മരണത്തിലൂടെ കടന്നുപോകേണ്ട സാഹചര്യത്തിലേക്കു തന്നെ ദൈവം നമ്മെ അയയ്ക്കുന്നു. (റോമ.8:36) യേശുവിനു വേണ്ടി നാം മരണത്തിന് ഏല്പിക്കപ്പെടുകയും ചെയ്യുന്നു. (2 കൊരി. 4:11) അത്തരം സാഹചര്യങ്ങളില്‍ നാം യേശുവിന്റെ മരണം തന്നെ (2 കൊരി.4:10) സ്വീകരിക്കേണ്ടിയിരിക്കുന്നു. അതിലൂടെ യേശുവിന്റെ ജീവന്‍ നമ്മില്‍ വെളിപ്പെടുവാന്‍ ഇടയാകുന്നു.

7. മനുഷ്യന്റെ അഭിപ്രായങ്ങള്‍ക്ക് ചവറ്റുകൊട്ടയിലേക്കെറിയാനുള്ള മൂല്യം മാത്രം

''മൂക്കില്‍ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിയുവിന്‍. അവനെ എന്തു വില മതിപ്പാനുള്ളൂ?'' യെശ.2:22

ഒരു മനുഷ്യന്റെ മൂക്കിലെ ശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവന് താന്‍ തന്നെ ചവിട്ടി നടക്കുന്ന പൊടിയുടെ വിലമാത്രമേയുള്ളൂ.

പിന്നെയെന്തിനു നാം മനുഷ്യന്റെ അഭിപ്രായത്തെ വിലമതിക്കണം? ദൈവത്തെ യഥാര്‍ത്ഥമായി സേവിക്കുവാന്‍ നമുക്കു കഴിയണമെങ്കില്‍ മനുഷ്യന്റെ അഭിപ്രായം തികച്ചും മൂല്യമില്ലാത്തതാണെന്നു നാം തിരിച്ചറിഞ്ഞേ മതിയാവൂ. ഒരു മനുഷ്യനെയെങ്കിലും പ്രസാദിപ്പിക്കുവാന്‍ ശ്രമിച്ചാല്‍ നമുക്കു ക്രിസ്തുവിന്റെ ദാസനായി തുടരുവാന്‍ കഴിയില്ല. (ഗലാ.1:10)

ദൈവത്തിന്റെ അഭിപ്രായങ്ങള്‍ക്കു മുമ്പില്‍ മാനുഷികാഭിപ്രായങ്ങളൊക്കെത്തന്നെ തികച്ചും മൂല്യരഹിതമാണ്. ഇക്കാര്യം വ്യക്തമായി ബോദ്ധ്യമായിക്കഴിഞ്ഞ ഏതൊരാളും തന്റെ ജീവിതത്തിലും ശുശ്രൂഷയിലും ദൈവത്തിന്റെ അംഗീകാരം മാത്രമേ തേടുകയുള്ളൂ. അയാള്‍ ഒരിക്കലും ആളുകളെ പ്രസാദിപ്പിക്കുവാന്‍ വേണ്ടി സ്വയം നീതീകരിക്കാനൊരുമ്പെടില്ല.

8. ഈ ലോകം മഹത്തരമെന്നു കരുതുന്നതിനെ ദൈവം വെറുക്കുന്നു

മനുഷ്യരുടെ ഇടയില്‍ ഉന്നതമായതു ദൈവത്തിന്റെ മുമ്പില്‍ അറപ്പത്രേ (ലൂക്കോ. 16:15)

ഈ ലോകം ഉന്നതമെന്നു കരുതുന്ന കാര്യങ്ങള്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ വിലയില്ലാത്തതെന്നു മാത്രമല്ല തികച്ചും നികൃഷ്ടവുമാണ്. അതുകൊണ്ടു ദൈവദൃഷ്ടിയില്‍ അറപ്പായിരിക്കുന്ന ഈ ലോകത്തിന്റെ ബഹുമാനം നാമും വെറുക്കേണ്ടതത്രേ. ലോകത്തിലെ മനുഷ്യരെല്ലാം തന്നെ വിലയേറിയതായി കാണുന്ന ഒരു വസ്തുവാണ് ധനം. എന്നാല്‍ ധനത്തെ സ്‌നേഹിക്കയും ധനികരാകാന്‍ ബദ്ധപ്പെടുകയും ചെയ്യുന്ന ആളുകള്‍ താഴെപ്പറയുന്ന കാര്യങ്ങളെ ഉടനെയോ പിന്നീടോ നേരിടേണ്ടിവരുമെന്നു ദൈവം പറയുന്നു. (1 തിമൊ. 6:9,10)

1. അവര്‍ പരീക്ഷയില്‍ അകപ്പെടും.

2. അവര്‍ കെണിയില്‍ അകപ്പെടും.

3. അവര്‍ മൗഢ്യമായ മോഹങ്ങളിലേക്ക് വീഴും.

