WFTW Body: 

എലീശാ അഭിഷേകം ചെയ്യപ്പെട്ടതിനു മൂന്നു പ്രധാന കാരണങ്ങളുണ്ട്.

1. ദാഹം : ദൈവം എലീശയെ അഭിഷേകം ചെയ്തതിന്‍റെ ഒന്നാമത്തെ കാരണം എലീശാ അതിനുവേണ്ടി ദാഹിച്ചിരുന്നു എന്നതും ലോകത്തിലുളള മറ്റെന്തിനെക്കാളുമധികം അദ്ദേഹം അതിനെ അഭിലഷിച്ചിരുന്നു എന്നതുമാണ്. ഈ കാര്യത്തില്‍ ഏലിയാവ് അദ്ദേഹത്തെ പരീക്ഷിച്ചതെങ്ങനെയെന്ന് 2 രാജാക്കന്മാര്‍ 2:1-10വരെയുളള വാക്യങ്ങളില്‍ നാം വായിക്കുന്നു. ഏലിയാവ് മുന്നോട്ടുപോകാന്‍ തുടങ്ങിയപ്പോള്‍ എലിശയോട് ആദ്യം ഗില്‍ഗാലില്‍ തന്നെ താമസിക്കുവാന്‍ ഏലിയാവ് പറഞ്ഞു. എന്നാല്‍ ഏലിയാവിനെ വിട്ടയക്കുവാന്‍ എലീശാ സമ്മതിച്ചില്ല. അതിനുശേഷം അവിടെ നിന്നും 15 മൈല്‍ പടിഞ്ഞാറുളള ബേഥേലിലേക്കും പിന്നീട് തിരിച്ചുളള വഴിയേ 12 മൈല്‍ യാത്ര ചെയ്ത് യെരീഹോവിലേക്കും അതിനുശേഷം 5 മൈല്‍ കിഴക്കുളള യോര്‍ദ്ദാനിലേക്കും ഏലിയാവ് അദ്ദേഹത്തെ നയിച്ചു. ഈ ഓരോ ഘട്ടത്തിലും എലീശായുടെ സ്ഥിര ചിത്തതയെയും ആത്മാര്‍ത്ഥതയെയും അദ്ദേഹം പരീക്ഷിച്ചു കൊണ്ടിരുന്നു. അവസാനമായി താന്‍ എലീശായെ വിട്ടുപോകുന്നതിനു മുമ്പ് അദ്ദേഹത്തിനു ചെയ്തു കൊടുക്കേണ്ട ഏതെങ്കിലും അപേക്ഷ ഉണ്ടോ എന്ന് ഏലിയാവ് അദ്ദേഹത്തോടു ചോദിച്ചു. എലീശ പറഞ്ഞു എനിക്ക് ഒരു കാര്യം മാത്രമെ വേണ്ടൂ. അതിനു വേണ്ടിയാണ് ഈ സമയം മുഴുവന്‍ ഞാന്‍ അങ്ങയെ പിന്‍തുടര്‍ന്നത്. എന്നെ കുടഞ്ഞു കളയുവാന്‍ അങ്ങു ശ്രമിച്ചപ്പോഴും ഞാന്‍ അങ്ങയെ വിട്ടുകളയാതെ ഇരുന്നതും അതിനുവേണ്ടിയാണ്. എനിക്ക് അങ്ങയുടെ ആത്മാവിന്‍റെ ഇരട്ടി പങ്ക് അഭിഷേകം വേണം. എലീശാ തന്‍റെ മുഴു ഹൃദയത്തോടും ഈ അഭിഷേകത്തിനായി വാഞ്ചിച്ചിരുന്നു. അതില്‍ കുറഞ്ഞ മറ്റൊന്നും കൊണ്ട് അദ്ദേഹം തൃപ്തനായി തീര്‍ന്നില്ല. താന്‍ അപേക്ഷിച്ചത് അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു.

