ദൈവത്തിന്റെ അംഗീകാരം ശോധനകളിലൂടെ

ലേഖകൻ :   സാക് പുന്നൻ
    Download Formats:

അധ്യായം 1
വിളിക്കപ്പെട്ടവര്‍, തിരഞ്ഞെടുക്കപ്പെട്ടവര്‍, വിശ്വസ്തര്‍

ദൈവം നമ്മെ തനിക്കുള്ളവരായി കൈക്കൊള്ളുക എന്നത് ഒരു കാര്യം; എന്നാല്‍ ദൈവം നമ്മെ അംഗീകാരയോഗ്യരായി എണ്ണുക എന്നതാകട്ടെ, തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ്.

വിശ്വസ്തര്‍ ഒരു ശേഷിപ്പ്

കുഞ്ഞാട് ശത്രുക്കളോടു പോരാടി വിജയം വരിക്കുന്നതിനെപ്പറ്റി വെളിപ്പാടുപുസ്തകത്തില്‍ നാം വായിക്കുന്നു. ഇതിലേക്ക് കുഞ്ഞാടിന് ശിഷ്യ രുടേതായ ഒരു സേനയുണ്ടെന്നും അവരിലൂടെ അവിടുന്ന് യുദ്ധം ചെയ്ത് വിജയം നേടുന്നുവെന്നുമാണ് അവിടെ പറഞ്ഞിട്ടുള്ളത്. ഈ ശിഷ്യന്മാരെ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമെന്ന് വിളിച്ചു പോരുന്നു.

''കുഞ്ഞാട് കര്‍ത്താധികര്‍ത്താവും രാജാധിരാജാവും ആകകൊണ്ട് അവന്‍ തന്നോടുകൂടെയുള്ള വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്കപ്പെട്ടവരും വിശ്വസ്തരുമായി അവരെ (ശത്രുക്കളെ) ജയിക്കും'' (വെളി. 17:14).

വിളിക്കപ്പെട്ടവര്‍ അനേകര്‍; തിരഞ്ഞെടുക്കപ്പെട്ടവരോ ചുരുക്കം; എന്നാല്‍ വിശ്വസ്തന്മാരാകട്ടെ, അതിലും ചുരുക്കമാണ്. ഇവരാണ് വെളിപ്പാടു പുസ്തക ത്തില്‍ പത്തുപ്രാവശ്യം പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ജയാളികള്‍ (ീ്‌ലൃരീാലൃ)െ. ദൈവത്താല്‍ കൈക്കൊള്ളപ്പെട്ടശേഷം വിവിധ സാഹചര്യങ്ങളിലൂടെ പരീക്ഷിക്കപ്പെട്ട് വിശ്വസ്തരെന്ന അംഗീകാരം പ്രാപിച്ചശിഷ്യന്മാരാണ് ഈ ജയാളികള്‍.

യേശു ഭൂമിയിലായിരുന്നകാലത്ത് അദ്ദേഹത്തില്‍ വിശ്വസിച്ച വളരെപ്പേരു ണ്ടായിരുന്നു; എങ്കിലും കര്‍ത്താവ് അവരില്‍ എല്ലാവരുടെയും പക്കല്‍ തന്നെത്തന്നെ വിശ്വസിച്ചേല്‍പിച്ചില്ല.

''പെസഹാപെരുന്നാളില്‍ യെരൂശലേമില്‍ ഇരിക്കുമ്പോള്‍ യേശു ചെയ്ത അടയാളങ്ങള്‍ കണ്ടിട്ട് പലരും അവന്റെ നാമത്തില്‍ വിശ്വസിച്ചു; യേശുവോ എല്ലാവരെയും അറികകൊണ്ട് തന്നെത്താന്‍ അവരുടെ പക്കല്‍ വിശ്വസിച്ചേല്‍ പിച്ചില്ല'' (യോഹ. 2:23,24).

തന്നില്‍ വിശ്വസിച്ചവരില്‍ ഭൂരിപക്ഷം പേരും സ്വന്തതാല്‍പര്യങ്ങള്‍ അന്വേഷിക്കുന്നവരാണെന്നും വ്യക്തിപരമായ അനുഗ്രഹങ്ങള്‍ നേടുവാന്‍ മാത്രമാണ് അവര്‍ തന്റെ അടുക്കല്‍ വന്നിട്ടുള്ളതെന്നും യേശുവിന് അറിയാമാ യിരുന്നു. അവരുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരുന്നുവെങ്കിലും ജയാളികളാകു വാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല. ജയാളിയായിത്തീരണമെങ്കില്‍ ഒരുവന്‍ സ്വന്തതാല്‍പര്യമന്വേഷിക്കുന്ന സ്വഭാവത്തില്‍നിന്നുള്ള വിടുതല്‍ വാഞ്ഛിച്ചേ മതിയാവൂ.

ഗിദെയോന്‍ യിസ്രായേലിന്റെ ശത്രുക്കള്‍ക്കെതിരെ ഒരു സൈന്യത്തെ സംഭരിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം 32000 ആളുകള്‍ ഉണ്ടായിരുന്നു. ഇവരെ ല്ലാവരും പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിക്കുന്നവരല്ലെന്ന് ദൈവം കണ്ടു. അതിനാല്‍ അവരുടെ സംഖ്യ കുറയ്ക്കുവാന്‍ ദൈവം ഗിദെയോനു നിര്‍ദ്ദേശം നല്‍കി. ആദ്യം തന്നെ, ഭയമുള്ളവരെയെല്ലാം അദ്ദേഹം വീടുകളിലേക്കു പറഞ്ഞയച്ചു. 22000 പേര്‍ അങ്ങനെ തിരിച്ചുപോയി. 10000 പേര്‍ പിന്നെയും ശേഷിച്ചു. അനന്തരം അവരെ നദീതീരത്തേക്കു കൂട്ടിക്കൊണ്ടുപോയി ഒരു പരീക്ഷയ്ക്കു വിധേയരാക്കി. ആ പരീക്ഷയില്‍ 300 പേര്‍ മാത്രമേ ജയം നേടിയുള്ളു. അവരെ മാത്രമേ ദൈവം അംഗീകരിച്ചുള്ളു (ന്യായാ. 7:18).

തങ്ങളുടെ ദാഹം ശമിപ്പിക്കുവാന്‍ അവര്‍ എങ്ങനെ വെള്ളം കുടിച്ചു വെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അവരുടെ അര്‍ഹതയെ ദൈവം പരീക്ഷിച്ചത്. തങ്ങള്‍ പരീക്ഷിക്കപ്പെടുകയാണെന്ന് അവര്‍ അറിഞ്ഞതേയില്ല. 9700 പേരും ശത്രുവിന്റെ കാര്യം വിസ്മരിച്ച് ജലത്തില്‍ മുട്ടുകുത്തിനിന്ന് ദാഹം ശമിപ്പിച്ചു. 300 പേര്‍ മാത്രമാണ് ജാഗ്രതയോടെ നിവര്‍ന്നുനിന്നുകൊണ്ട് കൈക്കുമ്പിളില്‍ വെള്ളം കോരിക്കുടിച്ചത്.

പരീക്ഷ ദൈനംദിനജീവിതത്തില്‍

പണം, ലോകസുഖം, മനുഷ്യരില്‍നിന്നുള്ള ബഹുമതി തുടങ്ങിയ കാര്യ ങ്ങളുടെ നേരെയുള്ള നമ്മുടെ മനോഭാവം എന്താണ്? ദൈനംദിനജീവിത ത്തിലെ സര്‍വസാധാരണമായ ഇമ്മാതിരി കാര്യങ്ങളിലാണ് ദൈവം നമ്മെ പരീക്ഷിക്കുന്നത്. ഗിദെയോന്റെ പടയാളികളെപ്പോലെ നാമും ദൈവം നമ്മെ പരീക്ഷിക്കുകയാണെന്നുള്ള സത്യം മനസ്സിലാക്കുകയില്ല.

ഈ ലോകത്തിന്റെ ചിന്താഭാരങ്ങളാല്‍ നാം വ്യാകുലചിത്തരാകരുതെന്ന് യേശുക്രിസ്തു നമുക്കു താക്കീതു നല്‍കിയിട്ടുണ്ട്. അവിടുന്ന് അരുളിച്ചെയ്തു: ''നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്ത കളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങള്‍ക്ക് പെട്ടെന്ന് കെണിപോലെ വരാതി രിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍'' (ലൂക്കോ. 21:34).

പൗലോസ് കൊരിന്ത്യക്രിസ്ത്യാനികളെ ഇപ്രകാരം പ്രബോധിപ്പിച്ചി ട്ടുണ്ട്: ''ഇനി ഭാര്യമാരുള്ളവര്‍ ഇല്ലാത്തവരെപ്പോലെയും കരയുന്നവര്‍ കരയാ ത്തവരെപ്പോലെയും സന്തോഷിക്കുന്നവര്‍ സന്തോഷിക്കാത്തവരെപ്പോലെയും വിലയ്ക്കു വാങ്ങുന്നവര്‍ കൈവശമാക്കാത്തവരെപ്പോലെയും ലോകത്തെ അനുഭവിക്കുന്നവര്‍ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരി ക്കണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ..... നിങ്ങള്‍ ചാപല്യം കൂടാതെ കര്‍ത്താവിങ്കല്‍ സ്ഥിരമായി വസിക്കേണ്ടതിന് നിങ്ങളുടെ ഉപകാരത്തിനായിട്ടത്രേ ഞാന്‍ ഇതുപറയുന്നത് (1 കൊരി. 7:29-35).

കര്‍ത്താവിനോടുള്ള സമ്പൂര്‍ണ്ണസ്‌നേഹത്തില്‍നിന്ന് നമ്മുടെ ശ്രദ്ധയെ അകറ്റിക്കളയുവാന്‍ ലോകത്തിലുള്ള യാതൊന്നിനെയും നാം അനുവദി ക്കരുത്. നിയമാനുസൃതമായ ലൗകികവിഷയങ്ങള്‍ കളങ്കമറ്റ നിര്‍ദ്ദോഷകാര്യ ങ്ങളായിട്ടാണല്ലോ പുറമേ കാണപ്പെടുന്നത്.

ദാഹം തീര്‍ക്കേണ്ടതിന് ജലം കുടിക്കുവാന്‍ നമുക്കനുവാദമുണ്ട്; എങ്കിലും ആ ജലം കൈക്കുമ്പിളില്‍ക്കോരി അത്യാവശ്യത്തിനു കുടിക്കുകയേ പാടുള്ളു. നമ്മുടെ മനസ്സ് ഭൗമികകാര്യങ്ങളിലല്ല, ഉയരത്തിലുള്ള കാര്യങ്ങ ളിലാണ് പതിയേണ്ടത്. യേശുവിന്റെ ശിഷ്യന്മാരായി നാം തീരണമെങ്കില്‍ സകലവും പരിത്യജിച്ചേ മതിയാവൂ.

വലിച്ചു നീട്ടപ്പെട്ട റബ്ബര്‍ബാന്‍ഡുപോലെ അത്യാവശ്യമായ ലൗകിക വസ്തുക്കളെ സ്പര്‍ശിക്കുവാന്‍ നമ്മുടെ മനസ്സിനെ നാം അനുവദിച്ചേക്കാം. എന്നാല്‍ ആ വക കാര്യങ്ങള്‍ ശ്രദ്ധിച്ചുകഴിയുമ്പോഴേക്കും, റബ്ബര്‍ബാന്‍ഡ് അതിന്റെ വികസിത സ്ഥിതിവിട്ട് പൂര്‍വ്വാവസ്ഥയിലേക്കു പിന്തിരിയുന്നതു പോലെ, നമ്മുടെ മനസ്സും ദൈവത്തെയും നിത്യതയെയും സംബന്ധിക്കുന്ന കാര്യങ്ങളിലേക്ക് പിന്‍വലിയണം. ''ഭൂമിയിലുള്ള കാര്യങ്ങളെയല്ല, ഉയരത്തി ലുള്ളതുതന്നെ അന്വേഷിപ്പിന്‍'' എന്നു പറയുമ്പോള്‍ പൗലോസ് അര്‍ത്ഥ മാക്കുന്നത് ഇക്കാര്യമാണ്.

എന്നാല്‍ പല വിശ്വാസികളുടെയും ജീവിതത്തില്‍ റബ്ബര്‍ബാന്‍ഡ് ഇതിനു നേരേ എതിരായ ഒരു വിധത്തിലാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ മനസ്സുകള്‍ അപൂര്‍വസന്ദര്‍ഭങ്ങളില്‍മാത്രം ശാശ്വതകാര്യങ്ങള്‍ ചിന്തിക്കുവാ നായി വലിച്ചുനീട്ടപ്പെട്ടേക്കാം. എങ്കിലും അവയെ മോചിപ്പിക്കുമ്പോള്‍ പിന്നെയും ഈ ലോകകാര്യങ്ങളില്‍ വ്യാപൃതരാകുന്ന ഒരു സാധാരണനില യിലേക്ക് അതു തിരികെ വരുന്നതായിട്ടാണ് കാണപ്പെടുന്നത്.

ദൈവത്തില്‍നിന്നുള്ള അംഗീകാരം

പൗലോസ് തിമോഥെയോസിനെ ഇപ്രകാരം പ്രബോധിപ്പിച്ചു: ''പട ചേര്‍ത്തവനെ പ്രസാദിപ്പിക്കേണ്ടതിന് യാതൊരു പടയാളിയും ജീവന കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നു'' (2 തിമോ. 2:4). രക്ഷ പ്രാപിപ്പാന്‍ നാം എന്തു ചെയ്യണം എന്ന കാര്യമല്ല പൗലോസ് ഇവിടെപ്പറയുന്നത്; മറിച്ച് ക്രിസ്തുയേശുവിന്റെ ഒരു നല്ല ഭടനായിത്തീരുവാന്‍ എന്തു ചെയ്യണമെന്ന താണ് ഇവിടത്തെ വിഷയം.

''ദൈവത്തിനു കൊള്ളാവുന്നവനായി നില്‍പാന്‍ ശ്രമിക്ക'' എന്ന് പൗലോസ് തിമോഥെയോസിനോടു പറഞ്ഞു. തിമോഥെയോസിനെ ദൈവം നേരത്തേതന്നെ കൈക്കൊണ്ടിട്ടുണ്ടായിരുന്നു. ഇപ്പോള്‍ ദൈവത്തിന്റെ അംഗീകാരം പ്രാപിക്കുവാന്‍ അവന്‍ ദത്തശ്രദ്ധനാകേണ്ടത് ആവശ്യമായി രുന്നു.

പൗലോസ് തന്നെയും ദൈവത്തിന്റെ അംഗീകാരം ലഭിച്ചതുമൂലമാണ് ക്രിസ്തുവിനാല്‍ ശുശ്രൂഷയ്ക്കായി നിയോഗിക്കപ്പെട്ടത്.

അദ്ദേഹം പറയുന്നു: ''എനിക്കു ശക്തി നല്‍കിയ ക്രിസ്തുയേശു എന്ന നമ്മുടെ കര്‍ത്താവ് എന്നെ വിശ്വസ്തനെന്ന് എണ്ണി ശുശ്രൂഷയ്ക്ക് ആക്കി യതുകൊണ്ട് ഞാന്‍ അവനെ സ്തുതിക്കുന്നു'' (1 തിമോ. 1:12).

വിളിക്കപ്പെട്ടശേഷം തിരഞ്ഞെടുക്കപ്പെടുകയും വിശ്വസ്തനെന്ന് എണ്ണ പ്പെടുകയും ചെയ്ത ഒരുവനായിരുന്നു പൗലോസ്. തിമോഥെയോസും അപ്രകാരം ആയിത്തീരണമെന്നായിരുന്നു പൗലോസിന്റെ ആഗ്രഹം.

ശോധന ചെയ്തശേഷമേ ദൈവം പൗലോസിനെ അംഗീകരിച്ചുള്ളു.

നമ്മെയും ദൈവം ഇതുപോലെ ശോധന ചെയ്തുകൊണ്ടിരിക്കുകയാണ്.

ഒരുവനെ ശോധന ചെയ്യാതെ ദൈവം ഒരിക്കലും തന്നെത്തന്നെ അവന്റെ പക്കല്‍ വിശ്വസിച്ച് ഏല്‍പിക്കുന്നില്ല.

ഒട്ടധികം പേരെ ദൈവം ഈ വിധത്തില്‍ ശോധന ചെയ്തതായി തിരുവെ ഴുത്തില്‍ നാം വായിക്കുന്നു. അവരില്‍ ചിലര്‍ ദൈവത്തിന്റെ അംഗീകാരത്തിനു പാത്രരായി; മറ്റുള്ളവര്‍ തള്ളപ്പെടുകയും ചെയ്തു. ഈ ആളുകളെ സംബ ന്ധിച്ചുള്ള വൃത്താന്തങ്ങള്‍ നമ്മുടെ പ്രബോധനത്തിനുവേണ്ടി തിരുവചനം രേഖപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ അവ നമുക്ക് ഏറ്റവും വിലപ്പെട്ട ദൃഷ്ടാന്തങ്ങള്‍ തന്നെ.

അധ്യായം 2
ദൈവം പ്രസാദിക്കുന്നത് ആരില്‍?

ദൈവം പ്രസാദിക്കുന്നത് ആരില്‍?

''ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' എന്ന് പിതാവായ ദൈവം സാക്ഷ്യം പറഞ്ഞ ഒരു വ്യക്തിയെപ്പറ്റിയും ''അവരില്‍ ദൈവം പ്രസാദിച്ചില്ല'' എന്നു ദൈവം മറുത്തുപറഞ്ഞ ഒരു സമൂഹത്തെപ്പറ്റിയും പുതിയനിയമത്തില്‍ നാം വായിക്കുന്നു. ഈ രണ്ടവസ്ഥകളെയും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു പഠനം പ്രയോജനകരമായിരിക്കും.

ദൈവം അവരില്‍ പ്രസാദിച്ചില്ല.

മരുഭൂമിയില്‍ അവിശ്വാസംമൂലം വീണുപോയ ആറുലക്ഷം യിസ്രായേല്‍ ക്കാരെപ്പറ്റി ''എങ്കിലും അവരില്‍ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല'' എന്ന് എഴുതിയിരിക്കുന്നു (1 കൊരി. 10:5). ഈ യിസ്രായേല്‍മക്കള്‍ പെസഹാക്കു ഞ്ഞാടിന്റെ രക്തംമൂലം മിസ്രയീമില്‍നിന്നു വിടുവിക്കപ്പെട്ടവരും ചെങ്കടലിലും മേഘസ്തംഭത്തിലും സ്‌നാനമേറ്റവരും ആയിരുന്നു (1 കൊരി. 10:2). മിസ്രയീ മില്‍നിന്നു രക്തം മുഖേനയുള്ള വിടുതല്‍ യേശുക്രിസ്തുവില്‍ക്കൂടെയുള്ള വീണ്ടെടുപ്പിന്റെ പ്രതീകമത്രേ. ചെങ്കടലിലൂടെക്കടന്നത് ജലസ്‌നാനത്തി ന്റെയും മേഘസ്തംഭം പരിശുദ്ധാത്മസ്‌നാനത്തിന്റെയും അടയാളങ്ങളാണ്. ഇതെല്ലാം ഉണ്ടായിട്ടും ദൈവം അവരില്‍ പ്രസാദിച്ചില്ല.

എങ്കിലും ദൈവം അവരോട് വളരെ ദയാലുവായിരുന്നു. അവരുടെ ശാരീരികാവശ്യങ്ങള്‍ അസാധാരണമായ രീതിയില്‍ അവിടുന്നു നിറവേറ്റി. ''ഈ നാല്‍പതു വര്‍ഷം നീ ധരിച്ച വസ്ത്രം ജീര്‍ണ്ണിച്ചുപോയില്ല; നിന്റെ കാല്‍ വീങ്ങിയതുമില്ല'' എന്നിങ്ങനെ അവരുടെ നാല്‍പതുവര്‍ഷക്കാലത്തെ പ്രയാണത്തിന്റെ അവസാനത്തില്‍ മോശ അവരോടു പറഞ്ഞു (ആവര്‍. 8:4).

അവരുടെ രോഗങ്ങളെയെല്ലാം ദൈവം സൗഖ്യമാക്കി. ''ആ സമയത്ത് രോഗികളോ ബലഹീനരോ അവരുടെ ഇടയില്‍ ഉണ്ടായിരുന്നില്ല'' എന്ന് ദൈവചനം പറയുന്നു (സങ്കീ. 105:37 ലിവിംഗ് ബൈബിള്‍).

അവര്‍ക്കുവേണ്ടി ഒട്ടുവളരെ അദ്ഭുതകൃത്യങ്ങള്‍ ദൈവം പ്രവര്‍ത്തിച്ചു. അവിശ്വാസികളായ ഈ യിസ്രായേല്‍ജനങ്ങളുടെ ജീവിതത്തില്‍ നടന്നിട ത്തോളം അദ്ഭുതങ്ങള്‍ ലോകചരിത്രത്തില്‍ മറ്റൊരു ജനസമൂഹത്തിലും നടന്നിട്ടില്ല. ഇങ്ങനെയൊക്കെയാണെങ്കിലും ആ നാല്‍പതുവര്‍ഷക്കാലത്തില്‍ ഓരോ ദിവസവും ദൈവം അവരുടെ നേരേ ക്രുദ്ധിച്ചുവെന്നാണ് തിരുവചന ത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് (എബ്രാ. 3:17).

ഈ ഭാഗം നമ്മെ പഠിപ്പിക്കുന്ന ഒരു സത്യം ഇതാണ്: ജഡസ്വഭാവ ത്തോടെ ജീവിക്കുന്ന വിശ്വാസികളുടെപോലും പ്രാര്‍ത്ഥന ദൈവം കേള്‍ക്കു കയും അവരുടെ ഭൗതികാവശ്യങ്ങള്‍, വേണ്ടിവന്നാല്‍ അത്ഭുതങ്ങളിലൂടെ ത്തന്നെ, നിറവേറ്റുകയും ചെയ്‌തെന്നു വരാം. എന്നാല്‍ ദൈവം നമുക്കുവേണ്ടി ഒരത്ഭുതം പ്രവര്‍ത്തിച്ചുവെന്നതുകൊണ്ടുമാത്രം നാം ആത്മീയരാണെന്നു തെളിയുന്നില്ല. നല്ലവനായ ദൈവം നീതിമാന്മാരുടെമേലും ദുഷ്ടന്മാരുടെമേലും ഒരുപോലെതന്നെ തന്റെ സൂര്യനെ ഉദിപ്പിക്കുന്നുവെന്നു മാത്രമേ അതു തെളിയിക്കുന്നുള്ളു.

തന്റെ നാമത്തില്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച പലരും അധര്‍മ്മികളായി രുന്നു എന്ന കാരണത്താല്‍ അന്ത്യന്യായവിധിനാളില്‍ പുറംതള്ളപ്പെടുകയും അയോഗ്യരായി എണ്ണപ്പെടുകയും ചെയ്യുമെന്ന് യേശു പഠിപ്പിച്ചിട്ടുണ്ട്. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: ''കര്‍ത്താവേ, കര്‍ത്താവേ, നിന്റെ നാമ ത്തില്‍ ഞങ്ങള്‍ പ്രവചിക്കയും നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കു കയും നിന്റെ നാമത്തില്‍ വളരെ വീര്യപ്രവൃത്തികള്‍ പ്രവര്‍ത്തിക്കയും ചെയ്തില്ലയോ എന്നു പലരും ആ നാളില്‍ പറയും. അന്നു ഞാന്‍ അവരോട്: ഞാന്‍ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധര്‍മ്മം പ്രവര്‍ത്തിക്കുന്നവരേ, എന്നെ വിട്ടുപോകുവിന്‍ എന്നു തീര്‍ത്തുപറയും'' (മത്താ. 7:22,23).

തന്റെ നാമത്തില്‍ യഥാര്‍ത്ഥമായ അദ്ഭുതപ്രവൃത്തികള്‍ ചെയ്ത ക്രിസ്തീയ പ്രസംഗകരെയും രോഗശാന്തിശുശ്രൂഷകരെയും പറ്റിയാണ് ഈ ഭാഗത്തു കര്‍ത്താവു പരാമര്‍ശിച്ചിട്ടുള്ളത്. ഈ അദ്ഭുതശുശ്രൂഷ നിര്‍വഹി ക്കുന്ന പലരും (ചുരുക്കം പേരല്ല, എല്ലാവരുമല്ല, പലരും) തങ്ങളുടെ സ്വകാര്യ ജീവിതത്തിലും ചിന്താമണ്ഡലത്തിലും പാപമയമായ ജീവിതമാണ് നയിക്കുന്ന തെന്നും ഈ പാപങ്ങള്‍ ക്രിസ്തുവിന്റെ ന്യായാസനത്തിനുമുമ്പില്‍ വെളി വാക്കപ്പെടുമെന്നും യേശുവിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു മനുഷ്യന്‍ ദൈവത്താല്‍ അംഗീകരിക്കപ്പെട്ടവനോ എന്നു തെളിയി ക്കുവാന്‍ അദ്ഭുതപ്രവൃത്തികള്‍ ഒരു മാനദണ്ഡമല്ല എന്ന് ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നു. ഇതു നാം പൂര്‍ണ്ണമായും മനസ്സിലാക്കിയിട്ടുണ്ടോ?

ദൈവം അവനില്‍ പ്രസാദിച്ചു

ദൈവം പ്രസാദിക്കാതിരുന്ന യിസ്രായേല്യരില്‍നിന്നു വ്യത്യസ്തമായ നിലയില്‍ ''ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' എന്നിങ്ങനെ സ്വര്‍ഗ്ഗത്തില്‍നിന്നും അരുളിച്ചെയ്ത വാക്കുകളിലൂടെ യേശു പിതാവിന്റെ അംഗീകാരത്തിനു പാത്രമായിത്തീര്‍ന്നു.

യേശുവിന് മുപ്പതുവയസ്സുള്ള സമയത്ത് പിതാവ് സ്വര്‍ഗ്ഗത്തില്‍നിന്നും ഈ വാക്കുകള്‍ അരുളിച്ചെയ്തു: ''ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' (മത്താ. 3:17). ഒരൊറ്റ അദ്ഭുതകൃത്യമെങ്കിലും പ്രവര്‍ത്തി ക്കുകയോ ഒരൊറ്റ പ്രസംഗമെങ്കിലും നടത്തുകയോ ചെയ്തിട്ടില്ലാതിരുന്ന സമയത്താണ് പിതാവിന്റെ ഈ അംഗീകാരം യേശുവിനു ലഭിച്ചത്.

അങ്ങനെയെങ്കില്‍ അവിടുന്ന് അംഗീകരിക്കപ്പെട്ടതിന്റെ രഹസ്യമെ ന്താണ്? വ്യക്തമായും സേവനമല്ല, ജീവിതമാണ് അതിന്റെ അടിസ്ഥാനം. എന്തെന്നാല്‍ അവിടുന്നു തന്റെ പരസ്യസേവനം ആരംഭിക്കുകപോലും ചെയ്തിരുന്നില്ല. മുപ്പതുവര്‍ഷം അവിടുന്നു നയിച്ച ജീവിതത്തിന്റെ സവിശേ ഷതയായിരുന്നു ഈ അംഗീകാരത്തിനു കാരണം.

സേവനത്തില്‍ നേടുന്ന വിജയമല്ല, ദൈനംദിനജീവിതത്തില്‍ നമ്മെ അഭിമുഖീകരിക്കുന്ന പ്രലോഭനങ്ങളില്‍ വെളിവാകുന്ന വിശ്വസ്തതയാണ് ദൈവം നമ്മെ അംഗീകരിക്കുന്നതിന്റെ അടിസ്ഥാനം.

യേശുവിന്റെ മുപ്പതുവര്‍ഷക്കാലത്തെ രഹസ്യജീവിതത്തെപ്പറ്റി (പന്ത്രണ്ടാമത്തെ വയസ്സില്‍ ദേവാലയത്തില്‍വച്ചു നടന്ന സംഭവം ഒഴിച്ച്) തിരുവെഴുത്തില്‍ പറയപ്പെട്ടിട്ടുള്ള രണ്ടു കാര്യങ്ങള്‍ ഇവയാണ്: 1) ''സകല ത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടിട്ടും അവിടുന്നു പാപം ചെയ്തില്ല'' (എബ്രാ. 4:15 ഇംഗ്ലീഷിലുള്ള വിവിധ തര്‍ജ്ജമകള്‍ നോക്കുക. ഈ ഭാഗത്തിന്റെ മലയാളം ബൈബിളിലെ വിവര്‍ത്തനം വികലമാണ്.) 2) ''ക്രിസ്തു തന്നെത്തന്നെ പ്രസാദിപ്പിച്ചില്ല'' (റോമര്‍ 15:3 ഇവൃശേെ റശറ ിീ േുഹലമലെ ഒശാലെഹള).

പാപം ചെയ്യുവാനുള്ള എല്ലാ പ്രലോഭനങ്ങളെയും യേശു വിശ്വസ്തത യോടെ എതിര്‍ത്തുനിന്നു. ഒരു കാര്യത്തിലും അവിടുന്ന് സ്വാര്‍ത്ഥമന്വേഷി ച്ചില്ല. ഇതു തന്നെയായിരുന്നു പിതാവിനെ സന്തോഷിപ്പിച്ച കാര്യം.

നമ്മുടെ ബാഹ്യമായ നേട്ടങ്ങള്‍ ലോകത്തെയും ജഡികക്രിസ്ത്യാനി കളെയും സന്തുഷ്ടരാക്കിയെന്നു വരാം. എന്നാല്‍ നമ്മുടെ സ്വഭാവശ്രേഷ്ഠത ഒന്നുകൊണ്ടു മാത്രമേ ദൈവം സന്തുഷ്ടനാവുകയുള്ളു. നമ്മുടെ ഉല്‍കൃഷ്ട സ്വഭാവം മാത്രമാണ് ദൈവത്തിന്റെ അംഗീകാരം നേടുവാന്‍ നമ്മെ അര്‍ഹരാ ക്കുന്നത്. അതിനാല്‍ ദൈവത്തിനു നമ്മെപ്പറ്റിയുള്ള അഭിപ്രായം അറിയുവാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍ ശുശ്രൂഷാരംഗത്തു നാം ആര്‍ജ്ജിച്ച നേട്ടങ്ങളെ പ്പറ്റിയുള്ള ചിന്തയെല്ലാം നമ്മുടെ മനസ്സില്‍നിന്നു നീക്കിക്കളഞ്ഞശേഷം നമ്മുടെ ചിന്താമണ്ഡലത്തില്‍ പാപത്തോടു നമുക്കുള്ള മനോഭാവം മാത്രം വച്ചുകൊണ്ട് നമ്മെ വിലയിരുത്തേണ്ടത് ആവശ്യമത്രേ. അതുമാത്രമാണ് ആത്മീയതയുടെ തെറ്റിക്കൂടാത്ത അളവുകോല്‍.

ഈ മാനദണ്ഡമനുസരിച്ച് ആഗോളസഞ്ചാരിയായ ഒരു പ്രസംഗകനോ രോഗശാന്തിശുശ്രൂഷക്കാരനോ ദൈവികാംഗീകാരം നേടുവാന്‍ ലഭിക്കുന്നിട ത്തോളം തന്നെ അവസരം ജോലിത്തിരക്കുള്ള ഒരു വീട്ടമ്മയ്ക്കും ലഭിക്കു ന്നുണ്ട്.

അതിനാലാണ് ക്രിസ്തീയമണ്ഡലത്തില്‍ മുമ്പന്മാരായിരുന്ന പലരും ന്യായവിധിനാളില്‍ പിമ്പന്മാരായും (പേരും പെരുമയുമുള്ള ഒരു ശുശ്രൂഷ യുടെ അഭാവം മൂലം) ലോകം പിമ്പന്മാരായി ഗണിച്ചിരുന്ന പലരും മുമ്പന്മാ രായും തീരുന്നത്.

വിശ്വസ്തത ഭവനത്തിലും ജോലിസ്ഥലത്തും

യേശുവാണ് എല്ലാ കാര്യത്തിലും നമ്മുടെ മാതൃകാപുരുഷന്‍. യേശു വിന്റെ ജീവിതത്തിലെ ആദ്യത്തെ മുപ്പതു വര്‍ഷക്കാലം പ്രധാനമായും രണ്ടു രംഗങ്ങളില്‍ ചെലവഴിക്കത്തക്കവിധത്തിലായിരുന്നു പിതാവ് അവിടുത്തെ ജീവിതം ക്രമീകരിച്ചത്. ഭവനവും ജോലിസ്ഥലവുമായിരുന്നു ആ രണ്ടു രംഗങ്ങള്‍. ഈ രംഗങ്ങളില്‍ യേശു കാണിച്ച വിശ്വസ്തതയാണ് പിതാവിന്റെ അംഗീകാരം പ്രാപിക്കുവാന്‍ അവിടുത്തെ പ്രാപ്തനാക്കിയത്. നാമും കൂടു തല്‍ സമയവും ഭവനം, ജോലിസ്ഥലം എന്നീ രണ്ടു രംഗങ്ങളിലാണ് ജീവിക്കു ന്നത്. അതിനാല്‍ യേശുവിന്റെ ഈ മാതൃക നമുക്കു വളരെ പ്രോത്സാഹനം നല്‍കുന്നു. ഈ രണ്ടു സ്ഥാനങ്ങളിലാണ് ദൈവം നമ്മെ പ്രധാനമായും ശോധന ചെയ്യുന്നത്.

ഒരു ദരിദ്രഭവനമായിരുന്നു യേശുവിന്റേത്. യോസേഫും മറിയയും വളരെ ദരിദ്രരായിരുന്നതിനാല്‍ ഒരു കുഞ്ഞാടിനെ ഹോമയാഗമായി അര്‍പ്പിക്കുവാന്‍ പോലും അവര്‍ക്കു കഴിവില്ലായിരുന്നു. ''ആട്ടിന്‍കുട്ടിക്ക് അവളുടെ പക്കല്‍ വകയില്ല എങ്കില്‍ അവള്‍ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിന്‍കുഞ്ഞി നെയോ കൊണ്ടുവരണം'' എന്ന് ന്യായപ്രമാണം കല്പിച്ചിരുന്നു (ലേവ്യ. 12:8). യോസേഫും മറിയയും യഹോവയുടെ ന്യായപ്രമാണത്തില്‍ കല്പി ച്ചിരുന്ന പ്രകാരം 'ഒരു ഇണ കുറുപ്രാവിനെയോ രണ്ട് പ്രാക്കുഞ്ഞിനെയോ' ആണ് ഹോമയാഗമായി കൊണ്ടുപോയത് (ലൂക്കോ. 2:24).

യേശുവിനു തന്റെ ഭവനത്തില്‍ തന്നെക്കാള്‍ ഇളയവരായി കുറഞ്ഞതു നാലു സഹോദരന്മാരും രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു. യേശുവിന്റെ സ്വന്തപട്ടണത്തിലെ ജനങ്ങള്‍ അവിടുത്തെപ്പറ്റി ''ഇവന്‍ മറിയയുടെ മകനും യാക്കോബ്, യോസേ, യൂദാ, ശിമോന്‍ എന്നിവരുടെ സഹോദരനുമായ തച്ചനല്ലയോ? ഇവന്റെ സഹോദരികളും ഇവിടെ നമ്മോടുകൂടെ ഇല്ലയോ?'' എന്നു പറഞ്ഞതായി മര്‍ക്കോ. 6:3-ല്‍ പ്രസ്താവിച്ചിരിക്കുന്നു.

ഈ പാവപ്പെട്ട ഭവനത്തില്‍ വളര്‍ന്നപ്പോള്‍ യേശുവിനുണ്ടായ ഞെരുക്ക ങ്ങളും പോരാട്ടങ്ങളും നമുക്കു ഭാവന ചെയ്യാന്‍ കഴിയും.

ഇതിനെക്കാളെല്ലാം അധികമായി അവിടുത്തെ ഇളയസഹോദരന്മാര്‍ അവിശ്വാസികളായിരുന്നു. ''അവന്റെ സഹോദരന്മാരും അവനില്‍ വിശ്വസി ച്ചില്ല'' എന്ന് സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (യോഹ. 7:5).

അവര്‍ യേശുവിനെ മുള്ളുവാക്കുകള്‍ പറഞ്ഞ് പലവിധത്തില്‍ വേദനിപ്പി ച്ചിരിക്കണം. മറ്റുള്ളവരില്‍നിന്ന് ഇത്തരം ഞെരുക്കങ്ങള്‍ നേരിട്ടപ്പോള്‍ പിന്‍വാങ്ങി ആശ്വാസം നേടുവാന്‍ ഒരു സ്വകാര്യമുറിപോലും യേശുവിന് ഉണ്ടായിരുന്നില്ല. എല്ലാ വീടുകളിലുമുണ്ടാകാറുള്ളതുപോലെ ശണ്ഠയും ബഹളവും ശകാരവും സ്വാര്‍ത്ഥതയുമെല്ലാം ആ ഭവനത്തിലും ഉണ്ടായി ക്കാണും. അത്തരം സാഹചര്യങ്ങളുടെ മധ്യത്തില്‍ നമ്മെപ്പോലെതന്നെ യേശുവും സകലത്തിലും പരീക്ഷിക്കപ്പെട്ടു. എങ്കിലും ഒരിക്കല്‍പ്പോലും പ്രവൃത്തിയിലോ, വാക്കിലോ, ചിന്തയിലോ, മനോഭാവത്തിലോ, ഉദ്ദേശ്യ ത്തിലോ മറ്റെന്തിലെങ്കിലുമോ അവിടുന്ന് പാപം ചെയ്തില്ല.

യേശു നമ്മില്‍നിന്നു വിഭിന്നനായി, പരീക്ഷിക്കപ്പെടുവാന്‍ അസാധ്യമായ ഒരു ശരീരത്തിലാണ് വന്നിരുന്നതെങ്കില്‍ ഇത്തരം സാഹചര്യങ്ങളില്‍ വിശുദ്ധിയില്‍ ജീവിച്ചതിന് പ്രത്യേകിച്ചൊരു ശ്രേഷ്ഠതയും കല്പിക്കപ്പെടു മായിരുന്നില്ല. എന്നാല്‍ അവിടുന്ന് സകലത്തിലും നമ്മോടു സമനായിട്ടാണ് തീര്‍ന്നത്.

ദൈവചനം പറയുന്നതു ശ്രദ്ധിക്കുക: ''അവന്‍ കരുണയുള്ളവനും ദൈവ കാര്യത്തില്‍ വിശ്വസ്തമഹാപുരോഹിതനും ആകേണ്ടതിന് സകലത്തിലും തന്റെ സഹോദരന്മാരോടു സദൃശനായിത്തീരുവാന്‍ ആവശ്യമായിരുന്നു'' (എബ്രാ. 2:17).

എക്കാലത്തും നമുക്കു നേരിടുവാനിടയുള്ള എല്ലാ പരീക്ഷയുടെയും സമ്മര്‍ദ്ദം അവിടുന്നു സ്വയം അനുഭവിച്ചു. നാമും പരീക്ഷിക്കപ്പെടുമ്പോള്‍ നമുക്കും തന്നെപ്പോലെ വിജയം നേടുവാന്‍ സാധ്യമാണെന്നുള്ള വലിയ ധൈര്യം ഇതുമൂലം നമുക്കു ലഭിക്കുന്നു. എന്നാല്‍ ക്രിസ്തു നമ്മെപ്പോലെ ജഡത്തില്‍ വരികയും പരീക്ഷകള്‍ സഹിക്കയും ചെയ്തുവെന്ന സത്യത്തെ നിഷേധിച്ച് നമ്മുടെ പ്രത്യാശയെ നശിപ്പിക്കുവാനാണ് സാത്താന്‍ പരിശ്രമി ക്കുന്നത്.

നസറേത്തിലെ ഒരു മരപ്പണിക്കാരനെന്ന നിലയില്‍ യേശു ജീവിച്ചു. തന്മൂലം ഏതുതരം തൊഴിലിലും വ്യാപാരത്തിലും മനുഷ്യര്‍ക്കു നേരിടുവാ നിടയുള്ള പരീക്ഷകളെ യേശു അഭിമുഖീകരിച്ചു. താന്‍ പണിത സാധനങ്ങള്‍ വില്‍ക്കുന്നതില്‍ അവിടുന്ന് തികഞ്ഞ സത്യസന്ധത പാലിച്ചു. ഏതെങ്കിലും സാധനത്തിന് അവിടുന്ന് അമിതമായ വില വാങ്ങുകയോ നീതിവിട്ടുള്ള ഒരു പ്രവര്‍ത്തനത്തില്‍ ഒരിക്കലെങ്കിലും ഏര്‍പ്പെടുകയോ ചെയ്തില്ല. നസറേ ത്തില്‍ ജീവിച്ചിരുന്ന മറ്റു മരപ്പണിക്കാരുമായി അയോഗ്യമായൊരു മത്സര ത്തില്‍ അവിടുന്ന് ഏര്‍പ്പെട്ടില്ല. തന്റെ ഉപജീവനം നേടുന്നതിനു മാത്രമാണ് അവിടുന്നു പണിയെടുത്തത്. സാമ്പത്തികരംഗത്ത് ക്രയവിക്രയങ്ങളിലും പണമിടപാടുകളിലും നമുക്കു നേരിടേണ്ടിവരുന്ന എല്ലാ പരീക്ഷകളെയും യേശു അഭിമുഖീകരിക്കുകയും അതില്‍ വിശ്വസ്തത പുലര്‍ത്തി വിജയം നേടുകയും ചെയ്തു.

