നിങ്ങളുടെ പ്രതിയോഗിയെ അറിയുക

ലേഖകൻ :   സാക് പുന്നൻ
    Download Formats:

അധ്യായം 1
സാത്താനെക്കുറിച്ചറിയേണ്ടതിന്‍റെ ആവശ്യം

ചെറുപ്പക്കാരായ നിങ്ങളില്‍ പലരും മുമ്പ് അറിഞ്ഞിട്ടില്ലാത്ത ചില ദൈവവചനസത്യങ്ങള്‍ നിങ്ങളോടു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ആത്മരക്ഷയെപ്പറ്റിയും യേശുക്രിസ്തു നമുക്കുവേണ്ടി എന്തു ചെയ്തുവെന്നതിനെപ്പറ്റിയും നിങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ മിക്ക പ്രസംഗകരും സാത്താനെപ്പറ്റി പ്രസംഗിക്കുവാന്‍ ഇഷ്ടപ്പെടാത്താതുകൊണ്ട് അവനെപ്പറ്റി വളരെയൊന്നും നിങ്ങള്‍ കേട്ടിരിക്കുവാനിടയില്ല.

''നിര്‍മ്മലരായിരിപ്പിന്‍, ഉണര്‍ന്നിരിപ്പിന്‍. നിങ്ങളുടെ പ്രതിയോഗിയായ പിശാച് അലറുന്ന സിംഹം എന്നതുപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരഞ്ഞു ചുറ്റിനടക്കുന്നു''എന്നിങ്ങനെ ദൈവവചനം (1പത്രോസ് 5;8) പറയുന്നതിനാല്‍ ഇതിനെപ്പറ്റി സംസാരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

യുദ്ധത്തിലെ ഏറ്റവും പ്രധാനമായ പ്രമാണങ്ങളിലൊന്ന് നിങ്ങളുടെ ശത്രുവിനെ അറിയുക എന്നതാണ്. നിങ്ങള്‍ ഒരു യുദ്ധം ചെയ്തുകൊണ്ടിരിക്കയില്‍ നിങ്ങളുടെ ശത്രുവിനെപ്പറ്റി ധാരാളം വിവരങ്ങള്‍ നിങ്ങള്‍ക്ക് അറിവുണ്ടെങ്കില്‍ ആ യുദ്ധം വളരെ അനായാസമായിത്തീരും. ശത്രുവിനെക്കുറിച്ചു വളരെക്കുറച്ചേ നിങ്ങള്‍ക്ക് അറിവുള്ളുവെങ്കില്‍ യുദ്ധം കൂടുതല്‍ ദുഷ്‌കരമായിരിക്കും.

മറ്റൊരു ദൃഷ്ടാന്തം പറയാം: നിങ്ങളുടെ പരീക്ഷയില്‍ ചോദിക്കുവാന്‍ പോകുന്ന എല്ലാ ചോദ്യങ്ങളും നിങ്ങള്‍ക്കു നേരത്തേതന്നെ അറിയാമെങ്കില്‍ പരീക്ഷ നിങ്ങള്‍ക്കു വളരെയധികം നിഷ്പ്രയാസമായിത്തീരും.

ക്രിസ്തീയജീവിതവും ഇതുപോലെതന്നെയാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ശത്രുവിനെപ്പറ്റി അറിവുണ്ടെങ്കില്‍ അയാളെ ജയിക്കുവാനും എല്ലാ പരീക്ഷയിലും പൂര്‍ണ്ണവിജയം പ്രാപിക്കുവാനും നിങ്ങള്‍ക്കു കഴിയും.

തങ്ങളുടെ ജീവിതകാലം മുഴുവന്‍ യേശുവിനെ പിന്തുടരുവാന്‍ ശ്രമിച്ചു പരാജയമടയുന്ന ഒട്ടധികം ക്രിസ്ത്യാനികളുണ്ട്. അതിന്റെ പ്രധാനമായ ഒരു കാരണം അവര്‍ക്കു തങ്ങളുടെ ശത്രുവിനെപ്പറ്റി ഒരറിവുമില്ലാത്തതാണെന്നു ഞാന്‍ കരുതുന്നു.

വൈദ്യശാസ്ത്രപഠനം പ്രധാനമാണെന്നു നമുക്കറിയാം. നമ്മുടെ തലമുറയില്‍ ലക്ഷക്കണക്കിനാളുകള്‍ക്കു വൈദ്യശാസ്ത്രം രോഗശാന്തി നല്‍കുകയും ധാരാളം പേരെ അകാലമരണത്തില്‍നിന്നു വിടുവിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യശരീരത്തിന്‍റെ ശത്രുക്കളെക്കുറിച്ചും അവയുടെ ആക്രമണത്തെക്കുറിച്ചുമുള്ള എല്ലാ വിവരങ്ങളെപ്പറ്റിയും വൈദ്യശാസ്ത്രജ്ഞന്മാര്‍ പഠനം നടത്തുകയാലാണു ഇത് സാധ്യമായിത്തീര്‍ന്നത്. ശരീരാരോഗ്യത്തിനു ശത്രുക്കളായ ബാക്ടീരിയകളെയും വൈറസുകളെയും കുറിച്ചുള്ള വിദഗ്ധമായ പഠനത്തിലൂടെയാണ് മനുഷ്യരുടെ ആരോഗ്യനില ഉയരുവാനിടയായിട്ടുള്ളത്. ആരോഗ്യത്തിനു ശത്രുക്കളായ രോഗാണുക്കളെ നശിപ്പിക്കുവാനും അവയെ മനുഷ്യശരീരത്തില്‍ നിന്നു നിര്‍മ്മാര്‍ജ്ജനം ചെയ്യുവാനും ശാസ്ത്രജ്ഞന്മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്.

നമ്മുടെ ഭൗതികശരീരത്തിന്‍റെ കാര്യത്തില്‍ യഥാര്‍ത്ഥമായിത്തീര്‍ന്നിട്ടുള്ള ഈ വസ്തുത നമ്മുടെ ആത്മാവിന്‍റെ കാര്യത്തില്‍ കുറെക്കുടെ വാസ്തവമാണ്. ആത്മാവിന്‍റെ ശത്രുവായ സാത്താനെ ആന്തരികമണ്ഡലത്തില്‍നിന്നു പുറത്താക്കുകയും മനുഷ്യാത്മാവിനെ ദൈവത്തിനുവേണ്ടി വിശുദ്ധമായി സൂക്ഷിക്കുകയും ചെയ്യുന്നതിലേക്കു സാത്താനെക്കുറിച്ചും നാം പഠിക്കേണ്ടത് ആവശ്യം തന്നെ.

സാത്താനെപ്പറ്റി ധാരാളം കാര്യങ്ങള്‍ ബൈബിള്‍ നമുക്കു വെളിപ്പെടുത്തുന്നുണ്ട്. വാസ്തവം പറഞ്ഞാല്‍, ദൈവം ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചതിനെപ്പറ്റി പറഞ്ഞശേഷം അടുത്തതായി ബൈബിള്‍ പറയുന്നതു സാത്താനെക്കുറിച്ചാണ്. ആദാമും ഹവ്വയും ഏദെന്‍തോട്ടത്തില്‍ എന്തുചെയ്തുവെന്നതിനെപ്പറ്റി ബൈബിള്‍ ഒന്നും പറയുന്നില്ല. എന്നാല്‍ അത് ഉടന്‍തന്നെ പറയുന്ന കാര്യം ഇതാണ്: സാത്താന്‍ ഏദെന്‍ തോട്ടത്തില്‍ വരികയും പാപവും കുഴപ്പവും ഉണ്ടാക്കിത്തീര്‍ത്ത് ആദാമിനെയും ഹവ്വയെയും ദൈവത്തില്‍നിന്ന് അകറ്റുകയും ചെയ്തു.

ഇന്നു ലോകത്തിലുള്ള എല്ലാ പാപത്തിന്‍റെയും അക്രമത്തിന്‍റെയും തിന്മയുടെയും മൂലകാരണം ഏദെന്‍തോട്ടത്തിലേക്കുള്ള സാത്താന്‍റെ പ്രവേശനമാണെന്ന് ഇതില്‍നിന്നും നാം മനസ്സിലാക്കുന്നു (ഉല്‍പത്തി 3).

മനുഷ്യന്‍റെയും സ്ത്രീയുടെയും സൃഷ്ടിയെപ്പറ്റി സംസാരിച്ചശേഷം അടുത്തതായിത്തന്നെ സാത്താനെപ്പറ്റി ബൈബിള്‍ പറയുന്നത് എന്തുകൊണ്ടാണ്? നാം ജാഗ്രതയുള്ളവരായിത്തീരുമാറ് സാത്താനെപ്പറ്റി അറിയുന്നതിനുവേണ്ടിയാണത്. സാത്താന്‍ അലറുന്ന സിംഹമെന്നപോലെ ചുറ്റിനടക്കുന്നതായി നാം കണ്ടു. ഒരു സിംഹം കാഴ്ചബംഗ്ലാവില്‍നിന്നു രക്ഷപെട്ടു നിങ്ങളുടെ പട്ടണത്തിലെ തെരുവീഥികളിലൂടെ ചുറ്റിത്തിരിയുന്നതായി പത്രങ്ങളില്‍ റിപ്പോര്‍ട്ടു വന്നാല്‍ പട്ടണത്തിന്‍റെ ഏതു ഭാഗത്താണ് ആ സിംഹമെന്നറിഞ്ഞ് ആ ഭാഗത്തു നിന്നും ഒഴിഞ്ഞു നില്‍ക്കുവാന്‍ ആ റിപ്പോര്‍ട്ട് നിങ്ങള്‍ക്കൊരു സഹായമായിത്തീരുകയില്ലേ? അതുപോലെതന്നെ സാത്താന്‍ പ്രവര്‍ത്തനനിരതനായിരിക്കുന്ന ജീവിതമേഖലയേതാണെന്ന് അറിയുന്നപക്ഷം ആ അറിവു നിങ്ങളെ വളരെ പ്രശ്‌നങ്ങളില്‍നിന്നു വിടുവിക്കുമെന്നതും തീര്‍ച്ച തന്നെ.

പല വിശ്വാസികള്‍ക്കും കൂടെക്കൂടെ ധൈര്യം ക്ഷയിക്കയും നൈരാശ്യം ബാധിക്കുകയും ചെയ്യുന്ന കാലഘട്ടങ്ങളുണ്ട്. ഒരു കാര്യം നാം മനസ്സിലാക്കണം. ധൈര്യക്ഷയം ഒരിക്കലും ദൈവത്തില്‍നിന്നല്ല വരുന്നത്. അതു വരുന്നത് എപ്പോഴും പിശാചില്‍നിന്നുതന്നെയാണ്. അതുപോലെതന്നെ കലഹം, അക്രമം, വിദ്വേഷം, അസൂയ, പരദൂഷണം, പരാതിപറച്ചില്‍, പിറുപിറുപ്പ്, അധികാരത്തിനെതിരെയുള്ള മത്സരം തുടങ്ങിയ എല്ലാവിധ ദോഷങ്ങളും സാത്താനില്‍നിന്നാണ് ഉദ്ഭവിക്കുന്നത്. നമ്മുടെ ജീവിതത്തില്‍ ഈ തിന്മകളെ ജയിക്കുന്നതിനു വേണ്ടി നമ്മുടെ ശത്രുവിനെക്കുറിച്ചു അറിവുണ്ടായിരിക്കേണ്ടത് ആവശ്യമത്രേ.

പുതിയ നിയമത്തിന്‍റെ ആദ്യപുറങ്ങളിലും നാം സാത്താനെപ്പറ്റി വായിക്കുന്നു. യേശു ജലത്തില്‍ സ്‌നാനമേല്‍ക്കുകയും പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടുകയും ചെയ്തശേഷം സാത്താന്‍ മരു ഭൂമിയില്‍വച്ച് അദ്ദേഹത്തെ എതിരിടുകയും പരീക്ഷിക്കുകയും ചെയ്തതായി നാം മനസ്സിലാക്കുന്നു.

സാത്താന്‍ യേശുവിനെ പരീക്ഷിച്ചതിനെപ്പറ്റിയുള്ള ഈ വിശദവിവരങ്ങള്‍ നമുക്കു നല്‍കിയിട്ടുള്ളത് എന്തിനുവേണ്ടിയാണ്? നമ്മുടെ ആത്മാക്കളുടെ ശത്രുവായ സാത്താന്‍റെ തന്ത്രങ്ങളെയും ശക്തിയെയും പറ്റി നാം അജ്ഞരായിരിക്കരുത്. അതിനുവേണ്ടിത്തന്നെ.

ചെറുപ്പക്കാര്‍ സാത്താനെപ്പറ്റി അറിഞ്ഞിരിക്കേണ്ടത് സര്‍വ പ്രധാനമത്രേ. കാരണം ബൈബിള്‍ സാത്താനെക്കുറിച്ചു പഠിപ്പിക്കുന്ന കാര്യം നിങ്ങള്‍ ഒരിക്കല്‍ അറിഞ്ഞിരുന്നാല്‍ പിന്നീടു നിങ്ങള്‍ കരുതലുള്ളവരായിരിക്കും. മറ്റനേകമാളുകള്‍ സാത്താനെ ഭയപ്പെടുന്നതുപോലെ പിന്നീടു നിങ്ങള്‍ അവനെ ഭയപ്പെടേണ്ട ആവശ്യവും ഇല്ലാതായിത്തീരും.

സാത്താനെപ്പറ്റി ബൈബിള്‍ പഠിപ്പിക്കുന്നതെന്താണെന്നു അറിവില്ലാത്തതു മൂലം പലര്‍ക്കും അവനെപ്പറ്റി ഭയമാണ്. അവനെ കര്‍ത്താവായ യേശുക്രിസ്തു കാല്‍വറിയില്‍ തോല്‍പിച്ചുവെന്ന വസ്തുത അവര്‍ക്കറിവില്ലാത്തതിനാല്‍ ആളുകള്‍ തങ്ങളുടെമേല്‍ മന്ത്രവാദവും ക്ഷുദ്രപ്രയോഗവും നടത്തുന്നതിനെ അവര്‍ ഭയപ്പെടുന്നു. നമുക്കെല്ലാവര്‍ക്കും വേണ്ടി ക്രൂശിന്മേല്‍ യേശു ചെയ്തതു എന്താണെന്നു കാണുവാന്‍ ഒരിക്കല്‍ നിങ്ങളുടെ കണ്ണുകള്‍ തുറക്കപ്പെടുന്നപക്ഷം നിങ്ങള്‍ പിന്നീടൊരിക്കലും സാത്താനെ ഭയപ്പെടുകയില്ല.

യേശുക്രിസ്തു പ്രസംഗിച്ചിരുന്ന യഹൂദദേവാലയങ്ങളില്‍ വച്ച് സാത്താന്‍ ചെയ്തിരുന്നതുപോലെ ചിലപ്പോള്‍ അവന്‍ പിശാച് ബാധിച്ച ആളുകളിലൂടെ ക്രിസ്തീയയോഗങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അതിന് അവനെ ഒരിക്കലും അനുവദിച്ചുകൂടാ. ഒരിക്കല്‍ ബാംഗ്ലൂരിലുള്ള ഞങ്ങളുടെ മീറ്റീംഗ്ഹാളില്‍ നടന്നിരുന്ന ഒരു വേദപഠനയോഗത്തിന്‍റെ മധ്യത്തില്‍ അതു തടസ്സപ്പെടുത്തുവാന്‍വേണ്ടി പിശാചു ബാധിച്ച ഒരു മനുഷ്യന്‍ പാമ്പിഴയുന്നതുപോലെ ശ്രോതാക്കളുടെ മധ്യത്തിലൂടെ ഇഴഞ്ഞ് പ്രസംഗവേദിക്കു നേരേ വന്നു. യേശുവിന്‍റെ നാമത്തില്‍ പിശാചിനെ ശാസിച്ചതോടെ അതിനാല്‍ ബാധിതനായ മനുഷ്യന്‍ അവിടെത്തന്നെ തറയില്‍ ഉറക്കം ബാധിച്ചു നിശ്ചേഷ്ടനായിക്കിടന്നു. ബൈബിള്‍ പഠനം തീര്‍ന്ന് ഞങ്ങള്‍ എല്ലാവരും ആമേന്‍ പറഞ്ഞു കഴിഞ്ഞപ്പോള്‍ അയാള്‍ ഉണര്‍ന്നു. അപ്പോള്‍ ഞങ്ങള്‍ അയാളോടു സംസാരിച്ചു. സാത്താന്‍ തന്‍റെ ഏതെങ്കിലും ഏജന്‍റുമാരിലൂടെ ഇപ്രകാരം ബൈബിള്‍ പഠനത്തെ തടസ്സപ്പെടുത്തുവാന്‍ ഞങ്ങള്‍ അനുവദിച്ചിട്ടില്ല.

മറ്റൊരിക്കല്‍ വെളിമ്പ്രദേശത്തു നടത്തപ്പെട്ട ഒരു വലിയ പൊതുയോഗത്തില്‍ വളരെ പ്രധാനമായ ഒരു കാര്യം ഞാന്‍ പറഞ്ഞുകൊണ്ടിരിക്കെത്തന്നെ ഒരു മനുഷ്യന്‍ പെട്ടെന്നു പ്രസംഗവേദിയുടെ മുമ്പില്‍ നൃത്തം ചെയ്യുവാനാരംഭിച്ചു. പരിഭാഷകനിലൂടെ അയാളോട് ഇരിക്കുവാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ എന്റെ അപേക്ഷ നിരസിച്ചു. അപ്പോള്‍ യേശുവിന്റെ നാമത്തില്‍ ഞങ്ങള്‍ അവനിലുള്ള ഭൂതത്തെ ശാസിച്ചു. അതോടെ അയാള്‍ അവിടെനിന്നു നീങ്ങുകയും, പോയി ശാന്തമായി ഒരിടത്തു ഇരിക്കുകയും ചെയ്തു.

അതേ, യേശുവിന്‍റെ നാമത്തില്‍ നാം ഭൂതങ്ങളോടു കല്‍പിക്കുമ്പോള്‍ അവ അതനുസരിക്കുവാന്‍ ബാധ്യസ്ഥരാണ്. കാരണം, അവയെല്ലാം കാല്‍വറിയില്‍ യേശുവിനാല്‍ തോല്‍പിക്കപ്പെട്ടവയാണ്.

കാല്‍വറിയിലെ ക്രൂശില്‍വച്ച് സാത്താനെ തോല്‍പിച്ച യേശു ക്രിസ്തുവിന്‍റെ ബലവത്തായ നാമത്തിന് വലിയ ശക്തിയുണ്ടെന്നും നാം അറിയുന്നത് വളരെ പ്രധാനമായ കാര്യമാണ്. നിങ്ങള്‍ ഒരിക്കലും സാത്താനെ ഭയപ്പെടേണ്ട ആവശ്യമില്ല. നിങ്ങളുടെ ഈ ശത്രുവിനെ നിങ്ങള്‍ അറിയാതിരിക്കുമ്പോഴാണ് അവന്‍ നിങ്ങളോട് ഏതെങ്കിലുമൊക്കെ ചെയ്‌തേക്കാമെന്ന ഭയം നിങ്ങള്‍ക്കുണ്ടാകുന്നത്. എന്നാല്‍ നിങ്ങള്‍ യേശുവിനെ നിങ്ങളുടെ ജീവിതത്തിന്‍റെ മുഴുവന്‍ അധീശനായിരിക്കുവാന്‍ അനുവദിക്കുമെങ്കില്‍ സാത്താനു നിങ്ങളെ തൊടുവാന്‍ സാധ്യമല്ല. എന്തെന്നാല്‍ യേശു ക്രൂശില്‍വച്ച് അവനെ തോല്‍പിച്ചതോടെ സാത്താന്‍റെ ശക്തി സമ്പൂര്‍ണ്ണമായിത്തന്നെ അവനില്‍നിന്നും നീക്കപ്പെട്ടു.

അധ്യായം 2
സാത്താന്‍റെ ഉദ്ഭവം

ദൈവം നിത്യത മുതലേ ഉള്ളവനാണെന്നു നമുക്കെല്ലാമറിയാം. ''ആദിയില്‍ ദൈവം'' എന്ന പ്രസ്താവനയോടെയാണ് ബൈബിള്‍ ആരംഭിക്കുന്നത് (ഉല്‍പത്തി 1:1). ബൈബിളിലെ ആദ്യത്തെ രണ്ടു വാക്കുകള്‍ ഇവയാണ്. നിത്യതയുടെ നീണ്ട യുഗങ്ങളെയാണു ഈ വാക്കുകള്‍ കുറിക്കുന്നത്. നമ്മുടെ മനസ്സുകള്‍ക്കു ഗ്രഹിക്കുവാന്‍ പാടില്ലാത്തവണ്ണം അത്ര പ്രാചീനമാണ് ആ യുഗങ്ങള്‍. എന്തെന്നാല്‍ കാലത്തെ മാത്രമേ നമ്മുടെ മനസ്സുകള്‍ക്കു ഗ്രഹിക്കുവാന്‍ കഴിവുള്ളു. കാലം ആരംഭിക്കുന്നതിനു മുമ്പു തന്നെ ദൈവം ഉണ്ടായിരുന്നു.

എന്നാല്‍ കാലം ആരംഭിക്കുന്നതിനു മുമ്പു സാത്താന്‍ ഉണ്ടായിരുന്നില്ല. സാത്താന്‍ ഒരു സൃഷ്ടിയാണ്. എന്നാല്‍ ദൈവം ഒരു ദുഷ്ടസത്യത്തെ സൃഷ്ടിച്ചുവെന്ന് ഇതുകൊണ്ടര്‍ത്ഥമാകുന്നുണ്ടോ? ഇല്ല. അത് അസാധ്യമാണ്. തിന്മയുള്ള ഒന്നിനെയും ദൈവം ഒരിക്കലും സൃഷ്ടിക്കുന്നില്ല. താന്‍ സൃഷ്ടിക്കുന്നവയെല്ലാം പരിപൂര്‍ണ്ണമാണ്.ആദാം, ഹവ്വ എന്നിവര്‍ പോലും ദൈവം അവരെ സൃഷ്ടിച്ചപ്പോള്‍ പരിപൂര്‍ണ്ണരായിരുന്നു. അന്ന് സാത്താന് ശോഭയുള്ളവന്‍ അഥവാ ലൂസിഫര്‍ എന്നായിരുന്നു പേര് (യെശയ്യാവ് 14:12). ലൂസിഫര്‍ എന്ന പേരിന് ഇപ്പോള്‍ ഒരു ദുരര്‍ത്ഥമാണുള്ളത്. എന്നാല്‍ അവന്‍ ആദ്യമായി സൃഷ്ടിക്കപ്പെട്ട ആ ആദിമകാലത്ത് അത് അപ്രകാരമല്ലായിരുന്നു.

ദൈവത്തിനു സ്തുതി പാടി ആരാധിക്കുന്ന കാര്യത്തില്‍ ദൈവദൂതന്മാര്‍ക്കു നേതൃത്വം നല്‍കവാന്‍ ദൂതസംഘത്തലവനായിട്ടാണ് അവന്‍ സൃഷ്ടിക്കപ്പെട്ട സമയത്ത് ദൈവം അവന് പ്രക്യത്യതീതമായ പല കഴിവുകളും അധികാരങ്ങളും നല്‍കിയിരുന്നു. എന്നാല്‍ അതിനുശേഷം അവന്‍ പാപത്തില്‍ വീഴുകയും സാത്താനായിത്തീരുകയും ചെയ്തു.

എങ്കിലും സാത്താന് ഇന്നും ആ ശക്തികള്‍ ഉണ്ട്. കാരണം, അവന്‍ വീണുപോയപ്പോള്‍ ദൈവം അവനില്‍നിന്നും എടുത്തുകളഞ്ഞില്ല.

ദൈവം സാത്താനില്‍നിന്നും ആ ശക്തികള്‍ എടുത്തുകളയാഞ്ഞതെന്തുകൊണ്ടെന്ന് നാം അദ്ഭുതപ്പെട്ടേക്കാം. കാരണമിതാണ്: ദൈവം താന്‍ നല്‍കുന്ന ദാനങ്ങളെ സാധാരണഗതിയില്‍ ഒരിക്കലും തിരിച്ചെടുക്കുക പതിവില്ല. മനുഷ്യരായ നാം പോലും നാം മറ്റൊരാള്‍ക്കു ദാനമായി നല്‍കിയ ഒരു വസ്തു, അയാള്‍ ഒരിക്കല്‍ നമുക്കെതിരായിത്തിരിഞ്ഞാല്‍പ്പോലും സാധാരണഗതിയില്‍ തിരിച്ചെടുക്കാറില്ലല്ലോ.

സാത്താന്‍ മനുഷ്യര്‍ക്കു ദോഷം ചെയ്യുവാനായി തന്‍റെ ശക്തിയെ ഉപയോഗിക്കുന്നു. ഈ കാരണത്താലാണു അവനുമായി ബന്ധപ്പെടുന്ന വ്യക്തികള്‍ക്ക് ക്ഷുദ്രപ്രയോഗത്തിലൂടെ പ്രകൃത്യതീതകാര്യങ്ങള്‍ ചെയ്യുവാന്‍ കഴിവു ലഭിക്കുന്നത്.

സാത്താനെക്കുറിച്ച് ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു: ''അരുണോദയപുത്രനായ ശുക്രാ, (അതായിരുന്നു അവന്‍റെ പേര് - ശോഭയുള്ളവന്‍) നീ എങ്ങനെ ആകാശത്തുനിന്നു വീണു?'' (യെശയ്യാവ് 14:12).

