ക്രിസ്തീയ സുവിശേഷം പ്രസംഗിക്കുന്നവര്‍ ശിഷ്യത്വത്തിന്റെ സന്ദേശം അറിയിക്കുവാന്‍ മടി കാണിക്കുന്നത് എന്തുകൊണ്ടാണ്? തങ്ങളുടെ സഭകളിലെ അംഗസംഖ്യ ചോര്‍ന്നുപോകുമെന്ന ഭയമാണ് അതിന്റെ പിന്നിലുള്ളത്. എന്നാല്‍ തങ്ങള്‍ ഈ സന്ദേശം പ്രഖ്യാപിക്കുന്നപക്ഷം തങ്ങളുടെ സഭകള്‍ക്കു ഗുണവിഷയകമായി ലഭിക്കാവുന്ന ഔന്നത്യം അവര്‍ പരിഗണിക്കുന്നില്ല.
യേശുക്രിസ്തു, ജനസമൂഹത്തോട് ശിഷ്യത്വം പ്രസംഗിച്ച സമയത്ത് ആ സമൂഹത്തിന്റെ സംഖ്യ വെറും പതിനൊന്നു ശിഷ്യന്മാര്‍ മാത്രമായിത്തീരുകയാണുണ്ടായത്. മറ്റുള്ളവര്‍ ഇതൊരു കഠിനമാര്‍ഗ്ഗമെന്നു കരുതി അവിടുത്തെ വിട്ടുപോയി. എന്നാല്‍ തന്നോടു പറ്റിനിന്ന ഈ പതിനൊന്നു ശിഷ്യന്മാരിലൂടെയാണ് ലോകത്തിലെ തന്റെ ലക്ഷ്യങ്ങള്‍ കര്‍ത്താവു നേടിയെടുത്തത്.
അപ്പോസ്തലന്മാര്‍ അന്ന് ആരംഭിച്ച അതേ ശുശ്രൂഷ നിറവേറ്റുവനാണ് ഇന്നു ലോകത്തില്‍ ക്രിസ്തുവിന്റെ ശരീരമെന്ന നിലയില്‍ നാം വിളിക്കപ്പെട്ടിരിക്കുന്നത്. ഇതെങ്ങനെ ചെയ്‌വാന്‍ കഴിയുമെന്നു മനസ്സിലാക്കുവാന്‍ വേണ്ടി ഈ പുസ്തകം വായിക്കുക.
ഒരു വിഷയത്തെ സംബന്ധിച്ച ഒരു വേദഭാഗത്തില്‍ മാത്രം ശ്രദ്ധിക്കുകയും അതേ വിഷയത്തെ സംബന്ധിക്കുന്ന മറ്റു വേദഭാഗങ്ങള്‍ പരിഗണിക്കാതിരിക്കുകയും ചെയ്യുന്നത് വിശ്വാസികളുടെ ഇടയില്‍ സാധാരണ കാണുന്ന ഒരു തെറ്റാണ്.
''ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു'' എന്ന് ഒരു വേദവാക്യമുദ്ധരിച്ചുകൊണ്ട് സാത്താന്‍ നമ്മുടെ കര്‍ത്താവിനെ പരീക്ഷിക്കുകയുണ്ടായി. (മത്തായി: 4:6) എന്നാല്‍ ''ഇങ്ങനെയും കൂടെ എഴുതപ്പെട്ടിരിക്കുന്നു''വെന്ന മറുപടിയിലൂടെ കര്‍ത്താവ് ആ പരീക്ഷയെ തിരസ്‌ക്കരിക്കുകയാണ് ചെയ്തത്. (മത്തായി: 4:7) ഒരു വേദഭാഗത്തെ മറ്റൊന്നിനോടു താരതമ്യപ്പെടുത്തി മനസ്സിലാക്കുമ്പോള്‍ - അതായത് ''ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു''വെന്നതിനെ ''ഇപ്രകാരം കൂടെ എഴുതപ്പെട്ടിരിക്കുന്നു''വെന്നതിനോടു ചേര്‍ത്തു വായിക്കുമ്പോള്‍ മാത്രമേ - ദൈവത്തിന്റെ മുഴുവന്‍ ആലോചനയും ഗ്രഹിക്കുവാന്‍ നമുക്കു സാധ്യമാകയുള്ളൂ.
തന്റെ ശിഷ്യന്മാര്‍ ഏറ്റെടുക്കേണ്ട" മഹാദൗത്യത്തെപ്പറ്റി" കര്‍ത്താവ് അവര്‍ക്കു നല്‍കിയ അന്തിമസന്ദേശത്തെക്കുറിച്ചുതന്നെ ആലോചിക്കുക.
യേശു തന്റെ ശിഷ്യന്മാരോട്: ''നിങ്ങള്‍ ഭൂലോകത്തിലൊക്കെയും പോയി സകലസൃഷ്ടിയോടും സുവിശേഷം പ്രസംഗിപ്പിന്‍'' എന്നു കല്പിച്ചു (മര്‍ക്കൊ: 16:15). ''ആകയാല്‍ നിങ്ങള്‍ പുറപ്പെട്ട്... സകലജാതികളെയും ശിഷ്യരാക്കിക്കൊള്‍വിന്‍ എന്നും കൂടി യേശു കല്പിച്ചിട്ടുണ്ട്. (മത്താ: 28:19,20) ഒരു മഹാനിയോഗത്തിന്റെ രണ്ടു ഭാഗങ്ങളാണ് ഈ രണ്ടു കല്പനകളും. ഈ രണ്ടു ഭാഗങ്ങളെയും പറ്റി സശ്രദ്ധം ചിന്തിക്കുകയും അവയെ അനുസരിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ദൈവത്തിന്റെ സമ്പൂര്‍ണ്ണഹിതം നിറവേറ്റുവാന്‍ നമുക്കു സാധിക്കുകയുള്ളു.
ഇതിന്റെ ഒന്നാമത്തെ പടി നാം പുറപ്പെട്ടു സകലരോടും സുവിശേഷം പ്രസംഗിക്കുക എന്നതാണ് (മര്‍ക്കൊ: 16:15). ഈ കല്പന വിശ്വാസിയായ ഒറ്റ വ്യക്തിക്കല്ല, പിന്നെയോ ക്രിസ്തുവിന്റെ മുഴുശരീരത്തിനുമാണ് നല്‍കപ്പെട്ടിട്ടുള്ളത്. ഏതെങ്കിലും ഒരു സൃഷ്ടിക്ക് അല്ലെങ്കില്‍ ഒരു പ്രാദേശികസഭയ്ക്ക് ലോകമെങ്ങുമുള്ള സകലമനുഷ്യരോടും സുവിശേഷം പ്രസംഗിക്കുവാന്‍ മാനുഷികമായി അസാധ്യമാണ്. ഈ യത്‌നത്തില്‍ നാമോരോര്‍ത്തര്‍ക്കും ഒരു ചെറിയ പങ്കുവഹിക്കാന്‍ മാത്രമേ പരമാവധി സാധ്യമാവുകയുള്ളു.
എങ്കിലും ആ പങ്ക്, അതെത്ര ചെറുതായിരുന്നാലും, നാം നിര്‍വഹിക്കുക തന്നെ വേണം. ഇവിടെയാണ് അപ്പോസ്തലപ്രവൃത്തികള്‍ 1:8-ാം വാക്യം നമ്മുടെ ചിന്തയ്ക്കു വിഷയമാവുന്നത്. ഒരു വിശ്വാസി ക്രിസ്തുവിന്റെ ഒരു സഫലസാക്ഷിയായിത്തീരണമെങ്കില്‍ പരിശുദ്ധാത്മാവ് അയാളുടെ മേല്‍ വരികയും അയാളെ ശക്തീകരിക്കുകയും ചെയ്യേണ്ടതാവശ്യമാണ്. എല്ലാവരും സുവിശേഷകന്മാരായി വിളിക്കപ്പെട്ടവരല്ലെന്ന കാര്യം നാം സൂക്ഷിച്ചു മനസ്സിലാക്കുക. എന്തെന്നാല്‍ എഫെസ്യര്‍: 4:11 വ്യക്തമാക്കുന്നതനുസരിച്ച് സഭയ്ക്ക് ചിലരെ മാത്രമേ സുവിശേഷകന്മാരായി ക്രിസ്തു നല്‍കിയിട്ടുള്ളു. എങ്കിലും എല്ലാവരും സാക്ഷികളാകുവാന്‍ വിളിക്കപ്പെട്ടവരാണ്.
ഒരു സുവിശേഷകന് ഒരു സാക്ഷിക്കുള്ളതിനെക്കാള്‍ വ്യാപകമായ ഒരു പ്രവര്‍ത്തനമണ്ഡലമുണ്ട്. ഒരു സാക്ഷിക്ക് അയാള്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന വൃത്തത്തില്‍ മാത്രമേ ക്രിസ്തുവിനെ അറിയിക്കേണ്ട കടമയുള്ളൂ. തന്റെ കുടുംബാംഗങ്ങളോടും അയല്‍ക്കാരോടും ജോലിസ്ഥലത്തുള്ള സഹപ്രവര്‍ത്തകരോടും ദിനംപ്രതി താന്‍ ഇടപെടുന്ന മിക്കവരോടും യാത്രയില്‍ താന്‍ കണ്ടുമുട്ടുന്നവരോടും ക്രിസ്തുവിനെ അറിയിക്കുവാന്‍ അയാള്‍ ബാധ്യസ്ഥനാണ്. ഇവിടെയാണ് നമ്മുടെ ലൗകികമായ ജീവിതവൃത്തി എന്തായിരുന്നാലും നമുക്കെല്ലാം സാക്ഷികളാകുവാന്‍ സാധിക്കുന്നത്.
എന്നാല്‍ ക്രിസ്തു തന്റെ സഭയ്ക്ക് സുവിശേഷകന്മാരെ നല്‍കിയിട്ടുണ്ട്. നഷ്ടമായിപ്പോയ മനുഷ്യവ്യക്തികളെ സമീപിക്കേണ്ട അധികം വ്യാപകമായ ഒരു ശുശ്രൂഷ ഇക്കൂട്ടര്‍ക്കുണ്ട്. എങ്കിലും സുവിശേഷകന്റെ കര്‍ത്തവ്യം നാം സാധാരണ കേള്‍ക്കാറുള്ളതുപോലെ ''ആത്മാക്കളെ നേടുക''യോ ആളുകളെ ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുകയോ മാത്രമല്ല. എഫെസ്യര്‍: 4:11, 12 വാക്യങ്ങള്‍ വ്യക്തമാക്കുന്നതുപോലെ ക്രിസ്തുവിന്റെ ശരീരത്തെ പണിതുയര്‍ത്തുകയാണ് അദ്ദേഹത്തിന്റെയും കടമ. ഇന്നത്തെ സുവിശേഷയത്‌നങ്ങള്‍ ഏറിയകൂറും ക്രിസ്തുവിന്റെ ശരീരം പണിതുയര്‍ത്തുന്നതുമായി ബന്ധപ്പെട്ടതല്ല ; പിന്നെയോ, വ്യക്തികളായ ചില ആത്മാക്കളെ രക്ഷിക്കുക മാത്രമാണ്. അപ്രകാരം രക്ഷിച്ചശേഷം ഈ വ്യക്തികളെ താന്താങ്ങളുടെ മരിച്ച സഭകളിലേക്കു തിരിച്ചയയ്ക്കുകയാണ് അവര്‍ ചെയ്യന്നത്. അവിടെ അവര്‍ വീണ്ടും നഷ്ടപ്പെട്ട ആത്മാക്കളായി മാറുന്നു. ഇനി ഏറിവന്നാല്‍ ഒരുതരം മന്ദോഷ്ണ വിശ്വാസികളായി മാത്രം അവര്‍ തീര്‍ന്നെന്നു വരാം. അങ്ങനെയുള്ളവരെ കര്‍ത്താവ് ഉമിണ്ണുകളയാനുള്ള സാധ്യതയാണ് നാം മുന്നില്‍ കാണുന്നത് (വെളി. 3:16).
രണ്ടുവിധമായാലും അവര്‍ ക്രിസ്തുവിന്റെ ശരീരത്തോടു ചേര്‍ത്തുപണിയപ്പെടുന്നില്ല. അതിനാല്‍ സാത്താന്റെ ലക്ഷ്യങ്ങള്‍ മാത്രമേ ഇത്തരം സുവിശേഷപ്രവര്‍ത്തനത്തിലൂടെ സാധിതമാകുന്നുള്ളൂ. എന്തെന്നാല്‍, മത്താ: 23:15 ല്‍ പറയുന്നതുപോലെ അയാള്‍ ഇരട്ടി നരകയോഗ്യനാകുവാനാണ് ഇടയാകുന്നത്. അയാള്‍ നേരത്തെതന്നെ നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്നത് ഒരു കാര്യം. ഇപ്പോള്‍ നഷ്ടാവസ്ഥയിലായിരിക്കെത്തന്നെ രക്ഷയിലെത്തിയതായി ഒരു സുവിശേഷകന്‍ അയാളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നത് രണ്ടാമത്തെ കാര്യവും. ഇത്തരം സുവിശേഷപ്രവര്‍ത്തനത്തിലൂടെ സാധിക്കുന്ന ഏകകാര്യം സുവിശേഷകന്റെ സ്വന്തസാമ്രാജ്യം വിസ്തൃതമാകുന്നുവെന്നതു മാത്രമാണ്. ഈ സുവിശേഷ യത്‌നത്തിനു പ്രേരകമായിത്തീരുന്നതെന്താണ്? പണം സമ്പാദിക്കുവാനോ മനുഷ്യരുടെ മാനം നേടുവാനോ രണ്ടിനുമോ ഉള്ള സുവിശേഷകന്റെ ദുരാഗ്രഹം മാത്രം!!
' മനുഷ്യരെ പിടിക്കുന്നവരെന്ന്' കര്‍ത്താവായ യേശു സുവിശേഷകന്മാരെ വിളിച്ചിട്ടുണ്ട്. എന്നാല്‍ മാനസാന്തരപ്പെടാത്ത 'ക്രിസ്തീയ'നേതാക്കളുടെയോ സമൂഹങ്ങളുടെയോ സഹകരണത്തോടും വോട്ടുപിടിത്തക്കാരായ രാഷ്ട്രീയക്കാരുടെ പ്രോത്സാഹനത്തോടുംകൂടെ നടത്തപ്പെടുന്ന സുവിശേഷപ്രവര്‍ത്തനം ധാരാളം തുളകളുളള ഒരു വലയിലൂടെ മീന്‍പിടിത്തം നടത്തുന്നതിനു തുല്യമാണ്. യേശു തന്റെ സുവിശേഷയോഗങ്ങള്‍ ഉദ്ഘാടനം ചെയ്യുവാനായി തന്നോടൊപ്പം പ്ലാറ്റ്‌ഫോമില്‍ ഇരിക്കുവാന്‍ അന്നാസിനെയോ കയ്യഫാവിനെയോ ഹെരോദാവിനെയോ പീലാത്തോസിനെയോ ക്ഷണിക്കുമായിരുന്നുവെന്ന് സങ്കല്പിക്കുവാന്‍ പോലും നമുക്കു സാധ്യമല്ല, മാനസാന്തരാനുഭവമില്ലാത്ത ഈ നേതാക്കന്മാരെ പ്രശംസിക്കുകയുംകൂടി ചെയ്യുന്നുണ്ട്.
ഇതു മാത്രമല്ല, ഇത്തരം വലകള്‍ ഉപയോഗിച്ച് പിടിച്ചെടുക്കപ്പെടുന്ന മത്സ്യം ചത്ത സഭാവിഭാഗങ്ങളാകുന്ന കടലിലേക്കുതന്നെ വീണ്ടും പോകുവാനിടയാകുക കൂടെച്ചെയ്യുന്നുണ്ട്. അടുത്ത സുവിശേഷ പരിപാടിയുടെ സമയത്ത് ഇവയെ വീണ്ടും പിടിക്കുകയും പഴയപടി സമുദ്രത്തിലേക്കുതന്നെ പിന്നെയും അവ പോകുവാനിടയാകുകയും ചെയ്യുന്നു. വിവിധ സഭാവിഭാഗങ്ങള്‍ ചേര്‍ന്നു നടത്തുന്ന സുവിശേഷ യോഗങ്ങളില്‍ ഈ പരിപാടി വീണ്ടും വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു. ഓരോ പരിപാടിയുടെയും സമയത്ത് ഉയര്‍ത്തപ്പെടുന്ന കൈകളുടെ എണ്ണമെടുക്കുകയും നിശ്ചയ കാര്‍ഡുകള്‍ ഒപ്പിട്ടു വാങ്ങുകയുമെല്ലാം ചെയ്യുന്നുണ്ടാവും. ഇത്തരം സുവിശേഷ യത്‌നം സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കല്ല, സാത്താന്റെ കിങ്കര സമൂഹത്തിനാണ് സന്തോഷം നല്‍കുന്നത്. കാരണം, ഇരട്ടി നരകയോഗ്യരാകുന്നവരെക്കുറിച്ച് ദൈവദൂതന്മാര്‍ക്ക് എങ്ങനെ സന്തോഷിപ്പാന്‍ കഴിയും? ഇന്നത്തെ സുവിശേഷ യോഗങ്ങളിലൂടെ ശേഖരിക്കപ്പെടുന്ന സ്ഥിതിവിവരക്കണക്കുകള്‍ തികച്ചും വഞ്ചനാത്മകമാണ്.
യേശു പാപങ്ങള്‍ ക്ഷമിക്കുന്നു, രോഗികളെ സൗഖ്യമാക്കുന്നുവെന്ന സന്ദേശം പ്രസംഗിക്കുന്നതോടൊപ്പം അടയാളങ്ങളും അദ്ഭുതങ്ങളും നടക്കുന്നുവെന്നിരുന്നാല്‍ തന്നെയും അത്തരം സുവിശേഷപ്രവര്‍ത്തനം മുഖേന എത്രപേര്‍ ശിഷ്യരായിത്തീരുകയും ക്രിസ്തുവിന്റെ ശരീരത്തോട് ചേര്‍ത്തു പണിയപ്പെടുകയും ചെയ്യുന്നുവെന്ന പ്രശ്‌നം പിന്നെയും അവശേഷിക്കുന്നു.
നമ്മുടെ കര്‍ത്താവിന്റെ അപ്പോസ്തലന്മാര്‍ ഒരിക്കലും ഇത്തരം സുവിശേഷയത്‌നങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. അവര്‍ മാനസാന്തരപ്പെട്ടവരെ ശിഷ്യരാക്കിത്തീര്‍ക്കുവാനും ആത്മീയമായി പണിയപ്പെടുവാനും വേണ്ടി അതാതിടങ്ങളിലുള്ള പ്രദേശികസഭകളിലേക്കു നയിക്കുകയാണ് ചെയ്തുപോന്നത്.
എഫെസ്യര്‍: 4:11-ല്‍ വിവരിച്ചിട്ടുള്ള അഞ്ചു ശുശ്രൂഷകള്‍ അപ്പോസ്തലന്മാര്‍, പ്രവാചകന്മാര്‍, ഇടയന്മാര്‍, സുവിശേഷകന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ എന്നിവരുടെ ശുശ്രൂഷകളാണ്. 1 കൊരിന്ത്യര്‍: 12:28-ല്‍ ഇവയെ മുന്‍ഗണനാ ക്രമത്തില്‍ ചേര്‍ത്തിട്ടുള്ളതായി നാം കാണുന്നു. ആ ഭാഗം നോക്കുക. ''ദൈവം സഭയില്‍ ഒന്നാമത് അപ്പൊസ്തലന്മാര്‍, രണ്ടാമത് പ്രവാചകന്മാര്‍, മൂന്നാമത് ഉപദേഷ്ടാക്കന്മാര്‍ ഇങ്ങനെ ഓരോരുത്തരെ നിയമിക്കയും പിന്നെ രോഗശാന്തികളുടെ വരം, സഹായം ചെയ്‌വാനുള്ള വരം, പരിപാലനവരം... എന്നിവ നല്‍കുകയും ചെയ്തു. രോഗശാന്തി വരം സുവിശേഷകന്മാരെ കുറിക്കുന്നു. പുതിയനിയമകാലത്തെ എല്ലാ സുവിശേഷകന്മാര്‍ക്കും രോഗശാന്തിവരം ഉണ്ടായിരുന്നു. പരിപാലനവരം എന്നത് ഇടയന്മാരെയും (പാസ്റ്റര്‍മാര്‍) കുറിക്കുന്നു.
ഇതനുസരിച്ച് ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുന്ന പ്രവര്‍ത്തനത്തില്‍ സുവിശേഷകന്മാരെ അപേക്ഷിച്ച് അപ്പോസ്തലന്മാര്‍, പ്രവാചകന്മാര്‍, ഉപദേഷ്ടാക്കന്മാര്‍ എന്നിവരുടെ ശുശ്രൂഷകള്‍ അധികം പ്രാധാന്യമര്‍ഹിക്കുന്നതായി ഈ ഭാഗം വ്യക്തമാക്കുന്നു. അപ്പൊസ്തലന്‍, പ്രവാചകന്‍, ഉപദേഷ്ടാവ് എന്നീ ശുശ്രൂഷകള്‍ക്കു വിധേയമായി ദൈവനിശ്ചിതമായ തന്റെ പ്രവര്‍ത്തനം നിര്‍വഹിക്കുമ്പോഴാണ് ഒരു സുവിശേഷകന് തന്റെ യഥാര്‍ത്ഥമായ സ്ഥാനം കണ്ടെത്തുവാന്‍ കഴിയുന്നത്. അപ്പോള്‍ മാത്രമേ ക്രിസ്തുവിന്റെ ശരീരം പണിതുയര്‍ത്തുന്നതില്‍ അയാളുടെ ശുശ്രൂഷ പ്രയോജനം നല്‍കുന്നുള്ളൂ. ഇവിടെയാണ് ഇരുപതാംനൂറ്റാണ്ടിലെ സുവിശേഷപ്രവര്‍ത്തനം ദൈവവചനത്തില്‍ നിന്നകന്നുപോയിട്ടുള്ളത്.
നമ്മുടെ കര്‍ത്താവിന്റെ മഹാനിയോഗത്തിന്റെ രണ്ടാം ഭാഗം സകലജാതികളില്‍ നിന്നും ശിഷ്യന്മാരെ ഉണ്ടാക്കിക്കൊള്‍വിന്‍ എന്നതാണ് (മത്തായി: 28:19,20). ഈ നിയോഗത്തിന്റെ വെളിച്ചത്തില്‍ നോക്കുമ്പോള്‍ മാത്രമേ സുവിശേഷപ്രവര്‍ത്തനത്തിന്റെ ലക്ഷ്യം പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ നമുക്കു സാധ്യമാവുകയുള്ളൂ. മാനസാന്തരം പ്രാപിക്കാത്തവരെപ്പറ്റിയുള്ള ദൈവിക പദ്ധതി പൂര്‍ണ്ണമായും നിറവേറുന്നത് ഈ വിധത്തിലാണ്.
മാനസാന്തരപ്പെട്ട വ്യക്തിയെ ഒരു ശിഷ്യനാക്കിത്തീര്‍ക്കേണ്ടതാണ് ആവശ്യം.
ദൗര്‍ഭാഗ്യവശാല്‍ മാനസാന്തരപ്പട്ടവനെന്നറിയപ്പെടുന്ന വ്യക്തി തന്നെയും ഇന്ന് യഥാര്‍ത്ഥമാനസാന്തരം സംഭവിച്ച ഒരുവനായിരിക്കുന്നില്ല. കാരണം, പലരുടെയും കാര്യത്തില്‍ അവര്‍ക്ക് വേണ്ടതുപോലെയുള്ള ഒരു മാനസാന്തരം ഉണ്ടാവുന്നില്ല. സുവിശേഷയോഗത്തില്‍ അയാളോട് താന്‍ യേശുവില്‍ വിശ്വസിക്കണമെന്നു മാത്രമായിരിക്കും പ്രബോധിപ്പിച്ചിട്ടുള്ളത്. പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നതിനെപ്പറ്റിയോ സക്കായി ചെയ്തതുപോലെയുള്ള പരിഹാരകര്‍മ്മങ്ങളെക്കുറിച്ചോ അയാള്‍ക്കു പ്രബോധനം ലഭിച്ചിരിക്കയില്ല. ഇപ്രകാരമുള്ള ആളുകള്‍ തങ്ങളുടെ പാപങ്ങളെ ഉപേക്ഷിക്കുവാനായിട്ടല്ല, പിന്നെയോ യേശുവില്‍നിന്ന് അനുഗ്രഹവും സൗഖ്യവും പ്രാപിക്കുവാനായിട്ടാണ് അവിടുത്തെ അടുക്കല്‍ വരുന്നത്. ഇപ്രകാരം മാനസാന്തരം വന്നവരെന്നു കരുതപ്പെടുന്നവരില്‍ ഭൂരിപക്ഷവും മാസം തികയുന്നതിനുമുമ്പ് സ്ഥിതി വിവരക്കണക്കുകള്‍ക്കുവേണ്ടി അക്ഷമരായ സൂതികര്‍മ്മിണികളാല്‍ മാതൃഗര്‍ഭത്തില്‍ നിന്നു വലിച്ചെടുക്കപ്പെട്ട ശിശുക്കളെപ്പോലെയാണ്. മാസം തികയാത്ത ഇത്തരം കുട്ടികള്‍ സാധാരണഗതിയില്‍ വളരെവേഗം മൃതിയടയുന്നു. അല്ലാത്തപക്ഷം തങ്ങളുടെ പാസ്റ്റര്‍മാര്‍ക്ക് അനവധി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് ജീവിതകാലം മുഴുവന്‍ പ്രശ്‌നസന്തതികളായി അവശേഷിച്ചെന്നും വരാം. ഇത്തരം ആളുകളെ നമുക്കു" പിന്മാറ്റക്കാരെന്നു" വിളിക്കുവാന്‍ സാധ്യമല്ല. എന്തെന്നാല്‍ ഒന്നാമത് അവര്‍ എപ്പോഴെങ്കിലും" മുന്നോട്ടു" വന്നിട്ടുള്ളവരല്ല!!! മാനസാന്തരപ്പെടുന്ന ഒരു പാപിയെച്ചൊല്ലി ദൈവദൂതന്മാര്‍ക്കിടയില്‍ സന്തോഷം ഉണ്ടാകുമെന്നാണ് യേശു പറഞ്ഞിട്ടുള്ളത്. മാനസാന്തരപ്പെടാതെ വിശ്വസിക്കുക മാത്രം ചെയ്തവരെപ്പറ്റിയല്ല ആ പ്രസ്താവന (ലൂക്കോസ്: 15:7,10).
സക്കായി മുന്‍കാലത്തു ചെയ്തിരുന്ന എല്ലാ സാമ്പത്തികതെറ്റുകള്‍ക്കും പ്രായശ്ചിത്തം ചെയ്യുമെന്ന് അയാള്‍ വാഗ്ദാനം ചെയ്തപ്പോള്‍ മാത്രമാണ് ''ഈ വീടിനു രക്ഷ വന്നു'' എന്ന് യേശു പ്രസ്താവിച്ചത്. അതിനുമുമ്പ് അവിടുന്ന് അപ്രകാരം പ്രസ്താവിച്ചില്ല (ലൂക്കോസ്: 19:9). ദൗര്‍ഭാഗ്യവശാല്‍ ഇന്നത്തെ സുവിശേഷകന്മാര്‍ പ്രായശ്ചിത്തത്തിന്റെ യാതൊരു സൂചനയും ഉണ്ടാകുന്നതിനു മുമ്പുതന്നെ ''രക്ഷ വന്നു''വെന്നു പ്രഖ്യാപിക്കുന്നവരാണ്!
എന്നാല്‍ സമ്പൂര്‍ണ്ണമായൊരു പശ്ചാത്താപം സംഭവിക്കയും ഒരു വ്യക്തി യഥാര്‍ത്ഥമായി മാനസാന്തരപ്പെടുകയും ചെയ്യുന്ന അവസരങ്ങളില്‍പ്പോലും ആ വ്യക്തിയെ സംബന്ധിച്ച ദൈവഹിതം നിറവേറണമെങ്കില്‍ അയാള്‍ ശിഷ്യത്വത്തിലേക്കു നടത്തപ്പെടേണ്ടതാവശ്യമാണ്. ശിഷ്യത്വത്തിലേക്കു നയിക്കാത്ത സുവിശേഷപ്രയത്‌നം അപൂര്‍ണ്ണമായ ഒരു പ്രവര്‍ത്തനം മാത്രമാണ്.
മാനസാന്തരപ്പെട്ട ആളുകളെ ശിഷ്യത്വത്തിലേക്കു നയിക്കുവാന്‍ കഴിയുന്നവരോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് സുവിശേഷകനെ തടയുന്നത് പലപ്പോഴും അദ്ദേഹത്തിന്റെ സ്വന്തസാമ്രാജ്യം പടുത്തുയര്‍ത്തുവാനുള്ള ദുര്‍മ്മോഹമാണ്. വിധിക്കരുത് എന്നു നമ്മോടു കര്‍ത്താവ് കല്പിച്ചിട്ടുള്ളതിനാല്‍ നമുക്ക് അത്തരം സുവിശേഷകരെ വിധിക്കാതിരിക്കാം. എങ്കിലും തങ്ങള്‍ മൂലം മാനസാന്തരത്തിലേക്കു വന്നവരെ ശിഷ്യരായിത്തീരുന്നതില്‍ നിന്നും തടഞ്ഞ പ്രവൃത്തിക്ക് അന്തിമദിനത്തില്‍ ഇത്തരം സുവിശേഷകന്മാര്‍ കണക്കു ബോധിപ്പിക്കേണ്ടിവരും.
ആളുകളെ മാനസാന്തരത്തിലേക്കും വിശ്വാസത്തിലേക്കും നയിക്കുക എന്ന പ്രഥമപടിയെ തുടര്‍ന്ന് മര്‍ക്കോസ്; 16:16-ല്‍ കര്‍ത്താവ് പ്രസ്താവിച്ചിട്ടുള്ളതുപോലെയും പെന്തക്കോസ്തുനാളില്‍ പത്രോസ് പ്രസംഗിച്ചതുപോലെയും (അപ്പോ: പ്ര: 2:38) ജലസ്‌നാനം അവര്‍ക്കു നല്‍കപ്പടേണ്ടതാണ്. മത്തായി: 28:19, 20 വാക്യങ്ങളും ജലസ്‌നാനത്തിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്നുണ്ട്. അതിനാല്‍ വീണ്ടും ജനനം പ്രാപിച്ചവര്‍ക്കുണ്ടാകേണ്ട അടുത്ത കാല്‍വയ്പ് ഇതാണ്.
ഇവയ്ക്കുശേഷം ആ വ്യക്തി ഒരു ശിഷ്യനെന്ന നിലയില്‍ പ്രതിദിന ജീവിതത്തില്‍ കര്‍ത്താവിനെ അനുഗമിക്കേണ്ടതത്രേ.
ലൂക്കോസ്: 14:25 മുതല്‍ 35 വരെയുള്ള വാക്യങ്ങളില്‍ ശിഷ്യത്വത്തിന്റെ വ്യവസ്ഥകള്‍ വളരെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.
അവിടെ ഒരു ഗോപുരം പണിയുവാന്‍ പണമില്ലാത്തതുമൂലം അതു പൂര്‍ത്തിയാക്കുവാന്‍ കഴിയാതെപോയ ഒരു മനുഷ്യന്റെ ദൃഷ്ടാന്തം യേശു എടുത്തു കാണിച്ചിട്ടുണ്ട് (വാക്യം: 28-30) ഒരു ശിഷ്യനാകുവാന്‍ നാം ഒരു വില കൊടുക്കേണ്ടതുണ്ടെന്ന് ഇത് തെളിയിക്കുന്നു. പണിയുവാനാരംഭിക്കുന്നതിനു മുമ്പു തന്നെ ഇരുന്ന് അതിന്റെ വില കണക്കാക്കി നോക്കുവാന്‍ യേശു നമ്മോടാവശ്യപ്പെടുന്നു.
നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട ശേഷം ശിഷ്യത്വത്തിന്റെ വിലയെന്തെന്നു മനസ്സിലാക്കുവാന്‍ വളരെ വര്‍ഷങ്ങള്‍ നാം കാത്തിരിക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നില്ല. ആളുകള്‍ തന്റെ അടുക്കല്‍ വന്ന ഉടന്‍തന്നെ ശിഷ്യത്വത്തിന്റെ വിലയെപ്പറ്റി കര്‍ത്താവ് അവരോട് പറയുകയുണ്ടായി. ഒരു ശിഷ്യനാകുവാന്‍ മനസ്സില്ലാത്ത ഒരുവന്‍ ഉപ്പുരസം നഷ്ടപ്പെട്ടുപോയ ഉപ്പുപോലെ പ്രയോജനശൂന്യനാണെന്നും കര്‍ത്താവ് പറഞ്ഞു. (ലൂക്കോസ്: 14:35).
മാനസാന്തരപ്പെട്ട ഒരുവന്‍ ഒരു ശിഷ്യനാകണമെങ്കില്‍ ആദ്യം തന്നെ കര്‍ത്താവിനെ പിന്തുടരുന്നതില്‍ നിന്ന് അവനെ തടയുന്ന സ്വജനങ്ങളോടുള്ള അടുപ്പം അവന്‍ വിച്ഛേദിക്കേണ്ടതാണ്. (ലൂക്കോസ്: 14:26) രണ്ടാമത് തന്നെത്താന്‍ ത്യജിക്കുവാനും തന്റെ അഹന്താജീവിതത്തെ മരിപ്പിക്കുവാനും അവന്‍ സന്നദ്ധനാകണം (ലൂക്കോ: 14:27). മൂന്നാമത്, ഭൗതിക സമ്പത്തുകളോടുള്ള തന്റെ സ്‌നേഹം അവന്‍ ഉപേക്ഷിക്കണം (ലൂക്കോസ്: 14:33) ഒരു ശിഷ്യനാകുവാന്‍ ആഗ്രഹിക്കുന്ന ഏതൊരാളും നിറവേറ്റണ്ട മുന്നു വ്യവസ്ഥകള്‍ ഇവയാണ്.
ശിഷ്യത്വത്തിന്റെ ഒന്നാമത്തെ വ്യവസ്ഥ നാം നമ്മുടെ ബന്ധുജനങ്ങളോടുള്ള പ്രകൃതിസിദ്ധവും അയോഗ്യവുമായ സ്‌നേഹം പരിത്യജിക്കണം എന്നതത്രേ.
യേശു ഇപ്രകാരം പറഞ്ഞു: ''എന്റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകക്കാതിരിക്കുകയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല (ലൂക്കോസ്: 14:26).
ഇവ ശക്തമായ വാക്കുകള്‍ തന്നെ.' പകയ്ക്കുക 'എന്നതിന്റെ അര്‍ത്ഥമെന്താണ്? പകയ്ക്കുക എന്നത് കൊല്ലുക എന്നതുതന്നെ (1 യോഹ: 3:15) ഇവിടെ നാം കൊല്ലേണ്ടത് നമ്മുടെ സ്വജനങ്ങളോടുള്ള നമുക്കുള്ള പ്രകൃതിസിദ്ധമായ പറ്റുമാനമാണ്
നാം അവരെ സ്‌നേഹിക്കരുതെന്ന് ഇതുകൊണ്ടര്‍ത്ഥമാകുന്നുണ്ടോ? തീര്‍ച്ചയായും ഈ വാക്കുകള്‍ക്ക് ആ അര്‍ത്ഥമില്ല. അവരോടുള്ള മാനുഷികമായ പറ്റുമാനം (മളളലരശേീി) നാം വെടിയുമ്പോള്‍ ദൈവം അതിനു പകരമായി ദിവ്യസ്‌നേഹം നമുക്കു നല്‍കും. അപ്പോള്‍ സ്വജനങ്ങളോടുള്ള നമ്മുടെ സ്‌നേഹം സംശുദ്ധമായിത്തീരും. അര്‍ത്ഥമിതാണ്: സ്വജനങ്ങളല്ല, ദൈവം തന്നെ എപ്പോഴും നമ്മുടെ സ്‌നേഹത്തിന്റെ ഒന്നാമത്തെ വിഷയമായിത്തീരും.
തങ്ങളുടെ പിതാവിനെയും മാതാവിനെയും ഭാര്യയെയും മറ്റും അപ്രീതാരാക്കുവാന്‍ ഭയപ്പെടുക മൂലം പലരും ദൈവത്തെ അനുസരിക്കുന്നില്ല. നമ്മുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം തനിക്കായിരിക്കണമെന്ന് കര്‍ത്താവ് ആവശ്യപ്പെടുന്നു. ആ സ്ഥാനം അവിടുത്തേക്കു നാം കൊടുക്കാത്തപക്ഷം നമുക്ക് അവിടുത്തെ ശിഷ്യരാകുവാന്‍ സാധ്യമല്ല. നമ്മുടെ ജീവിതത്തില്‍ സകലത്തിനും അധീശന്‍ കര്‍ത്താവായിരിക്കണം. അല്ലാത്തപക്ഷം അവിടുന്ന് നമ്മുടെ അധീശനേ ആവുകയില്ല.
യേശു ഭൂമിയിലായിരുന്ന കാലത്ത് കാണിച്ചുതന്ന ദൃഷ്ടാന്തമോര്‍ക്കുക. വിധവയായ തന്റെ മാതാവിനെ താന്‍ സ്‌നേഹിച്ചിരുന്നുവെങ്കിലും ചെറിയ കാര്യങ്ങളില്‍പ്പോലും പിതാവിന്റെ പരിപൂര്‍ണ്ണഹിതത്തില്‍ നിന്നു തന്നെ അകറ്റുവാന്‍ ഒരിക്കലും അവിടുന്ന് അവരെ അനുവദിച്ചില്ല. കാനാവിലെ കല്യാണത്തിന്റെ സമയത്ത് തന്റെ മാതാവിന്റെ പ്രേരണയനുസരിച്ചു പ്രവര്‍ത്തിക്കുവാന്‍ അവിടുന്നു വിസമ്മതിച്ചതില്‍ നാം ഇതിനുള്ള ഒരു ദൃഷ്ടാന്തം കാണുന്നു (യോഹ: 2:4).
നമ്മുടെ സഹോദരന്മാരെ ഏതുവിധമാണ് നാം' വെറുക്കേണ്ടതെന്ന 'കാര്യവും യേശു നമ്മെ പഠിപ്പിച്ചു. ക്രൂശുമരണത്തിലേക്കു പോകുന്നതില്‍ നിന്നു പത്രോസ് തന്നെ തടഞ്ഞപ്പോള്‍ അവിടുന്നു തിരിഞ്ഞു പത്രോസിനെ ശാസിച്ചു. ഏതെങ്കിലുമൊരു മനുഷ്യവ്യക്തിയോട് താന്‍ എന്നെങ്കിലും ഉച്ചരിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവുമധികം മൂര്‍ച്ചയുള്ള വാക്കുകളാണ് അവിടെ കര്‍ത്താവ് പത്രോസിനോടു പറഞ്ഞത്. ''സാത്താനേ, എന്നെ വിട്ടുപോ. നീ എനിക്ക് ഇടര്‍ച്ചക്കല്ലാണ്'' എന്നാണ് കര്‍ത്താവ് പറഞ്ഞത് (മത്തായി: 16:23). വളരെ മാനുഷികസ്‌നേഹത്തോടെയായിരുന്നു പത്രോസ് കര്‍ത്താവിനോട് ഒരഭിപ്രായം പറഞ്ഞത്. എന്നാല്‍ പത്രോസ് അഭിപ്രായപ്പെട്ട കാര്യം തന്റെ പിതാവിന്റെ ഹിതത്തിനു വിരുദ്ധമായിരുന്നതിനാല്‍ യേശു അവനെ ശാസിച്ചു.
യേശുവിന്റെ സ്‌നേഹബന്ധനങ്ങളില്‍ സര്‍വോന്നതമായ സ്ഥാനം പിതാവിനായിരുന്നു. നമുക്കും തന്റെ നേരേ അതേ മനോഭാവം ഉണ്ടായിരിക്കണമെന്ന് യേശു ആഗ്രഹിക്കുന്നു. തന്റെ ഉയിര്‍ത്തെഴുന്നേല്പിനുശേഷം പത്രോസിനെ തന്റെ സഭയുടെ ഒരിടയനാക്കിത്തീര്‍ക്കുന്നതിനുമുമ്പ് അവിടുന്നു പത്രോസിനോട് ഭൂമിയില്‍ സകലത്തിലുമധികം അദ്ദേഹം തന്നെ സ്‌നേഹിക്കുന്നുവോ എന്നു ചോദിച്ചു (യോഹ:21:15-17). കര്‍ത്താവിനെ എല്ലാറ്റിലുമധികം സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ സഭയില്‍ അവിടുന്നു ചുമതലകള്‍ നല്‍കുന്നുള്ളു.
എഫെസോസിലെ സഭയുടെ നേതാവിന് കര്‍ത്താവിനോടുണ്ടായിരുന്ന ആദ്യസ്‌നേഹം നഷ്ടപ്പെട്ടുപോയതുമൂലം അയാള്‍ കര്‍ത്താവിനാല്‍ പുറന്തള്ളപ്പെടുവാനിടയുള്ള ഒരവസ്ഥയിലായിരുന്നു (വെളി: 2:1-5).
സങ്കീര്‍ത്തനക്കാരനെപ്പോലെ നമുക്കും ''സ്വര്‍ഗ്ഗത്തില്‍ നീയല്ലാതെ എനിക്ക് ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ മറ്റൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല'' എന്നു പറയുവാന്‍ കഴിയുമെങ്കില്‍ ശിഷ്യത്വത്തിന്റെ ആദ്യവ്യവസ്ഥ നാം നിറവേറ്റിയിരിക്കുന്നു (സങ്കീ: 73:25).
യേശു നമ്മില്‍ നിന്നാവശ്യപ്പെടുന്നത് അവിടുത്തെപ്പറ്റി ആവേശജനകമായ ഭക്തിഗാനങ്ങള്‍ ആലപിക്കുന്ന ഒരു സ്‌നേഹമല്ല. ഒരിക്കലുമല്ല. നാം അവിടുത്തെ സ്‌നേഹിക്കുന്നുവെങ്കില്‍ അവിടുത്തെ അനുസരിക്കുന്നവരായി നാം തീരും (യോഹ: 14:21).
ശിഷ്യത്വത്തിന്റെ രണ്ടാമത്തെ വ്യവസ്ഥ നമ്മുടെ സ്വയജീവിതത്തെ നാം വെറുക്കണം എന്നുള്ളതാണ്. ''എന്റെ അടുക്കല്‍ വരികയും സ്വന്തജീവനെ പകയ്ക്കാതിരിക്കയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല'' എന്നു കര്‍ത്താവു പറഞ്ഞിട്ടുണ്ട് (ലൂക്കോ: 14:26).
ഈ കാര്യം കൂടുതല്‍ വിശദീകരിപ്പാനായി ''തന്റെ ക്രൂശെടുത്തുകൊണ്ട് എന്റെ പിന്നാലെ വരാത്തവനും എന്റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല'' എന്നും കൂടി കര്‍ത്താവ് തുടര്‍ന്നു പറഞ്ഞു (ലൂക്കോ: 14:27). യേശുവിന്റെ ഉപദേശങ്ങളില്‍വച്ച് ഏറ്റവും കുറവായിമാത്രം ആളുകള്‍ മനസ്സിലാക്കിയിട്ടുള്ള ഒരു കാര്യമാണിത്.
ഒരു ശിഷ്യന്‍''തന്നെത്താന്‍ ത്യജിച്ച് നാള്‍തോറും തന്റെ ക്രൂശ് എടുക്കണ''മെന്ന് യേശു പഠിപ്പിച്ചു (ലൂക്കോ: 14:26) എല്ലാ ദിവസവും ബൈബിള്‍ വായിക്കയും പ്രാര്‍ത്ഥിക്കയും ചെയ്യുന്നതിനേക്കാള്‍ പ്രധാനമായിട്ടുള്ളതാണ് നാള്‍തോറും നാം നമ്മെത്തന്നെ ത്യജിച്ച് ക്രൂശെടുക്കണമെന്നത്. തന്നെത്താന്‍ ത്യജിക്കുക എന്നത് ആദാമില്‍ നിന്നും നമുക്കു ജന്മസിദ്ധമായി ലഭിച്ചിട്ടുള്ള നമ്മുടെ സ്വന്തജീവനെ പകയ്ക്കുക തന്നെയാണ്. ക്രൂശെടുക്കുക എന്നതിന്റെ അര്‍ത്ഥവും ആ സ്വയജീവിതത്തെ മരണത്തിനേല്പിക്കുക എന്നതുതന്നെ. ആ ജീവനെ നാം മരിപ്പിക്കുന്നതിനുമുമ്പ് ആദ്യമായി അതിനെ നാം വെറുക്കേണ്ടതാണ്.
ക്രിസ്തുവിന്റെ ജീവന്റെ പ്രധാനശത്രു നമ്മുടെ സ്വയജീവന്‍ അഥവാ അഹന്തയാണ്. ബൈബിള്‍ ഇതിനെ' ജഡം' എന്നുവിളിക്കുന്നു. എപ്പോഴും നമ്മുടെ സ്വന്ത ഇഷ്ടം ചെയ്യുവാനും സ്വന്ത ലാഭമന്വേഷിക്കുവാനും, സ്വന്തം മാനം തേടുവാനും, സ്വന്തസുഖം ആര്‍ജ്ജിക്കുവാനും, സ്വന്ത വഴി കൈക്കൊള്ളുവാനുമെല്ലാം, നമ്മെ പ്രേരിപ്പിക്കുന്ന ദുര്‍മ്മോഹങ്ങളുടെ ഒരു കലവറയാണ് നമ്മുടെ ജഡം.