യേശു അനേകവര്‍ഷക്കാലം അപൂര്‍ണ്ണരായ തന്റെ മാതാപിതാക്കള്‍ക്കു കീഴടങ്ങി ജീവിച്ചിരുന്നു. ഈയൊരു കാര്യത്തില്‍ത്തന്നെ ആന്തരികമായ മനോഭാവത്തെ സംബന്ധിക്കുന്ന പല പരീക്ഷകള്‍ യേശുവിനു നേരിട്ടിരി ക്കണം. എന്നാല്‍ അതിലൊന്നിലും അവിടുന്നു പാപം ചെയ്തില്ല. യോസേഫും മറിയയും പഴയനിയമവ്യവസ്ഥയിലാണ് ജീവിച്ചിരുന്നത്. അതി നാല്‍ അവര്‍ക്കു തീര്‍ച്ചയായും പാപത്തിന്റെമേല്‍ വിജയം ലഭിച്ചിരുന്നില്ല. പാപത്തിന്റെമേല്‍ വിജയം ലഭിക്കാത്ത എല്ലാ ഭാര്യാഭര്‍ത്താക്കന്മാരെയും പോലെ അവര്‍ ശബ്ദമുയര്‍ത്തുകയും അന്യോന്യം തര്‍ക്കിക്കുകയും ചെയ്തി രിക്കാം. യേശുവാകട്ടെ, പൂര്‍ണ്ണമായ വിജയജീവിതമാണ് നയിച്ചിരുന്നത്. എങ്കിലും അവിടുന്ന് ഒരിക്കല്‍പോലും അവരെ നിന്ദിച്ചില്ല. അപ്രകാരം അവി ടുന്നു ചെയ്തിരുന്നുവെങ്കില്‍ അവിടുന്നു പാപം ചെയ്‌വാന്‍ ഇടയാകുമായി രുന്നു. അവരെ അപേക്ഷിച്ച് വളരെയധികം നിര്‍മ്മലനായിരുന്നിട്ടും അവിടുന്ന് അവരെ ബഹുമാനിച്ചു. ഇവിടെയാണ് യേശുവിന്റെ താഴ്മയുടെ സൗന്ദര്യം നാം കാണുന്നത്.

ഇങ്ങനെ നസറേത്തില്‍ ജീവിച്ച ആ മുപ്പതു വര്‍ഷക്കാലം സംഭവ ബഹുലമല്ലാത്ത ഒരു ജീവിതമല്ല യേശു നയിച്ചത്. നേരേ മറിച്ച് പാപപ്രലോഭന ങ്ങളുടെ മധ്യത്തില്‍ സംഘട്ടനം നിറഞ്ഞ ഒരു ജീവിതമായിരുന്നു അവിടു ത്തേക്ക് ഉണ്ടായിരുന്നത്. ഓരോ വര്‍ഷവും കഴിയുന്നതോടെ ആ സംഘട്ടന ങ്ങളുടെ തീവ്രത ഏറിയേറിവന്നു. എന്തെന്നാല്‍ യേശു നമ്മുടെ രക്ഷകനും മഹാപുരോഹിതനുമായിത്തീരുന്നതിനു മുമ്പ് മനുഷ്യനു നേരിടാന്‍ സാധ്യത യുള്ള സകലവിധ പരീക്ഷകളില്‍ക്കൂടെയും നമ്മുടെ ആ രക്ഷാനായകനെ കടത്തിക്കൊണ്ടുപോകേണ്ടത് പിതാവിന് ആവശ്യമായിരുന്നു.

ദൈവചനം ഇങ്ങനെ പറയുന്നു: ''സകലത്തിനും ലാക്കും സകലത്തിനും കാരണഭൂതനുമായവന്‍ അനേകം പുത്രന്മാരെ തേജസ്സിലേക്കു നടത്തുമ്പോള്‍ അവരുടെ രക്ഷാനായകനെ കഷ്ടാനുഭവങ്ങളാല്‍ തികഞ്ഞവനാക്കുന്നത് യുക്തമായിരുന്നു'' (എബ്രാ. 2:10).

എന്നാല്‍ മറ്റു ചുരുക്കം ചില പരീക്ഷകള്‍ (രാജ്യവ്യാപകമായ കീര്‍ത്തി പോലെയുള്ളവ) യേശു അഭിമുഖീകരിച്ചത് തന്റെ അവസാനത്തെ മൂന്നു വര്‍ഷക്കാലമുള്ള ലോകജീവിതത്തിലായിരുന്നു. എന്നാല്‍ സാധാരണയായി നാം ഭവനത്തിലും ജോലിസ്ഥലത്തും നേരിടുന്ന പരീക്ഷകള്‍ എല്ലാം തന്നെ തന്റെ ആദ്യത്തെ മുപ്പതു വര്‍ഷക്കാലം യേശു നേരിടുകയും അവയില്‍ വിജയം പ്രാപിക്കയും ചെയ്തു. തല്‍ഫലമായി യേശു സ്‌നാനമേറ്റ സമയത്ത് പിതാവ് തന്റെ അംഗീകാരത്തിന്റെ സാക്ഷ്യപത്രം അവിടുത്തേക്കു നല്‍കുക യുണ്ടായി.

ദൈവം ഏതടിസ്ഥാനത്തിലാണ് തന്റെ അംഗീകാരം നമുക്കു നല്‍കുന്ന തെന്നറിയുവാന്‍ നമ്മുടെ കണ്ണുകള്‍ തുറക്കപ്പെട്ടിരുന്നുവെങ്കില്‍ അതു നമ്മുടെ ജീവിതത്തില്‍ ഒരു സമൂലപരിവര്‍ത്തനം സൃഷ്ടിക്കുമായിരുന്നു. ലോക വ്യാപകമായ ഒരു ശുശ്രൂഷ ലഭിക്കുവാന്‍ ആഗ്രഹിക്കാതെ ദൈനംദിനജീവിത ത്തില്‍ പരീക്ഷാസമയത്തു വിശ്വസ്തത പുലര്‍ത്തുന്ന കാര്യത്തില്‍ ശ്രദ്ധിക്കു വാന്‍ അതു നമുക്കു പ്രേരണ നല്‍കുമായിരുന്നു. അങ്ങനെയെങ്കില്‍ പ്രകൃത്യ തീതമായ അദ്ഭുതസംഭവങ്ങളില്‍ പുകഴുന്ന സ്വഭാവം കൈവിട്ട് രൂപാന്തരം പ്രാപിച്ച ഒരു ജീവിതത്തെ വിലമതിക്കുവാന്‍ നാം ആരംഭിക്കുമായിരുന്നു. അപ്രകാരം ശരിയായ ഒരു മൂല്യബോധം തന്നെ ഉളവാകത്തക്കവണ്ണം പുതുക്കം പ്രാപിച്ച ഒരു മനസ്സ് നമ്മില്‍ രൂപം കൊള്ളുമായിരുന്നു.

യേശു പരീക്ഷകളെ നേരിട്ട അതേ മനോഭാവത്തോടെ പരീക്ഷകളെ നേരിടുന്നവര്‍ക്കാണ് ദൈവം ഏറ്റവും വലിയ പ്രതിഫലവും ഏറ്റവും ഉന്നത മായ പ്രശംസയും നല്‍കുന്നതെന്നു നാമറിയുമ്പോള്‍ അത് എത്ര വലിയ ഒരു ധൈര്യമായിരിക്കും നമുക്കു നല്‍കുന്നത്! ഒരൊറ്റ പാപമെങ്കിലും ചെയ്യു കയോ ഒറ്റയൊരു കാര്യത്തിലെങ്കിലും പിതാവിനോട് അനുസരണക്കേടു കാണിക്കുകയോ ചെയ്യുന്നതിനെക്കാള്‍ മരണമാണ് തനിക്കധികം അഭികാമ്യം എന്ന ഒരു മനോഭാവമാണ് കര്‍ത്താവിനുണ്ടായിരുന്നത്.

ഫിലി. 2:58 വാക്യങ്ങളിലുള്ള പ്രബോധനത്തിന്റെ അര്‍ത്ഥം ഇതത്രേ: ''ക്രിസ്തുയേശുവിലുള്ള ഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.... അവി ടുന്നു മരണത്തോളം, ക്രൂശിലെ മരണത്തോളം തന്നെ അനുസരണമുള്ള വനായിത്തീര്‍ന്നു.''

ഇങ്ങനെ നോക്കുമ്പോള്‍ നമുക്ക് ഓരോരുത്തര്‍ക്കും നല്‍കിയിട്ടുള്ള സേവനരംഗമോ കൃപാവരങ്ങളോ എന്തായിരുന്നാലും ശരി, നാം സ്ത്രീയോ പുരുഷനോ യുവാവോ വൃദ്ധനോ ആരായിരുന്നാലും ശരി, നമുക്കു പൂര്‍ണ്ണ വിജയത്തിലെത്തുവാനും ക്രിസ്തുവിന്റെ വിളിക്കപ്പെട്ടവരും തിരഞ്ഞെടുക്ക പ്പെട്ടവരും വിശ്വസ്തരുമായ ശിഷ്യന്മാരുടെ ഗണത്തില്‍ സ്ഥാനം ലഭിക്കു വാനും തുല്യമായ അവസരമാണ് ദൈവം നല്‍കിയിട്ടുള്ളത്.

അധ്യായം 3
ആദാമും ഹവ്വയും പരീക്ഷിക്കപ്പെടുന്നു

ദൈവം ആദാമിനെയും ഹവ്വയെയും സൃഷ്ടിച്ചപ്പോള്‍ അവരെപ്പറ്റി വലിയ ഉദ്ദേശ്യങ്ങള്‍ അവിടുത്തെ മനസ്സിലുണ്ടായിരുന്നു. എന്നാല്‍ അവര്‍ പരീക്ഷി ക്കപ്പെട്ടെങ്കിലല്ലാതെ ഈ ഉദ്ദേശ്യങ്ങള്‍ നിറവേറുകയില്ലായിരുന്നു. അതിനു വേണ്ടി ദൈവം ഏദെന്‍തോട്ടത്തില്‍ നന്മതിന്മകളെപ്പറ്റിയുള്ള അറിവിന്റെ വൃക്ഷം നട്ടു. മാധുര്യപൂര്‍ണ്ണമായ ഫലങ്ങളോടുകൂടിയ ഈ ആകര്‍ഷണീയ മായ വൃക്ഷത്തില്‍നിന്ന് അവര്‍ ഫലം പറിച്ചു തിന്നുന്നതിനെ ദൈവം വിലക്കുകയും ചെയ്തു.

ആദാമിനും ഹവ്വയ്ക്കും സംഭവിച്ച പരാജയം പ്രാഥമികമായി വിശ്വാസ ത്തിന്റെ ഒരു പരാജയമായിരുന്നു. ഒരുവന്‍ ദൈവത്തിന്റെ സമ്പൂര്‍ണ്ണമായ ജ്ഞാനം, സ്‌നേഹം, ശക്തി എന്നിവയില്‍ തികഞ്ഞ ആശ്രയം വച്ചുകൊണ്ട് തന്റെ വ്യക്തിത്വത്തെയൊന്നാകെ ദൈവത്തില്‍ സമര്‍പ്പിച്ച് ആ സര്‍വ ശക്തനില്‍ മാത്രം ചാരിക്കൊള്ളുന്നതിനെയാണ് വിശ്വാസം എന്നു നാം വ്യവഹരിക്കുന്നത്. ആ വിധത്തിലുള്ള ഒരു വിശ്വാസമുള്ളവളായിത്തീരു ന്നതില്‍ ഹവ്വ പരാജയമടഞ്ഞു. തന്മൂലം ദൈവ കല്പന ലംഘിക്കുവാന്‍ സാത്താന്‍ അവളെ വശീകരിക്കുകയും ചെയ്തു.

ദൈവത്തിന്റെ ജ്ഞാനത്തിലുള്ള വിശ്വാസം

ആ വൃക്ഷഫലം തിന്നുവാന്‍ ദൈവം അവരെ അനുവദിക്കാതിരുന്നത് അവിടുത്തെ ജ്ഞാനത്തിലുള്ള ഒരു വൈകല്യമാണെന്ന് സാത്താന്‍ ഹവ്വയെ ധരിപ്പിച്ചു.

ആ വൃക്ഷം അവര്‍ക്കു നിരോധിച്ചിട്ടുള്ളത് എന്തു കാരണം കൊണ്ടാ ണെന്ന് ദൈവം ആദാമിനെ അറിയിച്ചിരുന്നില്ല. ദൈവത്തെ അനുസരിക്കുന്നതി നുമുമ്പ് എന്തുകൊണ്ട് അപ്രകാരം അനുസരിക്കണമെന്നുള്ള അറിവ് വിശ്വാസത്തിന് ആവശ്യമില്ല. ആദ്യം കാരണം കണ്ടുപിടിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് നമ്മുടെ ബുദ്ധിയാണ്. ദൈവത്തോടുള്ള യഥാര്‍ത്ഥ അനുസരണം യുക്തിബോധത്താലുള്ള അനുസരണമായിട്ടല്ല, പിന്നെയോ വിശ്വാസത്തില്‍ ചെയ്യപ്പെടുന്ന അനുസരണമായിട്ടാണ് എപ്പോഴും തീരേണ്ടത്.

സകല ജാതികളുടെയും ഇടയില്‍ വിശ്വാസത്തിന് അനുസരണം വരുത്തു വാനായിട്ടാണ് താന്‍ വിളിക്കപ്പെട്ടിട്ടുള്ളതെന്ന് പൗലോസ് പ്രസ്താവിച്ചിട്ടുണ്ട് (റോമര്‍ 1:5). മറ്റൊരു ഭാഗത്ത് ''സകല ജാതികളുടെയും ഇടയില്‍ വിശ്വാസ ത്തിന്റെ അനുസരണത്തിനായി അറിയിച്ചിരിക്കുന്ന എന്റെ സുവിശേഷത്തിനും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിനും ഒത്തവണ്ണം'' എന്നും കൂടി അദ്ദേഹം എഴുതിയിട്ടുള്ളതായും നാം കാണുന്നു (റോമര്‍ 16:24,25).

സദൃ. 3:5,6-ല്‍ വ്യക്തമാക്കിയിട്ടുള്ളതുപോലെ നമ്മുടെ ബുദ്ധിയെന്നത് വിശ്വാസത്തിന്റെ ശത്രുവാണ്. ''പൂര്‍ണ്ണഹൃദയത്തോടെ (പൂര്‍ണ്ണബുദ്ധിയോടെ യല്ല) യഹോവയില്‍ ആശ്രയിക്ക; സ്വന്തവിവേകത്തില്‍ ഊന്നരുത്.''

ദൈവം തന്റെ ജ്ഞാനത്തെ ഈ ലോകത്തിലെ ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ചുവച്ചതിനുശേഷം ശിശുക്കളെപ്പോലെ ലളിതഹൃദയ ത്തോടെ വിശ്വസിക്കുന്നവര്‍ക്ക് അതു വെളിപ്പെടുത്തിയിരിക്കുന്നു. യേശു ക്രിസ്തു ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''പിതാവേ, സ്വര്‍ഗ്ഗത്തിനും ഭൂമിക്കും കര്‍ത്താവായുള്ളോവേ, നീ ഇതു ജ്ഞാനികള്‍ക്കും വിവേകികള്‍ക്കും മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതുകൊണ്ട് ഞാന്‍ നിന്നെ വാഴ്ത്തുന്നു'' (മത്താ. 11:25).

ബുദ്ധി ഒരു നല്ല ഭൃത്യനെങ്കിലും ഒരു ചീത്ത യജമാനനാണ്. അതിനാല്‍ മനുഷ്യന്റെ ബുദ്ധി അവന്റെ ആത്മാവിന്റെ ദാസനായിരിക്കണം. ബുദ്ധിക്കു ദൈവം നിയമിച്ചിട്ടുള്ള സ്ഥാനം അതത്രേ.

നിരോധിക്കപ്പെട്ട വൃക്ഷത്തിന്റെ ഫലം എന്തുകൊണ്ടു തിന്മാന്‍ പാടില്ല എന്നു ദൈവം ആദാമിനെ ഗ്രഹിപ്പിച്ചില്ല. തന്നിലുള്ള വിശ്വാസം ആദാമില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ വേണ്ടിയാണ് ദൈവം അതു മറച്ചുവച്ചത്. ഈ കാര്യത്തിലാണ് നമ്മെയും ദൈവം ആദ്യം പരീക്ഷിക്കുന്നത്. ഒരു കാര്യം അനുസരിക്കുവാന്‍ ദൈവം നമ്മോടാവശ്യപ്പെടുന്നപക്ഷം, എന്തുകൊണ്ടാണ് അപ്രകാരം ആവശ്യപ്പെടുന്നതെന്നു മനസ്സിലാക്കുവാന്‍ കഴിവില്ലെങ്കിലും അതനുസരിക്കുവാന്‍ നാം സന്നദ്ധരോ? ആപല്‍ക്കരമെന്നു നമ്മുടെ യുക്തിബോധം നിര്‍ദ്ദേശിക്കുന്ന ഒരു കാര്യം ചെയ്‌വാന്‍ ദൈവം നമ്മോടാ വശ്യപ്പെടുന്നപക്ഷം അതനുസരിക്കുവാന്‍ നാം ഒരുക്കമുള്ളവരോ?

യേശു പത്രോസിനോട് പടകില്‍നിന്നിറങ്ങി വെള്ളത്തിനുമീതേ നടക്കു വാനാവശ്യപ്പെട്ടപ്പോള്‍ അത് പത്രോസിന്റെ ബുദ്ധിക്കും യുക്തിബോധത്തിനും തീരെ നിരക്കാത്ത ഒരു കാര്യമായിരുന്നു. ഇവിടെ പത്രോസ് തന്റെ യുക്തിയി ലാശ്രയിച്ചിരുന്നുവെങ്കില്‍ അത്തരമൊരദ്ഭുതം അനുഭവത്തിലാക്കുവാന്‍ ഒരിക്കലും അദ്ദേഹത്തിനു കഴിയുമായിരുന്നില്ല.

ഇതുപോലെ വേറെയും അനേകം ഉദാഹരണങ്ങള്‍ നമുക്കു കണ്ടെത്തു വാന്‍ കഴിയും. ക്രിസ്ത്യാനികളില്‍ ഒട്ടനേകം പേരും ശക്തിഹീനരും ജീവിതത്തില്‍ ദൈവത്തിന്റെ പ്രകൃത്യതീതശക്തി അനുഭവമാക്കുവാന്‍ കഴിവില്ലാത്തവരുമായിരിക്കുന്നതിന്റെ കാരണം ഇതുതന്നെയാണ്. അവര്‍ വിശ്വാസത്താലല്ല, യുക്തിയാലത്രേ ജീവിക്കുന്നത്.

ദൈവസ്‌നേഹത്തിലുള്ള വിശ്വാസം

വിശ്വാസമെന്നത് ദൈവസ്‌നേഹത്തിലുള്ള പൂര്‍ണ്ണമായ ആശ്രയം കൂടെയാണ്. ദൈവം ആദാമിനെയും ഹവ്വയെയും വേണ്ടത്ര സ്‌നേഹിച്ചിരു ന്നില്ലെന്നും തന്മൂലമാണ് ആ വൃക്ഷഫലം അവര്‍ക്കു നിരോധിച്ചിരുന്നതെന്നും സാത്താന്‍ ഹവ്വയെ ധരിപ്പിച്ചു.

ഹവ്വ യുക്തിയിലാശ്രയിക്കാതെ വിശ്വാസത്തില്‍ ജീവിക്കുന്നവളായിരു ന്നെങ്കില്‍ അവള്‍ ഇപ്രകാരം മറുപടി പറയുമായിരുന്നു: ''സാത്താനേ, ആ വൃക്ഷഫലം തിന്നരുതെന്ന് ദൈവം ഞങ്ങളോടു കല്പിച്ചതിന്റെ കാരണം ഞങ്ങള്‍ക്കറിഞ്ഞുകൂടാ. എന്നാല്‍ ഒരു കാര്യം എനിക്കു തീര്‍ച്ചയാണ്. ദൈവം ഞങ്ങളെ ആഴമായി സ്‌നേഹിക്കുന്നു. അതിനാല്‍ ഒരു നന്മയും അവിടുന്നു ഞങ്ങള്‍ക്കു വിലക്കുകയില്ല, നിശ്ചയം. ഈ ഫലം ഞങ്ങള്‍ക്കു വിലക്കിയിട്ടു ണ്ടെങ്കില്‍ അതിനു ഞങ്ങളുടെ നന്മയെക്കരുതിയുള്ള ഒരു ശരിയായ കാരണം ഉണ്ടായിരിക്കണം.''

ഇത് വിശ്വാസത്തിലുള്ള ഒരു മറുപടിയാകുമായിരുന്നു. എന്നാല്‍ സാത്താന്റെ വ്യാജം വിശ്വസിക്കയാല്‍ അവള്‍ വീണുപോയി.

നമ്മോടുള്ള ദൈവത്തിന്റെ പരിപൂര്‍ണ്ണസ്‌നേഹത്തില്‍ നമുക്കു വിശ്വാസമുണ്ടായിരിക്കണം. ആ വിശ്വാസമാകുന്ന പരിചയ്ക്കു മാത്രമേ സാത്താന്റെ സകല തീയമ്പുകളെയും കെടുത്തുവാന്‍ ശക്തിയുണ്ടാവു കയുള്ളു (എഫേ. 6:16).

എല്ലാ വിഷാദവും മ്ലാനതയും നൈരാശ്യവും വിശ്വാസത്തിനുപകരം യുക്തിയിലാശ്രയിച്ചു ജീവിക്കുന്നതിന്റെ ഫലമാണ്. എല്ലാ ഉല്‍കണ്ഠ യുടെയും ഭയത്തിന്റെയും ഉറവിടം ഇതുതന്നെ. ദൈവം നമ്മോടുകൂടെയുണ്ട് എന്ന വ്യക്തമായ ബോധം നമ്മില്‍നിന്നു നീക്കപ്പെടുമ്പോള്‍ അവിടുത്തെ സ്‌നേഹത്തെ സംശയിക്കുവാനുള്ള പരീക്ഷ നമുക്കുണ്ടാകുന്നു. ഇതു ദൈവം അനുവദിക്കുന്നത് നാം ആത്മീയപക്വത പ്രാപിക്കുവാനും അവിടുത്തെ ദിവ്യോദ്ദേശ്യങ്ങള്‍ നമ്മില്‍ക്കൂടി നിറവേറത്തക്കവണ്ണം നാം വിശ്വാസത്തില്‍ ശക്തിപ്പെടുവാനും വേണ്ടിയാണ്.

ഈ കാരണത്താലാണ് ദൈവം നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തെ ഇത്രമാത്രം ആകര്‍ഷകമായി സൃഷ്ടിച്ചത്. ആദാമിനെയും ഹവ്വയെയും ശോധന ചെയ്യുവാനുള്ള ഏകമാര്‍ഗ്ഗം അതായിരുന്നു. ഇത്രമാത്രം ആകര്‍ഷകമായ ഒരു വസ്തുവിനെ ദൈവത്തിനുവേണ്ടി പരിത്യജിക്കുവാന്‍ അവര്‍ സന്നദ്ധരാകുമോ? അതോ അവര്‍ ദൈവത്തെ ത്യജിച്ച് തങ്ങളുടെ മോഹം നിറവേറ്റുമോ?

പരീക്ഷയുടെ സന്ദര്‍ഭങ്ങളില്‍ നമ്മെയും അഭിമുഖീകരിക്കുന്നത് ഇതുപോലെയുള്ള ഒരു തിരഞ്ഞെടുപ്പിന്റെ പ്രശ്‌നമാണ്. അതുകൊണ്ടാണ് പ്രലോഭനം അഥവാ പരീക്ഷ ഇത്രമാത്രം ആകര്‍ഷണശക്തിയുള്ള ഒന്നാകു വാന്‍ ദൈവം അനുവദിച്ചത്. വിലക്കപ്പെട്ട ഒരു വസ്തുവിനെ, അത് ഏറ്റവും ആകര്‍ഷകവും നമ്മെ ബലമായി വശീകരിക്കുന്നതും നമുക്കു സുഖം നല്‍കു വാന്‍ കഴിവുള്ളതുമായിരിക്കുമ്പോള്‍ തന്നെ, നിരസിക്കുന്നതിലൂടെയാണ് പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് നാം തെളിയി ക്കുന്നത്.

ദൈവം നമ്മോടുള്ള പരിപൂര്‍ണ്ണസ്‌നേഹംമൂലം നമ്മുടെ പരമമായ നന്മയ്ക്കായിട്ടാണ് അപ്രകാരമുള്ള ഒന്നിനെ നമുക്കു വിലക്കിയിട്ടുള്ളതെന്നു വിശ്വസിക്കുക. ആ വിധത്തിലാണ് ദൈവത്തിന്റെ പരിപൂര്‍ണ്ണസ്‌നേഹ ത്തിലുള്ള നമ്മുടെ വിശ്വാസത്തെ നാം തെളിയിക്കുന്നത്. പാപം ചെയ്യുവാനും തദ്വാരാ ദൈവത്തോട് അനുസരണക്കേടു കാട്ടുവാനുമുള്ള ഓരോ പരീക്ഷയും ഈ വിധത്തില്‍ നമ്മുടെ വിശ്വാസത്തിന്റെ ഓരോ പരിശോധന യായിത്തീരുന്നു. ദൈവത്തിന്റെ ഓരോ കല്പനയും പരിപൂര്‍ണ്ണസ്‌നേഹം നിറഞ്ഞ ഒരു ഹൃദയത്തില്‍നിന്നു വരുന്നതാണെന്നു വിശ്വസിക്കുക. ഇതാണ് വിശ്വാസത്താല്‍ ജീവിക്കുക എന്നു പറയുന്നതിന്റെ അര്‍ത്ഥം.

അതിനാല്‍ ദൈവം തന്റെ പത്തു കല്പനകള്‍ യിസ്രായേല്‍മക്കള്‍ക്കു കൊടുത്തപ്പോള്‍ ''നിങ്ങളെ പരീക്ഷിക്കുവാനായി ദൈവം ഇതാ വന്നിരി ക്കുന്നു'' എന്നു മോശ അവരോടു പറഞ്ഞു (പുറ. 20:20). ആവര്‍. 33:2,3ല്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ''അവര്‍ക്കുവേണ്ടി ദൈവത്തിന്റെ വലംകൈ യില്‍ അഗ്നിമയമായൊരു പ്രമാണം ഉണ്ടായിരുന്നു; അതേ, അവന്‍ ജനത്തെ സ്‌നേഹിക്കുന്നു.''

ഈ അഗ്നിമയമായ പ്രമാണം തങ്ങളോടു ദൈവത്തിനുള്ള സ്‌നേഹ ത്തിന്റെ ഒരു തെളിവാണെന്ന് അവര്‍ വിശ്വസിക്കുമോ? അതായിരുന്നു അവരെ നേരിട്ട പരീക്ഷ.

എവിടെ ഹവ്വ പരാജയപ്പെട്ടുവോ അവിടെ യിസ്രായേല്‍ജനങ്ങളും പരാജിതരായി. അവരും ദൈവകല്പനകള്‍ ലംഘിച്ച് അനുസരണക്കേടു കാണിച്ചു.

എന്നാല്‍ ഇതേ സ്ഥാനത്തുതന്നെയാണ് യേശു വിജയം നേടിയത്. അവിടുന്ന് വിശ്വാസത്താല്‍ ജീവിച്ചു. മരുഭൂമിയില്‍ സാത്താന്‍ കൊണ്ടുവന്ന ഓരോ പരീക്ഷയെയും ''ഇപ്രകാരം എഴുതിയിരിക്കുന്നു'' എന്ന വാക്കുകളാല്‍ യേശു ഖണ്ഡിക്കയും നിരാകരിക്കയും ചെയ്തു. എല്ലാ ദൈവവചനവും അനുസരിച്ചുകൊണ്ട് അവിടുന്നു ജീവിച്ചു.

മനുഷ്യന്റെ പരമമായ നന്മയ്ക്കായിട്ടാണ് ദൈവവചനം നല്‍കപ്പെട്ടിരിക്കു ന്നത്. ആ വചനത്തെ യേശു വിശ്വസിക്കയും അനുസരിക്കയും ചെയ്തു. അങ്ങനെ അവിടുന്നു നമുക്കു വഴികാട്ടിയായിത്തീര്‍ന്നു. ഫലപ്രദമായി ദൈവജനത്തെ സേവിക്കേണ്ടതിലേക്ക് അതുപോലെ നാമും വിശ്വാസത്താല്‍ ജീവിക്കണം. ദൈവകല്പനകളെ സമ്പൂര്‍ണ്ണമായി അനുസരിച്ചുകൊണ്ട് ആ വിശ്വാസം പ്രവൃത്തിയില്‍ നാം വെളിപ്പെടുത്തണം. അപ്പോള്‍ മാത്രമേ മറ്റുള്ളവര്‍ക്കു മാതൃകകളാകുവാന്‍ നമുക്കു സാധിക്കുകയുള്ളു.

ദൈവശക്തിയിലുള്ള വിശ്വാസം

വിശ്വാസമെന്നത് ദൈവത്തിന്റെ ശക്തിയിലുള്ള സമ്പൂര്‍ണ്ണമായ ഉറപ്പും കൂടിയാണ്. പരീക്ഷയുടെ ശക്തി തനിയ്‌ക്കെതിര്‍ത്തുനില്‍ക്കാവുന്നതിനപ്പുറ മാണെന്ന് ഹവ്വയ്ക്കു തോന്നിയിരുന്നുവെങ്കില്‍ ദൈവത്തിങ്കല്‍നിന്നുള്ള ശക്തി ക്കുവേണ്ടി അവള്‍ക്കു നിലവിളിച്ചപേക്ഷിക്കാമായിരുന്നു. അങ്ങനെയെങ്കില്‍ അവള്‍ക്കു സഹായം ലഭിക്കുമായിരുന്നു. ഓരോ പരീക്ഷയുടെയും ആകര്‍ഷ ണശക്തിയെ അതിജീവിക്കുവാന്‍ ദൈവശക്തി മതിയായതത്രേ.

യേശു തന്റെ ഐഹികജീവിതകാലത്ത് ഈ ശക്തിക്കുവേണ്ടി ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടി വിളിച്ചപേക്ഷിച്ചു. തന്മൂലം ഒരിക്കലും പാപം ചെയ്യാതെ ജീവിപ്പാന്‍ അവിടുത്തേക്കു കഴിഞ്ഞു.

''ക്രിസ്തു തന്റെ ഐഹികജീവിതകാലത്ത് തന്നെ മരണത്തില്‍നിന്നു രക്ഷിപ്പാന്‍ കഴിയുന്നവനോട് ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തിനിമിത്തം ഉത്തരം ലഭിക്കയും ചെയ്തു''വെന്ന് തിരുവെഴുത്തില്‍ നാം വായിക്കുന്നു. മാത്രമല്ല, ''പുത്രനെങ്കിലും താന്‍ അനുഭവിച്ച കഷ്ടങ്ങളാല്‍ അവിടുന്ന് അനുസരണം പഠിച്ചു''വെന്നും നാം വായിക്കുന്നുണ്ട് (എബ്രാ. 5:7,8).

''കരുണ ലഭിക്കുവാനും തക്കസമയത്ത് സഹായത്തിനുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന് അടുത്തുചെല്ലുക'' എന്നിങ്ങനെ ദൈവവചനം നമ്മെ പ്രബോധിപ്പിക്കുന്നു (എബ്രാ. 4:16).

ദൈവത്തിന്റെ സമ്പൂര്‍ണ്ണജ്ഞാനം, സ്‌നേഹം, ശക്തി എന്നിവയ്ക്കു സാക്ഷ്യം വഹിക്കുന്ന യഥാര്‍ത്ഥസാക്ഷികളെ ഈ ഭൂമിയില്‍ ലഭിക്കുവാന്‍ ഇന്ന് ദൈവം ആഗ്രഹിക്കുന്നു.

ക്രിസ്ത്യാനികള്‍ പുതിയനിയമത്തിലെ കല്പനകളില്‍ ഭേദഗതി വരുത്തു മ്പോള്‍ ദൈവത്തിന്റെ ജ്ഞാനത്തില്‍ തങ്ങള്‍ക്കു വിശ്വാസമില്ല എന്ന വസ്തുതയ്ക്ക് അവര്‍ സാക്ഷ്യം വഹിക്കുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ ജീവിതത്തിന്റെ അസാധാരണ സമ്മര്‍ദ്ദങ്ങളെ കണക്കിലെടുക്കുവാന്‍ ദൈവ ത്തിന്റെ സര്‍വജ്ഞതയ്ക്കു കഴിവില്ല എന്നാണ് അവരുടെ വിചാരം!

യേശു അരുളിച്ചെയ്തു: ''ഈ ഏറ്റവും ചെറിയ കല്പനകളില്‍ ഒന്ന് അഴി ക്കയും (ലംഘിക്കയും) മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ ഏറ്റവും ചെറിയവന്‍ എന്നു വിളിക്കപ്പെടും. അവയെ ആചരിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനോ സ്വര്‍ഗ്ഗരാജ്യത്തില്‍ വലിയ വന്‍ എന്നു വിളിക്കപ്പെടും'' (മത്താ. 5:19).

തന്റെ വചനത്തിലെ ചെറിയ കല്പനകളോടുള്ള നമ്മുടെ മനോഭാവം വച്ചുകൊണ്ടാണ് നമ്മുടെ അനുസരണത്തെയും വിശ്വാസത്തെയും ദൈവം ശോധന ചെയ്യുന്നത്. കൊല ചെയ്യരുത്, വ്യഭിചാരം ചെയ്യരുത് എന്നിവ പോലുള്ള മുഖ്യകല്പനകളെ മിക്ക ക്രിസ്ത്യാനികളും എന്നല്ല ധാരാളം അക്രൈസ്തവര്‍പോലും അനുസരിക്കുന്നുണ്ട്. എന്നാല്‍ നാം ദൈവത്തിന്റെ അംഗീകാരം പ്രാപിക്കുമോ ഇല്ലയോ എന്നത് ചെറിയ കല്പനകളോടുള്ള നമ്മുടെ മനോഭാവമാണ് നിശ്ചയിക്കുന്നത്.

യേശു ഇപ്രകാരം അരുളിച്ചെയ്തു: ''ഭാര്യയെ ഉപേക്ഷിച്ചു മറ്റൊരുത്തിയെ വിവാഹം ചെയ്യുന്നവന്‍ അവള്‍ക്കു വിരോധമായി വ്യഭിചാരം ചെയ്യുന്നു'' (മര്‍ക്കോ. 10:11). ഈ കല്പനയോട് പ്രകടമായ അനുസരണക്കേടു കാട്ടു ന്നതും, വിവാഹമോചനം, പുനര്‍വിവാഹം എന്നിവയുടെ നേരേ അയവുള്ള ഒരു ലൗകികസമീപനം സ്വീകരിക്കുന്നതും (വിശിഷ്യ പാശ്ചാത്യരാജ്യങ്ങളില്‍) യേശുവിന്റെ കല്പനകളെ മനുഷ്യന്റെ സൗകര്യത്തിനും സുഖത്തിനുംവേണ്ടി ഭേദപ്പെടുത്തുവാന്‍ ധാരാളം ക്രിസ്ത്യാനികളെ പ്രേരിപ്പിക്കുന്ന കാര്യത്തില്‍ സാത്താനു ലഭിച്ചിട്ടുള്ള വിജയത്തിന് ഒരുദാഹരണമാണ്.

''മൂടുപടമില്ലാതെ പ്രാര്‍ത്ഥിക്കയോ പ്രവചിക്കയോ ചെയ്യുന്ന ഏതു സ്ത്രീ യും തന്റെ തലയെ അപമാനിക്കുന്നു. സ്ത്രീ മൂടുപടം ഇടുന്നില്ലെങ്കില്‍ മുടി കത്രിച്ചു കളയട്ടെ'' എന്നിങ്ങനെ ദൈവവചനം പഠിപ്പിക്കുന്നു (1 കൊരി. 11:5,6). ഇത് ഒരു ചെറിയ കാര്യമാണ്. എന്നാല്‍ പാശ്ചാത്യവല്‍കൃതമായ പല സഭക ളിലും സ്ത്രീകളുടെ ശിരോവസ്ത്രം അപ്രത്യക്ഷമായിട്ടുള്ളത് ഇന്നത്തെ ക്രിസ്ത്യാനികള്‍ക്കിടയില്‍ ദൈവവചനത്തോടുള്ള ആദരം നഷ്ടപ്പെട്ടിട്ടുള്ള തിന് മറ്റൊരു ദൃഷ്ടാന്തമത്രേ.

വിശ്വാസികള്‍ സ്വീകരിക്കണമെന്ന് യേശുവും അപ്പോസ്തലന്മാരും കല്പിച്ചിട്ടുള്ള ജലസ്‌നാനം പോലും വിവിധ സഭാവിഭാഗങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് പ്രസംഗിക്കപ്പെടുന്നില്ല. ആര്‍ക്കും നീരസം വരുത്താതിരിക്കുവാനുള്ള ഒരു മുന്‍കരുതലെന്ന നിലയിലാണ് ഇത് ഒഴിവാക്കിയിട്ടുള്ളത്. മനുഷ്യരെ പ്രസാദിപ്പിക്കുവാന്‍ സാധിക്കുമെങ്കില്‍ ദൈവത്തിന് അനിഷ്ടം ഉളവാക്കുന്നതിനെ ഇന്നത്തെ ക്രിസ്ത്യാനികള്‍ വകവയ്ക്കാറില്ല.

''ദൈവം വാസ്തവത്തില്‍ അപ്രകാരം കല്പിച്ചിട്ടുണ്ടോ?'' ഹവ്വയോടു സാത്താന്‍ ചോദിച്ച ചോദ്യം ഇതായിരുന്നു. ഇതേ ചോദ്യം കൊണ്ടുതന്നെ യാണ് ഇന്നത്തെ ക്രൈസ്തവലോകത്തിലും അനുസരണക്കേടിനെ അവന്‍ പ്രോത്സാഹിപ്പിക്കുന്നത്.

ദൈവം ആദാമിനെയും ഹവ്വയെയും പരീക്ഷിച്ചു; ആ പരീക്ഷയില്‍ അവര്‍ പരാജയപ്പെട്ടു.

ഇന്നിതാ, ഞാനും നിങ്ങളും പരീക്ഷിക്കപ്പെടുന്നു.

അധ്യായം 4
ഇയ്യോബിനു നേരിട്ട പരീക്ഷ

ഉത്തമന്മാരായ ദൈവദാസന്മാരുടെയും ദൈവത്തെ അനുസരിക്കാ തിരുന്ന മറ്റു മനുഷ്യരുടെയും ജീവിതചരിത്രങ്ങള്‍ നമ്മുടെ പ്രബോധന ത്തിനും താക്കീതിനുമായി ദൈവവചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആത്മാവിന്റെ ശബ്ദം ശ്രദ്ധിക്കുവാന്‍ കഴിവുള്ള ചെവിയോടുകൂടി അവയെ നാം ധ്യാനിക്കുന്നപക്ഷം അവയില്‍നിന്നു ധാരാളം കാര്യങ്ങള്‍ പഠിക്കുവാന്‍ നമുക്കു കഴിയും.

പഴയനിയമത്തിലെ ചരിത്രപുരുഷന്മാരെപ്പറ്റി വായിക്കുമ്പോള്‍ യേശു ക്രിസ്തുവിലൂടെ ആവിര്‍ഭവിച്ച കൃപായുഗത്തിനു മുമ്പാണ് അവര്‍ ജീവിച്ചിരു ന്നതെന്നകാര്യം നാം ഓര്‍ക്കേണ്ടതാണ്.

''ന്യായപ്രമാണം മോശ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശു ക്രിസ്തു മുഖാന്തരം വന്നു'' (യോഹ. 1:17).

അതിനാല്‍ അവര്‍ പുതിയനിയമനിലവാരത്തിലേക്ക് ഉയരണമെന്ന് അവരെപ്പറ്റി ദൈവംതന്നെയും പ്രതീക്ഷിച്ചിരുന്നില്ല.

മത്താ. 19:8,9 ഈ കാര്യത്തില്‍ നമുക്കു ദൃഷ്ടാന്തമാണ്. പഴയനിയമവ്യവ സ്ഥയില്‍ വിവാഹമോചനത്തിന് മോശ അനുവാദം നല്‍കിയത് എന്തുകൊ ണ്ടാണെന്ന് അവിടെ യേശു പരീശന്മാര്‍ക്ക് വ്യാഖ്യാനിച്ചുകൊടുക്കുന്നു. ''നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമത്രേ ഭാര്യമാരെ ഉപേക്ഷിപ്പാന്‍ മോശ അനുവദിച്ചത്.'' എന്നാല്‍ പുതി യനിയമവ്യവസ്ഥയില്‍ ദൈവം നമ്മുടെ കഠിന ഹൃദയം നീക്കിക്കളകയും പകരം മൃദുവായ ഒരു ഹൃദയം നമുക്കു നല്‍കു കയും ചെയ്യുന്നു. അതിനാല്‍ ഇന്ന് വിവാഹ മോചനം അനുവദിച്ചിട്ടില്ല.

''നീതിമാനെ ശോധന ചെയ്യുന്നവനാണ് ദൈവം'' എന്ന് ദൈവത്തെപ്പറ്റി തിരുവെഴുത്തു പ്രസ്താവിച്ചിരിക്കുന്നു (യിരെ. 20:12).