ദൂതസംഘത്തലവനെന്ന നിലയില്‍ ലൂസിഫര്‍ എപ്പോഴും ദൈവസന്നിധിയിലായിരുന്നു. അവന്‍ എങ്ങനെയാണ് വീണുപോയത്? അതിന്റെ കാരണം അടുത്ത രണ്ടു വാക്യങ്ങളില്‍ നല്‍കിയിരിക്കുന്നു. '' 'ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറും; എന്‍റെ സിംഹാസനം ദൈവത്തിന്‍റെ നക്ഷത്രങ്ങള്‍ക്കു മീതേ വയ്ക്കും... ഞാന്‍ അത്യുന്നതനോടു സമനാകും' എന്നല്ലോ നീ ഹൃദയത്തില്‍ പറഞ്ഞത്? എന്നാല്‍ നീ പാതാളത്തിലേക്ക് നാശകൂപത്തിന്‍റെ അടിയിലേക്കു തന്നെ വീഴും'' (യെശയ്യാവ് 14:13, 14).

ലൂസിഫര്‍ മറ്റെല്ലാ ദൈവദൂതന്മാരെക്കാളും കൂടുതല്‍ ഉന്നതമായ വരങ്ങള്‍ ഉള്ളവനും കൂടുതല്‍ സൗന്ദര്യശാലിയും അധികം പ്രകൃത്യതീതശക്തികള്‍ പ്രാപിച്ചവനുമായിരുന്നു. അവന്‍ ദൈവാരാധനയില്‍ ദൂതന്മാരെ നയിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ അവന്‍റെ ഹൃദയത്തില്‍ നിഗളം കടന്നു. അപ്പോള്‍ അവന്‍ ഇപ്രകാരം ചിന്തിക്കുവാന്‍ തുടങ്ങി: ''ഒരാള്‍ മാത്രമേ എന്നെക്കാള്‍ വലിയവനായിട്ടുള്ളു. ദൈവം തന്നെ. അവിടുത്തെമേലും ഞാന്‍ ആധിപത്യം കരസ്ഥമാക്കും.''

അവന്‍റെ ഹൃദയത്തിലേക്കു കടന്നുവന്ന ഭോഷത്തം നിറഞ്ഞ ഒരു ചിന്തയായിരുന്നു ഇത്. തന്‍റെ സ്രഷ്ടാവിന്നുപരിയായി അവന് എങ്ങനെ ഉയരുവാന്‍ കഴിയും? എന്നാല്‍ ഇതാണ് സാത്താന്‍റെ സ്വഭാവം, സമര്‍ത്ഥനെങ്കിലും താന്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പല കാര്യങ്ങളിലും അവന്‍ ഭോഷത്തം നിറഞ്ഞവനാണ്. ലോകത്തിലുള്ള സമര്‍ത്ഥരായ പല ആളുകളും ആത്മീയമായി ഏറ്റവും ബുദ്ധിഹീനമായ ധാരാളം കാര്യങ്ങള്‍ ചെയ്യാറുണ്ട്. നാം സാത്താനെക്കുറിച്ച് അധികം മനസ്സിലാക്കുന്തോറും താന്‍ ചെയ്യുന്ന പല കാര്യങ്ങളിലും അവന്‍ എത്ര ഭോഷനാണെന്നു കാണുവാന്‍ നമുക്കു കഴിയും.

ദൈവം അവനെ ആക്കിയിരുന്ന സ്ഥാനത്തു തുടരുവാന്‍ സാത്താന്‍ സന്തുഷ്ടനായിരുന്നില്ല. എല്ലാവരും അവനെ ആരാധിക്കുന്ന ഒരു സ്ഥാനത്തേക്ക് ഉയരുവാന്‍ അവന്‍ ആഗ്രഹിച്ചു! അവന്‍ അപ്രകാരം പറഞ്ഞില്ല. എങ്കിലും അവന്‍റെ ഹൃദയത്തില്‍ ആ വിധമുള്ള ചിന്തകള്‍ കടന്നുകൂടി (വാക്യം 13).

എന്നാല്‍ ദൈവം നമ്മുടെ ഹൃദയങ്ങളെ കാണുന്നു. അവിടുന്ന് ലൂസിഫറിന്‍റെ ഹൃദയത്തെയും കണ്ടിരുന്നു. അവന്‍ ഉന്നം വയ്ക്കുന്നതെന്താണെന്നു ദൈവം കണ്ടു.

പരീക്ഷയും പാപവും തമ്മില്‍ ഒരു വ്യത്യാസം ഉണ്ട്.

പരീക്ഷ ആദ്യമായി ഒരു ചിന്തയുടെ രൂപത്തില്‍ ഹൃദയത്തിലേക്കു വരുന്നു. എന്നാല്‍ ആ ചിന്തയുമായി നാം അനുകൂലിക്കുന്ന സമയത്തു മാത്രമേ നാം പാപം ചെയ്യുന്നുള്ളൂ. നേരെമറിച്ച് ആ ചിന്തയെ നാം ഉടന്‍ തന്നെ നിരസിച്ചു കളയുമെങ്കില്‍ നാം പാപം ചെയ്യുന്നില്ല (യാക്കോബ് 1:14,15).

ഉദാഹരണമായി മറ്റൊരു വ്യക്തിയെ ആളുകളുടെ ദൃഷ്ടിയില്‍ അയാള്‍ക്കുള്ള നിലയില്‍നിന്നു വലിച്ചു താഴ്ത്തുവാനുള്ള ഒരു ദുഷ്ചിന്ത എപ്പോഴെങ്കിലും നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ? അതുമൂലം നിങ്ങള്‍ക്ക് അയാളെക്കാള്‍ മികച്ച ഒരുവനെന്ന സ്ഥാനം ലഭിക്കുന്നതിനുവേണ്ടിയാകാം ഈ ചിന്തയുണ്ടാകുന്നത്.

ഇപ്രകാരം ഒരു ചിന്തയുണ്ടായ ആദ്യത്തെ വ്യക്തി ആരാണെന്നു നിങ്ങള്‍ക്കറിയാമോ? ലൂസിഫര്‍ ആയിരുന്നു അത്. ആരെയാണ് അവന്‍ വലിച്ചുതാഴ്ത്തുവാനാഗ്രഹിച്ചത്? ദൂതന്മാരെയല്ല; കാരണം, അവര്‍ അപ്പോള്‍ തന്നെ അവനെക്കാള്‍ താണവരായിരുന്നു. ദൈവത്തെ വലിച്ചു താഴ്ത്തുവാനാണ് അവന്‍ ആഗ്രഹിച്ചത്. മറ്റുള്ളവരെക്കാള്‍ ഉയര്‍ന്ന സ്ഥാനം പ്രാപിക്കുവാന്‍വേണ്ടി അവരെ വലിച്ചു താഴ്ത്തുകയെന്ന ചിന്ത - അതു സാത്താന്‍റെ മനോഭാവം തന്നെയാണ്.

നിങ്ങള്‍ നിങ്ങളുടെ ശത്രുവിനെ അറിയണമെന്നു ഞാന്‍ പറയുന്നതെന്തുകൊണ്ട്? കാരണം, ഇപ്രകാരമൊരു ചിന്ത നിങ്ങളുടെ മനസ്സില്‍ പ്രവേശിക്കുമ്പോള്‍ നിങ്ങളുടെ ശത്രു നിങ്ങള്‍ക്കുള്ളില്‍ കടക്കുവാനാഗ്രഹിക്കുന്നുവെന്ന് നിങ്ങള്‍ ഗ്രഹിക്കണം. അപ്പോള്‍ അലറുന്ന സിംഹം നിങ്ങളെ വിഴുങ്ങുവാന്‍ കാത്തിരിക്കുകയാണ്.

ഏറ്റവും ഉന്നതനായ പ്രധാനദൂതന് പിശാചായി മാറുവാന്‍ അനേക വര്‍ഷങ്ങള്‍ വേണ്ടിവന്നില്ല. അതിന് ഒരൊറ്റനിമിഷം മാത്രമേ വേണ്ടിയിരുന്നുള്ളു. അവന്‍ ക്രമേണ പടിപടിയായി അധഃപതിക്കുകയല്ല ഉണ്ടായത്. യേശുക്രിസ്തു പറഞ്ഞിട്ടുള്ളതുപോലെ അവന്‍ ഒരു നിമിഷത്തിനുള്ളില്‍ മിന്നല്‍പോലെ താഴോട്ടു വീണുപോകയാണു ചെയ്തത് (ലൂക്കോസ് 10:18). അവന്‍ ശോഭാപൂര്‍ണ്ണനായ ഒരു ദൂതനായിരുന്നതിന് തൊട്ടടുത്ത നിമിഷത്തില്‍ തന്നെ ദൈവത്തെപ്പോലെയാകുവാനുള്ള ചിന്തയെ അവന്‍ ഹൃദയത്തില്‍ താലോലിച്ചു. അപ്പോള്‍ പെട്ടെന്നു തന്നെ അവന്‍ പിശാചായി മാറുകയും ചെയ്തു.

ഒരു ദൈവദൂതന് ഒരു പിശാചായി മാറുവാന്‍ എത്ര സമയം വേണം? ഒരു സെക്കന്‍ഡുപോലും വേണ്ടാ. ഒറ്റ നിമിഷം മാത്രം മതി. വാസ്തവത്തില്‍ നന്മ നിറഞ്ഞവനായ ഒരു മനുഷ്യന് പിശാചിനെപ്പോലെയായിത്തീരുവാന്‍ എത്ര സമയം വേണം? ഒരു നിമിഷം. അത്ര മാത്രം. ഈ കാര്യം നിങ്ങള്‍ ഓര്‍ത്തു കൊള്ളുക.

സാത്താന്‍റെ ഉദ്ഭവത്തെക്കുറിച്ച് നമ്മെ അറിയിക്കുന്ന മറ്റൊരു വേദഭാഗം യെഹെസ്‌ക്കേല്‍ 28 അധ്യായമാണ്. അവിടെ സാത്താനെ" സോര്‍ രാജാവ്" എന്നു വിളിച്ചിരിക്കുന്നു (വാക്യം 12). ഈ ലോകത്തിലെ ഭരണാധികാരികളുടെ പിന്നില്‍ പൈശാചികശക്തികള്‍ ഉണ്ട്. ആ സമയത്ത് സാത്താന്‍ തന്നെയും സോര്‍ രാജാവിന്‍റെ ഉള്ളിലായിരുന്നു. ആ മാനുഷികഭരണാധികാരിയുടെ ഉള്ളില്‍ വസിച്ചിരുന്ന സാത്താനോട് ദൈവം ഈ ഭാഗത്തു സംസാരിക്കുന്നു.

സാത്താന്‍ ഏദെന്‍തോട്ടത്തിലായിരുന്ന സമയത്തെക്കുറിച്ചു ദൈവം അവനെ ഓര്‍പ്പിക്കുന്നു (വാക്യം 13). ആദാമും ഹവ്വയും ഏദെന്‍ തോട്ടത്തില്‍ വരുന്നതിനു മുമ്പ് ലൂസിഫര്‍ അവിടെയായിരുന്നുവെന്ന് ഇതു വ്യക്തമാക്കുന്നു. അവനെ സൃഷ്ടിച്ച നാള്‍ മുതല്‍ അവങ്കല്‍ നീതികേടു കണ്ടതു വരെ അവന്‍ നിഷ്‌കളങ്കനായിരുന്നുവെന്ന് യഹോവ സാത്താനെ ഓര്‍പ്പിക്കുന്നു (വാക്യം 15-17).

പ്രാഥമികമായി അവന്‍റെ സൗന്ദര്യം നിമിത്തം ലൂസിഫറിന്‍റെ ഹൃദയം നിഗളിച്ചു. നിങ്ങള്‍ എപ്പോഴെങ്കിലും കണ്ണാടിയില്‍ നോക്കുമ്പോള്‍ നിങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ചു എത്ര സൗന്ദര്യമുള്ള വ്യക്തിയെന്നു കണ്ടിട്ട് നിങ്ങളുടെ ഹൃദയം നിഗളിക്കുന്നുണ്ടോ? സൂക്ഷിച്ചു കൊള്ളുക. ദൈവം നിങ്ങള്‍ക്കു നല്‍കിയിട്ടുള്ള നല്ല കാര്യങ്ങള്‍ക്കായി അവിടുത്തെ സ്തുതിക്കുക. സൗന്ദര്യമുള്ള ഒരു മുഖം ഉണ്ടായിരിക്കുന്നതില്‍ തെറ്റായിട്ടൊന്നുമില്ല. എന്നാല്‍ അതിനെപ്പറ്റി നിഗളം തോന്നുന്നതില്‍ എല്ലാ ദോഷവും അടങ്ങിയിട്ടുണ്ടുതാനും. കാരണം, അപ്പോള്‍ നിങ്ങള്‍ സാത്താന് ഹൃദയവാതില്‍ തുറന്നുകൊടുക്കുകയാണ്.

ലൂസിഫറിന്‍റെ നിഗളത്തിനു മറ്റൊരു കാരണം അവന്‍റെ സാമര്‍ത്ഥ്യമായിരുന്നു. എല്ലാ സൃഷ്ടികളിലും വച്ചേറ്റവും ബുദ്ധിശാലി സാത്താനാണ് എന്ന് നിങ്ങള്‍ക്കറിയാമോ? ബുദ്ധിശാലിയായിരിക്കുന്നതില്‍ തെറ്റൊന്നുമില്ല. നമ്മുടെ ബുദ്ധിശക്തി ദൈവമഹത്വത്തിനായിട്ടുപയോഗിക്കുവാന്‍ നമുക്കു സാധിക്കും. എന്നാല്‍ അതിനെപ്പറ്റി ദുരഭിമാനം തോന്നുവാന്‍ യാതൊരവകാശവും നമുക്കില്ല. ദൈവത്തെ സേവിക്കുന്നതിനുവേണ്ടി ഒരു ബുദ്ധിഹീനനായി നാം തീരണമെന്നില്ല. അതിനാല്‍ നിങ്ങളുടെ ബുദ്ധിശക്തിക്കുവേണ്ടി ദൈവത്തെ സ്തുതിക്കുക. നിങ്ങളുടെ സൗന്ദര്യത്തിനുവേണ്ടിയും അവിടുത്തെ സ്തുതിക്കുക. എന്നാല്‍ ഒരിക്കലെങ്കിലും ഇതിലൊന്നിനെപ്പറ്റിപ്പോലും നിങ്ങള്‍ നിഗളിക്കരുത്.

ലൂസിഫറിന്‍റെ നിഗളത്തിന്‍റെ മൂന്നാമത്തെ കാരണം അവന് എല്ലാ സൃഷ്ടികളിലും വച്ച് അത്യൂന്നതസ്ഥാനമുണ്ടായിരുന്നു എന്നതാണ്. അവന്‍ നിഗളിക്കുവാനുണ്ടായിരുന്ന ഈ മൂന്നു കാരണങ്ങളും - സൗന്ദര്യം. ബുദ്ധിവൈഭവം, സ്ഥാനമഹത്വം എന്നിവ മൂന്നും - ദൈവത്തിന്റെ ദാനമാണെന്നു മനസ്സിലാക്കുന്നതില്‍ അവന്‍ പരാജയപ്പെട്ടു. പല മനുഷ്യ വ്യക്തികളും പല ക്രിസ്ത്യാനികള്‍തന്നെയും മനസ്സിലാക്കാതിരിക്കുന്ന ഒരു കാര്യം അതാണ്. ആ കാരണത്താലാണ് സാത്താന്‍ അന്തിമമായി അവരെ നശിപ്പിക്കുവാനിടയാക്കുമാറ് അവരുടെ ജീവതത്തില്‍ അവന് ഒരു ചവിട്ടുപടി ലഭിക്കുന്നത്.

ഇപ്രകാരം ലോകത്തിലുള്ള സകല പാപവും നിഗളത്തില്‍ നിന്നാണുദ്ഭവിച്ചതെന്ന് -അതേ, കൊലപാതകത്തില്‍ നിന്നോ വ്യഭിചാരത്തില്‍ നിന്നോ അല്ല, നിഗളത്തില്‍ നിന്നുതന്നെയാണുദ്ഭവിച്ചതെന്ന് - നാം കാണുന്നു. ആ കാരണത്താലാണ് യേശുവിന്‍റെ സ്വയം വിനയപ്പെടുത്തലിലൂടെ രക്ഷ വരുവാനിടയായത്. സാത്താന്‍റെ എല്ലാ തന്ത്രങ്ങളില്‍നിന്നും കൗശലങ്ങളില്‍നിന്നുമുള്ള വിടുതലിന്‍റെ മാര്‍ഗ്ഗം വിനയത്തിന്‍റെ മാര്‍ഗ്ഗം തന്നെയാണ്.

ജീവിതത്തില്‍ ഒരാള്‍ക്കു ലഭിച്ചിട്ടുള്ള ഭാഗധേയത്തെപ്പറ്റി അതൃപ്തി തോന്നുവാനുള്ള കാരണവും ലൂസിഫറിലൂടെ നാം മനസ്സിലാക്കുന്നു. ദൈവത്തിന്‍റെ വീക്ഷണകോണത്തിലൂടെ നാം ഈ ലോകത്തെ നോക്കുന്നപക്ഷം അതൃപ്തി, പാരതി, പിറുപിറുപ്പ് ഇവയുള്ള മനുഷ്യരാല്‍ ലോകം മുഴുവന്‍ നിറഞ്ഞിരിക്കുന്നതായി നമുക്കു കാണുവാന്‍ കഴിയും. ഈയൊരു മനോഭാവം സാത്താനില്‍നിന്നാണു അവര്‍ക്കെല്ലാം ലഭിച്ചിട്ടുള്ളത്.

ലൂസിഫറില്‍നിന്നുദ്ഭവിച്ച മറ്റൊരു കാര്യം അധികാരത്തിനെതിരായ മത്സരമാണ്. ലൂസിഫറിന് ഉപരിയായി ഒരൊറ്റ അധികാരമേ ഉണ്ടായിരുന്നുള്ളു. അതു ദൈവത്തിന്‍റെ അധികാരമായിരുന്നു. അതിനെതിരെ അവന്‍ മത്സരിച്ചു. തനിക്ക് ആ അധികാരത്തിനുപരി ചെന്നെത്തണമെന്ന് അവന്‍ ആഗ്രഹിക്കുകയും ദൈവത്തെ വലിച്ചുതാഴ്ത്തുവാന്‍ അവന്‍ ശ്രമിക്കുകയും ചെയ്തു.

ഈ മനോഭാവം നാം മനുഷ്യവര്‍ഗ്ഗത്തില്‍ കാണുന്നുണ്ടോ? വിവിധ രാജ്യങ്ങളില്‍ വിപ്ലവത്തിനു വഴിയൊരുക്കിയിട്ടുള്ളതും വ്യവസായശാലകളില്‍ പണിമുടക്കുകള്‍ക്കു ഇടവരുത്തുന്നതും അധികാരത്തിനെതിരേയുള്ള മാത്സര്യമാണ്. ഇക്കാലത്ത് ഈ മനോഭാവം വിദ്യാര്‍ത്ഥികളില്‍പ്പോലും നാം കാണുന്നു. കോളേജ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ മാത്രമല്ല, സ്‌കൂള്‍ വിദ്യാര്‍ത്ഥികളിലും, എന്നുവേണ്ടാ, ഒരു ഭവനത്തിലെ കൊച്ചുകുട്ടികളില്‍പ്പോലും ഇതു നാം കാണുന്നുണ്ട്.

ലോകം അധഃപതിച്ചുകൊണ്ടിരിക്കുന്നുവെന്നതിന്‍റെ ഒരു സുനിശ്ചിതലക്ഷണമാണിത്. അധ്യാപകരോടും മാതാപിതാക്കളോടും സഭയിലെ മൂപ്പന്മാരോടു പോലുമുള്ള അനാദരവ് ഇന്ന് എല്ലാ സ്ഥലങ്ങളിലും പൊതുവേ കാണപ്പെടുന്നുണ്ട്.

ദൂതന്മാരില്‍ അത്യുത്തമനയാവനെ ഒരു പിശാചായി മാറ്റിയത് ഈ മനോഭാവമാണെന്ന കാര്യം നാം മറക്കരുത്. സല്‍സ്വഭാവിയായ ഒരു ആണ്‍കുട്ടിയെയോ പെണ്‍കുട്ടിയെയോ ഒരു പിശാചായി മാറ്റുവാന്‍ അതിനു കഴിയും.

ദൈവം ആരെയും ദുഷ്ടനാക്കിത്തീര്‍ക്കുന്നില്ല. നാം സാത്താന്‍റെ മനോഭാവത്തിനു നമ്മെ വിധേയരാക്കുമ്പോള്‍ മാത്രമാണ് നാം നമ്മെത്തന്നെ ദുഷ്ടരാക്കിത്തീര്‍ക്കുന്നത്.

അവസാനമായി ഒരു സ്വഭാവഘടകം ശ്രദ്ധിക്കുക. ലൂസിഫര്‍ വീണപ്പോള്‍ അവന്‍ തനിയേയല്ല വീണത്. അവനു കൂട്ടുകാരുണ്ടായിരുന്നു. അവന്‍ തന്നോടൊപ്പം ദൂതന്മാരില്‍ മൂന്നിലൊരു ഭാഗത്തെക്കൂടി വലിച്ചു താഴ്ത്തിയതായി വെളിപ്പാടു 12:4-ല്‍ നാം വായിക്കുന്നു. അവരും അവന്‍റെ നിഗളം, അതൃപ്തി, മത്സരം എന്നീ മനോഭാവങ്ങളില്‍ അവനോടു ചേരുകയാണുണ്ടായത്.

ഇന്നും നില ഇതു തന്നെ. ഒരു വ്യക്തി ദുഷ്ടനായി മാറുമ്പോള്‍ താന്‍ മാത്രമായി ദുഷ്ടതയില്‍ കഴിയുന്നതില്‍ അയാള്‍ സംതൃപ്തനല്ല. തന്‍റെ ദുരിതത്തിലേക്കും തിന്മയിലേക്കും മറ്റുള്ളവരെയും കൂടി വലിച്ചുതാഴ്ത്തുവാന്‍ അയാള്‍ ആഗ്രഹിക്കുന്നു. ഒരാളില്‍ രൂപമെടുക്കുന്ന ഒരു കയ്പ്പുള്ള വേര് മറ്റനേകം പേരെയുംകൂടെ, അവര്‍ ജാഗ്രതയുള്ളവരല്ലെങ്കില്‍, മലിനരാക്കുവാന്‍ സാധ്യതയുണ്ട് (എബ്രായര്‍ 12:15).

അധ്യായം 3
സാത്താന്‍റെ വഞ്ചന

ഉല്‍പത്തി മൂന്നാമധ്യായത്തില്‍ സാത്താന്‍റെ ആക്രമണസമ്പ്രദായം എങ്ങനെയുള്ളതെന്നു നമുക്കു കാണാന്‍ കഴിയും. ദൈവം സൃഷ്ടിച്ച എല്ലാ ജന്തുക്കളിലുംവച്ച് ഏറ്റവും കൗശലമുള്ളതായിരുന്നു പാമ്പെന്ന് അവിടെപ്പറയുന്നു. സാത്താന്‍ പാമ്പിന്‍റെ ഉള്ളില്‍ക്കടന്നു (ഗദരദേശത്തെ ഭൂതഗ്രസ്തനില്‍നിന്നു യേശു ഭൂതങ്ങളെ പുറത്താക്കിയപ്പോള്‍ അവ പന്നികളില്‍ കടന്നതുപോലെ). സാത്താന്‍ പാമ്പില്‍ക്കൂടി ഹവ്വയോടു സംസാരിച്ചു. അവന്‍ ഇപ്രകാരം ചോദിച്ചു: ''തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്‍റെ ഫലവും നിങ്ങള്‍ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ?'' ദൈവം സത്യമായും കല്പിച്ചതെന്തെന്നു ഹവ്വ പറഞ്ഞതുകേട്ട് സാത്താന്‍ ദൈവവചനത്തെ നിഷേധിച്ചുകൊണ്ടു ''നിങ്ങള്‍ മരിക്കയില്ല, നിശ്ചയം'' എന്നു ഉത്തരം പറഞ്ഞു.

സാത്താന്‍ വരുന്നതെങ്ങനെയെന്നു നോക്കുക. ആദ്യം തന്നെ അവന്‍ ദൈവവചനത്തെ ചോദ്യം ചെയ്യുന്നു.

നമ്മുടെ അടുക്കലേക്കു അവന്‍ വരുന്നതും ഇങ്ങനെ തന്നെ. ''നിങ്ങള്‍ അതു ചെയ്യരുതെന്ന് ദൈവം വാസ്തവമായിട്ടും കല്പിച്ചിട്ടുണ്ടോ?'' അവന്‍ ചോദിക്കുന്നു. ''അതു ചെയ്യുന്നതില്‍ എന്താണു തെറ്റ്? ഈ വേദപുസ്തകകല്പനകള്‍ പഴഞ്ചനാണ്. പൗലോസ് ജീവിച്ചിരുന്ന കാലത്തിനും സംസ്‌കാരത്തിനും വേണ്ടി എഴുതപ്പെട്ടതാണവ. ഇന്ന് ഈ ഇരുപതാം നൂറ്റാണ്ടില്‍ ആക്ഷരികമായി നാം അനുസരിക്കുവാന്‍ ഉദ്ദേശിക്കപ്പെട്ടതല്ല അതൊന്നും''.