നാം സത്യസന്ധരാണെങ്കില്‍ നമ്മുടെ ഏറ്റവും നല്ല പ്രവൃത്തികള്‍ പോലും നമ്മുടെ ദുഷിച്ച മോഹങ്ങളില്‍ നിന്നുയര്‍ന്നുവരുന്ന ദുഷ്‌പ്രേരണകളാല്‍ ദൂഷിതമാണെന്ന് നാം സമ്മതിക്കേണ്ടിവരും. ഈ ജഡത്തെ നാം വെറുക്കുന്നില്ലെങ്കില്‍ കര്‍ത്താവിനെ പിന്തുടരുവാന്‍ നമുക്ക് ഒരിക്കലും സാധ്യമല്ലാതെ വരും.
ഈ കാരണത്താലാണ് സ്വന്തജീവനെ വെറുക്കുന്നതിനെപ്പറ്റി (അഥവാ നഷ്ടമാക്കുന്നതിനെപ്പറ്റി) യേശു വളരെ സംസാരിച്ചു. വാസ്തവത്തിൽ സുവിശേഷങ്ങളിൽ ഈ പദപ്രയോഗം ഏഴു തവണ ആവർത്തിക്കുന്നു(മത്തായി: 10:39; 16:25; മര്‍ക്കോസ്: 8:35; ലൂക്കോസ്: 9:24; 14:26; 17:33; യോഹ: 12:25). സുവിശേഷങ്ങളില്‍ പലപ്രാവശ്യം കൂടെക്കൂടെ ആവര്‍ത്തിച്ചിട്ടുള്ള ഒരു വചനമാണിത്. എങ്കിലും ഇക്കാര്യം വളരെക്കുറച്ചേ പ്രസംഗിക്കപ്പെടുന്നുള്ളു. വളരെക്കുറവായി മാത്രം ആളുകള്‍ മനസ്സിലാക്കിയിട്ടുള്ള ഒരു സത്യമായും ഇത് ശേഷിക്കുന്നു.
സ്വന്തജീവനെ വെറുക്കുക എന്നുപറഞ്ഞാല്‍ നമ്മുടെ സ്വന്തമായ അവകാശങ്ങളും പദവികളും ഉപേക്ഷിക്കുക, സ്വന്തപ്രശസ്തി അന്വേഷിക്കാതിരിക്കുക, സ്വന്തമായ ഉയര്‍ച്ചയും താല്‍പര്യങ്ങളും വിട്ടുകളയുക, സ്വന്തമായ വഴി തേടുന്നതില്‍നിന്നു വിരമിക്കുക എന്നിവയെല്ലാമാണ്. ഈ വഴിയില്‍ക്കൂടെ പോകുവാന്‍ നാം സന്നദ്ധരാണെങ്കില്‍ മാത്രമേ യേശുവിന്റെ ശിഷ്യരാകുവാന്‍ നമുക്കു സാധ്യമാകയുള്ളു.
ശിഷ്യത്വത്തിന്റെ മൂന്നാമത്തെ വ്യവസ്ഥ നമ്മുടേതായ എല്ലാ സമ്പത്തുകളും ഉപേക്ഷിക്കുക എന്നതാണ്, യേശുക്രിസ്തു അരുളിച്ചെയ്തു: ''അങ്ങനെ തന്നേ നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കില്‍ അവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല'' (ലൂക്കോ: 14:33).
നമ്മുടെ സമ്പത്തുക്കള്‍ എന്നുവച്ചാല്‍ നമ്മുടെ സ്വന്തമായി നമുക്കുള്ള സകലവും ആണ്. അവയെല്ലാം വിട്ടുകളയുക എന്നത് അവയിലൊന്നിനെയും നമ്മുടെ സ്വന്തമായി മേലാല്‍ കരുതാതിരിക്കുക എന്നതുതന്നെ.
അബ്രഹാമിന്റെ ജീവിതത്തില്‍ ഇതിനുള്ള ഒരു ദൃഷ്ടാന്തം നാം കാണുന്നു. യിസ്ഹാക്ക് അദ്ദേഹത്തിന്റെ സ്വന്തപുത്രന്‍, അദ്ദേഹത്തിനുള്ളവന്‍, ആയിരുന്നു. ഒരുദിവസം യിസ്ഹാക്കിനെ ഒരു യാഗമായി അര്‍പ്പിക്കുവാന്‍ ദൈവം അബ്രഹാമിനോടാവശ്യപ്പെട്ടു. അതനുസരിച്ച് അബ്രഹാം യിസ്ഹാക്കിനെ കൈകാലുകള്‍ കെട്ടി യാഗപീഠത്തില്‍ കിടത്തി. അവനെ കൊല്ലുവാന്‍ അദ്ദേഹം സന്നദ്ധനായിരുന്നു. എന്നാല്‍ ദൈവം ഇടയില്‍ക്കടന്ന് അതിനെ തടസ്സപ്പെടുത്തുകയും അനുസരിക്കുവാനുള്ള തന്റെ സമ്മതം അബ്രഹാം പ്രകടിപ്പിക്കുക മൂലം ഇനി അവനെ യാഗം കഴിക്കേണ്ട ആവശ്യമില്ലെന്നു പറയുകയും ചെയ്തു (ഉല്‍പത്തി: 22). അതിനുശേഷം യിസ്ഹാക്ക് തന്റെ വീട്ടിലുണ്ടായിരുന്നെങ്കിലും അബ്രഹാം തന്റെ സ്വന്തമായി അവനെ കരുതിയിരുന്നില്ല. കാരണം, യിസ്ഹാക്ക് അപ്പോള്‍ ദൈവത്തിന്റെ വകയായിത്തീര്‍ന്നിരുന്നു.
നമ്മുടെ എല്ലാ വസ്തുവകകളും ഉപേക്ഷിക്കുക എന്നു പറയുന്നതിന്റെ അര്‍ത്ഥം ഇതത്രേ. നമുക്കുള്ളതൊക്കെയും നാം യാഗപീഠത്തിന്മേല്‍ വയ്ക്കുകയും ദൈവത്തിനായി വിട്ടുകൊടുക്കുകയും വേണം.
ഇപ്രകാരം വിട്ടുകൊടുക്കുന്നവയില്‍ ചില കാര്യങ്ങള്‍ ഉപയോഗിച്ചുകൊള്ളുവാന്‍ ദൈവം നമ്മെ അനുവദിച്ചേക്കാം. എന്നാല്‍ അവയൊന്നും നമുക്കുള്ളതായി മേലാല്‍ നാം കരുതരുത്. നമ്മുടെ സ്വന്തഭവനത്തില്‍ നാം താമസിക്കുകയാണെങ്കിലും ഈ വീട് ദൈവത്തിനുള്ളതാണെന്നും വാടകകൂടാതെ അതില്‍ താമസിച്ചുകൊള്ളുവാന്‍ ദൈവം നമ്മെ അനുവദിച്ചിരിക്കുന്നുവെന്നും നാം കരുതണം. ഇതാണ് യഥാര്‍ത്ഥമായി ശിഷ്യത്വം.
നമ്മുടെ എല്ലാ വസ്തുവകകളുടെ കാര്യത്തിലും ഇപ്രകാരമൊരു നിലപാട് നാം സ്വീകരിച്ചിട്ടുണ്ടോ? നമ്മുടെ വസ്തുവകകളില്‍ നമ്മുടെ ബാങ്ക് അക്കൗണ്ട്, ഭൂസ്വത്ത്, ജോലി, പരീക്ഷായോഗ്യത, കഴിവുകള്‍, ഭാര്യാപുത്രാദികള്‍ എന്നിങ്ങനെ ഭൂമിയില്‍ നാം വിലമതിക്കുന്നതെല്ലാം ഉള്‍പ്പെടുന്നു. യഥാര്‍ത്ഥ ശിഷ്യന്മാരാകുവാന്‍ നാം ആഗ്രഹിക്കുന്നപക്ഷം ഇവയെല്ലാം നാം യാഗപീഠത്തിന്മേല്‍ സമര്‍പ്പിക്കണം.
അപ്പോള്‍ മാത്രമേ ദൈവത്തെ മുഴുഹൃദയത്തോടും സ്‌നേഹിക്കുവാന്‍ നമുക്കു കഴിയൂ. ഇതാണ് മത്തായി: 5:8-ല്‍ കര്‍ത്താവ് സംസാരിച്ച 'വിശുദ്ധഹൃദയം'. ശുദ്ധമായ ഒരു മനസ്സാക്ഷി ഉണ്ടായിരുന്നാല്‍ മാത്രം മതിയാവുകയില്ല. ശുദ്ധമനസ്സാക്ഷിയുടെ അര്‍ത്ഥം അറിയപ്പെടുന്ന എല്ലാ പാപവും നാം ഉപേക്ഷിച്ചിരിക്കുന്നു എന്നുമാത്രമാണ്. എന്നാല്‍ ഒരു വിശുദ്ധഹൃദയമെന്നതിന് സകലവും നാം കൈവിട്ടിരിക്കുന്നു എന്നാണര്‍ത്ഥം.
അതിനാല്‍ യഥാര്‍ത്ഥമായ ശിഷ്യത്വം എന്നതില്‍
ഈ കാര്യങ്ങള്‍ വ്യക്തമായും സത്യസന്ധമായും നാം അഭിമുഖീകരിക്കുന്നില്ലെങ്കില്‍ നമ്മുടെ ജീവിതത്തെ സംബന്ധിച്ച ദൈവത്തിന്റെ മുഴുവന്‍ ഉദ്ദേശ്യവും നിറവേറ്റുവാന്‍ നമുക്കു സാധ്യമാവുകയില്ല.
ശിഷ്യത്വത്തിന്റെ ഈ സന്ദേശത്തെ അല്പംപോലും വിട്ടുവീഴ്ചയില്ലാതെ സുവിശേഷം പ്രസംഗിക്കുന്നവര്‍ പ്രഖ്യാപിക്കുന്നില്ലെങ്കില്‍ ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുവാന്‍ അസാധ്യമത്രേ.
കര്‍ത്താവ് നല്‍കിയിട്ടുള്ള എല്ലാ കല്പനകളും അനുസരിപ്പാന്‍ തക്കവണ്ണം ശിഷ്യന്മാരെ ഉപദേശിക്കണമെന്ന് മത്താ: 28:20-ല്‍ തുടര്‍ന്നും പറയുന്നു: ഇതാണ് ശിഷ്യത്വത്തിന്റെ മാര്‍ഗ്ഗം. യേശു നല്‍കിയ കല്പനകളില്‍ ചിലതിനെ മനസ്സിലാക്കുവാന്‍ മത്തായി 5, 6,7 അധ്യായങ്ങള്‍ വായിച്ചാല്‍ മതിയാകും. എന്നാല്‍ ശിഷ്യസമൂഹത്തില്‍ ഭൂരിപക്ഷം പേരും ഇവയെ അനുസരിക്കുവാന്‍ കൂട്ടാക്കുന്നില്ല.
പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കുകയും പിന്തുടരുകയും ചെയ്യുന്ന ഒരുവനാണ് ഒരു ശിഷ്യന്‍.
ദൈവത്തിന്റെ മുഴുവന്‍ ആലോചനയാലും പിടിക്കപ്പെട്ടവര്‍, യേശു കല്പിച്ച എല്ലാറ്റിനെയും സ്വയം അനുസരിക്കുന്നവര്‍, അപ്രകാരം അനുസരിക്കുവാന്‍ ജാഗ്രതയോടെ മറ്റുള്ളവരെ പഠിപ്പിക്കുവാനും ആ വിധത്തില്‍ യേശുവിന്റെ ശരീരത്തെ പടുത്തുയര്‍ത്തുവാനും താല്‍പര്യമുള്ളവര്‍, ഇപ്രകാരമുള്ള ആളുകളെയാണ് ഇന്ന് നമ്മുടെ സമൂഹത്തില്‍ ആവശ്യമായിരിക്കുന്നത്.
തന്റെ എല്ലാ ശിഷ്യന്മാരെയും ഒരടയാളം കൊണ്ടു തിരിച്ചറിയാന്‍ സാധിക്കുമെന്ന് യേശു പറഞ്ഞിട്ടുണ്ട്. അന്യോന്യമുള്ള സ്‌നേഹമാണ് ആ അടയാളം (യോഹ:13:35).
ഈ കാര്യം ഓര്‍ക്കുക. യേശുക്രിസ്തുവിന്റെ ശിഷ്യന്മാരെ അവരുടെ പ്രസംഗത്തിന്റെയോ പാട്ടിന്റെയോ വൈശിഷ്ട്യം കൊണ്ടല്ല, അവരുടെ അന്യഭാഷാഭാഷണം കൊണ്ടോ, യോഗങ്ങള്‍ക്കു പോകുമ്പോള്‍ അവര്‍ ബൈബിള്‍ കൊണ്ടുപോകുന്നതുകൊണ്ടോ അല്ല, തങ്ങളുടെ യോഗങ്ങളില്‍ അവര്‍ ഉണ്ടാക്കുന്ന ഒച്ചപ്പാടു കൊണ്ടുമല്ല തിരിച്ചറിയേണ്ടത്. പിന്നെയോ അവര്‍ക്കു തമ്മില്‍ത്തമ്മിലുള്ള തീക്ഷ്ണമായ സ്‌നേഹം കൊണ്ടാണ് നമുക്ക് അവരെ തിരിച്ചറിയാന്‍ സാധിക്കുന്നത്.
ആളുകളെ ക്രിസ്തുവിങ്കലേക്കു നയിക്കുന്ന സുവിശേഷപ്രചാരണ യോഗങ്ങള്‍ മൂലം ആ പ്രത്യേകസ്ഥലത്ത് ഒരു സഭ സ്ഥാപിക്കപ്പെടുവാന്‍ ഇടയാകണം. അപ്രകാരം രൂപം കൊള്ളുന്ന സഭയില്‍ ശിഷ്യന്മാര്‍ അന്യോന്യം സ്‌നേഹിക്കുന്ന അനുഭവം ഉണ്ടാവുകയും വേണം.
എങ്കിലും ദുഃഖകരമായ വസ്തുത ഇതാണ്. ആവര്‍ത്തിച്ചു സുവിശേഷ പ്രചാരണയോഗങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലെങ്ങും അംഗങ്ങള്‍ അന്യോന്യം പോരാടുകയോ ദുഷിക്കുകയോ ചെയ്യാതെ പരസ്പരം ഗാഢമായി സ്‌നേഹിക്കുന്ന ഒരു സഭ ഉണ്ടായിക്കാണുന്നില്ല.
പുതുതായി ക്രിസ്തുവിലേക്കു വരുന്ന വിശ്വാസികള്‍ പെട്ടന്നുതന്നെ വിജയകരമായ ഒരു ക്രിസ്തീയജീവിതത്തിലേക്കു വരുന്നില്ലെങ്കില്‍ അതു നമുക്കു മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ നമ്മുടെ രാജ്യത്തെ സഭകളിലുള്ള മൂപ്പന്മാരും ക്രിസ്തീയനേതാക്കളും പക്വത കാട്ടാതെ അന്യോന്യം കലഹിക്കുന്ന അവസ്ഥയാണുള്ളതെങ്കില്‍ അതേപ്പറ്റി എന്താണു നാം പറയേണ്ടത്?
മത്തായി 28:19, 20-ല്‍ കാണുന്ന കര്‍ത്താവിന്റെ അന്ത്യനിയോഗത്തിലെ രണ്ടാംഭാഗം - ശിഷ്യത്വവും യേശുവിന്റെ കല്പനകളുടെ പരിപൂര്‍ണ്ണാനുസരണവും - പൂര്‍ണ്ണമായിത്തന്നെ അവഗണിക്കപ്പെട്ടിരിക്കുന്നുവെന്നതിന്റെ ഏറ്റവും വ്യക്തമായ തെളിവാണിത്.
ഈ അന്ത്യനിയോഗത്തിലെ ഒന്നാംഭാഗം മാത്രം (മര്‍ക്കൊസ്: 16:15) പതിവായി എല്ലായിടത്തും അനുഷ്ഠിക്കപ്പെടുന്നതായി നാം കാണുന്നു. സുവിശേഷം പ്രസംഗിക്കുന്നതിനും അപ്രകാരം ചെയ്യപ്പെടുന്ന പ്രസംഗത്തെ കര്‍ത്താവ് അദ്ഭുതങ്ങളാലും അടയാളങ്ങളാലും ഉറപ്പിക്കുന്നതിനുമാണ് അവിടെ പ്രാധാന്യം.
എങ്കിലും മത്തായി: 28:19, 20 വാക്യങ്ങളില്‍ ഊന്നല്‍ നല്‍കിയിട്ടുള്ളത് ശിഷ്യത്വത്തിനാണ്. ഒരു ശിഷ്യന്റെ ജീവിതം വെളിപ്പെടുന്നത് യേശുവിന്റെ കല്പനകളോടുള്ള അനുസരണം കൊണ്ടാണ്. മുന്‍പറഞ്ഞ ആദ്യഭാഗത്തില്‍ മാത്രമാണ് അസംഖ്യം ക്രിസ്ത്യാനികള്‍ക്കും താല്‍പര്യം. രണ്ടാം ഭാഗത്തില്‍ ശ്രദ്ധിക്കുന്നവരായി വളരെക്കുറച്ചുപേര്‍ മാത്രമേ ഉള്ളു. എന്നാല്‍ രണ്ടാമത്തെ ഭാഗം കൂടാതെ സ്വീകരിക്കപ്പെടുന്ന ഒന്നാംഭാഗം പകുതി മനുഷ്യശരീരംപോലെ വിലയില്ലാത്ത ഒരു കാര്യമാണ്. എങ്കിലും എത്രയാളുകള്‍ ഈ സത്യം ഗ്രഹിച്ചിട്ടുണ്ട്?
യേശുക്രിസ്തുവിന്റെ ശുശ്രൂഷയില്‍ ഏറിയ പുരുഷാരം അവിടുത്തെ സുവിശേഷപരമായ രോഗശാന്തിശുശ്രൂഷയുടെ ഫലം ലഭിക്കുവാനായി അവിടുത്തെ അനുഗമിച്ചിരുന്നതായി നാം വായിക്കുന്നു. എന്നാല്‍ കര്‍ത്താവ് എപ്പോഴും തിരിഞ്ഞുനിന്ന് ശിഷ്യത്വത്തെപ്പറ്റി അവരെ പ്രബോധിപ്പിച്ചിരുന്നു (ലൂക്കോ: 14:25, 26). ഇന്നത്തെ സുവിശേഷകന്മാര്‍ ഒന്നുകില്‍ തങ്ങള്‍ തനിയെയോ അല്ലെങ്കില്‍ അപ്പോസ്തലന്മാര്‍, പ്രവാചകന്മാര്‍, ഉപദേഷ്ടാക്കള്‍, ഇടയന്മാര്‍ എന്നിങ്ങനെ തങ്ങള്‍ ആരംഭിച്ച വേലയെ പൂര്‍ത്തിയാക്കുവാന്‍ കഴിയുന്ന ഇതര ശുശ്രൂഷകന്മാരോടു ചേര്‍ന്നോ ഇതേകാര്യം ചെയ്തിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു!
സുവിശേഷപ്രസംഗകന്മാര്‍ ശിഷ്യത്വത്തിന്റെ സന്ദേശം പ്രഖ്യാപിക്കുന്നതില്‍ വൈമുഖ്യം കാണിക്കുന്നത് എന്തുകൊണ്ടാണ്? അത് അവരുടെ കൂടി വരവുകളുടെ സംഖ്യാബലം കുറച്ചുകളയുമെന്നതിനാല്‍ തന്നെ. അപ്രകാരം ചെയ്തിരുന്നുവെങ്കില്‍ അത് അവരുടെ സഭകളുടെ ഗുണവൈശിഷ്ട്യം വളരെ വര്‍ദ്ധിപ്പിക്കുമായിരുന്നു എന്ന ഒരു കാര്യമാണ് അവര്‍ മനസ്സിലാക്കാതിരിക്കുന്നത്.
യേശു ജനസമൂഹത്തോട് ശിഷ്യത്വം പ്രസംഗിച്ചപ്പോള്‍ അവരുടെ സംഖ്യ അംഗുലീപരിമിതമായിത്തീരുമാറ് കുറഞ്ഞതായി നാം കാണുന്നു (യോഹ: 6:2-നെ 6:70-മായി താരതമ്യപ്പെടുത്തുക). ബാക്കിയുള്ളവര്‍ ആ സന്ദേശം തങ്ങള്‍ക്കു വഹിക്കാവുന്നതിലധികം കഠിനമായിക്കണ്ട് അദ്ദേഹത്തെ വിട്ടുപോയി (യോഹ: 6:60,66) എന്നാല്‍ അദ്ദേഹത്തോടൊപ്പം തുടര്‍ന്നു നിലനിന്ന ആ 11 ശിഷ്യന്മാരിലൂടെയാണ് അന്തിമമായി ദൈവം ഈ ലോകത്തില്‍ തന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റിയത്.
ഭൂമിയില്‍ ക്രിസ്തുവിന്റെ ശരീരം എന്ന നിലയില്‍ ആ 11 ശിഷ്യന്മാര്‍ ഒന്നാംനൂറ്റാണ്ടിലാരംഭിച്ച വേല ഇന്നും നാം തുടര്‍ന്നു കൊണ്ടിരിക്കേണ്ടതാണ്. ആളുകളെ നാം ക്രിസ്തുവിങ്കലേക്ക് നയിച്ചുകഴിഞ്ഞാല്‍പ്പിന്നെ അവരെ ശിഷ്യത്വത്തിലേക്കും അനുസരണത്തിലേക്കും ആനയിക്കുകയാണ് അടുത്ത ആവശ്യം. ആ വിധത്തില്‍ മാത്രമേ ക്രിസ്തുവിന്റെ ശരീരം പണിയപ്പെടുകയുള്ളു.
ജീവങ്കലേക്കു പോകുന്ന വഴി ഇടുക്കമുള്ളത്; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ.
കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
ഒരു ശിഷ്യന് ഒരു വിദ്യാര്‍ത്ഥിയും കര്‍ത്താവായ യേശുക്രിസ്തുവിന്റെ അനുയായിയുമാണ്. യേശുവിനെ തന്റെ ദൃഷ്ടാന്തമാക്കിത്തീര്‍ത്തവനും സാധ്യമായ എല്ലാവിധത്തിലും തന്റെ ജീവിതം യേശുവിന്റെ ജീവിതത്തോട് അനുരൂപമാക്കിത്തീര്‍ക്കുവാന്‍ ആഗ്രഹിക്കുന്നവനുമാണ് അയാള്‍.
സ്‌നേഹമെന്നതുപോലെ ശിഷ്യത്വവും ആദ്യമായി ആരംഭിക്കുന്നത് ഭവനത്തിലാണ്.
യേശുക്രിസ്തുവിനെ നമ്മുടെ ജീവിതത്തില്‍ സകലത്തിന്റെയും അധീശനാക്കിത്തീര്‍ക്കുക - നമുക്കുള്ളതും നാം ആയിരിക്കുന്നതുമെല്ലാം അവിടുത്തേക്കു നല്‍കുക - എന്നതാണ് ശിഷ്യത്വത്തിന്റെ അടിസ്ഥാനം.
ലൂക്കോ: 14:26-ല്‍ കര്‍ത്താവ് നമ്മെ പഠിപ്പിച്ചിട്ടുള്ളതുപോലെ നമ്മുടെ മാതാപിതാക്കന്മാരെ" വെറുക്കേണ്ടതെങ്ങനെയാണെന്ന്" ഒന്നാമതായി നമുക്കു ചിന്തിക്കാം.
ആദ്യത്തെ പടി അവരെ" ബഹുമാനിക്കുക" എന്നതാണ്. വാഗ്ദത്തത്തോടിണക്കിച്ചേര്‍ത്ത് നല്‍കപ്പെട്ടിട്ടുള്ള ഒന്നാമത്തെ കല്പന അതാണ് (എഫേ: 6:2). മാതാപിതാക്കന്മാരെ ബഹുമാനിക്കുവാന്‍ ആദ്യം നാം പഠിച്ചിട്ടല്ലാതെ കര്‍ത്താവാഗ്രഹിക്കുന്ന വിധത്തില്‍ അവരെ" വെറുക്കുവാന്‍" നമുക്കു സാധ്യമല്ല. ഇന്നു ലോകത്തില്‍ തങ്ങളുടെ മാതാപിതാക്കന്മാരെ വെറുക്കുന്ന കാര്യത്തില്‍ അത്യന്തം സന്തുഷ്ടരായിത്തീരാനിടയുള്ള അഭക്തരായ ധാരാളം മക്കള്‍ ഉണ്ട്. തങ്ങളുടെ മാതാപിതാക്കന്മാരെ ബഹുമാനിക്കുവാന്‍ ശീലിച്ചിട്ടില്ലാത്ത യുവജനങ്ങളെ തങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുവാന്‍ വേണ്ടി അനേകം കള്‍ട്ടുകള്‍ ഈ സാഹചര്യത്തെ ദുരുപയോഗപ്പെടുത്തുന്നുണ്ട്.
എല്ലാ ശിഷ്യജനങ്ങളും ആദ്യമായി പിന്തുടരേണ്ടത് യേശുക്രിസ്തുവിന്റെ ദൃഷ്ടാന്തമാണ്. അതു നാം ചെയ്യുന്നപക്ഷം നാം ഒരിക്കലും വഴിതെറ്റിപ്പോവുകയില്ല. എങ്കിലും യേശുക്രിസ്തുവിന്റെ ദൃഷ്ടാന്തം നോക്കാതെ അവിടുത്തെ വചനങ്ങള്‍ നാം വ്യാഖ്യാനിക്കുന്നപക്ഷം ഒട്ടനേകം ക്രിസ്ത്യാനികള്‍ക്കും സംഭവിച്ചിട്ടുള്ളതുപോലെ നാമും വഴിതെറ്റിപ്പോകുവാന്‍ സാധ്യതയുണ്ട്. ''എന്നില്‍ നിന്നു പഠിപ്പിന്‍'' എന്നു നമ്മുടെ കര്‍ത്താവ് നമ്മോടാജ്ഞാപിച്ചിട്ടുണ്ടല്ലോ (മത്തായി 11:29).
യേശു തന്റെ ലോകപ്രകാരമുള്ള മാതാവിനെ എങ്ങനെയാണ്" വെറുത്തത്"? ഒന്നാമത് അവിടുന്നു നസറേത്തില്‍ തന്റെ ഭവനത്തിലായിരുന്ന കാലത്ത് തന്റെ മാതാപിതാക്കളായിരുന്ന യോസേഫിനെയും മറിയയെയും ബഹുമാനിക്കുകയും അവരുടെ അധികാരത്തിനു കീഴ്‌പ്പെട്ടിരിക്കുകയും ചെയ്തു (ലൂക്കോ: 2:51).
യേശു നസറേത്തില്‍ ചെലവഴിച്ച 30 വര്‍ഷങ്ങളെപ്പറ്റി ബൈബിളില്‍ രണ്ടു കാര്യങ്ങള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ.
ഒന്നാമത് എബ്രായര്‍: 4:15-ല്‍ അവിടുന്നു നമ്മെപ്പോലെ പരീക്ഷിതനാവുകയും എന്നിട്ടും ഒരിക്കലും പാപം ചെയ്യാതിരിക്കയും ചെയ്തുവെന്ന് നാം വായിക്കുന്നു. ഇതില്‍നിന്ന് താന്‍ നസറേത്തിലായിരുന്ന 30 വര്‍ഷക്കാലത്തിനിടയില്‍ അവിടുന്നു പല പ്രലോഭനങ്ങളെ അഭിമുഖീകരിച്ചിരുന്നുവെന്ന് നാം മനസ്സിലാക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ ആദ്യത്തെ 30 വര്‍ഷത്തിനിടയില്‍ ശൈശവം മുതല്‍ പ്രായപൂര്‍ത്തിവരെ അയാള്‍ അഭിമുഖീകരിക്കുന്ന പ്രലോഭനങ്ങള്‍ തന്നെ യേശുവും അഭിമുഖീകരിച്ചു.
യേശുവിന് 4 സഹോദരന്മാരും (കുറഞ്ഞപക്ഷം) 2 സഹോദരിമാരും ഉണ്ടായിരുന്നുവെന്ന് മര്‍ക്കോസ്: 6:3-ല്‍ പ്രസ്താവിച്ചിരിക്കുന്നു. അതിനാല്‍ അവിടുത്തെ ഭവനത്തില്‍ കുറഞ്ഞപക്ഷം 9 അംഗങ്ങളുണ്ടായിരുന്നു. അതൊരു ദരിദ്രഭവനവും ആയിരുന്നു. (ലൂക്കോസ് 2:24-നെ ലേവ്യപുസ്തകം 12:8-നോടു ചേര്‍ത്തുവായിക്കുമ്പോള്‍ ദൈവത്തിനു യാഗം കഴിക്കുവാന്‍ ഒരാട്ടിന്‍കുട്ടിയെയെങ്കിലും കൊണ്ടുചെല്ലുവാന്‍ കഴിവില്ലാത്തവിധം മറിയ ദരിദ്രയായിരുന്നുവെന്നു നാം കണ്ടെത്തുന്നു). അതിനാല്‍ വീട്ടില്‍ സാഹചര്യങ്ങള്‍ വിഷമകരമായിത്തീര്‍ന്നപ്പോള്‍ യേശുവിന് പിന്‍വാങ്ങി ആശ്വാസം കൊള്ളുവാന്‍ സ്വന്തമായൊരു കിടപ്പുമുറി ഉണ്ടായിരുന്നില്ലെന്ന കാര്യം വ്യക്തമാണ്. അവന്റെ സഹോദരന്മാര്‍ അവനില്‍ വിശ്വസിച്ചില്ലെന്ന് യോഹ: 7:5-ല്‍ നാം കാണുന്നുണ്ട്. ഒരിക്കലും കോപിക്കാത്തവനും സ്വാര്‍ത്ഥപരമായി പ്രവര്‍ത്തിക്കാത്തവനുമായ ഒരു വ്യക്തിയോട് സ്വാഭാവികമായും അവര്‍ക്ക് അസൂയ തോന്നിയിരിക്കണം. അവരെല്ലാം പലവട്ടം അദ്ദേഹത്തിനെതിരെ ഒരുമിച്ചുകൂടുകയും അദ്ദേഹത്തെ വിമര്‍ശിക്കയും അലോസരപ്പെടുത്തുകയും ചെയ്തിരിക്കണം. ഒരു വലിയ കുടുംബം വസിക്കുന്ന ചെറിയ ഭവനത്തില്‍ മാനസാന്തരപ്പെടാത്തവരോടൊപ്പം താമസിച്ചിട്ടുള്ള ഏതൊരുവനും നസറേത്തില്‍ യേശുക്രിസ്തു നേരിട്ട പ്രശ്‌നങ്ങള്‍ മനസ്സിലാക്കുവാന്‍ കഴിയും. എന്നിട്ടും യേശു ഒരിക്കലും പാപം ചെയ്തില്ല. ഇതിനെല്ലാമുപരി യേശുവിന്റെ കൗമാരപ്രായം കഴിഞ്ഞ ആ കാലഘട്ടത്തില്‍ അഥവാ തന്റെ ഇരുപതുകളുടെ ആരംഭത്തില്‍ യോസേഫ് മരിച്ചുപോയെന്നു വിചാരിപ്പാന്‍ ന്യായമുണ്ട്. (കാരണം, യേശുവിന്റെ പരസ്യശുശ്രൂഷാകാലത്ത് യോസേഫിനെപ്പറ്റി നാമൊരിടത്തും വായിക്കുന്നില്ല). അതിനുശേഷം എട്ടംഗങ്ങളുള്ള ആ കുടുംബത്തെ പുലര്‍ത്തുവാനുള്ള ഭാരം മുത്തമകനായ യേശുവിന്മേല്‍ വന്നുവീണു. അത്തരം സാഹചര്യങ്ങളില്‍ യേശു അനേകം പരീക്ഷകളെ നേരിടേണ്ടി വന്നിരിക്കണം. എന്നിട്ടും യേശു ഒരിക്കലും പാപം ചെയ്തില്ല.
രണ്ടാമതായി, യേശു യോസേഫിന്റെയും മറിയയുടെയും ഭവനത്തില്‍ ജീവിച്ച 30 വര്‍ഷം മുഴുവന്‍" അവിടുന്നു അവര്‍ക്കു കീഴ്‌പ്പെട്ടിരുന്നു "(ലൂക്കോസ്: 2:51). നമുക്കെല്ലാവര്‍ക്കും ശൈശവകാലം മുതല്‍ അറിയാവുന്നതുപോലെ അത് അനായാസമായ ഒരു കാര്യമായിരുന്നില്ല. നമ്മുടെ ശൈശവകാലത്ത് ഏതെങ്കിലുമൊരു കാര്യം ചെയ്യുവാന്‍ നാം ആഗ്രഹിച്ചിട്ടുള്ളപ്പോള്‍ നാം സ്വാഭാവികമായി ഇഷ്ടപ്പെടാത്ത മറ്റൊരു കാര്യം ചെയ്യണമെന്ന് നമ്മുടെ മാതാപിതാക്കന്മാര്‍ നമ്മോട് ആവശ്യപ്പെട്ടിട്ടുണ്ട്.
തന്മൂലം യേശുവിന്റെ ദൃഷ്ടാന്തം നമ്മുടെ എല്ലാ കുഞ്ഞുങ്ങളുടെയും മുമ്പില്‍ നമുക്ക് ഉയര്‍ത്തിക്കാണിക്കാന്‍ കഴിയും. "കര്‍ത്താവിന്റെ ബാലശിക്ഷയില്‍" നമ്മുടെ മക്കളെ പോറ്റി വളര്‍ത്തുവാന്‍ പിതാക്കന്മാരോട് തിരുവെഴുത്ത് ഉപദേശിക്കുന്നു (എഫേ: 6:4) എന്താണ്" കര്‍ത്താവിന്റെ ബാലശിക്ഷ"? പ്രാഥമികമായും നസറേത്തിലെ തന്റെ ജീവിതകാലത്ത് കര്‍ത്താവ് മക്കളായിട്ടുള്ള എല്ലാവര്‍ക്കും കാട്ടിക്കൊടുത്തിട്ടുള്ള ജീവിതദൃഷ്ടാന്തമാണത്.
മുന്‍പറഞ്ഞ രണ്ടു മേഖലകളില്‍ യേശു കാണിച്ചുതന്നിട്ടുള്ള ദൃഷ്ടാന്തം ഏതെങ്കിലും ആണ്‍കുട്ടിയോ പെണ്‍കുട്ടിയോ പിന്തുടരുമെങ്കില്‍ യേശുവിനെപ്പറ്റി എഴുതിയിട്ടുള്ളതുപോലെ അവരും ജ്ഞാനത്തിലും ദൈവകൃപയിലും മുതിര്‍ന്നുവരുവാന്‍ ഇടയാകും (ലൂക്കോസ്: 2:52).
നാം വളര്‍ച്ച പ്രാപിക്കയും വിവാഹിതരായിത്തീരുകയും ചെയ്യുമ്പോഴും വൃദ്ധരായ നമ്മുടെ മാതാപിതാക്കളെ നാം ബഹുമാനിക്കണം. ഉല്‍പത്തി: 9:21-27 വാക്യങ്ങളില്‍ നോഹയുടെ പുത്രനായ ഹാം തന്റെ പിതാവ് കുടിച്ചു മത്തനായും നഗ്നനായും കൂടാരത്തില്‍ക്കിടക്കുന്നതു കണ്ടതായി വായിക്കുന്നു. ആ സമയത്ത് ഹാം പ്രായപൂര്‍ത്തിയായ ഒരുവനായിരുന്നു. ജലപ്രളയത്തിനു മുമ്പുതന്നെ അയാള്‍ വിവാഹിതനായിരുന്നുവല്ലോ. ഹാം പോയി ഈ കാര്യം തന്റെ സഹോദരന്മാരോടു പറയുകയും അങ്ങനെ സ്വപിതാവിന് അപമാനം വരുത്തുകയും ചെയ്തു. ഹാം പറഞ്ഞ കാര്യം സത്യമായിരുന്നു. എങ്കിലും അയാള്‍ തന്റെ പിതാവിനെ അപമാനിക്കയാണു ചെയ്തത്. ഇതിന്റെ ഫലമായി ഹാമും അയാളുടെ കുടുംബവും ശാപഗ്രസ്തരായിത്തീര്‍ന്നു. പരദൂഷകന്മാര്‍ അവര്‍ സത്യം പറയുമ്പോള്‍ തന്നെയും ദൈവികശാപത്തിനു പാത്രരാണ്, യാതൊരു പരദൂഷകനും യേശുക്രിസ്തുവിന്റെ ഒരു ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല.
എന്നാല്‍ നോഹയുടെ മറ്റു രണ്ടു മക്കളായ ശേമും യാഫേത്തും തങ്ങളുടെ വൃദ്ധനായ പിതാവിനെ ആദരിക്കയും തങ്ങളുടെ പിതാവിന്റെ നഗ്നത കാണാത്തവിധം പിന്‍പോട്ടു നടന്ന് അദ്ദേഹത്തിന്റെ നഗ്നത മറയ്ക്കുകയും ചെയ്തു. അവരും അവരുടെ കുടുംബങ്ങളും അനുഗ്രഹിക്കപ്പെട്ടു.
ഈ ദൃഷ്ടാന്തത്തില്‍ നിന്നും നാം പഠിക്കുന്ന പാഠം ഇതാണ്: തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നവരെ ദൈവം അനുഗ്രഹിക്കുകയും മാതാപിതാക്കളെ നിന്ദിക്കുന്നവരെ ശപിക്കുകയും ചെയ്യുന്നു. ചെറുപ്പക്കാരും പ്രാപ്തവയസ്‌കരുമായ നമുക്കെല്ലാവര്‍ക്കും ഒരു താക്കീതായും മാതൃകയായും തീരത്തക്കവിധം ഈ ദൃഷ്ടാന്തം ബൈബിളിന്റെ ആദ്യഭാഗത്തുതന്നെ വിന്യസിക്കപ്പെട്ടിരിക്കുന്നു.
പഴയനിയമനിലവാരമനുസരിച്ച് യോസേഫും മറിയയും ദൈവഭയമുള്ള വ്യക്തികളായിരുന്നുവെങ്കിലും അവര്‍ക്കു പാപത്തിന്റെ മേല്‍ വിജയം ഉണ്ടായിരുന്നില്ലെന്നുള്ള കാര്യം നാമോര്‍ക്കണം. പാപത്തിന്റെ മേലുള്ള വിജയം വ്യക്തമായും ഒരു പുതിയനിയമവാഗ്ദാനമാണ്. റോമര്‍: 6:14 നോക്കുക. ഇന്നു നമുക്കു സാധ്യമായതുപോലെ പരിശുദ്ധാത്മാവിനെ പ്രാപിക്കുവാനും കൃപയ്ക്കു കീഴിലായിത്തീരുവാനും അവര്‍ക്കു കഴിഞ്ഞിരുന്നില്ല. തന്മൂലം കൂടുംബത്തില്‍ അവര്‍ അന്യോന്യം തര്‍ക്കിക്കുകയും കോപിഷ്ഠരായിത്തീരുകയും മറ്റുപലവിധത്തിലും പാപം ചെയ്കയും ചെയ്തിരുന്നിരിക്കണം. (ഇതു വിശ്വസിപ്പാന്‍ നിങ്ങള്‍ക്കു പ്രയാസം തോന്നുന്നുവെങ്കില്‍ ഒരു പക്ഷേ മറിയ അമലോദ്ഭവയെന്നു വിശ്വസിക്കുന്നതാവാം അതിനു കാരണം). നസറേത്തിലുള്ള ഭവനത്തില്‍ വച്ച് യോസേഫും മറിയയും പാപം ചെയ്യുന്ന പല അവസരങ്ങള്‍ യേശു കണ്ടിരുന്നിരിക്കണം. എങ്കിലും അദ്ദേഹം അവരെ നിന്ദിച്ചില്ല. നമ്മുടെ മാതാപിതാക്കളെ ബഹുമാനിക്കുന്നതില്‍ ഇത് ഒരു മുഖ്യഘടകമാണ്.
സദൃശവാക്യം 23:22 ഇപ്രകാരം പറയുന്നു. ''നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോള്‍ അവളെ നിന്ദിക്കരുത്.'' നിങ്ങളുടെ മാതാപിതാക്കന്മാരില്‍ ചില കുറവുകള്‍ നിങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അവരെ നിന്ദിക്കരുത്. അവരുടെ കുറവുകളെ മറയ്ക്കുക - ഒരിക്കലും അവയെപ്പറ്റി ആരോടും സംസാരിക്കരുത്. യഥാര്‍ത്ഥത്തില്‍ എല്ലാ മനുഷ്യരോടും നാം പെരുമാറേണ്ടത് ഇങ്ങനെയാണ്. എന്തെന്നാല്‍ യഥാര്‍ത്ഥസ്‌നേഹം ഉള്ളിടത്ത് അത് ''പാപങ്ങളുടെ ബഹുത്വം മറയ്ക്കു''മെന്ന് നാം തിരുവചനത്തില്‍ വായിക്കുന്നു.
നിങ്ങള്‍ വീണ്ടും ജനിച്ചവനായിരിക്കയും നിങ്ങളുടെ മാതാപിതാക്കള്‍ അപ്രകാരമല്ലാതിരിക്കയും ചെയ്യുമ്പോള്‍ ദൈവവചനത്തിനെതിരായ ഒരു കാര്യം ചെയ്യുവാന്‍ അവര്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ (ഉദാഹരണം: ഒരു വിഗ്രഹത്തെ ആരാധിക്കുക അഥവാ ഒരവിശ്വാസിയെ വിവാഹം ചെയ്ക) ദൈവവചനം അപ്രകാരം ചെയ്യുന്നതിനെ വിലക്കിയിട്ടുള്ളതിനാല്‍ അതു ചെയ്‌വാന്‍ നിങ്ങള്‍ക്കു സാധ്യമല്ലെന്ന് ബഹുമാനപൂര്‍വം അവരോടു പറയുക. തീര്‍ച്ചയായും കര്‍ത്താവിനുവേണ്ടി നിങ്ങള്‍ ഒരു നിലപാടു സ്വീകരിച്ചേ മതിയാവൂ. എന്നാല്‍ അതു ധാര്‍ഷ്ട്യത്തോടെയല്ല നിങ്ങള്‍ ചെയ്യേണ്ടത്. കൃപയോടെ അതു ചെയ്‌വാന്‍ കഴിയും.
എന്നാല്‍ തിരുവെഴുത്തുകളോടുള്ള അനുസരണക്കേട് ഉണ്ടാകാത്ത കാര്യങ്ങളില്‍ തങ്ങള്‍ വീട്ടില്‍ താമസിക്കുന്ന കാലത്ത് മക്കള്‍ മാതാപിതാക്കളെ അനുസരിക്കേണ്ടതാണ്. എന്നാല്‍ ഒരിക്കല്‍ അവര്‍ പിതൃഭവനം വിട്ടു സ്വന്തഭവനം സ്ഥാപിച്ചുകഴിഞ്ഞാല്‍ അവര്‍ മാതാപിതാക്കളെ ബഹുമാനിക്കയും അവര്‍ക്കുവേണ്ടി കരുതുകയും വേണം.
യേശുവിന്റെ ജീവിതമാതൃകയില്‍ ഇതും നാം കാണുന്നുണ്ട്. ഇത് അവിടുത്തെ ശിഷ്യന്മാര്‍ പിന്തുടരേണ്ട കാര്യമാണ്. മുപ്പതാം വയസ്സില്‍ യേശു ഭവനം വിടുകയും സ്‌നാനമേല്ക്കയും ചെയ്തശേഷം സംഭവിച്ചതായി സുവിശേഷങ്ങളില്‍ രേഖപ്പെടുത്തിയിട്ടുള്ള ആദ്യത്തെ സംഭവങ്ങളിലൊന്ന് കാനാവിലെ വിവാഹാഘോഷമാണ്. മറിയ 30 വര്‍ഷക്കാലം അനുസരണമുള്ള ഒരു മകനായി യേശുവിനെ കണ്ടറിയുകയും വീട്ടിലെ പല പ്രശ്‌നങ്ങളും അദ്ദേഹം പരിഹരിച്ചത് മനസ്സിലാക്കുകയും ചെയ്തിരുന്നു. അവിടെ വീഞ്ഞില്ലാതായ അവസ്ഥയിലും യേശുവിന് എന്തെങ്കിലും ചെയ്‌വാന്‍ സാധിക്കുമെന്ന് മറിയ മനസ്സിലാക്കി. യേശു അന്നുവരെയും ഒരദ്ഭുതകൃത്യവും നിര്‍വഹിച്ചിട്ടില്ലാത്തതിനാല്‍ മറിയ ഒരു അദ്ഭുതം പ്രതീക്ഷിച്ചു കാണുകയില്ല. എന്നാല്‍ തന്റെ പുത്രന്‍ ജ്ഞാനവും പ്രായോഗിക സാമര്‍ത്ഥ്യവും ഉള്ള ഒരാളാണെന്നു വീട്ടി ലെ അനുഭവങ്ങള്‍ അവരെ ബോധ്യപ്പെടുത്തിയിരുന്നു. അതിനാല്‍ ആ കാര്യത്തില്‍ എന്തെങ്കിലും ചെയ്യുവാന്‍ അവര്‍ യേശുവിനോട് ആവശ്യപ്പെട്ടു.
അവിടെ യേശു മൂര്‍ച്ചയുള്ള ഭാഷയില്‍ മറിയയോട് ആദ്യമായി സംസാരിക്കുന്നതായി നാം കാണുന്നു. ''സ്ത്രീയേ, താങ്കളുടെ ഈ കാര്യത്തില്‍ എനിക്കെന്തു ബന്ധം!'' (യോഹ: 2:4) ഇപ്പോള്‍ അദ്ദേഹം ഭവനം വിട്ടു കഴിഞ്ഞിരുന്നു; അതിനാല്‍ മേലാല്‍ അവരെ അനുസരിക്കുന്നതില്‍ നിന്ന് അദ്ദേഹം സ്വതന്ത്രനായിരുന്നു.