ദൈവം ആരെയും ദോഷം ചെയ്യുവാനായി പരീക്ഷിക്കുന്നില്ല. ''ദൈവം ദോഷങ്ങളാല്‍ പരീക്ഷിക്കപ്പെടാത്തവന്‍ ആകുന്നു; താന്‍ ആരെയും പരീക്ഷി ക്കുന്നതുമില്ല'' (യാക്കോ. 1:13).

എന്നാല്‍ അവിടുന്നു നീതിമാനെ ശോധന ചെയ്യുന്നു.

ഒരു മാതൃകാമനുഷ്യന്‍

ദൈവത്തിന്റെ വിശിഷ്ടദാസന്മാരില്‍ ഒരുവനായിരുന്നു ഇയ്യോബ്. ''ഭൂമു ഖത്ത് ദൈവത്തെ ഭയപ്പെടുന്ന ഒരു മനുഷ്യന്‍'' എന്ന് അദ്ദേഹത്തെ ചൂണ്ടിക്കാ ണിച്ചുകൊണ്ട് സാത്താനോടു പറയുവാന്‍ ദൈവത്തിനു കഴിഞ്ഞു.

യഹോവ സാത്താനോട് ''എന്റെ ദാസനായ ഇയ്യോബിന്മേല്‍ നീ ദൃഷ്ടി വച്ചുവോ? അവനെപ്പോലെ നിഷ്‌കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയില്‍ ആരും ഇല്ലല്ലോ'' എന്ന് അരുളിച്ചെയ്തു (ഇയ്യോ. 1:8).

ഇയ്യോബിന്റെ ബുദ്ധിശക്തി, കഴിവുകള്‍, സമ്പത്ത് എന്നിവയെപ്പറ്റിയൊ ന്നും ദൈവം പറയുന്നില്ല. കാരണം, അവയെല്ലാം ദൈവമുമ്പാകെ വിലയറ്റവ യാണ്. അവന്റെ നിഷ്‌കളങ്കതയും സത്യസന്ധതയുമാണ് ദൈവം ചൂണ്ടിക്കാ ണിക്കുന്നത്. യേശുവിന്റെ കാര്യത്തിലെന്നപോലെ ഇയ്യോബിന്റെയും നേട്ട ങ്ങളോ ശുശ്രൂഷയോ അല്ല, പിന്നെയോ സ്വഭാവവൈശിഷ്ട്യമാണ് ദൈവത്തെ സന്തുഷ്ടനാക്കിയത്.

സാത്താന്‍പോലും പ്രകൃത്യതീതമായ കഴിവുകളും ബുദ്ധിശക്തിയും ഉള്ളവനാണ്. അവന് ബൈബിള്‍ പരിജ്ഞാനവും ഉണ്ട്. എന്നാല്‍ ദൈവം വിലമതിക്കുന്നതോ സ്വഭാവവൈശിഷ്ട്യമാണ്. ദൈവം നമ്മെ ശോധന ചെയ്യു മ്പോള്‍ ബൈബിള്‍ പരിജ്ഞാനത്തെയല്ല, സ്വഭാവത്തെയാണ് ശോധന ചെയ്യുന്നത്.

സാത്താന്റെ മുമ്പില്‍ തനിക്കു ചൂണ്ടിക്കാണിപ്പാന്‍ പറ്റിയ ഒരു മനുഷ്യനെ ദൈവം അന്വേഷിക്കുമ്പോള്‍, സ്വഭാവശ്രേഷ്ഠതയുള്ള ഒരുവനെയാണ് അവിടുന്നു നോക്കുന്നത്. നിഷ്‌കളങ്കനും നേരുള്ളവനും ദൈവത്തെ ഭയപ്പെടു ന്നവനും ദോഷം വിട്ടകലുന്നവനുമായ ഒരുവനെത്തന്നെ.

ഒരു പക്ഷേ നാം നമ്മുടെ ആത്മീയതകൊണ്ട് വിശ്വാസികള്‍ക്കിടയില്‍ നല്ല മതിപ്പു നേടിയവര്‍ ആയിരിക്കാം. എന്നാല്‍ നമ്മെ പൂര്‍ണ്ണമായി അറിയുന്ന ദൈവത്തിന് സാത്താന്റെ മുമ്പില്‍ നമ്മെ ചൂണ്ടിക്കാണിപ്പാന്‍ കഴിയുമോ? ദൈവം ഇയ്യോബിനു കൊടുത്ത സാക്ഷ്യപത്രം നമുക്ക് എന്നെങ്കിലും ലഭി ക്കാവുന്ന ഏതു ബഹുമതിയെക്കാളും ഉന്നതമാണ്. അതിനോടു താരതമ്യ പ്പെടുത്തുമ്പോള്‍ ക്രൈസ്തവസമൂഹത്തിലെ പൊള്ളയായ ബഹുമതിക ളെല്ലാം ചപ്പും ചവറുമാണ്.

അതിനാല്‍ എന്റെ ആത്മീയതയെ സംബന്ധിച്ചിടത്തോളം ''മറ്റുള്ള വര്‍ക്ക് എന്നെക്കുറിച്ചുള്ള അഭിപ്രായമെന്ത്?'' എന്നതല്ല പ്രധാന കാര്യം; നേരേമറിച്ച് തനിക്കു പ്രശംസിക്കത്തക്ക ഒരുവനായി സാത്താന്റെ മുമ്പില്‍ എന്നെ ചൂണ്ടിക്കാണിപ്പാന്‍ ദൈവത്തിനു കഴിയുമോ എന്നതാണ് സര്‍വപ്ര ധാനമായ കാര്യം.

സാത്താന്റെ ഒന്നാം അടവ്

ദൈവം സാത്താന്റെ മുമ്പില്‍ ഇയ്യോബിനെ ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തിനു വളരെ പ്രയോജനവും സ്വകാര്യലാഭവും ഉണ്ടാകുന്നതു മൂല മാണ് അദ്ദേഹം ദൈവത്തെ സേവിക്കുന്നത് എന്നായിരുന്നു സാത്താന്‍ നല്‍കിയ മറുപടി.

സാത്താന്‍ യഹോവയോട് ''വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരി ക്കുന്നത്? നീ അവനും അവന്റെ വീടിനും അവനുള്ള സകലത്തിനും ചുറ്റും വേലി കെട്ടിയിട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു. അവന്റെ മൃഗസമ്പത്ത് ദേശത്തു പെരുകിയിരിക്കുന്നു. തൃക്കൈ നീട്ടി അവനുള്ളതൊക്കെയും ഒന്നു തൊടുക; അവന്‍ നിന്നെ മുഖത്തുനോക്കി ത്യജിച്ചുപറയും'' എന്ന് ഉത്തരം പറഞ്ഞു.

ഈ ആരോപണത്തെ ദൈവം നിഷേധിച്ചു. അതു സത്യമല്ല എന്നു കാണുവാന്‍വേണ്ടി അദ്ദേഹത്തെ പരീക്ഷിച്ചുകൊള്ളുവാന്‍ ദൈവം സാത്താനെ അനുവദിച്ചു. ഇയ്യോബിന്റെ പരമാര്‍ത്ഥത തനിയ്ക്കറിവുണ്ടാ യിരുന്നതുമൂലമാണ് ദൈവം അപ്രകാരം ചെയ്തത്.

നമ്മുടെ കാര്യം എങ്ങനെ? ഭൗതികലാഭത്തിനുവേണ്ടിയാണോ നാം ദൈവത്തെ സേവിക്കുന്നത്? സ്വന്തലാഭത്തിനുവേണ്ടി ദൈവത്തെ സേവിക്കു ന്നവരെന്നു നമ്മിലാരെയെങ്കിലും ചൂണ്ടിക്കൊണ്ട് സാത്താന്‍ പറയുന്നപക്ഷം അവന്‍ പറയുന്നതു ശരിതന്നെയെന്നു സമ്മതിച്ചുകൊടുക്കുവാന്‍ ദൈവം ബാധ്യസ്ഥനായിത്തീരുമോ?

ഹാ! കഷ്ടം! സ്വന്തലാഭത്തിനുവേണ്ടി ക്രിസ്തീയപ്രവര്‍ത്തനത്തിലേര്‍ പ്പെട്ടിരിക്കുന്ന സുവിശേഷവേലക്കാരെയും പാസ്റ്റര്‍ന്മാരെയും കൊണ്ടു നിറഞ്ഞ ഒരു രാജ്യമാണ് ഭാരതം. ഒന്നുകില്‍ ഒരു ശമ്പളം, അല്ലെങ്കില്‍ ഉന്നത സ്ഥാനവും ബഹുമതിയും, അതുമല്ലെങ്കില്‍ ഇടയ്ക്കിടെ പാശ്ചാത്യപര്യടനം നടത്തുവാനുള്ള സൗകര്യം ഇവയിലെന്തെങ്കിലുമാകാം ഈ ലാഭം, ഒരു ശമ്പളത്തിനുവേണ്ടി ക്രിസ്തീയവേല ചെയ്യുന്ന ഒരുവന്‍ ദൈവത്തെയല്ല, മാമോനെയാണ് സേവിക്കുന്നത്. ദൈവത്തിനുവേണ്ടിയുള്ള യഥാര്‍ത്ഥ സേവനത്തിനു നാം തന്നെ സ്വയം വിലകൊടുക്കേണ്ടിവരും.

ദാവീദ് ദൈവത്തിന് ഒരു യാഗം കഴിക്കുവാന്‍ ആരംഭിച്ച സന്ദര്‍ഭത്തില്‍ അദ്ദേഹം പറഞ്ഞ വാക്കുകളെപ്പറ്റി ചിന്തിക്കുക: ''എനിക്ക് ഒന്നും ചെലവി ല്ലാതെ ഞാന്‍ എന്റെ ദൈവമായ യഹോവയ്ക്ക് ഹോമയാഗം കഴിക്കുകയില്ല'' (2 ശമൂ. 24:24).

ഈ മനോഭാവമുള്ള വ്യക്തികള്‍ എത്ര ചുരുക്കം!

ദൈവത്തിനുവേണ്ടിയുള്ള യഥാര്‍ത്ഥസേവനം നമുക്കു ഭൗതികലാഭമല്ല, നഷ്ടംതന്നെ വരുത്തിവയ്ക്കും. നമുക്കു ലഭിക്കുന്ന ലാഭം ആത്മീയം മാത്രമാ യിരിക്കും. നേരേമറിച്ച് നമുക്കു ഭൗതികലാഭം നേടിത്തരുന്ന സേവനം സ്വര്‍ഗ്ഗീയയെരൂശലേമിനെ സംബന്ധിക്കുന്നതല്ല, മറിച്ച് ബാബിലോണിനോട് ദൈവത്തിനെതിരായുള്ള വേശ്യാപ്രവൃത്തിയോട് ബന്ധപ്പെട്ടതത്രേ.

ഇത്തരത്തിലുള്ള ആത്മീയവേശ്യാപ്രവൃത്തിയെപ്പറ്റി ദൈവവചനം പറയുന്നതു ശ്രദ്ധിക്കുക: ''ഈ വകകൊണ്ടു വ്യാപാരം ചെയ്ത് അവളാല്‍ സമ്പന്നരായവര്‍ ... ദൂരത്തു നിന്നു'' (വെളി. 18:15).

സ്വാര്‍ത്ഥാന്വേഷികളായ ക്രിസ്തീയപ്രവര്‍ത്തകരുടെ മദ്ധ്യത്തില്‍ അതില്‍നിന്നു വ്യത്യസ്തനായ ഒരേയൊരു വ്യക്തിയായി ഒരു തിമോഥെ യോസിനെ ചൂണ്ടിക്കാണിക്കുവാന്‍ പൗലോസിനു കഴിഞ്ഞു. ''നിങ്ങളെ സംബ ന്ധിച്ചു പരമാര്‍ത്ഥമായിക്കരുതുവാന്‍ തുല്യചിത്തനായി എനിക്കു മറ്റാരുമില്ല. യേശുക്രിസ്തുവിന്റെ കാര്യമല്ല, സ്വന്തകാര്യമത്രേ എല്ലാവരും നോക്കുന്നു'' (ഫിലി. 2:20,21).

പൗലോസിനെ വഞ്ചിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. തന്റെ സഹപ്രവര്‍ ത്തകരുടെ ആത്മീയനില അദ്ദേഹത്തിന് അറിയാമായിരുന്നു. നമ്മെ സംബ ന്ധിച്ചു ദൈവവും വഞ്ചിതനായിത്തീരുന്നില്ല.

ഇയ്യോബിനെ പരീക്ഷിച്ചുനോക്കിക്കൊള്ളുക എന്ന് സാത്താനെ വെല്ലു വിളിക്കുവാന്‍ കഴിയുമാറ് അത്രമാത്രം വിശ്വാസം ദൈവത്തിന് അവനില്‍ ഉണ്ടായിരുന്നു.

ഇയ്യോബിന് ഒരൊറ്റ ദിവസത്തില്‍ത്തന്നെ അവന്റെ മക്കളും വസ്തുവക കളും നഷ്ടപ്പെട്ടു. എന്നിട്ടും അദ്ദേഹം തുടര്‍ന്നും ദൈവത്തെ സേവിക്കുകയും ആരാധിക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: ''നഗ്നനായി ഞാന്‍ എന്റെ അമ്മയുടെ ഗര്‍ഭത്തില്‍നിന്നു പുറപ്പെട്ടുവന്നു; നഗ്നനായിത്തന്നെ മടങ്ങി പ്പോകും. യഹോവ തന്നു, യഹോവ എടുത്തു. യഹോവയുടെ നാമം വാഴ്ത്ത പ്പെടുമാറാകട്ടെ.''

തനിക്കുള്ളതെല്ലാം, മക്കളും വസ്തുവകകളും എന്നുവേണ്ടാ, തന്റെ ആരോഗ്യംപോലും ദൈവത്തിന്റെ സൗജന്യദാനമാണെന്നും അവിടുത്തേക്ക് ഇഷ്ടം തോന്നുമ്പോള്‍ അതെല്ലാം നീക്കിക്കളയുവാനുള്ള എല്ലാ അധികാരവും ദൈവത്തിനുണ്ടെന്നും അദ്ദേഹത്തിന് അറിയാമായിരുന്നു. എല്ലാം വിട്ടുകളയു ന്നതുവരെ, അതായത് എന്തിനെയെങ്കിലും സ്വന്തമാക്കുവാനുള്ള അവകാശം ഉപേക്ഷിക്കുന്നതുവരെ, ഒരുവന് യഥാര്‍ത്ഥമായി ദൈവത്തെ ആരാധിക്കുവാന്‍ സാധ്യമല്ല.

സാത്താന്റെ രണ്ടാം അടവ്

വീണ്ടും ഒരുപടികൂടെ മുന്നോട്ടുപോകുവാനും തല മുതല്‍ ഉള്ളംകാല്‍ വരെയും പരുക്കള്‍കൊണ്ട് ഇയ്യോബിനെ പീഡിപ്പിക്കുവാനും ദൈവം സാത്താനെ അനുവദിച്ചു.

രോഗം സാത്താനില്‍നിന്നു വരുന്നതാണ്. എന്നാല്‍ തന്റെ ദാസന്മാരെ ശുദ്ധീകരിക്കുവാനും പൂര്‍ണ്ണതയിലേക്കു നയിക്കുവാനുംവേണ്ടി അതിനെ പ്പോലും ഉപയോഗിക്കുവാന്‍ ദൈവത്തിനു കഴിയും.

ജഡത്തില്‍ പിടിപെട്ട ഒരു ശൂലത്താല്‍ പൗലോസ് പീഡിപ്പിക്കപ്പെട്ടു. അതു തന്നെ കുത്തുവാന്‍വേണ്ടി അയയ്ക്കപ്പെട്ട സാത്താന്റെ ദൂതനാണെന്ന് അദ്ദേഹം സമ്മതിക്കുന്നുണ്ട്. അതൊരിക്കലും ദൈവത്തിന്റെ ദൂതനല്ല, സാത്താന്റെ ദൂതന്‍ തന്നെ. അതിനെ നീക്കിക്കളയുവാന്‍ വീണ്ടും വീണ്ടും പൗലോസ് അപേക്ഷിച്ചുവെങ്കിലും ദൈവം ആ പ്രാര്‍ത്ഥന ചെവിക്കൊണ്ടില്ല. പൗലോസിനെ വീണ്ടും താഴ്മയില്‍ത്തന്നെ ഉറപ്പിച്ചുനിറുത്തുവാന്‍ അത് സഹായകമായിരുന്നതിനാല്‍ അദ്ദേഹം തുടര്‍ന്നും അതിനാല്‍ പീഡിതനായി ത്തീരുവാന്‍ ദൈവം അനുവദിച്ചു.

പൗലോസ് ഇപ്രകാരം പ്രസ്താവിക്കുന്നു: ''വെളിപ്പാടുകളുടെ ആധിക്യ ത്താല്‍ ഞാന്‍ അതിയായി നിഗളിച്ചുപോകാതിരിപ്പാന്‍ എനിക്കു ജഡത്തില്‍ ഒരു ശൂലം തന്നിരിക്കുന്നു. ഞാന്‍ നിഗളിച്ചുപോകാതിരിക്കേണ്ടതിന് എന്നെ കുത്തുവാന്‍ സാത്താന്റെ ദൂതനെത്തന്നെ. അത് എന്നെ വിട്ടു നീങ്ങേണ്ടതിന് ഞാന്‍ മൂന്നുവട്ടം കര്‍ത്താവിനോട് അപേക്ഷിച്ചു. അവന്‍ എന്നോട്: 'എന്റെ കൃപ നിനക്കു മതി; എന്റെ ശക്തി ബലഹീനതയില്‍ തികഞ്ഞുവരുന്നു' എന്നു പറഞ്ഞു'' (2 കൊരി. 12:79).

സാത്താന്റെ മൂന്നാം അടവ്

ഇയ്യോബിന്റെ ഭാര്യ മുഖേന അദ്ദേഹത്തെ പീഡിപ്പിക്കുക എന്നതാ യിരുന്നു സാത്താന്റെ മൂന്നാമത്തെ അടവ്.

അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തോട് ''നീ ഇനിയും നിന്റെ ഭക്തി മുറുകെ പ്പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞ് മരിച്ചു കളക'' എന്നു പറഞ്ഞു (ഇയ്യോ. 2:9).

നിങ്ങളുടെ ഭാര്യ തന്നെ നിങ്ങള്‍ക്കെതിരായിത്തീരുകയും നിങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്യുമ്പോള്‍ അത് നിങ്ങളുടെ വിശുദ്ധീകരണത്തിന്റെ ഒരു വലിയ ശോധനതന്നെയായിരിക്കും.

ദൈവചനം ഇപ്രകാരം കല്പിക്കുന്നു: ''ഭര്‍ത്താക്കന്മാരേ, നിങ്ങളുടെ ഭാര്യമാരെ സ്‌നേഹിപ്പിന്‍; അവരോടു കൈയ്പ്പായിരിക്കയുമരുത്. ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ നിങ്ങളും ഭാര്യമാരെ സ്‌നേഹിപ്പിന്‍'' (കൊലോ. 3:19; എഫേ. 5:25).

ഭാര്യമാരോട് ഒരു സാഹചര്യത്തിലും നീരസം തോന്നാതെ ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ അവരെ സ്‌നേഹിക്കണമെന്നാണ് ദൈവ വചനം അനുശാസിക്കുന്നത്.

നിങ്ങള്‍ക്ക് കലഹക്കാരിയായ ഒരു ഭാര്യയാണുള്ളതെങ്കില്‍ സ്വന്തം ദുര്‍ഗ്ഗതിയെപ്പറ്റി പരാതിപ്പെടാതെയും ദൈവഭക്തകളായ ഭാര്യമാരുള്ളവരോട് അസൂയപ്പെടാതെയും ആ ജീവിതസാഹചര്യത്തെ സ്വന്തം വിശുദ്ധീകരണ ത്തിനുള്ള ഒരു മാര്‍ഗ്ഗമായി വീക്ഷിക്കുവാന്‍ നിങ്ങള്‍ക്കു കഴിയും. ദൈവ ത്തിന്റെ അംഗീകാരസര്‍ട്ടിഫിക്കേറ്റു ലഭിക്കുവാന്‍ നിങ്ങള്‍ യോഗ്യനോ എന്നു പരീക്ഷിക്കുവാനായി ഇതേ സാഹചര്യംതന്നെ ദൈവം ഉപയോഗിക്കും. സ്വന്തബന്ധുക്കളാല്‍ ഭ്രാന്തനെന്നു വിളിക്കപ്പെട്ടപ്പോഴും അതു ക്ഷമയോടെ സഹിച്ച യേശുവിന്റെ ഒരു യഥാര്‍ത്ഥപ്രതിനിധിയായിരിക്കുവാന്‍ നിങ്ങള്‍ യോഗ്യനോ എന്ന്, നിങ്ങളുടെ നേരേ ഒച്ചവയ്ക്കുകയും മുള്ളുവാക്കുകള്‍ പറയുകയും ചെയ്യുന്ന ഒരു ഭാര്യ മുഖേന ദൈവം നിങ്ങളെ പരീക്ഷിക്കു കയാണ്.

സുവിശേഷത്തില്‍ പറഞ്ഞിട്ടുള്ളതു നോക്കുക: ''അവന്റെ (യേശുവിന്റെ) ചാര്‍ച്ചക്കാര്‍ അതുകേട്ട് അവനു ബുദ്ധിഭ്രമം ഉണ്ട് എന്നു പറഞ്ഞ് അവനെ പിടിപ്പാന്‍ വന്നു'' (മര്‍ക്കോ. 3:21).

ഈ അപമാനകരമായ രംഗത്തെ യേശു ക്ഷമയോടെ നേരിട്ടു. അവിടുത്തെ അനുഗമിക്കുവാനും തന്റെ ഒരു പ്രതിനിധിയായിരിപ്പാനുമാണ് നാം വിളിക്കപ്പെട്ടിട്ടുള്ളത്.

സാത്താന്റെ നാലാം അടവ്

സാത്താന്റെ നാലാമത്തെ അടവ് ഇയ്യോബിന്റെ പ്രസംഗകരായ സ്‌നേഹിതന്മാരെക്കൊണ്ട് അദ്ദേഹത്തെ കുറ്റം പറയിക്കുക എന്നതായിരുന്നു (ഇയ്യോബ് 4 മുതല്‍ 25 വരെ അധ്യായങ്ങള്‍ നോക്കുക).

തന്റെ രോഗക്കിടയ്ക്കു സമീപം ചിലയാളുകള്‍ വന്ന് തങ്ങള്‍ ദൈവ ത്തിന്റെ പ്രവാചകന്മാരാണെന്നു നടിച്ചുകൊണ്ട് അദ്ദേഹത്തിന്റെ രഹസ്യപാപ ങ്ങളുടെ ഫലമാണ് ആ രോഗമെന്നു പറയുക ഇതായിരുന്നു ഇയ്യോബിന് ഏറ്റവും ദുര്‍വഹമായിരുന്ന പീഡനം. സഹോദരന്മാരെ രാപ്പകല്‍ കുറ്റം ചുമത്തുന്ന അപവാദിയുടെ (വെളി. 12:10) ഏജന്റുന്മാരായി സ്വയം അറിയാതെ തന്നെ തങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്ന സത്യം ഈ മൂന്നു പ്രസംഗകന്മാരും മനസ്സിലാക്കിയില്ല.

എന്നാല്‍ ഇയ്യോബിനെ ശുദ്ധീകരിക്കുന്നതിനുവേണ്ടി അപ്രകാരം ചെയ്യുവാന്‍ ദൈവം അവരെ അനുവദിക്കുകയാണുണ്ടായത്.

കൃപയാല്‍ ജയം നേടുക

കൃപായുഗത്തിനു മുമ്പുള്ള കാലഘട്ടത്തിലാണ് ഇയ്യോബ് ജീവിച്ചി രുന്നത്. അതിനാല്‍ ഇന്നു നമുക്കു സാധ്യമാകുന്നതുപോലെ നിരന്തരവിജയ ത്തില്‍ ജീവിക്കുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.

ഇന്നു ദൈവം നല്‍കുന്ന വാഗ്ദാനം ഇതാണ്: ''നിങ്ങള്‍ ന്യായപ്രമാണ ത്തിനല്ല, കൃപയ്ക്കത്രേ അധീനരാകയാല്‍ പാപം നിങ്ങളുടെമേല്‍ കര്‍ത്തൃത്വം നടത്തുകയില്ല (റോമര്‍ 6:14). എന്നാല്‍ പാപത്തിന്റെമേലുള്ള വിജയം സാധ്യമല്ലാതിരുന്ന ഒരു യുഗത്തിലാണ് ഇയ്യോബ് ജീവിച്ചത്. അതിനാല്‍ ഒടുവില്‍ സ്വയംസഹതാപത്തിനും സ്വയംനീതീകരണത്തിനും നൈരാശ്യ ത്തിനും വിഷാദത്തിനും ഇയ്യോബ് അധീനനായിത്തീര്‍ന്നു. എന്നാല്‍ ഈ ഇരുട്ടിനിടയിലും ഇടയ്ക്കിടെ അദ്ദേഹത്തിന്റെ വിശ്വാസം പ്രകാശം വിതറിയി രുന്നു. ഇങ്ങനെ ചിലപ്പോള്‍ ഉയര്‍ന്നും ചിലപ്പോള്‍ താണും മുന്നോട്ടുപോയ ഒരനുഭവമായിരുന്നു ഇയ്യോബിനുണ്ടായിരുന്നത്.

എന്നാലിപ്പോള്‍ യേശുക്രിസ്തുവിലൂടെ കൃപ വന്നുകഴിഞ്ഞിരിക്കയാല്‍ ഇത്തരം ശോധനകള്‍ നമുക്കുണ്ടാകുമ്പോള്‍ ഒരു നിമിഷംപോലും നിരാശരോ മ്ലാനചിത്തരോ ആകാതെ ജീവിക്കുവാന്‍ നമുക്കു കഴിയും. പുതിയനിയമ ത്തിലെ കല്പനകള്‍ ഇവയാണ്: ''ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്. .... കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍..... എല്ലാറ്റിനും വേണ്ടിയും സ്‌തോത്രം ചെയ്‌വിന്‍.'' (ഫിലി. 4:6,1; 1 തെസ്സ. 5:18).

പഴയനിയമകാലത്ത് കൃപ വന്നിട്ടില്ലാഞ്ഞതിനാല്‍ ഇത്തരം കല്പനകള്‍ അന്ന് ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ കൈ വ്യാപരിക്കുന്നതായി നമുക്കു കാണാന്‍ കഴിയും. ഇപ്പോള്‍ നമ്മെ നിരന്തരവിജയത്തില്‍ നിറുത്തേണ്ടതിനായി ഓരോ നിമിഷവും കൃപ ലഭ്യ മാണ്.

പൗലോസിന്റെ വിജയോല്‍ഘോഷണം ഇതായിരുന്നു: ''ക്രിസ്തുവില്‍ ഞങ്ങളെ എപ്പോഴും ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്‌തോത്രം.''

നമ്മുടെ വസ്തുവകകള്‍ നഷ്ടമാകുമ്പോള്‍, നമ്മുടെ മക്കള്‍ മരിക്കു മ്പോള്‍, നമ്മുടെ ഭാര്യ നമ്മെ കുറ്റപ്പെടുത്തുമ്പോള്‍, സഹവിശ്വാസികള്‍ നമ്മെ തെറ്റിദ്ധരിക്കയും വിമര്‍ശിക്കയും ചെയ്യുമ്പോള്‍, ഇതുപോലെ നമ്മെ ശോധന ചെയ്‌വാനായി ദൈവം അനുവദിക്കുന്നതെല്ലാം സംഭവിക്കുമ്പോള്‍, നമുക്കു കൃപയില്‍ച്ചാരി വിജയം പ്രാപിക്കുവാന്‍ സാധ്യമത്രേ.

ഇപ്രകാരം ദൈവം അനുവദിക്കുന്ന എല്ലാ സാഹചര്യങ്ങളിലും അവിടു ത്തേക്കു കീഴ്‌പ്പെട്ടിരിക്കയും എന്നാല്‍ ഈ ക്ഷണികപീഡനങ്ങളെല്ലാം തേജസ്സിന്റെ നിത്യഘനം നമുക്കു നല്‍കുവാനായി ദൈവം വരുത്തുന്നവ യാണെന്നുള്ള തികഞ്ഞ വിശ്വാസത്തോടെ എല്ലാ ശോധനകളും സ്വീകരി ക്കയും ചെയ്യുന്ന ഒരു ശേഷിപ്പ് ഇന്നു ഭൂമിയില്‍ തനിക്കുണ്ടെന്നു സാത്താനു കാണിച്ചുകൊടുക്കുവാന്‍ ദൈവത്തിനു കഴിയും.

ദൈവവചനം പറയുന്നു: ''നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങള്‍ക്കു കിട്ടു വാന്‍ ഹേതുവാകുന്നു. കാണുന്നതിനെയല്ല, കാണാത്തതിനെയത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതു താല്‍കാലികം; കാണാത്തതോ നിത്യം'' (2 കൊരി. 4:17,18).

സാത്താനോടും സൈന്യങ്ങളോടുമുള്ള സാക്ഷ്യം

ആകാശങ്ങളിലെ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും മുമ്പില്‍ തന്റെ ജ്ഞാനം എന്തെന്ന് സഭ മുഖാന്തരം കാണിച്ചുകൊടുപ്പാന്‍ ദൈവം ആഗ്രഹി ക്കുന്നതായി പുതിയനിയമം പ്രസ്താവിക്കുന്നു.

എഫേ. 3:10-ല്‍ പൗലോസ് ഇപ്രകാരം പ്രസ്താവിച്ചിട്ടുണ്ട്: ''അങ്ങനെ ഇപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും ദൈവത്തിന്റെ ബഹുവിധമായ ജ്ഞാനം ... സഭ മുഖാന്തരം അറിയായ്‌വരുന്നു.''

ഈ വാഴ്ചകളും അധികാരങ്ങളും ആകാശങ്ങളിലെ ദുഷ്ടാത്മസേന യാണെന്ന് എഫേ. 6:12 നമുക്കു വ്യക്തമാക്കിത്തരുന്നു.

നമുക്കു സംഭവിക്കുന്ന കാര്യങ്ങള്‍ യാദൃച്ഛികങ്ങളല്ല; അവ ദൈവത്തിന്റെ മുന്‍നിര്‍ണ്ണയവും പ്ലാനും അനുസരിച്ച് ആസൂത്രണം ചെയ്യപ്പെട്ടവയും തൂക്കി നോക്കി തിട്ടപ്പെടുത്തിയവയുമാണ്. അവ ഒരിക്കലും നമുക്കു സഹിക്കാവുന്ന അളവിനപ്പുറമാകുന്നില്ല. തന്റെ മുന്നറിവും നിര്‍ണ്ണയവുമനുസരിച്ച് നമ്മെ ക്രിസ്തുവിന്റെ സാദൃശ്യത്തിലേക്കു നയിക്കുക, ഭൂമിയില്‍ ഏതൊരു സാഹ ചര്യത്തിലും തന്നെ സ്‌നേഹിക്കുകയും അനുസരിക്കുകയും സ്തുതിക്കു കയും ചെയ്യുന്ന ഒരു ചെറിയകൂട്ടം ഇന്നും ശേഷിച്ചിരിക്കുന്നതായി ആകാശ ങ്ങളിലെ വാഴ്ചകള്‍ക്കും അധികാരങ്ങള്‍ക്കും കാണിച്ചുകൊടുക്കുക. ഈ രണ്ടു ലക്ഷ്യങ്ങളോടുകൂടിയാണ് ഇന്നു ദൈവം പ്രവര്‍ത്തിച്ചു കൊണ്ടിരി ക്കുന്നത്.

നാം കടന്നുപോകുന്ന ഏതൊരു കഷ്ടതയും നമ്മുടെ വിശ്വാസത്തിന്റെ ഒരു പരിശോധനയാണ്. ''എനിക്കു സംഭവിക്കുന്ന എല്ലാ കാര്യങ്ങളും അവ യുടെ എല്ലാ വിശദാംശങ്ങളോടുംകൂടെ ദൈവം അറിയുന്നു'' എന്ന് ആ പ്രാചീനകാലത്ത് ഇയ്യോബിനുപോലും പറയുവാന്‍ കഴിയുമായിരുന്നു (ഇയ്യോ. 23:10 ലിവിംഗ് ബൈബിള്‍).

ഇന്നു നമുക്ക് ഒരുപടികൂടെ മുന്നോട്ടുകടന്ന് റോമര്‍ 8:28-ന്റെ അടിസ്ഥാന ത്തില്‍ ''എന്റെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളും ദൈവം മുന്നൊരു ക്കിയിട്ടുള്ളതാണ്'' എന്നു പറയുവാന്‍ കഴിയും.

നമുക്കു സംഭവിക്കുന്ന കാര്യങ്ങളുടെ എല്ലാ വിശദാംശങ്ങളും ദൈവം അറിയുന്നുണ്ടെന്നും തികഞ്ഞ ജ്ഞാനത്തോടും സ്‌നേഹത്തോടുംകൂടി അതെല്ലാം ദൈവം ആസൂത്രണം ചെയ്തിരിക്കുന്നുവെന്നും ശോധനകളില്‍ നിന്നു തക്കസമയത്തു നമ്മെ വിടുവിക്കുവാന്‍ തക്കവണ്ണം അവിടുന്നു സര്‍വശക്തനാണെന്നും യഥാര്‍ത്ഥമായും നാം വിശ്വസിക്കുന്നുണ്ടോ?

ഏതൊരു സാഹചര്യത്തിലും ഒരിക്കല്‍പ്പോലും പിറുപിറുക്കുകയോ പരാതിപ്പെടുകയോ ചെയ്യാതെ എല്ലായ്‌പ്പോഴും എല്ലാറ്റിനുംവേണ്ടിയും സ്‌തോത്രം ചെയ്യുന്നവരാണ് നാമെന്ന കാര്യം സാത്താന്റെ മുമ്പില്‍ ചൂണ്ടി ക്കാണിച്ചുകൊടുക്കുവാന്‍ ദൈവത്തിനു സാധ്യമോ?

അധ്യായം 5
അബ്രാഹാമിന്റെ പരീക്ഷ

ദൈവം അബ്രാഹാമിനെ വിളിച്ചതിനുശേഷം ഏതാണ്ട് 50 വര്‍ഷം കഴിഞ്ഞപ്പോള്‍ ''നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ അറി യുന്നു'' എന്ന വാക്കുകളിലൂടെ അവിടുന്ന് അബ്രാഹാമിന് തന്റെ അംഗീകാര സര്‍ട്ടിഫിക്കേറ്റു നല്‍കിയ ഒരു ദിവസം അദ്ദേഹത്തിന്റെ ജീവിതത്തില്‍ വന്നുചേര്‍ന്നു (ഉല്‍പ. 22:12).

ഇത് വിലകുറഞ്ഞ ഒരു ബൈബിള്‍കോളജ് ഡിഗ്രിയോ ദൈവശാസ്ത്ര ത്തിലെ ഒരു ഓണറ്റി ഡോക്ടര്‍ബിരുദമോ അല്ല. ഇന്നത്തെ സുവിശേഷ പ്രവര്‍ത്തകര്‍ കല്പിക്കാറുള്ളതുപോലെ അത്തരമൊരു വിലകുറഞ്ഞ കടലാസിന് അഞ്ചുപൈസയുടെ വിലപോലും അബ്രാഹാം കല്പിച്ചിരുന്നില്ല. എന്നാല്‍ യഥാര്‍ത്ഥമായ ഒരു നേട്ടം തന്റെ ജീവിതത്തില്‍ ദൈവം നല്‍കുന്ന അംഗീകാരസര്‍ട്ടിഫിക്കേറ്റ് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അത് അദ്ദേഹത്തിനു ലഭിക്കയും ചെയ്തു.

മോറിയാമലയില്‍വച്ചു നടന്ന ആ ബിരുദദാനച്ചടങ്ങിലേക്കുള്ള വഴി പ്രയാസം കുറഞ്ഞ ഒന്നല്ലായിരുന്നു. എന്നാല്‍ അബ്രാഹാം കടന്നുപോയ എല്ലാ ദുര്‍ഘടസാഹചര്യങ്ങളെയും സഫലമാക്കുന്ന ഒരനുഭവമായിരുന്നു ദൈവത്തില്‍നിന്നുള്ള ആ വാക്കുകള്‍.

ദൈവം തന്റെ സര്‍ട്ടിഫിക്കേറ്റുകള്‍ എളുപ്പത്തില്‍ ആര്‍ക്കും നല്‍കുന്നില്ല. 50 വര്‍ഷക്കാലം അദ്ദേഹത്തെ പരീക്ഷിച്ചശേഷം മാത്രമേ അവിടുന്നു അതു അബ്രാഹാമിനു നല്‍കിയുള്ളു.

യേശുവിന്റെ കാര്യത്തിലാകട്ടെ, നസറേത്തില്‍വച്ചുള്ള മുപ്പതു വര്‍ഷ ക്കാലത്തെ പരിശോധനയ്ക്കു ശേഷമാണ് പിതാവ് അദ്ദേഹത്തില്‍ പ്രസാദി ച്ചിരിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചതെന്ന് നാം കണ്ടു കഴിഞ്ഞു.

ഒന്നാമത്തെ പരീക്ഷ

അബ്രാഹാമിന് 75 വയസ്സായിരുന്ന കാലത്ത് കല്‍ദയരുടെ ഊരിലുള്ള തന്റെ ജന്മസ്ഥലത്തെയും ബന്ധുക്കളെയും വിട്ട് അജ്ഞാതമായ ഏതോ ഒരു സ്ഥലത്തേക്കു വിശ്വാസത്തില്‍ യാത്രതിരിക്കുവാന്‍ ദൈവം അദ്ദേഹത്തെ വിളിച്ചു. അബ്രാഹാം പാസ്സായ ആദ്യത്തെ പരീക്ഷ അതായിരുന്നു. പിതാവ്, മാതാവ്, സഹോദരീസഹോദരന്മാര്‍ തുടങ്ങിയവരെയെല്ലാം വിട്ടുപിരിഞ്ഞ് അപ്രകാരമൊരു യാത്ര പുറപ്പെടുക എന്നത് പ്രയാസം കുറഞ്ഞ ഒരു പരീക്ഷ യല്ല. എന്നാല്‍ അവരോടെല്ലാം നമ്മെ ബന്ധിക്കുന്ന പൊക്കിള്‍ക്കൊടിബന്ധം അറുത്തുകളയുന്നതുവരെയും യേശുവിന്റെ ശിഷ്യരായിത്തീരുവാന്‍ നമുക്കു സാധ്യമല്ല.

യേശു ഇപ്രകാരം അരുളിച്ചെയ്തിട്ടുണ്ട്: ''എന്റെ അടുക്കല്‍ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകയ്ക്കാതിരിക്കുകയും ചെയ്യുന്നവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴികയില്ല'' (ലൂക്കോ. 14:26).

അബ്രാഹാമാകട്ടെ, ഉടന്‍തന്നെ ദൈവത്തെ അനുസരിച്ചു.

ദൈവത്തിന്റെ ഈ വിളി അബ്രാഹാം നിരസിച്ചിരുന്നെങ്കില്‍ എന്തു സംഭവിക്കുമായിരുന്നുവെന്നു ഞാന്‍ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ദൈവം ഒരിക്കലും അദ്ദേഹത്തെ നിര്‍ബന്ധിക്കുമായിരുന്നില്ല. ദൈവം വീണ്ടും മുന്നോട്ടു കടന്ന് മറ്റേതെങ്കിലും ഒരാളെ കണ്ടെത്തുമായിരുന്നു. അങ്ങനെയെ ങ്കില്‍ അബ്രാഹാമിനെപ്പറ്റി പിന്നീടൊരിക്കലും നാം കേള്‍ക്കുമായിരുന്നില്ല. ദൈവത്തിന്റെ വിളി അനുസരിച്ച മറ്റൊരാള്‍ വിശ്വാസികളുടെ പിതാവും മശിഹായുടെ പൂര്‍വികനും ആകുമായിരുന്നു. ആ ആദ്യത്തെ പരീക്ഷയില്‍ അബ്രാഹാം പരാജയപ്പെട്ടിരുന്നുവെങ്കില്‍ അബ്രാഹാമിന് അത് എന്തൊരു മഹാനഷ്ടമാകുമായിരുന്നു! തന്റെ ബന്ധുക്കളുടെ അപേക്ഷകള്‍ക്കു പുറംകാട്ടി ക്കൊണ്ട് ഊരില്‍നിന്നും പുറപ്പെട്ടപ്പോള്‍ ദൈവം തനിക്കുവേണ്ടി എത്ര മഹത്വ കരമായ ഒരു ഭാവിയാണ് കരുതിയിരുന്നതെന്ന് അബ്രാഹാം അറിഞ്ഞിരുന്നില്ല.