യുവജനങ്ങളും പ്രായമായവരും കൂടെക്കൂടെ ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നതായി നാം കാണുന്നു. അപ്പോള്‍ തങ്ങള്‍ സാത്താന്‍റെ വക്താക്കളായിത്തീരുകയാണെന്നു അവര്‍ മനസ്സിലാക്കുന്നില്ല. എന്തോ തകരാറുണ്ടെന്ന് അവരുടെ മനസ്സാക്ഷി അവരോടു പറയുമ്പോള്‍ പോലും അവര്‍ തങ്ങളുടെ യുക്തിബോധം ഉപയോഗിക്കയും ദൈവം വിലക്കിയ കാര്യങ്ങളെപ്പററി സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

ദൈവവചനം നമ്മോട് ഏതെങ്കിലുമൊന്ന് കല്പിക്കുകയും ചിലതിനെ വിലക്കുകയും ചെയ്യുമ്പോള്‍ അതു ചെയ്യുവാന്‍ ദൈവത്തിനു തക്കതായൊരു കാരണമുണ്ടെന്നു നമുക്കു തീര്‍ച്ചയാക്കാം. എന്നാല്‍ ദൈവം അതു അപ്രകാരം ഉദ്ദേശിച്ചുവോ എന്നു ചോദ്യം ചെയ്യുവാന്‍ സാത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

ദൈവവചനത്തെ ചോദ്യം ചെയ്‌വാന്‍ നമ്മെ പ്രേരിപ്പിക്കുന്നതിലൂടെ സാത്താന്‍റെ അന്തിമലക്ഷ്യം എന്താണ്? ഹവ്വയുടെ കാര്യത്തില്‍ അവന്‍റെ ലക്ഷ്യം എന്തായിരുന്നുവോ അതു തന്നെ. നമ്മെ ദൈവത്തില്‍ നിന്നകററുക,ആദാമിനെയും ഹവ്വയെയും തന്‍റെ സന്നിധിയില്‍നിന്നു ദൈവം പുറത്താക്കിയതുപോലെ നമ്മെ തള്ളിക്കളയുവാനും പുറത്താക്കുവാനും ദൈവത്തെ നിര്‍ബന്ധിക്കുക-ഇതാണ് അവന്‍റെ ലക്ഷ്യം.

സാത്താന്‍ ഒരു മോഷ്ടാവാണെന്ന് ഒരിക്കല്‍ യേശു പറഞ്ഞു. സാത്താന്‍ പണം മോഷ്ടിക്കുന്നില്ല. കാരണം, പണത്തിനു ശാശ്വതമായൊരു വിലയില്ലെന്ന് അവനറിയാം. ശാശ്വതമായ വിലയുള്ളതിനെ മാത്രമേ സാത്താന്‍ മോഷ്ടിക്കുകയുള്ളൂ. പ്രാഥമികമായും മനുഷ്യരുടെ ആത്മാക്കളെത്തന്നെ. യേശു തുടര്‍ന്നു പറഞ്ഞു: സാത്താന്‍ മോഷ്ടിച്ചതിനുശേഷം അവന്‍ അതെല്ലാം അറുക്കുകയും മുടിക്കുകയും കൂടെച്ചെയ്യുന്നു (യോഹന്നാന്‍ 10:10). ഇതുമായി താരതമ്യം ചെയ്തു കൊണ്ട് നമുക്കു സമൃദ്ധമായ ജീവന്‍ നല്‍കുവാനാണ് താന്‍ വന്നിട്ടുള്ളതെന്ന് യേശു പറഞ്ഞു.

550 കോടി ജനങ്ങളുള്ള ഒരു ലോകത്തില്‍ തൊണ്ണൂറുശതമാനത്തിലധികം ആളുകളും യേശുക്രിസ്തുവിനെയും ദൈവവചനത്തെയും വിശ്വസിക്കാതെ സാത്താന്‍റെ വ്യാജത്തെയാണു വിശ്വസിക്കുന്നത്. ഇതാണ് അവരുടെ തിരഞ്ഞെടുപ്പെന്ന കാര്യം ആശ്ചര്യകരമല്ലേ? ഈ രംഗത്തു ദൈവവചനത്തോട് അനുസരണക്കേടു കാണിക്കുന്നത് ഗൗരവമുള്ള ഒരു കാര്യമല്ലെന്നു ജനങ്ങളെ വിശ്വസിപ്പിക്കുന്നതില്‍ സാത്താന്‍ എത്ര അദ്ഭുതകരമായ ഒരു പ്രവൃത്തിയാണ് ചെയ്തിട്ടുള്ളതെന്നു നമുക്കു കാണാന്‍ കഴിയും.

ആളുകള്‍ ആദ്യമായി മദ്യപാനം ചെയ്യുമ്പോള്‍, ആദ്യത്തെ സിഗരറ്റു വലിക്കുമ്പോള്‍, അഥവാ ഹെറോയിന്‍ പോലെയോ കൊക്കൊയിന്‍ പോലെയോ ഉള്ള ലഹരിമരുന്ന് ഉപയോഗിക്കുമ്പോള്‍ ഇതു ഭൂമിയില്‍വച്ച് അവരുടെ ശരീരമനസ്സുകളെ നശിപ്പിക്കുമെന്നും അന്തിമമായി നിത്യതയില്‍ അവരെ നരകത്തിലാക്കുമെന്നും സാത്താന്‍ അവര്‍ക്കു താക്കീതു നല്‍കുമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? ഇല്ല. അവന്‍ ഒരിക്കലും സത്യം പറയുകയില്ല. കാരണം, കേള്‍ക്കുവാന്‍ അരോചകമായ ഒന്നാണു സത്യം. അതിനുപകരം, ''ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ഇതു നിങ്ങള്‍ക്കൊരു രസം പ്രദാനം ചെയ്യും'' എന്നായിരിക്കും അവന്‍ പറയുന്നത്. ഹവ്വയോട് അവന്‍ പറഞ്ഞതും അതു തന്നെ.

ഈ വിധത്തിലാണ് ലോകത്തിലൂടനീളം ലക്ഷക്കണക്കിനു യുവജനങ്ങളെ സാത്താന്‍ വഞ്ചിച്ചുകൊണ്ടിരിക്കുന്നത്. ദൂര്‍ന്നടപ്പോ മറ്റുള്ളവരുടെ വസ്തുവകകള്‍ മോഷ്ടിക്കുകയോ ആണെങ്കില്‍പ്പോലും സാത്താന്‍ പറയും, ''ഇതിലെന്താണു തെറ്റ്? പത്തൊന്‍പതാം ശതാബ്ദത്തിലെ കാലഹരണപ്പെട്ട ആശയങ്ങള്‍ നിങ്ങളെ നയിക്കരുത്''. നിങ്ങളുടെ മനസ്സില്‍ സാത്താന്‍ പതിപ്പിക്കുന്ന ഇത്തരം ചിന്തകളെപ്പറ്റി ശ്രദ്ധാലുക്കളായിരിക്കുക. അവന്‍റെ അന്തിമലക്ഷ്യം നിങ്ങളെ നശിപ്പിക്കുകയാണ്.

ആ വൃക്ഷഫലം തിന്മാന്‍ നല്ലതെന്നു ഹവ്വ കണ്ടയുടന്‍ തന്നെ അവളുടെ ശരീരം അതിന്‍റെ അടുക്കലേക്കു ആകര്‍ഷിക്കപ്പെട്ടതായി ഉല്‍പത്തി 3:6-ല്‍ നാം കാണുന്നു. ഈ വിലക്കപ്പെട്ട കനിക്കു സമാനമായ പല വസ്തുക്കളും 20-ാം നൂറ്റാണ്ടില്‍ നാം കാണുന്നു. ദൈവം വിലക്കിയിട്ടുള്ള പല കാര്യങ്ങളിലേക്കും നമ്മുടെ ശരീരം ആകര്‍ഷിക്കപ്പെടുന്നതായി നാം കാണുന്നു.

ആ വിലക്കപ്പെട്ട വൃക്ഷം തന്‍റെ കണ്ണുകള്‍ക്കൊരു പ്രമോദമായിത്തീര്‍ന്നതായി ഹവ്വാ കണ്ടതായും ദൈവവചനം തുടര്‍ന്നു പറയുന്നു. നോക്കരുതെന്നു ദൈവം കല്‍പിച്ചിട്ടുള്ള പല കാര്യങ്ങളും നമ്മുടെ കണ്ണുകള്‍ക്ക് ആകര്‍ഷകമാകുന്നതായി നാമും കാണുന്നുണ്ട്.

ആ കനി തന്‍റെ ചിന്താഗതികള്‍ക്കും അനുയോജ്യമാണെന്ന് (ജ്ഞാനം പ്രാപിപ്പാന്‍ കാമ്യം) ഹവ്വാ കണ്ടതായി ബൈബിള്‍ തുടര്‍ന്നു പ്രസ്താവിക്കുന്നു. നമ്മുടെ മനസ്സുകളുടെ ഗതിയും ഇതേവിധത്തില്‍ തന്നെയാണ്. തെറ്റെന്നു നിങ്ങളുടെ മനസ്സാക്ഷി പറയുന്ന ചില കാര്യങ്ങളിലേക്കു നിങ്ങളുടെ ശരീരം ആകര്‍ഷിക്കപ്പെടുമ്പോള്‍ സൂക്ഷിച്ചുകൊള്ളുക.

താന്‍ ചെയ്യാന്‍പോകുന്ന കാര്യം തെറ്റാണെന്ന് ഹവ്വയുടെ മനസ്സാക്ഷി ആ സമയത്തു വ്യക്തമായി അവളോടു പറഞ്ഞിരിക്കുമെന്ന് എനിക്കുറപ്പുണ്ട്. ആ ഫലം തിന്നരുതെന്നു ദൈവം കല്പിച്ചിരുന്ന കാര്യം അവള്‍ വ്യക്തമായും ധരിച്ചിരുന്നു. എങ്കിലും എന്താണവള്‍ ചെയ്തത്? തന്‍റെ ശരീരവും മനസ്സും ആ ഫലം കാംക്ഷിച്ചതുമൂലം അതു തിന്നുന്നതില്‍ തെറ്റൊന്നുമില്ലെന്ന് അവള്‍ തന്നെത്തന്നെ സാമാധനപ്പെടുത്തി. തന്മൂലം തന്‍റെ മനസ്സാക്ഷിക്കു വിപരീതമായി അവള്‍ മുന്നോട്ടു നീങ്ങുകയും ആ വൃക്ഷഫലം തിന്നുകയും ചെയ്തു.

ഹവ്വയെക്കൊണ്ടു പാപം ചെയ്യിച്ചിട്ടു സാത്താനു എന്തു നേട്ടമുണ്ടായി? അനേകവര്‍ഷങ്ങള്‍ക്കുമുമ്പ് അവന്‍ തന്നെയും ദൈവസന്നിധിയില്‍നിന്നു വീണുപോയി. താന്‍ ദുഷിച്ചവനായിത്തീര്‍ന്നതോടെ മറ്റുള്ളവരെയും ദുഷിപ്പിക്കുവാന്‍ അവന്‍ തീരുമാനിച്ചു. മനുഷ്യവര്‍ഗ്ഗത്തിന്‍റെ കാര്യത്തിലും ഇപ്പോള്‍ അങ്ങനെ തന്നെയാണ്. ഒരു വ്യക്തി ഒരു തിന്മ ചെയ്യുമ്പോള്‍ താന്‍ ചെയ്ത തിന്മയില്‍ തനിച്ചായിരിക്കുവാന്‍ അയാള്‍ ആഗ്രഹിക്കുന്നില്ല. മറ്റുള്ളവരും അതേ തിന്മ ചെയ്യണമെന്നു അവന്‍ ആഗ്രഹിക്കുന്നു.

ചെറുപ്പക്കാരായ നിങ്ങളെല്ലാവരും സദൃശ്യവാക്യങ്ങളുടെ പുസ്തകം വായിക്കണമെന്നു നിങ്ങളെ ഉത്സാഹിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ പുസ്തകത്തിനു ഒട്ടനേകം വീഴ്ചകളില്‍നിന്നു നിങ്ങളെ സൂക്ഷിക്കുവാന്‍ കഴിയും. സദൃശ്യവാക്യങ്ങള്‍ 1:10-ല്‍ ഇപ്രകാരം പറയുന്നു: ''മകനേ, പാപികള്‍ നിന്നെ വശീകരിച്ചാല്‍ വഴിപ്പെട്ടു പോകരുത്''.

സാത്താന്‍ ദുഷ്ടനായിത്തീര്‍ന്നു. ഹവ്വയെയും തന്നോടൊപ്പം ദുഷ്ടയായിത്തീരുമാറ് തിന്മയിലേക്കു വലിച്ചുതാഴ്ത്തുവാന്‍ അവന്‍ ആഗ്രഹിച്ചു. അനന്തരം ഹവ്വ ആ ദുഷ്ടമനോഭാവം ബാധിച്ചവളായപ്പോള്‍ തന്‍റെ ഭര്‍ത്താവിനെയും തന്നോടൊപ്പം വലിച്ചുതാഴ്ത്തുവാനായി അവളുടെ ഉദ്യമം. തന്മൂലം അവള്‍ മറ്റൊരു ഫലം പറിച്ചു തന്‍റെ ഭര്‍ത്താവിനും കൊടുത്തു.

ശതാബ്ദങ്ങളായി ലോകത്തില്‍ തിന്മ പെരുകിക്കൊണ്ടിരിക്കുന്നത് ഈ വിധത്തിലാണ്. ഒരു മനുഷ്യന്‍ ദുഷിക്കുന്നു. അതോടെ അവന്‍ മറ്റുള്ളവരെയും തന്നോടൊപ്പം താഴ്ത്തുവാന്‍ ആഗ്രഹിക്കുന്നു.

ഈ കാരണത്താലാണു നാം എപ്പോഴും ജാഗ്രതയുള്ളവരായിരിക്കേണ്ടത്. സാത്താന്‍ എപ്പോഴും അലറുന്ന സിംഹം എന്നപോലെയാണ് വരുന്നതെങ്കില്‍ നാം അവനെ എളുപ്പത്തില്‍ തിരിച്ചറിയുമായിരുന്നു. എന്നാല്‍ എപ്പോഴും അവന്‍ അപ്രകാരമല്ല വരുന്നത്. ചിലപ്പോള്‍ അവന്‍ വളരെ പ്രിയങ്കരനും സുന്ദരനുമായ ഒരു "വെളിച്ചദൂതനെപ്പോലെയാണ്" വരുന്നത് (2 കൊരിന്ത്യര്‍ 11:14). അപ്പോഴാണ് നാം വാസ്തവത്തില്‍ കരുതലുള്ളവരായിരിക്കേണ്ടത്.

യേശു താന്‍ കഷ്ടമനുഭവിക്കയും ക്രൂശില്‍ മരിക്കയും ചെയ്യുമെന്നു ശിഷ്യന്മാരെ അറിയിച്ച സന്ദര്‍ഭമോര്‍ക്കുക. അപ്പോള്‍ പത്രോസ് പറഞ്ഞു: ''പാടില്ല, കര്‍ത്താവേ; അങ്ങേയ്ക്കു ഒരിക്കലും അപ്രകാരം ഭവിക്കരുത്''. എന്നാല്‍ യേശു ഉടന്‍തന്നെ ''സാത്താനെ, എന്നെ വിട്ടു പോ'' എന്നു പറഞ്ഞു പത്രോസിനെ ശാസിച്ചു (മത്തായി 16;23). ക്രൂശുമരണത്തെ ഒഴിവാക്കുവാനുള്ള നിര്‍ദ്ദേശം, അതു പത്രോസില്‍ നിന്നായിരുവെങ്കില്‍പ്പോലും, സാത്താന്‍റെ ശബ്ദമായിരുന്നുവെന്ന് അവിടുന്ന് മനസിലാക്കി.

താന്‍ ക്രൂശുമരണത്തെ അഭിമുഖീകരിക്കേണ്ടതാവശ്യമാണെന്ന് യേശുവിന് അറിയാമായിരുന്നു. കാരണം, മനുഷ്യന്‍റെ പാപങ്ങള്‍ക്കു മോചനം ലഭിക്കുവാനുള്ള മാര്‍ഗ്ഗം അതു മാത്രമായിരുന്നു. പത്രോസിനു അത് അറിവുണ്ടായിരുന്നില്ല. പത്രോസിന്‍റെ ഉദ്ദേശ്യം ശുദ്ധമായിരുന്നു; എങ്കിലും ആ സമയത്തു ക്രൂശുമരണം അഭിമുഖികരിക്കുന്നതില്‍നിന്നും അവിടുത്തെ തടയുവാനായി തന്നില്‍ക്കൂടി സംസാരിക്കുന്നതു സാത്താനാണെന്ന് അദ്ദേഹം മനസ്സിലാക്കിയില്ല. അതേ, സാത്താന് ഒരു ഉറ്റസ്‌നേഹിതനില്‍ക്കൂടെയും നമ്മുടെ അടുത്തു വരികയും മാനുഷികമായി ദയാപൂര്‍ണ്ണവും നല്ലതുമെന്നു തോന്നുന്ന ഒരു കാര്യം നമ്മോടു നിര്‍ദ്ദേശിക്കുകയും ചെയ്‌വാന്‍ കഴിയും. അതിനാല്‍ നാം എല്ലാ സമയത്തും ജാഗ്രതയുള്ളവരായിരിക്കണം.

നാമെല്ലാവരും ആഗ്രഹിക്കേണ്ട ഒരു കാര്യം ഗ്രഹണസൂക്ഷ്മതയുള്ള (സംവേദനക്ഷമമായ) ഒരു മനസ്സാക്ഷിയാണ്. നാമൊരു ചെറിയ തെറ്റ് ചെയ്യുമ്പോള്‍ പോലും നമ്മോട് ഉച്ചത്തില്‍ സംസാരിക്കുന്ന ഒരു മനസ്സാക്ഷി തന്നെ.

ഒരു ശിശുവിന്‍റെ പാദങ്ങളുടെ അടിവശം നോക്കുക. അത് എത്ര മൃദുവും കോമളവുമായിരിക്കുന്നു! അതിനെ നമ്മുടെ തന്നെ പാദങ്ങളുടെ അടിവശവുമായി താരതമ്യപ്പെടുത്തി നോക്കുക. എന്തൊരു വ്യത്യാസം! നിങ്ങളുടെ ഉള്ളംകാല്‍ വളരെ കഠിനമായിത്തീര്‍ന്നിരിക്കുന്നു. നിങ്ങളുടെ മനസ്സാക്ഷിയുടെ അവസ്ഥയും ഇതുപോലെതന്നെയാവാം.

നിങ്ങള്‍ ജനിച്ച സമയത്ത് നിങ്ങള്‍ക്ക് ഒരു ശിശുവിന്‍റെ മൃദുവായ ഉള്ളംകാല്‍പോലെ സംവേദനക്ഷമമായ (sensitive) ഒരു മനസ്സാക്ഷിയുണ്ടായിരുന്നു. നിങ്ങള്‍ ചെയ്ത ഏതു ചെറിയ തെറ്റിനെപ്പറ്റിയും ആ മനസ്സാക്ഷിക്കു ബോധ്യമുണ്ടാകുമായിരുന്നു. എന്നാല്‍ നിങ്ങള്‍ വളര്‍ന്നു വന്നപ്പോള്‍ നിങ്ങള്‍ മാതാപിതാക്കളോടു വ്യാജം പറയുവാനും അവരെ വഞ്ചിക്കുവാനും സാധനങ്ങള്‍ മോഷ്ടിക്കുവാനും മറ്റുള്ളവരെ പല പ്രകാരത്തില്‍ വേദനിപ്പിക്കുവാനും പരീക്ഷയില്‍ കള്ളം കാണിക്കുവാനും മാതാപിതാക്കളോടു മറുതലിക്കുവാനും മറ്റും മറ്റും ആരംഭിച്ചു. അങ്ങനെ നിങ്ങള്‍ സ്വന്തം മനസ്സാക്ഷിയെ അവഗണിക്കുകയും ദുഷിപ്പിക്കുകയും ചെയ്തു. തന്മൂലം ഇപ്പോള്‍ നിങ്ങളുടെ ഉള്ളംകാല്‍ പോലെ തന്നെ ആ മനസ്സാക്ഷി കഠിനവും പാപത്തെപ്പറ്റി സംവേദനക്ഷമതയില്ലാത്തതും ആയിത്തീര്‍ന്നു.

''സാത്താന്‍റെ തന്ത്രങ്ങളെപ്പറ്റി നാം അറിവില്ലാത്തവരല്ലല്ലോ'' എന്ന് ഒരു ഭാഗത്ത് പൗലോസ് പറയുന്നു (2 കൊരിന്ത്യര്‍ 2:11).

സാത്താന്‍ ഹവ്വയുടെ അടുക്കല്‍ വളരെ ആകര്‍ഷകമായ ഒന്നിലേക്കു അവളെ വശീകരിച്ചുകൊണ്ട് കൗശലത്തോടെ വരികയും അന്തിമമായി അവളെ നശിപ്പിക്കുകയും ചെയ്തു. ഇന്ന് അതേ വിധത്തില്‍ തന്നെ സാത്താന്‍ നമ്മുടെ അടുക്കല്‍ വരുന്നു. ഞാന്‍ ഇപ്പോള്‍ പറഞ്ഞ കാര്യങ്ങളില്‍ മാത്രമല്ല, സാത്താന്യമായ ആരാധനകളുടെ കൂടുതല്‍ പ്രത്യക്ഷമായ രൂപഭേദങ്ങളോടുകൂടെത്തന്നെയാണ് അവന്‍ വരുന്നത്. മന്ത്രവാദത്തിലൂടെയും പാമ്പു ഗുഹയും ('dungeons and drogons') പോലെയുള്ള കളികളിലൂടെയും മൃതാത്മാക്കളോടു സംസാരിക്കുവാന്‍ ഉപയോഗിക്കുന്ന ഫലകങ്ങളിലൂടെയും ജ്യോത്സ്യം, ജാതകം, ഹസ്തരേഖ എന്നുവേണ്ട, റോക്ക് സംഗീതം, ലഹരിമരുന്ന് തുടങ്ങിയവയിലൂടെയും അവന്‍ ആളുകളെ വഴിതെറ്റിക്കുന്നു. ജനഹൃദയങ്ങളില്‍ കടന്നുകൂടുവാന്‍ സാധ്യമായ എല്ലാ വഴികളും അവന്‍ അന്വേഷിക്കും.

വിഗ്രഹാരാധനയും ജനങ്ങളെ സാത്താനുമായുള്ള ബന്ധത്തിലേക്കു നയിക്കുന്നു. കാരണം, എല്ലാ വിഗ്രഹങ്ങളുടെയും പിന്നില്‍ ഒരു ദുരാത്മശക്തിയുണ്ട്.' ശിശുവായ യേശുവിന്‍റെയും മറിയയുടെയും' രൂപത്തില്‍ നിര്‍മ്മിച്ച വിഗ്രഹത്തില്‍പ്പോലും ഇതുണ്ട് (1 കൊരിന്ത്യര്‍ 10:19,20 നോക്കുക). അതിനാലാണ് ദൈവം വിഗ്രഹാരാധനയെ പൂര്‍ണ്ണമായി വെറുക്കുകയും അതിനെ സമ്പൂര്‍ണ്ണമായിത്തന്നെ ഉപേക്ഷിക്കുവാന്‍ നമ്മോടു കല്‍പിക്കുകയും ചെയ്തിട്ടുള്ളത് (പുറപ്പാട് 20:4,5: 1 കൊരിന്ത്യര്‍ 10:14; 1 യോഹന്നാന്‍ 5:21).

സിനിമാ, ടെലിവിഷന്‍, വിഡിയോഫിലിം എന്നിവയിലൂടെ യുവജനങ്ങളുടെ മനസ്സുകളെ ദുശ്ചിന്തകളാല്‍ മലിനമാക്കിത്തീര്‍ക്കുക എന്നതാണ് സാത്താന്‍ ചെയ്യുന്ന മറ്റൊരു കാര്യം. ലൈംഗികമായി കിക്കിളിപ്പെടുത്തുന്നവയും അക്രമവാസനയുള്ളവയുമായ പരിപാടികള്‍ നിങ്ങള്‍ കാണുന്നതിന്‍റെ ഫലമായി അവയെപ്പറ്റിയുള്ള മലിനസ്വപ്നങ്ങളും ഭീകരസ്വപ്നങ്ങളും നിങ്ങള്‍ക്കുണ്ടാകുന്നില്ലേ? ഇപ്രകാരം സാത്താന്‍ നിങ്ങളുടെ മനസ്സുകളില്‍ ഭയവും അശുദ്ധിയും കടത്തിവിടുകയും ക്രമേണ നിങ്ങളുടെ മുഴുവന്‍ ജീവിതത്തെയും നശിപ്പിക്കുകയും ചെയ്യുന്നു.

ഹവ്വാ ആ വൃക്ഷത്തിലേക്കു ആകൃഷ്ടയായപ്പോള്‍ ദൈവത്തെ നോക്കി സഹായത്തിനായി നിലവിളിച്ചിരുന്നെങ്കില്‍, കഥ വളരെ വ്യത്യസ്തമാകുമായിരുന്നു.