ഇതാണ് മാതാപിതാക്കളെ "വെറുക്കണം" എന്നു യേശു പറഞ്ഞപ്പോള്‍ അവിടുന്ന് അര്‍ത്ഥമാക്കിയ കാര്യം. നാമും ഈ സമതുലിതത്വം പാലിക്കാന്‍ ബാധ്യസ്ഥരാണ്. മാതാപിതാക്കളുടെ ഭവനത്തില്‍ നാം താമസിക്കുമ്പോള്‍ നാം അവരെ അനുസരിക്കണം. എന്നാല്‍ ദൈവകല്പനകള്‍ അനുസരിക്കുന്ന കാര്യത്തില്‍ നാം അവരെ വെറുക്കണം. ദൈവഹിതം അനുസരിക്കുകയും പിതാവു തനിക്കുതന്ന ശുശ്രൂഷ നിറവേറ്റുകയും ചെയ്യേണ്ടതായി വന്നപ്പോഴാണ് ''എന്റെ നാഴിക ഇതുവരെ വന്നിട്ടില്ല'' (യോഹ: 2:4) എന്നു യേശു പറഞ്ഞത്. ഒരിക്കല്‍ നാം നമ്മുടെ ഭവനം വിടുകയും സ്വന്തഭവനം കെട്ടിപ്പടുക്കുകയും ചെയ്തുകഴിഞ്ഞാല്‍ നാം മാതാപിതാക്കളുടെ കീഴിലല്ല.
ബൈബിളില്‍ എല്ലാ മനുഷ്യര്‍ക്കുമായി നല്‍കിയിട്ടുള്ള ഒന്നാമത്തെ കല്പന - ''അതുകൊണ്ട് മനുഷ്യന്‍ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റിച്ചേരും'' (ഉല്‍പത്തി: 2:24) എന്നതാണെന്നു ശ്രദ്ധിക്കുന്നത് രസകരമായ ഒരു കാര്യമാണ്. ആദാമിന് വിട്ടുപിരിയാനായി ഒരു പിതാവോ മാതാവോ ഇല്ലാതിരുന്ന സമയത്താണ് ഈ കല്പന പരാമര്‍ശിക്കപ്പെടുന്നത്. വ്യക്തമായും ഇത് പില്ക്കാലത്ത് വിവാഹിതരായിത്തീരുവാന്‍ പോകുന്നവര്‍ക്കു വേണ്ടി നല്‍കപ്പെട്ടതാണ്.
ദൗര്‍ഭാഗ്യവശാല്‍ ഇന്‍ഡ്യയിലെ ഭൂരിപക്ഷം വിവാഹബന്ധങ്ങളിലും ഭര്‍ത്താവ് ദൈവത്തിന്റെ ഈ കല്പന അനുസരിക്കുന്നില്ല. അക്രൈസ്തവര്‍ തങ്ങളുടെ ഭാര്യമാരോടെന്നതിലധികം മാതാപിതാക്കളോട് പറ്റിച്ചേരുന്നത് നമുക്കു മനസ്സിലാക്കാം. എന്നാല്‍ ഈ കാര്യത്തില്‍ ഇന്‍ഡ്യയിലെ അക്രൈസ്തവ സംസ്‌കാരത്തെ പിന്തുടരുന്ന ക്രിസ്ത്യാനികളെപ്പറ്റി നാം എന്താണു പറയേണ്ടത്? നമ്മുടെ രാജ്യവാസികള്‍ക്കു കാണിച്ചുകൊടുക്കുവാന്‍ ദൈവമാഗ്രഹിക്കുന്ന വിവാഹജീവിതമാതൃക പ്രയോഗികമായി വെളിപ്പെടുത്തുന്നതില്‍ അവര്‍ പരാജയമടയുന്നു.
ഇതു മാതാപിതാക്കളെ ശാരീരികമായി വേര്‍പിരിയുന്നതിന്റെ ഒരു പ്രശ്‌നമല്ല; പിന്നെയോ വൈകാരികമായി അവരില്‍ നിന്ന് അകല്‍ച്ച പാലിക്കുന്നതിന്റെ പ്രശ്‌നമാണ്. ഒരു ഭര്‍ത്താവിന്റെ പ്രാഥമികമായ കടപ്പാടും ബന്ധവും തന്റെ മാതാപിതാക്കളോടല്ല, ഭാര്യയോടാണ്.
അതുപോലെതന്നെ ഒരു ഭാര്യയോടുള്ള കല്പന തന്റെ പിതൃഭവനത്തെ മറക്കുക എന്നതാണ് (സങ്കീര്‍ത്തനം: 45:10).
നമ്മുടെ മാതാപിതാക്കന്മാര്‍ വൃദ്ധരും ബലഹീനരുമാകുമ്പോള്‍ തീര്‍ച്ചയായും അവര്‍ക്കുവേണ്ടി നാം കരുതേണ്ടതാണ്. ഇവിടെയും യേശു നമുക്കൊരു ദൃഷ്ടാന്തം നല്‍കിയിട്ടുണ്ട്. കര്‍ത്താവ് ക്രൂശില്‍ മരണത്തെ നേരിട്ടുകൊണ്ടിരുന്നപ്പോള്‍ വിധവയായ തന്റെ മാതാവിന് ശിഷ്യനായ യോഹന്നാനോടൊപ്പം ഒരു ഭവനത്തിന്റെ സുരക്ഷിതത്വം നല്‍കുവാന്‍ അവിടുന്നു പരിശ്രമിച്ചു (യോഹ: 19:26,27). എന്നാല്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഒരു തടസ്സമായി തങ്ങള്‍ തീരാതിരിപ്പാന്‍ മാതാപിതാക്കള്‍ സൂക്ഷിക്കണം. ഇന്ത്യയിലുള്ള പല ക്രിസ്ത്യാനികളും തങ്ങളുടെ മാതാപിതാക്കളോടുണ്ടായിരുന്ന ക്രമാധികമായ അടുപ്പം മൂലം കര്‍ത്താവിനെ യഥാര്‍ത്ഥമായി പിന്തുടരുവാന്‍ കഴിവില്ലാത്തവരായിത്തീര്‍ന്നിട്ടുണ്ട്.
ആവര്‍ത്തനം: 33:8-11 വാക്യങ്ങളില്‍ ലേവിഗോത്രം എന്തുകൊണ്ടു ദൈവത്തിന്റെ പുരോഹിതന്മാരായി തിരഞ്ഞെടുക്കപ്പെട്ടു എന്നു നാം വായിക്കുന്നു. തങ്ങളുടെ മാതാപിതാക്കളെയും സഹോദരീസഹോദരന്മാരെയും മക്കളെയുംകാള്‍ ഉന്നതമായ സ്ഥാനം ദൈവത്തിന് അവര്‍ നല്‍കിയതിന്റെ ഒരു പ്രതിഫലമായിട്ടാണ് ഈ ശുശ്രൂഷ അവര്‍ക്കു നല്‍കപ്പെട്ടത്. യിസ്രായേല്‍ ജനം സ്വര്‍ണ്ണക്കാളക്കുട്ടിയെ ആരാധിക്കുന്നതു മോശ കണ്ട് തന്നോടൊപ്പം യഹോവയുടെ പക്ഷത്ത് ആരു നില്ക്കും എന്നു ചോദിച്ച ആ ദിവസത്തില്‍ ലേവി ഗോത്രം മാത്രം മുന്നോട്ടുവന്നു മോശയോടൊപ്പം നിന്നു. അപ്പോള്‍ മോശ അവരോടു പാളയത്തിലേക്കു ചെന്നു വിഗ്രഹാരാധന പിന്തുടര്‍ന്ന അവരുടെ സ്വന്തം ബന്ധുജനങ്ങളെപ്പോലും കൊന്നുകളയുവാന്‍ ആജ്ഞാപിച്ചു. (പുറപ്പാട്: 32: 26 മുതലുള്ള വാക്യങ്ങള്‍) ഈ ലേവ്യരാണ് യേശുവിന്റെ ശിഷ്യന്മാരുടെ മുന്നോടികള്‍.
ഈ സംഭവത്തിന് ഏതാനും ദിവസം മുമ്പ് യിസ്രായേല്‍ജനങ്ങള്‍ക്ക് ന്യായപ്രമാണം നല്‍കപ്പെട്ടിരുന്നു. ഈ ന്യായപ്രമാണത്തില്‍ തങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുവാന്‍ ദൈവം അവരോടു കല്പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാകട്ടെ, തങ്ങളുടെ വാളെടുത്തു സ്വജനങ്ങളെ കൊല്ലുവാനുള്ള കല്പനയാണ് ലഭിച്ചത്. ഇവിടെ സത്യത്തിന്റെ രണ്ടു മുഖങ്ങള്‍ നാം കാണുന്നു. തങ്ങളുടെ സ്വജനങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഈ ലേവ്യര്‍ കണ്ടപ്പോള്‍ സ്വന്തം മാതാപിതാക്കള്‍, സഹോദരങ്ങള്‍, മക്കള്‍ എന്നിവരെ ഒഴിവാക്കിക്കൊണ്ട് മറ്റുള്ളവരെ കൊല്ലുവാന്‍ ഈ ലേവ്യര്‍ക്കു കഴിയുമായിരുന്നു. എന്നാല്‍ അവര്‍ അതു ചെയ്തില്ല." അപ്പനെയും അമ്മയെയും സഹോദരന്മാരെയും മക്കളെയും പോലും അവര്‍ ആദരിച്ചില്ല... (ആവര്‍ത്തനം: 33:9).
തങ്ങളുടെ അമ്മമാരുടെ കണ്ണുനീര്‍ കാണുകയോ ഞങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി എത്രമാത്രം ത്യാഗം സഹിച്ചുവെന്നോര്‍ക്കുവിന്‍ എന്ന അവരുടെ വാക്കുകള്‍ കേള്‍ക്കുകയോ ചെയ്ക മൂലം മനസ്സലിഞ്ഞ് ദൈവകല്പനകളെപിന്തുടരാതിരുന്നിട്ടുള്ള എത്രയധികം ആളുകള്‍ ഉണ്ട്! ആ വിധത്തില്‍ അവര്‍ യേശുവിന്റെ ശിഷ്യന്മാരായിത്തീരുവാന്‍ തങ്ങളെത്തന്നെ അയോഗ്യരാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്.
നേരെ മറിച്ച് (ഇന്നു പല മക്കളും ചെയ്യുന്നതുപോലെ) നിങ്ങളുടെ സ്വാര്‍ത്ഥോദ്ദേശ്യങ്ങള്‍ക്കുവേണ്ടി മാതാപിതാക്കളെ" വെറുക്കുന്ന" ഒരുവനായി നിങ്ങള്‍ തീരുന്നപക്ഷം ഇവിടെ ഇപ്പോള്‍ പറഞ്ഞകാര്യം നിങ്ങള്‍ക്കു ബാധകമല്ല. നിങ്ങളുടെ മാതാപിതാക്കളെ ബഹുമാനിക്കുക എന്നതാണ് നിങ്ങള്‍ ആദ്യമായി പഠിക്കേണ്ട പാഠം.
മാനുഷികമായ കാരുണ്യം മൂലം (യേശു ചെയ്തതുപോലെ) വാള്‍ ഉപയോഗിക്കാതിരിക്കയും അങ്ങനെ ഒത്തുതീര്‍പ്പുകാരായിത്തീരുകയും ചെയ്യുന്നവര്‍ കാലാന്തരത്തില്‍ ആത്മീയമായി നഷ്ടം സഹിക്കേണ്ടിവരും. തങ്ങളുടെ മാതാപിതാക്കളോട് ഈ വിധം പ്രവര്‍ത്തിച്ചത് ഈ ലേവ്യര്‍ക്ക് സങ്കടകരമായിരുന്നു. എങ്കിലും യഹോവയ്ക്കുവേണ്ടി അവര്‍ ഇപ്രകാരം ചെയ്യുകയാണുണ്ടായത്.
ലേവ്യര്‍ ദൈവത്തെ ഭയപ്പെട്ട് അവിടുത്തെ നാമത്തെ ആദരിക്കുക മൂലം ദൈവം അവര്‍ക്കു ജീവന്റെയും സമാധാനത്തിന്റെയും നിയമം (ഉടമ്പടി) നല്‍കിയതായി മലാഖി 2:4,5 എന്നീ വാക്യങ്ങളില്‍ ദൈവം അരുളിച്ചെയ്തിരിക്കുന്നു. എങ്കിലും വാള്‍ ഉപയോഗിച്ചാണ് ഈ സമാധാനം അവര്‍ നേടിയത്!
ഇതെല്ലാം ഇന്നു നമ്മെ ഏതുവിധം ബാധിക്കുന്നു? പഴയനിയമകാലത്ത് ലേവ്യര്‍ ചെയ്തതുപോലെ മറ്റുള്ളവര്‍ക്കെതിരേ ഭൗതികമായ വാളുകള്‍ നാം ഉപയോഗിക്കുന്നില്ല. ''വാള്‍ ഉപയോഗിക്കു'' എന്നുള്ളതിന് ഇന്നുള്ള അര്‍ത്ഥം നമ്മുടെ മാതാപിതാക്കളോടും സ്വജനങ്ങളോടുമുള്ള മാനുഷികമായ അടുപ്പം വിഛേദിക്കുകയും തല്‍സ്ഥാനത്ത് ദൈവികമായ ഒരടുപ്പം കൈവരിക്കയും ചെയ്ക എന്നതാണ്. മാതാപിതാക്കള്‍ തുടങ്ങിയവരോടുള്ള മാനുഷികമായ അടുപ്പം അവരെ സഹായിക്കുവാനും പ്രസാദിപ്പിക്കുവാനുമായി നമ്മെക്കൊണ്ട് പാപം ചെയ്യിക്കുവാനിടവരാം. എന്നാല്‍ ദൈവികമായ അടുപ്പം ) പാപം ചെയ്യാതെ നമ്മെ തടയുമെന്നു മാത്രമല്ല, അവരെ അധികം ആഴമായും നിര്‍മ്മലമായും സ്‌നേഹിക്കുവാനും അവര്‍ നമ്മെ വെറുക്കുമ്പോള്‍ത്തന്നെ അവരെ സ്‌നേഹിക്കുവാനും നമ്മെ സഹായിക്കുകയും കൂടെ ചെയ്യും.
ഏതെങ്കിലുമൊരു സാഹചര്യത്തില്‍ നമ്മുടെ മാതാപിതാക്കന്മാര്‍ നമ്മോട് ആവശ്യപ്പെടുന്ന കാര്യവും ദൈവം നമ്മോടാവശ്യപ്പെടുന്ന കാര്യവും തമ്മില്‍ ഒരു സംഘട്ടനം ഉണ്ടാകുന്ന പക്ഷം അപ്പോള്‍ നാം ദൈവത്തെയാണ് അനുസരിക്കേണ്ടത്. അത്തരം സാഹചര്യങ്ങളിലാണ് നാം ദൈവത്തെ ഭയപ്പെടുകയും പ്രസാദിപ്പിക്കുകയും ചെയ്യുന്നുണ്ടോ അതോ നമ്മുടെ സ്വജനങ്ങളെ നാം പ്രസാദിപ്പിക്കുന്നുവോ എന്നു ദൈവം നമ്മെ ശോധന ചെയ്യുന്നത്.
ദൈവത്തിന് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനത്തിനെതിരെ നമ്മുടെ മാതാപിതാക്കള്‍, ഭാര്യ, മക്കള്‍, മറ്റു സ്വജനങ്ങള്‍ എന്നിവര്‍ക്ക് നമ്മുടെ ജീവിതത്തിലുള്ള സ്ഥാനമെന്ന ഈ പ്രശ്‌നം നമ്മുടെ ക്രിസ്തീയജീവിതത്തിന്റെ ആരംഭഘട്ടത്തില്‍ത്തന്നെ എന്നേക്കുമായി തീരുമാനിക്കപ്പെടേണ്ടതാണ്. അല്ലാത്തപക്ഷം ജീവിതകാലം മുഴുവന്‍ നമുക്കു നിരന്തരമായി പ്രശ്‌നങ്ങളെ നേരിടേണ്ടിവരും.
നാം ദൈവത്തെ മാനിക്കുന്നുവെങ്കില്‍ ദൈവം നമ്മെയും മാനിക്കും. നിങ്ങള്‍ കര്‍ത്താവിനുവേണ്ടി ഒരു നിലപാടു സ്വീകരിക്കുന്നപക്ഷം നിങ്ങളുടെ മാതാപിതാക്കന്മാര്‍ പോലും അനുഗ്രഹിക്കപ്പെടും. ദൈവത്തിന്റെ അന്തിമലക്ഷ്യം നമ്മുടെ നന്മയും മറ്റുള്ളവരുടെ നന്മയുമാണ്. അതിനാല്‍ ഒത്തുതീര്‍പ്പു നടത്തുന്നവര്‍ ആത്മീയമായി അവര്‍ക്കുതന്നെ നഷ്ടം വരുത്തുമെന്നു മാത്രമല്ല, അതുമൂലം അവരുടെ മാതാപിതാക്കള്‍ക്കും കൂടെ ദൈവാനുഗ്രഹം നഷ്ടമാകുവാനിടയാക്കും. ദൈവകല്പനകള്‍ അനുസരിക്കുന്നതിലൂടെ ഒരിക്കലും നിങ്ങള്‍ അന്തിമമായി നഷ്ടം സഹിക്കേണ്ടി വരികയില്ല. ദൈവം അബ്രഹാമിനോട് യിസ്ഹാക്കിനെ യാഗമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈ പ്രമാണത്തിനുതന്നെയാണ് അവിടുന്ന് ഊന്നല്‍ നല്‍കിയത്. യിസ്ഹാക്ക് അബ്രഹാമിന്റെ വാത്സല്യ പാത്രവും അവന് ഒരു വിഗ്രഹവും ആയിത്തീര്‍ന്നിരുന്നു. തന്മൂലം യിസ്ഹാക്കിനെ കൈവെടിയുവാന്‍ ദൈവം അബ്രഹാമിനോട് ആവശ്യപ്പെട്ടു.
ഇതുപോലെ നിങ്ങള്‍ക്കു നിങ്ങളുടെ മാതാപിതാക്കളോടോ ഭാര്യയോടോ കുട്ടികളോടോ ഒരടുപ്പം ഉണ്ടായിട്ടുണ്ടോ? എങ്കില്‍ ഒരു ശിഷ്യനായിരിപ്പാന്‍ നിങ്ങള്‍ക്കു സാധ്യമല്ല.
നിങ്ങളുടെ ഭാര്യ വന്നു സഭയിലുള്ള ഒരു സഹോദരനെപ്പറ്റി നിങ്ങളോട് ദൂഷണം പറയുമ്പോള്‍ ആ പരദൂഷണാത്മാവിനോട് നിങ്ങള്‍ സഹകരിക്കുകയാണോ അതോ ഉള്ളുകൊണ്ട് അതിനെ നിരസിക്കുകയാണോ ചെയ്യുന്നത്? അവിടെ ഭാര്യയെ സന്തോഷിപ്പിക്കുവാന്‍ നിങ്ങള്‍ക്കാഗ്രഹമുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ നഷ്ടപ്പെട്ടവനാകുമെന്നു മാത്രമല്ല, നിങ്ങളുടെ ഭാര്യയും കൂടി നിങ്ങള്‍ക്കു നഷ്ടമാകും. നേരെ മറിച്ച് നിങ്ങള്‍ നിങ്ങളെത്തന്നെ നിര്‍മ്മലതയില്‍ സൂക്ഷിക്കുമെങ്കില്‍ കുറഞ്ഞപക്ഷം നിങ്ങള്‍ നിങ്ങളെയെങ്കിലും രക്ഷിക്കും. കാലക്രമേണ നിങ്ങളുടെ ഭാര്യയും രക്ഷനേടും. അതിനാല്‍ ''വെറുക്കുക'' എന്ന മാര്‍ഗ്ഗം എല്ലാവര്‍ക്കും നല്ലതുതന്നെ.
ഇത്തരം കാര്യങ്ങളില്‍ നാം വിപ്ലവകാരികള്‍ (ൃമറശരമഹ) ആയിരിക്കുന്ന പക്ഷം പുതിയനിയമ പുരോഹിതരായിരിക്കുന്നതില്‍ നിന്ന് നമ്മെ തടയുവാന്‍ ആര്‍ക്കും സാധ്യമല്ല.
ഈ കാര്യം ഞാന്‍ ഒരിക്കല്‍ കൂടെപ്പറയട്ടെ. മാതാപിതാക്കളുടെ ഇംഗിതത്തിനെതിരായി നിങ്ങള്‍ക്ക് ഒരു നിലപാടു സ്വീകരിക്കേണ്ടി വരുമ്പോള്‍ നിങ്ങള്‍ പരുഷഭാവം കാട്ടരുത്. കൃപയോടുകൂടെ നിങ്ങള്‍ ഇപ്രകാരം പറയുക: ''അപ്പച്ചാ, ഞാന്‍ ഖേദിക്കുന്നു. ആ കാര്യം ദൈവവചനത്തിനെതിരാകയാല്‍ എനിക്കതു പ്രവര്‍ത്തിപ്പാന്‍ സാധ്യമല്ല.'' പരുഷഭാവം കാട്ടുന്നതിനെയും സത്യത്തിനുവേണ്ടി നിലകൊള്ളുന്നതിനെയും തമ്മില്‍ വേര്‍തിരിച്ചറിയുവാന്‍ പല യുവവിശ്വാസികളും പഠിച്ചിട്ടില്ലാത്തതുകൊണ്ടാണ് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.
വിവാഹം ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട ഒരു പടിയാണ്. എന്തെന്നാല്‍ അതിന് ഒരു മനുഷ്യന്റെ മുഴുവന്‍ ജീവിതത്തെയും പണിയുവാനോ അഴിക്കുവാനോ കഴിയും.
വിവാഹത്തില്‍ ദൈവഹിതമന്വേഷിക്കുന്ന യുവജനങ്ങള്‍ കര്‍ത്താവിനോട് തങ്ങള്‍ ഒന്നാമത് അവിടുത്തെ ശിഷ്യരായതിനാല്‍ തങ്ങളുടെ ജീവിതത്തില്‍ ഏറ്റവും വലിയ സംഗതി വിവാഹമല്ലെന്നും അത് കര്‍ത്താവിനെ പിന്തുടരുക എന്നതാണെന്നും പറയണം.
സകലവും ത്യജിച്ചവനാണ് ഒരു വിശ്വാസി. കര്‍ത്താവ് അപ്രകാരം തന്നെപ്പറ്റി ആഗ്രഹിക്കുന്നപക്ഷം അവിവാഹിതനായിരിപ്പാന്‍ പോലും താന്‍ സന്നദ്ധനാണെന്ന് അയാള്‍ കര്‍ത്താവിനോട് പറയണം. അത്തരം യുവജനങ്ങള്‍ക്കു മാത്രമേ വിവാഹത്തില്‍ ദൈവത്തിന്റെ സര്‍വോന്നത നന്മ ലഭിപ്പാന്‍ കഴിയൂ. ഇന്ന് വിശ്വാസികള്‍ക്കിടയിലുള്ള അസന്തുഷ്ട വിവാഹങ്ങളുടെ വലിയ സംഖ്യയും വിവാഹത്തില്‍ ഐക്യത്തിന്റെ അഭാവവും നാം നോക്കുമ്പോള്‍ ഈ ദമ്പതിമാര്‍ ഒന്നാമത് ക്രിസ്തുശിഷ്യന്മാരെന്ന നിലയിലല്ല വിവാഹബന്ധത്തിലേക്കു പ്രവേശിച്ചതെന്ന വസ്തുത വ്യക്തമാകുന്നതാണ്.
ഒരിക്കല്‍ കര്‍ത്താവിനെ ജീവിതത്തില്‍ ഒന്നാംസ്ഥാനത്തു പ്രതിഷ്ഠിച്ചു കഴിഞ്ഞാല്‍ വിശ്രമത്തിന്റേതായ ഒരടിസ്ഥാനത്തില്‍ നമുക്കു ദൈവഹിതം അന്വേഷിപ്പാന്‍ കഴിയും. ആദാമിന് ഒരു ഭാര്യയെ ഒരുക്കുന്ന സമയത്ത് ദൈവം അദ്ദേഹത്തിന് ഒരു ഗാഢനിദ്ര വരുത്തിയെന്ന കാര്യം ഓര്‍ക്കുക. ഒരു ജീവിത പങ്കാളിയെ അന്വേഷിച്ചുകൊണ്ട് ആദാമിന് ആ തോട്ടത്തിനു ചുറ്റും വിരഞ്ഞോടേണ്ടി വന്നില്ല! അതുപോലെ നാമും ദൈവഹിതം ചെയ്തുകൊണ്ട് വിശ്രാന്തിയിലായിരിക്കേണ്ടത് ആവശ്യം. അപ്പോള്‍ തക്കസമയത്തു ദൈവം തന്നെ നമ്മുടെ ജീവിതപങ്കാളിയെ നമ്മുടെ അടുക്കല്‍ എത്തിക്കും. ഇതുകൊണ്ട് ഒരു ജീവിതപങ്കാളിയെ നാം അന്വേഷിക്കേണ്ടതില്ലെന്നു വന്നുകൂടുന്നില്ല. എന്നാല്‍ അതിനെപ്പറ്റി ഭീതിപ്പെടേണ്ട കാര്യമില്ലെന്ന് ഇതു കാണിക്കുന്നു.
യുവാക്കന്മാര്‍ 25 വയസ്സാകുന്ന സമയത്തും യുവതികള്‍ 20 വയസ്സാകുമ്പോഴും തങ്ങളുടെ ഭാവിജീവിതപങ്കാളിയെപ്പറ്റി പ്രാര്‍ത്ഥിക്കുവാനാരംഭിക്കണം. ആ പ്രായത്തിലെത്തുന്നതിനുമുമ്പ് വിവാഹത്തെപ്പറ്റി ചിന്തിക്കാതെ കര്‍ത്താവിനെയും അവിടുത്തെ വചനത്തെയും വേലയെയും പറ്റിയായിരിക്കണം നിങ്ങളുടെ ചിന്ത. നിങ്ങള്‍ കണ്ടുമുട്ടുന്ന ആകര്‍ഷകത്വമുള്ള ഓരോ പെണ്‍കുട്ടിയെയോ ആണ്‍കുട്ടിയെയോ ഒരു സാധ്യതയായിപ്പരിഗണിച്ചുകൊണ്ട് നിങ്ങളുടെ സമയം പാഴാക്കരുത്. വാസ്തവത്തില്‍ ആകര്‍ഷകത്വമുള്ള ഒരാളെ കണ്ടുമുട്ടുമ്പോള്‍ മറ്റാരെങ്കിലും ആ വ്യക്തിയെ സ്വന്തമാക്കാതെ ഞാന്‍ അവനെ/അവളെ പിടിച്ചെടുക്കുമെന്നു നിങ്ങള്‍ ചിന്തിക്കരുത്. ദൈവം യഥാര്‍ത്ഥത്തില്‍ ആ വ്യക്തിയെ നിങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുണ്ടെങ്കില്‍ ആ വ്യക്തിയെ അവിടുന്നു നിങ്ങള്‍ക്കായി സൂക്ഷിച്ചുകൊള്ളും. മറ്റാര്‍ക്കും അയാളെ പിടിച്ചെടുക്കാന്‍ സാധ്യമല്ല. നിങ്ങള്‍ കര്‍ത്താവിന്റെ ഒരു യഥാര്‍ത്ഥശിഷ്യനാണെങ്കില്‍ അവിടുന്ന് സര്‍വോന്നതമായത് നിങ്ങള്‍ക്കായി കരുതിക്കൊള്ളും.
ദാവീദ് ശൗലിന്റെ പക്കല്‍നിന്നു സിംഹാസനം പിടിച്ചെടുത്തില്ല. മറിച്ച് ദൈവത്തിന്റെ സമയത്തിനായി കാത്തിരുന്നു. ദൈവം അദ്ദേഹത്തെ ''എന്റെ ഹൃദയ പ്രകാരമുള്ള മനുഷ്യന്‍'' എന്നുവിളിക്കയും ചെയ്തു (അപ്പോ: പ്ര: 13:22). നിങ്ങളും കാത്തിരുന്ന് സകലവും ദൈവകരങ്ങളില്‍ നിന്നു പ്രാപിക്കുമെങ്കില്‍ നിങ്ങളെപ്പറ്റിയും അവിടുന്ന് അപ്രകാരം തന്നെപറയും. നിങ്ങള്‍ ഒന്നാമത് ദൈവരാജ്യം അന്വേഷിച്ചുകൊണ്ട് നിങ്ങളുടെ സമയം ചെലവഴിക്കുന്ന പക്ഷം നിങ്ങള്‍ക്കു നിങ്ങളുടെ വിവാഹകാര്യം ദൈവകരങ്ങളില്‍ ഏല്പിച്ചുകൊടുക്കാം. നിങ്ങള്‍ അവിടുത്തെ മാനിക്കുന്ന പക്ഷം അവിടുന്നു നിങ്ങളെയും മാനിക്കും.
ഒരു പിതാവിന് തന്റെ മക്കള്‍ക്കായി ഭവനവും സമ്പത്തും നല്‍കാന്‍ കഴിയുമെങ്കിലും നല്ലൊരു ഭാര്യയെ ദൈവമാണു നല്‍കുന്നതെന്ന് സദൃശ വാക്യം 19:14-ല്‍ പറയുന്നു. അതിനാല്‍ ദൈവത്തില്‍ നിന്ന് നിങ്ങളുടെ ജീവിതപങ്കാളിയെ ലഭിക്കുവാന്‍ ആഗ്രഹിക്കുക.
ഒരു ശിഷ്യന്‍ തന്റെ ജീവിതപങ്കാളിയെ ഏതുവിധമാണ് അന്വേഷിച്ചുകണ്ടെത്തേണ്ടത്?
" ആലോചിച്ചു" തീരുമാനിക്കപ്പെടുന്ന വിവാഹത്തില്‍ ഉറപ്പായി വിശ്വസിക്കുന്ന ഒരുവനാണ് ഞാന്‍. ദൈവത്തിന്റെ ആലോചനയാല്‍ തീരുമാനിക്കപ്പെടുന്ന വിവാഹത്തില്‍ത്തന്നെ. ബൈബിളില്‍ അത്തരം രണ്ടു വിവാഹങ്ങളെപ്പറ്റി നാം വായിക്കുന്നു. ആദാമിന് ദൈവം ഒരു ജീവിതപങ്കാളിയെ നല്‍കി. അതുപോലെ യിസ്ഹാക്കിനും ദൈവം ഒരു ജീവിതപങ്കാളിയെ ക്രമീകരിച്ചു. എന്റെ സാക്ഷ്യം ഇതാണ്: എനിക്കും ദൈവം ഒരു ജീവിതപങ്കാളിയെ കണ്ടെത്തുകയാണുണ്ടായത്. എനിക്കു ലഭിക്കാവുന്നതില്‍ സര്‍വോത്തമയായ ഒരുവളെത്തന്നെ.
ദൈവത്തിന്റെ കണ്ണുകള്‍ ഇപ്പോഴും തങ്കല്‍ ഏകാഗ്രചിത്തരായിരിക്കുന്നവരെ സഹായിക്കുവാന്‍ വേണ്ടി ഭൂമിയിലൊക്കെയും ഊടാടിക്കൊണ്ടിരിക്കുന്നു. (2 ദിനവൃ: 16:9) ദൈവത്തിനു ചെയ്യാന്‍ കഴിയുന്നതുപോലെ ഭൂമി മുഴുവന്‍ തിരയുവാന്‍ മറ്റാര്‍ക്കും സാധ്യമല്ല. അവനില്‍ ആശ്രയിക്കുന്നവര്‍ ഒരിക്കലും നിരാശരാവുകയില്ല.
അതിനാല്‍ ഒരു നല്ല ഭാര്യയെ, അഥവാ ഭര്‍ത്താവിനെ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഒന്നാമത് യേശുക്രിസ്തുവിനെ പൂര്‍ണ്ണഹൃദയത്തോടെ പിന്തുടരുന്ന ഒരു ശിഷ്യനായി അഥവാ ശിഷ്യയായിത്തീരുക. അപ്പോള്‍ ദൈവം തന്നെ നിങ്ങളുടെ വിവാഹം ക്രമീകരിക്കും. ''നിങ്ങളുടെ വിശ്വാസം പോലെ നിങ്ങള്‍ക്കു ഭവിക്കട്ടെ''.
യിസ്ഹാക്കിനു ഉചിതയായ പെണ്‍കുട്ടിയെ തിരഞ്ഞെടുത്തു നല്‍കുവാന്‍ അബ്രഹാമിന്റെ ഭൃത്യന്‍ പ്രാര്‍ത്ഥിച്ചു. ദൈവം അപ്രകാരം നല്‍കുകയും ചെയ്തു (ഉല്‍പത്തി: 24). ഈ ദൈവമാണ് നിങ്ങളുടെ പിതാവ്. അവിടുന്നു നിങ്ങള്‍ക്കും അപ്രകാരം നല്‍കും.
പുതുക്കപ്പെട്ട ഒരു മനസ്സിലൂടെ ദൈവം തന്റെ തിരുഹിതം വെളിപ്പെടുത്തുന്നുവെന്ന് ബൈബിള്‍ പ്രസ്താവിക്കുന്നു (റോമര്‍: 12:2). അതിനാല്‍ ദൈവത്തിന്റെ പരിപൂര്‍ണ്ണഹിതം തിരിച്ചറിയുവാന്‍ നമ്മുടെ മനസ്സുകള്‍ പുതുക്കപ്പെടുന്നതിന് നാം അനുവദിക്കണം. പുതുക്കപ്പെട്ട മനസ്സെന്നത് ദൈവത്തിന്റെ വീക്ഷണകോണത്തിലൂടെ ആളുകളെ നോക്കുവാന്‍ അഭ്യസിച്ചിട്ടുള്ള ഒന്നാണ്.
സദൃശവാക്യങ്ങള്‍: 31:10-31 വാക്യങ്ങളില്‍ ദൈവം ശുപാര്‍ശ ചെയ്യുന്ന ഒരു ഭാര്യയുടെ മാതൃക നാം കാണുന്നു. വിവാഹത്തിനായി ഒരു പെണ്‍കുട്ടിയെ പരിഗണിക്കുന്ന സമയത്ത് അവിടെക്കാണിച്ചിട്ടുള്ള ഗുണവിശേഷങ്ങളാണ് എല്ലാ യുവാക്കന്മാരും പ്രതീക്ഷിക്കേണ്ടത്. എല്ലാ പെണ്‍കുട്ടികളും തങ്ങളുടെ ജീവിതത്തില്‍ പിന്തുടരേണ്ട മൂല്യങ്ങളും അവ തന്നെയാണ്.
പല യുവാക്കന്മാരും ഒരു സ്ത്രീയുടെ ആകാരസൗന്ദര്യമാണ് നോക്കുന്നത്. ഈ കാര്യങ്ങളെത്തന്നെയാണ് വ്യാജവും വ്യര്‍ത്ഥവുമെന്ന് സദൃശവാക്യം: 31:30-ല്‍ പറയുന്നത്. വിവേകമില്ലാത്ത സുന്ദരി പൊന്‍മൂക്കുത്തിയണിഞ്ഞ ഒരു പന്നിപോലെയാണെന്ന് സദൃശവാക്യം: 11:22 പറയുമ്പോള്‍ ശക്തമായ ഭാഷയിലാണ് ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നത്. (വിവേകത്തിന്റെ ആദ്യപടി ദൈവഭയം തന്നെ) ചില യുവാക്കന്മാര്‍ പൊന്‍മൂക്കുത്തിയില്‍ ഭ്രമിച്ച് പന്നിയെത്തന്നെ വിവാഹം ചെയ്യുന്നു.
സദൃശവാക്യം 31-ല്‍ വിവരിക്കുന്ന സ്ത്രീ തന്റെ കൈകൊണ്ട് നല്ലവണ്ണം അധ്വാനിക്കുന്ന ഒരുവളാണ്. അവള്‍ അതിരാവിലെ ഉണരുന്നു (വാക്യം: 13, 15). തന്റെ കുടുംബത്തിന് ഒരധികവരുമാനം ഉണ്ടാക്കുവാന്‍ അവള്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കുന്നു (വാക്യം 16 ). പണം ചെലവാക്കുന്നതില്‍ അവള്‍ സൂക്ഷ്മതയുള്ളവളാണ്. അവള്‍ ദരിദ്രരെ സഹായിക്കുന്നു. "ദയയുള്ള ഉപദേശം അവളുടെ നാവിന്മേല്‍ ഉണ്ട്" (വാക്യം 26). ചുരുക്കിപ്പറഞ്ഞാല്‍ അവള്‍ അധ്വാനശീലയും മിതവ്യയക്കാരിയും ഔദാര്യവതിയും കൃപയോടുകൂടി സംസാരിക്കുന്നവളും അത്രേ.
അവളുടെ കൈകള്‍ കഠിനാധ്വാനത്താല്‍ തഴമ്പിച്ചതും നാവ് മൃദുവുമാണ്. ദൗര്‍ഭാഗ്യവശാല്‍ ഇന്നു പല ക്രിസ്തീയ യുവതികളിലും നാം കാണുന്നത് ഇതിനു നേര്‍ വിരുദ്ധമായ സ്ഥിതിയാണ്. അവരുടെ കൈകള്‍ മൃദുവും നാവ് (ഗര്‍വ് മൂലം) /അത്തരമൊരു സ്ത്രീയെ വിവാഹം ചെയ്യുന്ന മനുഷ്യന് അയ്യോ കഷ്ടം!!
അങ്ങുമിങ്ങുംപോയി ബൈബിള്‍ ക്ലാസ്സുകള്‍ നടത്തുന്ന ഒരുവള്‍ ഒരു നല്ല ഭാര്യയായിത്തീരണമെന്നില്ല. മതപ്രവര്‍ത്തനങ്ങളെ ആത്മീയതയായി യുവജനങ്ങള്‍ തെറ്റിദ്ധരിക്കരുത്. വിവാഹം ചെയ്യുമ്പോള്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് ഒരു ഭാര്യയെയും നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ഒരു മാതാവിനെയുമാണ്. നിങ്ങളില്‍ ആര്‍ക്കും ഒരു ബൈബിള്‍ ടീച്ചറല്ല ആവശ്യമെന്ന് ഓര്‍ത്തുകൊള്‍ക.
ഉത്തമഗീതം: 8:9-ല്‍ രണ്ടു യുവതികളെപ്പറ്റി പറയുന്നു: ഒന്ന് മതില്‍ പോലെയുള്ളവര്‍. രണ്ട് വാതിലിനു തുല്യകള്‍. വാതില്‍ എന്നത് മലര്‍ക്കെത്തുറന്ന ഹൃദയവുമായി നിങ്ങളെ സമീപിക്കുന്ന സ്വച്ഛന്ദചാരിണിയായ യുവതിയാണ്. മതിലാകട്ടെ, എല്ലാ യുവതികളെയും ദൈവം സൃഷ്ടിച്ചിട്ടുള്ള വിധം ലജ്ജാശീലയും മിതഭാഷിണിയുമാണ്. ഒരു യുവതി ഒരു വാതില്‍ പോലെയാണെങ്കില്‍ മാതാപിതാക്കന്മാര്‍ അവളെ അടക്കി നിര്‍ത്തേണ്ടതാണെന്ന് ആ വാക്യം തുടര്‍ന്നുപറയുന്നു. എങ്കിലും അവള്‍ ഒരു മതില്‍ പോലെയാണെങ്കില്‍ ഒരു കൊട്ടാരം (ദൈവികഭവനം) അവളിലൂടെ പടുത്തുയര്‍ത്തുവാന്‍ സാധ്യമാണ്.
1 പത്രൊസ് 3:3-4 വാക്യങ്ങള്‍ ശിഷ്യകളായിത്തീരാനാഗ്രഹിക്കുന്ന എല്ലാ സ്ത്രീകളും വിലയേറിയ വസ്ത്രവും ആഭരണങ്ങളും ഒഴിവാക്കുവാന്‍ ആവശ്യപ്പെടുന്നു. കാരണം, ഒരു സ്ത്രീയില്‍ ദൈവം നോക്കുന്ന ഏറ്റവും വിലപ്പെട്ട കാര്യം സൗമ്യതയും ശാന്തതയുമുള്ള ഒരു മനസ്സാണ്. ശിഷ്യത്വം പ്രാഥമികമായി കാണപ്പെടുന്നത് ഒരു മനുഷ്യന്റെ വേഷധാരണത്തിലല്ലെങ്കിലും ഒരു സ്ത്രീയുടെ വസ്ത്രധാരണം അവളുടെ സ്വഭാവത്തെ വലിയൊരളവില്‍ വെളിപ്പെടുത്തുന്നു. തന്റെ ഹൃദയത്തില്‍ അവള്‍ വിലപ്പെട്ടതായിക്കരുതുന്ന മൂല്യങ്ങളെ അവളുടെ വസ്ത്രധാരണരീതി പലപ്പോഴും പ്രത്യക്ഷമാക്കുന്നു. ഒരു ക്രിസ്തുശിഷ്യന്‍ വൃത്തികേടായോ അലസമായോ വസ്ത്രം ധരിപ്പാന്‍ പാടില്ല. എന്നാല്‍ വിലയേറിയ വസ്ത്രത്തിനോ ആഭരണത്തിനോ വേണ്ടി അയാള്‍ പണം ദുര്‍വിനിയോഗപ്പെടുത്തുവാനും പാടില്ല.
അതിനാല്‍ ദൈവഭക്തിയുള്ള ഒരു ഭാര്യയെ അന്വേഷിക്കുന്ന ഒരുവന്‍ പ്രാഥമികമായി ദൈവഭയത്തെയും അതിനോടൊപ്പം സൗമ്യവും ശാന്തവുമായ മനോഭാവം, ഉത്സാഹശീലം, സൗമ്യഭാഷണം, ലജ്ജാശീലം, ലാളിത്യം എന്നിവയെയുമാണ് നോക്കേണ്ടത്.
യുവതികള്‍ വിവാഹത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ സാധാരണയായി വിദ്യഭ്യാസം, സമ്പത്ത്, ആകാരയോഗ്യത എന്നിവയാണ് പരിഗണിക്കാറുള്ളത്. ഒരു കുടുംബത്തെ പുലര്‍ത്തുവാന്‍ വകയില്ലാത്ത ഒരുവനെ ഒരു സ്ത്രീ വിവാഹകാര്യത്തില്‍ പരിഗണിക്കരുത് എന്നത് സത്യം തന്നെ. കാരണം, ഒരുവന്‍ തന്റെ ഭവനം അഥവാ കുടുംബം പടുത്തുയര്‍ത്തുന്നതിനുമുമ്പ് തന്റെ തൊഴില്‍ അഥവാ വരുമാനമാര്‍ഗ്ഗം സ്ഥിരമാക്കണമെന്നു ബൈബിള്‍ ഉദ്‌ബോധിപ്പിക്കുന്നു (സദൃശ: 24:27). എങ്കിലും അതുകൊണ്ട് എല്ലാമായി എന്നു ചിന്തിക്കാനും പാടില്ല.
ഒരു യുവതിയെന്ന നിലയില്‍ നിങ്ങള്‍ ഒന്നാമതായി ഉറപ്പുവരുത്തേണ്ട കാര്യം നിങ്ങള്‍ പരിഗണിക്കുന്ന യുവാവ് പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ പിന്തുടരുന്നവനും നിങ്ങള്‍ക്ക് മാതൃകായോഗ്യനായ ഒരു ശിഷ്യനുമാണോ എന്നതാണ്. ബൈബിള്‍ അപ്രകാരം കല്പിക്കുന്നതുകൊണ്ടു മാത്രമല്ല, നേരെമറിച്ച് സന്തോഷത്തോടുകൂടെത്തന്നെ അയാളെ നിങ്ങളുടെ ശിരസ്സാക്കിത്തീര്‍ക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? ഏതെങ്കിലും യുവാവിനെപ്പറ്റി പരിഗണിക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കേണ്ട ഒന്നാമത്തെ ചോദ്യം ഇതാണ്.
ഈ വിഷയത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുവാന്‍ ''സെക്‌സ്, പ്രേമം, വിവാഹം - ഒരു ക്രിസ്തീയസമീപനം'' എന്ന എന്റെ പുസ്തകം ദയവായി വായിക്കുക.
മലാഖി: 2:15ല്‍ ദൈവം പുരുഷനെയും അവന്റെ ഭാര്യയെയും ഒന്നാക്കിത്തീര്‍ത്തത് അവരിലൂടെ ദൈവഭക്തിയുള്ള സന്താനങ്ങളെ തനിക്കു ലഭിക്കുന്നതിനാണെന്നു നാം വായിക്കുന്നു. ഏതൊരാള്‍ക്കും സന്താനങ്ങള്‍ ഉണ്ടാകാം; എന്നാല്‍ യേശുവിന്റെ ശിഷ്യനായ ഒരുവന്‍ മാത്രമേ ദൈവഭക്തിയുള്ള സന്താനങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നുള്ളു.
മാതാപിതാക്കളില്‍ കുറഞ്ഞപക്ഷം ഒരാളെങ്കിലും ഒരു യഥാര്‍ത്ഥശിഷ്യനും (ശിഷ്യയും) തന്റെ മുഴുഹൃദയത്തോടും കര്‍ത്താവിനെ സ്‌നേഹിക്കുന്നവനുമായിത്തീരുക എന്നതാണ് ഇതിനാവശ്യമായ ഒന്നാമത്തെ കാര്യം. അര്‍ദ്ധമനസ്‌കരായ ക്രിസ്ത്യാനികള്‍ക്ക് ദൈവഭക്തിയുള്ള മക്കള്‍ ഉണ്ടാവുക സാധ്യമല്ല.