4. അവര്‍ ദോഷകരമായ മോഹങ്ങളില്‍ പിടിക്കപ്പെടും.

5. അവര്‍ ജീര്‍ണ്ണതയ്ക്കു വിധേയരാകും.

6. അവര്‍ നാശത്തിലേക്കു നിപതിക്കും.

7. അവര്‍ വിശ്വാസം വിട്ട് ഉഴന്നു നടക്കേണ്ടി വരും.

8. കഠിനമായ ദു;ഖത്തിനും കുത്തുന്ന വേദനയ്ക്കും അവര്‍ ഇരയായിത്തീരും.

ഇത് അനേകം വിശ്വാസികള്‍ക്കു സംഭവിക്കുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. നമ്മുടെ രാജ്യത്ത് ഈ കാലഘട്ടത്തില്‍ ദൈവത്തിന്റെ പ്രവചനശബ്ദം കേള്‍ക്കാത്തതിന്റെ മുഖ്യകാരണങ്ങളിലൊന്ന് സഭകളുടെ നേതൃസ്ഥാനങ്ങള്‍ കൈയാളുന്നവരുടെ ധനസ്‌നേഹമാണ്. ഈ ഭൂമിയിലെ ധനംപോലെയുള്ള അല്പകാര്യങ്ങളില്‍ വിശ്വസ്തരല്ലാത്തവര്‍ക്ക് അധികമായിരിക്കുന്ന സ്വര്‍ഗ്ഗീയസമ്പത്തു താന്‍ നല്‍കുകയില്ല എന്നു കര്‍ത്താവു തന്നെ കല്പിച്ചിട്ടുണ്ട് (ലൂക്കോ. 16:11). അധികം പ്രസംഗങ്ങളും വിരസമായിത്തീരുവാനുള്ള പ്രധാന കാരണം ഇതുതന്നെയാണ്. യോഗങ്ങളും സാക്ഷ്യങ്ങളും കഴമ്പില്ലാത്തതായിത്തീരുവാനുള്ള കാരണവും ഇതുതന്നെ.

9. നമുക്കല്ലാതെ മറ്റാര്‍ക്കും നമ്മെ ദോഷപ്പെടുത്തുവാന്‍ സാധ്യമല്ല.

''നിങ്ങള്‍ നന്മ ചെയ്യുന്നതില്‍ ശുഷ്‌ക്കാന്തിയുള്ളവരെങ്കില്‍ നിങ്ങളെ ദോഷപ്പെടുത്തുവാന്‍ ആര്‍ക്കു കഴിയും?'' (1 പത്രോ. 3:13)

ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, തന്റെ ഉദ്ദേശ്യങ്ങള്‍ക്കായി വിളിക്കപ്പെട്ടിരിക്കുന്നവര്‍ക്ക്, തങ്ങളുടെ ജീവിതത്തെ സംബന്ധിച്ച് ദൈവോദ്ദേശ്യമല്ലാതെ മറ്റൊന്നും ഇല്ലാത്തവര്‍ക്കുതന്നെ എന്തു കാര്യവും നന്മക്കായി പ്രവര്‍ത്തിപ്പിക്കുവാന്‍ ദൈവത്തിനു കഴിയും. (റോമ. 8:28). സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ ജീവിതത്തില്‍ കൊണ്ടുനടക്കുന്ന ഒരു വ്യക്തിക്കും ഈ വാഗ്ദാനം അവകാശപ്പെടാന്‍ കഴിയില്ല. എന്നാല്‍ ദൈവഹിതത്തിനു പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒരാള്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കുന്ന ഓരോ നിമിഷത്തിലും ഈ വാഗ്ദാനം അവകാശപ്പെടാന്‍ കഴിയും. ഒന്നും അവര്‍ക്കു ദോഷകരമായിത്തീരുകയില്ല.

മറ്റുള്ളവര്‍ നമുക്കു ചെയ്യുന്ന ഏതുകാര്യവും നല്ലതും ദോഷവും മനഃപൂര്‍വ്വമായതും അല്ലാത്തതും എല്ലാം റോമര്‍ 8:28 ലെ വാഗ്ദാനത്തിന്റെ അരിപ്പയിലൂടെ മാത്രമേ നമ്മിലേക്ക് വരികയുള്ളൂ. അവ നമ്മെ അധികമധികം ക്രിസ്തുസാദൃശത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കും. (റോമ.8:29). നമുക്കുവേണ്ടി ദൈവം കരുതിയിരിക്കുന്ന ഏറ്റവും വലിയ നന്മ അതുതന്നെ. ആ വാക്യത്തിലെ വ്യവസ്ഥയുടെ പരിധിക്കുള്ളിലുള്ള ആര്‍ക്കും ജീവിതത്തിലെ ഓരോ കാര്യങ്ങളിലും ഈ അരിപ്പയുടെ ഗുണം അനുഭവിക്കാവുന്നതാണ്.

