എന്റെ മാതാപിതാക്കള്‍ എനിക്കു നല്‍കിയ പേര് എനിക്കു വളരെ ഇഷ്ടമാണ് - കൃപ. അതു പ്രവചനപരമാണെന്ന് എനിക്കു തോന്നാറുണ്ട്. കാരണം എന്റെ ജീവിതകഥ ദൈവത്തിന്റെ ആശ്ചര്യകരമായ കൃപയുടെ നേര്‍ സാക്ഷ്യമാണ്.
എന്റെ അച്ഛന്‍ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. തരക്കേടില്ലാത്ത ശമ്പളം. പക്ഷേ ധാരാളം പണം മദ്യത്തിനു ചെലവിടുമായിരുന്നു. മിക്കവാറും ദിവസം അച്ഛന്‍ താമസിച്ചാണു വരുന്നത്. അമ്മ എപ്പോഴും അച്ഛനെ കുറ്റപ്പെടുത്തും- താമസിച്ചു വരുന്നതിനും മറ്റു സ്ത്രീകളെ കാണുവാന്‍ പോകുന്നതിനും, അമ്മയോട് വിശ്വസ്തത ഇല്ലാതെ ഇടപെടുന്നതിനും മറ്റും മറ്റും.
എന്റെ അമ്മ ഒരു ക്ലര്‍ക്കായി ഗവണ്‍മെന്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഭേദപ്പെട്ട ശമ്പളം അമ്മയ്ക്കും കിട്ടുമായിരുന്നു പക്ഷേ ഏറെ പണവും പുതിയ സാരി വാങ്ങുവാന്‍ അമ്മ ധൂര്‍ത്തടിച്ചു. അതുകൊണ്ട് അമ്മയ്ക്ക് സമ്പാദ്യം ഒന്നുമില്ലായിരുന്നു. അമ്മ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നു പേന, കവറുകള്‍, ലെറ്റര്‍പാഡുകള്‍ തുടങ്ങിയവ എടുത്തു കൊണ്ടു വരുന്ന ശീലവും അവര്‍ക്കുണ്ടായിരുന്നു.
ഞങ്ങള്‍ രണ്ടു കിടക്കമുറികളുള്ള വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. അച്ഛന്റെ മാതാപിതാക്കളും ഞങ്ങളോടൊപ്പം താമസിച്ചിരുന്നു.
പല തരത്തിലും ഞങ്ങളുടെ വീട് സന്തുഷ്ടമായ ഒരു ഭവനം ആയിരുന്നില്ല. പലപ്പോഴും അലമുറയും ശണ്ഠയും. കൂടുതല്‍ വഴക്കും അമ്മയ്ക്കാണ് കിട്ടിയിരുന്നത്. പക്ഷേ കുറച്ച് പങ്കും ഞങ്ങള്‍ക്കും കിട്ടിയിരുന്നു. മിക്ക വഴക്കിലും അച്ഛന്റെ മാതാപിതാക്കളും ഉണ്ടാകും. അമ്മയായിരിക്കും അവിടെ പരാജയപ്പെടുന്നത്. ഞാന്‍ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്, എന്തിനാണെന്റെ അമ്മ ഉറക്കെ കരയുകയും ഞങ്ങളുടെ അയല്‍ വീടുകളില്‍ കൂടി അറിയത്തക്കവണ്ണം ബഹളം വയ്ക്കുകയും ചെയ്യുന്നതെന്ന്! വീട്ടിലെ വഴക്ക് അയല്‍പക്കത്തെല്ലാം അറിയിക്കണമെന്ന് അമ്മയ്ക്ക് എന്തോ വാശിയുള്ളതുപോലെയായിരുന്നു പെരുമാറ്റം. ഇതെനിക്കൊരു സമസ്യയായിരുന്നു.
അച്ഛനോട് പകരം വീട്ടുവാന്‍ വേണ്ടി അമ്മ നല്ല ഭക്ഷണം അച്ഛനും മാതാപിതാക്കള്‍ക്കും കൊടുക്കുമായിരുന്നില്ല. അമ്മയും ഞങ്ങളും നല്ല ആഹാരം ഞങ്ങളുടെ കിടക്കമുറിയിലിരുന്നു രഹസ്യത്തില്‍ കഴിക്കുകയായിരുന്നു പതിവ്.
അമ്മ അച്ഛനോട് പെരുമാറുന്നവിധം എനിക്ക് ഇഷ്ടമായിരുന്നില്ല. അവരുടെ വഴക്ക് കാരണം പലപ്പോഴും രാത്രിയില്‍ ഉറങ്ങാന്‍ പോലും പറ്റില്ല. എനിക്ക് പന്ത്രണ്ട് വയസ്സായ സമയം ഒരു ക്രിസ്തീയ ആരാധനയ്ക്ക് അമ്മ കണ്ടുമുട്ടിയ ഒരു സ്ത്രീയുടെ അടുത്ത് അമ്മ എന്നേയും അനുജനേയും ഒരു ദിവസം കൂട്ടിക്കൊണ്ടുപോയി.
അമ്മ അവരുടെ അടുത്ത് തന്റെ ദുഃഖത്തിന്റെ ഭാണ്ഡം അഴിച്ചു. ഞങ്ങളുടെ വീട്ടിലെ പ്രയാസങ്ങളും കഷ്ടപ്പാടുകളുമെല്ലാം അമ്മ ആ അപരിചിതയുടെ മുന്‍പില്‍ എണ്ണിപ്പെറുക്കിപറയുന്നത് സത്യത്തില്‍ എന്നെ അലോസരപ്പെടുത്തി. പക്ഷേ കേട്ട കാര്യങ്ങളുടെ മുന്‍പില്‍ വളരെ കരുണയോടെ ഞങ്ങളെ സ്വാന്ത്വനിപ്പിക്കുന്ന രീതിയിലാണ് അവര്‍ പെരുമാറിയത്. ഇത് എന്നെ ധൈര്യപ്പെടുത്തി.
മദ്യപനായ ഒരു പിതാവിന്റെ മക്കളെന്ന നിലയില്‍ വീട്ടില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നു ഞങ്ങളെ രക്ഷിക്കുവാന്‍ ഒരനാഥാലയത്തില്‍ ഞങ്ങളെ ആക്കുക എന്നതായിരുന്നു അമ്മയുടെ ഉദ്ദേശ്യം. ഇതിനുവേണ്ടിയാണ് അമ്മ ഈ വനിതയെ സമീപിച്ചതെന്ന് വര്‍ത്തമാനത്തില്‍ നിന്ന് എനിക്കു മനസ്സിലായി.
അമ്മയും ആ മാന്യവനിതയും തമ്മില്‍ സംസാരിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. വളരെ ക്ഷമയോടെയാണ് അമ്മയുടെ പരാതികള്‍ക്കും പരിഭവങ്ങള്‍ക്കും അവര്‍ ചെവികൊടുത്തത്.
അച്ഛനോട് ക്ഷമിക്കുവാന്‍ അവര്‍ അമ്മയെ ഉപദേശിച്ചു. ക്ഷമയോടെ കാത്തിരുന്നാല്‍ ഒരുനാള്‍ അദ്ദേഹത്തിനു മാറ്റം വരാം!
അനാഥാലയത്തെ സംബന്ധിച്ചും അവര്‍ക്ക് അമ്മയുടേതില്‍ നിന്നു വ്യത്യസ്തമായ അഭിപ്രായമാണുണ്ടായിരുന്നത്. അനാഥാലയത്തില്‍ ആക്കിയാല്‍ കുഞ്ഞുങ്ങള്‍ക്ക് വീട്ടില്‍ കിട്ടുന്ന കരുതലും സ്‌നേഹവും ലഭിക്കുമോയെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു. വ്യക്തിപരമായി തനിക്ക് അനാഥാലയങ്ങളൊന്നും അറിയുകയില്ലെന്നും അവര്‍ അറിയിച്ചു.
ആ വനിത എന്നോടു സംസാരിക്കാനും സമയം കണ്ടെത്തി. കൊച്ചുകുട്ടിയാണെന്നു ചിന്തിച്ച് അവര്‍ എന്നെ അവഗണിച്ചില്ല. അച്ഛന് ഒട്ടേറെ കുറവുകള്‍ കാണും; എന്നാല്‍ അദ്ദേഹം പിതാവും കുടുംബത്തിന്റെ നായകനുമാണ്.അതുകൊണ്ട് അദ്ദേഹത്തെ സ്‌നേഹിക്കണം. മാതാപിതാക്കളെ അനുസരിക്കുകയും ബഹുമാനിക്കുകയും വേണം- അവര്‍ എന്നെ ഉപദേശിച്ചു.യേശുക്രിസ്തുവിനെ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടി. ഈ പാപം നിറഞ്ഞ ലോകത്ത് വന്ന യേശു ഇവിടെ പാപമില്ലാതെ ജീവിച്ചു.മാത്രമല്ല, അവിടുന്നു പോരായ്മകളുള്ള തന്റെ മാതാപിതാക്കള്‍ക്കു കീഴടങ്ങി ജീവിച്ചു!
സംഭാഷണം അവസാനിപ്പിച്ചപ്പോള്‍ ഞങ്ങള്‍ ഒന്നിച്ചിരുന്നു പ്രാര്‍ത്ഥിച്ചു. ഏറെ സന്തോഷത്തോടെയാണു ഞങ്ങള്‍ പിരിഞ്ഞത്.
വീണ്ടും വീട്. അന്തരീക്ഷം പഴയതുപോലെ തന്നെ തുടര്‍ന്നു. വീട്ടില്‍ ഞാന്‍ ഏറെക്കുറെ ഏകാകിയായിരുന്നു. വളര്‍ന്നു വരുന്ന പെണ്‍കുട്ടിയെന്ന നിലയില്‍ എനിക്ക് ഒട്ടേറെ സംശയങ്ങളുണ്ടായിരുന്നു; ചോദ്യങ്ങളും. എന്നാല്‍ അമ്മയ്ക്ക് ഇതൊക്കെ കേള്‍ക്കാന്‍ എവിടെ നേരം? ജോലിയും വീട്ടിലെ തിരക്കും കാരണം അമ്മ എന്നോട് കാര്യമായൊന്നും സംസാരിക്കാറുതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ എന്റെ പ്രശ്‌നങ്ങള്‍ അമ്മയോടു പങ്കിടാന്‍ എനിക്കും തോന്നിയില്ല. പക്ഷേ ഞാന്‍ ഒരു കാര്യം തീരുമാനിച്ചു. എന്നെങ്കിലും ഞാന്‍ വിവാഹം കഴിക്കുകയും എനിക്കു കുഞ്ഞുങ്ങളുണ്ടാകുകയും ചെയ്താല്‍ ഞാന്‍ എന്റെ കുഞ്ഞുങ്ങളോടാണ് ഏറെ സമയം ചെലവിടും. അവര്‍ക്കു പറയാനുള്ളതു കേള്‍ക്കും. അവരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കും. പ്രശ്‌നങ്ങള്‍ ഒന്നിച്ചു ചര്‍ച്ച ചെയ്യും.
അമ്മയുടെ മനസ്സില്‍ അനാഥാലയത്തെക്കുറിച്ചുള്ള ചിന്ത മാറിയെങ്കിലും പെണ്‍കുട്ടികളെ താമസിപ്പിച്ചു പഠിപ്പിക്കുന്ന ഒരു ഹോസ്റ്റല്‍ അമ്മ വൈകാതെ കണ്ടെത്തി. വീട്ടില്‍ നിന്നും കുറച്ചകലെയായിരുന്നു അത്. എങ്കിലും അമ്മ അങ്ങനെ തീരുമാനിച്ചു; എന്നെ ഹോസ്റ്റലില്‍ കൊണ്ടുചെന്ന് ആക്കുകയും ചെയ്തു.
വീട്ടിലെ ശ്വാസം മുട്ടിക്കുന്ന അന്തരീക്ഷത്തില്‍ നിന്നു മാറി ഹോസ്റ്റലില്‍. ഹോസ്റ്റലിലെ ജീവിതം എനിക്ക് ഒരു പുതിയ അനുഭവമായിരുന്നു. എന്നാല്‍ ഹോസ്റ്റലില്‍ കഴിയുമ്പോഴും ഞാന്‍ ഇടയ്ക്കിടെ വീട്ടിലെ കാര്യങ്ങള്‍ ഓര്‍ത്തു സങ്കടപ്പെട്ടു. എങ്കിലും സ്‌കൂളില്‍ പോകുന്നതും അവിടെ കൂട്ടുകാരായ മറ്റു കുട്ടികളെ കാണുന്നതും എനിക്ക് ഏറെ സന്തോഷം നല്‍കി.
ഹോസ്റ്റലില്‍ എല്ലാറ്റിനും ഒരു ചിട്ടയുണ്ടായിരുന്നു.അവിടത്തെ ഭക്ഷണം താരതമ്യേന ഭേദമായിരുന്നു; ലളിതമായ സസ്യഭക്ഷണം. ആഴ്ചയിലൊരിക്കല്‍ -ഞായറാഴ്ച- മാത്രം നോണ്‍വെജ്.
അങ്ങനെയിരിക്കുമ്പോള്‍ വല്ലപ്പോഴും മമ്മി കുറച്ചു പണം 'പോക്കറ്റ് മണി'യായി അയച്ചു തരും.ഈ പണം കൊണ്ടു ഞാന്‍ എന്റെ കൊച്ചുകൊച്ച് ആഗ്രഹങ്ങള്‍ നിറവേറ്റി. മടമ്പ് ഉയര്‍ന്ന ഒരു ജോഡി ചെരുപ്പ് എന്റെ സ്വപ്നമായിരുന്നു.അത് ഈ പണം ഉപയോഗിച്ചു ഞാന്‍ വാങ്ങി. ദിവസവും അതു കഴുകിത്തുടച്ച് ഞാന്‍ വൃത്തിയാക്കി വയ്ക്കും.എന്നെ ശുണ്ഠിപിടിപ്പിക്കാന്‍ ഹോസ്റ്റലിലെ കൂട്ടുകാരികള്‍ ചിലപ്പോള്‍ എന്റെ ആ 'വിലപ്പെട്ട സമ്പാദ്യം' അങ്ങോട്ടും ഇങ്ങോട്ടും തട്ടിക്കളിക്കും. ഞാന്‍ തത്രപ്പെട്ട് ഓടിയെത്തി ചെരുപ്പ് പൊന്നുപോലെ സൂക്ഷിച്ചെടുത്തുകൊണ്ടു പോകുമ്പോള്‍ അവര്‍ കൂട്ടച്ചിരി മുഴുക്കും.
ഒരു രാത്രി ഹോസ്റ്റലില്‍ ഒരു പ്രത്യേക പരിപാടി നടന്നു. യേശുവിന്റെ ജീവചരിത്രം ആസ്പദമാക്കിയുള്ള ഒരു ചലച്ചിത്രത്തിന്റെ പ്രദര്‍ശനമായിരുന്നു അത്. യേശുവിനെക്കുറിച്ച് ഗൗരവമായി ഞാന്‍ ചിന്തിച്ച ആദ്യത്തെ സന്ദര്‍ഭമായിരുന്നു അത്. സത്യത്തില്‍ ഞങ്ങളുടെ വീട്ടില്‍ ഒരു ബൈബിള്‍ ഉണ്ടായിരുന്നു. എങ്കിലും അത് ആരും വായിക്കാറില്ലായിരുന്നു.അത് അലമാരയില്‍ പൊടിപിടിച്ച് അങ്ങനെയിരിക്കും. പിന്നെ ഹോസ്റ്റലിലെത്തിയപ്പോഴാണ് അവിടെ പൊതു പ്രാര്‍ത്ഥനയുടെ ഭാഗമായി ബൈബിള്‍ വായിച്ചു കേള്‍ക്കുന്നത്.പക്ഷേ വാസ്തവത്തില്‍ യേശു എനിക്ക് എന്തുചെയ്തു എന്നെനിക്കറിയില്ലായിരുന്നു.അങ്ങനെയിരിക്കെയാണ് ആ ചിത്രം കണ്ടത്.അതിലൂടെയാണ് യേശു ഈ ദുഷ്ടലോകത്തില്‍ ജഡാവതാരം എടുത്തുവന്നതിനെക്കുറിച്ചും എന്റെ പാപങ്ങള്‍ക്കുവേണ്ടി മരിച്ചതിനെക്കുറിച്ചും ഞാന്‍ അറിയുന്നത്.
പാപം - ഞാന്‍ അതിനെക്കുറിച്ചു ഗൗരവമായി ചിന്തിക്കാന്‍ തുടങ്ങി.എന്റെ ജീവിതത്തിലുടനീളം ഞാനതിന്റെ സാന്നിധ്യം കണ്ടു. ഞാന്‍ എത്ര വലിയ ദുഃഖമാണ് എന്റെ മാതാപിതാക്കള്‍ക്ക് ഉണ്ടാക്കിയിട്ടുള്ളത്! എത്ര സ്വാര്‍ഥമതിയായിരുന്നു ഞാന്‍!എന്റെ സാധനങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് എനിക്കു സഹിക്കാനാവുമായിരുന്നില്ല. അതുപോലെ എന്റെ കള്ളത്തരങ്ങള്‍, മോഷണങ്ങള്‍, ദേഷ്യസ്വഭാവം, മറ്റു പാപങ്ങള്‍ തുടങ്ങിയവയെല്ലാം ഒരു ചലച്ചിത്രത്തിലെന്നവണ്ണം എന്റെ മനസ്സില്‍ തെളിഞ്ഞു. ഇതിനെല്ലം വേണ്ടിയാണു യേശു ശിക്ഷിക്കപ്പെട്ടതും എനിക്കു പകരം മരിച്ചതും.
ആ രാത്രി മുറിയിലെ ലൈറ്റണച്ച് ഞാന്‍ ദീര്‍ഘനേരം കരഞ്ഞു. എന്റെ പാപങ്ങള്‍ ക്ഷമിക്കണമെന്നും എന്നെ തന്റെ പൈതലാക്കി മാറ്റണമെന്നും യേശുവിനോട് ഞാന്‍ പ്രാര്‍ത്ഥനയില്‍ അപേക്ഷിച്ചു. ആ നിമിഷം എന്റെ ഹൃദയത്തില്‍ വലിയ സന്തോഷവും സമാധാനവും നിറഞ്ഞു. ആരും എന്നെ സ്‌നേഹിക്കുന്നില്ല എന്നായിരുന്നു അതുവരെ എന്റെ തോന്നല്‍.എന്നാല്‍ പെട്ടെന്ന് എന്നെ സ്‌നേഹിക്കുന്ന ഒരു രക്ഷകന്‍ എനിക്കുണ്ടെന്നു മനസ്സിലായി. ഞാന്‍ യേശുവിന്റെ പൈതലായെന്നും അവിടുന്ന് എന്നെ ഒരു നാളും കൈവിടുകയില്ലെന്നും ഉള്ള ഉറപ്പ് എനിക്കു ലഭിച്ചു.എന്റെ മാതാപിതാക്കളുടെ സ്‌നേഹത്തെ എപ്പോഴും സംശയിച്ചിരുന്ന എന്റെ ഹൃദയത്തില്‍ വലിയൊരു സുരക്ഷിതത്വബോധം പൊടുന്നനെ കൈ വന്നു. ഞാന്‍ എന്റെ കര്‍ത്താവിന്റെ സ്വന്തമാണ്. അവിടുന്ന് എന്റേതും.
ഇങ്ങനെയാണു യേശുവിനെ ഹൃദയത്തില്‍ രക്ഷകനായി സ്വീകരിക്കേണ്ടതെന്ന് ആരും എനിക്കു പറഞ്ഞു തന്നിരുന്നില്ല.പക്ഷേ ഞാന്‍ ആ സുരക്ഷിത ബോധത്തിലേക്കു വന്നു. എങ്ങനെ? എനിക്കറിഞ്ഞുകൂടാ. പക്ഷേ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ എനിക്കു മനസ്സിലാകുന്നുണ്ട് സത്യത്തിലേക്കു വഴി നടത്തുന്ന പരിശുദ്ധാത്മാവാണ് എനിക്ക് ഈ കാര്യങ്ങള്‍ ബോധ്യമാക്കിത്തന്നത്!.
ഇത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇതേപ്പറ്റി ഞാന്‍ വീട്ടിലേക്ക് എഴുതി. എന്റെ അമ്മയും വീട്ടിലുള്ളവരും ഈ സന്തോഷം അറിയണം എന്നായിരുന്നു എന്റെ ആഗ്രഹം.
വൈകാതെ ഞാന്‍ കൗമാരത്തിലേക്കു കടന്നു. എനിക്കു 13 വയസ്സായി.
മധ്യവേനല്‍ അവധിക്കാലത്തു ഞാന്‍ ഹോസ്റ്റലില്‍ നിന്നു വീട്ടിലേക്കുപോയി. അവിടെ ചെന്നപ്പോഴാണ് ഹോസ്റ്റല്‍ ജീവിതത്തിന്റെ വില മനസ്സിലാക്കുന്നത്!.ഹോസ്റ്റല്‍ ജീവിതമായിരുന്നു വീട്ടിലെ പ്രാരാബ്ദങ്ങളെക്കാള്‍ നല്ലത്! ഹോസ്റ്റലില്‍ എല്ലാറ്റിനും ഒരടുക്കും ചിട്ടയും ഉണ്ടായിരുന്നു. അവിടെയിരുന്നു പ്രാര്‍ത്ഥിക്കാമായിരുന്നു. സുഹൃത്തുക്കളോടും വര്‍ത്തമാനം പറയാമായിരുന്നു. പള്ളിയില്‍ കൂട്ടായ്മയ്ക്കു പോകാമായിരുന്നു. ഞങ്ങളെ ഹോസ്റ്റലില്‍ നിന്നു ചിലപ്പോള്‍ വിനോദയാത്രയ്ക്കു കൊണ്ടുപോകുമായിരുന്നു.ഞങ്ങള്‍ ആ സമയത്തിനുവേണ്ടി കാത്തിരിക്കുമായിരുന്നു.ഹോസ്റ്റലിലെ ഈ ഉല്ലാസങ്ങളൊക്കെ വീട്ടില്‍ എനിക്കു നഷ്ടമായി.ഹോസ്റ്റലുമായി താരതമ്യം ചെയ്യുമ്പോള്‍ വീട്ടിലെ ജീവിതം വളരെ ദയനീയമായിരുന്നു.എന്നാല്‍ ഹോസ്റ്റലില്‍ ആയിരുന്നപ്പോള്‍ എനിക്കു നഷ്ടമായ അനുജനുമൊത്തുള്ള കളികള്‍ ഞാന്‍ ഈ ദിവസങ്ങളില്‍ വീണ്ടെടുത്തു.
ഈ പ്രാവശ്യത്തെ വീട്ടിലെ താമസം എന്റെ വളര്‍ച്ചയെക്കുറിച്ചും ജീവിതത്തെ ജാഗ്രതയോടെ സൂക്ഷിക്കേണ്ടതിനെക്കുറിച്ചും എനിക്കു ബോധ്യം തന്നു. വീട്ടില്‍ പലപ്പോഴും ഞങ്ങളുടെ അകന്ന ബന്ധുവായിരുന്ന ഒരു പതിനേഴുകാരന്‍ വരുമായിരുന്നു. പണ്ടില്ലാത്തവിധം വ്യത്യസ്തമായ പെരുമാറ്റം ഇയാളില്‍ കാണുവാന്‍ ഇടയായി. ഞാന്‍ തനിയെ ഇരിക്കുമ്പോഴൊക്കെ ഇയാള്‍ അടുത്തു വരും. സംസാരവും പെരുമാറ്റവും അതിരുവിടുന്നു എന്നു തോന്നിയതോടെ ഞാന്‍ ജാഗ്രത പാലിക്കുവാന്‍ തുടങ്ങി. അയാളില്‍ നിന്ന് അകന്നു മാറി. ആരും എനിക്ക് ഇക്കാര്യങ്ങളൊന്നും പറഞ്ഞു തരുവാന്‍ ഇല്ലായിരുന്നെങ്കിലും ദൈവം ഈ സാഹചര്യത്തില്‍ എനിക്കുവേണ്ട വിവേചനം തന്നു.
ദൈവമാണ് എന്നെ 'അപകട'ത്തില്‍ പെടാതെ സൂക്ഷിച്ചത്. പിന്നീടു കൂട്ടുകാരികളില്‍ നിന്ന്, അവരില്‍ പലര്‍ക്കും ഗാര്‍ഹിക പീഡനങ്ങള്‍ ബന്ധുക്കളില്‍ നിന്ന് ഉണ്ടായത് അറിഞ്ഞപ്പോള്‍ എന്നെ ദൈവം രക്ഷിച്ചതോര്‍ത്തു ഞാന്‍ നന്ദിപറഞ്ഞു. വീട്ടില്‍ നിന്നു തിരികെ ഹോസ്റ്റലിലേക്കു പോന്നതോടെ ഞാന്‍ വീണ്ടും എന്റെതായ ലോകത്തില്‍ സുരക്ഷിതയായി മടങ്ങിയെത്തി.
കൗമാരത്തില്‍നിന്നു ഞാന്‍ മെല്ലെ സ്ത്രീത്വത്തിലേക്കു കടക്കുകയായിരുന്നു.എല്ലാത്തരത്തിലുമുള്ള വികാരങ്ങളും എന്റെ മനസ്സിലേക്കു തള്ളിക്കയറി വരാന്‍ തുടങ്ങി. ഒരിക്കല്‍ ആരാലെങ്കിലും സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിച്ച ഞാന്‍ ഇപ്പോള്‍ ഒരു പുരുഷന്റെ സ്‌നേഹത്തിനായി വാഞ്ഛിക്കുന്നപോലെ. നല്ല ഒരു യുവാവ് എന്നെ സ്‌നേഹിക്കുന്നതായുള്ള പകല്‍ക്കിനാവുകളില്‍ ഞാന്‍ മുഴുകി.ചിന്തകള്‍ ചിലപ്പോള്‍ കടിഞ്ഞാണില്ലാത്ത കുതിരകളായി മാറും!
ഈ സാങ്കല്പിക ലോകം വലിയ അപകടമാണെന്നു ഞാന്‍ വേഗം കണ്ടെത്തി. യേശുവുമായുള്ള എന്റെ ബന്ധത്തെ തടസ്സപ്പെടുത്തുന്ന ശക്തനായ ഒരു മല്ലനാണ് ഈ പകല്‍ സ്വപ്നങ്ങളെന്നു ഞാന്‍ തിരിച്ചറിഞ്ഞു. എന്റെ യഥാര്‍ത്ഥ സ്‌നേഹിതനായ യേശുവുമായി സംസാരിക്കുന്നതിനെക്കാളേറെ സങ്കല്പങ്ങളില്‍ മുഴുകാനായിരുന്നു എന്റെ മനസ്സിന്റെ സ്വാഭാവിക താത്പര്യം. ഈ ശീലത്തില്‍നിന്നു കുതറിമാറുവാന്‍ എനിക്കു കഴിയാതായി.
ഹോസ്റ്റലില്‍ ചില പെണ്‍കുട്ടികള്‍ തമ്മില്‍ അസ്വാഭാവികമായ അടുപ്പങ്ങളുണ്ടായിരുന്നു.അവര്‍ അവരെ സ്വന്തമാക്കി വച്ചിരിക്കുന്നതുപോലെ. അന്യോന്യം ഇവര്‍ അടുപ്പം പ്രകടിപ്പിക്കുന്ന രീതി എന്നെ അലോസരപ്പെടുത്തി. ദൈവം തന്റെ വചനത്തില്‍ (റോമര്‍. 1:26, 27) വിലക്കുകയും വെറുക്കുകയും ചെയ്തിരിക്കുന്ന വഴിവിട്ട ബന്ധങ്ങളാണിവയെന്നു ഞാന്‍ ക്രമേണ മനസ്സിലാക്കി. ഞാന്‍ ഇത്തരം പെണ്‍കുട്ടികളുമായുള്ള ചങ്ങാത്തം ഒഴിവാക്കി.
ഹോസ്റ്റലിലെ മിക്ക കുട്ടികളും തങ്ങളുടെ ജീവിതം യേശുവിനായി സമര്‍പ്പിച്ചവരായിരുന്നില്ല.ഇവര്‍ അന്യോന്യം ഇടയ്ക്കിടെ കലഹിക്കുകയും ആഴ്ചകളോളം മിണ്ടാതിരിക്കുകയും ചെയ്യും.
എന്നാല്‍ ഹോസ്റ്റലില്‍ പ്രസന്നമായ മുഖമുള്ള ഞങ്ങളുടെ ഒരധ്യാപിക ഉണ്ടായിരുന്നു. അവര്‍ യേശുവിനെ സ്‌നേഹിക്കുന്ന പ്രതിബദ്ധതയുള്ള ഒരു ക്രിസ്ത്യാനിയാണെന്നു ഞാന്‍ വൈകാതെ മനസ്സിലാക്കി. അവര്‍ എല്ലാം മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു വനിതയായിരുന്നു. ഞാന്‍ എന്റെ പ്രശ്‌നങ്ങള്‍ അവരുമായി പങ്കിട്ടു. ഓരോ തവണയും വേണ്ട ഉപദേശം തന്നെ അവര്‍ തന്നു. അവരുടെ ശക്തിയുടെയും വിവേകത്തിന്റെയും ഉറവിടം യേശു തന്നെയാണെന്നു ഞാന്‍ കണ്ടെത്തി.
തുടര്‍ന്നു പല വര്‍ഷങ്ങള്‍ ഈ അദ്ധ്യാപിക എന്റെ മാതൃകയായിരുന്നു. ഞാന്‍ ഹോസ്റ്റല്‍വിട്ടശേഷവും അവരുടെ ജീവിതത്തിന്റെ സ്വാധീനം എന്റെമേലുണ്ടായിരുന്നു. വളരെ നാളുകള്‍ കഴിഞ്ഞാണ് അവരുടെ ജീവിതം എങ്ങനെ എന്നെ ആഴത്തില്‍ സ്വാധീനിച്ചു എന്നു ഞാന്‍ തന്നെ മനസ്സിലാക്കിയത്.എന്റെ ജീവിതത്തിലെ ധാരാളം നല്ല കാര്യങ്ങള്‍ക്കു പ്രചോദനം അവരായിരുന്നു!
അവര്‍ ഞങ്ങളോടു ലളിതമായി കാര്യങ്ങള്‍ പറയും. സയന്‍സ് ക്ലാസ്സില്‍ അവര്‍ പൂക്കളെക്കുറിച്ചു പഠിപ്പിക്കുകയാണെന്നിരിക്കട്ടെ. ലില്ലി പുഷ്പങ്ങളെ അവര്‍ വിശുദ്ധിയുടെ പ്രതീകമായി ചിത്രീകരിക്കും. നമ്മുടെ ഭൂമിയിലെ ജീവിതവും ലില്ലി പൂക്കളെപ്പോലെയാണ്. ഇന്നു കാണുന്നു. നാളെ വാടിപ്പോകുന്നു! റോസാപുഷ്പങ്ങള്‍ സൗരഭ്യംപരത്തുന്നതു കൂടുതലും രാത്രിയിലാണ്. പരീക്ഷകളുടെ ഇരുണ്ടരാത്രിയിലൂടെ, പോകുമ്പോള്‍ നമുക്കെങ്ങനെ പരിമളം പരത്താന്‍ കഴിയുമെന്നാണു റോസാപുഷ്പം നമ്മെ പഠിപ്പിക്കുന്നതത്രേ! തണലിലും താഴ്‌വരയിലും വിരിയുന്ന പുഷ്പങ്ങള്‍ അവര്‍ക്കു താഴ്മയുടെയും എളിമയുടെയും പ്രതീകങ്ങളാകും. പല പൂക്കളും പലരുടേയും ശ്രദ്ധയില്‍ പെടാത്തസ്ഥലങ്ങളിലാണു വിരിഞ്ഞു പരിമളം പരത്തുന്നത്. ഇതുപോലെ ആളുകളെ കാണിക്കാനല്ല, ദൈവത്തെ മാത്രം പ്രസാദിപ്പിക്കുന്ന ഒരു ജീവിതമാണു നാം നയിക്കേണ്ടത്. മനോഹരങ്ങളായ എത്ര പുഷ്പങ്ങള്‍ കരുതലില്ലാത്ത കാലടികളുടെ ചുവട്ടില്‍ ഞെരിഞ്ഞമരുന്നു! പക്ഷേ ഒരൊറ്റ പുഷ്പംപോലും തന്നെ ചവുട്ടിയരയ്ക്കുന്ന കാലടികള്‍ക്കെതിരെ പ്രതികരിക്കുന്നില്ല. ഇതില്‍നിന്നു നാം ഉള്‍ക്കൊള്ളണ്ട പാഠം എന്താണ്? അപമാനങ്ങളെ മുറുമുറുപ്പ് കൂടാതെ സഹിക്കാനും മറ്റുള്ളവരോടു വേഗത്തില്‍ ക്ഷമിക്കാനും നാം തയ്യാറാകേണ്ടതുണ്ടെന്നാണ് ഇതു നമ്മെ പഠിപ്പിക്കുന്നത്. ഇത്തരം ഉദാഹരണങ്ങള്‍ എന്റെ ഇളം മനസ്സിനെ ആഴത്തില്‍ സ്വാധീനിച്ചു. എന്റെ സ്വഭാവം കരുപ്പിടിപ്പിക്കുന്നതിനും ഇവ നല്‍കിയ സംഭാവന ചില്ലറയല്ല!.
ഈ അധ്യാപിക ഞങ്ങളുടെ ഹോസ്റ്റലിന്റെ വാര്‍ഡന്‍ കൂടിയായിരുന്നു.ഞങ്ങള്‍ വളരുമ്പോള്‍ ഞങ്ങളെത്തന്നെ എങ്ങനെ സൂക്ഷിക്കണമെന്നും അവര്‍ ഞങ്ങളെ പഠിപ്പിച്ചു. ശുചിത്വബോധമുള്ളവരായിരിക്കണം പെണ്‍കുട്ടികള്‍. കൃത്യമായി കുളിക്കണം. അഴുക്കാകുന്ന ശരീരഭാഗങ്ങളും വിയര്‍ക്കുന്ന സ്ഥലങ്ങളും നന്നായി കഴുകണം. ആര്‍ത്തവത്തെ ഒരു രോഗമായി കാണരുത്. മറിച്ച് സ്രഷ്ടാവ് അത്ഭുതകരമായി സൃഷ്ടിച്ച നമ്മുടെ ശരീരത്തിലെ സ്വാഭാവികമായ ഒരു പ്രക്രിയയാണത്.
ജീവിതത്തില്‍ എല്ലാം സ്വാഭാവികമായ ലാളിത്യത്തോടെ എടുക്കാന്‍ അവര്‍ ഞങ്ങളെ പഠിപ്പിച്ചു. നടക്കേണ്ടപ്പോള്‍ നടക്കണം. കളിക്കേണ്ടപ്പോള്‍ കളിക്കണം. ശരീരത്തിനു നല്ല വ്യായാമം ഉണ്ടായിരിക്കണം. ഞങ്ങള്‍ മെലിഞ്ഞ് 'സ്മാര്‍ട്ടാ'യിരിക്കണം. തടിച്ച് മടിയരായിരിക്കരുത് - അവര്‍ പറയും. ഞങ്ങളോടൊപ്പം കളിക്കാനും അവര്‍ കൂടുമായിരുന്നു.