രണ്ടാമത്തെ പ്രധാനാവശ്യം ഭാര്യാഭര്‍ത്തക്കന്മാര്‍ തമ്മിലുള്ള ഒരുമയാണ്. അവരില്‍ ഒരാള്‍ ഒരു ശിഷ്യനോ ശിഷ്യയോ അല്ലെങ്കില്‍ ഇതു സാധ്യമായെന്നു വരികയില്ല. അങ്ങനെ വരുമ്പോള്‍ മറ്റെയാള്‍ തനിച്ച് തന്റെ മക്കള്‍ക്കുവേണ്ടി സാത്താനോട് പോരാടി കാര്യം സാധിക്കേണ്ടിവരും. എന്നാല്‍ ഇരുവരും പൂര്‍ണ്ണഹൃദയത്തോടെ കര്‍ത്താവിനെ പിന്തുടരുന്നവരാണെങ്കില്‍ കാര്യം കൂടുതല്‍ എളുപ്പമാണ്. ഈ കാരണത്താലാണ് ശരിയായ വിവാഹപങ്കാളിയെ തിരഞ്ഞെടുക്കുന്നത് ഏറ്റവും പ്രധാനമായിരിക്കുന്നത്.
ഭാര്യാഭര്‍ത്താക്കന്മാര്‍ എപ്പോഴും കലഹിക്കുകയും കുറ്റം പറകയും ചെയ്യുന്നവരാണെങ്കില്‍ കുട്ടികളെ ദൈവഭയത്തില്‍ വളര്‍ത്തുക വളരെ പ്രയാസമാണ്. ദൈവഭക്തിയുള്ള ഒരു കുടുംബം പടുത്തുയര്‍ത്തുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നപക്ഷം എന്തുവില കൊടുത്തും ഭാര്യയോട് അഥവാ ഭര്‍ത്താവിനോട് ഐക്യം പുലര്‍ത്തുവാന്‍ ആഗ്രഹിക്കുക. അതിന്റെ ഫലമായി നിങ്ങളുടെ പല അവകാശങ്ങളും കൈവെടിയേണ്ടിവന്നാല്‍ത്തന്നെയും അപ്രകാരം ചെയ്‌തേ മതിയാവൂ. പില്‍ക്കാലത്ത് നിങ്ങളുടെ മക്കള്‍ കര്‍ത്താവിനെ പിന്തുടരുന്നതു കാണുമ്പോള്‍ അതാണ് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉത്തമമായ മാര്‍ഗ്ഗമെന്നു നിങ്ങള്‍ക്കു ബോധ്യമാകും.
ശിഷ്യരായ രണ്ടുപേര്‍ തമ്മിലുള്ള ഐക്യത്തില്‍ ഒരദ്ഭുതശക്തി അടങ്ങിയിട്ടുണ്ട്. ഭൂമിയില്‍ രണ്ടു ശിഷ്യന്മാര്‍ ഒരുമനപ്പെടുമ്പോള്‍" സ്വര്‍ഗ്ഗതലങ്ങളില്‍" സാത്താന്യശക്തികളെയും അധികാരങ്ങളെയും ബന്ധിക്കുവാനുള്ള അധികാരം അവര്‍ക്കു ലഭിക്കുമെന്ന് മത്തായി: 18: 18-20 വാക്യങ്ങളില്‍ കര്‍ത്താവായ യേശു പറഞ്ഞിട്ടുണ്ട് (എഫേസ്യര്‍: 6:12 കൂടെ നോക്കുക). ഇങ്ങനെയാണ് ദുഷ്ടാത്മ ശക്തികള്‍ നമ്മുടെ കുഞ്ഞുങ്ങളെ സ്വാധീനിക്കാനിടയാകാതവണ്ണം നമ്മുടെ ഭവനങ്ങളില്‍ നിന്ന് അവയെ അകറ്റിക്കളയുവാന്‍ നമുക്കു സാധിക്കുന്നത്.
എഫേസ്യര്‍: 5:22 മുതല്‍ 6:9 വരെയുള്ള വാക്യങ്ങളില്‍ ഭാര്യഭര്‍ത്താക്കന്മാര്‍ തമ്മിലും മക്കളും അമ്മയപ്പന്മാരും തമ്മിലും ഭൃത്യരും യജമാനന്മാരും തമ്മിലും ഉള്ള കുടുംബബന്ധങ്ങളെപ്പറ്റി പരിശുദ്ധാത്മാവ് സംസാരിക്കുന്നു. അതിനു തൊട്ടുപിമ്പായി 10-ാം വാക്യം മുതല്‍ സ്വര്‍ഗ്ഗതലങ്ങളില്‍ ദുഷ്ടാത്മശക്തികളുമായി പോരാടുന്നതിനെപ്പറ്റിയാണ് പരിശുദ്ധാത്മാവ് തുടര്‍ന്നു സംസാരിക്കുന്നത്. എന്താണ് ഇതു നമ്മെ പഠിപ്പിക്കുന്നത്? സാത്താന്റെ ആക്രമണം പ്രാഥമികമായി കുടുംബബന്ധങ്ങളുടെ നേരെയാണെന്നുള്ളതു തന്നെ. ഇവിടെയാണ് നാം സാത്താന്റെ ആക്രമണങ്ങളെ ഒന്നാമതായി ജയിക്കേണ്ടത്.
അന്യോന്യം കലഹിക്കുന്ന ഭാര്യഭര്‍ത്താക്കന്മാര്‍ തങ്ങള്‍ക്കിടയില്‍ അപ്രകാരം സൃഷ്ടിക്കപ്പെട്ട പഴുതിലൂടെ സാത്താന്‍ ഭവനങ്ങളില്‍ കടന്ന് മക്കളെ ആക്രമിക്കുവാന്‍ വാതില്‍ തുറന്നുകൊടുക്കുകയാണെന്നുള്ള സത്യം മനസ്സിലാക്കുന്നില്ല. തങ്ങളുടെ മാതാപിതാക്കളോട് പരുഷമായും വിനയംകൂടാതെയും ഉത്തരം പറയുന്ന മത്സരിയായ ഒരു കുട്ടിക്ക് ആ രോഗബീജം ഭര്‍ത്താവിനോടു പരുഷമായി സംസാരിക്കുന്ന സ്വന്തമാതാവില്‍ നിന്നോ ഏതെങ്കിലും മേഖലയില്‍ കര്‍ത്താവിനോടു മറുതലിക്കുന്ന തന്റെ പിതാവില്‍ നിന്നോ ആയിരിക്കും ലഭിച്ചിട്ടുള്ളത്. മാതാപിതാക്കള്‍ തന്നെ ഭവനത്തിലേക്കു ആദ്യം കടത്തിക്കൊണ്ടുവന്ന രോഗബീജത്തിന് പാവം കുട്ടിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. സ്വന്തം തെറ്റിനെക്കുറിച്ച് ആദ്യം മാനസാന്തരപ്പെടേണ്ടത് മാതാപിതാക്കളാണ്.
നിങ്ങളുടെ ഭവനത്തിന്റെ വലുപ്പത്തെയോ ഭംഗിയെയോ അതില്‍ മോടിയോടെ നിങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള ഉപകരണങ്ങളെയോ അപേക്ഷിച്ച് അത്യന്തം പ്രധാനമായിട്ടുള്ളത് കുടുംബത്തിന്റെ ഒരുമയാണ്. ഒരു പഴഞ്ചന്‍ കുടിലില്‍ താമസിക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍ ആദ്യംതന്നെ ക്രിസ്തുശിഷ്യരായിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ ആ കുടുംബത്തിലൂടെ ദൈവതേജസ്സു വെളിപ്പെടും.
ഏദെനില്‍വച്ച് ആദാമിനെയും ഹവ്വയെയും ബാധിച്ച ഒരു കഠിനരോഗമാണ് "മറ്റുള്ളവരെ കുറ്റപ്പെടുത്തുക" എന്നുള്ളത്. ഒരു യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്‍ ആ ഭയാനക രോഗത്തില്‍ നിന്നു സ്വതന്ത്രനായിരിക്കും. ആദാം തന്റെ പാപത്തിന്റെ കാര്യത്തില്‍ ഹവ്വയെ കുറ്റപ്പെടുത്തി.
''രണ്ടു യജമാനന്മാരെ സേവിപ്പാന്‍ ഒരു ഭൃത്യനും കഴികയില്ല. അവന്‍ ഒരുവനെ പകച്ച് മറ്റവനെ സേവിക്കും അല്ലെങ്കില്‍ ഒരുത്തനോടു പറ്റിച്ചേര്‍ന്ന് മറ്റവനെ നിരസിക്കും. നിങ്ങള്‍ക്കു ദൈവത്തെയും മാമോനെയും സേവിപ്പാന്‍ കഴികയില്ല''. (ലൂക്കോസ്: 16:13).
ഈ ഭാഗത്ത് ദൈവത്തിനെതിരെ മനുഷ്യന്റെ യജമാനനായിത്തീരാവുന്നയാള്‍ മാമോന്‍ (പണം അഥവാ ഭൗതികസമ്പത്ത്) ആണെന്നു വ്യക്തമാക്കിയിരിക്കുന്നു. എതിരാളിയായ യജമാനന്‍ സാത്തനല്ല; കാരണം, സാത്താനെ സ്‌നേഹിക്കുകയും അതേ സമയം താന്‍ ദൈവത്തെ സ്‌നേഹിക്കുന്നുവെന്നു സങ്കല്പിക്കുകയും ചെയ്യുന്ന അപകടകരമായ അവസ്ഥ യേശുവിന്റെ യാതൊരുശിഷ്യനും ഉണ്ടാവുകയില്ല. എന്നാല്‍ മാമോന്റെ കാര്യത്തില്‍ ആ ആപത്ത് നിലവിലിരിക്കുന്നു.
ലോകത്തില്‍ നാം ജീവിക്കുന്ന കാലത്തോളം എല്ലാ ദിവസവും നമുക്കു മാമോനുമായി ഇടപെട്ടേ മതിയാവൂ. നാം ശ്രദ്ധാലുക്കളല്ലെങ്കില്‍ ഒരേ സമയം ദൈവത്തെയും മാമോനെയും സ്‌നേഹിപ്പാന്‍ നമുക്കു സാധ്യമാണെന്നു സങ്കല്പിക്കുമാറുള്ള ഒരാപല്‍സാധ്യത നമുക്കുണ്ട്.
പണത്തിന് നമ്മെ സ്വാധീനിച്ച് നാം കര്‍ത്താവിന്റെ ശിഷ്യരായിരിക്കുന്നതിനെ തടയുവാന്‍ വളരെ വേഗം കഴിയും. അതിനാല്‍ സാത്താനോട് ഒരു നിഷ്പക്ഷമനോഭാവം സ്വീകരിക്കുവാന്‍ നമുക്കു സാധിക്കാത്തതുപോലെ പണത്തോടും നമുക്കു നിഷ്പക്ഷത കൈക്കൊള്ളാന്‍ സാധ്യമല്ല. ഒന്നുകില്‍ നാം കര്‍ത്താവായ യേശുക്രിസ്തുവിന്റെ ശിഷ്യന്മാര്‍; അല്ലെങ്കില്‍ മാമോന്റെ ശിഷ്യന്മാര്‍. ഇരുവരുടെയും ശിഷ്യരാകുവാന്‍ ഒരുവനും സാധ്യമല്ല. ഒന്നുകില്‍ ദൈവത്തെ സന്തോഷിപ്പിക്കുവാന്‍ നാം ശ്രമിക്കും; അല്ലെങ്കില്‍ പണമുണ്ടാക്കുവാന്‍ നാം ഒരുമ്പെടും. ഒരു കാന്തത്തിന്റെ വിരുദ്ധധ്രുവങ്ങള്‍പോലെ ഇവ രണ്ടും പരസ്പരവിരുദ്ധമാണ്. നാം യഥാര്‍ത്ഥമായി ദൈവത്തിങ്കലേക്ക് ആകര്‍ഷിക്കപ്പെടുന്നപക്ഷം പണത്തില്‍നിന്ന് നാം അകന്നുപോകും. ദൈവത്തെ പൂര്‍ണ്ണമായി സ്‌നേഹിക്കേണ്ടതിലേക്ക് നിങ്ങള്‍ മാമോനെ വെറുത്തേ മതിയാവൂ. ഒന്നുകില്‍ നിങ്ങള്‍ ഈ പ്രസ്താവന സത്യമെന്നു സ്വീകരിക്കേണം; അല്ലാത്തപക്ഷം യേശു ഒരു നുണ പറഞ്ഞതിന് അദ്ദേഹത്തിന്മേല്‍ നിങ്ങള്‍ കുറ്റമാരോപിക്കണം.
പണത്തെ വെറുക്കുക എന്നുപറഞ്ഞാല്‍ അതിനെ നിങ്ങള്‍ ഗൗനിക്കുന്നില്ല എന്നാണര്‍ത്ഥം. നിങ്ങള്‍ അതുപയോഗിക്കുന്നു; എന്നാല്‍ അതിനോട് നിങ്ങള്‍ക്കു മമതയുണ്ടാകുന്നില്ല. ഇവിടെ ഭൂമിയില്‍ ആളുകള്‍ സ്വര്‍ണ്ണത്തെ ശിരസ്സിലണിയുന്നു; എന്നാല്‍ സ്വര്‍ഗ്ഗത്തില്‍ സ്വര്‍ണ്ണം നമുക്കു കാല്ക്കീഴിലായിരിക്കും. ഭൂമിയില്‍ വച്ചുതന്നെ പണത്തെ കാല്ക്കീഴിലാക്കുവാന്‍ പഠിച്ചിട്ടുള്ളവര്‍ക്കു വേണ്ടിയാണ് സ്വര്‍ഗ്ഗം ഒരുക്കപ്പെട്ടിട്ടുള്ളത്.
യേശു തന്റെ ശിഷ്യന്മാരോടു സംസാരിക്കയില്‍ പല വിഷയങ്ങളെക്കുറിച്ചും നിശിതഭാഷയിലുള്ള പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. നമ്മുടെ വലം കണ്ണ് ദുര്‍മോഹത്തിലേക്കു നമ്മെ നയിക്കുന്ന പക്ഷം അതിനെ ''ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളയണ''മെന്ന് അവിടുന്ന് പറഞ്ഞു. ഈ പ്രസ്താവനയിലൂടെ ദുര്‍മ്മോഹത്തോടെ നോക്കുന്നത് എത്ര ഗൗരവാവഹമായ കാര്യമാണെന്നാണ് അവിടുന്നു സംസാരിച്ചത്. അവിടുത്തെ അനുഗമിക്കുന്നതിലേക്ക് നമ്മുടെ സ്വജനങ്ങളെ നാം "വെറുക്കണമെന്നു" കൂടി കര്‍ത്താവു പറഞ്ഞിട്ടുണ്ട്. ഇതിലൂടെ നാം അവിടുത്തെ പിന്തുടരുന്നതിനുള്ള പ്രധാന എതിര്‍പ്പുകള്‍ നമ്മുടെ സ്വജനങ്ങളില്‍ നിന്നാണുണ്ടാകുന്നതെന്ന് അവിടുന്നു സൂചിപ്പിക്കുകയായിരുന്നു. ഇതേ വിധത്തില്‍ തന്നെ ഇവിടെ യേശു പണത്തെക്കുറിച്ച് കടുത്ത ഒരു പ്രസ്താവന ചെയ്തിരിക്കുന്നു. ദൈവത്തെ സ്‌നേഹിക്കുന്നതിലേക്ക് ഒരുവന്‍ പണത്തെ" വെറുക്കണമെന്നാണ്" അവിടുന്നു പറഞ്ഞത്. പല ക്രിസ്ത്യാനികളുടെയും കൈമേല്‍ പണം പറ്റിപ്പിടിക്കാറുണ്ട്. ഈ കാരണത്താലാണ് ദൈവത്തോട് പറ്റിച്ചേരുവാന്‍ അവര്‍ക്കു സാധിക്കാത്തത്. എങ്കിലും വളരെക്കുറച്ചു വിശ്വാസികള്‍ മാത്രമേ ഈ കല്പനകള്‍ ഗൗരവമായിട്ടെടുത്തിട്ടുള്ളൂ. തന്മൂലം അവര്‍ ഒരിക്കലും ശിഷ്യത്വത്തിന്റെ പാതയിലൂടെ സഞ്ചരിക്കുന്നില്ല.
വിവാഹം, ജോലി, വസ്തുവകകള്‍, പണം എന്നിവയെല്ലാം ഉപേക്ഷിച്ചു വനവാസികളായ താപസന്മാരാകുവാനല്ല തന്റെ ശിഷ്യന്മാരെ കര്‍ത്താവു വിളിച്ചത്. ക്രിസ്ത്യാനികള്‍ യോഹന്നാന്‍ സ്‌നാപകന്റെയല്ല, ക്രിസ്തുവിന്റെ തന്നെ ശിഷ്യരാണ്. യേശു ലൗകികകുടുംബത്തെ സന്ധിക്കുവാനായി തന്റെ ജീവിതകാലത്തിന്റെ ഭൂരിഭാഗം സമയത്തും ഒരു തച്ചനായി വേല ചെയ്തു.
ഭൗമികകാര്യങ്ങളോടുള്ള തന്റെ മനോഭാവത്തില്‍ യേശു സമതുലിതാവസ്ഥ പാലിച്ചിരുന്നു. ഒരു വിവാഹസദ്യയില്‍ സമൃദ്ധമായി വീഞ്ഞ് ഉല്‍പാദിപ്പിക്കുവാന്‍ അവിടുത്തേക്കു കഴിഞ്ഞു. അതേസമയം 40 ദിവസം ഉപവസിക്കുവാനും അവിടുത്തേക്കു സാധ്യമായിരുന്നു. ഒരു യഥാര്‍ത്ഥശിഷ്യനും ഇതുപോലെ നല്ല ഒരു ഭക്ഷണം ആസ്വദിപ്പാനും വേണ്ടിവന്നാല്‍ ഉപവസിപ്പാനും കഴിവുള്ളവനായിരിക്കും.
പണസ്‌നേഹമെന്നത് നമ്മിലെല്ലാം കാണപ്പെടുന്ന ഒരു സ്വഭാവമാണ്. താന്‍ പണത്തെ സ്‌നേഹിക്കുന്നില്ലെന്നു കരുതുന്ന ഒരുവന്‍ ഒന്നുകില്‍ ആത്മവഞ്ചനയിലായിരിക്കും ജീവിക്കുന്നത്; അല്ലെങ്കില്‍ അയാള്‍ വ്യാജം പറയുന്നവനാകാം. കാരണം, എല്ലാ മനുഷ്യവ്യക്തികളും പണത്തെ സ്‌നേഹിക്കുന്നവരാണ്. "പണസ്‌നേഹം സകലവിധ ദോഷങ്ങളുടേയും മൂലമാണെന്ന് ബൈബിള്‍ പറയുന്നു". കര്‍ത്താവിനു മാത്രമേ അതില്‍ നിന്നു നമ്മെ വിടുവിക്കാന്‍ കഴിയു.
നല്ല ഒരാരംഭമിട്ടശേഷം പിന്നീട് പണത്തിനുപിമ്പേ പോകുക നിമിത്തം ദൈവത്തിന്റെ സര്‍വ്വോന്നത നന്മ നഷ്ടപ്പെടുത്തിയ പലരുടെയും ദൃഷ്ടാന്തം ബൈബിളിലുണ്ട്, ലോത്ത് പണമുണ്ടാക്കുവാനായി സോദോമിലേക്കു പോകയും തദ്വാര തന്റെ മുഴുവന്‍ ഭവനത്തിനും നാശം വരുത്തുകയും ചെയ്തു. ബിലെയാം പണത്തിനുവേണ്ടി പ്രവചിക്കുകമൂലം തന്നെത്തന്നെ നശിപ്പിച്ചു. ഗേഹസി നയമാന്റെ പണത്തിനു പിന്നാലെ പോയതു നിമിത്തം ഒരു പ്രവാചകനാകുവാനുള്ള അവസരം അയാള്‍ക്കു നഷ്ടമായി. ദേമാസ് ഈ ലോകത്തിലെ കാര്യങ്ങളെ സ്‌നേഹിക്കയാല്‍ പൗലോസിനെ വിട്ടുപോയി (2 തിമോഥി: 4:10). ക്രൈസ്തവ ചരിത്രത്തില്‍ ഇതുപോലെയുള്ള ഒട്ടധികം ദൃഷ്ടാന്തങ്ങളുണ്ട്.
മാനസാന്തരപ്പെടുന്നതിനു മുമ്പുള്ള കാലത്ത് ഒരാള്‍ സാമ്പത്തികകാര്യങ്ങളില്‍ അനീതിയുള്ളവനായിരുന്നുവെങ്കില്‍ ദൈവം തന്റെ ഭൂതകാല പാപങ്ങള്‍ ക്ഷമിച്ചിരിക്കയാല്‍ തന്റെ കഴിഞ്ഞകാലത്തെ തെറ്റുകള്‍ ശരിയാക്കാന്‍ ഇപ്പോള്‍ താനൊന്നും ചെയ്യേണ്ടതില്ലെന്ന് പറയാന്‍ അയാള്‍ക്കു സാധ്യമല്ല. താന്‍ അപഹരിച്ചിട്ടുള്ള പണം മാനസാന്തരത്തിനുശേഷം കഴിവതും വേഗം അയാള്‍ തിരികെക്കൊടുക്കണം. കൊടുത്തുതീര്‍ക്കാനുള്ള കടങ്ങളും കഴിവതും വേഗം കൊടുത്തുതീര്‍ക്കണം. ഏതാനും പ്രാവശ്യം ഭക്ഷണം വെടിഞ്ഞോ അത്യാവശ്യമില്ലാത്ത ചില വീട്ടുപകരണങ്ങള്‍ വിറ്റോ അത്തരം കാര്യങ്ങള്‍ കഴിവതും വേഗം ശരിയാക്കണം. അതാണ് ശിഷ്യത്വത്തിന്റെ വഴി.
ഒരു പക്ഷേ ഈ വിധം പരിഹാരം അനുഷ്ഠിക്കുവാന്‍ ആവശ്യമായിടത്തോളം പണം നിങ്ങളുടെ പക്കല്‍ ഉണ്ടായില്ലെന്നുവരാം. അങ്ങനെയെങ്കില്‍ ഒരു ചെറിയഭാഗം കൊടുത്തുതീര്‍ത്തുകൊണ്ട് നിങ്ങള്‍ക്ക് ഒരാരംഭമിടാം. അത് ഒരു പക്ഷേ മാസംപ്രതി 10 രൂപ വീതമായാലും വേണ്ടില്ല. മനസ്സൊരുക്കമുണ്ടെങ്കില്‍ നമ്മുടെ കഴിവനുസരിച്ചു ചെയ്യുമ്പോള്‍ ദൈവം നമ്മെ കൈക്കൊള്ളുമെന്നു തിരുവെഴുത്തു പറയുന്നു (2 കൊരി: 8:12). സക്കായി ഇപ്രകാരം പരിഹാരം ചെയ്തപ്പോഴാണ് (അതിനു മുമ്പല്ല) '' ഇന്ന് ഈ വീടിനു രക്ഷ വന്നു'' എന്നു കര്‍ത്താവു പറഞ്ഞത് (ലൂക്കൊ: 19:9). ദൈവത്തിന് ഒരിക്കലും അനീതിയെ അനുഗ്രഹിക്കുവാന്‍ സാധ്യമല്ല. പല ക്രിസ്ത്യനികളും ഈ വിധത്തില്‍ പരിഹാരപ്രവൃത്തി ചെയ്തിട്ടില്ലാത്തതിനാലാണ് അവര്‍ക്ക് ആത്മീയ വളര്‍ച്ചയുണ്ടാകാതിരിക്കുന്നത്.
റോമര്‍: 13:8-ല്‍ നാം ആര്‍ക്കും ഒന്നും കടമ്പെട്ടിരിക്കരുതെന്ന് വചനം നമ്മെ പ്രബോധിപ്പിക്കുന്നു. നാം പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍ കഴിവതും വേഗം അതു തിരിയെക്കൊടുക്കണം. ദൈവം യിസ്രായേല്യര്‍ക്കു നല്‍കിയ അനുഗ്രഹങ്ങളിലൊന്ന് അവര്‍ തന്നെ അനുസരിക്കുന്നപക്ഷം ഒരിക്കലും കടം വാങ്ങേണ്ടിവരികയില്ല എന്നതാണ്. കടത്തില്‍ സാധനങ്ങള്‍ വാങ്ങുക എന്നത് കടത്തിലകപ്പെടുവാനുള്ള മറ്റൊരു വഴിയാണ്. ദൈവാനുഗ്രഹമില്ലാതെ ജീവിക്കുന്നതില്‍ ദേഭമാണ് എന്തെങ്കിലും വീട്ടുപകരണം കൂടാതെ തന്നെ ജീവിക്കുന്നത്.
ഒരു ബാങ്കില്‍ നിന്നോ ഒരുവന്‍ ജോലി ചെയ്യുന്ന ആഫീസില്‍ നിന്നോ കടം വാങ്ങുന്ന കാര്യത്തെപ്പറ്റി എന്താണ് പറയേണ്ടത്? ഒരു വീടു പണിയുന്നതിനോ ഒരു വാഹനം വാങ്ങുന്നതിനോ കടം വാങ്ങുന്നതില്‍ തെറ്റില്ല." ഒരു ത്രാസിന്റെ തട്ടുകള്‍ സമീകരിക്കുന്നതിന്റെ" പ്രമാണമാണ് ഇവിടെ മനസ്സില്‍ കരുതേണ്ടത്. നിങ്ങള്‍ കടം വാങ്ങിയ പണത്തിന്റെ മൂല്യത്തിനു തുല്യമായ ഒരിനം അതായത് ഒരു വീടോ, കാറോ, സ്‌കൂട്ടറോ, ത്രാസിന്റെ മറുതട്ടില്‍ വയ്ക്കുവാനുണ്ടെങ്കില്‍, നിങ്ങള്‍ വാസ്തവത്തില്‍ കടബാധ്യതയിലല്ല; കാരണം നിങ്ങള്‍ കടമെടുത്ത പണത്തിന് തുല്യവിലയുള്ള ഒരു വസ്തു നിങ്ങളുടെ അധീനതയിലുണ്ടല്ലോ. നിങ്ങള്‍ പെട്ടെന്നു മരിച്ചുപോകാനിടയായാല്‍ നിങ്ങളുടെ ഭാര്യ ഒരു കടഭാരത്തിലാവുകയില്ല. വീടോ വാഹനമോ വിറ്റ് കടം വീട്ടുവാന്‍ അവള്‍ക്കു സാധിക്കും. നേരേ മറിച്ച് ഒരു വിവാഹാഘോഷം നടത്തുവാന്‍ നിങ്ങള്‍ പണം കടംവാങ്ങുകയും അതു മുഴുവന്‍ ചെലവാക്കുകയും ചെയ്താല്‍, ത്രാസിന്റെ മറുതട്ടില്‍ വയ്ക്കാന്‍ പറ്റുന്ന യാതൊന്നും നിങ്ങളുടെ പക്കല്‍ ശേഷിക്കുന്നില്ല. ഇത്തരം കടബാധ്യതയാണ് നാം ഒഴിവാക്കേണ്ടത്.
ഒട്ടനേകം ക്രിസ്ത്യാനികളും വിവാഹാഘോഷങ്ങള്‍ക്കു പണം ചെലവാക്കുന്ന കാര്യത്തില്‍ വളരെ ബുദ്ധിഹീനമായി പെരുമാറുന്നവരാണ്. വിവാഹിതരായ പല ഭാര്യാഭര്‍ത്താക്കന്മാരും തങ്ങളുടെ വിവാഹദിനത്തില്‍ വിഭവസമൃദ്ധമായ ഒരു വിരുന്നുസല്‍ക്കാരം നടത്തുവാനാഗ്രഹിച്ചതുമൂലം ഒരു കടഭാരത്തിന്റെ ശാപം തലയിലേറ്റിക്കൊണ്ടാണ് തങ്ങളുടെ കുടുംബജീവിതം തുടങ്ങിയിട്ടുള്ളത്. ആ കടം വീട്ടുവാന്‍ പല വര്‍ഷങ്ങള്‍ എടുത്തെന്നുവരാം. മോടിയുള്ള ഒരു സല്‍ക്കാരം കൊണ്ട് ആളുകളില്‍ നല്ലൊരു മതിപ്പുണ്ടാക്കുവാന്‍ അവര്‍ ആഗ്രഹിച്ചുവെന്നതുമാത്രമാണ് എല്ലാറ്റിനും കാരണം. ലളിതമായ ഒരു സ്വീകരണം നടത്തിയാല്‍ ആളുകള്‍ എന്തുപറയുമെന്നതിനെക്കുറിച്ച് അവര്‍ ഭയപ്പെടുന്നു. എന്നാല്‍ അതു കഴിഞ്ഞ് പല വര്‍ഷക്കാലത്തേക്ക് അവര്‍ കടക്കാരായിക്കഴിയുന്നതിനെപ്പറ്റി ദൈവം എന്തു വിചാരിക്കുമെന്ന ഭയം അവര്‍ക്കുണ്ടാകുന്നില്ല. തങ്ങളുടെ കഴിവ് പരിമിതമാകയാല്‍ ഒരു കാപ്പിയും ഏതാനും ബിസ്‌കറ്റും മാത്രം കൊടുത്തു വിവാഹസല്‍ക്കാരം നിര്‍വഹിക്കുവാന്‍ ധൈര്യം കാണിച്ചിട്ടുള്ളവര്‍ക്കുവേണ്ടി ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു. വിഭവസമൃദ്ധമായ ഒരു വിരുന്നുനടത്തുവാനുളള സാമ്പത്തികസൗകര്യം നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടംപോലെ ചെയ്യാം. എന്നാല്‍ കേമമായ ഒരു വിരുന്നു നടത്തുവാന്‍ വേണ്ടി നിങ്ങള്‍ കടത്തിലാണ്ടുപോകുന്ന പക്ഷം അത് ദൈവത്തെ അനാദരിക്കുകയാണ്. ഇത് അതിരുകടന്ന ഒരഭിപ്രായമാണെന്നു ചിലര്‍ക്കു തോന്നിയേക്കാം. എന്നാല്‍ ശിഷ്യത്വമെന്നത് സാധാരണത്വത്തെ കടന്നുനില്ക്കുന്ന ഒരു വസ്തുതയാണ്.
ഒട്ടനേകം വിശ്വാസികളുടെ ഇടയിലും കാണപ്പെടുന്ന മറ്റൊരു തിന്മയാണ് സ്ത്രീധനം. യേശുവിന്റെ ഒരു യഥാര്‍ത്ഥശിഷ്യന്‍ ഒരു യുവതിയെ വിവാഹം കഴിക്കുന്നതിലേക്ക് അവളുടെ മാതാപിതാക്കന്മാരില്‍ നിന്ന് ഒരിക്കലും ഒരു സ്ത്രീധനമാവശ്യപ്പെടുകയില്ല. പെണ്‍കുട്ടിയുടെ പിതാവ് വിവാഹം നടന്നതിനുശേഷം തന്റെ മകള്‍ക്ക് ഒരു ദാനം നല്‍കുന്നുവെങ്കില്‍ അതില്‍ തെറ്റായി ഒന്നുമില്ല. എന്നാല്‍ വിവാഹം നിശ്ചയിക്കപ്പെടുന്നതിന് ആധാരമായ ഒരു വസ്തുതയായി പണത്തെ പരിഗണിക്കുന്നതില്‍ എല്ലാ തെറ്റും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ട്. ഇന്ന് ഇന്‍ഡ്യയിലുള്ള സ്ത്രീധനസമ്പ്രദായം പൈശാചികമാണ്. എങ്കിലും എല്ലാ വിഭാഗത്തിലും പെട്ട ക്രിസ്ത്യാനികള്‍ (സുവിശേഷവിഹിതരും അല്ലാത്തവരും) അതു സ്വീകരിക്കുന്നതായി നാം കാണുന്നു.
18-ാം നൂറ്റാണ്ടില്‍ യൂറോപ്പിലെ ക്രിസ്ത്യാനികളെ അനേകവര്‍ഷക്കാലം നിരീക്ഷിച്ചതിനുശേഷം ഫ്രാന്‍സില്‍ ജീവിച്ചിരുന്ന വോള്‍ട്ടയര്‍ എന്ന അവിശ്വാസി ഇപ്രകാരം പറയുകയുണ്ടായി. ''ക്രിസ്തീയസഭാവിഭാഗങ്ങള്‍ തമ്മില്‍ എന്തെല്ലാം ഉപദേശവ്യത്യാസങ്ങള്‍ ഉണ്ടായാലും ശരി. പണത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്കെല്ലാം ഒരേ ഉപദേശമാണുള്ളത്. അവരെല്ലാം പണത്തെ സ്‌നേഹിക്കുന്നവരാണ്''. സ്ത്രീധനകാര്യത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ ഒരേ ഉപദേശംതന്നെ അവരെല്ലാം പിന്തുടരുന്നു. അതിനെ സ്‌നേഹിക്കുന്നുവെന്ന ഉപദേശസംഹിത തന്നെ.
ജലസ്‌നാനത്തെപ്പറ്റി ഉപദേശപരമായ ഒരേ വീക്ഷണം പുലര്‍ത്തുന്നതിനെക്കാള്‍ അധികംപ്രധാനമാണ് സ്ത്രീധനകാര്യത്തിലുള്ള ഉപദേശൈക്യം. ഒരുവന്‍ ശൈശവാവസ്ഥയില്‍ മാത്രം സ്‌നാനം സ്വീകരിച്ചവനാണെങ്കില്‍പോലും അയാള്‍ക്കു സ്വര്‍ഗ്ഗരാജ്യത്തിലേക്കു പ്രവേശനം ലഭിച്ചെന്നുവരാം. എന്നാല്‍ ദ്രവ്യാഗ്രഹിയായ ഒരുവന്‍ ഒരിക്കലും ദൈവരാജ്യത്തില്‍ കടക്കുകയില്ല (1 കോരിന്ത്യര്‍: 6:10).
ദൈവഭക്തിയുടെ മറ്റൊരു പ്രധാനഘടകമാണ് ദൈവം നമുക്കു നല്‍കിയിട്ടുള്ളതില്‍ സംതൃപ്തരായി ജീവിക്കുക എന്നത്. യേശുക്രിസ്തുവിന്റെ എല്ലാ ശിഷ്യന്മാരും തങ്ങള്‍ക്കു ലഭിക്കുന്ന വരുമാനത്തിന്റെ പരിധിക്കുള്ളില്‍ ജീവിക്കുവാന്‍ പഠിച്ചേ മതിയാവൂ. തന്റെ മക്കള്‍ക്ക് എത്രമാത്രം വരുമാനം ഉണ്ടാകണമെന്നു തീരുമാനിക്കുന്നതു ദൈവമാണ്. അതിനാല്‍ കൂടുതല്‍ വരുമാനമുണ്ടാക്കുന്നവരുമായി നാം നമ്മെത്തന്നെ താരതമ്യപ്പെടുത്തരുത്. തങ്ങളെത്തന്നെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നവര്‍ തിരിച്ചറിവുള്ളവരല്ലെന്ന് ബൈബിള്‍ പറയുന്നു (2 കൊരി: 10:12). ദൈവം നമുക്കു ചുറ്റും വരച്ചിട്ടുള്ള പരിധിക്കുള്ളില്‍ ജീവിക്കുക എന്നതിന്റെ ഒരു ദൃഷ്ടാന്തം, മറ്റു കുടുംബങ്ങളില്‍ ചില സാധനങ്ങള്‍ ഉണ്ടെന്നുള്ള കാരണത്താല്‍ മാത്രം നമ്മുടെ കഴിവിനപ്പുറമായ ഒരു സാധനം വാങ്ങാതിരിക്കുക എന്നതാണ്. നമ്മുടെ കഴിവിനുള്ളില്‍ അടങ്ങുന്ന കാര്യങ്ങള്‍ കൊണ്ട് നാം തൃപ്തിപ്പെട്ടേ മതിയാവൂ.
യേശുവിനെ ഒരു പശുത്തൊഴുത്തില്‍ പ്രസവിച്ച മറിയയുടെ മനോഭാവത്തെപ്പറ്റി ചിന്തിക്കുക. തന്റെ ശിശുവിനെ പ്രസവിക്കുവാന്‍ വൃത്തിയുള്ള ഒരു മുറിയോ ഒരു മറവിടമോ പോലും ആ മാതാവിന് ലഭിച്ചില്ല. എങ്കിലും അവള്‍ അതേപ്പറ്റി പരാതിപ്പെട്ടില്ല. അവള്‍ തന്നെത്താന്‍ താഴ്ത്തുകയും ദൈവകല്പിതമായ തന്റെ അവസ്ഥ സ്വീകരിക്കുകയും ചെയ്തു. ഒരുവന്റെ പരിധിക്കുള്ളില്‍ സംതൃപ്തനായിരിക്കുക എന്നതിന്റെ അര്‍ത്ഥം അതാണ്.
നമ്മുടെ വരുമാനപരിധിയില്‍ നാം ജീവിക്കുക, കടത്തില്‍ നിന്നൊഴിഞ്ഞിരിക്കുക, പണസംബന്ധമായ കാര്യങ്ങളില്‍ നീതിപുലര്‍ത്തുക ഇത്രയും കാര്യങ്ങള്‍ മാത്രം നാം ചെയ്താല്‍ മതിയാവുകയില്ല. ഇതിനുമപ്പുറം ദൈവം നമുക്കു തരുന്ന പണത്തിന്റെ കാര്യത്തില്‍ വിശ്വസ്തത പുലര്‍ത്തുക കൂടി നമുക്കാവശ്യമാണ്.
ആവര്‍ത്തനം: 8:18 നോക്കുക. ''യഹോവയല്ലോ നിനക്കു സമ്പത്തുണ്ടാക്കുവാന്‍ ശക്തി തരുന്നത്''. ഈ കാര്യം ഒരിക്കലും നാം മറക്കരുത്. ഒരു ഭിക്ഷക്കാരന്റെ വീട്ടില്‍ ജനിക്കുവാന്‍ ദൈവത്തിന് നിങ്ങളെ അനുവദിക്കാമായിരുന്നു. ഒരു ബുദ്ധിഹീനനോ മന്ദബുദ്ധിയോ ആയിത്തീരുവാന്‍ നിങ്ങള്‍ക്കിട നല്‍കാമായിരുന്നു. നിങ്ങള്‍ക്ക് നിങ്ങളുടെ ബുദ്ധിപരമായ കഴിവും പണം സമ്പാദിക്കുവാനുള്ള സാമര്‍ത്ഥ്യവും നല്‍കിയതു ദൈവമാണ്.
പണസംബന്ധമായ കാര്യത്തിലെ വിശ്വസ്തതയ്ക്ക് ഒന്നാമത്തെ അര്‍ത്ഥം ഇതാണ്: നമുക്കുള്ളതെല്ലാം ദൈവത്തിന്റെ വകയാണ് (പഴയനിയമകാലത്ത് ആളുകള്‍ മനസ്സിലാക്കിയിരുന്നതുപോലെ). നാം സമ്പാദിച്ചതിന്റെ 10 ശതമാനം മാത്രമല്ല, അതു മുഴുവനും അവിടുത്തെ വകയാണെന്നു നാം മനസ്സിലാക്കണം. അതിന്റെ ഒരു ഭാഗവും നമ്മുടേതല്ല. അതിനാല്‍ നാം അതു മുഴുവന്‍ യാഗപീഠത്തിന്മേല്‍ വയ്ക്കുകയും അങ്ങനെ അതു ദൈവത്തെ തിരിയെ ഏല്പിക്കയും ചെയ്യണം. അനന്തരം അവിടുന്നു തിരിയെത്തരുന്നതു മാത്രം മിതമായും വിശ്വസ്തമായും നമ്മുടെ ഭൗതികാവശ്യങ്ങള്‍ക്കായി നാം ഉപയോഗിക്കണം.
യേശു അയ്യായിരം പേര്‍ക്കു ഭക്ഷണം കൊടുത്ത സംഭവത്തില്‍ നിന്ന് കുറഞ്ഞപക്ഷം രണ്ടു കാര്യങ്ങള്‍ നാം പഠിക്കുന്നു. ഒന്നാമത്, നമ്മുടെ ആവശ്യങ്ങള്‍ നിറവേറ്റുവാനായി ചെറിയൊരംശം, അതിനെ ദൈവം അനുഗ്രഹിക്കുന്നപക്ഷം, മതിയാകും. രണ്ടാമത്, ദൈവം ദുര്‍വിനിയോഗത്തെ (പാഴാക്കലിനെ) വെറുക്കുന്നു. ഒന്നും പാഴാക്കാതെ അധികം വന്ന കഷണങ്ങള്‍ ശേഖരിക്കുവാന്‍ യേശു തന്റെ ശിഷ്യന്മാരോടു കല്പിച്ചു. തന്റെ പിതാവ് ആ അഞ്ചപ്പത്തെയും രണ്ടു മീനിനെയും സമൃദ്ധിയായി വര്‍ദ്ധിപ്പിച്ചതുകൊണ്ട് ശേഷിച്ച ആ കഷണങ്ങള്‍ അവിടെ വെളിമ്പ്രദേശത്തു കിടന്നു പാഴായിപ്പൊയ്‌ക്കൊള്ളട്ടെ എന്ന മനോഭാവം യേശുവിന് സ്വീകരിക്കാമായിരുന്നു. എന്നാല്‍ അവിടുന്ന് അപ്രകാരം ചെയ്തില്ല. ദൈവം നമ്മെ സമൃദ്ധിയായി അനുഗ്രഹിച്ചിട്ടുള്ള നിലയ്ക്ക് നമ്മുടെ ചെലവുകളെ സംബന്ധിച്ച് അശ്രദ്ധയോടെ പെരുമാറാമെന്നു കരുതുന്നതു ശരിയല്ല.
നിങ്ങള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ അല്പം കേടുപറ്റിയത് ആയതിനാല്‍ നിങ്ങള്‍ അവയെ എറിഞ്ഞു കളയുന്നുവോ? അതു ധനികരുടെ മനോഭാവമാണ്. ദൈവഭക്തനായ ഒരു മനുഷ്യന്‍ കേടുവന്ന വസ്തുക്കള്‍ നന്നാക്കുവാന്‍ ശ്രമിക്കും. ഇത്തരം കാര്യങ്ങളില്‍ ആത്മീയതയ്ക്ക് ഒന്നും ചെയ്യാനില്ലെന്ന് നിങ്ങള്‍ ചിന്തിക്കുന്നുവോ? എങ്കില്‍ അതു ശരിയല്ല. ആത്മീയതയ്ക്ക് അവിടെയും ചിലതു ചെയ്‌വാനുണ്ട്.
യേശുവിന്റെ ശിഷ്യന്മാരെന്ന നിലയില്‍ നമ്മുടെ ചെലവുകള്‍ ക്രമീകരിക്കുന്ന രീതിയില്‍ നമുക്കൊരു ശിക്ഷണം ആവശ്യമാണ്. കുടുംബനായകനെന്ന നിലയില്‍ ഭര്‍ത്താവായിരിക്കണം സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്യേണ്ടത്. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കുക എന്നത് അദ്ദേഹത്തിന്റെ ചുമതലയില്‍പ്പെട്ട കാര്യമാണ്. ചില സാധനങ്ങള്‍ വാങ്ങുവാന്‍ ഭാര്യ ആഗ്രഹിച്ചേക്കാമെങ്കിലും ''നമുക്ക് അതിന് ഇപ്പോള്‍ നിവൃത്തിയില്ല'' എന്ന് ഭാര്യയ്ക്ക് പറഞ്ഞുകൊടുക്കേണ്ടത് അദ്ദേഹമാണ്.
അല്പത്തില്‍ വിശ്വസ്തനായവന്‍ മാത്രമേ അധികത്തിലും വിശ്വസ്തനായിരിക്കയുള്ളു. ഇത് ദൈവത്തിന്റെ ഒരടിസ്ഥാനപ്രമാണമാണ്. ചെറിയ കാര്യങ്ങളിലും ഭൗതികവിഷയങ്ങളിലും നാം വിശ്വസ്തരല്ലെങ്കില്‍ യഥാര്‍ത്ഥമായ സമ്പത്ത് - അതായത്, തന്റെ വചനത്തിന്റെ വെളിപ്പാടും ദൈവസ്വഭാവത്തിലുള്ള സമ്പന്നതയും- ദൈവം നമുക്കു നല്‍കുകയില്ല (ലൂക്കോസ്: 16:11).
ആത്മീയപുരോഗതി നാം ആഗ്രഹിക്കുന്നപക്ഷം, എല്ലാ പാഴ്‌ച്ചെലവും ഒഴിവാക്കുവാന്‍ നാം പഠിക്കണം. ദൈവത്തിന്റെ ഒരു വിശ്വസ്തസേവകനാകുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ വാങ്ങുവാന്‍ നിങ്ങള്‍ പണം പാഴാക്കരുത്. ആഡംബരപൂര്‍വ്വമായ ഭക്ഷണത്തിനോ ധാരാളിത്തം കലര്‍ന്ന ജീവിതസമ്പ്രദായത്തിനോ വേണ്ടി പണം ധൂര്‍ത്തടിക്കരുത്. വീണ്ടും ഉപയോഗിക്കുവാന്‍ കഴിവുള്ള വസ്തുക്കള്‍ എറിഞ്ഞുകളയരുത്. നിങ്ങള്‍ക്ക് അത് ആവശ്യമില്ലെങ്കില്‍ കുറഞ്ഞപക്ഷം നിങ്ങളെക്കാള്‍ ദരിദ്രരായ ആളുകള്‍ക്ക് അതു സൗജന്യമായിക്കൊടുക്കുകയെങ്കിലും ചെയ്യണം.
ലൂക്കോസ്: 14:33 നമ്മോടു പറയുന്നത് നാം ഒന്നും സ്വന്തമായി വച്ചുകൊണ്ടിരിക്കരുതെന്നാണ്. പല കാര്യങ്ങള്‍ നമുക്കുണ്ടെന്നു വരാം. എന്നാല്‍ ഒന്നും സ്വന്തമായി വയ്ക്കരുത്. അങ്ങനെയെങ്കില്‍ നമുക്കുള്ള വിലപിടിച്ച ഒരു സാധനം മോഷ്ടിക്കപ്പെടുകയോ കേടുവന്നു നിരുപയോഗമായിത്തീരുകയോ ചെയ്താല്‍ അതിനെപ്പറ്റി അലോസരപ്പെടുകയോ വിഷമിക്കയോ ചെയ്യരുത്. കാരണം, വാസ്തവത്തില്‍ ആ വസ്തു നമ്മുടേതല്ല. നമ്മുടെ യജമാനന്റെ വകയായ വസ്തുക്കളുടെ സൂക്ഷിപ്പുകാര്‍ മാത്രമാണ് നാം. തന്റെ മഹത്വത്തിനായി നാം ഉപയോഗിക്കുവാന്‍ വേണ്ടി ദൈവം പല വസ്തുക്കള്‍ നമുക്കു നല്‍കുന്നു. എന്നാല്‍ നാം ഇവിടെ വഴിയാത്രക്കാര്‍ അഥവാ പരദേശികള്‍ മാത്രമാണ്.
