വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ഒരു ശിശുവിനെ പ്രതീക്ഷിക്കുന്നുവെന്നു കണ്ടാലുടന്‍ ഒരു ഡോക്ടറെ കാണേണ്ടതാവശ്യമാണ്. മാസമുറ തെറ്റുക, ഛര്‍ദ്ദി, കൂടെക്കൂടെയുള്ള മൂത്രവിസര്‍ജ്ജനം തുടങ്ങിയവയാണ് ഗര്‍ഭധാരണത്തിന്റെ ലക്ഷണങ്ങള്‍, പ്രസവത്തിന്റെ സമയം അവസാനത്തെ മാസമുറയ്ക്കു ശേഷം 9 മാസവും 7 ദിവസവും കഴിഞ്ഞാണ്.
മാതാപിതാക്കളുടെ ശരീരഘടനയില്‍ എന്തെങ്കിലും ചില കാര്യങ്ങള്‍ ചികിത്സയ്ക്കു വിധേയമാക്കേണ്ടതുണ്ടായിരിക്കാം. മാതാവിലോ പിതാവിലോ സ്പഷ്ടമല്ലാത്ത ചില കുറവുകള്‍ കുഞ്ഞിനെ ബാധിക്കാം. ഇവയില്‍ ചിലതു ചികിത്സകൊണ്ടു മാറ്റാന്‍ കഴിയും. അതിനാല്‍ ഒരു വൈദ്യപരിശോധന നടത്തുന്നതു നല്ലതാണ്.
തീര്‍ച്ചയായും ഗര്‍ഭാവസ്ഥ ഒരു രോഗമല്ല!! എന്നാല്‍ നിങ്ങള്‍ ആരോഗ്യവതിയല്ലെങ്കില്‍ ഗര്‍ഭാവസ്ഥ നിങ്ങള്‍ക്ക് അസ്വസ്ഥത ഉളവാക്കാം. ഗുണമേന്മയുള്ള പോഷകാഹാരവും ആരോഗ്യകരമായ ശീലങ്ങളും അത്യന്താപേക്ഷിതമാണ്. മനസ്സിനും പോഷണമാവശ്യമാണ്. ദൈവവചനം നിങ്ങളുടെ മനസ്സിനെ സംഘര്‍ഷങ്ങളില്‍ നിന്നു വിടുവിക്കയും നിങ്ങളുടെയും കുഞ്ഞിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ചില പ്രഭാതങ്ങള്‍ ദൈവവചനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്തവണ്ണം നിങ്ങള്‍ ക്ഷീണിതയായിരിക്കും. അപ്പോള്‍ ഒരു വാക്യം മാത്രം ധ്യാനിക്കുകയും ഒരു ധ്യാനപുസ്തകമോ ഭക്തിഗീതമോ വായിക്കയോ ചെയ്യുക. നിങ്ങളുടെ ഭര്‍ത്താവിനോടു നിങ്ങളോടൊത്തു പ്രാര്‍ത്ഥനാ സമയം ചെലവിടാന്‍ പറയുക.
ഭക്ഷണക്രമം
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ് നിങ്ങളുടെ ഉദരത്തിലെ ശിശുവിനും ഭക്ഷണം ലഭിക്കുന്നത്. അതിനാല്‍ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നതു നന്നായിരിക്കും.
അരി, ഗോതമ്പ് അഥവാ ഏതെങ്കിലും ധാന്യം.
പാല്‍:2-4 ഗ്ലാസ്സ്
മുട്ട, മീന്‍, ഇറച്ചി
പയര്‍, പരിപ്പ്-മുളപ്പിച്ച പയറു വര്‍ഗ്ഗങ്ങള്‍ വളരെ നന്ന്
തൈര്, പച്ചക്കറികള്‍, ഇലക്കറികള്‍
എണ്ണ, കൊഴുപ്പ്
പഴവര്‍ഗ്ഗങ്ങള്‍
സസ്യഭുക്കുകള്‍ മീനിനും മുട്ടയ്ക്കും പകരം കൂടുതല്‍ പയറുവര്‍ഗ്ഗങ്ങളും തൈരും കഴിക്കണം. അരി, ഗോതമ്പ്, കൊഴുപ്പ് എന്നിവ വണ്ണം വയ്പിക്കുന്നവയാകയാല്‍ അധികം കഴിക്കരുത്. ശിശുവിന്റെ പല്ലിനും എല്ലിനും വളര്‍ച്ച ലഭിക്കുന്നതിനാവശ്യമായ കാല്‍സ്യം, ഇരുമ്പു ഗുളികകള്‍, വൈറ്റമിന്‍ ഗുളികകള്‍ എന്നിവ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. അധികം ഉപ്പും വഴിയോരത്തു നിന്നും വാങ്ങുന്ന വറുത്ത ഭക്ഷ്യങ്ങളും വര്‍ജ്ജിക്കണം.
ആദ്യ മാസങ്ങളില്‍ നിങ്ങളുടെ ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം അയണ്‍, മഗ്നീഷ്യം, കാല്‍സ്യം ഗുളികകള്‍ കഴിക്കണം. ആറാം മാസത്തിനുശേഷം ടെറ്റനസ്സിനുള്ള പ്രതിരോധ കുത്തിവയ്പ് എടുക്കണം.
ശുദ്ധവായു
വല്ലപ്പോഴും നിങ്ങളുടെ ഇടുങ്ങിയ അടുക്കള മുറിയില്‍ നിന്നും (ആഫീസില്‍ നിന്നും) പുറത്തിറങ്ങി ദൈവദത്തമായ ശുദ്ധവായു ശ്വസിക്കാന്‍ സമയമെടുക്കുക. ഇത് ഏറ്റവും ഉന്മേഷദായകമാണ്.
സായാഹ്നങ്ങളില്‍ നിങ്ങളുടെ ഭര്‍ത്താവുമൊത്ത് അല്പദൂരം നടക്കുക. ഇത് നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഉന്മേഷവും വിശ്രമവും നല്‍കും. നടക്കുമ്പോള്‍ നേരെ നിവര്‍ന്നു നടക്കാന്‍ ശ്രദ്ധിക്കണം.
വ്യായാമം
ശരീരവ്യായാമം ദനഹക്രിയ സുഗമമാക്കുന്നു. ഉറക്കം പ്രദാനം ചെയ്യുന്നു. മലബന്ധം തടയുന്നു. മാംസപേശികള്‍ ഉറപ്പുള്ളതാക്കുന്നു. തന്മൂലം പ്രസവം ആയാസരഹിതമാകുന്നു. അതിനാല്‍ വീട്ടുജോലി ചെയ്യുന്നത് നിര്‍ത്തിവെയ്‌ക്കേണ്ട ആവശ്യമില്ല. അമിതാധ്വാനം ഒഴിവാക്കണമെന്നു മാത്രം. നെഞ്ചും ഉദരവും വികസിപ്പിക്കുന്ന ശ്വാസവ്യായാമം സഹായകരമാണ്. ചമ്രം പടിഞ്ഞു നിലത്തിരിക്കുന്നത് ശ്രോണീപേശികള്‍ക്കു നല്ലതാണ്.
നട്ടെല്ലിന് അമിതായാസം ഉണ്ടാകാതെ സൂക്ഷിക്കുക, ഭാരം ഉയര്‍ത്തരുത്, കുനിയേണ്ടി വരുമ്പോള്‍ മുട്ടുകള്‍ വളയ്ക്കുക. പുറം നിവര്‍ന്നിരിക്കട്ടെ.
ശുചിത്വം, വിശ്രമം
ശരിയായി ശരീരശുദ്ധി വരുമാറ് എല്ലാ ദിവസവും കുളിക്കേണ്ടതാവശ്യം. രാത്രിയില്‍ നന്നായിട്ടുറങ്ങുക. ഉച്ചയൂണിനു ശേഷം സാധ്യമെങ്കില്‍ ഒരു മണിക്കൂര്‍ മയങ്ങുക. ഇടയ്ക്കിടെ ജോലി നിര്‍ത്തി അല്പം ചില പഴ വര്‍ഗ്ഗങ്ങളോ ഒരു കപ്പു തൈരോ കഴിക്കുക. ക്ഷീണിപ്പിക്കുന്ന ജോലികള്‍ കുറയ്ക്കുക.
ഭര്‍ത്താവിന്റെ ഉത്തരവാദിത്വം
ഗര്‍ഭകാലം ഒരു സ്ത്രീക്ക് വൈകാരികമായ പിരിമുറുക്കമുണ്ടാക്കിയേക്കാം. അതിനാല്‍ വിവേകവും കരുണയുമുള്ള ഒരു ഭര്‍ത്താവിന് തന്റെ ഭാര്യയുടെ ജീവിതം കൂടുതല്‍ ആശ്വാസകരമാക്കുവാന്‍ കഴിയും. അതിനാല്‍ ഭര്‍ത്താവിനൊപ്പം ഇരുന്നു പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക. ഇരുവരും ജീവന്റെ കൃപയ്ക്കു കൂട്ടവകാശികള്‍ എന്നോര്‍ക്കുക (1 പത്രൊ. 3:7).
പല പുരുഷന്മാരും ഗര്‍ഭാവസ്ഥയുടെ വൈദ്യശാസ്ത്രപരവും മാനസികവുമായ വശങ്ങളെപ്പറ്റി ബോധവാന്മരല്ല. നിങ്ങളുടെ ഭര്‍ത്താവ് വഹിക്കേണ്ട പങ്കെന്തെന്ന് അയാള്‍ മനസ്സിലാക്കത്തക്കവിധം നിങ്ങള്‍ ഒരുമിച്ചു ഡോക്ടറെ കാണാന്‍ പോവുന്നത് നന്നായിരിക്കും.
ചില 'അരുതു'കള്‍
1) അലച്ചിലും മാനസിക ക്ലേശവും ഒഴിവാക്കുക.
2) പെട്ടെന്നുള്ള പ്രയാസമോ വീഴ്ചയോ ഉണ്ടാകാവുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. ഭാരമുയര്‍ത്താതെ സൂക്ഷിക്കുക.
3) ആദ്യത്തെ മൂന്നു മാസങ്ങളിലും അവസാനത്തെ മൂന്നു മാസങ്ങളിലും ദീര്‍ഘദൂരം കുലുക്കമുളവാക്കുന്ന വാഹനയാത്ര ഒഴിവാക്കുക. യാത്ര പരമാവധി കുറയ്ക്കണം. ഇടയ്ക്കു കാലുകള്‍ ഉയര്‍ത്തി വയ്ക്കാന്‍ ശ്രദ്ധിക്കുക.
4) മലബന്ധം വരാത്തവിധം ധാരാളം പഴങ്ങളും വെള്ളവും ഉപയോഗിക്കുക.
5) ഡോക്ടറോടാലോചിക്കാതെ മയക്കുമരുന്നുകളോ വിരേചനൗഷധങ്ങളോ ഉപയോഗിക്കരുത്.
6) അസുഖരമായ പാദരക്ഷകളോ ഇറുക്കമുള്ള വസ്ത്രങ്ങളോ ധരിക്കരുത്.
7) ഗര്‍ഭകാലത്ത് ആകാരവടിവിനായി മെലിച്ചുലുണ്ടാക്കുവാന്‍ ശ്രമിക്കരുത്.
8) അഞ്ചാംപനിയോ മറ്റു വൈറസ് രോഗങ്ങളോ ഉള്ളവരുടെ അടുത്തു പോകരുത്. എക്‌സ്-റേ എടുക്കുന്നത് ഒഴിവാക്കുക. ഏതെങ്കിലും കാരണവശാല്‍ എക്‌സ്-റേ എടുക്കേണ്ടി വന്നാല്‍ ഈയമറകൊണ്ട് ഉദരം മറയ്ക്കുക.
പ്രസവകാല പരിശോധനകള്‍
ഡോക്ടറെ പതിവായി സന്ദര്‍ശിക്കുക. ഡോക്ടറെ അറിയിക്കേണ്ട സംഗതികളില്‍ ചിലത്: എപ്പോഴെങ്കിലും ഉള്ള രക്തംപോക്ക്, ആറാം മാസത്തിനുശേഷം കഠിനമായ തലവേദന, കാഴ്ചയിലുള്ള തകരാറ്, കാല്‍പ്പാദങ്ങളിലെ നീര്, മൂത്രം പോക്ക്, കുറയുന്നത്, വല്ലാതെ ഭാരം കൂടുന്നത് (1.5-2 കിലോഗ്രാം വരെ മൂന്നാം മാസത്തിനുശേഷം ഭാരം കൂടും) കുഞ്ഞിന്റെ ചലനമില്ലായ്മ, ഉദരവേദന, ഛര്‍ദ്ദി, മുഖത്തെ നീര്‍ക്കെട്ട്.
ചില ലളിതമായ പ്രതിവിധികള്‍
പ്രഭാതാസ്വസ്ഥത: സാധാരണയിലും അര മണിക്കൂര്‍ കഴിഞ്ഞ് ഏഴുന്നേല്‍ക്കുക 1/4 ടീസ്പൂണ്‍ സോഡിയം ബൈകാര്‍ബണേറ്റ് ഒരു കപ്പു വെള്ളത്തില്‍ ചേര്‍ത്തു മുഖം കഴുകുക. ഒരു ഗ്ലാസ്സ് നാരങ്ങാ വെള്ളം കുടിക്കുക. കൊഴുപ്പുള്ള ആഹാരം വര്‍ജ്ജിക്കുക.
കാലിലെ വേദനയ്ക്ക്: കുനിയുന്നതും കുമ്പിടുന്നതും കഴിവുള്ളിടത്തോളം ഒഴിവാക്കുക. ഇരിക്കാന്‍ സാധിക്കുമ്പോള്‍ നില്‍ക്കാതിരിക്കുക. രാത്രി കിടക്കുന്നതിനു മുമ്പ് അരമണിക്കൂര്‍ നേരം ചെറു ചൂടു വെള്ളത്തില്‍ പാദം ഇറക്കി വയ്ക്കുക.
വേരിക്കോസ് രക്തവാഹിനികള്‍ക്ക്: ഇവയുടെ വീക്കം പ്രസവത്തിനു ശേഷം താനേ അപ്രത്യക്ഷമാവും. മലര്‍ന്നു കിടന്നു കാല്‍ പൊക്കി ഭിത്തിയില്‍ പാദങ്ങള്‍ കുറച്ചു നേരത്തേക്കു വയ്ക്കുക എന്നത് ഒരു ലളിതമായ വ്യായാമമാണ്. ഒരു ദിവസം പല പ്രാവശ്യം ഇപ്രകാരം ചെയ്യാം. ദീര്‍ഘസമയം നില്‍ക്കുന്നത് ഒഴിവാക്കുക. ക്രെയ്പ് ബാന്‍ഡേജ് ഉപയോഗിക്കുന്നത് കൊള്ളാം.
പ്രസവമടുക്കുമ്പോള്‍
പ്രസവമടുക്കുമ്പോള്‍ ഉള്ള ലക്ഷണങ്ങളിവയാണ്.
- ആദ്യം പുറംവേദനയായി തോന്നുന്ന ഗര്‍ഭപാത്രത്തിന്റെ സങ്കോചങ്ങള്‍
- ചിലപ്പോള്‍ പെട്ടെന്നുണ്ടാകുന്ന വെള്ളം പോക്ക്
- ബ്ലീഡിംഗ് ഉണ്ടെങ്കില്‍ ഉടനെ ആശുപത്രിയില്‍ പോകണം.
അവസാനമായി
ആരോഗ്യമുള്ള ഒരു കുഞ്ഞിന്റെ ആഗമനത്തിനായി പ്രതീക്ഷയോടെ കാത്തിരിക്കുക. ദൈവത്തില്‍ വിശ്വാസമര്‍പ്പിക്കുക. ബൈബിള്‍ പറയുന്നു: ''സ്ത്രീകള്‍ വിശ്വാസവും സ്‌നേഹവും വിശുദ്ധിയും സുബോധമുള്ള ജീവിതം നയിക്കുന്ന പക്ഷം അവര്‍ക്കു സുഖപ്രസവം ലഭിക്കും'' (1തിമൊ. 2:15 ഖആജ പരാവര്‍ത്തനം).
ജനനത്തിനു തൊട്ടുപിമ്പ് നവജാതശിശുവിന്റെ പരിപാലനം ഡോക്ടറോ മിഡ്‌വൈഫോ നോക്കിക്കൊള്ളും.
പിന്നീട് മാസത്തിലൊരു പ്രാവശ്യം നിങ്ങള്‍ ശിശുവിനെ മെഡിക്കല്‍ പരിശോധനയ്ക്കായി കൊണ്ടുപോകണം. ഡോക്ടര്‍ പ്രതിരോധ കുത്തിവയ്പ്പുകളെപ്പറ്റിയും മറ്റും നിങ്ങളെ ഉപദേശിക്കും.
നിങ്ങളുടെ ശിശു ആദ്യ മാസത്തില്‍ മിക്ക സമയവും ഉറക്കമായിരിക്കും. അതിന്റെ ആവശ്യങ്ങള്‍ വളരെ കുറച്ചേയുള്ളു- ഉറക്കം, ഈഷ്മളത, സുഖം, ഭക്ഷണം.
ഉറക്കം
ആദ്യ മാസത്തില്‍ ശിശു ഭക്ഷണത്തിനായി മാത്രമേ ഉണരുകയുള്ളു. വളര്‍ന്നു വരുമ്പോള്‍ ശിശു കൂടുതല്‍ സമയം ഉണര്‍ന്നിരിക്കും.
ശിശുവിന് ഉറങ്ങാനായി ശാന്തമായ അന്തരീക്ഷമുള്ളതും കാറ്റും വെളിച്ചവും വേണ്ടത്ര കടക്കുന്നതുമായ മുറി ആവശ്യമാണ്. ഈച്ചയില്‍ നിന്നും കൊതുകില്‍ നിന്നും പരിരക്ഷിക്കാനായി കുഞ്ഞിനെ ഒരു കൊതുകു വലയ്ക്കുള്ളില്‍ കിടത്തണം. ആട്ടിയുറക്കേണ്ട ആവശ്യമില്ല. കാരണം, ലംഘിക്കാന്‍ പറ്റാത്ത ഒരു ശീലമായി അതു തീരാം.
കമിഴ്ത്തിക്കിടത്തിയാല്‍ കുഞ്ഞിനു കൂടുതല്‍ സുഖകരമായിരിക്കും. തന്മൂലം ഛര്‍ദ്ദിച്ചാല്‍ ശ്വാസതടസ്സം വരാതെയിരിക്കും. വയറുവേദനയില്‍ നിന്നു വിടുതല്‍ ഉണ്ടാകും. കുഞ്ഞിന്റെ തല പരന്നുപോകാതെ അതിനു ശരിയായ ആകൃതി ലഭിക്കും.
പക്ഷേ കമിഴ്ന്നു കിടക്കുമ്പോള്‍ നിങ്ങള്‍ കുഞ്ഞിനെ കൂടെക്കൂടെ ശ്രദ്ധിച്ചുകൊണ്ടിരിക്കണം.
ചൂടും സൗഖ്യവും
പ്രായപൂര്‍ത്തിയായ ഒരാള്‍ക്കുള്ളതുപോലെ ശിശുവിന്റെ ശരീരത്തില്‍ ഊഷ്മാവ് ക്രമീകരിക്കുന്ന സംവിധാനമില്ല. അതിനാല്‍ ചൂടു സമയങ്ങളില്‍ കുഞ്ഞിനെ കൂടുതല്‍ വസ്ത്രം ധരിപ്പിക്കരുത്. കട്ടി കുറഞ്ഞ ഒരു പരുത്തി വസ്ത്രം മതിയാകും.
കമ്പിളി വസ്ത്രങ്ങള്‍ കുഞ്ഞിന്റെ ത്വക്കിന് ചൊറിച്ചിലുണ്ടാക്കാം. അതിനാല്‍ തണുപ്പു കാലത്തു കുഞ്ഞിനു കമ്പിളി വസ്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ആവശ്യത്തിന് ഊഷ്മളതയുണ്ടോ എന്നു നോക്കാന്‍ അവന്റെ കൈയും പാദങ്ങളും തൊട്ടുനോക്കി തണുപ്പു ബാധിച്ചിട്ടുണ്ടോ എന്നു പരിശോധിക്കണം.
തൊപ്പി ഉപയോഗിക്കുമ്പോള്‍ അതു തുന്നിയതായാല്‍ നന്ന്; അങ്ങനെയെങ്കില്‍ തൊപ്പി കുഞ്ഞിന്റെ മുഖത്തു വീണാലും കുഞ്ഞിന് ശ്വാസോച്ഛാസം ചെയ്യാന്‍ കഴിയുമല്ലോ.
കുഞ്ഞ് ഉണരുമ്പോള്‍ അവന്‍ നനഞ്ഞ നാപ്കിന്‍ മൂലം അസ്വസ്ഥനാണോ എന്നു നോക്കുക. നാപ്കിനുകള്‍ നന്നായി ഉലച്ചു കഴുകി വെയിലുത്തുണക്കണം. അതില്‍ സോപ്പുണ്ടായിരുന്നാല്‍ കുഞ്ഞിന്റെ ത്വക്കിന് ചൊറിച്ചിലുണ്ടാകും. പറ്റുമെങ്കില്‍ ആഴ്ചയിലൊരു ദിവസം നാപ്കിനുകള്‍ തിളപ്പിക്കുന്നത് നല്ലാതണ്.
കുഞ്ഞിനെ കുളിപ്പിക്കുന്നത്
കൂടുതല്‍ ചൂടുള്ള വെള്ളത്തില്‍ കുളിപ്പിക്കുന്നത് കുഞ്ഞിനു ഹാനികരമാകാം. കുഞ്ഞിനു പ്രത്യേകം ഒരു സോപ്പും തോര്‍ത്തും വയ്ക്കുക. അവനെ ചെറു ചൂടു വെള്ളത്തില്‍ കുളിപ്പിക്കുക. ഓരോ പ്രാവശ്യം കുളിപ്പിക്കുമ്പോഴും അവനെ എണ്ണ തേച്ചു തടവുക. അവന്റെ ശരീരം പെട്ടെന്നു തണുക്കാതെ സൂക്ഷിക്കുക. കുഞ്ഞിന്റെ മൂക്കിലും ചെവിയിലും വായിലും വെള്ളം കടക്കാതെ ശ്രദ്ധിക്കയും വേണം.
കുഞ്ഞിന്റെ ചെവിയും മൂക്കും വൃത്തിയാക്കുക. എന്നാല്‍ പരുക്കു പറ്റുന്ന വിധം ഒന്നും മൂക്കിലോ ചെവിയിലോ ഇടരുത്. മൂക്കടഞ്ഞിരിക്കുകയാണെങ്കില്‍ കനം കുറഞ്ഞ മൃദുവായ പഞ്ഞിത്തുണിച്ചുരുള്‍ കൊണ്ടു മൂക്കു വൃത്തിയാക്കാം. ചെവിയും അപ്രകാരം വൃത്തിയാക്കാം.
പൊക്കില്‍ കരിയുന്നതു വരെ അത് ഉണക്കി സൂക്ഷിക്കുകയും അതിന്മേല്‍ ഒരു നേര്‍ത്ത ബാന്‍ഡേജ് ഇടുകയും വേണം.
കുഞ്ഞിന് അല്പം പനിയുണ്ടെങ്കില്‍ സാധാരണ രീതിയില്‍ കുളിപ്പിക്കാതെ തുടച്ചാല്‍ മതിയാകും (ുെീിഴശിഴ).
ഭക്ഷണക്രമം
മുലപ്പാലിനോളം നല്ല ആഹാരം വേറെ ഒന്നുമില്ല. നിങ്ങളുടെ ശിശുവിനു ലഭിക്കാവുന്ന ഏറ്റവും നല്ല പാല്‍ മുലപ്പാല്‍ തന്നെയാണ്. മുലപ്പാലിലെ പ്രതിരോധ ഘടകങ്ങള്‍ ഒട്ടനേകം രോഗബാധകളില്‍ നിന്നും നിങ്ങളുടെ പൈതലിനെ സംരക്ഷിക്കും. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ കൂടുതല്‍ സംതൃപ്തിയും സുരക്ഷിത ബോധവുമുള്ളവരായി വളര്‍ന്നു വരും. കുപ്പിപ്പാല്‍ കുടിക്കുന്ന ശിശുക്കള്‍ക്കു വരാറുള്ള ഉദരരോഗങ്ങള്‍ അവരെ ബാധിക്കുകയില്ല.
തുടക്കത്തില്‍ രാവിലെ 6 മണി മുതല്‍ രാത്രി വരെ മൂന്നോ നാലോ മണിക്കൂര്‍ ഇടവിട്ടു കുഞ്ഞിനു പാല്‍ കൊടുക്കുക. ആദ്യമാസത്തിനു ശേഷം കുഞ്ഞ് രാത്രി ഉറങ്ങാന്‍ തുടങ്ങും. അപ്പോള്‍ രാത്രി പാല്‍ കൊടുക്കുന്നതു നിറുത്താം. പക്ഷേ അവന്‍ രാത്രി വിശന്നു കരയുകാണെങ്കില്‍ പട്ടിണിക്കിടരുത്.
മുലപ്പാല്‍ കൊടുക്കുന്ന മാതാവ് നല്ല ഭക്ഷണം കഴിക്കുകയും വിറ്റാമിന്‍, അയണ്‍ ഗുളികകള്‍ കഴിക്കുകയും വേണം. ദിവസവും ആവശ്യമുള്ളത്ര അവള്‍ വിശ്രമിക്കണം. എരിവു പദാര്‍ത്ഥങ്ങള്‍, ചോക്കലേറ്റുകള്‍, വിരോചനൗഷധങ്ങള്‍, മയക്കം ജനിപ്പിക്കുന്ന മരുന്നുകള്‍ എന്നിവ മാതാവു കഴിക്കരുത്. കാരണം, മുലപ്പാലിലൂടെ ഇവ കുഞ്ഞിനും കിട്ടുവാനിടയാകും. പാല്‍ കെട്ടി നിന്ന് നീരുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുക.
ടിന്നില്‍ വാങ്ങുന്ന ഭക്ഷ്യ ഇനങ്ങള്‍
ആവശ്യത്തിനു മുലപ്പാല്‍ ഉണ്ടെങ്കില്‍ കുഞ്ഞിനു ആറോ ഒമ്പതോ മാസം പ്രായമാകുന്നതു വരെ ഇതര ഭക്ഷ്യങ്ങള്‍ കൊടുക്കേണ്ടതില്ല. പശുവിന്‍ പാല്‍ നന്നായി തിളപ്പിച്ച് ഉപയോഗിക്കണം. പാല്‍പ്പൊടികള്‍ സാധാരണയായി പുതിയതും അണു വിമുക്ത്വവും ആയിരിക്കും. എന്നാല്‍ വാങ്ങുന്നതിനു മുമ്പ് അവ ഉപയോഗ കാലാവധി കഴിഞ്ഞവയോ എന്നു പരിശോധിക്കണം. കുടിക്കുന്ന വെള്ളവും തിളപ്പിച്ചേ ഉപയോഗിക്കാവു.
ശിശുവിന്റെ ഭാരത്തിന്റെ തോതനുസരിച്ചു ശരീരത്തിന്റെ ഓരോ കിലോഗ്രാമിനും 125 മില്ലി ലിറ്റര്‍ പാലും 75 മി.ലി. വെള്ളവും പ്രതിദിനം ശിശുവിന് ആവശ്യമാണ്. അതിനാല്‍ മൂന്നു കിലോഗ്രാം തൂക്കമുള്ള കുഞ്ഞിന് ഓരോ ദിവസവും 400 മി.ലി. ശുദ്ധമായ പാലും 200 മി.ലി. വെള്ളവും രണ്ടു ടേബിള്‍സ്പൂണ്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കേണ്ടതാണ്. അത് അഞ്ചായി വിഭാഗിച്ച് അഞ്ചു തവണയായി കുഞ്ഞിനു നല്‍കാം. (നിങ്ങള്‍ കുഞ്ഞുങ്ങള്‍ക്കുള്ള പാല്‍പ്പൊടിയാണ് ഉപയോഗിക്കുന്നതെങ്കില്‍ ടിന്നിന്റെ പുറത്തെഴുതിയരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക).
കുഞ്ഞു വളര്‍ന്നു വരുമ്പോള്‍ അവനു കൊടുക്കുന്ന പാലിന്റെ അളവു കൂട്ടുകയും വെള്ളത്തിന്റെ അളവു കുറയ്ക്കുകയും വേണം. വേനല്‍ക്കാലത്തും കുഞ്ഞിനു വയറിളക്കവും പനിയും ഉള്ളപ്പോഴും കൊടുക്കുന്ന പാലില്‍ കൂടുതല്‍ വെള്ളം ചേര്‍ക്കണം.
ഇന്ത്യയെപ്പോലുള്ള ഉഷ്ണമേഖല പ്രദേശങ്ങളില്‍ രോഗാണുക്കള്‍ പെട്ടെന്നു പെരുകുന്നതിനാല്‍ പാല്‍ക്കുപ്പിയും അതിന്റെ നിപ്പിളും നന്നായി തിളപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം കുഞ്ഞിന് വയറിളക്കമോ മറ്റു രോഗമോ പെട്ടെന്നു പടിപെടാനിടയാകും. കുപ്പികള്‍ പത്തു മിനിട്ടു നേരെമെങ്കിലും വെള്ളത്തിലിട്ടു തിളപ്പിക്കണം. പ്രത്യേകിച്ചു നിപ്പിളുകള്‍ വീര്യം കുറഞ്ഞ ഉപ്പു വെള്ളത്തില്‍ തിളപ്പിക്കേണ്ടതാണ്. തിളപ്പിച്ചെടുത്ത കുപ്പിയുടെയോ നിപ്പിളിന്റെയോ അകവശത്ത് തൊടാതിരിക്കാന്‍ ശ്രദ്ധിക്കുക.
കുഞ്ഞിനു കുപ്പിപ്പാല്‍ കൊടുക്കുന്നതിനു മുമ്പ് അവന്റെ നാക്ക് പൊള്ളിപ്പോകത്തക്ക ചൂട് പാലിനില്ലെന്നു ഉറപ്പു വരുത്തുക.
ആദ്യ മാസത്തിനു ശേഷം കുഞ്ഞിനു വൈറ്റമിന്‍ തുള്ളികളും പഴച്ചാറുകളും കൊടുക്കാം. പഴച്ചാറുകള്‍ അരിച്ചെടുക്കുവാന്‍ ശ്രദ്ധിക്കുക.
പൊതുവായ മുന്‍കരുതലുകള്‍
ജലദോഷമോ മറ്റു രോഗങ്ങളോ ഉള്ള ആളുകള്‍ നിങ്ങളുടെ കുഞ്ഞിന്റെ സമീപേ വരുവാന്‍ അനുവദിക്കരുത്. നിങ്ങള്‍ക്കു തന്നേ ജലദോഷം പിടിപെടുമ്പോള്‍ കുട്ടിയെ മുലയൂട്ടുന്ന സമയത്തു മുഖംമൂടി ധരിച്ചു മൂക്കും വായും മറയ്ക്കണം.
നിങ്ങള്‍ ഡോക്ടറെ അറിയിക്കേണ്ട ചില കാര്യങ്ങള്‍ താഴെപ്പറയുന്നവയാണ്.
1) കുഞ്ഞിന്റെ കണ്ണില്‍നിന്നും ദ്രാവകങ്ങള്‍ വരുന്നുണ്ടെങ്കില്‍ (ആദ്യത്തെ മൂന്നു മാസങ്ങളില്‍ കുഞ്ഞിനു കണ്ണുനീരുണ്ടാകയില്ലെന്നോര്‍ക്കുക)
2) അവന്റെ തൊലിപ്പുറത്തുള്ള തടിപ്പുകള്‍
3) മഞ്ഞപ്പിത്തം. മൂന്നാം ദിവസം ധാരാളം ശിശുക്കള്‍ക്ക് മഞ്ഞപ്പിത്തം ഉണ്ടാകാറുണ്ട്. പക്ഷേ അത് ഒരാഴ്ചയ്ക്കകം ഭേദമാകും. രോഗം തുടരുന്നുവെങ്കില്‍ ഡോക്ടറെ അറിയിക്കുക.
4) ശിശുവിന്റെ മുലക്കണ്ണിനു ചുറ്റും ചിലപ്പോള്‍ വീക്കം ബാധിച്ച് ഒരു മഞ്ഞദ്രാവകം പുറത്തു വരാനിടയുണ്ട്. പല ശിശുക്കളിലും ഇതു സാധാരണമാണ്. പക്ഷേ രോഗബീജങ്ങള്‍ പകര്‍ന്ന് നീരുവച്ചാല്‍ ഡോക്ടറെ അറിയിക്കേണ്ടതാണ്.
5) പൊക്കിളില്‍ നിന്നും പഴുപ്പോ ദുര്‍ഗന്ധമോ ഉണ്ടായാല്‍
6) വായ്, പൊക്കിള്‍, ത്വക്ക്, മലദ്വാരം, ജനനേന്ദ്രിയ ദ്വാരം എന്നിവയില്‍ നിന്നും രക്തസ്രവം ഉണ്ടായാല്‍.
7) തുടര്‍ച്ചയായി ദുര്‍ഗന്ധമുള്ള അയഞ്ഞ മലം പോയാല്‍. (ശിശുക്കള്‍ക്ക് ആദ്യത്തെ മൂന്നു മാസങ്ങളില്‍ ദിവസവും 3-4 പ്രാവശ്യം വയറ്റില്‍ നിന്നു പോകും).
8) കുഞ്ഞ് ശരിയായി വളരുന്നില്ലെങ്കില്‍ (ശിശുവിന് ജനന സമയത്തുള്ള ഭാരം അഞ്ചുമാസം കൊണ്ട് ഇരട്ടിയായും ഒരു വര്‍ഷം കൊണ്ട് മൂന്നിരട്ടിയായും തീരും)
വളര്‍ന്നു വരുന്ന കുട്ടി
ദൈവം ഒരു മാതാവിന് താലോലിച്ചു വളര്‍ത്തിക്കൊണ്ടു വരാന്‍ ഒരു ശിശുവിനെ നല്‍കുമ്പോള്‍ അതു വിശുദ്ധവും ഭയാവഹവുമായ ഒരു ചുമതലയാണ്. അവളുടെ ഭാഗത്തുണ്ടാകുന്ന അവഗണനയോ അശ്രദ്ധയോ ആ കുട്ടിയെ ജീവിതകാലം മുഴുവന്‍ ശാരീരികമോ മാനസികമോ വൈകാരികമോ ആയ വൈകല്യമുള്ളവനാക്കിത്തീര്‍ക്കും. അതിനാല്‍ ഒരു മാതാവ് പരമാവധി ശ്രദ്ധയോടെ തന്റെ ചുമതലകള്‍ നിറവേറ്റുവാന്‍ എത്രയധികം ശ്രദ്ധാലുവായിരിക്കേണ്ടതാണ്!
ഇക്കാലത്ത് ധാരാളം മാതാക്കള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ ആയമാരെ ഏല്പിച്ചു കുടുംബത്തിന് ഒരു അധിക വരുമാനം സമ്പാദിക്കാന്‍ തിടുക്കം കാട്ടുമ്പോള്‍ ഇപ്രകാരമൊരു മുന്നറിയിപ്പ് ഏറ്റവും അത്യാവശ്യമാണ്. കുഞ്ഞുങ്ങളെ അവഗണിക്കുന്നതിന്റെ ഫലങ്ങള്‍ ഭാവി വര്‍ഷങ്ങളില്‍ മാത്രമേ അറിയുകയുള്ളു. അപ്പോള്‍ കാര്യങ്ങള്‍ നന്നാക്കുവാന്‍ സാധ്യവുമല്ല.
നമ്മുടെ കുഞ്ഞുങ്ങളെ ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യത്തോടെ വളര്‍ത്തുന്നതിനെക്കാള്‍ കുടുതല്‍ പവിത്രമായ മറ്റൊരു കര്‍ത്തവ്യവും അമ്മമാരെന്ന നിലയില്‍ നമുക്കു നിറവേറ്റുവാനില്ല.
ഭക്ഷണം
ആദ്യത്തെ മൂന്നു മാസങ്ങളില്‍ ശിശു മുലപ്പാല്‍ കുടിച്ചാണ് വളരുന്നതെങ്കില്‍ കൂടുതലായി വിറ്റാമിന്‍ തുള്ളിമരുന്ന്, ലോഹാംശമുള്ള തുള്ളിമരുന്ന്, പഴച്ചാറുകള്‍ എന്നിവ മാത്രം നല്‍കിയാല്‍ മതിയാകും.
ശിശുവിന് മൂന്നു മാസമാകുമ്പോള്‍ അവന് ഖരഭക്ഷണം കൊടുത്തു തുടങ്ങാം. ആദ്യം കൊടുക്കേണ്ടത് ധാന്യാഹാരമാണ്. ടിന്നിലടച്ച പലതരം ധാന്യഭക്ഷണങ്ങള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഏറ്റവും വിലകുറഞ്ഞ ധാന്യം പഞ്ഞപ്പുല്ലാണ് (കൂവരക്). രണ്ടു റ്റീസ്പൂണ്‍ പഞ്ഞപ്പുല്ലിന്റെ പൊടി നേര്‍മ്മയുള്ള ഒരു തുണിയില്‍ കെട്ടി ഒരു കപ്പു വെള്ളത്തില്‍ പല പ്രാവശ്യം പിഴിയുക. അവസാനം ഉമി മാത്രം തുണിയില്‍ കാണും. ഒരു കപ്പു പാലും ചേര്‍ത്ത് ഇതു നന്നായി ഇളക്കിക്കൊണ്ട് നല്ല ബ്രൗണ്‍ നിറമാകുന്നതുവരെ കുറുക്കുക. പഞ്ചസാരയും ചേര്‍ത്ത് ചെറു ചൂടോടെ കുഞ്ഞിനു കൊടുക്കുക. ഇതു ഏറ്റവും പോഷക ഗുണമുള്ളതാണ്.
ശിശുവിനു നാലു മാസമാകുമ്പോള്‍ നന്നായി പഴുത്ത ഏത്തക്കായ് ഉടച്ചു കൊടുക്കാം. (1/2 മുതല്‍ ഒരു റ്റീസ്പൂണ്‍ വരെ ഏത്തയ്ക്ക കൊടുത്തു തുടങ്ങാം). ആപ്പിള്‍ പോലെയുള്ള മറ്റു പഴ വര്‍ഗ്ഗങ്ങള്‍ പുഴുങ്ങി ഉടച്ചു കൊടുക്കാം. അരി, പഞ്ഞപ്പുല്ല്, കോതമ്പ്, ചോളം, പരിപ്പ്, ചെറുപയര്‍ എന്നീ ധാന്യങ്ങള്‍ കഴുകി ഉണക്കിയതിനു ശേഷം പൊടിച്ച് അവയുടെ മിശ്രിതം ഉപയോഗിക്കാം. ഈ മിശ്രിതം വെള്ളത്തില്‍ കലക്കി കുറുക്കി കൊടുക്കാവുന്നതാണ്.
ആറു മാസമായ ഒരു കുഞ്ഞിന്റെ ദൈനംദിന ഭക്ഷണം താഴെ കൊടുത്തിരിക്കുന്നതുപോലെ ആയിരിക്കണം.