തന്‍റെ ആത്മാവിന്‍റെ പൂര്‍ണ്ണമായ അഭിഷേകത്തില്‍ കുറഞ്ഞ എന്തെങ്കിലും കൊണ്ട് നാം സംതൃപ്തരാകുമോ എന്നു നമ്മെ പരീക്ഷിക്കുവാന്‍ വേണ്ടി, ഏലിയാവ് എലീശയെ നടത്തിയതു പോലെ ദൈവം നമ്മെയും കൂടെ കൂടെ നടത്താറുണ്ട് എന്നു ഞാന്‍ വിശ്വസിക്കുന്നു. അതില്‍ കുറഞ്ഞ എന്തെങ്കിലും കൊണ്ട് നാം സംതൃപ്തരാകുമെങ്കില്‍, അത്രമാത്രമെ നമുക്കു ലഭിക്കുകയുളളൂ. അതു കൂടാതെ നന്നായി മുന്നോട്ടു പോകുവാന്‍ കഴിയുമെന്നു ചിന്തിക്കുന്ന സുഖലോലുപരും സംതൃപ്തരുമായവര്‍ക്ക് ദൈവം ഈ അഭിഷേം നല്‍കുന്നില്ല. എല്ലാറ്റിലും ഉപരി നമുക്കാവശ്യമായ ഏക കാര്യം ഇതാണെന്നു നാം മനസ്സിലാക്കുമെങ്കില്‍, അതു ലഭിക്കുന്നതുവരെയും എലീശായെപ്പോലെ വിടാതെ പിന്‍തുടരുവാന്‍ നാം സന്നദ്ധരെങ്കില്‍, യാക്കോബ് പെനിയേലില്‍ വച്ചെന്നപോലെ - " കര്‍ത്താവെ, അങ്ങ് എന്നെ അനുഗ്രഹിച്ചല്ലാതെ ഞാന്‍ അങ്ങയെ വിടുകയില്ല" എന്നു സത്യസന്ധതയോടെ നാം പറയുമെങ്കില്‍, പരിശുദ്ധാത്മാവിന്‍റെ ഈ ശക്തിക്കുവേണ്ടി, ഈ പുനരുത്ഥാന ശക്തിക്കുവേണ്ടി നാം കഠിന ദാഹത്തോടെ ആഗ്രഹിക്കുമെങ്കില്‍, അതു വാസ്തവമായി നമുക്കു ലഭിക്കും. അപ്പോള്‍ ദൈവത്തോടും മനുഷ്യരോടും ശക്തിയുളള യഥാര്‍ത്ഥ യിസ്രായേല്‍മാരായി നാം തീരും.

ഈ അഭിഷേം നമുക്കെത്രമാത്രം ആവശ്യമാണെന്നു നമ്മെ കാണിക്കുവാന്‍ വേണ്ടി പലപ്പോഴും പരാജയവും നിഷ്ഫലതാബോധവും നമ്മുടെ ജീവിതത്തിലേക്കു കടന്നു വരുവാന്‍ ദൈവം കൂടെകൂടെ അനുവദിക്കാറുണ്ട്. ഉപദേശ സംബന്ധമായി സുവിശേഷ വിഹിതരും പരിശുദ്ധാത്മാവിന്‍റെ ആന്തരികാധിവാസം ഉളളവരും ആണെങ്കിലും ശക്തിയോടെ നമ്മുടെ മേല്‍ വിശ്രമിക്കുന്ന പരിശുദ്ധാത്മാവിനെ നാം അറിയേണ്ടതുണ്ട് എന്നു നാം മനസ്സിലാക്കണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഈ അഭിഷേകം ലഭിക്കുക എന്നത് അനായാസമായ ഒരു കാര്യമല്ല. എലീശയുടെ അപേക്ഷ കേട്ടപ്പോള്‍, "ഓ, നീ ചോദിച്ചത് നിഷ്പ്രയാസമായ ഒരു കാര്യമാണ്. നീ ഇവിടെ മുട്ടുകുത്തുക, ഞാന്‍ എന്‍റെ കരം നിന്‍റെ തലയില്‍ വയ്ക്കാം അപ്പോള്‍ അതു നിനക്കു ലഭിക്കും" എന്ന് അദ്ദേഹം പറഞ്ഞില്ല. ഇല്ല. "നീ ചോദിച്ചത് പ്രയാസമുളള കാര്യമാണ് "എന്നാണ് ഏലിയാവ് എലീശയോടു പറഞ്ഞത്. അതെ, അതു പ്രയാസമുളള ഒരു കാര്യംതന്നെയാണ് നാം അതിനു ഒരു വിലകൊടുക്കേണ്ടതുമാണ്. ഈ ലോകത്തിലുളള സകലവും അതിനുവേണ്ടി വിട്ടുകളയുവാന്‍ നാം സന്നദ്ധരാകുകയും വേണം.

