''എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും ഉയരത്തില്നിന്ന് വെളിച്ചങ്ങളുടെ പിതാവിങ്കല്നിന്ന് ഇറങ്ങിവരുന്നു. അവന്നു വികാരമോ ഗതിഭേദത്താലുള്ള ആച്ഛാദനമോ ഇല്ല'' (യാക്കോബ് 1:17)
ദൈവത്തിന് ഒരിക്കലും തെറ്റുപറ്റുകയില്ല. അവിടുത്തേക്ക് 'ഗതിഭേദത്താലുള്ള ആച്ഛാദനവും' (മാറ്റം മറിച്ചിലുകള്) ഇല്ല. 'തികഞ്ഞ' വരം മാത്രമേ ദൈവം നല്കുന്നുള്ളു. അതുകൊണ്ട് അറിയാത്ത ഭാഷകളില് സംസാരിക്കാനുള്ള വരം (അന്യഭാഷാ ഭാഷണം) പെന്തക്കോസ്തുനാളില് സഭയ്ക്കു നല്കുമ്പോള് താന് എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് അവിടുത്തേക്കു തികഞ്ഞ ബോധ്യം ഉണ്ടായിരുന്നു. അന്യഭാഷാ വരം തികഞ്ഞ (പൂര്ണമായ) ഒരു വരം തന്നെയായിരുന്നു. അതു സംബന്ധിച്ചുള്ള മനോഭാവം പിന്നീടു ദൈവം മാറ്റിയിട്ടില്ല. കാരണം അവിടുത്തേക്ക് മാറ്റമില്ലല്ലോ.
ഈ വരത്തെച്ചൊല്ലി ഇരുപതാം നൂറ്റാണ്ടിലുണ്ടാകാന് പോകുന്ന വിവാദങ്ങളെക്കുറിച്ചും ദൈവത്തിന് അറിയാമായിരുന്നു, എന്നിട്ടും സഭയ്ക്ക് അതിന്റെ ശുശ്രൂഷ തികപ്പാന് ഈ വരം ആവശ്യമാണെന്ന് അവിടുന്നു കണ്ടു.
ത്രിത്വം, ക്രിസ്തുവിന്റെ ദൈവത്വം, ക്രിസ്തുവിന്റെ മനുഷ്യത്വം, പരിശുദ്ധാത്മാവന്റെ ആളത്തം തുടങ്ങിയ സുപ്രധാനസത്യങ്ങള്പോലും ക്രിസ്തീയസഭയുടെ ചരിത്രത്തില് വെല്ലുവിളികളേയും വിവാദങ്ങളേയും നേരിട്ടിട്ടുണ്ട്. അതുകൊണ്ട് 'അന്യഭാഷാവര'വും വിവാദവിഷയമായതില് നമുക്ക് അത്ഭുതപ്പെടാനില്ല.
എല്ലാ ഉപദേശവിഷയങ്ങളിലും തിരുവെഴുത്ത് എന്തുപറയുന്നുവോ അതില് ഉറച്ചുനില്ക്കുകയാണ് ഉത്തമം. അതുകൊണ്ട് അന്യഭാഷയില് സംസാരിക്കുന്നതു സംബന്ധിച്ചുള്ള ബൈബിളിലെ ഓരോ വാക്യത്തെയും നമുക്കു മുന്വിധി കൂടാതെ പരിശോധിക്കാം.
ഒന്നാമത്തെ സത്യം
മര്ക്കോസ് 16:17 (യേശു പറഞ്ഞു) '' വിശ്വസിക്കുന്നവരാല് ഈ അടയാളങ്ങള് നടക്കും. എന്റെ നാമത്തില് അവര് ഭൂതങ്ങളെ പുറത്താക്കും. പുതുഭാഷകളില് സംസാരിക്കും; രോഗികളുടെ മേല് കൈവച്ചാല് അവര്ക്കു സൗഖ്യം വരും''
വിശ്വസിക്കുന്നവരുടെ കൂട്ടത്തെ പിന്തുടരുന്ന അടയാളങ്ങളില് ചിലതായി യേശു പറഞ്ഞത് പുതുഭാഷകളില് സംസാരിക്കുക, ഭൂതങ്ങളെ പുറത്താക്കുക, രോഗികളെ സൗഖ്യമാക്കുക തുടങ്ങിയവയാണ്. ഈ എല്ലാ അടയാളങ്ങളും ഓരോ വിശ്വാസിയേയും പിന്തുടരും എന്നല്ല അവിടുന്നു പറഞ്ഞത്. എന്നാല് ഈ അടയാളങ്ങള് വിശ്വസിക്കുന്നവരുടെ കൂട്ടത്തിനിടയില് കണ്ടെത്താം എന്നാണ്.
അതുകൊണ്ട് ഓരോ വിശ്വാസിക്കും ഈ വരങ്ങളെല്ലാം ആവശ്യമില്ല. എല്ലാ സഭയ്ക്കുപോലും എല്ലാ വരങ്ങളും ആവശ്യമുള്ളവയല്ല. എന്നാല് സാര്വലൗകികമായ സഭയില് ഈ വരങ്ങളെല്ലാം കണ്ടെത്താന് കഴിയും. ആര്ക്ക് ഏതു വരം നല്കണമെന്ന് സര്വജ്ഞനായ പരിശുദ്ധാത്മാവു തീരുമാനിച്ചുകൊള്ളും.
രണ്ടാമത്തെ സത്യം
അപ്പോ. പ്രവൃ. 2:4,7,11 ''എല്ലാവരും പരിശുദ്ധാത്മാവു നിറഞ്ഞവരായി ആത്മാവ് അവര്ക്ക് ഉച്ചരിപ്പാന് നല്കിയതുപോലെ അന്യഭാഷകളില് സംസാരിച്ചുതുടങ്ങി.... പുരുഷാരം, ഓരോരുത്തന് താന്താന്റെ ഭാഷയില് സംസാരിക്കുന്നതു കേട്ട്, അമ്പരന്നുപോയി.... നാം ഈ നമ്മുടെ ഭാഷകളില് അവര് ദൈവത്തിന്റെ വന്കാര്യങ്ങളെ പ്രസ് താവിക്കുന്നതു കേള്ക്കുന്നുവല്ലോ എന്നു പറഞ്ഞു.''
വിശ്വാസികള് ആദ്യം പരിശുദ്ധാത്മാവില് നിറഞ്ഞ സന്ദര്ഭത്തില് അവര് എല്ലാവരും അന്യഭാഷകളില് സംസാരിച്ചു. 'അന്യഭാഷ' മറ്റുള്ളവര്ക്കു വേഗം മനസ്സിലാകുന്ന ഭാഷകളായിരുന്നു. അതുകൊണ്ട് അവിടെ വ്യാഖ്യാനവരത്തിന്റെ ആവശ്യം ഉണ്ടായിരുന്നില്ല.
അതുപോലെ നാലാം വാക്യത്തില് പരിശുദ്ധാത്മാവല്ല, വ്യക്തികള് തന്നെയാണ് അന്യഭാഷകളില് സംസാരിച്ചത് എന്നു പറഞ്ഞിരിക്കുന്ന ഭാഗം ശ്രദ്ധിക്കുക. ആത്മാവ് അവരുടെ നാവുകളെ ചലിപ്പിച്ചില്ല. മറിച്ച് ആത്മാവ് അവര്ക്ക് ഉച്ചരിക്കേണ്ടതു നല്കുക മാത്രമാണ് ചെയ്തത്. സംസാരിച്ചത് അവര് തന്നെയാണ്.