ഞങ്ങളുടെ മുടിവൃത്തിയായി സൂക്ഷിക്കാന്‍ അവര്‍ പഠിപ്പിച്ചു. അതില്‍ പേനുണ്ടായിരിക്കരുത്. ഹോസ്റ്റലില്‍ താമസിക്കുന്ന പെണ്‍കുട്ടികളില്‍ അതു സാധാരണമാണല്ലോ. ഞങ്ങളുടെ സാധനങ്ങള്‍ മുറിയില്‍ അടുക്കിവയ്ക്കണം. വലിച്ചുവാരി ഇടരുത്. ചുറ്റുപാടുകളും വൃത്തിയായി സൂക്ഷിക്കണം. വസ്ത്രങ്ങള്‍ കൃത്യമായി അലക്കുകയും തയ്യല്‍വിട്ടവ തയ്ക്കുകയും വേണം.
മിക്കപ്പോഴും അവര്‍ സദൃശ വാക്യങ്ങളില്‍ നിന്നുള്ള ജ്ഞാനത്തിന്റെ വചനങ്ങള്‍ ഉദ്ധരിക്കും. ബൈബിളില്‍നിന്നു വാക്യങ്ങള്‍ കാണാതെപഠിക്കുന്നതിനും അവര്‍ പ്രേരിപ്പിക്കും.
സംഗീതക്ലാസ്സുകള്‍ ഞങ്ങള്‍ക്ക് ഏറെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ പല ക്രിസ്തീയഗാനങ്ങളും ശ്രുതിമധുരമായി ആലപിക്കാന്‍ പഠിച്ചു. തനിയെ ഇരിക്കുമ്പോള്‍ അവയില്‍ പലതും ഞാന്‍ മൂളുമായിരുന്നു. നിരാശയോടെ ഇരിക്കുമ്പോള്‍ ഈ വരികള്‍ എന്റെ ആത്മാവിനെ ഉത്തേജിപ്പിക്കും. ദൈവത്തെ എല്ലാ സമയത്തും സ്തുതിക്കണമെന്നും അതില്‍നിന്നു വലിയശക്തി ലഭിക്കുമെന്നും ആ ദിനങ്ങളിലാണു ഞാന്‍ പഠിച്ചത്.
പാഠഭാഗങ്ങള്‍ അന്നന്നു പഠിക്കണമെന്നും വാര്‍ഡന്‍ ഞങ്ങളെ ഉപദേശിക്കും. എല്ലാം പഠിക്കാതെ കൂട്ടിയിട്ടു പരീക്ഷയുടെ തലേന്നു വേവലാതിപ്പെട്ടു പഠിക്കുന്നതില്‍ അര്‍ത്ഥമില്ല. പരീക്ഷകളെ പേടിക്കരുത്. ഉത്സാഹത്തോടെ പഠിക്കുക. പരീക്ഷകളില്‍ കള്ളം കാണിക്കരുത്. അറിയാവുന്നതു ക്രമത്തില്‍ വൃത്തിയായി എഴുതുക. ബാക്കി ദൈവത്തിനു വിട്ടുകൊടുക്കുക. ഞങ്ങളുടെ ഹൃദയം ദൈവത്തില്‍ ഏകാഗ്രമായിരുന്നാല്‍ ഒരുസൈന്യം ഞങ്ങളുടെ നേരെ പാളയമിറങ്ങിയാലും അവിടുന്നു ഞങ്ങളെ പൂര്‍ണ സമാധാനത്തില്‍ കാക്കും (സങ്കീര്‍ത്തനം 27:3) എന്ന ബൈബിള്‍ വാക്യം അവര്‍ ഇതോടനുബന്ധിച്ചു ഞങ്ങളെ പഠിപ്പിച്ചു. പരീക്ഷാസമയത്തുപലരും ആവശ്യമില്ലാതെ ടെന്‍ഷനടിക്കും. എന്നാല്‍ ആ സമയത്തു ശാന്തമായിരിക്കാന്‍ മനസ്സിനെ പഠിപ്പിക്കണമെന്നു വാര്‍ഡന്‍ ഞങ്ങളെ ഉപേദശിച്ചു.
ചരിത്രക്ലാസ്സുകളില്‍ ഇന്ത്യഭരിച്ച രാജാക്കന്മാരെക്കുറിച്ചു മാത്രമല്ല ഇന്ത്യയില്‍ സേവനം അനുഷ്ഠിച്ച മിഷനറിമാരെക്കുറിച്ചും അവര്‍ ഞങ്ങളെ പഠിപ്പിച്ചു. ഈ മിഷനറിമാര്‍ ത്യാഗപൂര്‍ണമായി തങ്ങളുടെ ജീവിതം ഇന്ത്യയെ കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥലമാക്കുന്നതിനു വേണ്ടിയാണ് ഉഴിഞ്ഞുവച്ചത്.
വില്യംകേരിയെക്കുറിച്ച് അവര്‍ ഞങ്ങളോടു പറഞ്ഞു. ഇംഗ്ലണ്ടില്‍ അദ്ദേഹം ഒരു ചെരുപ്പുകുത്തിയായിരുന്നു.എന്നാല്‍ അദ്ദേഹം നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്കു സുവിശേഷം നല്‍കുവാന്‍ വന്നപ്പോള്‍ ഇവിടെ ത്യാഗഭരിതമായ ഒരു ജീവിതമാണു നയിച്ചത്. ഒട്ടേറെ കഷ്ടതകള്‍, തിരിച്ചടികള്‍ എന്നിവയിലൂടെ അദ്ദേഹം കടന്നുപോയി. ഇന്ത്യയിലെ പലഭാഷകളിലേക്കു ബൈബിള്‍ വിവര്‍ത്തനം ചെയ്തു നല്‍കുന്ന അത്ഭുതകരമായ പ്രവൃത്തിക്കു നേതൃത്വം നല്‍കാന്‍ ദൈവം അദ്ദേഹത്തെയാണ് ഉപയോഗിച്ചത്. ഇന്ത്യക്കാര്‍ക്കു പലര്‍ക്കും തങ്ങളുടെ മാതൃഭാഷയില്‍ ദൈവവചനം ലഭ്യമായത് ഈയൊരൊറ്റ മനുഷ്യനിലൂടെയാണ്.
എമി കാര്‍മൈക്കിള്‍ എന്ന മിഷനറി വനിതയെക്കുറിച്ചും അവര്‍ ഞങ്ങളോടു പറഞ്ഞു. അയര്‍ലണ്ടില്‍ നിന്നു തമിഴ്‌നാട്ടിലെ ഡോണാവൂരില്‍ എത്തി അവിടെ അനാഥ പെണ്‍കുട്ടികള്‍ക്കായി ഒരു ഭവനം ആരംഭിച്ചു. മാതാപിതാക്കളാല്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുഞ്ഞുങ്ങളെ എടുത്ത് അവരെ ദൈവത്തെ ഭയപ്പെടുന്ന വനിതാരത്‌നങ്ങളായി വാര്‍ത്തെടുക്കുന്ന മഹത്തായ ശുശ്രൂഷയാണ് എമികാര്‍ മൈക്കിള്‍, തന്റെ മുഴുജീവിതവും ഡോണാവൂരില്‍ ഹോമിച്ചുകൊണ്ട്,പൂര്‍ത്തിയാക്കിയത്.
ജോണ്‍ ഹൈഡ് ( 'പ്രാര്‍ത്ഥനാമനുഷ്യനായ ഹൈഡ്' എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു) എന്ന മിഷനറിയെക്കുറിച്ചും അവര്‍ ഞങ്ങളോടു പറഞ്ഞു. പഞ്ചാബില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അനേകം ആത്മാക്കളെ ക്രിസ്തുവിനായി ആദായപ്പെടുത്തി.
ഈ യഥാര്‍ത്ഥ ജീവിതകഥകള്‍ ഷാജഹാന്‍ ചക്രവര്‍ത്തിയുടെയോ അശോകന്റെയോ ചരിത്ര പാഠങ്ങളെക്കാളേറെ എന്നെ സ്പര്‍ശിക്കുകയും വെല്ലുവിളിക്കുകയും ചെയ്തു.
ഞങ്ങളുടെ ഈ പ്രിയവാര്‍ഡന്‍ ഞങ്ങളോരൊരുത്തരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ ഏറെ സമയം വിനിയോഗിച്ചതില്‍ എനിക്കു വലിയ നന്ദി അവരോടു തോന്നി.പല വ്യത്യസ്ത വിഷയങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് അവരോടു തുറന്നു സംസാരിക്കാമായിരുന്നു. എന്റെ അമ്മ അവരെപ്പോലെയായിരുന്നെങ്കില്‍ എന്നു ഞാന്‍ എത്രയോ വട്ടം ആഗ്രഹിച്ചിട്ടുണ്ട്!
താന്‍ തന്നെ ഒരനാഥയായിരുന്നെന്നു വാര്‍ഡന്‍ എന്നോട് ഒരിക്കല്‍ പറഞ്ഞു.ഡോണാവൂരില്‍ എമികാര്‍മൈക്കിളാണ് അവരെ വളര്‍ത്തിയത്. പ്രായപൂര്‍ത്തിയായപ്പോള്‍ ടീച്ചര്‍ ട്രെയിനിങ് കോഴ്‌സ് പഠിച്ച് അവര്‍ സ്‌കൂളിലും ഹോസ്റ്റലിലും ഈ ഉദ്യോഗം സ്വീകരിക്കുകയായിരുന്നു. അവര്‍ നിഷ്പക്ഷമായി ഞങ്ങളെ എല്ലാം ഒരുപോലെ സ്‌നേഹിച്ചു!.
അച്ചടക്കമുള്ള ഒരു ജീവിതം നയിക്കാന്‍ അവര്‍ എന്നെ ഉത്സാഹിപ്പിച്ചു. ദിനംതോറും ബൈബിള്‍ വായിക്കാനും പ്രാര്‍ത്ഥിക്കാനും സമയം എടുക്കാന്‍ (ദൈവത്തോടു ചേര്‍ന്ന് ഏകാന്തസമയം) താന്‍ ക്രമമായി ശ്രമിക്കാറുണ്ടെന്ന തന്റെ അനുഭവം അവര്‍എന്നോടു പങ്കിട്ടു. എന്നെയും അങ്ങനെ ചെയ്യാന്‍ പ്രോത്സാഹിപ്പിച്ചു. സങ്കല്പങ്ങളില്‍ മുഴുകി ജീവിക്കുന്നത്, കൂട്ടുകാരോടു ചിലപ്പോള്‍ വൈരാഗ്യം പുലര്‍ത്തുന്നത് തുടങ്ങിയ എന്റെ പ്രശ്‌നങ്ങള്‍ ദൈവത്തോടു തുറന്നുപറയാനും ഈ ശീലങ്ങളിന്മേല്‍ ജയം നേടാനും അവര്‍ എന്നെ ഉപദേശിച്ചു.
എന്റെ പിതാവിനോടു ഞാന്‍ നാളുകള്‍ക്കുമുന്‍പേ ക്ഷമിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്രമേണ മറ്റുചിലരോട് കയ്പുള്ള മനോഭാവത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നു. കയ്പ്, വൈരാഗ്യം എന്നിവയോടുള്ള പോരാട്ടം ജീവിതത്തില്‍ ഉടനീളം വേണ്ടതാണെന്നു ഞാന്‍ മനസ്സിലാക്കി.കാരണം ആളുകള്‍ നമ്മെ ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും മുറിവേല്പിക്കാം. പക്ഷേ അവരോടു ക്ഷമിക്കാനും അവരെ സ്‌നേഹിക്കാനുമുള്ള കൃപ ദൈവത്തിനു നല്‍കുവാന്‍ കഴിയും.
ക്രിസ്തുവിന്റെ സുവിശേഷത്തിലുള്ള അത്ഭുതകരമായ ശക്തി എന്നുപറയുന്നത് ഇതാണ്.
എന്റെ ജീവിതത്തില്‍ മാറ്റം സംഭവിക്കണം.പക്ഷേ അതിന് എന്റെ വായനാശീലത്തിലാണ് ആദ്യം മാറ്റം വരേണ്ടത്- അതെനിക്കു ബോധ്യമായി. എന്റെ ഭാവനയെ ഏറെ ഉദ്ദീപിപ്പിക്കുന്നതായതുകൊണ്ട് റൊമാന്റിക് നോവലുകള്‍ വായിക്കുന്നത് എനിക്ക് ഏറെ ഇഷ്ടമായിരുന്നു. എന്നാല്‍ അതെല്ലാം എന്റെ ഹൃദയത്തിലെ അഗ്നിക്ക് ഇന്ധനമായി മാറുകയും സാങ്കല്പിക ചിന്തകളില്‍ മുഴുകുവാനുള്ള എന്റെ ആഗ്രഹത്തെ വര്‍ധിപ്പിക്കുകയുമാണുണ്ടായത്. ആരോഗ്യകരമായ വായനയിലേക്ക് എന്നെ നയിക്കുവാന്‍ വേണ്ടി എന്റെ വാര്‍ഡന്‍സുഹൃത്ത് ഇതിനിടെ അവളുടെ സ്വന്തം പുസ്തകശേഖരത്തില്‍ നിന്നു ചില പുസ്തകങ്ങള്‍ എനിക്കുതന്നു. ഈ പുസ്തകങ്ങള്‍ ക്രമേണ എന്നെ ദൈവത്തിലേക്കു കൂടുതല്‍ അടുപ്പിച്ചു.
തെറ്റായ വായനയില്‍ നിന്ന് എന്നെ വിടുവിക്കണേ എന്നു ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുമായിരുന്നു.മെല്ലെ മെല്ലെ എന്റെ സ്വഭാവത്തില്‍ മാറ്റം ഉണ്ടായി; കാഴ്ചപ്പാടില്‍ വ്യത്യാസം വന്നു. പലതലമുറകളിലെ വിശ്വാസവീരന്മാര്‍, ഇന്ത്യയില്‍ വന്ന മിഷനറിമാര്‍ തുടങ്ങിയവരെപ്പറ്റിയുള്ള ചില പുസ്തകങ്ങള്‍ ഹോസ്റ്റല്‍ ലൈബ്രറിയില്‍ നിന്ന് എനിക്കു കിട്ടി. അങ്ങനെ എന്റെ ചിതറിയ ചിന്തകളെ ക്രമേണ, പക്ഷേ കൃത്യതയോടെ, ഞാന്‍ ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കി. എന്റെ സാങ്കല്പികലോകം മേഘം പോലെ എന്നെ വിട്ടുപോകാനും തുടങ്ങി.ഒടുവില്‍, വളരെ നാള്‍ എന്നെ അടിമയാക്കി വച്ചിരുന്ന ആ മല്ലനില്‍ നിന്നു ഞാന്‍ വിടുതല്‍ നേടി.
ഹോസ്റ്റലില്‍ ഞങ്ങള്‍ക്കു ടെലിവിഷന്‍ സെറ്റ് ഉണ്ടായിരുന്നു. പെണ്‍കുട്ടികള്‍ അവിടെ വന്നിരുന്നു സിനിമകള്‍ കാണും. ഞാനും ചില സിനിമകള്‍ കാണുമായിരുന്നു. പക്ഷേ ഈ സിനിമകള്‍ എന്റെ പഴയ സാങ്കല്പികലോകത്തെ എന്നിലേക്കു മടക്കിക്കൊണ്ടുവരും എന്നെനിക്കു മനസ്സിലായി. അതുകൊണ്ട് ഈ സ്വഭാവത്തില്‍ നിന്നു പൂര്‍ണമായി എന്നെ വിടുവിക്കാന്‍ ഞാന്‍ ദൈവത്തോട് അപേക്ഷിച്ചു.
ഈ പരീക്ഷയില്‍ നിന്നു രക്ഷപ്പെടുവാന്‍ വേണ്ടി ഞാന്‍ വരാന്തയില്‍ സൗകര്യമുള്ള ഒരു മൂല കണ്ടെത്തി വാര്‍ഡന്‍ സുഹൃത്തിനോടൊപ്പം തുന്നല്‍പണിയില്‍ ഏര്‍പ്പെടും.ഹോസ്റ്റലില്‍ ഞങ്ങള്‍ക്ക് ഒരു പ്രദര്‍ശന വില്പന വരുന്നുണ്ടായിരുന്നു. ഇതില്‍ വിറ്റഴിക്കാനായി ചില പ്ലാസ്റ്റിക് കൂടകളും മറ്റും ഉണ്ടാക്കുന്നതിലും ഞാന്‍ മുഴുകി. തയ്യലിലും തുന്നലിലും ഞാന്‍ ഒരു താല്‍പര്യം വികസിപ്പിച്ചെടുത്തു. എന്റെ ജീവിതത്തിന് ഒരു മൂല്യമുണ്ടെന്നു മനസ്സിലാക്കി ഞാന്‍ വസ്ത്രധാരണത്തില്‍ അന്തസ്സ് പാലിക്കാനും തുടങ്ങി.
എന്റെ കാടുകയറുന്ന ചിന്തകളെ കര്‍ത്താവിനോടുള്ള അനുസരണത്തിനായി ക്രമേണ പിടിച്ചടക്കിയെങ്കിലും അതു സത്യത്തില്‍ നിരന്തരമായ ഒരു പോരാട്ടമായിരുന്നു. ചില സമയങ്ങളില്‍ പെണ്‍കുട്ടികള്‍ ടിവിയില്‍ വരുന്ന നല്ല പരിപാടികളെക്കുറിച്ച് പറയും. അപ്പോള്‍ ഞാനവശ്രദ്ധിക്കും. ടിവിയില്‍ വരുന്ന എല്ലാ പരിപാടികള്‍ക്കു നേരേയും കണ്ണടയ്ക്കുന്ന ഒരു 'അതിവിശുദ്ധ'യാകണമെന്ന് എനിക്ക് ആഗ്രഹമില്ലായിരുന്നു. എങ്കിലും മിക്ക ടിവി പരിപാടികളും മനസ്സിനെ മലിനപ്പെടുത്തുന്നതാണെന്നു ഞാന്‍ മനസ്സിലാക്കി.
അങ്ങനെ ഞാന്‍ ദൈവത്തോടു കൂടുതല്‍ അടുക്കാന്‍ തുടങ്ങിയപ്പോള്‍ മറ്റുള്ളവരുടെ ആത്മീയ ആവശ്യങ്ങളില്‍ സഹായിക്കാനുള്ള മനസ്സ് എനിക്കു ദൈവം തന്നു. ആവശ്യത്തിലിരിക്കുന്ന പലര്‍ക്കും എന്നില്‍ വിശ്വാസം തോന്നാനും അവര്‍ എന്നെ സമീപിക്കാനും ഇടയായി.ഏറെയൊന്നും സംസാരിക്കുകയോ ആരോടും മനസ്സു തുറക്കുകയോ ചെയ്യാത്ത ഒരു പെണ്‍കുട്ടിയായിരുന്നു ആദ്യമായി എന്നെ സമീപിച്ചത്. അവള്‍ തന്റെ പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞു. അവളുടെ അമ്മ നേരത്തെ മരിച്ചുപോയി. അച്ഛന് ഇപ്പോള്‍ രണ്ടാമതു വിവാഹം കഴിക്കണം. മകള്‍ വീട്ടിലുണ്ടെങ്കില്‍ അതു പുനര്‍വിവാഹത്തിന് ഒരു തടസ്സമാണ്. അതുകൊണ്ടു തന്നെ അച്ഛന്‍ അവളെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അവളെ ഇവിടെ ഹോസ്റ്റലില്‍ കൊണ്ടുവന്ന് ആക്കിയിരിക്കുന്നത്!
എത്ര ദാരുണമായ കഥ! മാത്രമോ, അച്ഛന്‍ അവളെ തൊട്ടതിനും പിടിച്ചതിനുമൊക്കെ ഉപദ്രവിക്കും. അവളെ അടിക്കും. ചുട്ടുപൊള്ളിക്കും.തന്നെ അടിച്ചതിന്റെയും പൊള്ളിച്ചതിന്റെയും പാടുകള്‍ കാട്ടിത്തരുമ്പോള്‍ അവള്‍ പലപ്പോഴും വിതുമ്പി. അവള്‍ക്ക് ഇനി ഒരിക്കലും വീട്ടില്‍ പോകണമെന്നില്ല.
ചിലപ്പോഴൊക്കെ അവളുടെ പിതാവിന്റെ മാതാവ് - വല്യമ്മച്ചി- അവളെ കാണാന്‍ ഹോസ്റ്റലില്‍ വരും. ചില മധുരപലഹാരങ്ങളും അവര്‍ കൊണ്ടുവരും. എന്നാല്‍ അവള്‍ നിവൃത്തിയുണ്ടെങ്കില്‍ വല്യമ്മച്ചിയോട് മിണ്ടുകയില്ല. വീടു തനിക്കു തന്ന തിക്താനുഭവങ്ങള്‍ അവളുടെ ഹൃദയത്തെ കയ്പും വിദ്വേഷവും കൊണ്ടു നിറച്ചിരുന്നു. അതു തുറന്നു പ്രകടിപ്പിക്കാന്‍ കഴിയാത്തതുമൂലം പലപ്പോഴും അവള്‍ മൗനം കൊണ്ട് പ്രതിരോധം തീര്‍ത്തു.
അവളുടെ ശരീരത്തെക്കാള്‍, മുറിവും ചതവും ഏറ്റത് അവളുടെ മനസ്സിനാണെന്ന് എനിക്കു മനസ്സിലായി. ഞാന്‍ ആര്‍ദ്രതയോടെ അവളോടു സംസാരിച്ചു. ഞങ്ങള്‍ അന്യോന്യം ഞങ്ങളുടെ ചിന്തകള്‍ പങ്കുവയ്ക്കുവാന്‍ തുടങ്ങി. ഒന്നിച്ചു പ്രാര്‍ത്ഥിക്കുവാനും തുടങ്ങി. വൈകിയില്ല, അവള്‍ കര്‍ത്താവിനായി തന്റെ ജീവിതം സമര്‍പ്പിച്ചു. യേശുവിനെ രക്ഷകനായി സ്വീകരിച്ചു.ഇതെന്നെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്! ഒടുവില്‍ ഞാനിതാ ഒരാത്മാവിനെ രക്ഷകന്റെ സവിധത്തില്‍ കൊണ്ടുവന്നിരിക്കുന്നു! തുടര്‍ന്നു ഞങ്ങള്‍ ഞങ്ങളുടെ കുടുംബത്തിനായും ഞങ്ങളെപ്പോലെ ആന്തരികമായി മുറിവേറ്റ മറ്റു പെണ്‍കുട്ടികള്‍ക്കായും പ്രാര്‍ത്ഥിക്കാന്‍ ആരംഭിച്ചു.
ഞങ്ങളുടെ ഹോസ്റ്റലില്‍ തന്നെ വൈകല്യങ്ങളുള്ള ചിലകുട്ടികള്‍ ഉണ്ടായിരുന്നു. അവരെ ഗര്‍ഭത്തിലുണ്ടായിരുന്നപ്പോള്‍ അവരുടെ അമ്മമാര്‍ ഗര്‍ഭച്ഛിദ്രത്തിനായി കഴിച്ച മരുന്നുകളായിരുന്നു അവരില്‍ പലരുടെയും ശാരീരിക, മാനസിക വൈകല്യത്തിന്റെ കാരണം. ഇത്തരത്തില്‍ ഹോസ്റ്റലിലുണ്ടായിരുന്ന ഒരു കുട്ടിക്കു പല്ലുകള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഇതുപോലെ മറ്റൊരു കുട്ടിയുടെ മാനസിക വൈകല്യം അവളെ പഠിത്തത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ കഴിവില്ലാത്തവളാക്കി. അവളെ സ്ഥിരമായി ഹോസ്റ്റലില്‍ 'അടുക്കള ഡ്യൂട്ടി'ക്കാണ് ഇട്ടിരുന്നത്.
ഈ വൈകല്യമുള്ള കുട്ടികളെ മറ്റു കുട്ടികള്‍ പരിഹസിക്കും. നിന്ദിക്കും. ഇതെന്നെ ഏറെ വേദനിപ്പിച്ചു. ചിലപ്പോഴൊക്കെ ഞാനവരെക്കുറിച്ചോര്‍ക്കും- ''പാവങ്ങള്‍, അവരെന്തു പിഴച്ചു? ജീവിതം കാലം മുഴുവന്‍ അവര്‍ അവരുടെ അമ്മമാരുടെ പാപത്തിന്റെ ഫലം അനുഭവിക്കണമല്ലോ! ഇതിന്റെ കാരണമെന്താണ്?'' ഈ നിഗൂഢതയ്ക്ക് ഒരു ഉത്തരം എത്ര ആലോചിച്ചിട്ടും എനിക്കു ലഭിച്ചില്ല. പക്ഷേ അവരുടെ സ്‌നേഹിതയാകണമെന്നു ഞാന്‍ തീരുമാനിച്ചു. അങ്ങനെ അവരുടെ ഇരുളടഞ്ഞ ജീവിതത്തില്‍ കുറച്ചെങ്കിലും ആഹ്ലാദംകൊണ്ടുവരാന്‍ കഴിയുമല്ലോ. ഈ കാര്യത്തിനുവേണ്ടിയാണു ദൈവം എന്നെ ഈ ഹോസ്റ്റലില്‍ ആക്കിയിരിക്കുന്നതെന്നും ഞാന്‍ കരുതി.
അമ്മമാര്‍ മരിച്ചു പോയി രണ്ടാനമ്മമാരുടെ പീഡനങ്ങള്‍ സഹിക്കേണ്ടി വരുന്ന ചില പെണ്‍കുട്ടികളും ഹോസ്റ്റലിലുണ്ടായിരുന്നു. അത്തരം പെണ്‍കുട്ടികള്‍ക്ക് എല്ലാസ്ത്രീകളോടും വെറുപ്പായിരുന്നു. മറ്റു ചില പെണ്‍കുട്ടികള്‍ പിതാക്കന്മാരാല്‍ പോലും പീഡിപ്പിക്കപ്പെട്ടവരും അതുകൊണ്ടുതന്നെ പുരുഷവര്‍ഗ്ഗത്തെ മൊത്തത്തില്‍ വെറുക്കുന്നവരുമായിരുന്നു. മറ്റു ചിലര്‍ എല്ലാവരോടും ധിക്കാരത്തോടെ സംസാരിക്കും- ഭൂതകാലത്തിലെ ചില തിക്താനുഭവങ്ങള്‍ മൂലം അവര്‍ എത്തിപ്പെട്ട മാനസികാവസ്ഥയായിരുന്നു ഇതിനു കാരണം.
എന്നാല്‍ പെണ്‍കുട്ടികളായ ഞങ്ങള്‍ക്കെല്ലാവര്‍ക്കും മോശമായ മാനസികാവസ്ഥയുള്ള ചില ദിവസങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ ഞങ്ങളുടെ വാര്‍ഡന്‍ ഞങ്ങളോട് എപ്പോഴും വളരെ ക്ഷമയോടെ പെരുമാറി. അവര്‍ ഞങ്ങളോടൊത്തു സമയം ചെലവഴിച്ചു, ഞങ്ങളോടു സംസാരിച്ചു, ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. പലരും കര്‍ത്താവായ യേശുവിലേക്കു തിരിയാന്‍ അവര്‍ മുഖാന്തരമായി. ഞങ്ങളുടെ ദേഷ്യം പിടിച്ചുള്ള പൊട്ടിത്തെറികള്‍,മോശമായ മാനസികാവസ്ഥ,തെറ്റായ പെരുമാറ്റം എന്നിവയെയെല്ലാം അതിജീവിക്കാനുള്ള കൃപ ക്രമേണ ഞങ്ങള്‍ കണ്ടെത്തി.
'ഒരു പെണ്‍കുട്ടി വാതില്‍ പോലെ ആകരുത്; മറിച്ച് മതില്‍ പോലെ ആയിരിക്കണം': ഉത്തമഗീതത്തിലാണു ഞാന്‍ അങ്ങനെ വായിച്ചത് (8:9). എന്നു വച്ചാല്‍ പെണ്‍കുട്ടി അന്യപുരുഷന്മാരെ സംബന്ധിച്ചിടത്തോളം പെരുമാറ്റത്തിലും സ്വാതന്ത്ര്യത്തിലും ഒരു മതില്‍ പോലെ അടഞ്ഞതായിരിക്കണം. ഒരു വാതില്‍ പോലെ എപ്പോഴും തുറന്നു കിടക്കരുത്.
ഞങ്ങളുടേത് ഒരു 'പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍' ആയിരുന്നു. അതുകൊണ്ടുതന്നെ പുരുഷന്മാര്‍ക്ക് അവിടെ പ്രവേശനം ഉണ്ടായിരുന്നില്ല. ഹോസ്റ്റലിലെ ചില പെണ്‍കുട്ടികള്‍ക്ക് പൊതുവേ പുരുഷന്മാരെക്കുറിച്ചു വന്യമായ ചില സ്വപ്നങ്ങളാണുണ്ടായിരുന്നത്. അതുകൊണ്ടു പള്ളിയിലോ പട്ടണത്തിലോ വച്ച് പുരുഷന്മാരെ കാണാനിടയായാല്‍ അവര്‍ അസ്വസ്ഥരാകും. അല്ലെങ്കില്‍ ഇളകിച്ചിരിക്കും. അല്ലെങ്കില്‍ മടയത്തരമായി പെരുമാറും.
പുരുഷന്മാരോട് എങ്ങനെ പെരുമാറണമെന്ന് മനസ്സിലാക്കാന്‍ ഞങ്ങളുടെ വാര്‍ഡന്‍ ഞങ്ങളെ സഹായിച്ചു. വാര്‍ഡന്‍ ഞങ്ങളോടു പറഞ്ഞത് അവരോടു സ്വാഭാവികമായി പെരുമാറാനും സംസാരിക്കാനുമാണ് . ഞങ്ങളുടെ ശ്രദ്ധ ഏതെങ്കിലും ഒരു പ്രത്യേക പുരുഷനില്‍ കേന്ദ്രീകരിക്കുന്നത് അപകടകരമാണെന്ന് അവര്‍ ഞങ്ങളോടു പറഞ്ഞു. അത് വിവാഹത്തിന്റെ ഘട്ടത്തില്‍ മതിയെന്നായിരുന്നു അവരുടെ ഉപദേശം. പുരുഷന്മാരോടു സംസാരിക്കുമ്പോള്‍ പൊതുവായ വിഷയങ്ങള്‍ മാത്രം സംസാരിക്കുക. വ്യക്തിപരമായ കാര്യങ്ങള്‍ സംസാരിക്കാതിരിക്കുന്നതാണു വിവേകം. പുരുഷന്മാരോടു സ്വാഭാവികമായി നമ്മള്‍ ഇടപഴകാന്‍ പാടില്ല എന്നല്ല" ഒരു മതില്‍" ആയിരിക്കുക എന്നതിന്റെ അര്‍ഥം. മറിച്ച് നമ്മള്‍ ജ്ഞാനത്തോടെ, വിനയത്തോടെ, ഇടപെടുകയാണു വേണ്ടത്. വാര്‍ഡന്റെ ഉപദേശങ്ങള്‍, പുരുഷന്മാരെ കാണുമ്പോള്‍ അവരില്‍ നിന്ന് ഓടിയൊളിക്കുന്നതിനു പകരം അവരോടു സ്വാഭാവികമായി പെരുമാറുന്നതിനു ഞങ്ങളെ സഹായിച്ചു!
പക്ഷേ ഹോസ്റ്റലില്‍, കൂട്ടില്‍ കഴിയുന്ന കിളികളെപ്പോലെയാണു തങ്ങള്‍ കഴിയുന്നതെന്നു ചില പെണ്‍കുട്ടികള്‍ കണക്കാക്കി. കൂട്ടിലകപ്പെട്ട കിളികളെപ്പോലെ അവര്‍ സദാസമയവും അസ്വസ്ഥരായിരുന്നു. ഹോസ്റ്റലില്‍ ഞങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളെ അവര്‍ വെറുത്തു. അവര്‍ പരിധികളില്ലാത്ത സ്വാതന്ത്ര്യത്തിനുവേണ്ടി കൊതിച്ചു. പക്ഷേ യഥാര്‍ത്ഥസ്വാതന്ത്ര്യം, കര്‍ത്താവായ യേശുവിനാല്‍ എല്ലാബന്ധനങ്ങളില്‍ നിന്നും സ്വതന്ത്രയാക്കപ്പെട്ട് ദൈവപൈതലായിരിക്കുന്നതാണെന്നു ഞാന്‍ കണ്ടെത്തി. ഹോസ്റ്റലിലെ എല്ലാ നിയമങ്ങളും ഞങ്ങളുടെ നന്മയ്ക്കാണ്. അത് ഞങ്ങള്‍ക്കു തന്നെ വ്യക്തമല്ലാത്ത ഒട്ടെറെ അപകടങ്ങളില്‍ നിന്നു ഞങ്ങളെ രക്ഷിക്കും- ഞാന്‍ അങ്ങനെയാണു കരുതിയത്.
ബൈബിളിലെ ദീന എന്ന പെണ്‍കുട്ടിയുടെ കഥ ഒരിക്കല്‍ വാര്‍ഡന്‍ ഞങ്ങളോടു പറഞ്ഞു. വീടുവിട്ടു പട്ടണം കാണാന്‍ പോയ അവള്‍ തന്റെ ജീവിതം ആകെ കുഴപ്പത്തിലാക്കി. തന്റെ കുടുംബാംഗങ്ങള്‍ക്കും ഏറെ കുഴപ്പം അവള്‍ ഉണ്ടാക്കി. ആ കഥ ഞാന്‍ മുന്‍പു കേട്ടിരുന്നില്ല. എന്നാല്‍ വാര്‍ഡന്‍ പറഞ്ഞു കഴിഞ്ഞശേഷം ഉല്‍പത്തി 34-ാം അധ്യായത്തില്‍ നിന്നു ഞാന്‍ ആ കഥ മുഴുവന്‍ വായിച്ചു മനസ്സിലാക്കി. ഉത്തരവാദിത്തമില്ലാതെ അലഞ്ഞു നടക്കരുതെന്ന് എല്ലാ പെണ്‍കുട്ടികള്‍ക്കും ദൈവം നല്‍കുന്ന ശക്തമായ മുന്നറിയിപ്പായാണു ഞാന്‍ അതു മനസ്സിലാക്കിയത്. ദീനായുടെ പെരുമാറ്റം ഒരു വലിയ യുദ്ധത്തിനു തന്നെ വഴിതെളിച്ചു. ഒട്ടേറെ ആളുകള്‍ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യം തേടി മാതാപിതാക്കളെ ധിക്കരിച്ചു പുറപ്പെട്ടു പോകുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ദീന നല്‍കുന്നതു ശക്തമായ മുന്നറിയിപ്പാണ്.
ഹോസ്റ്റലില്‍ ഞങ്ങള്‍ മിക്കവാറും ലളിതമായ വസ്ത്രങ്ങളാണു ധരിക്കാറുള്ളത്. ഇതിന്റെ അര്‍ഥം ഞങ്ങള്‍ ഹൃദയത്തിലും ലാളിത്യമുള്ളവരാണെന്നല്ല. പല പെണ്‍കുട്ടികളും ഇറുകിയ വസ്ത്രങ്ങളും ടിവിയില്‍ അവര്‍ കാണുന്ന നടികളെ അനുകരിച്ച് അവരുടെ മേക്അപ്പും ലിപ്സ്റ്റിക്കും ഇടാനും ആഗ്രഹിച്ചു.