19 വയസ്സുള്ള കാലത്ത് ഞാന്‍ ഒരു ക്രിസ്ത്യാനിയായപ്പോള്‍ മേലാല്‍ ഞാന്‍ സിനിമ കാണാന്‍ പോകരുതെന്ന് എനിക്കു ബോധ്യമായി. എന്നാല്‍ ഒരു ദിവസം എന്‍റെ സ്‌നേഹിതന്മാര്‍ വന്ന് ഞാന്‍ ജോലി ചെയ്തിരുന്ന നേവല്‍ബേസിലുള്ള ഒരു തീയേറ്ററില്‍ നടക്കുന്ന ഒരു സിനിമ കാണുവാന്‍ തങ്ങളോടൊപ്പം വരണമെന്ന് എന്നോടാവശ്യപ്പെട്ടു. ഞാന്‍ ഒരു ക്രിസ്ത്യനിയായിത്തീര്‍ന്നതിനാല്‍ വരാന്‍ സാധ്യമല്ലെന്ന് അവരോടു പറയാന്‍ വേണ്ട ധൈര്യം അന്ന് എനിക്കില്ലായിരുന്നു. അതിനാല്‍ അവരോടൊപ്പം സിനിമാ തീയേറ്ററിലേക്കു പോയി. എങ്കിലും അവിടെ എത്തുന്നതുവരെ വഴിയില്‍വച്ചെല്ലാം ഞാന്‍ കര്‍ത്തവിനോട് മൗനമായി ഇപ്രകാരം പ്രാര്‍ത്ഥിച്ചു, ''കര്‍ത്താവേ, ദയവായി എന്നെ സഹായിക്കണമേ, പോകുവാന്‍ എനിക്കാഗ്രഹമില്ല. അതിനാല്‍ ഈ സാഹചര്യത്തില്‍നിന്ന് എന്നെ രക്ഷിക്കണമേ,'' ഒടുവില്‍ ഞങ്ങള്‍ സിനിമാതീയേറ്ററിലെത്തിയപ്പോള്‍ ഫിലിം കിട്ടാന്‍ സാധ്യമല്ലാതെ വന്നതിനാല്‍ അന്നത്തെ സിനിമാപ്രദര്‍ശനം റദ്ദു ചെയ്തിരിക്കുന്നതായി ഒരു നോട്ടീസ് അവിടെ തൂക്കിയിരുന്നു. അദ്ഭുതകരമായ വിധത്തില്‍ എന്‍റെ പ്രാര്‍ത്ഥനയ്ക്കുത്തരം നല്‍കിയതിനു ഞാന്‍ ദൈവത്തെ സ്തുതിച്ചു. എങ്കിലും അനന്തരം കര്‍ത്താവ് എന്നോട് ഇപ്രകാരം സംസാരിച്ചു: ''ഈ പ്രാവശ്യം നിന്നെ ഞാന്‍ സഹായിച്ചു. എന്നാല്‍ അടുത്ത പ്രാവശ്യം നീ തന്നെ 'ഇല്ല' എന്ന മറുപടി പറഞ്ഞുകൊള്ളണം''. അടുത്ത പ്രാവശ്യം സ്‌നേഹിതന്മാര്‍ എന്നെ വിളിക്കാന്‍ വന്നപ്പോഴേക്കും എന്‍റെ പ്രാര്‍ത്ഥനയ്ക്കു ദൈവം നല്‍കിയ അദ്ഭുതകരമായ ഉത്തരം നിമിത്തം ഞാന്‍ ധൈര്യം പ്രാപിച്ചിരുന്നതിനാല്‍ നിഷ്പ്രയാസം അവരോടു 'ഇല്ല' എന്ന മറുപടി പറയുവാന്‍ എനിക്കു സാധിച്ചു.

ദൈവം ഏദെന്‍ തോട്ടത്തില്‍ വന്ന് ആദാമിനോടും ഹവ്വയോടും അവരുടെ പാപത്തെക്കുറിച്ചു സംസാരിച്ചപ്പോള്‍ അവിടുന്നു സാത്താനെ ഇപ്രകാരം ശപിച്ചു: ''സ്ത്രീയുടെ സന്തതി നിന്‍റെ തല തകര്‍ക്കും; നീ അവന്‍റെ കുതികാല്‍ തകര്‍ക്കും'' (ഉല്‍പത്തി 3:15). ഇതു കാല്‍വറിയില്‍ സംഭവിച്ചു. യേശുക്രിസ്തു സ്ത്രീയുടെ സന്തതിയായി ജനിച്ചു. അവിടുന്നു കാല്‍വറിയില്‍ സാത്താന്റെ തല തകര്‍ത്തു. യേശുവിന്‍റെ പാദങ്ങളെ തുണച്ച ആണികള്‍ മുഖാന്തരം സാത്താന്‍ അവിടുത്തെ കുതികാലിനെ തകര്‍ത്തു.

അങ്ങനെ സാത്താന്‍ മനുഷ്യന്‍റെ മേല്‍ എന്നും ആധിപത്യം നടത്തുകയില്ലെന്ന പ്രത്യാശയുടെ സന്ദേശവുമായിട്ടാണ് ഉല്‍പത്തി മൂന്നാമധ്യായം അവസാനിക്കുന്നത്. യേശു വരികയും സാത്താനെ തോല്‍പിക്കയും ചെയ്തു. ഇന്നു സകല മനുഷ്യരെയും സാത്താന്‍റെ ശക്തിയില്‍ നിന്നു സ്വതന്ത്രരാക്കുവാന്‍ അവിടുത്തേക്കു കഴിയും.

മേല്‍ ഒരിക്കലും സാത്താന് നിങ്ങളുടെ ജീവിതത്തിന്‍റെ മേല്‍ ഒരു ആധിപത്യം ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. യേശുക്രിസ്തു കാല്‍വറിയില്‍ മരിച്ചപ്പോള്‍ നിങ്ങളുടെ മേലുള്ള സാത്താന്‍റെ ആധിപത്യത്തെ സമ്പൂര്‍ണ്ണമായി തോല്‍പിച്ചുവെന്ന വസ്തുത നിങ്ങള്‍ വിശ്വസിക്കുന്നപക്ഷം കഠിനമായിത്തീര്‍ന്ന നിങ്ങളുടെ മനസ്സാക്ഷി ഒരു കൊച്ചുകുട്ടിയുടെ തന്നെപോലെ വീണ്ടും മാര്‍ദ്ദവമുള്ളതായും സംവേദനക്ഷമമായും തീരും.

ബൈബിള്‍ സാത്താനെ അപവാദി (അഥവാ കുറ്റം ചുമത്തുന്നവന്‍) എന്നു വിളിക്കുന്നു (വെളിപ്പാട് 12:10). നിങ്ങളുടെ കുറ്റങ്ങളെ നിങ്ങള്‍ ദൈവത്തോടു 100 പ്രാവശ്യം ഏറ്റുപറഞ്ഞിട്ടുണ്ടെങ്കില്‍ തന്നെയും നിങ്ങളുടെ കഴിഞ്ഞ കാലപരാജയങ്ങളെയും പാപങ്ങളെയും കുറിച്ച് അവന്‍ നിങ്ങളെ കുറ്റം ചുമത്തിക്കൊണ്ടേയിരിക്കും. സാത്താന്‍റെ കുറ്റം ചുമത്തലുകളുടെ മേല്‍ വിജയം വരിക്കുവാനുള്ള ഏകമാര്‍ഗ്ഗം ദൈവത്തോടു നിങ്ങളുടെ സകല പാപങ്ങളും ഏറ്റു പറയുകയും നിങ്ങളുടെ പാപങ്ങള്‍ക്കുവേണ്ടി കാല്‍വറിയില്‍ ചൊരിയപ്പെട്ട യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ നിങ്ങളെ സമ്പൂര്‍ണ്ണമായി ശുദ്ധീകരിക്കാമെന്നുള്ള അവിടുത്തെ വാഗ്ദാനം ദൈവം അതുമൂലം നിറവേറ്റിയിരിക്കുന്നുവെന്ന് വിശ്വസിക്കുകയും ചെയ്യുകയാണ് (1 യോഹന്നാന്‍ 1:7,9 നോക്കുക). ദൈവമക്കളെ പീഡിപ്പിക്കുവാനുള്ള സാത്താന്‍റെ പ്രധാനമായ മാര്‍ഗ്ഗമാണ് കുറ്റം ചുമത്തല്‍. അവനെ ജയിക്കുന്നതിലേക്കു ദൈവവചനം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമത്രേ.

നിങ്ങള്‍ രണ്ടു പ്രാവശ്യം പോലും നിങ്ങളുടെ പാപങ്ങളെ ദൈവത്തോട് ഏറ്റുപറയേണ്ട ആവശ്യമില്ല. ഒരിക്കല്‍ നിങ്ങള്‍ ദൈവത്തോടു പാപങ്ങള്‍ ഏറ്റുപറഞ്ഞാലുടന്‍തന്നെ, നിങ്ങളോട് നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചുതരുവാന്‍ തക്കവണ്ണം ദൈവം വിശ്വസ്തനാണ്. അപ്രകാരമാണ് ഇപ്പോള്‍ നിങ്ങള്‍ സാത്താനെ ജയിക്കേണ്ടത്. നിങ്ങളുടെ കഴിഞ്ഞകാലപാപങ്ങള്‍ മുഴുവന്‍/em> അവിടുത്തെ രക്തത്താല്‍ നിശ്ശേഷം കഴുകി മാറ്റപ്പെട്ടുവെന്ന് അവനോട് പറയുന്നതിലൂടെ നിങ്ങള്‍ക്ക് അവനെ ജയിക്കാം (വെളിപ്പാട് 12:11 നോക്കുക).

നിങ്ങളോടു നിങ്ങളുടെ പാപങ്ങള്‍ ക്ഷമിച്ചുതരുവാന്‍വേണ്ടി മാത്രമല്ല, പിന്നെയോ ഒട്ടനേകം തെറ്റായ ശീലങ്ങള്‍ക്കു നിങ്ങളെ അടിമയാക്കിത്തീര്‍ത്ത സാത്താന്യശക്തിയില്‍നിന്നു നിങ്ങളെ സ്വതന്ത്രനാക്കുവാന്‍ കൂടെയുമാണ് യേശു മരിച്ചത്. സാത്താന്‍റെ തല നിങ്ങളുടെ രക്ഷകനായ ക്രിസ്തുവിനാല്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടുവെന്ന് ഓര്‍ത്തുകൊള്ളുക. ഹല്ലേലുയ്യാ!

അധ്യായം 4
ദൈവം സാത്താനെ നശിപ്പിക്കാത്തതെന്തുകൊണ്ട്?

മനുഷ്യനെ ഒരു മൃഗത്തിന്‍റെ തലത്തിലേക്കു അധ:പതിപ്പിക്കുന്ന വസ്തുത എന്താണ്?

മനുഷ്യന്‍ അവന്‍റെ ശാരീരികാവശ്യങ്ങളിലും ഭൗമികജീവിതത്തിലും മാത്രം തല്‍പരനായിത്തീരുമ്പോഴാണ് അത് സംഭവിക്കുന്നത്. ഒരു മൃഗത്തിന് എന്തിലാണു താല്‍പര്യം? ഭക്ഷണം, ഉറക്കം, ലൈംഗിക സംതൃപ്തി - അത്രമാത്രം. ഒരു മനുഷ്യന്‍ ഇവയില്‍ മാത്രം തല്‍പരനായിത്തീരുമ്പോള്‍ അവന്‍ മൃഗങ്ങളുടെ തലത്തിലേക്കു താണുപോയി എന്നു നമുക്കു പറയാം.

എന്നാല്‍ കേവലം മൃഗങ്ങളെപ്പോലെ ആകുവാനല്ല ദൈവം മനുഷ്യനെ സൃഷ്ടിച്ചത്. വിദ്യാഭ്യാസം ഒരു മനുഷ്യനെ മൃഗങ്ങളെക്കാള്‍ ഉയര്‍ന്നവനാക്കുന്നില്ല. എന്തെന്നാല്‍ ഉന്നതവിദ്യാഭ്യാസം ലഭിച്ച മനുഷ്യര്‍പോലും ചിലപ്പോള്‍ മൃഗങ്ങളെപ്പോലെ തന്നെ പെരുമാറുന്നതായിക്കാണാം.

നമ്മില്‍ നമ്മുടെ മനസ്സിനെക്കാള്‍ അഗാധമായ മറ്റൊന്നുണ്ട്. അതിനെ നാം ആത്മാവെന്നു വിളക്കുന്നു. നമ്മുടെ ആത്മാവ് ദൈവത്തെപ്പറ്റി നമ്മെ ബോധവാന്മാരാക്കുന്നു.

ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോള്‍ അവിടുന്നു സ്വതന്ത്രമായ ഒരു ഇച്ഛാശക്തിയോടെയാണ് അവനെ സൃഷ്ടിച്ചത്. സ്വയം തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ദൈവം അവനു നല്‍കി.

സാത്താനെ ഒരു ദൈവദൂതനായി ദൈവം സൃഷ്ടിച്ചപ്പോള്‍ അവനും സ്വയം തിരഞ്ഞെടുക്കുവാനുള്ള ഈ സ്വതന്ത്ര്യം ദൈവം നല്‍കിയിരുന്നു. ആ കാരണത്താലാണ് ''ഞാന്‍ യഹോവയുടെ സിംഹാസനത്തിനു മീതേ കയറും'' എന്ന് അവന്‍ പറഞ്ഞത്.

സ്വതന്ത്രമായ ഇച്ഛാശക്തിയില്ലാത്ത പലതിനെയും ദൈവം സൃഷ്ടിച്ചിട്ടുണ്ട്. ഉദാഹരണമായി നക്ഷത്രങ്ങളെയും ഗ്രഹങ്ങളെയും നോക്കുക. നമ്മുടെ സൗരയൂഥത്തിലുള്ള ഗ്രഹങ്ങള്‍ അനേകായിരം വര്‍ഷങ്ങളായി ഒരിക്കല്‍പോലും ദൈവികനിയമങ്ങള്‍ക്കെതിരേ മത്സരിച്ചിട്ടില്ല. എന്താണു കാരണം? അവയ്ക്കു തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലായ്കയാല്‍ തന്നെ. എന്നാല്‍ ഈ ഗ്രഹങ്ങള്‍ക്ക് ദൈവമക്കളായിത്തീരുവാന്‍ സാധ്യമല്ല. ഒരുവന്‍ ഒരു ദൈവമകനായിത്തീരണമെങ്കില്‍ താനാഗ്രഹിക്കുന്നതു സ്വേച്ഛയാ തിരഞ്ഞെടുക്കുമാറു അവന്‍ സ്വതന്ത്രമായൊരു ഇച്ഛാശക്തിയോടുകൂടെ സൃഷ്ടിക്കപ്പെട്ടിരിക്കണം.

എന്നാല്‍ തിരഞ്ഞെടുപ്പിനുള്ള ഈ സ്വാതന്ത്ര്യം ലഭിക്കുന്നതിലുള്ള അപകടം ഇതാണ്: നിങ്ങളെത്തന്നെ സന്തോഷിപ്പിക്കുവാനും ദൈവകല്പനകളോട് അനുസരണക്കേടു കാട്ടുവാനും അതുപയോഗിക്കുവാന്‍ സാധ്യമാണ്. എന്നാല്‍ അനുസരണമുള്ള മക്കളെ ലഭിക്കുവാന്‍ ദൈവം ആഗ്രഹിച്ചതിനാല്‍ ഈ ആപല്‍സാധ്യത ഏറ്റെടുക്കുവാന്‍ അവിടുന്നു സന്നദ്ധനായിരുന്നു. ഈ ഒരു രംഗത്താണ് സാത്താനും ദൈവോദ്ദേശ്യം നിറവേറ്റുന്നവനായിത്തീരുന്നത്.

ലോകത്തില്‍ കാണപ്പെടുന്ന എല്ലാ അവ്യവസ്ഥയും കുഴപ്പവും രോഗങ്ങളും തിന്മയുമെല്ലാം മനുഷ്യന്‍ ഏദെന്‍തോട്ടത്തില്‍വച്ച് സാത്താനു ചെവികൊടുത്തതിന്‍റെ പരിണതഫലമാണ്.

ഇവിടെ നമുക്ക് ഇപ്രകാരമൊരു ചോദ്യം ചോദിക്കാം: ലോകത്തിലെ പ്രശ്‌നങ്ങളുടെയെല്ലാം മൂലകാരണം സാത്താനാണെങ്കില്‍ എന്തുകൊണ്ട് ദൈവം സാത്താനെ ഇല്ലായ്മ ചെയ്യുന്നില്ല?

നമ്മുടെ ജ്ഞാനത്തെക്കാള്‍ ഉന്നതമാണ് ദൈവത്തിന്‍റെ ജ്ഞാനം. ഇക്കാര്യമെങ്കിലും തീര്‍ച്ചയായും നമുക്കു വിശ്വസിക്കുവാന്‍ കഴിയുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു. നമ്മുടെ ജ്ഞാനം ഒരു ചെറിയ പാത്രത്തിലെ വെള്ളംപോലെയാണ്. ദൈവത്തിന്‍റെ ജ്ഞാനമാകട്ടെ, ഒരു മഹാസമുദ്രംപോലെയും.

ദൈവം സാത്താനെ നശിപ്പിക്കാതെ ലോകത്തില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ അവനെ അനുവദിച്ചിട്ടുണ്ടെങ്കില്‍ അതിനു തികച്ചും ന്യായമായ ഒരു കാരണം ഉണ്ടായിരിക്കണം.

വാസ്തവത്തില്‍ സാത്താന്‍റെ പ്രവര്‍ത്തനത്തിലൂടെ ദൈവം കുറേ കാര്യങ്ങള്‍ നേടിയെടുക്കുന്നുണ്ട്. അതിനാലാണ് അവന്‍ നശിക്കാതെ തുടരുവാന്‍ ദൈവം അനുവദിച്ചിട്ടുള്ളത്.

ഭൂമിയില്‍ വളരെയധികം തിന്മയും നഷ്ടവും കഷ്ടതയും വരുത്തിക്കൂട്ടുവാന്‍ സാത്താനെ ദൈവം അനുവദിക്കുന്നതിന്‍റെ ഒരു കാരണം ഈ കാര്യങ്ങളാല്‍ മനുഷ്യര്‍ ദൈവത്തിങ്കലേക്കു തിരിയുവാന്‍ ഇടയാകുന്നു എന്നതാണ്.

ഈ ഭൂമിയിലെ ജീവിതം രോഗവും കഷ്ടപ്പാടും ദാരിദ്ര്യവും സങ്കടവും കൂടാതെ വളരെ സുഖകരമായിരുന്നുവെങ്കില്‍ ഒരുത്തരം ദൈവത്തെക്കുറിച്ചു ചിന്തിക്കുകയേ ചെയ്കയില്ലായിരുന്നു എന്നു നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടോ?

ദൈവം അനുവദിക്കുന്ന എല്ലാ കാര്യങ്ങളും ഒരു ലക്ഷ്യം സാധിക്കുവാന്‍ വേണ്ടിയാണ്. യിസ്രയേല്‍മക്കള്‍ മരുഭൂമിയില്‍ വച്ച് ദൈവത്തെ മറന്നപ്പോള്‍ അവര്‍ വിഷപ്പാമ്പുകളുടെ കടിയേറ്റതായി പഴയനിയമത്തില്‍ നാം വായിക്കുന്നു. പെട്ടെന്ന് അവര്‍ ദൈവത്തിങ്കലേക്കു തിരിഞ്ഞു. ദൈവം അവരെ സൗഖ്യമാക്കുകയും ചെയ്തു. ആ മനുഷ്യര്‍ ദൈവത്തിങ്കലേക്കു തിരയുവാനിടയാകുമാറ് ആ വിഷപ്പാമ്പുകള്‍ അവിടെയുണ്ടായിരുന്നതു നല്ലൊരു കാര്യമായിരുന്നില്ലേ?

ഒരിക്കല്‍ ദൈവത്തോട് അടുത്തു ജീവിച്ച ഒരു വ്യാപാരിയുടെ കഥ ഞാന്‍ കേട്ടിട്ടുണ്ട്. അയാളുടെ വ്യാപാരം അഭിവൃദ്ധിപ്പെട്ടതോടെ അയാള്‍ ദൈവത്തില്‍ നിന്നകന്നുപോയി. അയാളുടെ സഭയിലെ മൂപ്പന്മാര്‍ അയാളോടു സംസാരിക്കുകയും അയാളെ ദൈവത്തിങ്കലേക്കു തിരിയെക്കൊണ്ടുവരുവാന്‍ വീണ്ടും വീണ്ടും ശ്രമിക്കുകയും ചെയ്തു. എങ്കിലും അയാള്‍ തന്‍റെ വ്യാപാരത്തില്‍ സമ്പൂര്‍ണ്ണമായി മുഴുകിപ്പോവുകയാണുണ്ടായത്. ഒരു ദിവസം അയാളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവനെ ഒരു വിഷപ്പാമ്പു കടിച്ചു. കുട്ടി വിഷം ബാധിച്ച് അവശനിലയിലായി. ഡോക്ടറന്മാര്‍ക്കുപോലും അവനെ രക്ഷിക്കാമെന്നുള്ള ആശയില്ലാതായി. അപ്പോള്‍ ആ പിതാവു വളരെ വ്യാകുലചിത്തനായി സഭയിലെ ഒരു മൂപ്പന്‍ വന്നു കുട്ടിക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു. ആ മൂപ്പന്‍ ജ്ഞാനമുള്ള ഒരു മനുഷ്യനായിരുന്നു. അദ്ദേഹം വന്ന് ഇപ്രകാരം പ്രാര്‍ത്ഥിച്ചു: ''കര്‍ത്താവേ, ഈ കുട്ടിയെ കടിക്കുവാന്‍ അങ്ങ് ഈ പാമ്പിനെ അയച്ചതിനാല്‍ ഞാന്‍ അദ്ദേഹത്തെ സ്തുതിക്കുന്നു. ഈ കുടുംബത്തെ അങ്ങയെപ്പറ്റി ചിന്തിപ്പിക്കുവാന്‍പോലും എനിക്കു കഴിവില്ലായിരുന്നു. ആറുവര്‍ഷമായി എനിക്കു ചെയ്‌വാന്‍ കഴിയാതിരുന്ന കാര്യം ഈ പാമ്പ് ഇപ്പോള്‍ ഒരു നിമിഷത്തിനുള്ളില്‍ സാധിച്ചിരിക്കുന്നുവല്ലോ. ഇപ്പോള്‍ ഇവര്‍ ആ പാഠം പഠിച്ചുകഴിഞ്ഞിരിക്കയാല്‍ കുട്ടിയെ സൗഖ്യമാക്കണമേ. മേലാല്‍ ഒരിക്കലും അങ്ങയെപ്പറ്റി ഓര്‍പ്പിക്കുവാന്‍ ഒരു പാമ്പിന്‍റെ സഹായം ആവശ്യമായി വരാതിരിക്കുമാറ് അങ്ങ് അവരെ സഹായിക്കണമേ''.

~ഒരു ദിവസം പൊടുന്നനെ ക്യാന്‍സര്‍ ബാധിച്ച് ആശുപത്രിയിലേക്കു നീക്കപ്പെടുന്നതുവരെയും ദൈവത്തപ്പറ്റി ചിന്തിക്കാത്ത ആളുകളുണ്ട്. അപ്പോള്‍ പെട്ടെന്നു അവര്‍ ദൈവത്തെപ്പറ്റി ചിന്തിക്കുവാനാരംഭിക്കുകയും ക്രിസ്തുവിലേക്ക് തിരിഞ്ഞു വീണ്ടും ജനനം പ്രാപിക്കുകയും ചെയ്യുന്നു. മനുഷ്യര്‍ തങ്ങളുടെ പാപം വിട്ടുതിരിഞ്ഞ് തങ്ങളുടെ നിത്യമായ സ്വര്‍ഗ്ഗീയഭവനം കണ്ടെത്തുവാന്‍ വേണ്ടി മാറാരോഗങ്ങള്‍, വ്യാധികള്‍, ദാരിദ്ര്യം തുടങ്ങി ഈ ലോകത്തിലെ വിവിധ ദുഃഖാനുഭവങ്ങളെ ദൈവം ഉപയോഗിച്ചിട്ടുണ്ട്. സാത്താന്‍ വരുത്തുന്ന അതേ ദുരനുഭവങ്ങള്‍ തന്നെ അവന്‍റെ ബന്ധനത്തില്‍ നിന്ന് ആളുകളെ വിടുവിക്കുവാനും നിത്യരക്ഷയിലേക്കു നടത്തുവാനും ദൈവം ഉപയോഗിക്കുന്നത് ഈ വിധത്തിലാണ്. ഇപ്രകാരം ദൈവം വീണ്ടും വീണ്ടും സാത്താനെ ഒരു വിഡ്ഢിയാക്കിത്തീര്‍ക്കുന്നു.

തന്‍റെ മക്കളായ നമ്മെ ശുദ്ധീകരിക്കുവാന്‍ വേണ്ടിയും ദൈവം സാത്താനെ ഉപയോഗിക്കുന്നു.

തീയുടെ ദൃഷ്ടാന്തം ആലോചിച്ചുനോക്കുക. ലോകചരിത്രത്തില്‍ ലക്ഷക്കണക്കിനാളുകള്‍ അഗ്നിബാധയില്‍ മരിച്ചിട്ടുള്ളത് നമുക്കറിയാം. എന്നിട്ടും ആരും തീയുപയോഗിക്കുന്നത് നിര്‍ത്തിക്കളഞ്ഞിട്ടില്ല. തീ കൊണ്ടാണ് ഭക്ഷണം പാകം ചെയ്കയും മോട്ടോര്‍വാഹനങ്ങളും വിമാനങ്ങളും യന്ത്രങ്ങളുമെല്ലാം പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്. സ്വര്‍ണ്ണത്തെ ശുദ്ധീകരിക്കുവാനും തീ ഉപയോഗിക്കുന്നു. മറ്റൊരു വിധത്തിലും അതിനെ ശുദ്ധീകരിപ്പാന്‍ സാധ്യമല്ല. അങ്ങനെ വളരെ വിശിഷ്ടമായ വിധത്തില്‍ ഉപയോഗിക്കാവുന്ന ഒന്നാണ് തീയ്.