ഒരു വരത്തിലും പരിശുദ്ധാത്മാവു നമ്മുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ എടുത്തുകളയുന്നില്ല. സത്യത്തില്, ആത്മാവിന്റെ ഫലം ആത്മനിയന്ത്രണം (ഇന്ദ്രിയജയം) ആണ് (ഗലാ 5:23) ഭൂതാവേശം ഉണ്ടാകുന്നവര്ക്കുമാത്രമാണ് തങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്നത്. ആത്മാവിനാല് നിറയുന്ന ഒരാള്ക്ക് മറ്റാരെക്കാളും തന്റെമേല് നിയന്ത്രണം ഉണ്ടാകും. ''പ്രവാചകന്മാരുടെ ആത്മാക്കള് പ്രവാചകന്മാര്ക്കു കീഴടങ്ങിയിരിക്കുന്നു.'' (1 കൊരി. 14:32)
മൂന്നാമത്തെ സത്യം
അപ്പോ. പ്രവൃ 10:45 ''അവര് അന്യഭാഷകളില് സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേട്ടു.'' ഇവിടെ കൊര്ന്നല്യോസിന്റെ ഭവനത്തിലുള്ളവരെല്ലാം ക്രിസ്തു വിങ്കലേക്കു മനം തിരിഞ്ഞ മാത്രയില്തന്നെ പരിശുദ്ധാത്മസ്നാനം പ്രാപിച്ചതായി നാം കാണുന്നു. അവര് അന്യഭാഷകളില് സംസാരിച്ച് ദൈവത്തെ മഹത്വീകരിച്ചു.(ദൈവത്തെ സ്തുതിച്ചു.) ഇവിടെ ക്കോസ്തുനാളിലേതുപോലെ ആളുകളോടല്ല സംസാരിച്ചത് എന്ന കാര്യം ശ്രദ്ധിക്കുക.
നാലാമത്തെ സത്യം
അപ്പോ. പ്രവൃ. 19:6 ''പൗലൊസ് അവരുടെ മേല് കൈവച്ചപ്പോള് പരിശുദ്ധാത്മാവ് അവരുടെ മേല് വന്നു അവര് അന്യഭാഷകളില് സംസാരിക്കുകയും പ്രവചിക്കയും ചെയ്തു.'' പൗലോസിന്റെ കൈവയ്പിനാല് എഫെസോസിലെ വിശ്വാസികളുടെമേല് പരിശുദ്ധാത്മാവു വന്നു. ഇവിടെ പ്രവചനത്തിന്മേല്കാണുന്ന 'അന്യഭാഷ' തന്നെ പ്രവചനത്തിന്റേതായിരുന്നുവെന്നു റയാം. അപ്പൊസ്തലപ്രവൃത്തികളിലെ മുകളില് പറഞ്ഞ സംഭവങ്ങളില്നിന്നു താഴെപ്പറയുന്ന സത്യങ്ങള് ശ്രദ്ധിക്കുക:
1. അപ്പൊസ്തല പ്രവൃത്തി രണ്ടില് ജലസ്നാനത്തിനുശേഷം അവര്ക്കു പരിശുദ്ധാത്മാവു ലഭിച്ചു. അപ്പൊസ്തല പ്രവൃത്തി 10-ല് ജലസ്നാനത്തിനു മുമ്പ് അവര് പരിശുദ്ധാത്മാവിനെ പ്രാപിച്ചു.
2. അപ്പൊ. പ്രവൃത്തി രണ്ടിലും പത്തിലും ആരും അവരുടെമേല് കൈ വയ്ക്കാതെ അവര്ക്കു പരിശുദ്ധാത്മാവു ലഭിച്ചു. പ്രവൃത്തി 19-ല് പൗലൊസ് അവരുടെമേല് കൈവച്ചതിനെത്തുടര്ന്ന് അവര് പരിശുദ്ധാത്മാവിനെ പ്രാപിച്ചു.
ഇതു തെളിയിക്കുന്നതു പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നതിനു നിശ്ചിത രീതികളൊന്നും ഇല്ലെന്നാണ്. അതു ജലസ്നാനത്തിനു മുമ്പോ പിമ്പോ ആകാം. കൈവയ്പു മൂലമോ അല്ലാതെയോ ലഭിക്കാം.
3. ശമര്യയിലെ ശിഷ്യന്മാര് പരിശുദ്ധാത്മാവു പ്രാപിച്ചപ്പോള് അവര് അന്യഭാഷകളില് സംസാരിച്ചതായി പ്രസ്താവിക്കുന്നില്ല. (അപ്പൊ. പ്രവൃ. 8:14-18) എന്നാല് ശിമോന് അവരുടെ ആത്മപ്രാപണത്തിനുള്ള തെളിവായി ചിലതു കാണുവാന് കഴിഞ്ഞു. (അവ എന്തായിരുന്നുവെന്നു നമ്മളോടു പറഞ്ഞിട്ടില്ല) അതു കണ്ടപ്പോള് പത്രോസിനുള്ള അതേ കഴിവു തനിക്കും വേണമെന്ന് ശിമോന് ആഗ്രഹിച്ചതായും പറഞ്ഞിരിക്കുന്നു.
അഞ്ചാമത്തെ സത്യം
1 കൊരി. 12:7, 8, 10 ''എന്നാല് ഓരോരുത്തന് ആത്മാവിന്റെ പ്രകാശനം പൊതുപ്രയോജനത്തിനായി നല്കപ്പെടുന്നു. ഒരുത്തന്ന് ആത്മാവിനാല് ജ്ഞാനത്തിന്റെ വചനവും... വേറൊരുവന് പലവിധ ഭാഷകള്. മറ്റൊരുവനു ഭാഷകളുടെ വ്യാഖ്യാനം.''
അന്യഭാഷാവരം 'പൊതുപ്രയോജനത്തിനാ'ണ്-സഭയുടെ നന്മയ്ക്കാണ്. പെന്തക്കോസ്തുനാളിനുശേഷം 25 വര്ഷം കഴിഞ്ഞാണ് ഈ ലേഖനം എഴുതിയിരിക്കുന്നത്. 'പൊതുപ്രയോജന'ത്തിനായി അന്യഭാഷാവരം പരിശുദ്ധാത്മാവ് അപ്പോഴും നല്കിക്കൊണ്ടിരുന്നുവെന്നു പറയാം.
ആറാമത്തെ സത്യം
1 കൊരി. 12:11 ''എന്നാല് ഇത് എല്ലാം പ്രവര്ത്തിക്കുന്നതു താന് ഇച്ഛിക്കുംപോലെ അവനവന് അതതു വരം പകുത്തുകൊടുക്കുന്ന ഒരേ ആത്മാവുതന്നേ.'' ആര്ക്ക് ഏതു വരം നല്കണമെന്ന് (അന്യഭാഷാവരം ഉള്പ്പെടെ) പരിശുദ്ധാത്മാവ് പരമാധികാരത്തോടെ തീരുമാനിക്കുന്നതായി തിരുവെഴുത്തില് വളരെ വ്യക്തമായിപ്പറയുന്ന ഒരു വാക്യം ഇതാണെന്നു തോന്നുന്നു. അതുകൊണ്ട് ആര്ക്ക് ഏതു വരം നല്കണമെന്നു പരിശുദ്ധാത്മാവിനോടു നിര്ദ്ദേശിക്കുവാന് നമുക്കു കഴിയുകയില്ല.
ഏഴാമത്തെ സത്യം
1 കൊരി 12:28 ''ദൈവം സഭയില് ഒന്നാമത് അപ്പോസ്തലന്മാര്, രണ്ടാമതു പ്രവാചകന്മാര് മൂന്നാമത് ഉപദേഷ്ടാക്കന്മാര് ഇങ്ങനെ ഓരോരുത്തരെ നിയമിക്കുകയും..... വിവിധ ഭാഷാവരം എന്നിവ നല്കുകയും ചെയ്തു.'' അന്യഭാഷാവരം സഭയില് നിയമിച്ചിരിക്കുന്നതു ദൈവം തന്നെയാണ്. ദൈവത്തിന് അതിനുചില ഉദ്ദേശ്യങ്ങളുണ്ട്. അതുകൊണ്ട് നാം ഒരിക്കലും ഈ വരത്തെ എതിര്ക്കരുത്. അങ്ങനെ ചെയ്താല് ഫലത്തില് നാം ദൈവത്തെ തന്നെ എതിര്ക്കുന്നവരായി ത്തീരുമല്ലോ. ദൈവത്തിന് എല്ലാറ്റിലും നമ്മേക്കാള് പരിജ്ഞാനമുണ്ടെന്നുള്ള കാര്യം മറന്നുപോകരുത്.