അവരുടെ ഇടയില്‍ ഒറ്റപ്പെട്ടു നില്ക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതേസമയം അവരെപ്പോലെ വസ്ത്രധാരണം ചെയ്യാനും ഞാന്‍ താത്പര്യപ്പെട്ടില്ല. യേശുവിന്റെ ഒരു ശിഷ്യന്‍ ഈ ലോകത്തില്‍, "ക്രിസ്ത്യാനികള്‍" എന്നറിയപ്പെടുന്നവര്‍ക്കിടയിലും, ഇണങ്ങിപ്പോകുകയില്ലെന്നു ഞാന്‍ മനസ്സിലാക്കി. പല പെണ്‍കുട്ടികളും പുരുഷന്മാര്‍ക്ക് ആകര്‍ഷണം തോന്നുവാനാണ് വസ്ത്രധാരണം ചെയ്യുന്നത്. ഇതിനിടയില്‍ ഏതുതരം വസ്ത്രമാണു ഞാന്‍ ധരിക്കേണ്ടതെന്നു തീരുമാനിക്കുക ഏളുപ്പമായിരുന്നില്ല. ഏതായാലും പുരുഷന്മാര്‍ തുറിച്ചുനോക്കുന്ന മട്ടിലുള്ള വസ്ത്രം ധരിക്കുകയില്ലെന്നത് ഇതു സംബന്ധിച്ച അടിസ്ഥാനപ്രമാണമാക്കി ഞാന്‍ മാറ്റി. ഞങ്ങള്‍ പെണ്‍കുട്ടികള്‍ ഒരു സംഘമായി പോകുമ്പോള്‍ എപ്പോഴും ആണ്‍കുട്ടികള്‍ ദുര്‍മ്മോഹത്തോടെ നോക്കുന്നത് എനിക്കു കാണാമായിരുന്നു. ഇതിന്റെ മധ്യത്തില്‍ വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ കര്‍ത്താവിന്റെ ഉത്തമസാക്ഷിയായിരിക്കാനും അതേസമയം ഒറ്റപ്പെട്ട അവസ്ഥയിലാകാതിരിക്കാനും ഞാന്‍ ജാഗ്രത കാട്ടി.
ഹോസ്റ്റല്‍ അധികൃതര്‍ക്ക് എപ്പോഴും കീഴടങ്ങിയിരിക്കുന്നതു ഞങ്ങള്‍ ക്കാര്‍ക്കും ആസ്വാദ്യകരമായിരുന്നില്ല. ചില പെണ്‍കുട്ടികള്‍ മത്സരിക്കുകയും രഹസ്യത്തില്‍ പലതും ചെയ്യുകയും പതിവായിരുന്നു. അവരില്‍ ചിലരെ കയ്യോടെ പിടിച്ചു. അവര്‍ വലിയ കുഴപ്പത്തിലാവുകയും ചെയ്തു.
ഹോസ്റ്റലിലെ ഒരു പെണ്‍കുട്ടി തന്റെ ബോയ്ഫ്രണ്ട്‌സിനെക്കുറിച്ചു എപ്പോഴും പ്രശംസിച്ചു പറയുകയും വസ്ത്ര ധാരണത്തില്‍ അത്യന്താധുനിക രീതികള്‍ അവലംബിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം അവള്‍ രോഗിയെപ്പോലെ അവശനിലയില്‍ ആയിരിക്കുന്നതു വാര്‍ഡന്റെ ശ്രദ്ധയില്‍പെട്ടു. ഉടനെ അവളെ ഡോക്ടറുടെ അടുത്തേക്ക് അയച്ചു. അപ്പോഴാണ് അവള്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്!! അവളോട് ഉടനെ ഹോസ്റ്റല്‍ വിട്ടു പോകുവാന്‍ ആവശ്യപ്പെട്ടു. അവള്‍ക്ക് അപമാനത്തോടെ വീട്ടിലേക്കു പോകേണ്ടിവന്നു. അവള്‍ക്ക് എന്തോ കുഴപ്പമുണ്ടെന്ന് എനിക്കെപ്പോഴും തോന്നിയിരുന്നു. പ്രത്യേകിച്ചും പുരുഷന്മാരുടെ സാന്നിധ്യത്തില്‍ അവള്‍ തന്നെത്തന്നെ മുന്‍പന്തിയിലേക്കുകൊണ്ടു വരുവാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍.
പുരുഷന്മാരോടൊപ്പം- അതു ബന്ധുക്കളായാലും- തനിയെ ആയിരിക്കുന്നതു ഒഴിവാക്കുന്നതാണു സുരക്ഷിതം എന്നെനിക്കറിയാമായിരുന്നു. നാശത്തിലേക്കുള്ള പാത പെട്ടെന്നു താഴോട്ടുള്ള ഒരു പതനമാണ്. വീഴ്ച തടയുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍ കഴിയുന്നതിനു മുന്‍പുതന്നെ അതു സംഭവിച്ചിരിക്കും.
തങ്ങളുടെ സൗന്ദര്യത്തെക്കുറിച്ചും മെലിഞ്ഞു നീണ്ട ശരീരത്തെക്കുറിച്ചും വലിയ അഭിമാനമുള്ള ചില പെണ്‍കുട്ടികള്‍ ടിവിയില്‍ അവര്‍ കാണുന്ന സിനിമാനടിമാരെപ്പോലെ ചുറ്റിത്തിരിഞ്ഞു നടക്കും. അവരാണ് ഏറ്റവും കൂടുതല്‍ അപകടത്തില്‍പെടുന്നത്. ബസില്‍ ഞങ്ങള്‍ പട്ടണത്തില്‍ പോകുമ്പോള്‍ പുരുഷന്മാര്‍ ഈ കുട്ടികളെ ശരീരത്തില്‍ അങ്ങിങ്ങ് ഉപദ്രവിക്കും. തങ്ങളുടെ വസ്ത്രധാരണം കൊണ്ടും നടപ്പുകൊണ്ടും അവര്‍ കുഴപ്പം വിലയ്ക്കു വാങ്ങുന്നവരാണ്!
ഇത്തരം കുഴപ്പക്കാരായ പുരുഷന്മാരില്‍ നിന്നു രക്ഷനേടാന്‍ ഞാന്‍ ഒരു വഴി കണ്ടെത്തി. ബസ്സിലോ തെരുവിലോ ആള്‍ക്കൂട്ടത്തില്‍ പോകുമ്പോള്‍ ഹാന്‍ഡ് ബാഗുകൊണ്ട് ഞാന്‍ എന്റെ ശരീരത്തിന്റെ മുന്‍ഭാഗം സുരക്ഷിതമാക്കും. മര്യാദയില്ലാത്ത അത്തരം യുവാക്കളില്‍ നിന്നു ഞാന്‍ കഴിയുന്നിടത്തോളം അകലം പാലിച്ചു.
ചില സന്ദര്‍ഭങ്ങളില്‍ പട്ടണത്തില്‍ പോയി മടങ്ങുമ്പോള്‍ ഏതെങ്കിലും ഒരു ആണ്‍കുട്ടി ഞങ്ങളിലേതെങ്കിലും ഒരു പെണ്‍കുട്ടിയെ പിന്‍തുടര്‍ന്നു വരും. ചിലപ്പോള്‍ അവന്‍ ഇത് ആവര്‍ത്തിക്കും. ചിലപ്പോള്‍ അവന്‍ ധൈര്യം സംഭരിച്ച് അവളോട് 'ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' എന്നോ മറ്റോ പറയും. ഇത്തരക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഞങ്ങള്‍ വാര്‍ഡനോട് ഉപദേശം ചോദിച്ചു.
ഇത്തരം 'റോമിയോ' മാരെ കഠിനമായവാക്കുകള്‍കൊണ്ട് ആക്ഷേപിക്കരുതെന്നായിരുന്നു അവരുടെ ആദ്യത്തെ ഉപദേശം. കാരണം അവരെ നിര്‍ദ്ദയമായി തഴഞ്ഞാല്‍ അവര്‍ ചിലര്‍ ശാരീരികമായി ഉപദ്രവിക്കാനും മടിക്കുകയില്ല. അത്തരം ചില യഥാര്‍ത്ഥസംഭവങ്ങള്‍ അവര്‍ ഞങ്ങളോടു പറഞ്ഞു. തങ്ങളെ ആക്ഷേപിച്ച പെണ്‍കുട്ടികളോടു പകരം വീട്ടാന്‍ ചില ചെറുപ്പക്കാര്‍ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ചിട്ടുണ്ടത്രേ! ഇതേ സമയം ഇത്തരം റോമിയോമാരെ ഒരു വിധത്തിലും പ്രോത്സാഹിപ്പിക്കരുതെന്നും അവര്‍ ഞങ്ങളോടു പറഞ്ഞു. അത്തരക്കാരെ കൈകാര്യം ചെയ്യാന്‍ ഞങ്ങള്‍ക്കു വലിയ വിവേകം ആവശ്യമുണ്ട്. അവരെ അവഗണിക്കുകയാണു ഭേദം. അവരോട് മറുപടിയായി ഒന്നും സംസാരിക്കുകയോ അവരെ നോക്കുകയോ ചെയ്യാതെ ഒഴിവാക്കുകയായിരിക്കും നല്ലത്.
ഞങ്ങള്‍ പെണ്‍കുട്ടികള്‍, നിഷ്‌ക്കളങ്കരായ പറവകളെപ്പോലെയാണെന്ന് വാര്‍ഡന്‍ ഞങ്ങളോടു പറഞ്ഞു. ഞങ്ങള്‍ക്കായി സാത്താന്‍ വലകളും കെണികളും ഒളിപ്പിച്ചു വച്ചിരിക്കുന്നു! കൗമാരത്തിലും ഇരുപതുകളുടെ പ്രാരംഭവര്‍ഷങ്ങളിലും ഞങ്ങള്‍ കെണിയില്‍ വീഴാന്‍ സാധ്യത ഏറെയാണ്.ആണ്‍കുട്ടികളില്‍ ആരെങ്കിലും ഞങ്ങളെ " സ്‌നേഹത്തിന്റെയും പ്രേമത്തിന്റെയും വാക്കുകളുമായി " സമീപിച്ചാല്‍ അത്തരം വാക്കുകളെ ഗൗരവമായി എടുക്കുകയോ നക്ഷത്രക്കണ്ണുകളോടെ പകല്‍ സ്വപ്നങ്ങളില്‍ മുഴുകുകയോ സങ്കല്പലോകത്തു കൊട്ടാരങ്ങള്‍ കെട്ടുകയോ ചെയ്യരുതെന്ന് വാര്‍ഡന്‍ ഞങ്ങളെ ഉപദേശിച്ചു.
തങ്ങളെ വിവാഹം കഴിച്ചില്ലെങ്കില്‍ ആത്മഹത്യചെയ്തുകളയുമെന്നു പറയുന്ന ചെറുപ്പക്കാര്‍ക്കെതിരെയും അവര്‍ ഞങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കി. പെട്ടെന്നു വിവാഹം നടക്കാന്‍ പെണ്‍കുട്ടിയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ഇത്തരം വാക്കുകള്‍. ഇത്തരം ഭീഷണികള്‍ക്കു മുമ്പില്‍ ബുദ്ധിമതിയായ ഒരു പെണ്‍കുട്ടിയും വീഴുകയില്ല. ഇത്തരം ഭീഷണികള്‍ക്കു വഴങ്ങി അവരെ വിവാഹം കഴിച്ചാലോ? അവര്‍ ഇവരുടെ വീട്ടിലെ അടിമകള്‍ (ഭാര്യമാരല്ല) ആയി മാറും! ഇത്തരം വിവാഹങ്ങള്‍ വളരെവേഗം വിവാഹമോചനങ്ങളില്‍ ചെന്നവസാനിക്കും. അവന്‍ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തുന്നതുവരെയുള്ള ആയുസ്സേ ഇത്തരം വിവാഹങ്ങള്‍ക്ക് ഉണ്ടാകുകയുള്ളു!! വിദ്യാഭ്യാസം ഇല്ലാത്തവരും കുടുംബത്തെ പോറ്റാന്‍ വരുമാനമില്ലാത്തവരും തൊഴില്‍ രഹിതരുമായ ചെറുപ്പക്കാരാണു പലപ്പോഴും ആത്മഹത്യാഭീഷണി മുഴക്കുന്നത്!
ഇത്തരം കെണികളില്‍ വീഴുന്നതില്‍ നിന്നു രക്ഷിക്കണേ എന്നു ദൈവത്തോട് അപേക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയുമാണ് ഏറ്റവും നല്ല വഴിയെന്ന് വാര്‍ഡന്‍ ഞങ്ങളോടു പറഞ്ഞു. ''ദൈവം നമ്മെ കെണികളില്‍ നിന്നും കുടുക്കുകളില്‍ നിന്നും വിടുവിക്കും''- സങ്കീര്‍ത്തനം 91:3 നല്‍കുന്ന വാഗ്ദാനം അതാണ്. ആ വാഗ്ദാനം വിശ്വാസത്തോടെ അവകാശപ്പെടാന്‍ അവര്‍ ഞങ്ങളെ ഉത്സാഹിപ്പിച്ചു.''ദൈവത്തെ എല്ലാറ്റിലും പ്രസാദിപ്പിക്കുക' 'നന്നായി പഠിക്കുക' ഇതു രണ്ടും ജീവിതാഭിലാഷമാക്കാന്‍ അവര്‍ ഞങ്ങളോടു പറഞ്ഞു. നന്നായി പഠിച്ച് ഒരു തൊഴില്‍ നേടുക. ദൈവം എപ്പോഴും ഞങ്ങളെ ശ്രദ്ധിക്കുന്നു. തന്നെ ഞങ്ങള്‍ മാനിച്ചാല്‍ ഞങ്ങള്‍ക്ക് ഏറ്റവും യോജ്യരായ ജീവിതപങ്കാളികളെ കൃത്യസമയത്ത് അവിടുന്നു ഞങ്ങള്‍ക്കു തരും- വാര്‍ഡന്‍ ഞങ്ങളെ ധൈര്യപ്പെടുത്തി.
ഞങ്ങള്‍ അന്തസോടെയും സംയമനത്തോടെയും ഇടപെട്ടാല്‍ മിക്ക ആണ്‍കുട്ടികളും ഞങ്ങളെ ബഹുമാനിക്കുമെന്ന് വാര്‍ഡന്‍ ഞങ്ങളോടു പറഞ്ഞു. പക്ഷേ അത്തരക്കാരെ സംബന്ധിച്ചു പോലും ഞങ്ങള്‍ ആണ്‍കുട്ടികളെ ഒരകലത്തില്‍ നിര്‍ത്തണം. അടുത്തബന്ധത്തിനു പോകരുത്. അങ്ങനെ സംഭവിച്ചാല്‍ ദുര്‍ബലനിമിഷത്തില്‍ പാപത്തില്‍ വീണുപോകുകയോ വിവാഹത്തിനു സമ്മതം കൊടുക്കുകയോ ചെയ്തുപോയേക്കാം. കുറഞ്ഞത് 20 വയസ്സാകാതെ ഒരാളെപ്പോലും ഭാവി വരനായി കാണരുത്. ഞങ്ങള്‍ അല്പം കൂടി പക്വത നേടുമ്പോള്‍- ആത്മീയമായും വികാരപരമായും- മാത്രം ഇക്കാര്യം വിവേകത്തോടെയും ജ്ഞാനത്തോടെയും പരിഗണിച്ചാല്‍ മതി: വാര്‍ഡന്‍ പറഞ്ഞു.
ഈ നല്ല ഉപദേശങ്ങള്‍ക്കെല്ലാം ഞാന്‍ വാര്‍ഡനോട് നന്ദിയുള്ളവളായിരുന്നു. കാരണം യൗവനത്തില്‍ മടയത്തരങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞു നില്‍ക്കാന്‍ ഈ ഉപദേശങ്ങള്‍ കുറച്ചൊന്നുമല്ല എന്നെ സഹായിച്ചത്!
ഹോസ്റ്റലിന്റെ അന്തേവാസിനികളായ ഞങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും ഓരോ ചുമതല ഉണ്ട്. അതു തവണ വച്ച് ഞങ്ങള്‍ ചെയ്യണം- പൂന്തോട്ട പരിപാലനം, അടുക്കളയിലും ചാപ്പലിലും സഹായിക്കുക, വസ്ത്രങ്ങള്‍ കഴുകുക, ഹോസ്റ്റലിന്റെ പരിസരം ശുചീകരിക്കുക എന്നിങ്ങനെ.
ഹോസ്റ്റലില്‍ ലഭിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഞാന്‍ സ്ഥിരമായി പരാതി പറയുമായിരുന്നു. എന്നാല്‍ ഒരു ദിവസം ഇക്കാര്യം സംബന്ധിച്ച് സ്വര്‍ഗ്ഗത്തില്‍ നിന്നു തന്നെയുള്ള ഒരു പ്രകാശം എന്റെ മേല്‍ ഉദിച്ചതുപോലെ തോന്നി.ക്രിസ്ത്യാനികള്‍ എന്തിനെയെങ്കിലും ചൊല്ലി പരാതിപ്പെടുന്നത് തെറ്റാണ് എന്നായിരുന്നു ആ വെളിപ്പാട്. സത്യത്തില്‍ എനിക്കു നരകത്തിനു മാത്രമാണ് അര്‍ഹത.നരകയാതനയില്‍ നിന്നു മെച്ചമായി എനിക്കു ലഭിക്കുന്നതെല്ലാം ദൈവത്തിന്റെ കരുണമാത്രമാണ്. എന്റെ മുന്‍പില്‍ വയ്ക്കുന്നതെല്ലാം ഭക്ഷിക്കുവാന്‍ ഞാന്‍ തയ്യാറാകണം. ഭക്ഷണം പോലെയുള്ള കാര്യങ്ങളില്‍ പോലും ദൈവം എന്നെ പരീക്ഷിക്കുമെന്നു ഞാന്‍ കണ്ടു. യേശു നാല്‍പതു ദിവസം എങ്ങനെയാണ് ഉപവസിച്ചതെന്നും ഒടുവില്‍ സാത്താനെ തോല്‍പിച്ചതെന്നും സുവിശേഷങ്ങളില്‍ വായിച്ചത് എനിക്കു വലിയ ഉത്സാഹം പകര്‍ന്നു.
മോഷണം, ഹോസ്റ്റലിലെ ഒരു സ്ഥിരം പരിപാടിയായിരുന്നു. എന്റെ അമ്മ തന്റെ ഓഫിസില്‍ നിന്നു കൊച്ചുകൊച്ചു സാധനങ്ങള്‍ എടുത്തുകൊണ്ടു വരുന്നതു ഞാന്‍ ഓര്‍ത്തു.അതു വലിയൊരു കാര്യമല്ലെന്നാണു ഞാന്‍ അന്നൊക്കെ കരുതിയിരുന്നത്. കാരണം വ്യക്തികളില്‍ നിന്നല്ലല്ലോ സര്‍ക്കാര്‍ ഓഫിസില്‍ നിന്നല്ലേ അത് എടുക്കുന്നത്? എന്നാല്‍ എല്ലാ മോഷണവും തെറ്റാണെന്ന് ഇന്നെനിക്കു ബോധ്യമായി. മോഷണം ദൈവത്തിന് അനിഷ്ടകരമായ ഒരു കാര്യമാണെന്നു മമ്മിക്ക് എഴുതണമെന്ന് എനിക്ക് തോന്നി. എന്നാല്‍ മമ്മിക്ക് ആ സ്വഭാവം ഉപേക്ഷിക്കാന്‍ കഴിയുമോ എന്നെനിക്കു സംശയം തോന്നി. കാരണം തങ്ങളുടെ മേല്‍ ചെറുപ്പത്തില്‍ പിടിമുറക്കിയ മോശമായ സ്വഭാവങ്ങളോടു വിടപറയാന്‍ പ്രായമായവര്‍ക്കു പ്രയാസമാണെന്ന് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നു.
ഇതെന്നില്‍ ആരോഗ്യകരമായ ഒരു ഭയം നിറച്ചു. എന്റെ എല്ലാ ചീത്ത സ്വഭാവങ്ങളോടും ചെറുപ്പത്തില്‍ തന്നെ ഞാന്‍ വിട പറയണം. അല്ലെങ്കില്‍ ഞാന്‍ ഒടുവില്‍ അവരെപ്പോലെയായിത്തീരും.
ഭക്ഷണം, മറ്റുള്ളവരുമായി പങ്കുവയ്‌ക്കേണ്ട സാധനങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ ചില പെണ്‍കുട്ടികള്‍ വളരെ സ്വാര്‍ത്ഥരും അത്യാഗ്രഹികളുമായിരുന്നു. ഇതെല്ലാം ഞങ്ങള്‍ക്ക് പലപ്പോഴും പ്രശ്‌നമായി.
ചില പെണ്‍കുട്ടികള്‍ മിക്കപ്പോഴും വിഷാദമൂകരും തങ്ങളെപ്പറ്റി മാത്രമുള്ള ചിന്തയില്‍ മുഴുകിയവരും ആയിരിക്കും. എപ്പോഴും അവര്‍ സ്വയസഹതാപത്തില്‍ മുഴുകിയവരും തങ്ങളുടെ സങ്കടകഥകള്‍ പറഞ്ഞാലും തീരാത്തവരുമായിരിക്കും.തങ്ങളുടെ ഭവനങ്ങളില്‍ ചെറുപ്പത്തില്‍ ഉപദ്രവിക്കപ്പെട്ടവരാണ് അവരില്‍ ഏറെയും എന്നതു നേര്. പക്ഷേ അവര്‍ തങ്ങളുടെ ഭൂതകാലത്തില്‍ എന്നും ജീവിക്കേണ്ടതില്ലെന്ന് ഞാന്‍ അവരോടു പറഞ്ഞു.അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ഭൂതകാലത്തെ ദൈവസഹായത്താല്‍ അവര്‍ക്ക് ഓര്‍മ്മയില്‍ നിന്നു കുടഞ്ഞുകളയാം.പഴയകാലം മറക്കുവാന്‍ യേശു അവരെ സഹായിക്കും. തങ്ങളോടു തെറ്റുചെയ്തവരോടു ക്ഷമിക്കുവാനുള്ള ശക്തിയും അവിടുന്നു തരും.അങ്ങനെ വലിയ ആത്മീയ ഔന്നത്യത്തില്‍ എത്തുവാന്‍ ദൈവം സഹായിക്കും. മറ്റുള്ളവരെ സഹായിക്കുന്നതു വഴി തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിഹാരം കണ്ടെത്തുവാനും ഞാന്‍ അവരെ ഉത്സാഹിപ്പിച്ചു. സദാ സമയവും തങ്ങളില്‍ത്തന്നെ മുഴുകിയിരിക്കുന്നതില്‍ നിന്ന് അതവരെ വിമോചിപ്പിക്കും.
ഇതിനിടയില്‍ എനിക്ക് എന്റേതായ പ്രശ്‌നങ്ങളുണ്ടായിരുന്നു. വീട്ടില്‍ നിന്നു കത്തുകള്‍ കിട്ടാന്‍ വൈകിയാല്‍ ഞാന്‍ നിരാശപ്പെടും.പക്ഷേ വീട്ടില്‍നിന്നു വരുന്ന കത്തുകള്‍ ചിലപ്പോള്‍ എന്നെ കൂടുതല്‍ നിരാശപ്പെടുത്തി. കാരണം വീട്ടില്‍ നിന്നുള്ള വാര്‍ത്തകള്‍ പലപ്പോഴും മോശപ്പെട്ടതായിരുന്നു.
എന്തെങ്കിലും കൊച്ചുസാധനങ്ങള്‍ കളഞ്ഞു പോകുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ ആവശ്യത്തിലേറെ നിരാശപ്പെടുന്ന ഒരു സ്വഭാവവും എനിക്കുണ്ടായിരുന്നു. അതിനെ എങ്ങനെയാണ് അതിജീവിക്കേണ്ടതെന്ന് എനിക്കറിയില്ലായിരുന്നു. ഭൗതിക വസ്തുക്കളോടുള്ള എന്റെ പറ്റുമാനത്തില്‍ നിന്ന് എന്നെ വിടുവിക്കണമെന്നു ഞാന്‍ കര്‍ത്താവിനോടു നിരന്തരം പ്രാര്‍ത്ഥിച്ചു.
ഇതേ സമയം മറ്റു ചില പെണ്‍കുട്ടികള്‍ വളരെ നല്ല സാമ്പത്തിക സ്ഥിതിയിലുള്ളവരായിരുന്നതിനാല്‍ തങ്ങളുടെ സാധനങ്ങള്‍ അവര്‍ സൂക്ഷിക്കുകയാകട്ടെ, മറ്റുള്ളവരുടെ വികാരങ്ങളെ ശ്രദ്ധിക്കുകയാകട്ടെ ചെയ്യുമായിരുന്നില്ല.
ഹോസ്റ്റലില്‍ ക്രമീകരിക്കുന്ന എല്ലാ കളികളിലും ഞാന്‍ പങ്കെടുക്കുമായിരുന്നു. ചില പെണ്‍കുട്ടികള്‍ ശാരീരിക വ്യായാമങ്ങളില്‍ തീരെ താത്പരരല്ലായിരുന്നു. നടക്കാന്‍ പോലും അവര്‍ പോകുമായിരുന്നില്ല. ഫലം ശരീരം തടിച്ച് പലപ്പോഴും രോഗികളായി അവര്‍ മാറി. നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ മന്ദിരം ആയതിനാല്‍ നാം അതിനെ എപ്പോഴും അവിടുത്തെ ഉപയോഗത്തിനായി അനുയോജ്യമായി സൂക്ഷിക്കേണ്ടതുണ്ടെന്നു ഞാന്‍ മനസ്സിലാക്കി. എന്റെ ചില സ്‌നേഹിതകള്‍ക്കുള്ള ഭക്ഷണശീലം സത്യത്തില്‍ അവരുടെ ശരീരത്തിനു ദോഷകരമാണെന്നു ഞാന്‍ കണ്ടു. അമിതഭക്ഷണം പല പെണ്‍കുട്ടികളെയും വണ്ണമുള്ളവരും ദുര്‍ബലരും കാഴ്ചയ്ക്കു കൊള്ളാത്തവരുമാക്കി മാറ്റിയിരുന്നു.
അറിയപ്പെടുന്ന പെണ്‍കുട്ടികളുടെ സഖിത്വം ഇഷ്ടപ്പെടുന്ന, അവരെ കൂട്ടുകാരാക്കുന്ന പ്രവണത, എന്നിലുണ്ടെന്നു ഞാന്‍ കണ്ടു. എന്നാല്‍ യേശുവായിരുന്നെങ്കില്‍ ഈ സ്ഥാനത്ത് എന്തുചെയ്യും എന്നു ചിന്തിച്ചപ്പോള്‍, ദുഃഖിതരും ഏകാകികളും കഴിവില്ലാത്തവരും മിടുക്കില്ലാത്തവരുമായ കുട്ടികളോടു സൗഹൃദം സ്ഥാപിക്കേണ്ടതുണ്ടെന്നു ഞാന്‍ കണ്ടു. അധ്വാനിക്കയും ഭാരം ചുമക്കുകയും ചെയ്യുന്നവരെ തന്റെ അടുത്തേക്കു വിളിച്ച് അവരുടെ ആത്മാക്കള്‍ക്ക് ആശ്വാസം നല്‍കാന്‍ തയ്യാറായ കര്‍ത്താവിനെക്കുറിച്ച് അവരോടു പറയുവാന്‍ ഞാന്‍ ആഗ്രഹിച്ചു.
ഞാന്‍ സുന്ദരിയോ മൃദുവായ തൊലിയുള്ളവളോ ഒന്നുമല്ലെങ്കിലും ദൈവം എന്നെ സൃഷ്ടിച്ചതുപോലെ എന്നെത്തന്നെ അംഗീകരിക്കാന്‍ ഞാന്‍ വേഗത്തില്‍ അഭ്യസിച്ചു. എന്നെ എന്റെ അമ്മയുടെ ഉദരത്തില്‍ ഏതു വിധത്തില്‍ രൂപപ്പെടുത്തിയോ അതില്‍ ദൈവത്തിനു തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ പിറന്ന കുടുംബത്തില്‍ തന്നെ എന്നെ ജനിപ്പിച്ചതിലും അവിടുത്തേക്കു തെറ്റുപറ്റിയിട്ടില്ലെന്നു ഞാന്‍ കണ്ടു.എനിക്കുവേണ്ടി മരിക്കാന്‍ യോഗ്യയായി അവിടുന്നെന്നെ കണ്ടല്ലോ, സ്‌നേഹിച്ചല്ലോ, എന്ന ചിന്ത ക്രേമണ എന്നില്‍ ശക്തിപ്പെട്ടു. ഈ തേജസ്സേറിയ സത്യത്തിന്റെ സ്വാധീനം ഒരിക്കലും എന്നെ വിട്ടുപോയില്ല.
എന്നെക്കാള്‍ ഭാഗ്യഹീനരായി ഹോസ്റ്റലിലുള്ള കുട്ടികളെക്കുറിച്ചു ഞാന്‍ ചിന്തിച്ചു-ഒരു അപകടത്തെ തുടര്‍ന്ന് ഒരു കണ്ണിനുമാത്രം കാഴ്ചയുള്ള ഒരു പെണ്‍കുട്ടി ഹോസ്റ്റലിലുണ്ടായിരുന്നു. മുഖത്ത് രോമമുള്ള ഒരു മുഴയുള്ള വേറൊരു കുട്ടി. മുഖത്തു പാടുകളുള്ള വേറെ ചിലര്‍. കുഞ്ഞുന്നാളില്‍ ലഭിച്ച ക്രമീകൃതമല്ലാത്ത ഭക്ഷണം മൂലം പലതരത്തില്‍ അനാരോഗ്യമുള്ളവര്‍.
ഇളം പ്രായത്തില്‍ അനുഭവപ്പെട്ട ശാരീരികവും ലൈംഗികവുമായ പീഡനം മൂലം മനസ്സിനു ക്ഷതം സംഭവിച്ചവരായിരുന്നു മറ്റു ചിലര്‍. തങ്ങളോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ചെറുപ്പക്കാരോട് ഈ കുട്ടികള്‍ക്ക് എങ്ങനെ തങ്ങളെ സംബന്ധിച്ച വൃത്തികെട്ട രഹസ്യങ്ങള്‍ തുറന്നു പറയുവാന്‍ കഴിയും?- ഞാന്‍ അത്ഭുതപ്പെട്ടു. അതു കേള്‍ക്കുമ്പോള്‍ അവര്‍ അവരെ നിരസിക്കുമോ? അല്ലെങ്കില്‍ വിവാഹത്തിനുശേഷം മാറ്റി നിര്‍ത്തുമോ? ഇതിനൊന്നും ഒരു ഉത്തരവും എനിക്കു ലഭിച്ചില്ല. യേശുവിന് എല്ലാ സങ്കടങ്ങളും അറിയാമെന്നും മറ്റുള്ളവര്‍ അവരോടു ചെയ്ത തിന്മ പ്രവൃത്തികളുടെ പരിണതഫലങ്ങളുടെ മേലെല്ലാം ജയാളികളായി നില്ക്കാമെന്നും മാത്രമേ എനിക്ക് ഈ കുട്ടികളോടു പറയാന്‍ കഴിയുമായിരുന്നുള്ളു. സാത്താന്‍ അവരുടെ ജീവിതത്തിന്മേല്‍ കെട്ടിയ എല്ലാ ബന്ധനങ്ങളും അഴിക്കാനാണല്ലോ യേശു വന്നത് (1 യോഹ. 3:8).
ഹോസ്റ്റലില്‍ അനാഥരായ കുട്ടികളും ഉണ്ടായിരുന്നു. ആരില്‍ നിന്നും സ്‌നേഹം കിട്ടിയിട്ടില്ലാത്തവര്‍. ആരോടും അധികം അടുക്കാന്‍ കഴിയാത്തവര്‍. എനിക്കു പരിചയപ്പെടാനിടയായ 'നല്ല സ്‌നേഹിതനെ'ക്കുറിച്ച് ഞാന്‍ അവരോടു പറഞ്ഞു. അവിടുന്ന് ഒരു കാലത്തും നമ്മളെ തള്ളിക്കളയുകയില്ല. നമ്മുടെ ഭൂതകാലത്തിലെ ഭാരങ്ങള്‍ കര്‍ത്താവിന്റെ കരങ്ങളില്‍ സമര്‍പ്പിക്കുവാനും അവ അവിടെത്തന്നെ സൂക്ഷിക്കുവാനും നാം പഠിക്കേണ്ടതുണ്ടെന്നു ഞാന്‍ അവരോടു പറഞ്ഞു. ഓരോ തുള്ളി കണ്ണുനീരും തുടയ്ക്കുവാനും എല്ലാ മുറിവും പൊറുപ്പിക്കുവാനും ഭൂതകാലത്തിന്റെ ഓര്‍മ്മകള്‍ പൂര്‍ണമായി തുടച്ചു മാറ്റുവാനും അവിടുത്തേക്കു മാത്രമേ കഴിയുകയുള്ളു.
സാത്താന്യശക്തികളോടു ബന്ധപ്പെടാന്‍ നടത്തുന്ന ശ്രമമാണ് പെണ്‍കുട്ടികളില്‍ കണ്ട അപകടകരമായ മറ്റൊരു പ്രവണത. ചിലര്‍ കൈരേഖ നോക്കുന്നതിനും ജാതകം വായിക്കുന്നതിനും ഭാവി പറയുന്നവരുടെ അടുത്തുപോകുവാനും പത്രങ്ങളിലെ "നക്ഷത്രഫലം" വിശ്വസിക്കുവാനും ഒക്കെ തയ്യാറാവുമായിരുന്നു. ചിലര്‍ക്കു ഭാവി പ്രവചിക്കുന്ന ഒയൂജ്യബോര്‍ഡുകള്‍ പോലും ഉണ്ടായിരുന്നു. ഇതെല്ലാം തെറ്റാണെന്നും ഇതിലൂടെ അവര്‍ അബോധപൂര്‍വ്വമായി സാത്താനുമായി ബന്ധപ്പെടുകയാണെന്നും ആത്യന്തികമായി ഈ ശീലം അവരെ നശിപ്പിക്കുമെന്നും ഞാന്‍ അവര്‍ക്കു മുന്നറിയിപ്പു നല്‍കി. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുവാന്‍ മന്ത്രവാദത്തെയും ആഭിചാരത്തെയും അഭയം പ്രാപിച്ചാല്‍ അത് അവര്‍ അഴിക്കാന്‍ ശ്രമിച്ച കുരുക്കിനെക്കാള്‍ എത്രയോ ഭയാനകമായ മറ്റു പ്രശ്‌നങ്ങളിലേക്കാണ് അവരെ തള്ളിവിടുന്നത്!-ഞാന്‍ അപകടത്തിലേക്കു വിരല്‍ചൂണ്ടി.