അല്ലെങ്കില്‍ വൈദ്യുതിയെപ്പറ്റി ചിന്തിക്കുക. വൈദ്യുതാഘാതം മൂലം അനേകായിരങ്ങള്‍ മരിച്ചിട്ടുണ്ട്. വൈദ്യുതി വളരെ അപകടകരമായ ഒരു വസ്തുവാണെങ്കിലും വളരെ പ്രയോജനകരമായ ഒന്നാണതെന്നു നമുക്കെല്ലാമറിയാം. സാത്താന്‍റെ കഥയും ഇതുപോലെ തന്നെ.

ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചപ്പോള്‍ അവര്‍ നിഷ്‌കളങ്കരായിരുന്നു. അവര്‍ വിശുദ്ധരായിത്തീരണമെങ്കില്‍ ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ടത് ആവശ്യമായിരുന്നു. തിന്മ തള്ളി പകരം ദൈവത്തെ തിരഞ്ഞെടുക്കുന്നതിലേക്ക് അവര്‍ക്ക് ഒരു പരീക്ഷ ഉണ്ടാകേണ്ടതും ആവശ്യമായിരുന്നു. അതിനാലാണ് ഏദെന്‍ തോട്ടത്തിലേക്കു വന്ന് അവരെ പരീക്ഷിക്കുവാന്‍ ദൈവം സാത്താനെ അനുവദിച്ചത്.

ആ തോട്ടത്തിലേക്ക് സാത്താന്‍ വരുന്നതിനെ തടയുവാന്‍ ദൈവത്തിനു പ്രയാസമായിരുന്നുവെന്ന് നിങ്ങല്‍ ചിന്തിക്കുന്നുണ്ടോ? ഒരിക്കലും അതു പ്രയാസമായിരുന്നില്ല. എന്നാല്‍ പരീക്ഷ കൂടാതെ ആദാമിനു വിശുദ്ധി പ്രാപിക്കുക സാധ്യമല്ലായിരുന്നു. അങ്ങനെയെങ്കില്‍ നിത്യകാലവും ആദാം നിഷ്‌കളങ്കതയില്‍ തുടരുമായിരുന്നു.

നിഷ്‌കളങ്കവും വിശുദ്ധിയും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. ഒരു ശിശുവില്‍ നിങ്ങള്‍ കാണുന്നതു നിഷ്‌കളങ്കതയാണ്. ആദാമിനെ സൃഷ്ടിച്ച സമയത്തു അവന്‍ എപ്രകാരമായിരുന്നുവെന്ന് അറിയണമെങ്കില്‍ നിഷ്‌കളങ്കനും നന്മ തിന്മകളെക്കുറിച്ചു അറിവില്ലാത്തവനുമായ ഒരു ശിശുവിനെ നോക്കിയാല്‍ മതി.

ഒരു ചെറിയ ശിശു നിഷ്‌കളങ്കനെങ്കിലും വിശുദ്ധനോ സല്‍ഗുണപൂര്‍ണ്ണനോ അല്ല. പരിപൂര്‍ണ്ണതയിലെത്തുവാന്‍ വേണ്ടി ആ ശിശു വളരുകയും തിരഞ്ഞെടുപ്പുകള്‍ തടത്തുകയും ചെയ്യേണ്ടത് - തിന്മ ത്യജിക്കുകയും ദൈവത്തെ തിരഞ്ഞെടുക്കുകയും ചെയ്യേണ്ടത് - ആവശ്യമത്രേ.

പ്രലോഭനങ്ങള്‍ക്കു കീഴ്‌പ്പെടുവാന്‍ നാം സ്വമനസാ വിസമ്മതിക്കുമ്പോഴാണു നാം സ്വഭാവശ്രേഷ്ഠത പ്രാപിക്കുന്നത്. നിങ്ങളുടെ ജീവിതത്തില്‍ ഇതു വരെയും നിങ്ങള്‍ ചെയ്തിട്ടുള്ള തീരുമാനങ്ങളുടെ ഫലമാണ് ഇന്ന് നിങ്ങള്‍ ആയിരിക്കുന്ന അവസ്ഥ.

മറ്റു ചിലര്‍ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടരായിരിക്കുന്നുവെങ്കില്‍ അതിന്‍റെ കാരണം നിങ്ങള്‍ ചെയ്തതിനെക്കാള്‍ മെച്ചമായ തിരഞ്ഞെടുപ്പുകള്‍ അവര്‍ ചെയ്തിട്ടുണ്ട് എന്നതാണ്. നാമെല്ലാവരും എല്ലാ ദിവസവും തിരഞ്ഞെടുപ്പുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. അന്തിമമായി നാമെന്തായിത്തീരും എന്ന കാര്യം നിര്‍ണ്ണയിക്കുന്നത് ആ തിരഞ്ഞെടുപ്പുകളാണ്.

ഹവ്വാ ഏദെന്‍തോട്ടത്തില്‍ വച്ച് ആ തിരഞ്ഞെടുപ്പു നടത്തി. അവളുടെ തിരഞ്ഞെടുപ്പിലൂടെ അവള്‍ യഥാര്‍ത്ഥത്തില്‍ ഇപ്രകാരം പറയുകയാണു ചെയ്തത്: ''ദൈവം എന്‍റെ മേല്‍ അടിച്ചേല്‍പിച്ചിട്ടുള്ള നിയന്ത്രണങ്ങളാല്‍ ഭരിക്കപ്പെടുന്നതിനെക്കാള്‍ എന്‍റെ ശാരീരികാഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയും സാത്താന്‍ എനിക്കു വാഗ്ദാനം ചെയ്യുന്നത് സ്വീകരിക്കുകയും ചെയ്യുന്നതാണ് എനിക്കു താല്‍പര്യം എനിക്കു സ്വതന്ത്രയായിത്തീരണം.

എന്നാല്‍ അവള്‍ സ്വതന്ത്രയായിത്തീര്‍ന്നോ? ഇല്ല തന്നെ. അവള്‍ സാത്താന്‍റെ ഒരടിമയായിട്ടാണ് തീര്‍ന്നത്. ദൈവകല്പനകളോടുള്ള അനുസരണം മാത്രമേ നമ്മെ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാക്കുകയുള്ളു.

തങ്ങള്‍ക്കും തങ്ങളുടെ സന്തതികള്‍ക്കും ആജീവനാന്തഭവിഷ്യത്തുകള്‍ക്കിടയാക്കിയ ചില പ്രധാന തീരുമാനങ്ങള്‍ ആ ദിവസം ആദാമും ഹവ്വയും സ്വീകരിക്കുകയുണ്ടായി. എല്ലാ തീരുമാനങ്ങളും ചില ഭവിഷ്യഫലങ്ങള്‍ക്കു കാരണമായിത്തീരുന്നു. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ മക്കളെയും കൂടെ ബാധിക്കുന്നവയാണ് ഈ ഭവിഷ്യഫലങ്ങള്‍. ആദാമിന്‍റെ കാര്യത്തില്‍ തങ്ങളുടെ ശേഷിച്ച ജീവിതകാലമത്രയും അയാളും ഭാര്യയും ദൈവസന്നിധിയില്‍നിന്നു പുറത്താക്കപ്പെടുകയാണുണ്ടായത്.

അതുകൊണ്ട് നിങ്ങള്‍ ചെയ്യുന്ന ചെറിയ തിരഞ്ഞെടുപ്പുകള്‍ അപ്രധാനമായിക്കരുതരുത്. ഇന്നു നിങ്ങള്‍ വിതയ്ക്കുന്നതു നിങ്ങള്‍ ഭാവിയില്‍ കൊയ്യാനിടയാകുമെന്ന കാര്യവും നിങ്ങള്‍ വിസ്മരിക്കരുത്. ശോധനകളെയും പരീക്ഷകളെയും നേരിടുവാന്‍ ദൈവം നിങ്ങളെ അനുവദിക്കും. ഈ വിഷയത്തില്‍ സ്വതന്ത്രനും പ്രവര്‍ത്തനനിരതനുമായിരിപ്പാന്‍ ദൈവം സാത്താനെ അനുവദിക്കുകയും ചെയ്യും.

പഴയനിയമത്തില്‍ ഇയ്യോബിന്‍റെ പുസ്തകത്തില്‍നിന്നും ഒരു ദൃഷ്ടാന്തം എടുത്തു കാണിക്കട്ടെ. ഇയ്യോബിന്‍റെ ജീവിതസംഭവങ്ങളില്‍ നിന്ന് സാത്താന്‍റെ പ്രവര്‍ത്തനത്തെപ്പറ്റി ചില കാര്യങ്ങള്‍ നമുക്കു പഠിക്കുവാന്‍ കഴിയും. ഇയ്യോബ് ഒന്നാമധ്യായത്തില്‍ദൈവവും സാത്താനും തമ്മില്‍ സ്വര്‍ഗ്ഗത്തില്‍ വച്ചു നടന്ന ഒരു സംഭാഷണം നാം വായിക്കുന്നുണ്ട്.

ഇയ്യോബ് 1:6-ല്‍ ഒരു ദിവസം ദൈവപുത്രന്മാര്‍ (ദൂതന്മാര്‍) യഹോവയുടെ മുമ്പില്‍ നില്‍പാന്‍ ചെന്നതായും സാത്താനും അവരോടൊപ്പം അവിടെയെത്തിയതായും നാം വായിക്കുന്നു. യഹോവ സാത്താനോടു: ''നീ എവിടെ നിന്നു വരുന്നു?'' എന്നു ചോദിച്ചു. സാത്താന്‍റെ ഉത്തരം ശ്രദ്ധിക്കുക. ഭൂമിയില്‍ ഊടാടി സഞ്ചരിച്ചു വരുന്നുവെന്നാണ് സാത്താന്‍ പറയുന്നത്. സാത്താന്‍ ഇപ്പോഴും ലോകത്തില്‍ ചുറ്റിത്തിരിയുന്നുണ്ടെന്നു നിങ്ങള്‍ അറിയുന്നുണ്ടോ?

സാത്താന്‍ നരകത്തില്‍ പാര്‍ക്കുന്നുവെന്നാണ് പലരുടെയും ധാരണ. അതു ശരിയായിരുന്നവെങ്കില്‍ ഇവിടെ ഭൂമിയിലുള്ള നമ്മെ അവന്‍ ദ്രോഹിക്കുകയില്ലായിരുന്നു. എന്നാല്‍ സാത്താന്‍ നരകത്തിലല്ല പാര്‍ക്കുന്നത്.

മൂന്നു സ്വര്‍ഗ്ഗങ്ങള്‍ ഉള്ളതായി ബൈബിള്‍ പഠിപ്പിക്കുന്നു. ഒന്നാമത്തെ സ്വര്‍ഗ്ഗം നാം ശൂന്യാകാശമെന്നു വിളിക്കുന്ന സ്ഥലം തന്നെ. മൂന്നാം സ്വര്‍ഗ്ഗം ദൈവത്തിന്‍റെ അടുത്ത സാന്നിധ്യമുള്ള സ്വലവുമാണ് (2 കൊരിന്ത്യര്‍ 12:2). ദൈവത്തിന്‍റെ അടുത്ത സാന്നിധ്യത്തില്‍നിന്നു സാത്താന്‍ പുറത്താക്കപ്പെട്ടപ്പോള്‍ അവന്‍ നരകത്തിലേക്കല്ല രണ്ടാം സ്വര്‍ഗ്ഗത്തിലേക്കാണ് നീക്കം ചെയ്യപ്പെട്ടത് (എഫേസ്യര്‍ 6:12). രണ്ടാം സ്വര്‍ഗ്ഗത്തില്‍നിന്ന് ഏതു സമയത്തും ഭൂമിയിലേക്കു വരുവാന്‍ സ്വാതന്ത്ര്യമുണ്ട്. ആ കാരണത്താലാണ് ഏദെന്‍ തോട്ടത്തിലേക്കു വരുവാന്‍ അവനു കഴിഞ്ഞത്. അവനും അവന്‍റെ കിങ്കരന്മാര്‍ക്കും ഇന്നും ഭൂമിയിലേക്കു വരുവാന്‍ കഴിയുന്നതും അതുകൊണ്ടു തന്നെ.

സാത്താന്‍ അലറുന്ന സിംഹമെന്നപോലെ ആരെ വിഴുങ്ങേണ്ടുവെന്നു തിരഞ്ഞുകൊണ്ടു ചുററി നടക്കുന്നതായി ബൈബിള്‍ പ്രസ്താവിക്കുന്നു. തെററായ തിരഞ്ഞെടുപ്പുകള്‍ നടത്തുവാന്‍ യുവജനങ്ങളെ എല്ലായ്‌പ്പോഴും അവന്‍ പ്രേരിപ്പിച്ചുകൊണ്ടാണിരിക്കുന്നത്. ആ വിധത്തില്‍ അവരുടെ ജീവിതത്തിലേക്കു പ്രേവേശിക്കുവാന്‍ അവന്‍ ആഗ്രഹിക്കുന്നു. അങ്ങനെ അവരുടെ വിശുദ്ധിയെയും സത്യസന്ധതയെയും ആത്മാര്‍ത്ഥതയെയും ഇല്ലായ്മചെയ്യുവാനും തന്നോടൊപ്പം നിത്യനാശത്തിലേക്ക് അവരെ നയിക്കുവാനും വേണ്ടിയാണ് ഇപ്രകാരം അവന്‍ കടന്നുവരുന്നത്.

സാത്താന്‍ ഭൂമിയില്‍ ഊടാടി സഞ്ചരിക്കുന്നത് ഇതിനുവേണ്ടിത്തന്നെ.

സാത്താന്‍ എല്ലാ മനുഷ്യരെയും നിരീക്ഷിക്കുന്നുവെന്ന കാര്യം നിങ്ങള്‍ക്ക് ഉറപ്പാക്കാവുന്നതാണ്. ശൈശവം മുതല്‍ നിങ്ങളെ അവന്‍ നിരീക്ഷിച്ചു പോരുന്നുണ്ട്. തിന്മ ചെയ്‌വാനും തെറ്റായ കാര്യങ്ങള്‍ തിരഞ്ഞെടുക്കുവാനും നിങ്ങളെ വശീകരിക്കുവാനും അങ്ങനെ നിങ്ങളെ നശിപ്പിക്കുവാനും അവന്‍ എന്നും ശ്രമിച്ചുപോരുന്നു. പരീക്ഷയില്‍ കള്ളം കാണിപ്പാനും മറ്റുള്ളവരുടെ നേരെ മനസ്സില്‍ പരിഭവമോ വിദ്വേഷമോ വച്ചുകൊണ്ടിരിപ്പാനും മാതാപിതാക്കളോടും അധ്യാപകരോടും വ്യാജം പറയുവാനും മറ്റുള്ളവരുടെ വസ്തുവകകള്‍ മോഷ്ടിപ്പാനും വൃത്തികെട്ട പുസ്തകങ്ങള്‍ വായിക്കുവാനുമെല്ലാം നിങ്ങളുടെ ചെവിയില്‍ മന്ത്രിച്ചിട്ടുള്ളത് അവന്‍ തന്നെ.

ദൈവം സാത്താനോട് ഇങ്ങനെ തുടര്‍ന്നു പറഞ്ഞതായി ഇയ്യോബിന്‍റെ പുസ്തകത്തില്‍ നാം വായിക്കുന്നു: ''എന്‍റെ ദാസനായ ഇയ്യോബിന്‍റെ മേല്‍ നീ ദൃഷ്ടി വച്ചുവോ? അവനെപ്പോലെ നിഷ്‌കളങ്കനും നേരുള്ളവനുമായി ഭൂമിയില്‍ ആരുമില്ലല്ലോ''. തീര്‍ച്ചയായും ഇയ്യോബിനെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും സാത്താന് അറിയാമായിരുന്നു. യഥാര്‍ത്ഥത്തില്‍ സാത്താന്‍റെ ആക്രമണലക്ഷ്യങ്ങളില്‍ ഒന്നാം നമ്പരുകാരന്‍ ഇയ്യോബായിരുന്നു.

അതിനാല്‍ സാത്താന്‍ ഇപ്രകാരം മറുപടി പറഞ്ഞു: ''വെറുതെയോ ഇയ്യോബു ദൈവഭക്തനായിരിക്കുന്നത്? നീ അവനും അവന്‍റെ വീടിനും അവനുള്ള സകലത്തിനും ചുററും വേലികെട്ടിയിട്ടില്ലയോ? നീ അവനെ എല്ലാ വിധത്തിലും സംരക്ഷിക്കുകയും അനുഗ്രഹിക്കുകയും ചെയ്തിരിക്കുന്നു. അതിനാലാണ് അവന്‍ നിന്നെ സേവിക്കുന്നത്'' (ഇയ്യോബ് 1:9, 10).

ഇവിടെ നമുക്കു പഠിക്കുവാനുള്ള അദ്ഭുതകരമായ ഒരു പാഠമുണ്ട്. ദൈവം തന്‍റെ മക്കള്‍ക്കു ചുറ്റും ഒരു വേലി കെട്ടിയിട്ടുണ്ട്. അവരുടെ ശരീരങ്ങള്‍, കുടുംബങ്ങള്‍, വസ്തുവകകള്‍ എന്നിവയ്ക്കു ചുറ്റും സ്ഥിതിചെയ്യുന്ന മുമ്മടങ്ങായ ഒരു വേലിയാണത്.

ഈ മുമ്മടങ്ങായ വേലികൊണ്ട് ദൈവത്താല്‍ തന്നെ സംരക്ഷിതരായിരിക്കുന്ന അവസ്ഥ ദൈവമക്കളെന്ന നിലയില്‍ നമുക്കുള്ള വലിയൊരു പദവിയാണ്. സദൃശവാക്യങ്ങള്‍ 18:10-ല്‍ യഹോവയുടെ നാമം ബലമുള്ള ഗോപുരമാണെന്നും നാം വായിക്കുന്നു. യേശുവിന്‍റെ നാമത്തില്‍ നമുക്കു വലിയൊരു സുരക്ഷിതത്വമുണ്ട്. കാല്‍വറിയില്‍ തന്നെ തോല്‍പിച്ച യേശുക്രിസ്തുവിന്‍റെ നാമം ഒഴികെ മറ്റൊരു നാമത്തെയും സാത്താന്‍ ഭയപ്പെടുന്നില്ല. നമ്മുടെ ജീവിതത്തെ നാം ക്രിസ്തുവിനു കീഴടക്കിക്കൊടുക്കുമ്പോള്‍ സാത്താനെ എതിര്‍ക്കുവാനായി നമുക്ക് യേശുക്രിസ്തു്വിന്‍റെ നാമം ഉപയോഗിക്കുവാന്‍ കഴിയും.''സാത്താനോട് എതിര്‍ത്തു നില്‍പിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെവിട്ട് ഓടിപ്പോകും'' എന്നു ദൈവവചനം പറയുന്നു.

സാത്താന്‍ ചെന്ന് ഇയ്യോബിനെയും അവന്‍റെ കുടുംബത്തെയും വസ്തുവകകളെയും പീഡിപ്പിക്കുവാന്‍ ദൈവം അവനെ അനുവദിച്ചതായി തുടര്‍ന്നുവരുന്ന ഭാഗത്തു നാം വായിക്കുന്നു. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍ സാത്താന്‍ കടന്നുചെന്ന് ഇയ്യോബിനെ പരീക്ഷിക്കുവാനായി ഓരോ വേലിയും ദൈവം അല്പാല്പം തുറന്നു കൊടുക്കുന്നതായിപ്പറയാം. എന്തു കൊണ്ടാണ് ദൈവം അപ്രകാരം ചെയ്തത്? ഇയ്യോബ് സ്വര്‍ണ്ണമെന്നപോലെ ശുദ്ധീകരിക്കപ്പെടണം എന്നതായിരുന്നു ദൈവത്തിന്‍റെ ഉദ്ദേശ്യം (ഇയ്യോബ് 23:10). ഈ പരിശോധനയുടെ അവസാനത്തില്‍ തന്‍റെ എല്ലാ സ്വയനീതിയും കഴുകി നീക്കപ്പെട്ട് ഇയ്യോബ് അധികം വിനയവും ദൈവഭക്തിയുമുള്ള ഒരുവനായിത്തീരുന്നത് നാം കാണുന്നു.

നമ്മെയും ശോധന ചെയ്യുവാന്‍ ദൈവം അനുവദിക്കുന്നത് ഇതിനു വേണ്ടിയാണ്. ഈ ശോധനകളിലൂടെ കൂടുതല്‍ വിശുദ്ധിയും വിനയവും ദൈവഭക്തിയും ദയയും സ്‌നേഹവും സഹതാപവും ഉള്ളവരായും സ്വയനീതിയില്‍നിന്ന് വിട്ടകന്നവരായും യേശുവിനോട് അധികം അനുരൂപരായും നാം തീരണമെന്നതാണ് ദൈവത്തിന്‍റെ ഉദ്ദേശ്യം.

ഇപ്രകാരം ദൈവമക്കളുടെ വിശുദ്ധീകരണപ്രക്രിയയില്‍ സാത്താന്‍ വളരെ പ്രയോജനകരമായ ഒരു പങ്കു വഹിക്കുന്നതായി നാം മനസ്സിലാക്കുന്നു.

ഇതില്‍നിന്നെല്ലാം കുറഞ്ഞപക്ഷം രണ്ടു കാര്യങ്ങള്‍ നമുക്കു ഗ്രഹിപ്പാന്‍ കഴിയും.

ഒന്നാമത് , ദൈവത്തിന്‍റെ അനുവാദം കൂടാതെ സാത്താന്‍ ഒരു ദൈവപൈതലിനെയും - അവന്‍റെ ശരീരത്തെയോ കുടുംബത്തെയോ വസ്തുവകകളെയോ - തൊടുവാന്‍ സാധ്യമല്ല.

രണ്ടാമത് , ഏതെങ്കിലും പ്രകാരത്തില്‍ സാത്താന് നമ്മെ തൊടുവാനും നമുക്ക് ഉപദ്രവം ചെയ്‌വാനും അനുവാദം ലഭിക്കുമ്പോള്‍, അത് എപ്പോഴും നാം ക്രിസ്തുവിന്‍റെ സാദൃശ്യത്തിലേക്ക് അധികം വളരുവാനും ഭൗമികവും താല്‍കാലികവുമായ വസ്തുക്കളില്‍നിന്നു സ്വാതന്ത്ര്യം പ്രാപിച്ച് അധികം സ്വര്‍ഗ്ഗീയമനോഭാവമുള്ളവരായിത്തീരുവാനും വേണ്ടിയാണ്.

സാത്താന്‍ നമുക്കെതിരേ ചെയ്യുവാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ പോലും നമ്മുടെ സ്വര്‍ഗ്ഗീയപിതാവിന്‍റെ സമ്പൂര്‍ണ്ണനിയന്ത്രണത്തിനധീനമാണെന്നറിയുന്നത് നമുക്ക് വലിയൊരാശ്വസമല്ലേ?

ചെറുപ്പക്കാരായ നിങ്ങളോട് ഒരു കാര്യം പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതം നിങ്ങള്‍ സമ്പൂര്‍ണ്ണമായി ദൈവത്തിനു കീഴടക്കിക്കൊടുക്കുമെങ്കില്‍ നിങ്ങളുടെ ശരീരങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വസ്തുവകകള്‍ക്കും ചുറ്റുമായി മുമ്മടങ്ങായ ഈ വേലി അഥവാ സംരക്ഷണം എപ്പോഴും ഉണ്ടായിരിക്കും.

ദൈവത്തിന്‍റെ അനുവാദം കൂടാതെ ഈ വേലികളില്‍ ഏതെങ്കിലുമൊന്നിനെ അതിലംഘിക്കുവാന്‍ സാത്താനു സാധ്യമല്ല. എപ്പോഴെങ്കിലും ഇവ കടന്ന് സാത്താന്‍ നിങ്ങളെ സമീപിക്കുവാന്‍ ദൈവം അനുവദിക്കുന്നുവെങ്കില്‍ അത് നിങ്ങളുടെ നന്മയ്ക്കു വേണ്ടിയായിരിക്കും. ഈ കാര്യം നിങ്ങള്‍ക്ക് ഉറപ്പായി വിശ്വസിക്കാം.

ഇപ്രകാരം സാത്താനെയും അവന്‍റെ പ്രവര്‍ത്തനത്തെയും പറ്റി ദൈവവചനം വ്യക്തമായ ഉപദേശം നല്‍കിയിട്ടുള്ളതായി നാം കാണുന്നു. ഇതു നമ്മെ ഭയപ്പെടുത്തുവാനല്ല; പിന്നെയോ ദൈവത്തിന്‍ ഉദ്ദേശ്യങ്ങള്‍ നിറവേറ്റുന്നതിനായും വേണ്ടിയാണ് അവനെ നശിപ്പിക്കാതെ ദൈവം നിര്‍ത്തിയിരിക്കുന്നത്.