എട്ടാമത്തെ സത്യം
1 കൊരി. 12:30 ''എല്ലാവര്ക്കും രോഗശാന്തിക്കുള്ള വരം ഉണ്ടോ'' എല്ലാവരും അന്യഭാഷകളില് സംസാരിക്കുന്നുവോ? എല്ലാവരും വ്യാഖ്യാനിക്കുന്നുവോ? എല്ലാ വിശ്വാസികള്ക്കും രോഗശാന്തിക്കുള്ള വരം ഇല്ലാത്തതുപോലെ എല്ലാ വിശ്വാസികളും അന്യഭാഷകളില് സംസാരിക്കുന്നില്ല.
അതുകൊണ്ട് അന്യഭാഷ എല്ലാ വിശ്വാസികള്ക്കും അത്യന്താപേക്ഷിതമായ ഒരു വരമാണെന്ന് (വിശുദ്ധമായി ജീവിക്കുന്നതിനോ, ശുശ്രൂഷയുടെ മൂര്ച്ചയ്ക്കോ ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്ന്) ദൈവത്തിന് തോന്നുന്നില്ല എന്നു വ്യക്തം. അങ്ങനെയായിരുന്നെങ്കില് ദൈവം ഈ വരം എല്ലാ വിശ്വാസികള്ക്കും നല്കുമായിരുന്നല്ലോ.
ഒന്പതാമത്തെ സത്യം
1 കൊരി 13:1 ''ഞാന് മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളില് സംസാരിച്ചാലും എനിക്കു സ്നേഹമില്ല എങ്കില് ഞാന് മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ.'' സ്നേഹമില്ലാതെ അന്യഭാഷയില് സംസാരിച്ചതുകൊണ്ടു പ്രയോജനമില്ല. ഭാഷാവരമുള്ളവരുടെ പുകഴ്ചയും അതില്ലാത്തവരെ അവര് തരം താണവരായി കാണുന്ന മനോഭാവവും സ്നേഹത്തിന്റെ അഭാവംകൊണ്ടുണ്ടാകുന്നതാണ്. അത്തരം സ്നേഹശൂന്യരായ വിശ്വാസികള് അന്യഭാഷയില് സംസാരിക്കുന്നത്, ചെമ്പിന്റെ മുഴക്കവും കൈത്താളത്തിന്റെ ചിലമ്പലും നമ്മു ടെ കാതുകള്ക്ക് എത്രത്തോളം ദുസ്സഹമാണോ, അതുപോലെയാണ് ദൈവത്തിനും.
പത്താമത്തെ സത്യം
1 കൊരി. 13:8, 9 '''പ്രവചനവരമോ അതു നീങ്ങിപ്പോകും. ഭാഷാവരമോ അതു നിന്നുപോകും. ജ്ഞാനമോ അതു നീങ്ങിപ്പോകും. അംശമായി മാത്രം നാം അറിയുന്നു. അംശമായി മാത്രം പ്രവചിക്കുന്നു. പൂര്ണമായതു വരുമ്പോഴോ അംശമായതു നീങ്ങിപ്പോകും.' ക്രിസ്തുവിന്റെ മടങ്ങിവരവിങ്കല്, പൂര്ണത വരുമ്പോള്, അന്യഭാഷയില് സംസാരിക്കേണ്ടതിന്റെ ആവശ്യം പിന്നീടില്ല. പിന്നീടു ബൈബിള് ജ്ഞാനമോ പ്രവചനമോ ആവശ്യമില്ലാത്തതുപോലെതന്നെ. അതുകൊണ്ട് ഭൂമിയിലെ അപൂര്ണതയുള്ള സാഹചര്യത്തില് ആവശ്യമുള്ള ഒരു താത്കാലികവരം മാത്രമാണ് അന്യഭാഷ. യേശുക്രിസ്തുവിന് ഭാഷാവരം ആവശ്യമില്ലാതിരുന്നത് എന്തുകൊണ്ടാണെന്ന് ഇതു വ്യക്തമാക്കുന്നു. തന്റെ മനസ്സ് പൂര്ണ്ണമായി നിര്മലമായിരിക്കുകയും പിതാവിനോടുള്ള തന്റെ ബന്ധം സദാസമയവും പൂര്ണതയുള്ളതായിരിക്കുകയും ചെയ്തതുകൊണ്ടാണത്.
പതിനൊന്നാമത്തെ സത്യം
1 കൊരി. 14:2 ''അന്യഭാഷയില് സംസാരിക്കുന്നവന് മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു. ആരും തിരിച്ചറിയുന്നില്ലല്ലോ. എങ്കിലും അവന് ആത്മാവില് മര്മ്മങ്ങളെ സംസാരിക്കുന്നു.''ഇവിടെ പറയുന്ന അന്യഭാഷാവരം പെന്തക്കോസ്തു നാളില് വെളിപ്പെട്ടതില്നിന്നു വ്യത്യസ്തമാണെന്നു വ്യക്തം. ഇവിടെ അന്യഭാഷയില് സംസാരിക്കുന്നവന് മനുഷ്യരോടല്ല ദൈവത്തോടാണ് സംസാരിക്കുന്നത്.അവന് സംസാരിക്കുന്നത് എന്തെന്ന് ആരും തിരിച്ചറിയുന്നില്ല.
പന്ത്രണ്ടാമത്തെ സത്യം
1 കൊരി. 14:4 '' അന്യഭാഷയില് സംസാരിക്കുന്നവന് തനിക്കു താന് ആത്മികവര്ദ്ധന വരുത്തുന്നു.'' അന്യഭാഷാവരം ഒരു വിശ്വാസിയെ ആത്മികമായി സ്വയം വര്ദ്ധന വരുത്തുവാന് സഹായിക്കുന്നു.
പതിമൂന്നാമത്തെ സത്യം
1 കൊരി. 14:5, 6 ''നിങ്ങള് എല്ലാവരും അന്യഭാഷകളില് സംസാരിക്കേണം എന്നും വിശേഷാല് പ്രവചിക്കേണം എന്നും ഞാന് ഇച്ഛിക്കുന്നു. അന്യഭാഷകളില് സംസാരിക്കുന്നവന് സഭയ്ക്ക് ആത്മികവര്ദ്ധന ലഭിക്കേണ്ടതിനു വ്യാഖ്യാനിക്കുന്നില്ലെങ്കില് പ്രവചിക്കുന്നവന് അവനെക്കാള് വലിയവന്. സഹോദരന്മാരേ, ഞാന് വെളിപ്പാടായിട്ടോ പ്രവചനമായിട്ടോ ഉപദേശമായിട്ടോ നിങ്ങളോടു സംസാരിക്കാതെ അന്യഭാഷകളില് സംസാരിച്ചുകൊണ്ടു നിങ്ങളുടെ അടുക്കല് വന്നാല് നിങ്ങള്ക്ക് എന്തു പ്രയോജനം വരും?''
എല്ലാവരും അന്യഭാഷകളില് സംസാരിച്ചിരുന്നെങ്കില് എന്നു പൗലോസ് ആഗ്രഹിക്കുന്നു. എല്ലാ വിശ്വാസികളും അന്യഭാഷകളില് സംസാരിക്കുന്നില്ല എന്നു വ്യക്തമായി സൂചിപ്പിക്കുന്ന മറ്റൊരു വാക്യമാണിത്.