6-7മാ : മുലപ്പാല്‍ അഥവാ കുപ്പിപ്പാല്‍
9മാ : ഓറഞ്ചു നീര് (തക്കാളി നീര് അഥവാ മറ്റെന്തെങ്കിലും പഴച്ചാറ്) വൈറ്റമിന്‍, അയണ്‍ എന്നീ തുള്ളി മരുന്നുകള്‍, ധാന്യം അഥവാ ഇഡ്ഡലി, കുറച്ചു സമയം കഴിഞ്ഞ് പാല്‍. വിവിധ പച്ചക്കറികള്‍ പ്രഷര്‍ കുക്കറില്‍ വേവിച്ച് അവയുടെ സൂപ്പ് ഖരഭക്ഷണത്തോടു കൂടി കൊടുക്കാം.
1 ുാ : കാരറ്റ് മുതലായ പച്ചക്കറികള്‍ വേവിച്ച് ഉടച്ചു കൊടുക്കുക, കുപ്പിപ്പാല്‍
4 ുാ : ബിസ്‌ക്കറ്റുകള്‍
6 ുാ : ധാന്യം, പഴവര്‍ഗ്ഗങ്ങള്‍ (ഉദാ. ചെറുപഴം), പാല്‍
10 ുാ : പാല്‍ (കുഞ്ഞിനു വിശപ്പുണ്ടെങ്കില്‍ മാത്രം)
കുഞ്ഞിനു ഒരു വയസ്സാകുമ്പോള്‍ മത്സ്യവും മാംസവും കൂടെ കൊടുക്കാം. മുമ്പേ തന്നെ ഇറച്ചിയുടെയും മീനിന്റെയും സൂപ്പ് കൊടുക്കാമെങ്കിലും തൈരും മറ്റു പാല്‍ ഉല്‍പന്നങ്ങളും പച്ചക്കറികളോടൊപ്പം കൊടുക്കുന്നതാണ് നല്ലത്. കാരണം, മത്സ്യം, മാംസം എന്നവയിലെ പ്രോട്ടീനുകള്‍ കുഞ്ഞിന്റെ വൃക്കകള്‍ക്കു ഇളംപ്രായത്തില്‍ വലിയ ആയാസം നല്‍കുന്നു. അതിനാല്‍ തുവരപ്പരിപ്പ്, ബീന്‍സ് എന്നിവയിലെ പ്രോട്ടീനുകളാണ് ഏറെ നന്ന്.
ശിശുവിന് ഒരു വയസ്സാകുമ്പോള്‍ അവന്‍ പാലിനു പുറമേ പ്രഭാതഭക്ഷണത്തിന് രണ്ടു ചെറിയ ഇഡ്ഡലി, ഉച്ചയ്ക്കും വൈകിട്ടും ചോറ്, പരിപ്പ്, പച്ചക്കറികള്‍ എന്നിവ കൂടി കൊടുക്കണം. പശുവിന്‍ പാലാണ് കൊടുക്കുന്നതെങ്കില്‍ ഒരു ദിവസം 300 മി.ലി. മതിയാകും.
ഡോക്ടറുടെ നിര്‍ദ്ദേശം കൂടാതെ യാതൊരു മരുന്നും പ്രത്യേകിച്ച് ആന്റി ബയോട്ടിക്കുകളും ഉപയോഗിക്കരുത്.
കുഞ്ഞിന്റെ ഭക്ഷണം
1) ശിശുവിനു മൂന്നു മാസമാകുന്നതിനു മുമ്പ് ഖര പദാര്‍ത്ഥങ്ങള്‍ കൊടുക്കേണ്ട ആവശ്യമില്ല.
2) ഒരു സമയത്ത് ഒരു തരം കട്ടിയായ ആഹാരം വളരെ ചെറിയ അളവില്‍ കൊടുത്തു തുടങ്ങാം. ക്രമേണ അതിന്റെ അളവ് വര്‍ദ്ധിപ്പിക്കാം.
3) ശിശുവിന് ഇഷ്ടമാണെങ്കില്‍ ആറുമാസത്തിനു ശേഷം ദ്രാവകങ്ങള്‍ ഒരു കപ്പില്‍ പിടിച്ചു കൊടുക്കാം. (അവന്‍ അതു തുളുമ്പിക്കളയുന്നെങ്കില്‍ വിഷമിക്കേണ്ട. അവന്‍ പഠിച്ചുകൊള്ളും).
4) ഏതെങ്കിലും പുതിയ ഒരു ഭക്ഷണം ശിശുവിന് ദഹനക്കേട് (ഛര്‍ദ്ദി, വയറൊഴിച്ചില്‍) ഉണ്ടാക്കുന്നുവെങ്കില്‍ അപ്പോള്‍ എല്ലാ ഖര ഭക്ഷണങ്ങളും നിര്‍ത്തുക. അവ വീണ്ടും തുടങ്ങുന്നതിനു മുമ്പ് കുറച്ചു കാത്തിരിക്കുക.
5) ദഹനക്കേട് തുടരുന്ന പക്ഷം വൈദ്യസഹായം തേടുക.
6) കട്ടിയായ ആഹാരം കൊടുത്തിനു ശേഷം മാത്രം പാല്‍ കൊടുക്കുക. അല്ലെങ്കില്‍ അവന്‍ ഭക്ഷണം നിരസിക്കും.
7) ശിശുവിനു ഇഷ്ടമില്ലെങ്കില്‍ അവനെ ആഹാരം കഴിക്കാന്‍ നിര്‍ബ്ബന്ധിക്കരുത്. ആഹാര രീതിയില്‍ ഒരു മാറ്റം അവന്‍ ആഗ്രഹിച്ചെന്നു വരാം. ഭക്ഷണ സമയങ്ങള്‍ രസകരമാക്കുവാന്‍ ശ്രദ്ധിക്കുക. ധാരാളം മധുര പദാര്‍ത്ഥങ്ങള്‍ ശിശുവിന്റെ വിശപ്പു കെടുത്തുകയും പല്ലുകള്‍ക്കു കേടു വരുത്തുകയും ചെയ്യുന്നതുകൊണ്ട് അവ വര്‍ജ്ജിക്കുക.
8) ശിശുവിന്റെ രണ്ടാം വര്‍ഷത്തില്‍ അവന്‍ ആദ്യ വര്‍ഷത്തിലേതുപോലെ വളരുകയോ തടി വയ്ക്കുകയൊ ചെയ്യുകയില്ല എന്നറിയുക. അതിനാല്‍ രണ്ടാം വര്‍ഷത്തില്‍ അവന് അധികം വളര്‍ച്ച കാണുന്നില്ലെങ്കില്‍ വാകുലപ്പെടേണ്ട ആവശ്യമില്ല.
ടോയ്‌ലറ്റ് രീതികള്‍
രണ്ടാം വര്‍ഷത്തിനു ശേഷമോ മൂന്നാം വര്‍ഷത്തിനു ശേഷമോ മാത്രമേ മൂത്രാശയത്തിന്റെയും കുടലിന്റെയും ബോധപൂര്‍വ്വമായ നിയന്ത്രണശക്തി ഉണ്ടാകുകയുള്ളു. ആഹാരത്തിനു ശേഷം ശിശുവിനെ ''പോട്ടി''യില്‍ ഇരുത്തുകയാണെങ്കില്‍ കുറേ നാപ്കിനുകള്‍ അലക്കുന്ന ജോലി ഒഴിവാക്കാം. അവന്‍ തുറന്ന സ്ഥലത്തു മലമൂത്ര വിസര്‍ജ്ജനം നടത്താതെ തുടക്കത്തിലെ വിസര്‍ജ്ജന പാത്രമോ കക്കൂസോ ഉപയോഗിക്കാന്‍ അവനെ ശീലിപ്പിക്കുക.
വേനല്‍ക്കാലത്തെ സംരക്ഷണം
വേനല്‍ മാസങ്ങളില്‍ ശിശുവിന് കട്ടി കുറഞ്ഞ ഒരു കോട്ടണ്‍ ഉടുപ്പും നാപ്കിനും മാത്രം മതി. രാത്രി പരുത്തി വസ്ത്രം കൊണ്ടുള്ള പുതപ്പും മതി. വേനലില്‍ അവനെ ധാരാളം വസ്ത്രങ്ങള്‍ ധരിപ്പിക്കാതിരിക്കുക. പുറത്തു പോകുമ്പോള്‍ നേരിട്ടുള്ള സൂര്യകിരണങ്ങളില്‍ നിന്നും അവന്റെ നേത്രങ്ങളെ സംരക്ഷിക്കുക. അവന്റെ ശരീരത്തില്‍ ചൂടുകുരു കണ്ടാല്‍ ഒരു ലോഷനോ സിങ്ക് ഓക്‌സൈഡ് ക്രീം പോലുള്ള ലേപനമോ ഉപയോഗിക്കുക.
പ്രായപൂര്‍ത്തിയായവരെപ്പോലെ കുഞ്ഞുങ്ങള്‍ക്കും വേനല്‍ക്കാലത്തു കൂടുതല്‍ ദ്രാവകങ്ങള്‍ ആവശ്യമാണ്. അതിനാല്‍ അവന് അല്പം ഉപ്പും മധുരവും ചേര്‍ത്ത ജലം ധാരാളം കൊടുക്കുക. കുഞ്ഞിന് വയിറിളക്കം ഉള്ളപ്പോള്‍ ധാരാളം ദ്രാവകങ്ങള്‍ അവന്റെ ശരീരത്തില്‍ നിന്നു നഷ്ടമാകും. അതിനാല്‍ കുഞ്ഞിനു വയറിളക്കം ഉള്ളപ്പോള്‍ ഉടനെ വൈദ്യസഹായം തേടുക. വേനല്‍ക്കാലത്ത് ഇതു സംഭവിച്ചാല്‍ അധികം ഗൗരവമുള്ള കാര്യമാണത്.
എപ്പോഴും ശിശുവിന് തിളപ്പിച്ച വെള്ളം കൊടുക്കുന്നതാണ് നല്ലത്. നമ്മുടേതു പോലുള്ള ഉഷ്ണ രാജ്യങ്ങളില്‍ ജലത്തില്‍ കൂടിയാണ് ധാരാളം രോഗാണുക്കള്‍ പകരുന്നത്. നിങ്ങള്‍ ശിശുവിനെയും കൊണ്ടു യാത്ര ചെയ്യുകയാണെങ്കില്‍ ആവശ്യത്തിനു തിളപ്പിച്ച വെള്ളം എടുക്കുക.
ശീതകാലത്തെ പരിരക്ഷണം
ശിശുവിനെ കാറ്റില്‍ നിന്നും തണുപ്പില്‍ നിന്നും പരിരക്ഷിക്കുക. കോട്ടണ്‍ അടിയുടുപ്പും മുകളില്‍ കമ്പിളി വസ്ത്രങ്ങളും ഉപയോഗിക്കുക. പുതപ്പുകള്‍ കട്ടി കുറഞ്ഞതും ഇളം ചൂടുള്ളതും ആയിരിക്കണം. കഴുത്തിനു ചുറ്റും തുണി ഇറുക്കമുള്ളതല്ല എന്നു ഉറപ്പു വരുത്തുക. നീണ്ട കൈയുള്ള ഉടുപ്പുകളും കാലുകളെ സംരക്ഷിക്കാന്‍ പൈജാമയും ഉപയോഗിക്കുക. ശിശുക്കളുടെ തലയില്‍ നിന്നല്ല, കൈകാലുകളില്‍ നിന്നാണ് കൂടുതല്‍ ചൂട് നഷ്ടപ്പെടുന്നത് എന്നോര്‍ക്കുക. അതിനാല്‍ ശീതകാലത്തു സോക്‌സും പൈജാമകളും ഉപയോഗിക്കുക. ശിശുവിനെ അരയ്ക്കു താഴെ ഉടുപ്പിക്കാതെ തലയില്‍ തൊപ്പി വയ്ക്കുന്നതുകൊണ്ട് യാതൊരു പ്രയോജനവും ഇല്ല.
കഴുത്ത്, കക്ഷം, തുട എന്നീ മടക്കുകളില്‍ ചൂടുകുരു ഉണ്ടോ എന്നു പരിശോധിക്കുക (ഇപ്രകാരം വേനല്‍ക്കാലത്തും ചെയ്യേണ്ടതാണ്). ഈ സ്ഥലങ്ങളില്‍ പൗഡര്‍ ഇടുകയാണെങ്കില്‍ കുഞ്ഞുങ്ങള്‍ക്കു ആശ്വാസം തോന്നും.
ശരിയായ വസ്ത്ര ധാരണത്തില്‍ കൂടി ന്യൂമോണിയയും മറ്റു ശ്വാസകോശ രോഗങ്ങളും വരാതെ ശിശുവിനെ പരിപാലിക്കാം. അവന്റെ വസ്ത്രം കാലാവസ്ഥയ്ക്ക് അനുയോജ്യമാണെന്നും അവന്റെ കൈകാലുകള്‍ തടസ്സം കൂടാതെ ചലിപ്പിക്കാന്‍ തക്കവണ്ണം വസ്ത്രധാരണം സുഖകരമാണെന്നും നാം ഉറപ്പു വരുത്തണം. ഉറങ്ങുവാന്‍ നല്ല ചുറ്റുപാട് അവനെപ്പോഴും ഉണ്ടായിരിക്കണം.
പല്ലു വരുന്നത്
ആദ്യത്തെ പല്ല് ആറാം മാസത്തിലോ എട്ടാം മാസത്തിലോ വരാം. സാധാരണ താഴത്തെ രണ്ടു പല്ലുകളാണ് ആദ്യം മുളയ്ക്കുന്നത്. അപ്പോള്‍ ശിശു അസ്വസ്ഥത പ്രദര്‍ശിപ്പിക്കുകയും മോണ വേദന മൂലം ഭക്ഷണത്തോടു വൈമുഖ്യം കാണിക്കയും ചെയ്യും. ആ സമയങ്ങളില്‍ പല ശിശുക്കുളുടേയും വായില്‍ നിന്നും തുടര്‍ച്ചയായി വെള്ളം ഒഴുകിക്കൊണ്ടിരിക്കും. അപ്പോള്‍ ഒരു ബിബ് കഴുത്തില്‍ കെട്ടിക്കൊടുക്കാം. ശിശുവിന് നല്ല ദന്ത പരിപാലനവും ശുചിത്വവും പാലിക്കുക. ഓരോ ഭക്ഷണത്തിനു ശേഷവും ഒന്നുകില്‍ അവന്റെ വായ് കഴുകുക അല്ലെങ്കില്‍ കുടിക്കാന്‍ തിളപ്പിച്ച വെള്ളം കൊടുക്കുക.
ശുചിത്വം
ചെറുപ്രായത്തിലെ തന്നെ നല്ല ശുചിത്വ ശീലങ്ങള്‍ പഠിപ്പിക്കുക. അങ്ങനെയെങ്കില്‍ വളര്‍ന്നു വരുമ്പോള്‍ അവന്‍ ആ ശീലം തുടരും.
നിങ്ങള്‍ പറയുന്ന ഒരു വാക്കും അവന് മനസ്സിലാകാത്തപ്പോള്‍ തന്നെ അവനോടൊപ്പം പ്രാര്‍ത്ഥിക്കുകയും പാട്ടു പാടുകയും ചെയ്യുക. അവന്റെ അബോധ മനസ്സില്‍ ഈ ചിട്ടകള്‍ വലിയ സ്വാധീനം ചെലുത്തും. ആത്മീയ ശുചിത്വത്തിന്റെ മൂല്യവും അവന്‍ വളര്‍ന്നു വരുമ്പോള്‍ മനസ്സിലാക്കും.
നിങ്ങളുടെ കുഞ്ഞ് വളര്‍ന്ന് സ്വന്തമായ സ്വഭാവ വിശേഷങ്ങളോടു കൂടിയ ഒരു വ്യക്തിയായിത്തീരുന്നത് കോരിത്തരിപ്പിക്കുന്ന ഒരുനുഭവമല്ലേ? അവന്‍ വളര്‍ന്നു വരുമ്പോള്‍ അവന്‍ സാധാരണഗതിയില്‍ ശാരീരികമായും മാനസികമായും വളര്‍ച്ച പ്രാപിക്കുന്നോ എന്നറിയാന്‍ സ്വാഭാവികമായും നിങ്ങള്‍ ഉത്സുകരായിരിക്കും. സാധാരണ വളര്‍ച്ചയെ ചൂണ്ടിക്കാണിക്കുന്ന സുനിശ്ചിതമായ മാനദണ്ഡങ്ങള്‍ ഒന്നും തന്നെയില്ല. കുഞ്ഞുങ്ങള്‍ വ്യത്യസ്തമാണ്. ഒരു ശിശു മറ്റൊരു ശിശുവിനെക്കാള്‍ മൂന്നു മാസം താമസിച്ചാണ് നടക്കാന്‍ തുടങ്ങുന്നതെങ്കില്‍ അവന്‍ യാതൊരു വിധത്തിലും പിറകിലല്ല. അവനു മറ്റേ കുട്ടിയെപ്പോലെ തന്നെ ആരോഗ്യവാനായി വളരാന്‍ സാധിക്കും. അതിനാല്‍ നിങ്ങള്‍ അനാവശ്യമായി ആകലചിത്തരാകേണ്ട ആവശ്യമില്ല. എന്നാല്‍ വിവിധ ഘട്ടങ്ങളിലുള്ള ശിശുക്കളുടെ വളര്‍ച്ച ഇപ്രകാരമാണ്.
ഒന്നാം മാസത്തില്‍: ശിശുവിന്റെ കണ്ണുകള്‍ വസ്തുക്കളില്‍ പതിപ്പിക്കുവാനും സാവധാനം ചലിക്കുന്ന വസ്തുക്കളെ തല തിരിച്ചു നോക്കുവാനും അവനു കഴിയും. കമിഴ്ന്നു കിടുക്കുമ്പോള്‍ അവന് തല പൊക്കുവാന്‍ സാധിക്കും.
നാലാം മാസത്തില്‍: ശിശു അമ്മയെ തിരിച്ചറിയുന്നു; ആളുകളെ നോക്കി പുഞ്ചിരിക്കുന്നു; സാധനങ്ങള്‍ പിടിക്കുന്നു; സ്വന്തം കൈകള്‍ പരിശോധിക്കുന്നു. അവനെ എടുത്തു കൊണ്ടു നടക്കുമ്പോള്‍ തല നേരെ പിടിക്കുവാനും ചിരിക്കുവാനും അവനു സാധിക്കും.
7-8 മാസങ്ങളില്‍: പരസഹായം കൂടാതെ തനിയേ ഇരിക്കുവാന്‍ കഴിയും. അവനെ എടുക്കുവാനായി കൈകള്‍ ഉയര്‍ത്തും. വായില്‍ സാധനങ്ങള്‍ ഇടുവാനും തുടങ്ങും.
9-10 മാസങ്ങളില്‍: തനിയേ നില്‍ക്കുവാന്‍ സാധിക്കും. റ്റാറ്റാ പറയുവാനും എഴുന്നേറ്റിരിക്കുവാനും നില്‍ക്കുവാനും സാധിക്കും.
ഒരു വര്‍ഷമാകുമ്പോള്‍: തനിയേ നടക്കുവാന്‍ തുടങ്ങുന്നു. മനസ്സിലാക്കിക്കൊണ്ടു ചില വാക്കുകള്‍ പറയുന്നു. അവന്റെ ഉച്ചിയിലെ മൃദുവായ ഭാഗം അടഞ്ഞു തുടങ്ങുന്നു. ചിലപ്പോള്‍ ഈ സമയമാകുമ്പോഴേക്കും ആറു പല്ലുകള്‍ വന്നു കാണും. ഒരു കപ്പു തനിയേ പിടിച്ചു അതില്‍ നിന്നു കുടിക്കുവാനും പഠിക്കുന്നു.
രണ്ടു വര്‍ഷമാകുമ്പോള്‍; കുട്ടി തനിയേ ഓടുന്നു. ബ്ലോക്കുകള്‍ നിരത്തി കളിക്കുന്നു. ലളിതമായ വാചകങ്ങളില്‍ സംസാരിക്കുന്നു. ലളിതമായ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നു. (അവന് അനുസരിക്കണമെന്നു തോന്നുമ്പോള്‍) അവനെ അനുസരണം പഠിപ്പിക്കാനുള്ള ഏറ്റവും ഉത്തമമായ സമയം ഒരു പക്ഷേ ഇപ്പോഴായിരിക്കും. പെണ്‍കുട്ടികളില്‍ ഈ സമയമാകുമ്പോഴേക്ക് മലമൂത്രവിസര്‍ജ്ജനത്തിനുള്ള നിയന്ത്രണം (പകല്‍ സമയങ്ങളില്‍) വന്നിരിക്കും. ആണ്‍കുട്ടികള്‍ ഏതാനും മാസങ്ങള്‍ക്കൂടി എടുത്തെന്നു വരാം.,
സ്വാഭാവികമായ രീതിയില്‍ നിങ്ങളുടെ കുഞ്ഞിനെ വളര്‍ന്നു വരാന്‍ അനുവദിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങളുടെ കുഞ്ഞിനെ അയല്‍ക്കാരന്റെ കുഞ്ഞിനോടു താരതമ്യപ്പെടുത്താതിരിക്കുക. അവന്‍ തയ്യാറാകാത്ത കാര്യം ചെയ്യാന്‍- അതു ഇരിക്കുന്നതോ നടക്കുന്നതോ ഒരു കപ്പില്‍ നിന്നും കുടിക്കുന്നതോ ആകട്ടെ- ഒരിക്കലും അവനെ നിര്‍ബ്ബന്ധിക്കരുത്. അവന്റേതായ ക്രമമനുസരിച്ചു വളരുവാന്‍ അവനു സാതന്ത്ര്യം കൊടുക്കൂ. അവന്‍ വളര്‍ന്നു വരുമ്പോള്‍ വസ്ത്ര ധാരണം ചെയ്യുന്നതുപോലെയുള്ള ചില കാര്യങ്ങള്‍ തന്നെത്താന്‍ ചെയ്യാന്‍ അവനെ പ്രോത്സാഹിപ്പിക്കുക. മറ്റു കുട്ടികളുമായി കളിക്കാന്‍ അവനെ ഉത്സാഹിപ്പിക്കണം. ആവശ്യത്തിലധികം സംരക്ഷിക്കുന്ന രീതി നന്നല്ല.
രോഗപ്രതിരോധ ചികിത്സ
മിക്ക ആശുപത്രികളും രോഗപ്രതിരോധത്തിനായി താഴെപ്പറയുന്ന പ്രവര്‍ത്തന രീതി പിന്തുടരുന്നു:
ആദ്യത്തെ മുന്നു മാസങ്ങളില്‍ : ബി.സി.ജി.
ആറാഴ്ചയാകുമ്പോള്‍ : ഡി.പി.റ്റി. (ട്രിപ്പിള്‍ ആന്റിജന്‍) ആദ്യഡോസ്
ഓ.പി.വി. (ഓറല്‍ പോളിയോ വാക്‌സിന്‍) ആദ്യഡോസ്
പത്തു ആഴ്ചയാകുമ്പോള്‍ : ഡി.പി.റ്റി (രണ്ടാം ഡോസ്)
ഓ.പി.വി. (രണ്ടാം ഡോസ്)
14 ആഴ്ചയാകുമ്പോള്‍ : ഡി.പി.റ്റി (മൂന്നാം ഡോസ്)
ഓ.പി.വി. (മൂന്നാം ഡോസ്)
18 ആഴ്ചയാകുമ്പോള്‍ : ഡി.പി.റ്റി (നാലാം ഡോസ്)
22 ആഴ്ചയാകുമ്പോള്‍ : ഓ.പി.വി. (അഞ്ചാം ഡോസ്)
9 മാസമാകുമ്പോള്‍ : ആരോഗ്യപരിശോധന
9-12 മാസങ്ങളില്‍ : അഞ്ചാം പനിയുടെ വാക്‌സിന്‍
18 മാസമാകുമ്പോള്‍ : ഡി.പി.റ്റി (ഒന്നാം ബൂസ്റ്റര്‍)
ഓ.പി.വി. (ഒന്നാം ബൂസ്റ്റര്‍)
5 വര്‍ഷമാകുമ്പോള്‍ : ഡി.പി.റ്റി (രണ്ടാം ബൂസ്റ്റര്‍)
ഓ.പി.വി. (രണ്ടാം ബൂസ്റ്റര്‍)
ശൈശവത്തില്‍ : ഹെപ്പറ്റൈറ്റിസ് ബി. ഇഞ്ചക്ഷന്‍
ഹെപ്പറ്റൈറ്റിസ് ബി ആന്റിജന്‍ (5 മില്ലി) തുടയിലെ മാംസപേശികളിലൂടെ ഇഞ്ചക്ഷനായി എടുക്കണം. ഒരു മാസത്തിനു ശേഷം രണ്ടാമത്തെ ഡോസും കൊടുക്കണം.
ഡിഫ്ത്തീരിയയോ പോളിയോ രോഗമോ ബാധിച്ചാല്‍ ബൂസ്റ്റര്‍ കുത്തിവയ്പുകള്‍ വീണ്ടും എടുക്കേണ്ടതാണ്. ആഴത്തിലുള്ള മുറിവുണ്ടായാല്‍ ടെറ്റനസ് ബൂസ്റ്റര്‍ വീണ്ടും എടുക്കണം.
ടൈഫോയിഡിനുള്ള ബൂസ്റ്റര്‍ (ഠഅആ) ഓരോ വര്‍ഷവും എടുക്കേണ്ടതാണ്.
മാസം തികയാതെ പിറന്ന കുഞ്ഞുങ്ങളുടെയും ഇരട്ട പിറന്ന കുഞ്ഞുങ്ങളുടെയും സംരക്ഷണം
ഒന്‍പത് മാസമാകുന്നതിനു മുമ്പു പിറന്നതും രണ്ടു കിലോഗ്രാമില്‍ താഴെ തൂക്കമുള്ളതുമായ ശിശുവാണ് മാസം തികയാതെ പിറന്ന ശിശു. മാസം തികഞ്ഞതാണെങ്കിലും ഇരട്ടയോ മൂന്നു കുട്ടികളായോ പിറന്ന കുട്ടികള്‍ക്കു സാധരണ രണ്ടു കിലോഗ്രാമില്‍ താഴെയെ തൂക്കം കാണുകയുള്ളു. അവരെയും മാസം തികയാതെ പിറന്ന ശിശുക്കളെപ്പോലെ കരുതണം.
ഈ കുട്ടികള്‍ക്കു ശരീരത്തിന്റെ സാധാരണ ഊഷ്മാവ് നിലനിറുത്തുവാന്‍ കഴിവില്ല. ചിലപ്പോള്‍ അവര്‍ക്കു ശ്വാസോച്ഛാസം ചെയ്യുവാനും വിഴുങ്ങുവാനും ഭക്ഷണം ദഹിപ്പിക്കുവാനും രോഗസംക്രമം ചെറുത്തു നില്‍ക്കുവാനും സാധിക്കുകയില്ല. അവര്‍ക്കു വളരെ പെട്ടെന്ന് ക്ഷീണം തോന്നും.
രണ്ടു കിലോഗ്രാമില്‍ താഴെ തൂക്കമുള്ള ഈ കുഞ്ഞിനെ 2.5 കിലോഗ്രാം ആകുന്നതു വരെ ആശുപത്രിയില്‍ സൂക്ഷിക്കുന്നതാണ് നല്ലത്. നിങ്ങള്‍ അവനെ വീട്ടില്‍ വച്ചു പരിപാലിക്കുമെങ്കില്‍ താഴെപ്പറയുന്ന മുന്‍കരുതലുകള്‍ എടുക്കേണ്ടതാണ്.
1) കുഞ്ഞിനെ 280ഇ എന്ന താപനിലയില്‍ നിരന്തരം സൂക്ഷിക്കണം. കാറ്റടിയേല്‍ക്കാതെ അവനെ പ്രത്യേകിച്ചു പരിരക്ഷിക്കണം. തണുപ്പു കാലത്തു ചൂടുവെള്ളം നിറച്ച കുപ്പികൊണ്ട് കിടക്ക ചൂടാക്കണം.
2) അവന്റെ ശ്വാസോച്ഛാസം ഇടറാതെ സ്വച്ഛന്ദം ആകുന്നതു വരെ അവനെ ശ്രദ്ധയോടെ നിരീക്ഷിക്കുക. തല അല്പം താഴ്ത്തി ഒരു വശത്തേക്കു ചരിച്ചു കിടത്തുക. അവന്റെ തൊണ്ടയില്‍ നിന്നുള്ള ദ്രാവകം അകത്തേക്കൊഴുകി അവനെ ശ്വാസം മുട്ടിക്കാതെ വായില്‍ക്കൂടി പുറത്തു വരട്ടെ.
3) തീരെക്കുറച്ചു മാത്രം അവനെ കൈയിലെടുക്കുക. കൂടുതല്‍ കൈയിലെടുക്കുന്തോറും അവന്‍ ക്ഷീണിതനാവുകയേ ഉള്ളൂ.
4) ഭക്ഷണക്രമം - വലിച്ചു കുടിക്കാന്‍ വയ്യാത്ത ശിശുക്കള്‍ക്കു മരുന്നു കൊടുക്കുന്ന ഡ്രോപ്പര്‍ ഉപയോഗിച്ചു പാല്‍ കൊടുക്കേണ്ടി വരും. ആദ്യം പാല്‍ താങ്ങാന്‍ വയ്യാത്തവര്‍ക്കു പഞ്ചാസാരവെള്ളം കൊടുക്കാം (250-300 മി.ലി. വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചാസാര ഇട്ടു തിളപ്പിക്കാം). ക്രമേണ അവര്‍ക്കു വെള്ളം ചേര്‍ത്ത പാല്‍ കൊടുക്കാം. നാലാമത്തെയോ അഞ്ചാമത്തെയോ ദിവസത്തില്‍ വിറ്റമിന്‍ സി കൊടുത്തു തുടങ്ങാം. ഒരാഴ്ചയ്ക്കു ശേഷം വിറ്റമിന്‍ എ.സി. ഡ്രോപ്പുകളും കൊടുക്കാം.
5) രോഗസംക്രമണത്തില്‍ നിന്നും അവനെ പരിരക്ഷിക്കുക. ഭക്ഷണത്തില്‍ അതീവ ശ്രദ്ധ കാണിക്കുക. നിങ്ങള്‍ തന്നെയും അതീവ ശുചിത്വം പാലിക്കണം.
കുഞ്ഞിനു 2.5 കിലോഗ്രാം ആകുമ്പോള്‍ അവനെ സാധാരണ ശിശുവായിക്കരുതാം. ആദ്യം പൊതുവിലുള്ള അവന്റെ വളര്‍ച്ച സാവധാനമായിരിക്കും; പക്ഷേ പെട്ടെന്നു തന്നെ അവന്‍ സാധാരണ ഗതിയില്‍ പുഷ്ടിപ്പെടും. ക്ഷീണിതരും വേണ്ടത്ര പോഷണം ലഭിക്കാത്തവരുമായ ശിശുക്കള്‍ക്കു പ്രത്യേക ഭക്ഷണം ലഭ്യമാണ്.
അവശ്യം, അത്യാവശ്യം
ശിശുവിനു വളര്‍ച്ച നല്‍കുവാന്‍ നിങ്ങള്‍ക്കു കഴിവില്ല. ദൈവത്തിനേ അതു കഴിയൂ. പക്ഷേ ആരോഗ്യകരമായ വളര്‍ച്ച നേടുവാനാവശ്യമായ ഒരു അന്തരീക്ഷം അവനു തയ്യാറാക്കിക്കൊടുക്കുവാന്‍ നിങ്ങള്‍ക്കു കഴി യും.
ഈ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ നിങ്ങളുടെ കുഞ്ഞിന്റെ കൂടെ സമയം ചെലവഴിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ഇതു നിങ്ങളുടെ ദൈനംദിന കൃത്യങ്ങളില്‍ നിന്നും വിട്ടു പോകത്തക്കവിധം നിങ്ങള്‍ തിരക്കുള്ളവരാകരുത്. ഇത് ഉയര്‍ന്ന മുന്‍ഗണന അര്‍ഹിക്കുന്ന കാര്യമാണ്. ഇതിനു സമയം കണ്ടെത്താനായി ചില അപ്രധാന കാര്യങ്ങള്‍ നിങ്ങള്‍ ഉപേക്ഷിക്കേണ്ടി വരും. എങ്കിലും ഇതു വിലപ്പെട്ട കാര്യം തന്നെ.
ദൈവം എന്തുകൊണ്ട് തന്റെ മക്കളുടെ കുടുംബങ്ങളില്‍ രോഗങ്ങളും അസുഖങ്ങളും അനുവദിക്കുന്നു എന്ന ചോദ്യത്തിന് അനായാസമായ ഒരുത്തരമില്ല. ഒരു പക്ഷേ അതിന്റെ കാരണം നാം അവിടുത്തെ കൃപയുടെയും ശക്തിയുടെയും നിറവനുഭവിക്കുവാനും (2 കൊരി. 12:7-10) കഷ്ടതയനുഭവിക്കുന്ന മറ്റുള്ളവരോടു സഹതാപം കാണിക്കുവാനും ആയിരിക്കാം (2 കൊരി. 1:4-8).
വേദനയകറ്റാനും രോഗസൗഖ്യത്തിനായും ദൈവം നമുക്കു ലഭ്യമാക്കിയിരിക്കുന്ന വൈദ്യശാസ്ത്ര പ്രകാരമുള്ള ഓരോ ചികിത്സാ സമ്പ്രദായത്തിനായും നാം ദൈവത്തെ സ്തുതിക്കേണ്ടതാണ്. തീര്‍ച്ചയായും നമുക്ക് അത്ഭുതാവഹമായ രോഗസൗഖ്യം നല്‍കുവാനും ദൈവത്തിനു കഴിയും.
ഒരു ഡോക്ടറെ കാണാന്‍ എപ്പോള്‍ പോകണം എന്ന് അറിയുവാന്‍ നിങ്ങളെ സഹായിക്കുന്ന ചില നിര്‍ദ്ദേശങ്ങള്‍ താഴെ കൊടക്കുന്നു. ഇവ അപ്രകാരമൊരു സന്ദര്‍ശനത്തിനു പകരമാകരുത്.
രോഗപ്രതിരോധ ശക്തി വര്‍ഷങ്ങളിലൂടെ മാത്രമേ ഉണ്ടാവുകയുള്ളു. കുഞ്ഞുങ്ങള്‍ക്ക് അപ്രകാരമുള്ള രോഗപ്രതിരോധ ശക്തിയില്ലാത്തതിനാല്‍ അവര്‍ വളരെ വേഗം രോഗബാധിതരാവുന്നു. കൂടുതല്‍ ഗുരതരമായ രോഗവും അവര്‍ക്ക് ഉണ്ടാകുന്നു. തങ്ങളുടെ പ്രയാസം എന്താണെന്നു പറയുവാന്‍ ഈ ശിശുക്കള്‍ക്കു കഴിവില്ല. അവര്‍ക്കു കരയുവാന്‍ മാത്രമേ സാധിക്കുകയുള്ളു. അതിനാല്‍ അമ്മാമാര്‍ കുഞ്ഞുങ്ങള്‍ക്ക് ഉണ്ടാകാവുന്ന സാധാരണ രോഗങ്ങള്‍ അറിഞ്ഞിരിക്കുന്നതു നല്ലതാണ്.
ശാരീരിക ന്യൂനതകള്‍
കോങ്കണ്ണ്: ആദ്യത്തെ രണ്ടു മൂന്നു മാസങ്ങളില്‍ മിക്ക ശിശുക്കള്‍ക്കും ദൃഷ്ടി കേന്ദ്രികരിക്കാന്‍ കഴിയാത്തതിനാല്‍ കോങ്കണ്ണ് ഉള്ളതായിത്തോന്നാം. ഇതു 18 മാസമോ രണ്ടു വര്‍ഷം വരെയോ തുടര്‍ന്നാല്‍ വൈദ്യസഹായം തേടേണ്ടതാണ്. അല്ലെങ്കില്‍ ദുര്‍ബ്ബലമായ നേത്രത്തിന് കാഴ്ച ക്രമേണ നഷ്ടപ്പെടും.
തടസ്സപ്പെട്ട കണ്ണീര്‍നാളം: രണ്ടു കണ്ണുകളില്‍ നിന്നും ചിലപ്പോള്‍ വെള്ളം വരുന്നതായി കാണാം. ചിലപ്പോള്‍ ഒരു മഞ്ഞ ദ്രാവകം കണ്ണില്‍ നിന്നു വരാം. ഇതു ഡോക്ടറെ അറിയിക്കേണ്ടതാണ്. കണ്ണീര്‍ നാളം സൂക്ഷ്മമായി പരിശോധിച്ച് ഇതു ശരിപ്പെടുത്താം. ശിശുവിന് ഒരു വയസ്സാകുന്നതിനു മുമ്പ് ഈ സൂക്ഷ്മ പരിശോധന നടത്തുന്നതാണ് നല്ലത്.
ശബ്ദായമാനമായ ശ്വാസോച്ഛാസം: ശിശു മലര്‍ന്നു കിടക്കുമ്പോള്‍ ഇതു വഷളാകും. അവന്‍ ഒരു വശം തിരിഞ്ഞു കിടന്നാല്‍ ശ്വാസോച്ഛാസം കൂടുതല്‍ മെച്ചമാകും. ആറാം മാസത്തോടെ ശബ്ദായമാനമായ ശ്വസനം നില്‍ക്കും. നിശ്ശബ്ദമായി ശ്വസിക്കുന്ന ഒരു കുട്ടി ഉടനെ ഒച്ചയോടെ ശ്വാസോച്ഛ്വാസം നടത്തുകയാണെങ്കില്‍ അതു ഡോക്ടറെ അറിയിക്കേണ്ടതാണ്.
മുറിച്ചുണ്ട്: മുറിഞ്ഞ അണ്ണാക്കുള്ള ശിശുക്കള്‍ നിഷ്പ്രയാസം പാല്‍ ശ്വസനേന്ദ്രിയങ്ങളിലേക്കു വലിച്ചു കയറ്റും. അവര്‍ക്ക് ജലദോഷം വരാനും എളുപ്പമാണ്. അവര്‍ക്കു ഭക്ഷണം കഴിക്കാനും പ്രയാസം കാണും. ശസ്ത്രക്രിയ വേണ്ട കാര്യമാകയാല്‍ കഴിവതും വേഗം വൈദ്യസഹായം തേടണം.
ഹേര്‍ണിയ: നാഭിപ്രദേശത്തോ പൊക്കിളിനടുത്തോ ഉദര ഭിത്തിക്കു വീക്കം വരുന്നതാണ് ഹേര്‍ണിയ. ശിശു കരയുമ്പോഴോ ചുമയ്ക്കുമ്പോഴോ ഈ വീക്കം കൂടുതല്‍ പ്രകടമായിക്കാണും. ശിശുവിന് ജലദോഷമോ പനിയോ വന്നതിനു ശേഷമാണ് ഇതു സാധാരണയായി കാണപ്പെടുന്നത്. (വീക്കം അകത്തേക്കു തള്ളി വച്ചിട്ട്) ഒരു ടേപ്പിട്ട് ചുറ്റിക്കെട്ടിയാല്‍ ചിലപ്പോള്‍ ഹേര്‍ണിയ അപ്രത്യക്ഷമായെന്നു വരും. പക്ഷേ അതു തുടര്‍ന്നാല്‍ ശസ്ത്രക്രിയ വേണ്ടി വരും. വളരെ ചുരുക്കമായി ഈ വീക്കത്തില്‍ കുടലില്‍ കുരുക്കു വീഴാറുണ്ട്. ഇതു ഗുരുതരമായതിനാല്‍ ഉടന്‍ തന്നെ ഡോക്ടറെ വിളിക്കേണ്ടതാണ്.