ഞങ്ങളുടെ വാര്‍ഡന്‍ ഞങ്ങള്‍ക്ക് ഒരമ്മയെപ്പോലെയായിരുന്നു. ലൈംഗിക കാര്യങ്ങള്‍ ഞങ്ങള്‍ക്കു പറഞ്ഞു തരാന്‍ അവര്‍ ഒരിക്കല്‍ വിവാഹിതയായ ഒരു സ്ത്രീയെ ക്രമീകരിച്ചു. അവര്‍ ചാര്‍ട്ടുകളുടെ സഹായത്തോടെ ഞങ്ങള്‍ക്കു വിശദമായ ക്ലാസ്സെടുത്തു. ഈ വിവരങ്ങള്‍ ഞങ്ങള്‍ക്കു പ്രയോജനമായി. ഇതേപ്പറ്റി അറിയാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും നാണവും പേടിയും മൂലം ഞങ്ങള്‍ ചോദിക്കാന്‍ മടിച്ച കാര്യങ്ങളായിരുന്നു അവര്‍ ശാസ്ത്രീയമായി വിശദീകരിച്ചത്. പുരുഷ, സ്ത്രീകോശങ്ങള്‍ സംയോജിച്ച് എങ്ങനെയാണ് ഒരു ശിശു ജനിക്കുന്നതെന്നു പക്വതയുള്ളവരില്‍ നിന്നു കേള്‍ക്കുന്നതു സഹായകരമാണ്.
ഞാന്‍ വളരെ ചെറുപ്പമായിരുന്നു. പക്ഷേ ഹോസ്റ്റല്‍ ജീവിതം, വേഗത്തില്‍ എന്നെ ആത്മീയ പക്വതയുള്ളവളാക്കി. ഹോസ്റ്റലിലെ പലതരത്തിലുള്ള പെണ്‍കുട്ടികളെ സഹായിക്കാനും ഉപദേശിക്കാനും ലഭിച്ച അവസരങ്ങളാണ് എന്നെ പക്വതയുള്ളവളാക്കിയത്.
'തണുപ്പിക്കുന്നവനു തണുപ്പു കിട്ടും' എന്ന വചനം വര്‍ഷങ്ങള്‍ക്കുശേഷമാണ് എന്റെ കണ്ണില്‍പ്പെട്ടത് (സദൃശ. 11:25)
ആ നാളുകളില്‍ ദൈവം വളരെ അത്ഭുതകരമായ നിലയില്‍ എനിക്ക് തണുപ്പും വെള്ളവും നല്‍കി വളര്‍ത്തുകയായിരുന്നു.
എന്റെ മാതാപിതാക്കളും കര്‍ത്താവിനെ അറിയണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്റെ പിതാവ് വീട്ടുകാര്യങ്ങള്‍ ഉത്തരവാദിത്തത്തോടെ നോക്കണം. മാതാപിതാക്കള്‍ സന്തോഷമായിരിക്കണം. ഇളയസഹോദരങ്ങളും കര്‍ത്താവിനെ അറിയണം. പക്ഷേ ഇതിനെല്ലാം വേണ്ടി ഞാനെന്താണു പ്രവര്‍ത്തിക്കേണ്ടതെന്ന് എനിക്കറിഞ്ഞു കൂടായിരുന്നു. എന്നാല്‍ ഞാനീ കാര്യങ്ങളെല്ലാം ദിനംതോറും പ്രാര്‍ത്ഥനയായി കര്‍ത്താവിന്റെ മുന്‍പില്‍ സമര്‍പ്പിക്കും. ഞാന്‍ എന്റെ ഭാരങ്ങള്‍ ഓരോ ദിവസവും അവന്റെ മേല്‍ ഇടുവാന്‍ പഠിച്ചു.
ഹോസ്റ്റലില്‍ ഞങ്ങള്‍ സാധാരണ പാടാറുള്ള ഒരു പാട്ടിന്റെ പല്ലവി ഇങ്ങനെയായിരുന്നു.
''അല്പാല്പമായി ദിവസം തോറും അല്പാല്പമായി എല്ലാ വിധവും എന്റെ യേശു എന്നെ മാറ്റുന്നു.....''
അതു ശരിയായിരുന്നു. ഓരോ ദിവസവും അല്പാല്പമായി കര്‍ത്താവ് എന്റെ കോപത്തേയും സ്വയസഹതാപത്തേയും മാറ്റാന്‍ എന്നെ സഹായിച്ചുകൊണ്ടിരുന്നു.
എന്റെ സ്വഭാവത്തില്‍ ക്രിസ്തു തുല്യമല്ലാത്ത എല്ലാറ്റിന്റെയും ഒരു പട്ടിക ഞാനുണ്ടാക്കി. അതു വച്ചു നിരന്തരം പ്രാര്‍ത്ഥിക്കുവാന്‍ തുടങ്ങി.എന്നെ വ്യത്യാസപ്പെടുത്തി, തന്റെ സ്വഭാവം പകരം നല്‍കി, എന്റെ തിന്മയായുള്ള സ്വഭാവം എടുത്തു മാറ്റണമേ എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന.സമയം കടന്നു പോകുന്തോറും പാപത്തെക്കുറിച്ചും തിന്മയെക്കുറിച്ചും എനിക്കു കൂടുതല്‍ വെളിച്ചം ലഭിച്ചുകൊണ്ടിരുന്നു. ഇതിനാല്‍ എന്റെ ബലഹീനതകളുടെ എണ്ണം ഞാന്‍ കൂടുതല്‍ തിരിച്ചറിയുവാന്‍ തുടങ്ങി.ഇതിനനുസരിച്ച് എന്റെ ബലഹീനതകളുടെ പട്ടികയുടെ നീളം കൂടി വരികയാണു ചെയ്തത്. എന്തു ചെയ്യാം? പക്ഷേ ഞാന്‍ നിരാശപ്പെട്ടില്ല. ഞാന്‍ എന്റെ ഭാഗത്തു മുഴുവനായി ശ്രമിക്കുകയും കര്‍ത്താവു തന്റെ ഭാഗത്ത് ക്രമേണ എന്നെ വ്യത്യാസപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നതില്‍ ഞാന്‍ തൃപ്തയായിരുന്നു. സന്തോഷഭരിതയായിരുന്നു.
ഒരു പെണ്‍കുട്ടി അവളുടെ വഴി വൃത്തിയുള്ളതും ഹൃദയം നിര്‍മ്മലവുമായി സൂക്ഷിക്കാന്‍ ദൈവവചനത്തെ വളരെ ശ്രദ്ധയോടെ കരുതിക്കൊള്ളേണ്ടതുണ്ടെന്ന് (സങ്കീ. 119:9,11) ഞാന്‍ ഒരു ദിവസം സങ്കീര്‍ത്തനത്തില്‍ വായിക്കാന്‍ ഇടയായി. ഈ വാഗ്ദാനം എന്നെ ഉത്സാഹിപ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ മുഴുബൈബിളും ഒരു വര്‍ഷം കൊണ്ടു വായിച്ചു തീര്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. ഒരു വര്‍ഷം കൊണ്ടു മുഴുബൈബിളും വായിച്ചുതീര്‍ക്കാന്‍ സഹായിക്കുന്ന ഒരു ബൈബിള്‍ വായനാപദ്ധതി വാര്‍ഡന്‍ ഞങ്ങള്‍ക്കു തന്നിരുന്നു. ഞാന്‍ അതനുസരിച്ചു വായിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു വര്‍ഷം കൊണ്ട് എനിക്കതു പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷത്തിലേറെ സമയം എനിക്കു വേണ്ടി വന്നു. എന്നാല്‍ ഒടുവില്‍ ഞാനതു പൂര്‍ത്തിയാക്കുക തന്നെ ചെയ്തു!
സ്‌കൂളിലെ പഠനത്തിലും ഞാന്‍ ഏറെ ശ്രദ്ധചെലുത്തി. കാരണം ഞാനൊരിക്കലും മറ്റുള്ളവര്‍ക്ക് ഒരു ഭാരമാകരുതെന്നും അതുകൊണ്ടു തന്നെ പഠനത്തിലൂടെ ഒടുവില്‍ ഒരു ഉപജീവനമാര്‍ഗ്ഗം കണ്ടെത്തേണ്ടതുണ്ടെന്നും ഞാന്‍ തീരുമാനിച്ചിരുന്നു. ഹോസ്റ്റലിലെ ചിട്ടയുള്ള ജീവിതം എന്റെ സമയം വൃഥാ ചെലവഴിക്കാതെ പ്രയോജനമായി ഉപയോഗിക്കാന്‍ കുറച്ചൊന്നുമല്ല എന്നെ സഹായിച്ചത്! മറ്റുള്ളവരെ സഹായിക്കാനും ധാരാളം അവസരങ്ങള്‍ എനിക്കു ലഭ്യമായി.
ഒടുവില്‍ ഞാന്‍ ഹയര്‍ സെക്കന്‍ഡറി (12-ാം ക്ലാസ്സ്) പരീക്ഷ പൂര്‍ത്തിയാക്കി. റിസള്‍ട്ടു വന്നു. ദൈവകൃപയാല്‍ ഞാന്‍ പാസ്സായി. ഇനി എന്ത്? ആദ്യത്തെ കാര്യം ഇനി ഞാന്‍ ഹോസ്റ്റല്‍ വിട്ടേ മതിയാകൂ എന്നതാണ്. അത് എനിക്കു തീര്‍ച്ചയായും ദുഃഖകരമായിരുന്നു. കാരണം ഹോസ്റ്റലിനെ ഞാന്‍ അത്രയേറേ ഇഷ്ടപ്പെട്ടിരുന്നു. അതിനെക്കാള്‍ ഉപരി കഴിഞ്ഞ നാലു വര്‍ഷമായി വാര്‍ഡന്‍ എനിക്കൊരു സ്‌നേഹിതയും വഴികാട്ടിയുമായി മാറിയിരുന്നു.
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എനിക്കു ലഭിച്ച മാര്‍ക്കുകള്‍ ശരാശരി മാത്രമായിരുന്നു.അതുകൊണ്ട് തുടര്‍ന്ന് എന്തു ചെയ്യണമെന്നതു സംബന്ധിച്ചു ഞാന്‍ എന്റെ വാര്‍ഡന്റെ ഉപദേശം തേടി. നഴ്‌സിങ് പഠനത്തിന് അവര്‍ എന്നെ ഉത്സാഹിപ്പിച്ചു. ഞാന്‍ അവരുടെ ഉപദേശാനുസരണം പല നഴ്‌സിങ് സ്‌കൂളുകളിലേക്ക് അപേക്ഷ അയച്ചു. എന്നാല്‍ ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ഓരോ നഴ്‌സിങ് കോളജില്‍ നിന്നും എന്റെ അപേക്ഷ "നിരാകരിച്ചു'കൊണ്ട് മറുപടിക്കത്തു കള്‍ ലഭിക്കാനിടയായി. ഞാന്‍ നിരാശപ്പെട്ടുപോയി. എന്നാല്‍ ദൈവം എന്നെ സ്‌നേഹിക്കുന്നതിനാല്‍ തക്കസമയത്ത് അവിടുന്ന് എനിക്കായി ഒരു വാതില്‍ തുറക്കുമെന്ന് (ഒരു പക്ഷേ അതു പ്രശസ്തമായ ഒരു കോളജായിരിക്കുകയില്ല) ഞാന്‍ വിശ്വസിച്ചു.
അങ്ങനെയിരിക്കെ, ഒരു ദിവസം ഉത്തരേന്ത്യയിലെ ഒരു നഴ്‌സിങ് സ്‌കൂളില്‍ നിന്ന് ബിഎസ്‌സി നഴ്‌സിങ്ങിന് എനിക്കു പ്രവേശനം തരാമെന്നു പറഞ്ഞ് ഒരു കത്തു വന്നു. അതു സത്യത്തില്‍ എന്റെ വീട്ടില്‍ നിന്നു വളരെ അകലെയായിരുന്നു. ആ ഓഫര്‍ സ്വീകരിക്കണമോ എന്നു പലവട്ടം ഞാന്‍ ആലോചിച്ചു. ആ നഴ്‌സിങ് സ്‌കൂള്‍ അപരിചിതമായ ഒരു സ്ഥലത്തായിരുന്നു. അവിടെ ആരെയും എനിക്കു പരിചയമില്ല. ഭാഷയും വ്യത്യസ്തമാണ്. എനിക്കാണെങ്കില്‍ ഹിന്ദി നന്നായി അറിഞ്ഞും കൂടാ.
ഭാവിയെക്കുറിച്ചുള്ള ഭയാശങ്കകള്‍ എന്റെ മനസ്സില്‍ നിറഞ്ഞു. അപ്പോള്‍ ഞാന്‍ എന്റെ പ്രിയപ്പെട്ട ഗാനത്തിലെ വരികള്‍ ഓര്‍ത്തു.
''എന്റെ രക്ഷകന്‍ എന്നെ നടത്തും വഴികള്‍ എന്താണെനിക്കു പറവാനുള്ളത്? അവിടുത്തെ മൃദുകരുണയെ ഞാന്‍ സംശയിക്കയോ പാടില്ല, അവനെന്റെ വഴികാട്ടി മുറ്റും.''
എന്റെ വാര്‍ഡന്റെ ഉപദേശം ഞാന്‍ ഒരിക്കല്‍ കൂടി തേടി. മറ്റെല്ലാ വാതിലുകളും അടച്ചശേഷം ദൈവം ഈ വാതിലാണു തുറന്നതെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് ഉത്തരേന്ത്യയില്‍ എനിക്കു വേണ്ടി എന്തെങ്കിലും നല്ലതു തന്നെ അവിടുന്ന് കരുതി വച്ചിട്ടുണ്ടാകാം. ഈ വാക്കുകള്‍ പ്രവചനപരമാണെന്ന് അന്നു ഞാന്‍ വളരെ കുറച്ചേ മനസ്സിലാക്കിയുള്ളു! ഏതായാലും പിന്നെ ഞാന്‍ മടിച്ചില്ല. ഞാന്‍ കയ്യോടെ ആ നഴ്‌സിങ് സ്‌കൂളുകാര്‍ക്ക് എഴുതി- ഞാന്‍ അവിടെചേര്‍ന്നു പഠിക്കാന്‍ വരാം.
ഒരു കരിയര്‍ സംബന്ധിച്ച എന്റെ സ്വപ്നങ്ങള്‍ ഒടുവിലിതാ പൂവണിയാന്‍ പോകുന്നു!
ആശുപത്രിക്കു സമീപം ഹിന്ദിക്കാരായ സഹോദരങ്ങളുടെ ഒരു സഭ ഞാന്‍ കണ്ടെത്തി.
ഒരു ചെറിയ കൂടി വരവ്. ആ പ്രദേശവാസികളും ആശുപത്രിയില്‍ നിന്നുള്ള ചിലരും അവിടെ കൂടി വരുന്നു. ആത്മാര്‍ത്ഥതയുള്ള ഒരു ചെറിയ കൂട്ടം. തുടര്‍ച്ചയായി ഞാന്‍ അവിടെ യോഗത്തിനു പോകാന്‍ തുടങ്ങി. പ്രസംഗം കുറച്ചൊക്കെ മനസ്സിലാകത്തക്ക ഹിന്ദിപരിജ്ഞാനം ഇതിനിടെ ഞാന്‍ നേടിയിരുന്നു. ചില പാട്ടുകള്‍ പാടാനും ഞാന്‍ പഠിച്ചു.
എനിക്കു ഹിന്ദി സ്വാതന്ത്ര്യമായി സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. പക്ഷേ അവിടെ വന്നിരുന്ന ഒന്നോ രണ്ടോ നല്ല കുടുംബങ്ങള്‍ എന്റെ 'പൊട്ടഹിന്ദി' സഹിച്ച് എന്നോടു സംസാരിക്കുമായിരുന്നു. അവരുടെ വീടുകളിലേക്കും മിക്കപ്പോഴും വിളിക്കും. ഞാന്‍ ആ സഭയില്‍ ഒരു സ്ഥിരാംഗമായിത്തീര്‍ന്നു. ഞാനവിടെ നന്നായി ചേര്‍ന്നു പോകാനും തുടങ്ങി. ജലസ്‌നാനത്തില്‍ ഞാന്‍ കര്‍ത്താവിനെ അനുസരിക്കേണ്ടതുണ്ടെന്നു കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്കു ബോധ്യപ്പെട്ടു.
ഞാന്‍ എന്റെ വിശ്വാസത്തെക്കുറിച്ചു തീരുമാനത്തെക്കുറിച്ചും വീട്ടിലേക്ക് എഴുതി.പക്ഷേ മമ്മിപോലും എന്നെ കളിയാക്കുകയാണുണ്ടായത്. മമ്മി ഇഷ്ടപ്പെടാത്ത 'ഹലേലൂയ്യാ കൂട്ടത്തില്‍' ഞാനും ചേരുന്നതു തനിക്കു താത്പര്യമില്ലെന്നു തന്നെ മമ്മി തുറന്നെഴുതി. അവരെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്ന് എനിക്കും തോന്നി.എന്റെ നാട്ടില്‍ പാസ്റ്റര്‍മാര്‍, ബൈബിളുമായി വരുന്ന സഹോദരിമാര്‍ എന്നിവരില്‍ നിന്നു നല്ല പെരുമാറ്റം അല്ല ഞങ്ങളില്‍ പലര്‍ക്കും ലഭിച്ചിരുന്നത്. അവര്‍ വീടുകള്‍ കയറി ഇറങ്ങി നീണ്ട പ്രാര്‍ത്ഥനകള്‍ നടത്തി ''ദൈവവേലയ്ക്കായി'' പണം നല്‍കാന്‍ ആളുകളില്‍ സമ്മര്‍ദ്ദം ചെലുത്തി മതം ആളുകളുടെ തൊണ്ടയില്‍ തള്ളിക്കയറ്റാന്‍ പാടുപെടുന്നവര്‍. എന്നാല്‍ അവരില്‍ നിന്നു വ്യത്യസ്തയാണു ഞാനെന്നു മമ്മി കാണണമെന്നു ഞാന്‍ ആഗ്രിച്ചു. എന്റെ കത്തുകളല്ല എന്റെ ജീവിതം തന്നെ അവരോടു സംസാരിക്കട്ടെ എന്നു ഞാന്‍ ആഗ്രഹിച്ചു.
എന്റെ സ്‌നാനം എന്നെ സംബന്ധിച്ചിടത്തോളം ഒരു വലിയ സംഭവമായിരുന്നു. ചില വര്‍ഷങ്ങള്‍ക്കു മുന്‍പു കര്‍ത്താവ് എന്നെ തന്റെ സ്വന്തമാക്കിയതുപോലയുള്ള ഒരു ദിവസം. ഇതേസമയം ഒട്ടേറെ പ്രതികൂലങ്ങളും എതിര്‍പ്പുകളും അന്നുമുതല്‍ എന്റെ നേരെ വരാന്‍ തുടങ്ങി. കര്‍ത്താവിനെ പിന്‍പറ്റുകയും ഒരു ദൈവിക ജീവിതം ജീവിക്കുകയും ചെയ്യുന്നവരെല്ലാം പീഡനങ്ങളിലൂടെ കടന്നുപോകാറുണ്ടെന്നു ഞാന്‍ കണ്ടെത്തി.
താഴ്മയോടും അതേ സമയം അന്തസ്സോടും വേണം ഒരു ദൈവപൈതലെന്ന നിലയില്‍ ഞാന്‍ പെരുമാറാന്‍. ആ പെരുമാറ്റം അഭ്യസിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഞാന്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ വകയാണെന്ന് എന്റെ ജോലിസ്ഥലത്തുള്ള വര്‍ മനസ്സിലാക്കണമെന്നും ഞാന്‍ ആഗ്രഹിച്ചു. സ്‌നാനത്തിനുശേഷം ലോകത്തിനും അതിന്റെ ആകര്‍ഷണങ്ങള്‍ക്കും സത്യത്തില്‍ എന്റെമേല്‍ വളരെക്കുറച്ചേ സ്വാധീനമുണ്ടായിരുന്നുള്ളു.
സഭയില്‍ ധാരാളം നല്ല വ്യക്തികള്‍ ഉണ്ടായിരുന്നു. ക്രമേണ സഭയിലും ജോലി സ്ഥലത്തും പുരുഷന്മാരോട്-വിവാഹിതരായവരോടും- കൂടുതല്‍ സംസാരിക്കുവാനുള്ള പ്രവണത എന്നിലുണ്ടെന്നു ഞാന്‍ മനസ്സിലാക്കി. ഇതുതെറ്റാണെന്ന് വേഗത്തില്‍ തന്നെ ഞാന്‍ തിരിച്ചറിഞ്ഞു. സൂക്ഷ്മതയുള്ളവളായിരിക്കാന്‍ കര്‍ത്താവെനിക്കു മുന്നറിയിപ്പു തന്നു.ദൈവം യോജിപ്പിച്ച പുരുഷന്റെയും സ്ത്രീയുടെയും മധ്യത്തില്‍ ഞാന്‍ വരുവാന്‍ പാടില്ല. വിവാഹിതനായ ഒരു പുരുഷന്റെ ഭാര്യയോട് അതേ സ്വാതന്ത്ര്യത്തോടെ സംസാരിക്കുവാന്‍ കഴിയുകയില്ലെങ്കില്‍ ഒരിക്കലും ആ പുരുഷനോട് മാത്രം സ്വാതന്ത്ര്യമായി സംസാരിക്കുകയില്ലെന്നു ഞാന്‍ അതിനു തുടര്‍ന്നു തീരുമാനിച്ചു. ഈ തീരുമാനം പിന്നീട് എന്നെ പല ചതിക്കുഴികളില്‍ നിന്നും രക്ഷിച്ചു. മറ്റു വീടുകളില്‍ തെറ്റിദ്ധാരണ ഉണ്ടാകുന്നതിന് ഒരു നിമിത്തമാകുന്നതില്‍ നിന്ന് ഈ തീരുമാനം എന്നെ രക്ഷിച്ചെന്നും ഞാന്‍ കരുതുന്നു. വേണ്ട സമയങ്ങളില്‍ മുന്നറിയിപ്പു നല്‍കുന്ന പരിശുദ്ധാത്മാവിന്റെ സ്വരത്തിനായി ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു.
എനിക്കുതോന്നിയപ്പോലെ മറ്റു പെണ്‍കുട്ടികള്‍ക്കു തോന്നാറുണ്ടോ എന്ന് ഞാന്‍ ഇടയ്ക്കിടെ അത്ഭുതപ്പെടുമായിരുന്നു. ആരോഗ്യകരമല്ലാത്ത സൗഹൃദങ്ങള്‍ താല്ക്കാലികമായ സന്തോഷം നല്‍കുമെങ്കിലും പിന്നീട് അതു തിന്മയായിത്തീരും. എന്നെ നശിപ്പിച്ചുകളയാവുന്ന മറ്റൊരു മല്ലനായി ഞാന്‍ ഇതിനെ കണ്ടു. എന്റെ ജീവിതത്തില്‍ അവിടുന്നു സന്തുഷ്ടനല്ലാത്ത എല്ലാ ശീലങ്ങളും എന്നില്‍ നിന്നു വേരോടെ പറിച്ചു നീക്കണമേ ദൈവമേ- ഞാന്‍ പ്രാര്‍ത്ഥിച്ചു.
കര്‍ത്താവിനായി ചെറിയ ശുശ്രൂഷകള്‍ ചെയ്യുന്നതില്‍ ഞാന്‍ ആനന്ദം കണ്ടെത്തി. സണ്ടേസ്‌കൂള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കാന്‍ ഞാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. ഒന്നോ രണ്ടോ കുടുംബങ്ങള്‍ക്ക് എങ്ങോട്ടെങ്കിലും പോകേണ്ടി വരുമ്പോള്‍ അവരുടെ കുഞ്ഞുങ്ങളെ നോക്കാനും ഞാന്‍ തയ്യാറായി. ചില രോഗികളോടു ഞാന്‍ കര്‍ത്താവിനെക്കുറിച്ചു പറയുമായിരുന്നു. ആളുകള്‍ക്ക് സന്തോഷം നല്‍കാന്‍ കൊച്ചു കാര്യങ്ങള്‍ മതിയെന്നും ഞാന്‍ കണ്ടെത്തി. രോഗിയായ ഒരാളുടെ മുഖം ദീപ്തമാക്കാന്‍ നമ്മുടെ ഒരു പുഞ്ചിരി മതി. ദയയോടു കൂടിയ നമ്മുടെ ഒരു വാക്ക് അവര്‍ക്കു സാന്ത്വനതൈലമാകും!
ആളുകള്‍ എന്നെ മുതലെടുക്കാതിരിക്കാന്‍ ഞാന്‍ പരിജ്ഞാനത്തോടെയും പെരുമാറണമായിരുന്നു. ദയയുള്ള നഴ്‌സുമാരെ മുതലെടുക്കുന്ന ചില രോഗികളുണ്ടായിരുന്നു. അടിമകളെപ്പോലെ തങ്ങളുടെ ചുറ്റും ഓടിനടക്കാന്‍ അവര്‍ ദയാനിധികളായ നഴ്‌സുമാരെ ഉപയോഗപ്പെടുത്തും.
എല്ലാവര്‍ക്കും ഉപദേശം കൊടുക്കാന്‍ നഴ്‌സുമാര്‍ക്കു പൊതുവെ താത്പര്യമുണ്ടെന്നും ഞാന്‍ കണ്ടു. വിദഗ്ദ്ധരെപ്പോലെയും രക്ഷാകര്‍ത്താക്കളെപ്പോലെയും അവര്‍ പെരുമാറിക്കളയും. ഒടുവില്‍ ആളുകള്‍ അവരെക്കൊണ്ടു മടുത്ത് അവരെ ഒഴിവാക്കാന്‍ തുടങ്ങും. ഇതു മനസ്സിലാക്കിയ ഞാന്‍, ആളുകള്‍ക്കു സൗജന്യമായി ഉപദേശം നല്‍കുന്ന പരിപാടി നിര്‍ത്തി. കാരണം ഞാന്‍ ചെറുപ്പമാണ്, എനിക്ക് അനുഭവപരിചയവും കുറവാണ്. ആളുകള്‍ക്കു സത്യത്തില്‍ വേണ്ടതു തങ്ങള്‍ക്ക് ഉപദേശം തരുന്ന ആളുകളെയല്ല, മറിച്ച് തങ്ങള്‍ക്കുപറയാനുള്ളതു ക്ഷമയോടെ കേട്ടിരിക്കുന്ന ആളുകളെയാണ്. അതുകൊണ്ട് ആളുകളുടെ പ്രശ്‌നങ്ങള്‍ക്കു ചെവികൊടുക്കുന്ന ശീലം ഞാന്‍ വളര്‍ത്തിയെടുക്കാന്‍ തുടങ്ങി. അങ്ങനെ ഹോസ്പിറ്റലിന്റെ എല്ലാവാര്‍ഡിലും എനിക്കു പരിചയക്കാരും സ്‌നേഹിതരും ഉണ്ടായി.
ഹോസ്റ്റലിലെ സഹനഴ്‌സു മാരില്‍നിന്നു ഞാന്‍ നേരിട്ടതു മറ്റൊരു പ്രശ്‌നമാണ്. അവരില്‍ മിക്കവരും മറ്റുള്ളവരെക്കുറിച്ചും ആശുപത്രി അധികൃതരെക്കുറിച്ചും ദൂഷണം പറയുന്നവരായിരുന്നു. ഒട്ടേറെ സമയം അവര്‍ വൃഥാസംഭാഷണത്തിനു ചെലവിടും. അവരില്‍നിന്നു രക്ഷപ്പെടുന്നത് ഏറെ പ്രയാസമായിരുന്നു. പക്ഷേ എന്തെങ്കിലും കാരണം പറഞ്ഞ് കുറച്ചുകഴിയുമ്പോള്‍ ഞാന്‍ മെല്ലെ അവരുടെ അടുത്തുനിന്നുപോകും. ഏതു നിസ്സാരവാക്കിനും ചെവികൊടുത്ത ഏതു പരദൂഷണത്തിനും ഞാന്‍ ഒരു നാളില്‍ കര്‍ത്താവിന്റെ മുന്‍പാകെ കണക്കുകൊടുക്കേണ്ടതാണെന്ന ബോധ്യം എനിക്കുണ്ടായിരുന്നു.
തങ്ങള്‍ക്ക് എന്തോ മാരകരോഗമുണ്ടെന്നു കരുതുന്നവരായിരുന്നു മറ്റു ചില നഴ്‌സുമാര്‍.മറ്റുള്ളവരുടെ സഹതാപം അവര്‍ക്കു വേണം. ഇന്ന് ഒറ്റയ്ക്കായിരിക്കുമ്പോള്‍ തന്നെ അവര്‍ അവരുടെ ഇല്ലാത്ത രോഗത്തിനുസഹതാപം തേടി മുഴുവന്‍ സമയവും ചെലവഴിക്കുന്നു. ഇങ്ങനെയെങ്കില്‍ നാളെ അവര്‍ക്കു ഭര്‍ത്താവും കുഞ്ഞുങ്ങളും ആകുമ്പോള്‍ ആ ചുമതലകള്‍ എങ്ങനെ അവര്‍ക്കു നിറവേറ്റാന്‍ കഴിയും?
മറ്റുള്ളവര്‍ക്ക് തങ്ങള്‍ ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെക്കുറിച്ച് ഇവര്‍ക്ക് ചിന്തയേയില്ലെന്നു മിക്കപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. ആശുപത്രികളില്‍ ഒട്ടേറെ രോഗികളെയും രോഗം സംബന്ധിച്ചകാര്യങ്ങളെയും അവര്‍ നേരിടുന്നതുകൊണ്ടാണോ തങ്ങള്‍ക്കും ഇവയില്‍പലരോഗങ്ങളും ഉണ്ടെന്ന് ഇവര്‍ സങ്കല്പിക്കുന്നതെന്നു ഞാന്‍ അത്ഭുതപ്പെട്ടു!
ഒരു നഴ്‌സിന് രോഗിയില്‍നിന്നു ടി.ബി. പിടിപെട്ടു. തനിക്ക് ക്ഷയരോഗം പിടിപെട്ടത് രോഗിയില്‍നിന്നാണെന്നു മനസ്സിലായപ്പോള്‍ അവള്‍ ആകെ അസ്വസ്ഥയായി. അവിശ്വാസിനിയായ അവള്‍ പിന്നെ രാവും പകലും തനിക്കു രോഗം പകര്‍ന്നുതന്ന ആ ആളിനെ ശപിക്കുന്നതു കേള്‍ക്കാമായിരുന്നു.
ദൈവമക്കളെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ എത്ര വ്യത്യസ്തമാണ്! ദൈവം അറിയാതെ നമുക്ക് ഒന്നും സംഭവിക്കുന്നില്ല. നമ്മള്‍ രോഗികള്‍ ആയാല്‍, ദൈവത്തിന് നന്ദി, അവിടുത്തേക്കു നമ്മെ സഹായിക്കാന്‍ കഴിയും! യേശു നമ്മുടെ സൗഖ്യദായകനാണ്. അവിടുന്നു നമ്മുടെ ഭാരം വഹിക്കുന്നു. അവിടുത്തേക്കു നമ്മെ അത്ഭുതകരമായി സൗഖ്യമാക്കാന്‍ കഴിയും. അല്ലെങ്കില്‍ നമ്മുടെ രോഗത്തിനു ശരിയായ ചികിത്സ കിട്ടുന്ന ഒരിടത്തേക്കു നമ്മെ നയിക്കാന്‍ കഴിയും.
എന്റെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ സിനിമാഭ്രാന്തുള്ളവരായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെക്കുറിച്ചായിരുന്നു എപ്പോഴും അവരുടെ സംസാരം. ഹോസ്റ്റലില്‍ അവര്‍ എപ്പോഴും സിനിമാഗാനങ്ങളും പാടും. എനിക്കിതൊന്നും അറിഞ്ഞു കൂടായിരുന്നു എന്നതില്‍ ഞാന്‍ ദൈവത്തെ സ്തുതിച്ചു. ഞാന്‍ മിക്കപ്പോഴും ഈ പാട്ടിന്റെ വരികള്‍ ഓര്‍ക്കും:
എന്റെ സ്വരം എടുത്താലും, എന്നെ പാടാന്‍ അനുവദിച്ചാലും എപ്പോഴും എന്നേക്കും എന്റെ രാജാവിനായ് മാത്രം....
വേറെ ചിലര്‍ ഗള്‍ഫുനാടുകളില്‍പോയി പണം ഉണ്ടാക്കുന്നതും സ്വര്‍ണാഭരണങ്ങള്‍ വാങ്ങി അണിയുന്നതും സ്വപ്നം കാണും. പല നഴ്‌സുമാരും അവിടെപോയി പണം ഉണ്ടാക്കിയെന്ന് അവര്‍ കേട്ടിട്ടുണ്ട്.
ദൈവം എന്നെക്കുറിച്ച് എന്താണ് ആഗ്രഹിക്കുന്നത്?
എന്റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഞാനാഗ്രഹിച്ചു. ഇതേസമയം ദൈവേഷ്ടം, അതെന്തായാലും, ചെയ്യാനും ഞാന്‍ വാഞ്ഛിച്ചു. എനിക്കുള്ള അല്പത്തെ - അഞ്ചപ്പവും രണ്ടുമീനും അനുഗ്രഹിച്ച് അവിടുന്ന് 5000പേരെ തൃപ്തരാക്കിയപോലെ അവിടുന്ന് വാഴ്ത്തി അനുഗ്രഹിച്ചു തരുമെന്നു ഞാന്‍ വിശ്വസിച്ചു.
പണം ഉണ്ടാക്കാനായി മാത്രം വിദേശത്തുപോയ പല വിശ്വാസികളെക്കുറിച്ചു ഞാന്‍ കേട്ടിട്ടുണ്ട്.പണം ഒരു വലിയ കെണിയാണെന്നു ഞാന്‍ കണ്ടു. തെറ്റായ നിലയില്‍ കുന്നുകൂടുന്ന സ്വത്തെല്ലാം എനിക്കും എന്റെ കുടുംബത്തിനും ശാപമായി മാറുമെന്നു ഞാന്‍ കണ്ടു.
വീട്ടില്‍ പണമെല്ലാം കുടിച്ചു ധൂര്‍ത്തടിച്ച പിതാവിനെ ഞാന്‍ ഓര്‍ത്തു. കുടിക്കുന്ന സ്വഭാവം പിതാവിനില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ ധനികരാകുമായിരുന്നു. പണം എന്നു പറയുന്നതു ദൈവം തരുന്ന ഒരു ദിവ്യമായ നിക്ഷേപമാണ് അതു നാം വിവേകത്തോടെ ഉപയോഗിക്കുന്നു.
ഞാന്‍ എപ്പോഴും തിരക്കിലായിരുന്നു. വളരെക്കുറിച്ച് ഒഴിവുസമയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു. അതു നന്നായി.കാരണം അലസന്റെ ഹൃദയം ചെകുത്താന്റെ പണിശാലയാണെന്ന് എനിക്കറിയാമായിരുന്നു. സമയം കിട്ടുമ്പോള്‍ ഞാന്‍ തയ്ക്കും. എന്റെ അല്പമായ ഒഴിവുസമയം വസ്ത്രങ്ങള്‍ തയ്ക്കാനും കേടുപോക്കാനും ഞാന്‍ ഉപയോഗിച്ചു.