ഭൂമിയില്‍ മറ്റെന്തിനും ഉപരിയായി ഈ അഭിഷേകത്തെ നാം ആഗ്രഹിക്കണം - പണത്തെയും സുഖത്തെയും സന്തോഷത്തെയുംകാള്‍, സല്‍കീര്‍ത്തി, ജനപ്രീതി, ക്രിസ്തീയ പ്രവര്‍ത്തനത്തിലുളള വിജയം എന്നിവയെക്കാളെല്ലാം അതിനെനാം വാഞ്ചിക്കണം. അതു വാസ്തവമായും പ്രയാസമുളള ഒരു കാര്യമാണ്. ദാഹിക്കുക എന്നു പറഞ്ഞാല്‍ ഇതാണ് അതിന്‍റെ അര്‍ത്ഥം. ആ ഒരു ഘട്ടത്തിലെത്തുമ്പോള്‍ നമുക്ക് യേശുവിന്‍റെ അടുക്കല്‍ച്ചെന്ന് ആ ആത്മാവിനെ പാനം ചെയ്യാം, അപ്പോള്‍ തിരുവെഴുത്തു പറയുന്നതു പോലെ ജീവജലത്തിന്‍റെ നദികള്‍ നമ്മിലൂടെ പല ദിശകളിലേക്കും ഒഴുകും അത് ഒഴുകി ചെല്ലുന്ന എല്ലാ സ്ഥലത്തും മരണം നീങ്ങി ജീവന്‍ ഉണ്ടാകും ( യോഹ 7.37 -39. യെഹെസ്കേല്‍ 47:8,9), നമുക്കീ അഭിഷേകം ലഭിച്ചിട്ടുണ്ടെങ്കില്‍, ഒരുവിധത്തിലും അതു നഷ്ടപ്പെട്ടുപോകാതെ നാം സൂക്ഷിക്കണം. നമുക്കതു ലഭിച്ചശേഷം നാം ശ്രദ്ധാലുക്കളല്ലെങ്കില്‍ അതു നഷ്ടപ്പെട്ടുപോകുവാന്‍ സാദ്ധ്യതയുണ്ട്. നിര്‍ദ്ദയമായ വിമര്‍ശനത്തിലോ, അലസമായ സംഭാഷണത്തിലോ, അശുദ്ധമായ സങ്കല്‍പ്പങ്ങളിലോ നാം ഏര്‍പ്പെട്ടാല്‍, നമ്മുടെ ഹൃദയത്തില്‍ നിഗളമോ വിദ്വേഷമോ നാം സൂക്ഷിച്ചാല്‍ ഈ അഭിഷേകം നഷ്ടപ്പെട്ടുപോകും. മറ്റുളളവരോടു പ്രസംഗിച്ച ശേഷം താന്‍ തന്നെ കൊളളരുതാത്തവനായി തീരാതിരിക്കേണ്ടതിനു തന്‍റെ ശരീരാവയവങ്ങളെ താന്‍ ദണ്ഡിപ്പിച്ച് അടിമയാക്കുന്നതായി 1 കൊരി 9:27ല്‍ അപ്പൊസ്തനായ പൗലൊസ് പ്രസ്താവിച്ചിട്ടുണ്ട്. ഇവിടെ തന്‍റെ രക്ഷ നഷ്ടപ്പെടുന്നതിനുളള സാദ്ധ്യതയെ ക്കുറിച്ചല്ല, മറിച്ച് തന്‍റെ അഭിഷേകം നഷ്ടപ്പെടുന്നതിനെക്കുറിച്ചാണ് അദ്ദേഹം പരാമര്‍ശിച്ചിരിക്കുന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു. ശക്തനായ പൗലൊസിനെ പോലെയുളള ഒരു വ്യക്തി, ഇത്രയധികം സഭകള്‍ സ്ഥാപിച്ചിതിനുശേഷം, ഒട്ടനേകം അതിശയ പ്രവൃത്തികള്‍ ചെയ്തതിനുശേഷം, ദൈവത്താല്‍ ഇത്രശക്തിയോടെ ഉപയോഗിക്കപ്പെട്ടതിനുശേഷം , സ്വയം കരുതലില്ലാത്തവനായി തീരുകയാണെങ്കില്‍ അപ്പോഴും അഭിഷേകം നഷ്ടപ്പെടാവുന്ന അപകട സാധ്യതയിലാണ് നിന്നിരുന്നത് എന്ന കാര്യത്തില്‍ വിസ്മയിക്കുന്നത് ഞാന്‍ ഒരിക്കലും നിര്‍ത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ നാം എവിടെ നില്‍ക്കുന്നു? "കര്‍ത്താവേ, ജീവിതത്തില്‍ മറ്റെന്തു നഷ്ടപ്പെട്ടാലും അവിടുത്തെ അഭിഷേകം ഒരിക്കലും എനിക്കു നഷ്ടമാകരുതേ" എന്നു നമുക്കു നിരന്തരം പ്രാര്‍ത്ഥിക്കാം.