ത്വക്കില്‍ ജന്മസിദ്ധമായ പാട് (മറുക്): പല നവജാത ശിശുക്കള്‍ക്കും ത്വക്കില്‍ കറുത്ത പാടുകള്‍ കാണാം. കാലക്രമേണ അവ മാഞ്ഞു പോകും. ഈ പാടുകളുടെ വലിപ്പം കൂടുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടാതാണ്.
പ്രശ്‌നങ്ങളും രോഗങ്ങളും
ശിശുക്കള്‍ കരച്ചിലിലൂടെ വിശപ്പോ അസുഖമോ പ്രകടിപ്പിക്കുന്നു. ചിലപ്പോള്‍ അവര്‍ യാതൊരു കാരണം കൂടാതെയും കരയുന്നു. പക്ഷേ അവരുടെ കരച്ചിലിന്റെ കാരണം നിങ്ങള്‍ കണ്ടുപിടിക്കണം. ശിശു കിടക്കുന്ന തുണി നനഞ്ഞിരിക്കുന്നതുകൊണ്ടോ സ്ഥാനചലനം ആഗ്രഹിക്കുന്നതുകൊണ്ടോ കരഞ്ഞെന്നു വരാം. അധികം തണുപ്പോ ചൂടോ നിമിത്തം കരയാം. വല്ലാതെ ഉറക്കം വന്നിട്ടോ ഉദരസ്വാസ്ഥ്യം നിമിത്തമോ ആകാം ചിലപ്പോള്‍ കരയുന്നത്.
ശിശു വിശുപ്പു മൂലം കരയുമ്പോള്‍ മുഷ്ടി നുണയുന്നതു കാണാം. കുട്ടിയുടെ ഭാരം കുറഞ്ഞു കണ്ടാല്‍ അവന്റെ ആഹാരം അപര്യാപ്തമാണെന്നു മനസ്സിലാക്കാം.
താഴെപ്പറയുന്ന എതെങ്കിലും ലക്ഷണങ്ങള്‍ അവന്‍ കാണിക്കുന്നുവെങ്കില്‍ ഡോക്ടറെ വിളിക്കേണ്ടതാണ്. പൊതുവിലുള്ള അസ്വാസ്ഥ്യം, മയക്കം, ഭക്ഷണം കഴിക്കാന്‍ നിരന്തരം വിസമ്മതിക്കുന്നത്, അത്യുച്ചത്തിലുള്ള കരച്ചില്‍, ഛര്‍ദ്ദി, വേഗത്തിലും ഒച്ചയോടു കൂടിയുമുള്ള ശ്വാസോച്ഛാസം, ഒച്ചയടപ്പ്, ചുമ, വയറിളക്കം, 38 ഡിഗ്രി സെന്റിഗ്രേഡില്‍ കൂടിയ പനി, ത്വക്കിലുണ്ടാവുന്ന തടിപ്പ്, ഞെട്ടല്‍ മുതലായി സാധാരണ പെരുമാറ്റത്തില്‍ നിന്നും വ്യത്യസ്തമായ എന്തും ഡോക്ടറെ അറിയിക്കേണ്ടതാണ്.
ദഹനക്കേടുകള്‍
വയറിളക്കം: ഇതുണ്ടാകുമ്പോള്‍ ശിശുവിന്റെ മലം ദുര്‍ഗന്ധം വമിക്കുന്നതോ വല്ലാതെ അയഞ്ഞതോ ദഹിക്കാത്ത പാലിന്റെ അംശമുള്ളതോ ആയിരിക്കും. ശിശുവിന് പനി കാരണം ആ സമയങ്ങളില്‍ കുഞ്ഞിന്റെ തുണികള്‍ കൈകാര്യം ചെയ്യുന്നതില്‍ നിങ്ങള്‍ വളരെ ശ്രദ്ധാലുവായിരിക്കുകയും കൈകള്‍ കൂടെക്കൂടെ കഴുകുകയോ വേണം. ശിശുവിന്റെ നാപ്കിനുകള്‍ തിളപ്പിക്കുകയോ ഏതെങ്കിലും അണുനാശിനി ഉപയോഗിച്ചു കഴുകുകയോ ചെയ്തിട്ട് വെയിലത്തിട്ട് ഉണക്കണം. ഈച്ചകള്‍ ഇരിക്കാത്തവണ്ണം എല്ലാ ഭക്ഷണവും മൂടിവയ്‌ക്കേണ്ടതാണ്. ഖരപദാര്‍ത്ഥങ്ങള്‍ കൊടുക്കുന്നതു നിര്‍ത്തി അവന്റെ പാലില്‍ കൂടുതല്‍ വെള്ളം ചേര്‍ത്തു കൊടുക്കണം. ചിലപ്പോള്‍ പാല്‍ കൊടുക്കുന്നതു നിര്‍ത്തേണ്ടതായി വരും. അപ്പോള്‍ തിളപ്പിച്ച ഗ്ലൂക്കോസു വെള്ളത്തില്‍ അല്പം ഉപ്പിട്ട് കൊടുക്കുന്നതു നല്ലതാണ്. രോഗാണുക്കളെ പ്രതിരോധിക്കുവാന്‍ ആന്റിബയോട്ടിക്കുകള്‍ ശിശുവിന് ആവശ്യമായി വരാം. അതുകൊണ്ട് ഡോക്ടറെ വിവരം അറിയിക്കണം. ഛര്‍ദ്ദിയും വയറിളക്കവും മൂലം കുഞ്ഞ് വളരെ പെട്ടെന്ന് ഗുരുതാരാവസ്ഥയില്‍ എത്താം. അതിനാല്‍ ഇവ ലഘുവായി കരുതരുത്. വയറിളക്കത്തിനുശേഷം ഭക്ഷണം വീണ്ടും തുടങ്ങുന്നത് സൂക്ഷിച്ചു വേണം. തുടക്കത്തില്‍ ഭക്ഷണം നേര്‍പ്പിച്ചു കൊടുക്കുകയും സാവധാനം അവയുടെ വീര്യം കൂട്ടുകയും വേണം. രോഗസംക്രമം കൊണ്ടല്ല, അമിതാഹാരം മൂലവും വ്യത്യസ്ത ഭക്ഷണം മൂലവും ആണ് വയറിളക്കം വന്നതെങ്കില്‍, ഒന്നോ രണ്ടോ ദിവസം ശിശുവിന് വീര്യം കുറഞ്ഞ ഭക്ഷണവും പിന്നീട് സാധാരണ ഭക്ഷണവും കൊടുക്കാം. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്കു സാധാരണയായി ഈ പ്രശ്‌നം വരാറില്ല.
ഛര്‍ദ്ദി: ഓരോ പ്രാവശ്യവും പാല്‍ കൊടുത്തതിനു ശേഷം കുഞ്ഞിനെ നേരെ പിടിച്ച് ഏമ്പക്കം വിടാന്‍ അനുവദിക്കണം. (അവന്‍ വിഴുങ്ങിയ വായു തികട്ടണം). ഛര്‍ദ്ദിയോടൊപ്പം മുകളില്‍പ്പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങളുണ്ടെങ്കില്‍ ഡോക്ടറെ അറിയിക്കേണ്ടതാണ്.
മലബന്ധം: ശിശുവിനു മലം പോകാന്‍ പ്രയാസമുണ്ടെങ്കില്‍, അവന്റെ മലം മുറുകിയതാണെങ്കില്‍, അവന് പഴച്ചാറുകളോ ഉണക്ക മുന്തിരിച്ചാറോ കൊടുക്കണം. (തിളപ്പിച്ച വെള്ളത്തില്‍ ഉണക്ക മുന്തിരിങ്ങാ നന്നായിക്കഴുകി ഒരു രാത്രി കുതിര്‍ത്തതിനുശേഷം പിഴിയുക) അവന്റെ ഭക്ഷണത്തില്‍ കൂടുതല്‍ വെള്ളവും കൂടുതല്‍ പഞ്ചസാരയും ചേര്‍ക്കണം. ചില കുഞ്ഞുങ്ങള്‍ക്കു ആവശ്യാനുസരണം ഭക്ഷണം കിട്ടാത്തതിനാല്‍ മലബന്ധം വരാറുണ്ട്. ആ അവസരങ്ങളില്‍ അവന്‍ വിശപ്പിന്റെ ലക്ഷണങ്ങള്‍ കാണിക്കും. മലബന്ധം രൂക്ഷമാണെങ്കില്‍ അവനു എനിമ ആവശ്യമായി വരും.
ഉദരവേദന; ആദ്യത്തെ മൂന്നു മാസങ്ങളില്‍ ഇതു ശിശുക്കളില്‍ സാധാരണയായിക്കാണുന്നു. ഭക്ഷണത്തിനുശേഷം ശിശു കരയുകയും ഏമ്പക്കം വിടുകയും ചെയ്യുന്നു. ഇതു തടയാനായി കുഞ്ഞിനെ വായു വിഴുങ്ങാന്‍ അനുവദിക്കാതിരിക്കുക. ഒരു സെക്കന്റില്‍ രണ്ടു തുള്ളി പാല്‍വീതം വരത്തക്കവണ്ണം നിപ്പിളിന്റെ ദ്വാരം വലുതായിരിക്കണം. കുഞ്ഞിനെ കമിഴ്ന്നു കിടന്നു ഉറങ്ങാന്‍ അനുവദിക്കുന്നതു നന്നായിരിക്കും. ശിശുവിന് വേദന മാറിയില്ലെങ്കില്‍ ഡോക്ടറെ വിളിക്കുന്നതാണുത്തമം. എല്ലാ മുന്‍കരുതലുകളും എടുത്താലും ചില ശിശുക്കള്‍ക്കു ഉദരവേദന മാറാറില്ല. പക്ഷേ കാലക്രമേണ അതു മാറിക്കൊള്ളും.
ഇക്കിള്‍: ഇക്കിള്‍ മാറാനായി ഒരു ഗ്ലാസ് ചെറു ചൂടുവെള്ളം ശിശുവിന് കൊടുത്താല്‍ മതി. ശിശുവിനെ സ്ഥാനം മാറ്റിയാലും മതി. അല്പ സമയത്തിനു ശേഷം ഇക്കിള്‍ താനേ മാറിക്കൊ ള്ളും.
നാക്കില്‍ പൂപ്പല്‍: സാധാരണയായി ശിശുവിന് രോഗം വരുമ്പോഴാണ് ഇതു കാണപ്പെടുന്നത്. ഭക്ഷണത്തിനു ശേഷം ഓരോ പ്രാവശ്യവും തിളപ്പിച്ചാറിയ വെള്ളം ശിശുവിനു കൊടുക്കുന്നതിലൂടെ ഇതു തടയാം. പാല്‍ക്കുപ്പിയും അതിന്റെ നിപ്പിളുകളും നന്നായി തിളപ്പിക്കണം.
ജലദോഷം, ചെവിയുടെയും നെഞ്ചിന്റെയും അസ്വാസ്ഥ്യങ്ങള്‍
ജലദോഷം: ശിശുവിനു ജലദോഷം വരുമ്പോള്‍ അവന്റെ വിശപ്പു കുറയുകയും അവന്‍ യഥാസമയം ഭക്ഷണം കഴിക്കാതിരിക്കയും ചെയ്യും. ജലദോഷം മൂലം ചെവി വേദനയും നെഞ്ചിന് അസ്വസ്ഥതയും ഉണ്ടാകുന്നതിനാല്‍ ഈ സമയത്തു കഴിവതും നന്നായി കുഞ്ഞിനെ പരിരക്ഷിക്കണം. ജലദോഷം, ഉള്ളവരില്‍ നിന്നും അവനെ അകറ്റി നിറുത്തണം. മാതാവിനു ജലദോഷം ഉണ്ടെങ്കില്‍ അവനെ എടുക്കുമ്പോള്‍ മുഖംമൂടി ധരിക്കുക. ശിശുവിനു ജലദോഷം വന്നാല്‍ വൈറ്റമിന്‍ സി ഡ്രോപ്പുകളും ദ്രാവകങ്ങളും കൂടുതലായി കൊടുക്കാം. മൂക്കില്‍ നിന്നും വരുന്ന ഊറല്‍ പോകുവാനായി തല താഴ്ത്തി കിടത്തുക. രോഗബാധ ചെവികളിലേക്കോ ശ്വാസകോശത്തിലോ കടക്കുവാന്‍ ഇടയായാല്‍, അവന്റെ ശബ്ദം പരുഷമായാല്‍, ഡോക്ടറെ സമീപിക്കുക. വൈദ്യോപദേശം കൂടാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗക്കരുത്.
ചെവിവേദന: ശിശു തല വശത്തോടു വശം തിരിച്ചു കരയുകയാണെങ്കില്‍ ചെവിവേദന ഉണ്ടെന്ന് അനുമാനിക്കാം. ചിലപ്പോള്‍ ഒരു ചെവിയില്‍ നിന്നോ രണ്ടില്‍ നിന്നുമോ പഴുപ്പും കാണും.
നെഞ്ചിലെ അസ്വാസ്ഥ്യം: ചുമയോടും പനിയോടുമൊപ്പം ത്വരിത ഗതിയില്‍ പ്രായസത്തോടെയുള്ള ശ്വാസോച്ഛാസം നെഞ്ചിലെ അസ്വാസ്ഥ്യങ്ങളെ സൂചിപ്പിക്കുന്നു. ശിശുവിന് ആന്റി ബയോട്ടിക്ക് ആവശ്യമായി വന്നേക്കാം. അതിനാല്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.
ത്വക് രോഗങ്ങള്‍
നാപ്കിന്‍ മൂലമുണ്ടാകുന്ന തടിപ്പുകള്‍: ശിശുവിന്റെ ത്വക്ക് മൃദുലമാകയാല്‍ നാപ്കിന്‍ കെട്ടുന്ന ഇടങ്ങളില്‍ തടിപ്പുണ്ടാകാറുണ്ട്. നാപ്കിനുകള്‍ കൂടെക്കൂടെ മാറുന്നതിനാലും ത്വക്ക് ഉണ്ക്കി വൃത്തിയായി സൂക്ഷിക്കുന്നതിലൂടെയും ഇതു തടയാം. തടിപ്പുണ്ടെങ്കില്‍ സിങ്ക് ഓക്‌സൈഡ് ലേപനം ഉപയോഗിക്കുക. അല്പം വിനാഗിരി ഒഴിച്ച വെള്ളത്തില്‍ നാപ്കിനുകള്‍ കുതിര്‍ത്തു വയ്ക്കുക. അലക്കിയതിനു ശേഷവും തുണിയില്‍ ശേഷിക്കുന്ന വീര്യമുള്ള സോപ്പുപൊടി അലര്‍ജിയോ തടിപ്പോ ഉണ്ടാക്കും. അതിനാല്‍ കുഞ്ഞിന്റെ തുണികള്‍ നന്നായി ഉലച്ച് എടുക്കണം.
ചൂടുകുരു: ചൂടുകുരു സാധാരണയായി ഉഷ്ണകാലത്താണ് കാണുന്നത്. ശിശുവിനെ അമിതമായി വസ്ത്രധാരണം ചെയ്യിച്ചാലും ഇതു വരാം. സിങ്ക് ലേപനമോ ചൂടു കുരുവിനുള്ള പൗഡറോ ശിശുവിന്റെ ശരീരത്തിന്റെ മടക്കുകളില്‍ ഇടണം. അവന്റെ വസ്ത്രങ്ങള്‍ കൂടെക്കൂടെ മാറ്റിക്കൊടുക്കണം.
കരപ്പന്‍: ഇതു അലര്‍ജി മൂലം ആയിരിക്കാം വരുന്നത്. അതിനു നിദാനമായ വസ്തു കണ്ടു പിടിച്ച് അതു വര്‍ജിക്കേണ്ടാതാണ്. ശിശു വളരുമ്പോള്‍ അത് അപ്രത്യക്ഷമാവും.
ത്വക്കിലെ വ്രണങ്ങള്‍: പഴുപ്പുള്ളതും ചൊറിച്ചിലുണ്ടാക്കുന്നതുമായ പരുക്കള്‍ ശിശുവിന്റെ ദേഹത്തുണ്ടാകും. ശിശുവിന്റെ തുണികള്‍, തോര്‍ത്തുകള്‍ മുതലായവ നന്നായി തിളപ്പിക്കണം. ഇതു പെട്ടെന്നു പകരുമെന്നതിനാല്‍ ഉടനേ ചികിത്സ ചെയ്യേണ്ടതാണ്.
ചൊറി: ഇതു സാധാരണയായി മുതിര്‍ന്ന കുട്ടികളില്‍ കൈകാലുകളിലെ വിരലുകള്‍ക്കിടയിലാണ് കാണുന്നത്. ഇതു വേഗം പടര്‍ന്നു പിടിക്കും. കുട്ടി അതു ചൊറിയുകയാണെങ്കില്‍ പ്രശ്‌നം കൂടുതല്‍ വഷളാകും. അതു ഡോക്ടറെ കാണിച്ച് ചികിത്സ തേടേണ്ടതുണ്ടതാണ്. ലേപനങ്ങള്‍ മൂന്നിലധികം പ്രാവശ്യം പുരട്ടരുത്. കുട്ടികളുടെ മൂക്ക്, കണ്ണ്, വായ് എന്നിവയ്ക്കടുത്ത് ഓയിന്റ്‌മെന്റ് പുരട്ടാതിരിക്കുവാന്‍ ശ്രദ്ധിക്കുക.
പനിയും സന്നിയും
ശിശുക്കളില്‍ പനി കൂടുമ്പോള്‍ ചിലപ്പോള്‍ സന്നി ഉണ്ടാവുന്നു. പനി കുറയുമ്പോള്‍ ഇത് അപ്രത്യക്ഷമാവുന്നു. ഊഷ്മാവ് കുറയ്ക്കാന്‍ തലയും ദേഹവും ഐസ് വച്ചു തണുപ്പിക്കുക. ഐസു കട്ടകള്‍ പ്ലാസ്റ്റിക്ക് കൂടിലാക്കി ഒരു ടൗവലിനു മുകളിലായി ശിശുവിന്റെ നെറ്റിയില്‍ വയ്ക്കുകയും പാരസെറ്റാമോള്‍ സിറപ്പ് കൊടുക്കുകയും ചെയ്താല്‍ പെട്ടെന്നു പനി കുറയ്ക്കാം.
കുഞ്ഞിനു സന്നിയുണ്ടാകുമ്പോള്‍ അവന്റെ ബോധം മറഞ്ഞ് അവന്‍ വിളറുകയും കൈകാലുകള്‍ പ്രകമ്പിക്കുകയും കണ്ണുരുട്ടുകയും ചെയ്യും. ആ സമയങ്ങളില്‍ ചിറിയും നാവും അവന്‍ കടിക്കാതവണ്ണം അവന്റെ വായില്‍ ഒരു മടക്കിയ തുണി ഇടുക. അവന് ശ്വസിക്കാന്‍ കഴിയുമെന്ന് ഉറപ്പു വരുത്തുക. ഉമിനീര്‍ തുടച്ചു കളഞ്ഞ് അതു ശ്വാസകോശത്തില്‍ പോകാത്തവണ്ണം തല താഴ്ത്തിക്കിടത്തുക. ഇതിനുള്ള കാരണം കണ്ടുപിടിച്ചു ചികിത്സിക്കുവാന്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. നല്ല പനിയോടു കൂടി ഉണ്ടാവുന്ന സന്നി ഗുരതരമല്ല. ശിശുവിന്റെ പനി കൂടുവാന്‍ അനുവദിക്കരുത്. ഐസ്‌കട്ട വച്ചും പാരസെറ്റാമോള്‍ സിറപ്പ് ഉപയോഗിച്ചും പനി നിയന്ത്രിക്കേണ്ടതാണ്.
ഒരു മാതാവ് എത്ര ശ്രദ്ധാലുവാണെങ്കിലും പല രോഗങ്ങളില്‍ നിന്നും അപകടങ്ങളില്‍ നിന്നും തന്റെ ശിശുവിനെ സൂക്ഷിക്കുന്നത് മാനുഷികമായി അസാദ്ധ്യമായ കാര്യമാണ്. എന്നാല്‍ ശിശുക്കളെ നിരന്തരം പരിരക്ഷിക്കാന്‍ ദൂതന്മാരുണ്ടെന്ന് യേശു പറഞ്ഞിട്ടുണ്ട് (മത്താ. 18:10). ഇതു നമുക്ക് ആശ്വാസകരമാണ്. നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്കായി നമ്മുടെ കഴിവിന്റെ പരമാവധി ചെയ്തതിനു ശേഷം ബാക്കി കാര്യം ചെയ്യുവാന്‍ കര്‍ത്താവില്‍ ആശ്രയിക്കാം.
കുഞ്ഞുങ്ങള്‍ പര്യവേഷണം നടത്തുന്നതിലും അവര്‍ കാണുന്നതെന്തും സ്പര്‍ശിച്ചു പരിശോധിക്കുന്നതിലും അതീവ തല്‍പരരാണ്. അതില്‍ അടങ്ങിയിരിക്കുന്ന അപകടത്തെപ്പറ്റി അവര്‍ തികച്ചും അജ്ഞരാണ്. അതിനാല്‍ അമ്മമാരായ നാം അവരെ സംരക്ഷിക്കുവാന്‍ ബാധ്യസ്ഥരാണ്.
അപകടങ്ങളും പ്രഥമശുശ്രൂഷയും
ആദ്യത്തെ ഒന്നര വര്‍ഷത്തേക്കു കുഞ്ഞിനു കൈയെത്താവുന്നിടത്തു നിന്നും അവന് ക്ഷതമേല്പിക്കുന്നതെന്തും മാറ്റി വയ്ക്കുന്നതാണ് നന്ന്. അതിനു ശേഷം കത്രിക, പെന്‍സില്‍ എന്നീ വസ്തുക്കള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നവനെ സാവധാനം പരിശീലിപ്പിക്കാം.
ശിശു അടുക്കളയിലോ കുളിമുറിയിലോ തറയിലോ ആയിരുന്നാല്‍ അവനെ തനിച്ചു വിട്ടിട്ടു നിങ്ങള്‍ പോകരുത്. അവന് ഒരു വയസ്സാകുന്നതു വരെ അവന് തന്നെയിരിക്കാനുള്ള ഏറ്റവും പറ്റിയ സ്ഥലം അഴിക്കട്ടില്‍ (തൊട്ടില്‍) ആണ്. അവന്‍ ഉറങ്ങുന്ന സമയത്തുപോലും അവനെ തനിച്ചാക്കിയ ശേഷം നിങ്ങള്‍ അകലെപ്പോകരുത്.
നിവാരണം ചികിത്സയെക്കാള്‍ ഉത്തമം: മരുന്നുകളോ മറ്റേതെങ്കിലും വിഷവസ്തുക്കളോ അവനു കൈയെത്തുന്ന സ്ഥാനങ്ങളില്‍ സൂക്ഷിക്കരുത്. പിന്നുകളോ ബട്ടണുകളോ എവിടെയെങ്കിലും കിടക്കുകയാണെങ്കില്‍ അവന്‍ എടുത്തു വായിലിടും. അതിനാല്‍ അവയും മാറ്റി വയ്ക്കണം. അതേ കാരണം കൊണ്ടു തന്നെ ചെറിയ കളിപ്പാട്ടങ്ങളേക്കാള്‍ വലിയ കളിപ്പാട്ടങ്ങള്‍ കൊണ്ടു കളിക്കുന്നതാണ് കൂടുതല്‍ സൂരക്ഷിതം.
ചെറിയ അപകടങ്ങള്‍ക്ക് വീട്ടില്‍ത്തന്നെ ചികിത്സ ചെയ്യാം. പക്ഷേ ചില അപകടങ്ങള്‍ക്ക് ഉടന്‍ തന്നെ വൈദ്യസഹായം തേടണം. ഉദാഹരണങ്ങള്‍:
1) ശിശു ഏതെങ്കിലും കൂര്‍ത്ത സാധനമോ വിഷമോ വിഴുങ്ങിയെങ്കില്‍
2) അവന്‍ എന്തെങ്കിലും അവന്റെ ചെവിയിലോ മൂക്കിലോ കയറ്റിയാല്‍
3) അവന് പൊള്ളലേറ്റാല്‍
4) ഏതെങ്കിലും ജന്തു അവനെ കടിച്ചാല്‍
5) അവന്‍ വിളറുകയോ അബോധാവസ്ഥയില്‍ ആവുകയോ ചെയ്താല്‍
6) വീഴ്ചയ്ക്കു ശേഷമോ തലയ്ക്ക് അടിയേറ്റ ശേഷമോ ഛര്‍ദ്ദിച്ചാല്‍
7) ഒരു മുറിവില്‍ നിന്നും രക്തം വാര്‍ന്നുകൊണ്ടിരുന്നാല്‍. അല്ലെങ്കില്‍ മുറിവു പഴുത്തു അവന് പനി ഉണ്ടായാല്‍
8) ശിശുവിന് ഒടിവോ ചതവോ ഉണ്ടായാല്‍
ശിശു ഏതെങ്കിലും മരുന്നോ വിഷമോ വിഴുങ്ങിയാല്‍ ആദ്യമായി ചെയ്യേണ്ടത് അവനെ ഛര്‍ദ്ദിപ്പിക്കുക എന്നതാണ്. അവനെ ധാരാളം വെള്ളം കുടിപ്പിച്ചിട്ട് അവന്റെ തൊണ്ടയില്‍ നിങ്ങളുടെ വിരലിട്ട് ഇക്കിളിപ്പെടുത്തുക. അവന്‍ ഛര്‍ദ്ദിച്ചിതിനു ശേഷം കുറച്ചു ദിവസത്തേക്കു പാലോ മറ്റേതെങ്കിലും ലഘുവായ ഭക്ഷണമോ മാത്രം കൊടുക്കുക.
മുറിവുകള്‍: വീഴ്ച മൂലമുണ്ടാകുന്ന മുറിവുകളില്‍ ഐസു വയ്ക്കാം മുറിവുകള്‍, പോറലുകള്‍ എന്നിവ സോപ്പുപയോഗിച്ചു കഴുകി ആന്റി സെപ്റ്റിക്ക് ഔഷധം പുരട്ടുക. മുറിവു മൂടി സൂക്ഷിക്കണം.
മുറിഞ്ഞ ഭാഗം അമര്‍ത്തി രക്തപ്രവാഹം നിറുത്തുവാന്‍ സാധിക്കും.
ശിശുവിന് തെരുവിലെ അഴുക്കോ ചാണകമോ പുരളാന്‍ സാധ്യതയുള്ള വല്ലാത്ത ഒരു മുറിവുണ്ടെങ്കില്‍ ടെറ്റനസിന് എതിരായ രോഗപ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതാണ്. ചില മുറിവുകള്‍ കുത്തിക്കെട്ടുകയും വേണം.
ശിശുവിന്റെ കണ്ണില്‍ പൊടി കയറിയാല്‍ കണ്ണു തിരുമ്മരുത്. ധാരാളം വെള്ളമുപയോഗിച്ചു കണ്ണു കഴുകുക. എന്നിട്ടും കണ്ണുകള്‍ ചുവന്നിരിക്കയാണെങ്കില്‍ ആന്റിബയോട്ടിക്ക് അടങ്ങിയിട്ടുള്ള തുള്ളി മരുന്നുകള്‍ കണ്ണിലൊഴിക്കേണ്ടി വന്നേക്കാം.
ശിശുവിന്റെ തൊണ്ടയില്‍ എന്തെങ്കിലും കുരുങ്ങി ശ്വാസം മുട്ടിയാല്‍ അവനെ തലകീഴായി പിടിച്ചുകൊണ്ടു പുറത്തു തട്ടുക. അങ്ങനെയുള്ള അവസരങ്ങളില്‍ അവന്റെ തൊണ്ടയില്‍ നിങ്ങള്‍ വിരലിടരുത്. അതുമൂലം ആ വസ്തു അധികം താഴേക്കു തള്ളിപ്പോവാന്‍ ഇടയാകും.
സാധാരണ അസുഖങ്ങള്‍
വിരകള്‍: ഇന്ത്യയില്‍ ഇതു സര്‍വ്വ സാധാരണമാണ്. കൃമിയുണ്ടെങ്കില്‍ ശിശുവിനു തുടയിലും മലദ്വാരത്തിനു ചുറ്റും ചൊറിച്ചില്‍ അനുഭപ്പെടും. അവനു ലേശം വയറ്റു വേദനയും വിശപ്പില്ലായ്മയും വിളര്‍ച്ചയും ഉണ്ടെങ്കില്‍ വിരയുണ്ടോ എന്ന് അവന്റെ മലം പരിശോധിക്കുക. ഉണ്ടെങ്കില്‍ അവനെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി ചികിത്സിക്കുക. നല്ല ശുചിത്വം പാലിക്കുന്ന പക്ഷം പതിവായി വിരയ്ക്കു മരുന്നു കൊടുക്കേണ്ട ആവശ്യമില്ല.
ടോണ്‍സിലൈറ്റിസ്, അഡേനോയിഡ്: ശിശുവിനു തൊണ്ടയില്‍ കഫക്കെട്ടുണ്ടായി വായില്‍ കൂടിയാണ് ശ്വസിക്കുന്നതെങ്കില്‍, അഥവാ അവന്റെ ചെവിയില്‍ നിന്നും പഴുപ്പു വരുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിച്ചു ചികിത്സ നടത്തണം. പതിവായി വൈറ്റമിന്‍ സി ഗുളികകള്‍ കഴിക്കുന്നതിലൂടെ ഈ രോഗബാധയെ തടയുവാന്‍ കഴിയും.
അലര്‍ജി; ശിശുവിന് ശ്വാസതടസ്സം, ത്വക്കിലെ തടിപ്പ്, ആസ്തമാ എന്നീ അലര്‍ജിയുടെ പ്രകടനങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക. എന്തു മൂലമുള്ള അലര്‍ജിയാണെന്നു കണ്ടുപിടിച്ച് അത് ഒഴിവാക്കുക.
സാംക്രമിക രോഗങ്ങള്‍
അഞ്ചാം പനി; മൂക്കു ചീറ്റല്‍, കണ്‍ചുമപ്പ്, എന്നിവയോടെ ശിശുവിന് മൂന്നു നാലു ദിവസം പനി ഉണ്ടാകും. ആ സമയത്ത് ശിശു ഈര്‍ഷ്യയുള്ളവനായിരിക്കും. വര്‍ദ്ധിച്ച പ്രകാശത്തെ ഇഷ്ടപ്പെടാതിരിക്കും. പ്രകാശം പ്രതിഫലിക്കാത്ത മുറിയില്‍ കിടക്കാന്‍ അവന്‍ ഇഷ്ടപ്പെടും. തടിപ്പുകള്‍ മുഖത്തും കഴുത്തിലും പ്രത്യക്ഷമാവുകയും ക്രമേണ അവ ശരീരം മുഴവന്‍ വ്യാപിക്കുകയും ചെയ്യും. 3-4 ദിവസത്തിനുശേഷം അവ ക്രമേണ മാഞ്ഞുപോകും. ഒരാഴ്ചക്കകം അവ നിശ്ശേഷം അപ്രത്യക്ഷമാവും. അഞ്ചാംപനിയില്‍ നിന്നും വരാവുന്ന സങ്കീര്‍ണ്ണതകള്‍ ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ചെവിവേദന, തലച്ചോറിന്റെ വീക്കം എന്നിവയാണ്. ഇവ ഏതെങ്കിലും ഉള്ളതായി സംശയമുണ്ടെങ്കില്‍ ഡോക്ടറെ ഉടനേ സമീപിക്കേണ്ടതാണ്.
ജര്‍മന്‍ മീസില്‍സ്: ഇതു സാധാരണ അഞ്ചാംപനിയേക്കാളും വീര്യം കുറഞ്ഞതാണ്. സങ്കീര്‍ണ്ണതകള്‍ തീരെക്കുറവാണ്. ഗര്‍ഭിണിയായ ഒരു സ്ത്രീ പ്രത്യേകിച്ചു ആദ്യത്തെ മൂന്നു മാസങ്ങളില്‍ ഈ രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം ത്യജിക്കണം. കാരണം, അതു ഗര്‍ഭസ്ഥ ശിശുവില്‍ ഗുരതരമായ വൈകല്യങ്ങള്‍ ഉണ്ടാക്കും.
മുണ്ടിനീര്: ഈ രോഗം വന്നാല്‍ ശിശുവിന് ഒന്നു രണ്ടു ദിവസത്തേക്കു പനി, തലവേദന, വിശപ്പില്ലായ്മ, ശരീരവേദന ഇവ കാണും. അതിനു ശേഷം കാതിനു താഴെ താടിയുടെ സമീപം നീര് പ്രത്യക്ഷപ്പെടാന്‍ തുടങ്ങും. ഇതു രണ്ടു മൂന്നു ദിവസത്തേക്കു കൂടുകയും അനന്തരം ക്രമേണ ചുരുങ്ങുകയും ചെയ്യും. കുട്ടികള്‍ക്ക് ഇതു മൂലം മറ്റു പ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യത തീരെ കുറവാണ്. മുതിര്‍ന്നവരില്‍ ഇതു വൃഷണങ്ങള്‍ക്കോ അണ്ഡാശയത്തിനോ ആഗ്നേയ ഗ്രന്ഥിക്കോ വീക്കം ഉണ്ടാക്കും. കുട്ടിക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതുമൂലം ഉതു തടയാല്‍ സാധിക്കും.
ഡിഫ്ത്തീരിയാ, വില്ലന്‍ ചുമ: ഡിഫ്ത്തീരിയ ബാധിച്ച കുട്ടിക്ക്, പനിയും തൊണ്ട വേദനയും തൊണ്ടയില്‍ തടിപ്പും കാണും. വില്ലന്‍ ചുമ വരുമ്പോള്‍ കുട്ടിക്ക് പനിയോടൊപ്പം ശ്വാസം വലിക്കുമ്പോള്‍ കഠിനമായ ചുമയും (പ്രത്യേക ശബ്ദത്തോടെ) കാണും. കുട്ടിക്കു ചിലപ്പോള്‍ നീലനിറവും കണ്ടേക്കാം.
പോളിയോ: ശിശുവിന് പനി, തലവേദന എന്നിങ്ങനെ അസുഖ ലക്ഷണം കാണാം. അവന് കാലുകളില്‍ വേദനയും കഴുത്തു തിരിക്കുമ്പോള്‍ വേദനയും കാണും. പോളിയോ ആണെന്നു സംശയം തോന്നിയാല്‍ ഉടനേ ഡോക്ടറെ അറിയിക്കേണ്ടതാണ്. പോളിയോയെക്കതിരെ പ്രതിരോധ മരുന്നെടുത്തിട്ടുണ്ടെങ്കില്‍ അതാവാന്‍ സാധ്യതയില്ല. ചുറ്റുപാടും പകര്‍ച്ച വ്യാധിയുണ്ടെങ്കില്‍ ''ഗാമഗ്ലോബുലിന്‍'' കൊടുത്ത് അവനു താല്‍ക്കാലിക സംരക്ഷണം നല്‍കാം. വ്യാപകമായ പ്രതിരോധ കുത്തിയവയ്പ്പുകള്‍ ഉള്ളതിനാല്‍ മേല്‍പ്പറഞ്ഞ രോഗങ്ങള്‍ ഇക്കാലത്തു വളരെ അപൂര്‍വ്വമാണ്.
ചിക്കന്‍പോക്‌സ്: ഇതു ബാധിച്ചാല്‍ ശിശുവിന് വിശപ്പ് കുറയുകയും ചെറിയ പനി ഉണ്ടാവുകയും ചെയ്യും. തടിപ്പില്‍ ചൊറിച്ചില്‍ അനുഭവപ്പെടും. അവ കുമിളകളായി പൊങ്ങുകയും പ്രത്യേകിച്ചു മുഖത്തും ഉടലിലും തലയോട്ടിയിലും ധാരാളമായി പ്രത്യക്ഷപ്പെടുകയും ചെയ്യും. പൂര്‍ണ്ണമായി ഇവ പുറത്തു വരാന്‍ മൂന്നു ദിവസമെടുക്കും. ചൊറിച്ചില്‍ കുറയ്ക്കാനായി കലാമിന്‍ ലോഷന്‍ ഉപയോഗിക്കാം. കുമിളകളില്‍ രോഗാണു ബാധ ഉണ്ടാവാം എന്നതിനാല്‍ കുട്ടിയെ ചൊറിയാന്‍ അനുവദിക്കരുത്. ത്വക്കില്‍ രോഗാണു ബാധയോ കുമിളകളില്‍ പഴുപ്പോ ഉണ്ടെന്നു സംശയിക്കുന്ന പക്ഷം ഡോക്ടറെ കാണണം.
പോഷകാഹാരക്കുറവിനാലുള്ള രോഗങ്ങള്‍: ശിശുവിന് പോഷകാഹാരവും ആവശ്യത്തിനു വൈറ്റമിനുകളും കൊടുക്കുന്നുണ്ടെങ്കില്‍ റിക്ക്റ്റ്‌സ് മുതലായ രോഗങ്ങള്‍ തടയാവുന്നതാണ്. പോഷകാഹാരക്കുറവ് ഇന്ത്യയിലെ ശിശുക്കളില്‍ വളരെ സാധാരണമാണ്. എങ്കിലും അവര്‍ക്കു നല്ല ഭക്ഷണം കൊടുക്കുന്നതു വഴി അതു തടയുവാന്‍ സാധിക്കും. ശിശുവിനു പതിവായി മള്‍ട്ടി വൈറ്റമിനുകള്‍ കൊടുക്കുന്നത് നല്ലതാണ്.
വാതപ്പനി: തൊണ്ടയടപ്പും ജലദോഷവും ആയി ആരംഭിച്ച ശേഷം രണ്ടു മൂന്ന് ആഴ്ചയ്ക്കകം അതു വാതപ്പനിയായി മാറുന്നു. ശരീര സന്ധികളില്‍ വേദനയുണ്ടാകും. സന്ധിക്കും നീരു വച്ച് ചെറു ചൂടോടെ ചുവന്നും വളരെ വേദന ഉള്ളതുമായി കാണപ്പെടും. രണ്ടു മൂന്നു ദിവസങ്ങള്‍ക്കു ശേഷം ഈ സന്ധി സാധാരണ നിലയിലെത്തുകയും മറ്റൊരു സന്ധിയില്‍ രോഗം ബാധിക്കുകയും ചെയ്യും. ഇതിനു പുറമേ, ശിശുവിന് പനിയും നെഞ്ചുവേദനയും ശ്വാസംമുട്ടലും കാണും. ഹൃദയത്തെ ഇതു ബാധിക്കാമെന്നതിനാല്‍ ഉടനേ ഡോക്ടറെ വിവരം അറിയിക്കണം. ശിശുവിനു കൂടെക്കൂടെ വാതപ്പനി ഉണ്ടാകുന്നുവെങ്കില്‍ അവന്റെ ഹൃദയത്തിനു സാരമായ തകരാറ് സംഭവിക്കാം. അങ്ങനെയൊരു സന്ദര്‍ഭത്തില്‍, ഒരു ഡോക്ടറുടെ പതിവായ മേല്‍നോട്ടത്തില്‍ അവന്‍ ആയിരിക്കുകയും പ്രായപൂര്‍ത്തിയെത്തുവോളം അന്റിബയോട്ടിക്കുകള്‍ കഴിക്കുകയും വേണം.