ഞാന്‍ എന്റെ പഠനവും ഇഷ്ടപ്പെട്ടു. മൊത്തത്തില്‍ ജീവിതം സന്തോഷകരം. എനിക്കൊരു ലക്ഷ്യമുണ്ട്. ചിലതു നേടിയതിന്റെ ചാരിതാര്‍ഥ്യമുണ്ട്. എന്റെ ബാഹ്യലോകത്തിലെതിരിച്ചടികളെ മറികടന്ന് അവയെല്ലാം എന്നെന്നേക്കുമായി മറന്നു മുമ്പോട്ടുപോകാന്‍ ഞാനാഗ്രഹിച്ചു.
സഭാലൈബ്രറിയില്‍ ചില നല്ല പുസ്തകങ്ങള്‍ഉണ്ടായിരുന്നു. മാഡം ഗയോണിന്റെജീവചരിത്രത്തിന്റെ ഒരു പഴയ കോപ്പി അവിടെ ഞാന്‍ കണ്ടെത്തി. അവരെക്കുറിച്ചു ഞാന്‍ നേരത്തെ കേട്ടിട്ടുണ്ടായിരുന്നില്ല. അതൊരു വലിയ പുസ്തകമായിരുന്നു. എനിക്ക് വായിക്കാന്‍ ഏറെ സമയം കിട്ടാതിരുന്നതുകൊണ്ട് അതു വായിച്ചു തീര്‍ക്കാന്‍ മാസങ്ങള്‍ തന്നെ എടുത്തു.
എന്നാല്‍ ഞാന്‍ വായിച്ചിട്ടുള്ളതില്‍വച്ച് ഏറ്റവും മികച്ച പുസ്തകം അതായിരുന്നു. പൂര്‍ണ ഹൃദയത്തോടെ കര്‍ത്താവിനെ സ്‌നേഹിക്കാന്‍ അതെന്നെ വെല്ലുവിളിച്ചു. എന്റെ ആത്മീയജീവിതത്തില്‍ ആ പുസ്തകം എന്നെ വിവിധനിലകളില്‍ സഹായിച്ചു. കഷ്ടതകളുടെ ലക്ഷ്യവും ക്രൂശിന്റെ മാര്‍ഗ്ഗവും മനസ്സിലാക്കാന്‍ അത് കുറച്ചൊന്നുമല്ല എന്നെ സഹായിച്ചത്!
'ഒരു ചാഞ്ചല്യവുമില്ലാതെ കര്‍ത്താവിനെ സേവിക്കുക' - എന്റെ ആദര്‍ശവാക്യം അതായിത്തീര്‍ന്നു. ആ ആദര്‍ശവാക്യം കര്‍ത്താവിനെ അടുത്ത് അനുഗമിക്കാന്‍ എന്നെ പ്രചോദിപ്പിച്ചു.
ഒടുവില്‍ എന്റെ നഴ്‌സിങ് പഠനം പൂര്‍ത്തിയായി. വടക്കെ ഇന്ത്യയില്‍ തന്നെ ജോലി ചെയ്യാനാണ് ഞാന്‍ ആഗ്രഹിച്ചത്. കാരണം അവിടെ ക്രിസ്തീയ പ്രതിബദ്ധതയുള്ള നഴ്‌സുമാര്‍ ആവശ്യമാണെന്നു ഞാന്‍ കണ്ടു.
ഒരു പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എനിക്കു ജോലി ലഭിച്ചു. ആരോഗ്യകേന്ദ്രത്തില്‍ നിന്നു ഞങ്ങള്‍ തുടര്‍ച്ചയായി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തിനായി പോകുമായിരുന്നു. ആ യാത്രകള്‍ ക്ലേശകരമായിരുന്നു. പക്ഷേ ഞാനവ ആസ്വദിച്ചു. ഒരോ ദിവസവും തിരക്കോടു തിരക്ക്. ആളുകളുമായി ഇടപഴകുന്നത് എനിക്കിഷ്ടമായിരുന്നു; അവരോടു കര്‍ത്താവിനെക്കുറിച്ചു പറയാനും.
ഓരോ മാസവും ഞാന്‍ കുറച്ചു പണം വീട്ടിലേക്ക് അയച്ചുകൊടുക്കും; മാതാപിതാക്കളോടുള്ള എന്റെ നന്ദിസൂചകമെന്നവണ്ണം. വടക്കെ ഇന്ത്യയിലെ കര്‍ത്താവിന്റെ വേലയ്ക്കും ഞാന്‍ പണം നല്‍കുമായിരുന്നു. അല്പം പണം ഞാന്‍ മിച്ചം പിടിക്കാനും തുടങ്ങി. വിഷമകരമായ സമയങ്ങളില്‍, അല്ലെങ്കില്‍ വിവാഹം വരുമ്പോള്‍, എനിക്കതു സഹായകരമാകും!.
ഭക്ഷണം ഞാന്‍ തനിയെ പാചകം ചെയ്തു. വസ്ത്രങ്ങള്‍ സ്വയം അലക്കി. അങ്ങനെ സ്വന്തം ചെലവുകള്‍ ഞാന്‍ പരമാവധി ചുരുക്കി.നഴ്‌സിന്റെ യൂണിഫോം എപ്പോഴും ധരിക്കേണ്ടി വന്നതും അനുഗ്രഹമായി. മാറി മാറി വരുന്ന ഫാഷനെക്കുറിച്ചു ഗൗനിക്കാതെ സ്വാതന്ത്ര്യമായി നടക്കാമല്ലോ!
ഇക്കാലത്തു ഡാഡി വീണ്ടും എന്റെ ജീവിതത്തിലേക്കു കടന്നു വരാന്‍ ശ്രമിച്ചു.കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഡാഡി എന്നെ ശ്രദ്ധിച്ചിരുന്നില്ല. പക്ഷേ ഞാന്‍ ബിരുദം നേടി സമ്പാദിക്കാന്‍ തുടങ്ങിയതോടെ ഡാഡി എന്നെക്കുറിച്ചു താത്പര്യം എടുക്കാന്‍ തുടങ്ങി. ഞാന്‍ വിദേശത്തുപോയി കൂടുതല്‍ പണം സമ്പാദിക്കണം. നല്ലനിലയില്‍ എന്റെ വിവാഹം നടക്കണം- ഇതൊക്കെയായിരുന്നു ആ താത്പര്യങ്ങള്‍. താന്‍ മദ്യപാനം നിര്‍ത്തിയെന്നു ഡാഡി എന്നെ അറിയിച്ചു. മമ്മിയും അതു ശരിവച്ചു. പ്രയ്‌സ് ദ ലോര്‍ഡ്! അത് എന്റെ പ്രാര്‍ത്ഥനയുടെ മറുപടിയായിരുന്നു.
സത്യത്തില്‍ എനിക്കു ഡാഡിയെ ഇഷ്ടമായിരുന്നു. അതുകൊണ്ടു ഡാഡിയെ വേദനിപ്പിക്കാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നില്ല. എന്നാല്‍ കലപ്പയ്ക്കു കൈവച്ചശേഷം പുറകോട്ടു നോക്കുന്നവന്‍ കര്‍ത്താവിനു കൊള്ളാകുന്നവനല്ല എന്നെനിക്കറിയാമായിരുന്നു (ലൂക്കോസ് 9:62). കര്‍ത്താവായ യേശുവിനെക്കാള്‍ കവിഞ്ഞ് ഒരു ബന്ധുവും എനിക്കു പ്രിയപ്പെട്ടതാകാന്‍ പാടില്ലെന്നു ഞാന്‍ നിശ്ചയിച്ചിരുന്നു.
ഞാന്‍ എന്റെ ഭാവിയെക്കുറിച്ചും പ്രാര്‍ത്ഥിക്കുമായിരുന്നു. എന്റെ വിവാഹം സംബന്ധിച്ച് കര്‍ത്താവിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശം ഉണ്ടാകാന്‍ ഞാനാഗ്രഹിച്ചു. ''രണ്ടു പേര്‍ തമ്മില്‍ ഒത്തിട്ടല്ലാതെ നടക്കാമോ?''......... ''വെളിച്ചത്തിന് ഇരുളിനോടെന്തു കൂട്ടായ്മ?''........... ''അവിശ്വാസികളോട് ഇണയില്ലാപ്പിണ കൂടരുത്''......... തുടങ്ങിയ വാക്യങ്ങളൊക്കെ ഞാനോര്‍ത്തു. ബൈബിളിലെ ഈ വാക്യങ്ങളുടെയെല്ലാം അര്‍ത്ഥം വളരെ വ്യക്തമാണ്: ഒരു വിശ്വാസി ഒരിക്കലും അവിശ്വാസിയെ വിവാഹം കഴിക്കാന്‍ പാടില്ല.
എന്റെ അമ്മയുടേതുപോലെ എന്റെ വിവാഹജീവിതം കലഹം നിറഞ്ഞതാകരുതെന്നു ഞാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. കര്‍ത്താവ് എന്നെ അതിനു സഹായിക്കും. ഞാന്‍ എന്റെ ഭര്‍ത്താവിനു കീഴടങ്ങണമെന്നാണു ദൈവം എന്നെക്കുറിച്ച് ആഗ്രഹിക്കുന്നത്.ബൈബിള്‍ അങ്ങനെ പഠിപ്പിക്കുന്നു. ഞാന്‍ അനുഭവിച്ചതുപോലെ എന്റെ കുഞ്ഞുങ്ങള്‍ അനുഭവിക്കരുതെന്നു ഞാന്‍ തീരുമാനിച്ചു.
പക്ഷേ വിവാഹം സംബന്ധിച്ച ഈ സുപ്രധാനമായ കാര്യങ്ങള്‍ എനിക്ക് എങ്ങനെ എന്റെ മാതാപിതാക്കളെ ധരിപ്പിക്കാന്‍ കഴിയും?- അതായി എന്റെ ചിന്ത.പക്ഷേ തല്‍ക്കാലം നിശ്ശബ്ദത പാലിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്തുവന്നാലും ഞാന്‍ കര്‍ത്താവിനെ പിന്‍പറ്റും. പക്ഷേ ഒരു സമയത്ത് ഒരു ചുവടു വച്ചാല്‍ മതിയല്ലോ!
ഒരു അവിശ്വാസിയെ വിവാഹം കഴിക്കുന്നതിനെക്കാള്‍ ജീവിതകാലം മുഴുവന്‍ അവിവാഹിതയായി കഴിയുന്നതാണു നല്ലതെന്നു ഞാന്‍ തീരുമാനിച്ചു. ദൈവം എനിക്കായി തിരഞ്ഞെടുത്തിട്ടില്ലാത്ത ഒരാളുമായി ജീവിതകാലം മുഴുവന്‍ ചെലവിടുന്നതിനു രണ്ടായാലും ഞാന്‍ തയ്യാറല്ല. ഇക്കാര്യത്തില്‍ എന്റെ മാതാപിതാക്കളോടു കാര്‍ക്കശ്ശ്യം പാലിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ അതു കൃപയോടു കൂടിവേണമെന്നു ഞാന്‍ എന്നെത്തന്നെ ഓര്‍മിപ്പിച്ചു.
ലൗകികരായ സ്ത്രീകളൊന്നും ആയിരുന്നില്ല എന്റെ മാതൃക. തിരുവെഴുത്തിലും ജീവചരിത്രങ്ങളിലും ഞാന്‍ വായിച്ച സ്ത്രീകള്‍- സാറ, രൂത്ത്, പ്രിസ്‌ക്കില്ല തുടങ്ങിയവര്‍ ബൈബിളില്‍ നിന്നും; സൂസന്ന വെസ്ലി, ബെറ്റിസാം, എലിസബത്ത് എലിയറ്റ് തുടങ്ങിയവര്‍ ഈ കാലഘട്ടത്തില്‍ നിന്നും- എന്റെ ആദര്‍ശ വനിതാരത്‌നങ്ങളായിരുന്നു.
നഴ്‌സുമാരുടെ പ്രാര്‍ത്ഥനാ കൂട്ടത്തില്‍ ഒരു കാലത്തു ഞാന്‍ തുടര്‍ച്ചയായി ബൈബിള്‍ ക്ലാസ്സ് എടുത്തിട്ടുണ്ട്- ബൈബിളിലെ സ്ത്രീരത്‌നങ്ങളെക്കുറിച്ചും ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഈ ക്രിസ്തീയ വനിതകളെക്കുറിച്ചുമാണ് ഞാന്‍ ആ ക്ലാസ്സുകളില്‍ പഠിപ്പിച്ചത്. അതുകൊണ്ടു തന്നെ അവരുടെ ജീവിത മാതൃകള്‍ എന്റെ മനസ്സില്‍ പച്ചപിടിച്ചു നില്പുണ്ടായിരുന്നു.
ദൈവം ഉപയോഗിച്ച ദെബോറ അത്തരം ഒരു ധീരവനിതയായിരുന്നു. യിസ്രായേലിനെ ശത്രുക്കളില്‍ നിന്നു വിടുവിക്കാന്‍ ദൈവം മോശെയെ ഉപയോഗിച്ചതുപോലെ ഈ ദെബോറെയെയും ദൈവം ഉപയോഗിച്ചു. തന്റെ തലമുറയില്‍ ദൈവത്തിനുവേണ്ടി ഒരു നിലപാടെടുത്ത പെണ്‍കുട്ടിയാണ് എസ്ഥേര്‍.ഫലം തന്റെ തലമുറയില്‍ ആളുകള്‍ക്ക് ഒരനുഗ്രഹമായി അവള്‍ മാറി.
ദൈവത്തിനായി പൂര്‍ണ്ണമായി സമര്‍പ്പിക്കപ്പെട്ട പെണ്‍കുട്ടികളില്‍ എല്ലാംകൊണ്ടും മികച്ചു നില്‍ക്കുന്നു യേശുവിന്റെ അമ്മയായ മറിയ. തെറ്റിദ്ധാരണയും പരിഹാസവും നേരിട്ടുകൊണ്ടു തന്നെ അവള്‍ ദൈവഹിതത്തിനു കീഴ്‌പ്പെട്ടു. മാര്‍ത്തയും മറിയയും തങ്ങളുടെ ഹൃദയവും വീടും കര്‍ത്താവിനായി തുറന്നു. ഭവനത്തില്‍ അവര്‍ ഒരു ദൈവികാത്ഭുതം പ്രാപിക്കുകയും ചെയ്തു.
ലുദിയ, തിമൊഥെയോസിന്റെ അമ്മ യൂനീസ,് വലിയമ്മ ലോയിസ് തുടങ്ങിയവരും എന്റെ മാതൃകകളായിരുന്നു.
ബൈബിളിലെ നിഷേധമാതൃകകളില്‍ നിന്നും പാഠം പഠിക്കാനും ഞാന്‍ ആഗ്രഹിച്ചു. ഹവ്വ, ലോത്തിന്റെ ഭാര്യ, ഇയ്യോബിന്റെ ഭാര്യ, മോശെയുടെ ഭാര്യ, യിസബെല്‍ എന്നിവരുടെ പരാജയം എന്തെന്നു മനസ്സിലാക്കാനും ഞാന്‍ മനസ്സിരുത്തി.
ഇതിനിടെ ചില വര്‍ഷങ്ങള്‍ തന്നെ കഴിഞ്ഞു. അനുയോജ്യമായ ആലോചനകളൊന്നും വരാതായപ്പോള്‍ ജീവിതകാലം മുഴുവനും ഒറ്റയ്ക്കു കഴിയാനും ഞാന്‍ തയ്യാറെടുത്തു.
സുരക്ഷിതത്വത്തിനായുള്ള ആഗ്രഹം എന്നിലും ശക്തമായിരുന്നു, മറ്റേതു ചെറുപ്പക്കാരിയെയും പോലെ. പക്ഷേ കര്‍ത്താവിനെ എല്ലാറ്റിലും പ്രസാദിപ്പിച്ച് തന്നില്‍ സന്തോഷമായിരിക്കാനാണു ഞാന്‍ പ്രാഥമികമായും ആഗ്രഹിച്ചത്. വിവാഹത്തെക്കുറിച്ചുള്ള അവിടുത്തെ കല്പനയെ ലംഘിക്കുന്നതിനു പകരം തന്റെ രണ്ടാം വരവിനായി നോക്കിപ്പാര്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് ഒരു നഴ്‌സെന്ന നിലയില്‍ മാന്യമായി ജോലി ചെയ്തു വിവിധ സ്ഥലങ്ങളില്‍ കര്‍ത്താവിന്റെ വേലയെ പിന്‍തുണയ്ക്കാമല്ലോ. എന്റെ ജീവിതത്തിന് അപ്പോള്‍ ഒരന്തസ്സും അര്‍ത്ഥവും ഉണ്ട്.
എനിക്കിപ്പോള്‍ പകല്‍ക്കിനാവുകളില്ല. കര്‍ത്താവിനെ മാത്രം പ്രസാദിപ്പിക്കുവാന്‍ ഞാനാഗ്രഹിച്ചു- എന്തുവന്നാലും.
ഹോസ്പിറ്റലിലെ മെഡിക്കല്‍ സൂപ്രണ്ടായിരുന്നു എന്റെ മേലധികാരി. അദ്ദേഹത്തോടും അന്തസ്സുള്ള ഒരു മനോഭാവം ഞാന്‍ പുലര്‍ത്തി.
നേരത്തെ ഞാന്‍ പറഞ്ഞിട്ടുള്ളതുപോലെ പല നഴ്‌സുമാരും ഡോക്ടര്‍മാരോട്- വിവാഹിതരോടു പോലും- വളരെ സ്വാതന്ത്ര്യമായി ഇടപെടുന്നതു ഞാന്‍ ശ്രദ്ധിച്ചു. തങ്ങളുടെ കുത്തഴിഞ്ഞ, ബുദ്ധിയില്ലാത്ത പെരുമാറ്റം എത്ര കുടുംബങ്ങളെ തകര്‍ക്കുമെന്ന് അവര്‍ ശ്രദ്ധിക്കുന്നില്ലെന്നു തോന്നി. അത്തരം ഒരു പാപത്തിന്റെ കുറ്റം വഹിക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല.
ഹോസ്റ്റലില്‍ ഞങ്ങള്‍ക്കൊരു ടെലിവിഷന്‍ സെറ്റുണ്ടായിരുന്നു. പക്ഷേ ടിവി പരിപാടികളില്‍ മിക്കതിന്റെയും അര്‍ത്ഥമില്ലായ്മ അതു കാണുന്നത് സമയം പാഴാക്കലാണെന്ന ബോധ്യം എനിക്കു നല്‍കി. അപൂര്‍വ്വം ചില പരിപാടികള്‍ വിജ്ഞാനപ്രദമായിരുന്നു. പലപ്പോഴും ഞാനവ കാണും. എന്നാല്‍ ടിവിയോടുള്ള മാനസിക അടിമത്തം മൂത്ത് ആത്മീയത കൈമോശം വരുമെന്നു മിക്കപ്പോഴും ഞാന്‍ ഭയന്നു. എന്റെ പഴയ വാര്‍ഡനായ സ്‌നേഹിതയാണ് ഇത്തരം ആരോഗ്യകരമായ ഒരു ഭയം എനിക്കു നല്‍കിയതെന്നു ഞാന്‍ കണ്ടെത്തി.
സഭയിലെ ആളുകളെ പരിചയപ്പെടുന്നത് എനിക്കു സന്തോഷമായിരുന്നു. അവരില്‍ ചിലര്‍ ഹോസ്പിറ്റലില്‍ വന്നപ്പോഴൊക്കെ ഞാനവരെ സഹായിച്ചു. ഈ ലളിതമനസ്‌കരായ ആളുകളെ ഞാന്‍ സ്‌നേഹിച്ചു; അവരെന്നെയും.
അങ്ങനെ മെല്ലെമെല്ലെ മാസങ്ങള്‍ കടന്നു പോയി; വര്‍ഷങ്ങളും.
"പരദേശി മോക്ഷയാത്ര" - ജോണ്‍ ബനിയന്റെ പ്രശസ്തമായ ക്രിസ്തീയ ക്ലാസ്സിക്. ആ പുസ്തകത്തെ അടിസ്ഥാനമാക്കി ഒരിക്കല്‍ സഭയില്‍ ഞങ്ങള്‍ തുടര്‍ച്ചയായ ഒരു പഠനം നടത്തുകയുണ്ടായി. അതു ഞങ്ങളില്‍ പലരുടേയും ജീവിതത്തില്‍ ഒരു വലിയ ഉണര്‍വ്വു തന്നെ കൊണ്ടുവന്നു. തുടര്‍ന്നു ക്രിസ്തീയജീവിതത്തെ ഞങ്ങള്‍ കൂടുതല്‍ ഗൗരവമായി എടുക്കാന്‍ തുടങ്ങി. ആ കഥയിലെ ക്രിസ്ത്യാനിയെപ്പോലെ എന്റെ ജീവിതത്തിന്റെ അവസാനംവരെ യേശുവിനെ അനുഗമിക്കുന്നതില്‍ വിശ്വസ്തയായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു.
സഭയില്‍ ഇടയ്ക്കിടെ പ്രത്യേകയോഗങ്ങളുണ്ടാകും. അത്തരം എല്ലാ മീറ്റിംഗുകളിലും ഞാന്‍ മുടങ്ങാതെ ഹാജരാകും. കാരണം എന്റെ ജീവിതത്തില്‍ നിരന്തരം ഒരു നവീകരണം ഉണ്ടായിരിക്കണമെന്നു ഞാന്‍ ആഗ്രഹിച്ചു.
അത്തരം ഒരു സന്ദര്‍ഭത്തില്‍ എന്റെ ജീവിതത്തിലെ വരള്‍ച്ചയെക്കുറിച്ചു പ്രത്യേക ബോധ്യം എനിക്കുണ്ടായി. കൂടാതെ ഉത്തരേന്ത്യയിലെ ദീര്‍ഘമായ ഉഷ്ണകാലവും എന്നെ വല്ലാത്ത വിഷാദത്തില്‍ ആഴ്ത്തിക്കളയുമായിരുന്നു. കര്‍ത്താവിനെ പുതുതായി അന്വേഷിക്കേണ്ടതിന്റെ ഒരാവശ്യകതയുണ്ടെന്ന് ഇപ്പോള്‍ എനിക്കു തോന്നാന്‍ തുടങ്ങി.
ഇത്തരുണത്തില്‍ ദൈവം എന്നെ അപ്രതീക്ഷിതമായി കണ്ടുമുട്ടി, അനുഗ്രഹിച്ചു. അതിങ്ങനെയാണ്. ഒരു ദിവസം ഞാന്‍ എന്റെ മുറിയിലിരുന്നു തനിയെ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയാണ്. പൊടുന്നനെ എന്റെ ശരീരത്തില്‍ സന്തോഷത്തിന്റെ അലകള്‍ അടിക്കുന്നതുപോലെ എനിക്കു തോന്നി. ഞാന്‍ നാവുകൊണ്ട് അപരിചിതമായ വാക്കുകള്‍ ഉറക്കെ പറയാന്‍ തുടങ്ങി. എനിക്ക് അതുവരെ അറിഞ്ഞുകൂടാത്ത ഒരു ഭാഷയില്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നത് കര്‍ത്താവ് എന്നെ പരിശുദ്ധാത്മാവിനാല്‍ നിറച്ചതിനാലാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. അതു "ഭാഷാവര"മായിരുന്നു. ഈ അനുഭവത്തെക്കുറിച്ച് ആളുകള്‍ സംസാരിക്കുന്നതു ഞാന്‍ കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ, അതിനെക്കുറിച്ച് എനിക്ക് ഏറെയൊന്നും അറിയില്ലായിരുന്നു.
എനിക്ക് ഏറെ സന്തോഷം അനുഭവപ്പെട്ടു; ഉത്സാഹവും.
എന്നെപ്പോലെ ഒരരിഷ്ടവ്യക്തിക്കു ദൈവം ഇത്രത്തോളം അനുഗ്രഹം നല്‍കുമെന്ന് എനിക്കു പ്രതീക്ഷയില്ലായിരുന്നു. പരിശുദ്ധാത്മസ്‌നാനം എനിക്ക് ആത്മാവില്‍ ഏറെ സ്വാതന്ത്ര്യം നല്‍കി; കര്‍ത്താവിനോട് കൂടുതല്‍ സ്‌നേഹവും. എന്റെ ജീവിതം തന്നെ സ്വര്‍ഗ്ഗത്തിലേക്കു മാറ്റപ്പെട്ടതു പോലെ. അതിനുശേഷം പല ദിവസങ്ങളോളം ഞാന്‍ ആ തേജസ്സിന്റെ വെളിച്ചത്തിലാണു ജീവിച്ചത്.
ആ ദിവസങ്ങളിലെല്ലാം എന്റെ ഹൃദയത്തിന്റെ പറയാന്‍ കഴിയാഞ്ഞ ആഗ്രഹങ്ങളൊക്കെ ദൈവം എനിക്കു നല്‍കിയ ഈ പുതിയ ഭാഷയില്‍ ഞാന്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി. ഞാനെന്താണു പറയുന്നതെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ ഞാനും കര്‍ത്താവും തമ്മിലുള്ള ഒരു രഹസ്യസ്‌നേഹഭാഷപോലെ അതെനിക്കുതോന്നി.കര്‍ത്താവ്, എന്റെ ഹൃദയത്തില്‍നിന്നു നേരിട്ടു വന്ന അതിലെ ഓരോ വാക്കും മനസ്സിലാക്കി എന്നെനിക്കുറപ്പായിരുന്നു! അതൊരു ആത്മീയ സൗഖ്യവും പ്രദാനം ചെയ്തു. അന്തരാത്മാവില്‍ അതൊരു ആശ്വാസലേപനത്തിന്റെ പ്രതീതി ഉളവാക്കി.
പരിശുദ്ധാത്മാവ് എന്റെ ജീവിതത്തില്‍ ഒരു പുതുക്കം കൊണ്ടുവന്നു. അത് ഒരു ഉറവയില്‍ നിന്നെന്നതുപോലെ എന്റെ അന്തരാത്മാവില്‍നിന്നു നിരന്തരം ഉയര്‍ന്നുവന്നു. ഈ ഉറവ ഒരിക്കലും വറ്റിപ്പോകയില്ലെന്നും ജീവാവസാനം വരെ അധികമധികം അളവില്‍ അതെന്നില്‍ നിന്ന് ഒഴുകിക്കൊണ്ടിരിക്കുമെന്നും ഞാന്‍ കരുതി. ഇക്കാര്യത്തില്‍ ഞാന്‍ ദൈവത്തെ വിശ്വസിച്ചു.
എനിക്ക് അനുഭവപ്പെട്ടതു ആദ്യനൂറ്റാണ്ടില്‍പെന്തക്കോസ്തുനാളില്‍ ശിഷ്യര്‍ക്കുണ്ടായ അതേ അനുഭവമാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. ആ പെന്തക്കോസ്ത് അനുഭവം അന്ന് അവരെ ഭീരുത്വത്തില്‍ നിന്നു വിടുവിച്ചു ക്രിസ്തുവിനുവേണ്ടി ധീരരായ സാക്ഷികളാക്കി മാറ്റി. ഈ അനുഭവം എനിക്കു ലഭ്യമായത് ഇതിനെക്കുറിച്ച് പുകഴ്ച പറയാനല്ല, മറിച്ച് ദൈവത്തിന്റെ മഹത്വത്തിനായി മാത്രം വിനയത്തോടെ ഉപയോഗിക്കാനാണ്-അതായിരുന്നു എനിക്കിതു സംബന്ധിച്ചു ലഭിച്ച ബോധ്യം.
ഞാന്‍ ബൈബിള്‍ ആഴത്തില്‍ പഠിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഈ അനുഭവത്തിന്റെ വേദശാസ്ത്രപരമായ വിശദീകരണമൊന്നും മറ്റുള്ളവര്‍ക്ക് (എനിക്കു തന്നെയും) നല്‍കുവാന്‍ എനിക്കു കഴിയുമായിരുന്നില്ല. ആകെ എനിക്കു പറയാവുന്നത് ഇത്ര മാത്രമായിരുന്നു: 'ഞാന്‍ ദൈവത്തിനായി വിശന്നു ദാഹിച്ചു. അവിടുന്ന് എന്നെ സന്ധിച്ചു. കര്‍ത്താവു വാഗ്ദാനം ചെയ്തതുപോലെ എന്റെ ഉള്ളില്‍ നിന്നു ജീവജലത്തിന്റെ നദികള്‍ ഒഴുകുവാന്‍ തുടങ്ങി '(യോഹ. 7:37-39).
പരിശുദ്ധാത്മസ്‌നാനം എന്റെ ക്രിസ്തീയജീവിതത്തിനു പുതിയൊരു മാനം നല്‍കി. ദൈവത്തിനായും ദൈവവചനത്തിനായും വര്‍ദ്ധിച്ച വിശപ്പ് അതെനിക്കു തന്നു.
ഈ അനുഭവത്തിനുശേഷം, എന്റെ വിശ്വാസം ചുറ്റുപാടുമുള്ള മറ്റുള്ളവരുമായി പങ്കുവയ്ക്കുക എനിക്കു പ്രയാസമായി തോന്നിയില്ല. എന്റെ ലജ്ജ എന്നെ വിട്ടുപോയി.
എനിക്കു ലഭിച്ച പുതുഭാഷ എന്നോടൊപ്പം ഇപ്പോഴുമുണ്ട്. അതെന്റെ പ്രാര്‍ത്ഥനാജീവിതത്തിനു പുതുക്കം തരുന്നു. ഞാന്‍ സമ്മര്‍ദ്ദത്തിലാകുമ്പോഴും നിരാശപ്പെടാന്‍ പ്രേരിപ്പിക്കപ്പെടുമ്പോഴും ഇതെനിക്കൊരു വലിയ സഹായമാണെന്നു ഞാന്‍ കണ്ടെത്തി.
എന്റെ വിവാഹത്തിനു മുന്‍പുതന്നെ ദൈവം എന്നെ ഈ നിലയില്‍ സന്ധിച്ചതില്‍ ഞാന്‍ ദൈവത്തോടു നന്ദിയുള്ളവളാണ്.
വിവാഹാലോചന
ഒരു ദിവസം ഞങ്ങളുടെ പാസ്റ്ററും ഭാര്യയും എന്നെ കാണാന്‍ വന്നു. ഞാന്‍ വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ സഭയിലുള്ള ഒരു ചെറുപ്പക്കാരനെ ഭാവി ഭര്‍ത്താവായി പരിഗണിക്കാന്‍ താത്പര്യമുണ്ടോ എന്നീ കാര്യങ്ങളാണ് അവരെന്നോടു തുറന്നു ചോദിച്ചത്.
അദ്ദേഹത്തിന്റെ പേരു പ്രകാശ്. ഒരു ഇലക്‌ട്രോണിക് കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലി നോക്കുന്നു. നല്ല ക്രിസ്തീയ വിശ്വാസിയാണദ്ദേഹം. കഷ്ടപ്പെട്ട് നല്ല വിദ്യാഭ്യാസം അദ്ദേഹം നേടി.
ഈ ആലോചനയില്‍ ചിന്തിക്കാന്‍ ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു-അനുകൂലമായും പ്രതികൂലമായും. ഞങ്ങള്‍ രണ്ടു സമുദായത്തില്‍പെട്ടവരായിരുന്നു. മാതൃഭാഷകളും വ്യത്യസ്തം. ഒരു പൊതുഭാഷയില്‍ സ്വാതന്ത്ര്യത്തോടെ സംസാരിക്കാന്‍ കഴിയുന്ന ആരെയെങ്കിലും വിവാഹം കഴിക്കാനായിരുന്നു എനിക്കു താത്പര്യം. വിവാഹജീവിതത്തെ സംബന്ധിച്ചിടത്തോളം ആശയവിനിമയം ഒരു പ്രധാന കാര്യമാണല്ലോ. എന്നാല്‍ അദ്ദേഹം നന്നായി ഇംഗ്ലീഷില്‍ സംസാരിക്കും എന്നത് എനിക്കു സന്തോഷം നല്‍കി.
പ്രകാശിന് സഭയില്‍ ഒരു നല്ല സാക്ഷ്യമുണ്ട്. ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കാറുണ്ട്. യോഗങ്ങളില്‍ ചിലപ്പോഴൊക്കെ കണ്ടിട്ടുള്ളതില്‍ നിന്ന് ആത്മീയമായി മതിപ്പോടെ നോക്കാവുന്ന ഒരാളാണ് അദ്ദേഹമെന്ന് എനിക്കു തോന്നി. ഇതൊരു പ്രധാന കാര്യമാണ്. ഭര്‍ത്താക്കന്മാര്‍ ആത്മീയമായി തങ്ങളെക്കാള്‍ ഉയര്‍ന്ന നിലയിലല്ലെങ്കില്‍ ക്രിസ്ത്യാനികളായ ഭാര്യന്മാര്‍ക്ക് അവരെ മതിപ്പോടെ വീക്ഷിക്കാന്‍ കഴിയുകയില്ല. ഇതു ഞാന്‍ പലരുടെ ജീവിതത്തിലും കണ്ടിട്ടുണ്ട്. എനിക്കും പ്രകാശിനും പൊതുവായി ഒരു ഘടകമുണ്ടെന്ന് എനിക്കു മനസ്സിലായി-ഇരുവര്‍ക്കും കര്‍ത്താവിനോടുള്ള സ്‌നേഹം.
പക്ഷേ പെട്ടെന്നൊരു തീരുമാനം എടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. അതുകൊണ്ട് ഈ വിഷയം വച്ചു പ്രാര്‍ത്ഥിക്കാമെന്നു ഞാന്‍ പാസ്റ്ററോടു പറഞ്ഞു. എനിക്കു വളരെ ഉത്സാഹം തോന്നി. എന്നാല്‍ എന്റെ ഉത്സാഹം എന്നെ കയറി ആവേശിക്കാന്‍ ഞാന്‍ അനുവദിച്ചില്ല. അതിരു കടന്ന ഉത്സാഹത്തില്‍ തിടുക്കത്തില്‍ എന്തെങ്കിലും തീരുമാനത്തില്‍ സ്വന്ത താത്പര്യപ്രകാരം എത്തിച്ചേരരുതെന്നു ഞാന്‍ എനിക്കു തന്നെ മുന്നറിയിപ്പു നല്‍കി. ഞാന്‍ ഒരു ദിവസം പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനുമായി വേര്‍തിരിച്ചു- 'കര്‍ത്താവേ, ഈ കാര്യത്തില്‍ അവിടത്തെ ഹിതം വ്യക്തമായി എനിക്കു വെളിപ്പെടുത്തണമേ.' തുടര്‍ന്നും ഒരോ ദിവസവും ഞാന്‍ ഈ വിഷയം പ്രാര്‍ത്ഥനയില്‍ ദൈവസന്നിധിയില്‍ കൊണ്ടു ചെന്നു.
പ്രകാശ് മാതാപിതാക്കളുടെ ഏക മകനായിരുന്നു; അതുകൊണ്ട് അവരോടൊപ്പമാണു താമസം. ഞാന്‍ അദ്ദേഹത്തെ വിവാഹം ചെയ്താല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളോടൊപ്പം അതേ വീട്ടിലാണു ഞാനും താമസിക്കേണ്ടത്. എന്നാല്‍ എന്തിനും ഞാന്‍ തയ്യാറായിരുന്നു. എനിക്ക് ആകെ അറിയേണ്ടിയിരുന്നത് ഇക്കാര്യത്തില്‍ എന്റെ സ്വര്‍ഗ്ഗീയ പിതാവിന്റെ ഹിതം മാത്രമായിരുന്നു. സുഖസൗകര്യങ്ങളുള്ള ഒരു ജീവിതം നയിക്കണമെന്നുള്ള എന്റെ സ്വപ്നങ്ങളും പദ്ധതികളുമൊക്കെ ഞാന്‍ മാറ്റിവച്ചു. ഞാന്‍ പ്രകാശിനെ വിവാഹം കഴിച്ചാല്‍ എന്റെ സ്വന്തം മാതാപിതാക്കളോടു കാട്ടിയ സ്‌നേഹവും ആദരവും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും നല്‍കണമെന്നു ഞാന്‍ തീരുമാനിച്ചു.