അധ്യായം 5
സാത്താന്‍റെ പ്രവര്‍ത്തന സമ്പ്രദായങ്ങള്‍

ഒരു ചെറുപ്പക്കാരനെന്ന നിലയില്‍ നിങ്ങളുടെ ജീവിതത്തില്‍ സാത്താനെ ചെറുക്കുവാന്‍ നിങ്ങള്‍ക്ക് അറിഞ്ഞുകൂടെങ്കില്‍ അതു നിങ്ങളുടെ ഭൗതിക ജീവിതത്തെ നശിപ്പിക്കുക മാത്രമല്ല, നിത്യതയില്‍ നിങ്ങള്‍ ചെന്നുചേരേണ്ട സ്ഥാനത്തു നിങ്ങള്‍ എത്തിച്ചേരാതെ അവിടെ നിന്നു നിങ്ങളെ അകറ്റുവാനും ഇടയാക്കും. നിങ്ങളുടെ മേലുള്ള തന്‍റെ ആക്രമണം ആരംഭിക്കുവാന്‍ നിങ്ങള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ അവന്‍ കാത്തിരിക്കുകയില്ല. അവന്‍ ഇപ്പോള്‍ തന്നെ നിങ്ങളുടെ മേല്‍ പ്രവൃത്തിയാരംഭിക്കും. അതിനാല്‍ അവന്‍റെ പ്രവര്‍ത്തന സമ്പ്രദായങ്ങളെപ്പറ്റി ചിലതെല്ലാം നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമത്രേ.

ദൗര്‍ഭാഗ്യവശാല്‍ മിക്കയാളുകള്‍ക്കും സാത്താനെക്കുറിച്ചു ധാരണ ലഭിക്കുന്നത് ദൈവവചനത്തിലെ ഉപദേശങ്ങളില്‍ നിന്നല്ല, ഓനിഡാ ടെലിവിഷനിലെ പരസ്യങ്ങളില്‍ നിന്നാണ്. അതിനാല്‍ കൊമ്പും നഖവുമണിഞ്ഞവനും പച്ചനിറത്തില്‍ ശാഖകളുള്ള വാലോടുകൂടിയവനുമായ ഒരു താമാശക്കാരനായിട്ടാണ് അവര്‍ സാത്താനെപ്പറ്റി ചിന്തിക്കുന്നത്. എന്നാല്‍ സാത്താന് ഇപ്രകാരം വികൃതമായ ഒരു രൂപമില്ലെന്ന് നാം ബൈബിളില്‍നിന്നു മനസ്സിലാക്കുന്നു. സാത്താന്‍ ഒരാത്മാവാണ്. ആളുകള്‍ തന്നെക്കണ്ട് ഭയചകിതരായി ഓടിപ്പോകുമാറുള്ള ഒരു രൂപം ധരിക്കുവാന്‍ തക്കവണ്ണം അവന്‍ ബുദ്ധിഹീനനല്ല. ആളുകള്‍ അപ്രകാരം ചെയ്യുവാനിടയായാല്‍ പിന്നെ അവരെ വഴി തെറ്റിക്കുവാന്‍ അവനെങ്ങനെ സാധിക്കും?

ആദ്യമായി നിങ്ങളുടെ വിശ്വാസം പിടിച്ചുപറ്റിയശേഷം പിന്നീടു നിങ്ങളെ വഞ്ചിക്കുന്ന ഒരു കൗശലക്കാരനോടാണ് സാത്താന് അധികം സാദൃശ്യമുള്ളത്. സാത്താന്‍ ഒരു" വെളിച്ചദൂതനെപ്പോലെ" ആകര്‍ഷികത്വമുള്ളവനായി നമ്മുടെ അടുക്കല്‍ വരുന്നതായി ബൈബിള്‍ പറയുന്നു. ഇപ്രകാരം വെളിച്ചദൂതനെപ്പോലെ വരുന്നതിനാലാണ് ലോകത്തെ മുഴുവന്‍ വഞ്ചിക്കുന്നവന്‍ എന്ന പേര് സാത്താന് ലഭിച്ചിട്ടുള്ളത് (വെളിപ്പാട് 12:9).

ഒരു ദൃഷ്ടാന്തം ഞാന്‍ നിങ്ങള്‍ക്കു കാണിച്ചു തരാം. കരാട്ടേയെപ്പറ്റി ചിന്തിക്കുക. മിക്കയാളുകളും ചിന്തിക്കുന്നത് അതു സ്വയം സംരക്ഷിക്കുവാനുതകുന്ന ഒരു യുദ്ധകലയാണെന്നാണ്. എന്നാല്‍ അതു സത്യത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. യോഗാഭ്യാസമെന്നതു കായികാഭ്യാസം മാത്രമാണെന്നു പുറമേ തോന്നിക്കുമ്പോള്‍ തന്നെ അതു സൂര്യനെ നമസ്‌കരിക്കുവാന്‍ തന്ത്രപൂര്‍വം പഠിപ്പിക്കുന്നതുപോലെ കരാട്ടേയുടെ പിന്നിലും പൈശാചികശക്തികള്‍ ഉണ്ട്. കരാട്ടേയുടെ ദുരാത്മാക്കള്‍ ഉണ്ട്. ദുരാത്മാവു ബാധിച്ച ആളുകളില്‍ അതിനെ കണ്ടെത്തുവാന്‍ എനിക്ക് ഇടയായിട്ടുണ്ട്. എങ്കിലും ആത്മപ്രതിരോധത്തിനുള്ള (അഥവാ സ്വയം സംരക്ഷണത്തിനുള്ള) നിരുപദ്രവമായ ചില ശക്തികള്‍ എന്ന നാട്യത്തിലാണ് അവ നമ്മെ സമീപിക്കുന്നത്.

ഏദെന്‍ തോട്ടത്തില്‍ സാത്താന് ഹവ്വയുടെ അടുക്കല്‍ വന്നത് വളരെ ആകര്‍ഷകത്വമുള്ള ഒരാളായിട്ടാണ്. അറപ്പു തോന്നത്തക്ക ഒരു രൂപത്തില്‍ അവന്‍ വന്നിരുന്നെങ്കില്‍ ഹവ്വാ അവനെ വിട്ടു ഓടിപ്പോകുമായിരുന്നു.

സാത്താന്‍ മനുഷ്യരെ പരീക്ഷിക്കുന്നതിന്‍റെ വിവരണവുമായിട്ടാണ് പഴയ നിയമവും പുതിയനിയമവും ആരംഭിക്കുന്നതെന്ന വസ്തുത ശ്രദ്ധിക്കുക. പഴയ നിയമത്തില്‍ ആദാമും ഹവ്വയും പരീക്ഷിക്കപ്പെടുന്നു (ഉല്‍പത്തി 3). പുതിയ നിയമത്തിന്‍റെ ആരംഭത്തില്‍ യേശു പരീക്ഷിക്കപ്പെടുന്നതായും നാം കാണുന്നു (മത്തായി 4). നമ്മുടെ ശത്രുവായ സാത്താന്‍റെ പ്രവര്‍ത്തനരീതികള്‍ നാം അറിയണമെന്നതിനു ബൈബിള്‍ നല്‍കുന്ന പ്രാധാന്യം ഇതിലൂടെ വ്യക്തമാകുന്നുണ്ട്.

ആദാമും ഹവ്വയും സാത്താനെ അഭിമുഖീകരിക്കുന്ന മാര്‍ഗ്ഗമാണ് നാം പിന്തുടരുന്നതെങ്കില്‍ തീര്‍ച്ചയായും നാം വീണുപോകും. എന്നാല്‍ യേശുക്രിസ്തു സാത്താനെ നേരിട്ട മാര്‍ഗ്ഗം നാം പിന്തുടരുമെങ്കില്‍ നാം വിജയികളായിത്തീരും.

യേശുക്രിസ്തു ജലസ്‌നാനമേല്‍ക്കുകയും പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടുകയും ചെയ്തശേഷം അവിടുന്നു തന്‍റെ പരസ്യശുശ്രൂഷ ആരംഭിക്കുന്നതിനു മുമ്പു തന്നെ നാം വായിക്കുന്ന ഒന്നാമത്തെ കാര്യം അവിടുന്നു സാത്താനാല്‍ പരീക്ഷിക്കപ്പെടേണ്ടതിന് പരിശുദ്ധാത്മാവിനാല്‍ മരുഭൂമിയിലേക്കു നയിക്കപ്പെട്ടുവെന്നാണ് (ലൂക്കോസ് 4:1).

സാത്താനെ നേരിടുവാന്‍ പരിശുദ്ധാത്മാവ് യേശുവിനെ നയിച്ചുവെന്ന കാര്യം വാസ്തവത്തില്‍ അദ്ഭുതകരം തന്നെ. പരിശുദ്ധാത്മാവ് ദൈവത്തെയും സ്വര്‍ഗ്ഗത്തെയും കുറിച്ചുള്ള ദര്‍ശനങ്ങള്‍ നല്‍കുവാന്‍ മാത്രമാണ് പര്‍വതശിഖരങ്ങളിലേക്ക് ആളുകളെ നയിക്കുന്നതെന്ന് ഒരുവന്‍ ചിന്തിക്കുവാനിടയുണ്ട്. അവിടുന്ന് അതിനുവേണ്ടി അമ്മാതിരി സ്ഥലങ്ങളിലേക്ക് നമ്മെ നടത്താറുണ്ടെന്നുള്ളതു ശരി തന്നെ. എന്നാല്‍ നാം സാത്താനാല്‍ പരീക്ഷിക്കപ്പെടുവാനിടയുള്ള സ്ഥലങ്ങളിലേക്കും കൂടെ പരിശുദ്ധാത്മാവ് നമ്മെ നയിക്കുന്നുണ്ട്.

നമുക്കു ദോഷകരമായ സ്ഥാനങ്ങളിലേക്ക് പരിശുദ്ധാത്മാവ് ഒരിക്കലും നമ്മെ നടത്തുകയില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനാല്‍ 4:1-ല്‍ ഭാഗമായ ആ ഒറ്റ വാക്യത്തില്‍ നിന്നും പരീക്ഷകള്‍ നമുക്കു പ്രയോജനകരമാണെന്നു നമുക്കു മനസ്സിലാക്കാം. അല്ലാത്തപക്ഷം പരിശുദ്ധാത്മാവ് സാത്താനാല്‍ പരീക്ഷിക്കപ്പെടുവാനായി യേശുവിനെ നയിക്കുകയില്ലായിരുന്നു. ദൈവം ആരെയും പരീക്ഷിക്കുന്നില്ല. എങ്കിലും നാം സാത്താനാല്‍ പരീക്ഷിക്കപ്പെടുവാന്‍ അവിടുന്നു തീര്‍ച്ചയായും അനുവദിക്കുന്നു.

സാത്താന്‍റെ പരീക്ഷകളുടെ സമയം ശ്രദ്ധിക്കുക.

യേശു നാല്‍പതു ദിവസം ഉപവസിച്ചശേഷം അവിടുന്നു വിശന്നിരുന്ന സമയത്ത് അവന്‍ യേശുവിന്‍റെ അടുക്കല്‍ വന്നു. നാം ശാരീരികമായി ബലഹീനരായിരിക്കുമ്പോഴോ മാനസികമോ വൈകാരികമോ ആയ ഒരു സമ്മര്‍ദ്ദം അനുഭവിക്കുമ്പോഴോ ആണ് സാത്താന്‍ നമ്മെ ആക്രമിക്കുവാന്‍ ശ്രമിക്കുന്നത്.

രണ്ടാമതായി, യേശു പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടുകയും സ്വര്‍ഗ്ഗത്തില്‍നിന്നുള്ള അംഗീകാരശബ്ദം കേള്‍ക്കുകയും ചെയ്തശേഷമാണു സാത്താന്‍ യേശുവിന്‍റെ അടുക്കല്‍ വന്നത്. ദൈവത്തില്‍നിന്നും നമുക്ക് അദ്ഭുതകരമായ ഒരനുഗ്രഹം ലഭിക്കുന്നതിനു തൊട്ടുപിമ്പാണ് പലപ്പോഴും സാത്താന്‍ നമ്മുടെ അടുക്കലേക്കു വരാറുള്ളത്.

അതിനാല്‍ സാത്താന്‍റെ തന്ത്രങ്ങളെപ്പറ്റി നമുക്കു ജാഗരൂകരായിരിക്കാം. ദൈവം നമുക്കു വലിയൊരനുഗ്രഹം നല്‍കിയശേഷം നമ്മെ നിഗളികളാക്കുവാന്‍ ശ്രമിച്ചുകൊണ്ടു സാത്താന്‍ നമ്മുടെ അടുക്കല്‍ വരും. അല്ലാത്തപക്ഷം നാം ഒരു പരീക്ഷയില്‍ തോറ്റ സമയത്തോ രോഗികളായിരിക്കുമ്പോഴോ ശാരീരികശക്തിയെല്ലാം വാര്‍ന്നുപോയ ഒരു സന്ദര്‍ഭത്തിലോ അവന്‍ നമ്മുടെ അടുക്കല്‍ വന്ന് പാപത്തിലേക്കു നയിക്കുവാന്‍ വേണ്ടി ധൈര്യക്ഷയത്തിന് നമ്മെ അധീനരാക്കിത്തീര്‍ക്കുവാന്‍ ശ്രമിക്കും.

" സാത്താന്‍റെ കൗശലങ്ങളും തന്ത്രങ്ങളും" നാം അറിയേണ്ടതിലേക്ക് കാലേകൂട്ടിത്തന്നെ ദൈവവചനം നമുക്കു നല്‍കപ്പെട്ടിരിക്കുന്നു. സാത്താന്‍ എപ്രകാരം നമ്മെ സമീപിക്കുന്നു? സാധാരണയായി ഏതേതു സന്ദര്‍ഭങ്ങളിലാണ് അവന്‍ വരുന്നത്? ഏതെല്ലാം വശീകരണതന്ത്രങ്ങള്‍ അവന്‍ പ്രയോഗിക്കുന്നു? മറ്റുള്ളവരെ അവന്‍ എപ്രകാരമാണ് വ്യാമോഹിപ്പിച്ചിട്ടുള്ളത്? യേശു എങ്ങനെ അവനെ ജയിച്ചു? ഇത്രയും കാര്യങ്ങള്‍ ദൈവവചനം നമുക്കു കാണിച്ചു തരുന്നുണ്ട്.

സാത്താന്‍റെ സമീപനമാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണ്?

ഒന്നാമതായി സാത്താന്‍ യേശുവിനെ തന്‍റെ ശാരീരികാഗ്രഹങ്ങളിലൂടെ പരീക്ഷിച്ചതായി നാം കാണുന്നു. സാത്താന്‍ യേശുവിനോടു പറഞ്ഞു: ''നീ ദൈവപുത്രനെങ്കില്‍ ഈ കല്ലുകള്‍ അപ്പമായിത്തീരുവാന്‍ കല്പിക്കുക''.

ഇങ്ങനെയാണ് സാത്താന്‍ നമ്മുടെ അടുക്കലും വരുന്നത്. നമ്മുടെ ന്യായയുക്തമായ ശാരീരികാഗ്രഹങ്ങളെ ന്യായയുക്തമായ മാര്‍ഗ്ഗങ്ങളിലൂടെ സംതൃപ്തിപ്പെടുത്തുവാന്‍ സാത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നു. എന്നാല്‍ യേശു ജാഗ്രതയുള്ളവനായിരുന്നു. അതിനാല്‍ യേശു ഇപ്രകാരം മറുപടി നല്‍കി: ''...എന്ന് എഴുതപ്പെട്ടിരിക്കുന്നു''.

അനേകായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് സാത്താന്‍ ഹവ്വയുടെ അടുക്കല്‍ വന്നപ്പോള്‍ അവന്‍ ''ദൈവം കല്പിച്ചിട്ടുണ്ടോ?'' എന്നു ചോദിച്ച് ദൈവവചനത്തെ ചോദ്യം ചെയ്തു.

സാത്താന്‍ പൂര്‍ണ്ണഹൃദയത്തോടെ വെറുക്കുന്ന ഒരേയൊരു പുസ്തകം മാത്രമേ ലോകത്തിലുള്ളുവെന്ന് നിങ്ങള്‍ക്കറിയാമോ ? അതാണ് ദൈവവചനമായ ബൈബിള്‍. എന്തുകൊണ്ടാണ് അവന്‍ അതിനെ വെറുക്കുന്നത്? കാരണമിതാണ്: അവന്‍ സാത്താനായിത്തീര്‍ന്നതെങ്ങനെയെന്ന് അതു വെളിപ്പെടുത്തുകയും അവന്‍റെ തന്ത്രങ്ങളെയെല്ലാം അതു അനാവരണം ചെയ്യുകയും എല്ലാററിലും പ്രധാനമായി കാല്‍വറിയിലെ കുരിശില്‍ അവനു സംഭവിച്ച പരാജയത്തെയും ക്രിസ്തു വീണ്ടും ഭൂമിയിലേക്കു വരുമ്പോള്‍ അവനുണ്ടാകുവാന്‍ പോകുന്ന അന്തിമന്യായവിധിയെയും കുറിച്ചുള്ള സകല കാര്യങ്ങളും അതു വെളിപ്പെടുത്തുകയും ചെയ്യുന്നു.

ഈ കാരണത്താലാണ് സാത്താന്‍ ബൈബിളിനെ വെറുക്കുക മാത്രമല്ല, അതു വായിക്കുന്നതില്‍നിന്ന് ആളുകളെ തടയുകയും ചെയ്യുന്നത്. എന്നാല്‍ ഒരു നോവലോ കോമിക്കോ ആണെങ്കില്‍ അതു നിങ്ങള്‍ വായിക്കുന്നതു സാത്താനു വളരെ സന്തോഷമായിരിക്കും. കാരണം, ആ നോവലും കോമിക്കുമൊന്നും അവനെ ജയിക്കുന്നതില്‍ നിങ്ങളെ സഹായിക്കയില്ലെന്നും ബൈബിള്‍ അതിനു സഹായിക്കുമെന്നും അവനറിയാം.

യേശു ഈ ഭൂമിയിലേക്കു വന്നപ്പോള്‍ നമ്മെപ്പോലെ തന്നെയുള്ള ഒരുവനായിത്തീരുകയും സകലത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെടുകയും ചെയ്തു (എബ്രായര്‍ 2:17;4:15). നമുക്കു ഒരു മാതൃകയായിത്തീരുവാനും ''എന്നെ അനുഗമിക്കുവിന്‍, എന്‍റെ മാതൃക പിന്തുടരുവിന്‍'' എന്നു നമ്മോടു പറയുവാനും അവിടുത്തേക്കു കഴിയുന്നത് ഈ കാരണത്താലാണ്.

ഇവിടെ നമുക്കു പിന്തുടരുവാന്‍ കഴിയുന്ന യേശുവിന്‍റെ ദൃഷ്ടാന്തം എന്താണ്? നാം പരീക്ഷിക്കപ്പെടുമ്പോള്‍ ദൈവവചനം മാത്രം സാത്താന്‍റെ മുമ്പില്‍ ഉദ്ധരിക്കുക എന്നുള്ളതാണ് ആ ദൃഷ്ടാന്തം. ഹവ്വാ ചെയ്തതുപോലെ യേശു സാത്താനുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. തന്‍റെ ശരീരത്തിനു ഭക്ഷണം ആവശ്യമാണോ, അഥവാ ഭക്ഷണം നല്ല ഒരു വസ്തുവാണോ, അതു പ്രയോജനം ചെയ്യുമോ - ഇങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചൊന്നും അവിടുന്നു യുക്തിവാദം ചെയ്തില്ല. ദൈവം തന്‍റെ വചനത്തില്‍ എന്തു പറഞ്ഞിരിക്കുന്നുവെന്നതു മാത്രമായിരുന്നു അവിടുത്തെ ചിന്ത.

അതുകൊണ്ട് എന്‍റെ പ്രിയ സ്‌നേഹിതരേ, ഈയൊരു കാര്യം നിങ്ങളോടു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ''ദൈവം തന്‍റെ വചനത്തില്‍ എന്ത് അരുളിച്ചെയ്തിരിക്കുന്നുവോ അതൊന്നു മാത്രമാണ് എനിക്കു അന്തിമമായ പ്രമാണം'' എന്നൊരു പ്രമാണമടിസ്ഥാനമാക്കി നിങ്ങള്‍ ജീവിതം നയിക്കുമെങ്കില്‍ നിങ്ങള്‍ എപ്പോഴും യേശു ജയിച്ചതുപോലെ സാത്താനെ ജയിക്കുന്നവരായിത്തീരും. യഥാര്‍ത്ഥത്തില്‍ സാത്താന്‍ തന്‍റെ മുമ്പിലുന്നയിച്ച മൂന്നു പരീക്ഷകള്‍ക്കും മറുപടിയായി യേശു ദൈവവചനം ഉദ്ധരിക്കുക മാത്രമാണ് ചെയ്തത്.

ഇവിടെ നമുക്ക് ഹവ്വയും യേശുവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാം. യേശുവിന്‍റെ മനോഭാവം ഇതായിരുന്നു: ''ഏതെങ്കിലും ഭക്ഷണം എന്‍റെ ശരീരത്തിനു എത്ര പ്രധാനമോ അതിനെക്കാള്‍ പ്രധാനമാണ് എന്‍റെ ആത്മാവിനു ദൈവവചനം''. അല്ലെങ്കില്‍ അത് ഈ വിധത്തില്‍ നമുക്കു പറയാം: ദൈവവചനം വായിക്കുകയും ഗ്രഹിക്കുകയും അനുസരിക്കുകയും ചെയ്യുന്നത് എത്ര പ്രധാനമോ അത്രയും പ്രധാനമല്ല ശരീരത്തിനു ഭക്ഷണം ലഭിക്കുക എന്നത്. ''മനുഷ്യന്‍ അപ്പം കൊണ്ടു മാത്രമല്ല, യഹോവയുടെ വായില്‍നിന്നു വരുന്ന സകല വചനം കൊണ്ടുമത്രേ ജീവിക്കുന്നത്'' എന്ന പഴയനിയമവചനം യേശു സാത്താന്റെ മുമ്പില്‍ ഉദ്ധരിച്ചതിന്‍റെ അര്‍ത്ഥം ഇതായിരുന്നു.

എന്‍റെ കൊച്ചു സ്‌നേഹിതരേ, നിങ്ങള്‍ക്കിതു മനസ്സിലാകുന്നുണ്ടോ? ഭക്ഷണം, ലൈംഗികാകര്‍ഷണം, എന്നിവ പോലെയുള്ള നമ്മുടെ ശാരീരികാവശ്യങ്ങള്‍ എല്ലാം സാധിക്കുന്നതിനെക്കാള്‍ പ്രധാനമാണ് ദൈവവചനം എന്നു ഗ്രഹിക്കുകയാണ് സാത്താനെ ജയിക്കുന്നതിനാവശ്യമായ ഒന്നാമത്തെ പ്രമാണം. ആരംഭഘട്ടത്തില്‍ തന്നെ ഈയൊരു നിലപാട് നിങ്ങള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ വഞ്ചിതരായിത്തീര്‍ന്നു പോകും.

ഓരോ ദിവസവും ദൈവവചനം വായിക്കുന്നതിനെക്കാള്‍ അധികം പ്രധാനം ഭക്ഷണം കഴിക്കുന്നതാണെന്ന് സാത്താന്‍ നിങ്ങളോടു പറയും. സാത്താന്‍ പറയുന്നതു വിശ്വസിക്കുന്ന ഒട്ടനേകം വിശ്വാസികളുണ്ട്.

സാത്താന്‍ പറയുന്നത് അവര്‍ വിശ്വസിക്കുന്നുവെന്നതിന്‍റെ തെളിവ് ഇതാണ്: ദിവസം മൂന്നു പ്രാവശ്യമോ അതിലധികമോ ഭക്ഷണം കഴിക്കുവാന്‍ അവര്‍ ഒരിക്കലും മറക്കുന്നില്ല. അതിന് അവര്‍ സമയം കണ്ടെത്തുന്നു. എന്നാല്‍ ദൈവവചനം വായിക്കുവാന്‍ ഒന്നുകില്‍ അവര്‍ മറന്നുപോകുന്നു; അല്ലെങ്കില്‍ അതിനു സമയമില്ലാത്തവിധം അത്ര തിരക്കുള്ളവരായി അവര്‍ തീരുന്നു.

വിശ്വാസികളെ ഈ വിധം വഞ്ചിക്കുകയും അതിലൂടെ അവരെ ദുര്‍ബലരാക്കുകയും ചെയ്തത് ആരുടെ പ്രവൃത്തിയാണ്? അതു തീര്‍ച്ചയായും സാത്താന്‍റെ പ്രവൃത്തി തന്നെ, സംശയമില്ല. യേശുവില്‍ നാം കണ്ടെത്തുന്ന ആ ദൃഷ്ടാന്തം എത്ര മഹനീയം! നാല്‍പതു ദിവസം ഉപവസിച്ചതിനുശേഷവും തനിക്കു വിശപ്പടക്കുന്നതിനെക്കാള്‍ കൂടുതല്‍ പ്രധാനമായി തോന്നിയത് ദൈവത്തിന്‍റെ ഒരു വചനം ശ്രദ്ധിക്കുന്നതായിരുന്നു.