അതിനുശേഷം 1 പത്രോ.3:13 ല്‍ നമ്മോടു പറയുന്നു ''നന്മ ചെയ്യുന്നതില്‍ നാം ശുഷ്‌ക്കാന്തിയുള്ളവരെങ്കില്‍'' നമുക്കു തിന്മ ചെയ്‌വാന്‍ ആര്‍ക്കും കഴികയില്ല എന്ന്. എന്നാല്‍ നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ വാക്യത്തിന് റോമ 8:28 പോലെയുള്ള പ്രചാരം ലഭിച്ചിട്ടില്ല. പക്ഷേ നാം അതു പ്രചരിപ്പിച്ചേ മതിയാകൂ. നമുക്കതിന് ഉത്സാഹിക്കാം. ഈ വാഗ്ദാനവും തങ്ങളുടെ ഹൃദയത്തെ മറ്റുള്ളവര്‍ക്കു നന്മ ചെയ്യുവാനുള്ള തീഷ്ണതയില്‍ സൂക്ഷിക്കുന്നവര്‍ക്കുള്ളതാണ്. അത്തരം ഒരു വിശ്വാസിക്ക് ദോഷം ചെയ്യുവാന്‍ ഒരു മനുഷ്യനെന്നല്ല ഒരു ഭൂതത്തിനുപോലും കഴിയുകയില്ല. അതുകൊണ്ട് ഏതെങ്കിലും ഒരു വിശ്വാസി മറ്റുള്ളവര്‍ തനിക്കു ദോഷം ചെയ്യുന്നു എന്നു പരാതിപ്പെടുമ്പോള്‍ താന്‍ ദൈവത്തെ സ്‌നേഹിക്കുന്നില്ലെന്നും ദൈവോദ്ദേശ്യത്തിനു വിളിക്കപ്പെട്ടവനല്ലെന്നും നന്മയ്ക്കുള്ള ഉത്സാഹം തന്റെ ഹൃദയത്തിലില്ലെന്നും താന്‍ തന്നെ അവകാശപ്പെടുകയാണ്. അല്ലെങ്കില്‍ മറ്റുള്ളവര്‍ ചെയ്തതെല്ലാം തനിക്കു നന്മയ്ക്കായി വ്യാപരിക്കുകയും തന്റെ പരാതികള്‍ നീങ്ങിപ്പോകുകയും ചെയ്യുമായിരുന്നു.

യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ക്കു ദോഷം ചെയ്യുവാന്‍ നിങ്ങള്‍ക്ക് മാത്രമേ-നിങ്ങളുടെ അവിശ്വാസവും മറ്റുള്ളവരോടു തെറ്റായ മനോഭാവവുമുള്ള ഹൃദയത്തിനു മാത്രമേ-കഴികയുള്ളൂ.

എനിക്ക് എഴുപതിനോടടുത്ത് വയസ്സുണ്ട്. ഇത്രകാലവും എനിക്കു തിന്മ ചെയ്യുന്നതില്‍ വിജയിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ധാരാളം പേര്‍ അതിനു ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊക്കെ ദൈവം എനിക്കും എന്റെ ശുശ്രൂഷയ്ക്കും ഏറ്റവും നന്മയാക്കിത്തീര്‍ത്തു. അതുകൊണ്ട് അവരെക്കുറിച്ചും എനിക്കു ദൈവത്തോട് ഇന്ന് നന്ദിയുണ്ട്. എന്നെ ഉപദ്രവിച്ചവരൊക്കെ 'വിശ്വാസികള്‍' എന്നുവിളിക്കപ്പെടുന്നവര്‍ തന്നെ. പക്ഷേ ദൈവത്തിന്റെ വഴികളെ അറിയാത്തവരാണ്. എന്റെ ഈ സാക്ഷ്യം നിങ്ങളുടേതുമായിത്തീരുവാന്‍ തക്കവണ്ണം നിങ്ങള്‍ക്ക് ഒരു ഉത്സാഹത്തിനായി ഇവിടെ പ്രസ്താവിച്ചതാണ്.

10. ദൈവത്തിനു നമ്മില്‍ ഓരോരുത്തരെക്കുറിച്ചും സമ്പൂര്‍ണ്ണമായ ഒരു പദ്ധതിയുണ്ട്.

''ദൈവം മുന്നൊരുക്കിയ സല്‍പ്രവൃത്തികളെ ചെയ്യേണ്ടതിന്നു നമ്മെ ക്രിസ്തുയേശുവില്‍ സൃഷ്ടിച്ചിരിക്കുന്നു'' (എഫെ.2:10).