എല്ലാവരും തന്നെപ്പോലെ വിവാഹം കഴിക്കാതെ ജീവിച്ചിരുന്നെങ്കില് എന്നു പൗലോസ് ഈ ലേഖനത്തിന്റെ മറ്റൊരുഭാഗത്ത് (1 കൊരി. 7:7) ഇച്ഛിക്കുന്നതുപോലെയാണ് ഇവിടെ എല്ലാവരും അന്യഭാഷകളില് സംസാരിച്ചിരുന്നെങ്കില് എന്നു പൗലോസ് ആഗ്രഹിക്കുന്നത്. അവിവാഹിതരായിക്കഴിയുന്നതുകൊണ്ടു ചില പ്രയോജനമുണ്ടെന്നു പൗലോസിനു ബോധ്യമുണ്ട്. എന്നാല് വിവാഹം കഴിക്കാതെ പാര്ക്കാനുള്ള വരം ചില വിശ്വാസികള്ക്കു മാത്രം നല്കുന്നതില് ദൈവത്തിനു പരമാധികാരം ഉണ്ടെന്നു പൗലോസിന് അറിയാം. ചില വിശ്വാസികള്ക്ക് അന്യഭാഷാവരം നല്കുന്നതിലും ഇതുപോലെയാണ് ദൈവം തന്റെ സ്വതന്ത്രാധികാരം ഉപയോഗിക്കുന്നത്.
അതുകൊണ്ട് എല്ലാ വിശ്വാസികളും അവിവാഹിതരായിക്കഴിയണം എന്നു പ്രതീക്ഷിക്കുന്നതുപോലെ വിഡ്ഢിത്തമാണ് എല്ലാവരും അന്യഭാഷകളില് സംസാരിക്കും എന്നു കരുതുന്നതും.
സഭാ യോഗങ്ങളില് ഏറെ നല്ലതു പ്രവചിക്കുന്നതാണ്. (അതായത് മറ്റുള്ളവര്ക്ക് ആത്മികവര്ദ്ധനയ്ക്കും പ്രബോധനത്തിനും ആശ്വാസത്തിനുമായി ദൈവവചനം സംസാരിക്കുന്നത്. 1 കൊരി. 14:3) എന്നാല് അന്യഭാഷ വ്യാഖ്യാനിക്കപ്പെടുന്നുണ്ടെങ്കില് അതു പ്രവചനത്തിനു തുല്യം പ്രയോജനമാണ്.
പതിനാലാമത്തെ സത്യം
1 കൊരി 14:9, 13 ''അതുപോലെ നിങ്ങളും നാവുകൊണ്ടു തെളിവായ വാക്ക് ഉച്ചരിക്കാഞ്ഞാല് സംസാരിക്കുന്നത് എന്തെന്ന് എങ്ങനെ അറിയും?........ അതുകൊണ്ട് അന്യഭാഷയില് സംസാരിക്കുന്നവന് വ്യാഖ്യാനവരത്തിനായി പ്രാര്ത്ഥിക്കട്ടെ.'' സഭായോഗങ്ങളില് അന്യഭാഷ വ്യാഖ്യാനിക്കപ്പെടേണ്ടതുണ്ട്.
പതിനഞ്ചാമത്തെ സത്യം
1 കൊരി. 14:14, 15 ''ഞാന് അന്യഭാഷയില് പ്രാര്ത്ഥിക്കുന്നു എങ്കില് എന്റെ ആത്മാവു പ്രാര്ത്ഥിക്കുന്നു. എന്റെ ബുദ്ധിയോ അഫലമായിരിക്കുന്നു. ആകയാല് എന്ത്? ഞാന് ആത്മാവുകൊണ്ടു പ്രാര്ത്ഥിക്കും. ബുദ്ധികൊണ്ടും പ്രാര്ത്ഥിക്കും. ആത്മാവുകൊണ്ടു പാടും, ബുദ്ധികൊണ്ടും പാടും.''
ഒരുവന് അന്യഭാഷയില് പ്രാര്ത്ഥിക്കുമ്പോള് താന് എന്താണു പ്രാര്ത്ഥിക്കുന്നതെന്ന് അയാള്ക്കു മനസ്സിലാകുന്നില്ല. എന്നിട്ടും താന് ബുദ്ധികൊണ്ട് (അറിയാവുന്ന ഭാഷയില്) പാടുകയും പ്രാര്ത്ഥിക്കുകയും ചെയ്യുന്ന അത്രയും തന്നെ ആത്മാവുകൊണ്ട് (അന്യഭാഷയില്) പാടുകയും പ്രാര്ത്ഥിക്കുകയും ചെയ്യേണ്ടതുണ്ടെന്നാണു പൗലോസിന്റെ ചിന്ത.
പതിനാറാമത്തെ സത്യം
1 കൊരി 14:18 ''നിങ്ങളെല്ലാവരിലും അധികം ഞാന് അന്യഭാഷകളില് സംസാരിക്കുന്നതുകൊണ്ട് ഞാന് ദൈവത്തെ സ്തുതിക്കുന്നു.''
ഈ വരം തന്നതില് പൗലോസ് ദൈവത്തോടു നന്ദിയുള്ളവനാണ്. അതുകൊണ്ട് അതു പൗലോസിനെ സഹായിച്ചിട്ടുണ്ട് എന്നു വ്യക്തം.
പതിനേഴാമത്തെ സത്യം
1 കൊരി. 14:19 ''സഭയില് പതിനായിരം വാക്ക് അന്യഭാഷയില് സംസാരിക്കുന്നതിനെക്കാള് അധികം മറ്റുള്ളവരെയും പഠിപ്പിക്കേണ്ടതിനു ബുദ്ധികൊണ്ട് അഞ്ചു വാക്കു പറവാന് ഞാന് ഇച്ഛിക്കുന്നു.'' സഭയില് എപ്പോഴും അറിയാവുന്ന ഭാഷയില് സംസാരിക്കുന്നതാണ് ഏറെ നല്ലത്.
പതിനെട്ടാമത്തെ സത്യം
1 കൊരി. 14:22 ''അന്യഭാഷകള് അടയാളമായിരിക്കുന്നതു വിശ്വാസികള്ക്കല്ല അവിശ്വാസികള്ക്കത്രേ.''
'അന്യഭാഷകള്' തന്നിരിക്കുന്നത് അവിശ്വാസികള്ക്ക് ഒരു അടയാളത്തിനുവേണ്ടിയാണ്-പെന്തക്കോസ്തു നാളിലെന്നപോലെ.
പത്തൊന്പതാമത്തെ സത്യം
1 കൊരി. 14:23 ''സഭ ഒക്കെയും ഒരുമിച്ചുകൂടി എല്ലാവരും അന്യഭാഷകളില് സംസാരിക്കുന്നു എങ്കില് ആത്മവരമില്ലാത്തവരോ അവിശ്വാസികളോ അകത്തുവന്നാല് നിങ്ങള്ക്ക് ഭ്രാന്തുണ്ട് എന്നു പറകയില്ലയോ?'' സഭായോഗങ്ങളില് എല്ലാവരും അന്യഭാഷകളില് സംസാരിക്കുന്നതു ഭ്രാന്താണ്. കാരണം ആരും പറയുന്നതു മറ്റാര്ക്കും മനസ്സിലാകയില്ലല്ലോ (ഇത് എല്ലാവരും കൂട്ടമായി ഒരുമിച്ചു പ്രാര്ത്ഥിക്കുന്ന സന്ദര്ഭത്തെയല്ല വ്യക്തികളായി ആളുകള് അന്യഭാഷ പറയുന്നതിനെയാണ് ഉദ്ദേശിക്കുന്നത്. കാരണം കൂട്ടമായി ഒരുമിച്ചു പ്രാര്ത്ഥിക്കുമ്പോള് അറിയാവുന്ന ഭാഷയില് മറ്റുള്ളവര് പ്രാര്ത്ഥിക്കുന്നതും നമ്മള് കേള്ക്കുന്നില്ലല്ലോ.)