തങ്ങളുടെ ജീവിത്തില്‍ ദൈവവചനത്തിനു സര്‍വോന്നതസ്ഥാനം നല്‍കുന്നവരാണ് നിരന്തരമായിത്തന്നെ വിജയജീവിതം നയിക്കുന്നത്. 1 യോഹന്നാന്‍ 2:14-ല്‍ അപ്പോസ്തലനായ യോഹന്നാന്‍ ചെറുപ്പക്കാരോട് ഇങ്ങനെ പറയുന്നു: ''ബാല്യക്കാരേ, നിങ്ങള്‍ ശക്തരാകയാലും ദൈവവചനം നിങ്ങളില്‍ വസിക്കയാലും നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു. ''മറ്റേതെങ്കിലും വിധത്തില്‍ സാത്താനെ ജയിക്കുക അസാധ്യം തന്നെ. നിങ്ങളുടെ ജീവിതത്തിലെ ഓരോ ദിവസവും ദൈവവചനം വായിക്കുവാനും ധ്യാനിക്കുവാനും നിങ്ങളില്‍ ഓരോരുത്തരെയും ഞാന് ഉത്സാഹിപ്പിക്കുന്നു.

ഇനി നമുക്കു രണ്ടാമത്തെ പരീക്ഷയിലേക്കു കടന്നു നോക്കാം.

ഇവിടെ സാത്താന്‍ ദേവാലയത്തിന്‍റെ അഗ്രത്തില്‍നിന്നു താഴോട്ടു ചാടുവാനും ദൈവികസംരക്ഷണം അവകാശപ്പെടുവാനും യേശുവിനെ പ്രലോഭിപ്പിക്കുന്നു. അദ്ഭുതാവഹമായ ഒരു കൃത്യം ചെയ്യുവാനും യാതൊരു ഹാനിയും കൂടാതെ തങ്ങളുടെ മധ്യത്തിലേക്കു താണുവരുന്ന യേശുവിനെ നോക്കിക്കൊണ്ട് താഴെ ദേവാലയാങ്കണത്തില്‍ നില്‍ക്കുന്ന ജനസമൂഹത്തിന്‍റെ അഭിനന്ദമാര്‍ജ്ജിക്കുവാനുള്ള ഒരു പരീക്ഷയാണിത്. ഇവിടെ സാത്താന്‍ യേശുവിന്‍റെ മുമ്പില്‍ കൊണ്ടുവന്ന നിര്‍ദ്ദേശം സത്യത്തില്‍ ആത്മഹത്യാപരമായ ഒരു പ്രവര്‍ത്തനം തന്നെ.

മറ്റുള്ളവരുടെ അഭിനന്ദനം നേടുവാനോ നിങ്ങള്‍ മഹാനായ ഒരു വ്യക്തിയെന്ന ആളുകള്‍ക്കു ബോധ്യംവരുത്തുവാനോ വേണ്ടി അദ്ഭുതാവഹമായ ചില കൃത്യങ്ങള്‍ ചെയ്യുവാന്‍ സാത്താന്‍ ചിലപ്പോള്‍ നിങ്ങളെ പ്രേരിപ്പിക്കും. ''ദൈവദൂതന്മാര്‍ നിന്നെ താങ്ങിക്കൊള്ളും'' എന്നിങ്ങനെ സാത്താന്‍ ദൈവവചനം തന്നെ ഉദ്ധരിച്ചതും ശ്രദ്ധിക്കുക.

ദൈവവചനം തെറ്റായി ഉദ്ധരിക്കുന്നതിലൂടെ നിങ്ങളെ വഴിതെറ്റിക്കുവാന്‍ സാധിക്കുമെങ്കില്‍ അതു ചെയ്യുവാനും സാത്താന്‍ മുതിരും. തിരുവചനം വാസ്തവത്തില്‍ എന്താണു പഠിപ്പിക്കുന്നതെന്നു നിങ്ങള്‍ക്കറിവില്ലെങ്കില്‍ അവന്‍ നിങ്ങളെ വഞ്ചിക്കുകതന്നെ ചെയ്യും.

ഉദാഹരണമായി തങ്ങള്‍ രോഗബാധിതരായിത്തീരുമ്പോള്‍ മരുന്നു കഴിക്കാത്ത വിശ്വാസികളുണ്ട്. ഈ വിധത്തിലുള്ള തങ്ങളുടെ 'വിശ്വാസ'ത്തിനാധാരമായ ഒരു തിരുവെഴുത്തുപോലും അവര്‍ക്കില്ല. എന്നാല്‍ തങ്ങള്‍ ദൈവത്തില്‍ 'വിശ്വാസമര്‍പ്പിക്കുക'യാണെന്ന് അവര്‍ സങ്കല്‍പിക്കുന്നു. ഇത് ദൂതന്മാര്‍ തങ്ങള്‍ക്കു പ്രകൃത്യതീതമായ സംരക്ഷണം നല്‍കുമെന്നു വിശ്വസിച്ചുകൊണ്ട് ദേവാലയാഗ്രത്തില്‍നിന്നു ചാടുന്നതിനു തുല്യമാണ്. അവരില്‍ ഒട്ടധികം പേരും തങ്ങളുടെ രോഗം നിമിത്തം മരണമടയുന്നു. ഇതുമൂലം ക്രിസ്തീയമാര്‍ഗ്ഗം ഭോഷത്തപരമായ മതാന്ധത ബാധിച്ച ഒരു മാര്‍ഗ്ഗമാണെന്ന ധാരണ വിജാതീയര്‍ക്കുണ്ടാകുകയും അങ്ങനെ ക്രിസ്തുവിന്റെ നാമം അവരുടെയിടയില്‍ ദുഷിക്കപ്പെടുകയും ചെയ്യുന്നു.

ഈ വിശ്വാസികളെ ആത്മഹത്യയിലേക്കു വശീകരിക്കുന്നതില്‍ തനിക്കു വിജയം ലഭിച്ചതുമൂലം സാത്താന്‍ ചാരിതാര്‍ത്ഥ്യം പൂണ്ട് ആഹ്ലാദിക്കുകയാണ് (മാറി നിന്നു ചിരിക്കുകയാണ്). അവര്‍ വിഷം കുടിച്ചില്ല, പിന്നെയോ, നമ്മുടെ പ്രയോജനത്തിനായി ദൈവം സൃഷ്ടിച്ച ഔഷധമുപയോഗിച്ചു തങ്ങളുടെ ശരീരത്തെ ബാധിച്ച രോഗബീജങ്ങളെ നശിപ്പിക്കുവാന്‍ വിസമ്മതിച്ചതിലൂടെയാണ് ആത്മഹത്യ ചെയ്തത്. ഈ മാര്‍ഗ്ഗത്തിലൂടെ ഭൂമിയില്‍ ദൈവരാജ്യത്തിന്‍റെ പ്രവര്‍ത്തനത്തിനു പ്രയോജനം വരുത്തുമായിരുന്ന പല ദൈവമക്കളെയും സാത്താന്‍ മരണത്തില്‍ കുടുക്കി നശിപ്പിച്ചിട്ടുണ്ട്.

ബുദ്ധിഹീനമായ ചിലത് ദൈവവചനത്തിന്‍റെ താല്‍പര്യത്തിനും ഉപദേശത്തിനും വിരുദ്ധമായ ചിലത്, കാഴ്ചയില്‍ അദ്ഭുതകരമായ ചിലതു ചെയ്യുവാന്‍ സാത്താന്‍ ആളുകളെ എപ്പോഴും പരീക്ഷക്കുന്നുണ്ട്. ഇവിടെ നാം സാത്താനെ ജയിക്കുന്നത് താഴ്മയിലൂടെയാണ്. ഏതെങ്കിലും വിധത്തില്‍ നമുക്ക് ഒരു പുകഴ്ച ലഭിക്കുവാനാഗ്രഹിച്ചിട്ടല്ല, പിന്നെയോ താഴ്മയോടെ ദൈവത്തിനു നമ്മെത്തന്നെ കീഴടക്കുന്നതിലൂടെയാണ് നാം ആ ജയം കരസ്ഥമാക്കുന്നത്.

സാത്താന്‍ യേശുവിന്‍റെ മുമ്പില്‍ ഒരു ദൈവവചനം ഉദ്ധരിച്ചപ്പോള്‍ യേശു അതിനു മറുപടിയായി മറ്റൊരു ദൈവവചനം ഉദ്ധരിച്ചു. ''നിന്‍റെ ദൈവമായ കര്‍ത്താവിനെ പരീക്ഷിക്കരുത് എന്നും കൂടി എഴുതിയിരിക്കുന്നു''. ഇതായിരുന്നു കര്‍ത്താവു നല്‍കിയ മറുപടി.

ബുദ്ധിഹീനവും അര്‍ത്ഥശൂന്യവും അനാവശ്യകവുമായ ഒരു പ്രവൃത്തിയാല്‍ ദൈവത്തെ പരീക്ഷിച്ചിട്ട് ആ ഭോഷത്തത്തിന്‍റെ അനന്തരഫലത്തില്‍നിന്നു ദൈവം നമ്മെ സംരക്ഷിച്ചുകൊള്ളുമെന്നു പ്രതീക്ഷിക്കുകയല്ല നാം ചെയ്യേണ്ടത്.

ഇനി അവസാനമായി മൂന്നാമത്തെ പരീക്ഷയെപ്പറ്റി ചിന്തിക്കുക.

ഇവിടെ താന്‍ എപ്പോഴും ആഗ്രഹിച്ചിട്ടുള്ള ഒരു കാര്യം - ആരാധന അഥവാ തന്നെ മറ്റുള്ളവര്‍ കുമ്പിട്ടു നമസ്‌കരിക്കുന്ന അനുഭവം - ലഭിക്കുവാനാണ് സാത്താന്‍ ശ്രമിക്കുന്നത്. അവന്‍ യേശുവിനോടു പറഞ്ഞു. ''നീ എന്നെ വീണു നമസ്‌കരിക്കുമെങ്കില്‍ ഈ ലോകത്തിന്‍റെ മഹത്വം മുഴുവന്‍ ഞാന്‍ നിനക്കു നല്‍കാം.''

ഈ ലോകത്തിന്‍റെ മഹത്വം നമ്മെയെല്ലാം വശീകരിക്കുന്ന അദ്ഭുതശക്തിയുള്ള ഒരു കാര്യമാണ്. പണം, ജനപ്രീതി, ബഹുമാനം, സ്ഥാനമാനങ്ങള്‍, പദവി, അധികാരം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ''ഇതില്‍ ഏതാണു നീ ആഗ്രഹിക്കുന്നത്? എന്നോടു പറയുക. ഞാന്‍ അതു നിനക്കു തരാം. എന്‍റെ മുമ്പില്‍ അല്‍പമൊന്നു മുട്ടുമടക്കി എന്നെ ഒന്നു നമസ്‌കരിക്കുക. അതെല്ലാം ഞാന്‍ നിനക്കു നല്‍കാം''.

അവന്‍ നിങ്ങളോടു പറയും: ''നിങ്ങളുടെ പരീക്ഷയില്‍ ജയം നേടുവാന്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടോ? ക്ലാസ്സില്‍ ഒന്നാമനാകുവാന്‍ നീ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഞാന്‍ നിന്നെ സഹായിക്കാം. എന്‍റെ മുമ്പില്‍ നീ മുട്ടുമടക്കി എന്നെ ഒന്നു നമസ്‌കരിക്കുക. അതെല്ലാം ഞാന്‍ നിനക്കു നല്‍കാം''.

അവന്‍ നിങ്ങളോടു പറയും: ''നിങ്ങളുടെ പരീക്ഷയില്‍ ജയം നേടുവാന്‍ നിങ്ങള്‍ക്കു താല്‍പര്യമുണ്ടോ? ക്ലാസ്സില്‍ ഒന്നാമനാകുവാന്‍ നീ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഞാന്‍ നിന്നെ സഹായിക്കാം. എന്‍റെ മുമ്പില്‍ നീ മുട്ടുമടക്കുക. കൈക്കൂലികൊടുത്ത് ആ ചോദ്യക്കടലാസ് കാലേകൂട്ടി കരസ്ഥമാക്കുക. പരീക്ഷകന് കുറച്ചു പണം കൊടുത്ത് കുറെ മാര്‍ക്കു കൂടി സമ്പാദിക്കുക. പരീക്ഷയില്‍ അല്‍പം കള്ളത്തരം പ്രയോഗിക്കുക'' ഇങ്ങനെയെല്ലാമാണ് അവന്‍ നമ്മെ ഉപദേശിക്കുന്നത്.

ഈ വഴികളിലൂടെയാണ് ഇന്നു ധാരാളം പേര്‍ സാത്താന്‍റെ മുമ്പില്‍ മുട്ടു മടക്കുന്നത്.

ചെറുപ്പക്കാരായ നിങ്ങള്‍ സാത്താന്‍റെ തന്ത്രങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാന കാര്യമാണ്. തീര്‍ച്ചയായും ഒരു പരീക്ഷയില്‍ കള്ളത്തരം പ്രയോഗിക്കുമ്പോള്‍ നിങ്ങള്‍ ഹൃദയം കൊണ്ട് സാത്താന്‍റെ മുമ്പില്‍ മുട്ടുകുത്തി ഇപ്രകാരം പറയുകയാണ്: ''സാത്താനേ, ഞാന്‍ നിന്‍റെ ആജ്ഞകള്‍ അനുസരിക്കാം. പരീക്ഷാഹാളിലേക്കു പോകുമ്പോള്‍ ഒരു ചെറിയ കടലാസുകഷണത്തില്‍ കുറിപ്പുകളെഴുതി ഞാന്‍ പോക്കറ്റില്‍ സൂക്ഷിച്ചുകൊള്ളാം''.

ഇക്കാലത്തു ചെറുപ്പക്കാര്‍ കണ്ടെത്തിയിട്ടുള്ള സാമര്‍ത്ഥ്യപൂര്‍വമായ വേറെയും പല കപടവിദ്യകളുണ്ട്. കാരണം, സാത്താന്‍ വളരെ സാമര്‍ത്ഥ്യശാലിയാണ്. കപടമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാനാഗ്രഹിക്കുന്നവര്‍ക്ക് തന്‍റെ എല്ലാ കൗശലങ്ങളും തന്ത്രങ്ങളും അവന്‍ ഉപദേശിച്ചു കൊടുക്കുന്നു.

സാത്താന്‍ യേശുവിന് ഈ ലോകത്തിന്‍റെ മഹത്വങ്ങള്‍ വാഗ്ദാനം ചെയ്തുവെങ്കില്‍ നിങ്ങള്‍ക്കും അവ വാഗ്ദാനം ചെയ്യുമെന്നു നിങ്ങള്‍ ചിന്തിക്കുന്നില്ലേ? നിങ്ങള്‍ കൂടുതല്‍ പ്രായപൂര്‍ത്തിയിലേക്കു വളരുമ്പോള്‍ തനിക്കു വാഗാദാനം ചെയ്യുവാനുള്ള മറ്റു പല അദ്ഭുതകാര്യങ്ങളെപ്പറ്റിയും അവന്‍ നിങ്ങളോടു സംസാരിക്കും. വ്യാജമായ പ്രസ്താവനകള്‍ എഴുതി ഒപ്പു വയ്ക്കുന്നവരും സാമ്പത്തികകാര്യങ്ങളില്‍ അനീതി കാണിക്കുന്നവരും നേരുകെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരുമായ ആളുകളുണ്ട്. കുറച്ചുകൂടെ പണം സമ്പാദിക്കുവാനും അല്പംകൂടെ ജനപ്രീതി നേടുവാനും ഈ ലോകത്തില്‍ കുറെക്കുടെ ഉയര്‍ന്ന പദവി കരസ്ഥമാക്കുവാനും വേണ്ടിയാണ് അവര്‍ ഇതെല്ലാം ചെയ്യുന്നത്.

സാത്താന്‍ എല്ലായ്‌പ്പോഴും ആളുകളോട് ഇപ്രകാരം പറയാറുണ്ട്: ''നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്ന് എന്നോടു പറയുക. ഞാന്‍ അതു നിങ്ങള്‍ക്കു തരാം''. ഇത്തരം പ്രലോഭനങ്ങള്‍ക്കു മുമ്പില്‍ യേശുവിന് ഒരുത്തരമേ ഉണ്ടായിരുന്നുള്ളു. ''നിന്‍റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ചു അവനെ മാത്രമേ ആരാധിക്കാവൂ'' (മത്തായി 4:10).

സാത്താന്‍റെ ഈ തന്ത്രങ്ങളെക്കുറിച്ചെല്ലാം നമുക്കു താക്കീതു നല്‍കുവാന്‍ ദൈവത്തിന്‍റെ വചനം നമുക്കുള്ളത് എത്ര അദ്ഭുതമാര്‍ന്ന കാര്യമാണ്! നിങ്ങളുടെ ചെറുപ്രായത്തില്‍ ഈ കാര്യങ്ങള്‍ പഠിക്കുവാന്‍ സാധിക്കുന്ന നിങ്ങള്‍ എത്ര അനുഗൃഹീതര്‍!

ഈ ലോകത്തിന്‍റേതായ എന്തെങ്കിലും ലഭിക്കുന്നതിനുവേണ്ടി നിങ്ങള്‍ പരീക്ഷിക്കപ്പെടുകയും അതു ലഭിക്കുവാന്‍ വേണ്ടി നിങ്ങളുടെ സ്വഭാവശുദ്ധിയെ ബലികഴിക്കേണ്ടിവരുമെന്നു നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ എന്താണു ചെയ്യുക? യേശു സാത്താനോടു പറഞ്ഞ വാക്കുകള്‍ തന്നെ സാത്താനോടു പറയുകയും ചെയ്യുക.

ചിലപ്പോള്‍ സാത്താന്‍ ഇപ്രകാരം നിങ്ങളോടു പറയും: ''ഇവിടെ നിങ്ങള്‍ നീതിമനായിരിക്കേണ്ട കാര്യമൊന്നുമില്ല. ഇവിടെ നിങ്ങള്‍ സത്യം പറയേണ്ട ആവശ്യമില്ല. ഒരു ചെറിയ കള്ളം പറഞ്ഞുകൊള്ളുക. അതു കൊണ്ട് ഈ ലോകത്തിന്‍റെ ചില കാര്യങ്ങള്‍ നേടുവാന്‍ നിങ്ങള്‍ക്കു കഴിയും.'' ആ സന്ദര്‍ഭത്തില്‍ അവനോട് ഇപ്രകാരം പറയുവാനുള്ള ധൈര്യം നിങ്ങള്‍ക്കുണ്ടാവണം: ''സാത്താനേ, എന്നെ വിട്ടു പോ; നിന്‍റെ വാക്കുകള്‍ ഞാന്‍ കേള്‍ക്കുകയില്ല. ദൈവത്തെ മാത്രമേ ഞാന്‍ വീണു നമസ്‌കരിക്കാവൂ എന്ന് എഴുതിയിരിക്കുന്നു. ഇവിടെ ഞാന്‍ യേശുവിനെ പിന്തുടരും''.

താന്‍ സൃഷ്ടിക്കപ്പെട്ട നാള്‍മുതല്‍ മറ്റുള്ളവര്‍ തന്നെ നമസ്‌കരിക്കണമെന്ന് സാത്താന്‍ എന്നും ആഗ്രഹിക്കുന്നു. അതിനാലാണ് ദൈവത്തെപ്പോലെയാകുവാന്‍ അവന്‍ ആഗ്രഹിച്ചത്. ദൈവം മാത്രമേ ആരാധനായോഗ്യനായിട്ടുള്ളുവെന്ന് അവന് അറിയാമായിരുന്നു. മറ്റു ദൂതന്മാര്‍ തന്നെ ആരാധിക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. അദ്ഭുതമെന്നു പറയട്ടെ, യേശു പോലും തന്നെ ആരാധിക്കുവാന്‍ അവന്‍ കൊതിച്ചു!

യേശുവിന്‍റെ മുമ്പില്‍ സാത്താനു വിജയിക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്നു ലോകത്തില്‍ അനേകമാളുകളുടെ മുമ്പിലും അവന് വിജയം ലഭിക്കുന്നു. തങ്ങള്‍ക്കു ചില ഭൗതികലാഭങ്ങള്‍ നേടുവാനാഗ്രഹിച്ച് അതിനുവേണ്ടി തങ്ങളുടെ വിശ്വാസസത്യങ്ങളെ അടിയറവയ്ക്കുവാന്‍ സന്നദ്ധരായ ഒട്ടനേകം വിശ്വാസികളുട മുമ്പില്‍പ്പോലും അവന് വിജയം ലഭിക്കുന്നുണ്ട്.

ഇന്ന് സാത്താനു മുമ്പില്‍ മുട്ടുകുത്തുന്ന ലക്ഷക്കണക്കിനാളുകള്‍ ഉണ്ട്. അവര്‍ പാപത്തിനു വഴങ്ങിക്കൊടുക്കുമ്പോള്‍, അഥവാ തങ്ങളുടെ മനസ്സാക്ഷിക്കു വിരോധമായി പ്രവര്‍ത്തിക്കുമ്പോള്‍, അവര്‍ വാസ്തവത്തില്‍ സാത്താന്‍റെ മുമ്പില്‍ മുട്ടു മടക്കുകയാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. എന്തിനാണ് അവര്‍ ഇപ്രകാരം ചെയ്യുന്നത്? ഈ ലോകമഹത്വത്തിന്‍റെ ഒരു ഭാഗം നേടുവാന്‍ വേണ്ടിത്തന്നെ.

നിങ്ങള്‍ വിജയത്തെയോ ജനപ്രീതിയെയോ അധികാരത്തെയോ ആഗ്രഹിക്കുമ്പോള്‍ - ഒരു പക്ഷേ ഒരു പരീക്ഷയിലുള്ള ജയം, സ്‌കൂളിലുള്ള ജനപ്രീതി, ലോകത്തില്‍ ഒരു സ്ഥാനം ഇതൊക്കെയാവാം അത് - സാത്താന്‍ നിങ്ങളുടെ അടുക്കല്‍ വന്ന് ഇപ്രകാരം പറയും: ''ഞാന്‍ അതു നിനക്കു തരാം: ഇക്കാര്യം നീ ചെയ്യുക. പോയി അപ്രകാരം പറയുക. ഈ വിധത്തില്‍ പ്രവര്‍ത്തിക്കുക''.

ഇങ്ങനെ അവന്‍ അഭിപ്രായപ്പെടുന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്ന് നിങ്ങള്‍ക്കു നല്ലവണ്ണം അറിയാം. എന്നിട്ടും നിങ്ങള്‍ മുന്നോട്ടു പോയി അതു ചെയ്യുന്നു. അങ്ങനെ നിങ്ങള്‍ സാത്താന്‍റെ മുമ്പില്‍ മുട്ടുമടക്കുന്നു.

ഇപ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോഴും നിങ്ങള്‍ക്കു നിങ്ങളെത്തന്നെ ഒരു ക്രിസ്ത്യാനിയെന്നു വിളിക്കാമെന്നു നിങ്ങള്‍ ചിന്തിക്കുന്നുണ്ടോ? ഒരിക്കലും അതു സാധ്യമല്ല. സാത്താന്‍റെ മുമ്പില്‍ മുട്ടു മടക്കുന്ന ഒരുവനും ക്രിസ്ത്യാനിയല്ല.

അപ്പോള്‍ കഴിഞ്ഞുപോയ വര്‍ഷങ്ങളില്‍ നാം സാത്താന്‍റെ മുമ്പില്‍ മുട്ടുമടക്കിയിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ എന്താണ് നാം ചെയ്യേണ്ടത്? നാം അപ്രകാരം ചെയ്ത എല്ലാ സന്ദര്‍ഭങ്ങളെപ്പറ്റി ഇപ്പോള്‍ നാം പശ്ചാത്തപിക്കണം. നാം വഞ്ചിച്ചെടുക്കുകയോ തെറ്റായ വിധം നേടുകയോ ചെയ്ത സകലവും തിരിയെക്കൊടുക്കണം. അനന്തരം നമ്മോടു ക്ഷമിക്കുവാനും നമ്മെ കഴുകിശുദ്ധീകരിക്കുവാനും യേശുവിനോടപേക്ഷിക്കണം.

സാത്താനു മേലാല്‍ നമ്മുടെ ജീവിതങ്ങളുടെമേല്‍ അധികാരമുണ്ടാകാതിരിക്കുമാറ് നമുക്കു ഉടനടി ഈ കാര്യങ്ങള്‍ ചെയ്യാം.

അധ്യായം 6
സാത്താന്‍റെ പരാജയം

സാത്താന്‍റെ പരാജയത്തെപ്പറ്റി ഇപ്പോള്‍ ചില കാര്യങ്ങള്‍ നിങ്ങളോടു പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഈ ഭൂമിയില്‍ നടന്ന ഏറ്റവും വലിയ യുദ്ധത്തെപ്പറ്റി ഈ ലോകത്തിലെ ചരിത്രഗ്രന്ഥങ്ങളിലെങ്ങും എഴുതിയിട്ടില്ല. കാല്‍വറിയിലാണ് ആ യുദ്ധം നടന്നത്. അവിടെവച്ച് യേശു ഈ ലോകത്തിന്‍റെ പ്രഭുവായ സാത്താനെ തോല്‍പിച്ചു.

നിങ്ങളുടെ മുഴുവന്‍ ജീവിതത്തിലും ഒരിക്കലും നിങ്ങള്‍ക്കു മറക്കാന്‍ പാടില്ലാത്ത ഒരു വേദഭാഗം എബ്രായര്‍ 2:14,15 വാക്യങ്ങളാണ്. ഈ വാക്യങ്ങള്‍ നിങ്ങള്‍ അറിഞ്ഞിരിക്കുന്നത് സാത്താന്‍ തീര്‍ച്ചയായും ഇഷ്ടപ്പെടുകയില്ലെന്ന് എനിക്കുറപ്പുണ്ട്. താന്താങ്ങളുടെ തോല്‍വിയെപ്പറ്റി കേള്‍ക്കുവാന്‍ ആര്‍ക്കും ഇഷ്ടമില്ലല്ലോ. സാത്താനും ഈ നിയമത്തിന് ഒരപവാദമല്ല. ആ വാക്യങ്ങള്‍ ഇപ്രകാരമാണ്:

''മക്കള്‍ ജഡരക്തങ്ങളോടു കൂടിയവര്‍ ആകകൊണ്ട് അവനും അവരെപ്പോലെ ജഡരക്തങ്ങളോടുകൂടിയവനായി മരണത്തിന്‍റെ അധികാരിയായ പിശാചിനെ നീക്കി ജീവപര്യന്ത്യം മരണഭീതിയാല്‍ അടിമകളായിരുന്നവരെ ഒക്കെയും വിടുവിച്ചു.''