ദൈവം നമ്മെ ക്രിസ്തുവില്‍ തെരഞ്ഞെടുക്കുന്നതിനു വളരെമുമ്പു തന്നെ നാം ഈ ഭൂമിയിലെ ജീവിതകാലത്ത് എന്തു ചെയ്യേണമെന്നതിനു രൂപം കൊടുത്തിരുന്നു. ഇന്ന് ആ പദ്ധതി ഓരോ ദിവസവും അന്വേഷിച്ചു കണ്ടെത്തി അതു നിറവേറ്റുക എന്നതാണ് നമുക്കു ചെയ്‌വാനുള്ളത്. നമുക്കൊരിക്കലും ദൈവത്തിന്റെ പദ്ധതിയെക്കാള്‍ മെച്ചപ്പെട്ട ഒന്ന് ഉണ്ടാക്കാന്‍ കഴിയില്ല.

നമുക്ക് മറ്റാരെയും അനുകരിക്കാനും കഴിയില്ല. കാരണം, വ്യത്യസ്തങ്ങളായ പദ്ധതികളാണ് ദൈവം രൂപപ്പെടുത്തിയിരിക്കുന്നത്. ജോസഫിനെക്കുറിച്ചുള്ള ദൈവികപദ്ധതി തന്റെ ജീവിതത്തിന്റെ ഒടുവിലെ എണ്‍പതുവര്‍ഷക്കാലവും ഈജിപ്തിലെ കൊട്ടാരത്തിലെ സുഖസൗകര്യങ്ങള്‍ അനുഭവിച്ചു കഴിയുവാനായിരുന്നു. അതേ സമയം മോശെയുടെ ജീവിതത്തില്‍ കൊട്ടാരസുഖങ്ങള്‍ വെടിഞ്ഞ് 80 വര്‍ഷക്കാലം മരുഭൂമിയുടെ കാഠിന്യങ്ങളോടു മല്ലിടാനായിരുന്നു. മോശെ ജോസഫിന്റെ മാതൃക സ്വീകരിച്ച് കൊട്ടാരത്തിലെ സമൃദ്ധിയുടെ തണലില്‍ കഴിഞ്ഞിരുന്നു എങ്കില്‍ തന്റെ ജീവിതത്തിലെ ദൈവപദ്ധതി നിറവേറ്റുകയില്ലായിരുന്നു.

അപ്രകാരം തന്നെ ഇന്നും ദൈവം ഒരു സഹോദരനെ അമേരിക്കയിലെ മെച്ചപ്പെട്ട സൗകര്യങ്ങളില്‍ ആക്കുകയും മറ്റൊരു സഹോദരനെ വടക്കേ ഇന്‍ഡ്യയുടെ പൊടിയും ചൂടും നിറഞ്ഞ പരുക്കന്‍ സാഹചര്യങ്ങളില്‍ ആക്കുകയും ചെയ്യുന്നു. ഓരോരുത്തരും പരസ്പരം താരതമ്യം ചെയ്യുകയും അസൂയപ്പെടുകയും വിമര്‍ശിക്കയും ചെയ്യുന്നതിനു പകരം ദൈവത്തിനു തങ്ങളെക്കുറിച്ചുള്ള പദ്ധതിയെക്കുറിച്ചു ബോദ്ധ്യമുള്ളവരാകുന്നതാണ് ഏറ്റവും നല്ലത്.

ദൈവം എന്നെ ഇന്‍ഡ്യയില്‍ പ്രവര്‍ത്തിക്കാനായി വിളിച്ചിരിക്കുന്നു എന്നു ഞാന്‍ വിശ്വസിക്കുന്നു. മറ്റുള്ളവരും അങ്ങനെതന്നെ ആയിക്കൊള്ളണമെന്നു ഞാന്‍ ആവശ്യപ്പെടുന്നില്ല.

എന്നാല്‍ നാം ധനത്തെയോ, സുഖസൗകര്യങ്ങളെയോ മനുഷ്യരുടെ അംഗീകാരത്തെയോ നമ്മുടെ മാന്യതയെയോ കരുതുന്നുവെങ്കില്‍ ഒരിക്കലും നമുക്കു ദൈവഹിതം കണ്ടെത്താന്‍ കഴിയില്ല.

11. ദൈവത്തോട് കൂടുതല്‍ ഗാഢമായ ബന്ധം പുലര്‍ത്തുന്നതാണ് കൂടുതല്‍ ശക്തി പ്രാപിക്കുവാനുള്ള മാര്‍ഗ്ഗം.

''തങ്ങളുടെ ദൈവത്തെ അറിയുന്ന ജനം ഉറച്ചുനിന്നു വീര്യം പ്രവര്‍ത്തിക്കും'' (ദാനി. 11:32)

ഇന്നും ദൈവം ആഗ്രഹിക്കുന്നതു മറ്റുള്ളവരിലൂടെ നാം ദൈവത്തെ അറിയണമെന്നല്ല. ഏതു ബാലനും തന്നെ നേരിട്ട് വ്യക്തിപരമായി അറിയണമെന്നാണ് (എബ്രാ. 8:11). നിത്യജീവന് യേശു നല്‍കിയ നിര്‍വ്വചനം ദൈവത്തെയും യേശുക്രിസ്തുവിനെയും വ്യക്തിപരമായി അറിയുക എന്നതാണ്. (യോഹ.17:3). ഇതുതന്നെ ആയിരുന്നു പൗലൊസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വാഞ്ഛ (ഫിലി. 3:10). നമ്മുടെ വാഞ്ഛയും അതുതന്നെ ആകട്ടെ.