മുകളില്‍ എഴുതിയ മാതിരിയിലുള്ള രോഗബാധകള്‍ ശിശുക്കള്‍ക്കുണ്ടാകുമ്പോള്‍ നാം നിരന്തരമായ ആകുല ചിന്തയ്ക്കടിമപ്പെടേണ്ട ആവശ്യമില്ല. പല ശാരീരിക പ്രയാസങ്ങളും ആയാസരഹിതമായി തരണം ചെയ്യുവാന്‍ ശിശുക്കള്‍ക്കു കഴിയും. ദൈവം അവരെ പ്രത്യേകമായി കരുതുന്നതിനാല്‍ അവരെ അവിടുത്തെ സുശക്തമായ കരങ്ങളിലേക്കു നമുക്കു സമര്‍പ്പിക്കാം.
ഒരു മാതാവിനുണ്ടാകാനിടയുള്ള വൈകാരിക പ്രശ്‌നങ്ങള്‍
ചില അമ്മമാര്‍ക്ക് ഉണ്ടാകാവുന്ന വൈകാരിക പ്രശ്‌നങ്ങളെയും മനശ്ചാഞ്ചല്യങ്ങളെയും പറ്റി ചില വാക്കുകള്‍ എഴുതി ഞാന്‍ ഉപസംഹരിക്കട്ടെ.
ഈ വൈകാരിക പ്രശ്‌നങ്ങള്‍ക്കു പല കാരണങ്ങള്‍ ഉണ്ട്. നിങ്ങള്‍ മധ്യവയസ്‌ക്കയാണെങ്കില്‍ ഇവയ്ക്കു കാരണം ചില പ്രത്യേക ഹോര്‍മോണുകള്‍ ആവാം. ശാരീരിക ക്ഷീണമോ ചിലപ്പോള്‍ കൂടുംബപ്രാരാബ്ധങ്ങളാലുള്ള മാനസിക സംഘര്‍ഷമോ കാരണമാകാം.
കാരണം എന്തു തന്നെ ആയാലും നിങ്ങള്‍ ആവശ്യത്തിനു ഭക്ഷണവും വിശ്രമവും എടുക്കുന്നു എന്നു ഉറപ്പു വരുത്തുക. കുടുംബപരിധിക്കു പുറത്തുള്ളതും നിങ്ങള്‍ക്കു ദുര്‍വഹവുമായ ജോലികള്‍ ഏറ്റെടുക്കാതിരിക്കുക. നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ ഇരിമ്പ്, കാല്‍സ്യം, വൈറ്റമിനുകള്‍ ഇവ ഉള്‍പ്പെടുത്തുക. പ്രശ്‌നം തുടരുന്നുവെങ്കില്‍ വൈദ്യസഹായം തേടേണ്ടി വരും.
നമ്മുടെ ദൗര്‍ബല്യവും നാം കേവലം പൊടിയാണെന്നുള്ളതും നമ്മുടെ സ്വര്‍ഗ്ഗസ്ഥ പിതാവ് അറിയുന്നു. പ്രശ്‌നം എന്തു തന്നെ ആയാലും ഓരോ സാഹചര്യത്തിലും ജയാളിയായിത്തീരുവാന്‍ അവിടുത്തെ കൃപ നിങ്ങള്‍ക്കു മതി.
രോഗങ്ങളാല്‍ ശപിക്കപ്പെട്ട ഈ ലോകത്തില്‍, ജീവനുള്ള ദൈവവുമായി നിരന്തര സമ്പര്‍ക്കത്തിലിരിപ്പാന്‍ നമുക്കു കഴിയുമെന്നത് എത്ര ഭാഗ്യകരം! തീര്‍ച്ചയായും പറഞ്ഞറിയിക്കുവാനാവാത്ത വലിയ പദവി തന്നെയാണിത്.
എല്ലാ സാഹചര്യങ്ങളിലും ദൈവത്തെ സ്തുതിക്കുവാന്‍ നാം ശീലിച്ചിട്ടുണ്ടെങ്കില്‍, എല്ലാത്തരം വെറുപ്പ്, പക എന്നിവയില്‍ നിന്നും നാം സ്വതന്ത്രരാണെങ്കില്‍, നമ്മുടെ എല്ലാ ഭാരവും നാം കര്‍ത്താവില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍, നാം നേരിടുന്ന ഓരോ ആപല്‍സന്ധികളിലും ജയാളികളായിത്തീരുവാന്‍ നമുക്കു കഴിയും.
അവസാനമായി, ''ഞാന്‍ നിന്നെ ഒരു നാളും കൈവിടുകയില്ല, ഉപേക്ഷിക്കയുമില്ല'' (എബ്രാ. 13:5,6) എന്ന ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദാനം നമ്മുടെ ഹൃദയങ്ങളെ ദിവ്യസമാധാനത്തില്‍ സൂക്ഷിക്കട്ടെ.
പ്രിയപ്പെട്ട അമ്മമാരേ,
കഴിഞ്ഞ പല വര്‍ഷങ്ങളായി പല അമ്മമാരും എന്നോടു ചോദിച്ചിട്ടുള്ളചോദ്യങ്ങള്‍ക്കു മറുപടിയായി ഞാന്‍ ഈ പുസ്തകം എഴുതുകയാണ്. ആത്മീയ സഹായവും പ്രോത്സാഹനവും തങ്ങള്‍ക്കാവശ്യമാണെന്നു തോന്നിയ അമ്മമാര്‍ക്കു വേണ്ടിയാണ് ഇതെഴുതിയിട്ടുള്ളത്. ഒരു ദൈവഭൃത്യന്റെ ഭാര്യയെന്ന നിലയില്‍ കഴിഞ്ഞ 30 വര്‍ഷക്കാലം ദൈവം എന്നെ തന്റെ കൃപയാല്‍ നടത്തിക്കൊണ്ടിരിക്കുന്നു. എന്റെ ഭര്‍ത്താവ് പലപ്പോഴും സുവിശേഷം പ്രസംഗിക്കുവാന്‍ വീട്ടില്‍ നിന്ന് അകലെയായിരിക്കും. കര്‍ത്താവിനു വേണ്ടി ഒത്തുതീര്‍പ്പൊന്നും കൂടാതെ നിലകൊള്ളുകമൂലം ഞങ്ങളുടെ കുടുംബം കൂടെക്കൂടെ സാത്താന്റെ ആക്രമണങ്ങള്‍ക്ക് ലക്ഷ്യമായിത്തീര്‍ന്നിട്ടുണ്ട്. ഈ ഓരോ ആക്രമണങ്ങളെയും ദൈവകൃപയിലൂടെ അതിജീവിച്ചുവെന്ന് ഇന്നു ഞങ്ങള്‍ക്കു സാക്ഷ്യം പറയാന്‍ കഴിയും. ഇതേ കൃപ നിങ്ങള്‍ക്കും ലഭ്യമാണെന്ന കാര്യം നിങ്ങള്‍ വിശ്വസിക്കാന്‍ വേണ്ടിയാണ് ഞാന്‍ ഇതെഴുതുന്നത്. നാല് ആണ്‍കുട്ടികളുടെ അമ്മയായിരിക്കാനുള്ള കൃപ ദൈവം എനിക്കു തന്നു. അവരെല്ലാം പ്രായപൂര്‍ത്തിയായിക്കഴിഞ്ഞു. ദൈവകരുണയാല്‍ മാത്രം അവര്‍ യേശുവിനെ സ്വന്ത രക്ഷിതാവും കര്‍ത്താവുമായി സ്വീകരിച്ച് അദ്ദേഹത്തെ അനുഗമിച്ചുകൊണ്ടിരിക്കുന്നു. ഒരു വിശുദ്ധയെന്ന നിലയില്‍ ഞാന്‍ ഇതെഴുതുകയല്ല. നേരേമറിച്ച് പലപ്പോഴും പരാജയപ്പെട്ടും വീണ്ടും എഴുന്നേറ്റു ലക്ഷ്യത്തിലേക്കു മുന്നേറിയും ജീവിതപ്പോരാട്ടം തുടര്‍ന്ന ഒരുവളെന്ന നിലയില്‍ പ്രതിസന്ധികളില്‍ ദൈവം ഏറ്റവും അടുത്ത തുണയായി നമ്മോടൊപ്പമുണ്ടെന്ന സത്യം (സങ്കീ.46:1). ബോധ്യമായതിനെപ്പറ്റിയുള്ള എന്റെ സാക്ഷ്യം നിങ്ങളെ അറിയിക്കുകയാണ് ഞാന്‍ ചെയ്യുന്നത്. ഒരു ഡോക്ടര്‍ എന്ന നിലയില്‍ ചില പ്രായോഗികോപദേശങ്ങളും ഈ പുസ്തകത്തിന്റെ ഒടുവില്‍ ഞാന്‍ ചേര്‍ത്തിട്ടുണ്ട്. നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ക്കു ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം അവര്‍ ക്രിസ്തുവിനെ സ്വന്ത രക്ഷകനായി സ്വീകരിക്കുമാറ് അവരെ കര്‍ത്താവിലേക്കു നടത്തുക എന്നതാണ്. ഇതു സാധിച്ചാല്‍ നിങ്ങളും നിങ്ങളുടെ കുഞ്ഞുങ്ങളോടൊപ്പം നിത്യതയില്‍ കാണപ്പെടും എന്ന ഉറപ്പും നിങ്ങള്‍ക്കു ലഭിക്കും.
കുഞ്ഞുങ്ങള്‍ ചെറുപ്പമായിരിക്കുമ്പോള്‍ തന്നെ അവരെ രക്ഷയിലേക്കു നിങ്ങള്‍ നടത്തണം. മുതിര്‍ന്നു കഴിഞ്ഞാല്‍ ഇളംപ്രായത്തിലെന്നപോലെ പെട്ടെന്ന് അവര്‍ പ്രതികരിച്ചെന്നു വരില്ല. രാത്രി സമയത്ത് അമ്മ തന്റെ അടുത്തുണ്ടായിരിക്കുവാന്‍ ഒരു കുട്ടി എപ്പോഴും ആഗ്രഹിക്കും. അതിനാല്‍ കുഞ്ഞുങ്ങളെ നിങ്ങള്‍ ഉറക്കാന്‍ കിടത്തുമ്പോള്‍ അവരെ വിട്ടു പോകാന്‍ തിടുക്കം കാട്ടരുത്. ഓരോ കുട്ടിയോടുമൊത്ത് കുറെ സമയം നിങ്ങള്‍ ചെലവഴിക്കണം. അല്ലെങ്കില്‍ എല്ലാവരോടുമൊത്ത് അപ്രകാരം സമയം ചെലവിടണം. യേശുവിനെപ്പറ്റി അവരോടു സംസാരിക്കണം. ഉറങ്ങുന്നതിനു മുമ്പുള്ള സമയത്താണു കുഞ്ഞുങ്ങള്‍ ആത്മീയ കാര്യങ്ങളോട് ഏറ്റവും കൂടുതല്‍ പ്രതികരിക്കുന്നത്. ഉദാഹരണമായി 'യേശുവിന്‍ സ്വന്തമത്രേ ഞാന്‍-ഇന്നുമെന്നും' എന്നിങ്ങനെയുള്ള ഒരു ക്രിസ്തീയ ഗാനം പാടുക. പിന്നീട് അവരോടു യേശു പറഞ്ഞ ഒരു ഉപമയോ ഏതെങ്കിലുമൊരു നല്ല കഥയോ പറയുക.
പിന്നീട് അവരോടൊപ്പം ഇപ്രകാരം പ്രാര്‍ത്ഥിക്കുക. 'പ്രിയ കര്‍ത്താവായ യേശുവേ, ഈ ദിവസത്തിനായി സ്‌തോത്രം. ഇന്നു ഭക്ഷണവും ആരോഗ്യവും തന്നതിനായി സ്തുതിക്കുന്നു. സ്‌നേഹസമ്പന്നരായ മാതാപിതാക്കളേയും സഹോദരീസഹോദരന്മാരേയും മറ്റനേകം ദാനങ്ങളേയും തന്നു ഞങ്ങളെ അനുഗ്രഹിച്ചതിനായി നന്ദി. എന്റെ എല്ലാ പാപങ്ങളും ദയവായി ക്ഷമിച്ചു നീ കാല്‍വറി ക്രൂശില്‍ ചൊരിഞ്ഞ രക്തത്താല്‍ എന്നെ ശുദ്ധീകരിക്കേണമേ. കര്‍ത്താവായ യേശുവേ, എന്റെ ഹൃദയത്തില്‍ വന്ന് എന്നെ ഇന്നു മുതല്‍ നിന്റെ പൈതലാക്കണമേ. എന്റെ പ്രാര്‍ത്ഥന കേട്ടതിനായി സ്‌തോത്രം, ആമേന്‍.''
ദൈവഭയമുള്ള കുടുംബങ്ങളില്‍ വളരുന്ന കുഞ്ഞുങ്ങള്‍ അനേകം പ്രാവശ്യം ഇങ്ങനെയൊരു പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കും. എന്നാല്‍ അതിലൊരു പ്രാവശ്യം ആവശ്യബോധത്തോടെ അവര്‍ ഹൃദയത്തില്‍ നിന്നു തന്നെ അതു ദൈവത്തോടു പറയും. അതിനുശേഷം അവര്‍ നിങ്ങളുടെ മാത്രം കുഞ്ഞുങ്ങളല്ല, ദൈവത്തിന്റെ കുഞ്ഞുങ്ങളും കൂടിയായിരിക്കും. ദൈവം നിങ്ങള്‍ക്കു തരുന്ന ഏറ്റവും വലിയ സന്തോഷവും അതായിരിക്കും.
ആനി സാക് പുന്നന്‍
ബാംഗ്ലൂര്‍, ഇന്ത്യ
ഒക്‌ടോബര്‍ 1998
''ദൈവമേ, എന്റെ ബാല്യം മുതല്‍ നീ എന്നെ ഉപദേശിച്ചിരിക്കുന്നു. ഇന്നുവരെ ഞാന്‍ നിന്റെ അത്ഭുത പ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു. ദൈവമേ, അടുത്ത തലമുറയോട് (എന്റെ മക്കളോട്) ഞാന്‍ നിന്റെ ഭുജത്തെ... അറിയിക്കുവോളം, വാര്‍ദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ'' (സങ്കീ. 71:17,18).
ദൈവം നമ്മെ പഠിപ്പിച്ച എല്ലാ കാര്യങ്ങളും നമ്മുടെ കുഞ്ഞുങ്ങള്‍ക്കു പറഞ്ഞു കൊടുക്കുക എന്ന മഹത്തായ ഉത്തരവാദിത്വം അമ്മമാരായ നമുക്കു ദൈവമുമ്പാകെ ഉണ്ട്. അതു ചെയ്യാതെ നാം ഈ ലോകം വിട്ടു കടന്നു പോകരുത്. ഈ ഉത്തരവാദിത്വം കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതാകുന്നതുവരെ നീട്ടിക്കൊണ്ടു പോകാന്‍ പറ്റില്ല. കുഞ്ഞുങ്ങള്‍ വളരെ ചെറുതായിരിക്കുമ്പോള്‍ മുതല്‍ ദൈവം നമുക്കു ചെയ്തു തന്ന അത്ഭുത കാര്യങ്ങള്‍ അവരുമായി നാം പങ്കു വച്ചു തുടങ്ങേണ്ടതാണ്.
തിമൊഥെയോസിന്റെ വല്യമ്മയായ ലോവീസ് തന്റെ ആത്മാര്‍ത്ഥമായ വിശ്വാസം തന്റെ മകള്‍ യൂനീക്കയ്ക്കു പകര്‍ന്നു കൊടുത്തു. യൂനിക്ക ആ വിശ്വാസം നിമൊഥെയോസ് വളരെ ചെറുപ്പമായിരിക്കുമ്പോഴേ അവനിലേക്കു പകര്‍ന്നു (2 തിമൊ. 1:5). തല്‍ഫലമായി തിമൊഥെയോസ് ദൈവത്തിന്റെ അത്യുത്തമ ദാസനായി വളര്‍ന്നുവന്നു. വിശ്വസ്തരായ ഈ രണ്ട് അമ്മമാര്‍ സഭയ്ക്ക് എത്ര വലിയ ഒരു സേവനമാണു ചെയ്തത്!
ശിശുക്കളെ ശരിയായി വളര്‍ത്തുവാന്‍ നമ്മെ പ്രാപ്തരാക്കുന്ന യാതൊരു മാന്ത്രികവിദ്യയും ഇല്ല തന്നെ. കാരണം ഓരോ ശിശുവിനും വ്യത്യസ്ത സ്വഭാവമാണുള്ളത്. നിങ്ങളുടെ മക്കള്‍ക്ക് ഒരമ്മയായിരിക്കുവാന്‍ ദൈവമാണ് നിങ്ങളെ തിരഞ്ഞെടുത്തത് എന്ന കാര്യം നിങ്ങള്‍ മറക്കരുത്. ദൈവമാണ് ഓരോ കുഞ്ഞിനെയും നിങ്ങളുടെ ഉദരത്തില്‍ ഉരുവാക്കിയത്. ദൈവം ഓരോ കുഞ്ഞിനെയും ഓരോ ഉദ്ദേശ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. അവിടുന്ന് അവരുടെ മതാവാകാന്‍ നിങ്ങളെ നിയമിച്ചിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ ആ ദൈവദത്തമായ ഉത്തരവാദിത്വം ഗൗരവമായിട്ടെടുക്കണം. കര്‍ത്താവിനു വേണ്ടിയും അവര്‍ക്കു വേണ്ടിയും സകലവും സമര്‍പ്പിക്കുവാന്‍ സന്നദ്ധയാകുകയും വേണം.
കുഞ്ഞുങ്ങള്‍ ദൈവം നമുക്കു തരുന്ന ദാനങ്ങളാണ്; അവിടുത്തെ ശക്തിയും പരിജ്ഞാനവും കൊണ്ടുമാത്രമേ അവരെ ശരിയായി വളര്‍ത്തിക്കൊണ്ടുവരുവാന്‍ നമുക്കു കഴിവുണ്ടാവുകയുള്ളു. നമ്മുടെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ദൈവം അത്ഭുതകാര്യങ്ങള്‍ ചെയ്യുമെന്നു നാം വിശ്വസിക്കണം.
സങ്കീര്‍ത്തനം 127:4-ല്‍ പറയുന്നത് കുഞ്ഞുങ്ങള്‍ വീരന്റെ കയ്യിലെ അസ്ത്രങ്ങള്‍ പോലെയാണെന്നാണ്. വീരന്‍ തന്റെ അസ്ത്രങ്ങള്‍ ഉപയോഗിച്ചു ശത്രുവിനെ തുരത്തുന്നു. നാം നമ്മുടെ കുഞ്ഞുങ്ങളെ ശരിയായ വഴിയില്‍ കര്‍ത്താവിനായി വളര്‍ത്തുകയാണെങ്കില്‍ അവരിലൂടെ സാത്താനെ ലജ്ജിപ്പിക്കുവാന്‍ നമുക്കു കഴിയും.
നേരെ മറിച്ച്, നാം വിശ്വസ്തരല്ലെങ്കില്‍ നമ്മുടെ കുഞ്ഞുങ്ങള്‍ വളര്‍ന്നു വരുമ്പോള്‍ സാത്താനെ സേവിക്കുന്നവരായിത്തീരും; കാരണം, അവരുടെ ദുഷ്ടമായ മാനുഷസ്വഭാവം ആ ദിശയിലേക്കാണ് അവരെ നയിക്കുന്നത്. എന്നാല്‍ ദൈവത്തെ ബഹുമാനിക്കുവാന്‍ നാം അവരെ പഠിപ്പിക്കുകയും ദൈവവചനത്തിലെ പ്രമാണങ്ങള്‍ അവരെ അഭ്യസിപ്പിക്കുകയും ചെയ്താല്‍ അവര്‍ ദൈവത്തിന്റെ സൈന്യത്തിലെ നല്ല യോദ്ധാക്കളായി വളര്‍ന്നു വരും. ഇത് വലിയൊരു ഉത്തരവാദിത്വമാണ്. ഇതു നാം ലാഘവ ബുദ്ധിയോടെ എടുക്കരുത്.
സങ്കീര്‍ത്തനം 127-ല്‍ ഇങ്ങനെയുള്ള കുട്ടികളുടെ മതാപിതാക്കള്‍ നഗരവാതില്‍ക്കല്‍ വച്ചു ശത്രുക്കളോടു സംസാരിക്കുമ്പോള്‍ ലജ്ജിച്ചു പോകുകയില്ല എന്നു പറയുന്നു. കുഞ്ഞുങ്ങളുടെ അധരങ്ങളിലെ വചനങ്ങളിലൂടെ ശത്രുവിനെ തകര്‍ക്കാന്‍ ദൈവം ഉദ്ദേശിക്കുന്നതായി ദൈവവചനം പറയുന്നു (സങ്കീ. 8:2).
അങ്ങനെ നമ്മുടെ മക്കള്‍ നിമിത്തം സാത്താന്‍ ലജ്ജിതനാകുമ്പോള്‍ കര്‍ത്താവിന്റെ നാമം മഹത്വപ്പെടാനിടയാകും.
ഇപ്രകാരം നമ്മുടെ മക്കള്‍ ശരിയായ മാര്‍ഗ്ഗത്തില്‍ മുന്നേറുമ്പോള്‍ അതിനുള്ള എല്ലാ മഹത്വവും ദൈവത്തിനു തന്നെ നാം നല്‍കണം. നാം വിശ്വസ്തരായ മാതാക്കളായതിനാലാണ് അവര്‍ കര്‍ത്താവിനെ അനുഗമിക്കുന്നത് എന്നു സങ്കല്പിച്ചു സ്വയം മഹത്വമെടുക്കുവാന്‍ നാം മുതിരരത്.
കര്‍ത്താവിലും അവിടുന്നു ചെയ്ത കാര്യങ്ങളിലും മാത്രമേ നാം പ്രശംസിക്കാവൂ. നമ്മുടെ ചിന്തകളില്‍പ്പോലും നാം സ്വയം പുകഴുകയോ ദൈവമഹത്വം അപഹരിക്കുകയോ ചെയ്യരുത്.
ഒരമ്മയ്ക്കു തന്റെ കുഞ്ഞിനോടുള്ള സ്‌നേഹത്തോടാണ് ദൈവം തന്റെ സ്‌നേഹത്തെ ഉപമിച്ചിട്ടുള്ളത് (യെശ. 49:15). കാരണം, സകല സ്ത്രീ പുരുഷന്മാരുടെയും സ്രഷ്ടാവ് എന്ന നിലയില്‍ ലോകത്തില്‍ ഒരമ്മയുടെ സ്‌നേഹമാണ് തന്റെ ദൈവികവും ത്യാഗപൂര്‍ണ്ണവും നിസ്വാര്‍ത്ഥവുമായ സ്‌നേഹത്തോട് ഏറ്റവും അടുത്തു നില്‍ക്കുന്നത് എന്നു ദൈവം അറിയുന്നു. അമ്മമാരില്‍ക്കൂടി ശിശുക്കള്‍ക്കു തന്നെത്തന്നെ വെളിപ്പെടുത്താനാണ് ദൈവം അമ്മമാരെ സൃഷ്ടിച്ചത് എന്നര്‍ത്ഥം വരുന്ന ഒരു പഴഞ്ചൊല്ലുണ്ട്.
കുഞ്ഞുങ്ങള്‍ തങ്ങളുടെ ഭവനത്തെക്കാളധികം മറ്റൊരു സ്ഥലവും പ്രിയപ്പെടാത്തവിധം ഭവനത്തെ അത്യധികം ആനന്ദകരമായ ഒരു സ്ഥലമാക്കിത്തീര്‍ക്കുക എന്നതാണ് അമ്മമാരെന്ന നിലയില്‍ നമ്മള്‍ നേരിടുന്ന വെല്ലുവിളി. തങ്ങള്‍ മറ്റെവിടെ ആയിരുന്നാലും തിരികെ ഭവനത്തിലേക്കു തന്നെ മടങ്ങുവാനുള്ള അഭിവാഞ്ഛ അവരുടെ ഉള്ളില്‍ അങ്കുരിക്കണം.
നമ്മുടെ കുഞ്ഞുങ്ങള്‍ നമ്മെ കാണുമ്പോള്‍ ദൈവം എങ്ങനെയുള്ളവനാണെന്നു കാണുവാനും, നമ്മുടെ ഭവനത്തെ കാണുമ്പോള്‍ സ്വര്‍ഗ്ഗം എങ്ങനെയുള്ളതാണെന്നു ദര്‍ശിക്കാനും തക്കവണ്ണം നല്ല അമ്മമാരായിരിക്കാന്‍ കര്‍ത്താവു നമ്മെ സഹായിക്കട്ടെ.
ഏറ്റവും നല്ല ഒരമ്മയായിരിക്കുക എന്നത് എത്ര വലിയ ഒരു പദവിയാണ്!
ലോകനാഥാ, നിന്‍ രാജ്യമെത്തിടുമ്പോള്‍
മോഹിക്കില്ല പദവികളൊന്നും ഞാന്‍
ഉന്നതസ്ഥാനമാശിക്കില്ലങ്ങുനിന്‍
മുന്നിലത്ഭുത കര്‍മ്മസാരഥ്യവും
ഒന്നുമാത്രമെന്നാശ, യെന്‍ കൈകളി-
ലന്നൊരു പിഞ്ചുകൈ ഞാന്‍ പിടിക്കണം.
നല്‍ത്തെളിവാര്‍ന്ന താരമൊത്തുള്ള ര-
ണ്ടക്ഷികള്‍ക്കങ്ങേക്കോമളമാം മുഖം
സാമോദം വീക്ഷിപ്പാന്‍ വഴികാട്ടി ഞാന്‍
നില്ക്കണം സ്വര്‍ഗ്ഗഗേഹത്തിന്‍ വാതിലില്‍.
കൊഞ്ചിക്കൊഞ്ചിപ്പറയും വചസ്സുള്ള
പിഞ്ചുബാലനു നിന്‍ വചനാമൃതം
ചൊല്ലി ഞാന്‍ കൊടുത്തീടട്ടെ, പ്രാര്‍ത്ഥിപ്പാന്‍
നല്ലൊരഭ്യാസം നല്‍കാനുമെന്നാശ.
ലോലമാം ശിശുമാനസത്തില്‍ ദിവ്യ-
സ്‌നേഹപൂരിതസ്വര്‍ഗ്ഗീയ ചിന്തകള്‍
മന്ദമഭ്യസിപ്പിക്കുവാന്‍ മന-
മെന്നും വാഞ്ഛിപ്പൂ, മറ്റൊന്നും വേണ്ടിഹേ.
ശുദ്ധരും ദൂതസംഘവുമങ്ങൊത്തു
നില്‍ക്കും കൂട്ടത്തില്‍ ചേര്‍ന്നില്ലെന്നാകിലും
പിഞ്ചുബാലകര്‍ക്കൊപ്പമെന്‍ സ്വര്‍ഗ്ഗീയ
മന്ദിരം പൂകാന്‍ മാത്രമാണെന്‍ മോഹം.
-അജ്ഞാതകര്‍ത്തൃകം-
നമ്മുടെ കുഞ്ഞുങ്ങള്‍ ദൈവഭയത്തില്‍ വളരണമെങ്കില്‍ അമ്മമാരായ നമുക്കുണ്ടായിരിക്കേണ്ട അത്യന്താപേക്ഷിതമായ ഒരു കാര്യം സജീവമായൊരു മനസ്സാക്ഷിയാണ്.
ഏതെങ്കിലും സമയത്തു നമ്മുടെ ആത്മീയാവസ്ഥയെപ്പറ്റി നാം സംതൃപ്തരാകുമ്പോള്‍ നമ്മുടെ മനസ്സാക്ഷി മരിവിച്ചതായിത്തീരുന്നു. ചിലപ്പോള്‍ നാം നിരന്തരമായി വചനം കേട്ടു വചനവുമായി വളരെ സുപരിചിതരായിത്തീരുന്നു. അപ്പോള്‍ പരിശുദ്ധാത്മാവ് വചനത്തിലൂടെ എന്തു സംസാരിക്കുന്നുവെന്നു കേള്‍ക്കാന്‍ നമുക്കു കഴിയുന്നില്ല. അങ്ങനെ നമ്മുടെ മനസ്സാക്ഷി നിര്‍ജ്ജീവമാകുന്നു. ഒരു കത്തിയുടെ മൂര്‍ച്ച നഷ്ടപ്പെടുന്നതുപോലെ ഒരു കാലത്തു നമ്മില്‍ അവേശമുണര്‍ത്തിയ സത്യങ്ങള്‍ ഇന്നു നമ്മെ അപ്രകാരം ആവേശം കൊള്ളിക്കുന്നില്ല.
ഭൗതിക ധനത്താടുള്ള പറ്റുമാനം നിമിത്തം ദൈവകാര്യങ്ങളില്‍ മനസ്സു തഴമ്പിച്ചവരായി നാം തീര്‍ന്നുപോകാം. നാം ഭൗതികമായി അഭിവൃദ്ധിപ്പെടുമ്പോള്‍ നമ്മുടെ മനസ്സാക്ഷി അചേതനമായിത്തീരാന്‍ എളുപ്പമാണ്. സമ്പന്നതയിലല്ല, ദരിദ്രാവസ്ഥയിലാണു ദൈവസംബന്ധമായ ആവശ്യബോധം നമുക്കുണ്ടാകുന്നത്. ഭര്‍ത്താവിന്റെ ശമ്പളത്തില്‍ ഉണ്ടാവുന്ന ഒരു ചെറിയ വര്‍ദ്ധന പോലും നമ്മെ നിഗളികളാക്കും. ധനവാന്‍ ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള്‍ ഒട്ടകം സൂചിക്കുഴയിലൂടെ കടക്കുന്നതാണ് എളുപ്പമെന്നു യേശു പറഞ്ഞിട്ടുണ്ടല്ലോ. താന്‍ സമ്പന്നനാകയാല്‍ തനിക്കൊന്നിനും മുട്ടില്ലെന്നു പറഞ്ഞ ഒരു സഭാ മൂപ്പനെപ്പോലും യേശു ശാസിക്കുകയുണ്ടായി. (വെളി. 3:17). ധനം വലിയ ഒരു കെണിയാണ്. അതിനാല്‍ നമ്മുടെ സാമ്പത്തിക നില മെച്ചപ്പെടുമ്പോള്‍ നാം വളരെ സൂക്ഷിക്കണം. ദൈവമാണ് ധനം നല്‍കിയതെങ്കില്‍ ധനികനായിത്തീരുക എന്നത് ഒരു തെറ്റല്ല. എന്നാല്‍ സമ്പത്തു മൂലം നമ്മുടെ മനസ്സാക്ഷി മരവിച്ചു പോകാതെ നാം സൂക്ഷിക്കണം. ആത്മാവിലുള്ള ദാരിദ്ര്യമാണു നമ്മുടെ ഏറ്റവും നല്ല മനോഭാവം.
അമ്മമാരെന്ന നിലയില്‍ നമ്മിലുണ്ടാകേണ്ടതും കുഞ്ഞുങ്ങള്‍ നമ്മില്‍ എപ്പോഴും കാണേണ്ടതുമായ മറ്റൊരു അതിപ്രധാന ഗുണമാണ് സത്യസന്ധത. കുഞ്ഞുങ്ങളോടു സത്യസന്ധതയോടെ ഇടപെട്ട് ഈ സ്വഭാവം നാം അവരെ പഠിപ്പിക്കണം. നമ്മുടെ ജീവിതത്തില്‍ എല്ലാ കാപട്യവും അതിശയോക്തിയും നാം വര്‍ജ്ജിക്കണം. നമ്മുടെ കുട്ടികള്‍ അതിശയോക്തിയോടെ സംസാരിക്കുന്നതോ കള്ളം പറയുന്നതോ നാം കേള്‍ക്കുമ്പോള്‍ നമുക്ക് ഇങ്ങനെ ചിന്തിക്കാം: ഒരുപക്ഷേ നമ്മില്‍ നിന്നാവാം അവര്‍ അതു പഠിച്ചത്! നമുക്കു നിറവേറ്റുവാന്‍ കഴിയാത്ത ഒരു കാര്യം നാം കുട്ടികള്‍ക്കു വാഗ്ദാനം ചെയ്യരുത്. ഒഴിവാക്കാന്‍ പാടില്ലാത്ത സാഹചര്യത്തിലാണു വാഗ്ദാനലംഘനം ഉണ്ടായതെങ്കില്‍ അതു കുട്ടികള്‍ മനസ്സിലാക്കും. കാരണം, മറ്റുള്ളവര്‍ക്കു വേണ്ടി ചിലതൊക്കെ ഒഴിവാക്കേണ്ട സന്ദര്‍ഭങ്ങള്‍ ചിലപ്പോഴൊക്കെ ഉണ്ടായെന്നു വരാം. ആവിധം അല്ലെങ്കില്‍ നമ്മുടെ എല്ലാ വാഗ്ദാനങ്ങളും നാം പാലിക്കേണ്ടതാണ്.
എല്ലാ കപട നാട്യങ്ങളില്‍ നിന്നും നാം എപ്പോഴും ഒഴിഞ്ഞിരിക്കണം. നാം സ്വയം ചെയ്യാത്ത ഒരു കാര്യവും കുട്ടികള്‍ ചെയ്യണമെന്നു നാം അവരോട് ആവശ്യപ്പെടരുത്. അപ്രകാരം നാം ചെയ്യുകയില്ലെന്ന് അവര്‍ മനസ്സിലാക്കണം. എവിടെയാണു നമുക്കു പാളിച്ച പറ്റിയതെന്നു കാണിച്ചു തരുവാന്‍ നാം ദൈവത്തോടപേക്ഷിക്കുകയും അത്തരം കാര്യങ്ങളില്‍ നാം മാനസാന്തരപ്പെടുകയും വേണം. നാം കപട ഭക്തരാണെങ്കില്‍ നമ്മുടെ കുട്ടികളും കപട ഭക്തരായിത്തീരും.
നാം നമ്മത്തന്നെ ശുദ്ധീകരിക്കേണ്ട മറ്റൊരു ഭയാനകമായ പാപമാണ് അത്യാഗ്രഹം. ദൈവം നമുക്കു തന്നിട്ടുള്ള ഭൗമിക കാര്യങ്ങളില്‍ നാം സംതൃപ്തരല്ലെന്നു നമ്മുടെ കുട്ടികള്‍ കണ്ടാല്‍ അവരും അത്യാഗ്രഹമുള്ളവരാകും. തങ്ങളുടെ അമ്മമാര്‍ വാങ്ങുവാന്‍ ആഗ്രഹിക്കുന്നതെന്തെന്നു പെണ്‍കുട്ടികള്‍ പ്രത്യേകിച്ചു നിരീക്ഷിച്ചുകൊണ്ടിരിക്കും.
നമുക്ക് എന്തെങ്കിലും ആവശ്യമാണെന്നു ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ അതു വാങ്ങുവാനുള്ള പണം ദൈവം നമുക്കു തരും. ദൈവം തരുന്നില്ലെങ്കില്‍ നമുക്ക് അതു യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലെന്നു ദൈവം പറയുന്നതായി കണക്കാക്കാം. നമുക്കു അതു വാങ്ങാന്‍ കഴിവുണ്ടെങ്കില്‍ത്തന്നെയും അതു നമുക്ക് അത്യന്താപേക്ഷിതമയിരിക്കയില്ല. അപ്പോള്‍ അതു വാങ്ങാതിരിക്കുകയാണ് ഏറ്റവും ഉത്തമമായ കാര്യം.
ഒരു നല്ല മനസ്സാക്ഷി എല്ലാ ഭൗമികവസ്തുക്കളും ഒരുമിച്ചു ചേര്‍ന്നതിലുമധികം വിലയേറിയതാണ്. നമുക്കു വാങ്ങാന്‍ കഴിയുന്ന ചെലവു കുറഞ്ഞ കളിപ്പാട്ടങ്ങളും കളികളും കൊണ്ടു തൃപ്തരായിരിപ്പാന്‍ നമ്മുടെ കുട്ടികള്‍ പഠിക്കട്ടെ. സ്വന്തമായി ചില കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുവാനും അവര്‍ ശീലിക്കട്ടെ. ധനാഢ്യരായ മാതാപിതാക്കള്‍ വാങ്ങിക്കൊടുത്ത വിലയേറിയ കളിപ്പാട്ടങ്ങളുപയോഗിച്ചു കളിക്കുന്ന കുട്ടികളേക്കാള്‍ കാലാന്തരത്തില്‍ ഈ കുട്ടികള്‍ പ്രായോഗിക വൈഭവം ഉള്ളവരായിത്തീരും.
നമ്മുടെ വീട്ടില്‍ വച്ചു മറ്റാരെയും കുറ്റം പറയാതിരിപ്പാന്‍ നാം സൂക്ഷിക്കണം. തങ്ങളുടെ വീടുകളില്‍ വച്ചു വിശ്വാസികളെ കുറ്റം പറയുന്നതു കേട്ടതിന്റെ ഫലമായി തങ്ങളുടെ സഭയിലെ വിശ്വാസികളെ കുട്ടികള്‍ നിന്ദിക്കുകയും വെറുക്കുകയും ചെയ്യുന്ന ദുരവസ്ഥ ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്രകാരം മാതാപിതാക്കള്‍ സ്വന്തം കുട്ടികളുടെ ഹൃദയത്തെ വിഷലിപ്തമാക്കിത്തീര്‍ക്കുന്നത് എത്ര ദുഃഖകരമാണ്! ഈ ചെറിയവരില്‍ ഒരുത്തന് ഇടര്‍ച്ച വരുത്തിയാല്‍ അവന്റെ കഴുത്തില്‍ വലിയ ഒരു തിരികല്ല് കെട്ടി അവനെ സമുദ്രത്തിന്റെ ആഴത്തില്‍ താഴ്ത്തിക്കളയുന്നത് അവനു നല്ലത് എന്നു യേശു പറഞ്ഞിട്ടുള്ളതു തീര്‍ച്ചയായും ഇത്തരത്തിലുള്ള മാതാപിതാക്കള്‍ക്കും ബാധകമാണ്. തന്റെ കുഞ്ഞുങ്ങളുമൊത്ത് ഏറ്റവുമധികം സമയം ചെലവഴിക്കുന്നതു മാതാവായതിനാല്‍ അവള്‍ ഈ കാര്യത്തില്‍ ഏറ്റവും ശ്രദ്ധാലുവായിരിക്കണം.
ഒരമ്മയുടെ ഹൃദയത്തില്‍ ആരോടെങ്കിലും നീരസമുണ്ടെങ്കില്‍ കുട്ടികള്‍ക്ക് അതു വേഗം ഗ്രഹിപ്പാന്‍ കഴിയും. പാലില്‍ ഒരല്പം തൈരു ചേര്‍ത്തു വച്ചാല്‍ അതു മുഴുവന്‍ പാലിനെയും പുളിപ്പിക്കും. ഇപ്രകാരം ഹൃദയത്തിലുണ്ടാകുന്ന പുളിപ്പു ക്രമേണ നീരസമായി മാറും. വല്ല കൈപ്പുള്ള വേരും ഹൃദയത്തില്‍ കടക്കുവാനിടയായാല്‍ അത് അനേകം പേരെ മലിനപ്പെടുത്തുമെന്നു ബൈബിള്‍ നമുക്കു താക്കീതു നല്‍കുന്നുണ്ട്. അതിനാല്‍ എല്ലാ തെറ്റായ മനോഭാവങ്ങളും ഹൃദയത്തില്‍ നിന്നും നീക്കം ചെയ്യുവാന്‍ നാം ശ്രദ്ധിക്കണം.