യേശു മരിച്ചപ്പോള്‍ അവിടുന്നു സാത്താനെ ശക്തിയറ്റവനാക്കിത്തീര്‍ത്തു. എന്തിനുവേണ്ടി? നാം സാത്താനില്‍നിന്നു സ്വതന്ത്രരായിത്തീരുവാന്‍വേണ്ടി. അതു മാത്രമല്ല, ജീവിതകാലം മുഴുവന്‍ സാത്താന്‍ നമ്മുടെ മേല്‍ വച്ചിട്ടുള്ള ഭയമെന്ന അടിമനുകത്തില്‍നിന്നും നാം സ്വാതന്ത്ര്യം പ്രാപിക്കുവാന്‍വേണ്ടി രോഗഭയം, ദാരിദ്ര്യഭയം, പരാജയഭയം, മനുഷ്യഭയം, ഭാവിഭയം എന്നിങ്ങനെ ഈ ലോകജനതയെ അടിമകളാക്കിയിട്ടുള്ള പലതരം ഭയങ്ങളുണ്ട്. എങ്കിലും എല്ലാ ഭയങ്ങളിലും ഏറ്റവും വലുത് മരണഭയം തന്നെയാണ്. മറ്റെല്ലാ ഭയങ്ങളും അതിനെക്കാള്‍ താഴെ മാത്രമാണ്.

മരണഭയം, മരണാനന്തരം നമുക്കെന്തു സംഭവിക്കുമെന്ന ഭയത്തിലേക്കു നമ്മെ നയിക്കുന്നതാണ്. പാപത്തില്‍ ജീവിക്കുന്നവര്‍ അന്തിമമായ മരണത്തിലെത്തിച്ചേരുമെന്ന് ബൈബിള്‍ വ്യക്തമായി പഠിപ്പിക്കുന്നു. മാനസാന്തരപ്പെടാത്തവര്‍ക്കായി ദൈവം നിശ്ചയിച്ചിട്ടുള്ള സ്ഥലമാണ് നരകം.

സാത്താനും ഈ ലോകത്തില്‍വച്ച് താന്‍ വഞ്ചിച്ച് പാപത്തിലേക്കു നയിച്ച എല്ലാവരോടുമൊപ്പം അവിടെയുള്ള തീപ്പൊയ്കയില്‍ നിത്യകാലം കഴിക്കേണ്ടിവരും.

നമ്മുടെ പാപങ്ങള്‍ക്കുവേണ്ടിയുള്ള ഈ ശിക്ഷാവിധി നീക്കി നമ്മെ നിത്യനരകത്തില്‍നിന്നു രക്ഷിക്കുവാന്‍വേണ്ടി യേശു ലോകത്തില്‍ വന്നു. അവിടുന്നു നമ്മുടെമേലുള്ള സാത്താന്‍റെ അധികാരത്തെ നീക്കിക്കളഞ്ഞു. അതിനാല്‍ ഇനിമേല്‍ നമുക്കു ദോഷം ചെയ്യുവാന്‍ സാത്താനു സാധ്യമല്ല.

നിങ്ങളുടെ ജീവിതകാലം മുഴുവന്‍ നിങ്ങള്‍ ഈ സത്യം അറിഞ്ഞിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

ദൈവം സാത്താനെതിരായി എപ്പോഴും നിങ്ങളുടെ പക്ഷത്ത് ഉണ്ടായിരിക്കും.

എനിക്കു വളരെയധികം ധൈര്യവും ആശ്വാസവും വിജയവും പകര്‍ന്നുതന്നിട്ടുള്ള മഹത്വകരമായ ഒരു സത്യമാണിത്. അതിനാല്‍ ലോകത്തിലെല്ലായിടത്തും പോയി എല്ലാ വിശ്വാസികളോടും ഈ സത്യത്തെപ്പറ്റി പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

''ദൈവത്തിനു കീഴടങ്ങുവിന്‍; പിശാചിനോട് എതിര്‍ത്തുനില്‍പ്പിന്‍; എന്നാല്‍ അവന്‍ നിങ്ങളെ വിട്ട് ഓടിപ്പോകും'' എന്നു ബൈബിള്‍ പറയുന്നു (യാക്കോബ് 4:7). യേശുവിന്‍റെ നാമത്തിങ്കല്‍ സാത്താന്‍ എപ്പോഴും ഓടിയൊളിക്കും.

മിക്ക ക്രിസ്ത്യാനികളുടെയും മനസ്സിനുമുമ്പിലുള്ള ചിത്രം സാത്താന്‍ അവരെ പിന്തുടരുകയും അവര്‍ അവനെവിട്ടു ജീവഭയത്തോടെ ഓടുകയും ചെയ്യുന്ന ചിത്രമാണ്. എന്നാല്‍ ഇത് ബൈബിള്‍ പഠിപ്പിക്കുന്ന സത്യത്തിനു കടകവിരുദ്ധമാണ്.

നിങ്ങള്‍ക്കെന്തു തോന്നുന്നു? സാത്താന്‍ യേശുവിനെ ഭയപ്പെടുന്നുവോ ഇല്ലയോ? നമ്മുടെ രക്ഷകന്‍റെ മുമ്പില്‍ നില്‍ക്കുവാന്‍ സാത്താന്‍ എപ്പോഴും ഭയപ്പെട്ടിരുന്നുവെന്ന് നമുക്കെല്ലാം അറിയാം. യേശു ലോകത്തിന്‍റെ വെളിച്ചമാണ്. അന്ധകാരത്തിന്‍റെ അധിപതി അവിടുത്തെ മുമ്പില്‍ നില്‍ക്കാതെ ഓടിയൊളിക്കും.

എന്‍റെ പ്രിയ സ്‌നേഹിതരേ, നിങ്ങളോടു ഞാന്‍ പറയട്ടെ. സാത്താനെതിരേ യേശുവിന്‍റെ നാമം ദൈവികമായ അധികാരത്തോടെ ഉപയോഗിക്കുന്ന ഏതൊരാളിനെയും സാത്താന്‍ ഇപ്രകാരം തന്നെ ഭയപ്പെടുന്നു.

സാത്താന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു വീണ കാഴ്ച താന്‍ കണ്ടതിനെപ്പറ്റി യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞിട്ടുണ്ട്. ദൈവം സാത്താനെ പുറത്താക്കിയപ്പോള്‍ അവന്‍റെ വീഴ്ച ഒരു "മിന്നല്‍പോലെയായിരുന്നുവെന്നും" ആ ഭാഗത്തു കര്‍ത്താവു പറയുകയുണ്ടായി (ലൂക്കോസ് 10:18). യേശു മരുഭൂമിയില്‍വച്ച് ''സാത്താനേ, എന്നെ വിട്ടു പോ'' എന്ന് അവനോട് പറഞ്ഞപ്പോള്‍ അവന്‍ മിന്നല്‍വേഗത്തില്‍ യേശുവിന്‍റെ മുമ്പില്‍നിന്നു മറഞ്ഞുപോയി. ഇന്നും നാം യേശുവിന്‍റെ നാമത്തില്‍ സാത്താനെ എതിര്‍ക്കുമ്പോള്‍ അവന്‍ നമ്മുടെ മുമ്പില്‍നിന്നു പ്രകാശവേഗത്തില്‍ ഓടിയൊളിക്കും. ഇരുട്ട് എപ്പോഴും വെളിച്ചത്തിന്‍റെ മുമ്പില്‍നിന്നു ഓടിയൊളിക്കുന്നു.

യേശുവിന്‍റെ നാമത്തെ സാത്താന്‍ ഭയപ്പെടുന്നു. യേശു കര്‍ത്താവ് അഥവാ സര്‍വാധിപതിയാണെന്നും അവിടുന്നു സാത്താനെ തോല്‍പിച്ചുവെന്നും അവനെ ഓര്‍പ്പിക്കുന്നത് അവനു വെറുപ്പാണ്. പിശാചു ബാധിച്ച ആളുകള്‍ യേശു കര്‍ത്താവാണെന്നോ അവിടുന്നു ക്രൂശില്‍വച്ചു സാത്താനെ തോല്‍പിച്ചുവെന്നോ ഏറ്റുപറകയില്ലെന്നുള്ള വസ്തുത ഞാന്‍ കണ്ടെത്തിയിട്ടുണ്ട്

ഏതൊരു പിശാചിനെയും പുറത്താക്കുവാനും സാത്താനെ നിങ്ങളുടെ മുമ്പില്‍നിന്ന് മിന്നല്‍വേഗത്തില്‍ ഓടിക്കുവാനുള്ള ശക്തി യേശുവിന്‍റെ നാമത്തിനുണ്ട്. ഇക്കാര്യം ഒരിക്കലും നിങ്ങള്‍ മറക്കരുത്.

യുവാക്കളായ നിങ്ങളോട് ഇക്കാര്യം പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ ജീവിതത്തില്‍ എപ്പോഴെങ്കിലും നിങ്ങള്‍ ഒരു വൈഷമ്യത്തിലകപ്പെടുമ്പോള്‍, അഥവാ കടക്കാനസാധ്യമായ ഒരു പ്രശ്‌നത്തെ നേരിടുമ്പോള്‍, അഥവാ മാനുഷികമായി ഉത്തരം കണ്ടെത്താനാവാത്ത എന്തിനെയെങ്കിലും അഭിമുഖീകരിക്കുമ്പോള്‍ കര്‍ത്താവായ യേശുവിന്‍റെ നാമം വിളിച്ചപേക്ഷിക്കുക. ''കര്‍ത്താവായ യേശുവേ, അങ്ങ് സാത്താനെതിരേ എന്‍റെ പക്ഷത്തുണ്ട്. ഇപ്പോള്‍ എന്നെ സഹായിക്കണമേ'' എന്ന് അവിടുത്തോട് പറയുക. അനന്തരം സാത്താന്‍റെ നേരെ തിരിഞ്ഞു അവനോട് ''സാത്താനേ, യേശുവിന്‍റെ നാമത്തില്‍ ഞാന്‍ നിന്നെ എതിര്‍ക്കുന്നു'' എന്നു പറയുക. സാത്താന്‍ ഉടന്‍ തന്നെ നിങ്ങളെ വിട്ട് ഓടിപ്പോകുമെന്ന് നിങ്ങളോടു പറയുവാന്‍ ഞാനാഗ്രഹിക്കുന്നു. കാരണം, യേശു ക്രൂശിന്മേല്‍ അവനെ തോല്‍പിച്ചു. നിങ്ങള്‍ ദൈവത്തിന്‍റെ വെളിച്ചത്തില്‍ നടക്കുകയും യേശുവിന്‍റെ നാമത്തില്‍ അവനെ എതിര്‍ക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ക്കെതിരേ സാത്താന്‍ ശക്തിഹീനനത്രേ.

തന്‍റെ പരാജയത്തെപ്പറ്റി നിങ്ങള്‍ അറിയണമെന്നു സാത്താന്‍ ആഗ്രഹിക്കുന്നില്ല. അതിനെപ്പറ്റി ഇത്രയും കാലം നിങ്ങള്‍ അറിയുന്നത് അവന്‍ തടഞ്ഞുവച്ചതും ഈ കാരണത്താലാണ്. തന്‍റെ പരാജയത്തെപ്പറ്റി പ്രസംഗിക്കുവാന്‍ സമ്മതിക്കാതെ മിക്ക പ്രസംഗകരെയും അവന്‍ തടഞ്ഞിട്ടുള്ളതും ഇതുകൊണ്ടു തന്നെ.

സാത്താനെ ഒരിക്കലായും എന്നേക്കുമായും യേശുക്രിസ്തു ക്രൂശിന്മേല്‍ തോല്‍പിച്ചുവെന്ന വസ്തുത വ്യക്തമായിത്തന്നെ നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇനിയൊരിക്കലും നിങ്ങള്‍ സാത്താനെ ഭയപ്പെടേണ്ടതില്ല. നിങ്ങളെ ഉപദ്രവിക്കുവാന്‍ അവനു സാധ്യമല്ല. നിങ്ങള്‍ക്കു ദോഷം ചെയ്‌വാനും അവനു കഴിവില്ല. അവന്‍ നിങ്ങളെ പരീക്ഷിച്ചേക്കാം, എതിര്‍ത്തേക്കാം. എങ്കിലും നിങ്ങള്‍ സ്വയം താഴ്ത്തുകയും ദൈവത്തിനു കീഴടങ്ങുകയും എല്ലായ്‌പ്പോഴും അവിടുത്തെ വെളിച്ചത്തില്‍ നടക്കുകയും ചെയ്യുമെങ്കില്‍, ക്രിസ്തുവിലുള്ള ദൈവകൃപ നിങ്ങള്‍ക്ക് അവന്‍റെ മേല്‍ എപ്പോഴും വിജയം നല്‍കും. വെളിച്ചത്തില്‍ ഒരു മഹത്തായ ശക്തിയുണ്ട്. ഇരുട്ടിന്‍റെ അധിപതിയായ സാത്താന് ഒരിക്കലും വെളിച്ചത്തിന്‍റെ മണ്ഡലത്തിലേക്കു കടക്കുവാന്‍ സാധ്യമല്ല.

ഇന്നു പല വിശ്വാസികളുടെയും മേല്‍ സാത്താന് അധികാരം ലഭിച്ചിട്ടുണ്ടെങ്കില്‍ അതിന്‍റെ കാരണം അവര്‍ ഇരുട്ടില്‍ നടക്കുന്നതോ ഏതെങ്കിലും രഹസ്യപാപം അവരില്‍ കുടികൊള്ളുന്നതോ മറ്റുള്ളവരോടു ക്ഷമിക്കാത്തതോ ഏതെങ്കിലും ആളെക്കുറിച്ച് അസൂയപ്പെടുന്നതോ തങ്ങളുടെ ജീവിതത്തില്‍ രഹസ്യമായി ഏതെങ്കിലും സ്വാര്‍ത്ഥപരമായ ആഗ്രഹത്തെ പിന്തുടരുന്നതോ മറ്റോ ആയിരിക്കണം. ഈ വിധത്തിലാണ് സാത്താന്‍ അവരുടെ മേല്‍ വാഴുന്നത്. അല്ലാത്തപക്ഷം അവരെ തൊടുവാന്‍ സാത്താന് കഴിവുണ്ടാകുന്നതല്ല.

ഈ ലോകമനുഷ്യര്‍ അന്ധവിശ്വാസികളായിരിക്കുന്നതുപോലെ നിങ്ങള്‍ അന്ധവിശ്വാസികള്‍ ആകരുത്. ചിലയാളുകള്‍ക്ക് ചില പ്രത്യേക ദിവസങ്ങളില്‍ എന്തെങ്കിലും ആരംഭിക്കുവാന്‍ ഭയമാണ്. ഉദാഹരണമായി ഏതെങ്കിലും വെള്ളിയാഴ്ച 13-ാം തീയതി ആയിരുന്നാല്‍ അതു ചിലര്‍ക്കു ഭയമുണ്ടാക്കുന്ന ദിവസമാണ്. ഒരു കറുത്ത പുച്ച നിങ്ങളുടെ വഴിയില്‍ വിലങ്ങനെ ചാടിയാല്‍ അതൊരു അശുഭലക്ഷണമായി ചിലര്‍ കരുതുന്നു. ചിലര്‍ അശുഭമുഹൂര്‍ത്തം ഏതാണെന്നു തിരിച്ചറിയുവാന്‍ തിയതിയും നക്ഷത്രനിലയും ഒക്കെ നോക്കുന്നു. അത്തരം അശുഭമുഹൂര്‍ത്തങ്ങളില്‍ പ്രധാനകാര്യങ്ങളൊന്നും ചെയ്യാതിരിപ്പാന്‍ അവര്‍ ശ്രദ്ധിക്കുന്നു.

അന്ധവിശ്വാസത്തില്‍ അടിസ്ഥാനപ്പെട്ട ഇത്തരം ഭയങ്ങളെല്ലാം എവിടെനിന്നാണ് പുറപ്പെടുന്നത്? തീര്‍ച്ചയായും സാത്താനില്‍നിന്നു തന്നെ. അപ്രകാരമുള്ള എല്ലാ ഭയങ്ങളില്‍നിന്നും നമ്മെ വിടുവിക്കുവാനാണ് ക്രിസ്തു വന്നത്. ഈ ലോകത്തില്‍ ഇപ്രകാരമുള്ള ഒന്നിനെക്കുറിച്ചും ഇനിയൊരിക്കലും നാം ഭയമുള്ളവരായിത്തീരരുത്. എല്ലാ അന്ധവിശ്വാസവും പിശാചില്‍നിന്നു തന്നെ.

ഒരു ദിവസം യേശുക്രിസ്തു വരികയും അന്ന് സാത്താനെ ബന്ധിച്ച് അഗാധത്തില്‍ തള്ളിയിടുകയും ചെയ്യും എന്ന് വെളിപ്പാടു പുസ്തകം പറയുന്നു. അനന്തരം അവിടുന്ന് 1000 വര്‍ഷക്കാലം ഈ ഭൂമിയില്‍ വാഴും. ആ കാലത്തിനുശേഷം അല്പകാലത്തേക്കു സാത്താനെ അഴിച്ചുവിടും. അവന്‍റെ ദീര്‍ഘകാലകാരാഗൃഹവാസത്തിനുശേഷവും അവന് ഒരു മാറ്റവും വന്നിട്ടില്ലെന്ന് എല്ലാവരും കാണേണ്ടതിനാണിത്. അനന്തരം അവന്‍ അവസാനപ്രാവശ്യം ഭൂമിയിലേക്കു പുറപ്പെട്ട് ആളുകളെ വഞ്ചിക്കും. യേശുവിന്‍റെ സഹസ്രാബ്ദവാഴ്ച നിരീക്ഷിച്ചശേഷവും ആദാമ്യ വര്‍ഗ്ഗത്തിന്‍റെ നില മാറിയിട്ടില്ലെന്നു അപ്പോള്‍ വെളിപ്പെടും.

അതിനുശേഷം ദൈവം സാത്താനെ ന്യായം വിധിക്കുവാന്‍ വരികയും അവനെ എന്നെന്നേക്കുമായി തീയ്‌പ്പൊയ്കയില്‍ ഇട്ടുകളകയും ചെയ്യും. പാപത്തില്‍ ജീവിക്കുകയും സാത്താന്‍റെ മുമ്പില്‍ മുട്ടു മടക്കുകയും ദൈവവചനം അനുസരിക്കാതെ സാത്താനെ അനുസരിക്കുകയും ചെയ്ത എല്ലാവരും അവനോടൊപ്പം തീയ്‌പ്പൊയ്കയില്‍ തള്ളപ്പെടും.

അതിനാലാണ് സാത്താന്‍റെ പരാജയത്തെക്കുറിച്ചുള്ള ഈ സുവിശേഷം ഞങ്ങള്‍ പ്രസംഗിക്കുന്നത്. ഒരു പക്ഷേ ഇന്നത്തെ പ്രത്യേക കാലഘട്ടത്തില്‍ വിശ്വാസികള്‍ ശ്രദ്ധിക്കേണ്ട സര്‍വപ്രധാനമായ സത്യമാണിത്.

എന്നാല്‍ വിശുദ്ധിയില്‍ നടക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സാത്താന്‍റെ മേല്‍ യാതൊരധികാരവും ഉണ്ടാവുകയില്ലെന്ന് ഓര്‍ത്തു കൊള്‍വിന്‍. യേശുക്രിസ്തുവിന്‍റെ രക്തത്താല്‍ സാത്താന്‍റെ കുറ്റാരോപണങ്ങളെ ജയിക്കുവാന്‍ നിങ്ങള്‍ പഠിച്ചിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ഒരിക്കലും സാത്താന്‍റെ മേല്‍ അധികാരം ലഭിക്കുകയില്ല. നിങ്ങള്‍ ഈ ലോകത്തെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ സാത്താന്‍റെ മീതേ നിങ്ങള്‍ക്കു ശക്തിയുണ്ടാവുകയില്ല. എന്തെന്നാല്‍ സാത്താന്‍ ഈ ലോകത്തിന്‍റെ പ്രഭുവും അധിപതിയുമാണ്. ദൈവത്തെ നിങ്ങള്‍ സ്‌നേഹിക്കുന്നതിലുപരിയായി നിങ്ങള്‍ ഈ ലോകത്തിലുള്ള എന്തിനെയെങ്കിലും, ആരെയെങ്കിലും, സ്‌നേഹിക്കുന്നുവെങ്കില്‍, അപ്പോഴും സാത്താന്‍റെ ശക്തിയെ കീഴടക്കുവാന്‍ നിങ്ങള്‍ക്കു കഴിവുണ്ടാകുയില്ല (വെളിപ്പാടു12:11 നോക്കുക).

അതിനാല്‍ ചെറുപ്പക്കാരായ നിങ്ങളെ ഇക്കാര്യം നിര്‍ബ്ബന്ധമായി പ്രബോധിപ്പിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു: കര്‍ത്താവായ യേശുക്രിസ്തുവിനെയും നിങ്ങളെക്കുറിച്ചുള്ള അവിടുത്തെ ഹിതത്തെയും പൂര്‍ണ്ണ ഹൃദയത്തോടും നിങ്ങളുടെ എല്ലാ ശക്തിയോടും കൂടെ സ്‌നേഹിക്കുവിന്‍. ഏതെങ്കിലും വിധത്തില്‍ പിശാചു നിങ്ങളുടെ മനസ്സുകളെ മലിനമാക്കുവാന്‍ അനുവദിക്കരുത്.

നിങ്ങളുടെ മനസ്സ് അശുദ്ധമാണെങ്കില്‍ സാത്താനെതിരെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ നാമം ഫലപ്രദമായി ഉപയോഗിക്കുവാന്‍ നിങ്ങള്‍ക്കു കഴിവുണ്ടാകയില്ല. ദോഷത്തെ നീക്കിക്കളയുവാന്‍ ചിലര്‍ ആവര്‍ത്തിച്ചു ജപിക്കാറുള്ള ഏതെങ്കിലും മന്ത്രത്തെപ്പോലെയുള്ള ഒന്നല്ല യേശുവിന്‍റെ നാമം. ഒരിക്കലുമല്ല. ഒന്നാമതായി നിങ്ങള്‍ ദൈവത്തിനു സ്വയം കീഴടങ്ങണം. അപ്പോള്‍ മാത്രമേ നിങ്ങള്‍ സാത്താനെ എതിര്‍ക്കുമ്പോള്‍ അവന്‍ ഓടിപ്പോവുകയുള്ളു. എന്നാല്‍ നിങ്ങളുടെ ജീവിതത്തിലെ എല്ലാ മേഖലകളിലും നിങ്ങള്‍ ദൈവത്തിനു കീഴടങ്ങിക്കൊടുക്കുന്നില്ലെങ്കില്‍ സാത്താന്‍ നിങ്ങളെ ഭയപ്പെടുകയില്ല.

അതിനാല്‍ നിങ്ങളുടെ ജീവിതത്തെ ഇപ്പോള്‍ തന്നെ ക്രിസ്തുവിനു സമ്പൂര്‍ണ്ണമായി ഏല്‍പിച്ചുകൊടുക്കുക. ഇപ്പോള്‍ മുതല്‍ പൂര്‍ണ്ണമായും അവിടുത്തേക്കുവേണ്ടി നിങ്ങള്‍ ജീവിക്കുമെന്നു തീരുമാനിക്കുകയും ചെയ്യുക.

നിങ്ങള്‍ ഇപ്പോള്‍ കേട്ട ദൈവവചനം നിങ്ങള്‍ അനുസരിച്ചതിനെപ്പറ്റി ഇന്നുമുതല്‍ ഇരുപതുവര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ സന്തുഷ്ടരും നന്ദിയുള്ളവരുമായിത്തീരും. ഇക്കാര്യം ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. ഒരു ദിവസം നിങ്ങള്‍ ക്രിസ്തുവിന്‍റെ ന്യായാസനത്തിനു മുമ്പാകെ നില്‍ക്കുകയും നിങ്ങളുടെ ജീവിതത്തെപ്പറ്റി കണക്കു ബോധിപ്പിക്കുവാന്‍ നിങ്ങളോടാവശ്യപ്പെടുകയും ചെയ്യുമ്പോള്‍ ഇതിലുമധികം നിങ്ങള്‍ നന്ദിയുള്ളവനായിത്തീരും. തീര്‍ച്ച തന്നെ.

നിങ്ങളുടെ ജീവിതയാത്രയുടെ അന്തിമഘട്ടത്തില്‍ നിങ്ങള്‍ എത്തിച്ചേരുമ്പോള്‍ നിങ്ങള്‍ക്കു പശ്ചാത്തപിക്കുവാന്‍ ഇടയില്ലാത്തവിധം ജീവിക്കുവാന്‍ ദൈവം നിങ്ങളെ സഹായിക്കട്ടെ. ആമേന്‍.

കേള്‍ക്കുവാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.