ദൈവത്തെ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ എപ്പോഴും അവിടുത്തെ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു മനുഷ്യനെ ജീവനില്‍ നിലനിര്‍ത്താന്‍ ദൈവത്തിന്റെ വായില്‍ നിന്നു പുറപ്പെടുന്ന എല്ലാ വചനവും ശ്രദ്ധിക്കേണ്ടതാവശ്യമാണെന്ന് യേശു പറഞ്ഞു (മത്താ. 4:4). അവിടുത്തെ പാദത്തിങ്കലിരുന്നു അവിടുത്തെ ശ്രദ്ധിക്കുന്നതുതന്നെയാണ് ക്രിസ്തീയജീവിതത്തിലെ പരമപ്രധാനമായ കാര്യം എന്നും യേശു പറയുകയുണ്ടായി (ലൂക്കോ.10:42).

രാവിലെ തോറും തന്റെ പിതാവിന്റെ ശബ്ദത്തിന് ചെവികൊടുക്കുന്ന യേശുവിന്റെ ശീലം നാമും പരിശീലിക്കുന്നതു നല്ലതാണ് (യെശ. 50:4) പകല്‍ സമയങ്ങളിലും രാത്രിയിലും ഉറക്കത്തിന്റെ ഇടവേളകളിലും ഉണര്‍ന്ന് ''കര്‍ത്താവേ, സംസാരിക്കേണമേ, അടിയന്‍ കേള്‍ക്കുന്നു'' എന്നു പറയുവാന്‍ ശീലിക്കുന്നതു നന്ന് (1 ശമു.3:10).

നാം അഭിമുഖീകരിക്കുന്ന ഏതു പ്രശ്‌നത്തിനും ദൈവത്തിന് ഒരു പരിഹാരമുണ്ട്. നാം ശ്രദ്ധിക്കുന്നു എങ്കില്‍ ആ പരിഹാരം നമ്മെ അറിയിക്കാന്‍ ദൈവത്തിനു കഴിയും. അതു നമ്മെ ജയാളികളാക്കും.

12. പുതിയഉടമ്പടി പഴയ ഉടമ്പടിയെക്കാള്‍ വളരെ ഉന്നതമാണ്.

''യേശു അധികം നല്ല ഉടമ്പടിയുടെ മദ്ധ്യസ്ഥനാണ്.'' (എബ്രാ.8:6) പഴയതുംപുതിയതുമായ ഉടമ്പടികള്‍ തമ്മില്‍ മൗലികമായ വ്യത്യാസം ഉണ്ടെന്നകാര്യം മിക്കവിശ്വാസികള്‍ക്കും അറിഞ്ഞുകൂടാ (എബ്രാ.8:8-12). പഴയനിയമത്തിനുപരിയായി പുതിയനിയമത്തിനുള്ള ഔന്നത്യം യേശുവിനു മോശയെക്കാള്‍ ഔന്നത്യം ഉള്ളതുപോലെയാണ്. (2കൊരി.3, എബ്രാ.3).

പഴയനിയമവും അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ശിക്ഷയും പ്രതിഫലവും എല്ലാംതന്നെ ആളുകളുടെ ബാഹ്യജീവിതത്തെ ശുദ്ധീകരിക്കുന്ന ഒരു വ്യവസ്ഥയാണ്. എന്നാല്‍ പുതിയനിയമം നമ്മെ അകമേ നിന്നും ശുദ്ധീകരിക്കുന്നു. അനുഗ്രഹശാപങ്ങളിലൂടെയല്ല, പരിശുദ്ധാത്മാവിന്റെ നവീകരണത്തിലൂടെ. സ്‌നേഹവും വിശുദ്ധിയും നിറഞ്ഞ യേശുവിന്റെ സ്വഭാവം നമ്മിലേക്കു പകര്‍ന്നുകൊണ്ട്.

ഒരു പൂച്ച സ്വഭാവികമായ വിധത്തില്‍തന്നെത്തന്നെ എപ്പോഴും വൃത്തിയായി സൂക്ഷിക്കുന്നതും ഒരു പന്നിയെ കെട്ടിയിട്ടു കുളിപ്പിച്ചു വൃത്തിയായി സൂക്ഷിക്കുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്. പഴയനിയമവും പുതിയനിയമവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ ഈ ദൃഷ്ടാന്തം ഉപകരിക്കും.

13. മനുഷ്യരാല്‍ ത്യജിക്കപ്പെടുവാനും ഉപദ്രവിക്കപ്പെടുവാനും നാം വിളിക്കപ്പെട്ടിരിക്കുന്നു.