ഒരുവന്‍ തനിക്കുള്ളതെല്ലാം ദൈവത്തിനായി വിട്ടുകളയുന്നില്ലെങ്കില്‍ അവന് ഒരു ശുദ്ധഹൃദയമുണ്ടാവുക സാധ്യമല്ല. ശുദ്ധഹൃദയമെന്നത് തെളിവുള്ള ഒരു മനസ്സാക്ഷിയില്‍ നിന്നു വ്യത്യസ്തമാണ്. പണസംബന്ധമായ കാര്യങ്ങളില്‍ നീതി പുലര്‍ത്തുന്നപക്ഷം നമുക്കൊരു തെളിവുള്ള മനസ്സാക്ഷി ലഭിക്കും. നിങ്ങള്‍ക്ക് അപ്രകാരമുള്ള ഒരു നല്ല മനസ്സാക്ഷി ഉണ്ടായിരിക്കാമെങ്കിലും ഏതെങ്കിലും ഭൗമികസമ്പത്തിനോടോ ഒരു ജോലിയോടോ പറ്റുമാനമുള്ള ഒരുവനായി നിങ്ങള്‍ തീര്‍ന്നെന്നുവരാം. അങ്ങനെയെങ്കില്‍ മുഴുഹൃദയത്തോടും ദൈവത്തെ സ്‌നേഹിക്കുന്നുവെന്നു പറയുവാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. നിങ്ങളുടെ ഹൃദയം ശുദ്ധവുമല്ല.
യിസ്രായേല്‍ജനങ്ങള്‍ തങ്ങളുടെ വരുമനത്തിന്റെ ഏകദേശം 15% ദൈവത്തിനു കൊടുത്തിരുന്നു. ദശാംശവും (10%) പുറമേ മറ്റു വഴിപാടുകളും. ദശാംശ സമ്പ്രദായത്തിന്റെ പിന്നിലുണ്ടായിരുന്ന പ്രമാണമെന്തെന്ന് ആവര്‍ത്തനം: 14:22-23 (ലിവിംഗ്) വാക്യങ്ങളില്‍ വിവരിച്ചിരിക്കുന്നു. ''ദശാംശം നല്‍കുന്നതിന്റെ ലക്ഷ്യം നിങ്ങളുടെ ജീവിതത്തില്‍ ഒന്നാംസ്ഥാനം ദൈവത്തിനു നല്‍കുക എന്നതാണ്''. യിസ്രായേല്‍ക്കാര്‍ തങ്ങളുടെ വിളവെടുപ്പു നടത്തുമ്പോള്‍ അതിന്റെ പത്തിലൊരുഭാഗം ദൈവത്തിനു കൊടുക്കേണ്ടിയിരുന്നു. തങ്ങള്‍ സകലവും ദൈവത്തില്‍ നിന്നാണ് പ്രാപിച്ചത് എന്നതിന്റെയും തങ്ങളുടെ ജീവിതത്തില്‍ ഒന്നാംസ്ഥാനം ദൈവത്തിനാണെന്നതിന്റെയും ഒരു അംഗീകാരമായിട്ടാണ് അതു ചെയ്തിരുന്നത്. എന്നാല്‍ കാലാന്തരത്തില്‍ ദശാംശസമ്പ്രദായം ഒരു ചടങ്ങായിത്തീര്‍ന്നു. ഇന്നും അതുപോലെ തന്നെയാണ് പല വിശ്വാസികള്‍ക്കും അതു തീര്‍ന്നിരിക്കുന്നത്.
പുതിയനിയമത്തിന്‍ കീഴിലും മാമോനെക്കാള്‍ ഉന്നതമായി ഒന്നാംസ്ഥാനം ദൈവത്തിനുകൊടുക്കുക എന്ന അതേ തത്വമാണ് നിലവിലിരിക്കുന്നത്. അങ്ങനെയെങ്കില്‍ ഇപ്പോള്‍ നാം ദൈവത്തിന് എത്രമാത്രമാണ് കൊടുക്കേണ്ടത്? ദൈവം നമുക്ക് അഭിവൃദ്ധി തന്നതനുസരിച്ച് നാം അവിടുത്തേക്കു കൊടുക്കണമെന്ന് പുതിയനിയമം പറയുന്നു (1 കോരി: 16:2) -(തനിക്കു കഴിവുള്ളതുപോലെ എന്ന മലയാളതര്‍ജ്ജമയുടെ സ്ഥാനത്ത് തനിക്ക് അഭിവൃദ്ധിയുള്ളതുപോലെ എന്നാണ് ഇംഗ്ലീഷ്). നാം കൊടുക്കുന്നത് സന്തോഷത്തോടെയായിരിക്കണം എന്നതത്രേ ഇപ്പോള്‍ മുഖ്യമായ കാര്യം (2 കോരി: 9:7).
നാം കൊടുക്കുന്നതുപോലെ നമുക്കും നല്‍കപ്പെടുമെന്ന് ലൂക്കോസ്: 6:38-ല്‍ പറയുന്നു. തിരിയെ ലഭിക്കണമെന്ന പ്രതീക്ഷയോടെ നിങ്ങള്‍ കൊടുക്കുന്നുവെങ്കില്‍ നിങ്ങള്‍ നിരാശനാകാനിടയുണ്ട്. കാരണം, എല്ലാ ദാനങ്ങളുടെയും കാര്യത്തില്‍ അതിന്റെ പ്രേരകശക്തിയെയാണ് ദൈവം നോക്കുന്നത്. അങ്ങനെയെങ്കില്‍ നിങ്ങള്‍ക്ക് ഒന്നും തിരികെ ലഭിച്ചില്ലെന്നുവരാം. തിരികെ ഒന്നും ലഭിക്കുവാനാഗ്രഹിക്കാതെ സന്തോഷത്തോടെ കൊടുക്കുന്നവര്‍ക്കാണ് ദൈവത്തിന്റെ അത്യുന്നത നന്മ ലഭിക്കുന്നത്.
വളരെ വരുമാനമില്ലാത്തവനെങ്കിലും ഒരിക്കലും മുട്ടില്ലാത്തവനായും ഒരിക്കലും കടത്തില്‍പ്പെടാത്തവനായും ജീവിച്ച ഒരു സഹോദരനെപ്പറ്റി ഞാന്‍ കേട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതരഹസ്യമെന്താണെന്ന് ഒരാള്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ''എനിക്കു ദൈവം തരുന്നതിലൊരു പങ്ക് ഞാന്‍ ദൈവത്തിനു അളന്നുകൊടുക്കുന്നു. അപ്പോള്‍ അവിടുന്നു വീണ്ടും എനിക്കു അളന്നുതരുന്നു. എന്നാല്‍ ദൈവത്തിന്റെ അളവുപാത്രം എന്റേതിനെക്കാള്‍ വലുതാണെന്ന് ഞാന്‍ കണ്ടിരിക്കുന്നു''. നാം കൊടുക്കുന്നതിനേക്കാളധികം നമുക്കു ദൈവത്തില്‍ നിന്നു ലഭിക്കുന്നു. 2 കോരി: 9:6-ല്‍ ഇപ്രകാരം പറയുന്നു: ''ലോഭമായി വിതയ്ക്കുന്നവന്‍ ലോഭമായി കൊയ്യും; ധാരാളമായി വിതയ്ക്കുന്നവന്‍ ധാരാളമായി കൊയ്യും''.
ഞാന്‍ ദശാംശത്തിനെതിരായി പ്രസംഗിക്കുന്നുവെന്നത് എല്ലായിടത്തും ആളുകള്‍ പരക്കെ അറിഞ്ഞിട്ടുള്ള വസ്തുതയാണ്. എന്നാല്‍ ആളുകള്‍ മനസ്സിലാക്കിയിട്ടില്ലാത്ത ഒരു വസ്തുത, ദശാംശത്തെക്കാള്‍ കൂടുതല്‍ പ്രയാസമുള്ള ഒരു കാര്യം ഞാന്‍ പ്രസംഗിക്കുന്നുവെന്നതാണ്. നമുക്കുള്ള 100 ശതമാനവും സന്തോഷപൂര്‍വ്വം ദൈവത്തിനായി കൊടുക്കണം എന്നതാണത്. ഇതാണ് യേശു പ്രസംഗിച്ചത്. ന്യായപ്രമാണത്തിന്‍ കീഴിലായിരുന്ന പരീശന്മാരോട് അവര്‍ ദശാംശം കൊടുക്കണമെന്ന് അദ്ദേഹം പ്രസംഗിച്ചു (മത്തായി: 23:23). എന്നാല്‍ പെന്തക്കോസ്തിനുശേഷം പുതിയനിയമത്തിന്‍ കീഴില്‍ ജീവിക്കുവാന്‍ വിളിക്കപ്പെട്ടിരിക്കുന്ന തന്റെ ശിഷ്യന്മാരോട് തങ്ങള്‍ക്കുള്ളതെല്ലാം കൊടുക്കുവാന്‍ അദ്ദേഹം ഉപദേശിച്ചു (ലൂക്കോസ്: 14:33). കഴിഞ്ഞ നാല്പതുവര്‍ഷമായി ഞാന്‍ ചെയ്യുവാനും ഉപദേശിക്കുവാനും ആഗ്രഹിച്ചിട്ടുള്ള കാര്യം ഇതാണ്.
നാം ദൈവത്തെ മാനിക്കുന്നുവെങ്കില്‍ ദൈവം നമ്മെയും മാനിക്കും. നാം ഒന്നാമതായി ദൈവരാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നുവെങ്കില്‍ നമുക്ക് ഈ ജീവിതത്തിലുള്ള എല്ലാ ഭൗതികാവശ്യങ്ങളും ദൈവം നല്‍കും (മത്തായി: 6:33). നാമാഗ്രഹിക്കുന്നതെല്ലാം നമുക്കുതരുവാന്‍ തക്കവണ്ണം ദൈവം ബുദ്ധിഹീനനല്ല, ഭൗമിക പിതാക്കന്മാരായ നമ്മെളെക്കാളധികം ജ്ഞാനമുള്ളവനാണ് അവിടുന്ന്. എങ്കിലും നമുക്കാവശ്യമായതെല്ലാം തരുവാന്‍ തക്കവണ്ണം അവിടുന്ന് വിശ്വസ്തനാണ്. നമുക്കാവശ്യമുള്ളതും നാമാഗ്രഹിക്കുന്നതും തമ്മില്‍ വിപുലമായ ഒരന്തരമുണ്ട്. ഫിലിപ്പിയര്‍: 4:19-ലുള്ള വാഗ്ദാനം നമ്മുടെ ആവശ്യമെല്ലാം ദൈവം നിറവേറ്റിത്തരും എന്നത്രേ.
നമ്മുടെ കൊടുക്കലിലും ജ്ഞാനികളായിരിപ്പാന്‍ നാം പഠിക്കണം. പല ദരിദ്രരായ മനുഷ്യരും വിശ്വസ്തതയോടെ കൊടുക്കുന്നുണ്ടെങ്കിലും ജ്ഞാനത്തോടെയല്ല അതു ചെയ്യുന്നത്. ദൈവത്തിന്റെ വേലയെന്ന് അവര്‍ ചിന്തിക്കുന്നതിന് അവര്‍ പണം കൊടുക്കുന്നു. എന്നാല്‍ അവരുടെ പണം അവിശ്വസ്തനായ ഏതോ ഒരു ക്രിസ്തീയപ്രവര്‍ത്തകന് ആഡംബരത്തോടെ ജീവിക്കുവാന്‍ കഴിവുണ്ടാക്കുക മാത്രമേ ചെയ്യുന്നുള്ളു. അത്തരം ദരിദ്രരായ ആളുകള്‍ വിശ്വസ്തരെങ്കിലും ജ്ഞാനമുള്ളവരല്ല. നമ്മുടെ പണം യഥാര്‍ത്ഥത്തില്‍ എവിടേക്കു പോകുന്നുവെന്നും എങ്ങനെ ചെലവാക്കപ്പെടുന്നുവെന്നും നാം അറിയേണ്ടതാണ്.
''നാം എല്ലാവര്‍ക്കും വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്യണം'' എന്ന് ദൈവവചനം നമ്മെ ഉദ്‌ബോധിപ്പിക്കുന്നു: (ഗലാ:6:10 എല്ലായിടത്തും വിശ്വാസികള്‍ക്കിടയിലുള്ള ദരിദ്രജനങ്ങളെ സഹായിക്കുവാനുളള ഒരു ചുമതല നമുക്കുണ്ട്. എന്നാല്‍ സഭയിലുള്ള ഔദാര്യശാലികളായ ആളുകളില്‍ നിന്നു എന്തെങ്കിലും സാമ്പത്തിക ലാഭം എന്ന പ്രധാനോദ്ദേശ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ആളുകളെ സഭയിലേക്ക് ആകര്‍ഷിക്കാതിരിക്കുവാന്‍ നാം ശ്രദ്ധിക്കേണ്ടതാണ്. ഇന്‍ഡ്യയെപ്പോലുള്ള ഒരു ദരിദ്രരാജ്യത്ത് അത്തരമൊരപകടം ഒഴിവാക്കാനുള്ള ഏകമാര്‍ഗ്ഗം, വിശ്വാസികളുടെ ഒരു പ്രാദേശികസമൂഹത്തില്‍ താനൊരു യഥാര്‍ത്ഥസഹോദരനാണെന്ന് ഒരുവന്‍ തെളിയിച്ചിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തുകയാണ്. അപ്പോള്‍ മാത്രമേ അയാളെ സാമ്പത്തികമായി സഹായിക്കുവാന്‍ പാടുള്ളു. അല്ലാത്തപക്ഷം നാം ശിഷ്യരെയല്ല, പരോപജീവികളായ വ്യക്തികളെ സഭയില്‍ കൂട്ടിച്ചേര്‍ക്കുന്ന അപകടത്തില്‍ അകപ്പെട്ടുപോകും.
ആദ്യകാലക്രിസ്ത്യാനികള്‍ക്കിടയില്‍ മുട്ടുള്ള ഒരുവനും ഉണ്ടായിരുന്നില്ല എന്ന് അപ്പോ: പ്ര: 4:34-ല്‍ നാം വായിക്കുന്നു. അതിന്റെ കാരണം ധനികരായിട്ടുള്ളവന്‍ ദരിദ്രരായ വിശ്വാസികളെ സഹായിച്ചിരുന്നതാണ്. ആരും ധനികരെ, അവര്‍ ദരിദ്രര്‍ക്കെന്തെങ്കിലും കൊടുക്കുവാന്‍ നിര്‍ബന്ധിച്ചിരുന്നില്ല. അവര്‍ സ്വമനസാ മുട്ടുള്ളവരെ സഹായിച്ചുപോന്നു.
എന്നാല്‍ പല വിശ്വാസികള്‍ക്കും ദരിദ്രരെ സഹായിക്കുന്ന കാര്യത്തില്‍ വിവേകമില്ല. അവര്‍ ദേഹീപരമായ ഒരു ഔദാര്യഭാവത്തോടെ അര്‍ഹതയില്ലാത്തവര്‍ക്ക് ബുദ്ധിഹീനമായി സഹായം ചെയ്യുന്നു. ഇതിന്റെ ഫലമായി കര്‍ത്താവിന്റെ വകയായ പണം ദുരുപയോഗപ്പെടുത്തുക മാത്രമല്ല, പരോപജീവികള്‍ സഭയോടു ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ധനികര്‍ നല്‍കുന്ന സഹായം സ്വീകരിപ്പാന്‍ മാത്രമാണ് അത്തരക്കാര്‍ സഭയില്‍ വരുന്നത്. ആ വിധത്തിലുള്ള വളരെയധികം സഹായം ധനികരായ വ്യക്തികള്‍ നല്‍കുന്നുണ്ട്. ദരിദ്രരുടെ മധ്യേ തങ്ങള്‍ക്കൊരു നല്ല പേരു സമ്പാദിക്കയും അത്തരക്കാരെ തങ്ങളോടു ഇണച്ചുസൂക്ഷിക്കയുമാണ് അതിന്റെ ഉദ്ദേശ്യം. ചെറിയ തുകകള്‍ മാത്രം വല്ലപ്പോഴുമൊരിക്കല്‍ നല്‍കുന്ന പക്ഷം ഇത് ഗൗരവാവഹമായിത്തീരുകയില്ല. എന്നാല്‍ എപ്പോഴെങ്കിലും വലിയ തുകകളോ പതിവായ സഹായമോ ആര്‍ക്കെങ്കിലും നല്‍കുവാന്‍ നിങ്ങള്‍ ഉദ്ദേശിക്കുമ്പോള്‍ നിങ്ങളെക്കാളധികം ജ്ഞാനവും ദൈവഭക്തിയുമുള്ള ഒരു മൂത്തസഹോദരന്റെ ഉപദേശം തേടുന്നത് നന്നായിരിക്കും. സഭയില്‍ ആര്‍ക്കാണ് ഏറ്റവുമധികം ബുദ്ധിമുട്ടുള്ളതെന്ന് ആ മൂത്ത സഹോദരന്മാര്‍ക്ക് അറിവുണ്ടായിരിക്കാന്‍ സാധ്യതയുണ്ട്.
ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ക്ക് ജ്ഞാനമില്ലെന്നു സമ്മതിക്കുവാന്‍ തക്കവണ്ണം ആദിമക്രിസ്ത്യാനികള്‍ വിനീതരായിരുന്നു. അതിനാലാണ് അവര്‍ തങ്ങളുടെ ദാനങ്ങള്‍ ദരിദ്രര്‍ക്കു വിതരണം ചെയ്യാനായി അപ്പോസ്തലന്മാരെ ഏല്പിച്ചത്. എന്നാല്‍ ആ അപ്പോസ്തലന്മാര്‍ ആ പണത്തില്‍ ഒരു പങ്കുപോലും സ്വന്ത കൈകൊണ്ടു തൊട്ടിരുന്നില്ല. ലക്ഷക്കണക്കിനു പണം സ്വീകരിച്ച പത്രോസും യോഹന്നാനും ആ പണം മറ്റുള്ളവര്‍ക്കു കൈമാറ്റം ചെയ്‌വാന്‍ തക്കവണ്ണം വിശ്വസ്തരായിരുന്നു. ഇതിനാലാണ് ഒരിക്കല്‍ ദരിദ്രനായ ഒരു ഭിക്ഷക്കാരനോട് ''വെള്ളിയും പൊന്നും എനിക്കില്ല'' എന്നു പറവാന്‍ അവര്‍ക്കു കഴിഞ്ഞത്. മുഴുവന്‍ പണവും അവരുടെ കൈയില്‍ക്കൂടി കടന്നുപോയി. ഒന്നും അവരുടെ കൈമേല്‍ ഒട്ടിപ്പിടിച്ചില്ല. അതിനാലാണ് ജീവിതാന്ത്യം വരെയും ആത്മാവിന്റെ അഭിഷേകം നിലനിര്‍ത്തുവാന്‍ അവര്‍ക്കു കഴിഞ്ഞത്. ഇന്നത്തെ കഥ അത്യന്തം വ്യത്യസ്തമാണ്. ഇന്ന് പണം സ്വീകരിക്കുന്ന സുവിശേഷപ്രവര്‍ത്തകരുടെ കൈയില്‍ അതിന്റെ ഗണ്യമായൊരു ഭാഗം ഒട്ടിപ്പിടിച്ചുപോകുന്നുണ്ട്.
നമ്മില്‍ നിന്നു കടം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കു കടം കൊടുക്കുന്ന കാര്യത്തില്‍ നാമെങ്ങനെയാണ് പെരുമാറേണ്ടത്? ഞാന്‍ നേവിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഒരു ദിവസം ഞങ്ങളുടെ പ്രാദേശികസഭയിലെ ഒരു വിശ്വാസി ഒരു തുക കടം വാങ്ങുവാന്‍ എന്നെ സമീപിച്ചത് ഞാന്‍ ഓര്‍ക്കുന്നു. ''നിന്നോടു യാചിക്കുന്നവനു കൊടുക്കുക; വായ്പ വാങ്ങുവാന്‍ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുത്'' എന്ന ദൈവവചനം എനിക്കറിയാമായിരുന്നു (മത്തായി: 5:42). അടുത്തമാസംതന്നെ ആ പണം തിരിച്ചുതരാമെന്ന് ആ മനുഷ്യന്‍ എന്നോടു പറഞ്ഞു. അതിനാല്‍ അദ്ദേഹം ആവശ്യപ്പെട്ട തുക ഞാന്‍ കൊടുത്തു. എന്നാല്‍ അടുത്തമാസം അദ്ദേഹം പണം തരാതെ കുറെ പണം കൂടെ എന്നോടാവശ്യപ്പെട്ടു. എനിക്കു നല്ല ശമ്പളമുണ്ടായിരുന്നു. ലളിതജീവിതമാണ് ഞാന്‍ നയിച്ചിരുന്നത്. അന്ന് എനിക്കു കുടുംബവും ഉണ്ടായിരുന്നില്ല. അതിനാല്‍ എന്റെ പക്കല്‍ ധാരാളം പണം മിച്ചമുണ്ടായിരുന്നു. ഞാന്‍ കുറച്ചു പണംകൂടെ അദ്ദേഹത്തിനു നല്‍കി. വീണ്ടും അതിനടുത്ത മാസവും അയാള്‍ എന്നോടു കുറേ പണം കൂടെ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ കൊടുത്തു. അല്പകാലത്തിനുശേഷം ഈ മനുഷ്യന്‍ പിന്മാറ്റത്തിലേക്കു പോകയും മദ്യപാനം ചെയ്ത് പണം ധൂര്‍ത്തടിക്കാനാരംഭിക്കയുംചെയ്തു. അതു ഞാന്‍ അറിഞ്ഞപ്പോള്‍ ഇപ്രകാരം സാത്താനു കൊടുക്കുവാന്‍ അയാളുടെ പക്കല്‍ പണമുണ്ടെങ്കില്‍ എന്നോടു വാങ്ങിയ കടം ഞാന്‍ അതു കര്‍ത്താവിനായിക്കൊടുപ്പാന്‍ വേണ്ടി വീട്ടുവാന്‍ സഹോദരനു കഴിയുമല്ലോ എന്നു ഞാന്‍ പറഞ്ഞു. അയാള്‍ എന്നോടു വളരെ കോപിച്ചു. അയാളെ ഞാന്‍ ഞെരുക്കുകയാണെന്ന് എന്നെ കുറ്റപ്പെടുത്തി. അതിനാല്‍ കടംവീട്ടുവാന്‍ അയാളോട് ആവശ്യപ്പെടുന്നത് ഞാന്‍ നിറുത്തി.
അനന്തരം ഞാന്‍ കര്‍ത്താവിന്റെ അടുക്കല്‍ച്ചെന്ന് എവിടെയാണ് എനിക്കു തെറ്റുപറ്റിയതെന്നു ചോദിച്ചു. അവിടുന്ന് എന്റെ തെറ്റ് എനിക്കു കാണിച്ചു തന്നു. കര്‍ത്താവ് എന്നോടിപ്രകാരം പറഞ്ഞു: ''ആ പണം നിന്റേതാണെന്ന മട്ടിലാണു നീ പെരുമാറിയത്. അതു സത്യത്തില്‍ എന്റേതായിരുന്നു. കടമായി അതു കൊടുക്കുന്നതിനു മുമ്പ് നീ എന്നോടാലോചിക്കേണ്ടതായിരുന്നു''.
ആരെങ്കിലും പതിനായിരം രൂപാ സുരക്ഷിതമായി സൂക്ഷിക്കുവാന്‍ എന്നെ ഏല്പിക്കുകയും അതറിഞ്ഞുകൊണ്ട് നിങ്ങള്‍ എന്റെ അടുക്കല്‍ വന്ന് ആ പണത്തില്‍ നിന്ന് ഒരു തുക കടമായി ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കില്‍ നിങ്ങള്‍ക്ക് കടം തരുന്നതിനു മുമ്പ് ആ പണത്തിന്റെ ഉടമസ്ഥനോട് ചോദിക്കേണ്ടതുണ്ടെന്ന് നിങ്ങളോട് ഞാന്‍ പറയുമായിരുന്നു. കാരണം, അത് എന്റെ പണമല്ലല്ലോ. എന്നാല്‍ മുന്‍പറഞ്ഞ സംഭവത്തില്‍ ഞാന്‍ അപ്രകാരം ചെയ്തില്ല. എന്തെന്നാല്‍ എന്റെ പണം കര്‍ത്താവിന്റെ വകയാണെന്ന് ഞാന്‍ മനസ്സിലാക്കിയില്ല. യേശു കല്പിച്ചതുപോലെ ഞാന്‍ സകലവും കര്‍ത്താവിനായി വിട്ടുകളഞ്ഞിരുന്നെങ്കില്‍ (ലൂക്കോസ്: 14:33) എനിക്കുള്ളതെല്ലാം കര്‍ത്താവിന്റെ വകയാണെന്നും അതുകൊണ്ട് അതിനെപ്പറ്റി കര്‍ത്താവിനോട് ആലോചിക്കേണ്ടതാണെന്നും ആ മനുഷ്യനോടു ഞാന്‍ പറയുമായിരുന്നു. എന്നാല്‍ അതിനു പകരം ഞാന്‍ ദൈവവചനത്തിന്റെ അക്ഷരത്തെ യാന്ത്രികമായി അനുസരിക്കയാണ് ചെയ്തത്. അങ്ങനെ കര്‍ത്താവിന്റെ വകയായ പണത്തില്‍ ഒരു ഭാഗം ഞാന്‍ നഷ്ടപ്പെടുത്തി. പിശാചുപോലും ഒരിക്കല്‍ കര്‍ത്താവിന്റെ അടുക്കല്‍ ഒരു വചനം ഉദ്ധരിച്ചു. ഞാന്‍ വചനത്തെ വചനത്തോടുചേര്‍ത്ത് താരതമ്യപ്പെടുത്തേണ്ടത് ആവശ്യമായിരുന്നു.
തീര്‍ച്ചയായും ആവശ്യത്തിലിരിക്കുന്നവര്‍ക്ക് നാം സഹായം ചെയ്യേണ്ടതാണ്. എന്നാല്‍ ഓരോ പ്രാവശ്യവും അതിനെപ്പറ്റി നാം കര്‍ത്താവിനോടു ചോദിക്കേണ്ടതും ആവശ്യമാണ്. " ദൈവത്തിന്റെ വായില്‍ നിന്നുവരുന്ന ഓരോ വചനത്താലുമത്രേ" നാം ജീവിക്കേണ്ടത്. യഥാര്‍ത്ഥമായ ആവശ്യത്തിലിരിക്കുന്ന ഒരുവനെ നാം കണ്ടുമുട്ടുമ്പോള്‍ നാം കര്‍ത്താവിനോടു ചോദിക്കുന്ന പക്ഷം അയാള്‍ക്കു പണം കൊടുക്കണമോ വേണ്ടയോ എന്നതിനെപ്പറ്റി ഒരു സാക്ഷ്യം നമ്മുടെ ആത്മാവില്‍ നമുക്കു ലഭിക്കും. നിങ്ങള്‍ക്കറിവുള്ളതുപോലെ നിങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുന്ന വ്യക്തി പന്നികള്‍ക്കിടയില്‍വച്ച് ദൈവം ശിക്ഷണം നല്‍കിക്കൊണ്ടിരിക്കുന്ന ഒരു മുടിയന്‍പുത്രനാണെന്നു വരാം. അങ്ങനെയെങ്കില്‍ നിങ്ങള്‍ കൊടുക്കുന്ന പണം പിതാവിന്റെ ഭവനത്തിലേക്കു മടങ്ങുന്നതില്‍ അയാളെ തടസ്സപ്പെടുത്തുകയല്ലാതെ ഒരു വിധത്തിലും അയാളെ സഹായിക്കുകയില്ല.
ഇന്നു ന്യായപ്രമാണത്തിന്‍ കീഴില്‍ കല്പനകളും നിയമങ്ങളും അനുസരിച്ചല്ല, നേരെമറിച്ച് പരിശുദ്ധാത്മാവിന്റെ നടത്തിപ്പനുസരിച്ചു തന്നെ നമുക്കു ജീവിക്കാം. ഓരോ സാഹചര്യത്തിലും നാമെന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും പരിശുദ്ധാത്മാവു തന്നെ നമ്മോടു പറയും. ആവിധ നടത്തിപ്പിനായി നമുക്കു ദൈവത്തെ സ്തുതിക്കാം.
സുവിശേഷം പ്രസംഗിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കണമെന്നു കര്‍ത്താവു കല്പിച്ചിട്ടുള്ളതായി 1 കോരിന്ത്യര്‍: 9:14-ല്‍ പൗലൊസ് പറയുന്നു. അനന്തരം 15 മുതല്‍ 18 വരെയുള്ള വാക്യങ്ങളില്‍ തന്റെ കാര്യത്തില്‍ തനിക്ക് അപ്രകാരമുള്ള സഹായം ആവശ്യമില്ലെന്നും സ്വയം ഉപജീവനം നേടിക്കൊണ്ട് കര്‍ത്താവിനെ സേവിക്കുന്ന പ്രമാണമനുസരിച്ചാണ് താന്‍ ജീവിക്കുന്നതെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നു. ഈ കാരണത്താല്‍ കൊരിന്ത്യ ക്രിസ്ത്യാനികളോട് കര്‍ത്താവിന്റെ കാര്യത്തിനു പണം നല്‍കുന്നതിനെപ്പറ്റി സ്വതന്ത്രമായി സംസാരിക്കുവാന്‍ പൗലൊസിനു കഴിഞ്ഞു. താന്‍ ഒരിക്കലും തനിക്കുവേണ്ടി യാതൊരു സാമ്പത്തികസഹായവും അവരോടാവശ്യപ്പെട്ടിട്ടില്ലാത്തതിനാലാണ് അദ്ദേഹത്തിന് ഇതു സാധിച്ചത്. അവരുടെ പണം ആവശ്യത്തിലിരിക്കുന്ന ദരിദ്രരായ വിശ്വസികള്‍ക്കു നല്‍കുവാന്‍ അദ്ദേഹം അവരെ പ്രോത്സാഹിപ്പിച്ചു.
യേശുവോ അപ്പോസ്തലന്മാരില്‍ ആരെങ്കിലുമോ തങ്ങളെയോ തങ്ങളുടെ ശുശ്രൂഷയെയോ സാമ്പത്തികമായി സഹായിക്കുവാന്‍ ആരോടെങ്കിലും ആവശ്യപ്പെട്ടിട്ടുള്ളതായി നാം ഒരിടത്തും കാണുന്നില്ല. ദരിദ്രര്‍ക്ക് സഹായം നല്‍കുന്നതിനെപ്പറ്റി മാത്രമേ അവര്‍ സംസാരിച്ചിട്ടുള്ളു (മര്‍ക്കോസ്: 10:21; യോഹ:13:29;2 കോരി:8,9 അധ്യായങ്ങള്‍; ഗലാത്യര്‍: 2:9,10 എന്നീ ഭാഗങ്ങള്‍ നോക്കുക) ഇതാണ് പണസംബന്ധമായ കാര്യങ്ങളില്‍ ശിഷ്യത്വത്തിന്റെ വഴി.
പൂര്‍ണ്ണസമയ സുവിശേഷപ്രവര്‍ത്തകര്‍ തങ്ങളെയും തങ്ങളുടെ ശുശ്രൂഷയെയും സഹായിക്കുവാന്‍ ലജ്ജ കൂടാതെ ആവശ്യപ്പെടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ അവര്‍ക്ക് ഇന്ന് ആവശ്യമായിരിക്കുന്ന സന്ദേശം ഇതത്രേ. ഇപ്രകാരം സഹായം നല്‍കാത്തവരെ ദൈവം ശിക്ഷിക്കുമെന്നു പറയുന്ന ഒരു പരിധിവരെയും അവര്‍ പോകുന്നു!! ഇത് ദൈവത്തിന്റെ വഴിയല്ല, ദൈവത്തിന്റെ വഴി മറ്റുള്ളവരെ തണുപ്പിക്കുവാന്‍ അവര്‍ക്കായി കരുതുവാന്‍ വേണ്ടി നമ്മുടെ സമയവും ഊര്‍ജ്ജവും ചെലവാക്കുകയും അതിലൂടെ ദൈവം നമ്മെ തണുപ്പിക്കുകയും ചെയ്യുക എന്നതാണ് (സദൃശ: 11:25). ദൈവത്തിലുള്ള വിശ്വാസത്തിന്റെ വഴി ഇതത്രേ. ഇതില്‍ നാം മനുഷ്യരെ ആശ്രയിക്കുന്നില്ല.
ഇന്‍ഡ്യന്‍ നാവികസേനയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന കാലത്ത് എനിക്കു ശമ്പളം നല്‍കിയിരുന്നതും എന്റെ ഭൗതികാവശ്യങ്ങള്‍ക്കായി കരുതിയിരുന്നതും നാവികസേന ആയിരുന്നു. മറ്റാരോടെങ്കിലും പോയി പണസംബന്ധമായ സഹായം അപേക്ഷിക്കേണ്ട ആവശ്യം എനിക്കുണ്ടായിരുന്നില്ല. ദൈവമോ നാവികസേനയെക്കാളും മറ്റേതൊരു തൊഴില്‍ദായകനെക്കാളും വലിയവനല്ലേ? നാം വാസ്തവത്തില്‍ സര്‍വ്വശക്തനായ ദൈവത്തിന്റെ ഭൃത്യന്മാരെങ്കില്‍ മരണമുള്ള മനുഷ്യരുടെ അടുക്കല്‍ സഹായത്തിനായി കൈനീട്ടേണ്ട ആവശ്യം നമുക്കുണ്ടോ? ദൈവത്തിന്റെ ഭൃത്യന്മാര്‍ മറ്റു വിശ്വാസികളുടെ അടുക്കല്‍ച്ചെന്ന് പണത്തിനായി യാചിക്കുമ്പോള്‍ അത് നമ്മുടെ ദൈവത്തിന്റെ അഭിമാനത്തിന് ഒരു ക്ഷതം തന്നെ. തന്റെ ഭൃത്യന്മാര്‍ ഏതെങ്കിലും മനുഷ്യനിലല്ല, തന്നില്‍ത്തന്നെ ആശ്രയിക്കണമെന്ന കാര്യത്തില്‍ തീക്ഷ്ണതയുള്ള ഒരുവനാണ് ദൈവം.
ഒരു ദൃഷ്ടാന്തം കൊണ്ട് ഞാന്‍ ഇതു വിശദീകരിക്കട്ടെ. ഒരു ദിവസം ഒരു പാശ്ചാത്യന്‍ സൂട്ടു ധരിച്ചുകൊണ്ട് നിങ്ങളുടെ വീട്ടില്‍ വന്ന് താന്‍ അമേരിക്കന്‍ ഐക്യനാടുകളുടെ സ്ഥാനപതിയാണെന്ന് സ്വയം പരിചയപ്പെടുത്തുന്നുവെന്നു ചിന്തിക്കുക. അതിന്റെ ശേഷം തന്റെ രാജ്യം ഒരു സാമ്പത്തിക പ്രതിസന്ധിയില്‍ക്കൂടി കടന്നുപോകയാണെന്നു പറഞ്ഞ് അവിടത്തെ ആവശ്യങ്ങള്‍ക്കായി എന്തെങ്കിലുമൊരു തുക സംഭാവന ചെയ്യുവാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്ന പക്ഷം നിങ്ങള്‍ എന്തു ചിന്തിക്കും? നിങ്ങളെ വഞ്ചിക്കുവാന്‍ ശ്രമിക്കുന്ന ഒരു കൗശലക്കാരനാണയാള്‍ എന്നു പെട്ടെന്നു നിങ്ങള്‍ക്കു മനസ്സിലാകും. എന്തുകൊണ്ട്? യു.എസ്. ഗവണ്മെന്റ് വീടുതോറും നടന്ന് പണം യാചിക്കുന്ന ഒരു നിലവാരത്തിലേക്ക് അധഃപതിക്കുകയില്ലെന്ന് നിങ്ങള്‍ക്കു നന്നായറിയാവുന്നതുകൊണ്ടുതന്നെ.
ഇനി ചിന്തിച്ചുനോക്കുക. ഒരു മനുഷ്യന്‍ നിങ്ങളുടെ വീട്ടില്‍ വരുന്നു. അല്ലെങ്കില്‍ ഒരു മാസിക നിങ്ങള്‍ക്ക് അയയ്ക്കുന്നു. താന്‍ കര്‍ത്താവായ യേശു ക്രിസ്തുവിന്റെ സ്ഥാനപതിയാണെന്ന് അതിലൂടെ സ്വയം പരിചയപ്പെടുത്തിയശേഷം ദൈവരാജ്യം പണസംബന്ധമായി ബുദ്ധിമുട്ടിലാണെന്നും ഈ പ്രതിസന്ധിയില്‍ ദൈവത്തെ ഒരു ചെറിയ തുകയെങ്കിലും നല്‍കി സഹായിക്കണമെന്നും നിങ്ങളോടാവശ്യപ്പെടുന്നുവെന്നിരിക്കട്ടെ. അയാളെ നിങ്ങള്‍ വിശ്വസിക്കും. എന്തുകൊണ്ട്? കാരണം, യു.എസ്. ഗവണ്മെന്റിനെക്കാള്‍ എത്രയോ താഴേക്കിടയിലാണ് ദൈവരാജ്യമെന്ന് നിങ്ങള്‍ ചിന്തിക്കുന്നു. അതാണ് ദുഃഖകരമായ സത്യം. കൗശലക്കാരായ വഞ്ചകന്മാര്‍ ''ദൈവഭൃത്യന്മാര്‍'' എന്നു നടിച്ചുകൊണ്ട് ആയിരക്കണക്കിനു വിശ്വാസികളെ ഇന്നു വഞ്ചിക്കുവാനിടയാകുന്നത് ഇതുമൂലമാണ്.
''ദൈവഭൃത്യരെ''ന്നറിയപ്പെടുന്ന പലരും ദൈവരാജ്യത്തിന്റെ അന്തസ്സിനെ ഇത്ര താണ ഒരു പടിയിലേക്കാഴ്ത്തിയിരിക്കുന്നത് എത്ര ലജ്ജാകരം! ഇതിന്റെ കാരണം പണസംബന്ധമായ കാര്യങ്ങളില്‍ അവര്‍ യേശുക്രിസ്തുവിന്റെ ശിഷ്യന്മാരായിത്തീര്‍ന്നിട്ടില്ല എന്നതാണ്. തന്മൂലം പണസംബന്ധമായ കാര്യങ്ങളില്‍ മറ്റൊരാളെ ഒരു ക്രിസ്തുശിഷ്യനാക്കാനും അവര്‍ക്കു സാധ്യമല്ല.
ഇന്ന് പല സുവിശേഷപ്രസംഗകരും ബൈബിള്‍സ്‌കൂളുകളും അനാഥാലയങ്ങളും സ്ഥാപിച്ചിട്ടുള്ളത് മറ്റുള്ളവരെ സഹായിക്കുവാനല്ല, പിന്നെയോ തങ്ങള്‍ക്കുതന്നെ ഒരു തടിച്ച ശമ്പളം നേടുവാനും തങ്ങളുടെ കുടുംബങ്ങള്‍ക്ക് ഒരുന്നതജീവിതനിലവാരം സമ്പാദിക്കുവാനും വേണ്ടിയാണ്. ''സര്‍വശക്തമായ ഡോളര്‍'' വാരിക്കൂട്ടുവാന്‍വേണ്ടി തങ്ങളുടെ പ്രയത്‌നങ്ങളുടെ വിജയത്തെക്കുറിച്ചുള്ള അദ്ഭുതകരമായ റിപ്പോര്‍ട്ടുകള്‍ ന്യൂസ്‌ലെറ്ററുകളിലൂടെ പതിവായി അവര്‍ അയച്ചുകൊണ്ടിരിക്കുന്നു. പണത്തിന്റെ പിന്നാലെയുള്ള പരക്കംപാച്ചില്‍ നമ്മുടെ നാട്ടില്‍ ഒട്ടനേകം ദൈവഭൃത്യന്മാരെ നശിപ്പിച്ചുകളഞ്ഞിരിക്കുന്നു.
കര്‍ത്താവിന്റെ വേലയ്ക്കുവേണ്ടി ദാനം ചെയ്യപ്പെടുന്ന പണമാണ് ലോകത്തില്‍ വച്ചേറ്റവും വിശുദ്ധമായ പണം. ആ പണത്തില്‍ ഏതെങ്കിലുമൊരുഭാഗം നമ്മുടെ വ്യക്തിപരമോ കുടുംബസംബന്ധമോ ആയ ഉപയോഗത്തിനുവേണ്ടി നാം എടുക്കുന്ന പക്ഷം - അതിനുവേണ്ടി പേരെടുത്തു പറഞ്ഞ് നല്‍കിയിട്ടുള്ളതല്ല ആ പണമെങ്കില്‍- നാം വലിയ ആപത്തിലാണ് നിലകൊള്ളുന്നത്. നിത്യമായി നാശമടയുക തന്നെയാണ് ആ ആപത്ത്. ഒരു പാത്രം പായസത്തിനുവേണ്ടി നമ്മുടെ ജന്മാവകാശം വിറ്റുകളയുന്നവരായി നാം തീരും.
ക്രിസ്തീയപ്രവര്‍ത്തകര്‍ മിതവ്യയശീലത്തോടെ ജീവിക്കേണ്ടതു വലിയ ഒരാവശ്യം തന്നെ. ഇതു മാമോനെ സ്‌നേഹിക്കാതിരിക്കുന്നതിന്റെ ഒരു ഭാഗമാണ്. തങ്ങളുടെ ശമ്പളത്തില്‍നിന്ന് പണം ചെലവാക്കേണ്ടി വരുമ്പോള്‍ വളരെ കരുതലോടെ പെരുമാറുന്ന ക്രിസ്തീയ പ്രവര്‍ത്തകരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നാല്‍ മിഷന്‍പണം എടുത്തു ചെലവാക്കുമ്പോള്‍ അവര്‍ വലിയ ധാരാളികളാണ്. അമേരിക്കയിലുള്ള ചില പാവപ്പെട്ട വിധവമാര്‍ ഇന്‍ഡ്യയിലെ കര്‍ത്തൃവേലയ്ക്കായി തങ്ങള്‍ക്കുള്ള അല്പത്തില്‍നിന്ന് അയച്ചുകൊടുക്കുന്നുണ്ട്. എന്നാല്‍ ഇന്‍ഡ്യയിലെ സുവിശേഷപ്രവര്‍ത്തകന്‍ തനിക്കായിത്തന്നെ വലിയൊരു ഭവനം പണിയാനും ധാരാളിത്തത്തോടെ ജീവിക്കാനും മറ്റുമായി ആ പണം ചെലവാക്കുന്നു. ഇത് അവിശ്വസ്തതയാണ്. ഇത്തരം പ്രവര്‍ത്തകര്‍ക്ക് പ്രവചനത്തിന്റേതായ ഒരു ശബ്ദമില്ലാതിരിക്കുന്നതിന്റെ പ്രധാനകാരണം ഇതത്രേ.
ഇന്‍ഡ്യയിലെ സഭയില്‍ പ്രവാചകന്മാര്‍ ഇല്ലാതിരിക്കുന്നതിന് എന്താണു കാരണം? ഏകദേശം 100 കോടി ജനങ്ങളുള്ള ഈ രാജ്യത്തെപ്പറ്റി ദൈവത്തിനു കരുതലില്ലാതെ വരിക സാധ്യമോ? നമ്മുടെ ഈ കാലഘട്ടത്തില്‍ ഒരൊറ്റ പ്രവാചകനെയെങ്കിലും ദൈവം അയയ്ക്കാതിരിക്കുന്നതെന്തുകൊണ്ട്? കര്‍ത്താവ് യഥാര്‍ത്ഥത്തില്‍ ഇന്‍ഡ്യയ്ക്കുവേണ്ടി കരുതുന്നുണ്ട്. നമ്മുടെ ഈ രാജ്യത്ത് പ്രവാചകന്മാരായിരിക്കുവാന്‍ അവിടുന്ന് പലരെയും വിളിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ ഭൂരിപക്ഷവും തങ്ങളുടെ പ്രവചനവരത്തെ മാമോനുവേണ്ടി വിറ്റുകളയുകയും ബിലെയാമിന്റെയും ഗേഹസിയുടെയും വഴിയില്‍ക്കൂടെ പോകയും ചെയ്തിരിക്കുന്നു. അതിന്റെ ഫലമായി ഇന്ന് ഒരൊറ്റ പ്രവാചകന്‍പോലും ശേഷിക്കാത്ത ഒരവസ്ഥയില്‍ നാമെത്തിയിരിക്കുന്നു.
ഇന്‍ഡ്യയിലെ സഭ സ്വന്തം കാലില്‍ നില്ക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു. അതിലേക്ക് ഒരു ദിവസം ദൈവം ഇന്‍ഡ്യയിലെ ക്രിസ്തീയപ്രവര്‍ത്തനത്തിനായി വിദേശികള്‍ നല്‍കുന്ന എല്ലാ വൈദേശികപണവും നിറുത്തലാക്കും. അപ്രകാരം ദൈവം ചെയ്യുന്നപക്ഷം കൂലിക്കാരായി പ്രവര്‍ത്തിക്കുന്നവര്‍ ആരൊക്കെയെന്നു പെട്ടെന്നുതന്നെ വെളിപ്പെടും. തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന വേല വിട്ട് അവര്‍ പൊയ്ക്കളയും. അപ്പോള്‍ ഒരു പക്ഷേ സത്യപ്രവാചകന്മാര്‍ എഴുന്നേല്ക്കയും യേശുക്രിസ്തുവിന്റെ സഭ പണിയപ്പെടുകയും ചെയ്യും. അങ്ങനെ കര്‍ത്താവിന്റെ നാമം നമ്മുടെ രാജ്യത്ത് മഹത്വപ്പെടുവാന്‍ ഇടയാകും.