അബ്രാഹാമിനെ വിളിച്ചതുപോലെ ദൈവം ഇപ്പോഴും വ്യക്തികളെ വിളിക്കുന്നു. തങ്ങള്‍ ദൈവത്തിന്റെ വിളി കേള്‍ക്കുമ്പോള്‍ എത്ര വലിയ കാര്യങ്ങളാണ് അതില്‍ ഉള്‍ക്കൊണ്ടിരിക്കുന്നതെന്ന് അതു കേള്‍ക്കുന്ന ആളുകള്‍ ചുരുക്കമായേ അറിയാറുള്ളു. അബ്രാഹാമിനെപ്പോലെ ദൈവ വിളിയെ ഉടനടി സന്തോഷപൂര്‍വം പൂര്‍ണ്ണഹൃദയത്തോടെ അനുസരിച്ചു കൊണ്ട് ദൈവത്തിന്റെ ഉദ്ദേശ്യങ്ങളെ നിറവേറ്റിയിട്ടുള്ള സ്ത്രീപുരുഷന്മാ രുടെ അദ്ഭുതകഥകള്‍കൊണ്ടു നിറഞ്ഞതാണ് ഇക്കഴിഞ്ഞ ഇരുപതുനൂറ്റാണ്ടു കളിലെ സഭാചരിത്രം.

മറ്റ് എത്രയോ ആളുകള്‍ വിളിക്കപ്പെട്ടിട്ട് ദൈവവിളി അനുസരിക്കാതെ തങ്ങളുടെ ജീവിതം നിഷ്ഫലമാക്കിയിട്ടുണ്ടെന്നുള്ളത് നിത്യതയില്‍ മാത്രമേ വെളിപ്പെടുകയുള്ളു. തന്റെ സമ്പത്തിനെ കുറേക്കൂടി ആഴത്തില്‍ മുറുകെ പ്പിടിക്കുവാനായി യേശുവിനെ വിട്ടുപോയ ധനികനായ യൂദപ്രമാണി, വിളിക്ക പ്പെട്ടശേഷം പരിശോധനാഘട്ടത്തില്‍ തെറ്റായ തിരഞ്ഞെടുപ്പു നടത്തിയവരില്‍ ഒരാള്‍ മാത്രമാണ്.

ദൈവത്താല്‍ വിളിക്കപ്പെടുന്നവര്‍ക്ക് സാധാരണഗതിയില്‍ തങ്ങളുടെ ഒന്നാമത്തേതും സര്‍വപ്രധാനവുമായ തടസ്സം മാനസാന്തരപ്പെടാത്ത ജഡികരായ ബന്ധുജനങ്ങളില്‍നിന്നുണ്ടാകുന്നതാണ്. ഈ കാരണത്താലാണ് പിതാവിനെയും മാതാവിനെയും മറ്റും വെറുക്കുക എന്നത് ശിഷ്യത്വത്തിന്റെ ഒന്നാമത്തെ വ്യവസ്ഥയായി കര്‍ത്താവ് എടുത്തുകാണിച്ചിട്ടുള്ളത്.

ഈ പരീക്ഷയില്‍ ഒറ്റയടിയ്ക്കല്ലെങ്കിലും അബ്രാഹാം വിജയം നേടി. അദ്ദേഹത്തിന്റെ പിതാവ് ഊരില്‍നിന്നുള്ള യാത്രയില്‍ അദ്ദേഹത്തോടൊപ്പം പുറപ്പെട്ടു. എന്നാല്‍ ഹാരാനില്‍ വന്നപ്പോള്‍ അവിടംകൊണ്ടു യാത്രയവസാ നിപ്പിക്കുവാന്‍ ആ പിതാവ് അദ്ദേഹത്തെ പ്രേരിപ്പിച്ചു.

''തേരഹ് തന്റെ മകനായ അബ്രാഹാമിനെയും ഹാരാന്റെ മകനായ തന്റെ പൗത്രന്‍ ലോത്തിനെയും തന്റെ മകനായ അബ്രാഹാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കല്‍ദയരുടെ പട്ടണമായ ഊരില്‍നിന്നു കനാന്‍ദേശത്തേക്കു പോകുവാന്‍ പുറപ്പെട്ടു; അവര്‍ ഹാരാന്‍വരെ വന്ന് അവിടെ പാര്‍ത്തു'' (ഉല്‍പ. 11:31).

മേലാല്‍ അബ്രാഹാമിനൊരു പ്രതിബന്ധമായിത്തീരാതെ ആ പിതാ വിനെ ദൈവം കാരുണ്യപൂര്‍വം മരണം മുഖേന നീക്കിക്കളഞ്ഞു. അനന്തരം അബ്രാഹാം കനാനിലേക്കുള്ള യാത്ര തുടര്‍ന്നു.

നമ്മെ സംബന്ധിച്ചുള്ള ദൈവഹിതത്തെ തടസ്സപ്പെടുത്തുവാന്‍ നമ്മുടെ ബന്ധുജനങ്ങളെ നാം ഒരിക്കലും അനുവദിക്കരുത്.

ഈ സംഭവത്തിനുശേഷം നാനൂറില്‍പ്പരം വര്‍ഷങ്ങള്‍ കഴിഞ്ഞ് യിസ്രായേല്‍ മക്കള്‍ സ്വര്‍ണ്ണനിര്‍മ്മിതമായ കാളക്കുട്ടിയെ ആരാധിച്ചപ്പോള്‍ ലേവിപുത്രന്മാര്‍ക്ക് ഇതുപോലെയൊരു തീരുമാനം എടുക്കേണ്ടതായിവന്നു.

മോശ പര്‍വതത്തില്‍നിന്ന് ഇറങ്ങിവന്നപ്പോള്‍ അവരുടെ വിഗ്രഹാരാധന കണ്ട് ''കര്‍ത്താവിന്റെ പക്ഷത്തുള്ളവന്‍ എന്റെ അടുക്കലേക്കു വരട്ടെ'' എന്നു വിളിച്ചുപറഞ്ഞു (പുറ. 32:26). ലേവിപുത്രന്മാര്‍ ഉടന്‍തന്നെ അദ്ദേഹത്തിന്റെ അടുത്തുചെന്നു. കൂടാരത്തില്‍ക്കടന്ന് ആ വിഗ്രഹാരാധികളെ കൊന്നൊടു ക്കുവാനും തങ്ങളുടെ സ്വന്തക്കാരെപ്പോലും അതില്‍നിന്ന് ഒഴിവാക്കാതിരിക്കു വാനും മോശ അവരോടു കല്പിച്ചു. ലേവിപുത്രന്മാര്‍ യാതൊരു മടിയും കൂടാതെ അപ്രകാരം ചെയ്തു.

അവരുടെ ആ പ്രവൃത്തിയെപ്പറ്റി മോശ പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുള്ളത് ഇപ്രകാരമാണ്: ''അവന്‍ (ലേവി) നിന്റെ (ദൈവത്തിന്റെ) കല്പനകള്‍ അനുസരിച്ചു; അനേകം പാപികളെ തന്റെ മക്കളെയും സഹോദരന്മാരെയും മാതാപിതാക്കളെയും പോലും കൊന്നൊടുക്കി. (അതിനാല്‍) ലേവ്യര്‍ യിസ്രാ യേലിന് ദൈവികന്യായപ്രമാണം ഉപദേശിച്ചുകൊടുക്കും'' (ആവര്‍. 33:9,10 ലിവിംഗ് ബൈബിള്‍).

ദൈവത്തിന്റെ പുരോഹിതന്മാരാകുവാന്‍ ആര്‍ക്കാണ് അര്‍ഹതയുള്ള തെന്നു കാണുവാനായി ദൈവം തങ്ങളെ പരീക്ഷിക്കുകയായിരുന്നുവെന്ന് യിസ്രായേല്‍ ജനം അറിഞ്ഞില്ല. ലേവ്യര്‍ അതിനുള്ള യോഗ്യത സമ്പാദിച്ചു. അതിനാല്‍ ദൈവം അവരെ പുരോഹിതന്മാരാക്കി. അതില്‍ യാതൊരു പക്ഷഭേദവും ഉണ്ടായിരുന്നില്ല. പന്ത്രണ്ടു ഗോത്രങ്ങളെയും ദൈവം ആ ഘട്ടത്തില്‍ പരീക്ഷിച്ചു. ഒരു ഗോത്രം മാത്രം ആ പരീക്ഷയില്‍ വിജയം നേടി.

രണ്ടാമത്തെ പരീക്ഷ

അബ്രാഹാം തന്റെ ബന്ധുജനങ്ങളില്‍നിന്നു സ്വാതന്ത്ര്യം നേടിയശേഷം ഭൗതികസമ്പത്തുകളുടെ കാര്യത്തില്‍ ദൈവം അദ്ദേഹത്തെ പരീക്ഷിച്ചു. ഇത് ശിഷ്യത്വത്തിനുള്ള മറ്റൊരു വ്യവസ്ഥയാണ്.

''നിങ്ങളില്‍ ആരെങ്കിലും തനിക്കുള്ളതൊക്കെയും വിട്ടുപിരിയുന്നില്ല എങ്കില്‍ അവന് എന്റെ ശിഷ്യനായിരിപ്പാന്‍ കഴിയുകയില്ല'' (ലൂക്കോ. 14:33).

പണസംബന്ധമായ കാര്യത്തില്‍ അബ്രാഹാം പരീക്ഷിക്കപ്പെട്ട രണ്ടു സന്ദര്‍ഭങ്ങളെപ്പറ്റി ഉല്‍പ. 13, 14 അധ്യായങ്ങളില്‍ നാം വായിക്കുന്നു. ഒന്നാമത്തെ സന്ദര്‍ഭം അബ്രാഹാമും ലോത്തും തമ്മില്‍പ്പിരിഞ്ഞപ്പോഴാ യിരുന്നു സംഭവിച്ചത്. അവര്‍ക്ക് ഒരുമിച്ചു പാര്‍ത്തുകൂടാതവണ്ണം ഇരുവരു ടെയും ആടുമാടുകള്‍ അത്രമാത്രം വര്‍ദ്ധിച്ചിരുന്നു. രണ്ടുപേരിലുംവച്ച് കൂടു തല്‍ പ്രായമുള്ളവനും ദൈവത്തിന്റെ വിളികേട്ടു കനാനിലേക്കു പുറപ്പെട്ടവനു മെന്ന നിലയില്‍ ദേശം തിരഞ്ഞെടുക്കുവാനുള്ള ആദ്യത്തെ അവകാശം അബ്രാഹാമിനുള്ളതായിരുന്നു. എന്നാല്‍ യഥാര്‍ത്ഥമായ നിസ്സ്വാര്‍ത്ഥത യോടും ഹൃദയവിശാലതയോടുംകൂടി ലോത്തിന് ഇഷ്ടപ്പെട്ട ദേശം ആദ്യം തിരഞ്ഞെടുത്തുകൊള്ളുവാന്‍ അബ്രാഹാം അദ്ദേഹത്തോടു പറഞ്ഞു. മാനുഷികമായിപ്പറഞ്ഞാല്‍ ഏറ്റവും നല്ല സ്ഥലം സോദോം തന്നെ ലോത്ത് തിരഞ്ഞെടുക്കുകയും ചെയ്തു.

എന്നാല്‍ നമ്മുടെ എല്ലാ സാമ്പത്തിക ഇടപാടുകളിലുമെന്നപോലെ ഈ ഇടപാടിലും ദൈവം ഒരു നിശ്ശബ്ദസാക്ഷിയായിരുന്നുവെന്ന കാര്യം അബ്രാ ഹാമാകട്ടെ, ലോത്താകട്ടെ മനസ്സിലാക്കിയില്ല. അബ്രാഹാം കാണിച്ച നിസ്സ്വാര്‍ത്ഥതയില്‍ ദൈവം അത്യന്തം സന്തുഷ്ടനായി. തന്മൂലം ഉടന്‍തന്നെ ദൈവം അദ്ദേഹത്തോട് അദ്ദേഹത്തിന്റെ സന്തതി നാലുപാടും വ്യാപിച്ചു കിടക്കുന്ന ആ ദേശം മുഴുവന്‍ അവകാശമാക്കും എന്ന് അരുളിച്ചെയ്തു. ഈ വാഗ്ദാനത്തില്‍ ലോത്ത് തിരഞ്ഞെടുത്ത ദേശവും ഉള്‍പ്പെട്ടിരുന്നു.

ലോത്ത് അബ്രാഹാമിനെ വിട്ടുപിരിഞ്ഞശേഷം യഹോവ അബ്രാഹാമി നോട് ഇപ്രകാരം അരുളിച്ചെയ്തു: ''തലപൊക്കി നീ ഇരിക്കുന്ന സ്ഥലത്തു നിന്ന് വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക. നീ കാണുന്ന ഭൂമി ഒക്കെയും ഞാന്‍ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും'' (ഉല്‍പ. 13:14,15).

ഇന്ന് ഏകദേശം 4000 വര്‍ഷങ്ങള്‍ക്കുശേഷം ദൈവം തന്റെ വാഗ്ദാനം പാലിച്ചിട്ടുള്ളതായി നാം കാണുന്നു. അബ്രാഹാമിന്റെ അനന്തരഗാമികള്‍ (യഹൂദന്മാര്‍) ദൈവം അദ്ദേഹത്തിനു കൊടുത്ത ദേശത്ത് ഇന്നു പാര്‍ക്കുന്നു. ലോത്തിന്റെ അനന്തരഗാമികള്‍ക്ക് (അറബികളില്‍ ഒരു കൂട്ടം) തങ്ങളുടെ പൂര്‍വപിതാവ് പിടിച്ചെടുത്ത ദേശം നഷ്ടപ്പെട്ടിരിക്കുന്നു. ദൈവത്തിന്റെ വഴി എന്നും ഇപ്രകാരമാണ്. സൗമ്യതയുള്ളവര്‍ ഭൂമിയെ അവകാശമാക്കും.

സാമ്പത്തിക കാര്യങ്ങളില്‍ ഒരു യഥാര്‍ത്ഥ ദൈവദാസന്‍ കാണിക്കേണ്ട അന്തസ്സോടുകൂടി വീണ്ടും അബ്രാഹാം പെരുമാറുന്നതായി ഉല്‍പ. 14ല്‍ നാം കാണുന്നു. സോദോം രാജാവിന് അദ്ദേഹത്തിന്റെ ആളുകളെയും വസ്തുവക കളെയും ശത്രുക്കളില്‍നിന്ന് അബ്രാഹാം വീണ്ടെടുത്തുകൊടുത്തു. ഇതില്‍ വസ്തുവകകള്‍ മുഴുവന്‍ സോദോം രാജാവ് അബ്രാഹാമിനു വാഗ്ദാനം ചെയ്തു. എന്നാല്‍ അബ്രാഹാം അതൊന്നും സ്വീകരിച്ചില്ല.

അബ്രാഹാം സോദോം രാജാവിനോടു പറഞ്ഞത്: ''ഞാന്‍ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാന്‍ ഞാന്‍ ഒരു ചരടാകട്ടെ, ചെരിപ്പുവാ റാകട്ടെ, നിനക്കുള്ളതില്‍ യാതൊന്നുമാകട്ടെ എടുക്കയില്ല എന്ന് ഞാന്‍ സ്വര്‍ഗ്ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്ക ലേക്കു കൈ ഉയര്‍ത്തി സത്യം ചെയ്യുന്നു'' (ഉല്‍പ. 14:22,23).

അബ്രാഹാം പറഞ്ഞതിന്റെ താല്‍പര്യം ഇതായിരുന്നു: ''എന്റെ ദൈവം സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും ഉടമസ്ഥനാകയാല്‍ നിന്റേതായ യാതൊന്നും എനിക്കാവശ്യമില്ല.''

ഈ സംഭാഷണവും ദൈവം നിശ്ശബ്ദനായി കേള്‍ക്കുന്നുണ്ടായിരുന്നു. അവിടുന്ന് ഉടന്‍തന്നെ അബ്രാഹാമിനു പ്രത്യക്ഷനായി താന്‍തന്നെ അദ്ദേഹ ത്തിനു പ്രതിഫലം നല്‍കുന്നതാണെന്ന് അരുളിച്ചെയ്തു.

അതിന്റെ ശേഷം അബ്രാഹാമിനു ദര്‍ശനത്തില്‍ യഹോവയുടെ അരുളപ്പാട് ഉണ്ടായതെന്തെന്നാല്‍ അബ്രാഹാമേ, ഭയപ്പെടേണ്ടാ, ഞാന്‍ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു'' (ഉല്‍പ. 15:1).

നാം ദൈവത്തെ ആദരിക്കുമെങ്കില്‍ അവിടുന്ന് നമ്മെയും ആദരിക്കും.

ആദാമിന്റെ എല്ലാ മക്കളും മറ്റുള്ളവരുടെ വസ്തുവകകള്‍ ബലമായി കരസ്ഥമാക്കിയില്ലെങ്കില്‍ത്തന്നെയും സൗജന്യമായി അതെടുത്തുകൊള്ളു വാന്‍ പറയുമ്പോള്‍ അതു സ്വന്തമാക്കുന്നതില്‍ വിരുതന്മാരാണ്. നമ്മുടെ സാമ്പത്തിക ഇടപാടുകളിലും സാമ്പത്തിക സംഭാഷണങ്ങളിലും ദൈവം നമ്മെ പരീക്ഷിക്കുന്നുണ്ടെന്ന് നാം മനസ്സിലാക്കുന്നില്ല. ആ സാഹചര്യങ്ങളില്‍ നാം എങ്ങനെ പെരുമാറുന്നുവെന്നതിനെ ആസ്പദമാക്കി തന്റെ രാജ്യത്തിലും ഭൂമിയിലെ തന്റെ ശേഷിപ്പായ സേനയിലും നമുക്ക് അര്‍ഹതയുള്ള സ്ഥാനം ദൈവം തീരുമാനിക്കുന്നു.

മൂന്നാമത്തെ പരീക്ഷ

ഇപ്രകാരം തന്റെ മാതാപിതാക്കളുടെ കാര്യത്തിലും ഭൗതികസമ്പത്തിന്റെ കാര്യത്തിലും അബ്രാഹാം പരീക്ഷിക്കപ്പെട്ടു. അടുത്തതായി തന്റെ മകന്റെ കാര്യത്തില്‍ അദ്ദേഹം പരീക്ഷിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു.

ദൈവത്തിന്റെ അംഗീകാരത്തിന്റെ സാക്ഷ്യപത്രം ലഭിക്കുന്നതിനു മുമ്പുള്ള അന്തിമപരീക്ഷയായിരുന്നു ഇത്.

ആ രാത്രിയില്‍ അബ്രാഹാമിനോട് അദ്ദേഹത്തിന്റെ പുത്രനായ യിസ്ഹാ ക്കിനെ ബലിയര്‍പ്പിക്കുവാന്‍ ദൈവം ആവശ്യപ്പെട്ടപ്പോള്‍ അബ്രാഹാമിന് 125 വയസ്സ് പ്രായമുണ്ടായിരുന്നു. ഇക്കാലത്ത് ഒരു ദൈവപുരുഷനെന്ന നിലയില്‍ ആളുകള്‍ക്കിടയില്‍ അബ്രാഹാം പ്രശസ്തിനേടിക്കഴിഞ്ഞിരുന്നു. ഉല്‍പ. 21:22-ല്‍ അഹീമേലേക് രാജാവും അദ്ദേഹത്തിന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോട് ''നിന്റെ സകല പ്രവൃത്തിയിലും ദൈവം നിന്നോടു കൂടെയുണ്ട്'' എന്നു പറയുന്നതാ യി നാം കാണുന്നു.

എന്നാല്‍ ആളുകള്‍ക്ക് നമ്മെക്കുറിച്ചുള്ള അഭിപ്രായത്തെ ദൈവം ലേശവും ഗൗനിക്കുന്നില്ല. താന്‍ തന്നെ അബ്രാഹാമിനെ പരീക്ഷിക്കുവാന്‍ ദൈവം ആഗ്രഹിച്ചു. തന്മൂലം ആ രാത്രിയില്‍ ശാന്തമായി ദൈവം അബ്രാഹാ മിനോടു സംസാരിച്ചു. ദൈവം അദ്ദേഹത്തോട് എന്താണു സംസാരിച്ചതെന്ന് ആരും കേട്ടതുമില്ല. ഉല്‍പ. 22:1-ല്‍ ഇപ്രകാരം പറയുന്നു: ''അതിന്റെശേഷം (അഹീമേലെക് രാജാവും മറ്റ് ആളുകളും അദ്ദേഹത്തിന് ദൈവപുരുഷനെന്ന അംഗീകാരം നല്‍കിയതിനുശേഷം) ദൈവം അബ്രാഹാമിനെ പരീക്ഷിച്ചത് എങ്ങനെയെന്നാല്‍ 'അബ്രാഹാമേ' എന്നു വിളിച്ചതിന് 'ഞാന്‍ ഇതാ' എന്ന് അവന്‍ പറഞ്ഞു.''

ആ രാത്രിയില്‍ ദൈവം അദ്ദേഹത്തോടാവശ്യപ്പെട്ടത് വളരെ പ്രയാസ മുള്ള ഒരു കാര്യമായിരുന്നു. അക്കാര്യത്തില്‍ ഒന്നും പ്രവര്‍ത്തിക്കാതെതന്നെ പിറ്റേദിവസം അബ്രാഹാമിനു വേണമെങ്കില്‍ പതിവുപോലെ മുന്നോട്ടുപോകാ മായിരുന്നു. അബ്രാഹാം ദൈവത്തോട് അനുസരണക്കേടു കാണിച്ച വിവരം ആരും അറിയുകയില്ലായിരുന്നു. അബ്രാഹാം ദൈവത്തെ ഭയപ്പെടുന്നുവോ ഇല്ലയോ എന്നു പരീക്ഷിക്കുവാന്‍ ദൈവം ആഗ്രഹിച്ചത് ഈ വിധത്തിലാ യിരുന്നു.

നമ്മെയും ദൈവം പരീക്ഷിക്കുന്നത് ഇങ്ങനെതന്നെ. ദൈവം നമ്മുടെ ഹൃദയത്തോട് രഹസ്യമായി സംസാരിക്കുന്നു. ദൈവം എന്താണു സംസാരിച്ച തെന്ന് നമ്മോടൊപ്പം ജീവിക്കുന്ന ആളുകള്‍ക്കുപോലും അറിയുവാന്‍ കഴിയാത്തവിധം അത്ര ശാന്തമായിട്ടാണ് ദൈവം സംസാരിക്കുന്നത്. ദൈവം നമുക്കോരോരുത്തര്‍ക്കും തികച്ചും രഹസ്യമായ ഒരു ജീവിതമണ്ഡലം നമ്മുടെ ചിന്താജീവിതം നല്‍കിയിട്ടുള്ളതിന്റെ ഒരു കാരണം നാം അവി ടുത്തെ ഭയപ്പെടുന്നുവോ ഇല്ലയോ എന്നു പരീക്ഷിച്ചറിയുന്നതിനുവേണ്ടി യാണ്.

നമ്മുടെ വാക്കുകള്‍ പുറപ്പെടുവിക്കുന്നവിധത്തിലുള്ള ശബ്ദം നമ്മുടെ ചിന്തകളും പുറപ്പെടുവിച്ചിരുന്നെങ്കില്‍, നാമെല്ലാം നമ്മുടെ ചിന്തകളെ വിശുദ്ധ മായി സൂക്ഷിക്കുമായിരുന്നു. കാരണം, ആരും നമ്മെക്കുറിച്ചു മോശ മായിച്ചിന്തിക്കുവാന്‍ നാം ആഗ്രഹിക്കുന്നില്ല. എന്നാല്‍ നമ്മുടെ ചിന്തകള്‍ ദൈവം മാത്രം കണ്ടറിയുമാറ് രഹസ്യമായിരിക്കുമ്പോള്‍, നാം ദൈവത്തെ ഭയപ്പെടുന്നുവോ ഇല്ലയോ എന്നു പരീക്ഷിക്കുവാന്‍ വളരെ എളുപ്പമാണ്.

നമ്മുടെ സഹവിശ്വാസികള്‍ അറിയരുതാത്തവിധം അശുദ്ധവും സ്‌നേഹ രഹിതവുമായ ചിന്തകളെ നാം ഹൃദയത്തില്‍വച്ചു പുലര്‍ത്തുന്നുവെങ്കില്‍, നാം മനുഷ്യരെ ഭയപ്പെടുന്നുവെങ്കിലും ദൈവത്തെ ഭയപ്പെടുന്നില്ല എന്ന കാര്യം വ്യക്തമാണ്. വിശ്വാസികളില്‍ ഭൂരിപക്ഷത്തിന്റെയും അവസ്ഥ ദൗര്‍ഭാഗ്യവ ശാല്‍ ഈ വിധമാണ്. ദൈവം അവരെ പരീക്ഷിച്ചു; ആ പരീക്ഷയില്‍ അവര്‍ തോല്‍വിയടയുകയും ചെയ്തു.

എന്നാല്‍ യോസേഫിനെപ്പോലെ ലൈംഗികജീവിതമണ്ഡലത്തില്‍ രഹസ്യമായി പരീക്ഷിക്കപ്പെടുമ്പോള്‍ ''ഞാന്‍ ഈ മഹാദോഷം പ്രവര്‍ത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നതെങ്ങനെ?'' എന്നു പറയുന്ന ആളുകള്‍ വളരെച്ചുരുക്കമാണ് (ഉല്‍പ. 39:9 ലിവിംഗ് ബൈബിള്‍). അപ്രകാരമുള്ള യുവാക്കന്മാര്‍ക്കാണ് ദൈവത്തിന്റെ അംഗീകാരസര്‍ട്ടിഫിക്കേറ്റു ലഭിക്കുന്നത്.

വളരെ വളരെക്കുറച്ചു വിശ്വാസികള്‍ മാത്രമേ ലൈംഗികകാര്യങ്ങള്‍ സംബന്ധിച്ചിടത്തോളം ചിന്താജീവിതത്തില്‍ വിശുദ്ധിയും പൂര്‍ണ്ണവിശ്വസ്ത തയും പാലിക്കുന്നവരായിത്തീര്‍ന്നിട്ടുള്ളു. എന്നാല്‍ പാപം ചെയ്യുന്നതിനെ ക്കാള്‍ തങ്ങളുടെ കണ്ണു ചൂഴ്‌ന്നെടുത്ത് എറിയുകയാണ് അഥവാ ചിന്തയില്‍ ദുര്‍മ്മോഹം ഉണ്ടാവുന്നതിനെക്കാള്‍ മരിക്കുന്നതാണ് ഏറെ ഉത്തമം എന്നു കരുതുന്ന ചിലയാളുകള്‍ ഇന്നും തനിക്കുള്ളവരായി ലോകത്തില്‍ ഉണ്ടെ ന്നുള്ള സത്യം സാത്താനു കാണിച്ചുകൊടുക്കുവാന്‍ ദൈവത്തിനു കഴിയു ന്നത് ഈ ചുരുക്കം പേരിലൂടെയാണ്. ജീവനിലേക്കുള്ള വഴി ഇടുക്കവും ഞെരുക്കവുമുള്ളത്; അതു കണ്ടെത്തുന്നവര്‍ ചുരുക്കമത്രേ. എന്നാല്‍ അദ്ഭുതകരമായ വസ്തുത ഇതാണ്; അപ്രകാരമുള്ള ചുരുക്കം പേര്‍ ഇന്നും ശേഷിക്കുന്നുണ്ട്.

അബ്രാഹാം പരീക്ഷയില്‍ വിജയം നേടി. മനുഷ്യരുടെ മുമ്പില്‍ ഒരു നല്ല സാക്ഷ്യം ലഭിക്കുവാനല്ല അദ്ദേഹം ആഗ്രഹിച്ചത്. രഹസ്യജീവിതത്തില്‍ പ്പോലും ദൈവത്തെ അനുസരിക്കുവാന്‍ അദ്ദേഹം കാംക്ഷിച്ചു. അതിനാല്‍ അടുത്ത പ്രഭാതത്തില്‍ത്തന്നെ യിസ്ഹാക്കിനെയും കൂട്ടിക്കൊണ്ട് അദ്ദേഹം മോറിയാ മലയിലേക്കു പോകയും അവിടെവച്ച് തന്റെ അരുമമകനെ ദൈവ ത്തിനു യാഗമര്‍പ്പിക്കുകയും ചെയ്തു. ഈ പ്രവൃത്തിയിലൂടെ ''യഹോവേ, ഈ ഭൂമിയില്‍ മറ്റാരെക്കാളും മറ്റെന്തിനെക്കാളുമധികം ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു'' എന്ന് അദ്ദേഹം ദൈവത്തോടു പറയുകയാണ് ചെയ്തത്.

അപ്പോഴാണ് ദൈവം അബ്രാഹാമിന് തന്റെ അംഗീകാരത്തിന്റെ സാക്ഷ്യ പത്രവും അളവുകൂടാതെ സമൃദ്ധിയായി അദ്ദേഹത്തെ അനുഗ്രഹിക്കുമെന്ന വാഗ്ദാനവും നല്‍കിയത്. ''നീ ഈ കാര്യം ചെയ്ത് നിന്റെ ഏകജാതനായ മകനെ തരുവാന്‍ മടിയ്ക്കായ്കകൊണ്ട് ഞാന്‍ നിന്നെ ഐശ്വര്യമായി അനു ഗ്രഹിക്കും; നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ക്കരയിലെ മണല്‍പോലെയും അത്യന്തം വര്‍ദ്ധിപ്പിക്കും. നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും. നീ എന്റെ വാക്ക് അനുസരിച്ചതു കൊണ്ട് നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്ര ഹിക്കപ്പെടും എന്ന് ഞാന്‍ എന്നെക്കൊണ്ടുതന്നെ സത്യം ചെയ്തിരിക്കുന്നു'' എന്ന് യഹോവ അരുളിച്ചെയ്തു (ഉല്‍പ. 22:1618).

സകലവും യാഗമായി അര്‍പ്പിക്കുന്ന അനുസരണംപോലെ മറ്റൊന്നും ദൈവത്തെ സന്തോഷിപ്പിക്കുന്നില്ല.

ഹൃദയവിശുദ്ധിക്ക് ശുദ്ധമായ ഒരു ചിന്താജീവിതം പുലര്‍ത്തുക എന്ന തിലും കവിഞ്ഞ ഒരര്‍ത്ഥമുണ്ട് (മത്താ. 5:8). ഒരുവന്റെ ഹൃദയത്തില്‍ ദൈവ ത്തിനല്ലാതെ മറ്റു യാതൊന്നിനും സ്ഥാനമില്ലാതിരിക്കുക എന്നതാണ് ആ അര്‍ത്ഥം. ചിലര്‍ക്ക് വിശുദ്ധവും സത്യസന്ധവുമായ ജീവിതം ഉണ്ടെങ്കിലും അവര്‍ക്കു ദൈവം നല്‍കിയിട്ടുള്ള ഏതെങ്കിലും ചില ദാനങ്ങളോടോ ശുശ്രൂഷ യോടോ വിഗ്രഹാരാധനാസദൃശമായ ഒരഭിനിവേശം കാണാന്‍ കഴിയും. തങ്ങള്‍ക്കു ദൈവം നല്‍കിയ യിസ്ഹാക്കിനെ തിരികെ ദൈവത്തിനായി ത്തന്നെ യാഗപീഠത്തിന്മേലര്‍പ്പിക്കുവാന്‍ അവര്‍ പഠിച്ചിട്ടില്ല.

ദൈവത്തോടൊപ്പം ചില ദാനങ്ങള്‍, ദൈവത്തോടൊപ്പം ചില ശുശ്രൂഷ കള്‍, ദൈവത്തോടുകൂടെ മനുഷ്യരുടെ നല്ല അഭിപ്രായം അഥവാ ദൈവത്തോ ടൊപ്പം ആരോഗ്യം ഇതൊക്കെയാണോ നാം കാംക്ഷിക്കുന്നത്? ദൈവവും ഒപ്പം യിസ്ഹാക്കും വേണമെന്നോ? അതോ ദൈവം മാത്രം മതി എന്ന മനോഭാവമാണോ നമുക്കുള്ളത്?

ഈ പരീക്ഷയില്‍ ജയിക്കാത്ത ഒരു മനുഷ്യനും ദൈവത്തിന്റെ അംഗീകാരം ലഭിക്കുവാന്‍ സാധ്യമല്ല. ''കര്‍ത്താവേ, സ്വര്‍ഗ്ഗത്തില്‍ എനിക്ക് ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ആരെയും, ഒന്നിനെയും ഞാന്‍ ആഗ്രഹിക്കുന്നില്ല'' (സങ്കീ. 73:25) എന്നു പറയുവാന്‍ സാധിക്കുന്ന ഒരു പതന ത്തില്‍ നാം എത്തുമ്പോള്‍ മാത്രമേ ദൈവം നമ്മെ തന്റെ അംഗീകാരത്തിനു യോഗ്യരായി പരിഗണിക്കുകയുള്ളു.

നാം ഓരോരുത്തരും കയറേണ്ട ഒരു മോറിയാമലയുണ്ട്. അവിടെ നാം നമുക്കു പ്രിയപ്പെട്ടതെല്ലാം ദൈവത്തിനായി യാഗപീഠത്തിന്മേല്‍ അര്‍പ്പിക്കു കയും നാമും ദൈവവും മാത്രമായി ശേഷിക്കുകയും ചെയ്യും.

നമ്മുടെ ശമ്പളത്തില്‍ ഒരു ഇന്‍ക്രിമെന്റോ ജോലിയില്‍ ഒരു പ്രൊമോ ഷനോ മറ്റെന്തെങ്കിലുമൊരു ദാനമോ ലഭിക്കുമ്പോള്‍ നമ്മുടെ സന്തോഷം വര്‍ദ്ധിക്കുകയും അതില്ലാത്തപ്പോള്‍ സന്തോഷം കുറഞ്ഞുപോകയും ചെയ്യുന്നപക്ഷം ദൈവത്തോടൊപ്പം മറ്റുചിലതു കൂടിച്ചേര്‍ന്നാണ് നമ്മെ സന്തുഷ്ടരാക്കുന്നതെന്ന കാര്യം നമുക്കു വ്യക്തമായി ഗ്രഹിപ്പാന്‍ കഴിയും. അപ്പോള്‍ നമ്മുടെ സന്തോഷത്തില്‍ ഒരു ശുദ്ധീ കരണമാവശ്യമാണ്. ദൈവ ത്തില്‍ മാത്രം സന്തോഷം കണ്ടെത്തുന്ന ഒരവസ്ഥയില്‍ നാം എത്തേണ്ടി യിരിക്കുന്നു. നമ്മുടെ സന്തോഷം ദൈവത്തില്‍ മാത്രം ഉള്ളതാണെ ങ്കില്‍ ഭൗമികമായ എന്തെങ്കിലും കൂടിച്ചേര്‍ന്നതുകൊണ്ട് ആ സന്തോഷം വര്‍ദ്ധിക്കു കയില്ല; ഭൗമികമായ എന്തെങ്കിലും ചിലതു നഷ്ടപ്പെടുമ്പോള്‍ അതു കുറയുക യുമില്ല.

''കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍'' എന്നു ഫിലി. 4:4 നമ്മോടു കല്പിക്കുന്നു.

മിക്കവിശ്വാസികള്‍ക്കും എപ്പോഴും സന്തോഷിക്കുവാന്‍ സാധിക്കാത്ത തിന്റെ കാരണം ഇതാണ്: അവരുടെ സന്തോഷം ദൈവത്തില്‍ മാത്രമുള്ളതല്ല. ദൈവവും ദൈവത്തോടൊപ്പം ചില കാര്യങ്ങളും ഇതിലാണ് അവര്‍ക്കു സന്തോഷം ലഭിക്കുന്നത്.

ദൈവത്തിനുമാത്രം നമ്മുടെ ഹൃദയത്തില്‍ സ്ഥാനം ലഭിക്കുമാറ് നമ്മുടെ ഹൃദയം വിശുദ്ധമായിത്തീരുമ്പോള്‍ നമ്മുടെ സന്തോഷവും വിശുദ്ധമായി ത്തീരും.

ദൈവം അബ്രാഹാമിനെ പടിപടിയായി സമ്പൂര്‍ണ്ണസമര്‍പ്പണമെന്ന ഈ അവസ്ഥയിലേക്കു നയിച്ചു. അബ്രാഹാം അവിടെ എത്തിയതുമൂലം ഭൂമിയിലെ സകല വംശങ്ങളെയും അദ്ദേഹത്തിലൂടെ അനുഗ്രഹിക്കുവാനും ദൈവത്തിനു കഴിഞ്ഞു. മോറിയാമലയില്‍നിന്ന് അബ്രാഹാം ഇറങ്ങിവന്നപ്പോള്‍ അദ്ദേഹ ത്തിന്റെ ജീവിതത്തില്‍നിന്ന് അനുഗ്രഹനദികള്‍ ഒഴുകുവാന്‍ ആരംഭിച്ചു.

''അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന് നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍തന്നെ'' എന്നു ഗലാ. 3:14-ല്‍ പറഞ്ഞിട്ടുള്ള ഭാഗം നോക്കുക.

ജീവജലനദികള്‍ അഥവാ പരിശുദ്ധാത്മാവെന്ന അനുഗ്രഹം ഇപ്പോള്‍ നമ്മിലോരോരുത്തരിലും കൂടെ ഒഴുകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.

എന്നാല്‍ അതിനു കൊടുക്കേണ്ട വില കൊടുക്കുവാന്‍ എത്ര പേര്‍ സന്നദ്ധരാകും?

ദൈവം തങ്ങളെ പരീക്ഷിക്കുമ്പോള്‍ ആ പരീക്ഷയില്‍ ജയം നേടി ഈ അനുഗ്രഹത്തിനുള്ള അര്‍ഹത എത്ര പേര്‍ സമ്പാദിക്കും?

അധ്യായം 6
മോശയ്ക്കു നേരിട്ട പരീക്ഷ

ദൈവത്തില്‍നിന്നും അംഗീകാരത്തിന്റെ സാക്ഷ്യപത്രം ലഭിച്ച മറ്റൊരു വ്യക്തിയാണ് മോശ. ദൈവം അദ്ദേഹത്തെപ്പറ്റി ഇപ്രകാരം സാക്ഷ്യം പറഞ്ഞു: ''എന്റെ ദാസനായ മോശയോ, അവന്‍ എന്റെ ഭവനത്തില്‍ ഒക്കെയും വിശ്വസ്തന്‍ ആകുന്നു'' (സംഖ്യാ. 12:7).

മോശയുടെ മരണത്തെപ്പറ്റി പ്രസ്താവിക്കുന്ന ഭാഗത്ത് ഇപ്രകാരം രേഖ പ്പെടുത്തിയിട്ടുണ്ട്: ''യഹോവ അഭിമുഖമായി അറിഞ്ഞ മോശയെപ്പോലെ ഒരു പ്രവാചകന്‍ യിസ്രായേലില്‍ പിന്നെ ഉണ്ടായിട്ടില്ല'' (ആവര്‍. 34:12).

മാനുഷികജ്ഞാനത്തെ സിംഹാസനഭ്രഷ്ടമാക്കുക

മോശ ഒരാത്മികനേതാവായിത്തീര്‍ന്നത് തന്റെ ജീവിതത്തിലെ ആദ്യത്തെ 40 വര്‍ഷക്കാലം ഈജിപ്റ്റിലെ കൊട്ടാരത്തിലോ സൈനിക പരിശീലനകേന്ദ്രങ്ങളിലോവച്ച് അദ്ദേഹത്തിനു ലഭിച്ച പരിശീലനം കൊണ്ടാ യിരുന്നില്ല. നേരേമറിച്ച് അദ്ദേഹം മരുഭൂമിയില്‍ ആടുകളെ മേയിച്ചുനടന്ന അടുത്ത 40 വര്‍ഷങ്ങളില്‍ തന്റെ അഹന്തയെ തകര്‍ക്കുവാനായി ദൈവം ചെയ്ത പ്രവര്‍ത്തനമാണ് അതിന്റെ പിമ്പില്‍ നാം ദര്‍ശിക്കുന്നത്.

തന്റെ എണ്‍പതാമത്തെ വയസ്സില്‍ സ്വന്തം കഴിവുകളില്‍ മോശയ്ക്കുണ്ടാ യിരുന്ന വിശ്വാസം തകര്‍ക്കപ്പെട്ടതോടെ അദ്ദേഹത്തിന് ദൈവത്തില്‍ പൂര്‍ണ്ണമായി ആശ്രയിക്കുവാനും അങ്ങനെ ദൈവജനത്തിന്റെ വിമോചകനായി ത്തീരുവാനും സാധിച്ചു.

പുറ. 39,40 എന്നീ അധ്യായങ്ങളില്‍ മരുഭൂമിയില്‍വച്ച് സമാഗമനകൂടാരം നിര്‍മ്മിക്കുന്നതിനെപ്പറ്റിയുള്ള വിവരണത്തില്‍ 'യഹോവ മോശയോടു കല്പി ച്ചതു പോലെതന്നെ' എന്ന പ്രത്യേക പദപ്രയോഗം 18 പ്രാവശ്യം ആവര്‍ത്തി ച്ചിരിക്കുന്നതായി നാം കാണുന്നു. സമാഗമനകൂടാരം പണിയുവാന്‍ യഹോവ മോശയ്ക്കു നല്‍കിയ മാതൃക ഏറ്റവും ലളിതവും മിതത്വം കലര്‍ന്നതുമായ ഒന്നായിരുന്നു. ഈജിപ്റ്റില്‍ മോശ കണ്ടിരുന്ന പിരമിഡുകളില്‍നിന്ന് എത്രയോ വ്യത്യസ്തമായിരുന്നൂ അത്. തന്റെ അഹന്തയുടെ ശക്തി പൂര്‍ണ്ണ വികസിതമായിരുന്ന നാല്‍പതാം വയസ്സിലായിരുന്നു ഈ സമാഗമന കൂടാരത്തിന്റെ മാതൃക മോശയ്ക്കു നല്‍കിയിരുന്നതെങ്കില്‍ അദ്ദേഹം അതിനെ തീര്‍ച്ചയായും ഭേദപ്പെടുത്തുകയും കൂടുതല്‍ ആകര്‍ഷകമാക്കി ത്തീര്‍ക്കയും ചെയ്യുമായിരുന്നു. എന്നാല്‍ എണ്‍പതാമത്തെ വയസ്സില്‍ തന്റെ അഹന്തസമ്പൂര്‍ണ്ണമായും മരിച്ചുകഴിഞ്ഞിരുന്നതിനാല്‍ അദ്ദേഹം യഹോവ കല്പിച്ചപ്രകാരം തന്നെ അതു നിര്‍മ്മിച്ചു. യഹോവയുടെ തേജസ്സ് കൂടാര ത്തില്‍ പ്രത്യക്ഷമായതിന്റെ കാരണവും അതായിരുന്നു.