2. ഉദ്ദേശ്യശുദ്ധി : എലീശാ അഭിഷേകം ചെയ്യപ്പെട്ടതിന്‍റെ രണ്ടാമത്തെ കാരണം, അദ്ദേഹത്തിന്‍റെ ലക്ഷ്യം നിര്‍മ്മലമായതായിരുന്നു എന്നതാണ്. ദൈവ മഹത്വം മാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ഏക താല്‍പര്യം. ഇത് വാക്കുകളുടെ ആധിക്യത്തില്‍ ഒരിടത്തും പ്രസ്താവിക്കപ്പെട്ടിട്ടില്ല, എന്നാല്‍ അദ്ദേഹത്തിന്‍റെ ജീവിതവൃത്താന്തം വായിക്കുമ്പോള്‍ അത് വളരെ വ്യക്തമായി തീരുന്നു. അന്ന് ദൈവ ജനങ്ങള്‍ക്കിടയില്‍ ഉദ്ധാരണത്തിനുളള ആവശ്യം വളരെ വലിയതായിരുന്നു. ദൈവനാമത്തിനുണ്ടായ അപമാനം ഏലിയാവിനെ മുമ്പ് വേദനിപ്പിച്ചതുപോലെ, അദ്ദേഹത്തെയും വേദനിപ്പിച്ചു. മഹത്വകരമായ അവിടുത്തെ നാമത്തിനുണ്ടായ അപമാനം നീക്കിക്കളയുവാന്‍ വേണ്ടി ആ രാജ്യത്ത് ദൈവത്തിനു വേണ്ടി ഒരു ശുശ്രൂഷ നിറവേറ്റുവാന്‍ ആവശ്യമായ അഭിഷേകത്തിനു വേണ്ടി അദ്ദേഹം വാഞ്ചിച്ചു. അശുദ്ധവും സ്വയകേന്ദ്രീകൃതവുമായ ഉദ്ദേശ്യങ്ങളാണ് ദൈവജനങ്ങളില്‍ പലരും അഭിഷേകം പ്രാപിക്കാത്തതിന്‍റെ കാരണം. നമ്മുടെ പുറമേയുളള ജീവിതം ശരിയാണെങ്കില്‍ മിക്ക ക്രിസ്ത്യാനികളും സന്തുഷ്ടരായിത്തീരും; എന്നാല്‍ അന്തര്‍ഭാഗത്തിലെ സത്യമാണ് ദൈവം ആഗ്രഹിക്കുന്നത്. നമ്മുടെ സ്വന്തമഹത്വത്തെക്കുറിച്ചാണോ അതോ ദൈവ മഹത്വത്തെക്കുറിച്ചാണോ നാം ഭാരപ്പെടുന്നത് എന്ന് ദൈവം കാണുന്നുണ്ട്. ദൈവ നാമത്തിനു വന്നു ചേര്‍ന്ന അപമാനം നമ്മെ അലട്ടുന്നുണ്ടോ ഇല്ലയോ എന്നതു ദൈവം കാണുന്നു. ഇന്നു നമ്മുടെ രാജ്യത്തു ദൈവനാമം അപമാനിതമായിത്തീരുന്നതായി നാം കാണുമ്പോള്‍ നമ്മുടെ ഹൃദയം ഭാരപ്പെടുകയും മുറിപ്പെടുകയും ചെയ്യുന്നില്ലെങ്കില്‍ നമ്മെ എന്നെങ്കിലും ദൈവം അഭിഷേകം ചെയ്യുമോ എന്നു ഞാന്‍ സംശയിക്കുന്നു. യെഹെസ്കേല്‍ 9:1-6 ല്‍ ദൈവം ചില മനുഷ്യരെ തന്‍റെ സ്വന്തജനങ്ങളെന്നു പ്രത്യേകമായി മുദ്രകുത്തുന്നതു നാം കാണുന്നു. ദൈവ ജനങ്ങള്‍ക്കിടയില്‍ നിലവിലിരിക്കുന്നതായി തങ്ങള്‍ കണ്ട പാപങ്ങളെ ഓര്‍ത്തു നെടുവീര്‍പ്പിട്ടുകരയുന്നവരെയാണ് ദൈവം പ്രത്യേകം അടയാളമിട്ടു വേര്‍തിരിച്ചത്. ഇവരാണ് ദൈവത്തിന്‍റെ ശേഷിപ്പ് ഇവരെയാണ് അവിടുന്ന് അഭിഷേകം ചെയ്യുന്നത്. ദൈവനാമത്തെക്കുറിച്ചു ഭാരപ്പെടുന്ന ഹൃദയം ഉളളവരും അവിടുത്തെ മാത്രം മഹത്വപ്പെടുത്തുവാനാഗ്രഹിക്കുന്നവരുമായ ജനങ്ങളെ തന്നെ.