ഇരുപതാമത്തെ സത്യം
1 കൊരി. 14:26, 27 ''ആകയാല് എന്ത്? സഹോദരന്മാരേ, നിങ്ങള് കൂടിവരുമ്പോള് ഓരോരുത്തനു സങ്കീര്ത്തനം ഉണ്ട്, ഉപദേശം ഉണ്ട്, വെളിപ്പാട് ഉണ്ട്, അന്യഭാഷ ഉണ്ട്, വ്യാഖ്യാനം ഉണ്ട്, സകലവും ആത്മികവര്ദ്ധനയ്ക്കായി ഉതകട്ടെ. അന്യഭാഷയില് സംസാരിക്കുന്നു എങ്കില് രണ്ടുപേരോ ഏറിയാല് മൂന്നുപേരോ ആകട്ടെ. അവര് ഓരോരുത്തനായി സംസാരിക്കയും ഒരുവന് വ്യാഖ്യാനിക്കയും ചെയ്യട്ടെ.'' സഭായോഗങ്ങളില് രണ്ടോ മൂന്നോ പേരില് കൂടുതല് അന്യഭാഷകളില് സംസാരിക്കരുത്. എന്നാല് ഓരോരുത്തന് പറയുന്ന അന്യഭാഷയും വ്യാഖ്യാനിക്കപ്പെടണം. വ്യാഖ്യാനം അന്യഭാഷയുടെ ശരി തര്ജ്ജമയല്ല. തര്ജ്ജമയില് ഓരോ വാക്കും പദാനുപദമായി തര്ജ്ജമ ചെയ്യപ്പെടുകയാണ്. അതേസമയം വ്യാഖ്യാനിക്കുമ്പോള് ആ ആശയം സ്വന്തം വാക്കുകളില് വ്യക്തമാക്കുകയാണ്.
ഇരുപത്തൊന്നാമത്തെ സത്യം
1 കൊരി 14:39 ''അതുകൊണ്ടു സഹോദരന്മാരേ, പ്രവചനവരം വാഞ്ഛിപ്പിന്. അന്യഭാഷകളില് സംസാരിക്കുന്നതു വിലക്കുകയുമരുത്.''
അവസാനമായി, അന്യഭാഷകളില് സംസാരിക്കുന്നതും വിലക്കരുതെന്ന് ഇവിടെ പ്രസ്താവിച്ചിരിക്കുന്നു. പക്ഷേ നിങ്ങള് ഒരു വരം വാഞ്ഛിക്കുന്നുണ്ടെങ്കില് ഭാഷാവരത്തെക്കാള് പ്രവചനവരത്തിനായി അന്വേഷിക്കുക.
യഥാര്ത്ഥമായതും വ്യജമായതും
അന്യഭാഷാഭാഷണം എന്ന വരത്തില് ഒരളവുവരെ ചില നിഗുഢതകള് ഉണ്ട്. ആ വരം ലഭിച്ചവരൊക്കെയും ഇതു സമ്മതിക്കും-അവര് സത്യസന്ധരാണെങ്കില്. ആ വരത്തെക്കുറിച്ചു മുഴുവന് കാര്യവും അറിയുകയില്ല. നമുക്കു ഭാഗികമായി മാത്രമേ അതിനെപ്പറ്റി അറിയുകയുള്ളു (1 കൊരി. 13:12).
കഴിഞ്ഞ 40 വര്ഷമായി അന്യഭാഷകളില് സംസാരിക്കുന്ന ഒരാളെന്ന നിലയില് ആ വരത്തെക്കുറിച്ച് എന്റെ അനുഭവത്തിന്റെ വെളിച്ചത്തില് എനിക്ക് ഇപ്പോഴുള്ള ബോധ്യങ്ങളെക്കുറിച്ചു ചില വാക്കുകള്കൂടി പറയട്ടെ.
ഒരുവന് അന്യഭാഷയില് സംസാരിക്കുമ്പോള് ആത്മാവില് (ഹൃദയം) നിന്ന് ഉച്ചാരണങ്ങള് പുറത്തുവരുന്നു. (ഹൃദയത്തില്നിന്നു നേരെ വായിലേക്ക്, മനസ്സിനെ മറികടന്ന്) അങ്ങനെ തന്റെ ഹൃദയം അവന് ദൈവസന്നിധിയില് പകരുന്നു. അതൊരു സന്തോഷത്തിന്റെ കവിഞ്ഞൊഴുക്കാകാം. ദുഃഖമോ നിരാശയോ കൊണ്ടുണ്ടായ ഒരു ഭാരത്തിന്റെ കെട്ടഴിച്ചുവിടലാകാം. അങ്ങനെ അവന്റെ ഹൃദയത്തിലെ സമ്മര്ദ്ദം ഒഴിയുന്നു. 'ആത്മികവര്ദ്ധന' ഉണ്ടാകുന്നു.
അപ്പൊ. പ്രവൃ. 2:4ല് നമ്മള് നേരത്തെ കണ്ടതുപോലെ ഒരുവന് അന്യഭാഷയില് സംസാരിക്കുമ്പോള് അവന് തന്നെയാണ് സംസാരിക്കുന്നത് പരിശുദ്ധാത്മാവല്ല. അറിയാവുന്ന ഒരു ഭാഷ സംസാരിക്കുമ്പോഴെന്നപോലെ ഇപ്പോഴും വിശ്വാസി സ്വയം സ്വരങ്ങള്ക്കു രൂപം നല്കുകയാണ്. അവന് പ്രാര്ത്ഥിക്കാനായി അറിയാവുന്ന ഒരു ഭാഷയല്ല ഉപയോഗിക്കുന്നത് എന്ന വ്യത്യാസം മാത്രമേ ഉള്ളു. കര്ത്താവില് ശ്രദ്ധ കേന്ദ്രീകരിച്ച്, മനസ്സിനെ മറികടന്ന് ഹൃദയത്തില്നിന്നു നേരിട്ടുവരുന്ന ഉച്ചാരണങ്ങള് വായ്കൊണ്ടു സംസാരിക്കുകയാണ്. താന് പറയുന്നതെന്താണെന്ന് അവനറിയില്ലെങ്കിലും തന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങളും സമ്മര്ദ്ദങ്ങളും ദൈവം അറിയുന്നു എന്നു മനസ്സിലാക്കിക്കൊണ്ട് അവന് അന്യഭാഷകളില് സംസാരിക്കുകയാണ്.
സമ്മര്ദ്ദത്തിന്റെ വേളകളില് ഇപ്രകാരം ഭാരം ഒഴിവാക്കാന് കഴിയുന്നതു വിശ്വാസിക്കു സഹായകരമാണ്. പ്രത്യേകിച്ചും അറിയാവുന്ന ഭാഷയില് പ്രാര്ത്ഥിക്കുവാന് കഴിയാതവണ്ണം അവന്റെ മനസ്സ് ആകെത്തളര്ന്നിരിക്കുമ്പോള് ഇതെങ്ങനെയാണു സംഭവിക്കുന്നതെന്നു നമുക്കു വിശദീകരിക്കാനാവില്ല. പക്ഷേ അതെപ്പോഴും സംഭവിക്കുന്നു.
ഇനി, വ്യാഖ്യാനവരത്തെക്കുറിച്ചു ചിന്തിക്കാം. നാം നേരത്തെ കണ്ടതുപോലെ പ്രവചനത്തിനു തുല്യമാണ് അന്യഭാഷയുടെ വ്യാഖ്യാനം. അതുകൊണ്ട് പ്രവചനത്തിന്റെ വരമുള്ള ഒരുവനാണ് സാധാരണ പരിശുദ്ധാത്മാവ് വ്യാഖ്യാനവരവും നല്കുന്നത്.
ഒരു സഭായോഗത്തില് ആരെങ്കിലും അന്യഭാഷയില് സംസാരിച്ചാല് പ്രവചനവരമുള്ള ഒരുവന് (മിക്കവാറും മൂപ്പന്മാരിലൊരാള്ക്ക്), അവന് ദൈവികവെളിച്ചത്തില് നടക്കുന്നവനാണെങ്കില്, മനസ്സില് ഒരു ചിന്ത വന്നു പതിക്കുന്നതു കണ്ടെത്താം. ആ ചിന്ത അവന് സ്വന്തം വാക്കുകളില് പറയുന്നു- തര്ജ്ജമയല്ല വ്യാഖ്യാനമാണത്.