ദൈവം നിങ്ങളെ പൂര്‍ണ്ണസമയക്രിസ്തീയപ്രവര്‍ത്തനത്തിനായി വിളിച്ചിരിക്കുന്നുവെങ്കില്‍ നിങ്ങള്‍ മനുഷ്യരുടെ ഒരു ഭൃത്യനായിട്ടല്ല, ദൈവത്തിന്റെ ഭൃത്യനായിത്തന്നെ നില്ക്കുന്നുവെന്ന് ഉറപ്പുവരുത്തുക. സമ്പന്നരായ മനുഷ്യര്‍ നിങ്ങള്‍ക്കു പണം നല്‍കുവാനാരംഭിക്കുമ്പോള്‍ അവര്‍ക്ക് അലോസരമുണ്ടാക്കുന്ന ഒന്നും പറയാതിരിക്കുമാറ് ദൈവികദൂത് പരിമിതപ്പെടുത്തി ഒത്തുതീര്‍പ്പ് നടത്തുവാന്‍ നിങ്ങള്‍ വേഗം പ്രേരിതനായിത്തീരും. 1 കൊരിന്ത്യര്‍: 7:21, 23 എന്നീ വാക്യങ്ങളില്‍ ''നിങ്ങളെ വിലയ്ക്കു വാങ്ങിയിരിക്കുന്നു. മനുഷ്യര്‍ക്കു ദാസന്മാരാകരുത്'' എന്നു ബൈബിള്‍ പറയുന്നു. പല വിശ്വാസികളും തങ്ങളുടെ ദാനങ്ങള്‍ മുഖേന നിങ്ങളെ ദാസന്മാരാക്കുവാന്‍ ശ്രമിക്കും. അവരെ സൂക്ഷിച്ചുകൊള്ളുക.
ഇന്ന് ഇന്‍ഡ്യയില്‍ പല ക്രിസ്ത്യാനികള്‍ക്കും കര്‍ത്താവിനോടുള്ള വിശ്വാസവും അനുസരണവും പരീക്ഷിക്കപ്പെടുന്ന ഒരു മേഖല തങ്ങളുടെ മതപരമായ ഉത്സവങ്ങള്‍ കൊണ്ടാടുന്നതിലേക്കു പണം നല്‍കുവാന്‍ അക്രൈസ്തവര്‍ അവരെ സമീപിക്കുന്ന സന്ദര്‍ഭമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ക്രിസ്തുശിഷ്യന്‍ കൃപയോടും എന്നാല്‍ ദൃഢചിത്തതയോടും പെരുമാറണം. ''ദരിദ്രര്‍ക്കുവേണ്ടിയുള്ള ഏതു ദ്രവ്യശേഖരത്തിലും സന്തോഷത്തോടെ പണം കൊടുക്കുവാന്‍ എനിക്കു മനസ്സാണ്; എന്നാല്‍ അക്രൈസ്തവമായ മതാഘോഷങ്ങള്‍ക്ക്, ഞാന്‍ അതില്‍ വിശ്വസിക്കായ്കയാല്‍, പണം നല്‍കുവാന്‍ എനിക്കു സാധ്യമല്ല'' എന്ന് അയാള്‍ തുറന്നുപറയണം. ഇന്ന് ഇന്‍ഡ്യയില്‍ ചില സ്ഥലങ്ങളില്‍ ഇപ്രകാരമുള്ള ഒരു നിലപാടു സ്വീകരിക്കുന്ന ഒരു ക്രിസ്ത്യാനിക്ക് ജീവാപായം തന്നെ സംഭവിക്കുവാനിടയുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ക്രിസ്തുശിഷ്യന്‍ വിവേകശാലിയായിരിക്കണം. എന്തുവന്നാലും അയാള്‍ കര്‍ത്താവിനെ തള്ളിപ്പറയുന്നവനാകരുത്. എന്നാല്‍ ഒരു കള്ളന്‍ ചെയ്യുന്നതുപോലെ ആളുകള്‍ അവന്റെ പക്കല്‍നിന്നു നിര്‍ബന്ധമായി പണം വസൂലാക്കുന്നപക്ഷം അയാള്‍ തന്നെത്തന്നെ കുറ്റം വിധിക്കേണ്ട ആവശ്യവുമില്ല. കാരണം, ദൈവം അയാളുടെ സാഹചര്യം അറിയുന്നു.
നമ്മുടെ രാജ്യത്ത് പലരും നേരിടുന്ന മറ്റൊരു പ്രശ്‌നം നിയമാനുസൃതമായ ഒരു പെര്‍മിറ്റോ ലൈസന്‍സോ മറ്റോ ലഭിക്കാന്‍ വേണ്ടി ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കോ മേധാവികള്‍ക്കോ പണം കൊടുക്കേണ്ടിവരുന്നതാണ്. പല പ്രസംഗകരും വിശുദ്ധരെന്ന തങ്ങളുടെ പ്രശസ്തി നഷ്ടപ്പെടുമെന്നു ഭയപ്പെട്ട് ഈ വിഷയത്തെപ്പറ്റി സംസാരിക്കുവാന്‍ മടിക്കുന്നവരാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഓരോ ദിവസവും ക്രിസ്ത്യാനികള്‍ ഈ പ്രശ്‌നത്തെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നതുമൂലം ഈ കാര്യത്തില്‍ വ്യക്തമായൊരു പഠിപ്പിക്കല്‍ ആവശ്യമായിരിക്കുന്നു. അതിനാല്‍ പല വിശ്വാസികളുടെയും ചുമലില്‍ നിന്ന് അനാവശ്യമായ ഒരു ഭാരം നീക്കുന്നതിനുവേണ്ടി ഞാന്‍ നല്‍കുവാനാഗ്രഹിക്കുന്ന വിവേകപൂര്‍വ്വമായ ഒരുപദേശം ഇവിടെ പ്രസ്താവിക്കട്ടെ.
1 കൊരിന്ത്യര്‍: 6:12, 10:23 എന്നീ വാക്യങ്ങളില്‍ നാം വായിക്കുന്നതുപോലെ ആളുകള്‍ ജീവിക്കുവാന്‍ സ്വീകാര്യമായ മൂന്നു തലങ്ങള്‍ ഉണ്ട്:
വ്യക്തമായും നിയമവിരുദ്ധമായ ഒന്ന് ചെയ്യുന്ന തലത്തിലേക്ക് നാം ഒരിക്കലും താണുപോകരുത്. അതിനാല്‍ അനീതിപൂര്‍വമായ ഒരു കാര്യം ചെയ്തുകിട്ടുവാന്‍ വേണ്ടി നാം ആര്‍ക്കും പണം കൊടുക്കരുത്. അത് ഗവണ്മെന്റിനെയോ സ്ഥാപനത്തെയോ വഞ്ചിക്കുകയാവും. അങ്ങനെ നിങ്ങള്‍ കൊടുക്കുന്നത് ഒരു കൈക്കൂലിയായിരിക്കും .
എന്നാല്‍ തികച്ചും നിയമാനുസൃതമായ ഒരു കാര്യത്തിനു വേണ്ടിയുള്ള ഒരു പെര്‍മിറ്റു നല്‍കുവാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ നിങ്ങളോടു പണം ആവശ്യപ്പെടുകയും ആ ആഫീസിലേക്കു വീണ്ടും വീണ്ടും പോവുകയെന്ന മുഷിപ്പന്‍ കാര്യം ഒഴിവാക്കുവാന്‍ വേണ്ടി നിങ്ങള്‍ പണം നല്‍കുകയും ചെയ്യുന്നപക്ഷം എന്താണിതിനെപ്പറ്റി പറയേണ്ടത്? അത്തരമൊരു സന്ദര്‍ഭത്തില്‍ നിങ്ങള്‍ ആരെയും വഞ്ചിക്കുന്നില്ല . നിങ്ങളുടെ സ്വന്തം പണം സ്വമനസ്സാലെ നിങ്ങള്‍ നല്‍കുകയാണ്. ഒരു ഹോട്ടലില്‍ ഭക്ഷണം വിളമ്പുന്ന ഒരു വെയിറ്റര്‍ക്കു ഒരു ''ടിപ്പ്'' (സമ്മാനം) കൊടുക്കുന്നതിനോട് ഇതിനെ സാമ്യപ്പെടുത്താം. കൂടുതല്‍ സൂക്ഷ്മമായിപ്പറഞ്ഞാല്‍ നിങ്ങളുടെ നേരെ തോക്കുചൂണ്ടി നില്‍ക്കുന്ന ഒരു കൊള്ളക്കാരന് ജീവരക്ഷയെക്കരുതി നിങ്ങള്‍ പണം കൊടുക്കുന്നതിനു തുല്യമാണിത്. ഏക വ്യത്യാസം ഇതാണ്. ആ ഉദ്യോഗസ്ഥന്‍ നിങ്ങളുടെ നേരെ ചൂണ്ടിയത് തോക്കല്ല , ഒരന്ത്യശാസനമാണ് . എങ്കിലും അതു "പകല്‍ക്കൊള്ള" തന്നെയാണ്. കുറഞ്ഞപക്ഷം ഇങ്ങനെ നിങ്ങള്‍ക്കു സമാശ്വസിക്കാം. അനീതിപരമായ ഒരു കാര്യം ചെയ്തുകിട്ടുവാന്‍വേണ്ടി നിങ്ങള്‍ പണം നല്‍കിയില്ല. മറ്റൊരാളെ നിങ്ങള്‍ വഞ്ചിക്കുകയും ചെയ്തില്ല. ഇതു മുന്‍പറഞ്ഞ രണ്ടാമത്തെ തലം അതായത് നിയമാനുസൃതതലമാണ് .
എന്നാല്‍ ക്ലാര്‍ക്കിനു പണം കൊടുക്കാതെ തന്നെ തനിക്ക് ആ അനുവാദം ലഭിക്കുമെന്നുള്ള വിശ്വാസം മറ്റൊരു സഹോദരന് ഉണ്ടായെന്നുവരാം. ഇതാണ് ഏറ്റവും ഉയര്‍ന്ന തലം . എന്നാല്‍ എല്ലാവര്‍ക്കും വിശ്വാസത്തിന്റെ ഈ തലത്തിലേക്കുയരുവാന്‍ കഴിഞ്ഞില്ലെന്നു വരാം . അമ്മാതിരി വിശ്വാസമുള്ളവര്‍ക്ക് ആ ഉയര്‍ന്ന തലത്തില്‍ ജീവിക്കാം. എങ്കിലും തങ്ങളുടെ വിശ്വാസത്തിന്റെ ആ തലത്തിലേക്കു വന്നിട്ടില്ലാത്തവരെ അയാള്‍ വിധിക്കരുത്. റോമര്‍ 14-ാം അധ്യായം നോക്കുക. ഈ വസ്തുതയെപ്പറ്റി അവിടെ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്.
അങ്ങനെയാണെങ്കിലും നാം വിശ്വസിക്കുന്ന പക്ഷം ദൈവം നമുക്കുവേണ്ടി ഒരദ്ഭുതം പ്രവര്‍ത്തിക്കുവാനാഗ്രഹിച്ചിരുന്ന ഒരു സാഹചര്യത്തില്‍ ഒരു കൈക്കൂലിക്കാരനായ ഉദ്യോസ്ഥനു പണം കൊടുത്ത് വിഷമസാഹചര്യത്തില്‍ നിന്നു തലയൂരാന്‍ നാം ശ്രമിക്കുന്ന ഒരവസ്ഥ നമുക്കുണ്ടാകാമെന്നു നാം മനസ്സിലാക്കണം. അതുകൊണ്ട് നാം നേരിടുന്ന ഓരോ വിഷമ സാഹചര്യത്തിലും നാം ദൈവത്തെ അന്വേഷിക്കയും അവിടുത്തേക്കു പ്രസാദകരമായതു ചെയ്‌വാനുള്ള ജ്ഞാനത്തിനായി പ്രാര്‍ത്ഥിക്കയും വേണം. എങ്കിലും നമ്മുടെ വിശ്വാസം മറ്റൊരുവന്റെ തലത്തിലേക്കുയരാത്ത പക്ഷം നാം ശിക്ഷാവിധിയിലാണെന്ന് കരുതേണ്ടതുമില്ല.
നാം ഒരു ജോലി അന്വേഷിക്കുമ്പോള്‍ ഏറ്റവുമുയര്‍ന്ന ശമ്പളമുള്ള ഒന്നിനായി നാം കാത്തിരിക്കുന്നതു ശരിയാണോ? ആ ജോലി നിങ്ങളുടെ ആത്മീയ ജീവിതത്തെയോ നിങ്ങളുടെ ശരീരമനസ്സുകളെയോ ഏതെങ്കിലും വിധത്തില്‍ നശിപ്പിക്കുന്ന ഒന്നല്ലെങ്കില്‍ അതു ശരി തന്നെ. എന്നാല്‍ പണത്തിനുവേണ്ടിയുള്ള നിങ്ങളുടെ പരിശ്രമം ദൈവരാജ്യത്തെയോ അവിടുത്തെ നീതിയെയോ ലേശമെങ്കിലും പരിത്യജിക്കുവാന്‍ ഇടവരുത്തുമെങ്കില്‍ അതു തെറ്റാണ്. ഉയര്‍ന്ന ശമ്പളമുള്ള ഒരു ജോലി അന്വേഷിക്കുന്നതു നല്ലതാണ്. കാരണം, കര്‍ത്താവിന്റെ വേലയ്ക്കായി കൂടുതല്‍ പണം കണ്ടെത്തുവാന്‍ അതു നിങ്ങളെ സഹായിക്കും. എന്നാല്‍ അത്തരമൊരു ജോലി നിമിത്തം കര്‍ത്താവിനു പ്രയോജനകരമായ വിധം സമയം വിനിയോഗിക്കുവാന്‍ നിങ്ങള്‍ക്കു സാധിക്കാതെ വരുമെങ്കില്‍, അതു ദൈവഹിതമായിരിക്കയില്ല. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ഒരുവന്‍ വളരെ കരുതലോടെ വേണം തീരുമാനമെടുക്കേണ്ടത്.
ബിലെയാമിന്റെ കാര്യം ചിന്തിക്കുക. ബാലാക്ക് രാജാവിന്റെ അടുക്കല്‍ പോകരുതെന്ന് ദൈവം വ്യക്തമായി അയാളോടു പറഞ്ഞിരുന്നു. എന്നാല്‍ രാജാവ് അയാള്‍ക്കു കൂടുതല്‍ പണം വാഗ്ദാനം ചെയ്തപ്പോള്‍ രണ്ടാമതൊരിക്കല്‍ കൂടി "ദൈവഹിതം ആരായുവാന്‍ " ബിലെയാം ആഗ്രഹിച്ചു. ബിലെയാമിന്റെ ഹൃദയത്തിലെ അത്യാഗ്രഹം ദൈവം കണ്ടിട്ട് അവനെ പോകാന്‍ അനുവദിച്ചു. ഇതുപോലെയുള്ള പല വിശ്വാസികളുമുണ്ട്. ദൈവഹിതം അന്വേഷിക്കുന്നതായി അവര്‍ നടിക്കുന്നുവെങ്കിലും അവരുടെ ഹൃദയം അത്യാഗ്രഹത്തെ പിന്തുടരുന്നു. അവരുടെ ഉദ്ദേശ്യങ്ങള്‍ ദൈവം അറിയുന്നതുകൊണ്ട് അവര്‍ പോകുന്ന വഴിക്കു പോകുവാന്‍ ദൈവം അവരെ വിടുന്നു.
ഇക്കാലത്ത് വിശ്വാസികള്‍ ജോലിക്കായി വിദേശങ്ങളില്‍പ്പോകുന്നത് വ്യത്യസ്തകാരണങ്ങള്‍ മൂലമാണ്. ഇന്‍ഡ്യയിലുള്ള ദരിദ്രരായ തന്റെ കുടുംബാംഗങ്ങളെ സഹായിക്കുന്നതിനാകാം ഒരുത്തന്‍ പോകുന്നത്. അതു നല്ലൊരുകാരണം തന്നെ. എന്നാല്‍ മറ്റൊരാള്‍ തനിക്കുവേണ്ടിത്തന്നെ തന്റെ യഥാര്‍ ത്ഥ അവശ്യങ്ങളെ ബഹുദൂരം കവിഞ്ഞുനില്‍ക്കുന്ന വിധം കൂടുതല്‍ പണമുണ്ടാക്കുവാന്‍ പോകുന്നു. ഈ രണ്ടു വിശ്വാസികളുടെയും അന്ത്യം ഒരു പോ ലെയായിരിക്കയില്ല. ആവശ്യം നിമിത്തം പോയ ഒരുവന്‍ ആത്മീയനായി വളരും. അത്യാഗ്രഹം നിമിത്തം പോയ മറ്റവന്‍ പിന്മാറ്റത്തിലാവുകയും ചെയ്യും.
ഒരു ഫാക്ടറിയിലെ ഒരു ട്രേഡ് യൂണിയനില്‍ ചേരുകയും അതിലൂടെ ഉയര്‍ന്ന ശമ്പളമാവശ്യപ്പെടുകയും ചെയ്യുന്നതു ശരിയാണോ? നിങ്ങള്‍ അക്രമപരമായ പ്രവര്‍ത്തനങ്ങളിലൊന്നും ഏര്‍പ്പെടുന്നില്ലെങ്കില്‍ അതു ശരിതന്നെ. ഉയര്‍ന്ന ഒരു ശമ്പളത്തിനോ അലവന്‍സിനോ വേണ്ടി എപ്പോഴും ഉന്നതാധികാരികളെ നിങ്ങള്‍ക്കു സമീപിക്കാം. എന്നാല്‍ നിങ്ങള്‍ ഒരിക്കലും മത്സരിയാകയോ നിങ്ങള്‍ ചോദിക്കുന്നതു ലഭിക്കുവാനായി പണിമുടക്കുകയോ ചെയ്യരുത്. നിങ്ങള്‍ക്കാവശ്യമായതു ദൈവം നല്‍കുമെന്നുള്ള വിശ്വാസം നിങ്ങള്‍ക്കുണ്ടായിരിക്കണം. അതുപോലെ നിങ്ങള്‍ക്കു ലഭിക്കുന്നതില്‍ എപ്പോഴും സംതൃപ്തനായിരിക്കുകയും വേണം. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ മതിയായ വരുമാനം നിങ്ങള്‍ക്കു ലഭിക്കാതിരിക്കുന്നതിനെപ്പറ്റി ദൈവത്തോട് പറയുകയും അതിനായി പ്രാര്‍ത്ഥിക്കയും ചെയ്ക എന്നതാണ് ദൈവികമായ മാര്‍ഗ്ഗം. അപ്പോള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ ദൈവം നിറവേറ്റും.
ഭാവിയിലെ ആവശ്യത്തിനായി പണം മിച്ചം വയ്ക്കുന്നതിനെപ്പറ്റി എന്താണഭിപ്രായം? യേശുവിന്റെ ഒരു ശിഷ്യന് ഒരു സേവിംഗ്‌സ് അക്കൗണ്ടോ ഫിക്‌സഡ് ഡെപ്പോസിറ്റുകളോ കമ്പനി ഷെയറുകളോ മറ്റു രൂപത്തിലുള്ള ധനമോ ഉണ്ടായിരിക്കാമോ? നാം ഭൂമിയില്‍ നിക്ഷേപം സ്വരൂപിക്കാതെ സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം സ്വരൂപിക്കണമെന്നു യേശു പറഞ്ഞിട്ടുണ്ടല്ലോ. എന്നാല്‍ ഇവിടുത്തെ പ്രശ്‌നം ഇതാണ്: ഏതു ഘട്ടത്തിലാണ് " ഏതെങ്കിലും സമ്പാദ്യം അഥവാ മിച്ചം തനിക്കുവേണ്ടിത്തന്നെ സൂക്ഷിക്കുന്ന ഒരു നിക്ഷേപമായിത്തീരുന്നത്" ? ഈ ചോദ്യത്തിന് അനായാസമായി ഒരുത്തരം നല്‍കാന്‍ സാധ്യമല്ല. മറ്റുള്ളവര്‍ക്കുവേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുവാന്‍ നമുക്കു സാധ്യമല്ല. കര്‍ത്താവ് നമ്മെ പ്രായപൂര്‍ത്തിയായവരായി കരുതുന്നു. ഏതു ഘട്ടത്തില്‍ ഒരു കരുതല്‍ ധനം, ഒരു നിക്ഷേപമായി മാറുന്നുവെന്ന് തീരുമാനിക്കാനുള്ള ചുമതല നമ്മുടെ മേല്‍തന്നെ അവിടുന്നു ചുമത്തുന്നു. നാം കൂടെക്കൂടെ എന്തിനെപ്പറ്റി ചിന്തിക്കുന്നുവെന്ന് നമ്മോടുതന്നെ ചോദിക്കുകയാണ് ഇതു നിര്‍ണ്ണയിക്കുവാനുള്ള മാര്‍ഗ്ഗം. അതു "പണത്തെപ്പറ്റിയാണെങ്കില്‍" പണം തീര്‍ച്ചയായും നമ്മുടെ നിക്ഷേപമായിത്തീര്‍ന്നിരിക്കുന്നു. നേരേമറിച്ച് " കര്‍ത്താവിനെയും അവിടുത്തെ വേലയെയും പറ്റിയാണ്" നാം ചിന്തിക്കുന്നതെങ്കില്‍ കുറെയധികം ഭൗമികധനം നമുക്കുണ്ടായിരുന്നാലും നമ്മുടെ നിക്ഷേപം സ്വര്‍ഗ്ഗത്തിലാണ്.
ഭാവിക്കായി കരുതുന്നതിനെപ്പറ്റി എറുമ്പില്‍ നിന്നു പഠിക്കുവാന്‍ ദൈവ വചനം നമ്മെ പ്രബോധിപ്പിക്കുന്നുണ്ട് (സദൃശ: 6:6, 11) മഴക്കാലത്തിനായി ഭക്ഷണം ശേഖരിച്ചുവയ്ക്കുവാന്‍ തങ്ങളെ ഉപദേശിക്കുന്ന യാതൊരു നേതാക്കളും എറുമ്പുകള്‍ക്കില്ല. എങ്കിലും അതു സ്വയം ചെയ്യുവാനുള്ള വിവേകം അവയ്ക്കുണ്ട്. എന്നാല്‍ പല വിശ്വാസികള്‍ക്കും ആ വിവേകമില്ല. അവര്‍ക്ക് പെട്ടെന്ന് അപ്രതീക്ഷിതമായ ഒരു ചെലവു വഹിക്കേണ്ടി വരുമ്പോള്‍ അവര്‍ മറ്റുള്ളവരോടു യാചിക്കുകയോ കടം കൊള്ളുകയോ ചെയ്യേണ്ടിവരുന്നു. മുന്‍ വര്‍ഷങ്ങളില്‍ തങ്ങളുടെ ചെലവിന്റെ കാര്യത്തില്‍ അവര്‍ ശ്രദ്ധാലുക്കളായി ഭാവിക്കായി വല്ലതും കരുതി വെച്ചിരുന്നെങ്കില്‍ ഇപ്രകാരം ചെയ്യേണ്ടിവരികയില്ലായിരുന്നു. അതിനാല്‍ നാം സമ്പാദിക്കുന്നതിന്റെ ഒരു ഭാഗം മിച്ചം വയ്ക്കുന്നതു നല്ലതുതന്നെ.
യേശുവിന് ദാനമായി ലഭിച്ചിരുന്ന പണം മുഴുവന്‍ ലഭിച്ച ദിവസത്തില്‍ തന്നെ അദ്ദേഹം ചെലവാക്കിത്തീര്‍ത്തിരുന്നില്ല. അദ്ദേഹവും ശിഷ്യന്മാരും അതിലൊരു ഭാഗം മിച്ചമായി സൂക്ഷിച്ചിരുന്നു. ഈ മിച്ചം ഒരു സഞ്ചിയിലാക്കി യൂദാ സൂക്ഷിച്ചിരുന്നു. ഒരാവശ്യമുണ്ടാകുമ്പോള്‍ അതില്‍ നിന്നെടുത്ത് അവര്‍ ചെലവാക്കിയിരുന്നു. എത്ര ശതമാനം അവര്‍ മിച്ചം വച്ചു? ഈ കാര്യം ബൈബിള്‍ നമ്മോടു പറയുന്നില്ല. പറയാതിരിക്കുന്നതു നല്ലതുതന്നെ. പുതിയ ഉടമ്പടിയുടെ വ്യവസ്ഥയില്‍ ദൈവം നമുക്ക് എല്ലാ കാര്യങ്ങളിലും സ്വാതന്ത്ര്യം നല്‍കുന്നു. നാം ഏതെങ്കിലും നിയമത്തിന് കീഴിലല്ല. ഇതിലെല്ലാം പരിശുദ്ധാത്മാവു നമ്മെ നയിക്കേണ്ടത് ആവശ്യം തന്നെ.
സ്വന്തമായൊരു വീടുണ്ടായിരിക്കുന്നതു ശരിയോ? ഈ കാലത്ത് ഒരു വീടു പണിയുന്നതിന് ഗണ്യമായൊരു തുക ആവശ്യമാണ്. സ്വന്തമായൊരു വീടു പണിയുന്നതിനാവശ്യമായ വിധം വേണ്ടത്ര വരുമാനം നിങ്ങള്‍ക്കുള്ള പക്ഷം പണം മിച്ചംവച്ച് വീടു പണിയുവാന്‍ ദൈവം നിങ്ങളെക്കുറിച്ച് ആഗ്രഹിക്കുന്നുണ്ടാവാം. എന്നാല്‍ ബോധപൂര്‍വ്വം പതിവായി മിച്ചം വയ്ക്കാതിരുന്നാല്‍ നിങ്ങള്‍ക്ക് എങ്ങനെ വീടുപണിയാന്‍ കഴിയും? പെട്ടെന്ന് ആകാശത്തു നിന്നു പണം വീണു കിട്ടുമെന്നു പ്രതീക്ഷിക്കുവാന്‍ സാധ്യമല്ല. അതിനാല്‍ മിച്ചം വയ്‌ക്കേണ്ടത് ആവശ്യം തന്നെ.
പഴയനിയമത്തില്‍ ദൈവം ലേവ്യരോട് അവര്‍ ഒരിക്കലും സ്വന്തമായി ഭൂസ്വത്തുള്ളവരായിത്തീരരുതെന്ന് അരുളിച്ചെയ്തു (സംഖ്യാ: 18:20) എന്നാല്‍ യാക്കോബ് ഗൃഹത്തിലെ മറ്റു പതിനൊന്നു ഗോത്രങ്ങള്‍ക്കും ഭൂസ്വത്ത് സമ്പാദിക്കുവാന്‍ അനുവാദം നല്‍കിയിരുന്നു. ഇതുപോലെ ഇന്ന് ദൈവം ഒരു സഹോദരനെ ഒരു വീടുപണിയാന്‍ അനുവദിക്കയും മറ്റൊരുവനോടു വീടു പണിയരുതെന്നു കല്പിക്കയും ചെയ്‌തേക്കാം. ഇത്തരം കാര്യങ്ങളില്‍ എല്ലാവരെക്കുറിച്ചും ഒരുപോലെയല്ല ദൈവഹിതം.
ലേവിയുടെ പുത്രന്മാരില്‍ രണ്ടുപേര്‍ക്കും അവരുടെ പിന്‍ഗാമികള്‍ക്കും സമാഗമനകൂടാരത്തിലെ വസ്തുക്കള്‍ ഒരു സ്ഥലത്തു നിന്നു മറ്റൊരിടത്തേക്കു കൊണ്ടുപോകുവാനാവശ്യമായ വാഹനങ്ങള്‍ സ്വന്തമാക്കുവാന്‍ ദൈവം അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ലേവിയുടെ മറ്റൊരു പുത്രനും അദ്ദേഹത്തിന്റെ അനന്തരഗാമികളും തങ്ങളുടെ ചുമലുകളില്‍ ഈ സാധനങ്ങള്‍ ചുമന്നു കൊണ്ടുപോയിരുന്നു (സംഖ്യാ: 7:7-9). അതുപോലെ ഇന്ന് ദൈവം ചില വിശ്വാസികള്‍ക്കു മോട്ടോര്‍ കാര്‍ നല്‍കുന്നു. എന്നാല്‍ മറ്റു ചിലര്‍ അവരുടെ മക്കള്‍ക്ക് ഒരു സൈക്കിള്‍ വാങ്ങാന്‍പോലും പണമില്ലാതെ കാല്‍നടയായി സഞ്ചരിക്കുവാന്‍ നിര്‍ബന്ധിതരായിത്തീരുന്നു.
ദൈവഹിതം ഓരോ വിശ്വാസിയെ സംബന്ധിച്ചും വ്യത്യസ്തമാണ്. ഓരോ വ്യക്തിയും തന്നെക്കുറിച്ചുള്ള ദൈവഹിതം കണ്ടെത്തുകയും ദൈവത്തിന്റെ വായില്‍നിന്നു പുറപ്പെടുന്ന ഓരോ വചനത്താലും ജീവിക്കയും വേണം. തന്റെ സ്ഥിതിയെ മറ്റൊരുവന്റേതുമായി അയാള്‍ താരതമ്യപ്പെടുത്തരുത്.
സാമ്പത്തികമായി നാം ചില ദുര്‍ഘടസാഹചര്യങ്ങളില്‍ അകപ്പെട്ടിരിക്കുന്നതായും അവിടെ എന്തു ചെയ്യണമെന്ന് നമുക്കറിഞ്ഞുകൂടാത്തതായും വരുന്നപക്ഷം നമുക്കു ദൈവസന്നിധിയിലേക്കു ചെന്നു ജ്ഞാനത്തിനായി അപേക്ഷിക്കാം. വിശ്വാസത്തോടെ നാമതു ചോദിച്ചാല്‍ അതു നല്‍കാമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട് (യാക്കോബ്: 1:5).
ദൈവം തന്റെ വചനത്തില്‍ പണത്തിന്റെ ഉപയോഗത്തെപ്പറ്റി നല്‍കിയിട്ടുള്ള പ്രമാണങ്ങള്‍ നാം മനസ്സിലാക്കണം. അപ്പോള്‍ ഓരോ സാഹചര്യത്തിലും ഈ പ്രമാണങ്ങള്‍ എങ്ങനെ പ്രായോഗികമാക്കണമെന്ന് പരിശുദ്ധാത്മാവ് നമുക്കു കാണിച്ചുതരും.
എല്ലാറ്റിലും വച്ച് ഏറ്റവും പ്രധാനമായ ഈ കാര്യത്തില്‍ - പണത്തിന്റെ വിഷയത്തില്‍ - ശിഷ്യത്വത്തിന്റെ മാര്‍ഗ്ഗത്തിലൂടെത്തന്നെ നമുക്കു മുന്നോട്ടു പോകാം.
യേശുവിന്റെ ഒരു ശിഷ്യന്‍ ഒരിക്കലും ഏകാകിയായി ജീവിക്കുന്നവനല്ല. ഒരു പ്രാദേശികസഭയില്‍ എപ്പോഴും മറ്റുള്ളവരുമായി കൂട്ടായ്മയില്‍ ജീവിക്കുന്നവനായിരിക്കും അയാള്‍.
തന്റെ ശിഷ്യന്മാരുടെ പ്രാഥമികലക്ഷണം ''തമ്മില്‍ത്തമ്മിലുള്ള സ്‌നേഹം'' ആയിരിക്കുമെന്ന് യേശു അരുളിച്ചെയ്തു. (യോഹ: 13:35). ഒരു ശിഷ്യന്‍ മറ്റുള്ളവരുമായി ബന്ധപ്പെട്ടു ജീവിക്കുമ്പോള്‍ മാത്രമേ ഇതു സാധ്യമാവുകയുള്ളൂ. അതിനാല്‍ഏകാകിയായ ഒരു ശിഷ്യന്‍ ഉണ്ടാവുക ഒരിക്കലും സാധ്യമല്ല.
നിലത്തു വീണു ചാകാതിരിക്കുന്ന ഒരു കോതമ്പുമണി മാത്രമാണ് തനിയേ ഇരിക്കുന്നതെന്ന് യോഹന്നാന്‍ 12:24വ്യക്തമാക്കുന്നു. ചാകുന്ന കോതമ്പുമണി വളരെ ഫലം പുറപ്പെടുവിക്കും. അപ്രകാരമുള്ള ഒരു ശിഷ്യന്‍ മറ്റു ശിഷ്യന്മാരെ കണ്ടെത്തുകയോ മറ്റു ശിഷ്യന്മാരെ ഉണ്ടാക്കുകയോ ചെയ്ത ശേഷം അവരോടൊന്നിച്ച് ക്രിസ്തുവിന്റെ ശരീരമായിത്തീരുന്ന ഒരു പ്രാദേശികസഭയായി പണിയപ്പെടും. ഓരോ ശിഷ്യനും അപ്രകാരമുള്ള ഒരു പ്രാദേശികസഭയുടെ ഭാഗമായിരിക്കും. നിങ്ങള്‍ തനിയേ ഇരിക്കുന്നുവെങ്കില്‍ അതിന്റെ കാരണം നിങ്ങള്‍ നിലത്തുവീണ് നിങ്ങള്‍ക്കു തന്നെ മരിച്ചവനായിത്തീര്‍ന്നിട്ടില്ല എന്നതാണ്.
സഭയെ ദൈവം പണിയുന്ന ഒരു ഭവനമായി പുതിയനിയമത്തില്‍ ചിത്രണം ചെയ്തിരിക്കുന്നു. സദൃശവാക്യങ്ങള്‍ 24:3-ല്‍ ജ്ഞാനം കൊണ്ടു മാത്രമേ ഒരു ഭവനം പണിയപ്പെടുകയുള്ളുവെന്നും പറയുന്നുണ്ട്.
തിരുവചനം പഠിക്കുന്നതിനാല്‍ മാത്രം ഒരു ശിഷ്യന്‍ ജ്ഞാനമുള്ളവനായിത്തീരുന്നില്ല. അത് അവന്റെ അറിവുകളെവര്‍ദ്ധിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ദൈവഭയമാണ് ജ്ഞാനത്തിന്റെ ആരംഭം (സാദൃശ: 9:10) ദൈവഭയമാണ് ക്രിസ്തീയജീവിതത്തിന്റെ അക്ഷരമാലാപഠനം. യാക്കോബ്: 3:17-ല്‍ "ഉയരത്തില്‍ നിന്നുള്ള ജ്ഞാനം ഒന്നാമതു നിര്‍മ്മലമായിരിക്കും എന്നു പറയുന്നു". അതിനാല്‍ ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒന്നാമതു ദൈവഭയം അഭ്യസിക്കണം. ''വരുവിന്‍! ഞാന്‍ നിങ്ങള്‍ക്കു ദൈവഭയം പഠിപ്പിച്ചു തരാം'' എന്നു മറ്റുള്ളവരോടു പറയുവാന്‍ അവര്‍ക്കു കഴിവുണ്ടായിരിക്കണം (സങ്കീ: 34:11).
ഉപദേശപരമായ കൃത്യത, വൈകാരികാനുഭവങ്ങള്‍, സ്‌തോത്രവും ആരാധനയും, സുവിശേഷപ്രവര്‍ത്തനം എന്നിവയ്‌ക്കെല്ലാം നാം ഊന്നല്‍ കൊടുത്തേക്കാം. എന്നാല്‍ അവയ്‌ക്കെല്ലാം അടിയില്‍ ദൈവഭയമെന്ന അടിസ്ഥാനമില്ലെങ്കില്‍ നാം പണിയുന്നതെല്ലാം ഒരു ദിവസം നിലംപതിക്കുവാനിടയാകും.
പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, പണം, മാനുഷിക യത്‌നങ്ങള്‍, വ്യാപാരലോകത്തിലെ മറ്റു പ്രമാണങ്ങള്‍ എന്നിവ കൊണ്ടൊന്നും സഭ പണിയപ്പെടുവാന്‍ സാധ്യമല്ല. ഇത്തരം പ്രമാണങ്ങളാല്‍ നടത്തപ്പെടുന്ന ക്രിസ്തീയ പ്രവര്‍ത്തനം മാനുഷിക ദൃഷ്ടിക്കു മതിപ്പുളവാക്കിയേക്കാം. എന്നാല്‍ ദൈവം അതിനെ അഗ്നിയാല്‍ ശോധന ചെയ്യുമ്പോള്‍ അതെല്ലാം മരവും പുല്ലും വൈക്കോലും മാത്രമാണെന്നു തെളിയും (1 കോരി: 3:11-15).
ദൈവഭവനത്തിന്റെ വിവേചകധര്‍മ്മം സ്വയം വിധിക്കുക എന്നതാണ്. (1 പത്രോസ്: 4:17) ദൈവദൃഷ്ടികള്‍ക്കു മുമ്പില്‍ ജീവിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന സ്വയം വിധിക്കല്‍ തന്നെയാണത്. യെശയ്യാവ്, ഇയ്യോബ്, യോഹന്നാന്‍ എന്നിവരെല്ലാം, അവര്‍ ദൈവത്തെ കണ്ടപ്പോള്‍ തങ്ങളുടെ ഒന്നുമില്ലായ്മയും പാപവും മനസ്സിലാക്കി (യെശ: 6:5; ഇയ്യോബ്: 42:5, 6; വെളിപ്പാട്: 1:17 ഇവ നോക്കുക).
ആദാമും ഹവ്വയും ദൈവത്തിന്റെ വിശുദ്ധിയെ ലംഘിച്ചപ്പോള്‍ അവര്‍ എദെനില്‍നിന്നു പുറത്താക്കപ്പെട്ടു. അതിനുശേഷം ദൈവം ജീവന്റെ വൃക്ഷത്തിലേക്കുള്ള വഴി കാക്കുവാനായി കെരൂബുകളെ തിരിയുന്ന വാളിന്റെ ജ്വാലയുമായി നിറുത്തി. ഈ ജീവവൃക്ഷം ദൈവസ്വഭാവത്തെ കുറിക്കുന്നു. അതു നമുക്കു നല്‍കുവാനാണ് യേശു വന്നത്.
ദൈവസ്വഭാവത്തില്‍ നാം പങ്കുകാരായിത്തീരുവാന്‍ സാധിക്കുന്നതിനു മുമ്പു നമ്മുടെ സ്വയജീവിതത്തെ തകര്‍ക്കുവാന്‍ പ്രവര്‍ത്തിക്കുന്ന ക്രൂശിനെയാണ് ഈ വാള്‍ കുറിക്കുന്നത്. ഈ വാള്‍ ആദ്യമായി യേശുവിന്മേല്‍ പതിച്ചുവെന്നതു ശരിതന്നെ. എന്നാല്‍ നാമും അവിടുത്തോടുകൂടി ക്രൂശിക്കപ്പെട്ടു (ഗലാ: 2:20). മാതമല്ല, ''ക്രിസ്തുയേശുവിനുള്ളവര്‍ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ ക്രൂശിച്ചുമിരിക്കുന്നു" (ഗലാ: 5:24).
കെരുബുകളെപ്പോലെ ഒരു സഭയിലെ മൂപ്പന്മാര്‍ ഈ വാള്‍ പ്രയോഗിക്കുകയും ദൈവികജീവിതത്തിലേക്കുള്ള ഏകവഴി ജഡത്തിന്റെ മരണമാണെന്നു പ്രഖ്യാപിക്കുകയും ചെയ്യണം. ദൈവത്തോടുള്ള കൂട്ടായ്മയിലേക്കു തിരിച്ചെത്തുവാനുള്ള വഴി ഈ വാളിലൂടെയാണ്. മിക്ക സഭകളും ഒത്തുതീര്‍പ്പുകാരാല്‍ നിറഞ്ഞതായും ക്രിസ്തുവിന്‍ ശരീരത്തിന്റെ ആവിഷ്‌ക്കാരം (ലഃുൃലശൈീി) അല്ലാതെയും തീര്‍ന്നിരിക്കുന്നത് ഈ വാള്‍ പ്രയോഗിക്കാതിരുന്നതു മൂലമാണ്.
സംഖ്യാപുസ്തകം: 25:1-ല്‍ യിസ്രായേല്‍ മക്കള്‍ മോവാബ്യസ്ത്രീകളുമായി പരസംഗത്തിലേര്‍പ്പെടുവാന്‍ തുടങ്ങിയ ഒരു സമയത്തെപ്പറ്റി നാം വായിക്കുന്നു. യിസ്രായേല്യരിലൊരുവന്‍ ഒരു മോവാബ്യസ്ത്രീയെ തന്റെ കൂടാരത്തിലേക്കു കൊണ്ടുവരികയും ചെയ്തു (വാക്യം: 6). എന്നാല്‍ ആ ദിവസം യിസ്രായേല്‍ ഒരു ജനതയായി നാശമടയുന്നതില്‍ നിന്ന് ഫീനെഹാസെന്ന ഒരു പുരോഹിതന്‍ അവരെ രക്ഷിച്ചു. അദ്ദേഹം ദൈവമഹത്വത്തെപ്പറ്റി അത്യന്തം തീക്ഷ്ണതയുള്ളവനായിരുന്നതിനാല്‍ പെട്ടെന്ന് ഒരു കുന്തമെടുത്ത് ആ കൂടാരത്തിനുള്ളില്‍ കടന്ന് ആ പുരുഷനെയും സ്ത്രീയെയും കൊന്നുകളഞ്ഞു (വാക്യം: 7,8). അപ്പോള്‍ ദൈവം അവരെ ബാധിച്ചിരുന്ന ബാധ നിറുത്തി. എങ്കിലും അതിനു മുമ്പുതന്നെ 24,000 ആളുകള്‍ ബാധയാല്‍ സംഹരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ''വാള്‍ പ്രയോഗിച്ച ആ കെരുബ്'' അന്നേ ദിവസം എഴുന്നേറ്റിരുന്നില്ലെങ്കില്‍ മുഴുവന്‍ യിസ്രായേലിനെയും ബാധ കൊന്നുകളയുമായിരുന്നു.
ഓരോ സഭയിലും ''വാളേന്തുന്ന ഒരു കെരുബ്'' ഉണ്ടായിരിക്കുന്നത് എത്ര വിലപ്പെട്ട കാര്യമെന്നു നിങ്ങള്‍ കാണുന്നുണ്ടോ?
ഇന്ന് ക്രൈസ്തവ സമൂഹത്തില്‍ വാള്‍ പ്രയോഗിക്കുവാന്‍ കഴിയുന്ന അനേകം ഫീനെഹാസുകള്‍ ഇല്ലാതിരിക്കുന്നതുമൂലം ബാധ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. വളരെയധികം സഭാമൂപ്പന്മാരും പ്രസംഗകരും മനുഷ്യരെ പ്രസാദിപ്പിക്കുന്നവരാണ്."മിദ്യാന്യരെ സ്‌നേഹിക്കുവാനാണ്" അവര്‍ നമ്മെ നിരന്തരം പ്രേരിപ്പിക്കുന്നത്. സഭയില്‍ വാള്‍ ഉപയോഗിക്കാതിരിക്കുവാന്‍ സാത്താന്‍ നൂറുനൂറു ന്യായങ്ങള്‍ നമ്മോടുപദേശിക്കും. മുമ്പ് അവന്‍ യേശുവിന്റെ മുമ്പില്‍ വചനം ഉദ്ധരിച്ചതുപോലെ തന്റെ വാദഗതികളെ പിന്താങ്ങുവാനായി അവന്‍ പിന്നീട് വചനം ഉദ്ധരിക്കയും ചെയ്യും.
വാള്‍ പ്രയോഗിക്കുക മൂലം ഫീനെഹാസിനു വ്യക്തിപരമായി എന്തു ലാഭമുണ്ടായി? ഒന്നുമില്ല. നേരേ മറിച്ച് അയാള്‍ക്ക് വളരെ നഷ്ടം സഹിക്കേണ്ടിവരികയും ചെയ്തു. വിശിഷ്യ, ദയയും സൗമ്യതയുള്ളവനെന്ന പ്രശസ്തിയും നഷ്ടപ്പെട്ടു. മാത്രമല്ല, കൊല്ലപ്പെട്ട മനുഷ്യന്റെ ബന്ധുക്കളില്‍ നിന്നും സ്‌നേഹിതന്മാരില്‍ നിന്നും വളരെ ദൂഷണവും ക്രോധവും അയാള്‍ സഹിക്കേണ്ടതായും വന്നിരിക്കും. എങ്കിലും ദൈവനാമത്തിന്റെ മഹത്വവും ബഹുമാനവുമാണ് അതു ചെയ്‌വാന്‍ ഫീനെഹാസിനെ പ്രേരിപ്പിച്ചത് ഫീനെഹാസിന്റെ ശുശ്രൂഷയുടെ മേല്‍ ദൈവം തന്റെ അംഗീകാരമുദ്ര പതിച്ചു. ''അവന്‍ എനിക്കുവേണ്ടി തീക്ഷ്ണതയുള്ളവനായി'' എന്നു ദൈവം അരുളിച്ചെയ്തു (സംഖ്യാ: 25:11). അന്തിമാപഗ്രഥനത്തില്‍ ദൈവത്തിന്റെ അംഗീകാരമുദ്ര മാത്രമാണ് പ്രധാനം. ഫീനെഹാസിനെപ്പറ്റി ദൈവം തുടര്‍ന്നും ഇപ്രകാരം അരുളിച്ചെയ്തു: ''ഇതാ, ഞാന്‍ അവന് എന്റെ സമാധാനനിയമം കൊടുക്കുന്നു. അവന്‍ തന്റെ ദൈവത്തിനുവേണ്ടി തീക്ഷ്ണതയുള്ളവനായി...'' (സംഖ്യ: 25:12,13) മുമ്പൊരു സന്ദര്‍ഭത്തില്‍ ദൈവം ലേവ്യര്‍ക്കും അവര്‍ വാള്‍ പ്രയോഗിക്കുക മൂലം തന്റെ സമാധാനനിയമം നല്‍കിയതായി ബൈബിളില്‍ നാം വായിക്കുന്നുണ്ട് (മാലാഖി: 2:4, 5).