മനുഷ്യര്‍ക്കു തമ്മിലുള്ള ഗാഢമായ ഹൃദയബന്ധങ്ങളില്‍ത്തന്നെ ചിലപ്പോള്‍ തെറ്റിദ്ധാരണകള്‍ ഉണ്ടാകും. എന്നാല്‍ കഴിവതും വേഗം അതില്‍ നിന്നു സ്വാതന്ത്ര്യം നേടാന്‍ ദൈവകൃപയിലാശ്രയിച്ചു നാം പരമാവധി ശ്രമിക്കണം. നന്മയും തിന്മയും തമ്മിലും സംഗീതവും അപസ്വരവും തമ്മിലും ഒരുമയും പിണക്കവും തമ്മിലുമുള്ള വ്യത്യാസം കൊച്ചു കുട്ടികള്‍ക്കുപോലും മനസ്സിലാകും. സംസാരിക്കാന്‍ തുടങ്ങുന്നതിനു വളരെ മുമ്പു തന്നെ കുട്ടികള്‍ ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കുന്നു. അതിനാല്‍ അവരെ കളങ്കിതരാക്കാതെ നാം സൂക്ഷിക്കണം.
എല്ലാ പക്ഷപാതങ്ങളില്‍ നിന്നും നാം നമ്മെത്തന്നെ ശുദ്ധീകരിക്കണം. നമ്മുടെ കുട്ടികളുടെ കൂട്ടത്തില്‍ത്തന്നെ ഒരാളോടു നാം അധികം സ്‌നേഹം കാണിക്കരുത്. എല്ലാവരും നമുക്ക് ഒരുപോലെയായിരിക്കണം. തുല്യനിലയില്‍ എല്ലാ കുട്ടികളെയും വില മതിപ്പാന്‍ നാം ശ്രദ്ധിക്കണം. ആരോടും പ്രത്യേക മമത കാട്ടരുത്.
നമ്മുടെ കുഞ്ഞുങ്ങളുടെ സൗന്ദര്യം, പെരുമാറ്റം, ബുദ്ധിശക്തി എന്നിവയെക്കുറിച്ചൊന്നുമുള്ള ഒരു ദുരഭിമാനം നമുക്കുണ്ടാകരുത്. കരുതലോടെ ഒഴിവാക്കേണ്ട മറ്റൊരു ദോഷമാണിത്. അവരുടെ ജീവിതത്തിലെ ഏതെങ്കിലും നന്മയെപ്പറ്റിയുള്ള ദുരഭിമാനം നമുണ്ടായാല്‍ അതിലൂടെ അവരെ നശിപ്പിക്കുന്നവരായി നാം തീരാനുള്ള സാധ്യതയുണ്ട്. ലൂസിഫര്‍ സൗന്ദര്യമുള്ള ഒരു ദൂതനായിരുന്നു. പക്ഷേ അതിനെപ്പറ്റി നിഗളം തോന്നിയ മാത്രയില്‍ തന്നെ അവന്‍ പിശാചായി മാറി.
നമ്മുടെ കുട്ടികളെ നല്ല വിധത്തില്‍ വളര്‍ത്തുന്നതിന്റെ പ്രേരകശക്തി സ്വന്തമഹത്വമായിത്തീരാതിരിപ്പാന്‍ നാം സൂക്ഷിക്കണം. നമ്മുടെ മഹത്വമാണു നമ്മുടെ ഉദ്ദേശ്യമെങ്കില്‍ കുട്ടികള്‍ ഉടനെ അതു മനസ്സിലാക്കുകയും മറ്റുള്ളവരില്‍ മതിപ്പുളവാക്കുവാന്‍ വേണ്ടി കാര്യങ്ങള്‍ ചെയ്യുവാന്‍ അവര്‍ ആരംഭിക്കുകയും ചെയ്യും. ദൈവമഹത്വത്തിനുവേണ്ടി മാത്രം ജീവിക്കുവാന്‍ നാം കുഞ്ഞുങ്ങളെ ശീലിപ്പിക്കണം.
നിരന്തരമായ മാനസാന്തരത്തില്‍ ജീവിക്കാനുള്ള കൃപയ്ക്കായി നമുക്കു ദൈവത്തെ അന്വേഷിക്കാം. ജീവാതാന്ത്യം വരെയും ശുദ്ധമനസ്സാക്ഷിയോടെ ജീവിക്കുവാന്‍ കഴിയുമാറ് ജഡത്തിലെയും ആത്മാവിലെയും സകല കല്മഷവും നീക്കി നമ്മെത്തന്നെ വെടിപ്പാക്കുവാന്‍ നമുക്കു ജാഗരൂകരായിത്തീരാം (2 കൊരി.7:1).
കുട്ടികള്‍ക്ക് ദൈവവചനവും പ്രാര്‍ത്ഥനയും ആവശ്യം
ദൈവം യിസ്രായേല്‍ മക്കളോടു കല്പിച്ചു: ''നീ അവയെ നിന്റെ മക്കള്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും നീ വീട്ടില്‍ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കുകയും വേണം'' (ആവര്‍. 6:7).
എല്ലാ അവസരങ്ങളിലും നമ്മുടെ കുട്ടികളെ ആത്മീയ തത്വങ്ങള്‍ പഠിപ്പിക്കുന്നത് സുപ്രധാന കാര്യമാണെന്ന് ഈ വാക്യം നമ്മെ പഠിപ്പിക്കുന്നു.
ഇന്ന് അവിശ്വാസികള്‍ പോലും ചെയ്യാത്ത കാര്യങ്ങള്‍ ക്രിസ്തീയ കുടുംബങ്ങളിലെ കുട്ടികള്‍ ചെയ്യുന്നതായി കാണുന്നത് എത്ര ദുഃഖകരം! എന്താണതിനു കാരണം? അവരുടെ മാതാപിതാക്കളുടെ കുറവു കൊണ്ടാണോ ഇപ്രകാരം സംഭവിക്കുന്നത്?
എനിക്കറിഞ്ഞു കൂടാ. ഇതെപ്പറ്റി ഒരു വിധി കല്പിക്കാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരുടെ മാതാപിതാക്കളോടു സഹതപിപ്പാനും ഇപ്പോഴും ദൈവം ഒരത്ഭുതം പ്രവര്‍ത്തിച്ച് ആ കുട്ടികളില്‍ ഒരു രൂപാന്തരം വരുത്തുമെന്നു വിശ്വാസിക്കുവാന്‍ അവരെ പ്രേരിപ്പിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. ചുറ്റുപാടും കാണുന്ന പരാജയങ്ങളില്‍ നിന്നു പാഠം പഠിക്കേണ്ടത് നമുക്കാവശ്യമാണ്. അല്ലെങ്കില്‍ നാമും അതേ തെറ്റു തന്നെ ആവര്‍ത്തിക്കും; അങ്ങനെ നമ്മുടെ കുട്ടികള്‍ കഷ്ടപ്പെടുവാനിടയാവുകയും ചെയ്യും.
ദൈവവചനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും മാത്രമേ നമ്മുടെ കുട്ടികളെ അനര്‍ത്ഥങ്ങളില്‍നിന്നും വിടുവിക്കുവാന്‍ കഴിയൂ. മറ്റൊരു വഴിയുമില്ല.
കുഞ്ഞുങ്ങള്‍ വായിക്കാന്‍ പ്രായമാകുന്നതിനു മുമ്പുതന്നെ ''കുട്ടികള്‍ക്കുള്ള സചിത്ര ബൈബിള്‍'' അവരെ വായിച്ചു കേള്‍പ്പിക്കുന്നത് നല്ല ഒരു തുടക്കമായിരിക്കും. പിന്നീട് അവര്‍ തന്നെ അതു വായിക്കാന്‍ അതു പ്രേരണ നല്‍കും. കുഞ്ഞുങ്ങളില്‍ വളര്‍ത്തിയെടുക്കേണ്ട മറ്റൊരു ശീലമാണ് വേദവാക്യങ്ങള്‍ ഹൃദിസ്ഥമാക്കല്‍. നമുക്കും ചില വാക്യങ്ങള്‍ ഹൃദിസ്ഥമാക്കുവാന്‍ അത് അവസരം നല്‍കും.
നാം നമ്മുടെ കുട്ടികളോടു കര്‍ത്താവിനെപ്പറ്റിയും അവന്റെ വചനത്തെപ്പറ്റിയും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നാല്‍ അവരുമായി ആശയവിനിമയത്തിനുള്ള വഴികള്‍ തുറന്നു കിട്ടും. സ്‌കൂളില്‍ നിന്നോ അവരുടെ കൂട്ടുകാരില്‍ നിന്നോ അവര്‍ പഠിച്ച ദുശ്ശീലങ്ങള്‍ വേഗത്തില്‍ നമുക്കു കണ്ടു പിടിക്കാനും അപ്പോള്‍ നമുക്കു സാധിക്കും. തദ്വാരാ അതില്‍ നിന്ന് അവരെ വിടുവിക്കാന്‍ നമുക്കു സാധിക്കയും ചെയ്യും.
ദൈവവചനം വിലക്കിയിരിക്കുന്ന കാര്യങ്ങളില്‍ നാം കുട്ടികളെ അകറ്റി നിറുത്തേണ്ടതാണ്. ഉദാഹരണമായി, അക്രൈസ്തവരുടെ ഉത്സവങ്ങള്‍ക്കു നാം അവരെ കൊണ്ടുപോകയോ നാം തന്നെ പോകുകയോ ചെയ്യരുത്. കൂട്ടുകാരോടു ചേര്‍ന്ന് ഈ ഉത്സവങ്ങളില്‍ പങ്കെടുക്കുവാന്‍ അവരെ നാം അനുവദിക്കരുത്. ഉദാഹരണമായി, ദീപാവലി സമയത്തു പടക്കവും പൂത്തിരിയും കത്തിക്കുന്നത് നമ്മുടെ കുട്ടികള്‍ക്കു ചേര്‍ന്നതല്ല.
അതുപോലെ തന്നെ, ശിശുസ്‌നാനം തെറ്റാണെന്നു നാം അറിഞ്ഞിരിക്കെ, ബന്ധുജനങ്ങളില്‍പ്പെട്ട ശിശുക്കളുടെ സ്‌നാനത്തില്‍ പങ്കെടുക്കുവാന്‍ നാം കുട്ടികളെ അനുവദിക്കരുത്. ഇരുട്ടിന്റെ മാര്‍ഗ്ഗങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്ക്കുവാന്‍ നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നില്ലെങ്കില്‍ ദൈവത്തോടും ദൈവവചനത്തോടുമുള്ള ആദരം അവരില്‍ വളര്‍ത്തുവാന്‍ നമുക്കു സാധ്യമല്ല. ഈ കാര്യങ്ങളില്‍ തങ്ങളുടെ ഉറ്റ ബന്ധുക്കളുടെയും സ്‌നേഹിതരുടെയും അപ്രീതിക്ക് അവര്‍ പാത്രമായാല്‍ പോലും അതു നാം ഗൗനിക്കേണ്ടതില്ല. നമ്മുടെ ബന്ധുക്കളോടു സുഹൃദ്ബന്ധം പുലര്‍ത്തുവാന്‍ നാം ആഗ്രഹിക്കുന്നു. അതിലേക്കു മറ്റൊരു സമയത്ത് അവരെ സന്ദര്‍ശിക്കുവാന്‍ നമുക്കു കഴിയും.
ദൈവകല്പനകള്‍ എല്ലാം നമ്മുടെ പരമമായ നന്മയ്ക്കാണെന്നു നാം കുട്ടികളെ പഠിപ്പിക്കണം. അപ്പോള്‍ അവര്‍ സന്തോഷപൂര്‍വ്വം അവയെ അനുസരിക്കുവാന്‍ ശീലിക്കും. ദൈവത്തോടുള്ള സ്‌നേഹാദരങ്ങള്‍ മൂലം ദൈവവചനത്തെ സ്‌നേഹിക്കാനും ദൈവത്തെ അനുസരിപ്പാനും നമ്മുടെ കുട്ടികള്‍ ശീലിക്കണം. പിടിക്കപ്പെടുമെന്നോര്‍ത്തോ ശിക്ഷയെ ഭയന്നോ ആകരുത് അവരുടെ അനുസരണം.
ഒരു പുതപ്പു കൊണ്ടെന്നപോലെ നാം നമ്മുടെ പ്രാര്‍ത്ഥനകൊണ്ട് കുട്ടികളെ ആവരണം ചെയ്യണം. തണുപ്പുള്ള ഒരു രാത്രിയില്‍ നാം കുട്ടികളെ പുതപ്പിക്കുന്നതു പോലെ. ആത്മീയ ശൈത്യം ബാധിച്ച ഒരു ലോകത്തില്‍ അവരെ നമ്മുടെ പ്രാര്‍ത്ഥനകളാല്‍ പുതപ്പിക്കണം. അവര്‍ സ്‌കൂളിലോ ദൂരെയെവിടെങ്കിലുമോ ആയിരുന്നാലും സാത്താന്‍ അവര്‍ക്കായി ഒരുക്കിയിരിക്കുന്ന കെണിയില്‍ നിന്ന് അവര്‍ രക്ഷപ്പെടുവാന്‍ നമ്മുടെ പ്രാര്‍ത്ഥന അവരെ വലയം ചെയ്യേണ്ടത് ആവശ്യമത്രേ.
നാം നമ്മുടെ ഭര്‍ത്താക്കന്മാരുമായി ഒരുമനപ്പെട്ട് ''ഭൂമിയില്‍ വച്ചു നിങ്ങളില്‍ രണ്ടുപേര്‍ യാചിക്കുന്ന ഏതു കാര്യത്തിലും ഐകമത്യപ്പെട്ടാല്‍ അതു സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിങ്കല്‍ നിന്ന് അവര്‍ക്കു ലഭിക്കും'' (മത്താ. 18:19) എന്ന ദൈവിക വാഗ്ദാനം അവകാശപ്പെടണം. നമ്മുടെ കുട്ടികളെല്ലാം വീണ്ടുംജനനം പ്രാപിച്ചു യേശുക്രിസ്തുവിന്റെ ശിഷ്യരായിത്തീരുവാന്‍ വേണ്ടി നാം ഭര്‍ത്താക്കന്മാരോടു ചേര്‍ന്ന് ഏക മനസ്സോടെ പ്രാര്‍ത്ഥിക്കണം. സാത്താന്‍ നമ്മുടെ കുട്ടികളെ ആക്രമിക്കുവാന്‍ അവസരം ഉണ്ടാകത്തക്കവണ്ണം ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ ഒരു ഭിന്നതയുണ്ടാകുവാന്‍ നാം ഇടയാക്കരുത്. എല്ലാ ദിവസവും നമ്മെയും നമ്മുടെ മക്കളെയും നാം ദൈവമുമ്പാകെ യാഗപീഠത്തിന്മേല്‍ സമര്‍പ്പിക്കണം.
കുടുംബമായി ഒരുമിച്ചു പ്രാര്‍ത്ഥിക്കുക എന്നത് പരമപ്രധാനമായ കാര്യമാണ്. രാവിലെ കുട്ടികളെ ഒരുക്കി സ്‌കൂളില്‍ വിടുന്ന തിരക്കിനിടയില്‍ ഇതു സാധിച്ചില്ല എന്നു വരാം. അതിനാല്‍ ദൈവിക സംരക്ഷണയ്ക്കായും അവിടുത്തെ നടത്തിപ്പിനായും അവര്‍ക്കായി ഒരു ചെറിയ പ്രാര്‍ത്ഥന മതിയെന്നു വയ്ക്കാം. ഏതെങ്കിലും അത്യാവശ്യ കാര്യത്തിനായും അപ്പോള്‍ നമുക്കു പ്രാര്‍ത്ഥിക്കാം. എന്നാല്‍ വൈകുന്നേരം രാത്രി ഭക്ഷണത്തിനു മുമ്പ് ഒരു വേദഭാഗം സശ്രദ്ധം വായിപ്പാനും ഒരുമിച്ചു പ്രാര്‍ത്ഥിപ്പാനും നാം സമയമെടുക്കണം. ആ സമയം കുട്ടികളില്‍ ഓരോരുത്തര്‍ക്കും പ്രാര്‍ത്ഥിക്കുവാന്‍ സമയം നല്‍കണം. അവധി സമയങ്ങളില്‍ കൂടുതല്‍ സമയം നമുക്കു ദൈവവചനവുമായി ചെലവിടാം.
ഇന്നത്തെ ദുഷ്ടലോകത്തില്‍ ദൈവത്തിനു മാത്രമേ നമ്മുടെ കുട്ടികളെ സൂക്ഷിപ്പാന്‍ സാധിക്കുകയുള്ളു. അതിനാല്‍ മറ്റെന്തിനെക്കാളുമധികം പ്രാര്‍ത്ഥനയിലും ദൈവവചനത്തിലും നാം ആശ്രയിക്കുകയാണാവശ്യം. ദൈവവചനത്താലും പ്രാര്‍ത്ഥനയാലും കുട്ടികള്‍ നേരിടുന്ന ഏതു പ്രശ്‌നത്തെയും നമുക്ക് അതിജീവിക്കാം. കുട്ടികളെ സംബന്ധിച്ച ഒരു പ്രശ്‌നം നാം നേരിടുമ്പോള്‍, ദൈവശബ്ദത്തിനു ചെവി കൊടുക്കുന്ന ഒരു ശീലം നാം വളര്‍ത്തിയെടുക്കണം. അപ്പോള്‍ ഓരോ പ്രശ്‌നത്തിനും പരിഹാരമായി ഒരു ദൈവവാഗ്ദാനം അവിടുന്നു നമുക്കു നല്‍കും. ആ പ്രശ്‌നം പരിഹരിക്കുന്നതുവരെയും ആ വാഗ്ദാനത്തില്‍ ഉറച്ചു നിന്നു നാം പ്രാര്‍ത്ഥിക്കണം.
അമ്മമാരായ നാം നമ്മുടെ കുട്ടികള്‍ക്കു സുരക്ഷിതബോധവും സ്‌നേഹവും നല്‍കണം. എപ്പോഴും തങ്ങള്‍ക്ക് അടുത്തു വരാന്‍ കഴിയുന്ന ഒരു ആശ്രയസ്ഥാനവും വിശ്രമ സങ്കേതവുമായി നാം തീരണം. സൈ്വരം കിട്ടാന്‍ വേണ്ടി അവരെ അയല്‍ വീട്ടിലേക്ക് ഒരിക്കലും പറഞ്ഞയയ്ക്കരുത്.
കുട്ടികളോടുള്ള നമ്മുടെ സ്‌നേഹത്തിലൂടെയും കരുതലിലൂടെയും പില്‍ക്കാലത്ത് അവര്‍ ദൈവസ്‌നേഹവും സംരക്ഷണവും നന്നായി മനസ്സിലാക്കുവാന്‍ ഇടയാകും. നമ്മുടെ കുട്ടികളുടെ മുമ്പില്‍ ദൈവസ്വഭാവം പ്രതിഫലിപ്പിക്കുക എന്നതു ദൈവം നമുക്കു നല്‍കിയിട്ടുള്ള വലിയ പദവിയാണ്. ആ വിധത്തില്‍ അദൃശനായ ദൈവത്തെ കണ്ടെത്തുവാന്‍ അവര്‍ പ്രാപ്തരാകും.
'സ്ത്രീകളില്‍ ജ്ഞാനമുള്ളവള്‍ തന്റെ വീടു പണിയുന്നു. ഭോഷത്തമുള്ളവളോ അതു സ്വന്ത കൈകളാല്‍ പൊളിച്ചു കളയുന്നു'' (സദൃ. 14:1).
നമ്മുടെ നാട്ടില്‍ കുട്ടികള്‍ വീട്ടിലുള്ളേടത്തോളം കാലം അവര്‍ക്കാണു നാം ഏറ്റവുമധികം മുന്‍ഗണന നല്‍കേണ്ടത്. കുഞ്ഞുങ്ങളുടെ പരിപാലനം അവരുടെ മുത്തച്ഛന്മാരെയോ സണ്‍ഡേസ്‌കൂള്‍ ടീച്ചര്‍മാരെയോ നാം ഏല്പിക്കരുത്. അവര്‍ക്കു ജന്മം നല്‍കിയതും അവരുമൊത്ത് ഏറ്റവും സമയം ചെലവാക്കുന്നതും നാമാകയാല്‍ ആ ചുമതല ദൈവം നമ്മെയാണ് ഏല്പിച്ചിരിക്കുന്നത്.
അതിനാല്‍ ഒരു തൊഴിലില്‍ ഏര്‍പ്പെടുന്നതുമൂലമോ ബന്ധുമിത്രാദികളെ പതിവലധികം സന്ദര്‍ശിക്കുന്നതു മൂലമോ മറ്റേതെങ്കിലും സാമൂഹിക പ്രവര്‍ത്തനം മൂലമോ നമ്മുടെ കുട്ടികളെ നാം അവഗണിക്കരുത്.
എന്റെ കുട്ടികള്‍ വീട്ടിലായിരുന്ന കാലത്ത് അവര്‍ക്കുവേണ്ടി സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ വെടിയുന്നതാണുത്തമം എന്നു ഞാന്‍ മനസ്സിലാക്കി. ആ ത്യാഗമോര്‍ത്തു ഞാനൊരിക്കലും ഖേദിച്ചിട്ടില്ല. കാരണം, അപ്രകാരം ഞാന്‍ ലാഭിച്ച സമയം എന്റെ കുട്ടികളുടെ നന്മയ്ക്കുവേണ്ടി ഞാന്‍ വിനിയോഗിക്കുകയാണ് ചെയ്തത്.
എന്നാല്‍ സഹായമാവശ്യമുള്ള ആളുകളെ ദൈവം എന്റെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഞാന്‍ എല്ലാം മാറ്റി വച്ച് അവരെ സഹായിക്കാന്‍ ഒരുമ്പെട്ടു. അത്തരം സന്ദര്‍ഭങ്ങളില്‍ എന്റെ കുട്ടികളുടെ പരിപാലനം ദൈവം ഏറ്റെടുത്തു.
ഇപ്പോള്‍ എന്റെ നാല് ആണ്‍മക്കളും വളര്‍ച്ചയെത്തി വീട്ടില്‍ നിന്നും അകലെ താമസിക്കുന്നതിനാല്‍ മറ്റുള്ളവരെ സന്ദര്‍ശിക്കാനും ഇതര സാമൂഹ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുവാനും എനിക്കു ധാരാളം സമയം ലഭിക്കുന്നു. അതിനാല്‍ ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കുവാന്‍ നിങ്ങളെ ഞാന്‍ ഉത്സാഹിപ്പിക്കട്ടെ.
നാം വിവാഹിതരായതിനു ശേഷം നമ്മുടെ ഭര്‍ത്താവ്, കുട്ടികള്‍, വീട് എന്നിവയ്ക്കായിരിക്കണം യഥാക്രമം അധികം മുന്‍ഗണന നാം കൊടുക്കേണ്ടത്. നമ്മുടെ വിവാഹജീവിതവും ഭവനവും ആനന്ദകരമായിരിക്കാനും കുട്ടികള്‍ ശരിയായി വളര്‍ന്നു വരാനും പല കാര്യങ്ങളും നാം ത്യജിക്കേണ്ടതാവശ്യമത്രേ. ദീര്‍ഘവീക്ഷണത്തോടെ ചിന്തിച്ചാല്‍ ആ ത്യാഗം ആവശ്യം തന്നെ.
നാം ഒരു ജോലിക്കു പോകുന്ന പക്ഷം, അതു പാര്‍ട്ട് ടൈം ജോലിയായാല്‍ പോലും, നമ്മുടെ കുട്ടികള്‍ക്കു മുഴുവന്‍ ശ്രദ്ധയും കൊടുക്കുക വളരെ പ്രയാസമായിത്തീരും. ജോലി കഴിഞ്ഞു ക്ഷീണിച്ചു തളര്‍ന്നായിരിക്കും നാം വീട്ടില്‍ വരിക. അപ്പോള്‍ ചെറിയ കാര്യങ്ങള്‍ക്കു പോലും കുട്ടികളോട് അസഹ്യത കാട്ടുവാന്‍ നമുക്കിടയാകും. വീട്ടിലെ പല കാര്യങ്ങളും അവതാളത്തിലാകും. തങ്ങളുടെ മാതാവു തന്നെ താളം തെറ്റിയ വിധം പ്രവര്‍ത്തിക്കുന്നതു കാണുമ്പോള്‍ കുട്ടികളും ക്രമംകെട്ടവരും പിടിവാശിക്കാരുമായി മാറും!! ഒരമ്മയായി രിക്കുക എന്നത് ഒരു പൂര്‍ണ്ണസമയ ജോലി തന്നെ. വിശിഷ്യ, കുട്ടികള്‍ തീരെ ചെറിയവരും സ്‌കൂളില്‍ പോകുന്നവരുമായിരിക്കുമ്പോള്‍, ആ കാലഘട്ടത്തില്‍ നമുക്ക് ഏറ്റെടുക്കാവുന്നതിലധികം ഭാരം നാം വലിച്ചു വയ്ക്കരുത്.
നമ്മുടെ കുട്ടികളുമൊത്തു സഭായോഗങ്ങളില്‍ പങ്കെടുക്കുവാന്‍ സാധ്യമായ വിധത്തിലെല്ലാം നാം ശ്രദ്ധിക്കണം. അപ്രകാരം അവര്‍ക്കു നല്ലൊരു മാതൃക കാട്ടിക്കൊടുക്കുന്നവരായി നാം തീരും. ചിലപ്പോള്‍ കുഞ്ഞുങ്ങള്‍ക്കു സുഖമില്ലാത്തതിനാല്‍ മീറ്റിംഗിനു പോകാന്‍ സാധിക്കുന്നില്ലെങ്കില്‍ നാം വിഷമിക്കേണ്ട കാര്യമില്ല. ആ സമയങ്ങളില്‍ കുഞ്ഞുങ്ങള്‍ രഹസ്യമായി ''മമ്മീ, ഇന്ന് എന്നെ തനിയേ ഇട്ടിട്ടു പോകരുതേ'' എന്നു കരഞ്ഞ് അപേക്ഷിക്കുന്നുണ്ടാവും. കുട്ടികള്‍ രോഗാവസ്ഥയിലായിരിക്കുമ്പോള്‍ അമ്മയുടെ സാന്നിധ്യവും അതു മൂലമുള്ള ആശ്വാസവുമാണ് അവര്‍ക്കേറ്റവും ആവശ്യം. അതിനാല്‍ ആ സമയങ്ങളില്‍ അവരെ മറ്റുള്ളവരെ ഏല്പിച്ചിട്ടു നാം പോകരുത്. അവര്‍ക്കായി നാം സഹിച്ച ത്യാഗം എത്രയധികമെന്ന് ഒരിക്കലും അവര്‍ മനസ്സിലാക്കിയെന്നു വരില്ല. എന്നാല്‍ തന്നെയും നാം അവര്‍ക്കു നല്‍കിയ സന്തോഷം നിറഞ്ഞ ഭവനത്തിനായി അവര്‍ നന്ദിയുള്ളവരായിരിക്കും.
നാം അസുഖം ബാധിച്ചു കിടപ്പിലാകുമ്പോള്‍ പോലും നമ്മുടെ കുട്ടികള്‍ക്കു നല്ല അമ്മമാരായിത്തുടരാന്‍ നമുക്കു കഴിയും. ഒരു പക്ഷേ പല മീറ്റിംഗുകളിലും പങ്കെടുക്കാന്‍ നമുക്കു കഴിഞ്ഞില്ലെന്നു വരാം. എങ്കിലും കര്‍ത്താവുമായിട്ടുള്ള നമ്മുടെ കൂട്ടായ്മ അഭംഗുരം തുടരാന്‍ സാധിക്കും. കമ്മ്യൂണിസ്റ്റു തടവറകളില്‍ കഴിയുന്ന അനേക ക്രിസ്ത്യാനികള്‍ക്കും ഒരു മീറ്റിംഗിനുപോലും പങ്കെടുക്കാന്‍ സാധിക്കുന്നില്ല. പക്ഷേ ദൈവം മിനുക്കിയെടുത്തു കൊണ്ടിരിക്കുന്ന രത്‌നങ്ങളാണവര്‍. ദൈവം അവരെ സര്‍വ്വ ലോകത്തിനും മുമ്പില്‍ ഒരു ദിവസം പ്രദര്‍ശിപ്പിക്കും. അമ്മമാരായ നമുക്കും കര്‍ത്താവിനു വേണ്ടി അപ്രകാരമുള്ള രത്‌നങ്ങളാകുവാന്‍ സാധിക്കും.
കുട്ടികളുടെ എല്ലാ കാര്യങ്ങളിലും നാം തല്‍പരരായിത്തീരണം. അവരുടെ സ്‌കൂളില്‍ എന്തെങ്കിലും പ്രത്യേക പരിപാടിയുള്ളപ്പോഴും അവര്‍ കളികളില്‍ മത്സരിക്കുമ്പോഴും അവിടെ നാം സന്നിഹിതരാവുകയും അവരുടെ പ്രവര്‍ത്തനം വീക്ഷിക്കുകയും ചെയ്യണം. കുഞ്ഞുങ്ങള്‍ ചെയ്യുന്ന കാര്യങ്ങളില്‍ നാം താല്‍പര്യം പ്രദര്‍ശിപ്പിക്കുന്നതു കാണുമ്പോള്‍ അവരുടെ ഹൃദയം നമ്മില്‍ വിശ്വാസമര്‍പ്പിക്കും.
അവധി ദിവസങ്ങളില്‍ നാം അവരോടൊത്തു വീട്ടിലിരുന്നു കളിക്കാവുന്ന കളികളില്‍ ഏര്‍പ്പെടുകയും അവര്‍ക്കിഷ്ടമുള്ള കാര്യങ്ങളെപ്പറ്റി സംസാരിക്കുകയും വേണം. അവരില്‍ ഓരോരുത്തരുമായി നാം സംസാരിക്കുകയും അവര്‍ പറയുമ്പോള്‍ നാം ശ്രദ്ധയോടെ കേള്‍ക്കുകയും വേണം. അപ്പോള്‍ നാം പറയുന്ന കാര്യങ്ങള്‍ അവര്‍ ശ്രദ്ധിച്ചു കേള്‍ക്കും.
കുട്ടികളുടെ പഠിത്ത കാര്യങ്ങളിലും നാം ശ്രദ്ധ ചെലുത്തണം. അവര്‍ക്കു ചില പാഠഭാഗങ്ങള്‍ മനസ്സിലാകുന്നില്ലെങ്കില്‍ അവരെ വഴക്കു പറഞ്ഞിട്ടു കാര്യമില്ല. നാം തന്നെ ആ വിഷയം പഠിച്ചതിനു ശേഷം അവര്‍ക്ക് അതു പറഞ്ഞു മനസ്സിലാക്കിക്കൊടുക്കണം. നമ്മുടെ കഴിവിനപ്പുറമായ കാര്യമാണ് അതെങ്കില്‍ മറ്റാരുടെയെങ്കിലും സഹായം തേടണം. കുട്ടികളുടെ പഠന സമയത്തു നാം സന്ദര്‍ശനങ്ങള്‍ക്കായി പോകരുത്. കുട്ടികള്‍ക്കു നമ്മുടെ ശ്രദ്ധ ആവശ്യമായിരിക്കുമ്പോള്‍ നാം അതിഥികളെ സല്‍ക്കരിക്കുന്നതില്‍ ജാഗരൂകരാകാനും പാടില്ല. കുട്ടികളെ പഠിപ്പിക്കുന്ന കാര്യത്തില്‍ നാം ധാരാളം ത്യാഗങ്ങള്‍ അനുഷ്ഠിക്കേണ്ടി വരും. അതു ശരിയായി ചെയ്യേണ്ടതിലേക്കു സാമൂഹ്യ കാര്യങ്ങളിലുള്ള നമ്മുടെ അതിശ്രദ്ധ ഉപേക്ഷിക്കേണ്ടതായും വരും. കുട്ടികള്‍ വളര്‍ന്നു നല്ല നിലയില്‍ വരുന്നതു കാണുമ്പോള്‍ നാം അതില്‍ ഖേദിക്കേണ്ടി വരികയില്ല.
കൗമാര പ്രായത്തിലുള്ള തങ്ങളുടെ കുട്ടികളുമായി ഒരുമിച്ചു പോകാനും അവരുമായി പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാനും പല അമ്മമാരും വളരെ പാടുപെടാറുണ്ട്. ഈ അമ്മമാര്‍ കുട്ടികള്‍ ചെറുപ്പമായിരുന്നപ്പോള്‍ ജോലിക്കു പോവുകയും കൂട്ടുകാരെ സല്‍ക്കരിക്കുകയും ചെയ്തതുമൂലം തങ്ങളുടെ കുഞ്ഞുങ്ങളുമായി അല്പംപോലും സമയം ചെലവിടാതിരുന്നതാവാം ഒരു കാരണം. ഇപ്പോള്‍ കാര്യങ്ങള്‍ തകിടം മറിഞ്ഞിരിക്കുന്നു. കൗമാര പ്രായത്തിലുള്ള അവരുടെ കുട്ടികള്‍ക്കു അമ്മമാരുമായി ചെലവിടുവാന്‍ അല്പംപോലും സമയമില്ല എന്ന സ്ഥിതിവിശേഷമാണിപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്!!
കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ അവരുടെ വിശ്വാസം നാം നേടിയെടുക്കേണ്ടതാണ്. അതില്‍ നാം പരാജയപ്പെട്ടെങ്കില്‍ നാം കര്‍ത്താവിനെ അന്വേഷിക്കുകയും ഇപ്പോഴെങ്കിലും അതു ചെയ്യാന്‍ ഉത്സാഹിക്കുകയും ചെയ്യാം. ശ്രമിച്ചു തുടങ്ങുവാന്‍ ഒരിക്കലും താമസിച്ചു പോയിട്ടില്ല. ആശയറ്റവരായി നാം ഒരിക്കലും തീരരുത്.
കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ പ്രത്യേക ദാനങ്ങളാണെന്ന കാര്യം നാം ഒരിക്കലും മറന്നു പോകരുത്. ഓരോ കുഞ്ഞിനെപ്പറ്റിയും ദൈവം ഇപ്രകാരം നമ്മോടു പറയുന്നു: ''നീ ഈ പൈതലിനെ കൊണ്ടുപോയി എനിക്കായി വളര്‍ത്തണം. ഞാന്‍ നിനക്കു പ്രതിഫലം തരാം'' (പുറ. 2:9).
കുഞ്ഞുങ്ങള്‍ നമുക്കു വിലയേറിയവരാണെന്ന ബോധത്തോടെ അവര്‍ വളര്‍ന്നു വരട്ടെ. ആദ്യമായി അമ്മമാരില്‍ നിന്നും അവര്‍ ദൈവത്തിന്റെ നന്മ രുചിച്ചറിയേണ്ടതാണ്. അപ്പോള്‍ നമ്മുടെ ഭവനങ്ങള്‍ ദൈവം ആഗ്രഹിക്കുന്ന മാതൃകയിലുള്ളവയായിത്തീരും.ദൈവത്തിന് മഹത്വം ലഭിക്കുകയും ചെയ്യും.
ചട്ടങ്ങളല്ല, ജീവിതപ്രമാണങ്ങള്‍ കുട്ടികളെ പഠിപ്പിക്കുക
അമ്മമാരെന്ന നിലയില്‍ കുട്ടികളുടെ തെറ്റുകളെ ശരിയായ വിധത്തില്‍ തിരുത്തേണ്ടതെങ്ങനെ എന്നു നാം സാധാരണ ചിന്തിക്കാറുണ്ട്. എന്നാല്‍ നാം അവര്‍ക്കു ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം കൊടുക്കുന്ന പക്ഷം ആവശ്യമില്ലാത്ത വളരെയധികം തിരുത്തലുകള്‍ ഒഴിവാക്കുവാന്‍ നമുക്കു കഴിയും.
കുട്ടികള്‍ക്കു നാം നല്‍കുന്ന നിയമങ്ങള്‍ എണ്ണത്തില്‍ കുറവായിരിക്കണം. ആവശ്യത്തിലധികം നിയമങ്ങള്‍ നാം നല്‍കുന്ന പക്ഷം ഒന്നുകില്‍ അവര്‍ നിയമബദ്ധരായിത്തീരുകയോ അല്ലെങ്കില്‍ നാം നല്‍കുന്ന നിയമങ്ങളെല്ലാം ലംഘിക്കുകയോ ചെയ്യും. അതിനാല്‍ ഒട്ടധികം നിയമങ്ങള്‍ നല്‍കുന്നതിനു പകരം ജീവിതപ്രമാണങ്ങള്‍ നാം അവരെ പഠിപ്പിക്കണം. സങ്കീര്‍ണ്ണ നിയമങ്ങളെക്കാള്‍ ലളിതങ്ങളായ നിര്‍ദ്ദേശങ്ങളായിരിക്കും നല്ലത്.
നാം കുട്ടികളെ പഠിപ്പിക്കേണ്ട സര്‍വ്വപ്രധാനങ്ങളായ പ്രമാണങ്ങള്‍ ഇവയാണ്: മാതാപിതാക്കളോടുള്ള അനുസരണം, സത്യസന്ധത, നിസ്സ്വാര്‍ത്ഥത, മുതിര്‍ന്നവരോടുള്ള ആദരവ്, മറ്റുള്ളവരുടെ അവകാശങ്ങളെപ്പറ്റിയുള്ള കരുതല്‍. ഈ പ്രമാണങ്ങള്‍ അവര്‍ അനുസരിക്കുന്ന പക്ഷം ഒട്ടു വളരെ ചട്ടങ്ങള്‍ അവര്‍ക്കാവശ്യമില്ല. പില്‍ക്കാലത്ത് അവര്‍ ഭവനത്തില്‍ നിന്ന് അകലത്തേക്കു പോകുമ്പോള്‍ ഈ പ്രമാണങ്ങളും മൂല്യങ്ങളും ജീവിത കാലം മുഴുവന്‍ അവര്‍ക്കു വഴി കാട്ടും.
മാതാപിതാക്കന്മാരെ ബഹുമാനിക്കുന്ന കുട്ടികള്‍ക്കു നന്മ വരും എന്നു ബൈബിള്‍ വാഗ്ദാനം ചെയ്യുന്നു. നാം കുട്ടികളുടെ നന്മ ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ നമ്മെ ആദരിക്കുവാന്‍ പഠിപ്പിക്കേണ്ടതാണ്. മുതിര്‍ന്ന ആളുകളോടെല്ലാം ബഹുമാനത്തോടെ സംസാരിക്കുവാനും നാമവരെ പഠിപ്പിക്കണം.
വീട്ടില്‍ പ്രായോഗിക കാര്യങ്ങളിലെല്ലാം കുട്ടികള്‍ നിസ്സ്വാര്‍ത്ഥരായിരിക്കാന്‍ നാം അവരെ പരിശീലിപ്പിക്കണം. അവരുടെ കളിപ്പാട്ടങ്ങളും അവര്‍ ഇഷ്ടപ്പെടുന്ന മറ്റു സാധനങ്ങളും അന്യോന്യവും വീട്ടില്‍ വരുന്ന മറ്റു കുട്ടികള്‍ക്കായും പങ്കു വയ്ക്കുവാന്‍ നാം അവരെ പഠിപ്പിക്കണം.