മറ്റൊരു മൂപ്പന് (അവന് വ്യാഖ്യാനവരമുള്ളവനാണെങ്കില്) ആ അന്യഭാഷ വ്യാഖ്യാനിച്ചാലും വ്യാഖ്യാനത്തിന്റെ ആശയം നേരത്തേ പറഞ്ഞതുതന്നെയായിരിക്കും - വാക്കുകളില് വ്യത്യാസം ഉണ്ടാകുമെങ്കിലും രണ്ടു മൂപ്പന്മാരും ദൈവവുമായി പൂര്ണ ബന്ധത്തിലാണെങ്കില് മാത്രമേ ഇതു ശരിയാവുകയുള്ളു.
ദൈവത്തില്നിന്നുള്ള ഒരു വെളിപ്പാടും ബൈബിളില് എഴുതപ്പെട്ടിരിക്കുന്നതിനു വിരുദ്ധമാകാന് കഴിയാത്തതുകൊണ്ട് വ്യാഖ്യാനവും തിരുവെഴുത്തിന് അനുസൃതമായതായിരിക്കും. ശരിയായ പ്രവചനം തിരുവെഴുത്തിന് അനുസൃതമായിരിക്കുന്നതുപോലെയാണിതും.
ആത്മികവരങ്ങളെക്കുറിച്ചു സംശയാലുക്കളായ ചിലര് ഇങ്ങനെ ചോദിച്ചിട്ടുണ്ട്. ഒരു മീറ്റിംഗില് വ്യാഖ്യാനിക്കപ്പെട്ട അന്യഭാഷ ടേപ്പില് പിടിച്ച് മറ്റൊരു സ്ഥലത്തുള്ള വ്യാഖ്യാനവരമുള്ള ഒരാളെ കേള്പ്പിച്ചാല് അദ്ദേഹം നല്കുന്ന വ്യാഖ്യാനവും അതുപോലെയായിരിക്കുമോ? തീര്ച്ചയായും ഒരുപോലെയായിരിക്കും. വ്യാഖ്യാനങ്ങള് ഉള്ളടക്കത്തില് വ്യത്യസ്തമായിരുന്നാല് (വാക്കുകളിലല്ല) അതു സൂചിപ്പിക്കുന്നതു രണ്ടു വ്യാഖ്യാനികളില് ഒരാളോ രണ്ടു പേരുമോ കര്ത്താവിന്റെ മനസ്സു പൂര്ണമായി മനസ്സിലാക്കാന് കഴിയുന്നവിധം കര്ത്താവിനോടു പൂര്ണമായ ബന്ധത്തിലായിരിക്കുന്നില്ല എന്നു മാത്രമാണ്.
താഴെപ്പറയുന്ന ഉദാഹരണം ഈ സത്യം കൂടുതല് വ്യക്തമാക്കും: നിങ്ങള്ക്ക് ഒരു യോഗത്തില് സംസാരിക്കേണ്ടതുണ്ടെന്നിരിക്കട്ടെ. ആ യോഗത്തില് സംസാരിക്കുവാന് നിങ്ങള്ക്കൊരു സന്ദേശമുണ്ട്. ആ മീറ്റിംഗിനെ സംബന്ധിച്ച കര്ത്താവിന്റെ ഹൃദയഭാരമാണ് ആ സന്ദേശമെന്നു നിങ്ങള്ക്കു ബോധ്യവുമുണ്ട്. പക്ഷേ അവിചാരിതമായ കാരണങ്ങളാല് നിങ്ങള്ക്ക് ആ മീറ്റിംഗില് സംബന്ധിക്കുവാന് കഴിയാതെ പോകുന്നു. നിങ്ങള്ക്ക് പകരം മറ്റൊരു സഹോദരന് ആ മീറ്റിംഗില് സംസാരിച്ചാല് കര്ശനമായിപ്പറഞ്ഞാല് ആ സഹോദരന് നിങ്ങളുടെ ഹൃദയത്തിലുണ്ടായിരുന്ന അതേ സന്ദേശം തന്നെ അവിടെ പറയേണ്ടിയിരിക്കുന്നു. (വാക്കുകളില് വ്യത്യാസമുണ്ടാകാം). നിങ്ങളുടെ ഹൃദയത്തിലുണ്ടായിരുന്ന സന്ദേശമല്ല ആ സഹോദരന് പ്രസംഗിച്ചതെങ്കില് അതിന്റെ അര്ത്ഥം ആ മീറ്റിംഗിനെ സംബന്ധിച്ച കര്ത്താവിന്റെ ഹൃദയത്തെക്കുറിച്ചുള്ള പൂര്ണമായ അറിവ് നിങ്ങളിലൊരാള്ക്കില്ല എന്നാണ്. അറിയാവുന്ന ഭാഷയില് ഒരു സന്ദേശം നല്കുന്ന ഇത്തരം ഒരു പരീക്ഷയില്പോലും വിശ്വാസികള് തോറ്റുപോകുന്നതു നാം കാണുന്നുണ്ടല്ലോ.
അതുകൊണ്ടാണ് ഒരു പ്രവാചകസന്ദേശംപോലും വിവേചിക്കേണ്ടതുണ്ടെന്നു ബൈബിള് പറയുന്നത് (1 കൊരി. 14:29) ഇതുപോലെ അന്യഭാഷകളിലുള്ള എല്ലാ സന്ദേശങ്ങളെയും അവയുടെ വ്യാഖ്യാനങ്ങളെയും നാം വിവേചിക്കണം. അവയില് നാം എന്താണ് വിവേചിക്കേണ്ടത്? വിവേചിക്കേണ്ടത് ഇതാണ്: അവ (അതു പ്രവചനമായാലും അന്യഭാഷയായാലും വ്യാഖ്യാനമായാലും) തിരുവെഴുത്തിന്പ്രകാരം ഉള്ളതോ (കര്ത്താവില് നിന്നുള്ളതോ) അല്ലയോ എന്നു നമ്മുടെ ആത്മാവു സാക്ഷ്യം നല്കുന്നുണ്ടോ എന്നാണ് വിധിക്കേണ്ടത്. ഏത് ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള് ദൈവത്തില്നിന്നുള്ളവയോ എന്നു ശോധന ചെയ്യ ണം എന്നു നമുക്കു മുന്നറിയിപ്പ് നല്കപ്പെട്ടിരിക്കുന്നു (1 യോഹ. 4:1). അതുകൊണ്ട് അന്യഭാഷയോ വ്യാഖ്യാനമോ പരസ്യമായി കേള്ക്കുന്നു. പല 'പ്രകൃത്യതീത ശബ്ദങ്ങളും' ദൈവത്തില്നിന്നു ഉള്ളവയാകണമെന്നില്ല. നമ്മുടെ ആത്മാവില് ഏതെങ്കിലും കാരണത്താല് അതേക്കുറിച്ച് ഒരു അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില് നാം കേള്ക്കുന്ന പ്രവചനമോ (അതിന്റെ ചില ഭാഗങ്ങളോ അന്യഭാഷയോ വ്യാഖ്യാനമോ എന്തായാലും അതു നാം എപ്പോഴും നിരസിക്കണം.
പ്രകൃത്യതീതമോ, അസാധാരണമോ ആയ ഏതിനേയും ചോദ്യം ചെയ്യാതെ അംഗീകരിക്കുന്നത് ഈ നൂറ്റാണ്ടില് ക്രിസ്തീയഗോളത്തില് വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കര്ത്താവിന്റെ നാമത്തിന് അതു വലിയ അപമാനവും വരുത്തിവച്ചിട്ടുണ്ട്.
അപ്പോസ്തല പ്രവൃത്തികളില് അന്യഭാഷയുണ്ടായ എല്ലാ സന്ദര്ഭങ്ങളിലും താഴെ പറയുന്ന കാര്യങ്ങള് സഭവിച്ചിട്ടുള്ളതു നാം ശ്രദ്ധിക്കണം.