ദൈവത്തിന്റെ വാള്‍ പ്രയോഗിക്കാതെ മാനുഷികമാര്‍ഗ്ഗത്തില്‍ സമാധാനമന്വേഷിക്കുക മൂലം അനേകം സഭകളിലും ഇന്നു സമാധാനമില്ല. അതിന്റെ ഫലമായി ഭിന്നതയും കലഹവും നിലവിലിരിക്കുന്നു. ഭവനത്തിലും സഭയിലും ക്രിസ്തുവിന്റെ സമാധാനം വാള്‍ മുഖാന്തരമാണ് നാം നേടുന്നത്.
ഒരു സഭയില്‍ നേതൃസ്ഥാനത്തു നില്ക്കുന്ന ആളുകള്‍ സഭയെ നിര്‍മ്മലതയില്‍ സൂക്ഷിക്കുന്നവരാകണമെങ്കില്‍ ദൈവനാമമഹത്വത്തിനായി തീക്ഷ്ണതയോടെ എരിയുന്നവരായിരിക്കും. ദയയും സൗമ്യതയുമുള്ളവരെന്ന പ്രശസ്തി ലഭിക്കണമെന്ന ചിന്ത അവര്‍ മറക്കണം. ദൈവനാമത്തിന്റെ മഹത്വം മാത്രമായിരിക്കണം അവരുടെ ലക്ഷ്യം.
ദൈവനാമത്തിന്റെ മഹത്വത്തിനുവേണ്ടിയുള്ള ഈ തീക്ഷ്ണതയാണ് ദേവാലയത്തില്‍നിന്ന് പണവ്യാപാരികളെയും പ്രാവുകളെ വില്ക്കുന്നവരെയും പുറത്താക്കുവാന്‍ യേശുവിനെ പ്രേരിപ്പിച്ചത്. ദൈവഭവനത്തെക്കുറിച്ചുള്ള എരിവ് അദ്ദേഹത്തെ ദഹിപ്പിച്ചു കളയുകയാണുണ്ടായത് (യോഹ: 2:17) ക്രിസ്തുതുല്യരായിത്തീരുന്നതിന്റെ മുഖ്യഭാഗം ഇതാണ്. എന്നാല്‍ ഇതുമൂലം ഒരുവന്‍ ജനപ്രീതി നഷ്ടപ്പെട്ടവനും തെറ്റിദ്ധരിക്കപ്പെടുന്നവനുമായിത്തീരുന്നുവെങ്കില്‍, ക്രിസ്തുതുല്യനായിത്തീരുന്ന കാര്യത്തില്‍ ആര്‍ക്കാണ് താല്‍പര്യം?
ഹോശേയ: 6:1-ല്‍ ദൈവം ആദ്യം നമ്മെ കടിച്ചുകീറുകയും പിന്നീടു നമുക്കു സൗഖ്യം ലഭിക്കുവാനായി മുറിവു കെട്ടുകയും ചെയ്യുന്നതായി നാം വായിക്കുന്നു. ക്യാന്‍സര്‍ നീക്കം ചെയ്‌വാനായി കീറുകയും പിന്നീട് സൗഖ്യം വരുത്തുവാനായി മുറിവുകെട്ടുകയും ചെയ്യുന്ന ഈ സമതുലിതാവസ്ഥയാണ് ഇന്ന് എല്ലാ സഭകളിലും നമുക്കാവശ്യം. പരസ്പരം ഐക്യത്തോടെ ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന രണ്ടു സഹോദരന്മാര്‍ക്ക് ഇത്തരമൊരു ശുശ്രൂഷ നിറവേറ്റുവാന്‍ കഴിയും. ഒരാള്‍ കീറല്‍ നടത്തുകയും മറ്റേയാള്‍ മുറിവു കെട്ടുകയും ചെയ്യും. ഒരാള്‍ക്കു തനിയെയും ഇതു ചെയ്യാം. പരിശുദ്ധാത്മാവ് പൗലൊസിനെയും ബര്‍ന്നബാസിനെയും ഒരു ടീമായി വിളിച്ചു (അപ്പോ. പ്ര.13:2) ഇവരില്‍ പൗലൊസ് കീറിമുറിക്കുന്ന ശുശ്രൂഷയും ബര്‍ന്നബാസ് മുറിവുകെട്ടുന്ന ശുശ്രൂഷയും നിറവേറ്റി.
യേശുവിന്റെ വാക്കുകള്‍ വാള്‍പോലെ മൂര്‍ച്ചയുള്ളതും (യെശ: 49:2) അതേ സമയം തളര്‍ന്നിരിക്കുന്നവനെ ആശ്വസിപ്പിക്കുന്നതും (50:4) ആണെന്ന് യെശയ്യാവ് പ്രവചിച്ചിട്ടുണ്ട്. ഇന്നു കര്‍ത്താവു സഭയില്‍ സംസാരിക്കുന്നപക്ഷം ഒരിക്കല്‍കൂടി അവിടുത്തെ വാക്കുകള്‍ മൂര്‍ച്ചയുള്ളതും അതേ സമയം ആശ്വസിപ്പിക്കുന്നതും ആയിരിക്കും.
യേശു ജീവിച്ചിരുന്ന കാലത്ത് അവിടുത്തെ വാക്കുകള്‍ കേട്ടവര്‍ ഒന്നുകില്‍ മാനസാന്തരപ്പെടുകയോ അല്ലെങ്കില്‍ പരിഭവിച്ച് അദ്ദേഹത്തെ വിട്ടുപോകയോ ചെയ്തിരുന്നു. പത്രോസിനോട് യേശു മൂര്‍ച്ചയുള്ള വാക്കുകള്‍ സംസാരിച്ചു (മത്തായി: 16:23). എന്നാല്‍ പത്രോസ് പരിഭവിച്ച് അവിടത്തെ വിട്ടുപോയില്ല (യോഹ: 6:68). നേരേമറിച്ച് ഈസ്‌കര്യോത്താ യൂദാ അയാളോടു യേശു പറഞ്ഞ ഒരു വാക്കുകൊണ്ടുതന്നെ പരിഭവിക്കുകയാണുണ്ടായത്. (യോഹ 12:4-8 വാക്യങ്ങളോടു ചേര്‍ത്ത് മത്തായി 26:14 വായിക്കുക). നാം പരിഭവിക്കുമോ ഇല്ലയോ എന്നറിവാനായി കര്‍ത്താവിന്റെ വാക്കുകള്‍ ഇന്നും നമ്മെ ശോധന ചെയ്യുന്നുണ്ട്. ഈ വിധത്തില്‍ ദൈവവചനം പ്രഖ്യാപിക്കപ്പെടാത്ത ഒരു സഭയ്ക്കും ദൈവികലക്ഷ്യങ്ങള്‍ നിറവേറ്റുവാന്‍ സാധ്യമല്ല.
യേശുവിന്റെ ശിഷ്യന്മാര്‍ക്കുള്ള പ്രാഥമികലക്ഷണം സ്‌നേഹമാണ്. അതിനാല്‍ ശിഷ്യന്മാര്‍ തമ്മിലുള്ള സ്‌നേഹം ജീവല്‍പ്രധാനമാണ്.
യേശുവിന്റെ ശിഷ്യന്മാര്‍ക്കു തമ്മിലുള്ള അത്തരം കൂട്ടായ്മയുടെ ശക്തിയെപ്പറ്റി മത്തായി: 18:18-20 വാക്യങ്ങളില്‍ നാം വായിക്കുന്നു. ആ വാക്കുകള്‍ പരാവര്‍ത്തനരൂപത്തില്‍ ഇവിടെ ഉദ്ധരിക്കാം:
കര്‍ത്താവായ യേശുക്രിസ്തു അരുളിച്ചെയ്തു: ''എന്റെ ശിഷ്യന്മാരില്‍ രണ്ടോ മൂന്നോപേര്‍ ഒരു സ്ഥലത്തുണ്ടായിരിക്കയും അവര്‍ തമ്മില്‍ യാതൊരു അനൈക്യവും ഇല്ലാതെ ഏകസ്വരത്തില്‍ ലയിച്ചുചേര്‍ന്നു പ്രവര്‍ത്തിക്കുന്ന സംഗീതരാഗങ്ങള്‍ പോലെയുള്ള ഒരു ലയവിന്യാസമായി അവര്‍ തീരുകയും ചെയ്താല്‍ അവരുടെ മധ്യത്തില്‍ ഞാന്‍ സന്നിഹിതനായിരിക്കും. അപ്പോള്‍ അവര്‍ എന്റെ പിതാവിനോട് എന്തെങ്കിലും യാചിച്ചാല്‍ അത് അവര്‍ക്കു നല്‍കപ്പെടും. ഭൂമിയില്‍ ഏതുസ്ഥലത്തുമുള്ള സാത്താന്റെ പ്രവര്‍ത്തനങ്ങളെ ബന്ധിക്കുവാന്‍ അവര്‍ക്ക് അധികാരമുണ്ടായിരിക്കും. ഈ ഭൂമിയില്‍ അവര്‍ ബന്ധിക്കുന്ന ഏതു സാത്താന്യ പ്രവര്‍ത്തനവും സ്വര്‍ഗ്ഗതലങ്ങളില്‍ അവയുടെ ഉദ്ഭവസ്ഥാനത്തുതന്നെ ബന്ധിതമായിരിക്കും. (അവിടെ നിന്നാണല്ലോ ഈ സാത്താന്യശക്തികള്‍ പ്രവര്‍ത്തിക്കുന്നത്). അപ്രകാരമുള്ള വിശ്വാസികള്‍ക്കു ഭൂമിയില്‍ സാത്താനാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന ആളുകളെ വിടുവിക്കുവാനും (കെട്ടുകള്‍ അഴിക്കുവാനും) അധികാരമുണ്ടാവും''.
യേശുവിന്റെ ശിഷ്യന്മാര്‍ക്കു തമ്മിലുള്ള ഐക്യത്തിനും കൂട്ടായ്മയ്ക്കുമുള്ള അദ്ഭുതകരമായ ശക്തി സാത്താന് അറിയാം. എന്നാല്‍ പല വിശ്വാസികള്‍ക്കും അത് അറിഞ്ഞുകൂടാ. അതിനാല്‍ തനിക്കെതിരായി പ്രവര്‍ത്തിക്കുവാന്‍ അവരെ ശക്തിഹീനരാക്കിത്തീര്‍ക്കുമാറ് അവര്‍ക്കിടയില്‍ അനൈക്യം സൃഷ്ടിക്കുക എന്നതാണ് എപ്പോഴും സാത്താന്റെ മുഖ്യലക്ഷ്യം.
ഒരു ഭര്‍ത്താവും ഭാര്യയും ആത്മാവില്‍ ഒന്നായിത്തീരുന്ന പക്ഷം അവരുടെ ഭവനത്തില്‍ എത്ര വലിയൊരു ശക്തിയായിരിക്കും ഉണ്ടാവുക! അത്തരമൊരു ഭവനത്തെ ജയിക്കുവാന്‍ സാത്താന് ഒരുനാളും സാധ്യമാവുകയില്ല.
മിക്ക ക്രിസ്തീയസഭകളിലും ഭവനങ്ങളിലും ഇപ്രകാരമുള്ള ഐക്യവും കൂട്ടായ്മയും ഇല്ലാതിരിക്കുന്നതുമൂലം സാത്താന് അവയുടെ മേല്‍ വിജയം വരിക്കുവാന്‍ സാധിക്കുന്നു.
ഭൂതങ്ങളെ പുറത്താക്കുന്നതിനെപ്പറ്റിയല്ല ഞാന്‍ സംസാരിക്കുന്നത്. അതിനു വിശ്വാസമുള്ള ഏതൊരു വിശ്വാസിക്കും മര്‍ക്കോസ് 16:17-18 വാക്യങ്ങളില്‍ പറഞ്ഞിട്ടുള്ളതുപോലെ ഒറ്റയ്ക്ക് ഭൂതങ്ങളെ പുറത്താക്കുവാന്‍ സാധിക്കും. സത്യം പറഞ്ഞാല്‍ മത്തായി 7:22, 23 വാക്യങ്ങളില്‍ യേശുവിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്ന അവിശ്വാസികളെപ്പറ്റിപ്പോലും നാം വായിക്കുന്നുണ്ട്.
എന്നാല്‍ സാത്താന്‍ ആളുകള്‍ക്കു വരുത്തിയിട്ടുള്ള പ്രശ്‌നങ്ങളില്‍ നിന്ന് അവരെ സ്വതന്ത്രരാക്കുമാറ് സാത്താന്റെ പ്രവര്‍ത്തനങ്ങളെ ബന്ധിക്കുക എന്നത് താരതമ്യേന വളരെക്കൂടുതല്‍ പ്രയാസമുള്ള കാര്യമാണ്. ഒരു വിശ്വാസിക്കു തനിയേ അതു ചെയ്യുവാന്‍ സാധ്യമല്ല. അതിലേക്കു ക്രിസ്തുവിന്‍ ശരീരത്തിന്റെ ഒരു സംയുക്തഘടകം ആവശ്യമാണ്. ഇപ്രകാരം ക്രിസ്തുവിന്റെ ശരീരത്തെ ആവിഷ്‌ക്കരിക്കുവാനുള്ള വിശ്വാസികളുടെ ഏറ്റവും കുറഞ്ഞ സംഖ്യ രണ്ടാണ്. അത്തരമൊരു ശരീരം പ്രവൃത്തിപഥത്തിലാക്കുന്ന അധികാരത്തിനു മാത്രമേ സാത്താന്യശക്തികളെ തുരത്തുവാന്‍ കഴിയൂ.
ഓരോ സഭയുടെയും കേന്ദ്രത്തില്‍ അന്യോന്യം പരിപൂര്‍ണ്ണ ഐക്യത്തില്‍ക്കഴിയുന്ന രണ്ടു വ്യക്തികളെങ്കിലും കുറഞ്ഞപക്ഷം ഉണ്ടായിരിക്കണം. അത്തരമൊരു കേന്ദ്രത്തെ പിളര്‍ക്കുവാനും ഭിന്നിപ്പിക്കുവാനും സാത്താന്‍ എപ്പോഴും ലാക്കുനോക്കിക്കൊണ്ടിരിക്കും. അവന്‍ ജയിക്കുന്നപക്ഷം ആ സഭ അവനെതിരേ ശക്തിയറ്റതായിത്തീരും. എന്നാല്‍ ആ കേന്ദ്രം ഐക്യത്തോടെ തുടരുന്നപക്ഷം സാത്താന്‍ ആ സഭയ്‌ക്കെതിരേ ശക്തിശൂന്യനായി ഭവിക്കും. ഈ പ്രമാണം ഒരു ഭവനത്തിനും ബാധകമാണ്.
ഒരു കുടുംബത്തില്‍ ശിശുക്കളും പ്രായപൂര്‍ത്തിയായ മക്കളും ഉള്ളതുപോലെ ഏതൊരു സഭയിലും പ്രായപൂര്‍ത്തി പ്രാപിച്ചവരും പുതുതായി മാനസാന്തരപ്പെട്ടവരും ഉണ്ടാകും. ശിശുക്കള്‍ സമാധാനത്തിന്റെ വഴി മനസ്സിലാക്കിയിട്ടില്ലാത്തതിനാല്‍ അവര്‍ പരസ്പരം പോരാടുകയും ദൂഷണംപറയുകയും പരാതിപ്പെടുകയും വ്യര്‍ത്ഥസംസാരത്തിലേര്‍പ്പെടുകയും ചെയ്യും. വളര്‍ന്നു വരുന്ന എല്ലാ സഭയിലും അത്തരം ആത്മീയശിശുക്കള്‍ ഉണ്ടായിരിക്കും. എങ്കിലും ദൈവികപ്രവര്‍ത്തനത്തെ തടയുവാന്‍ അവര്‍ക്കു സാധ്യമല്ല. ഐക്യമുള്ള മൂപ്പന്മാരടങ്ങിയ ഒരു കേന്ദ്രഘടകത്തിന് അതിനെ വിജയാനുഭവമുള്ള ഒരു സഭയാക്കുവാന്‍ കഴിയും. എല്ലാ സഭയിലും ശിശുക്കളായിരിക്കും ബഹുഭൂരിപക്ഷം. എന്നാല്‍ ദൈവം എപ്പോഴും ആത്മീയമായും സംഖ്യാപരമായും കേന്ദ്രഘടകത്തെ കെട്ടിപ്പടുക്കുവാനാണ് ശ്രമിക്കുന്നത്. സാത്താനെതിരേയുള്ള യുദ്ധങ്ങള്‍ നയിക്കുന്നതും സഭയെ ജീവനിലും വിജയത്തിലും സംരക്ഷിക്കുന്നതും ഈ കേന്ദ്രഘടകമാണ്.
ഒരു സഭയില്‍ നിലവിലിരിക്കുന്ന കൂട്ടായ്മ സുവിശേഷ പ്രവര്‍ത്തനത്തെക്കാള്‍ പ്രധാനമായിട്ടുള്ളതാണ്. കാണാതെ പോയ ആടിന്റെ ഉപമയില്‍ ആലയിലുള്ള" 99 ആടുകള്‍ മാനസാന്തരം കൊണ്ടാവശ്യമില്ലാത്ത 99 നീതിമാന്മാരാണെന്നു കര്‍ത്താവു പറഞ്ഞിട്ടുണ്ട്". (ലൂക്കോസ് 15:7) "മാനസാന്തരമാവശ്യമില്ലാത്തവര്‍ ആരാണ്" ? വ്യക്തമായും അതു തങ്ങളെത്തന്നെ നിരന്തരം വിധിക്കുന്നവരാണ്. അത്തരക്കാര്‍ നിരന്തരം തങ്ങളുടെ പാപങ്ങളെക്കുറിച്ച് അനുതപിക്കുന്നവരാകയാല്‍ അവര്‍ക്കു മാനസാന്തരമാവശ്യമില്ല. അങ്ങനെയുള്ള ശിഷ്യന്മാര്‍ക്ക് അന്യോന്യം ഒന്നായിത്തീരുവാന്‍ ഒരു പ്രയാസവുമില്ല.
എന്നാല്‍ തൊഴുത്തിലുള്ള ആ 99 ആടുകള്‍ എപ്പോഴും അന്യോന്യം മല്ലടിക്കുകയും കടിച്ചുകീറുകയും ചെയ്യുന്നവരായിരുന്നെങ്കില്‍ ഇടയന്‍ കാണാതെ പോയ ആടിനെ അവിടേക്കു കൊണ്ടുവരികയില്ലായിരുന്നു. എന്തെന്നാല്‍ ആ ആട് അത്തരമൊരു തൊഴുത്തില്‍ മറ്റുള്ളവയാല്‍ കൊല്ലപ്പെടുന്നതിനെക്കാള്‍ അതു പര്‍വതങ്ങളിലായിരിക്കുന്നത് കൂടുതല്‍ സുരക്ഷിതമായി ഇടയന്‍ കരുതുമായിരുന്നു.
നമ്മുടെ സഭകള്‍" മാനസാന്തരം കൊണ്ടാവശ്യമില്ലാത്ത നീതിമാന്മാര്‍ അടങ്ങിയതായിരിക്കണം" . അപ്പോള്‍ മാത്രമേ ആ സഭകള്‍ സൗഖ്യത്തിന്റെയും സമാധാനത്തിന്റെയും കേന്ദ്രങ്ങളായിത്തീരൂ. അത്തരം സഭയിലേക്കു നഷ്ടപ്പെട്ടു പോയ ആടുകളെ കൊണ്ടുവന്നാല്‍ അവ സുരക്ഷിതരായിരിക്കയും ചെയ്യും. കര്‍ത്താവു തന്റെ ആടുകളെ പച്ചപ്പുല്‍പ്പുറങ്ങളിലേക്കും പ്രശാന്തജലാശയങ്ങളിലേക്കും നയിക്കുന്നു. യേശു പണിയുന്ന സഭ സമാധാനമുള്ള ഒരു സ്ഥലമാണ്. അത്തരമൊരു സഭയിലേക്കേ നഷ്ടപ്പെട്ടുപോയ ആടുകളെ കൊണ്ടുവരാവൂ. മിക്ക സഭകളും ഈ നിലയിലല്ല. കാരണം, അവയിലെ അംഗങ്ങള്‍ പുതുവിശ്വാസികള്‍ മാത്രമാണ്, ശിഷ്യന്മാരല്ല.
ഒരിക്കല്‍ ബുദ്ധമതത്തില്‍ നിന്നു മാനസാന്തരപ്പെട്ട ഒരു വിശ്വാസിയെ ഞാന്‍ കാണാനിടയായി. അദ്ദേഹം ഒരു സഭയില്‍ അംഗമായിത്തീര്‍ന്നതായും അവിടത്തെ ഭിന്നത കണ്ടു ഭയചകിതനാവുകയാല്‍ താന്‍ ബുദ്ധമതത്തില്‍ത്തന്നെ തുടരുകയായിരുന്നില്ലേ ഉത്തമമെന്നു ചിന്തിച്ചുപോകുന്നതായും അദ്ദേഹം പറഞ്ഞു!! അനന്തരം അദ്ദേഹം യഥാര്‍ത്ഥ കൂട്ടായ്മയും സ്‌നേഹവുമുള്ള ഒരു സഭ കണ്ടെത്തുവാനിടയായി. അത് അദ്ദേഹത്തെ സമാശ്വസിപ്പിക്കുകയും ചെയ്തു.
പല സഭകളിലും നാം കാണുന്ന മറ്റൊരു ദോഷം പക്ഷപാതമാണ്. (യാക്കോബ്: 2:1) സഭായോഗത്തില്‍ ധനികരായ ആളുകള്‍ക്ക് മെച്ചമായ ഇരിപ്പിടങ്ങള്‍ നല്‍കുന്നതിനെപ്പറ്റി ആ അധ്യായത്തില്‍ യാക്കോബ് നമ്മെ താക്കീതു ചെയ്യുന്നു. അപ്രകാരം പ്രവര്‍ത്തിക്കുന്നവര്‍ പാപമാണു ചെയ്യുന്നത്. (യാക്കോബ്2:9) ഭാഷാപരമായും ജാതിപരമായുമുള്ള വിവേചനം കാട്ടുന്നതിനും ഈ താക്കീതു ബാധകമാണ്.
പല സഭകളിലും ഒരു ഭാഷാവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് മറ്റൊരു വിഭാഗവുമായി സമാധാനത്തില്‍ക്കഴിയുവാന്‍ സാധിക്കുന്നില്ല. ഒരു ജാതിക്കാര്‍ക്ക് മറ്റൊരു ജാതിക്കാരോട് കൂട്ടായ്മയാചരിപ്പാനും കഴിയുന്നില്ല. വിഭിന്ന ജാതിക്കാര്‍ താന്താങ്ങളുടെ വിഭാഗങ്ങളില്‍പ്പെട്ടവരുമായേ കൂട്ടായ്മയിലേര്‍പ്പെടുന്നുള്ളു. എന്നാല്‍ അവര്‍ യേശുവിന്റെ ശിഷ്യരായിരുന്നെങ്കില്‍ സംസ്‌കാര സമ്പന്നനെന്നോ അപരിഷ്‌കൃതനെന്നോ ഉള്ള യാതൊരു ഭേദവും കൂടാതെ കൂട്ടായ്മബന്ധം പുലര്‍ത്തുമായിരുന്നു.
2 കൊരി: 5:16-ല്‍ നാം ആളുകളെ ജഡപ്രകാരം അവര്‍ എന്തായിരിക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തില്‍ കാണുന്നില്ലെന്നു പറയുന്നു. തൊലിയുടെ നിറമോ സമൂഹമോ ജാതിയോ നാം നോക്കുന്നില്ല. കാരണം, ഒരുവന്‍ ക്രിസ്തുവിലായാല്‍ അവന്‍ ഒരു പുതിയ സൃഷ്ടിയാണ് (വാ:17). പുതിയ സൃഷ്ടിയില്‍ ഭാഷാപരമോ സാമൂഹ്യമോ ജാതിപരമോ ആയ യാതൊരു വിവേചനവുമില്ല. അത്തരമൊരു ജീവിതത്തിലേക്ക് വിശ്വാസികളെ നാം നയിക്കുന്നില്ലെങ്കില്‍ യേശുക്രിസ്തുവിന്റെ സഭ പണിയുവാന്‍ നമുക്കൊരിക്കലും സാദ്ധ്യമല്ല.
എങ്കിലും ഇവിടെ ഒരു മുന്നറിയിപ്പ് ആവശ്യമായിരിക്കുന്നു. ഒരു ക്രിസ്തുശിഷ്യന്‍ താന്‍ ജാതിവ്യത്യാസത്തില്‍ വിശ്വസിക്കുന്നില്ലെന്നു കാണിക്കുവാന്‍ വേണ്ടി മാത്രം മറ്റൊരു ജാതിയില്‍പ്പെട്ടയാളെ വിവാഹം ചെയ്യുവാന്‍ വിളിക്കപ്പെട്ടവനല്ല. ചിലര്‍ ഇപ്രകാരം ചെയ്കയും അത് അനുയോജ്യമല്ലാത്ത വിവാഹബന്ധത്തില്‍ കലാശിക്കയും ചെയ്തിട്ടുണ്ട്. വിവാഹത്തില്‍ അന്യോന്യം ഒത്തിണങ്ങിപ്പോകല്‍ (മറഷൗേൊലി)േ വളരെ ആവശ്യമാണ്. അതിനാല്‍ രണ്ടു പങ്കാളികളും തമ്മിലുള്ള വിഭിന്നതയുടെ മേഖലകള്‍ കഴിവുള്ളിടത്തോളം ചുരുങ്ങിയിരിക്കണം. യേശുവിന്റെ ഒരു ശിഷ്യനായിരിക്കുന്നതുകൊണ്ട് ഒരുവന്‍ വിവാഹകാര്യം പരിഗണിക്കുമ്പോള്‍ പ്രായം, വിദ്യാഭ്യാസം, കുടുംബപശ്ചാത്തലം, സാമ്പത്തികനില, ജാതി തുടങ്ങിയവ ചിന്തിക്കേണ്ടതില്ല എന്നര്‍ത്ഥമാകുന്നില്ല. വിവാഹകാര്യത്തില്‍ പരിപക്വമായ ഒരു തീരുമാനത്തില്‍ വന്നെത്തുന്നതിനുമുമ്പ് ഈ കാര്യങ്ങളെല്ലാം പരിഗണിക്കപ്പെടേണ്ടത് ആവശ്യമത്രേ.
ഒരു സഭാമൂപ്പനെന്ന നിലയില്‍ മുഖപക്ഷമെന്ന കുറ്റം ചെയ്ത ഒരുവനായി നിങ്ങള്‍ തീരാവുന്ന ഒരു സാഹചര്യത്തെപ്പറ്റി ചിന്തിക്കുക. പ്രസംഗിക്കുന്നതിനിടയില്‍ ശക്തമായ ഒരു കാര്യം പറയുവാന്‍ പരിശുദ്ധാത്മാവ് നിങ്ങളെ പ്രേരിപ്പിക്കുകയും അതു പറഞ്ഞാല്‍ നിങ്ങളെ ശ്രദ്ധിക്കുന്ന ചിലരെ അതു മുറിപ്പെടുത്തുമെന്നു നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ. അപ്പോള്‍ അവരെ മുറിപ്പെടുത്തുവാന്‍ നിങ്ങള്‍ ആഗ്രഹിക്കാത്തതുകൊണ്ട് ആത്മാവു പ്രേരിപ്പിച്ച കാര്യം നിങ്ങള്‍ പറയാതിരുന്നുവെന്നും കരുതുക. അപ്പോള്‍ മനുഷ്യരെ പ്രസാദിപ്പിക്കുവാനാഗ്രഹിച്ചതുമൂലം ദൈവം നിങ്ങളെക്കുറിച്ചാഗ്രഹിച്ചതുപോലെ നിങ്ങള്‍ വചനമെന്ന വാള്‍ പ്രയോഗിക്കാതിരിക്കുകയാണുണ്ടായത്. ഇതു മുഖപക്ഷം കാണിക്കലാണ്. നിങ്ങളുടെ ശുശ്രൂഷയിലുള്ള അഭിഷേകം നഷ്ടപ്പെടുവാന്‍ ഇടയാക്കുന്ന ഒരു കാര്യമാണിത്.
ഇപ്പോള്‍ നമുക്കു പരിശുദ്ധാത്മ വരങ്ങള്‍ എന്ന വിഷയത്തെപ്പറ്റി ചിന്തിക്കാം. ഇവയും ക്രിസ്തുവിന്റെ ശരീരം പടുത്തുയര്‍ത്തുന്നതില്‍ അനുപേക്ഷണീയങ്ങളാണ്.
പരിശുദ്ധാത്മവരങ്ങളുടെ മൂന്നു ലിസ്റ്റുകള്‍ പുതിയനിയമത്തില്‍ നല്‍കിയിട്ടുണ്ട് (1 കൊരി: 12:8-10; റോമര്‍: 12:6-8; എഫേ: 4:11).
1 കൊരിന്ത്യര്‍: 12-ലെ 12 മുതല്‍ 26 വരെ വാക്യങ്ങളില്‍ ആത്മവരങ്ങളുടെ പ്രവര്‍ത്തനത്തെ നമ്മുടെ ശരീരാവയവങ്ങളുടെ പ്രവര്‍ത്തനത്തോട് താരതമ്യപ്പെടുത്തിയിരിക്കുന്നു. ഒരു മനുഷ്യന്‍ ജീവനുള്ളവനായിരിക്കെത്തന്നെ അന്ധനും ചെകിടനും മൂകനും പക്ഷാഘാതം ബാധിച്ചവനുമായിരിക്കാം. പല സഭകളുടെയും നില ഇതുപോലെയാണ്. അവയിലെ അംഗങ്ങള്‍ വീണ്ടും ജനനം പ്രാപിച്ചവരാണ്; എങ്കിലും അവര്‍ക്കു കര്‍ത്താവിനെ സേവിപ്പാനുള്ള പരിശുദ്ധാത്മവരങ്ങളൊന്നും ലഭിച്ചിട്ടില്ല. അതിനാല്‍ അവര്‍ ശക്തിഹീനരായിക്കഴിയുന്നു.
ഒരു മനുഷ്യശരീരത്തിന് കാഴ്ച, കേള്‍വി, സംഭാഷണശക്തി, നടക്കാനുള്ള കഴിവ് എന്നിവ പോലെയാണ് ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയ്ക്ക് പരിശുദ്ധാത്മ വരങ്ങള്‍. ദൈവസ്വഭാവം അഥവാ ദൈവഭക്തിയെന്നത് ക്രിസ്തുവിന്‍ ശരീരത്തിന്റെ ജീവന്‍ പോലെയാണ്. ആ ജീവന്‍ ഉള്ളപ്പോള്‍ തന്നെ ആത്മവരങ്ങള്‍ കൂടാതെ ക്രിസ്തുവിന്റെ ശരീരത്തിന് മറ്റുള്ളവര്‍ക്കുവേണ്ടി എന്തുചെയ്യാന്‍ കഴിയും? യേശു തന്നെയും അവിടുത്തേക്ക് ആത്മാവിന്റെ വരങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കില്‍ എങ്ങനെയുള്ള ഒരു വ്യക്തിയായിരിക്കുമായിരുന്നു? അപ്പോഴും അവിടുന്നു പാപത്തെ ജയിക്കയും ഒരു വിശുദ്ധ ജീവിതം നയിക്കുകയും ചെയ്യുമായിരുന്നു. എങ്കിലും പരിശുദ്ധാത്മാവിന്റെ അഭിഷേകം കൂടാതെ അവിടുത്തേക്ക് താന്‍ പ്രസംഗിച്ചതുപോലെ പ്രസംഗിക്കുവാനോ രോഗികളെ സൗഖ്യമാക്കുവാനോ ഭൂതങ്ങളെ പുറത്താക്കുവാനോ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുവാനോ കഴിയുമായിരുന്നില്ല.
മുപ്പതാമത്തെ വയസ്സില്‍ യേശുവിനു ലഭിച്ച പരിശുദ്ധാത്മാഭിഷേകം താന്‍ നേരത്തെ ആയിരുന്നതിനേക്കാള്‍ കൂടുതല്‍ വിശുദ്ധനായി ജീവിക്കുവാന്‍ അവിടുത്തെ പ്രാപ്തനാക്കുകയല്ല ചെയ്തത്. അവിടുത്തെ ജീവിതത്തിലെ 31-ാം വര്‍ഷം 29-ാം വര്‍ഷത്തെക്കാള്‍ കൂടുതല്‍ വിശുദ്ധമായിരുന്നില്ല. എന്നാല്‍ പരിശുദ്ധാത്മാവിന്റെ അഭിഷേകത്തോടുകൂടെ മറ്റുള്ളവരെ സേവിക്കുവാനുള്ള ശക്തി അവിടുത്തേക്കു ലഭിച്ചു. യേശു തന്റെ വിശുദ്ധജീവിതം നയിച്ചുകൊണ്ട് ചുറ്റി സഞ്ചരിക്കുകമാത്രം ചെയ്തിരുന്നെങ്കില്‍ തന്റെ പിതാവിന്റെ ലക്ഷ്യങ്ങള്‍ ഭൂമിയില്‍ നിറവേറ്റുവാന്‍ അവിടുത്തേക്കു കഴിയുമായിരുന്നില്ല. അതുപോലെ ഇന്നു സഭയ്ക്കും മറ്റുള്ളവര്‍ക്ക് വിശുദ്ധജീവിതം കാട്ടിക്കൊടുക്കുക മാത്രം ചെയ്യുന്നതുകൊണ്ട് ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ നിറവേറ്റുവാന്‍ സാധിക്കുകയില്ല. യേശുവിന് വിശുദ്ധിയും ഒപ്പം ആത്മവരങ്ങളും ഇവ രണ്ടും ഉണ്ടായിരുന്നു. ഇന്ന് അവിടുത്തെ ശരീരത്തിനും ഇവ രണ്ടും ആവശ്യമാണ്.
ക്രിസ്തീയലോകത്തെ ഇന്നു ബാധിച്ചിരിക്കുന്ന വിപത്ത് ഇതാണ്: ചില സമൂഹങ്ങള്‍ ജീവിതത്തിന്റെ വിശുദ്ധിക്ക് ഊന്നല്‍ കൊടുക്കുന്നു; മറ്റു ചിലര്‍ പരിശുദ്ധാത്മാവിന്‍ വരങ്ങള്‍ക്കു പ്രാധാന്യം കല്പിക്കുന്നു. എന്നാല്‍ ഇവ" ഒന്നല്ലെങ്കില്‍ മറ്റൊന്ന്" എന്ന മട്ടില്‍ ഐച്ഛികമായി സ്വീകരിക്കാവുന്ന കാര്യങ്ങളല്ല. ബൈബിള്‍ ഇപ്രകാരമാണ് നമ്മോടു പറയുന്നത്:''നിന്റെ വസ്ത്രം എല്ലായ്‌പ്പോഴും വെള്ളയായിരിക്കട്ടെ; (എപ്പോഴും വിശുദ്ധിയുള്ള ഒരു ജീവിതം നയിക്കുക) നിന്റെ തലയില്‍ എണ്ണ കുറയാതിരിക്കട്ടെ''. (നിരന്തരം അഭിഷേകത്തില്‍ത്തന്നെ ജീവിക്കുക) (സഭാ. പ്ര: 9:8) ഇവ രണ്ടും നമുക്കാവശ്യമാണ്.
ആത്മവരങ്ങള്‍ ആരെയും ആത്മീയനാക്കുന്നില്ല. കൊരിന്ത്യക്രിസ്ത്യാനികള്‍ക്ക് എല്ലാ ആത്മികവരങ്ങളുമുണ്ടായിരുന്നു. (1 കൊരി:1:7) അവര്‍ സഭായോഗങ്ങളില്‍" ജ്ഞാനത്തിന്റെ വചനം" - അതായത് ആത്മവരങ്ങളില്‍ ഒന്ന് - സംസാരിച്ചിരുന്നു. എങ്കിലും അവരുടെ ഇടയില്‍ ജ്ഞാനമുള്ള ഒരുവന്‍, അതായത് യഥാര്‍ത്ഥത്തില്‍ ആത്മീയനായ ഒരുവന്‍, പോലും ഉണ്ടായിരുന്നില്ല (1 കൊരി. 6:5). ജ്ഞാനത്തിന്റെ ഒരു വചനം ജഡികനായ ഒരുവനില്‍ക്കൂടെ വരാന്‍ സാധ്യമാണ്. എന്നാല്‍ ജ്ഞാനം എന്നത് ഒരു ആത്മീയനില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഒരു നിമിഷംകൊണ്ട് ഒരാള്‍ക്ക് ദൈവത്തില്‍ നിന്ന് ജ്ഞാനത്തിന്റെ ഒരു വചനം പ്രാപിപ്പാന്‍ സാധ്യമാണ്. എന്നാല്‍ ജ്ഞാനം എന്നതാകട്ടെ, അനേകവര്‍ഷത്തെ ക്രൂശെടുക്കല്‍ കൊണ്ടു മാത്രമേ സിദ്ധിക്കുന്നുള്ളൂ.
നമ്മുടെ ആത്മവരങ്ങള്‍ നമുക്കുതന്നെ തിരഞ്ഞെടുക്കുവാന്‍ സാധ്യമല്ല. എന്തെന്നാല്‍ ക്രിസ്തുവിന്റെ ശരീരത്തില്‍ ഏതുവരം നമുക്കേറ്റവും യോജിച്ചതായിരിക്കുമെന്നു നിശ്ചയിക്കുന്നതു ദൈവമാണ്. എന്നാല്‍ ശരീരത്തെ പടുത്തുയര്‍ത്തുന്ന ആത്മവരങ്ങള്‍, വിശിഷ്യ, പ്രവചനവരം, ആത്മാര്‍ത്ഥമായി വാഞ്ഛിക്കുവാന്‍ ദൈവവചനം നമ്മോടു കല്പിക്കുന്നുണ്ട് (1 കൊരി: 14:1, 12).
പിതാവിനോടു പരിശുദ്ധാത്മാവിനുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചപ്പോള്‍ (ലൂക്കോസ്: 11:13) അയല്‍ക്കാരന്റെ വീട്ടിലേക്കു ഭക്ഷണം ചോദിപ്പാന്‍ പോയ ഒരു മനുഷ്യന്റെ ഉപമകൊണ്ട് യേശു അതിനെ വിശദീകരിച്ചു. ഈ ഉപമയില്‍ നാം ശ്രദ്ധിക്കേണ്ട രണ്ടു പ്രധാന കാര്യങ്ങള്‍ ഉണ്ട്.
ഈ ഉപമയില്‍ നിന്നു നാമെന്തു പഠിക്കുന്നു?
ഒന്നാമത് നാം നമ്മുടെ സ്വന്തപ്രയോജനത്തിനുവേണ്ടിയല്ല മറ്റുള്ളവരുടെ പ്രയോജനത്തിനായിട്ടാണ് ആത്മവരങ്ങള്‍ വാഞ്ഛിക്കേണ്ടത്. പരിശുദ്ധാത്മാഭിഷേകത്തെയും ആത്മവരങ്ങളെയും അന്വേഷിക്കുന്നവര്‍ ഈയൊരു പ്രമാണം മുമ്പില്‍ വച്ചിരുന്നെങ്കില്‍ അവര്‍ ഇപ്പോഴത്തേതില്‍ എത്രയോ അധികം ആത്മീയരായിത്തീരുമായിരുന്നു. മാത്രമല്ല, ക്രിസ്തീയലോകത്തില്‍ ഇന്ന് വ്യാജമായ വരങ്ങള്‍ താരതമ്യേന വളരെക്കുറച്ചുമാത്രമേ ഉണ്ടാകുമായിരുന്നുള്ളു. ദൗര്‍ഭാഗ്യവശാല്‍ പരിശുദ്ധാത്മാവിന്റെ ശക്തിക്കായി അന്വേഷിക്കുവാന്‍ ഇന്ന് മിക്ക ആളുകളെയും പ്രേരിപ്പിക്കുന്നത് മറ്റുള്ളവര്‍ക്ക് ഒരനുഗ്രഹം ഉണ്ടാകുവാന്‍ വേണ്ടിയല്ല. പിന്നെയോ തങ്ങള്‍ക്കുവേണ്ടിത്തന്നെ ഒരുനുഭവം പ്രാപിപ്പാനായിട്ടാണ്. നമ്മുടെ ചുറ്റും ഇന്നുള്ള ഒട്ടുവളരെ ആളുകളുടെ ആവശ്യങ്ങള്‍ ദൈവം നിറവേറ്റിക്കൊടുക്കുവാനാഗ്രഹിക്കുന്നുണ്ട്; അവരുടെ ആവശ്യങ്ങള്‍ നമ്മിലൂടെ നിറവേറ്റുവാനാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. ഈ കാരണത്താലാണ് നമ്മുടെ പ്രവര്‍ത്തനമാര്‍ഗ്ഗത്തിലേക്ക് ദൈവം അവരെ കൊണ്ടുവന്നിട്ടുള്ളത്. ഈ ആളുകളെ വിടുവിപ്പാനും അനുഗ്രഹിപ്പാനും വേണ്ടി നാം പരിശുദ്ധാത്മവരങ്ങള്‍ അന്വേഷിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു.
ഒരിക്കല്‍ ഒരു മനുഷ്യന്‍ ഭൂതഗ്രസ്തനായ തന്റെ മകനെയും കൊണ്ട് യേശുവിന്റെ ശിഷ്യന്മാരുടെ അടുക്കലെത്തി. എന്നാല്‍ ശിഷ്യന്മാര്‍ക്ക് അയാളെ സഹായിക്കുവാന്‍ സാധിച്ചില്ല. അപ്പോള്‍ ആ മനുഷ്യന്‍ യേശുവിന്റെ അടുക്കല്‍ച്ചെന്ന് - ''ഞാന്‍ സഹായത്തിനായി അവിടുത്തെ ശിഷ്യന്മാരെ സമീപിച്ചു; എങ്കിലും അവര്‍ക്കെന്നെ സഹായിപ്പാന്‍ കഴിഞ്ഞില്ല'' എന്നറിയിച്ചു. ഇന്നു നമ്മുടെ അയല്‍ക്കാരും സ്‌നേഹിതരും ഈ വാക്കുകളാണോ നമ്മെപ്പറ്റി പറയുന്നത്?
കര്‍ത്താവിന്റെ അനുഗ്രഹങ്ങള്‍ നമുക്കുവേണ്ടിത്തന്നെ നാം അന്വേഷിക്കുന്ന പക്ഷം, നാം ജീവനില്ലാതെ ശുഷ്‌കിച്ച ഒരവസ്ഥയിലായിത്തീരും. മറ്റുള്ളവര്‍ക്കു ജലം പകര്‍ന്നു കൊടുക്കുന്നവര്‍ക്കു മാത്രമേ ദൈവം ജലം നല്‍കുന്നുള്ളു (സദൃശ: 11:25). ഒരു പക്ഷേ നിങ്ങളുടെ അടുക്കലുള്ള ഒരു സഹോദരനു തന്റെ പ്രശ്‌നം പരിഹരിക്കുവാന്‍ ജ്ഞാനത്തിന്റേതായ ഒരു വചനം ആവശ്യമായിരിക്കും. മറ്റൊരാള്‍ക്ക് നിരാശാജനകമായ തന്റെ ജീവിതസാഹചര്യത്തില്‍ പ്രോത്സാഹനത്തിന്റെ അഥവാ ധൈര്യത്തിന്റെ ഒരു വചനമാവശ്യമുണ്ട്. ഇനിയുമൊരാള്‍ക്ക് ഏതെങ്കിലും ബന്ധനത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം ആവശ്യമായിരിക്കും. ഇത്തരമാളുകളെ സഹായിക്കുവാനാവശ്യമായ വരങ്ങള്‍ക്കായി നാം ദൈവത്തെ അന്വേഷിക്കേണ്ടത് ആവശ്യമത്രേ.
ആത്മാവിന്റെ എല്ലാ വരങ്ങളും നാം മറ്റുള്ളവരെ അനുഗ്രഹിപ്പാനും സഹായിപ്പാനുമായി നല്‍കപ്പെടുന്നവയാണ്. ലൂക്കോസ്: 4:18, 19 വാക്യങ്ങള്‍ യേശു പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടതിന്റെ ഫലങ്ങളെപ്പറ്റി പറയുന്നു. ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാനും ബദ്ധന്മാര്‍ക്കു വിടുതലും കുരുടന്മാര്‍ക്കു കാഴ്ചയും നല്‍കുവാനും പീഡിതന്മാരെ വിടുവിക്കുവാനും കര്‍ത്താവിന്റെ പ്രസാദവര്‍ഷം പ്രസംഗിക്കുവാനും അങ്ങനെ അവിടുത്തേയ്ക്കു കഴിവു ലഭിച്ചു. ഇവിടെപ്പറഞ്ഞിരിക്കുന്ന കാര്യങ്ങളെല്ലാം മറ്റുള്ളവരുടെ പ്രയോജനത്തിനായിട്ടുള്ളതാണെന്നു മനസ്സിലാക്കുക. ആത്മാവിന്റെ വരമൊന്നും തന്നെ സ്വന്തജീവിതത്തില്‍ കര്‍ത്താവിന് ഒരു പ്രയോജനവും വരുത്തിയില്ല.
നമുക്ക് മറ്റുള്ളവരെക്കുറിച്ചൊരു ഭാരവും അവരെ സഹായിക്കുവാന്‍ കഴിവില്ലാത്തതിനെപ്പറ്റി ഒരു ബോധവും ഉണ്ടാകണം. അപ്പോള്‍ മാത്രമേ ആത്മവരങ്ങളെ ശരിയായവിധം അന്വേഷിക്കുവാന്‍ നമുക്കു സാധിക്കുകയുള്ളു.