മറ്റുള്ളവരുടെ വസ്തു വകകള്‍ക്കു വേണ്ടി ആദരപൂര്‍വ്വം കരുതുവാനും ഒരിക്കലും അവ അപഹരിക്കാതിരിപ്പാനും നാം കുട്ടികളെ പഠിപ്പിക്കണം. തങ്ങളുടേതല്ലാത്ത സാധനങ്ങള്‍ സ്‌കൂളില്‍ നിന്നും ഭവനത്തില്‍ കൊണ്ടുവരാന്‍ ഒരിക്കലും നാം അവരെ അനുവദിക്കരുത്. നാം മറ്റുള്ളവരില്‍ നിന്നും സാധനങ്ങള്‍ കടം വാങ്ങിയ ശേഷം അവ തിരിച്ചു കൊടുക്കാന്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ അവരും അതുപോലെ തന്നെ പ്രവര്‍ത്തിക്കും. കുട്ടികള്‍ ജന്മനാ സല്‍സ്വഭാവികളല്ല. സല്‍ഗുണങ്ങള്‍ ശീലിക്കാന്‍ നാം അവരെ പഠിപ്പിക്കണം.
വീട്ടില്‍ വച്ചു കായികാധ്വാനമുള്ള കാര്യങ്ങള്‍ ചെയ്യുവാന്‍ കുട്ടികളെ നാം പഠിപ്പിക്കണം. എപ്പോഴും ഒരു കുട്ടിക്ക് ഒരേ ജോലി തന്നെ കൊടുക്കരുത്. അവരവരുടെ കഴിവിനനുസരിച്ചു കുട്ടികള്‍ ജോലികള്‍ മാറി മാറി ചെയ്യണം. അവര്‍ വീട്ടില്‍ ചെയ്യുന്ന ജോലികള്‍ക്കു കൂലിയോ പ്രതിഫലമോ കൊടുക്കുന്ന പതിവിടരുത്. ഈ കാര്യത്തില്‍ ഭിന്നാഭിപ്രായമുണ്ടെന്ന് എനിക്കറിയാം. പക്ഷേ ഈ ഏര്‍പ്പാടില്‍ പല അപകടങ്ങളുമുണ്ട്. വല്ലപ്പോഴുമൊരിക്കല്‍ പ്രതിഫലം കൊടുക്കുന്നതുകൊണ്ടു ദോഷമില്ലായിരിക്കാം. പക്ഷേ വീട്ടുവേലകളില്‍ സഹായിക്കുക കുടുംബാംഗങ്ങളുടെയെല്ലാം കടമയാണെന്ന് അവര്‍ മനസ്സിലാക്കണം. അതു അപ്പനോ അമ്മയോ മക്കളോ ആരുമായിക്കൊള്ളട്ടെ, വീട്ടുവേലയില്‍ സഹായിക്കുന്നത് ഒരൗദാര്യം കാട്ടലാണെന്ന് അവര്‍ ചിന്തിക്കുവാന്‍ ഇടയാകരുത്.
കുട്ടികള്‍ക്കു പറയാനുള്ളത് ഏതു കാര്യത്തെപ്പറ്റിയാണെങ്കിലും എപ്പോഴും പറയുവാന്‍ നാം അവര്‍ക്കു സ്വാതന്ത്ര്യം കൊടുക്കണം. അവര്‍ പരുഷമായോ ധിക്കാരമായോ പെരുമാറാന്‍ നാം അവരെ അനുവദിച്ചു കൂടാ. എന്നാല്‍ സ്വാതന്ത്ര്യമായി സംസാരിക്കുവാന്‍ നാം അവരെ അനുവദിച്ചാല്‍ അവരെ വിഷമിപ്പിക്കുന്ന കാര്യങ്ങള്‍ വേഗം കണ്ടു പിടിക്കാന്‍ നമുക്കു കഴിയും. അവര്‍ ഒഴിഞ്ഞുമാറി മിണ്ടാതിരുന്നാല്‍ എന്തോ തകരാറുണ്ടെന്ന് നമുക്കു മനസ്സിലാക്കാം. കുട്ടികളുടെ വിശ്വാസം നേടിയെടുക്കാന്‍ നമുക്കു കഴിയണം. തങ്ങളുടെ ഉറ്റ സുഹൃത്തുക്കളായി അവര്‍ നമ്മെ കരുതുകയും വേണം.
വിശ്വാസം വളര്‍ത്തുവാന്‍ അമ്മമാര്‍ കാട്ടേണ്ട മാതൃക
അമ്മമാരായ നാം കുട്ടികളെ കുറ്റം പറയാതെ സഹായിക്കാന്‍ ഒരുമ്പെട്ടു എന്ന കാര്യം അവര്‍ എപ്പോഴും വില മതിക്കും. കുഞ്ഞുങ്ങളുമായി സുഹൃദ് ബന്ധം വളര്‍ത്തുവാന്‍ നാം സമയം എടുക്കുമെങ്കില്‍ അവരെ തിരുത്തേണ്ട ആവശ്യം അധികമുണ്ടാവില്ല. നാം അവര്‍ക്കായി ചെയ്യുന്ന ത്യാഗങ്ങളും അവര്‍ക്കു കൊടുക്കുന്ന പൂര്‍ണ്ണ ശ്രദ്ധയും കണ്ട് അവര്‍ സ്‌നേഹപൂര്‍വ്വം പ്രതികരിക്കും. വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ സ്വയം ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുമ്പോള്‍ ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളിലേക്ക് അവര്‍ തിരിഞ്ഞു നോക്കും. അന്ന് അമ്മമാരായ നാം നമ്മുടെ വിശ്വാസം കൈവിടാതിരുന്നതും ദൈവം നമ്മെ ജയാളികളായിത്തീര്‍ത്തതും അവര്‍ ഓര്‍ക്കും. ഇപ്രകാരമാണ് അവരുടെ വിശ്വാസം വളരാന്‍ ഇടയാകുന്നത്.
വീട്ടിലുള്ള വേലക്കാരോടു കുട്ടികള്‍ പരുഷമായി ഇടപെടുവാന്‍ നാം അവരെ അനുവദിക്കരുത്. അപ്രകാരമുള്ള പെരുമാറ്റത്തിന് വേലക്കാരനോടു ക്ഷമാപണം നടത്താന്‍ നാം കുട്ടിയോട് ഒരിക്കലെങ്കിലും ആവശ്യപ്പെടുന്ന പക്ഷം മോശമായ പെരുമാറ്റത്തില്‍ നിന്നു പിന്മാറുവാന്‍ അതു കുട്ടിക്ക് അവസരം നല്‍കും. വീട്ടില്‍ നമ്മെ സഹായിക്കുന്ന വേലക്കാരോട് നന്ദിയുള്ളവരായിരിപ്പാന്‍ നാം അവരെ അഭ്യസിപ്പിക്കണം. കുട്ടികള്‍ സ്‌കൂളില്‍ ഒരു കാഷ് അവര്‍ഡ് നേടുമ്പോള്‍ വേലക്കാരന് അഭിനന്ദന സൂചകമായി ഒരു സമ്മാനം കൊടുക്കാന്‍ നാം അവരെ പ്രോത്സാഹിപ്പിക്കണം. നമുക്കുവേണ്ടി ജോലി ചെയ്യുന്ന ആരെയെങ്കിലും കുട്ടികള്‍ നിന്ദിച്ചാല്‍ അതു വളരെ ഗൗരവമായി നാം എടുക്കണം. വേലക്കാരുടെ നിര്‍ഭാഗ്യകരമായ സാഹചര്യങ്ങള്‍ അവരെ സാമൂഹികമായി താഴ്ന്ന നിലയിലാക്കി; പക്ഷേ നമ്മുടെ കുട്ടികള്‍ അവരെ നിന്ദിക്കുന്ന പക്ഷം അവരുടെ സ്രഷ്ടാവ് അതു കണ്ട് മാതാപിതാക്കളായ നമ്മെ അതിന് ഉത്തരവാദികളായിക്കരുതും. സാമൂഹികമായി താഴേക്കിടയിലുള്ളവരുടെ മുമ്പില്‍ വലുപ്പം ഭാവിച്ച് അവര്‍ വളര്‍ന്നു വരികയാണെങ്കില്‍ അതു കാലക്രമേണ അവരെ നശിപ്പിക്കും. ക്ഷമ ചോദിക്കുന്നത് എല്ലാവര്‍ക്കും പ്രയാസമുള്ള കാര്യമാണ്. അമ്മമാരായ നാം അതിനൊരു മാതൃക കാട്ടിയാല്‍ നന്നായിരിക്കും.
ഭര്‍ത്താക്കന്മാരോടുള്ള ഒരുമയും വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. നാം കുഞ്ഞുങ്ങളോട് ഇടപെടുമ്പോള്‍ അതു നമുക്കു ആത്മീയാധികാരം നല്‍കുന്നു. നമ്മുടെ ഭര്‍ത്താക്കന്മാരുമായുള്ള എല്ലാ അഭിപ്രായ ഭിന്നതകളും എത്രയും വേഗം പറഞ്ഞു തീര്‍ക്കുവാന്‍ നമ്മാലാവുന്നതെല്ലാം നാം ചെയ്യണം. ദൈവമഹത്വത്തിനായിട്ടാണ് നാമതു ചെയ്യേണ്ടത്. നമ്മുടെ ഭര്‍ത്താക്കന്മാര്‍ക്കു നാം കീഴടങ്ങുന്നില്ലെങ്കില്‍ കുട്ടികള്‍ നമുക്കു കീഴ്‌പ്പെടുമെന്നു നാം പ്രതീക്ഷിക്കരുത്. ഭര്‍ത്താവിനു കീഴ്‌പ്പെടാതെ മത്സരഭാവത്തോടെ ജീവിക്കുന്ന ഒരു ഭാര്യ കുടുംബാന്തരീക്ഷത്തിലേക്കു മത്സരത്തിന്റെ ആത്മാവിനെ വ്യാപിപ്പിക്കുന്നു. ഈ രോഗബീജം അവളില്‍ നിന്നും കുട്ടികള്‍ക്കെല്ലാം പടര്‍ന്നു പിടിക്കുവാനും ഇടയാകും!! നമുക്കും നമ്മുടെ ഭര്‍ത്താക്കന്മാര്‍ക്കും ഒരു പൊതുലക്ഷ്യം ഉണ്ടെന്ന കാര്യം നാം മറക്കരുത്. നമ്മുടെ കുട്ടികളുടെ നന്മയും ക്ഷേമവുമാണ് ആ പൊതുലക്ഷ്യം.
നമ്മുടെ കുഞ്ഞുങ്ങളെ പരസ്യമായി ആവശ്യത്തിലധികം പുകഴ്ത്തുന്നത് നാം ഒഴിവാക്കണം. കാരണം, അത് അവരെ നിഗളികളാക്കും. നാം മുഖസ്തുതി പറയുകയാണെന്നോ അതിശയോക്തി കലര്‍ത്തുകയാണെന്നോ അവര്‍ ചിന്തിക്കുവാനും ഇടയാകും.
പരസ്യമായും രഹസ്യമായും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതു നല്ലതാണ്. പക്ഷേ അതു നാം കരുതലോടെ മാത്രമേ നാം ചെയ്യാവു. ഒരു കുട്ടിയെ പരസ്യമായി പുകഴ്ത്തുന്നത് മറ്റുള്ളവരില്‍ അസൂയയും ശത്രുതയും വളര്‍ത്തും. ആ കുട്ടി സ്വയനീതിയോടെ പെരുമാറാന്‍ അത് ഇടയാക്കിയെന്നും വരാം.
നമ്മുടെ ഭവനം സ്വര്‍ഗ്ഗത്തിന്റെ ഒരു പതിപ്പായിരിക്കണം. ''ഭൂമിയില്‍ സ്വര്‍ഗ്ഗതുല്യമായ'' ഒരു ഭവനം നാം കുട്ടികള്‍ക്കു നല്‍കണം. ലോകത്തില്‍ അവര്‍ നേരിടുന്ന പരീക്ഷകളിലും പോരാട്ടങ്ങളിലും നിന്നു പിന്‍വാങ്ങി വിശ്രമിക്കാനുള്ള ഒരു സുരക്ഷിത സങ്കേതമായിരിക്കണം അത്.
സുശിക്ഷിത മാര്‍ഗ്ഗങ്ങളില്‍ കുട്ടികളെ വളര്‍ത്തുക
കുട്ടികള്‍ക്കാവശ്യമായ നല്ല കാര്യങ്ങളില്‍ ഒന്നാണ് ശിക്ഷണം. ഭക്ഷണം, പഠനം, വിനോദം, എന്നിവയെല്ലാം ശരിയായ ശീലങ്ങള്‍ ലഭിക്കുവാന്‍ വേണ്ട ശിക്ഷണം തന്നെ. അവധിക്കാലങ്ങളില്‍പോലും അല്പം പഠിക്കുന്നതും വാക്യങ്ങള്‍ മനഃപാഠമാക്കുന്നതും അവര്‍ക്കു നല്ലതാണ്.
അവരുടെ സ്വന്തം സാധനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുക, കൃത്യസമയത്ത് ഉണരുക, യഥാസമയം ആഹാരം കഴിക്കുക എന്നീ കാര്യങ്ങള്‍ ചെറുപ്പത്തിലെ നാം കുട്ടികളെ പഠിപ്പിച്ചാല്‍ ജീവിതം നമുക്കു സുഗമമായിത്തീരും. മുതിര്‍ന്ന കുട്ടികള്‍ തങ്ങളുടെ അമ്മമാര്‍ എല്ലാം ചെയ്യുമെന്ന ചിന്തയിലിരിക്കാതെ അവരവരുടെ അടിവസ്ത്രങ്ങള്‍ കഴുകുകയും വീട്ടിലെ കഠിന ജോലികള്‍ ചിലതു ചെയ്യാന്‍ സഹായിക്കുകയും വേണം. ഇവ പഠിക്കാന്‍ അവര്‍ അല്പസമയം എടുത്തെന്നു വരാം. എങ്കിലും ഒരിക്കല്‍ പഠിച്ചു കഴിഞ്ഞാല്‍ ഈ ശീലങ്ങള്‍ ജീവിതത്തിലുടനീളം അവര്‍ക്കു സഹായകമായിത്തീരും.
ദൈവത്തെ ബഹുമാനിക്കുവാനും ജീവിതത്തില്‍ പ്രഥമസ്ഥാനം ദൈവത്തിനു കൊടുക്കുവാനും നാം കുട്ടികളെ പഠിപ്പിക്കണം. അവര്‍ ചെറുപ്പമായിരിക്കുമ്പോള്‍ ഈ കാര്യം അവരെ പഠിപ്പിക്കുവാനുള്ള ഒരു വഴി സഭയിലെ മീറ്റിംഗുകളില്‍ മുടങ്ങാതെയും കൃത്യസമയത്ത് അവരെ പങ്കെടുപ്പിക്കുന്നതിലൂടെയുമാണ്. പിറ്റേ ദിവസം പരീക്ഷ ഉണ്ടായിരിക്കുമ്പോള്‍ പോലും എന്റെ കുട്ടികള്‍ ഞായറാഴ്ചത്തെ സഭായോഗങ്ങളില്‍ പങ്കെടുത്തു ദൈവത്തെ ആദരിച്ചപ്പോള്‍ ദൈവം അവരെ സഹായിച്ചതായി ഞാന്‍ കണ്ടിട്ടുണ്ട്. തന്നെ മാനിക്കുന്നവരെ ദൈവം മാനിക്കും.
മീറ്റിംഗുകളില്‍ നിശ്ശബ്ദരായിരിക്കുവാന്‍ നാം കുട്ടികളെ അഭ്യസിപ്പിക്കേണ്ടതാണ്. തന്മൂലം മീറ്റിംഗില്‍ ശ്രദ്ധിക്കുന്ന മറ്റുള്ളവര്‍ക്കു ശല്യമുണ്ടാകാതിരിക്കും. മാത്രമല്ല, തങ്ങള്‍ ദൈവത്തെ ബഹുമാനിക്കുകയാണു ചെയ്യുന്നതെന്ന് അവരെ നാം ബോധ്യപ്പെടുത്തുകയും ചെയ്യും. ചെറിയ കുഞ്ഞുങ്ങള്‍ മീറ്റിംഗില്‍ പങ്കെടുക്കുമ്പോള്‍ അവര്‍ക്ക് ഏതെങ്കിലും കഥാപുസ്തകമോ ചിത്രം ചായമിടുവാനുള്ള പുസ്തകമോ നാം കൊടുക്കണം. അവര്‍ വളര്‍ന്നു വലുതായി പരപ്രേരണ കൂടാതെ മീറ്റിംഗില്‍ പങ്കെടുക്കുമ്പോഴും അവര്‍ അച്ചടക്കത്തോടെ ഇരിക്കുന്നുണ്ടോ എന്നറിവാന്‍ നാം അവരെ നിരീക്ഷിക്കണം. തെറ്റായി അവര്‍ പെരുമാറുന്ന പക്ഷം വീട്ടില്‍ വരുമ്പോള്‍ നാം അവര്‍ക്കു താക്കീതു നല്‍കുകയും ദൈവത്തെ ബഹുമാനിക്കുന്നതിന്റെ പ്രാധാന്യം അവരെ ഓര്‍മിപ്പിക്കുകയും ചെയ്യണം.
കുട്ടികള്‍ പ്രസംഗം ശ്രദ്ധിക്കാന്‍ തക്കവണ്ണം മുതിര്‍ന്നവരെങ്കില്‍ നാം അവര്‍ക്കു കഥാപുസ്തകം കൊടുക്കുന്നതു നല്ലതല്ല. തങ്ങളുടെ ക്ലാസ്സുമുറിയില്‍ ഒരു ദിവസം മൂന്നു നാലു മണിക്കൂര്‍ അവര്‍ക്കു പാഠങ്ങള്‍ ശ്രദ്ധിക്കാമെങ്കില്‍ തീര്‍ച്ചായായും ഒരു മീറ്റിംഗിലെ രണ്ടു മണിക്കൂര്‍ ശ്രദ്ധിച്ചിരിക്കാന്‍ അവര്‍ക്കു കഴിയും. ടീച്ചര്‍ അവരെ പഠിപ്പിക്കുമ്പോള്‍ കഥാപുസ്തകം വായിക്കുവാന്‍ നാം അവരെ അനുവദിക്കുന്നില്ലല്ലോ. അതുപോലെ മീറ്റിംഗിലും അവര്‍ അതു ചെയ്യാന്‍ പാടില്ല!
കുട്ടികള്‍ തങ്ങള്‍ക്കു ലഭിക്കുന്ന ഭക്ഷണത്തിലും വസ്ത്രങ്ങളിലും തൃപ്തരായിരിപ്പാനും നിത്യോപയോഗ സാധനങ്ങളൊന്നും പാഴാക്കാതിരിപ്പാനും നാം അവരെ പഠിപ്പിക്കണം.
ശിക്ഷണപൂര്‍വമായ പഠനശീലം പ്രധാനമാണ്. കുട്ടികള്‍ ചെറുതായിരിക്കുമ്പോള്‍ നാം അവരോടൊപ്പമിരുന്നു പാഠങ്ങള്‍ അവരെ പഠിപ്പിക്കണം. ആത്മവിശ്വാസത്തോടെ ക്ലാസ്സിലിരിക്കുവാന്‍ ഇതവരെ സഹായിക്കും. വിദ്യാഭ്യാസം അവരുടെ ദൈവമായിരിക്കണമെന്നു നാം ആഗ്രഹിക്കുന്നില്ല. എന്നാല്‍ മടി മൂലം അവര്‍ പഠിത്തത്തില്‍ മോശമായാല്‍ അതു ദൈവത്തെ മഹത്വപ്പെടുത്തുകയില്ല. നമ്മുടെ കുട്ടികള്‍ ബുദ്ധിശാലികള്‍ അല്ലെന്നു വരാം. എങ്കിലും അവര്‍ കഠിനാധ്വാനം ചെയ്യുവാന്‍ നാം അവരെ ഉത്സാഹിപ്പിക്കണം.
''ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അവനെ അഭ്യസിപ്പിക്ക; അവന്‍ വൃദ്ധനായാലും അതു വിട്ടു മാറുകയില്ല'' (സദൃ. 22:6).
''പ്രത്യാശയുള്ളേടത്തോളം നിന്റെ മകനെ ശിക്ഷിക്ക. അങ്ങനെ ചെയ്തില്ലെങ്കില്‍ നീ അവന്റെ ജീവിതം നശിപ്പിക്കും' (സദൃ. 19:18 ലിവിംഗ് ബൈബിള്‍).
''ബാലന്റെ ഹൃദയത്തില്‍ മത്സരം നിറഞ്ഞിരിക്കുന്നു. ശിക്ഷ അതിനെ അവനില്‍ നിന്നു ഓടിച്ചു കളയും'' (സദൃ. 22:15 ലിവിംഗ് ബൈബിള്‍).
''ബാലനു ശിക്ഷ കൊടുക്കാതിരിക്കരുത്. വടികൊണ്ടു അടിച്ചാല്‍ അവന്‍ ചത്തു പോകയില്ല. വടികൊണ്ടു നീ അവനെ അടിക്കുന്നതിനാല്‍ നീ അവന്റെ പ്രാണനെ പാതാളത്തില്‍ നിന്നു വിടുവിക്കും'' (സദൃ. 22:13,14).
''നിന്റെ മകനെ ശിക്ഷിക്ക. അവന്‍ നിനക്കു സന്തോഷവും സമാധാനവും തരും'' (സദൃ. 29:17).
നമ്മുടെ കുഞ്ഞുങ്ങളെ തിരുത്തകയും ശിക്ഷണത്തില്‍ വളര്‍ത്തുകയും ചെയ്യുന്ന കാര്യത്തില്‍ നമുക്കു വളരെ ജ്ഞാനവും കൃപയും ആവശ്യമാണ്. ദൈവം നമ്മെ ശിക്ഷണാധീനരാക്കി വളര്‍ത്തുന്നതുപോലെ നാമും കുട്ടികളും ആത്യന്തികമായ നന്മ മുന്‍പില്‍ കണ്ടുകൊണ്ട് സ്‌നേഹത്തോടും സഹതാപത്തോടും കൂടി അവരുടെ തെറ്റു തിരുത്തി അവരെ ശിക്ഷിച്ചു വളര്‍ത്തണം. കുഞ്ഞുങ്ങളുടെ ശിക്ഷണം ഒന്നാകെ നമ്മുടെ ഭര്‍ത്താക്കന്മാരെ മാത്രം ഏല്പിക്കരുത്. ദൂര്‍ബ്ബലയായ ഒരധ്യാപിക അനുസരണം കെട്ട കുട്ടിയെ എപ്പോഴും ശിക്ഷയ്ക്കായി ഹെഡ്മാസ്റ്ററുടെ അടുത്തേക്ക് അയയ്ക്കും. അപ്രകാരമുള്ള അധ്യാപികയെയും അമ്മയെയും കുട്ടികള്‍ ബഹുമാനിക്കയില്ല. നാം സ്വയം അവരെ ഒരിക്കലും ശിക്ഷണത്തില്‍ വളര്‍ത്തുന്നില്ലെങ്കില്‍ നാം കഴിവില്ലാത്തവരാണെന്ന് അവര്‍ മനസ്സിലാക്കും. അവരുടെ മേല്‍ നമുക്കുള്ള അധികാരം വേഗം നഷ്ടമാവുകയും ചെയ്യും.
നാം ഏതെല്ലാം കാര്യങ്ങളില്‍ കുട്ടികളെ തിരുത്തണമെന്നും ഏതെല്ലാം കാര്യങ്ങള്‍ അവഗണിക്കണമെന്നും നാം അറിഞ്ഞിരിക്കണം. ഏതു ഭൗതിക നഷ്ടത്തെക്കാളും അവരുടെ സ്വഭാവമാണ് പ്രധാനം എന്നതാണ് നാം ഓര്‍ത്തിരിക്കേണ്ട അടിസ്ഥാനപ്രമാണം. നമുക്കു തന്നെ ശാശ്വത മൂല്യങ്ങളെപ്പറ്റി ശരിയായൊരു ബോധം ഉണ്ടായിരിക്കണം. കുട്ടികള്‍ നമ്മോടോ അന്യരോടോ അപമര്യാദയായി പെരുമാറുകയോ മനഃപൂര്‍വ്വം വ്യാജം പറയുകയോ ചെയ്യുന്നെങ്കില്‍ വിലകൂടിയ ഒരുപകരണം ഉടച്ചു കളയുന്നതിലധികം ഗൗരവമായി അതു നാം പരിഗണിക്കണം.
നാം കുട്ടികളെ ശിക്ഷിക്കുമ്പോള്‍ കോപം, അക്ഷമ, ശുണ്ഠി എന്നിവയ്‌ക്കൊന്നും വിധേയരായിത്തീരാതെ സൂക്ഷിക്കേണ്ടതാണ്. കോപത്തോടെ നാം അവരെ ഒരിക്കലും ശിക്ഷിക്കരുത്. നാമെല്ലാവരും ഈ മേഖലയില്‍ പരാജയപ്പെട്ടിട്ടുണ്ട് എന്നെനിക്കു തീര്‍ച്ചയാണ്. പക്ഷേ നാം മാനസാന്തരപ്പെട്ടു ഭാവിയില്‍ സ്‌നേഹത്തോടെ കുഞ്ഞുങ്ങളെ തിരുത്തുന്നിനുള്ള കൃപയ്ക്കായി കര്‍ത്താവിനോട് അപേക്ഷിക്കണം.
കഠിനമായ ഒരധ്വാനം ഒരിക്കലും ഒരു ശിക്ഷയായി കുട്ടികള്‍ക്കു നാം നല്‍കരുത്. ഒരു ശിക്ഷയായിട്ടല്ല, മറിച്ച് തങ്ങളുടെ കടമ എന്ന നിലയില്‍ ജോലി ചെയ്യാന്‍ അവര്‍ പഠിക്കണം. അതുപോലെ ഒരു ശിക്ഷയെന്ന നിലയില്‍ നാമവര്‍ക്ക് ആഹാരം നിഷേധിക്കരുത്. ചോക്കലേറ്റ്, ഐസ്‌ക്രീം മുതലായ ആഡംബര വസ്തുക്കള്‍ ഒരുപക്ഷേ നിഷേധിച്ചാലും ദോഷമില്ല. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കു നല്ല ഭക്ഷണം ആവശ്യമാണ്.
ഏതെങ്കിലും അനുസരക്കേടിന് അവരെ ശിക്ഷിക്കും എന്നൊരു താക്കീത് നാം നല്‍കുന്ന പക്ഷം നാം ആ വാക്കു പാലിക്കണം. അല്ലാത്തപക്ഷം നമ്മുടെ ഭീഷണികള്‍ പൊള്ളയാണെന്ന് അവര്‍ വിചാരിക്കുകയും നമ്മുടെ വാക്കുകള്‍ക്ക് അവയര്‍ഹിക്കുന്ന വില കല്പിക്കാതിരിക്കുകയും ചെയ്യും. ലഘുവായ ശിക്ഷ മാത്രമേ അവര്‍ അര്‍ഹിക്കുന്നുള്ളുവെന്നു കണ്ടാല്‍ ശിക്ഷയുടെ കാഠിന്യം നാം കുറയ്ക്കണം. തങ്ങള്‍ ചെയ്ത തെറ്റിനെക്കുറിച്ച് അവര്‍ പശ്ചാത്തപിക്കുന്നതായി നാം കണ്ടാല്‍ ശിക്ഷ റദ്ദാക്കുക പോലും ചെയ്യാം. സര്‍വ്വശക്തനായ ദൈവംപോലും നിനവേക്കാര്‍ മാനസാന്തരപ്പെട്ടതു കണ്ടപ്പോള്‍ അവരോടു കരുണ കാണിച്ച് അവരെ ശിക്ഷിക്കാതെ വിട്ടുവല്ലോ. ദൈവം ചിലപ്പോള്‍ കര്‍ശനമായും ചിലപ്പോള്‍ ദയവോടും നമ്മോട് ഇടപെടുന്നു. അതുപോല നമുക്കും നമ്മുടെ കുട്ടികളോട് ഇടപെടാം.
ശിക്ഷ എന്നത് വടിയോ ബെല്‍റ്റോ ഉപയോഗിക്കുന്നതു മാത്രമല്ല. ചിലപ്പോള്‍ നമുക്ക് അവര്‍ കളിക്കാന്‍ പോകുന്നതു തടയുകയും അല്പനേരം നിശ്ശബ്ദരായി കിടക്കയില്‍ കിടക്കാന്‍ പറയുകയും ചെയ്യാം. തങ്ങള്‍ തെറ്റു ചെയ്യുമ്പോള്‍ ഇത്തരം കാര്യങ്ങളും അവരുടെ ഹൃദയത്തോടു സംസാരിക്കും.
നാം ഒരിക്കലും കുട്ടികളെ കരുണയില്ലാതെ ശിക്ഷിക്കരുത്. നാം അവരെ ശിക്ഷിക്കുമ്പോള്‍ കവിളില്‍ അടിക്കയോ മുറിപ്പെടുത്തുകയോ ചെയ്യരുത്. അടിക്കാനുള്ളതല്ല മുഖം; സ്‌നേഹപൂര്‍വ്വം തലോടുവാനുള്ളതാണ്. നാം കൈ#േകൊണ്ട് ഒരിക്കലും കുട്ടികളെ തല്ലരുത്. ദൈവവചനം പറയുന്നതുപോലെ ശിക്ഷിക്കുമ്പോള്‍ നാം വടി ഉപയോഗിക്കുന്നതാണ് നല്ലത് (സദൃ. 23:13,14). കുട്ടികളെ തലോടുവാനും അങ്ങനെ സ്‌നേഹം പ്രകടിപ്പിക്കുവാനുമുള്ളതാണ് കൈകള്‍.
കുട്ടികള്‍ കൗമാര പ്രായമെത്തിയാല്‍ പിന്നീട് അവരെ ശാരീരികമായി ശിക്ഷിക്കരുത്. ഒന്നിനും പതിമൂന്നിനും ഇടയ്ക്കു നാം അവരെ ശിക്ഷണത്തില്‍ വളര്‍ത്തിയിട്ടുണ്ടെങ്കില്‍ പിന്നീട് അവരെ ശാരീരികമായി ശിക്ഷിക്കേണ്ടി വരില്ല. അതിനാല്‍ ബാല്യദശയില്‍ അവരെ ദൈവവഴിയില്‍ പരിശീലിപ്പിച്ചു നടത്തുവാന്‍ ആ ഘട്ടം നമുക്ക് ഉപയോഗിക്കാം.
മറ്റുള്ളവരുടെ മുമ്പില്‍ വച്ചു കുട്ടികളെ നാം ശിക്ഷിക്കരുത്. കാരണം, അത് അവരെ പരസ്യമായി അപമാനിക്കുകയാണ്; തന്മൂലം അവരുടെ ശിക്ഷ ഇരട്ടിയാവുന്നു. എപ്പോഴും അവരുടെ സ്വാഭിമാനത്തെ നാം ബഹുമാനിക്കണം. അവരുടെ പരാജയങ്ങള്‍ക്കു രഹസ്യമായി നമുക്കവരെ ശിക്ഷിക്കാം. അനുസരണക്കേടും ധിക്കാരവും എല്ലായ്‌പ്പോഴും ഉടന്‍ തന്നെ തിരുത്തേണ്ടാതാണ്. ആ കാര്യങ്ങളില്‍ നാം അവരെ ശിക്ഷിക്കാതിരുന്നാല്‍ വളര്‍ന്നു വരുമ്പോള്‍ അവരെ നശിപ്പിക്കത്തക്ക അപകടകരമായ വഴികളിലേക്ക് അവര്‍ വഴുതിപ്പോകും. പിന്നീട് അവരുടെ തെറ്റു തിരുത്താന്‍ സാധ്യമല്ലാതെ വരികയും ചെയ്യും. തങ്ങള്‍ കുട്ടികളെ കര്‍ശനമായി വളര്‍ത്തുന്നു എന്നു മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ചില മാതാപിതാക്കള്‍ അവരെ പരസ്യമായി ശിക്ഷിക്കാറുണ്ട്. മനുഷ്യരുടെ മാനം തേടുന്ന ഈ മനോഭാവം ദൈവമുമ്പാകെ ശിക്ഷാര്‍ഹമായ തിന്മയാണ്.
കുട്ടികളെ ശിക്ഷിക്കുന്ന കാര്യത്തില്‍ മാതാപിതാക്കള്‍ ഏകാഭിപ്രായമുള്ളവരായിരിക്കണം. പിതാവ് കുട്ടിയെ ശിക്ഷിക്കമ്പോള്‍ ഒരമ്മ അവനെ നീതീകരിക്കുന്ന പക്ഷം അതു ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആ കുട്ടിയെ നശിപ്പിക്കുകയായിരിക്കും.
കുട്ടിയെ ശിക്ഷിച്ചതിനു ശേഷം അവരോടു ക്ഷമിച്ചു എന്നു നാം അവര്‍ക്കു ഉറപ്പു കൊടുക്കണം. അവരുടെ തെറ്റുകള്‍ എങ്ങനെ തിരുത്താമെന്ന് അവരെ പഠിപ്പിക്കയും വേണം. എന്നാല്‍ അവരുടെ വീഴ്ചകള്‍ വീണ്ടും വീണ്ടും അവരെ ഓര്‍മ്മപ്പെടുത്താതെ നാം സൂക്ഷിക്കണം. ചില അമ്മമാര്‍ അങ്ങനെ ചെയ്യാറുണ്ട്. അതു കുട്ടികളെ അധികം ഹതാശരാക്കിത്തീര്‍ക്കുകയേ ഉള്ളൂ.
കുട്ടികള്‍ക്കു ചില കാര്യങ്ങള്‍ക്കായി പ്രതിഫലം കൊടുക്കേണ്ട ചില സമയങ്ങള്‍ ഉണ്ട്. നാം ചില മേഖലകളില്‍ നമ്മെത്തന്നെ നിഷേധിക്കുമ്പോള്‍ ദൈവം തന്നെയും നമുക്കു പ്രതിഫലം നല്‍കാറുണ്ട്. അബ്രഹാം ആത്മത്യാഗ മനോഭാവത്തോടെ ദേശത്തിന്റെ ഏതു ഭാഗം വേണമെങ്കിലും എടുത്തുകൊള്ളുവാന്‍ ലോത്തിനെ അനുവദിച്ചപ്പോള്‍ ദൈവം ഉടന്‍ തന്നെ അബ്രഹാമിനു പ്രതിഫലം നല്‍കുകയുണ്ടായി (ഉല്‍പത്തി 13). അതേ വിധത്തില്‍ കുട്ടികളും സ്വയം ത്യജിച്ച് നന്മ ചെയ്യുമ്പോള്‍ അവര്‍ക്കൊരു പ്രതിഫലം നല്‍കുന്നതു നല്ലതാണ്. അവരുടെ ജന്മദിനനത്തിലോ അവര്‍ അസുഖമായി കിടക്കുമ്പോഴോ ആശുപത്രിയില്‍ ആയിരിക്കുമ്പോഴോ അവര്‍ക്കു നാം സമ്മാനങ്ങള്‍ കൊടുക്കണം.
ചിലപ്പോള്‍ കുട്ടികളെ അര്‍ഹിക്കുന്നതിലധികം ശിക്ഷിച്ചതിനാല്‍ നാം ദുഃഖിതരായിത്തീരുമ്പോള്‍, അതിനൊരു പരിഹാരമായി എന്തെങ്കിലും സമ്മാനം കൊടുപ്പാന്‍ നാം ആഗ്രഹിച്ചെന്നു വരാം. വല്ലപ്പോഴുമൊരിക്കല്‍ മാത്രം അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല. എങ്കിലും അതൊരു ശീലമായിത്തീര്‍ന്നാല്‍ നാം നല്‍കുന്ന ശിക്ഷയെക്കുറിച്ചുള്ള ഗൗരവബോധം അവര്‍ക്കു നഷ്ടപ്പെട്ടു പോകും. പിന്നീട് അവര്‍ തെറ്റു തിരുത്തി നന്നാവാന്‍ ഒരു ശ്രമം നടത്തുമ്പോള്‍ നാം അവര്‍ക്കു പ്രതിഫലം കൊടുക്കുന്നതായിരിക്കും അധികം നല്ലത്.
കുട്ടികളുടെ കാര്യത്തില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യം ആ ശിശു ജനിച്ചപ്പോള്‍ നമുക്കുണ്ടായിരുന്ന സന്തോഷവും അത്ഭുതവും ദൈവത്തോടുള്ള നന്ദിയും നഷ്ടപ്പെടുവാന്‍ എളുപ്പമാണ്. പക്ഷേ ഒരു കുഞ്ഞിനെ പ്രസവിക്കുക എന്നത് അമൂല്യമായ ഒരു ഭാഗ്യമാണെന്നു നാം മറക്കരുത്. ഈ വിശേഷ ഭാഗ്യം ഒരിക്കലും ലഭിക്കാത്ത ഒട്ടു വളരെ സ്ത്രീ ജനങ്ങളുണ്ട്. ഒരു ശിശുവിനെ ലഭിക്കാന്‍ വേണ്ടി എന്തു ത്യാഗം സഹിക്കുവാനും അവര്‍ സന്നദ്ധരായിരിക്കും.
അതിനാല്‍ എന്തു വില കൊടുത്തും നാം ഏറ്റെടുത്തിരിക്കുന്ന ഈ വലിയ ചുമതല നിറവേറ്റുവാന്‍ നമുക്കു സ്വയം സമര്‍പ്പിക്കാം. നമ്മുടെ ഭവനത്തില്‍ എല്ലാം നിര്‍വിഘ്‌നം മുന്നോട്ടു പോകുവാന്‍ നമ്മാലാവുന്നതെല്ലാം ചെയ്യാം. ദൈവത്തോടു കൂടെ നാം സമയം ചെലവഴിക്കുകയും അവിടുത്തോടു ചേര്‍ന്നു നടക്കുകയും ചെയ്യുമെങ്കില്‍ അവിടുന്നു നമ്മെ ശക്തിപ്പെടുത്തുകയും ആത്മാവില്‍ നമ്മെ സന്തോഷപൂര്‍ണ്ണരാക്കുകയും ചെയ്യും.
അമ്മമാരെന്ന നിലയില്‍ കുട്ടികള്‍ക്കു വേണ്ടി നമുക്കു ചെയ്യാവുന്ന അത്യുത്തമ കാര്യം അവരെ പ്രോത്സാഹിപ്പിക്കുക എന്നതാണെന്നു ഞാന്‍ കരുതുന്നു. പക്ഷേ കഷ്ടം! അതാണു മിക്ക വീടുകളിലും കാണാത്തത്.
മാതാപിതാക്കളുടെ ശകാരം, സ്‌നേഹരാഹിത്യം, കൂട്ടായ്മയുടെ അഭാവം എന്നിവ മൂലം പല കുട്ടികളും വിരൂപമാക്കപ്പെട്ട വ്യക്തിത്വങ്ങളോടെ വളര്‍ന്നു വരുന്നതായി നാം കാണുന്നു. പ്രോത്‌സാഹനം കിട്ടാത്ത കുടുംബത്തില്‍ വളരാനുള്ള ദൗര്‍ഭാഗ്യത്തിനിരയായ ഒരു കുട്ടിയെ ഒരിക്കലും സൂര്യപ്രകാശം കിട്ടാതെ ഒരു പാറയുടെ മറവില്‍ വളരുന്ന ചെടിയോട് ഉപമിക്കാം.