1. എല്ലാ പ്രാവശ്യവും അന്യഭാഷയാകണം സ്വാഭാവികമായി പൊടുന്നനെ ഉണ്ടായിട്ടുള്ളതാണ്യ
2. എല്ലാ തവണയും ഒരപവാദവും ഇല്ലാതെ അല്ലാവരും അന്യഭാഷകശിസ് സംസാരിച്ചു.
3. ഒരു പ്രാവശ്യംപോലും എങ്ങനെ അന്യഭാഷ പറയണമെന്നത് സംബന്ധിച്ച ഒരഭ്യസനമോ നിര്ബന്ധമോ നിര്ദ്ദേശമോ നല്കപ്പെട്ടിട്ടില്ല.
എന്നാല് ഇന്നു പല സ്ഥലങ്ങളിലും മുകളില് പറയുന്ന ഒരു കാര്യം പോലും കണ്ടെത്താന് കഴിയാറില്ല. അഭ്യസനം ലഭിച്ചിട്ടുണ്ടെങ്കില് മാത്രമേ അതു യാഥാര്ത്ഥമായത് ആണെന്ന് നമുക്ക് തീര്ച്ചപ്പെടുത്താനാവൂ.
ഞാന് കേട്ടിട്ടുള്ള അന്യഭാഷാഭാഷണങ്ങളില് ചെറിയ ശതമാനം മാത്രമേ നിര്വ്യാജമെന്ന് എന്റെ ആത്മാവ് സാക്ഷ്യപ്പെടുത്തിയിട്ടുള്ളു. ഭൂരിപക്ഷവും ആ വരത്തെ അനുകരിക്കാനുള്ള ശ്രമമായിട്ടാണ് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്. തങ്ങളായിരിക്കുന്ന. ഗ്രൂപ്പില് ഒരംഗീകാരം കിട്ടുന്നതിനോ മറ്റുള്ളവരില് മതിപ്പുളവാക്കുന്നതിനോ വേണ്ടിയുള്ള അനുകരണം. മറ്റൊരു ചെറിയ ശതമാനം അന്യഭാഷാഭാ,ണം സാത്താന്യമായതുപോലെയാണ്. പല നാടുകളിലുമുള്ള പല ആളുകളുടെയും ജീവിതത്തില് കണ്ടിട്ടുള്ള ഫലങ്ങളുടെ അടിസ്ഥാനത്തിലാണ് എന്റെ ഈ നിരീക്ഷണം. പല സഭകളിലും അന്യഭാഷകളില് സംസാരിക്കുന്നതും പാടുന്നതും ഒരു പ്രദര്ശനപരതയുടെ തലത്തിലെത്തി നില്ക്കുന്നു. കൊട്ടു കുട്ടികളുടെ സ്വഭാവമാണല്ലോ പ്രദര്ശനപരത.
ഈ കാലത്ത് സാമ്പത്തിക നേട്ടത്തിനുവേണ്ടി വിശ്വാസികളെ ചൂഷണം ചെയ്യുന്ന ഭൂരിപക്ഷം പ്രസംഗകരും പാസ്റ്റര്മാരും തങ്ങള് അന്യഭാഷ പറയുന്നവരാണെന്ന് അവകാശപ്പെടുന്നവരാണ്. ഇരുതപതാം നൂറ്റാണ്ടില് ഉണ്ടായിട്ടുള്ള അന്ധാരാധന സമൂഹങ്ങള് ഭൂരിപക്ഷവും ഉരുത്തിരിഞ്ഞിട്ടുള്ളതും അന്യഭാഷകള് സംസാരിക്കുന്ന ആളുകളുടെ ഇടയില്നിന്നുമാണ്.
അതുകൊണ്ട് എല്ലാവിധ വിശ്വാസികളോടുമുള്ള എന്റെ ഉപദേശം ഇതാണ്. അന്യഭാഷാഭാഷണത്തിനും രോഗശാന്തിക്കും മുഖ്യസ്ഥാനം കൊടുക്കുന്ന സഭകളെ ഒഴിവാക്കുക. കാരണം അവയില് ഏറെയും അപകടകരമായ തീവ്രവാദം പുലര്ത്തുന്നതും പലപ്പോഴും ആത്മികരല്ലാത്ത നേതാക്കളാല് നയിക്കപ്പെടുന്നവയുമാണ്. പകരം വിശുദ്ധിക്കും ശിഷ്യത്വത്തിനും പ്രാഥമികമായി ഊന്നല് നല്കുന്നതും നിര്വ്യാജമായ ഭാഷാവരത്തെ അംഗീകരിക്കുന്നതും നിങ്ങളുടെ പണം ആഗ്രഹിക്കുകയോ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കുകയോ ചെയ്യാന് തുനിയാത്തതുമായ ഒരു സഭയില് കൂട്ടായ്മ അന്വേഷിക്കുക.
ദൈവഹിതവും ദൈവവചനവും ശരിയായി മനസ്സിലാക്കണമെങ്കില് നാം നമ്മുടെ മനസ്സിലെ (ആത്മാവിനാല് പുതുക്കപ്പെട്ട മനസ്സിനെ റോമര് 12:2) ഉപയോഗിക്കപ്പെടേണ്ടതുണ്ടെന്ന കാര്യവും ഞാനിവിടെ ഊന്നിപ്പറയാന് ആഗ്രഹിക്കുന്നു. പല വിശ്വാസികളും തങ്ങളുടെ മനസ്സിനെ നിന്ദാപൂര്വ്വം വീക്ഷിക്കുകയും അവഗണിക്കുകയും ചെയ്യാറുണ്ട്. ഭാര്യയെപ്പോലെ ആയിരിക്കണം മനസ്സ്. അവളായിരിക്കരുത് കുടുംബത്തിന്റെ തല. അതേസമയം അവളെ ഇല്ലായ്മ ചെയ്യുകയുമരുത്. യേശുവാണ് നമ്മുടെ തലയും ഭര്ത്താവും. നമ്മുടെ മനസ്സ് ഹൃദയത്തിലൂടെ അവിടുത്തേക്കു കീഴ്പ്പെട്ടിരിക്കണം.
'അന്യഭാഷ'യെക്കുറിച്ചുള്ള സദുപദേശങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം:
''ദൈവം നിങ്ങള്ക്കു ഭാഷാവരം നല്കുന്നുവെങ്കില് അത് ഏറ്റുവാങ്ങുക. ഉപയോഗിക്കുക. നിങ്ങളുടെ ഹൃദയത്തില്നിന്നുവരുന്ന ഉച്ചാരണങ്ങള്കൊണ്ട് ദൈവത്തോടും സംസാരിക്കുക. നിങ്ങള് ദൈവവുമായി തനിച്ചാകുമ്പോള് എവിടെയാണെങ്കിലും സംസാരിക്കുക. പ്രത്യേകിച്ചും ഹൃദയം നിരുത്സാഹപ്പെട്ട് സമ്മര്ദ്ദത്തിലായിരിക്കുമ്പോള്.അല്ലെങ്കില് സന്തോഷംകൊണ്ട് നിറഞ്ഞുകവിയുമ്പോള്. നിങ്ങള്ക്ക് ഈ വരം ലഭിച്ചിട്ടില്ലെങ്കില് അതേപ്പറ്റി വേവലാതിപ്പെടാതിരിക്കുക. പക്ഷേ എല്ലാ സമയത്തും, അതു പ്രാപിക്കത്തക്കവണ്ണം തുറന്ന മനസ്സോടെ ദൈവമുമ്പാകെ ആയിരിക്കുക. ഒരിക്കലും അതിനെ എതിര്ക്കരുത്. അതു കിട്ടാന്വേണ്ടി മലിയ മനക്ഷോഭവും ആവശ്യമില്ല. നിങ്ങള്ക്കതു വേണ്ടതാണെങ്കില് ദൈവം അതു തരും. നിങ്ങള് അതേച്ചൊല്ലി വേവലാതിപ്പെടേണ്ട. അതേസമയം ക്രിസ്തീയഗോളത്തില് നിങ്ങള് കാണുകയും കേള്ക്കുകയും ചെയ്യുന്നതെല്ലാം പരിശുദ്ധാത്മപ്രേരിതമാണെന്നു വിശ്വസിക്കേണ്ട. എല്ലാറ്റിനെയും ശോധന ചെയ്യുക. ദൈവം നിങ്ങള്ക്കു തന്നിട്ടുള്ള വിവേചനം ഉപയോഗിക്കുക. നിങ്ങള്ക്കു ഭാഷാവരമില്ലെങ്കില് അതുള്ളവരെക്കാള് നിങ്ങള് താഴെയാണെന്നു കരുതാതിരിക്കുക. നിങ്ങള്ക്ക് അന്യഭാഷയുടെ വരം ഉണ്ടെങ്കില് അതില്ലാത്തവരെക്കാള് നിങ്ങള് മീതേയാണെന്നും കൂടുതല് ആത്മികനാണെന്നും ചിന്തിക്കരുത്. (പൗലോസും കൊരിന്തിലെ ക്രിസ്ത്യാനികളും ഒരുപോലെ അന്യഭാഷകളില് സംസാരിക്കുന്നവരായിരിന്നു. എന്നാല് പൗലോസ് ഒരു ആത്മികനായിരുന്നു. കൊരിന്ത്യരാകട്ടെ വെറും ജഡികരും!!)''