സ്വന്തമായൊരു വീടും കുടുംബവും-ആ ചിന്ത എന്നെ ഉത്സാഹഭരിതയാക്കി. പക്ഷേ സുഖകരമായ ഒരു ജീവിതം ആയിരിക്കുകയില്ല എന്റെ മുന്‍പിലുള്ളത്. ഒരു പുതിയ സംസ്‌കാരം, മറ്റൊരു സമുദായം, ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊത്തുള്ള ജീവിതം-ഇതെല്ലാമാണ് എന്റെ മുന്‍പിലുള്ളത്. പക്ഷേ അത് സന്തോഷകരമായ ഒരു ജീവിതം ആയിരിക്കും. കാരണം പ്രകാശും ഞാനും ദൈവത്തെ സ്‌നേഹിക്കുന്നു. അതാണ് എനിക്കേറ്റവും കൂടുതല്‍ ആശ്വാസം നല്‍കിയത്.
തന്റെ സ്വന്തം ജനതയെ ഉപേക്ഷിച്ച് പുറത്തുള്ള ഒരു ജനവിഭാഗത്തില്‍ നിന്ന് വിവാഹം കഴിച്ച ബൈബിളിലെ രൂത്തിനെക്കുറിച്ചു ഞാന്‍ ഓര്‍ത്തു. തന്റെ ഭര്‍ത്താവിനോടും അദ്ദേഹത്തിന്റെ ആളുകളോടും ചേര്‍ന്ന് അവള്‍ നിന്നതായാണു നാം മനസ്സിലാക്കുന്നത്. രൂത്ത് ജീവിതം ആരംഭിച്ചത് തീര്‍ത്തും ദരിദ്രയായ ഒരു യുവതിയായിട്ടായിരുന്നു. പക്ഷേ ദൈവം അവളെ അനുഗ്രഹിച്ചു. ദുര്‍ന്നടപ്പില്‍ നിന്നു രൂപം കൊണ്ട മോവാബ്യ വംശക്കാരിയായിരുന്നു അവളെന്നോര്‍ക്കണം (ഉല്‍പത്തി 19:30-37). ദൈവസന്നിധിയില്‍ പ്രവേശിക്കാനും മോവാബ്യര്‍ക്കു വിലക്കുണ്ടായിരുന്നു (ആവര്‍ത്തനം 23:3)- എന്നിട്ടും രൂത്ത് ദാവീദുരാജാവിന്റെ മുത്തശ്ശിയായി!
ദൈവഹിതം കണ്ടെത്താല്‍ അന്നു വായിച്ച രണ്ടു പുസ്തകങ്ങള്‍ കുറച്ചൊന്നുമല്ല എന്നെ സഹായിച്ചത്. സെക്‌സ്, പ്രേമം, വിവാഹം ( ഒരു ക്രിസ്തീയ സമീപനം ), 'ദൈവഹിതം കണ്ടെത്തുക' ( രണ്ടിന്റെയും ഗ്രന്ഥകര്‍ത്താവ്: സാക് പുന്നന്‍ ) എന്നിവയായിരുന്നു ആ പുസ്തകങ്ങള്‍. വിവാഹത്തെ ദൈവിക കാഴ്ചപ്പാടില്‍ നോക്കിക്കാണാന്‍ ഈ പുസ്തകങ്ങള്‍ എന്നെ പഠിപ്പിച്ചു. ഇതിലെ ആദ്യപുസ്തകം ഭാവി ജീവിതപങ്കാളിയില്‍ എന്താണു നോക്കേണ്ടതെന്നു മനസ്സിലാക്കാന്‍ എന്നെ സഹായിച്ചു. തുടര്‍ന്നു പ്രകാശിനെയും കുടുംബത്തെയും കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പാസ്റ്ററില്‍ നിന്നു ചോദിച്ചറിഞ്ഞു.
ഈ വിവാഹാലോചനയെക്കുറിച്ചു ഞാന്‍ എന്റെ മാതാപിതാക്കള്‍ക്കെഴുതി. അവര്‍ ഇതില്‍ സന്തുഷ്ടരായിരിക്കുകയില്ലെന്ന് എനിക്കറിയാമായിരുന്നു. ധനികരും വിദേശത്തു ധാരാളം പണം സമ്പാദിക്കുന്നവരുമായ ആരെയെങ്കിലും ഞാന്‍ വിവാഹം കഴിക്കണമെന്നായിരുന്നു അവരുടെ ആഗ്രഹം. എനിക്കതിനു താത്പര്യമില്ലെങ്കില്‍ അവിവാഹിതയായി ഞാന്‍ ജീവകാലം മുഴുവന്‍ നിന്നു ജോലി നോക്കി കിട്ടുന്ന പണം അവര്‍ക്കു നല്‍കി ജീവിക്കണം-ഇതായിരുന്നു അവരുടെ ആഗ്രഹം! ഞാന്‍ കൂടുതല്‍ പണം സമ്പാദിക്കണമെന്നാണോ അതോ ഞാന്‍ സന്തുഷ്ടയായിരിക്കണമെന്നാണോ അവര്‍ ആഗ്രഹിക്കുന്നതെന്നു തികഞ്ഞ വിനയത്തോടും ആദരവോടും കൂടി ഞാനവര്‍ക്ക് എഴുതി വിശദമായ ഈ കത്ത്, ഏറെ പ്രാര്‍ത്ഥനയോടെ ഒടുവില്‍ ഞാനവര്‍ക്ക് അയച്ചു - ദൈവം അവരുടെ ഹൃദയത്തെ വ്യത്യാസപ്പെടുത്തുമെന്ന വിശ്വാസത്തോടെ.
വിവാഹത്തിനായുള്ള ഒരുക്കം
ഭാര്യയാകുക എന്ന ചിന്ത ഇടയ്ക്കിടെ എന്നെ ആവേശം കൊള്ളിക്കും. എനിക്ക് അല്പം പേടിയുണ്ടായിരുന്നു. എന്റെ ജീവിതത്തിന്റെ മുഴുവന്‍ വഴികളെയും വ്യത്യാസപ്പെടുത്തുന്ന അതീവ ഗൗരവമുള്ള ഒരു ചുവടാണു ഞാന്‍ വയ്ക്കുന്നത്. ഞാന്‍ എന്റെ ജീവിതത്തെ മറ്റൊരു വ്യക്തിയുമായി പങ്കിടാന്‍ പോകുകയാണ്. ഇത് ഹോസ്റ്റലിലെ എന്റെ മുറിയില്‍ ഒരു പുതിയ വ്യക്തി താമസിക്കാന്‍ വരുന്നതുപോലെയല്ല. ആ വ്യക്തി കുഴപ്പങ്ങളുണ്ടാക്കുന്ന തരമാണെങ്കില്‍ എനിക്ക് അവളെ അവഗണിക്കുകയോ പുതിയ ഒരു മുറിയിലേക്കു മാറുകയോ ആവാം. എന്നാല്‍ ഒരു ഭര്‍ത്താവിനെ സംബന്ധിച്ച് എനിക്കങ്ങനെ ചെയ്യാനാവില്ല!
ദൈവഹിതം എനിക്കു നഷ്ടമാകല്ലേയെന്നു ഞാന്‍ നിരന്തരമായി തീക്ഷ്ണതയോടെ, പ്രാര്‍ത്ഥിച്ചു. ഞാന്‍ തെറ്റായ ഒരു ചുവടാണു വയ്ക്കുന്നതെങ്കില്‍, കര്‍ത്താവു തന്നെ ഈ ഘട്ടത്തില്‍ ഈ വിവാഹാലോചന തടയണം. ദൈവഹിതത്തിന്റെ കേന്ദ്രത്തില്‍ ആയിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്റെ അമ്മയ്ക്ക് ഉണ്ടായതുപോലെ അസന്തുഷ്ടമായ ഒരു ദാമ്പത്യജീവിതം എനിക്കുണ്ടാകാന്‍ ഞാന്‍ താത്പര്യപ്പെട്ടില്ല.
രണ്ടു മാസത്തോളം നിരന്തരം എല്ലാ ദിവസവും ഈ വിഷയം വച്ചു പ്രാര്‍ത്ഥിച്ചു. ഈ വിവാഹാലോചന സംബന്ധിച്ച് ഒരു സമാധാനമാണ് എന്റെ ആത്മാവില്‍ എനിക്കനുഭവപ്പെട്ടത്. എന്നെ സംബന്ധിച്ച അവിടുത്തെ ഹിതം എന്നെ അറിയിക്കാനുള്ള മാര്‍ഗ്ഗമാണിതെന്ന് എനിക്കറിയാമായിരുന്നു. ഞാന്‍ ഇക്കാര്യം എന്റെ പാസ്റ്ററോടു പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ എന്റെ വിവാഹത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള മാതാപിതാക്കളുടെ കത്തും എനിക്കു ലഭിച്ചു. ദൈവത്തിന്റെ സമയം എത്ര കൃത്യമാണ്! എന്റെ അറിവു കൂടാതെ മാതാപിതാക്കള്‍ തന്നെ പ്രകാശിനെക്കുറിച്ചു ചില അന്വേഷണങ്ങള്‍ നടത്തി. ഞാന്‍ താമസിക്കുന്നതിനു തൊട്ടടുത്ത പട്ടണത്തില്‍ ജോലി നോക്കുന്ന അവരുടെ ചില സ്‌നേഹിതരെക്കൊണ്ടു പ്രകാശിനെക്കുറിച്ച് അന്വേഷിപ്പിച്ചു. അദ്ദേഹത്തെക്കുറിച്ചു നല്ല റിപ്പോര്‍ട്ടാണ് അവര്‍ക്കു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ കല്യാണത്തിനു സമ്മതിച്ചുകൊണ്ടു കത്തെഴുതിയത്.
ഒരു ദിവസം സഭായോഗത്തില്‍ പാസ്റ്റര്‍ ഞങ്ങളുടെ വിവാഹ ഉറപ്പു സംബന്ധിച്ച കാര്യങ്ങള്‍ പരസ്യമായി പ്രസ്താവിച്ചു. തുടര്‍ന്നു പ്രാകാശും ഞാനും ഹോസ്റ്റലിന്റെ സന്ദര്‍ശകമുറിയില്‍ കൂടിക്കാണും. അന്യോന്യം കൂടുതല്‍ അറിയാന്‍ ശ്രമിക്കും. എനിക്ക് പ്രകാശിനോട് ഉള്ളില്‍ കൂടുതല്‍ സ്‌നേഹം വളര്‍ന്നു വരുന്നതു ഞാന്‍ മനസ്സിലാക്കി. അതു തിരിച്ചും ഉണ്ടെന്നും എനിക്കറിയാമായിരുന്നു. എന്നാല്‍ ഭാരതീയ സംസ്‌കാരത്തിന്റെ പ്രത്യേകതകളും പരിമിതികളുംകൊണ്ട് ഞങ്ങള്‍ അത് അന്യോന്യം സ്വാതന്ത്ര്യമായി പ്രകടിപ്പിച്ചില്ല!
ദൈവം എനിക്കായി തിരഞ്ഞെടുത്ത ആളിലേക്ക് അവിടുന്ന് അത്ഭുതകരമായി എന്നെ നടത്തി! അവിടുന്ന് എത്ര നല്ലവനാണ്. എന്റെ അപക്വമായ ചെറുപ്പകാലത്തു മറ്റു യുവാക്കളുമായി അനുരാഗത്തിലാകുന്നതിനെക്കുറിച്ചുള്ള വ്യര്‍ത്ഥസങ്കല്പങ്ങള്‍ എന്നെയും വേട്ടയാടിയിരുന്നു. പക്ഷേ ദൈവം തന്റെ കൃപയാല്‍ എന്റെ സ്‌നേഹം മറ്റാരിലും വ്യര്‍ത്ഥമായി ചൊരിയാതെ എന്നെ കാത്തു. ഒരുപക്ഷേ അത്തരം ഒരു മടയത്തരത്തില്‍ ഞാന്‍ വീണുപോയിരുന്നെങ്കിലും എന്റെ സ്‌നേഹനിധിയായ രക്ഷകന്‍ എന്നോടു പൊറുത്ത് എന്റെ പാപങ്ങള്‍ മായിച്ച് എല്ലാം പുതുതായി തുടങ്ങാന്‍ എന്നെ സഹായിച്ചേനേ. നാം തോറ്റുപോയാലും ദൈവം നമുക്കെല്ലാം പുതിയ അവസരങ്ങള്‍ ധാരാളമായി തരുന്നു. ഭൂതകാലം പൂര്‍ണമായി മറക്കുവാനും അവിടുന്ന് ഇടയാക്കും.
എന്റെ വിവാഹനിശ്ചയത്തിന്റെ വിവരം ഞാന്‍ എന്റെ വാര്‍ഡനായിരുന്ന സ്‌നേഹിതയെ എഴുതി അറിയിച്ചു. അവരുടെ ഉപദേശങ്ങളും പ്രാര്‍ത്ഥനകളുമാണു കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം എന്നെ നിലനിര്‍ത്തിയത്. ക്രിസ്തു തുല്യമായ രീതിയില്‍ അവര്‍ എനിക്കു മറുപടി എഴുതി - 'എന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു!' അതേസമയം അവര്‍ അപ്പോഴും ഒറ്റയ്ക്കു ജീവിക്കുകയാണ്.
വിവാഹത്തിന്റെ കാര്യത്തില്‍ ദൈവം എനിക്കുവേണ്ടി ചെയ്തതെല്ലാം ഞാന്‍ ഓര്‍ക്കുന്നു. ഒരു വിവാഹത്തെക്കുറിച്ചുള്ള എല്ലാ പ്രതീക്ഷകളും ഞാന്‍ കൈവിട്ട കാലത്ത്, എന്റെ മാതാപിതാക്കള്‍ എന്നെ ഇക്കാര്യത്തില്‍ സഹായിക്കാതിരുന്ന കാലത്ത്, മറിയയുടെ വാക്കുകള്‍ എന്റെ ധ്യാനമായിരുന്ന കാര്യം ഞാന്‍ ഓര്‍ത്തു: ''എന്റെ ആത്മാവ് എന്റെ രക്ഷിതാവായ ദൈവത്തില്‍ ഉല്ലസിക്കുന്നു. അവന്‍ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ. ഇന്നുമുതല്‍ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും'' (ലൂക്കൊ. 1:47-49).
ആഴ്ചയില്‍ രണ്ടു തവണ ഞാനും പ്രകാശും തമ്മില്‍ കൂടിക്കാണും. ക്രമേണ ഞാന്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനായി കാത്തിരിക്കുവാന്‍ തുടങ്ങി. അദ്ദേഹം ദൈവത്തെ ആഴമായി സ്‌നേഹിക്കുന്നവനായിരുന്നു. ഇതെനിക്കു വലിയ സുരക്ഷിതത്വം നല്‍കി. ഞാന്‍ വധുവാകുന്ന ദിവസത്തിനായി കാത്തിരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ഒന്നിച്ചു കൂടുമ്പോള്‍ ഭാവിയെക്കുറിച്ചു പദ്ധതികള്‍ തയ്യാറാക്കുമായിരുന്നു. ഓരോ സന്ദര്‍ശനവും ഞങ്ങള്‍ പ്രാര്‍ത്ഥനയോടെയാണ് അവസാനിപ്പിക്കാറുണ്ടായിരുന്നത്. ഞങ്ങളുടെ ജീവിതത്തിന്റെ കര്‍ത്താവായി ഞങ്ങള്‍ യേശുകര്‍ത്താവിനെ അംഗീകരിച്ചിരുന്നുവെന്നാണ് ഇതു കാണിക്കുന്നത്.
എന്റെ ഓരോ ദിവസവും പ്രകാശമാനമായി മാറി.
ഞങ്ങളുടെ വിവാഹത്തിന്റെ തീയതി തീരുമാനമായി. വിവാഹത്തിനു ചില ദിവസങ്ങള്‍ക്കു മുന്‍പേ എന്റെ മാതാപിതാക്കള്‍ എത്തിച്ചേര്‍ന്നു. അവര്‍ക്കു പ്രകാശിന്റെ സ്വാഭാവം ഇഷ്ടമായി. എന്റെ മതാപിതാക്കളുടെ ജീവിതത്തില്‍ പ്രകടമായ ഒരു മാറ്റം തന്നെ ദൈവം കൊണ്ടുവന്നതായി ഞാന്‍ കണ്ടു. നമ്മള്‍ ദൈവ ത്തെ മാനിക്കുമ്പോള്‍ ദൈവം നമ്മെ യും മാനിക്കും.
വലിയൊരു വിവാഹം നടത്താന്‍ ഞങ്ങള്‍ ഇരുവരുടെയും കയ്യില്‍ പണം ഉണ്ടായിരുന്നില്ല. അതുകൊണ്ടു തികച്ചും ലളിതമായിരുന്നു ഞങ്ങളുടെ വിവാഹം. വലിയ നിലയില്‍ ഒരു കല്യാണം നടത്തിയശേഷം വിവാഹജീവിതം കടത്തില്‍ ആരംഭിച്ചിട്ടുള്ള യുവമിഥുനങ്ങളെ എനിക്കറിയാമായിരുന്നു.
ജീവിതത്തില്‍ ഒരിക്കല്‍ പോലും കടക്കെണിയില്‍ പെടരുതെന്നു ഞാനും പ്രകാശും തീരുമാനിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടു വിവാഹസല്‍ക്കാരത്തിന് പ്രകാശിന്റെ ചില ബന്ധുക്കള്‍, സഭയിലെ സഹോദരങ്ങള്‍, ആശുപത്രിയിലെ എന്റെ ചില സ്‌നേഹിതര്‍ എന്നിവരെ മാത്രം ക്ഷണിച്ചു.
വിവാഹത്തില്‍ ഞാനും പ്രകാശും ഞങ്ങളുടെ അനുഭവസാക്ഷ്യവും കര്‍ത്താവു ഞങ്ങളെ സംബന്ധിച്ച് എന്താണെന്നതും പരസ്യമായി പ്രസ്താവിച്ചു. ഇതു സാധാരണ ചെയ്യാറുണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങളുടെ രക്ഷിക്കപ്പെടാത്ത ബ ന്ധുക്കളുടെ മുന്‍പില്‍ ഞങ്ങളുടെ വി ശ്വാസം പങ്കുവയ്ക്കുന്നതു നന്നെന്ന് ഞങ്ങള്‍ക്കിരുവര്‍ക്കും തോന്നി. അവര്‍ ഏതായാലും വിവാഹത്തിനു വരും. ഇപ്പോഴല്ലാതെ സുവിശേഷം കേള്‍ക്കാന്‍ അവര്‍ക്കു മറ്റൊരവസരം ലഭിക്കുമെന്നു തോന്നുന്നില്ല.
വിവാഹദിനത്തില്‍ നല്‍കിയ സന്ദേശത്തില്‍ പാസ്റ്റര്‍ ഞങ്ങള്‍ക്കു വളരെ നല്ല ചില ഉപദേശങ്ങള്‍ നല്‍കി. ഞാന്‍ സശ്രദ്ധം അതു കേള്‍ക്കയും അദ്ദേഹം പറഞ്ഞതിലെ ഓരോ വാക്കും ഇപ്പോഴും ഓര്‍ത്തിരിക്കുകയും ചെയ്യുന്നു.
വിവാഹജീവിതം ഒരു പൂന്തോട്ടം പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാര്യയും ഭര്‍ത്താവുമാണു തോട്ടക്കാര്‍. മുഖ്യ പൂന്തോട്ട പരിപാലകന്‍ കര്‍ത്താവായ യേശുവും. ഒരു മനോഹരമായ പൂന്തോട്ടം നമുക്കു വേണമെങ്കില്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശങ്ങള്‍ നാം കൃത്യമായി അനുസരിക്കണം. അത്തരം ഒരൂ പൂന്തോട്ടത്തില്‍ കര്‍ത്താവു തന്നെ ഇറങ്ങിവരികയും നമ്മോടു സംസാരിക്കുകയും ചെയ്യും- ആദിയില്‍ ഏദന്‍ തോട്ടത്തില്‍ എന്നപോലെ. സംസാരത്തിലെ എല്ലാ പാരുഷ്യവും അന്യോന്യമുള്ള നാശോന്മുഖമായ വിമര്‍ശനവും വിവാഹജീവിതത്തില്‍ നാം ഒഴിവാക്കേണ്ടതുണ്ടെന്നു പാസ്റ്റര്‍ പ്രസംഗത്തില്‍ പറഞ്ഞു. അന്യോന്യം സംസാരിക്കുമ്പോള്‍ മധുരമായി സംസാരിക്കാന്‍ നാം ശീലിക്കണം. സംസാരത്തിലെ ഈര്‍ഷ്യ ഒഴിവാക്കണം. ഉള്ളില്‍ ഈര്‍ഷ്യ ഉയര്‍ന്നു വരുന്നത് അറിയുമ്പോള്‍ നാം ഉടനെ പൂന്തോട്ടത്തിലെ ആ മോശപ്പെട്ട കളയെ പിഴുതു മാറ്റണം. അതിനെ ദൂരെയെറിഞ്ഞ് ആ സ്ഥാനത്തു സ്‌നേഹത്തിന്റെ ഒരു വിത്തു നാം ഉടനെ വിതയ്ക്കുകയും വേണം.
നാം പിഴുതു മാറ്റേണ്ട മറ്റു കളകള്‍ ഇവയൊക്കെയാണ്: അന്യോന്യമുള്ള കുറ്റപ്പെടുത്തല്‍, ക്ഷമിക്കാത്ത മനോഭാവം, നിരുത്സാഹം, നമ്മുടെ ജീവിതപങ്കാളിയെ മറ്റുള്ളവരോടു താരതമ്യപ്പെടുത്തുന്നത്, പഴയ പരാജയങ്ങളെ അല്ലെങ്കില്‍ എതിര്‍ലിംഗത്തിലുള്ളവരോടു പുലര്‍ത്തിയ പഴയ ബന്ധങ്ങളെ ഓര്‍മ്മപ്പെടുത്തുന്നത്, വൈരാഗ്യങ്ങളും അലോസരങ്ങളും മനസ്സില്‍ സൂക്ഷിക്കുന്നത്. ഇവയെല്ലാം ഒഴിവാക്കണം.
നാം കാര്യങ്ങള്‍ ചെയ്യുന്ന രീതിയില്‍ നമ്മുടെ ജീവിതപങ്കാളിയും ചെയ്യണമെന്നു നാം പ്രതീക്ഷിക്കരുതെന്നു പ്രസംഗത്തില്‍ പാസ്റ്റര്‍ തുടര്‍ന്നു. ഇരുവരും അവരവര്‍ ആയിരിക്കുന്ന അതേ അവസ്ഥയില്‍തന്നെ അന്യോന്യം അംഗീകരിക്കണം. സംശയം എന്നു പറയുന്നതു വളരെ അപകടകരമായ ഒരു കളയാണെന്നും പാസ്റ്റര്‍ ചൂണ്ടിക്കാട്ടി. അത് അസൂയയോടു ബന്ധപ്പെട്ടിരിക്കുന്നു. ഈ രണ്ടു വിഷച്ചെടികളും ആരാലും പരിപാലിക്കപ്പെടാത്ത തോട്ടത്തില്‍ തഴച്ചു വളരും. ഇവ പ്രത്യക്ഷപ്പെടുമ്പോള്‍ തന്നെ വേരുള്‍പ്പെടെ പറിച്ചെടുത്തു നശിപ്പിക്കണം.
ഇത്തരം വിഷച്ചെടികള്‍, നാം ജാഗരൂകരല്ലെങ്കില്‍, പിശാച് തോട്ടത്തില്‍ കൊണ്ടുവന്നു വിതയ്ക്കും. അവ വളരെ വേഗം തഴച്ചു വളര്‍ന്നു നമ്മളെയും വിവാഹജീവിതത്തെയും നശിപ്പിക്കും. ഭീതി, നിരാശ എന്നിവ വളര്‍ന്നു വന്‍വൃക്ഷങ്ങളാകാം. ഫലത്തില്‍ ഇവ തോട്ടത്തിലെ മറ്റു നല്ല ചെറുചെടികളെ നശിപ്പിക്കും. അതുകൊണ്ട് ഇവയെല്ലാം വേരു പിടിക്കുമ്പോള്‍ തന്നെ നാം പിഴുതു മാറ്റണം.
ഭയത്തെക്കുറിച്ചു പാസ്റ്റര്‍ പറഞ്ഞപ്പോള്‍ ഞാന്‍ 'ഉന്നതികളില്‍പേടമാന്‍കാലുകള്‍' (ഹന്ന ഹുര്‍നാഡ് എഴുതിയ പുസ്തകം) എന്ന ഗ്രന്ഥത്തില്‍ വായിച്ച 'കൂടുതല്‍ ഭയം' എന്ന വികലാംഗയായ പെണ്‍കുട്ടിയെക്കുറിച്ച് ഓര്‍ത്തുപോയി. ദൈവം അവളെ ധീരയായ, ശക്തയായ, ഒരു പെണ്‍കുട്ടിയായി രൂപാന്തരപ്പെടുത്തി. 'പരദേശി മോക്ഷയാത്ര'യില്‍ വായിച്ച നിരാശ/em> എന്ന മല്ലനെക്കുറിച്ചും ഞാന്‍ ഓര്‍ത്തു. അവന്‍ ക്രിസ്ത്യാനിയെതടവിലാക്കുകയും അവനെ മരണത്തോളം കൊണ്ടെത്തിക്കുകയും ചെയ്തു!
അസംതൃപ്തി അപകടകാരിയായ മറ്റൊരു വിഷച്ചെടിയാണ്. അതിലുണ്ടാകുന്ന ഫലങ്ങള്‍ ഇവയാണ്: പരാതി, പിറുപിറുപ്പ്, നിരന്തര കലഹം (ഇതില്‍ നിരന്തര കലഹം ഒരിക്കലും അവസാനിക്കാത്ത വയറ്റിളക്കം പോലെയാണെന്ന് പാസ്റ്റര്‍ തമാശയായി പറഞ്ഞു). ഈ തിന്മകളുടെ വേരിനെപ്പറ്റി നാം ജാഗ്രത പാലിച്ചില്ലെങ്കില്‍ അവ മുളച്ച് നമ്മുടെയും മറ്റു പലരുടെയും ജീവിത ത്തെ നശിപ്പിച്ചു കളയും.
അസംതൃപ്തരായ വ്യക്തികള്‍, തങ്ങളുടെ പരിധിക്കപ്പുറമുള്ള കാര്യങ്ങള്‍ വാങ്ങാനുള്ള ശ്രമത്തിനിടയില്‍, വലിയ കടക്കെണിയില്‍പ്പെടാമെന്നു പാസ്റ്റര്‍ മുന്നറിയിപ്പു നല്‍കി. കടം പെരുകി പലരും തങ്ങളുടെ കുഞ്ഞുങ്ങളെ അനാഥരാക്കിക്കൊണ്ട് ആത്മഹത്യയില്‍ അഭയം തേടിയിട്ടുണ്ട്. ഈ ലോകത്തെ സ്‌നേഹിക്കുന്നവരുടെ തോട്ടത്തില്‍ ഈ കള വ്യാപകമായി മുളച്ചുവരാം എന്നു പാസ്റ്റര്‍ ചൂണ്ടിക്കാട്ടി.
മറ്റുള്ളവരെക്കുറിച്ച് അപവാദം പറയുകയും മോശമായി സംസാരിക്കുകയും ചെയ്യുന്നതു നമ്മുടെ കുട്ടികളെ അപകടത്തിലാക്കുന്ന വിഷച്ചെടികളാണ്. അവ ഒരിക്കലും നമ്മുടെ തോട്ടത്തില്‍ വളരുവാന്‍ അനുവദിക്കാന്‍ പാടില്ല.
ഒരു വാദം ജയിക്കണമെന്നോ, അവസാന വാക്കു തനിക്കായിരിക്കണമെന്നോ ഉള്ള ശാഠ്യം നമ്മുടെ പൂന്തോട്ടത്തെ ദുര്‍ഗന്ധപൂരിതമാക്കുന്ന കളകളാണ്: പാസ്റ്റര്‍ പറഞ്ഞു
നനവുള്ള ഒരുതോട്ടം
ഞാനും പ്രകാശും തമ്മിലുള്ള വിവാഹശുശ്രൂഷ നടത്തിയ പാസ്റ്റര്‍ ഒരു ക്രിസ്തീയ കുടുംബജീവിതത്തെ ദിനംതോറും പരിപാലിക്കേണ്ട ഒരു പൂന്തോട്ടത്തോട് ഉപമിച്ചുകൊണ്ടു നടത്തിയ വചനശുശ്രൂഷ ഇന്നും ഞാന്‍ വള്ളിപുള്ളി വിടാതെ ഓര്‍ക്കുന്നു.
തെറ്റിദ്ധാരണകളുടെയും സംശയങ്ങളുടെയും കുറ്റാരോപണങ്ങളുടെയും കളകളെ വിവാഹജീവിതമാകുന്ന പൂന്തോപ്പില്‍ നിന്നു പിഴുതുമാറ്റുന്നതില്‍ അലസത പാടില്ലെന്ന് അദ്ദേഹം ഞങ്ങളെ, വധൂവരന്മാരെ, ഉദ്‌ബോധിപ്പിച്ചു. കളകള്‍ വിതയ്ക്കുകയും മാലിന്യങ്ങള്‍ കൊണ്ടുവരികയും ചെയ്യുന്ന ആളുകളോട് കൂട്ടായ്മ ഒഴിവാക്കണം. പകരം നല്ല ചെടികള്‍ തോട്ടത്തില്‍ നടുവാനും അവയെ പരിപാലിക്കാനും ആഗ്രഹിക്കുന്നവരോടുള്ള കൂട്ടായ്മ അന്വേഷിക്കണം.
നമുക്കു തോട്ടത്തില്‍ നടാവുന്ന നല്ല ചെടികള്‍ ചിലത് ഇവയാണ്: അന്യോന്യം ക്ഷമിക്കാനുള്ള സന്നദ്ധത, അന്യോന്യം വികാരങ്ങള്‍ മാനിക്കാനുള്ള കഴിവ്, വാദപ്രതിവാദമില്ലാതെ അന്യോന്യം അഭിപ്രായങ്ങള്‍, വസ്തുക്കള്‍ എന്നിവ പങ്കിടുന്ന മനോഭാവം, ദിനംതോറുമുള്ള ബൈബിള്‍ പാരായണവും പ്രാര്‍ത്ഥനയും, മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മ, ശുചിത്വബോധം.
ഇത്തരം ചെടികള്‍ ആരോഗ്യമുള്ള, ശക്തമായ വൃക്ഷങ്ങളായി വളരണമെങ്കില്‍ ശ്രദ്ധാപൂര്‍വ്വമായ പരിചരണം ആവശ്യമാണ്. അന്യോന്യം പറയുന്ന വാക്കുകള്‍ ഈ ചെടികള്‍ വളരാനായി ഒഴിക്കുന്ന വെള്ളമാണ്. നമ്മുടെ വാക്കുകള്‍ ക്രോധത്തിന്റെ വാക്കുകളാണെങ്കില്‍ ചെടികളുടെ ചുവട്ടില്‍ തിളച്ച വെള്ളം ഒഴിക്കുന്നതുപോലെ അതായിപ്പോകും. അത് ആ ചെടികളെ ഉണക്കിക്കളയുമെന്നു പറയേണ്ടതില്ലല്ലോ!
വാക്കുകളെക്കുറിച്ചു പറഞ്ഞു വന്നപ്പോള്‍ പാസ്റ്റര്‍ ബൈബിള്‍ തുറന്ന് 12-ാം സങ്കീര്‍ത്തനത്തിന്റെ ആറാം വാക്യം ഇങ്ങനെ വായിച്ചു: ''കര്‍ത്താവിന്റെ വാക്കുകള്‍ നിര്‍മ്മല വചനങ്ങള്‍ ആകുന്നു. നിലത്ത് ഉലയില്‍ ഉരുക്കി ഏഴു പ്രാവശ്യം ശുദ്ധി ചെയ്ത വെള്ളിപോലെ തന്നെ.''
ഇവിടെ കര്‍ത്താവിന്റെ വാക്കുകള്‍ ശുദ്ധിചെയ്ത വെള്ളിപോലെയാണ്. നമ്മുടെ വാക്കുകളും അങ്ങനെയായിരിക്കണം- ശുദ്ധിചെയ്തതും ദയവുള്ളതും.
നല്ല മരങ്ങള്‍ വളരാന്‍ വര്‍ഷങ്ങള്‍ എടുക്കും. പക്ഷേ ഒരിക്കല്‍ അവ ഫലം പുറപ്പെടുവിക്കാന്‍ തുടങ്ങിയാല്‍ അവയുടെ തൃപ്തി നല്‍കുന്ന ഫലങ്ങള്‍ അനേകരെ അനുഗ്രഹിക്കും. അവയുടെ ഇലകള്‍ അനേകര്‍ക്കു രോഗശാന്തിക്ക് ഉതകും. പാസ്റ്റര്‍ സദൃശ വാക്യങ്ങള്‍ 15:1ഉം ഈ ഘട്ടത്തില്‍ വായിച്ചു. അതിങ്ങനെ: 'മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു.'
നമ്മുടെ പൂന്തോട്ടത്തില്‍ അത്യാവശ്യമായും കാണേണ്ട ഒരു ചെടി 'തന്നെത്തന്നെ വിധിക്കുക'എന്നതാണെന്നു പാസ്റ്റര്‍ പറഞ്ഞു. ഈ വൃക്ഷം നല്ല വെയിലില്‍ അല്ല വളരുന്നത്, മറിച്ച് തണലത്താണ്. ആളുകളുടെ ദൃഷ്ടിയില്‍ ആ ചെടി മറഞ്ഞിരിക്കുന്നു. ആതു വളരെ ദുര്‍ബലമായ ഒരു സസ്യമാണ്. നമ്മള്‍ അതിനെ ശ്രദ്ധാപൂര്‍വ്വം പരിപാലിച്ചില്ലെങ്കില്‍ ഓരോ ദിവസവും അതു മെല്ലെ വാടിപ്പോകും. ഈ ചെടി കാഴ്ചയ്ക്ക് അ ത്ര ആകര്‍ഷകമല്ല. പക്ഷേ അതിനു വളരെ തീഷ്ണവും ഹൃദ്യവുമായ പരിമളം ഉണ്ട്. അതിന്റെ സൗരഭ്യം വേഗം തന്നെ പൂന്തോട്ടത്തിന്റെ എല്ലാ ഭാഗങ്ങളിലും പരക്കും.