''ക്രിസ്തുയേശുവില്‍ ഭക്തിയോടെ ജീവിപ്പാന്‍ മനസ്സുള്ളവര്‍ക്കെല്ലാം ഉപദ്രവം ഉണ്ടാകും.'' (2 തിമൊ.3:12)

ലോകത്തില്‍ നിങ്ങള്‍ക്കു കഷ്ടം ഉണ്ട് എന്ന് യേശു ശിഷ്യന്മാര്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്നു. (യോഹ.16:33) എങ്കിലും യേശു പിതാവിനോട് ''അവരെ ലോകത്തില്‍ നിന്നു നീക്കേണമെന്നു'' പ്രാര്‍ത്ഥിച്ചില്ല (യോഹ.17:15). നിരവധി കഷ്ടങ്ങളിലൂടെ കടന്നുമാത്രമേ ദൈവരാജ്യത്തില്‍ പ്രവേശനം സാദ്ധ്യമാകൂ എന്ന് അപ്പോസ്തലന്മാര്‍ വിശ്വാസികളെ പഠിപ്പിച്ചു. (അപ്പൊ.പ്ര.14:23)

വീട്ടുടയവനെ ആളുകള്‍ ബെയേല്‍സെബൂല്‍ എന്നു വിളിച്ചു എങ്കില്‍ വീട്ടുകാരെ എത്രയധികം വിളിക്കുമെന്ന് യേശു പറഞ്ഞു. (മത്താ.10:25). അപ്രകാരം നാം ആകുമ്പോഴാണ് നാം വിശ്വസ്തരായ ഭവനക്കാരാകുന്നത്. മറ്റുചില വിശ്വാസികള്‍ എന്നെ വിളിച്ചിട്ടുള്ള പേരുകള്‍ ഞാനോര്‍ക്കുന്നു. ''പിശാച്'' ''പിശാചിന്റെ മകന്‍'' ''ദുരാത്മാവ്'' ''എതിര്‍ക്രിസ്തു'' ''വഞ്ചകന്‍'' ''ഭീകരന്‍'' ''കൊലപാതകന്‍'' ''ദിയോത്രെഫേസ്''. അങ്ങനെ യേശുവിന്റെ കുടുംബക്കാരന്‍ എന്ന മാനം എനിക്കു ലഭിച്ചു. അതൊരു പദവിയായി ഞാന്‍ കാണുന്നു. വിശ്വസ്തതയോടെ കര്‍ത്താവിനെ സേവിക്കുന്നവര്‍ ഇതൊക്കെ അനുഭവിക്കേണ്ടിവരും.

ഒരു സത്യപ്രവാചകന്‍ സ്വന്തം ബന്ധുക്കളുടെ ഇടയില്‍ ഒരിക്കലും മാനിതനാവില്ല എന്ന് യേശു പറഞ്ഞു. സ്വന്തം കുടുംബത്തില്‍ യേശുവിന് യാതൊരു അംഗീകാരവും ഉണ്ടായിരുന്നില്ല-അത് ഇന്നും അങ്ങനെതന്നെയാണ്. ഒരു യഥാര്‍ത്ഥ അപ്പൊസ്തലന്‍ മറ്റുള്ളവരുടെ ദൂഷണത്താല്‍ ലോകത്തിന്റെ ചവറുപോലെയും സകലത്തിന്റെയും അഴുക്കായും തീരുന്നു (1 കൊരി.4:13). ദൈവത്തിന്റെ വലിയ ഭൃത്യന്മാരൊക്കെ ഇപ്രകാരം നിന്ദിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തവരാണ്.

സഭ മഹാപിഡനത്തിലൂടെ കടക്കുകയില്ല എന്ന ഉപദേശമാണ് ഏറ്റവും കൂടുതല്‍ പ്രചാരം നേടിയിട്ടുള്ളത്. കാരണം ആളുകള്‍ക്ക് തങ്ങളുടെ ജഡത്തില്‍ ഏറ്റവും സുഖകരമായ ഉപദേശവും അതുതന്നെ. തന്റെ വൃതന്മാരെ ചേര്‍ക്കുവാനായി താന്‍ വരുന്നത് മഹാപിഡനത്തിനുശേഷമാണെന്ന് മത്താ.24:29-31 വാക്യങ്ങളില്‍ യേശു വ്യക്തമാക്കിയിട്ടുണ്ട് . മഹാപീഡനത്തിനു മുമ്പ് സഭ എടുക്കപ്പെടുമെന്ന് വ്യക്തമാക്കുന്ന ഒരൊറ്റ വാക്യംപോലും പുതിയനിയമത്തിലെങ്ങും തന്നെയില്ല. 1800 കളിലാണ് ഇംഗ്ലണ്ടില്‍ ഈ ഉപദേശം കണ്ടുപിടിക്കപ്പെട്ടത്.

ഇപ്പോള്‍ നമ്മുടെ രാജ്യത്ത് പീഡനത്തെ അഭിമുഖീകരിക്കുവാനായി നാം സഭയെ ഒരുക്കേണ്ടിയിരിക്കുന്നു.