കഴിവുള്ളവനും പഠനത്തിലും കളികളിലും നേട്ടങ്ങളോടെ മുന്നേറുന്നവനുമായ ഒരു കുട്ടിയെ പുകഴ്ത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എളുപ്പമാണ്. എന്നാല്‍ പിന്നാക്കം നില്ക്കുന്ന ഒരു കുട്ടിക്കാണ് പ്രോത്സാഹനം ഏറ്റവുമധികം ആവശ്യം. ഉള്ളില്‍ മുറിപ്പെട്ടവനെങ്കിലും അതു പ്രകടിപ്പിക്കാത്ത ഒരു കുട്ടി എത്രയധികം സഹായമര്‍ഹിക്കുന്നുവെന്ന് നാം മനസ്സിലാക്കണം. ഒരു തെര്‍മ്മോമീറ്റര്‍ ഊഷ്മാവ് അളക്കുന്നതുപോലെ മൃദുഹൃദയമുള്ള ഒരു മാതാവ് അവന്റെ ഹൃദയഭാവങ്ങള്‍ എളുപ്പം മനസ്സിലാക്കും.
ഒരു കുട്ടിക്ക് അപകര്‍ഷ ബോധമുണ്ടാവുമ്പോള്‍, അവന്റെ മൂത്ത സഹോദരന്മാര്‍ നേടിയെടുത്തത് അവനു നേടാന്‍ കഴിയാതെ വരുമ്പോള്‍, സ്‌നേഹിതരെല്ലാം തന്നെ പുറന്തള്ളിയിട്ട് ആര്‍ക്കും വേണ്ടാത്തവനാണ് തനെന്ന തോന്നല്‍ അവനുണ്ടാകുമ്പോള്‍ - നാം അവനെ ഉത്സാഹിപ്പിക്കേണ്ടതിനു പകരം അവനെ ശകാരിച്ച് അവന്റെ ആന്തരിക സംഘര്‍ഷം വര്‍ദ്ധിപ്പിക്കുകയാണോ ചെയ്യുന്നത്?
കുട്ടികളോട് 'അരുത്' എന്ന വാക്ക് നാം എത്ര പ്രാവശ്യം ഉപയോഗിക്കുന്നു എന്നു നമുക്കു നമ്മോടു തന്നെ ചോദിക്കാം. തങ്ങള്‍ എന്തു ചെയ്യരുത് എന്നു പറയുന്നതിനു പകരം എന്തു ചെയ്യണമെന്നു പറഞ്ഞു കൊടുക്കുവാന്‍ നമുക്ക് ഉത്സാഹിക്കാം.
ഒരു പക്ഷേ നമ്മുടെ ഒരു കുട്ടി നാമാഗ്രഹിച്ചിട്ടല്ല ഉണ്ടായതെന്നു നമുക്കു തോന്നുന്നുണ്ടാവും. ആ കുട്ടിയുടെ ജനനം ഒരു യാദൃച്ഛിക സംഭവമാണെന്നു നാം ആരോടെങ്കിലുമോ നമ്മോടു തന്നെയോ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ?
''മക്കള്‍ ദൈവത്തിന്റെ ദാന'മാണെന്ന ദൈവവചനത്തിന് എത്രമാത്രം വിരുദ്ധമാണത്! ഓരോ ശിശുവിനെയും ദൈവത്തിന്റെ ദാനമായി നാം വിലമതിക്കേണ്ടതാണ്. നാം ഒരു ശിശുവിനെ പ്രതീക്ഷിക്കാതിരുന്ന സാഹചര്യത്തില്‍പ്പോലും ദൈവത്തിനു തെറ്റു പറ്റുന്നില്ല.
നാം പരസ്യമായി കുട്ടികളെ തെറ്റുകാരാക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യരുത്. തങ്ങള്‍ ഓര്‍ക്കാതിരിക്കുമ്പോള്‍ പോലും നമ്മുടെ കരം അവരെ താങ്ങുന്നുണ്ടെന്നും നാം അവരോടു വിശ്വസ്തരായിരിക്കുമെന്നും കുട്ടികള്‍ അറിയണം.
ഇളയ കുട്ടികളോടൊപ്പം കൂടുതല്‍ സമയം നാം ചെലവിടുന്നതിനാല്‍ അവരോട് അസൂയ തോന്നരുതെന്നും അവരുടെ കൊച്ചു സഹോദരീസഹോദരന്മാരെ അവര്‍ അംഗീകരിക്കണമെന്നും മുതിര്‍ന്ന കുട്ടികളെ നാം ഗ്രഹിപ്പിക്കണം. ഒരു നവജാതശിശു ഉണ്ടാവുകയും അത് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാവുകയും ചെയ്യുമ്പോള്‍ ഇങ്ങനെയൊരു പ്രശ്‌നമുണ്ടാവാന്‍ സാധ്യതയുണ്ട്. എല്ലാ കുഞ്ഞുങ്ങളും നമുക്ക് ഒരുപോലെ വിലപ്പെട്ടവരാണെന്ന് ദൈവകൃപയോടെ നമുക്ക് അവരെ ബോധ്യപ്പെടുത്താം.
പിന്നാക്കക്കാരനായിത്തീര്‍ന്നുപോയ ഒരു കുട്ടിയോട് അനുകമ്പ കാണിക്കാന്‍ എത്രയോ പ്രാവശ്യം നമുക്കു കഴിയാതെ വന്നിട്ടുണ്ട്. ഒരു കുട്ടി പിന്മാറ്റത്തിലകപ്പെട്ടു തെറ്റില്‍ വീണാലും തന്റെ പ്രാര്‍ത്ഥനയും സ്‌നേഹപൂര്‍വ്വമായ കരുതലും കൊണ്ട് ഒരമ്മയ്ക്ക് ആ നഷ്ടപ്പെട്ട കുഞ്ഞാടിനെ രക്ഷകന്റെ ആട്ടിന്‍കൂട്ടത്തിലേക്കു മടക്കിക്കൊണ്ടു വരാന്‍ കഴിയും.
ഒരു കുട്ടി തോറ്റു പോകുമ്പോള്‍ അവനെ വഴക്കു പറയാനുള്ള അവസരമല്ല അത്. വിവേകം കുറഞ്ഞവരെ ദൈവം ശകാരിക്കുന്നില്ലല്ലോ (യാക്കോ. 1:5). അതിനാല്‍ നാമും അതു ചെയ്യരുത്. അധികം നല്ല അമ്മമാരായിരിപ്പാന്‍ എത്രയധികം ദൈവവഗ്ദാനങ്ങളെ മുറുകെപ്പിടിക്കാം.
കുട്ടികളോടൊപ്പം നാം കൂടുതല്‍ സമയം ചെലവഴിച്ചാല്‍ നമൊരു സാധാരണ ജോലി ചെയ്യുമ്പോള്‍ തന്നെയും അവര്‍ നമ്മോട് ഉള്ളു തുറന്ന് അവരുടെ പ്രശ്‌നങ്ങള്‍ പങ്കു വയ്ക്കുന്നതായി നാം മനസ്സിലാക്കും. അപ്പോള്‍ അവര്‍ പ്രശ്‌നങ്ങളില്‍ അടിപ്പെട്ടു പോകാതെ ജയാളികളായി മാറുന്നതിന് അവരെ ധൈര്യപ്പെടുത്തുവാന്‍ നമുക്കു കഴിവുണ്ടാകും.
നമ്മുടെ കുട്ടികള്‍ മുതിര്‍ന്നവരായിത്തീരുമ്പോള്‍ പ്രായപൂര്‍ത്തിയായവരെപ്പോലെ നാം അവരെ പരിഗണിക്കുകയും അവര്‍ അര്‍ഹിക്കുന്ന ബഹുമാനം അവര്‍ക്കു നല്‍കുകയും ചെയ്യണം. അവര്‍ ഒരിക്കല്‍ ആയിരുന്ന കുഞ്ഞുങ്ങളെപ്പോലെ അവരെ കരുതുന്നതു നിറുത്തണം. അപ്പോള്‍ അവര്‍ നമ്മില്‍ നിന്നും അകന്നു നില്ക്കാതെ നമ്മോടു സഹൃദ്ബന്ധം പുലര്‍ത്തി വളര്‍ന്നു വരുന്നതായി നാം കാണും.
നമ്മുടെ മക്കള്‍ വളര്‍ന്നു വരുമ്പോള്‍ ദൈവവചനത്തിലെ വാഗ്ദാനങ്ങള്‍ സത്യമാണെന്നു തെളിയിക്കാന്‍ അനേകം അവസരങ്ങള്‍ നമുക്കുണ്ട്. നാം മക്കളെ നാള്‍തോറും കര്‍ത്താവിനു സമര്‍പ്പിച്ചു കര്‍ത്താവില്‍ പൂര്‍ണ്ണാശ്രയത്തോടെ ജീവിച്ചാല്‍ അവിടുത്തെ കരുതലും സ്‌നേഹവും നമുക്കൊരു യാഥാര്‍ത്ഥ്യമായി മാറും. മക്കളെ വളര്‍ത്തുന്നത് നമുക്കു ആത്മീയ പക്വതയ്ക്കുള്ള വലിയൊരു മാര്‍ഗ്ഗമായി മാറും. അന്തിമമായി ഇതു നമ്മുടെ കുട്ടികളുടെയും ആത്മീയ ജീവിതത്തില്‍ പ്രയോജനകരമായിത്തീരും. വിശ്വസ്തരായിരിപ്പാന്‍ നാമോരുത്തരെയും ദൈവം സഹായിക്കട്ടെ.
''കുട്ടികള്‍ വിമര്‍ശനത്തോടെ ജീവിച്ചാല്‍ കുറ്റം വിധിക്കാന്‍ അവര്‍ പഠിക്കും.
കുട്ടികള്‍ ശത്രുതയോടെ ജീവിച്ചാല്‍ സമരം ചെയ്യാന്‍ അവര്‍ ശീലിക്കും.
കുട്ടികള്‍ പരിഹാസത്തോടെ ജീവിച്ചാല്‍ അവര്‍ ലജ്ജിതരാകാന്‍ പഠിക്കും.
കുട്ടികള്‍ പരാജിതരായി ജീവിച്ചാല്‍ കുറ്റബോധം അവര്‍ക്കുണ്ടാകും.
കുട്ടികള്‍ സഹിഷ്ണുതയോടെ ജീവിച്ചാല്‍ ക്ഷമാശീലം അവര്‍
പഠിക്കും.
കുട്ടികള്‍ പ്രോത്സാഹനം കിട്ടി ജീവിച്ചാല്‍ അവര്‍ക്കാത്മ വിശ്വാസം ജനിക്കും.
കുട്ടികള്‍ സുരക്ഷിതരായി ജീവിച്ചാല്‍ വിശ്വാസം അവരില്‍ മുളയ്ക്കും
കുട്ടികള്‍ ന്യായബോധത്തോടെ ജീവിച്ചാല്‍ നിതിയെന്തെന്നവര്‍ പഠിക്കും.
കുട്ടികള്‍ പ്രശംസാപാത്രരായി ജീവിച്ചാല്‍ അഭിനന്ദിക്കുവാന്‍ അവര്‍പഠിക്കും.
കുട്ടികള്‍ അംഗീകാരത്തോടെ ജീവിച്ചാല്‍ സ്വയം സ്വീകരിക്കുവാന്‍ അവര്‍ പഠിക്കും.
കുട്ടികള്‍ സൗഹൃദത്തോടെ ജീവിച്ചാല്‍ സ്‌നേഹിക്കുവാന്‍ അവര്‍ അഭ്യസിക്കും.''
- അജ്ഞാതകര്‍ത്തൃകം
എന്നോടു ക്ഷമ കാട്ടണമേ
ഒരു അടിമ തന്റെ കൂട്ടു ദാസനോടു കരുണയ്ക്കായി കെഞ്ചിയപ്പോള്‍ ''എന്നോടു ക്ഷമ തോന്നേണമേ'' എന്ന് അയാള്‍ പറഞ്ഞു (മത്താ. 18:29).
ഭാര്യമാരും അമ്മമാരുമായ നാം ദിനംപ്രതി പലരോടും ഇടപെടുമ്പോള്‍ കേള്‍ക്കാറുള്ളതും എന്നാല്‍ ഉച്ചരിക്കപ്പെടാത്തതുമായ അപേക്ഷയാണിത്. എന്നാല്‍ ആ നിലവിളി കേള്‍ക്കുന്നതിനു വേണ്ട ഒരു മൃദലഹൃദയം നമുക്കാവശ്യമാണ്. എങ്കില്‍ മാത്രമേ നാം അതു കേള്‍ക്കുകയുള്ളു.
നാം ചില കാര്യങ്ങള്‍ കുട്ടികളെ പഠിപ്പിക്കുമ്പോള്‍ വളരെ മന്ദഗതിയിലേ അത് അവര്‍ പഠിക്കുന്നുള്ളു. അപ്പോള്‍ അവരുടെ നേരേ ക്ഷമയറ്റവരായിത്തീരാനുള്ള പരീക്ഷ നമുണ്ടാകുന്നു. ''എന്നോടു ക്ഷമ കാട്ടണേ; ഞാന്‍ അതു ശരിയായി ചെയ്യുവാന്‍ എന്നാലാവതു ശ്രമിക്കുന്നുണ്ട്,'' എന്ന അവരുടെ വാക്കുകള്‍ കൂടാതെയുള്ള അപേക്ഷ നാം കേള്‍ക്കുന്നുവെങ്കില്‍ അവരോടു നീരസപ്പെടുവാനുള്ള പരീക്ഷയെ എളുപ്പം ജയിക്കാന്‍ നമുക്കു കഴിയും.
ചിലപ്പോള്‍ വീട്ടില്‍ നമ്മെ സഹായിക്കുന്ന വേലക്കാരി നാം ആഗ്രഹിക്കുന്നതുപോലെ ചിട്ടയോടെയും വൃത്തിയോടെയും ജോലി ചെയ്യാത്തിനാല്‍ നാം അവളോടു കഠിനമായിപ്പെരുമാറാന്‍ പരീക്ഷിക്കപ്പെടാം. പക്ഷേ, 'എന്നോടു കരുണ തോന്നേണമേ; എനിക്കു ഒരവസരം കൂടിത്തന്നാല്‍ ഞാന്‍ അതു മെച്ചമായി ചെയ്യാം'' എന്നായിരിക്കും അവളുടെ അപേക്ഷ. അപ്പോള്‍ കൂടുതല്‍ സൗമ്യമായി പെരുമാറാന്‍ ഒരു അവസരം കൂടി നമുക്ക് ലഭിക്കുന്നു.
അല്ലെങ്കില്‍ വൃദ്ധരും ബലഹീനരുമായ നമ്മുടെ മാതാപിതാക്കള്‍ ഇപ്പോള്‍ നമ്മെ അശ്രയിക്കുന്നുണ്ടാവാം. ''എന്നോടു ക്ഷമ തോന്നേണമേ; എനിക്കു നിന്നെ ബുദ്ധിമുട്ടിക്കാനാഗ്രഹമില്ല; പക്ഷേ ഇപ്പോള്‍ നിന്റെ സഹായം എനിക്കാവശ്യമാണ്,'' എന്നായിരിക്കും അവരുടെ ഉച്ചരിക്കപ്പെടാത്ത അപേക്ഷ. അവരുടെ വികാരങ്ങളെ നാം മാനിക്കുന്നുവെങ്കില്‍ അവരുടെ അന്തസ്സു കളയാതെയും അവര്‍ നമ്മെ ആശ്രയിക്കുന്നു എന്നവര്‍ക്കു തോന്നിക്കാതെയും നാം അവരുടെ കരച്ചില്‍ കേട്ട് അവരെ ശുശ്രൂഷിക്കും.
ഒരുപക്ഷേ നമ്മുടെ സഭയിലെ മറ്റു സഹോദരിമാരുടെ സ്വഭാവം നമുക്ക് ഒരു പരീക്ഷയായിത്തീരാം. ''എന്നോടു ക്ഷമ കാണിക്കണേ; എനിക്കിപ്പോഴും പരിജ്ഞാനമില്ല,' എന്നാണ് മൂകമായ അപേക്ഷ. അങ്ങനെ അവരും നമ്മെപ്പോലെ പൂര്‍ണ്ണതയിലേക്കു വളര്‍ന്നുകൊണ്ടിരിക്കുന്നവരാണെന്നു നമുക്കു മനസ്സിലാകും.
ഈ അവസരങ്ങളില്‍ ആ ക്രൂരനായ ദാസനെപ്പോലെ ആകുവാനുള്ള പ്രേരണ നമ്മുടെ ജഡത്തിലുണ്ട്. അപ്പോഴാണ് നമ്മോട് എത്രമാത്രം ദൈവം ക്ഷമിച്ചുവെന്നും മറ്റുള്ളവര്‍ നമ്മുടെ ഭോഷത്തങ്ങളെ എത്രമാത്രം ക്ഷമയോടെ സഹിക്കുന്നുവെന്നും നാം ഓര്‍ക്കേണ്ടത്. അതിനാല്‍ ചെറുപ്പക്കാരും പ്രായമുള്ളവരുമായ നമ്മുടെ കൂട്ടുദാസരില്‍ നിന്നും ക്ഷമയ്ക്കായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന നിലവിളി കേള്‍ക്കുവാന്‍ നമ്മുടെ ആത്മീയ കാതുകള്‍ എപ്പോഴും ഒരുക്കപ്പെട്ടവയായിത്തീരണം.
''നിങ്ങള്‍ ഒന്നിലും കുറവില്ലാതെ പക്വതയും പൂര്‍ണ്ണതയും ഉള്ളവര്‍ ആകേണ്ടതിന് സഹിഷ്ണുത അതിന്റെ പൂര്‍ണ്ണഫലം പുറപ്പെടുവിക്കട്ടെ'' (യാക്കോ. 1:4 ചകആഢ).
ആവശ്യസമയങ്ങളില്‍ പരിശുദ്ധാത്മാവ് നമ്മുടെ സഹായിയാണ് (യോഹ. 14:16ന്റെ താത്പര്യം).
ആത്മനിറവുള്ള ഒരു ഭാര്യ പരിശുദ്ധാത്മാവിന്റെ ഈ ഗുണത്താല്‍ നിറയപ്പെട്ടവളായി തന്റെ ഭര്‍ത്താവിന്റെ ആവശ്യ സമയങ്ങളില്‍ അവന് ഒരു സഹായിയായിരിക്കും. ആദാമിന് അത്തരത്തിലുള്ള ഒരു സഹായിയായിരിക്കാനാണ് ദൈവം ഹവ്വയെ സൃഷ്ടിച്ചത്.
നല്ല ഒരു ഭാര്യ തന്റെ ഭര്‍ത്താവിന്റെ ആവശ്യവും നിസ്സഹായതയും കാണുവാനും ഒപ്പം തന്നെ അതു പരിഹരിക്കുവാനും വേഗതയുള്ളവളായിരിക്കും. നിങ്ങളുടെ ഭര്‍ത്താവ് ഒരു പ്രബല വ്യക്തിയായിരുന്നാലും ജീവിതത്തിലെ പോരാട്ടങ്ങളില്‍ അദ്ദേഹത്തോടൊപ്പം നിന്ന് അദ്ദേഹത്തെ ധൈര്യപ്പെടുത്തുവാന്‍ ഒരു തുണ അദ്ദേഹത്തിനാവശ്യമാണ്. അപ്രകാരം തന്റെ ഭര്‍ത്താവിനു തുണയായിരിക്കുന്ന ഭാര്യ അനുഗ്രഹിക്കപ്പെട്ടവളാണ്.
നിര്‍ഭാഗ്യവശാല്‍ പല ഭാര്യമാരും തങ്ങളുടെ ദുഃഖങ്ങളിലും പരീക്ഷകളിലും മുഴുകി തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ തങ്ങളെ ആശ്വസിപ്പിക്കുവാനും ലാളിക്കുവാനും ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഒരു സഹായമായിരിപ്പാന്‍ തക്കവണ്ണം സ്വകീയ ചിന്തകളില്‍ നിന്ന് അവര്‍ വിമുക്തരല്ല.
ചില സന്ദര്‍ഭങ്ങളില്‍ ചില ഭാര്യമാര്‍ തങ്ങള്‍ക്ക് ഒഴിവാക്കാവുന്ന ചില ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുകയും സ്വന്തം കഴിവിനപ്പുറമായ പ്രശ്‌നങ്ങളാല്‍ ഭാരപ്പെടുകയും ചെയ്യുന്നതുമൂലം ഭര്‍ത്താക്കന്മാര്‍ക്ക് ഒരു സഹായമായിരിപ്പാന്‍ അവര്‍ക്കു സാധിക്കുന്നില്ല.
അതിനാല്‍ നാം നമ്മുടെ പരിമിതികള്‍ മനസ്സിലാക്കണം. നമുക്കു കൈകാര്യം ചെയ്യാവുന്ന ജോലികള്‍ മാത്രമേ നാം ഏറ്റെടുക്കാവൂ.
നാം നമ്മുടെ ഭര്‍ത്താക്കന്മാരെ മാത്രം സഹായിച്ചാല്‍ പോരാ. അമ്മമാരെന്ന നിലയില്‍ നമ്മുടെ മക്കള്‍ക്കും സഹായികള്‍ ആകുവാനാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
നമ്മുടെ മക്കള്‍ ചില മേഖലകളില്‍ പരാജയപ്പെട്ടു നിരാശരായിത്തീരുമ്പോള്‍, അഥവാ അവര്‍ പാപം ചെയ്ത് അവരുടെ സ്വഭാവത്തില്‍ നമ്മെ നിരാശരാക്കുമ്പോള്‍, അഥവാ നമ്മുടെ പ്രതീക്ഷകള്‍ക്കൊത്ത് അവര്‍ ഉയരാതിരിക്കുമ്പോള്‍, നമ്മുടെ മനോഭാവം എന്താണ്?
ആണ്‍കുഞ്ഞുങ്ങളെ ആശിച്ചു കിട്ടാതിരുന്ന അമ്മമാര്‍ക്കു പെണ്‍കുഞ്ഞുങ്ങള്‍ നിരാശയ്ക്കിടം നല്‍കുക മൂലം ചൈനയില്‍ അവര്‍ കുഞ്ഞുങ്ങളെ നദിയില്‍ എറിഞ്ഞു കളയുന്നു. ഇന്ത്യയില്‍ ചവറ്റുകുട്ടകളിലും ക്ഷേത്രപരിസരങ്ങളിലും അവരെ ഉപേക്ഷിക്കുന്നു. നമ്മുടെ ഒരു കുഞ്ഞ് ഏതെങ്കിലും വിധത്തില്‍ നമ്മെ നിരാശരാക്കുമ്പോള്‍ നാം ഈ അമ്മാമാരെപ്പോലെയാണോ?
പരാജിതനായ, അപകര്‍ഷതാബോധമുള്ള, ഒരു കുഞ്ഞിന് കൂടുതല്‍ സ്‌നേഹവും അനുകമ്പയും കരുതലും ആവശ്യമുണ്ട്. അവനെ ഉപേക്ഷിക്കുകയല്ല, കൂടുതല്‍ സമയം അവനുവേണ്ടി ചെലവഴിക്കുകയും കൂടുതല്‍ അവനായി പ്രാര്‍ത്ഥിക്കുകയുമാണ് നാം ചെയ്യേണ്ടത്.
സര്‍വ്വശക്തനായ നമ്മുടെ സ്രഷ്ടാവ് നിശ്ശേഷം തകര്‍ന്നുപോയ പാത്രത്തെപ്പോലും എടുത്ത് തന്റെ ഉദ്ദേശ്യങ്ങള്‍ക്ക് ഉപയുക്തമാകുന്ന വിധത്തില്‍ അതിനെ പുനര്‍നിര്‍മ്മിക്കുമെന്ന് നാം വിശ്വസിക്കണം.
ഏറ്റവും തന്നിഷ്ടക്കാരനായ കുട്ടിയെപ്പോലും അവന്റെ ഹൃദയകാഠിന്യത്തില്‍ നിന്നു വിടുവിച്ചു തന്റെ മഹത്വത്തിനുതകുന്ന ഒരു പാത്രമാക്കി മാറ്റുവാന്‍ ദൈവത്തിനു കഴിയും. ഈ ലോകത്തിലെ പരാജയപ്പെട്ടു പോയ കുട്ടികളെത്തന്നെയും ദൈവിക വിജയങ്ങളാക്കുവാനാണ് സഹായിയായ പരിശുദ്ധാത്മാവ് വന്നിട്ടുള്ളത്. ഇതു വിശ്വസിക്കുമാറ് നമ്മുടെ കുട്ടികളെ ധൈര്യപ്പെടുത്തുവാനാണ് അമ്മമാരായ നാം വിളിക്കപ്പെട്ടിരിക്കുന്നത്.
അല്ലെങ്കില്‍ മറ്റൊരു ഉദാഹരണം എടുക്കാം. പിതാവ് ഒരു കുട്ടിയെ കഠിനമായി ശിക്ഷിക്കുമ്പോള്‍ അദ്ദേഹം ആവശ്യത്തില്‍ക്കവിഞ്ഞ പരുഷതയോടെ ഇടപെടുന്നുവെന്ന തോന്നല്‍ ആ കുട്ടിയിലുളവാക്കി, 'ആശ്വസിപ്പിക്കുന്ന'തി ലൂടെ അവനെ വഷളാക്കുന്നവരായി നാം തീരരുത്.
റിബേക്ക യിസഹാക്കിനെ വഞ്ചിക്കുവാന്‍ യാക്കോബിനെ പ്രേരിപ്പിച്ചതുപോലെ തങ്ങളുടെ പിതാക്കന്മാരെ വഞ്ചിക്കുവാന്‍ ചില മാതാക്കള്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കാറുണ്ട്. യാക്കോബ് എന്ന പദം വഞ്ചകന്‍ എന്നതിനൊരു പര്യായമായിട്ടാണ് പ്രയോഗിച്ചു പോരുന്നത്. ചതിക്കുവാന്‍ ആരാണവനെ പഠിപ്പിച്ചത്? തന്റെ ഭര്‍ത്തവിനോട് ഒരുമ പ്രാപിക്കാഞ്ഞ, ജ്ഞാനമില്ലാത്ത ഒരമ്മ. നമ്മുടെ പ്രബോധനത്തിനു വേണ്ടിയാണ് ഈ കാര്യങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത്.
സ്ത്രീകളെന്ന നിലയില്‍ വൈകാരികശക്തിയുടെ വലിയൊരു ഉറവിടമാണ് നാമോരുത്തരും. നമുക്കു പല കാര്യങ്ങളും ചെയ്തു തരാത്തതിന് ഭര്‍ത്താക്കന്മാരെ കുറ്റപ്പെടുത്തുവാന്‍ ഈ ശക്തി ഉപയോഗിക്കുന്നതിനു പകരം നമ്മുടെ കുട്ടികള്‍ക്കുള്ള പ്രശ്‌നങ്ങളും ഭാരങ്ങളും ഏറ്റെടുക്കുവാന്‍ നമുക്ക് ഈ വൈകാരികോര്‍ജ്ജം ഉപയോഗിക്കാം. ഈ ഭാരങ്ങള്‍ സ്വയം വഹിക്കുവാന്‍ ആ പിഞ്ചുഹൃദയങ്ങള്‍ക്കു കഴിവില്ല. അവരെ സഹായിക്കുവാന്‍ ആരെങ്കിലും വേണ്ടിയിരിക്കുന്നു.
നമ്മുടെ ഭവനങ്ങളെയും മക്കളെയും കുടുംബങ്ങളെയും നശിപ്പിക്കുവാന്‍ ഉറ്റു ശ്രമിക്കുന്ന ശത്രുവിനെതിരെയുള്ള പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് നാം. ഈ യുദ്ധത്തില്‍ നിന്നൊരിക്കലും നാം പിന്മാറരുത്. നമ്മുടെ കുടുംബത്തിലെ ഓരോ അംഗവും ദൈവരാജ്യത്തില്‍ സുരക്ഷിതനായി എത്തുന്നതു വരെയും നാം ഈ യുദ്ധം നിര്‍ത്തുകയോ നമ്മുടെ യഥാര്‍ത്ഥ ശത്രു ആരാണെന്നു കാണാതിരിക്കയോ ചെയ്യരുത്. പരിശുദ്ധാത്മാവ് നമുക്കായി മധ്യസ്ഥത വഹിക്കുന്നതുപോലെ നാമും സഹായികളെന്ന നിലയില്‍ നമ്മുടെ ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കേണ്ടതാണ്.
അന്ധകാര ശക്തികള്‍ നമ്മുടെ ഭര്‍ത്താക്കന്മാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെതിരെ സര്‍വ്വശക്തിയും പ്രയോഗിക്കുന്ന ഒരു വടംവലിയോടു നമുക്ക് ഈ പോരാട്ടത്തെ ഉപമിക്കാം. ഏതു വശത്തേക്കാണു നാം ശക്തി പ്രയോഗിക്കാന്‍ പോകുന്നത്? നമ്മുടെ ഭര്‍ത്താക്കന്മാര്‍ക്കും മക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതിലൂടെ അവരുടെ ഭാഗത്തേക്കാണോ നാം വലിക്കുന്നത്? അതോ അവരെ ശല്യപ്പെടുത്തുകയും ശകാരിക്കയും ചെയ്യുന്നതിലൂടെ അവര്‍ക്കെതിരെയാണോ നമ്മുടെ ശക്തി നാം ഉപയോഗിക്കുന്നത്?
നമ്മെ ശക്തിപ്പെടുത്തുവാന്‍ എല്ലാ സമയത്തും പരിശുദ്ധാത്മാവ് ഉള്ളതിനാലും നമ്മെ തുണയ്ക്കുവാന്‍ ദൈവിക വാഗ്ദാനങ്ങള്‍ ഉള്ളതിനാലും സാക്ഷികളുടെ വലിയ ഒരു സമൂഹം നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നതിനാലും ഈ യുദ്ധത്തില്‍ ഒരിക്കലും നാം നിരാശരാകേണ്ട കാര്യമില്ല. നാം ആയിത്തീരണമെന്നു ദൈവം ആഗ്രഹിക്കുന്ന തരത്തിലുള്ള സഹായികളായി നമുക്കോരുരുത്തര്‍ക്കും തീരാം.
സഹായികളെന്ന നിലയില്‍ നമ്മുടെ കൃത്യം നാം വിശ്വസ്തതയോടെ നിറവേറ്റിയതുമൂലം നമ്മുടെ ഭര്‍ത്താക്കന്മാരും മക്കളും ഏഴുന്നേറ്റു നിന്നു നമ്മെ ഭാഗ്യവതികളെന്ന് പുകഴ്ത്തുന്ന ആ അവസാന ദിവസത്തില്‍ ഇപ്പോള്‍ നാം സഹിക്കുന്ന ത്യാഗങ്ങളും കഷ്ടതകളും ഏതുമില്ലാത്തതെന്ന് നമുക്കു ബോധ്യമാകും.
''മറിയ കര്‍ത്താവിന്റെ കാല്ക്കല്‍ ഇരുന്ന് അവന്റെ വചനം കേട്ടുകൊണ്ടിരുന്നു.'' പക്ഷേ മാര്‍ത്തയാകട്ടെ താന്‍ ഉണ്ടാക്കുന്ന വിഭവസമൃദ്ധമായ അത്താഴത്തെക്കുറിച്ച് ഓര്‍ത്തു വേവലാതിപ്പെടുകയായിരുന്നു. അവള്‍ യേശുവിന്റെ അടുക്കല്‍ വന്നു: ''കര്‍ത്താവേ, ഞാന്‍ എല്ലാ ജോലിയും ചെയ്യുമ്പോള്‍ എന്റെ സഹോദരി ഇവിടെ വെറുതെ ഇരിക്കുന്നത് അന്യായമാണെന്ന് അങ്ങേയ്ക്കു തോന്നുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോട് കല്പിച്ചാലും,'' എന്നു പറഞ്ഞു. എന്നാല്‍ കര്‍ത്താവ് അവളോട്, ''പല കാര്യങ്ങളെപ്പെറ്റി വിചാരപ്പെട്ടു നീ വ്യാകുലചിത്തയായിരിക്കുന്നു; എന്നാല്‍ വാസ്തവത്തില്‍ താല്‍പര്യം കാണിക്കുവാന്‍ അര്‍ഹതയുള്ള കാര്യം ഒന്നേയുള്ളു. മറിയ അതു കണ്ടെത്തിയിരിക്കുന്നു. അത് ആരും അവളില്‍ നിന്നും അപഹരിക്കുകയുമില്ല'' എന്നു പറഞ്ഞു (ലൂക്കൊ. 10:39-42 ലിവിംഗ്).
മാര്‍ത്ത വീട്ടില്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. കര്‍ത്താവിനെ യഥാര്‍ത്ഥമായി സ്‌നേഹിക്കുന്ന ഒരു സഹോദരിക്ക് തന്റെ പ്രിയപ്പെട്ട കര്‍ത്താവിനും അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍ക്കും വേണ്ടി നല്ല ഭക്ഷണം ഒരുക്കുന്നതില്‍ കൂടുതല്‍ സന്തോഷം നല്‍കുന്ന മറ്റെന്തു കാര്യമാണുള്ളത്? പക്ഷേ, അവളുടെ സഹോദരി എന്തു ചെയ്യുകയാണെന്നു കണ്ടപ്പോള്‍ അവള്‍ ചെയ്തുകൊണ്ടിരുന്ന സ്‌നേഹശുശ്രൂഷ വഹിക്കാന്‍ വയ്യാത്ത ഒരു ഭാരമായി മാറി. മറിയ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, (അതു തന്നെ സ്വാര്‍ത്ഥതയായിത്തോന്നാം) യേശുവിന്റെ സാന്നിധ്യത്തില്‍ വളരെ സന്തോഷവതിയായിക്കാണപ്പെടുകയും ചെയ്തു. കര്‍ത്താവിനും അവളെക്കുറിച്ചു സന്തോഷം തോന്നി. മാര്‍ത്തയുടെ മനോഭാവത്തിനു കയിന് തന്റെ ഇളയ സഹോദരനോടുണ്ടായ മനോഭാവവുമായി സാമ്യമുണ്ട്. ഒരു സഹോദരി സ്വന്തം വീട്ടിലെ ഭാരങ്ങളുമായി വലഞ്ഞിരിക്കുമ്പോള്‍ മറ്റുള്ളവര്‍ വീട്ടു ജോലികളില്‍ നിന്നൊഴിഞ്ഞു കര്‍ത്താവില്‍ സന്തോഷിക്കുന്നതു കാണുന്നത് അത്ര സന്തോഷകരമായ കാര്യമല്ല.
നാം മാര്‍ത്തയെപ്പോലെ തൊട്ടാവാടി സ്വാഭാവമുള്ളവരോ? മാര്‍ത്ത ദുര്‍ബ്ബല സ്വഭാവമുള്ള ഒരുവളായിരുന്നു. സഹോദരിമാരായ നാമെല്ലാവരും അപ്രകാരം തന്നെ. അവള്‍ ക്ഷീണിതയുമായിരുന്നു. പക്ഷേ, ഇവയൊന്നും അവളിലുള്ള പിറുപിറുപ്പിന്റെ ആത്മാവ്, മറ്റുള്ളവരെ വിധിക്കുന്നതും താരതമ്യം ചെയ്യുന്നതുമായ സ്വഭാവങ്ങള്‍, അസൂയ, സ്വയം സഹതാപം എന്നവയെ ന്യായീകരിക്കുന്നില്ല.
നാം ക്ഷീണിതരാകുമ്പോള്‍, ''ഭാരമുള്ള നുകത്തിനു കീഴില്‍ അധ്വാനിക്കുന്നവരേ, എല്ലാവരും എന്റെ അടുക്കള്‍ വരുവിന്‍. ഞാന്‍ നിങ്ങള്‍ക്കു സ്വസ്ഥത നല്‍കും. ഞാന്‍ സൗമ്യതയും താഴ്മയും ഉള്ളവനാകയാല്‍ ഞാന്‍ നിങ്ങളെ പഠിപ്പിക്കട്ടെ. നിങ്ങളുടെ ആത്മാക്കള്‍ ആശ്വാസം കണ്ടെത്തും. ഞാന്‍ ലഘുവായ ചുമടുകളെ തരികയുള്ളു'' (മത്താ. 11:28-30) എന്നിങ്ങനെ പറഞ്ഞുകൊണ്ടു നമ്മെ ക്ഷണിക്കുന്ന കര്‍ത്താവിന്റെ അടുക്കലേക്കു നമുക്ക് അടുത്തു ചെല്ലാം.
നമ്മുടെ എല്ലാവിധ ജോലികളുടെ നടുവിലും നമുക്കു ദൈവത്തിന്റെ മുമ്പില്‍ ജീവിക്കാന്‍ സാധിക്കും. ''അവിടുന്നു നമ്മുടെ ഓരോ പ്രശ്‌നവും ഭാരവും അറിയുന്നുണ്ടെന്നുറച്ചുകൊണ്ട് അവിടുന്നു സിംഹാസനസ്ഥനായി വാഴുന്നു'' എന്നു നമുക്ക് ഏറ്റു പറയാം. ലഘുചിത്തതയോടും സ്വതന്ത്രമായ ആത്മാവോടുംകൂടെ നമ്മുടെ ജോലി ചെയ്യാന്‍ ഇതു നമ്മെ സഹായിക്കും. അല്ലലില്ലാതെ ജീവിതം നയിക്കുന്നവരെയും തങ്ങള്‍ക്കിഷ്ടമുള്ളേടത്തൊക്കെ ആഗ്രഹമനുസരിച്ചു പോകാന്‍ കഴിയുന്നവരെയുമെല്ലാം സ്‌നേഹിക്കാനും അനുഗ്രഹിക്കാനും തക്കവിധം കര്‍ത്താവ് നമ്മെ സ്വതന്ത്രരാക്കും.
യേശു മാര്‍ത്തയോടു പറഞ്ഞു: ''നാം വിചാരപ്പെടേണ്ട ഒരൊറ്റ കാര്യമേയുള്ളു; മറിയ അതു കണ്ടെത്തിയിരിക്കുന്നു.''
നമുക്ക് മാര്‍ത്തയെപ്പോലെ ആകണമോ അതോ മറിയയെപ്പോലെ ആക ണോ എന്നിപ്രകാരം നാം ഒരു തെരഞ്ഞെടുപ്പു നടത്തേണ്ട ആവശ്യമില്ല. ഇത് ആശ്വാസകരമായ ചിന്തയാണ്. ഒരേസമയം തന്നെ നമുക്കു മാര്‍ത്തയും മറിയയും ആകാന്‍ സാധിക്കും. ലാസര്‍ മരിച്ചവരില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ശേഷം അവര്‍ വീണ്ടും തങ്ങളുടെ വീട്ടില്‍ കര്‍ത്താവിന് ഒരു വിരുന്നൊരുക്കി. അപ്പോഴും മാര്‍ത്ത ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നു (യോഹ. 12:2). മറിയ വീണ്ടും യേശുവിന്റെ പാദപീഠത്തിലിരുന്നു. പക്ഷേ ഈ പ്രാവശ്യം മാര്‍ത്ത പിറുപിറുത്തില്ല. ശുശ്രൂഷയ്ക്കിടയിലും സ്വസ്ഥതയിലായിരിപ്പാന്‍ അവള്‍ പഠിച്ചു കഴിഞ്ഞിരുന്നു. തന്മൂലം അവള്‍ സന്തുഷ്ടയായിരുന്നു.