നാം നമ്മെത്തന്നെ വിധിക്കാതിരുന്നാല്‍ നമ്മുടെ വ്യക്തിപരമായ ജീവിതവും നമ്മുടെ വിവാഹജീവിതവും ഏറെ താമസിയാതെ മനുഷ്യനിര്‍മിതമായപ്ലാസ്റ്റിക്ക് പൂക്കള്‍ കൊണ്ടു നിറഞ്ഞതായിത്തീരും - അതു മനുഷ്യദൃഷ്ടിയില്‍ വളരെ നന്നായി തോന്നുമെങ്കിലും അതു ജീവനുള്ളതായിരിക്കുകയില്ല. പലരുടെയും വിവാഹജീവിതമാകുന്ന പൂന്തോപ്പ് ഈ മട്ടില്‍ പ്ലാസ്റ്റിക്ക് പൂക്കളാല്‍ നിറഞ്ഞതാണെന്നും അവ മനുഷ്യരെ കബളിപ്പിക്കുമെങ്കിലും ദൈവത്തെ കബളിപ്പിക്കാനാവില്ലെന്നും പാസ്റ്റര്‍ മുന്നറിയിപ്പു നല്‍കി.
മറ്റുള്ളവരെ വിധിക്കുന്നവര്‍ അനേകരാണ്. എന്നാല്‍ തങ്ങളെത്തന്നെ വിധിക്കുന്നവര്‍ ചുരുക്കമായിരിക്കും. തങ്ങളെത്തന്നെ വിധിക്കാത്തവര്‍ അന്ത്യനാളില്‍ എല്ലാ മനുഷ്യരേയും വിധിക്കാനായി വരുന്ന ന്യായാധിപതിയായ ദൈവത്തില്‍ നിന്നു കഠിനമായ ന്യായവിധിക്കു വിധേയരാകും.
നല്ല ഒരു പൂന്തോട്ടത്തിന് അവശ്യം വേണ്ട ഒരു ഘടകം പാസ്റ്റര്‍ ആവര്‍ത്തിച്ച് ഇങ്ങനെ പറഞ്ഞു: "എപ്പോഴും അന്യോന്യം ക്ഷമിക്കുവാനും അന്യോന്യം ക്ഷമ ചോദിക്കുവാനുമുള്ള സന്നദ്ധത."
ഭാര്യയെ സംബന്ധിച്ചിടത്തോളം കീഴടക്കം എന്നതു മൃദുവും അത്യാവശ്യമുള്ളതും അങ്ങേയറ്റം വിലപ്പെട്ടതുമായ ഒരു ചെടിയാണ്. നമുക്കെല്ലാം ശക്തമായ ഒരു ഇച്ഛയാണുള്ളത്. 'എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടംതന്നെ' എന്നു സമര്‍പ്പിച്ച യേശുവിനെപ്പോലെ ആ ഇച്ഛയെ നാം വിട്ടുകൊടുക്കാന്‍ തയ്യാറായിരിക്കണം. ക്രിസ്തുവിനു സഭ കീഴടങ്ങിയിരിക്കുന്നതുപോലെ ഭാര്യമാര്‍ ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങിയിരിക്കണമെന്നാണു ഭാര്യമാരെ സംബന്ധിച്ച ദൈവഹിതം.
ആത്മാവിന്റെ നുറുക്കം ഇതുപോലെ പരിമളം പരത്തുന്ന ഒന്നാണ്. യേശുവിന്റെ പാദത്തില്‍ മറിയ തൈലപാത്രം പൊട്ടിച്ച് ഒഴിച്ചപ്പോള്‍ സംഭവിച്ചതുപോലെ ഭവനത്തെ മുഴുവന്‍ സുരഭിലമാക്കുന്ന ഒന്നാണ് ആത്മാവിന്റെ നുറുക്കം. 'ഹൃദയം നുറുങ്ങിയവര്‍ക്കു യഹോവ സമീപസ്ഥന്‍' (സങ്കീ. 34:18).
എന്റെ വിവാഹ ദിവസം ഞാന്‍ എന്റെ പല സ്‌നേഹിതകളെക്കുറിച്ച് ആലോചിച്ചു. അന്ധമായ സ്‌നേഹബന്ധങ്ങളെ തുടര്‍ന്നു തിടുക്കത്തിലുള്ള വിവാഹത്തിലേക്കു ചാടി വീണവര്‍, ലോകപരമായ നേട്ടത്തിനും അന്തസ്സിനുമായി അനുയോജ്യമല്ലാത്ത വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെട്ടവര്‍.
വിശ്വാസികളായ ചില നഴ്‌സുമാരെക്കുറിച്ചു ഞാന്‍ ഓര്‍ത്തുപോയി. മാതാപിതാക്കളെ പ്രീതിപ്പെടുത്താനായോ, അമേരിക്കയിലോ ഗള്‍ഫിലോ പോകാനായോ അവിശ്വാസികളായ യുവാക്കളെ വിവാഹം കഴിച്ചവരാണവരില്‍ പലരും.
അത്തരം വിധിയില്‍ നിന്നു ദൈവം എന്നെ കാത്തതോര്‍ത്തു ഞാന്‍ കര്‍ത്താവിനോടു നന്ദിയുള്ളവളായിരുന്നു. എന്റെ വിശ്വസ്തതകൊണ്ടല്ല, മറിച്ച് കര്‍ത്താവിന്റെ കരുണയാണ് എന്നെ കാത്തത്.
അവിവാഹിതയായി ജീവിച്ച കാലത്തു സ്വാതന്ത്ര്യം ഉണ്ടായിരുന്നതിനാല്‍ എനിക്ക് ആ ജീവിതം ഇഷ്ടമായിരുന്നു. എന്നാല്‍ വിവാഹം കഴിക്കാനും എനിക്കിഷ്ടമായിരുന്നു. പ്രകാശിനു കീഴടങ്ങിയിരിക്കുന്ന ഭാര്യയായിരുന്നു കര്‍ത്താവിന്റെ മഹത്വത്തിനായി ജീവിക്കണം. എന്റെ വിവാഹജീവിതം വിജയകരമാക്കി ദൈവത്തിന് എന്നെപ്പോലെ ഒരു പാപിക്ക് എന്തു ചെയ്തു തരാന്‍ കഴിയുമെന്നതിനു ലോകത്തിനു മുന്‍ പാകെ ഒരു സാക്ഷ്യമാകാന്‍ ഞാനാഗ്രഹിച്ചു.
പ്രകാശിനു ഞാനൊരു തക്ക തുണയായിരിക്കണം: ഒരു തടസ്സമാകരുത്. ഞങ്ങളുടെ ജീവിതം എല്ലാ വിധത്തിലും ഐക്യവും സ്വരുമയുള്ളതാകണം- അതായിരുന്നു എന്റെ തീരുമാനം.
മുന്നോട്ടുള്ള ജീവിതത്തില്‍ ഞാന്‍ താഴ്മയോടെ ജീവിച്ചാല്‍ എല്ലാ സാഹചര്യത്തിലും ദൈവം എന്നെ സഹായിക്കും എന്നു ഞാന്‍ ഓര്‍ത്തു. പ്രകാശിന്റെ മാതാപിതാക്കള്‍, പ്രിയപ്പെട്ടവര്‍ എന്നിവരോടെല്ലാം സ്‌നേഹമായിരിക്കണമെന്നും ഞാന്‍ തീരുമാനിച്ചു.
ഞാന്‍ സമാധാനത്തില്‍ എന്റെ വിത്തു വിതച്ചാല്‍ സമാധാനവും നീതിയും ധാരാളമായി കൊയ്‌തെടുക്കുവാന്‍ എനിക്കു കഴിയും (യാക്കോ. 3:18).
എന്റെ ജീവിതത്തില്‍ ദൈവം തന്ന എല്ലാ ദാനങ്ങള്‍ക്കായും ഞാന്‍ ദൈവത്തെ പുകഴ്ത്തി. യെശയ്യാവ് 58:11 പല വര്‍ഷങ്ങള്‍ക്കു മുന്‍പ് ദൈവം എനിക്കൊരു വാഗ്ദാനമായി തന്ന വചനമായിരുന്നു! - 'നീ നനവുള്ള തോട്ടം പോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും. ദൈവം തന്നെയാണ് എന്റെ സ്രോതസ്സ്.' ഈ വാഗ്ദാനം ഇപ്പോള്‍ ദൈവം എന്റെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ തുടങ്ങുന്നതു ഞാന്‍ കാണുകയാണ്!
ഞങ്ങള്‍ക്കു മാത്രമായി ഒരു വീടുണ്ടായിരിക്കണം എന്നായിരുന്നു എന്റെ ആഗ്രഹമെന്നു വരികിലും ദൈവം പല നാളുകള്‍ എനിക്കത് അനുവദിച്ചില്ല. ഞങ്ങള്‍ പ്രകാശിന്റെ മാതാപിതാക്കളോടൊത്താണു താമസം ആരംഭിച്ചത്. പ്രകാശും ഞാനും 'ജീവന്റെ കൃപയുടെ കൂട്ടവകാശികള്‍' ആയിരുന്നു. അതുകൊണ്ടു ഞങ്ങള്‍ രാജകീയ ദമ്പതികളാണ്! എല്ലാറ്റിനും ഉപരിയായി ഞങ്ങള്‍ കര്‍ത്താവില്‍ സന്തുഷ്ടരായിരുന്നു!
ഞാന്‍, പ്രകാശിന്റെ മാതാപിതാക്കളെ ബഹുമാനിക്കാനും അവരെ സ്വന്തം മതാപിതാക്കളെപ്പോലെ അംഗീകരിക്കാനും പഠിച്ചു. അവരെന്നോടും നല്ലവണ്ണം പെരുമാറി. എന്റെ ഭാഗത്താകട്ടെ, കാര്യങ്ങള്‍ അവര്‍ ചെയ്യുന്നതുപോലെ ചെയ്യാന്‍ ഞാന്‍ പഠിച്ചു. അവരില്‍ നിന്ന് ഒട്ടേറെ പ്രായോഗിക കാര്യങ്ങളും ഞാന്‍ പഠിച്ചു. ഞാന്‍ താഴ്മയുള്ള, അഭ്യസിക്കപ്പെടുവാന്‍ തയ്യാറുള്ള മനോഭാവമുള്ളവളായിരുന്നാല്‍ അവരില്‍ നിന്നു വേറെയും ധാരാളം കാര്യങ്ങള്‍ പഠിക്കാമെന്നും ഞാന്‍ കണ്ടെത്തി. അവരെ എന്റെ മാതാപിതാക്കളോടു താരതമ്യം ചെയ്യരുതെന്നു കര്‍ത്താവ് എന്നോടു പറഞ്ഞു. അവരെ അവര്‍ ആയിരിക്കുന്നതുപോലെ ഞാന്‍ അംഗീകരിക്കുകയാണു വേണ്ടത്. അപ്പോള്‍ അവര്‍ എന്നെയും അവരുടെ സ്വന്തം മകളെപ്പോലെ സ്വീകരിക്കും!
പിന്നീടു ഞങ്ങള്‍ ഞങ്ങളുടെ മാത്രമായ വീട്ടിലേക്കു മാറിയപ്പോള്‍ ഞാന്‍ താഴെപ്പറയുന്ന തീരുമാനങ്ങളെടുത്തു:
ദിവസങ്ങള്‍ കടന്നുപോയി. അങ്ങനെയിരിക്കെ, ഞങ്ങള്‍ ഞെട്ടിക്കുന്ന ഒരു വാര്‍ത്ത കേട്ടു. ഞങ്ങളുടെ അടുത്തുള്ള ചേരിയിലെ വളരെ ദരിദ്രരായ ഒരു മാതാപിതാക്കള്‍ അവരുടെ പിഞ്ചു മകളെ വില്‍ക്കാന്‍ പോകുന്നു. വടക്കെ ഇന്ത്യയില്‍ ഇതൊരു സാധാരണരീതിയാണ്. പല മാതാപിതാക്കളും വളരെ പാവപ്പെട്ടവരായതിനാല്‍ തങ്ങളുടെ കുഞ്ഞുങ്ങളെ അവര്‍ വില്ക്കാറുണ്ട്!
വിവരം കേട്ട ഉടനെ ഞാനും പ്രകാശും ഈ മാതാപിതാക്കളെ സമീപിച്ചു. ഞങ്ങള്‍ ആ പെണ്‍കുട്ടിയെ ഞങ്ങളോടൊപ്പം നിര്‍ത്തിക്കൊള്ളാമെന്നും ദാരിദ്ര്യംമൂലം കുഞ്ഞിനെ വില്‌ക്കേണ്ടതില്ലെന്നും ഞങ്ങള്‍ അവരോടു പറഞ്ഞു. അവര്‍ ക്കു വളരെ അടുത്താണു ഞങ്ങള്‍ താമസിക്കുന്നത് എന്നതിനാല്‍ ആഴ്ചയുടെ അവസാനദിവസം കുട്ടിക്കു ഞങ്ങളുടെ വീട്ടില്‍നിന്ന് അവരുടെ വീട്ടില്‍ ചെന്നു സ്വന്തം മാതാപിതാക്കളോടൊപ്പം സമയം ചെലവഴിക്കാനും കഴിയും! ഇതെല്ലാം പറഞ്ഞപ്പോള്‍ അവര്‍ക്ക് ഏറെ സന്തോഷമായി! അവര്‍ എല്ലാം സസന്തോഷം സമ്മതിച്ചു.
എനിക്കൊടുവില്‍ സംസാരിക്കാനും ദൈവവഴികള്‍ പഠിപ്പിക്കാനും ഒരാളായി. സമീപത്തുള്ള സ്‌കൂളില്‍ അവളെ ഞങ്ങള്‍ ചേര്‍ത്തു. ഭൗതികമായ സാഹചര്യങ്ങള്‍ അങ്ങേയറ്റം ദുരിതപൂര്‍ണ്ണമായ ഒരു മനുഷ്യജീവിയോടു കരുണ കാണിക്കാനും സ്‌നേഹം നല്‍കാനും അ ങ്ങനെ എന്റെ ബുദ്ധിമുട്ടേറിയ ബാല്യത്തില്‍ എന്നോടു കരുണ കാട്ടിയ എല്ലാവര്‍ക്കും പകരം നല്‍കുവാനും ലഭിച്ച അവസരമായി ഞാനിതിനെ കണ്ടു.
എല്ലാ മനുഷ്യരുടെയും ദാസനാകാനാണു യേശു ഭൂമിയില്‍ വന്നത്. ഞാനും എന്റെ കര്‍ത്താവിനെപ്പോലെ ആകാന്‍ ആഗ്രഹിച്ചു - എന്റെ ജീവിതപാതയില്‍ എതിരേ വരുന്ന എല്ലാവര്‍ക്കും, പ്രത്യേകിച്ചും ആവശ്യക്കാര്‍ക്കും പാവങ്ങള്‍ക്കും, ഒരു ദാസിയായിരിക്കുക.
ഞാന്‍ പ്രകാശിന് ഒരു നല്ല കൂട്ടുകാരിയായിരിക്കാന്‍ ശ്രമിച്ചു. എന്റെ ദൈനംദിന പരിപാടികളെ പ്രകാശിന്റേതിനോടു ചേര്‍ത്തുകൊണ്ടു വരുവാന്‍ ഞാന്‍ ശ്രമിച്ചു. ചില കാര്യങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായങ്ങള്‍ വ്യത്യസ്തമാണ്. പക്ഷേ ദിവസങ്ങള്‍ പോക പോകെ അവ അന്യോന്യം ഭംഗിയായി ചേര്‍ന്നു നിന്നു - മഴവില്ലിലെ നിറങ്ങളെപ്പോലെ. ഇതു ഞങ്ങള്‍ ഒന്നിച്ചുള്ള ജീവിതത്തെ കൂടുതല്‍ സമ്പന്നമാക്കി; അര്‍ത്ഥപൂര്‍ണവും.
പാചകം, തുണിയലക്ക്, വീടു വൃത്തിയാക്കല്‍ എന്നിവയെല്ലാം മിക്കപ്പോഴും വിരസമായ കാര്യങ്ങളായി എനിക്കു തോന്നുമായിരുന്നു എന്നതു വാസ്തവം. പക്ഷേ അപ്പോഴൊക്കെ ഞാന്‍ ബ്രദര്‍ ലോറന്‍സ് തന്റെ ഒരു പുസ്തകത്തില്‍ എഴുതിയത് ഓര്‍ക്കും: ''കര്‍ത്തൃമേശയുടെ സമയത്തു മുഴങ്കാലില്‍ ഇരുന്ന് അപ്പവും വീഞ്ഞും സ്വീകരിക്കുമ്പോഴുള്ള അതേ ദൈവസാന്നിധ്യം അടുക്കളയില്‍ പാത്രങ്ങള്‍ കഴുകുന്ന സമയത്തും എനിക്ക് അനുഭവപ്പെടുമായിരുന്നു.'' ഇതേപോലെയാകാന്‍ ഞാനും ആഗ്രഹിച്ചു. ദൈവത്തിനു സ്‌തോത്രം പാടിക്കൊണ്ടു ചെയ്താല്‍ ജോലിയുടെ ഭാരം അറിയില്ലെന്നും ഞാന്‍ കണ്ടെത്തി.
എന്നില്‍ ക്രിസ്തു തുല്യമല്ലാത്ത ഒട്ടേറെ കാര്യങ്ങളുണ്ടെന്നും ഞാന്‍ മനസ്സിലാക്കി. എന്റെ വിഷാദാത്മകത, മത്സരം, പ്രകാശിനെ അലട്ടുന്നത് തുടങ്ങിയവയെല്ലാം ജയിക്കുന്നതിന് എനിക്കു ദൈവത്തിന്റെ കൃപ എത്രമേല്‍ ആവശ്യമുണ്ട്! എന്റെ ഭര്‍ത്താവിനു സദാ ഞാന്‍ ഒരു കിരീടം ആയിരിക്കണം. തനിക്ക് എപ്പോഴും എന്നെ വിശ്വസിക്കാന്‍ കഴിയണം (സദൃശ വാക്യം. 12:4; 31:11).
''അത് എന്റെ കുറ്റമായിരുന്നു. ഞാന്‍ ഖേദിക്കുന്നു. എന്നോടു ദയവായി ക്ഷമിക്കണം.'' ഈ വാക്കുകള്‍ പല സാഹചര്യങ്ങളിലും പിന്നെയും പിന്നെയും പ്രശ്‌നം പരിഹരിക്കുവാന്‍ ഇടയാക്കി. അങ്ങനെ പറഞ്ഞിരുന്നില്ലെങ്കില്‍ ഞങ്ങള്‍ക്കിടയില്‍ സമ്മര്‍ദ്ദവും പൊട്ടിത്തെറിയും അതു കൊണ്ടുവരുമായിരുന്നു.!
സന്തുഷ്ടമായ വിവാഹത്തിന്റെ ഏറ്റവും വലിയ രഹസ്യം ഞാന്‍ പഠിച്ചു - അന്യോന്യം വിലമതിക്കുക, നന്ദിയുള്ളവരായിരിക്കുക. അപ്പോള്‍ പിന്നെ തെറ്റിദ്ധാരണ, അസന്തുഷ്ടി എന്നിവയ്ക്ക് ഇടം ഉണ്ടായിരിക്കുകയില്ല.
കര്‍ത്താവിനെ തന്റെ അടുത്ത സുഹൃത്തും മാര്‍ഗ്ഗദര്‍ശിയുമായി അറിയുന്നത് ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം എത്ര ഭാഗ്യമാണ്! വിവാഹിതയായാലും അവിവാഹിതയായാലും ആ പെണ്‍കുട്ടിക്ക് ജീവിതത്തില്‍ ഒന്നിനും കുറവുണ്ടായിരിക്കുകയില്ല.
തൃപ്തിയോടുകൂടിയ ദൈവഭക്തി ഒരു വലിയ ആദായമാണ്. ഇതിന്റെ അര്‍ത്ഥം ദൈവം നമ്മുടെ ജീവിതത്തില്‍ അനുവദിച്ചിരിക്കുന്ന എല്ലാറ്റിലും നാം തൃപ്തരായിരിക്കണം എന്നാണ്.
ഒരുപക്ഷേ ഞാന്‍ ആഗ്രഹിക്കുന്ന നിലയില്‍ സ്വതന്ത്രമായ, സ്വന്തമായ, ഒരു ഭവനം സ്ഥിരമായി എനിക്കുണ്ടായില്ലെന്നു വരാം. ഞാന്‍ എപ്പോഴും ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊപ്പം തന്നെ കഴിയേണ്ടി വന്നേക്കാം. എന്നാല്‍ ഞാനതില്‍ തൃപ്തയായിരിക്കണം.
എന്റെ കുടുംബത്തിന്റെ സന്ധാരണത്തിനായി ഞാന്‍ നഴ്‌സായി തുടര്‍ന്നും ജോലി നോക്കേണ്ടി വന്നേക്കാം. ഞാന്‍ അതില്‍ തൃപ്തയായിരിക്കണം.
ദൈവം എനിക്കൊരു കുഞ്ഞിനെ തന്നാല്‍, ഞാന്‍ 'മുഴുവന്‍ സമയ അമ്മ'യായിരിക്കാന്‍ വേണ്ടി ജോലി ഉപേക്ഷിക്കേണ്ടി വന്നേക്കാം. എങ്കില്‍ ഞാന്‍ അതിലും തൃപ്തയായിരിക്കണം.
എന്റെ പാതയില്‍ ദൈവം അയയ്ക്കാന്‍ എന്തെല്ലാം തിരഞ്ഞെടുക്കുന്നോ അതെല്ലാം സ്വീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നു. എനിക്കു വേണ്ടതെല്ലാം ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത് അവിടുന്നാണല്ലോ.
സദൃശവാക്യം 31-ാം അധ്യായത്തില്‍ വിവരിച്ചിരിക്കുന്ന തരത്തിലുള്ള സാമര്‍ത്ഥ്യമുള്ള ഒരു ഭാര്യയായിരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. അവള്‍ കര്‍ത്താവില്‍ ശരണപ്പെട്ടു ഭാവിയെ ആത്മ വിശ്വാസത്തോടെ അഭിമുഖീകരിക്കുന്നു. മൃദുവായ അവളുടെ നാവ് ദയയുടെ നിയമത്താല്‍ ഭരിക്കപ്പെടുന്നു!
സങ്കീര്‍ത്തനം 45:10 വാക്യവും വിവാഹശേഷം മിക്കപ്പോഴും കര്‍ത്താവ് എന്നെ ഓര്‍മിപ്പിക്കുമായിരുന്നു. ഞാന്‍ വിവാഹിതയായിരിക്കുന്നു. അതുകൊണ്ട് 'ഞാന്‍ എന്റെ പിതൃഭവനത്തെ മറക്കണം.' യിസഹാക്കുമായി വിവാഹനിശ്ചയത്തിലേക്കു വന്നശേഷം റിബേക്ക തന്റെ ആളുകളുമായി ബന്ധപ്പെട്ടു തുടരാന്‍ ആഗ്രഹിച്ചില്ല. കര്‍ത്താവായ യേശുവിനെ ഞാന്‍ നാഥനും രക്ഷകനുമായി സ്വീകരിച്ചപ്പോള്‍ ഞാന്‍ എന്റെ കൈകള്‍ കലപ്പമേല്‍ വച്ചു. ഒരിക്കലും പിന്നാക്കം നോക്കിയില്ല. അങ്ങനെയെങ്കില്‍ ഭര്‍ത്താവിനെ ഭൂമിയിലെ എന്റെ ശിരസ്സായി ഞാന്‍ അംഗീകരിച്ചപ്പോള്‍ ഞാന്‍ മറ്റൊരു കലപ്പയ്ക്കു കൈവയ്ക്കുകയായിരുന്നു. ഞാന്‍ തിരിഞ്ഞു നോക്കരുത്. ലോത്തിന്റെ ഭാര്യ തിരിഞ്ഞുനോക്കി, അവള്‍ നശിച്ചുപോയി. അതേ തെറ്റ് ആവര്‍ത്തിക്കുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. എനിക്കു മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കാം. പക്ഷേ എന്റെ ബന്ധം ഇനിമേല്‍ എന്റെ ഭര്‍ത്താവുമായി മാത്രമായിരിക്കണം.
സെക്‌സിനെക്കുറിച്ച് എനിക്കു തെറ്റായ ഒട്ടേറെ ധാരണകളാണുണ്ടായിരുന്നത്. എല്ലാ ലൈംഗികബന്ധങ്ങളും തെറ്റാണെന്ന ചിന്തയായിരുന്നു അവിവാഹിതയായിരുന്ന കാലത്ത് എനിക്കുണ്ടായിരുന്നത്. ഇപ്പോള്‍ വിവാഹിതയായപ്പോള്‍, വൈവാഹിക ജീവിതത്തിനു പുറത്തുള്ള അത്തരം എല്ലാ ബന്ധങ്ങളുമാണു തെറ്റെന്ന് എനിക്കു മനസ്സിലായി. കുഞ്ഞുങ്ങള്‍ ജനിക്കുന്നതിനുവേണ്ടി മാത്രമുള്ള ബന്ധമല്ല ശാരീരികബന്ധമെന്നു ദൈവവചനത്തില്‍നിന്നും ഞാന്‍ കണ്ടെത്തി. ഭാര്യയും ഭര്‍ത്താവും അന്യോന്യം നിര്‍വഹിക്കേണ്ട ചുമതലയാണതെന്നും അതില്‍നിന്ന് ഒഴിഞ്ഞിരിക്കേണ്ടതു പരസ്പര സമ്മതത്തോടെ മാത്രമേ ആകാവൂ എന്നും ഞാന്‍ മനസ്സിലാക്കി (1 കൊരി 7:3-5). മനുഷ്യന്‍ പാപം ചെയ്യുന്നതിനു മുന്‍പു തന്നെ ദൈവം ഏര്‍പ്പെടുത്തിയതാണ് ഈ ബന്ധമെന്നും ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് അവരുടെ അന്യോന്യമുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാര്‍ഗ്ഗമാണിതെന്നും ഞാന്‍ കണ്ടു (ഉല്‍പത്തി 1:28).
വിവാഹിതയായി കഴിഞ്ഞപ്പോള്‍ പകല്‍ എനിക്കു വളരെ തിരക്കായി. അതുകൊണ്ടു ദൈവവചനം വായിക്കാനും പ്രാര്‍ത്ഥിക്കാനും ദൈവത്തോടു ചേര്‍ന്നു നടക്കാനും സമയം കണ്ടെത്താന്‍ ഞാന്‍ കൂടുതല്‍ അച്ചടക്കത്തോടെ സമയം ക്രമീകരിക്കേണ്ടതുണ്ട്. ജോലി എല്ലാം അവസാനിപ്പിച്ച് ഉറങ്ങാന്‍ പോകുന്നതിനു മുന്‍പു രാത്രി വൈകി ഇതിനു നല്ല സമയമാണെന്നു ഞാന്‍ കണ്ടെത്തി. അപ്പോള്‍ നിശ്ചല ജലത്തിന് അടുത്തേക്കു വന്ന് എന്റെ ആത്മാവിന്റെ ഇടയനായ കര്‍ത്താവിനോടു സംസാരിക്കാന്‍ നല്ല സമയമാണ്. അവിടുത്തെ സാന്നിധ്യത്തില്‍ ഞാന്‍ യഥാര്‍ത്ഥ സമാധാനവും സന്തോഷവും കണ്ടെത്തി. എന്റെ മനസ്സിന്റെ ഭാരങ്ങള്‍ ഞാനവിടെ ഇറക്കി വച്ചു. നിര്‍മലവും ദിവ്യവുമായ സന്തോഷത്താല്‍ ഞാന്‍ പുതുക്കപ്പെട്ടു. അവിടെ ഒരു പാപത്തിനും എന്റെമേല്‍ ശക്തിയില്ല. അവിടെ നിത്യതയുടെ സന്തോഷം കണ്ടെത്തി.
പല വര്‍ഷങ്ങളായി ഞാന്‍ പാടുന്ന പാട്ടിന്റെ യാഥാര്‍ത്ഥ്യം ഒരു ചെറിയ അളവില്‍ അവിടെ ഞാനിങ്ങനെ തിരിച്ചറിഞ്ഞു:
ദൈവത്തിന്റെ തിരുഹൃദയത്തിനു സമീപേ ശാന്തവിശ്രാന്തിയുടെ ഒരിടമുണ്ട്. പാപത്തിന് അലട്ടാനാവാത്തൊരിടം-അതേ ദൈവത്തിന്റെ തിരുഹൃദയത്തിനു ചാരേ
ഒരര്‍ത്ഥത്തില്‍ ഞാനെപ്പോഴും ദൈവസാന്നിധ്യത്തിലായിരുന്നു. എന്നാല്‍ എനിക്കുവേണ്ടി ഇത്രമേല്‍ അത്ഭുതമായ കാര്യങ്ങള്‍ ചെയ്ത എന്റെ കര്‍ത്താവിനെ സ്തുതിക്കാന്‍ എന്റെ ഹൃദയം ഇടയ്ക്കിടെ അക്ഷരാര്‍ഥത്തില്‍ തന്നെ അവിടുത്തെ സന്നിധിയിലേക്ക് കുതിച്ച് ഉയര്‍ന്നു ചെല്ലുകയും ചെയ്യുമായിരുന്നു.
'പ്രാദേശിക സഭ' എന്നതായിരുന്നു പ്രകാശിന്റെയും എന്റേയും"ഹൃദയത്തിന്റെ ഒരേയൊരു താത്പര്യം" ! ദൈവഭവനം ഞങ്ങള്‍ക്കു യഥാര്‍ത്ഥത്തില്‍ സ്വന്ത ഭവനം പോലെയായിരുന്നു.
ഇക്കാര്യത്തില്‍ എന്റെ അതേ മനോഭാവമായിരുന്നു പ്രകാശിനും എന്നതില്‍ എനിക്ക് ഏറെ നന്ദിയുണ്ടായിരുന്നു. യേശു എന്നെ എന്റെ ജഡിക കുടുംബത്തില്‍ നിന്നു വിടുവിച്ചത് തന്റെ കുടുംബത്തോടു ചേര്‍ക്കാനാണെന്ന് എനിക്കിപ്പോള്‍ വ്യക്തമായി കാണാന്‍ കഴിയുന്നുണ്ട്.
സഭയില്‍ ഞങ്ങള്‍ കഷ്ടിച്ച് അറുപതു വിശ്വാസികളേ ഉണ്ടായിരുന്നുള്ളു. പക്ഷേ ഞങ്ങള്‍ അന്യോന്യം സഹായിച്ചു, കരുതി, പരസ്പരം സ്‌നേഹിച്ചു. ഈ നിലയിലാണു തന്റെ സഭ ആയിരിക്കേണ്ടതെന്നാണു ദൈവവും ആഗ്രഹിക്കുന്നത്.
സഭയില്‍ അത്തരം ഒരു അന്തരീക്ഷം വന്നതിനു കാരണം ഞങ്ങളുടെ പാസ്റ്റര്‍ ആയിരുന്നു. സ്വാര്‍ത്ഥതയില്ലാത്തവന്‍. ശുശ്രൂഷയ്ക്കായി ദൈവത്തില്‍ നിന്നു വ്യക്തമായ വിളി ലഭിച്ചവന്‍. ഞാന്‍ പല ചത്ത സഭകളും ഇതിനു മുന്‍പു കണ്ടിരുന്നു. ഇതിന്റെയെല്ലാം കാരണം എനിക്കു മനസ്സിലായി: ഒരു സഭ ആത്യന്തികമായി അതിന്റെ നേതാവിനെപ്പോലെ ആകും.
പ്രകാശും ഞാനും ഞായറാഴ്ച രാവിലത്തെ യോഗത്തിലും ആഴ്ചയുടെ മധ്യത്തിലെ ബൈബിള്‍ പഠന ക്ലാസ്സിലും മുടങ്ങാതെ പങ്കെടുക്കുമായിരുന്നു. മറ്റു നഴ്‌സുമാരുമായി എന്റെ ജോലി സമയം ക്രമീകരിച്ച് ഈ യോഗങ്ങള്‍ക്കു കൃത്യമായി എത്തുവാന്‍ ഞാന്‍ ഉത്സാഹിച്ചു. യോഗങ്ങള്‍ മുടങ്ങരുതെന്ന് എനിക്കു നിര്‍ബന്ധമുണ്ടായിരുന്നു.
ഞായറാഴ്ച രാവിലെത്തെ യോഗത്തില്‍ പാട്ടു പാടുക, ദൈവത്തെ സ്തുതിക്കുക എന്നീ സമയങ്ങള്‍ വളരെ സജീവമായിരുന്നു. ഓരോ സമയത്തും അതെന്റെ ആത്മാവിനെ ഉണര്‍ത്തി. അതുപോലെ പ്രസംഗങ്ങളുടെ കുറിപ്പുകള്‍ ഞാനെടുക്കുമായിരുന്നു. എന്റെ ഒഴിവു സമയങ്ങളില്‍ ഈ കുറിപ്പുകളില്‍ നിന്നു ദൈവവചനത്തിലെ വാക്യങ്ങള്‍ ഞാന്‍ വീണ്ടും വായിക്കും, ധ്യാനിക്കും. മറ്റു നഴ്‌സുമാരുമായി ഇതില്‍ നിന്നു കിട്ടുന്ന പ്രയോജനപ്രദമായ ചിന്തകള്‍ ഞാന്‍ പങ്കുവയ്ക്കും.
സഭയിലെ സ്ത്രീയുടെ സ്ഥാനത്തെക്കുറിച്ചു ദൈവവചനം പഠിപ്പിക്കുന്നതെന്തെന്നു ഞാന്‍ പ്രത്യേകം ധ്യാനിക്കുമായിരുന്നു (1 തിമൊ. 2:9-15; 1 കൊരി. 14:34-38). പുരുഷനായിരിക്കണം സഭയുടെ നേതൃത്വം എന്നാണു ബൈബിള്‍ പഠിപ്പിക്കുന്നതെന്നു ഞാന്‍ കണ്ടു. ചെറിയ കാര്യങ്ങളില്‍ പോലും ദൈവവചനം അനുസരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. ഭര്‍ത്താവിനും സഭയിലെ മൂപ്പന്മാര്‍ക്കും കീഴടങ്ങിയിരിക്കുക, അവരുടെ ശുശ്രൂഷകള്‍ക്കായി പ്രാര്‍ത്ഥിക്കുക എന്നീ കാര്യങ്ങള്‍ ചെയ്ത് ഒതുങ്ങി നില്ക്കാന്‍ ഞാന്‍ സസന്തോഷം തയ്യാറായി.
ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ വിളി സഭയില്‍ മുഖ്യപ്രകാശത്തില്‍ മുന്‍നിരയില്‍ നില്ക്കുക എന്നതല്ല. മറിച്ച് ഒരു സഹായി എന്ന നിലയില്‍ അണിയറയില്‍ നില്ക്കുകയാണ് എന്റെ ദൗത്യം. സണ്ടേ സ്‌കൂളില്‍ ഞാന്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുമായിരുന്നു. സഹോദരിമാരുടെയും വിശ്വാസിനികളായ നഴ്‌സുമാരുടെയും യോഗങ്ങളില്‍ ഞാന്‍ വചനം പങ്കിടുകയും ചെയ്യുമായിരുന്നു.