14. ദൈവം സ്വീകരിച്ചവരെയൊക്കെ നാമും സ്വീകരിക്കണം.

ക്രിസ്തുവിന്റെ ശരീരത്തിലെ അവയവങ്ങളെയെല്ലാം താനിച്ഛിക്കുമ്പോലെ തമ്മില്‍ ഒരു ഭിന്നതയും ഉണ്ടാകാതവണ്ണം ദൈവം ക്രമപ്പെടുത്തിയിരിക്കുന്നു. (1 കൊരി. 12:18,25). ദൈവം വിവിധ കാലഘട്ടങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ തന്റെ ശുദ്ധമായ സാക്ഷ്യം ഉയര്‍ത്തുവാനും പുനഃസ്ഥാപിക്കുവാനുമായി വ്യക്തികളെ എഴുന്നേല്പിക്കാറുണ്ട്. അവരുടെ കാലശേഷം തങ്ങളുടെ അനുയായികള്‍ ഛിന്നഭിന്നമായി. വിവിധ ഗ്രൂപ്പുകളായി, ആരെയും ഉള്‍ക്കൊള്ളാത്തവരായി, കള്‍ട്ടുകളായിത്തീരാറുണ്ട്.

ക്രിസ്തുവിന്റെ ശരീരം ഒരു സംഘടനയെക്കാള്‍ വലുതാണ്. അക്കാര്യം നാം മറന്നുകൂടാ. ക്രിസ്തുവിന്റെ മണവാട്ടി ഇന്നും പല ഗ്രൂപ്പുകളിലായി ചിതറിക്കിടക്കുന്നു.

വചനത്തിന്റെ വ്യാഖ്യാനത്തിലുള്ള അന്തരംകൊണ്ടും ഗ്രഹിക്കുന്നതിലുള്ള അന്തരം കൊണ്ടും പലരുമായി നമുക്കു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെങ്കിലും കര്‍ത്താവു കൈക്കൊണ്ടിട്ടുള്ളവരുമായി ഒരു കൂട്ടായ്മ പുലര്‍ത്താന്‍ നാം ശ്രമിക്കേണ്ടതുണ്ട്.

15. എല്ലാ വ്യക്തികളോടും നാം മാന്യതയോടെ പെരുമാറണം.

''ദൈവം തന്റെ സ്വരൂപത്തിലുണ്ടാക്കിയിരിക്കുന്ന മനുഷ്യരെ നാവുകൊണ്ടു നാം ശപിക്കുന്നു. എന്റെ സഹോദരന്മാരെ, നാം അങ്ങനെ ചെയ്യുന്നതു യോഗ്യമല്ല.'' (യാക്കോ.3:9,10).

ഒരു മനുഷ്യനെയും അപമാനിക്കുന്ന ഒരു വാക്കും ദൈവത്തില്‍ നിന്നുള്ളതല്ല. അതിന്റെ ഉറവിടം സാത്താനാണ്. മനുഷ്യനെ അപമാനിക്കാനും തള്ളിയിടാനും നിരന്തരം ശ്രമിക്കുന്നത് അവന്‍ തന്നെ. ഭാര്യമാരോടും കുഞ്ഞുങ്ങളോടും യുവാക്കളോടും യാചകരോടും ശത്രുക്കളോടും ഒക്കെത്തന്നെ സൗമ്യമായും ആദരവോടും സംസാരിക്കുവാന്‍ ദൈവം നമ്മോടു കല്പിച്ചിരിക്കുന്നു. (1 പത്രോ. 3:15). എല്ലാ ആളുകളെയും മാന്യരായിക്കരുതുക. സാധുവായ ഒരു സഹോദരന് സഹായം നല്‍കുമ്പോള്‍ അവന്റെ മാന്യത നഷ്ടപ്പെടാതെ അതു നല്‍കണം. നാം അവന് ഒരു ഗുണകാരിയല്ല മറിച്ച് ഒരു സഹോദരന്‍ തന്നെയായിരിക്കണം.

16. സാമ്പത്തികാവശ്യങ്ങള്‍ ദൈവത്തോടു മാത്രം പറയുക.

''ദൈവം നിങ്ങളുടെ ആവശ്യങ്ങള്‍ ക്രിസ്തുയേശുവില്‍ തന്റെ ധനത്തിനൊത്തവണ്ണം തീര്‍ത്തുതരും'' (ഫിലി. 4:19).

പൂര്‍ണ്ണസമയക്രിസ്തീയവേലക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ ദൈവത്തെ മാത്രം അറിയിക്കയും അതിന്നായി ദൈവത്തെ മാത്രം ആശ്രയിക്കയും ചെയ്യുക. ദൈവം അവരുടെ ആവശ്യങ്ങള്‍ക്കായി മറ്റുള്ളവരെ പ്രേരിപ്പിക്കും. ഇന്നു പലരും ചെയ്യുന്നതുപോലെ വിശ്വാസത്താല്‍ ജീവിക്കുന്നു എന്നു പറകയും തങ്ങളുടെ ആവശ്യങ്ങള്‍ ആളുകളോടു അറിയിക്കയും ചെയ്യുവാന്‍ പാടില്ല.