നമ്മുടെ മാനുഷികജ്ഞാനം ക്രൂശിക്കപ്പെട്ടെങ്കില്‍ മാത്രമേ ദൈവിക ജ്ഞാനം പ്രാപിക്കുവാന്‍ നമുക്കു സാധ്യമാവുകയുള്ളു.

ദൈവവചനം ഇപ്രകാരം പറയുന്നു: ''താന്‍ ഈ ലോകത്തില്‍ ജ്ഞാനി യെന്നു നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ അവന്‍ ജ്ഞാനിയാകേ ണ്ടതിന് ഭോഷനായിത്തിരട്ടെ'' (1 കൊരി. 3:18).

ഈജിപ്റ്റിലെ ജ്ഞാനമാകുന്ന പതിര് മോശയുടെ മനസ്സില്‍നിന്നു നീക്കപ്പെട്ടപ്പോള്‍ മാത്രമേ ദൈവത്തിന് അദ്ദേഹത്തെ അംഗീകരിക്കുവാന്‍ കഴിഞ്ഞുള്ളു. അപ്പോസ്തലനായ പൗലോസ് യെരൂശലേമിലെ വൈദിക വിദ്യാലയത്തിലുണ്ടായിരുന്ന ദൈവശാസ്ത്രപ്രൊഫസറായ ഗമാലിയേലിന്റെ കാല്‍ക്കലിരുന്ന് മൂന്നു വര്‍ഷം അഭ്യസിച്ചവനായിരുന്നു. അതിനാല്‍ അദ്ദേഹ ത്തിന്റെ മാനസാന്തരത്തിനു ശേഷം ഗമാലിയേലിന്റെ ജ്ഞാനം അദ്ദേഹ ത്തിന്റെ മനോമണ്ഡലത്തില്‍നിന്നു നീക്കം ചെയ്യുവാനും തല്‍സ്ഥാനത്തു ദൈവികജ്ഞാനം ഹൃദയത്തില്‍ പ്രതിഷ്ഠിക്കുവാനുംവേണ്ടി അദ്ദേഹത്തിന് അറേബ്യന്‍ മരുഭൂമിയില്‍ മൂന്നുവര്‍ഷക്കാലം ചെലവഴിക്കേണ്ടി വന്നു. ഇതിനെപ്പറ്റി ഗലാ. 1:17,18ല്‍ പൗലോസ് ഇപ്രകാരം പ്രസ്താവിച്ചിരിക്കുന്നു: ''... യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരേ അറേബ്യയിലേക്കു പോകയും ... ചെയ്തു. മൂവാണ്ടു കഴിഞ്ഞിട്ട് ... യെരൂശലേമിലേക്കു പോയി.''

അപ്പോള്‍ മാത്രമേ പൗലോസിന് യേശുക്രിസ്തുവിന്റെ ഒരു ഭൃത്യനാകു വാന്‍ കഴിഞ്ഞുള്ളു.

കര്‍ത്താവിനെ സേവിക്കുവാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും തന്റെ മാനുഷികസാമര്‍ത്ഥ്യത്തെ അതിന്റെ സിംഹാസനത്തില്‍നിന്നു താഴെയിറ ക്കേണ്ടത് അടിസ്ഥാനപരമായ ഒരാവശ്യമാണ്. എന്നാല്‍ ഈ പാഠം പൂര്‍ണ്ണ മായി പഠിക്കുന്ന ആളുകള്‍ ചുരുക്കമത്രേ.

സമാഗമനകൂടാരം നിര്‍മ്മിച്ച സമയത്ത് ദൈവം മോശയെ പരീക്ഷിച്ചു. പര്‍വതത്തില്‍വച്ചു തനിക്കു ലഭിച്ച അതേ മാതൃകയില്‍നിന്ന് അശേഷം പോലും മാറ്റമില്ലാതെ മോശ അതു പണിയുമോ എന്നതായിരുന്നു ആ പരീക്ഷ. മോശയുടെ പ്രവൃത്തിയില്‍ ദൈവം സംതൃപ്തനായതിന്റെ പ്രത്യക്ഷലക്ഷണം സമാഗമനകൂടാരത്തില്‍ പ്രകാശിച്ച ദൈവതേജസ്സായിരുന്നു.

കര്‍ത്താവിനുവേണ്ടി നാം പ്രവര്‍ത്തിക്കയും പണിയുകയും ചെയ്യുന്ന കാര്യങ്ങളില്‍ ഇത് എപ്രകാരം യഥാര്‍ത്ഥമായിരിക്കുന്നു? തിരുവെഴുത്തുകളില്‍ ക്കാണുന്ന അതേ മാതൃകയില്‍നിന്ന് അണുവളവും മാറാതെയാണോ നാം പണിയുന്നത്? അതോ ഈ ലോകജ്ഞാനത്തിന്റെ ഒരംശം കൂടിക്കലര്‍ത്തി അതിനെ ഭേദപ്പെടുത്തിയിട്ടാണോ നമ്മുടെ പ്രവര്‍ത്തനം? അങ്ങനെയെങ്കില്‍ നമ്മുടെ ജീവിതങ്ങളില്‍ ദൈവമഹത്വം വെളിപ്പെടാത്തതിന്റെ ഒരു കാരണം തീര്‍ച്ചയായും അതുതന്നെയാണ്.

സ്വാര്‍ത്ഥമന്വേഷിക്കാതെയിരിക്കുക

വീണ്ടും മറ്റൊരു മേഖലയില്‍ ദൈവം മോശയെ പരീക്ഷിച്ചു. യിസ്രാ യേല്‍ക്കാരെ മാറ്റിനിറുത്തിക്കൊണ്ട് തന്റെ സ്വന്തതാല്‍പര്യങ്ങള്‍ സംരക്ഷി ക്കുവാനായി മോശ പ്രവര്‍ത്തിക്കുമോ എന്നു കാണ്മാനായി ദൈവം രണ്ടുവട്ടം മോശയെ പരീക്ഷിച്ചു. ഈ രണ്ടു സന്ദര്‍ഭങ്ങളിലും മോശ ശ്ലാഘ്യമായ വിജയം നേടി.

ഇവയില്‍ ആദ്യത്തേത് യിസ്രായേല്‍ജനങ്ങള്‍ സ്വര്‍ണ്ണക്കാളക്കുട്ടിയെ നിര്‍മ്മിച്ച് ദൈവത്തിനെതിരേ മത്സരിച്ച സന്ദര്‍ഭമായിരുന്നു. അപ്പോള്‍ ദൈവം മോശയോട് ''എന്റെ കോപം അവര്‍ക്കു വിരോധമായി ഞാന്‍ അവരെ ദഹിപ്പിക്കേണ്ടതിന് എന്നെ വിടുക. നിന്നെ ഞാന്‍ വലിയൊരു ജാതിയാക്കും'' എന്ന് അരുളിച്ചെയ്തു (പുറ. 32:10).

രണ്ടാമത്തെ സന്ദര്‍ഭം കനാനില്‍ പ്രവേശിപ്പാന്‍ യിസ്രായേല്‍ ജനത വിസമ്മതിച്ചപ്പോഴാണുണ്ടായത്. അപ്പോഴും ദൈവം ''ഞാന്‍ അവരെ മഹാമാരി യാല്‍ ദണ്ഡിപ്പിച്ച് സംഹരിച്ചു കളയും. നിന്നെ അവരെക്കാള്‍ വലിപ്പവും ബലവുമുള്ള ജാതിയാക്കുകയും ചെയ്യും'' എന്ന് അരുളിച്ചെയ്തു (സംഖ്യാ. 14:12).

ഈ രണ്ടവസരങ്ങളിലും താന്‍ യിസ്രായേല്‍ക്കാരെ നശിപ്പിച്ചുകളയു മെന്നും എന്നാല്‍ മോശയെയും അദ്ദേഹത്തിന്റെ അനന്തരഗാമികളെയും വലി യൊരു ജാതിയാക്കുമെന്നും ദൈവം പ്രതിജ്ഞ ചെയ്തു. ദൈവം അബ്രാ ഹാമിനും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങള്‍ക്കും നല്‍കിയിരുന്ന വാഗ്ദ ത്തങ്ങളുടെ അവകാശിയായി ത്തീരുവാനുള്ള അവസരം അങ്ങനെ മോശ യ്ക്കു ലഭിച്ചു.

മോശയെക്കാള്‍ താണനിലവാരത്തിലുള്ള ഒരു വ്യക്തി ഈ അവസരങ്ങ ളില്‍ പരാജയപ്പെട്ടുപോകുമായിരുന്നു. എന്നാല്‍ ഈ രണ്ടു സന്ദര്‍ഭങ്ങളിലും യിസ്രായേല്‍ ജനങ്ങളോടു ക്ഷമിക്കുവാന്‍ മോശ ദൈവത്തോട് അഭയയാചന നടത്തി. ഒരു സന്ദര്‍ഭത്തില്‍ യിസ്രായേല്‍ വിടുവിക്കപ്പെടുന്നപക്ഷം താന്‍ സ്വയം മരണം വരിക്കുവാനും തന്റെ നിത്യത നരകത്തില്‍ ചെലവഴിക്കുവാനും വരെ മോശ സന്നദ്ധത പ്രകടിപ്പിച്ചു.

മോശ യഹോവയുടെ അടുക്കല്‍ മടങ്ങിച്ചെന്നു പറഞ്ഞതെന്തെന്നാല്‍: ''അയ്യോ! ഈ ജനം മഹാപാതകം ചെയ്ത് പൊന്നുകൊണ്ടു തങ്ങള്‍ക്ക് ഒരു ദൈവത്തെ ഉണ്ടാക്കിയിരിക്കുന്നു. എങ്കിലും നീ അവരുടെ പാപം ക്ഷമിക്കണമേ. അല്ലെങ്കില്‍ നീ എഴുതിയ നിന്റെ പുസ്തകത്തില്‍നിന്നു എന്റെ പേര്‍ മായിച്ചുകളയണമേ'' (പുറ. 32:31,32).

വാസ്തവമാലോചിച്ചാല്‍ നമ്മുടെ രക്ഷയ്ക്കുവേണ്ടി ക്രൂശിന്മേല്‍വച്ച് തന്റെ പിതാവിനാല്‍ പരിത്യജിക്കപ്പെടുവാന്‍ സമ്മതം നല്‍കിയ യേശുവിന്റെ അതേ ആത്മാവുതന്നെയാണ് മോശയ്ക്ക് ഉണ്ടായിരുന്നത്.

മോശയുടെ ഈ നിസ്സ്വാര്‍ത്ഥത ദൈവത്തെ അത്യന്തം സന്തുഷ്ടനാക്കി. ഈ സംഭവത്തിനുശേഷം മോശയുമായി വളരെയടുത്തു സഹവസിക്കുവാനും സംസാരിപ്പാനും ദൈവം ആരംഭിച്ചു. ''ഒരുത്തന്‍ തന്റെ സ്‌നേഹിതനോടു സംസാരിക്കുന്നതുപോലെ യഹോവ മോശയോട് അഭിമുഖമായി സംസാരിച്ചു'' (പുറ. 33:11).

തന്റെ മഹത്വം ദര്‍ശിക്കുക എന്ന ദുര്‍ല്ലഭമായ പദവിപോലും യഹോവ മോശയ്ക്കു നല്‍കി.

''നിന്റെ തേജസ്സ് എനിക്കു കാണിച്ചു തരണമേ'' എന്നു മോശ പ്രാര്‍ത്ഥിച്ച പ്പോള്‍ യഹോവ ഇപ്രകാരം മറുപടി നല്‍കി: ''ഇതാ, എന്റെ അടുക്കല്‍ ഒരു സ്ഥലം ഉണ്ട്. അവിടെ ആ പാറമേല്‍ നീ നില്‍ക്കണം. എന്റെ തേജസ്സു കടന്നു പോകുമ്പോള്‍ ഞാന്‍ നിന്നെ പാറയുടെ ഒരു പിളര്‍പ്പിലാക്കി ഞാന്‍ കടന്നു പോകുവോളം എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും. പിന്നെ എന്റെ കൈ നീക്കും. നീ എന്റെ പിന്‍ഭാഗം കാണും. എന്റെ മുഖമോ കാണാവതല്ല'' (പുറ. 33:1823).

ഒരു ദൈവഭൃത്യന്റെ ഏറ്റവും വലിയ യോഗ്യത സ്വാര്‍ത്ഥമന്വേഷിക്കാതെ യിരിക്കുക എന്നതാണ്.

നമ്മുടെ സ്വന്തലാഭം അഥവാ സ്വന്തമാനം അന്വേഷിക്കുക എന്നത് നമ്മിലെല്ലാം ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഒരു സ്വഭാവമാണ്. അതില്‍നിന്നു നമ്മെ സ്വതന്ത്രരാക്കുക എന്നത് ദൈവത്തിനു പ്രയാസമായ ഒരു പ്രവൃത്തി യത്രേ. സ്വാര്‍ത്ഥമന്വേഷിക്കുന്ന നമ്മുടെ സ്വഭാവം നമുക്കു ബോധ്യം വരുത്തു വാനും നാം നമ്മെത്തന്നെ വിധിച്ച് അതില്‍നിന്നു ശുദ്ധീകരണം പ്രാപിക്കുവാ നുമായി നമ്മുടെ ജീവിതസാഹചര്യങ്ങളെ ദൈവം ഒരു പ്രത്യേകവിധത്തില്‍ ക്രമീകരിച്ചിരിക്കുന്നു. സ്വാര്‍ത്ഥാന്വേഷണത്തില്‍നിന്നു നമ്മെ വിടുവിക്കുവാന്‍ വേണ്ടി തന്റെ വചനത്തിലൂടെ ദൈവം നമ്മോടു സംസാരിക്കുന്നു. കേള്‍ക്കു വാനുള്ള കാതുകള്‍ നമുക്കുണ്ടെങ്കില്‍ തന്റെ ആത്മാവിലൂടെയും നമ്മോട് അവിടുന്ന് സംവാദിക്കുന്നു.

എന്നാല്‍ ഇതെല്ലാമായാലും വളരെക്കുറച്ചാളുകളേ ഈ പരീക്ഷയില്‍ വിജയം നേടുകയും ദൈവത്തിന്റെ അംഗീകാരസര്‍ട്ടിഫിക്കേറ്റിനുള്ള അര്‍ഹത സമ്പാദിക്കുകയും ചെയ്യുന്നുള്ളു. അത്തരക്കാരില്‍ ഒരുവനായിരുന്നു മോശ. പൗലോസും തിമോഥെയോസും മറ്റു രണ്ടു വ്യക്തികളായിരുന്നു.

ഇത്തരക്കാര്‍ അധികമില്ല. എങ്കിലും വളരെ ചുരുക്കം പേര്‍ ഉണ്ടുതാനും.

പഴയനിയമവ്യവസ്ഥയില്‍ മോശപോലും മറ്റുള്ളവര്‍ക്കുവേണ്ടി മധ്യസ്ഥ പ്രാര്‍ത്ഥനയും അഭയയാചനയും നടത്തിയിരുന്നു. അത്തരമൊരാത്മാവ് ക്രിസ്ത്യാനികളില്‍ കാണാത്തതിന്റെ മുഖ്യകാരണം വേറെയെങ്ങും തേടിപ്പോ കേണ്ടതില്ല. ഓരോ വ്യക്തിയും തന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരുതരത്തില്‍ സ്വന്തകാര്യമന്വേഷിക്കുന്ന ഒരു പ്രവ ണത വച്ചുപുലര്‍ത്തുന്നവനാണ്. രഹസ്യത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ ത്ഥിക്കുമ്പോള്‍ നമുക്ക് ഒരു മാനവും ലഭിക്കുന്നില്ല. ഈ കാരണത്താലാണ് വളരെച്ചുരുക്കംപേര്‍ മാത്രം ഇതു ചെയ്യുന്നവരായി കാണപ്പെടുന്നത്.

ഇതാണ് ദൈവം നമ്മെ പരീക്ഷിക്കുന്ന ഒരു മേഖല. സ്വന്തകാര്യമ ന്വേഷിക്കുന്ന യാതൊരു വ്യക്തിയുടെ പക്കലും തന്നെത്തന്നെ വിശ്വസിച്ചേല്‍ പിക്കുവാന്‍ ദൈവത്തിനു സാധ്യമല്ല.

വിമര്‍ശനത്തോടും എതിര്‍പ്പിനോടുമുള്ള പ്രതികരണം

മോശയില്‍ക്കാണുന്ന അത്യാകര്‍ഷകമായ മറ്റൊരു വസ്തുത മറ്റുള്ളവര്‍ തന്നെ വിമര്‍ശിക്കുകയോ എതിര്‍ക്കുകയോ ചെയ്യുമ്പോഴത്തെ അദ്ദേഹ ത്തിന്റെ പ്രതികരണമാണ്. ആളുകള്‍ തനിക്കെതിരായി മത്സരിച്ച് ''നമുക്കു മറ്റൊരു നേതാവിനെ നിയമിക്കാം'' എന്നു പറഞ്ഞപ്പോള്‍ മോശ ഒന്നും മിണ്ടാതെ കവിണ്ണുവീഴുക മാത്രമേ ചെയ്തുള്ളു.

തിരുവെഴുത്തില്‍ നാം ഇപ്രകാരം വായിക്കുന്നു: ''അപ്പോള്‍ മോശയും അഹരോനും യിസ്രായേല്‍സഭയുടെ സര്‍വസംഘത്തിന്റെയും മുമ്പാകെ കവിണ്ണുവീണു'' (സംഖ്യാ. 14:5).

തന്നെത്തന്നെ സംരക്ഷിക്കുവാനോ ന്യായീകരിക്കുവാനോ അദ്ദേഹം മുതിര്‍ന്നില്ല.

കോരഹും യിസ്രായേലിലെ ഇരുന്നൂറ്റമ്പതോളം നേതാക്കന്മാരും മോശ യുടെ നേതൃത്വത്തോടു മത്സരിച്ചപ്പോള്‍ വീണ്ടും മോശ കവിണ്ണുവീഴുന്നതായി നാം വായിക്കുന്നു (സംഖ്യാ. 16:4).

അദ്ദേഹം തനിക്കുവേണ്ടിത്തന്നെ വാദിക്കുകയോ തന്റെ സ്ഥാനം കൈ വിടാതെ മുറുകെപ്പിടിക്കുകയോ തന്റെ അധികാരത്തെ ഉറപ്പായി പ്രഖ്യാപിക്കു കയോ ഒന്നും ചെയ്തില്ല.

മോശയുടെ സ്വന്തം സഹോദരിയും സഹോദരനും അദ്ദേഹം കേള്‍ ക്കാതെ അദ്ദേഹത്തെ വിമര്‍ശിക്കുകയും അതുനിമിത്തം ദൈവം അവര്‍ക്കു ശിക്ഷവിധിക്കുവാന്‍ ആരംഭിക്കുകയും ചെയ്തപ്പോള്‍ മോശ വീണ്ടും കവിണ്ണുവീണ് അവരോടു കരുണ കാണിക്കുവാന്‍ ദൈവത്തോടു നിലവിളി ക്കുകയാണുണ്ടായത്.

''അപ്പോള്‍ മോശ യഹോവയോട്: ദൈവമേ, അവളെ സൗഖ്യമാക്കണമേ എന്നു നിലവിളിച്ചു'' (സംഖ്യാ. 12:13).

വാസ്തവമായും അദ്ദേഹം തന്റെ ജീവിതകാലത്ത് ഭൂമിയില്‍ ഏറ്റവും വിനീതനായ വ്യക്തിയായിരുന്നു. തിരുവെഴുത്തു പറയുന്നു: ''മോശ എന്ന പുരുഷനോ ഭൂതലത്തിലുള്ള സകല മനുഷ്യരിലും അതിസൗമ്യനായിരുന്നു'' (സംഖ്യാ. 12:3).

ഈ വിധത്തിലുള്ള ആളുകളുടെ പക്കല്‍ മാത്രമേ ദൈവത്തിനു തന്നെത്തന്നെ വിശ്വസിച്ചേല്‍പിക്കുവാന്‍ കഴിയുകയുള്ളു.

മറ്റുള്ളവരുടെ മേലുള്ള അധികാരം, അധീശത്വം എന്നിവയ്ക്ക് മനുഷ്യരെ ദുഷിപ്പിക്കുവാന്‍ കഴിവുണ്ട്. 'അധികാരം ദുഷിപ്പിക്കുന്നു; സമ്പൂര്‍ണ്ണമായ അധി കാരം സമ്പൂര്‍ണ്ണമായി ദുഷിപ്പിക്കുന്നു' എന്നര്‍ത്ഥം വരുന്ന ഒരു ചൊല്ലുണ്ട്. എങ്കിലും സമ്പൂര്‍ണ്ണമായ അധികാരം മോശയെ അല്പംപോലും ദുഷിപ്പിച്ചില്ല. തന്റെ കീഴിലുള്ള ജനങ്ങളുടെ മാത്സര്യത്തിലൂടെ ദൈവം അദ്ദേഹത്തെ വീണ്ടും വീണ്ടും പരീക്ഷിച്ചു. ഓരോ പ്രാവശ്യവും മോശ ആ പരീക്ഷയില്‍ വിജയിയായിത്തീര്‍ന്നു.

ഭീകരവിപത്തുകള്‍ക്കിടയാക്കുന്ന ഒരു വസ്തുതയാണ് ആത്മീയ നേതൃത്വം. എന്നാല്‍ വീണ്ടുംവീണ്ടും സ്വയം വിനയപ്പെടുത്തിക്കൊണ്ട് നിലത്തെ പൂഴിയില്‍ കവിണ്ണുവീഴുവാനും സ്വയംന്യായീകരണത്തില്‍നിന്നും സ്വമതശാഠ്യത്തില്‍നിന്നും ഒഴി ഞ്ഞുനില്‍ക്കുവാനും കഴിയുന്നവര്‍ ഭാഗ്യവാ ന്മാരാണ്.

തന്റെ ഭൃത്യന്മാരെ താന്‍ തന്നെ സംരക്ഷിച്ചുകൊള്ളുമെന്ന് ദൈവം വാഗ്ദാനം ചെയ്തിട്ടുണ്ട്. ''നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരായു ധവും ഫലിക്കയില്ല; ന്യായവിസ്താരത്തില്‍ നിനക്കു വിരോധമായി എഴു ന്നേല്‍ക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസ ന്മാരുടെ അവകാശവും എന്റെ പക്കല്‍നിന്നുള്ള അവരുടെ നീതിയും ഇതു തന്നെ ആകുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു'' (യെശ. 57:14).

അതിനാല്‍ അത്തരം കാര്യങ്ങള്‍ സ്വയം ഏറ്റെടുക്കാതെ ദൈവത്തിനു വിട്ടുകൊടുക്കുകയാണ് ഉത്തമമാര്‍ഗ്ഗം. നമ്മുടെ ഏകകര്‍ത്തവ്യം യേശു ചെയ്തതുപോലെ ന്യായമായി വിധിക്കുന്നുവങ്കല്‍ കാര്യം ഭരമേല്‍പിക്കു കയാണ്.

തന്നെ ശകാരിച്ചിട്ടു പകരം ശകാരിക്കാതെയും കഷ്ടം അനുഭവിച്ചിട്ടു ഭീഷണം പറയാതെയും ന്യായമായി വിധിക്കുന്നവങ്കല്‍ ഭരമേല്‍പിക്കുകയാണ് യേശു ചെയ്തത് (1 പത്രോ. 2:23).

യെശ. 53:7-ല്‍ യേശു മിണ്ടാതിരുന്നതായി മൂന്നുവട്ടം പ്രസ്താവിച്ചിട്ടുണ്ട്. പീഡിക്കപ്പെട്ടപ്പോഴും രോമം കത്രിക്കപ്പെട്ടപ്പോഴും കൊല്ലുവാന്‍ കൊണ്ടു പോകപ്പെട്ടപ്പോഴും അവിടുന്ന് വായ് തുറക്കാതിരുന്നു.

അത്തരം സന്ദര്‍ഭങ്ങളില്‍ വായ് തുറക്കാതിരിപ്പാന്‍ ശീലിച്ചിട്ടില്ലാത്ത ഒരുവന് ആത്മീയനേതൃത്വം ആഗ്രഹിപ്പാന്‍ അര്‍ഹതയില്ല.

നാം അഭിമുഖീകരിക്കുന്ന എതിര്‍പ്പ് നമ്മുടെ വിശ്വാസത്തെ ശോധന ചെയ്യുവാന്‍ ദൈവം ഉപയോഗിക്കുന്ന ഒരു മാര്‍ഗ്ഗമാണ്. ആ സാഹചര്യങ്ങളില്‍ അവിടുന്ന് നമ്മുടെ ചുമതലയേറ്റുകൊള്ളുമെന്ന് അവിടുത്തെ വിശ്വസിപ്പാന്‍ നമുക്കു കഴിയുമോ ഇല്ലയോ എന്നാണ് ദൈവം നമ്മെ പരിശോധിക്കുന്നത്.

ദൈവഭൃത്യന്റെ തെറ്റുകള്‍

ബൈബിളിലെ കഥാപുരുഷന്മാരുടെ ജീവിതചരിത്രങ്ങള്‍ നമുക്കു പ്രോത്സാഹനം നല്‍കുന്നവയാണ്. എന്തെന്നാല്‍ ആധുനിക ജീവചരിത്ര ങ്ങളില്‍നിന്നു വ്യത്യസ്തമായി അവരുടെ ബലഹീനവശങ്ങള്‍കൂടെ ഇവ നമുക്കു കാണിച്ചുതരുന്നുണ്ട്. ഒരിക്കലും തെറ്റുവരാത്ത ഒരു വ്യക്തി ഒട്ടനേകം തെറ്റുകളില്‍ വീഴാറുള്ള നമുക്ക് പ്രോത്സാഹനം നല്‍കുകയില്ല.

ബൈബിളിലുള്ള ദൈവഭൃത്യന്മാരുടെ തെറ്റുകള്‍ നമുക്കു ധൈര്യം നല്‍കുവാന്‍ മാത്രമല്ല, ഒരു മുന്നറിയിപ്പായിരിക്കുവാനും കൂടിയാണ് തിരുവചനത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

തന്റെ അഭിഷിക്തന്മാരായ ഭൃത്യന്മാരില്‍നിന്ന് ദൈവം പ്രതീക്ഷിക്കുന്ന നീതിയുടെ മാനദണ്ഡം മറ്റു വിശ്വാസികളില്‍നിന്നു പ്രതീക്ഷിക്കുന്നതിനെ ക്കാള്‍ വളരെ വളരെ ഉന്നതമായിട്ടുള്ളതാണ്. അധികം ലഭിച്ചവരോട് അവിടുന്ന് അധികം ആവശ്യപ്പെടുകകൂടിച്ചെയ്യും.

ഇതനുസരിച്ച് ദൈവം യിസ്രായേല്‍ ജനങ്ങള്‍ക്ക് കനാന്‍ദേശത്തേക്കു പ്രവേശനം നിഷേധിക്കുന്നതിനുമുമ്പ് പത്ത് അവസരങ്ങള്‍ നല്‍കിയതായി നാം കാണുന്നു.

അവരെപ്പറ്റി ദൈവം അരുളിച്ചെയ്തിട്ടുള്ള ഈ ഭാഗം നോക്കുക: ''എന്റെ തേജസ്സും മിസ്രയീമിലും മരുഭൂമിയിലും വച്ച് ഞാന്‍ ചെയ്ത അടയാളങ്ങളും കണ്ടിട്ടുള്ള പുരുഷന്മാര്‍ എല്ലാവരും ഇപ്പോള്‍ പത്തുപ്രാവശ്യം എന്നെ പരീക്ഷിക്കയും എന്റെ വാക്കു കൂട്ടാക്കാതിരിക്കയും ചെയ്തതുകൊണ്ട് അവരുടെ പിതാക്കന്മാരോട് ഞാന്‍ സത്യം ചെയ്തിട്ടുള്ള ദേശം അവര്‍ കാണ്‍കയില്ല'' (സംഖ്യാ. 14:22,23).

എന്നാല്‍ മോശയ്ക്ക് അവിടുന്ന് ഒറ്റയൊരവസരമേ നല്‍കിയുള്ളു. മോശ ഒരുപ്രാവശ്യം മാത്രം അവിശ്വാസവും അനുസരണക്കേടും കാട്ടിയപ്പോള്‍ (അതും ഒരു ചെറിയ കാര്യത്തില്‍ മാത്രം) ദൈവം ഉടന്‍തന്നെ അദ്ദേഹത്തിനു കനാന്‍ദേശത്തേക്കുള്ള പ്രവേശനം നിഷേധിക്കുകയാണ് ചെയ്തത്. ഈ സംഭവം നമുക്ക് ഒരു താക്കീതായി സംഖ്യാ. 20:712-ല്‍ രേഖപ്പെടുത്തിയിട്ടു ള്ളതു നോക്കുക.

''യഹോവ മോശയോട്: 'നിന്റെ വടിയെടുത്ത് നീയും സഹോദരനായ അഹരോനും സഭയെ വിളിച്ചുകൂട്ടി അവര്‍ കാണ്‍കെ പാറയോടു കല്പിക്ക. എന്നാല്‍ അതു വെള്ളം തരും; പാറയില്‍നിന്ന് അവര്‍ക്കു വെള്ളം പുറപ്പെടു വിച്ച് ജനത്തിനും അവരുടെ കന്നുകാലികള്‍ക്കും കുടിപ്പാന്‍ കൊടുക്കണം' എന്ന് അരുളിച്ചെയ്തു.'' തന്നോടു കല്പിച്ചതുപോലെ മോശ യഹോവയുടെ സന്നിധിയില്‍നിന്നു വടിയെടുത്തു. മോശയും അഹരോനും പാറയുടെ അടുക്കല്‍ സഭയെ വിളിച്ചുകൂട്ടി അവരോട്: ''മത്സരികളേ, കേള്‍പ്പിന്‍; ഈ പാറയില്‍നിന്ന് ഞങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി വെള്ളം പുറപ്പെടുവിക്കുമോ?'' എന്നു പറഞ്ഞു. മോശ കൈ ഉയര്‍ത്തി വടി കൊണ്ടു പാറയെ രണ്ടു പ്രാവശ്യം അടിച്ചു. വളരെ വെള്ളം പുറപ്പെട്ടു; ജനവും അവരുടെ കന്നുകാലികളും കുടിച്ചു. പിന്നെ യഹോവ മോശയോടും അഹരോനോടും ''നിങ്ങള്‍ യിസ്രായേല്‍മക്കള്‍ കാണ്‍കെ എന്നെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം എന്നെ വിശ്വസിക്കാതിരുന്നതുകൊണ്ട് നിങ്ങള്‍ ഈ സഭയെ ഞാന്‍ അവര്‍ക്കു കൊടുത്തിരിക്കുന്ന ദേശത്തേക്കു കൊണ്ടുപോകയില്ല'' എന്ന് അരുളിച്ചെയ്തു.

ജലം പുറപ്പെടുവിക്കാന്‍ പാറയോടു കല്പിക്ക എന്നു മാത്രമായിരുന്നു ഈ സമയത്ത് യഹോവ മോശയ്ക്കു നല്‍കിയ നിര്‍ദ്ദേശം. പുറ. 17:6-ല്‍ വായിക്കുന്നതുപോലെ നാല്‍പതു സംവത്സരം മുമ്പ് ഒരിക്കല്‍ അദ്ദേഹം പാറയെ അടിച്ചിട്ടുണ്ടായിരുന്നു. ''യഹോവ മോശയോട്: 'ഞാന്‍ ഹോരേബില്‍ നിന്റെ മുമ്പാകെ പാറമേല്‍ നില്‍ക്കും; നീ പാറയെ അടിക്കണം. ഉടനെ ജനത്തിനു കുടിപ്പാന്‍ വെള്ളം അതില്‍നിന്നു പുറപ്പെടും' എന്നു കല്പിച്ചു. യിസ്രായേല്‍ മൂപ്പന്മാര്‍ കാണ്‍കെ മോശ അങ്ങനെ ചെയ്തു.''

യേശു ഒരിക്കല്‍ മാത്രം ക്രൂശിക്കപ്പെടുന്നതിനെയാണ് ഈ ഭാഗം കുറിക്കു ന്നത്. രണ്ടാമതൊരു പ്രാവശ്യം പാറയെ അടിക്കുവാനുള്ള ഒരാവശ്യവും ഉണ്ടായിരുന്നില്ല.

എന്നാല്‍ മോശ കോപിഷ്ഠനായി പാറയെ അടിച്ചു (സംഖ്യാ. 21:10). ഇപ്രകാരം ദൈവഭൃത്യന്‍ അനുസരണക്കേടു കാണിച്ചിട്ടും പാറയില്‍നിന്നു ജലം പുറപ്പെട്ടു. ഇത് ദൈവഭൃത്യന്റെ അനുസരണക്കേടിനുള്ള അംഗീകാര ത്തെയല്ല, പിന്നെയോ ദാഹാര്‍ത്തരായിരുന്ന ജനങ്ങളോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെയാണ് വെളിപ്പെടുത്തുന്നതു്.

ദൈവകല്പനകളോട് അനുസരണക്കേടു കാണിക്കുന്ന സ്ത്രീപുരുഷ ന്മാരുടെ ശുശ്രൂഷയില്‍പ്പോലും ദൈവാനുഗ്രഹം കാണപ്പെടുന്നതിന്റെ കാരണത്തെ ഇതു വിശദീകരിക്കുന്നു.

എന്നാല്‍ പാറയില്‍നിന്നു ജലം പുറപ്പെട്ടതുകൊണ്ടുമാത്രം മോശ അപരാധവിമുക്തനായിത്തീര്‍ന്നില്ല. ദൈവം അദ്ദേഹത്തെ കര്‍ശനമായി ശിക്ഷിച്ചു. അനുസരണമില്ലാത്ത തന്റെ എല്ലാ ഭൃത്യന്മാരെയും ഒരിക്കല്‍ അവിടുന്നു ശിക്ഷിക്കും.

കനാനില്‍ പ്രവേശിക്കുന്ന ദിവസത്തെ നാല്‍പതുവര്‍ഷമായി മോശ നോക്കിപ്പാര്‍ത്തിരുന്നു. ഇപ്പോള്‍ കനാന്റെ അതിര്‍ത്തിയിലെത്തിയ ഈ സമയത്ത് അദ്ദേഹം അതിന് അയോഗ്യനായിത്തീര്‍ന്നു. ഒരാള്‍ മറ്റുള്ളവരോടു പ്രസംഗിച്ചശേഷം തന്റെ ജീവിതത്തിന്റെ അന്ത്യഘട്ടത്തിലെത്തുമ്പോള്‍ പോലും അയോഗ്യനായിത്തീരുവാന്‍ സാധ്യമാണ്. ഈ സത്യം പൗലോസ് മനസ്സിലാക്കിയിരുന്നതിനാല്‍ അദ്ദേഹം ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''മറ്റുള്ളവരോടു പ്രസംഗിച്ചശേഷം ഞാന്‍ തന്നെ കൊള്ളരുതാത്തവനായി പ്പോകാതിരിക്കേണ്ടതിന് എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുകയത്രേ ചെയ്യുന്നത്'' (1 കൊരി. 9:27).

''അവന്‍ തന്റെ വഴികളെ മോശയെയും തന്റെ പ്രവൃത്തികളെ യിസ്രായേല്‍ മക്കളെയും അറിയിച്ചു'' എന്നു തിരുവചനം പറയുന്നു (സങ്കീ. 103:7).

യിസ്രായേല്‍ജനങ്ങള്‍ ദൈവത്തിന്റെ പ്രവൃത്തികള്‍ മാത്രമേ കണ്ടിരു ന്നുള്ളു. മോശയ്ക്കാകട്ടെ, ദൈവത്തിന്റെ വഴികള്‍ ഗ്രഹിപ്പാന്‍ സാധിച്ചിരുന്നു. അതിനാല്‍ മറ്റു യിസ്രായേല്‍ ജനങ്ങളില്‍നിന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതില്‍ അധികം മോശയില്‍നിന്നു ദൈവം പ്രതീക്ഷിച്ചിരുന്നു. ദൈവഭൃത്യന്മാര്‍ക്കുള്ള പദവികള്‍ പലതാണ്; എന്നാല്‍ അവരുടെ ഉത്തരവാദിത്വമാകട്ടെ, താരതമ്യേന അധികമാണ്.

മെരീബയില്‍വച്ചു ദൈവം തന്നെ പരീക്ഷിക്കുകയാണെന്ന് മോശ അറി ഞ്ഞിരുന്നതേയില്ല. അറിഞ്ഞിരുന്നെങ്കില്‍ അദ്ദേഹം അധികം ശ്രദ്ധാലുവാ കുമായിരുന്നു. പ്രതിദിനജീവിതസാഹചര്യങ്ങളില്‍ നമ്മുടെ പ്രവൃത്തിക ളെയും ഉദ്ദേശ്യങ്ങളെയും തൂക്കിനോക്കിക്കൊണ്ട് ദൈവം നമ്മെ പരീക്ഷിക്കു ന്നുണ്ടെന്ന കാര്യം നാമും അറിയുന്നില്ല. നമ്മുടെ ശുശ്രൂഷ മുഖേന ആളുകള്‍ അനുഗ്രഹിക്കപ്പെട്ടാല്‍ തന്നെയും നമ്മുടെ വ്യക്തിപരമായ ജീവിതത്തെപ്പറ്റി ഒരുദിവസം ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പില്‍ നാം ഉത്തരം പറയേ ണ്ടിവരും.

ഇതിനു മുമ്പൊരു സന്ദര്‍ഭത്തില്‍ തന്റെ ഭൃത്യന്മാരില്‍നിന്നു ദൈവം കര്‍ശനമായി ആവശ്യപ്പെടുന്ന അനുസരണത്തെപ്പറ്റി ദൈവം മോശയ്ക്കു സൂചന നല്‍കിയിരുന്നു.

യിസ്രായേലിന്റെ വിമോചകനായിത്തീരുവാന്‍ മോശയെ വിളിച്ചതിനു ശേഷം അതിനടുത്ത സമയത്തുതന്നെ അദ്ദേഹം തന്റെ പുത്രനെ പരിച്ഛേദനം ചെയ്യാതിരുന്ന അനുസരണക്കേടിനുവേണ്ടി ദൈവം അദ്ദേഹത്തെ മരണ ത്തിന്റെ പടിവാതിലോളം എത്തിക്കുകയുണ്ടായി. അന്യജാതിക്കാരിയായ തന്റെ ഭാര്യ സിപ്പോറയുടെ ആഗ്രഹത്തെ ആദരിച്ച് അദ്ദേഹം തന്റെ മകനെ പരിച്ഛേദനം കഴിച്ചിരുന്നില്ല. എന്നാല്‍ മോശയുടെ യാതൊരു അനുസരണ ക്കേടും ദൈവം ഒരു വിധത്തിലും സഹിക്കുമാ യിരുന്നില്ല.

ഈ സംഭവം പുറ. 4:2426-ല്‍ നമുക്കൊരു മുന്നറിയിപ്പായി എഴുതപ്പെട്ടിരി ക്കുന്നു. ''എന്നാല്‍ വഴിയില്‍ സത്രത്തില്‍വച്ച് യഹോവ അവനെ (മോശയെ) എതിരിട്ടു കൊല്ലുവാന്‍ ഭാവിച്ചു. അപ്പോള്‍ സിപ്പോറാ ഒരു കല്‍ക്കത്തി എടുത്തു തന്റെ മകന്റെ അഗ്രചര്‍മ്മം ഛേദിച്ച് അവന്റെ കാല്‍ക്കല്‍ ഇട്ടു; നീ എനിക്കു രക്തമണവാളന്‍ എന്നു പറഞ്ഞു. ഇങ്ങനെ അവന്‍ (യഹോവ) അവനെ (മോശയെ) വിട്ടൊഴിഞ്ഞു.''

ആ സമയത്ത് ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ ഭൂമിയില്‍ നിറവേറ്റുന്ന കാര്യ ത്തില്‍ മോശ സര്‍വപ്രധാനവ്യക്തിയായിരുന്നിട്ടും അത് ദൈവദൃഷ്ടിയില്‍ ഒരു വ്യത്യാസവും വരുത്തിയില്ല. ദൈവകല്പനകളോടു അനുസരണക്കേടു കാട്ടുന്നയാള്‍ മോശയായിരുന്നാല്‍പോലും ദൈവം അയാളുടെ ജീവനെ സംഹരിച്ചു കളയും. ദൈവത്തിന്റെ പക്കല്‍ മുഖപക്ഷമില്ല.