യോഗത്തില്‍ ഞാന്‍ എന്റെ തല മറയ്ക്കാന്‍ സ്‌കാര്‍ഫ് ഉപയോഗിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വെറും ആചാരമായിരുന്നില്ല. അത് എനിക്ക് ഒരു പ്രതീകവും ഓര്‍മപ്പെടുത്തലുമായിരുന്നു. ഞാന്‍ കീഴടങ്ങിയിരിക്കണം, എന്റെ ഭര്‍ത്താവിനും സഭയില്‍ നേതൃത്വത്തിലുള്ള സഹോദരങ്ങള്‍ക്കും. അതാണു ദൈവം എനിക്കായി ഒരുക്കിയിരിക്കുന്ന ഇടം (1 കൊരി. 11:3-16).
ഒരു സഹോദരി എന്ന നിലയില്‍ ഞാന്‍ താഴ്ന്ന ഒരു ഇടം സ്വയം സ്വീകരിച്ചപ്പോള്‍ മറ്റിടങ്ങളില്‍ ദൈവം എന്നെ സമൃദ്ധമായി അനുഗ്രഹിക്കാന്‍ തുടങ്ങി. കുഞ്ഞുങ്ങളെ പഠിപ്പിക്കുമ്പോഴും സഹോദരിമാരോടു സംസാരിക്കുമ്പോഴും ഒരഭിഷേകം ഞാന്‍ അറിഞ്ഞു.
കീഴടങ്ങല്‍ എന്റെ ആത്മാവിന്റെ ഒരു മനോഭാവമായി. അതു പുറമേയുള്ളതല്ല. കര്‍ത്താവായ യേശുക്രിസ്തുവിന്റെ ആത്മാവു തന്നെയാണത്. അവിടുന്നു തന്റെ പിതാവിനു കീഴടങ്ങിയിരുന്നല്ലോ. ഈ ഒരാത്മാവു ക്രമേണ നമ്മുടെ മുഴുവന്‍ അസ്തിത്വത്തിലേക്കും വ്യാപിക്കും. ദൈവം നമ്മെ അനുഗ്രഹിക്കും. നാം അനേകര്‍ക്ക് ഒരനുഗ്രഹമായിരിക്കുകയും ചെയ്യും.
മത്സരം സാത്താന്റെ അതേ ആത്മാവു തന്നെയാണെന്നും ഞാന്‍ കണ്ടെത്തി. ഞാന്‍ വിവേകം ഉള്ള ഒരു ഭാര്യയാണെങ്കില്‍, ഞാന്‍ എന്റെ ഭര്‍ത്താവിനു കീഴടങ്ങിയിരുന്നാണ് ഒരു ഭവനം പണിയുന്നത്- സഭ ക്രിസ്തുവിന് എല്ലാറ്റിലും കീഴടങ്ങിയിരിക്കുന്നതുപോല (എഫേ. 5:24; സദൃശ. 14:1).
ദൈവവേലയ്ക്കു ക്രമമായി കൊടുക്കേണ്ടതുണ്ടെന്നും എനിക്കും പ്രകാശിനും തോന്നി. അത് ഏതെങ്കിലും ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഞങ്ങള്‍ സന്തോഷത്തോടെ നല്‍കി. സഭയില്‍ ഞങ്ങള്‍ നല്‍കിയതു കൂടാതെ ഉത്തരേന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു മിഷനറി സംഘടനകള്‍ക്കും ഞങ്ങള്‍ മാസംതോറും ചെറിയൊരു തുക അയച്ചു കൊടുക്കുമായിരുന്നു. ഞങ്ങള്‍ക്ക് അറിയാവുന്ന ദൈവദാസന്മാര്‍ക്കു വേണ്ടിയും ഞങ്ങള്‍ സ്ഥിരമായി പ്രാര്‍ത്ഥിച്ചു.
ഞങ്ങള്‍ക്കു വീട്ടില്‍ ഒന്നിനും മുട്ടുണ്ടായിരുന്നില്ല. ഞങ്ങള്‍ ദൈവത്തിനു കൊടുത്തിരുന്നതുകൊണ്ടു മിച്ചമുള്ളതു വീട്ടിലെ എല്ലാ ആവശ്യത്തിനും സമൃദ്ധിയായി അവിടുന്ന് അനുഗ്രഹിച്ചു നല്‍കി. കര്‍ത്താവിന്റെ വിശ്വസ്തത ജീവിതത്തില്‍ ആവര്‍ ത്തിച്ചു ഞങ്ങള്‍ അറിഞ്ഞുകൊണ്ടിരുന്നു.
എന്റെയും പ്രകാശിന്റെയും ജിവിതത്തില്‍ പ്രാദേശിക സഭ നിര്‍ണായകമായ ഒരു ഘടകമായിരുന്നു. സഭ ക്രിസ്തുവിന്റെ ശരീരമാണ്. ഞ ങ്ങള്‍ക്ക് അതില്‍ സജീവമായ ഒരു പങ്കുമുണ്ടായിരുന്നു. അവിടെ വിശുദ്ധന്മാരുമായുള്ള കൂട്ടായ്മ ഞങ്ങളുടെ ജീവിതങ്ങളെ പലവിധത്തില്‍ സമ്പന്നമാക്കി.
പ്രശ്‌നങ്ങള്‍ വന്നപ്പോള്‍ ഞങ്ങള്‍ ദൈവജനത്തോടൊപ്പം പ്രാര്‍ത്ഥിച്ചു. ജീവിതത്തില്‍ സമ്മര്‍ദ്ദങ്ങളെയും പരീക്ഷകളെയും നേരിട്ട ആളുകളെ ഞങ്ങളും സഹായിച്ചു. പരീക്ഷകള്‍ ദൈവം ഞങ്ങള്‍ക്ക് അനുവദിക്കുന്നതു ഞങ്ങളെ തമ്മില്‍ കൂടുതല്‍ അടുപ്പിക്കാനാണെന്നു ഞാന്‍ കണ്ടെത്തി. ഒരേ ശരീരത്തിലെ അവയവങ്ങളെന്ന നിലയില്‍ നല്ല ഇഴയടപ്പമുള്ള ബന്ധം ഞങ്ങള്‍ക്കു സഭയിലുള്ളവരോട് ഉണ്ടായിരുന്നു. നല്ല ഒരു സഭ ഇല്ലാത്തവരെക്കുറിച്ച് എനിക്കു സങ്കടം തോന്നി. കാരണം, അവര്‍ക്കു കൂട്ടായ്മയ്ക്ക് ആരുമില്ല. പ്രാദേശിക സഭയിലെ കൂട്ടായ്മയെ വിലമതിക്കാത്തവരോടും എനിക്കു സഹതാപമാണു തോന്നിയത്.
ഞങ്ങളുടെ സഭയിലെ സഹോദരീസഹോദരന്മാരോടുള്ള കൂട്ടായ്മയില്‍ ഞങ്ങള്‍ സ്വര്‍ഗ്ഗത്തിന്റെ ഒരു രുചി ആസ്വദിച്ചു. സത്യസന്ധമായും എനിക്കും പ്രകാശിനും അങ്ങനെ പറയാന്‍ കഴിയുമായിരുന്നു.
ഒരു ദിവസം ഞാന്‍ ഇരുന്ന് എന്റെ പ്രത്യേക പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് എഴുതി വച്ചു. അവയ്ക്ക് എങ്ങനെ പരിഹാരം കാണാമെന്നു കാണിച്ചു തരാന്‍ ദൈവത്തോട് അപേക്ഷിച്ചു. അവ ഓരോന്നായി ഇങ്ങനെയായിരുന്നു.
മിക്കപ്പോഴും ഞാന്‍ ഏകാകിയും ഗൃഹാതുരതയുള്ളവളുമാണ്. ആദ്യം വീടു വിട്ടതു മുതല്‍ ഞാന്‍ ഇങ്ങനെയായിരുന്നു. എന്റെ ജീവിതത്തിലെ ദൈനംദിന ജീവിതക്രമം എവിടെയെങ്കിലും താളം തെറ്റിയാല്‍ പൊടുന്ന നെ ഒറ്റപ്പെടലിന്റെയും ഗൃഹാതുരതയുടെയും തോന്നല്‍ മനസ്സില്‍ വരികയായി. പക്ഷേ ക്രമേണ ദൈവത്തെ എന്റെ പിതാവും മാതാവും സ്‌നേഹിതനുമായി കൂടുതല്‍ കൂടുതല്‍ അറിയാന്‍ കഴിഞ്ഞതോടെ ഞാന്‍ എന്റെ തോന്നലുകളും വികാരങ്ങളും അവിടുത്തെ മുമ്പില്‍ കെട്ടഴിച്ചു വയ്ക്കും. സഹായത്തിനായി അപേക്ഷിക്കും. ഇങ്ങനെ എന്റെ ഏകാന്തതാ ബോധ ത്തെ കീഴടക്കാന്‍ ഞാന്‍ പഠിച്ചു.
സ്വാഭാവികമായി ഞാന്‍ വളരെ പേടിയുള്ളവളായിരുന്നു. എനിക്ക് ഇരുട്ടിനെ, ആളുകളെ, ഭാവിയെ എന്നു വേണ്ട പലതിനെയും ഭയമായിരുന്നു. മരണത്തെപ്പോലും ഞാന്‍ ഭയന്നു - മരണകരമായ രോഗമുള്ളവരെ നഴ്‌സെന്ന നിലയില്‍ ശുശ്രൂഷിക്കേണ്ടി വന്നപ്പോള്‍ പ്രത്യേകിച്ചും. എന്നാല്‍ ഒരു ദിവസം, 'ഭയപ്പെടേണ്ട' എന്ന വാക്ക് ദൈവം എത്ര വട്ടം പറഞ്ഞിട്ടുണ്ടെന്നു ഞാന്‍ കണ്ടെത്തി. തനിക്കു പ്രിയപ്പെട്ട ആളുകളോടു യഹോവ പഴയ നിയമത്തിലും യേശു പുതിയ നിയമത്തില്‍ തന്റെ ശിഷ്യന്മാരോടും മിക്കപ്പോഴും പറഞ്ഞ വാക്ക് 'ഭയപ്പെടേണ്ട' എന്നായിരുന്നു! അത് ഒരേസമയം ഒരു കല്പനയായും സ്‌നേഹവാനായ പിതാവോ സ്‌നേഹിതനോ പറയുന്ന ആശ്വാസ വാക്കായും എനിക്കനുഭപ്പെട്ടു. ഞാനതു പേര്‍ത്തും പേര്‍ത്തും എന്നോടു തന്നെ പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഭയം വരുന്ന ഉടനെയോ, അല്ലെങ്കില്‍ ഞാന്‍ അതുമായി അല്പസമയം മല്ലുപിടിച്ച ശേഷമോ, കര്‍ത്താവ് ഭയത്തെ എന്നില്‍ നിന്നു പുറത്താക്കുവാന്‍ തുടങ്ങി.
അകാരണമായി കരയുന്ന ഒരു ദുഃസ്വഭാവവും എനിക്കുണ്ടായിരുന്നു. ഒരു കാരണവും വേണ്ട, അല്ലെങ്കില്‍ എന്തെങ്കിലും കൊച്ചുകാരണം മതി, ഞാന്‍ കരയാന്‍ തുടങ്ങും. സ്വയസഹതാപത്തിന്റെ പരിണത ഫലമാണിതെന്നു ഞാന്‍ ഇപ്പോള്‍ മനസ്സിലാക്കുന്നുണ്ട്. അവിടുന്ന് എന്റെ ഓരോ തുള്ളി കണ്ണുനീരും തുടച്ചു നീക്കാമെന്നു കര്‍ത്താവ് എനിക്ക് ഉറപ്പു നല്‍കി. സ്‌കൂള്‍ കുട്ടിയായിരുന്നപ്പോള്‍ ഹോസ്റ്റലില്‍ നിന്നു പഠിച്ച ഒരു പാട്ടിന്റെ രണ്ടു വരികള്‍ ഞാന്‍ മിക്കപ്പോഴും ഇതിനോടുള്ള ബന്ധത്തില്‍ ഓര്‍ക്കുമായിരിന്നു. ആ വരികള്‍ ഇങ്ങനെ:
''സ്വദുഃഖങ്ങള്‍ക്കില്ല കണ്ണീര്‍ രക്തം വിയര്‍ത്തെനിക്കായ്''
യേശുവിന്റെ കാര്യമാണ്. അവിടുത്തേക്കു സ്വന്തം കാര്യത്തെപ്രതി ഒരു തുള്ളി കണ്ണുനീര്‍ ഉണ്ടായിരുന്നില്ലത്രേ! എന്നാല്‍ മറ്റുള്ളവര്‍ക്കായി രക്തം പോലും വിയര്‍പ്പാക്കി ഒഴുക്കി!!
ചില വര്‍ഷങ്ങള്‍ കൊണ്ട് അവിടുന്ന് എന്നെയും വെറുതെ കരയുന്ന സ്വഭാവത്തില്‍ നിന്നു വിടുവിച്ചു. പകരം മറ്റുള്ളവരുടെ ദുഃഖങ്ങളെക്കുറിച്ചു പരിഗണനയുള്ളവളാകാന്‍ അവിടുന്ന് എന്നെ പഠിപ്പിച്ചു!
വിവാഹ ജീവിതത്തിലേക്കു പ്രവേശിച്ച ക്രിസ്തീയ യുവതി എന്ന നിലയില്‍ എന്റെ ജീവിതത്തിലെ പല തിന്മകളെക്കുറിച്ചും ദൈവം എനിക്കു വെളിച്ചം നല്‍കിയ കാര്യം കഴിഞ്ഞ ലക്കത്തില്‍ വിവരിച്ചിരുന്നല്ലോ.
എന്റെ ജീവിതത്തിലെ മറ്റൊരു 'വില്ല'നായിരുന്നു അരക്ഷിതബോധം. ഇതു പല നിലകളിലാണു പ്രകടമായത്. എന്റെ വസ്തുവകകളെയും സുഹൃത്തുക്കളെയും മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ മുറുകെപ്പിടിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നത് എന്റെ ഈ സുരക്ഷിതബോധമില്ലായ്മയാണെന്ന് എനിക്കു വൈകിയാണു മനസ്സിലായത്. മറ്റുള്ളവരാല്‍ സ്‌നേഹിക്കപ്പെടാന്‍ ഞാന്‍ അങ്ങേയറ്റം ആശിച്ചു. എന്റെ സ്‌നേഹിതകള്‍ മറ്റാരോടെങ്കിലും സ്‌നേഹം കാട്ടിയാല്‍ നീരസപ്പെടുന്ന തലത്തിലേക്ക് അതെന്നെ കൊണ്ടു ചെന്ന് എത്തിച്ചു. അവരുടെ സ്‌നേഹവും സൗഹൃദവും എനിക്കുവേണ്ടി മാത്രമുള്ളതായിരിക്കണമെന്നു ഞാന്‍ വാഞ്ഛിച്ചു. ഞാന്‍ ഹോസ്റ്റലില്‍ ആയിരുന്ന കാലത്തു തന്നെ എന്നില്‍ ഈ മനോഭാവം ഉണ്ടായിരുന്നു. ഇതു തെറ്റാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ എനിക്ക് അതു സംബന്ധിച്ചു ഫലപ്രദമായി ഒന്നും ചെയ്യുവാന്‍ കഴിഞ്ഞില്ല.
വിവാഹത്തിനു ശേഷം പ്രകാശിനെ സ്വന്തമാക്കുന്ന കാര്യത്തില്‍ ഈ മുറുകെപ്പിടിക്കുന്ന മനോഭാവം തലപൊക്കുന്നതു ഞാന്‍ തിരിച്ചറിഞ്ഞു. പ്രകാശിന്റെ ബന്ധുക്കള്‍ പോലും അദ്ദേഹത്തോട് അടുത്തു പെരുമാറുന്നത് എനിക്കു സഹിപ്പാന്‍ കഴിയുമായിരുന്നില്ല. പ്രകാശ് ഇപ്പോള്‍ എന്റെ സ്വന്തമാണെന്നു പറഞ്ഞ് എനിക്ക് ഈ മനോഭാവത്തെ ന്യായീകരിക്കാമായിരുന്നു. എന്നാല്‍ എന്റെ ഈ മനോഭാവം തെറ്റാണെന്നു ഞാന്‍ കാണുവാന്‍ തുടങ്ങി. പ്രകാശ് എന്നെ വിവാഹം കഴിച്ചു എന്ന ഏക കാരണം കൊണ്ട് അദ്ദേഹത്തിന്റെ അമ്മ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് അവസാനിപ്പിക്കണം എന്നു ഞാനെന്തിനു പ്രതീക്ഷിക്കണം? മറ്റുള്ളവര്‍ എന്റെമേല്‍ സ്‌നേഹം ചൊരിയുന്നത് ഞാന്‍ ഏറെ ആസ്വദിക്കാറുണ്ട്. അപ്പോള്‍ ബന്ധുക്കളുടെ സ്‌നേഹം ആസ്വദിക്കുന്നതില്‍ നിന്ന് പ്രകാശിനെ തടഞ്ഞാല്‍ അത് എത്ര വലിയ സ്വാര്‍ത്ഥതയായിരിക്കും! ഇതൊരു പക്ഷേ സ്ത്രീകളുടെ പ്രത്യേകത ആയിരിക്കാം. ഒരു ദൈവ പൈതലെന്ന നിലയില്‍ ഞാന്‍ ഇതിനെ മറികടക്കണം.
സാധനങ്ങള്‍ വാങ്ങുന്നതിനുള്ള വലിയൊരു ത്വരയും ഞാന്‍ എന്നില്‍ കണ്ടെത്തി. ഞാന്‍ പണം ചെലവാക്കുന്നതു പ്രകാശിന് ഇഷ്ടപ്പെടുകയില്ലെന്നു ഞാന്‍ കരുതി. അല്ലെങ്കില്‍ വീട്ടില്‍ അത്യാവശ്യമുള്ളതെന്നു ഞാന്‍ ചിന്തിക്കുന്ന പലതിന്റെയും ആവശ്യകത പ്രകാശിനു ബോധ്യപ്പെടുകയില്ലെന്നു ഞാന്‍ സ്വയം തീരുമാനിച്ചു. ഇതിന്റെയൊക്കെ ഫലമായി ഞാന്‍ ചിലപ്പോഴൊക്കെ പ്രകാശിനോടു ചോദിക്കാതെ സ്വയം സാധനങ്ങള്‍ വാങ്ങുമായിരുന്നു. പക്ഷേ എന്റെ അറിവില്ലായ്മയും പരിചയക്കുറവും മുതലെടുത്തു പട്ടണത്തിലെ ആളുകള്‍ എന്നെ കബളിപ്പിക്കുമായിരുന്നു. അങ്ങനെ പ്രകാശിനെ കൂട്ടി ഷോപ്പിംഗ് നടത്തുന്നതും വിലപിടിച്ച സാധനങ്ങള്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ വാങ്ങുന്നതുമാണു നല്ലതെന്നു ഞാന്‍ കണ്ടെത്തി.
പുതിയ ഫാഷനിലുള്ള വസ്ത്രങ്ങള്‍ പ്രകാശ് എനിക്കു വാങ്ങിക്കൊണ്ടു വന്നിരുന്നെങ്കില്‍ എന്നു ഞാന്‍ ചിലപ്പോഴൊക്കെ ആഗ്രഹിച്ചു. പക്ഷേ ആളുകളെ പ്രീതിപ്പെടുത്തുന്നതിനുള്ള ത്വരയില്‍ നിന്നാണ് ഇത്തരം ആഗ്രഹങ്ങളൊക്കെ ഉത്ഭവിക്കുന്നതെന്നു ഞാന്‍ കണ്ടെത്തി. ഞാന്‍ അതെക്കുറിച്ചു അനുതപിച്ചു. ലോക മയത്വത്തെ ഞാന്‍ അകറ്റി നിര്‍ത്തണം; ലോകത്തിന്റെ ഫാഷനുകളെയും. എന്നെക്കാള്‍ പാവപ്പെട്ടവരായ ആളുകളോട് എനിക്കുള്ളതു പങ്കിടാനും ഞാന്‍ പഠിക്കേണ്ടതുണ്ട്. അപ്പോള്‍ ദൈവം എനിക്ക് ആവശ്യമുള്ളതെല്ലാം - ഞാന്‍ ആഗ്രഹിക്കുന്നതെല്ലാമല്ല - എനിക്കു തരും.
ഞാന്‍ ചിലപ്പോള്‍ അമ്മാവിയമ്മയോട് ഒരു വിരോധം നിലനിര്‍ത്തുമാ യിരുന്നു. ദീര്‍ഘനാള്‍ അവരോടു സംസാരിക്കാതിരിക്കും എന്നെ ഉപദേശിക്കുന്നതിനോടും അവരുടെ വിമര്‍ശനാത്മകമായ അഭിപ്രായങ്ങളോടും എനിക്ക് ഇഷ്ടക്കേടു തോ ന്നുമ്പോഴാണു ഞാന്‍ അങ്ങനെ ചെയ്യുന്നത്. സത്യത്തില്‍ എന്റെ മൗനം അമ്മാവിയമ്മയോടുള്ള എന്റെ പ്രതികാരമായിരുന്നു. അത്തരം നിശ്ശബ്ദത ചിലപ്പോള്‍ കോപിച്ചു പൊട്ടിത്തെറിക്കുന്നതിനെക്കാള്‍ മോശമാണെന്ന് എനിക്ക് ഇപ്പോഴറിയാം. ഈ പാപകരമായ സ്വഭാവത്തെ ജയിക്കുവാന്‍ എന്നെ സഹായിപ്പാന്‍ ഞാന്‍ കര്‍ത്താവിനോട് അപേക്ഷിച്ചു. കര്‍ത്താവിനോടൊപ്പമുള്ള എന്റെ ദൈനംദിന നടപ്പില്‍ ഞാന്‍ അശ്രദ്ധയാകുമ്പോഴാണു ഞാന്‍ വീണു പോകുന്നതെന്നു ഞാന്‍ കണ്ടു. എന്റെ പാപം ബോധ്യമാകുമ്പോഴൊക്കെ എന്നോടു ക്ഷമിക്കണമെന്നു ഞാന്‍ കര്‍ത്താവിനോടും എന്റെ അമ്മാവിയമ്മയോടും അപേക്ഷിക്കുമായിരുന്നു.
എന്റെ അരക്ഷിതബോധം, ഭര്‍ത്താവിനെ മുറുകെപ്പിടിക്കുന്ന മനോഭാവം എന്നിവയുടെ ഭാഗമായി പ്രകാശിനോടു മറ്റു സ്ത്രീകള്‍ സംസാരിക്കുന്നതില്‍ ഞാന്‍ അസൂയപ്പെടാന്‍ തുടങ്ങി. അദ്ദേഹത്തിനു സത്യത്തില്‍ എന്നിലല്ലാതെ മറ്റാരിലും താത്പര്യമില്ലെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹത്തോളം വിശ്വസ്തത ആര്‍ക്കും പുലര്‍ത്തുവാന്‍ സാധ്യമല്ല. എന്നാലും എന്റെ സ്വന്തമാക്കുന്ന മനോഭാവം മൂലം എനിക്ക് അസൂയ തോന്നുവാന്‍ തുടങ്ങി. പ്രകാശിനെ ഇക്കാര്യത്തില്‍ തെറ്റായി കുറ്റപ്പെടുത്തുകയോ തന്നെ സംശയിക്കുകയോ ചെയ്യുന്നതു അദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കുമെന്നു കര്‍ത്താവ് എന്നെ പഠിപ്പിച്ചു.
എന്റെ പിതാവ് എന്റെ മമ്മിയോടു വിശ്വസ്തനല്ലായിരുന്നു എന്നത് എനിക്കറിയാമായിരുന്നു എന്നതുകൊണ്ടാകാം ഞാന്‍ ഈ വിധത്തില്‍ സംശയിച്ചത്! അല്ലെങ്കില്‍ ഒരുപക്ഷേ എല്ലാ സ്ത്രീകളും ഇങ്ങനെയൊക്കെയാവാം!
പക്ഷേ ഹോസ്പിറ്റലില്‍ എത്രയോ പുരുഷന്മാരോടു ഞാന്‍ സംസാരിക്കാറുണ്ടെന്നു ഞാന്‍ ഓര്‍ത്തു. അതില്‍ എന്താണു തെറ്റ്? ചുരുക്കത്തില്‍ എന്റെ രീതിയിലാണു മാറ്റം വേണ്ടതെന്ന് എനിക്കു മനസ്സിലായി. പ്രകാശ് ഇക്കാലങ്ങളിലെല്ലാം എത്ര ക്ഷമയോട് എന്നോട് ഇടപെട്ടു!
ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ ഞാനും അമ്മയും കൂടി പോയി കണ്ട ആ സ്ത്രീ അമ്മയ്ക്കു നല്‍കിയ ഉപദേശം ഞാന്‍ ഓര്‍ത്തു. ഭര്‍ത്താവ് അവിശ്വസ്തനായാലും അദ്ദേഹത്തോടു ക്ഷമിച്ച് അദ്ദേഹത്തിനു യഥാര്‍ത്ഥ സ്‌നേഹം കാണിച്ചു കൊടുക്കണമെന്നാണ് അവര്‍ പറഞ്ഞത്. അങ്ങനെ ചെയ്താല്‍ സ്‌നേഹത്തിന്റെ ശക്തി ഭര്‍ത്താവിനെ വീണ്ടും ഭാര്യയിലേക്ക് ആകര്‍ഷിക്കും - ഒരു കാന്തത്തോട് ഇരുമ്പ് ആകര്‍ഷിക്കുമ്പോലെ. അങ്ങനെ പരിജ്ഞാനമുള്ള ഒരു ഭാര്യക്കു തന്റെ ഭര്‍ത്താവിനെ പല പടുകുഴികളില്‍ വീഴുന്നതില്‍ നിന്നു രക്ഷിക്കാന്‍ കഴിയും.
അര്‍ബുദ രോഗത്താല്‍ മരിക്കാറായ ഒരു മനുഷ്യനെ ഒരു ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു ഞാന്‍ ഓര്‍ക്കുന്നു. ഇയാള്‍ കുടുംബത്തെ പിരിഞ്ഞു മറ്റൊരു നഗരത്തില്‍ ജോലി ചെയ്യുമ്പോള്‍ അയാള്‍ക്കു മറ്റൊരു സ്ത്രീയില്‍ ഒരു കുട്ടിയുണ്ടായി എന്നാണു ഞാന്‍ കേട്ടിരുന്നത്. എന്നാല്‍ ഇയാളുടെ ഭാര്യ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയായിരുന്നു. അവര്‍, ഭര്‍ത്താവു സുഖമില്ലാതായപ്പോള്‍ അദ്ദേഹത്തെ ഞങ്ങളുടെ ഹോസ്പിറ്റലിലേക്കു കൊണ്ടു വരികയും മരണം വരെ ഏറെ ത്യാഗം സഹിച്ച് അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം ശുശ്രൂഷിക്കുകയും ചെയ്തു. തുടര്‍ന്നു ഭര്‍ത്താവിന്റെ മരണശേഷം അവര്‍ തന്റെ ഭര്‍ത്താവിനു കുഞ്ഞിനെ പ്രസവിച്ച ആ സ്ത്രീയെ കണ്ടുപിടിച്ച് അവരുമായി സൗഹൃദത്തിലായി. എന്തിനേറെ, ആ കുഞ്ഞിനെ അവര്‍ ദത്തെടുത്തു സ്വന്തം കുട്ടിയായി വളര്‍ത്താന്‍ തുടങ്ങി. തന്റെ ഭര്‍ത്താവിന്റെ കുഞ്ഞായതിനാല്‍ തനിക്ക് ആ കുഞ്ഞിനെ സ്‌നേഹിക്കാതിരിക്കാനാവില്ല എന്നാണവര്‍ മറ്റുള്ളവരോടു പറഞ്ഞത്. ദൈവത്തിനു മാത്രമേ വാസ്തവത്തില്‍ ഇങ്ങനെ ഒരത്ഭുതം ചെയ്യുവാന്‍ കഴിയൂ- ഒരു സ്ത്രീയെ ഇത്രയേറെ സ്‌നേഹവതിയും ക്ഷമാശീലയുമാക്കാന്‍.
ഇത്തരം മികച്ച ഉദാഹരണങ്ങള്‍ എന്റെ ഭര്‍ത്താവിനെ ത്യാഗപരമായി സ്‌നേഹിക്കുന്ന ഒരു ഭാര്യയായിരിക്കാന്‍ എന്നെ വെല്ലുവിളിച്ചു.
അവസാനം വരെ സ്‌നേഹത്തില്‍ തന്നെ തുടരുകയെന്നതാണു വിവാഹജീവിതത്തില്‍ ഏറ്റവും അത്യാവശ്യം എന്നു ഞാന്‍ പഠിച്ചു. ഭര്‍ത്താവിന്റെ പോരായ്മകള്‍, പരാജയങ്ങള്‍ എന്നിവയെ സ്‌നേഹം മറയ്ക്കുന്നു. അദ്ദേഹത്തിന്റെ കുറവുകള്‍ക്കു നേരെ കണ്ണടയ്ക്കുന്നു. അദ്ദേഹത്തിന്റെ കഴിഞ്ഞകാല പാപങ്ങളെ മനസ്സില്‍ കുടിവയ്ക്കുന്നില്ല.
ഓരോ തവണ സ്‌നേഹത്തിന്റെ അധ്യായം (1കൊരിന്ത്യര്‍ 13) വായിക്കുമ്പോഴും ഞാന്‍ ദയനീയമാം വണ്ണം ദൈവത്തിന്റെ നിലവാരത്തിനു വളരെ താഴെയാണെന്നും ഏറെ ദൂരം ഞാന്‍ മുന്നോട്ടു പോകേണ്ടതുണ്ടെ ന്നും എനിക്കു തോന്നും.
ഈ ഇരുണ്ട ലോകത്തു കാണാവുന്ന ഓരേയൊരു പ്രകാശം ദൈവത്തിന്റെ മാറ്റമില്ലാത്ത സ്‌നേഹമാണ്. ദൈവം എന്നെ ഏറ്റവും കൂടുതല്‍ സ്‌നേഹിച്ചു. അങ്ങനെ അവിടുന്ന് എന്നെ എനിക്കു ചുറ്റുമുള്ള എല്ലാവരോടും കടപ്പാടുള്ളവളാക്കി. എന്റെ പാതയില്‍ കണ്ടുമുട്ടുന്ന എല്ലാവരോടും അവിടുത്തെ സ്‌നേഹം പങ്കിടാന്‍ എന്നെ ബാധ്യസ്ഥയാക്കി.
സ്വന്ത പുത്രനെ ആദരിക്കാതെ എനിക്കു വേണ്ടി തന്ന സ്വര്‍ഗ്ഗീയ പിതാവ് എനിക്കു ജീവിതത്തില്‍ ഉടനീളം വേണ്ടതെല്ലാം സൗജന്യമായി തരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു
എനിക്കു ലഭിച്ച രക്ഷ എത്ര അത്ഭുതകരമാണ്!
ഞാന്‍ ജീവിതത്തില്‍ ആദ്യം പുറന്തള്ളപ്പെട്ടവളായിരുന്നു. എന്നാല്‍ ഇന്നു ഞാന്‍ ദൈവത്തില്‍നിന്ന് ഏറെ കൃപ അനുഭവിക്കുന്നു. ഇന്ന് ഈ ലോകം മുഴുവന്‍ തിരഞ്ഞാലും എന്നെക്കാള്‍ സന്തുഷ്ടയായ ഒരാളെ കണ്ടെത്തുമോ എന്നു ചിലപ്പോഴൊക്കെ ഞാന്‍ സ്വയം അത്ഭുതപ്പെടുമായിരുന്നു!
എനിക്കെങ്ങനെ ഇത്ര സന്തോഷവതിയായിരിക്കാന്‍ കഴിയുമെന്നു ചിലരെങ്കിലും അത്ഭുതപ്പെടുന്നുണ്ടായിരിക്കും. കാരണം സ്വന്തം എന്നു പറയാന്‍ എനിക്കൊരു വീടില്ല. ഞാന്‍ എന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കളോടൊപ്പമാണു കഴിയുന്നത്! ഇതിനെല്ലാം ഇടയിലും സന്തുഷ്ടയായിരിക്കാന്‍ എനിക്കു കഴിഞ്ഞതിന് ഒരു കാരണമേയുള്ളു - ഞാന്‍ എന്റെ സന്തോഷം കര്‍ത്താവിലാണ് (സാഹചര്യങ്ങളിലല്ല) കണ്ടെത്തിയത്." തൃപ്തിയോടുകൂടിയ ദൈവഭക്തി ഒരു വലിയ ആദായമാണല്ലോ".
ജീവിതത്തില്‍ ഒരിക്കലും സന്തോഷം ഇല്ലാത്ത പല ക്രിസ്ത്യാനികളെ ഞാന്‍ കണ്ടെത്തിയിട്ടുണ്ട്. അതിന്റെ കാരണം എനിക്കറിയാം. ഭൗതിക ആഗ്രഹങ്ങളുടെ പെരുപ്പം അവരെ അസംതൃപ്തരാക്കിയിരിക്കുന്നു. തങ്ങള്‍ക്ക് ഒരു കാര്യം അല്ലെങ്കില്‍ മറ്റൊന്നു സ്വന്തമായുണ്ടായിരിക്കണം എന്നവര്‍ ആഗ്രഹിക്കുന്നു. അതില്ലാതെ അവര്‍ക്കു ജീവിക്കാന്‍ വയ്യ. ഈ മനോഭാവം മൂലം അവര്‍ എപ്പോഴും അസ്വസ്ഥരാണ്!
ഞാന്‍ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട ദിവസം ഞാനെന്താണു കര്‍ത്താവിനോടു പറഞ്ഞതെന്നു ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നുണ്ട്- ''ഇന്നു മുതല്‍ യേശു കര്‍ത്താവേ ഞാന്‍ ഭൂമിയില്‍ നിന്നെയല്ലാതെ മറ്റൊന്നും ആഗ്രഹിക്കുകയില്ല'' (സങ്കീര്‍ത്തനം 73:25). ഞാന്‍ എന്റെ വാക്കു പാലിച്ചോ എന്നു ഞാന്‍ ചിലപ്പോഴൊക്കെ എന്റെ ഹൃദയത്തെ ശോധന ചെയ്യാറുണ്ട്.
ഇതുവരെ ദൈ വം എന്നെ സൂക്ഷിച്ചു. ഈ സമര്‍പ്പണത്തില്‍ ജീവിതത്തിന്റെ അവസാനം വരെ അവിടുന്ന് എന്നെ സൂക്ഷിക്കുമെന്നു ഞാന്‍ വിശ്വസിക്കുന്നു.
എന്റെ പേരു പോലെയായിരുന്നു എന്റെ അനുഭവം. 'ഞാന്‍ കൃപമേല്‍ കൃപ' കണ്ടെത്തി.
ഞാന്‍ എല്ലാ മാനവും മഹത്വവും കര്‍ത്താവായ യേശുവിനു മാത്രം നല്‍കാന്‍ ആഗ്രഹിക്കുന്നു.
''കര്‍ത്താവേ, യേശുവേ, പൂര്‍ണമായ് അര്‍പ്പിക്കുന്നു, കുമ്പിടുന്നു. കാല്‍വറിയില്‍ വില നല്‍കി എന്നെ വാങ്ങിയല്ലോ ഞാനിന്നു നിന്റേത്, നിന്റെ മാത്രം എന്നെന്നും നീ മാത്രം നിത്യതയിലും എന്റെ പങ്ക്.''