അടുക്കളയില്‍ ജോലി ചെയ്യുമ്പോഴും ''കര്‍ത്താവിന്റെ പാദപീഠത്തില്‍ ഇരിക്കുവാന്‍'' മാര്‍ത്ത ഈ സമയത്തിനകം പഠിച്ചിരിക്കണം. വീട്ടു ജോലികളില്‍ വ്യാപൃതരായിരിക്കുന്ന നമുക്കും അപ്രകാരം ചെയ്ത് സംതൃപതിയും സന്തോഷവും സമ്പാദിക്കാം. വീട്ടുജോലികള്‍ ചെയ്യുമ്പോഴും യേശുവിന്റെ പാദപീഠത്തില്‍ വിശ്രമിക്കുന്നവരാകാന്‍ നമുക്കു സാധ്യമാണ്. നമ്മുടെ ദൈനംദിന ജോലികളല്ല, പിറുപിറുപ്പും അസൂയയും നിറഞ്ഞ മനസ്സു നിമിത്തമുണ്ടാകുന്ന അസ്വസ്ഥതയാണ് കര്‍ത്താവിന്റെ പാദത്തില്‍ നിന്നു നമ്മെ അകറ്റിക്കളയുന്നത്. സര്‍വ്വഭൂമിയും കര്‍ത്താവിന്റെ പാദപീഠമാണ്. അതിനാല്‍ എവിടെയും നമുക്ക് അവിടുത്തെ പാദപീഠത്തില്‍ ആയിരിക്കുവാന്‍ സാധിക്കും.
''മുലകുടി മാറിയ ഒരു പൈതല്‍ പോലെ ഞാന്‍ കര്‍ത്താവിന്റെ മുമ്പാകെ ശാന്തനായിരിക്കുന്നു'' (സങ്കീ. 131:2 ലിവിംഗ്) എന്നു പറയുവാന്‍ ദാവീദിനു കഴിഞ്ഞു. മുലകുടി മാറിയ ഒരു പൈതല്‍ യാതൊരു അസ്വസ്ഥതയും അമ്മയുടെ ശ്രദ്ധ നേടാനുള്ള ആഗ്രഹവും കൂടാതെ സ്വച്ഛന്ദം സഞ്ചരിക്കുന്നു. നാം കര്‍ത്താവില്‍ വസിക്കുമ്പോള്‍ നമുക്കും അപ്രകാരം ആയിരിക്കുവാന്‍ സാധിക്കും. വീട്ടിലെ ജോലിഭാരങ്ങള്‍ക്കിടയിലും കര്‍ത്താവു നമ്മോടൊപ്പമുണ്ടെന്ന് നാം കണ്ടെത്തുകയും ചെയ്യും.
''നിന്റെ പ്രാകാരങ്ങളില്‍ കഴിക്കുന്ന ഒരു ദിവസം (ദൈവം എനിക്കായി നിയമിച്ചു തന്നത് എന്റെ വീടാണെങ്കില്‍ അതാണ് ദൈവത്തിന്റെ പ്രാകാരം) വേറെ ആയിരം ദിവസത്തേക്കാള്‍ ഉത്തമമല്ലോ. കൊട്ടാരങ്ങളില്‍ (എന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവേഷ്ടത്തിനു പുറത്തുള്ള സുഖസൗകര്യങ്ങള്‍, വിശ്രമം) പാര്‍ക്കുന്നതിനെക്കാള്‍ എന്റെ ദൈവത്തിന്റെ ആലയത്തിന്റെ വാതിലില്‍ കാവല്‍ക്കാരനായിരിക്കുന്നതാണ് (തിരക്കുള്ള ഒരു ഭാര്യയോ അമ്മയോ ആയിരിക്കുന്നത്) എനിക്ക് ഏറെ ഇഷ്ടം... യഹോവ കൃപയും മഹത്വവും നല്‍കുന്നു. തന്റെ വഴികളില്‍ നേരോടെ നടക്കുന്നവര്‍ക്ക് അവന്‍ ഒരു നന്മയും മുടക്കുകയില്ല'' (സങ്കീ. 84:10,11). ഭാരിച്ച ജോലിയും രോഗബാധിതരായ കുഞ്ഞുങ്ങളുമായി ഞാന്‍ ദിവസങ്ങളോളം എന്റെ വീട്ടില്‍ തന്നെ ആയിരുന്നാലും ഇതിനു മാറ്റമില്ല.
''ഞാന്‍ എല്ലാ നാളും നിങ്ങളോടു കൂടെ ഉണ്ട്. ഞാന്‍ നിങ്ങളെ കൈവിടുകയില്ല, ഉപേക്ഷിക്കുകയുമില്ല'' എന്നതാണ് നമ്മോടുള്ള കര്‍ത്താവിന്റെ വാക്കുകള്‍. പുതിയ നിയമത്തില്‍ സഹോദരിമാരായ നമുക്കായി കര്‍ത്താവു നല്‍കുന്ന സുവാര്‍ത്ത ഇതാണ്. ''നാം എന്തു തന്നെ ചെയ്യുകയാണെങ്കിലും കര്‍ത്താവ് നമ്മോടു കൂടെ എപ്പോഴും ഉണ്ട്.'' അതിനാല്‍ നമ്മുടെ വീട്ടില്‍ വ ച്ചുതന്നെ കര്‍ത്താവിനെ എല്ലായ്‌പ്പോഴും കണ്ടു മുട്ടുവാന്‍ നമുക്കു സാധിക്കും.
''സ്വര്‍ഗ്ഗത്തില്‍ എനിക്ക് ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല'' (സങ്കീ. 73:25). മാഡം ഗയോണ്‍ ഇപ്രകാരം എഴുതി:
''ഏതൊരു സ്ഥാനത്തു നാം ചെന്നു ചേര്‍ന്നാലും
ഏതൊരു സ്ഥാനം നാം കൈവിട്ടാലും
എന്‍ മാര്‍ഗ്ഗം കാട്ടുവാനെന്‍ കര്‍ത്തനുള്ളപ്പോള്‍
വന്നാലും പോയാലും സന്തോഷം മേ
നീയില്ലാ വീടൊന്നില്‍ ഞാന്‍ ചെന്നു ചേര്‍ന്നാകില്‍
ഭീകരം താനെനിക്കാ മന്ദിരം
എങ്ങുമങ്ങേ ദിവ്യസാന്നിധ്യമുള്ളപ്പോ-
ളെന്തു സുരക്ഷിതമെന്‍ ജീവിതം?''
പഴയനിയമ ഭക്തന്മാര്‍ ഇപ്രകാരം പറഞ്ഞു: ''മാന്‍ നീര്‍ത്തോടുകളിലേക്കു ചെല്ലുവാന്‍ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാന്‍ കാംക്ഷിക്കുന്നു. എന്റെ ആത്മാവു ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായിത്തന്നെ, ദാഹിക്കുന്നു; ഞാന്‍ എപ്പോള്‍ ദൈവസന്നിധിയില്‍ ചെല്ലുവാന്‍ ഇടയാകും? (സങ്കീ. 42:1,2). ഇന്നാകട്ടെ, നമുക്കു ദൈവത്തെ തൊട്ടടുത്ത് നമ്മുടെ ഭവനത്തില്‍ത്തന്നെ കണ്ടെത്തുവാന്‍ സാധിക്കുന്നു. എത്ര വലിയ ഭാഗ്യം!
''ഞാന്‍ ദൈവത്തെ നോക്കി മൗനമായി നിലകൊള്ളുന്നു... പിന്നെ ഞാന്‍ എന്തിനു ഭയപ്പെടണം?'' (സങ്കീ. 62:1,2 ലിവിംഗ്).
ചലപ്പോഴെങ്കിലും നാമെല്ലാം നിരാശരായിട്ടില്ലേ? ഒരു വിഷമ സാഹചര്യത്തില്‍ നിന്ന് ഓടിയൊളിക്കുവാന്‍ നാം ആഗ്രഹിച്ചിട്ടില്ലേ?
ഏലിയാവ് എന്ന പ്രവാചക ശ്രേഷ്ഠനും ഒരിക്കല്‍ ഈ അനുഭവത്തില്‍ക്കൂടി കടന്നുപോയിട്ടുണ്ട്. മറ്റു യിസ്രായേല്യരെല്ലാം ദൈവത്തില്‍ നിന്നകന്നുപോയ സമയത്ത് ഏലിയാവ് ഏകനായി, യഹോവയോടു വിശ്വസ്തനായി, നിലനിന്നു (1 രാജ.18). പക്ഷേ ആ മഹത്തായ വിജയത്തിനു ശേഷം തന്റെ നിര്‍ദ്ദിഷ്ട സ്ഥലത്തു നിന്നും അദ്ദേഹം ഓടിപ്പോയി. 500 കിലോമീറ്റര്‍ ഓടിയതിനുശേഷം ഏലിയാവ് ഹോരേബ് പര്‍വ്വതത്തില്‍ ചെന്നു (1 രാജ. 19) അവിടെ ഭൂകമ്പവും കൊടുങ്കാറ്റും തീയും അദ്ദേഹത്തിനു ചുറ്റുമുണ്ടായി.
പക്ഷേ, ഇവയെക്കാളെല്ലാം രൂക്ഷമായ ഒരു കൊടുങ്കാറ്റ് ഏലിയാവിന്റെ ഹൃദയത്തില്‍ ആഞ്ഞടിക്കുന്നുണ്ടായിരുന്നു.
എന്നാല്‍ ഏലിയാവ് ആ പര്‍വ്വതത്തില്‍ ഏകനായിരുന്നില്ല. കര്‍മ്മേല്‍ പര്‍വ്വതത്തില്‍ വച്ച് ഒരു നിലപാടെടുത്തപ്പോള്‍ ദൈവം അദ്ദേഹത്തോടു കൂടി ഉണ്ടായിരുന്നതുപോലെ ഭയവും നിരാശയും പൂണ്ട് ഓടിപ്പോയപ്പോഴും ദൈവം അദ്ദേഹത്തോടുകൂടെ ഉണ്ടായിരുന്നു.
അമ്മമാരെന്ന നിലയില്‍, നമ്മുടെ ഹൃദയങ്ങളില്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയും എവിടെയെങ്കിലും ഓടിപ്പോകുവാന്‍ പ്രേരണയുണ്ടാവുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടായെന്നു വരാം. ഏലിയാവിനെപ്പെലെ നാം നിരാശാ നിഹതരായാലും കരുണാമയനായ നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് നമ്മോടൊപ്പം നിന്ന് ആര്‍ദ്രതയോടെ നമ്മോടു സംസാരിച്ചു നമ്മെ പ്രാത്സാഹിപ്പിക്കും.
അത്തരം സന്ദര്‍ഭങ്ങളില്‍ നാം സ്വയം സഹതാപത്തിന്റെ വാക്കുകള്‍ക്കു ചെവി കൊടുക്കരുത്. അങ്ങനെ ചെയ്താല്‍ പില്ക്കാലത്തു പശ്ചാത്തപിക്കേണ്ട പല പ്രവൃത്തികളിലേക്കും വാക്കുകളിലേക്കും അതു നമ്മെ നയിക്കും. പകരം, നിരാശനായപ്പോള്‍ ഏലിയാവ് ചെയ്ത കാര്യം നമുക്കും ചെയ്യാം: ദൈവത്തിന്റെ മൃദുസ്വരം നാം ശ്രദ്ധിക്കണം (1 രാജാ. 19:12ലിവിംഗ്). കൊടുങ്കാറ്റിന്റെയും ഭൂകമ്പത്തിന്റെയും മദ്ധ്യത്തില്‍ത്തന്നെ പാപികള്‍ക്കു സ്‌നേഹിതനും നമ്മുടെ ബലഹീനതകളെല്ലാം അറിയുന്നവനുമായ കര്‍ത്താവു നമ്മോടു സംസാരിക്കും. ആ മൃദുസ്വരം മാത്രമേ നമ്മുടെ ആത്മാക്കള്‍ക്ക് ആശ്വാസം നല്‍കുകയുള്ളു. ഒടുവില്‍ കൊടുങ്കാറ്റു ശമിക്കും. നമ്മുടെ ഹൃദയങ്ങളില്‍ സമാധാനം നിറയുകയും ചെയ്യും.
ദാവീദ് ഇപ്രകാരം പറഞ്ഞു: ''നിന്റെ ആത്മാവിനെ വിട്ടു ഞാന്‍ എവിടേക്കു പോകും? നിന്റെ സാന്നിധ്യത്തില്‍ നിന്നും ഞാന്‍ എവിടേക്ക് ഓടും? ഞാന്‍ സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താലും അവിടെയും നിന്റെ കരം എന്നെ വഴി നടത്തും... കര്‍ത്താവേ, നീ എപ്പോഴും എന്നെപ്പറ്റി ചിന്തിക്കുന്നു എന്നോര്‍ക്കുന്നത് എത്ര ആശ്വാസകരം! ഒരു ദിവസം എത്ര പ്രാവശ്യം നീ എന്നെപ്പറ്റി ചിന്തിക്കുന്നു എന്നത് എനിക്കു എണ്ണുവാന്‍ പോലും സാധ്യമല്ല! ഞാന്‍ പ്രഭാതത്തില്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോഴും നീ എന്നെപ്പറ്റി ചിന്തിക്കുന്നുണ്ട്'' (സങ്കീ. 139:7,9,10,17,18ലിവിംഗ്).
തങ്ങളെ വിഴുങ്ങിക്കളയുമെന്നു ശിഷ്യന്മാര്‍ ഭയപ്പെട്ട തിരമാലകള്‍ക്കു മീതേ കൂടെ നടന്നുവന്ന യേശു സൗമ്യസ്വരത്തില്‍ അവരോട്: ''ഭയപ്പെടേണ്ട, ഞാന്‍ ആകുന്നു'' എന്നു പറഞ്ഞു. തല്‍ക്ഷണം തന്നെ കൊടുങ്കാറ്റു ശമിച്ചു. ആ യേശു ഇന്നും ജീവിക്കുന്നു. നമ്മെ ഭയപ്പെടുത്തുകയോ നിരാശരാക്കുകയോ ചെയ്യുന്ന ഓരോ കൊടുങ്കാറ്റിനെയും യേശു ശാന്തമാക്കുന്നു. ''നിന്റെ സൗമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു'' (സങ്കീ. 18:35).
മറ്റാളുകളുടെ ശത്രുത നമ്മെ നേരിടുന്നുണ്ടോ? എങ്കില്‍ പാപികളാല്‍ തനിക്കു നേരിട്ട വിരോധം സഹിച്ച യേശുവിനെ ധ്യാനിച്ചുകൊള്‍വിന്‍ (എബ്രാ. 12:3).
നമ്മുടെ ബന്ധുമിത്രാദികളില്‍ നിന്നു നാം നേരിടുന്ന ശത്രുത പോലും നാം ശരിയായ പാതയിലാണെന്നു നമുക്കു കാണിച്ചു തരുന്നു. ആ പാതയില്‍, വിരോധം സഹിച്ചിട്ടും സ്വയസഹതാപത്തിനോ വിമര്‍ശനത്തിനോ പിറുപിറുപ്പിനോ ഇട കൊടുക്കാതെ, നന്മയാല്‍ തിന്മയെ ജയിച്ച നമ്മുടെ മുന്നോടിയായ യേശുവിനെ നാം കാണുന്നു. യേശു കഷ്ടം സഹിച്ചപ്പോള്‍, തന്നെ കുറ്റം വിധിച്ചവരെ ഭിഷണിപ്പെടുത്താതെ അവരോടു ക്ഷമിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. യേശു തന്റെ പിതാവിന്റെ മൃദുസ്വരം ശ്രദ്ധിക്കുകയും തന്റെ കാര്യം പിതാവിന്റെ പക്കല്‍ ഭരമേല്പിക്കുകയും ചെയ്തു.
സകലരുടെയും വാക്കും പ്രവൃത്തിയും നിരീക്ഷിക്കുന്ന ദൈവം ഒരിക്കല്‍ എല്ലാറ്റിനും നീതിയോടെ വിധി കല്പിക്കും. ഏതു സാഹചര്യത്തിന്റെയും യഥാര്‍ത്ഥ സ്ഥിതി അറിയുന്നവനാകയാല്‍ അവിടുന്ന് ഒരിക്കലും പക്ഷപാതം കാട്ടുകയില്ല.
യേശുവിനെപ്പോലെ നാമും പ്രവര്‍ത്തിച്ചാല്‍ സ്വയം സഹതാപത്തിന്റെ ചിന്തകളെ അതിജീവിക്കുവാന്‍ നമുക്കു കഴിയും. യേശുവിന്റെ കഷ്ടാനുഭങ്ങളില്‍ കൂട്ടായ്മ ഉണ്ടാകുന്നതോര്‍ത്ത് നാം ആഹ്ലാദിക്കുകയും ചെയ്യും. അപ്പോള്‍ എല്ലാ ദൂഷണങ്ങളില്‍ നിന്നും കുറ്റാരോപണങ്ങളില്‍ നിന്നും സ്വയം നീതീകരണം, സ്വയം പ്രതിരോധം, സ്വയം സഹതാപം എന്നിവയില്‍ നിന്നുമെല്ലാം നാം വിടുതല്‍ നേടുകയും ചെയ്യും.
അത്തരം അഗ്നിശോധനകളിലൂടെ നമ്മുടെ അഹന്താജീവിതത്തെ തകര്‍ക്കുവാന്‍ നമുക്കു കര്‍ത്താവിനെ അനുവദിക്കാം. അഹന്തയുടെ ആ മരണത്തില്‍ നിന്നും കര്‍ത്താവിന്റെ മഹത്വത്തിനായി പുനരുത്ഥാന ശക്തിയുടെ പരിമളം പരക്കും. അപ്പോള്‍ കര്‍ത്താവ് നമ്മോട് ഇപ്രകാരം പറയുന്നത് കേള്‍ക്കാം: ''നീ എന്റെ പ്രിയപുത്രി; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.'' ആ അംഗീകാരവാക്കായിരിക്കും നമ്മുടെ ഏറ്റവും വലിയ പ്രതിഫലം.
നമ്മുടെ ഹൃദയം ദൈവത്തിന്റെ വിശുദ്ധ മന്ദിരമാകയാല്‍ അവിടെ എപ്പോഴും സ്വസ്ഥത ഉണ്ടാവട്ടെ. ''യഹോവ തന്റെ വിശുദ്ധ മന്ദിരത്തിലുണ്ട്. സര്‍വ്വഭൂമിയും അവന്റെ സന്നിധിയില്‍ മൗനമായിരിക്കട്ടെ'' (ഹബ. 2:20; സെഖ. 2:13).
അപ്രകാരം സ്വസ്ഥതയിലൂടെയും പ്രകോപനങ്ങളെ നിശ്ശബ്ദമായി അഭിമുഖീകരിക്കുന്നതിലൂടെയും കര്‍ത്താവിന്റെ യഥാര്‍ത്ഥ ദാസരാണ് നാമെന്നതു നമുക്കു തെളിയിക്കാം. കര്‍ത്താവ് പീലാത്തോസിനോട്: ''എന്റെ രാജ്യം ഐഹികമല്ല; ആയിരുന്നുവെങ്കില്‍ എന്റെ ചേവകര്‍ പോരാടുമായിരുന്നു'' എന്നു പറഞ്ഞുവല്ലോ.
യേശു രാജാവാണ്. ഭൂമിയിലെ പീലാത്തോസുമാരും അവരുടെ പടയാളികളുമെല്ലാം നമ്മുടെ ദൈവത്തിന്റെ ദാസന്മാര്‍ മാത്രമാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്റെ ജനത്തിനു ശാപം അനുഗ്രഹമായി മാറ്റിയ ദൈവം ഇന്നും അപ്രകാരം തന്നെ നമുക്കായും പ്രവര്‍ത്തിക്കും (ആവ. 23:5).
''മിണ്ടാതിരുന്നു (എല്ലാം ദൈവത്തില്‍ ഭരമേല്പിക്കുന്നതിന്റെ ഫലമായ സ്വസ്ഥതയില്‍) ഞാന്‍ ദൈവമെന്ന് അറിഞ്ഞുകൊള്‍വിന്‍'' (സങ്കീ. 46:10). ഈ അനുഭവത്തിനായി ദൈവം നമ്മെ ക്ഷണിക്കുന്നു.
അതേ, ദൈവം പരമാധികാരിയാണ്. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും എല്ലാ അധികാരവും അവിടുത്തെ കരങ്ങളിലാണ്. അവിടുന്നു നമ്മുടെ സ്രഷ്ടാവും വീണ്ടെടുപ്പുകാരനും യജമാനനും കര്‍ത്താവുമാണ്. നമ്മുടെ പാതയില്‍ അവിടുന്ന് അയയ്ക്കുന്നതെല്ലാം 1 കൊരി. 10:13, റോമര്‍ 8:28 എന്നീ അരിപ്പകളില്‍ കൂടി രണ്ടു പ്രാവശ്യം അരിച്ചവയാണ്. അതിനാല്‍ എപ്പോഴും നമുക്കു സ്വസ്ഥതയിലായിരിക്കാം.
പോരാട്ടം അത്യുഗ്രമാകുമ്പോള്‍, തീച്ചൂള ഭയാനകമായി ജ്വലിക്കുമ്പോള്‍, നമുക്ക് ഇപ്രകാരം കര്‍ത്താവിന്റെ മൃദുസ്വരം കേള്‍ക്കാം. ''എന്റെ കൃപ ഈ സാഹചര്യത്തിലും നിനക്കു മതി. നിനക്കു സഹിക്കാനാവാത്ത പരീക്ഷയില്‍ ഞാന്‍ നിന്നെ അകപ്പെടുത്തുകയില്ല. നീ നേരിടുന്നതെല്ലാം നിന്റെ പരമമായ നന്മയ്ക്കായി ഞാന്‍ രൂപാന്തരപ്പെടുത്തും. എന്റെ സ്വരൂപത്തോടു നീ അനുരൂപനായിത്തീരുവാന്‍ തന്നേ.''
അതേ, സഹോദരിമാരായ നമ്മുടെ കൂട്ടത്തില്‍ ഏറ്റവും ബലഹീനയ്ക്കുപോലും ജയാളിയായിത്തീരുവാന്‍ സാധിക്കും.
''ഞങ്ങളുടെ ഈ പോരാട്ടമെല്ലാം തീരുവോളം
അങ്ങേ ശാന്തിയുടെ മഞ്ഞുതുള്ളികള്‍ വര്‍ഷിച്ചാലും
സംഘര്‍ഷവും സമ്മര്‍ദ്ദവുമെല്ലാം നീക്കിയാലും
സുസംയതമായ ഞങ്ങളുടെ ജീവിതത്തില്‍
സമാധാനത്തിന്റെ സുന്ദരസസൂനങ്ങള്‍ വിരിയട്ടെ. ആമേന്‍.
ഒരു കാലഘട്ടത്തിലെ ഏറ്റവും സമ്പന്നമായൊരു നഗരത്തിന്റെ ജീര്‍ണ്ണാവശിഷ്ടങ്ങള്‍ക്കിടയില്‍ ഉപ്പു തൂണായി മാറിയ ഒരു സ്ത്രീ രൂപം നാം ദര്‍ശിക്കുന്നു. അത് എല്ലാക്കാലത്തുമുള്ള സ്ത്രീജനങ്ങള്‍ക്ക് ഒരു സന്ദേശം നല്‍കുന്നു.
''ലോത്തിന്റെ ഭാര്യയെ ഓര്‍ത്തുകൊള്‍വിന്‍'' (ലൂക്കൊ. 17:32) എന്ന കര്‍ത്താവിന്റെ വാക്കുകള്‍ നമുക്കെല്ലാവര്‍ക്കും ഒരു താക്കീതു തന്നെ.
ലോത്തിന്റെ ഭാര്യ തിരിഞ്ഞു നോക്കിയപ്പോള്‍ തന്റെ കുടുംബത്തെ നശിപ്പിച്ച അവളുടെ ജീവിത രീതിയുടെ അന്തിമ കര്‍മ്മമായിരുന്നു ആ നോട്ടം.
''തനിക്കു ചുറ്റും ദൈനംദിനം നടമാടിക്കൊണ്ടിരുന്ന ഭയങ്കര ദുഷ്ടതകള്‍ നിമിത്തം കഠിനവ്യഥ അനുഭവിച്ചു ജീവിച്ച'' ഒരു നീതിമാനായിരുന്നു അവളുടെ ഭര്‍ത്താവ് (2 പത്രൊ. 2:7,8).
എങ്കിലും തന്റെ ഭര്‍ത്താവ് സോദോമിനെപ്പറ്റി ചിന്തിച്ചതുപോലെ അവള്‍ ചിന്തിച്ചില്ല. അതായിരുന്നു അവളുടെ ദുരന്തകാരണം.
ദൈവഭയമില്ലാഞ്ഞതു മൂലം തന്റെ രണ്ടു പെണ്‍മക്കളെ ആ നന്മയഭ്യസിപ്പിക്കുവാന്‍ അവള്‍ക്കു കഴിഞ്ഞില്ല. ആ കുട്ടികള്‍ വളര്‍ന്നു വന്നപ്പോള്‍ അവരോടൊത്തു ചെലവിടുവാന്‍ സമയമില്ലാത്തവണ്ണം അവള്‍ സാമൂഹ്യ ജീവിത മാര്‍ഗങ്ങളില്‍ മുഴുകിപ്പോയിരിക്കണം.
അവള്‍ ഒരു വലിയ ബിസിനസ്സുകാരന്റെ ഭാര്യയായിരുന്നു. തന്റെ പെണ്‍മക്കള്‍ സോദോം സമൂഹത്തില്‍ അംഗീകരിക്കപ്പെട്ടു എന്നതില്‍ അവള്‍ അഭിമാനം കൊണ്ടു. തീര്‍ച്ചയായും അവള്‍ തന്റെ ഭര്‍ത്താവിന്റെ എതിര്‍പ്പുകള്‍ ഗണ്യമാക്കാതെ സോദോമിലെ ജീവിതശൈലി അനുകരിക്കുവാന്‍ തന്റെ പെണ്‍മക്കളെ അനുവദിച്ചിരിക്കാം. സോദോമിലെ മിടുമിടുക്കന്മാരായ രണ്ടു യുവാക്കന്മാരെ വിവാഹം ചെയ്യുവാന്‍ അവള്‍ അവരെ പ്രേരിപ്പിച്ചുമിരിക്കാം. അങ്ങനെ തന്റെ പെണ്‍മക്കളെ അവള്‍ നശിപ്പിച്ചു.
4000 വര്‍ഷം പഴക്കമുള്ള ആ ഉപ്പു തൂണില്‍ നിന്നും ഒരു താക്കീതിന്റെ ശബ്ദം അമ്മമാരായ നമ്മെ തേടിയെത്തുന്നു; ''നിങ്ങളുടെ മക്കളോടൊത്തു സമയം ചെലവാക്കുക; ലോത്തിന്റെ ഭാര്യയെ ഓര്‍ത്തുകൊള്ളുക.''
ലോത്തിന്റെ ഭാര്യയുടെ നിക്ഷേപം ഭൗതികസമ്പത്തുകളിലായിരുന്നു. അതിനാല്‍ അവളുടെ ഹൃദയവും അവിടെത്തന്നെ മുങ്ങിപ്പോയി. അമ്മമാരായ നാം വീട്ടിലെ ഭൗതികവസ്തുക്കളുമായി ധാരാളം ഇടപെടുന്നതിനാല്‍ ഭക്ഷണം, വസ്ത്രം, വീട്ടുപകരണങ്ങള്‍, വസ്തുവകകള്‍ എന്നിവയ്ക്കു അമിത പ്രാധാന്യം നല്‍കുവാന്‍ നമുക്ക് എളുപ്പമാണ്. അതിനാല്‍ ആ ഉപ്പു തൂണില്‍ നിന്നും ഇതാ മറ്റൊരു താക്കീതും കൂടെ: ''കാണുന്ന കാര്യങ്ങള്‍ താല്‍ക്കാലികം. ലോത്തിന്റെ ഭാര്യയെ ഓര്‍ത്തുകൊള്‍വിന്‍.''
ഒരുപക്ഷേ തന്റെ ലൗകിക സ്‌നേഹിതരെ വിട്ടു പിരിയുന്നതായിരിക്കണം ലോത്തിന്റ ഭാര്യയ്ക്ക് ഏറ്റവും ദുഷ്‌കരമായിരുന്നത്.
ധാരാളം സോഹദരിമാര്‍ കര്‍ത്താവിനായി പ്രയോജനപ്പെടുന്നതേയില്ല. കാരണം, അവരുടെ ഉത്തമ സുഹൃത്തുക്കള്‍ അവരുടെ ലോകപ്രകാരമുള്ള ബന്ധുക്കളും അയല്‍ക്കാരുമാണ്; അവര്‍ അവരൊടൊത്തു നിഷ്ഫലമായ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നു. അത്തരം സഹോദരിമാര്‍ക്കുള്ള താക്കീതാണിത്. ''ചീത്ത കൂട്ടുകെട്ട് കര്‍ത്താവിനു വേണ്ടിയുള്ള നിന്റെ സാക്ഷ്യത്തെ നിഷ്ഫലമാക്കും; ലോത്തിന്റെ ഭാര്യയെ ഓര്‍ത്തുകൊള്‍വിന്‍.''
ഒരുപക്ഷേ ഭൂതകാലത്തിലുണ്ടായ ഏതെങ്കിലുമൊരു പരാജയമോ മനോവ്യഥയോ ചില സ്‌നേഹിതര്‍ കാണിച്ച വിശ്വാസ വഞ്ചനയോ മറക്കാന്‍ സാധിക്കാത്തവിധം നമ്മെ നിരാശരാക്കുന്നുണ്ടാവാം. അല്ലെങ്കില്‍ മറ്റുള്ളവരുടെ സഹതാപം നേടുവാന്‍ വേണ്ടി ഏതെങ്കിലുമൊരു ദുഃഖമോ പീഡയോ അവരുമായി പങ്കിടുവാന്‍ നാം ആഗ്രഹിക്കുന്നുണ്ടാവാം.
എന്തുതന്നെ ആയാലും പിന്തിരിഞ്ഞു നോക്കുന്നത് എപ്പോഴും ആപല്‍ക്കരമാണ്. നാം സഭയുടെ തൂണുകളായിത്തീരേണ്ട സ്ഥാനത്ത് അതു നമ്മുടെ ആത്മീയ പുരോഗതിയുടെ മുമ്പില്‍ വിലങ്ങടിച്ചു നിന്ന് നമ്മെ ഉപ്പു തൂണുകളാക്കി മാറ്റും (അതേ, സഹോദരിമാര്‍ പാപത്തെ ജയിക്കുകയാണെങ്കില്‍ അവര്‍ക്കും സഭയില്‍ തുണുകളായിത്തീരാം എന്നു ദൈവവചനം പറയുന്നു - വെളി. 3:12).
ഈ താക്കീതു നമുക്കു ശ്രദ്ധിക്കാം: ''കഴിഞ്ഞതെല്ലാം മറക്കുക. അതേപ്പറ്റി ചിന്തിച്ചു സമയം കളയരുത്. ലോത്തിന്റെ ഭാര്യയെ ഓര്‍ത്തുകൊള്‍ക.''
ദൈവദൂതന്മാര്‍ ലോത്തിന്റെ കുടുംബത്തോടു വിളിച്ചു പറഞ്ഞതിപ്രകാരമാണ്: ''ജീവരക്ഷയ്ക്കായി ഓടിപ്പോക, പുറകോട്ടു നോക്കരുത്... നിനക്കു നാശം ഭവിക്കാതിരിപ്പാന്‍ പര്‍വ്വതത്തിലേക്ക് ഓടിപ്പോക'' (ഉല്‍പ. 19:17).
ഇന്ന് സ്വര്‍ഗ്ഗത്തില്‍ നിന്നും നമ്മോടുള്ള ആഹ്വാനവും ഇതു തന്നെയാണ്. നാം ഭൂതകാലത്തില്‍ ജീവിക്കാതെ കര്‍ത്താവിനോടൊപ്പം നമുക്കു പര്‍വ്വതങ്ങളില്‍ വാസം ചെയ്യാം.
എന്തായാലും ഒരിക്കല്‍ നാം വിട്ടു പോകേണ്ട ഭൗമിക വസ്തുക്കളിന്മേലുള്ള നമ്മുടെ പിടി നമുക്കു വിട്ടു കളയാം.
ലോത്തിന്റെ ഭാര്യയെ ഓര്‍ത്തുകൊള്‍വിന്‍.
പ്രത്യാശയുടെ വാതില്‍
ഞാന്‍ അവള്‍ക്കു മാനസാന്തരപ്പെടുവാന്‍ സമയം കൊടുത്തു (വെളി. 2:21).
നാം ഈ വാക്കുകള്‍ വായിക്കുമ്പോള്‍ തന്റെ മകള്‍ മാനസാന്തരപ്പെടാതിരുന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി ഭീഷണിപ്പെടുത്തുന്ന ഒരു പിതാവിനെപ്പറ്റിയാണോ ചിന്തിക്കുന്നത്? അല്ല. അങ്ങനെയല്ല, തന്റെ മകളെ സ്‌നേഹിക്കുകയും അവള്‍ക്കായി പ്രത്യാശയുടെ വാതില്‍ തുറന്നു കൊടുക്കുകയും അവളുടെ തെറ്റുകള്‍ക്കു ഒരു പരിഹാരമാര്‍ഗ്ഗം കാണിച്ചു കൊടുക്കുകയും ചെയ്യുന്ന സ്വര്‍ഗ്ഗീയ പിതാവിന്റെ ശബ്ദമാണത്. അവള്‍ മാനസാന്തരപ്പെടുവാന്‍ ആഗ്രഹിച്ച് അവിടുന്ന് അവള്‍ക്കു സമയം കൊടുക്കുന്നു.
ഞാന്‍ അവളോടു ഹൃദ്യമായി സംസാരിച്ച് അവളുടെ കഷ്ടതകളുടെ താഴ്‌വരയെ പ്രത്യാശയുടെ വാതിലാക്കി രൂപാന്തരപ്പെടുത്തും (ഹോശെ. 2:15) എന്നിങ്ങനെ ഒരു പിതാവ് പറയുന്നതാണ് നാമിവിടെ കേള്‍ക്കുന്നത്.
കുറെക്കൂടെ പിന്നോട്ടു പോയി മറ്റൊരു സ്ത്രീയെ-ഹവ്വയെ- നമുക്കു ഓര്‍ക്കാം. അവളുടെ അനുസരണക്കേടിനു ദൈവം അവളെ ശിക്ഷിച്ചുവെന്നത് ശരി തന്നെ. പക്ഷേ ശിക്ഷയുടെ വാക്കുകളോടൊപ്പം പ്രത്യാശയുടെ വാതിലും ദൈവം തുറന്നു കൊടുത്തു. അവളുടെ പാപത്തിനുള്ള പരിഹാരം, അവളുടെ സന്തതി ശത്രുവിന്റെ തല തകര്‍ക്കുന്ന ഒരു സുദിനത്തിന്റെ പ്രത്യാശ, വഞ്ചകനെ പരാജിതനാക്കുകയും അവളുടെ മക്കള്‍ ദൈവരാജ്യം അവകാശമാക്കുകയും ചെയ്യുന്ന സുദിനം തന്നെ.
മറ്റൊരു സ്ത്രീ സമൂഹത്തെപ്പറ്റിയും ചിന്തിക്കാം. വിഗ്രഹാരാധികളായ യെരുശലേമിന്റെയും യഹൂദയുടെയും പുത്രിമാര്‍. ദൈവം തന്റെ മഹാകരുണയാലും സ്‌നേഹത്തിലും അയച്ച പ്രവാചകന്മാരുടെ നിരന്തരമായ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും അവര്‍ തങ്ങളുടെ ഹൃദയം കഠിനമാക്കുകയും ദൈവകല്പനകള്‍ ലംഘിക്കുകയും ചെയ്തു. അതിനാല്‍ അവര്‍ പ്രവാസികളായി ചിതറിപ്പോകേണ്ടി വന്നു. എന്നിട്ടും ന്യായവിധിയുടെ സന്ദേശത്തില്‍ തന്നെ, ദൈവം അവര്‍ക്കു പ്രത്യാശയുടെ വാതില്‍ തുറന്നു കൊടുത്തു. ഭാവിയില്‍ വീണ്ടെടുപ്പിനുള്ള വാഗ്ദാനം നല്‍കുകയും ചെയ്തു (യിരെ. 29:11).
ദൈവത്തിന്റെ അനന്തമായ സ്‌നേഹം ഇപ്രകാരമാണ്. തന്റെ കഠിനമായ ന്യായവിധികളിലും അവിടുന്ന് എപ്പോഴും പ്രത്യാശയുടെ വാതില്‍ തുറന്നു കൊടുക്കുന്നു. ഫ്രെഡറിക് ഫേബര്‍ പറഞ്ഞതുപോലെ, ''നമ്മുടെ എല്ലാ ദുഃഖങ്ങളിലും വേദനിക്കുന്ന ഒരു ഹൃദയം സ്വര്‍ഗ്ഗത്തിലല്ലാതെ മറ്റെങ്ങുമില്ല, നമ്മുടെ എല്ലാ പരാജയങ്ങളിലും ഇത്ര അനുകമ്പയോടെ വിധി പ്രസ്താവിക്കുന്ന മറ്റൊരു ന്യായാസനവും ഇല്ല.''
അതിനാല്‍ നമുക്കു നല്‍കിയിട്ടുള്ള ഈ ഇടവേളയില്‍ നമുക്കു മാനസാന്തരപ്പെടാം. ദൈവത്തിന്റെ താക്കീതുകളെ പരിഹസിച്ചു തള്ളുകയും അവിടത്തെ പ്രവാചകന്മാരെ നിന്ദിക്കുകയും ചെയ്ത കള്ളപ്രവാചികയായ ഈസബേലിനെപ്പോലെ നാം തീരരുത്. ദൈവം അവളെക്കുറിച്ച് ''മാനസാന്തരപ്പെടുവാന്‍ അവള്‍ക്കു മനസ്സില്ല'' എന്നു പറഞ്ഞിരിക്കുന്നു (വെളി. 2:21).
മാനസാന്തരപ്പെട്ട മറ്റൊരു സ്ത്രീയെപ്പറ്റി, ''അവളുടെ അനേകമായ പാപങ്ങള്‍ മോചിച്ചിരിക്കുന്നു; അവള്‍ വളരെ സ്‌നേഹിച്ചുവല്ലോ'' എന്നു കര്‍ത്താവ് പറഞ്ഞുവല്ലോ (ലൂക്കൊ. 7:47). അവളെപ്പോലെ നമുക്ക് ആയിത്തീരാം.
നമുക്കോരുത്തര്‍ക്കും ദൈവം പ്രത്യാശയുടെ വാതില്‍ തുറന്നിരിക്കുന്നു. തോറ്റു തുന്നംപാടി തങ്ങളുടെ ജീവീതം കലുഷിതമാക്കിക്കളഞ്ഞ ഭാര്യമാര്‍ക്കും മതാക്കള്‍ക്കും കൂടെ! ദൈവത്തില്‍ നീ ആശ്രയം വയ്ക്കുക മാത്രം ചെയ്താല്‍ നിന്റെ ജീവിതത്തെപ്പറ്റിയുള്ള ദൈവിക പദ്ധതി ഇപ്പോഴും അവിടുന്നു നിറവേറ്റും. നമ്മുടെ ദൈവത്തിന് ഒന്നും അസാധ്യമല്ല. ആ അന്‍പുള്ള പിതാവില്‍ വിശ്വസിക്ക മാത്രം ചെയ്ക. കര്‍ത്താവില്‍ ആശ്രയിക്കുന്ന ഒരുത്തനും ഒരിക്കലും ലജ്ജിച്ചു പോകയില്ല. എന്റെ ഭര്‍ത്താവ് പലപ്പോഴും പറയുന്നതുപോലെ ''ദൈവം സാത്താനെതിരെ എപ്പോഴും നമ്മുടെ പക്ഷത്തുണ്ട്.'' ഹല്ലേലുയ്യാ! ആമേന്‍!!