യിസ്രായേല്‍ജനങ്ങളെ കനാന്‍ദേശത്തേക്കു നയിക്കുകയെന്ന പദവി ദൈവം മോശയ്ക്കു നിഷേധിച്ചുവെങ്കിലും ജീവിതകാലം മുഴുവന്‍ അദ്ദേഹം ഏറ്റവും വിശ്വസ്തനായ ഒരു ദൈവഭൃത്യനായിരുന്നതുമൂലം മത്താ. 17:2,3-ല്‍ പറഞ്ഞിട്ടുള്ളതുപോലെ 1500 വര്‍ഷങ്ങള്‍ക്കുശേഷം വാഗ്ദത്തനാട്ടില്‍ പ്രവേ ശിച്ച് മറുരൂപമലയില്‍ യേശുവിനോടൊപ്പം നില്‍ക്കുവാന്‍ അവിടുന്നു കരുണാ പൂര്‍വം അദ്ദേഹത്തെ അനുവദിച്ചു. ''യേശു അവരുടെ (പത്രോസ്, യാക്കോബ്, യോഹന്നാന്‍ എന്നിവരുടെ) മുമ്പാകെ രൂപാന്തരപ്പെട്ടു. ... മോശയും ഏലി യാവും അവനോടു സംഭാഷിക്കുന്നതായി അവര്‍ കണ്ടു.''

ദൈവം ദീര്‍ഘക്ഷമയും മഹാദയയുമുള്ളവനാണ്. ആരുടെയെങ്കിലും ത്യാഗപൂര്‍വമായ സ്‌നേഹസേവനങ്ങളെ മറന്നുകളയുവാന്‍ തക്കവണ്ണം അവിടുന്നു നീതിരഹിതനല്ല.

''ദൈവം നിങ്ങളുടെ പ്രവൃത്തിയും വിശുദ്ധന്മാരെ ശുശ്രൂഷിച്ചതിനാലും ശുശ്രൂഷിക്കുന്നതിനാലും തന്റെ നാമത്തോടു കാണിച്ച സ്‌നേഹവും മറന്നു കളവാന്‍ തക്കവണ്ണം അനീതിയുള്ളവനല്ല'' (എബ്രാ. 6:10).

എന്നാല്‍ ദൈവം കര്‍ശനക്കാരനും കൂടിയാണ്. ''ആകയാല്‍ ദൈവ ത്തിന്റെ ദയയും ഖണ്ഡിതവും (കര്‍ക്കശസ്വഭാവവും) കാണ്‍ക'' (റോമര്‍ 11:32).

ദൈവത്തിനു സ്വീകാര്യമായ ഒരു സേവനം നിര്‍വഹിക്കേണ്ടതിലേക്ക് നാം ആദരവോടും ഭയഭക്തിയോടും കൂടി ജീവിക്കേണ്ടതാണെന്ന് ദൈവ വചനം നമ്മോടു കല്പിക്കുന്നു.

''ആകയാല്‍ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ള വരായി ദൈവത്തിനു പ്രസാദം വരുമാറ് ഭക്തിയോടും ഭയത്തോടും കൂടെ സേവചെയ്ക. നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ'' (എബ്രാ. 12:23,29).

തിമോഥെയോസിനെപ്പോലെ ദൈവത്തിനു കൊള്ളാവുന്ന ഒരു വേല ക്കാരനായിത്തീരണമെങ്കില്‍ നാമും അതീവജാഗ്രതയുള്ളവരായിത്തീരേ ണ്ടതാണ് (2 തിമോ. 2:15).

അധ്യായം 7
ദാവീദിനു നേരിട്ട പരീക്ഷ

ദാവീദിനെപ്പറ്റി അദ്ദേഹം തന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനാ ണെന്നും തന്റെ ഹിതമെല്ലാം നിറവേറ്റുന്നവനാണെന്നും ദൈവം സാക്ഷ്യം പറഞ്ഞു (അപ്പോ. 13:22).

യിസ്രായേലിന്റെ രാജാവായി ദൈവം ആദ്യം തിരഞ്ഞെടുത്തത് ശൗലി നെയായിരുന്നു. എന്നാല്‍ ദൈവം അവനു നല്‍കിയ രണ്ടു പരീക്ഷകളിലും തന്റെ അക്ഷമയാലും അനുസരണക്കേടിനാലും (1 ശമൂ. 13,15) ശൗല്‍ പരാജയമടഞ്ഞു. അതിനാല്‍ ദൈവം രാജത്വം അവനില്‍നിന്നെടുത്ത് ദാവീദിനു നല്‍കുകയാണുണ്ടായത്.

എന്നാല്‍ ശമൂവേല്‍ ദാവീദിനെ രാജാവായി അഭിഷേകം ചെയ്ത സമയം മുതല്‍ അദ്ദേഹം യഥാര്‍ത്ഥത്തില്‍ സിംഹാസനാരോഹണം ചെയ്യുന്നതുവരെ സുദീര്‍ഘവും ക്ലേശനിര്‍ഭരവുമായ ഒരു കാലഘട്ടത്തില്‍ക്കൂടെ ദാവീദ് കടന്നുപോകേണ്ടിവന്നു. ഈ കാലങ്ങളിലെല്ലാം ദൈവം അദ്ദേഹത്തെ പല വിധത്തില്‍ പരീക്ഷിക്കുകയും അതിലെല്ലാം വിജയിയായ അദ്ദേഹം ദൈവ ത്തിന്റെ അംഗീകാരത്തിനു പാത്രമാവുകയും ചെയ്തു.

വീട്ടിലും ജോലിസ്ഥലത്തും വിശ്വസ്തന്‍

ദാവീദിനെ സംബന്ധിച്ച് നാം ഒന്നാമതായി കാണുന്ന വസ്തുത ഇതാണ്: അദ്ദേഹം തന്റെ ഭവനത്തിനും ജോലിസ്ഥലത്തും ഒരിടയബാലനെന്ന നില യില്‍ വിശ്വസ്തതയോടെ ജോലി ചെയ്തുകൊണ്ടിരുന്ന ഒരു സമയത്താണ് ദൈവം അദ്ദേഹത്തെ വിളിച്ചത്.

ദൈവത്തിന്റെ കല്പനയനുസരിച്ച് ശമൂവേല്‍ യിശ്ശായിയുടെ പുത്രന്മാ രില്‍ ഒരുവനെ അഭിഷേകം ചെയ്യുവാന്‍ അദ്ദേഹത്തിന്റെ ഭവനത്തില്‍ വന്ന പ്പോള്‍ ''നിന്റെ പുത്രന്മാര്‍ എല്ലാവരുമായോ എന്നു ശമൂവേല്‍ ചോദിച്ചതിന് അവന്‍: ഇനി ഉള്ളതില്‍ ഇളയവന്‍ ഉണ്ട്; അവന്‍ ആടുകളെ മേയിക്കുകയാ യിരുന്നു എന്നു പറഞ്ഞു'' (1 ശമൂ. 16:11).

ദൈവത്തിന് നമ്മുടെ ജീവിതം അംഗീകാരയോഗ്യമായിത്തീരണമെങ്കില്‍ ഭവനത്തിലും ജോലിസ്ഥലത്തും നാം വിശ്വസ്തരായിരിക്കേണ്ടത് അടി സ്ഥാനപരമായ ആവശ്യമാണ്.

യേശു ദൈവത്തിന്റെ അംഗീകാരം നേടിയ വിധത്തെപ്പറ്റി ആലോചിച്ച പ്പോള്‍ നാം ഈ കാര്യം ചിന്തിക്കുകയുണ്ടായി. എന്നാല്‍ അതു മര്‍മ്മപ്രധാ നമായ ഒരു സംഗതിയാകയാല്‍ ആവര്‍ത്തിച്ചു പറയുന്നത് പ്രയോജന കരമാണ്. യേശു ഒരിക്കല്‍പ്പോലും തൊഴില്‍രഹിതനായ ഒരുത്തനെ തന്റെ ശുശ്രൂഷയ്ക്കായി വിളിച്ചിട്ടില്ല. സുവിശേഷങ്ങളില്‍ യേശു വിളിച്ചിട്ടുള്ളവരായി പരാമര്‍ശിച്ചിട്ടുള്ള എല്ലാ അപ്പോസ്തലന്മാരും തങ്ങളുടെ ജോലിസ്ഥല ത്തുനിന്നു വിളിക്കപ്പെട്ടവരാണ്.

ഇന്ത്യയിലെ ക്രിസ്തീയവേലയുടെ കാര്യത്തില്‍ സംഭവിച്ചിട്ടുള്ള വലിയ തകരാറ് ഇതാണ്. ഇന്ന് മുഴുവന്‍സമയക്രിസ്തീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടി രിക്കുന്നവരില്‍ സിംഹഭാഗവും എപ്പോഴെങ്കിലും മതേതരമായ ഒരു ജോലി യില്‍ ഏര്‍പ്പെട്ടിട്ടുള്ളവരല്ല. ഈയൊരു വസ്തുതതന്നെ ദൈവം അവരെ എന്നെങ്കിലും തന്റെ സേവനത്തിനായി വിളിച്ചിട്ടുണ്ടോ എന്നതിനെപ്പറ്റി സംശയമുളവാക്കുന്നു. നമ്മുടെ ഭൗതികജീവിതത്തിലെ സാധാരണ ജോലി കളില്‍ നാം കാട്ടുന്ന വിശ്വസ്തതയ്ക്കു ദൈവം വലിയ പ്രാധാന്യം നല്‍കു ന്നുണ്ട്. ദൈവികസേവനത്തിനായി നമ്മെ യോഗ്യരാക്കുന്ന ഘടകം അതാണ്.

ദൈവനാമത്തെപ്പറ്റിയുള്ള തീക്ഷ്ണത

ദാവീദിനെ സംബന്ധിച്ചു നാം കാണുന്ന രണ്ടാമത്തെ വസ്തുത ദൈവ നാമത്തെ സംബന്ധിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന തീക്ഷ്ണതയാണ്. ഗോല്യാത്ത് യിസ്രായേല്‍ സൈന്യങ്ങളെ നിന്ദിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു സാഹസികകര്‍മ്മത്തിനു വേണ്ടിയുള്ള ആഗ്രഹമല്ല, നേരേ മറിച്ച് ദൈവ മഹത്വത്തെ സംബന്ധിച്ചുള്ള വ്യഗ്രതയാണ് ആ മല്ലനെ എതിര്‍ക്കുവാന്‍ ദാവീദിനെ പ്രേരിപ്പിച്ചത്.

അതിനെപ്പറ്റി നാം ഇപ്രകാരം വായിക്കുന്നു: ''ദാവീദ് തന്റെ അടുക്കല്‍ നില്‍ക്കുന്നവരോട്: 'ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലില്‍നിന്നു നിന്ദയെ നീക്കിക്കളയുന്നവന് എന്തുകൊടുക്കും? ജീവനുള്ള ദൈവത്തിന്റെ സേനകളെ നിന്ദിപ്പാന്‍ ഈ അഗ്രചര്‍മ്മിയായ ഫെലിസ്ത്യന്‍ ആര്‍?' എന്നു പറഞ്ഞു'' (1 ശമൂ. 17:26).

ഒരു യഥാര്‍ത്ഥദൈവഭൃത്യന്റെ ലക്ഷണം ഇതാണ്: ദൈവനാമത്തിന്റെ മഹത്വത്തിനുവേണ്ടിയുള്ള ഒരു വലിയ വ്യഗ്രത അവനില്‍ ഉണ്ടായിരിക്കും. 'നിന്റെ നാമം വിശുദ്ധീകരിക്കപ്പെടണമേ' എന്ന അപേക്ഷ നമ്മുടെ പ്രാര്‍ത്ഥ നയില്‍ സ്വാഭാവികമായി വരേണ്ട ഒന്നാമത്തെ ഘടകമാണ് (മത്താ. 6:9).

സ്വന്തം സുഖസൗകര്യങ്ങള്‍, സുരക്ഷിതത്വം മുതലായ മറ്റുള്ളതെല്ലാം തന്നെ രണ്ടാമതു മാത്രമേ വരുന്നുള്ളു. വിവിധസാഹചര്യങ്ങളില്‍ നമ്മെ യെല്ലാം ദൈവം ശോധന ചെയ്യുന്നത് ഈയൊരു കാര്യത്തിലാണ്. ഈ ശോധനയില്‍ അപൂര്‍വം ചിലര്‍ മാത്രം വിജയം വരിക്കുന്നു. അത്തരക്കാരില്‍ ഒരുവനായിരുന്നു ദാവീദ്.

ദൈവമഹത്വത്തിനുവേണ്ടിയുള്ള താല്‍പര്യം ദാവീദില്‍ അത്യന്തം ശക്തമായിരുന്നു. തന്മൂലം ദൈവം തന്നെയും യഥാര്‍ത്ഥമായും സഹായിക്കു മെന്നുള്ള ഒരു പ്രബലമായ വിശ്വാസം അദ്ദേഹത്തില്‍ രൂപം കൊണ്ടു. അത് അദ്ദേഹത്തിന്റെ ഹൃദയത്തില്‍നിന്നും സകല ഭയത്തെയും നീക്കിക്കളഞ്ഞു. ഈ വിശ്വാസമെന്ന ആയുധം ധരിച്ചുകൊണ്ട് അദ്ദേഹം ഫെലിസ്ത്യമല്ലനെ കൊല്ലുകയും യിസ്രായേലിന്റെ ശത്രുക്കളെ ഓടിച്ചുകളകയും ചെയ്തു.

ദാവീദിനെപ്പോലെ നാമും ദൈവനാമമഹത്വത്തെപ്പറ്റി അത്രയധികം ഭാരമുള്ളവരാണെങ്കില്‍ ദൈവത്തിലുള്ള വിശ്വാസം നമ്മുടെ ഹൃദയത്തിലുള്ള എല്ലാ ഭയങ്ങളെയും ഉച്ചാടനം ചെയ്യുന്നതായും ഗോല്യാത്തുമാര്‍ കൊല്ലപ്പെടു ന്നതായും നമുക്കു കാണുവാന്‍ കഴിയും. ദൈവമഹത്വത്തിനുവേണ്ടിയുള്ള നമ്മുടെ താല്‍പര്യം അത്യല്പമായതിനാലാണ് പലപ്പോഴും നാം വിശ്വാസ ത്തില്‍ മുന്നേറാതെ ഭീരുത്വത്തില്‍ തുടരുന്നത്.

പ്രതികാരചിന്ത വെടിയുക

ഗോല്യാത്തിനെ കൊന്നതോടെ ദാവീദിന്റെ പരീക്ഷകള്‍ അവസാനിച്ചില്ല. അവിടെ അവ ആരംഭിക്കുകയേ ചെയ്തുള്ളു. ദാവീദിന്റെ ജനപ്രീതിയെ ക്കുറിച്ചു ശൗലിനുണ്ടായ അസൂയ യിസ്രായേല്‍ ദേശത്തെല്ലാം അദ്ദേഹത്തെ വേട്ടയാടുവാന്‍ ശൗലിനെ പ്രേരിപ്പിച്ചു. ഒരു പട്ടണത്തില്‍നിന്നു മറ്റൊന്നി ലേക്കും ഒരു ഗുഹയില്‍നിന്നു വേറൊന്നിലേക്കും അദ്ദേഹം പലായനം ചെയ്തു.

ശൗല്‍ ഏകാകിയായി ദാവീദിന്റെ കൈയിലകപ്പെട്ട രണ്ടു സന്ദര്‍ഭങ്ങളില്‍ അദ്ദേഹത്തെ നിഷ്പ്രയാസം കൊന്നുകളയുവാന്‍ ദാവീദിനു കഴിയുമായി രുന്നു. അപ്രകാരം ചെയ്യുവാന്‍ ദാവീദിന്റെ സ്‌നേഹിതന്മാര്‍ അദ്ദേഹത്തെ ഉപദേശിക്കുകയും ചെയ്തു. എന്നാല്‍ ദാവീദ് അത് ചെയ്തില്ല. ദൈവത്തിന്റെ അഭിഷിക്തനായ രാജാവിനെ, അയാള്‍ ഒരു പിന്മാറ്റക്കാരനായിരുന്നിട്ടു പോലും, കൊല്ലുവാന്‍ ദാവീദ് ആഗ്രഹിച്ചില്ല. ദൈവം ആഗ്രഹിക്കുന്ന സമയത്ത് തന്നെ സിംഹാസനാരൂഢനാക്കുവാന്‍ അവിടുത്തേക്കു നിഷ്പ്ര യാസം കഴിയുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ഗോല്യാത്തിനെ കൊല്ലുന്നതില്‍ ദൈവം തന്നെ സഹായിക്കുമെന്ന് ദാവീദിനുണ്ടായിരുന്ന വിശ്വാസത്തെക്കാളും അധികം നമ്മെ ആശ്ചര്യഭരി തരാക്കുന്ന ഒന്നാണ് ദൈവത്തിന്റെ സര്‍വാധിപത്യത്തില്‍ അദ്ദേഹത്തിനുണ്ടാ യിരുന്ന ആ വിശ്വാസം.

ശൗല്‍ തന്റെ അധീനതയില്‍ വന്നുചേര്‍ന്ന രണ്ടു സന്ദര്‍ഭങ്ങളിലും ദൈവം ദാവീദിനെ പരീക്ഷിക്കുകയായിരുന്നു. ഒന്നാമത്തെ സന്ദര്‍ഭം 1 ശമൂ. 24:37-ല്‍ രേഖപ്പെടുത്തിയിരിക്കുന്നു.

''ശൗല്‍ വഴിയരികെയുള്ള ആട്ടിന്‍തൊഴുത്തിങ്കല്‍ എത്തി. അവിടെ ഒരു ഗുഹ ഉണ്ടായിരുന്നു. ശൗല്‍ കാല്‍മടക്കത്തിന് അതില്‍ കടന്നു. എന്നാല്‍ ദാവീദും അവന്റെ ആളുകളും ഗുഹയുടെ ഉള്ളില്‍ പാര്‍ത്തിരുന്നു. ദാവീദിന്റെ ആളുകള്‍ അവനോട്: ഞാന്‍ നിന്റെ ശത്രുവിനെ നിന്റെ കൈയില്‍ ഏല്‍ പിക്കും. നിനക്കു ബോധിച്ചതുപോലെ അവനോടു ചെയ്യാം എന്നു യഹോവ നിന്നോട് അരുളിച്ചെയ്ത ദിവസം ഇതാ എന്നു പറഞ്ഞു. അപ്പോള്‍ ദാവീദ് എഴുന്നേറ്റ് ശൗലിന്റെ മേലങ്കിയുടെ അറ്റം പതുക്കെ മുറിച്ചെടുത്തു. ശൗലിന്റെ വസ്ത്രാഗ്രം മുറിച്ചുകളഞ്ഞതുകൊണ്ട് പിന്നത്തേതില്‍ ദാവീദിന്റെ മനസ്സാക്ഷി കുത്തിത്തുടങ്ങി. അവന്‍ തന്റെ ആളുകളോട്: യഹോവയുടെ അഭിഷിക്തനായ എന്റെ യജമാനന്റെ നേരേ കയ്യെടുക്കുന്നതായ ഈ കാര്യം ചെയ്‌വാന്‍ യഹോവ എനിക്ക് ഇടവരുത്തരുതേ. അവന്‍ യഹോവയുടെ അഭിഷിക്തനല്ലോ എന്നു പറഞ്ഞു. ഇങ്ങനെ ദാവീദ് തന്റെ ആളുകളെ ശാസിച്ച് അമര്‍ത്തി; ശൗലിനെ ദ്രോഹിപ്പാന്‍ അവരെ അനുവദിച്ചതുമില്ല. ശൗല്‍ ഗുഹയില്‍ നിന്നെഴുന്നേറ്റ് തന്റെ വഴിക്കുപോയി.''

രണ്ടാമത്തെ സന്ദര്‍ഭം 1 ശമൂ. 26:612-ല്‍ കാണാം.

''ദാവീദും അബീശായിയും രാത്രിയില്‍ പടജ്ജനത്തിന്റെ അടുക്കല്‍ ചെന്നു; ശൗല്‍ കൈനിലയ്ക്കകത്തു കിടന്നുറങ്ങുകയായിരുന്നു; അവന്റെ കുന്തം അവന്റെ തലയ്ക്കല്‍ നിലത്തു തറച്ചിരുന്നു; അബ്‌നേരും പടജ്ജനവും അവനു ചുറ്റും കിടന്നിരുന്നു; അബീശായി ദാവീദിനോട്: ദൈവം നിന്റെ ശത്രുവിനെ ഇന്നു നിന്റെ കൈയില്‍ ഏല്‍പിച്ചിരിക്കുന്നു; ഞാന്‍ അവനെ കുന്തം കൊണ്ടു നിലത്തോടു ചേര്‍ത്ത് ഒരു കുത്തായിട്ടു കുത്തട്ടെ; രണ്ടാമതു കുത്തുകയില്ല എന്നു പറഞ്ഞു. ദാവീദ് അബീശായിയോട്: അവനെ നശിപ്പി ക്കരുത്; യഹോവയുടെ അഭിഷിക്തന്റെമേല്‍ കൈവച്ചിട്ട് ആര്‍ ശിക്ഷയനുഭ വിക്കാതെ പോകും എന്നു പറഞ്ഞു. യഹോവയാണ്, യഹോവ അവനെ സംഹരിക്കും; അല്ലെങ്കില്‍ അവന്‍ മരിപ്പാനുള്ള ദിവസം വരും; അല്ലെങ്കില്‍ അവന്‍ പടയ്ക്കുചെന്നു നശിക്കും; ഞാന്‍ യഹോവയുടെ അഭിഷിക്തന്റെമേല്‍ കൈവയ്പാന്‍ യഹോവ സംഗതി വരുത്തരുതേ; എങ്കിലും അവന്റെ തലയ്ക്കല്‍ ഉള്ള കുന്തവും ജലപാത്രവും എടുത്തുകൊള്‍ക; നമുക്കു പോകാം എന്നു ദാവീദ് പറഞ്ഞു. ആരും കണ്ടില്ല, ആരും അറിഞ്ഞില്ല, ആരും ഉണര്‍ന്നതുമില്ല; അവര്‍ എല്ലാവരും ഉറങ്ങുകയായിരുന്നു. യഹോവയാല്‍ ഗാഢനിദ്ര അവരുടെമേല്‍ വീണിരുന്നു.''

ഓരോ പ്രാവശ്യവും ദാവീദ് ആ പരീക്ഷയില്‍ വിജയിയായി. പ്രതികാരം ദൈവത്തിനുള്ളതെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തന്മൂലം അദ്ദേഹം പ്രതികാരത്തിനു മുതിര്‍ന്നില്ല. തിന്മയെ നന്മകൊണ്ടു ജയിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു.

ദൈവവചനം ഇപ്രകാരം പറയുന്നു: ''പ്രിയമുള്ളവരേ, നിങ്ങള്‍ തന്നെ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന് ഇടം കൊടുപ്പിന്‍; പ്രതികാരം എനിക്കുള്ളത്, ഞാന്‍ പകരം ചെയ്യും എന്നു കര്‍ത്താവ് അരുളിച്ചെയ്യുന്നു. എന്നാല്‍, നിന്റെ ശത്രുവിനു വിശക്കുന്നുവെങ്കില്‍ അവനു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നുവെങ്കില്‍ കുടിപ്പാന്‍ കൊടുക്ക; അങ്ങനെ ചെയ്താല്‍ നീ അവന്റെ തലമേല്‍ തീക്കനല്‍ കുന്നിക്കും എന്ന് എഴുതിയിരിക്കുന്നുവല്ലോ. തിന്മയോടു തോല്‍ക്കാതെ നന്മയാല്‍ തിന്മയെ ജയിക്കുക'' (റോമര്‍ 12:1921).

ദൈവത്തിന്റെ സര്‍വാധിപത്യത്തില്‍ വിശ്വാസം

ദൈവം ദാവീദിന് രാജത്വം അഥവാ സിംഹാസനം വാഗ്ദാനം ചെയ്തി രുന്നു; അതു ദൈവം തനിക്കു നല്‍കുന്ന സമയംവരെ കാത്തിരിക്കുവാന്‍ ദാവീദ് സന്നദ്ധനായിരുന്നു.

ദൈവം നമുക്കു നല്‍കാമെന്നു വാഗ്ദാനം ചെയ്തതിനുവേണ്ടി നാം കാത്തിരിക്കേണ്ടിവരുമ്പോള്‍ അതു നമ്മുടെ വിശ്വാസത്തിന്റെയും ദീര്‍ഘ ക്ഷമയുടെയും ഒരു പരിശോധന തന്നെയാണ്.

ഇപ്രകാരം ദൈവത്തിലാശ്രയിച്ച് കാത്തിരുന്നതുമൂലം ദാവീദിന് ഒന്നും തന്നെ നഷ്ടമായിട്ടില്ല. ദാവീദിനു മുപ്പതു വയസ്സു പൂര്‍ത്തിയാകുന്ന സമയത്ത് അദ്ദേഹം രാജാവാകണം എന്നതായിരുന്നു ദൈവത്തിന്റെ പദ്ധതി; ദൈവം പ്ലാന്‍ ചെയ്ത അതേ വിധത്തില്‍തന്നെ എല്ലാ സാഹചര്യങ്ങളും ഒത്തു വരികയും ചെയ്തു.

''ദാവീദ് വാഴ്ച തുടങ്ങിയപ്പോള്‍ അവനു മുപ്പതു വയസ്സുണ്ടായിരുന്നു'' (2 ശമൂ. 5:4).

യോസേഫിന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതി നിറവേറു ന്നതിനെ തടയുവാന്‍ അവന്റെ സഹോദരന്മാരുടെ അസൂയയ്‌ക്കോ പോത്തി ഫേറിന്റെ ഭാര്യയുടെ വ്യാജമായ കുറ്റാരോപണത്തിനോ കഴിഞ്ഞില്ല. യഥാര്‍ത്ഥത്തില്‍ ദൈവികപദ്ധതി നിറവേറുന്നതിനെ ഒരൊറ്റ ദിവസത്തേക്കു പോലും താമസിപ്പിക്കുവാന്‍ അവയ്‌ക്കൊന്നിനും സാധ്യമായില്ല.

ഈ കഥ ദാവീദ് വായിച്ചിട്ടുണ്ടായിരുന്നു. ഇപ്പോള്‍ തന്റെ സ്വന്തജീവിത ത്തില്‍ ദൈവത്തിന്റെ വിശ്വസ്തതയും ആധിപത്യവും തെളിയിക്കുവാന്‍ അദ്ദേഹം മനസാ ഉറച്ചു. യോസേഫിനുവേണ്ടി ദൈവം ചെയ്ത കാര്യം അവിടുന്നു തനിക്കുവേണ്ടിയും ചെയ്യുമെന്ന് അദ്ദേഹം മനസ്സിലാക്കുകയും ചെയ്തു.

ഇപ്രകാരം ദൈവം യോസേഫിനും ദാവീദിനും മറ്റനേകമാളുകള്‍ക്കും വേണ്ടി ചെയ്ത കാര്യം അവിടുന്നു നമുക്കുവേണ്ടിയും ചെയ്യുമെന്ന വിശ്വാസം നമുക്കുണ്ടോ എന്നതാണ് ഇപ്പോള്‍ നമ്മെ നേരിടുന്ന പ്രശ്‌നം. ഇവിടെയാണ് നമ്മുടെ വിശ്വാസം ശോധന ചെയ്യപ്പെടുന്നത്.

ഉദാഹരണമായി ദൈവം നിങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള വിവാഹപങ്കാളി യെ നിങ്ങള്‍ പിടിച്ചെടുക്കുകയോ ജഡികരീതിയില്‍ സ്വായത്തമാക്കുകയോ ചെയ്യാതെതന്നെ ആ വ്യക്തിയെ നിങ്ങള്‍ക്കു ലഭിക്കുമെന്ന് നിങ്ങള്‍ വിശ്വസി ക്കുന്നുണ്ടോ? അതുപോലെതന്നെ നിങ്ങള്‍ക്കായി ദൈവം നിശ്ചയിച്ചിട്ടുള്ള ജോലി, വീട് എന്നുവേണ്ടാ, ജീവിതത്തില്‍ നിങ്ങള്‍ക്കാവശ്യമുള്ള എല്ലാ കാര്യങ്ങളിലും ആ വിശ്വാസം നിങ്ങളെ ഭരിക്കുന്നുണ്ടോ? ഇത്തരം ആവശ്യ ങ്ങള്‍ നമ്മെ അഭിമുഖീകരിക്കുമ്പോളാണ് നമ്മുടെ വിശ്വാസം ശോധന ചെയ്യപ്പെടുന്നത്.

''യഹോവയ്ക്കായി കാത്തിരിക്കുന്നവര്‍ ലജ്ജിച്ചുപോകയില്ല'' (യെശ. 49:23).

''തനിക്കായി കാത്തിരിക്കുന്നവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നമ്മുടെ ദൈവത്തെപ്പോലെ ഒരു ദൈവത്തെ ലോകാരംഭംമുതല്‍ ആരും കണ്ടിട്ടില്ല, കേട്ടിട്ടുമില്ല'' (യെശ. 64:4 ലിവിംഗ് ബൈബിള്‍).

വിശ്വാസവീരന്മാരായ വ്യക്തികള്‍ക്ക് എപ്പോഴും സര്‍വോത്തമമായത് അവര്‍ സ്വയം പിടിച്ചെടുക്കാതെതന്നെ ലഭിക്കും.

തന്റെ ജന്മാവകാശമായ അനുഗ്രഹം ലഭിക്കുവാന്‍വേണ്ടി സ്വപിതാവിനെ വഞ്ചിച്ച യാക്കോബിന്റെ കാര്യം ഇതില്‍നിന്നും എത്ര വ്യത്യസ്തം! യാക്കോബ് തന്റെ കാര്യം ദൈവത്തില്‍ ഭരമേല്‍പിച്ച് വിശ്വാസത്തോടെ കാത്തിരുന്നെങ്കില്‍ വ്യാജം പറയാതെതന്നെ തന്റെ ജന്മാവകാശം അവനു ലഭിക്കുമായിരുന്നു (ഉല്‍പ. 27). എന്നാല്‍ യാക്കോബ് തെറ്റായ രീതിയില്‍ അതു കരസ്ഥമാക്കുകമൂലം അടുത്ത ഇരുപതുവര്‍ഷക്കാലം സ്വഭവനത്തില്‍ നിന്നകന്ന് അവന്‍ കഷ്ടത സഹിക്കേണ്ടി വന്നു.

ഈ പാഠം നമ്മെ പഠിപ്പിക്കുവാനും എപ്പോഴെങ്കിലും അവിശ്വാസത്തോടെ പ്രവര്‍ത്തിക്കുവാന്‍ ഇടയാകാതെ നമുക്കു താക്കീതു നല്‍കുവാനും വേണ്ട ിയാണ് ഈ സംഭവങ്ങളെല്ലാം തിരുവെഴുത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

നമ്മുടെ ജോലിസ്ഥലത്തെ ഒരു വിഷമസാഹചര്യത്തില്‍നിന്നു രക്ഷപ്പെടു വാന്‍വേണ്ടി ഒരു കള്ളം പറയുവാന്‍ നാം പരീക്ഷിക്കപ്പെടുമ്പോള്‍ നമുക്ക് ആ പരീക്ഷയെ നിരാകരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുകയും അവിടുന്നു നമുക്കായി കരുതിക്കൊള്ളുമെന്നു വിശ്വസിക്കുകയും ചെയ്യാം. ദൈവത്തെ മാനിച്ചുകൊണ്ട് സത്യം സംസാരിക്കുന്നതിലൂടെ നിങ്ങള്‍ ഒരിക്കലും നഷ്ടം സഹിക്കേണ്ടി വരികയില്ല. എന്തായാലും ഒരു വ്യാജത്തെക്കാള്‍ ശക്തി ദൈവത്തിനുതന്നെയാണുള്ളത്. ഒരു വ്യാജത്തിനു നിങ്ങളെ രക്ഷിപ്പാന്‍ കഴിയുമെങ്കില്‍ ദൈവത്തിന് എത്രയധികം!

''കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നല്ല (അതായത് യാദൃച്ഛികമായിട്ടല്ല) ഉയര്‍ച്ച വരുന്നത്; പിന്നെയോ ഒരുവനെ താഴ്ത്തുകയും മറ്റൊരുവനെ ഉയര്‍ത്തുകയും ചെയ്യുന്ന ദൈവത്താലത്രേ'' (സങ്കീ. 75:6,7 അാുഹശളശലറ ആശയഹല).

അവിടുത്തേക്കു മാത്രമേ അജ്ഞാതനായ ഒരു യോസേഫിനെയോ ദാവീദിനെയോ ശോധന ചെയ്ത് വിശ്വസ്തനെന്നു കണ്ടശേഷം ഒരു സുപ്രധാനശുശ്രൂഷയിലേക്ക് ഉയര്‍ത്തുവാന്‍ കഴിയുകയുള്ളു.

ശോധനകളിലൂടെ സമൃദ്ധിയിലേക്ക്

തന്റെ ഭൂതകാലാനുഭവങ്ങളെ സ്മരിച്ചുകൊണ്ട് ദാവീദ് പില്‍ക്കാലത്ത് ഇപ്രകാരം പറഞ്ഞിട്ടുണ്ട്: ''ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുംപോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു. നീ ഞങ്ങളെ വലയില്‍ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു. നീ മനുഷ്യരെ ഞങ്ങളുടെ തലമേല്‍ കയറി ഓടിക്കുമാറാക്കി; ഞങ്ങള്‍ തീയിലും വെള്ളത്തിലുംകൂടി കടക്കേണ്ടി വന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്ക് കൊണ്ടുവന്നിരിക്കുന്നു'' (സങ്കീ. 66:1012).

ഇങ്ങനെയാണ് ദാവീദിന്റെ പാനപാത്രം നിറഞ്ഞുകവിയാന്‍ തുടങ്ങിയത് (സങ്കീ. 23:5-ല്‍ നിറഞ്ഞുകവിയുക എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന അതേ പദം തന്നെയാണ് സങ്കീ. 66:12-ല്‍ സമൃദ്ധിയെന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്നത്).

ദൈവത്തിന്റെ അന്തിമലക്ഷ്യം നമ്മെ മഹത്വകരമായ ഒരു സ്വാതന്ത്ര്യ ത്തിലേക്കു കൊണ്ടുവരിക എന്നതാണ്. ആ സ്വാതന്ത്ര്യാനുഭവത്തില്‍ നമ്മില്‍നിന്നും ജീവജലനദികള്‍ നിരന്തരമായി പ്രവഹിക്കുന്നു. എന്നാല്‍ ആദ്യം തന്നെ നമ്മെ ശോധന ചെയ്യാതെ ആ അനുഭവത്തിലേക്കു നമ്മെ നയിക്കുവാന്‍ ദൈവത്തിനു സാധ്യമല്ല.

അവിടുന്ന് തീയിലും വെള്ളത്തിലുംകൂടി നമ്മെ നയിക്കും. ആളുകള്‍ നമ്മെ ദുഷിക്കുവാനും നമ്മെക്കൊണ്ടു മുതലെടുക്കുവാനും അവിടുന്ന് അനുവദിക്കും. നമ്മുടെ സഞ്ചാരവും ശുശ്രൂഷയും തടയപ്പെടുമാറ് അവിടുന്ന് നമ്മെ വലയില്‍ അകപ്പെടുത്തും. ഈ എല്ലാ സാഹചര്യങ്ങളിലും നമ്മുടെ പ്രതികരണങ്ങള്‍ ദൈവം നിരീക്ഷിക്കും. നമ്മുടെ ജീവിതത്തിനുവേണ്ടി താന്‍ ക്രമീകരിച്ചിട്ടുള്ളതെല്ലാം സന്തോഷപൂര്‍വം സ്വീകരിച്ചുകൊണ്ട് നാം നമ്മെത്തന്നെ താഴ്ത്തുന്നപക്ഷം നിറഞ്ഞുകവിയുന്ന ഒരു സമൃദ്ധിയിലേക്ക് അവസാനമായി അവിടുന്നു നമ്മെ കൊണ്ടുവരും.

സത്യസന്ധതയോടെ പാപം ഏറ്റുപറയുക

ദാവീദിന്റെ സ്വഭാവത്തില്‍ അന്തിമമായി നമുക്കു കാണാന്‍ കഴിയുന്ന ഒരു സവിശേഷത രാജാവായിത്തീര്‍ന്നശേഷവും തന്നെത്തന്നെ വിധിക്കു വാനുള്ള അദ്ദേഹത്തിന്റെ സന്നദ്ധതയാണ്. ബേത്‌ശേബയുടെ കാര്യത്തില്‍ പാപത്തില്‍ വീണ സമയത്ത് ഉടന്‍തന്നേ തന്റെ പാപത്തിന്റെ ഗൗരവം അദ്ദേഹം മനസ്സിലാക്കിയില്ല. എന്നാല്‍ പിന്നീടു നാഥാന്‍പ്രവാചകന്‍ വന്ന് അദ്ദേഹത്തിന്റെ പാപം വെളിപ്പെടുത്തിയപ്പോള്‍ ദാവീദ് വിനയപൂര്‍വം തന്റെ പാപം ഏറ്റുപറയുന്നതായി നാം കാണുന്നു.

''ഞാന്‍ യഹോവയോടു പാപം ചെയ്തിരിക്കുന്നു'' എന്നു ദാവീദ് നാഥനോട് ഏറ്റുപറഞ്ഞു (2 ശമൂ. 12:13).

വ്യഭിചാരക്കുറ്റത്തില്‍ വീണുപോയ ദാവീദുമായി നാം നമ്മെത്തന്നെ താരതമ്യപ്പെടുത്തുന്നത് ശരിയായിരിക്കയില്ല. കാരണം, അദ്ദേഹം പഴയനിയമ വ്യവസ്ഥയിലാണ്, കൃപയുടെ കീഴിലല്ല ജീവിച്ചിരുന്നത്. ദൈവം ഇന്നു നമ്മില്‍നിന്നു പ്രതീക്ഷിക്കുന്ന നിലവാരം മത്താ. 5:28,29-ല്‍ വിവരിച്ചിട്ടു ള്ളതാണ്. ''ഞാനോ നിങ്ങളോടു പറയുന്നത്: സ്ത്രീയെ മോഹിക്കേണ്ടതിന് അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ട് അവളോടു വ്യഭിചാരം ചെയ്തുപോയി. എന്നാല്‍ വലങ്കണ്ണു നിനക്ക് ഇടര്‍ച്ച വരുത്തുന്നുവെങ്കില്‍ അതിനെ ചൂഴ്‌ന്നെടുത്ത് എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരക ത്തില്‍ വീഴുന്നതിനെക്കാള്‍ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.'' എന്നാല്‍ പാപബോധമുണ്ടാകുമ്പോള്‍ എന്തു പ്രതികരണ മാണാവശ്യം എന്ന കാര്യത്തില്‍ നമുക്ക് ദാവീദില്‍നിന്നും പ്രയോജനകരമായ ഒരു പാഠം പഠിക്കുവാന്‍ സാധിക്കും.

മാനുഷികദൃഷ്ടിയില്‍ നിസ്സാരമായിരുന്ന ഒരു കുറ്റത്തിനു ശിക്ഷയായി എന്തുകൊണ്ടാണ് ദൈവം ശൗലിന്റെ രാജത്വം എടുത്തുമാറ്റിക്കളഞ്ഞത്? ദാവീദിന്റെ കുറ്റം വ്യഭിചാരവും തുടര്‍ന്നുള്ള കൊലപാതകവും താരതമ്യേന വളരെ വലുതായിരിക്കെ എങ്ങനെയാണ് രാജസ്ഥാനത്തു തുടരുവാന്‍ ദൈവം അദ്ദേഹത്തെ അനുവദിച്ചത്? ഈ ചോദ്യത്തിന്റെ ഉത്തരം, ഈ രണ്ടു വ്യക്തികളും താന്താങ്ങളുടെ പാപത്തിനു നേരേ അവലംബിച്ച മനോഭാവ ത്തിലാണ് കിടക്കുന്നത്. ശൗല്‍ രഹസ്യത്തില്‍ തന്റെ പാപം ശമൂവേലിനോട് ഏറ്റുപറഞ്ഞു; എങ്കിലും മനുഷ്യരുടെ മാനം ലഭിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു.

അപ്പോള്‍ ശൗല്‍ (ശമൂവേലിനോട്) : ''ഞാന്‍ പാപം ചെയ്തിരിക്കുന്നു; എങ്കിലും ജനത്തിന്റെ മൂപ്പന്മാരുടെയും യിസ്രായേലിന്റെയും മുമ്പാകെ ഇപ്പോള്‍ എന്നെ മാനിച്ച് .... എന്നോടുകൂടെ പോരേണമേ'' എന്ന് അപേക്ഷിച്ചു (1 ശമൂ. 15:30).

അദ്ദേഹം പാപം ചെയ്തിട്ടും മനുഷ്യരുടെ മാനം ആഗ്രഹിച്ചു. ദാവീദാ കട്ടെ, തന്റെ പാപത്തെ മറച്ചുവയ്ക്കുവാനാഗ്രഹിച്ചില്ല. 51-ാം സങ്കീര്‍ത്തനം എഴുതിക്കൊണ്ട് തന്റെ പാപത്തെ പരസ്യമായി ഏറ്റുപറയുകയാണ് അദ്ദേഹം ചെയ്തത്.