ഈ ഉപമയില്‍ നിന്നു നാം പഠിക്കുന്ന രണ്ടാമത്തെ കാര്യം പരിശുദ്ധാത്മാവിന്റെ ശക്തിക്കുവേണ്ടി അതു പ്രാപിക്കുന്നതുവരെയും നാം അപേക്ഷിച്ചു കൊണ്ടുതന്നെ ഇരിക്കണം എന്നതാണ്. നാം യഥാര്‍ത്ഥത്തില്‍ തന്റെ ശക്തി പ്രാപിക്കുവാന്‍ ആകാംക്ഷയുള്ളവരാണോ എന്നും തന്റെ വരങ്ങളെ വിലമതിക്കുന്നുവോ എന്നും നമ്മെത്തന്നെ ശോധന ചെയ്യണമെന്ന് ദൈവം ആഗ്രഹിക്കുന്നു. തന്നെ സേവിക്കുന്ന കാര്യത്തില്‍ നാം വാസ്തവമായും നിസ്സഹായരും തന്റെ ശക്തികൂടാതെ അതിനു കഴിവില്ലാത്തവരുമാണെന്ന ബോധ്യം നമുക്കുണ്ടോ എന്നറിയുവാനും ദൈവം കാത്തിരിക്കുകയാണ്. പലരും തങ്ങളില്‍തന്നെ ആശ്രയിക്കുകയും ദൈവം വച്ചിരിക്കുന്ന ഈ പരീക്ഷയില്‍ പരാജയമടയുകയും ചെയ്യുന്നു. തന്മൂലം അവര്‍ വളരെ വേഗം പ്രാര്‍ത്ഥന നിറുത്തിക്കളയുകയാണ് ചെയ്യുന്നത്.
1 കൊരിന്ത്യര്‍ 12-ല്‍ പറഞ്ഞിട്ടുള്ള ആത്മവരങ്ങളില്‍ വചനവരങ്ങള്‍ മാത്രം - അതായത് ഉപദേശം, പ്രവചനം, അന്യഭാഷ, വ്യാഖ്യാനം എന്നിവ മാത്രം - പ്രാദേശികസഭയുടെ മീറ്റിംഗുകളില്‍ ഉപയോഗിക്കുന്നവയാണ് (1 കൊരി. 14:26 മുതലുള്ള വാക്യങ്ങള്‍ നോക്കുക). സഭായോഗത്തില്‍ അദ്ഭുതവരങ്ങള്‍ ഒന്നും ഉപയോഗിച്ചു പോന്നതായി അവിടെ നാം വായിക്കുന്നില്ല. സുവിശേഷപരമായ ശുശ്രൂഷയില്‍ രോഗശാന്തിവരം, ഭൂതങ്ങളെ പുറത്താക്കല്‍ എന്നീ വരങ്ങള്‍ക്ക് സുവിശേഷസന്ദേശത്തിന്റെ ഒരു സ്ഥിരീകരണപ്രവര്‍ത്തനമെന്ന നിലയില്‍ ഇന്നും സ്ഥാനമുണ്ട്. (മര്‍ക്കോസ് 16:15-18) സുവിശേഷകന്മാരാകുവാന്‍, വിശേഷിച്ച് മുമ്പു വചനമെത്തിയിട്ടില്ലാത്ത സ്ഥലങ്ങളില്‍ സുവിശേഷമറിയിക്കുവാന്‍, വിളിക്കപ്പെട്ടവര്‍ ഈ കഴിവുകള്‍ ദൈവത്തില്‍ നിന്നു പ്രാപിക്കുവാനാഗ്രഹിക്കണം. എന്നാല്‍ എല്ലാ പ്രാദേശികസഭകളുടെയും മീറ്റിംഗുകളില്‍ ഇവ ഉണ്ടാകേണ്ട ആവശ്യമില്ല.
സഭായോഗത്തില്‍ വ്യാപരിക്കേണ്ട മുഖ്യമായ കൃപാവരം പ്രവചനമാണ്. പഴയനിയമപ്രവചനം ഭാവി പ്രവചിക്കുക എന്നതായിരുന്നു. എന്നാല്‍ പുതിയ നിയമപ്രവചനം സഭയുടെ "ആത്മീയവര്‍ദ്ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനും വേണ്ടി" ദൈവവചനം സംസാരിക്കുക എന്നതാണ് (1 കൊരി 14:3) എല്ലാ സഭകളിലും ഈ വരം പ്രയോഗിക്കുവാന്‍ കഴിവുള്ള സഹോദരങ്ങള്‍ ഉണ്ടായിരിക്കണം. ഒരൊറ്റ സഭയ്ക്കുതന്നെയായി അപ്പോസ്തലന്മാരും ഉപദേഷ്ടാക്കന്മാരും സുവിശേഷകന്മാരും ഉണ്ടായിരിക്കണമെന്നു നിര്‍ബന്ധമില്ല. ഈ ശുശ്രൂഷകളുള്ള ആളുകള്‍ പല സഭകള്‍ക്കായി പൊതുവില്‍ പ്രവര്‍ത്തിക്കുന്നവരായി വരാം. എന്നാല്‍ ഓരോ സഭയ്ക്കും അത് പരിപക്വതയിലേക്കു വളരണമെങ്കില്‍ പ്രവാചകന്മാരും ഇടയന്മാരും ഉണ്ടായേ തീരൂ.
പഴയകാലത്തെ പ്രവാചകന്മാര്‍" കര്‍ത്താവില്‍ നിന്നുള്ള ഒരു ഭാരം" തങ്ങളുടെ ഹൃദയങ്ങളില്‍ വഹിച്ചിരുന്നതായി സംസാരിച്ചിരുന്നു. അഹരോന്‍ തന്റെ മാറിടത്തിലെ ഫലകത്തില്‍ യിസ്രായേലിന്റെ 12 ഗോത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന 12 രത്‌നക്കല്ലുകള്‍ ധരിച്ചിരുന്നു. ഇന്ന് ദൈവവചനം സംസാരിക്കുന്നവര്‍ ഒരമ്മ തന്റെ കുഞ്ഞുങ്ങളെ ഗര്‍ഭപാത്രത്തില്‍ വഹിക്കുന്നതുപോലെ ദൈവജനങ്ങളെ തങ്ങളുടെ ഹൃദയങ്ങളില്‍ വഹിക്കുന്നവരാകണം എന്നതിന്റെ ഒരു ചിഹ്നമാണിത് (ഫിലി: 1:7).
സഭയുടെ മീറ്റിംഗുകളില്‍ ആദ്യം സംസാരിക്കുന്നത് പ്രവചനപരമായ ഒരു വചനം നല്‍കുവാന്‍ വരം ലഭിച്ചവരായിരിക്കണം. ആ സഭയ്ക്ക് ആ സമയത്തുള്ള ആവശ്യത്തിനുതകുന്ന വിധം ദൈവത്തില്‍നിന്നുള്ള ഒരു വചനം ആ ദൂതില്‍ അടങ്ങിയിരിക്കുകയും വേണം. ദൈവത്തിന്റെ അരുളപ്പാടു പ്രസ്താവിക്കുന്നവരെപ്പോലെയാണ് അവര്‍ സംസാരിക്കേണ്ടത് (1 പത്രോസ് 4:11). ഒരു മതപ്രസംഗവും പ്രവചനപരമായ ദൈവവചനവും തമ്മില്‍ വിപുലമായ അന്തരമുണ്ട്. മതപ്രസംഗം ഒരു മനുഷ്യന്റെ തലച്ചോറില്‍നിന്ന് ബുദ്ധിപരമായ അധ്വാനത്തിന്റെ ഫലമായി പുറത്തുവരുന്നതാണ്. കേള്‍വിക്കാരില്‍ മതിപ്പുളവാക്കുവാന്‍ അതു പര്യാപ്തമായേക്കാം. എന്നാല്‍ പ്രവചനമെന്നത് ദൈവത്തില്‍ നിന്നുള്ള ഒരു വചനമാണ്. അത് ഒരുവന്റെ ഹൃദയത്തില്‍ നിന്നു പുറപ്പെടുന്നു. കേള്‍വിക്കാരില്‍ മതിപ്പുളവാക്കുവാന്‍ അയാള്‍ ശ്രമിക്കുന്നില്ല. മറിച്ച് അവരുടെ ഹൃദയരഹസ്യങ്ങള്‍ വെളിപ്പെടുത്തുവാനും അവരെ കര്‍മ്മോല്‍സുകരാക്കുവാനും അത് ഉപകരിക്കുന്നു.
ഇപ്രകാരമുള്ള ഒരു പ്രവചനത്തോട് അനുകൂലമായി പ്രതികരിക്കുന്നവര്‍ തങ്ങളുടെ തെറ്റുകള്‍ തിരുത്തും. എന്നാല്‍ അതുമൂലം അസ്വസ്ഥരാകുന്നവര്‍ പ്രവാചകന്റെ നേരെ കോപിക്കും. പ്രവാചകന് ഒരിക്കലും ജനപ്രീതി ലഭിക്കയില്ല. മറിച്ച് ആളുകള്‍ അദ്ദേഹത്തെ വെറുക്കുകയും തെറ്റിദ്ധരിക്കുകയും പീഡിപ്പിക്കുകയും ചെയ്യും. യേശു നസറേത്തിലെ പള്ളിയില്‍ പ്രസംഗിച്ചപ്പോള്‍ ആളുകള്‍ ഇടയ്ക്കുവച്ച് അദ്ദേഹത്തെ തടയുകയും വെളിയിലേക്കു വലിച്ചിഴച്ച് കൊല്ലുവാന്‍ ശ്രമിക്കുകയും ചെയ്തു.
നാം പാപത്തിന്റെ ചതിയാല്‍ കഠിനപ്പെടാതിരിക്കേണ്ടതിന് നാള്‍തോറും അന്യോന്യം പ്രബോധിപ്പിക്കേണ്ടതാണെന്ന് ബൈബിള്‍ പറയുന്നു (എബ്രാ: 3:13). അതിനാല്‍ സഭയിലുള്ള എല്ലാ പ്രവചനത്തിന്റെയും പ്രബോധനത്തിന്റെയും ലക്ഷ്യം ആളുകള്‍ തങ്ങളുടെ പാപങ്ങളാല്‍ വഞ്ചിക്കപ്പെടാതെ അവരെ രക്ഷിക്കുക എന്നതാണ്. പ്രവചനം അവരുടെ ഹൃദയത്തിലുള്ള രഹസ്യപാപങ്ങളെ വെളിച്ചത്താക്കുകയും അങ്ങനെ അവര്‍ ദൈവമുമ്പാകെ കവിണ്ണുവീണ് മാനസാന്തരപ്പെടുകയും ചെയ്യുന്നു (1 കൊരി: 14:25).
നാം സ്വയം വിധിക്കുകയും" ഭയത്തോടും വിറയലോടും കൂടെ" നമ്മുടെ രക്ഷയെ പ്രയോഗത്തില്‍ വരുത്തുകയും ചെയ്താല്‍ (ഫിലി: 2:12) കര്‍ത്താവു നമുക്കു വെളിച്ചം നല്‍കുകയും നമ്മെ ആദ്യം നമ്മുടെതന്നെ പാപത്തിന്റെ ചതിയില്‍ നിന്നു രക്ഷിക്കുകയും ചെയ്യും. അപ്പോള്‍ നമുക്ക് അതേ വചനം മറ്റുള്ളവരോടു പ്രസംഗിക്കയും അവരെ രക്ഷിക്കയും ചെയ്യാം. നമുക്ക് ആദ്യം കുറ്റബോധം വരുത്തിയ കാര്യങ്ങള്‍ മാത്രമേ നാം മറ്റുള്ളവരോടു പ്രസംഗിക്കാവൂ.
എന്നിരുന്നാലും ഇവിടെ പ്രധാനമായ ഒരു മുന്നറിയിപ്പ് ആവശ്യമായിരിക്കുന്നു. ഒരു പ്രവചനസന്ദേശം കേള്‍ക്കുന്നവര്‍ തങ്ങള്‍ കേള്‍ക്കുന്ന കാര്യം വിവേചിക്കണമെന്നു ദൈവവചനം കല്പിക്കുന്നു (1 കൊരി: 14:29). വചനം കേട്ട തങ്ങള്‍ ദൈവവചനാനുസൃതമായിട്ടാണോ ജീവിക്കുന്നതെന്ന് ആദ്യം തന്നെ വിധിക്കണം. രണ്ടാമതായി അതു തങ്ങളുടെ ഹൃദയത്തോടുള്ള ദൈവത്തിന്റെ സന്ദേശമാണോ എന്നു കണ്ടെത്തണം. പ്രസംഗിക്കപ്പെടുന്ന ഒരോ വചനത്തിലും നല്‍കപ്പെടുന്ന ഓരോ പ്രവചനത്തിലും വ്യാഖ്യാനിക്കപ്പെടുന്ന ഓരോ അന്യഭാഷയിലും പ്രസംഗകന്റെ സ്വന്തം ചിന്തയുടെ ഒരംശം കൂടെ ഉള്‍ക്കൊണ്ടിരിക്കുമെന്നതാണ് ഇതിന്റെ കാരണം. അതിനാല്‍ നാം" എല്ലാം ശ്രദ്ധാപൂര്‍വ്വം ശോധന ചെയ്യണമെന്നും" "നന്മയായുള്ളതിനെ മുറുകെപ്പിടിക്കണമെന്നും" ദൈവം കല്പിച്ചിരിക്കുന്നു (1 തെസ്സ: 5:21).
നമ്മുടെ ഉള്ളില്‍ ദൈവം തന്നിട്ടുള്ള അഭിഷേകം നാം കേള്‍ക്കുന്ന" പ്രവചനത്തിന്റെ " ഒരംശത്തിനു സാക്ഷ്യം വഹിക്കുന്നില്ലെങ്കില്‍ നാം അതിനെ ത്യജിച്ചുകളയണം. നാം നമ്മെത്തന്നെ വഞ്ചിക്കാതെ സ്വയം കാത്തുകൊള്ളുവാനുള്ള ഏകമാര്‍ഗ്ഗം അതാണ് (1 യോഹ: 2:27, 28) ഒട്ടധികം വിശ്വാസികള്‍ തങ്ങള്‍ കേട്ട "പ്രവചനം" ദൈവത്തില്‍ നിന്നു തന്നെയോ എന്നാലോചിക്കാതെ അത് അന്ധമായി വിഴുങ്ങുകയും അതനുസരിച്ചു പ്രവര്‍ത്തിക്കയും ചെയ്തതു നിമിത്തം തങ്ങളുടെ ജീവിതത്തില്‍ അവര്‍ണ്ണ്യമായ നഷ്ടം സഹിക്കേണ്ടിവന്നിട്ടുണ്ട്.
നിങ്ങള്‍ അഭിനന്ദിക്കുന്ന മറ്റു പ്രസംഗകരെ അനുകരിക്കുന്നതിനെക്കുറിച്ചും കൂടെ ഒരു മുന്നറിയിപ്പു തന്നുകൊള്ളട്ടെ. അത്തരം അനുകരണം ബോധപൂര്‍വ്വം ചെയ്യുന്നതല്ലെങ്കില്‍ അതു ഗൗരവാവഹമല്ല. എന്നാല്‍ അതു ബോധപൂര്‍വ്വമെങ്കില്‍ നിങ്ങള്‍ നഷ്ടം സഹിക്കേണ്ടിവരും. കാരണം, ദൈവം നിങ്ങള്‍ക്കു തന്നിട്ടുള്ള നിസ്തുല്യമായ ശുശ്രൂഷ നിങ്ങളിലൂടെ വെളിപ്പെടുത്തുവാന്‍ അനുവദിക്കാത്തവിധം ആ അനുകരണം അതിനെ തടസ്സപ്പെടുത്തുവാന്‍ ഇടയായിത്തീരും.
പുതിയനിയമം ഒന്നാകെത്തന്നെ പരിശുദ്ധാത്മ നിശ്വസിതമാണെങ്കിലും പൗലൊസ്, പത്രോസ്, യോഹന്നാന്‍ എന്നിവര്‍ സത്യത്തെ വെളിപ്പെടുത്തുവാന്‍ ഒരേ തരം ഭാഷയല്ല ഉപയോഗിച്ചതെന്നും നാം കാണുന്നു. അവരില്‍ ഓരോരുത്തരും തങ്ങള്‍ക്ക് സ്വാഭാവികമായി ലഭിച്ച വാക്കുകള്‍ ഉപയോഗിച്ച് ദൈവവചനം എഴുതുകയാണുണ്ടായത്. പൗലൊസ് ഒരിക്കലെങ്കിലും ''വീണ്ടും ജനനം പ്രാപിക്കുക'' എന്നതിനെപ്പറ്റി എഴുതിയിട്ടില്ല. എന്നാല്‍" ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെടുന്നതിനെക്കുറിച്ചും പഴയ മനുഷ്യനെ ഉരിഞ്ഞുകളയുന്നതിനെക്കുറിച്ചും" അദ്ദേഹം എഴുതിയിട്ടുണ്ട്. പില്‍ക്കാലത്ത് പത്രോസ് എഴുതിയപ്പോള്‍ അദ്ദേഹത്തിന് പൗലൊസിന്റെ പദപ്രയോഗങ്ങളെ അനുകരിക്കാമായിരുന്നു. എന്നാല്‍ അദ്ദേഹം അപ്രകാരം ചെയ്തില്ല. തനിക്കു സ്വതസിദ്ധമായി ലഭിച്ച പദപ്രയോഗങ്ങളോടെ അദ്ദേഹം ''ജഡത്തില്‍ കഷ്ടമനുഭവിക്കുന്നതിനെ''പ്പറ്റി എഴുതി. അനേകം വര്‍ഷത്തിനുശേഷം യോഹന്നാന്‍ എഴുതിയപ്പോള്‍ അദ്ദേഹവും താനുപയോഗിച്ച ഭാഷാരീതിയില്‍ നിസ്തുല്യനായിരുന്നു. അദ്ദേഹം പൗലൊസിന്റെയോ പത്രൊസിന്റെയോ ഭാഷാരീതി ഉപയോഗിക്കാതെ ''ദൈവത്തില്‍ നിന്നു ജനിച്ചവനെ''പ്പറ്റി എഴുതി. ഇത് അദ്ദേഹത്തിന്റെ നിസ്തുല്യമായൊരു പദപ്രയോഗമത്രേ.
മറ്റുള്ളവര്‍ ഉപയോഗിക്കുന്ന അതേ പദങ്ങള്‍ നാമും ഉപയോഗിക്കുവാന്‍ ദൈവം നമ്മെപ്പറ്റി ആഗ്രഹിക്കുന്നില്ലെന്നത് ഇതില്‍ നിന്ന് വ്യക്തമാണ്. തന്റെ വചനം അവിടുന്ന് നമ്മിലൂടെ മറ്റുള്ളവര്‍ക്കായി നല്‍കുമ്പോള്‍ നമ്മുടെ വ്യക്തിത്വത്തെ അവിടുന്ന് ഇല്ലാതാക്കുന്നില്ല. തങ്ങളുടെ മേലധികാരി പറഞ്ഞുകൊടുക്കുന്ന കാര്യങ്ങള്‍ ടൈപ്പുചെയ്യുന്ന സെക്രട്ടറിമാരെപ്പോലെ ദൈവം നമ്മെ ആക്കിത്തീര്‍ക്കുകയില്ല. നാം പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവരും അഭിഷിക്തരുമാകുമ്പോള്‍ പോലും നമ്മുടെ വ്യക്തിത്വത്തെ ദൈവം സംരക്ഷിക്കുന്നു.
വെളിപ്പാട്: 21:19, 20 വാക്യങ്ങളില്‍ സഭയെ വിവിധ വര്‍ണ്ണങ്ങളുള്ള കല്ലുകളാല്‍ നിര്‍മ്മിക്കപ്പെട്ട ഒരു കെട്ടിടമായി ചിത്രണം ചെയ്തിരിക്കുന്നത് നാം കാണുന്നു. ഈ ഓരോ കല്ലിലും കൂടി പുറപ്പെടുന്ന പ്രകാശം ഒന്നുതന്നെ. യേശുവിന്റെ ജീവന്‍ തന്നെയാണത്. എന്നാല്‍ അവയിലൂടെ പുറപ്പെടുന്ന നിറങ്ങള്‍ ചുവപ്പ്, നീല, പച്ച എന്നിങ്ങനെ വിവിധങ്ങളാണ്. നാമോരോരുത്തരും യേശുവിന്റെ ജീവനെ പ്രകാശിപ്പിക്കുവാന്‍ വിളിക്കപ്പെട്ടവരാണ്. എങ്കിലും നമ്മുടെ സ്വന്തവും നിസ്തുല്യവുമായ സ്വകാര്യ വ്യക്തിത്വങ്ങളില്‍ക്കൂടെയാണ് നാമത് ചെയ്യേണ്ടത്.
എന്റെ ശുശ്രൂഷയെയോ ഞാന്‍ പ്രസംഗിക്കുകയോ എഴുതുകയോ ചെയ്യുന്ന രീതിയെയോ അനുകരിപ്പാന്‍ നിങ്ങള്‍ ശ്രമിക്കുന്നപക്ഷം അതൊരു നിഷ്ഫല പ്രയത്‌നമായി കലാശിക്കും. നിങ്ങളുടെ സ്വന്തജീവിതത്തില്‍ നിന്നും സ്വാഭാവികമായ രീതിയില്‍ പുറപ്പെടുന്നത് നിങ്ങളുടെ തന്നെ നിസ്തുല്യമായ രീതിയില്‍ സംസാരിക്കയാണ് നിങ്ങള്‍ ചെയ്യേണ്ടത്. അപ്പോള്‍ ക്രിസ്തുവിന്റെ ശരീരത്തിന് ഒരനുഗ്രഹമായി നിങ്ങള്‍ തീരും. ദൈവം തന്റെ സഭയില്‍ ഒരൊറ്റ "സാക് പുന്നനെ" മാത്രമേ ആഗ്രഹിക്കുന്നുള്ളു. മറ്റൊരു സാക് പുന്നനെ അവിടുന്ന് ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ നിങ്ങള്‍തന്നെ ആയിരിക്കണമെന്നാണ് അവിടുത്തെ താത്പര്യം.
സഭയുടെ യോഗങ്ങളില്‍ കര്‍ത്താവില്‍ നിന്നൊരു വചനം ലഭിച്ചിട്ടുള്ള എല്ലാവര്‍ക്കും മൂപ്പന്മാരുടെ അധികാരത്തിന്‍ കീഴില്‍ പ്രവചിക്കാം. ഇത് പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ചെയ്യാവുന്നതാണ്. എന്തെന്നാല്‍ താന്‍ പ്രവചനത്തിന്റെ ആത്മാവിനെ പുരുഷന്മാരുടെ മേലും സ്ത്രീകളുടെ മേലും അയയ്ക്കുമെന്ന് ദൈവം വ്യക്തമായും അരുളിച്ചെയ്തിട്ടുണ്ട് (അപ്പോ: പ്ര: 2:17, 18) ഒരു സ്ത്രീ തന്റെ തല മറയ്ക്കുന്ന പക്ഷം സഭായോഗങ്ങളില്‍ പ്രാര്‍ത്ഥിക്കുവാനും പ്രവചിക്കുവാനും ദൈവം അവളെ അനുവദിക്കുന്നുണ്ട് (1 കൊരി. 11:5).
അനേകമാളുകള്‍ ആത്മീയമായ മടി നിമിത്തമോ ധൈര്യഹീനത നിമിത്തമോ സഭയില്‍ പ്രവചിക്കുവാന്‍ മുതിരുന്നില്ല. തിമോഥയോസ് അപ്രകാരം അധീരനായ ഒരുവനായിരുന്നതിനാല്‍ അദ്ദേഹത്തിനു നല്‍കപ്പെട്ട കൃപാവരത്തെ ജ്വലിപ്പിക്കുവാന്‍ പൗലൊസ് അദ്ദേഹത്തെ പ്രേരിപ്പിക്കേണ്ടി വന്നു (1 തിമോഥി: 4:14; 2 തിമോഥി: 1:6, 7). നാം സഭായോഗങ്ങള്‍ക്കു വരുമ്പോള്‍ ധൈര്യഹീനതയുടെയും അവിശ്വാസത്തിന്റെയും ആത്മാക്കളെ നാം ബന്ധിച്ചേ മതിയാവു.
എന്നാലും സഭായോഗങ്ങളിലുള്ള ഈ സ്വാതന്ത്ര്യത്തെ ജഡികരായ ആളുകള്‍ മുതലെടുക്കുവാന്‍ സാധ്യതയുണ്ട്. തങ്ങളുടെ സ്വന്തശബ്ദം ഒന്ന് കേള്‍പ്പിക്കുവാനാഗ്രഹിച്ചിട്ട് അവര്‍ എഴുന്നേറ്റുനിന്ന് എല്ലാവരെയും മുഷിപ്പിക്കാറുണ്ട്. അത്തരക്കാരെ മൂപ്പന്മാര്‍ മിണ്ടാതാക്കണം. എന്തെന്നാല്‍ സഭയില്‍ സകലവും"ഉചിതമായും ക്രമമായും" നടക്കേണ്ടതാണ് (1 കൊരി: 14:40). എങ്കിലും ഇന്നു മിക്ക സഭകളിലും മൂപ്പന്മാര്‍ ഒന്നുകില്‍ അധീരരോ അല്ലെങ്കില്‍" സൗമ്യരെന്ന" ബഹുമതി നേടാനാഗ്രഹിക്കുന്നവരോ ആണ്. തന്മൂലം ജഡികനും നീട്ടിവലിച്ചു സംസാരിക്കുന്നവനുമായ ഒരുവനെ അവര്‍ മിണ്ടാതാക്കുന്നില്ല.
അതിനാല്‍ സ്തുതിയുടെയും ആരാധനയുടെയും സമയം സഭായോഗങ്ങളില്‍ അനുപേക്ഷണീയമെങ്കില്‍ത്തന്നെയും അതല്ല, മറിച്ചു ദൈവത്തിന്റെ പ്രവചനാത്മകമായ സന്ദേശം പ്രഖ്യാപിക്കുന്ന സമയമാണ് ഏറ്റവും പ്രധാനമെന്ന കാര്യം നമുക്ക് മനസ്സില്‍ കുറിക്കൊള്ളാം.
ഇനി നമുക്ക് ദൈവത്തിന്റെ സഭയിലെ നേതൃത്വം എന്ന വിഷയത്തെപ്പറ്റി ചിന്തിക്കാം.
ഓരോ സഭയെയും ദൈവത്തിന്റേതായ വഴിയില്‍ നയിക്കുവാന്‍ ദൈവം അതില്‍ മൂപ്പന്മാരെ നിയമിക്കുന്നു (1 കൊരി 12:28; തീത്തോസ് 1:5). ഒരു മൂപ്പന്‍ പ്രാഥമികമായി ഒരു പ്രസംഗകനല്ല, പിന്നെയോ ഒരു നായകനാണ്. ഒരു" നായകന്‍" മറ്റുള്ളവര്‍ക്കു മുമ്പനായിപ്പോകുന്ന ഒരുവനത്രേ. അദ്ദേഹം എപ്പോഴും മുമ്പില്‍ നടക്കുന്നു. ''ഞാന്‍ ക്രിസ്തുവിനെ പിന്‍തുടരുന്നതുപോലെ നിങ്ങള്‍ എന്നെ പിന്തുടരുവിന്‍'' എന്നു പറയുകയും ചെയ്യുന്നു.
എന്നാല്‍ പല സുവിശേഷപ്രസംഗകരും ''എന്നെ പിന്തുടരേണ്ടാ, ക്രിസ്തുവിനെ പിന്തുടരുവിന്‍'' എന്നു പറയുന്നവരാണ്. ഇത് വിനയമനോഭാവമായിത്തോന്നാം. എന്നാല്‍ ആദിമകാലത്തെ അപ്പോസ്തലന്മാര്‍ ആരും അങ്ങനെയല്ല പറഞ്ഞിട്ടുള്ളത്. തങ്ങള്‍ ക്രിസ്തുവിനെ പിന്തുടരുന്നതുപോലെ തങ്ങളെ പിന്‍തുടരുവാന്‍ അവര്‍ വിശ്വാസികളെ ആഹ്വാനം ചെയ്തിരുന്നു (1 കൊരി: 11:1; ഫിലി: 3:17). തങ്ങള്‍ പരിപൂര്‍ണ്ണരായതുകൊണ്ടല്ല, പിന്നെയോ ശരിയായ ലക്ഷ്യത്തിലേക്കു നീങ്ങിയിരുന്നതുകൊണ്ടാണ് അവര്‍ ഇപ്രകാരം പറഞ്ഞത്.
മൂപ്പന്‍ എന്ന സ്ഥാനം ആപേക്ഷികമായ ഒന്നാണ്. ഒരു ദൃഷ്ടാന്തം കൊണ്ട് ഇത് വ്യക്തമാക്കാം. ഒരു ഭവനത്തില്‍നിന്ന് മാതാപിതാക്കന്മാര്‍ ഒരു സമയത്തേക്കു ദൂരത്തെവിടെയെങ്കിലും പോകുമ്പോള്‍ വീട്ടിലെ മൂത്തമകനോട് തങ്ങളുടെ അസാന്നിദ്ധ്യത്തില്‍ വീട്ടിലെ മൂപ്പനായി തീരുമാനങ്ങളെടുക്കുവാന്‍ ആവശ്യപ്പെടാറുണ്ട്. ഒരു വേള മൂത്തകുട്ടിക്ക് 10 വയസ്സേ പ്രായമുള്ളൂവെങ്കിലും അവര്‍ ഇപ്രകാരം ചെയ്യും. തീര്‍ച്ചയായും അവന്‍ പ്രായപൂര്‍ത്തിയായ ഒരുവനല്ല; എങ്കിലും 7 വയസ്സുകാരനെയും 4 വയസ്സുകാരനെയുംകാള്‍ കൂടുതല്‍ പ്രായപൂര്‍ത്തി അവനുണ്ട്. മാതാപിതാക്കന്മാര്‍ മടങ്ങിവന്നാല്‍പ്പിന്നെ അവന്‍ മൂപ്പനല്ലതാനും.
ഇതുപോലെയാണ് ഒരു സഭയിലും മൂപ്പന്‍ എന്ന സ്ഥാനം പ്രവര്‍ത്തിക്കുന്നത്. ഒരു യുവസഹോദരന് അയാള്‍ സഭയിലേക്കും എറ്റവും പക്വതയുള്ള സഹോദരനെങ്കില്‍ ആ സഭയിലെ മൂപ്പനാകാം. സഭയിലെ മറ്റുള്ള അംഗങ്ങള്‍ വളരുന്നതോടെ അവനും അവരോടൊപ്പം വളരുന്നു. എന്നാല്‍ അയാള്‍ ആത്മീയമായി വളരാത്ത ഒരവസ്ഥയിലായിത്തീര്‍ന്നാല്‍ അയാളെക്കാള്‍ മുതിര്‍ന്ന നിലയിലെത്തിയ മറ്റൊരാള്‍ ഒരു നാള്‍ ആ സഭയിലെ മൂത്ത സഹോദരനായിത്തീരാം. അതിനാല്‍ മൂപ്പന്‍ സ്ഥാനം ദൈവഭവനത്തിലെ ഒരു സ്ഥാനപ്പേരോ ഒരു ഉദ്യോഗമോ അല്ല. പിന്നെയോ മറ്റുള്ളവരെ നയിക്കുമാറ് പക്വത പ്രാപിക്കുന്ന ഒരവസ്ഥാവിശേഷമാണ്.
അപ്രകാരമുള്ള നേതാക്കന്മാര്‍ക്കു നാം കീഴടങ്ങുകയും അവരെ അനുസരിക്കുകയും ചെയ്യണം (എബ്രായര്‍: 13:17). തന്റെ മുന്തിരിത്തോട്ടം പാട്ടക്കാരെ ഏല്പിച്ച മനുഷ്യന്റെ ഉപമയില്‍ ഉടമസ്ഥന്‍ നേരിട്ട് ആദായം വാങ്ങാന്‍ വരികയല്ല തന്റെ ഭൃതന്മാരെ അയയ്ക്കുകയാണ് ചെയ്തതെന്ന് നാം കാണുന്നു (മത്തായി: 21:34). അതുപോലെ കര്‍ത്താവ് തന്നെ പ്രതിനിധീകരിക്കുവാന്‍ സഭയില്‍ താന്‍ അധികാരം ഏല്പിച്ചിട്ടുള്ള ആളുകളെ നിയോഗിക്കുന്നു. യേശു തന്റെ അപ്പോസ്തലന്മാരോട് - ആളുകള്‍ അവരെ കൈക്കൊള്ളുമ്പോള്‍ വാസ്തവത്തില്‍ തന്നെത്തന്നെ കൈക്കൊള്ളുകയാണെന്ന് - പറയുകയുണ്ടായി (മത്തായി: 10:40). ഇവിടെ ഞാന്‍ ക്രൈസ്തവലോകത്തിലുള്ള ബഹുഭൂരിപക്ഷം പുരോഹിതന്മാരെയും, പാസ്റ്ററന്മാരെയും കുറിച്ചല്ല, പിന്നെയോ യഥാര്‍ത്ഥ ദൈവഭൃത്യന്മാരെന്ന് നിങ്ങള്‍തന്നെ അംഗീകരിക്കുന്നവരെക്കുറിച്ചാണ് പറയുന്നത്.
ദൈവത്തിന്റെ സഭയില്‍ അധികാരം മുകളില്‍ നിന്ന് അടിച്ചേല്പിക്കുകയില്ല, മറിച്ച് താഴെ നിന്ന് സ്വീകരിക്കപ്പെടുകയാണ് ചെയ്യുന്നത്
ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ ഏതു മൂപ്പന്മാരെ ബഹുമാനിക്കുന്നുവോ അവര്‍ക്കുമാത്രം കീഴടങ്ങിയിരുന്നാല്‍ മതി എന്നാണ്. ഒരു മൂപ്പനെ ദൈവഭക്തിയുള്ള ഒരാള്‍ എന്ന നിലയില്‍ അംഗീകരിപ്പാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍ അദ്ദേഹത്തിന് നിങ്ങള്‍ കീഴടങ്ങിയിരിക്കേണ്ട ആവശ്യമില്ല. എങ്കിലും അപ്രകാരം ഒരു ഘട്ടം വരുമ്പോള്‍ നിങ്ങള്‍ ആ സഭ വെടിയുകയും ദൈവഭക്തിയുള്ള ഒരു മൂപ്പനെ കണ്ടെത്തുവാന്‍ കഴിയുന്ന മറ്റൊരു സഭയോട് ചേരുകയും ചെയ്യുന്നതാണ് ഉത്തമം. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ലോകത്തില്‍ ദൈവഭക്തിയുള്ള അധികം സഭാമൂപ്പന്മാരില്ല. എങ്കിലും അത്തരം ഒരാളെ കണ്ടെത്തുന്ന സ്ഥലത്ത് നിങ്ങള്‍ അദ്ദേഹത്തെ ബഹുമാനിക്കയും അഭിനന്ദിക്കുകയും വേണം (1 തിമൊഥി: 5:17; 1 തെസ്സ: 5:12, 13).
ഒരിക്കല്‍ ഒരാളെ നിങ്ങള്‍ നിങ്ങളുടെ മൂപ്പനായി അംഗീകരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ അദ്ദേഹത്തിനു കീഴടങ്ങിയിരിക്കണം. ഒരു സഭയിലെ കീഴടക്കത്തിന്റെ ഉദ്ദേശ്യം ഒരു ഭവനത്തിലേതുപോലെ തന്നെയാണ്. മക്കള്‍ അമ്മയപ്പന്മാര്‍ക്കു കീഴടങ്ങിയിരിക്കുന്നതുമൂലം അസംഖ്യം ആപത്തുകളില്‍ നിന്നും അവര്‍ സംരക്ഷിക്കപ്പെടുന്നു. ഒരു ഇടയന്‍ തന്റെ ആടിനെ കാവല്‍ ചെയ്യുന്നതുപോലെ ഒരു ദൈവഭക്തനായ മൂപ്പന്‍ നിങ്ങളുടെ ആത്മാവിന്റെ കാവല്‍ക്കാരനായിരിക്കും. ഒരു യഥാര്‍ത്ഥ മൂപ്പന്‍ തന്റെ ഒരോ ആടിന്റെയും ആത്മീയാവസ്ഥ അറിഞ്ഞിരിക്കണം (സദൃശ: 27:23). ഒരു മൂപ്പന്‍ തന്റെ ആട്ടിന്‍കൂട്ടത്തെ ഹൃദയത്തില്‍ വഹിക്കുന്നുവെങ്കില്‍ തന്റെ ആടുകളില്‍ ഓരോന്നിന്റെയും അവസ്ഥയെപ്പറ്റി അയാള്‍ക്ക് ദൈവം വിവേചനം നല്‍കും. അപ്രകാരമുള്ള ഒരു മൂപ്പന്‍ സഭയില്‍ നല്‍കുന്ന ദൂതുകള്‍ അദ്ദേഹത്തിന്റെ ആടുകള്‍ക്ക് ആവശ്യമുള്ള അതേ കാര്യങ്ങള്‍ തന്നെ ആയിരിക്കയും ചെയ്യും. ഒരു വേള അവരുടെ ആവശ്യത്തെപ്പറ്റി അദ്ദേഹം ബോധവാനല്ല എന്നുവന്നാല്‍ തന്നെയും.
അതിനാല്‍ എല്ലാ മൂപ്പന്മാര്‍ക്കും ഉണ്ടായിരിക്കേണ്ട പ്രാഥമികമായ ഗുണവിശേഷം ഇതാണ്. അവര്‍ തങ്ങളുടെ ആട്ടിന്‍കൂട്ടത്തെ ഹൃദയത്തില്‍ വഹിക്കണം. തങ്ങള്‍ മൂപ്പന്മാരല്ലെങ്കില്‍ തന്നെയും തങ്ങളുടെ സഹവിശ്വാസികളെപ്പറ്റിയുള്ള കരുതലും ഭാരവും ഹൃദയത്തില്‍ പേറുന്ന ഒട്ടനേകം സഹോദരന്മാരുണ്ട്. അത്തരം സഹോദരന്മാര്‍ ദൈവത്തിന്റെ ദൃഷ്ടിയില്‍ യഥാര്‍ത്ഥ ഇടയന്മാര്‍ തന്നെയാണ്. ആടുകള്‍ക്ക് അവരില്‍ വിശ്വാസമുണ്ടായിരിക്കും. അവര്‍ സഹായത്തിനായി അവരുടെ അടുക്കല്‍ വരികയും ചെയ്യും.
ശിഷ്യന്മാരുടെ സമൂഹമായ സഭയ്ക്ക് പണസംബന്ധമായ കാര്യത്തില്‍ വ്യക്തമായൊരു സാക്ഷ്യം ഉണ്ടായിരിക്കണം. നമ്മുടെ സഭായോഗങ്ങള്‍ക്കു വരുന്ന ആരില്‍ നിന്നെങ്കിലും പണമോ മറ്റെന്തെങ്കിലും ആനുകൂല്യമോ ലഭിക്കണമെന്ന ആഗ്രഹം നമുക്കുണ്ടാകരുത്. അത് അവര്‍ വ്യക്തമായി അറിയുകയും വേണം. നമുക്ക് അവരെ അനുഗ്രഹിക്കുന്നതില്‍ മാത്രമേ താല്‍പര്യമുള്ളുവെന്ന് അവര്‍ വ്യക്തമായി ധരിക്കണം.
നമ്മുടെ സഭകളില്‍ മീറ്റിംഗ് സമയത്ത് നാമൊരിക്കലും സ്‌ത്രോത്രകാഴ്ച എടുക്കുന്നില്ല. ഇതിനു പല കാരണങ്ങളുണ്ട്. ഒന്നാമതായിത്തന്നെ ദൈവത്തിനു നാം നല്‍കുന്ന ദാനങ്ങളെല്ലാം സന്തോഷത്തോടുകൂടിയതും സ്വയം പ്രേരിതവുമായിരിക്കണമെന്ന് നാം വിശ്വസിക്കുന്നു. പരസ്യമായി ഒരു സ്‌തോത്രകാഴ്ച എടുക്കുന്ന പക്ഷം ഇതു സാധിക്കുക പ്രയാസമായിരിക്കും. രണ്ടാമത്, ദൈവത്തിനു നല്‍കുന്നതെല്ലാം രഹസ്യത്തിലായിരിക്കണം. ആളുകള്‍ നിങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കെ രഹസ്യമായി നല്‍കുക സാധ്യമല്ല (നിങ്ങള്‍ എത്ര കൊടുക്കുന്നുവെന്നു മറ്റുള്ളവര്‍ അറിഞ്ഞെന്നു വരില്ല; എന്നാല്‍ നിങ്ങള്‍ നല്‍കുന്നുവെന്ന കാര്യം അവര്‍ അറിയും) മൂന്നാമത്, നമ്മുടെ മീറ്റിംഗുകളില്‍ അവിശ്വാസികള്‍ സന്നിഹിതരായിരിക്കാം. തങ്ങളുടെ പണം ദൈവത്തിനു നല്‍കുവാനുള്ള അവകാശം അഥവാ പദവി അവര്‍ക്കില്ല. അവര്‍ തങ്ങളുടെ പണം ദൈവത്തിനു നല്‍കുന്നതിനുമുമ്പ് ആദ്യമായി തങ്ങളെത്തന്നെ ദൈവത്തിനു നല്‍കണം (2 കൊരി: 8:4, 5, 3 യോഹ: 7). തങ്ങള്‍ സഭയില്‍ കേള്‍ക്കുന്ന സുവിശേഷം സൗജന്യമായിട്ടുള്ളതെന്ന് അവര്‍ അറിയുകയും വേണം. അതുകേള്‍ക്കുവാന്‍ അവര്‍ എന്തെങ്കിലും വില നല്‍കേണ്ടതില്ല. അതിനാല്‍ ഒരു സ്‌തോത്രകാഴ്ച എടുക്കുന്നതിലൂടെ അവരെ ഒരു വിഷമസന്ധിയിലാക്കുവാന്‍ നാം മുതിരുന്നില്ല.
അതേസമയം തന്നെ തങ്ങളുടെ നന്ദിയുടെ സൂചനയായി തങ്ങള്‍ക്കു ള്ളതില്‍നിന്നു ദൈവത്തിനു നല്‍കുവാനാഗ്രഹിക്കുന്നവര്‍ക്ക് ഒരവസരം നല്‍കേണ്ടതിനു മീറ്റിംഗ് സ്ഥലത്തു നാം ഒരു പെട്ടി വയ്ക്കാറുണ്ട്. സന്തോഷപൂര്‍വ്വമായും രഹസ്യമായും നല്‍കുവാനാഗ്രഹിക്കുന്നവര്‍ക്ക് അതില്‍ പണം ഇടാവുന്നതാണ്.
മിക്ക ക്രിസ്തീയ പ്രവര്‍ത്തകരും മറ്റു വിശ്വാസികള്‍ നല്‍കുന്ന ദാനങ്ങളും കാണിക്കകളും കൊണ്ടാണ് ഉപജീവിക്കുന്നത്.''സുവിശേഷം പ്രസംഗിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കണം'' എന്നു കര്‍ത്താവു കല്പിച്ചിട്ടുള്ളതിനാല്‍ ഇതില്‍ തെറ്റൊന്നുമില്ല (1 കൊരി: 9:14) പത്രൊസും മറ്റ് അപ്പോസ്തലന്മാര്‍ മിക്കവരും ഇപ്രകാരം മറ്റു വിശ്വാസികളുടെ ദാനങ്ങള്‍ കൊണ്ട് ഉപജീവിച്ചിരുന്നതായിത്തോന്നുന്നു (1 കൊരി: 9:5, 6).
എന്നാല്‍ പൗലൊസില്‍ നാം മറ്റൊരു ദൃഷ്ടാന്തം കാണുന്നു. അദ്ദേഹം സ്വയം വേല ചെയ്തു ഉപജീവിക്കയും സഭയെ സേവിക്കയും ചെയ്തുപോന്നു (1 കൊരി: 9:15-18; 2 കൊരി: 12:14;2 തെസ്സ: 3:7-9; അപ്പോ. പ്ര. 20:33-35) ഇന്‍ഡ്യയിലെ ഇന്നത്തെ സാഹചര്യത്തില്‍ പൗലൊസിനെപ്പോലെ കര്‍ത്താവിനെ സേവിക്കുന്നവര്‍ ഉണ്ടാകേണ്ടത് വലിയൊരാവശ്യമാണ്.
ഈ കാരണത്താലാണ് നമ്മുടെ സഭകളില്‍ മൂപ്പന്മാരായ ഞങ്ങളില്‍ മിക്കവരും പൗലൊസ് ചെയ്തതുപോലെ സ്വയം വേല ചെയ്ത് ഉപജീവിക്കയും സഭകളെ സേവിക്കയും ചെയ്യുന്നത്. ഇന്‍ഡ്യയെപ്പോലെയുള്ള ദരിദ്രരാജ്യങ്ങളില്‍ ഈ സമ്പ്രദായത്തിനു കൂടുതലായ ഒരു പ്രയോജനം കൂടെയുണ്ട്. സാമ്പത്തികലാഭം കരുതി സഭാപ്രവര്‍ത്തനത്തിനിറങ്ങുവാനാഗ്രഹിക്കുന്നവരെ തിരിച്ചറിയുകയാണ് ആ പ്രയോജനം.
പൂര്‍ണ്ണസമയ ക്രിസ്തീയ പ്രവര്‍ത്തനത്തെപ്പറ്റി ചിന്തിക്കുന്ന ക്രിസ്തു ശിഷ്യന്മാര്‍ക്ക് ഏതാനും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇവിടെ ഞാന്‍ നല്‍കിക്കൊള്ളട്ടെ:
ദൈവം ഇന്നു തന്റെ രാജ്യത്തിന്റെ പ്രമാണങ്ങള്‍ ചുറ്റുമുള്ള ലോകത്തിനു കാട്ടിക്കൊടുക്കുവാന്‍ കഴിവുള്ള ശിഷ്യന്മാര്‍ക്കും സഭകള്‍ക്കുമായി നോക്കിപ്പാര്‍ത്തിരിക്കയാണ്. നമുക്ക് പൂര്‍ണ്ണഹൃദയത്തോടെ അവിടുത്തെ വിളികേള്‍ക്കാം.
കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.