ഏറ്റവും അത്യന്താപേക്ഷിതമായത്
ഏല്ലാറ്റിലുംവച്ച് ഏവര്ക്കും അന്ത്യന്താപേക്ഷിതമായത് പരിശുദ്ധാത്മാവിന്റെ ശക്തിയാല് പൊതിയപ്പെടുക എന്നതാണ്. പരിശുദ്ധാത്മ സ്നാനത്തിന്റെ അടയാളം അന്യഭാഷയില് സംസാരിക്കുക എന്നതല്ല മറിച്ച് അതു ശക്തിയാണ് (അപ്പോ. പ്രവൃ. 1:8)
പരിശുദ്ധാത്മാവ് വിശ്വാസത്താലാണ് ലഭിക്കുന്നത്. (യോഹ. 7:37-39) നമ്മുടെ നന്മയല്ല ദൈവത്തിന്റെ നന്മ മാത്രം നമ്മുടെ പാപക്ഷമയ്ക്ക് അടിസ്ഥാനം ആയിരിക്കുന്നതുപോലെയാണ് ഇതും. പ്രാര്ത്ഥനയാലോ ഉപവാസത്താലോ നമ്മുടെ എന്തങ്കെിലും പ്രവൃത്തിയാലോ നമുക്ക് ആത്മാവിന്റെ ദാനം ലഭിക്കുകയില്ല. പരിശുദ്ധാത്മാവു തന്നെ ദാനമാണ്. (അപ്പോ. പ്രവൃ. 2:38)
നാം ചോദിക്കുന്നു. വിശ്വാസത്താല് നമുക്കുടനെ അതു ലഭിക്കുന്നു. ഭൂമിയിലെ പിതാക്കന്മാര് വിശന്നുവരുന്ന മകനു ഭക്ഷണം കൊടുക്കുന്നതിനു തയ്യാറാകുന്നതിനെക്കാള് തന്നോടു യാചിക്കുന്നവര്ക്കു പരിശുദ്ധാത്മാവിനെ നല്കാന് സ്വര്ഗ്ഗസ്ഥനായ പിതാവ് എത്രയോ സന്നദ്ധനാണെന്ന അവിടുത്തെ വാഗ്ദാനം വിശ്വസിച്ചു തുടര്ന്നു മുന്നോട്ടുപോകുക (ലൂക്കോ. 11:13). ആത്മാവു പ്രാപിച്ചു എന്ന കാര്യത്തില് നമുക്ക് ഉറപ്പില്ലെങ്കില് ഒരു ഉറപ്പ് നല്കുവാന് ദൈവത്തോട് നമുക്ക് ആവശ്യപ്പെടാം. അത്തരം ഒരു ഉറപ്പ് അവിടുന്ന് നമുക്ക് നിഷേധിക്കുകയില്ല.
പക്ഷേ പരിശുദ്ധാത്മാവിനാല് നാം തുടര്ച്ചയായി നിറയേണ്ടതുണ്ട്. (കാരണം നാം ചോര്ച്ചയുള്ള പാത്രങ്ങളാണ്-എഫേ. 5:18) നിരന്തരം നമുക്കു ക്ഷമ ആവശ്യമുണ്ട്. (കാരണം നാം പാപം ചെയ്യുന്നു- മിക്കപ്പോഴും അറിയാതെ തന്നെ. മത്തായി 6: 12 എന്നതുപോലെ തന്നെയാണ് ഇതും.)
അന്യഭാഷകളില് സംസാരിക്കുന്നതിനെക്കാള് എത്രയോ മടങ്ങ് പ്രധാനമാണ് ക്രിസ്തുവിനോടുള്ള ഹൃദയത്തിലെ ഭക്തി. തന്റെ ശുശ്രൂഷയ്ക്കു നിയോഗിക്കുന്നതിനു മുമ്പ് പത്രോസിനോടുള്ള ചോദ്യം ''മറ്റെല്ലാറ്റിനെക്കാളും ഉപരിയായി നീ എന്നെ സ്നേഹിക്കുന്നുവോ?'' എന്നായിരുന്നല്ലോ. അപ്പോള് ക്രിസ്തുവിനോടുള്ള പരിപൂര്ണമായ ഭക്തിയില്നിന്നു ആളുകളുടെ ശ്രദ്ധയെ തെറ്റിക്കാനുള്ള സാത്താന്റെ ഒരു തന്ത്രമായി വേണം അന്യഭാഷയെച്ചൊല്ലിയുള്ള താലനാരിഴ കീറിയുള്ള ഇന്നത്തെ വിവാദങ്ങളെ കണക്കാക്കാന്.
ലോകത്തിലെ മഹാന്മാരായ ക്രിസ്ത്യാനികള് എല്ലാവരുംതന്നെ യേശുവിനെ എല്ലാറ്റിലും ഉപരിയായി സ്നേഹിച്ചവരാണ്-അവര് അന്യഭാഷ പറഞ്ഞവരാണെങ്കിലും അല്ലെങ്കിലും. പത്രോസ്, യാക്കോബ്, യോഹന്നാന്, പൗലോസ് തുടങ്ങിയവര് അന്യഭാഷകളില് സംസാരിച്ചിരുന്നു. ജോണ് വെസ്ലി, ചാള്സ് ഫിന്നി, ഡി.എല്. മൂഡി, എ.ബി. സിംസണ്, വില്യം ബൂക്ക്, സി.ടി സ്റ്റഡിസ്, വാച്ചുമാന് നീ തുടങ്ങിയ മറ്റു ചിലര്, നമുക്കറിയാവുന്നിടത്തോളം, അന്യഭാഷകളില് സംസാരിച്ചിരുന്നവരല്ല. പക്ഷേ അവരെല്ലാം ആത്മസ്നാനം പ്രാപിച്ചവരായിരന്നു. അവരെല്ലാം കര്ത്താവിനെ മുഴുഹൃദയത്തോടെ സ്നേഹിച്ചവരായിരുന്നു. അവരെല്ലാം ക്രൂശിന്റെ പാതയില് നടക്കുന്നവരായിരുന്നു. ഈ സത്യങ്ങളില് കേന്ദ്രീകൃതമായിരുന്നു അവരുടെ ജീവിതം. ബാക്കിയെല്ലാം അവര്ക്ക് അപ്രധാനമായിരുന്നു.
ഇവരുടെ മാതൃക പിന്പറ്റിയാല് നാം ഒരിക്കലും തെറ്റിപ്പോകുകയില്ല.
കേള്പ്പാന് ചെവിയുള്ളവന് കേള്ക്കട്ടെ.