ഈ രണ്ടാളുകളില്‍നിന്നു നാം പഠിക്കുന്ന പാഠം ഇതാണ്: മനുഷ്യരുടെ മാനമന്വേഷിക്കുന്നവര്‍ക്ക് യഥാര്‍ത്ഥമായ ഹൃദയത്തകര്‍ച്ചയോടും പശ്ചാത്താ പത്തോടുംകൂടി ദൈവത്തിങ്കലേക്ക് അടുത്തുചെല്ലുവാന്‍, വ്യഭിചാരവും കൊലപാതകവും ചെയ്തിട്ടുള്ളവരെക്കാള്‍ അധികം പ്രയാസം അനുഭവ പ്പെടും. യേശു ക്രൂശിലെ കള്ളനോടും വ്യഭിചാരത്തില്‍ പിടിക്കപ്പെട്ട സ്ത്രീ യോടും അവരുടെ കുറ്റങ്ങള്‍ ക്ഷമിച്ചു. എന്നാല്‍ മനുഷ്യരുടെ മാനം തുടര്‍ന്നും അന്വേഷിച്ചുകൊണ്ടിരുന്ന പരീശന്മാര്‍ക്ക് മാനസാന്തരപ്പെടുക അധികം പ്രയാസമായിരുന്നു. അതിനാല്‍ കര്‍ത്താവിന് അവരോടു ക്ഷമി പ്പാനും കഴിഞ്ഞില്ല.

മനുഷ്യരുടെ മാനം അന്വേഷിക്കുക എന്നത് ഒരുതരം വിഗ്രഹാരാധന യാണ്. ഈയൊരു രംഗത്താണ് നമ്മില്‍ ഓരോരുത്തരെയും ദൈവം ഏറ്റവുമധികം പരീക്ഷിക്കുന്നത്.

ദാവീദിനെപ്പോലെ ഇതില്‍ വിജയിപ്പാന്‍ കഴിയുന്നവര്‍ അനുഗൃഹീത രാണ്.

നമ്മുടെ കഴിഞ്ഞകാലപാപങ്ങള്‍, നാമവയെ വിനയപൂര്‍വം ഏറ്റുപറയുന്ന പക്ഷം, ദൈവോദ്ദേശ്യം നിറവേറ്റുന്നതില്‍ നമുക്കു പ്രതിബന്ധമാകേണ്ട കാര്യമില്ല. എന്തെന്നാല്‍ ദൈവം താഴ്മയുള്ളവര്‍ക്കു കൃപ നല്‍കുന്നവനത്രേ.

അധ്യായം 8
എലീശയുടെയും ഗേഹസിയുടെയും പരീക്ഷകള്‍

യിസ്രായേലിന്റെ ചരിത്രത്തിലെ ദുര്‍ഘടപൂര്‍ണ്ണമായ ഒരു കാലഘട്ട ത്തില്‍ ആ ജനതയുടെ മുമ്പില്‍ തന്റെ ഒരു സാക്ഷിയായി പ്രവര്‍ത്തിക്കുവാന്‍ ദൈവം ഏലിയാപ്രവാചകനെ എഴുന്നേല്‍പിച്ചു. ഏലിയാവിന് എലീശാ എന്നു പേരുള്ള ഒരു ഭൃത്യനുണ്ടായിരുന്നു. അദ്ദേഹത്തെ യിസ്രായേലിന്റെ അടുത്ത പ്രവാചകനായി ദൈവം തിരഞ്ഞെടുത്തു.

എലീശയ്ക്ക് ഗേഹസി എന്ന പേരില്‍ ഒരു ഭൃത്യനുണ്ടായിരുന്നു.

എലീശാ, ഗേഹസി എന്നിവരെ തമ്മില്‍ താരതമ്യപ്പെടുത്തുന്നപക്ഷം അത് പ്രയോജനകരമായ ഒരു പഠനമായിരിക്കും.

എലീശയുടെ വിശ്വസ്തത

ഏലിയാവിനുണ്ടായിരുന്നതിന്റെ ഇരട്ടിപ്പങ്ക് ആത്മാവോടുകൂടി ദൈവം എലീശയെ അഭിഷേകം ചെയ്തു. എലീശയുടെ ജീവിതത്തിന്റെമേല്‍ ഉണ്ടായിരുന്ന ദൈവീകാംഗീകാരത്തിന്റെ മുദ്രയായിരുന്നു ഇത്. എന്നാല്‍ ഇപ്ര കാരം അദ്ദേഹത്തെ അഭിഷേകം ചെയ്യുന്നതിനുമുമ്പ് ദൈവം അദ്ദേഹത്തെ പരീക്ഷിക്കുകയുണ്ടായി.

എല്ലാ യഥാര്‍ത്ഥ ദൈവഭൃത്യന്മാരെയുംപോലെ എലീശയും തന്റെ ഭൗമികമായ ജോലികള്‍ വിശ്വസ്തതയോടുകൂടി ചെയ്തുപോന്ന സമയ ത്താണ് ശുശ്രൂഷയ്ക്കായി വിളിക്കപ്പെട്ടത്.

''അങ്ങനെ അവന്‍ (ഏലിയാവ്) അവിടെനിന്നു പുറപ്പെട്ടു സാഫാത്തിന്റെ മകനായ എലീശയെ കണ്ടെത്തി; അവന്‍ പന്ത്രണ്ട് ഏര്‍കാള പൂട്ടി ഉഴുവിച്ചു കൊണ്ടിരുന്നു; പന്ത്രണ്ടാമത്തേതിനോടുകൂടി താന്‍തന്നെ ആയിരുന്നു; ഏലിയാവ് അവന്റെ അരിക്കല്‍ച്ചെന്ന് തന്റെ പുതപ്പ് അവന്റെമേല്‍ ഇട്ടു'' (1 രാജാ. 19:19).

അതിനുശേഷം അനേകവര്‍ഷക്കാലം എലീശാ ഏലിയാപ്രവാചകനു ഭൃത്യ വേല ചെയ്തുകൊണ്ടു കാലം കഴിച്ചു. 'ഏലിയാവിന്റെ കൈയ്ക്കു വെള്ളം ഒഴിച്ചു കൊടുക്കുന്നവന്‍' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് (2 രാജാ. 3:11). അദ്ദേഹം തനിക്കുവേണ്ടിത്തന്നെ വലിയ കാര്യങ്ങള്‍ അന്വേ ഷിച്ചില്ല. എങ്കിലും ദൈവത്തിന് ആ യുവാവിനെപ്പറ്റി വലിയ പദ്ധതികള്‍ ഉണ്ടായിരുന്നു.

ഏലിയാവു സ്വര്‍ഗ്ഗത്തിലേക്കു എടുത്തുകൊള്ളപ്പെട്ടതിനുമുമ്പ് ദൈവ ത്തിന് എലീശയെ പരീക്ഷിക്കേണ്ടിയിരുന്നു. അതിനാല്‍ ഏലിയാവ് ഗില്‍ഗാ ലില്‍ വച്ച് എലീശയോട്: ''നീ ഇവിടെ താമസിക്ക; ഞാന്‍ ബെഥേലിലേക്കു പോകുന്നു'' എന്നു പറഞ്ഞു. എലീശാ അതിനു സമ്മതം നല്‍കാതെ താന്‍ ഏലിയാവിനോടുകൂടെ പോരുമെന്ന് ദൃഢനിശ്ചയം ചെയ്തു. ബെഥേലില്‍ ചെന്നശേഷം ഏലിയാവു വീണ്ടും എലീശയെ തന്നില്‍നിന്നകറ്റുവാന്‍ ശ്രമിച്ചു. എലീശാ അവിടെത്തന്നെ പാര്‍ക്കണമെന്നും താന്‍ യെരീഹോവിലേക്കു പോകയാണെന്നും ഏലിയാവു പറഞ്ഞു. എന്നാല്‍ എലീശ വിട്ടുപിരിയാതെ ഒരു കണ്ണട്ടയെപ്പോലെ ഏലിയാവിനോടു പറ്റിനിന്നു. അന്തിമമായി യെരീ ഹോവില്‍വച്ച് എലീശാ ഒരിക്കല്‍ക്കൂടി അതേ വിധം പരീക്ഷിക്കപ്പെട്ടു. എന്നിട്ടും എലീശാ തന്റെ ദൃഢനിശ്ചയത്തില്‍ ഉറച്ചുനില്‍ക്കയും ഏലിയാ വിനോടൊപ്പം യോര്‍ദ്ദാനിലേക്കു പോകയും ചെയ്തു. ഇതിന്റെ ഫലമായി ട്ടാണ് ഏലിയാവിന്റെ ആത്മാവിന്റെ ഇരട്ടിപ്പങ്ക് അദ്ദേഹത്തിനു ലഭിച്ചത്. ഇത് അദ്ദേഹത്തിനുവേണ്ടി ദൈവം കരുതിയിരുന്ന ഏറ്റവും നല്ല കാര്യമായിരുന്നു (2 രാജാ. 2:114).

ഈ ഭാഗത്തുനിന്നും നമുക്കു ലഭിക്കുന്ന സന്ദേശം എന്താണ്? നമ്മുടെ ആത്മീയവളര്‍ച്ചയില്‍ പല ഘട്ടങ്ങളുണ്ട്; ഓരോന്നിലും നമുക്കു ലഭിച്ചതു കൊണ്ട് നാം സംതൃപ്തരായിക്കഴിയുമോ അതോ ദൈവത്തിനു നല്‍കുവാനു ള്ളതില്‍ സര്‍വോന്നതമായതിനുവേണ്ടി നാം മുന്നേറുവാനാഗ്രഹിക്കുമോ എന്ന് ദൈവം നമ്മെ പരീക്ഷിക്കും.

നമുക്കു പാപക്ഷമ ലഭിക്കുന്ന ഘട്ടത്തെയാണ് ഗില്‍ഗാല്‍ കുറിക്കുന്നത്.

''യഹോവ യോശുവയോട്: ഇന്നു ഞാന്‍ മിസ്രയീമിന്റെ നിന്ദ നിങ്ങളില്‍ നിന്ന് ഉരുട്ടിക്കളഞ്ഞിരിക്കുന്നു എന്ന് അരുളിച്ചെയ്തു. അതുകൊണ്ട് ആ സ്ഥലത്തിന് ഗില്‍ഗാല്‍ (ഉരുള്‍) എന്നു പേര്‍ പറയുന്നു'' (യോശു. 5:8,9).

ധാരാളം ക്രിസ്ത്യാനികളും ഇത്രത്തോളമെത്തിയശേഷം അവിടെ നിന്നുപോകുന്നു; എന്നാല്‍ ചിലര്‍ മാത്രം ബെഥേലിലേക്കു മുന്നേറുന്നു. ബെഥേല്‍ എന്ന വാക്കിന് ദൈവഭവനം എന്നാണര്‍ത്ഥം. ദൈവികകുടുംബ ത്തിലുള്‍പ്പെട്ടിട്ടുള്ള വിശ്വാസികളുടെ കൂട്ടായ്മയെ ഇതു കുറിക്കുന്നു.

''യാക്കോബ് ആ സ്ഥലത്തിനു ബെഥേല്‍ എന്നു പേര്‍വിളിച്ചു. അനന്തരം യാക്കോബ്: ഞാന്‍ തൂണായി നിറുത്തിയ ഈ കല്ല് ദൈവത്തിന്റെ ആലയം ആകും... എന്നു പറഞ്ഞു'' (ഉല്‍പ. 28:19,22).

ചിലയാളുകള്‍ ഇത്രയോളം മുന്നേറി ഇവിടംകൊണ്ട് അവസാനിപ്പി ക്കുന്നു.

എന്നാല്‍ അപൂര്‍വം ചിലര്‍ വീണ്ടും യെരീഹോവിലേക്കു മുന്നേറുന്നു. ദൈവത്തിന്റെ പ്രകൃത്യതീതശക്തിയുടെ വെളിപ്പെടലിനെ യെരീഹോ കുറി ക്കുന്നു.

''അനന്തരം ജനം ആര്‍പ്പിടുകയും പുരോഹിതന്മാര്‍ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തില്‍ ആര്‍പ്പിട്ടപ്പോള്‍ (യെരീഹോവിന്റെ) മതില്‍ വീണു'' (യോശു. 6:20).

ഭൂരിപക്ഷം ക്രിസ്ത്യാനികളും എപ്പോഴെങ്കിലും പ്രാപിക്കുന്ന ഉയര്‍ച്ച യുടെ പരിധി ഇതായിരിക്കും.

വളരെ അപൂര്‍വം പേര്‍ മാത്രം മുഴുവന്‍ വഴിയും സഞ്ചരിച്ച് യോര്‍ദ്ദാനില്‍ എത്തിച്ചേരുന്നു. ജലസ്‌നാനം കുറിക്കുന്നതുപോലെ ക്രിസ്തുവിന്റെ മരണ ത്തോടു നാം പ്രാപിക്കുന്ന ഏകീഭാവത്തെയാണ് യോര്‍ദ്ദാന്‍ കുറിക്കുന്നത് (മത്താ. 3:13).

വളരെ വളരെ ചുരുക്കംപേര്‍ മാത്രമേ ക്രൂശിന്റെ വഴിയില്‍ക്കൂടി സഞ്ചരി ക്കുവാന്‍ മനസ്സുള്ളവരായി കാണപ്പെടുന്നുള്ളു. ഇതാണ് ക്രിസ്തു തന്റെ ജഡത്തിലൂടെ നമുക്കായി തുറന്നുതന്ന ജീവനുള്ള പുതുവഴി (എബ്രാ. 10:20).

ഈ ഏറ്റവും ചെറിയ പങ്ക് ആളുകള്‍ മാത്രമാണ് അഹന്തയുടെ സമ്പൂര്‍ണ്ണമരണത്തിലേക്കു മുന്നേറുവാന്‍ തക്കവണ്ണം പൂര്‍ണ്ണമനസ്‌കരായി മുന്നോട്ടുപോകുന്നത്. അവര്‍ക്ക് ദൈവത്തിന്റെ അത്യുത്തമദാനം ഇരട്ടിപ്പങ്ക് ആത്മാവ് ലഭിക്കുന്നു.

ഏതുഘട്ടത്തില്‍ നാം നിന്നുപോകും എന്ന കാര്യത്തില്‍ നാം എല്ലാവരും ഇന്നു പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ഗേഹസിയുടെ അവിശ്വസ്തത

ഏലിയാവിന്റെ പിന്തുടര്‍ച്ചക്കാരനായി എലീശ തീര്‍ന്നതുപോലെ ഗേഹസിക്കും അയാള്‍ വിശ്വസ്തനായി തുടര്‍ന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ അടുത്ത പ്രവാചകനാകുവാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ആദ്യം അയാള്‍ പരീക്ഷിക്കപ്പെടേണ്ടത് ആവശ്യമായിരുന്നു.

അരാംരാജ്യത്തിലെ സേനാനായകനായിരുന്ന നയമാന്‍ അയാളുടെ കുഷ്ഠരോഗത്തില്‍നിന്നു സൗഖ്യം പ്രാപിച്ചശേഷം എലീശയുടെ അടുക്ക ലേക്കു മടങ്ങിവന്ന സന്ദര്‍ഭത്തിലാണു ഈ പരീക്ഷ നടന്നത്. തനിക്കു ലഭിച്ച സൗഖ്യത്തിനു നന്ദി പ്രകടിപ്പിക്കുവാനായി നയമാന്‍ ഏകദേശം 10 ലക്ഷം രൂപാവിലയുള്ള പൊന്നും വെള്ളിയും പത്തുകൂട്ടം അരാമ്യവിശേഷ വസ്ത്ര ങ്ങളും എലീശയ്ക്കു നല്‍കുവാന്‍ ആഗ്രഹിച്ചു. എലീശയെക്കാള്‍ താണ നിലവാരത്തിലുള്ള ഒരുവനെ പ്രലോഭിപ്പിക്കുവാന്‍ ഇതു ധാരാളം മതിയാ യിരുന്നു. എന്നാല്‍ എലീശയാകട്ടെ, ഒരു നിമിഷം പോലും സംശയിക്കാതെ ആ ദാനങ്ങള്‍ തിരസ്‌കരിച്ചു. നയമാന്‍ ഒരവിശ്വാസിയും ഒത്തുതീര്‍പ്പു മനോഭാവക്കാരനുമായിരുന്നതിനാല്‍ അയാളില്‍നിന്നും ഒന്നും തന്നെ സ്വീകരി ക്കുവാന്‍ എലീശ തയ്യാറല്ലായിരുന്നു.

സൗഖ്യം ലഭിച്ചശേഷം നയമാന്‍ എലീശയോടു പറഞ്ഞ വാക്കുകള്‍ അയാള്‍ ഒത്തുതീര്‍പ്പുകാരനാണെന്നുള്ളതിന് വ്യക്തമായ തെളിവാണ്. തന്റെ ഔദ്യോഗികസ്ഥാനം നിമിത്തം താന്‍ വിഗ്രഹങ്ങളെ ആരാധിക്കുവാന്‍ നിര്‍ബ ദ്ധനായിരിക്കുന്നുവെന്ന് അയാള്‍ പറഞ്ഞു. വിഗ്രഹാരാധന തെറ്റാണെന്ന് നയമാന് അറിയാമായിരുന്നു. എന്നാല്‍ സത്യത്തിനുവേണ്ടി തന്റെ ഉദ്യോഗം ഉപേക്ഷിക്കുവാന്‍ അയാള്‍ സന്നദ്ധനായിരുന്നില്ല. ഇതാണല്ലോ ഇന്നു പലരുടെയും സ്ഥിതി.

നയമാന്‍ എലീശയോട് ഇപ്രകാരം പറഞ്ഞു: ''ഒരു കാര്യത്തില്‍മാത്രം യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ; എന്റെ യജമാനന്‍ നമസ്‌കരിപ്പാന്‍ രിമ്മോന്റെ ക്ഷേത്രത്തില്‍ച്ചെന്നു എന്റെ കൈത്താങ്ങലോടെ കുമ്പിടുമ്പോള്‍ ഞാനും രിമ്മോന്റെ ക്ഷേത്രത്തില്‍ നമസ്‌കരിച്ചുപോകുന്ന ഈ കാര്യത്തില്‍ യഹോവ അടിയനോടു ക്ഷമിക്കുമാറാകട്ടെ'' (2 രാജാ. 5:18).

ഇത്തരമൊരു വ്യക്തിയില്‍നിന്നു യാതൊന്നും തന്നെ എലീശ സ്വീകരി ക്കുമായിരുന്നില്ല.

ആദ്യകാലത്തെ അപ്പോസ്തലന്മാരും ഇതേ ജീവിതമാതൃകയാണ് തുടര്‍ന്നു പോന്നത്. ''തിരുനാമം നിമിത്തമല്ലോ അവര്‍ ജാതികളോട് ഒന്നും വാങ്ങാതെ പുറപ്പെട്ടത്'' (3 യോഹ. 7).

നയമാന്‍ വാഗ്ദാനം ചെയ്ത സമ്പത്തിന്റെ കാര്യത്തില്‍ എലീശ അവലംബിച്ച മനോഭാവം ഗേഹസി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ വസ്തുക്കള്‍ തിരസ്‌കരിച്ചതില്‍ എലീശ എത്ര വലിയ ഭോഷത്തമാണ് കാണിച്ചതെന്ന് അയാള്‍ ചിന്തി ച്ചു. അയാള്‍ നയമാന്റെ പിന്നാലെ ഓടിച്ചെന്നു. (ഈ വിധത്തിലാണ് പല ഇന്‍ഡ്യാക്കാരും ഇന്ന് പാശ്ചാത്യക്രിസ്ത്യാനി കളുടെ പിന്നാലെ ഓടിച്ചെല്ലുന്നത്). അവന്‍ അല്‍പം ചില വ്യാജങ്ങള്‍ പറഞ്ഞുപിടിപ്പിച്ച് നാല്‍പതിനായിരംരൂപാ വിലപിടിപ്പുള്ള വെള്ളിയും രണ്ടു കൂട്ടം അരാമ്യവിശേഷവസ്ത്രവും കരസ്ഥമാക്കി.

ഒരുവന്റെ വക്രസ്വഭാവം മനസ്സിലാക്കുവാന്‍ കഴിവുണ്ടായിരുന്ന എലീശ ഗേഹസിയുടെ അത്യാഗ്രഹത്തെ ഉടന്‍തന്നെ വെളിച്ചത്തു കൊണ്ടുവന്നു. ഗേഹസി നയമാന്റെ പണം കരസ്ഥമാക്കിയതുമൂലം നയമാന്റെ കുഷ്ഠവും കൂടി അവനു ലഭിക്കുമെന്ന് എലീശ അവനോടു പറഞ്ഞു.

''.... ആകയാല്‍ നയമാന്റെ കുഷ്ഠം നിനക്കും നിന്റെ സന്തതിക്കും എന്നേക്കും പിടിച്ചിരിക്കും.'' അവന്‍ ഹിമം പോലെ വെളുത്തു കുഷ്ഠ രോഗിയായി അവനെ വിട്ടു പുറപ്പെട്ടുപോയി (2 രാജാ. 5:27).

എലീശയുടെ അഭിഷേകത്തിന്റെ ഇരട്ടിപ്പങ്കു ലഭിക്കേണ്ടതിനു പകരം ഗേഹസിക്കു ലഭിച്ചത് കുഷ്ഠരോഗമായിരുന്നു.

ആ ദിവസത്തില്‍ ദൈവം തന്നെ പരീക്ഷിക്കയായിരുന്നു എന്ന കാര്യം ഗേഹസി മനസ്സിലാക്കിയതേ ഇല്ല. എത്ര ഗൗരവാവഹമായ ഭവിഷ്യത്താണ് തുടര്‍ന്നു സംഭവിപ്പാന്‍ പോകുന്നതെന്ന് അറിഞ്ഞിരുന്നെങ്കില്‍ അയാള്‍ കരുത ലോടെ സൂക്ഷിക്കുമായിരുന്നു.

എന്നാല്‍ നാം വീണ്ടും വീണ്ടും മനസ്സിലാക്കിയിട്ടുള്ളതുപോലെ ദൈവം നമ്മെ പരീക്ഷിക്കുമ്പോള്‍ നാം പലപ്പോഴും അത് ഗ്രഹിക്കുന്നില്ല. പണ സംബന്ധമായകാര്യങ്ങളില്‍ ഇതു വിശേഷിച്ചും പരമാര്‍ത്ഥമാണ്.

യെഹിസ്‌കീയാ രാജാവിനെപ്പറ്റി എഴുതപ്പെട്ടിട്ടുള്ള ഒരു വചനമുണ്ട്: ഒരു സമയത്ത് 'അവന്റെ ഹൃദയത്തിലുള്ളതൊക്കെയും അറിവാന്‍ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിന് ദൈവം അവനെ വിട്ടുകൊടുത്തു' (2 ദിന. 32:31).

ഗേഹസിയെപ്പറ്റിയും ഇതു യഥാര്‍ത്ഥമായിരുന്നു. ആരും അവനെ നിരീക്ഷിക്കാത്ത ഒരു സാഹചര്യത്തിലായിരിക്കുവാന്‍ ദൈവം അവനെ അനു വദിച്ചു. ആ വിധത്തില്‍ മാത്രമേ അവനെ പരീക്ഷിക്കുവാന്‍ കഴിയുമായിരു ന്നുള്ളു.

അത്യാഗ്രഹത്തിന്റെ അന്തിമഫലം

വളരെ വര്‍ഷങ്ങള്‍ക്കുമുമ്പ് യെരീഹോവില്‍വച്ച് ആഖാന്‍ പരീക്ഷിക്ക പ്പെട്ടതും ഇതേ വിധത്തിലായിരുന്നു. ആരും അവനെ കാണാത്ത ഒരു ഭവനത്തില്‍ ഏകനായിരിപ്പാന്‍ ദൈവം ആഖാനെ അനുവദിച്ചു. ദൈവം നിരോധിച്ചിരുന്നത് അവന്‍ എടുക്കുമോ എന്നു് അവനെ പരീക്ഷിക്കുവാനാണ് അപ്രകാരം ചെയ്തത്. ഇതില്‍ ആഖാന്‍ പരാജയപ്പെട്ടു.

ആഖാന്‍ തന്നെ അവന്റെ വീഴ്ചയെ ഇപ്രകാരം വിവരിക്കുന്നു:

ഞാന്‍ കണ്ടു.

ഞാന്‍ മോഹിച്ചു.

ഞാന്‍ എടുത്തു.

ഞാന്‍ അതു കുഴിച്ചിട്ടു (യോശു. 7:21).

ഇതേ സംഭവക്രമംതന്നെ ഗേഹസിയിലും ആവര്‍ത്തിക്കുകയാണു ണ്ടായത്.

ഈ കാരണത്താല്‍ ആഖാനും കുടുംബത്തിനും കനാന്‍ദേശത്തുള്ള അവകാശം നഷ്ടപ്പെട്ടു. അതുപോലെതന്നെ ഗേഹസിയും ദൈവത്തിന്റെ ഹൃദയത്തില്‍ അവനെപ്പറ്റി ഉണ്ടായിരുന്ന ഉദ്ദേശ്യത്തില്‍നിന്നു പുറന്തള്ള പ്പെട്ടവനായിത്തീര്‍ന്നു.

ആഖാന്‍, ഗേഹസി ഈ രണ്ടുപേരും ഒരൂണിന്നു ജന്മാവകാശം വിറ്റു കളഞ്ഞ ഏശാവിന്റെ കാല്‍പ്പാടുകളെയാണ് പിന്തുടരുന്നത് (എബ്രാ. 12:16).

എലീശയും ഗേഹസിയും തമ്മിലുള്ള വൈപരീത്യം ശ്രദ്ധേയമാണ്. ഏലിയാവിലുണ്ടായിരുന്ന അഭിഷേകത്തിന്റെ ഇരട്ടിപ്പങ്കിനുവേണ്ടി എലീശ അദ്ദേഹത്തെ പിന്തുടര്‍ന്നപ്പോള്‍ നയമാന്റെ ധനത്തിന്റെ ഒരു ചെറിയ പങ്കിനു വേണ്ടി ഗേഹസി അയാളെ പിന്തുടര്‍ന്നു. ഇന്നു നാം കാണുന്ന രണ്ടുതരം ക്രിസ്തീയപ്രവര്‍ത്തകരുടെ പ്രതിനിധികളാണ് ഈ രണ്ടാളുകള്‍. നാം ഓരോരുത്തരും ഇതിലേതു കൂട്ടത്തില്‍പ്പെടുമെന്ന് നമുക്കറിയാമല്ലോ.

ബിലെയാമിന്റെ കഥ തീര്‍ച്ചയായും ഗേഹസിക്ക് അറിവുണ്ടായിരുന്നി രിക്കണം. എന്നിട്ടും ബിലെയാമിനുണ്ടായ അന്ത്യം തന്നെയാണ് തനിക്കും വരാന്‍ പോകുന്നതെന്ന് അയാള്‍ ചിന്തിച്ചില്ല. ദൈവാത്മാവ് ഉള്ളില്‍ വസിച്ചിരുന്ന ഒരു പ്രവാചകനായിരുന്നൂ ബിലെയാം.

ഒരു സന്ദര്‍ഭത്തില്‍ ബിലെയാമിനെപ്പറ്റി നാം ഇപ്രകാരം വായിക്കുന്നു: ''ബിലെയാം തലയുയര്‍ത്തി യിസ്രായേല്‍ ഗോത്രം ഗോത്രമായി പാര്‍ക്കുന്നതു കണ്ടു. ദൈവത്തിന്റെ ആത്മാവ് അവന്റെമേല്‍ വന്നു'' (സംഖ്യാ. 24:2).

പണസംബന്ധമായ കാര്യങ്ങളില്‍ നീതികെട്ടവനായതുകൊണ്ടല്ല അവന്‍ തെറ്റിപ്പോയത്; പിന്നെയോ അവന്‍ പണത്തെ സ്‌നേഹിച്ചതുകൊണ്ടാണ്. പണക്കൊതിയും ഒരു രാജാവില്‍നിന്നു ലഭിക്കുന്ന ബഹുമതിക്കുവേണ്ടിയുള്ള ആഗ്രഹവും അവനെ അന്ധനാക്കിത്തീര്‍ത്തു. തന്മൂലം ദൈവഹിതത്തിനു കടകവിരുദ്ധമായിട്ടാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നു കാണുവാനുള്ള കഴിവ് അവനു നഷ്ടപ്പെട്ടു. അവന്റെ ഹൃദയത്തിലുള്ളതെന്താണെന്നു കാണുവാന്‍ ദൈവം അവനെ പരീക്ഷിച്ചു.

ബാലാക് രാജാവിന്റെ ദൂതന്മാരോടൊപ്പം താന്‍ പോകണമോ എന്ന കാര്യത്തില്‍ ബിലെയാം ദൈവത്തോട് അരുളപ്പാടു ചോദിച്ചപ്പോള്‍ ദൈവം അവനു വ്യക്തമായ ഒരുത്തരം നല്‍കി. ''അവനോടു കൂടെ പോകരുത്'' ഇതായിരുന്നു ആ ഉത്തരം. ഇതിലധികം തെളിവായ ഒരുത്തരം ലഭിപ്പാന്‍ സാധ്യമല്ലല്ലോ. എന്നാല്‍ ബാലാക് കൂടുതല്‍ പണവും അധികം ബഹു മതിയും നല്‍കിയപ്പോള്‍ ദൈവത്തോട് വീണ്ടും അരുളപ്പാടു ചോദിപ്പാനുള്ള പരീക്ഷ അയാള്‍ക്കുണ്ടായി. ബിലെയാമിന് വാസ്തവത്തില്‍ അവരോടുകൂടെ പ്പോകുവാന്‍ ആഗ്രഹമുണ്ടെന്ന് ദൈവം മനസ്സിലാ ക്കിയപ്പോള്‍ പൊയ്‌ക്കൊ ള്ളുവാന്‍ അവിടുന്ന് അനുവാദം നല്‍കി. എന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ അയാള്‍ അനുഭവിക്കേണ്ടിവന്നു.

ചില സന്ദര്‍ഭങ്ങളില്‍ ദൈവം നമ്മുടെ അപേക്ഷകള്‍, അവ തന്റെ ഹിതപ്രകാരമല്ലെങ്കിലും നാം അവയെ വളരെയധികം ആഗ്രഹിക്കുന്നുവെന്നു കാണുകമൂലം അനുവദിച്ചുതന്നേക്കാം. എന്നാല്‍ അതിന്റെ ആത്മീയഫലം യിസ്രായേല്‍മക്കളെപ്പറ്റി സങ്കീ. 106:15-ല്‍ എഴുതിയിട്ടുള്ളതുപോലെ ആയിരിക്കും: ''അവര്‍ അപേക്ഷിച്ചത് അവന്‍ അവര്‍ക്കു കൊടുത്തു; എങ്കിലും അവരുടെ പ്രാണന് ക്ഷയം അയച്ചു.''

താന്‍ പരീക്ഷിക്കപ്പെടുകയാണെന്നും തന്റെ പണക്കൊതി തന്നെ വഴിതെറ്റിച്ചിരിക്കുന്നുവെന്നും ബിലെയാം മനസ്സിലാക്കിയതേയില്ല. തന്റെ പ്രവാചകവൃത്തി അവന്‍ പിന്നെയും തുടര്‍ന്നു; പക്ഷേ ദുരാദായം അന്വേഷി ക്കുക എന്ന വഴുവഴുപ്പുള്ള പാതയിലൂടെ സഞ്ചരിക്കുവാനുള്ള ആദ്യചുവട് അയാള്‍ വച്ചുകഴിഞ്ഞിരുന്നു. കാലം കഴിയുമ്പോള്‍ അയാള്‍ ഏറ്റവും താഴെ യറ്റത്ത് എത്തിച്ചേരുമാറ് അത് സമയത്തിന്റെ ഒരു പ്രശ്‌നം മാത്രമായി ശേഷിച്ചിരുന്നു. ഒരിക്കല്‍ ദൈവവുമായി ഗാഢസമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ബിലെയാം പില്‍ക്കാലത്ത് ഒരു പ്രശ്‌നക്കാരനായി അധഃപതിക്കുകയും യിസ്രായേല്‍ജനങ്ങളാല്‍ കൊല്ലപ്പെടുകയും ചെയ്തു.

ദൈവചനം പറയുന്നതു നോക്കുക: ''യിസ്രായേല്‍മക്കള്‍ .... ബെയോ രിന്റെ മകനായ ബിലെയാം എന്ന പ്രശ്‌നക്കാരനെയും വാള്‍കൊണ്ടു കൊന്നു'' (യോശു. 13:22).

ഇപ്രകാരമൊരവസ്ഥ തനിക്കും സംഭവിക്കാമെന്നുള്ള താക്കീതു കൈക്കൊള്ളുന്നതില്‍ ഗേഹസി പരാജയപ്പെട്ടു.

എന്നാല്‍ ഇന്ന് ബിലെയാമിന്റെയും ഗേഹസിയുടെയും ദൃഷ്ടാന്തങ്ങള്‍ തങ്ങളുടെ മുമ്പില്‍ ഒരു താക്കീതായി ഉണ്ടായിരുന്നിട്ടും വഴിതെറ്റിപ്പോകുന്ന പരസഹസ്രം ക്രിസ്ത്യാനികളെപ്പറ്റി നാമെന്താണ് പറയേണ്ടത്?

പണക്കൊതി സകലവിധ തിന്മകളുടെയും മൂലകാരണമാണ്. ദൈവ ത്തോടുള്ള നമ്മുടെ വിശ്വസ്തതയെയും സ്‌നേഹത്തെയും ശോധന ചെയ്യുന്ന തിനുവേണ്ടി ഭൗതികകാര്യങ്ങള്‍ നമ്മെ ആകര്‍ഷിക്കുവാന്‍ ദൈവം അനുവദി ക്കുന്നു.

തന്റെ ശിഷ്യന്മാരിലാരെങ്കിലും ഭൗതികവസ്തുക്കള്‍തേടി അവ കരസ്ഥ മാക്കണമെന്ന് യേശു ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. മുമ്പേ ദൈവരാജ്യവും അവി ടുത്തെ നീതിയും അന്വേഷിപ്പാനാണ് ദൈവം നമ്മെ വിളിച്ചിട്ടുള്ളത്. അങ്ങനെ ചെയ്യുമ്പോള്‍ നമുക്കാവശ്യമുള്ള ഭൗതികവസ്തുക്കളെല്ലാം തക്കസമയത്ത് നമ്മുടെ മടിയില്‍ വന്നു വീണുകൊള്ളും.

തന്റെ മക്കളിലാരും തങ്ങള്‍ക്കാവശ്യമുള്ളതിലധികമായി ഭൗതികസമ്പ ത്തുകള്‍ കൂട്ടിവയ്ക്കണമെന്ന് ദൈവം ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. നമ്മിലാരെ ങ്കിലും സമ്പത്തന്വേഷിച്ച് അതിന്റെ പിന്നാലെ ഓടണമെന്നും ദൈവം ആഗ്ര ഹിക്കുന്നില്ല. നാം ദൈവത്തെ വിശ്വസിക്കുന്നപക്ഷം നമുക്ക് ഏറ്റവും നന്മയാ യിട്ടുള്ളത് അവിടുന്നു നമുക്കു നല്‍കും. അപ്പോള്‍ പണം നമ്മെ നശിപ്പിക്കു വാന്‍ ഒരിക്കലും ഇടയാകുകയില്ല.

നാം ദൈവാനുഗ്രഹത്തിനു പാത്രമാകുമ്പോള്‍ നമുക്കാവശ്യമുള്ളതെല്ലാം ദൈവം നമുക്കു നല്‍കും; അതോടൊപ്പം യാതൊരു ദുഃഖവും വന്നുചേരുവാന്‍ ഇടയാവുകയുമില്ല.

''യഹോവയുടെ അനുഗ്രഹത്താല്‍ സമ്പത്തുണ്ടാകുന്നു; അതിനോട് യാതൊരു ദുഃഖവും അവിടുന്ന് ചേര്‍ക്കുന്നതുമില്ല'' (സദൃ. 10:22 ഗഖഢ).

''എന്റെ ദൈവമോ നിങ്ങളുടെ ബുദ്ധിമുട്ടൊക്കെയും മഹത്വത്തോടെ തന്റെ ധനത്തിനൊത്തവണ്ണം ക്രിസ്തുയേശുവില്‍ പൂര്‍ണ്ണമായി തീര്‍ത്തു തരും'' (ഫിലി. 4:19).

എന്നാല്‍ നാം സ്വയം അന്വേഷിച്ച് പിന്തുടര്‍ന്നെത്തി സ്വരൂപിക്കുന്ന സമ്പത്താകട്ടെ. അതോടൊപ്പം അനേകം ദുഃഖങ്ങളും നമുക്കു വരുത്തി വയ്ക്കും.

ഈയൊരു ആപല്‍സാധ്യതയെപ്പറ്റി പൗലോസ് തിമോഥെയോസിന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്: ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷ യിലും കെണിയിലും കുടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങി പ്പോകുവാന്‍ ഇടവരുന്ന മൗഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു .... ഇതു ചിലര്‍ കാംക്ഷിച്ചിട്ട് വിശ്വാസം വിട്ടുഴന്ന് ബഹുദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു'' (1 തിമോ. 6:9,10).

''നമുക്ക് ദൈവത്തെയും മാമോനെയും (അതായതു ഭൗതികസമ്പ ത്തുകളെയും) സേവിപ്പാന്‍ കഴിയുകയില്ല. ഒന്നുകില്‍ നാം ഒരുവനെ പകച്ച് മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കില്‍ ഒരുവനോടു പറ്റിച്ചേര്‍ന്ന് മറ്റവനെ നിരസിക്കും'' (ലൂക്കോ. 16:13).

കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

അധ്യായം 9
പത്രോസിന്റെയും യൂദായുടെയും പരീക്ഷകള്‍

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പോസ്തലന്മാരുടെ കൂട്ടത്തില്‍ ഒരു പക്ഷേ സ്വഭാവം കൊണ്ട് ഏറ്റവുമധികം വൈപരീത്യം ഉള്ളത് പത്രോസും ഈസ്‌കര്യോത്താ യൂദായും തമ്മിലാണ്. പത്രോസ് ലളിതഹൃദയനും അനഭ്യ സ്തവിദ്യനും സ്‌നേഹശീലനുമായിരുന്നപ്പോള്‍ യൂദായാകട്ടെ, ബുദ്ധിമാനും തന്ത്രശാലിയും ഉല്‍ക്കര്‍ഷേച്ഛുവും ആയിരുന്നു.

പണത്തോട് പത്രോസിന്റെ മനോഭാവം

ശിമോന്‍ പത്രോസിനെപ്പറ്റി ദൈവത്തിന് ഒരു വലിയ ഉദ്ദേശ്യം ഉണ്ടാ യിരുന്നു. പക്ഷേ അതു നിറവേറണമെങ്കില്‍ അദ്ദേഹം പരീക്ഷിക്കപ്പെട്ട് ദൈവ ത്തിന്റെ അംഗീകാരം നേടേണ്ടത് ആവശ്യമായിരുന്നു.

എന്നാല്‍ യേശു പത്രോസിനെ വിളിച്ച സമയത്ത് അദ്ദേഹത്തിന് ദൈവ ത്തിന്റെ അദ്ഭുതാവഹമായ പ്ലാനിനെപ്പറ്റി ഒരറിവും ഉണ്ടായിരുന്നില്ല. ദൈവം തന്റെ പ്ലാനിനെപ്പറ്റി ഒരു സമയത്ത് ഒരു ചുവടെന്നനിലയില്‍ പടിപടിയായി മാത്രമേ നമുക്ക് അറിവ് നല്‍കുന്നുള്ളു.

ഒരു ദിവസം യേശു പത്രോസിന്റെ പടകില്‍ വന്നു കയറുകയും അതിനെ ആഴത്തിലേക്കു നീക്കി വലയിറക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. പത്രോസ് അപ്രകാരം ചെയ്തു. തന്റെ ജീവിതകാലത്ത് എന്നെങ്കിലും പിടി ച്ചിട്ടുള്ളതില്‍ ഏറ്റവുമധികം മത്സ്യം അന്നാണ് അദ്ദേഹം പിടിച്ചത് (ലൂക്കോ. 5:111).

ഇന്നത്തെ ചില ക്രിസ്തീയബിസിനസ്സുകാരെപ്പോലെ ഒരുവനായിരുന്നു പത്രോസ് എങ്കില്‍ അദ്ദേഹം ഈ വിധത്തില്‍ യേശുവിനോടു പറയുമായി രുന്നു: ''കര്‍ത്താവേ, ഇത് അദ്ഭുതാവഹം തന്നെ. നമുക്കു പങ്കാളികളായി പ്രവര്‍ത്തിക്കാം. സുവിശേഷപ്രസംഗം അങ്ങു നിര്‍വഹിച്ചുകൊണ്ടാലും. സാമ്പത്തികമായി അങ്ങയെ ഞാന്‍ സന്ധിച്ചുകൊള്ളാം. എന്റെ മീന്‍പിടിത്തം ഈ വിധത്തില്‍ മുന്നോട്ടുപോയാല്‍ ഞാന്‍ യിസ്രായേലിലുള്ള എല്ലാവരിലും ഏറ്റവും വലിയ ബിസിനസ്സ്‌കാരനായിത്തീരും. എന്റെ ദശാംശംകൊണ്ട് അങ്ങ യുടെ മാത്രമല്ല, രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഒട്ടധികം ക്രിസ്തീയ പ്രവര്‍ത്തകരുടെയും സന്ധാരണം നടക്കും.''