''സുവിശേഷം അറിയിക്കുന്നവര്‍ അതിനാല്‍ ഉപജീവിക്കണമെന്നു ദൈവം കല്പിച്ചിരിക്കുന്നു'' (1 കൊരി. 9:14). അതുകൊണ്ട് പൂര്‍ണ്ണസമയശുശ്രൂഷകര്‍ ആളുകള്‍ മനസ്സോടെ നല്‍കുന്ന ദാനങ്ങള്‍ സ്വീകരിക്കുന്നതില്‍ തെറ്റില്ല. പക്ഷേ ശമ്പളം വാങ്ങുന്നതു തെറ്റാണ്. ദാനങ്ങള്‍ അവകാശപ്പെടാന്‍ കഴിയില്ല. പക്ഷെ ശമ്പളം അവകാശപ്പെടാവുന്നതാണ്. ഇന്നു കാണുന്ന അധികം ക്രിസ്തീയസഭകളുടേയും സ്ഥാപനങ്ങളുടേയും നിര്‍ജ്ജീവാവസ്ഥയുടെ രഹസ്യം ഇവിടെയാണ്. നമ്മെക്കാള്‍ ദരിദ്രരായ ആളുകളില്‍ നിന്നും നാം വ്യക്തിപരമായ ആവശ്യത്തിനോ കുടുംബത്തിന്റെ ആവശ്യത്തിനോ പണം വാങ്ങാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും നല്‍കുന്ന പണം അവരെക്കാള്‍ നിര്‍ധനരായവരെ സഹായിക്കാനോ സ്‌തോത്രകാഴ്ചപ്പെട്ടിയില്‍ നിക്ഷേപിക്കാനോ വിനിയോഗിക്കുക.

പൂര്‍ണ്ണസമയശുശ്രൂഷകര്‍ക്ക് ധനവിനിയോഗം സംബന്ധിച്ച പത്തു പ്രമാണങ്ങള്‍ ഇവിടെ നല്‍കട്ടെ:

1. ദൈവ ത്തോടല്ലാതെ ആരോടും സാമ്പത്തികാവശ്യം പറയരുത് (ഫിലി. 4:19)

2. അവിശ്വാസികളില്‍ നിന്നും ധനം സ്വീകരിക്കരുത് (3 യോഹ.7)

3. ആരുടെ കൈയില്‍ നിന്നും ഒരു സമ്മാനവും സ്വീകരിക്കരുത് (സങ്കീ.62:5)

4. പണം നല്‍കി നിങ്ങളെയോ നിങ്ങളുടെ ശുശ്രൂഷയെയോ നിയന്ത്രിക്കാന്‍ ആരെയും അനുവദിക്കരുത്.

5. നിങ്ങളുടെ ശുശ്രൂഷ സ്വീകരിക്കാത്തവരില്‍ നിന്നും ധനം സ്വീകരിക്കരുത്.

6. നിങ്ങളെക്കാള്‍ നിര്‍ദ്ധനരായ ആരില്‍ നിന്നും വ്യക്തിപരമായ ആവശ്യത്തിനോ കുടുംബത്തിന്റെ ആവശ്യത്തിനോ പണം സ്വീകരിക്കരുത്.

7. സാമ്പത്തികാവശ്യങ്ങള്‍ക്കായി ഒരു മനുഷ്യനെയും ആശ്രയിക്കരുത്.

8. തെറ്റായ രീതിയില്‍ കൈകാര്യം ചെയ്യപ്പെടുന്നു എന്നു മറ്റുള്ളവര്‍ക്കു തോന്നുംവിധം ദൈവത്തിന്റെ പണം കൈകാര്യം ചെയ്യരുത്. (2 കൊരി.8:20,21)

9. ധനലബ്ധിയില്‍ ആഹ്ലാദിക്കരുത്.

10. ധനനഷ്ടത്തില്‍ നിരാശപ്പെടുകയുമരുത്.

ഉപസംഹാരം

ഈ സത്യങ്ങള്‍ നിങ്ങളെ ഉത്സാഹിപ്പിക്കുക മാത്രമല്ല സ്വതന്ത്രരാക്കുകയും ചെയ്യുമെന്നു ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവിനോടു ചേര്‍ന്നു നടക്കുന്നതും അവിടുത്തെ ശുശ്രൂഷ ചെയ്യുന്നതും ഗൗരവമായെടുത്തിരിക്കുന്ന ഒരു വ്യക്തിയാണു നിങ്ങളെങ്കില്‍ ഈ സത്യങ്ങളും ദൈനംദിനജീവിതത്തില്‍ ഗൗരവമായി ഏറ്റെടുക്കുക.