ഇതു മാത്രമല്ല, ലോകത്തില്‍ എല്ലാടവും പോയി ബിസിനസ്സുകാരുടെ വിവിധ സമ്മേളനങ്ങളില്‍ തന്റെ സാക്ഷ്യം നല്‍കി തങ്ങളുടെ ബിസിനസ്സിനെ അഭിവൃദ്ധിപ്പെടുത്തുന്ന ഒരു ക്രിസ്തുവിലേക്ക് ധാരാളം വ്യാപാരികളെയും വ്യവസായികളെയും ആകര്‍ഷിക്കുവാനും പത്രോസിനു സാധിക്കുമായിരുന്നു.

ജഡികമായ ചിന്താഗതിയുടെ മുന്നേറ്റം എപ്പോഴും ഈ വിധത്തിലത്രേ.

എന്നാല്‍ പത്രോസ് ആ വിധത്തില്‍ പ്രവര്‍ത്തിച്ചില്ല. അദ്ദേഹം തന്റെ മത്സ്യബന്ധനജോലി വിട്ട് യേശുവിനെ അനുഗമിച്ചു. അദ്ദേഹം പരീക്ഷയില്‍ വിജയം നേടി.

തങ്ങള്‍ക്ക് അധികം പണം സമ്പാദിക്കുവാന്‍ അവസരം നല്‍കിക്കൊണ്ട് ദൈവം തങ്ങളുടെ വ്യാപാരത്തെ വര്‍ദ്ധിപ്പിക്കുമ്പോള്‍ തങ്ങള്‍ പരീക്ഷിക്കപ്പെ ടുകയാണെന്ന് ക്രിസ്ത്യാനികള്‍ മനസ്സിലാക്കുന്നില്ല. മിക്ക ക്രിസ്ത്യാനികളും ഈ പരീക്ഷയില്‍ തോല്‍വിയടയുന്നു. ഒരു പക്ഷേ അപ്പോസ്തലന്മാരായി ത്തന്നെ തീരുവാന്‍ സാധ്യതയുള്ള അവര്‍ ആത്മീയപാപ്പരത്തം ബാധിച്ച ലക്ഷപ്രഭുക്കളായി ശേഷിക്കുകയാണ് ചെയ്യുന്നത്.

ഒരു ധനികനായ ബിസിനസ്സുകാരനായിത്തീരാമായിരുന്ന പത്രോസിന് വര്‍ഷങ്ങള്‍ക്കുശേഷം 'വെള്ളിയും പൊന്നും എനിക്കില്ല' എന്നു പറയേണ്ട അവസ്ഥ വന്നുകൂടി (അപ്പോ. 3:6). എങ്കിലും അദ്ദേഹത്തിന് വെള്ളിയെക്കാളും പൊന്നിനെക്കാളും ഉല്‍കൃഷ്ടമായ ചിലത് ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രാജ്യത്തിലെ ശാശ്വതധനത്തിനുവേണ്ടി ഭൗതികധനമാകുന്ന ചപ്പും ചവറും അദ്ദേഹം ഉപേക്ഷിച്ചുകളഞ്ഞു.

ക്രിസ്തുവിനെ തങ്ങളുടെ ജീവിതപങ്കാളിയാക്കിത്തീര്‍ക്കുന്നതിലൂടെ സമ്പല്‍സമൃദ്ധി നേടുവാന്‍ സാധിക്കുന്നതിനെപ്പറ്റി വിവരിക്കുന്ന പുസ്തക ങ്ങള്‍കൊണ്ട് ഇന്നത്തെ ക്രിസ്തീയപുസ്തകശാലകള്‍ നിറഞ്ഞുകവിയുക യാണ്. ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ വിലപിടിപ്പുള്ള കാറുകളും വീടുകളും സ്ഥലങ്ങളും ദൈവത്തില്‍നിന്ന് അവകാശപ്പെടുവാന്‍ ഈ പുസ്തക ങ്ങള്‍ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നു.

ഇത്തരം എഴുത്തുകാരുടെ ലോകമയത്വം ഒരു ശിശുവിനുപോലും ഗ്രഹി പ്പാന്‍ കഴിയുമെങ്കിലും ഒട്ടനവധി വിശ്വാസികള്‍ ഇവയാല്‍ വഞ്ചിതരാകുന്നു. ഭൗതികസമ്പത്തുകള്‍ നേടുന്നതിനെപ്പറ്റി ഇവയില്‍ വിവരിച്ചിട്ടുള്ള സാക്ഷ്യ ങ്ങളെല്ലാം ഒരു പക്ഷേ സത്യമായിരിക്കാം. എന്നാല്‍ അവ നേടിയിട്ടുള്ളവരില്‍ എത്രപേര്‍ ദൈവം തങ്ങളെ പരീക്ഷിക്കുകയാണെന്ന സത്യം മനസ്സിലാക്കി? അവര്‍ ധനികരായിത്തീര്‍ന്നപ്പോള്‍ ദൈവവിഷയമായ സമ്പന്നതനേടുവാന്‍ വേണ്ടി തങ്ങളുടെ ഭൗതികസമ്പത്തിനെ ത്യജിക്കുവാന്‍ അവര്‍ സന്നദ്ധരോ എന്ന് ദൈവം അവരെ പരീക്ഷിക്കുകയായിരുന്നു. എന്നാല്‍ ഈ രംഗത്തു പത്രോസ് നേടിയ വിജയം അവര്‍ക്കു ലഭിച്ചില്ല. നേരേ മറിച്ച് അവര്‍ തോല്‍വി യടയുകയാണുണ്ടായത്.

ആദാമിന്റെ സന്തതിയായ ഓരോ വ്യക്തിയുടെയും ജീവിതകേന്ദ്രം അഹന്ത(ലെഹള)യാണ്. നാം മാനസാന്തരപ്പെടുമ്പോള്‍ ഈ അഹന്ത മരിക്കു ന്നില്ല. നേരേ മറിച്ച് തന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ദൈവത്തെ പ്പോലും കൗശലമാര്‍ഗ്ഗങ്ങളിലൂടെ ഉപയോഗിക്കുവാനാണ് അതു ശ്രമിക്കു ന്നത്. ദൈവത്തില്‍നിന്നും ഭൗതികാനുഗ്രഹങ്ങള്‍ നേടുന്നതില്‍ പ്രാവീണ്യം സമ്പാദിക്കുന്ന ജഡികമായ ക്രിസ്തുമാര്‍ഗ്ഗത്തിന്റെ ഉറവിടം ഈ അഹന്ത യാണ്. അത് ഇത്തരം പുസ്തകങ്ങളിലൂടെ വിശ്വാസത്തിന്റെ കപടവേഷമ ണിഞ്ഞുകൊണ്ട് ഇന്നു നമ്മുടെ അടുക്കല്‍ വന്നെത്തുകയാണ്. എങ്കിലും ഈ പുസ്തകങ്ങളും ഒരുതരത്തില്‍ ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നുണ്ട്. എന്തെന്നാല്‍ നമ്മുടെ ഹൃദയം ഭൗതികത്തെയോ സ്വര്‍ഗ്ഗീയത്തെയോ എന്തിനെയാണ് യഥാര്‍ത്ഥത്തില്‍ ആഗ്രഹിക്കുന്നതെന്ന് അവ വെളിപ്പെടു ത്തുന്നു. അങ്ങനെ ഗോതമ്പും പതിരും തമ്മില്‍ വേര്‍തിരിക്കപ്പെടുന്നു.

തെറ്റുതിരുത്തലിന്റെ നേരേ പത്രോസിന്റെ മനോഭാവം

യേശു ഏതെങ്കിലും വ്യക്തിയെ ശാസിച്ചിട്ടുള്ളതില്‍വച്ചു ഏറ്റവും മൂര്‍ച്ച യേറിയ ശാസനാവാക്കുകള്‍ കൊണ്ട് പത്രോസിനെ ശാസിച്ച സന്ദര്‍ഭത്തി ലൂടെ അവിടുന്ന് മറ്റൊരു കാര്യത്തില്‍ പത്രോസിനെ പരീക്ഷിച്ചതെങ്ങനെ യെന്ന് നാം മനസ്സിലാക്കുന്നു.

യേശു താന്‍ മനുഷ്യരാല്‍ പുറന്തള്ളപ്പെടുകയും ക്രൂശിക്കപ്പെടുകയും ചെയ്യുമെന്ന് സ്വശിഷ്യന്മാരോടു പറഞ്ഞ സമയത്ത് പത്രോസ് കര്‍ത്താവി നോടുള്ള ഗാഢസ്‌നേഹത്താല്‍ പ്രേരിതനായി കര്‍ത്താവിനെ വേറിട്ടു കൂട്ടിക്കൊണ്ടുപോയി ''ഒരിക്കലും അരുത് കര്‍ത്താവേ, അങ്ങേയ്ക്ക് അങ്ങനെ സംഭവിക്കരുതേ'' എന്ന് കര്‍ത്താവിനെ ശാസിക്കുവാന്‍ തുടങ്ങി (മത്താ. 16:22).

യേശു തിരിഞ്ഞ് മറ്റു ശിഷ്യന്മാര്‍ കേള്‍ക്കുമാറ് പരസ്യമായിത്തന്നെ ''സാത്താനേ, എന്നെ വിട്ടു പോ. നീ എനിക്ക് ഇടര്‍ച്ചയാകുന്നു'' എന്ന് പത്രോസിനെ ശാസിച്ചു (മത്താ. 16:23).

പരസ്യമായി ശാസിക്കപ്പെടുക എന്നത് നമ്മുടെ അഹന്തയെ വല്ലാതെ മുറിപ്പെടുത്തുന്ന ഒരു കാര്യമാണ്. 'സാത്താനേ' എന്നു വിളിക്കപ്പെടുന്നത് വിശേഷിച്ചും അങ്ങനെ തന്നെ.

എന്നിട്ടും പത്രോസ് അശേഷവും നീരസപ്പെട്ടില്ല.

അഹന്തയെ മരിപ്പിക്കുന്നതിനെപ്പറ്റിയുള്ള യേശുവിന്റെ പ്രസംഗത്തില്‍ നീരസപ്പെട്ട് യേശുവിന്റെ പല ശിഷ്യന്മാരും അവിടുത്തെ വിട്ടുപോയപ്പോള്‍ യേശു തന്റെ പന്ത്രണ്ടു ശിഷ്യന്മാരോട് അവരും തന്നെ വിട്ടുപോകുവാനാഗ്ര ഹിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോള്‍ പത്രോസായിരുന്നു ''കര്‍ത്താവേ, ഞങ്ങള്‍ ആരുടെ അടുക്കല്‍ പോകും? നിത്യജീവന്റെ വചനങ്ങള്‍ നിന്റെ പക്കലാണല്ലോ ഉള്ളത്'' എന്നു മറുപടി നല്‍കിയത് (യോഹ. 6:68).

യേശുവിന്റെ മുഖത്തുനിന്നു മൂര്‍ച്ചയുള്ള ശാസനാവാക്കുകള്‍ കേട്ടതിനു തൊട്ടടുത്ത സന്ദര്‍ഭത്തിലാണ് പത്രോസ് ഈ വാക്കുകള്‍ പറഞ്ഞത്. അതാണ് പത്രോസിന്റെ വാക്കുകളെ അധികം അദ്ഭുതാവഹമാക്കുന്നത്. യേശുവിന്റെ അധരങ്ങളില്‍നിന്നുള്ള ഏതു ശാസനാവാക്കും നിത്യജീവന്റെ വാക്കുകളാ ണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു!

ഒരു മൂത്ത സഹോദരനില്‍നിന്നു ശാസനാവാക്കുകള്‍ കൈക്കൊള്ളുവാ നുള്ള നമ്മുടെ സന്നദ്ധത നമ്മുടെ വിനയത്തിന്റെ ഒരു തെളിവാണ്. ഈ വിഷയത്തില്‍ പത്രോസ് അദ്ഭുതാവഹമായ വിജയം നേടി.

പണത്തോടുള്ള യൂദായുടെ മനോഭാവം

യേശു തിരഞ്ഞെടുത്ത പന്ത്രണ്ട് അപ്പോസ്തലന്മാരില്‍ ഒരുവനെന്ന നില യില്‍ 'ദൈവത്താല്‍ അംഗീകരിക്കപ്പെട്ടവന്‍' എന്ന സാക്ഷ്യം പ്രാപിക്കുവാന്‍ മറ്റു ശിഷ്യന്മാര്‍ക്കുണ്ടായിരുന്ന അതേ അവസരം തന്നെ ഈസ്‌കര്യോത്താ യൂദായ്ക്കും ഉണ്ടായിരുന്നു. എന്നാല്‍ മറ്റുള്ളവരെപ്പോലെ അയാളും പരീക്ഷി ക്കപ്പെടേണ്ടത് ആവശ്യമായിരുന്നു.

ഈസ്‌കര്യോത്തായൂദാ ദ്രോഹിയായിത്തീര്‍ന്നതായി സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു (ലൂക്കോ. 6:16). യേശു അയാളെ തിരഞ്ഞെടുത്ത സമയത്ത് മറ്റു ശിഷ്യന്മാരെപ്പോലെ അയാളും സത്യസന്ധനായിരുന്നുവെന്ന് ഇതില്‍നിന്നും വ്യക്തമാകുന്നു. എന്നാല്‍ സ്വാര്‍ത്ഥപ്രതിപത്തിമൂലം അയാള്‍ ഭയാനകമായവിധം പിന്മാറ്റത്തില്‍ വീണുപോവുകയാണുണ്ടായത്.

ദൈവചനം നമുക്ക് ഇപ്രകാരമൊരു മുന്നറിയിപ്പു നല്‍കുന്നുണ്ട്: ''സ്വാര്‍ത്ഥപ്രതിപത്തി (ലെഹളശവെ മായശശേീി) ഉള്ളിടത്തു കലക്കവും സകല ദുഷ്പ്രവൃത്തിയും ഉണ്ട്'' (യാക്കോ. 3:16).

യുദായുടെ ജീവിതം നമുക്കെല്ലാം ഒരു താക്കീതാണ്. എന്തെന്നാല്‍ നാം ശ്രദ്ധാലുക്കളല്ലെങ്കില്‍ നമ്മില്‍ ഏതൊരാള്‍ക്കും അയാളെപ്പോലെയായി ത്തീരുവാന്‍ സാധ്യതയുണ്ട്.

യേശുവിന്റെയും അനുയായിസംഘത്തിന്റെയും പണസ്സഞ്ചിയുടെ ഒരു ഉപയോഗം ദരിദ്രര്‍ക്കും ആവശ്യത്തിലിരിക്കുന്നവര്‍ക്കും സഹായം ചെയ്യുവാന്‍ ഫണ്ടു കരുതിവയ്ക്കുക എന്നതായിരുന്നു. യോഹ. 13:29-ല്‍ ഈ കാര്യം നാം വായിക്കുന്നു: ''പണസഞ്ചി യൂദായുടെ പക്കല്‍ ആകയാല്‍ പെരുനാളിനു വേണ്ടുന്നതു മേടിപ്പാനോ ദരിദ്രര്‍ക്കു വല്ലതും കൊടുപ്പാനോ യേശു അവ നോടു കല്പിക്കുന്നു എന്നു ചിലര്‍ക്കു തോന്നി.''

ഈ പ്രവര്‍ത്തനത്തില്‍ താനും തല്‍പരനാണെന്ന് യൂദാ നടിച്ചു. എന്നാല്‍ വാസ്തവത്തില്‍ ദരിദ്രര്‍ക്കുവേണ്ടി ദാനം ചെയ്യപ്പെട്ടിരുന്ന പണം അയാള്‍ അപഹരിക്കുകയാണുണ്ടായത്.

ഇതിനെപ്പറ്റി സുവിശേഷത്തില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു: ''ഇത് (ഈസ്‌കര്യോത്തായൂദായ്ക്ക്) ദരിദ്രരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആകകൊണ്ടും പണസ്സഞ്ചി അവന്റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടത് എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞത്'' (യോഹ. 12:46).

യേശു എന്തുകൊണ്ട് യൂദായുടെ കള്ളത്തരം വെളിച്ചത്തുകൊണ്ടുവ ന്നില്ല എന്ന ചോദ്യം നാം ചോദിച്ചേക്കാം. ആ ചോദ്യത്തിനുത്തരം നല്‍കു വാന്‍ മറ്റൊരു ചോദ്യം ചോദിക്കേണ്ടിയിരിക്കുന്നു. ഇന്ന് ക്രിസ്തുമാര്‍ഗ്ഗ ത്തിന്റെ പേരില്‍ തങ്ങള്‍ക്കാ യിത്തന്നെ പണമുണ്ടാക്കുന്നവരുടെ കള്ളത്തരം യേശു എന്തുകൊണ്ട് തുറന്നു കാണിക്കുന്നില്ല? പണത്തിനുവേണ്ടി ദൈവത്തെ സേവിക്കുന്നവരും ദൈവവേലയ്ക്കായി നല്‍കപ്പെടുന്ന പണ ത്തിന്റെ കാര്യത്തില്‍ നൂറുശതമാനം സത്യസന്ധത കാണിക്കാത്തവരുമായ ആയിരക്കണക്കിനാളുകള്‍ ഇന്നുമുണ്ട്.

എന്നാല്‍ കര്‍ത്താവു ദീര്‍ഘക്ഷമ കാണിക്കുന്നു. അവിടുന്ന് ഓരോരു ത്തര്‍ക്കും പരീക്ഷയെ നേരിടുവാന്‍ അവസരം നല്‍കുന്നു.

പണത്തെ തിരഞ്ഞെടുത്തതിലൂടെ തനിക്കു നഷ്ടപ്പെടുന്നതെന്തെന്ന് യൂദാ മനസ്സിലാക്കിയിരുന്നെങ്കില്‍ അയാള്‍ എത്ര വ്യത്യസ്തമായി പെരു മാറുമായിരുന്നു! ഇന്നത്തെ ക്രിസ്തീയപ്രവര്‍ത്തകരും പണത്തെ തിരഞ്ഞെടു ക്കുന്നതുമൂലം തങ്ങള്‍ക്കു നഷ്ടമാകുന്നതെന്തെന്നു ഗ്രഹിച്ചിരുന്നെങ്കില്‍ അവരും പണസംബന്ധമായ കാര്യങ്ങളില്‍ വ്യത്യസ്തമാര്‍ഗ്ഗം അവലംബിക്കു മായിരുന്നു!

യുദായുടെ പ്രശ്‌നം ഇതായിരുന്നു: അയാള്‍ക്ക് വാങ്ങുവാന്‍ ഇഷ്ടവും കൊടുക്കുവാന്‍ വൈമുഖ്യവുമാണ് ഉണ്ടായിരുന്നത്.

കൊടുക്കുന്നതിന്റെ വൈശിഷ്ട്യം യേശു തന്റെ ശിഷ്യന്മാരെ പഠിപ്പി ച്ചിരുന്നു. ''വാങ്ങുന്നതിനെക്കാള്‍ കൊടുക്കുന്നത് ഉത്തമം'' എന്നു കര്‍ത്താവ് അരുളിച്ചെയ്തിട്ടുണ്ട് (അപ്പോ. 20:35).

പത്രോസ് അത് മനസ്സിലാക്കിയിരുന്നെങ്കിലും യൂദാ അതു ഗ്രഹിച്ചിരു ന്നില്ല. അധികമധികം ലഭിക്കുന്നതിലൂടെയാണ് സന്തുഷ്ടി ലഭിക്കുന്നതെന്നാണ് യൂദാ കരുതിയിരുന്നത്.

ഓരോ ക്രിസ്ത്യാനിയും ഈ രണ്ടു വിഭാഗങ്ങളിലൊന്നില്‍ ഉള്‍പ്പെടുന്നു. ഒന്നാമത്തെ വിഭാഗം പത്രോസിനെപ്പോലെയുള്ളവര്‍; അവര്‍ സകലവും പരിത്യജിക്കുകയും ദൈവത്തിനും ആവശ്യത്തിലിരിക്കുന്നവര്‍ക്കും നല്‍കു വാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. രണ്ടാമത്തെ വിഭാഗം യൂദായെപ്പോലു ള്ളവര്‍; അവര്‍ ലഭിപ്പാനും തങ്ങള്‍ക്കായിത്തന്നെ കൂട്ടിവയ്പാനും ആഗ്രഹി ക്കുന്നു. ഈ യൂദാമാര്‍ എപ്പോഴെങ്കിലും മറ്റുള്ളവര്‍ക്കു കൊടുക്കുന്ന പക്ഷം അത് തങ്ങളുടെ മനസ്സാക്ഷിയെ കുറച്ചൊന്നു തണുപ്പിക്കാന്‍ വേണ്ടിയാ യിരിക്കും. അതും വളരെ വിസമ്മതത്തോടുകൂടി മാത്രം. എന്നാല്‍ വാങ്ങുന്ന കാര്യം വരുമ്പോള്‍ അവര്‍ക്ക് ഈ വിസമ്മതം ഉണ്ടാകുന്നില്ല.

നാം ഈ ലോകത്തിന്റെ പ്രമാണങ്ങള്‍ക്കനുസരിച്ചാണോ അതോ ദൈവരാജ്യത്തിന്റെ പ്രമാണപ്രകാരമാണോ ജീവിക്കുവാനാഗ്രഹിക്കുന്നത്? ഈ കാര്യം വ്യക്തമാക്കുവാന്‍ വേണ്ടി വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന കാര്യത്തില്‍ ദൈവം നമ്മെ പരീക്ഷിക്കും.

ദൈവം നമ്മെ അംഗീകരിക്കണമെങ്കില്‍ ദാനങ്ങള്‍ സ്വീകരിക്കുവാന്‍ നമ്മുടെ ജഡത്തിലുള്ള ആഗ്രഹത്തെ നാം അടിയോടെ ക്രൂശില്‍ത്തറ യ്‌ക്കേണ്ടത് ആവശ്യമാണ്. നാം പഴയ ശീലങ്ങള്‍ വെടിയുകയും പുതിയവ പരിശീലിക്കയും ചെയ്യണം. കഴിഞ്ഞകാലത്ത് ദാനങ്ങള്‍ സ്വീകരിക്കുവാന്‍ നാം എത്രമാത്രം ജാഗരൂകരായിരുന്നുവോ അത്രത്തോളം കൊടുക്കുന്നതില്‍ ജാഗ്രത കാണിക്കുവാന്‍ ഇപ്പോള്‍ നമുക്കു ശ്രദ്ധിക്കാം.

എന്നാല്‍ ഏതെങ്കിലും കാര്യത്തില്‍ ഒറ്റ രാത്രികൊണ്ട് നാം പൂര്‍ണ്ണത പ്രാപിക്കുന്നില്ല. ഏതു കാര്യത്തിലായാലും നിരന്തരമായ പരിശീലനം കൊണ്ടു മാത്രമേ നാം വൈദഗ്ധ്യം സമ്പാദിക്കുന്നുള്ളു. കൊടുക്കുവാനുള്ള പരിശീലനം നേടുവാന്‍ ഇപ്പോള്‍ നമുക്ക് ആരംഭിക്കാം. അനന്തരം ഈ കാര്യത്തില്‍ നമ്മുടെ സ്വഭാവം യഥാര്‍ത്ഥ പരിവര്‍ത്തനം പ്രാപിക്കുന്നതു വരെയും നമുക്ക് അതില്‍ തുടരെ പരിശ്രമിക്കാം. അങ്ങനെയെങ്കില്‍ വാങ്ങുന്നതിനെക്കാളധികം കൊടുക്കുന്നതില്‍ താല്‍പര്യ മുള്ള ഒരുവനെന്ന് ദൈവം നമ്മെപ്പറ്റി സാക്ഷ്യം പറയുവാന്‍ ഇടയാകും.

ദൈവവിഷയമായി സമ്പന്നനാകുവാനും മറ്റുള്ളവര്‍ക്കു ദാനം ചെയ്യുവാനും ശീലിച്ച ഒരുവനാണ് യേശുവിന്റെ യഥാര്‍ത്ഥശിഷ്യന്‍. താന്‍ മറ്റുള്ളവര്‍ക്കു കൊടുത്ത അതേ അളവില്‍ത്തന്നെ തന്റെ ബുദ്ധിമുട്ടിന്റെ സന്ദര്‍ഭത്തില്‍ ദൈവം തനിക്കു തിരിച്ചു തരുന്നതായും അയാള്‍ മനസ്സി ലാക്കും.

യേശു തന്റെ ശിഷ്യന്മാരോട് ഇപ്രകാരം കല്പിക്കുകയുണ്ടായി: ''കൊടു പ്പിന്‍; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും. അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയില്‍ തരും. നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നു കിട്ടും'' (ലൂക്കോ. 6:38).

ഭൗമികകാര്യങ്ങളില്‍ നാം അവിശ്വസ്തരാണെങ്കില്‍ ദൈവത്തില്‍നിന്നും ആത്മീയസമ്പത്തുകള്‍ നമുക്കു പ്രതീക്ഷിപ്പാന്‍ സാധ്യമല്ലെന്ന് യേശു പഠിപ്പിച്ചിട്ടുണ്ട്. അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തു: ''നിങ്ങള്‍ അനീതി യുള്ള മാമോനില്‍ വിശ്വസ്തരായില്ല എങ്കില്‍ സത്യമായതു നിങ്ങളെ ആര്‍ ഭരമേല്‍പിക്കും?'' (ലൂക്കോ. 16:11).

യേശു പണസ്സഞ്ചിയുടെ കാര്യത്തില്‍ ഈസ്‌കര്യോത്തായൂദായെ ഒരു ശോധനയ്ക്കു വിധേയനാക്കി. അതില്‍ അയാള്‍ പരാജിതനായി. അയാള്‍ക്കു സംഭവിച്ച പരാജയം ശാശ്വതമായ ഒന്നായിരുന്നു. ഇന്ന് ഞാനും നിങ്ങളുമാണ് പണസ്സഞ്ചിയുടെ കാര്യത്തില്‍ പരീക്ഷിക്കപ്പെടുന്നത്.

തെറ്റുതിരുത്തപ്പെട്ടപ്പോള്‍ യൂദാ സ്വീകരിച്ച മനോഭാവം

പരസ്യമായി തെറ്റു തിരുത്തപ്പെടുമ്പോഴത്തെ തന്റെ പ്രതികരണത്തിന്റെ കാര്യത്തില്‍ പത്രോസ് പരീക്ഷിക്കപ്പെട്ടതായി നാം കണ്ടു. ഈ മേഖലയില്‍ യൂദായും പരീക്ഷിക്കപ്പെട്ടു. എന്നാല്‍ പത്രോസില്‍നിന്നു വിഭിന്നനായി അയാള്‍ തോല്‍വിയടയുകയാണുണ്ടായത്.

ഒരിക്കല്‍ ഒരു സ്ത്രീ യേശു തനിക്കുവേണ്ടി ചെയ്ത കാര്യത്തില്‍ അവള്‍ ക്കുള്ള നന്ദിയുടെ അടയാളമായി ഒരു വെണ്‍കല്‍ഭരണി നിറയെ പരിമള തൈലം കൊണ്ടുവന്ന് അത് യേശുവിന്റെ കാലിന്മേല്‍ പൂശിയപ്പോള്‍ അതു് ഒരു പാഴ്‌ച്ചെലവാണെന്ന് യൂദാ അഭിപ്രായപ്പെട്ടു. എങ്കിലും യേശു ആ സ്ത്രീ ചെയ്തതിനെ സാധൂകരിച്ചുകൊണ്ട് ''അവളെ വിടുക; എന്റെ ശവസംസ്‌കാര ദിവസത്തിനായി അവള്‍ ഇതു സൂക്ഷിച്ചു എന്നിരിക്കട്ടെ. ദരിദ്രന്മാര്‍ നിങ്ങള്‍ക്ക് എല്ലായ്‌പ്പോഴും അടുക്കെ ഉണ്ടല്ലോ. ഞാന്‍ എല്ലായ്‌പ്പോഴും ഇല്ലതാനും'' എന്നു പറഞ്ഞു (യോഹ. 12:7,8).

ഇവിടെ യേശു ഈസ്‌കര്യോത്തായൂദായെ ശാസിച്ചതായി ആര്‍ക്കും പറയുവാന്‍ സാധ്യമല്ല. വാസ്തവത്തില്‍ പത്രോസിനെ ശാസിച്ചതിനോടു താരതമ്യപ്പെടുത്തിയാല്‍ ഇത് ഒരു നിസ്സാരകാര്യം മാത്രമാണ്.

എങ്കിലും യൂദാ ഇതില്‍ വ്രണിതചിത്തനായിത്തീര്‍ന്നു.

മത്തായിയുടെ സുവിശേഷത്തിലുള്ള സമാന്തരഭാഗത്ത് ഈ സംഭവം കഴിഞ്ഞയുടന്‍തന്നെ യൂദാ ചെയ്തതെന്തെന്നു വിവരിച്ചിട്ടുണ്ട്: ''അന്ന് പന്തി രുവരില്‍ ഒരുത്തനായ യൂദാ ഈസ്‌കര്യോത്താവ് മഹാപുരോഹിതന്മാരുടെ അടുക്കല്‍ച്ചെന്ന്: 'നിങ്ങള്‍ എന്തു തരും? ഞാന്‍ അവനെ കാണിച്ചു തരാം' എന്നു പറഞ്ഞു'' (മത്താ. 26:14,15).

ഇവിടെയുള്ള 'അന്ന്' എന്ന പദം പ്രത്യേകിച്ചു ശ്രദ്ധിക്കുക. യേശു യൂദാ യുടെ തെറ്റുതിരുത്തിയതില്‍ പെട്ടെന്നു പ്രകോപിതനായിത്തീരുകമൂലമാണ് യൂദാ മഹാപുരോഹിതന്മാരുടെ അടുക്കല്‍ച്ചെന്ന് യേശുവിനെ കാണിച്ചു കൊടുക്കാമെന്നു വാഗ്ദാനം ചെയ്തത്.

ഈ പരിശോധനയില്‍ പത്രോസ് വിജയിയായി; യൂദായാകട്ടെ, ദയനീയ മായവിധം പരാജയപ്പെടുകയും ചെയ്തു.

ഇന്ന് എന്റെയും നിങ്ങളുടെയും തെറ്റുകള്‍ ദൈവം അധികാരപ്പെടുത്തി യിട്ടുള്ള വ്യക്തികള്‍ തിരുത്തുന്ന സമയത്ത് നാമും ഈ വിധത്തില്‍ പരീക്ഷി ക്കപ്പെടുകയാണ്.

കുട്ടികള്‍ ചെയ്ത തെറ്റുകള്‍ക്കു മാതാപിതാക്കള്‍ അവരെ ശാസിക്കു മ്പോള്‍ കുട്ടികള്‍ പരീക്ഷിക്കപ്പെടുകയാണ്. ഭാര്യമാരുടെ തെറ്റ്് ഭര്‍ത്താക്കന്മാര്‍ തിരുത്തുമ്പോള്‍ അവരും പരീക്ഷയെ നേരിടുന്നു. തൊഴിലാളികള്‍ തങ്ങളുടെ മുതലാളിമാരാല്‍ ശാസിക്കപ്പെടുമ്പോഴും ഈവിധം തന്നെ. സഭയില്‍ നമ്മുടെ മൂപ്പന്മാരാല്‍ തിരുത്തപ്പെടുമ്പോള്‍ നാമെല്ലാവരും ഇത്തരത്തിലുള്ള പരീക്ഷയെ നേരിടുകയാണ്.

തെറ്റു തിരുത്തപ്പെടുമ്പോഴുള്ള നമ്മുടെ പ്രതികരണം നമ്മുടെ വിനയ സ്വഭാവത്തിന്റെ ഏറ്റവും വ്യക്തമായ തെളിവാണ്. നമുക്കു നീരസമുണ്ടാകുന്ന പക്ഷം നാമും ഈസ്‌കര്യോത്തായൂദായുടെ കൂട്ടുകാരത്രേ.

മറ്റുള്ളവര്‍ നമ്മുടെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ നാം വ്രണിത ഹൃദയരായിത്തീരുന്നപക്ഷം നമ്മുടെ അഹന്തയ്ക്കു മരിച്ചവരായിത്തീരു വാനുള്ള സഹായമാവശ്യപ്പെട്ടുകൊണ്ട് ദൈവത്തോടു നാം നിലവിളിക്കണം. അങ്ങനെയെങ്കില്‍ നമുക്കുള്ള നിത്യമായ പ്രതിഫലം നഷ്ടപ്പെടാതെയിരിക്കും.

തെറ്റുതിരുത്തലിന്റെ നേരേ പത്രോസും യുദായും കാണിച്ച പ്രതികരണ ങ്ങളുടെ അടിസ്ഥാനത്തിലാണ് അവരുടെ ശാശ്വതഭാഗധേയം നിര്‍ണ്ണയിക്ക പ്പെട്ടത്. എങ്കിലും തങ്ങള്‍ ഈ വിധം ശോധന ചെയ്യപ്പെടുകയാണെന്ന് അവര്‍ അശേഷവും മനസ്സിലാക്കിയില്ല.

തെറ്റു തിരുത്തപ്പെടുമ്പോഴുള്ള നമ്മുടെ പ്രതികരണത്തെ ദൈവം നിരീക്ഷിക്കുന്നുണ്ടെന്നുള്ള സത്യം നാമും മനസ്സിലാക്കുന്നില്ല.

തിരുത്തല്‍ സ്വീകരിക്കുവാന്‍ മനസ്സില്ലാത്ത ഒരുവനാണ് നിങ്ങളെങ്കില്‍, അഥവാ അങ്ങനെ തിരുത്തപ്പെടുമ്പോള്‍ നീരസപ്പെടുന്ന സ്വഭാവമാണ് നിങ്ങള്‍ക്കുള്ളതെങ്കില്‍, നിങ്ങള്‍ക്ക് ദൈവത്തിന്റെ അംഗീകാരം നേടുക സാധ്യമല്ല.

അധ്യായം 10
ദൈവിക അംഗീകാരം പ്രാപിച്ച സമൂഹം

വെളി. 14:15 വാക്യങ്ങളില്‍ തങ്ങളുടെ ഇഹലോകജീവിതകാലത്ത് പൂര്‍ണ്ണ ഹൃദയത്തോടെ കര്‍ത്താവിനെ പിന്‍തുടര്‍ന്ന ഒരു ശിഷ്യസമൂഹത്തെപ്പറ്റി നാം വായിക്കുന്നു. അവരുടെ ജീവിതത്തില്‍ തന്റെ പൂര്‍ണ്ണമായ ഉദ്ദേശ്യം നിറവേറ്റു വാന്‍ ദൈവത്തിനു സാധ്യമായിത്തീര്‍ന്നതുമൂലം അന്ത്യദിനത്തില്‍ അവര്‍ ജയാളികളായി യേശുവിനോടൊപ്പം നില്‍ക്കുന്നത് അവിടെ നാം കാണുന്നു.

പാപക്ഷമ ലഭിച്ചവര്‍ ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരമാണ്. അവരെപ്പറ്റി വെളി. 7:9,10 വാക്യങ്ങളില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു:

''ഇതിന്റെ ശേഷം സകലജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ളതായി ആര്‍ക്കും എണ്ണിക്കൂടാത്ത ഒരു മഹാപുരുഷാരം വെള്ളനിലയങ്കിധരിച്ച് കൈയില്‍ കുരുത്തോലയുമായി സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നില്‍ക്കുന്നതു ഞാന്‍ കണ്ടു.''

എന്നാല്‍ വെളി. 14-ാം അധ്യായത്തില്‍ പറയുന്ന ഈ സമൂഹമാകട്ടെ, 144,000 എന്നിങ്ങനെ എണ്ണിത്തിട്ടപ്പെടുത്തുവാന്‍ കഴിയുന്ന താരതമ്യേന ചെറിയ ഒരു സമൂഹമത്രേ. ഈ സംഖ്യ ആക്ഷരികമായി എടുക്കേണ്ടതോ അതോ വെളിപ്പാടുപുസ്തകത്തിലെ പല ഭാഗങ്ങളെയും പോലെ പ്രതീകാത്മ കമോ എന്ന സംഗതി അപ്രസക്തമാണ്. പ്രധാനകാര്യം ഇതാണ്: എണ്ണി ക്കൂടാത്ത ആ വലിയ പുരുഷാരത്തോടു താരതമ്യപ്പെടുത്തുമ്പോള്‍ ഇതു വളരെച്ചെറിയ ഒരു സംഖ്യയാണ്.

ഭൂമിയില്‍ ദൈവത്തോടു് സത്യസന്ധരും വിശ്വസ്തരുമായിരുന്ന ഒരു ശേഷിപ്പാണ് ഇവര്‍. ദൈവം ഇവരെ പരീക്ഷിക്കയും അവര്‍ അവിടുത്തെ അംഗീകാരത്തിന്റെ സാക്ഷ്യപത്രം പ്രാപിക്കുകയും ചെയ്തു. അവരെപ്പറ്റി ദൈവം തന്നെ ഇപ്രകാരം സാക്ഷ്യം പറയുന്നു: ''അവര്‍ .... മാലിന്യപ്പെടാ ത്തവര്‍ (തങ്ങളെത്തന്നെ വിശുദ്ധിയില്‍ സൂക്ഷിക്കുന്നവര്‍); കുഞ്ഞാടു പോകു ന്നിടത്തൊക്കെയും അവര്‍ അവനെ അനുഗമിക്കുന്നു .... ഭോഷ്‌ക്ക് അവരുടെ വായില്‍ ഉണ്ടായിരുന്നില്ല. അവര്‍ കളങ്കമില്ലാത്തവര്‍ തന്നെ'' (വെളി. 14:4,5).

ഇവരാണ് ദൈവത്തിന്റെ ആദ്യഫലം. കുഞ്ഞാടിന്റെ കാന്തയും അവര്‍ തന്നെ. ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ദൈവത്തോടു പൂര്‍ണ്ണ മായി സത്യസന്ധരും വിശ്വസ്തരുമായിരിക്കുന്നത് പ്രതിഫലമുള്ള ഒരു കാര്യ മാണെന്ന് കുഞ്ഞാടിന്റെ ആ കല്യാണദിവസത്തില്‍ എല്ലാവര്‍ക്കും വ്യക്ത മായിത്തീരും.

ആ ദിവസത്തില്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കേള്‍ക്കുന്ന ഒരു ഘോഷം ഇപ്രകാ രമായിരിക്കും: ''നാം സന്തോഷിച്ച് ഉല്ലസിച്ച് അവനു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ. അവന്റെ കാന്തയും തന്നെത്താന്‍ ഒരുക്കിയിരിക്കുന്നു'' (വെളി. 19:7).

ഭൂമിയില്‍ തങ്ങളുടെ സ്വന്തതാല്‍പര്യങ്ങളും ഭൗതികലാഭവും തേടിയി രുന്ന ആളുകള്‍ വാസ്തവത്തില്‍ തങ്ങളുടെ നഷ്ടം എത്ര വലുതാണെന്ന് അന്നു മാത്രമേ പൂര്‍ണ്ണമായും മനസ്സിലാക്കുകയുള്ളു. കര്‍ത്താവിനെക്കാള ധികം പിതാവിനെയോ മാതാവിനെയോ ഭാര്യയെയോ മക്കളെയോ സഹോദര ന്മാരെയോ ഭൗതികവസ്തുക്കളെയോ സ്‌നേഹിച്ചവര്‍ തങ്ങള്‍ക്കു സംഭവിച്ച നിത്യമായ നഷ്ടം എന്തെന്ന് ആ ദിവസത്തില്‍ മനസ്സിലാക്കും.

യേശുക്രിസ്തുവിന്റെ കല്പനകളെ പൂര്‍ണ്ണമായി അനുസരിക്കുകയും അവിടുന്നു നടന്നതുപോലെ നടക്കുവാന്‍ പൂര്‍ണ്ണഹൃദയത്തോടെ പരിശ്രമി ക്കയും ചെയ്തവരാണ് ഈ ഭൂമിയിലെ ഏറ്റവും ബുദ്ധിമാന്മാരായ ജനങ്ങ ളെന്ന് ആ ദിവസത്തില്‍ വെളിപ്പെടും. ക്രൈസ്തവലോകത്തിന്റെ പൊള്ളയായ ബഹുമാനം യഥാര്‍ത്ഥത്തില്‍ കേവലം ചപ്പും ചവറുമാണെന്ന് അന്നു വ്യക്ത മാകും. നാം ക്രിസ്തുവിന്റെ കാന്തയാകുവാന്‍ യോഗ്യരോ എന്ന് നമ്മെ ശോധന ചെയ്യുവാനുള്ള മാഗ്ഗങ്ങള്‍ മാത്രമാണ് പണവും ഭൗതിക വസ്തുക്ക ളുമെന്നും അന്നു നാം കണ്ടെത്തും.

ഹാ! ആ ദിവസത്തില്‍ നാം വ്യക്തമായിക്കാണുവാന്‍ പോകുന്ന യാഥാര്‍ത്ഥ്യങ്ങളുടെ ഒരു ഏകദേശരൂപമെങ്കിലും കാണുവാന്‍ നമ്മുടെ കണ്ണുകള്‍ ഇപ്പോള്‍ തന്നെ തുറക്കപ്പെട്ടിരുന്നെങ്കില്‍!

ദൈവത്താല്‍ തന്നെ പരീക്ഷിക്കപ്പെട്ട് അവിടുത്തെ അംഗീകാരത്തിനു പാത്രമായിത്തീര്‍ന്ന ഒരുവനെന്ന നിലയില്‍ അന്ന് ക്രിസ്തുവിന്റെ കാന്തയുടെ ഒരു ഭാഗമായിത്തീരുവാന്‍ സാധിക്കുന്നതാണ് ഏതൊരു മനുഷ്യവ്യക്തിക്കും എന്നെങ്കിലും ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതി.

കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ആമേന്‍.