3. ലോകത്തെ സ്നേഹിക്കാത്തവര്‍ : എലീശാ അഭിഷേകം ചെയ്യപ്പെട്ടതിന്‍റെ മൂന്നാമത്തെ കാരണം ഈ ലോകത്തോടുളള സ്നേഹം അദ്ദേഹത്തില്‍ ഇല്ലായിരുന്നു എന്നതാണ്. നയമാനുമായുളള അദ്ദേഹത്തിന്‍റെ ഇടപാടുകളില്‍ അത് വ്യക്തമായി തീരുന്നു. നയമാന്‍ അദ്ദേഹത്തിനു ധനംവാഗ്ദാനം ചെയ്തപ്പോള്‍ താന്‍ ചെയ്ത അത്ഭുത പ്രവൃത്തികള്‍ക്ക് പ്രതിഫലം വാങ്ങിക്കുന്നത് അദ്ദേഹം നിരസിച്ചു. എലീശായ്ക്ക് ഈ ലോകത്തോടോ, പണത്തോടോ യാതൊരു സ്നേഹവുമില്ലായിരുന്നു, കര്‍ത്താവിന്‍റെ വേലയില്‍ വ്യക്തിപരമായ ആദായം അദ്ദേഹം അന്വേഷിച്ചില്ല. നേരെ മറിച്ച് ഗേഹസി നമുക്ക് ശ്രദ്ധേയമായ ഒരു വൈപരീത്യം നല്‍കുന്നു. എലീശാ ഏലിയാവിന്‍റെ ഭൃത്യനായിരുന്നതു പോലെ അയാളും എലീശയുടെ ഭൃത്യനായിരുന്നു. എലീശായ്ക്ക് ഏലിയാവിന്‍റെ മേലുണ്ടായിരുന്ന ആത്മാവിന്‍റെ ഇരട്ടിപ്പങ്ക് പ്രാപിച്ച് അദ്ദേഹത്തിന്‍റെ ശുശ്രൂഷ തുടരുവാന്‍ സാധിച്ചെങ്കില്‍, തീര്‍ച്ചയായും ഗേഹസിക്കും എലീശായുടെ ആത്മാവിനെ പ്രാപിക്കുവാനും അദ്ദേഹത്തിന്‍റെ ശുശ്രൂഷ തുടര്‍ന്നു നടത്തുവാനും സാധിക്കുമായിരുന്നു. എന്നാല്‍ അയാള്‍ക്ക് അഭിഷേകം ലഭിച്ചില്ല. അതിനുപകരം അയാള്‍ക്കു ലഭിച്ചത് കുഷ്ഠം ആയിരുന്നു. എന്തുകൊണ്ട്? കാരണം ദൈവം അയാളുടെ ഹൃദയത്തെ കണ്ടു. ആത്മീയനെന്നു തോന്നിക്കുന്ന എല്ലാ ബാഹ്യഭാവങ്ങളും ഇരിക്കെത്തന്നെ ഗേഹസിയുടെ ഹൃദയത്തിന്‍റെ ആഴത്തില്‍, വ്യക്തിപരമായ ആദായത്തിനു വേണ്ടിയുളള ഒരാഗ്രഹം കുടികൊണ്ടിരുന്നു. ആദ്യ ഘട്ടത്തില്‍ അയാള്‍ ആത്മാര്‍ത്ഥതയോടെ ദൈവത്തിന്‍റെ വേലയില്‍ പ്രവേശിച്ചവന്‍ ആയിരുന്നിരിക്കാം, എന്നാല്‍ വളരെ വേഗത്തില്‍ ഭൗതിക ലാഭങ്ങളെപ്പറ്റിയും കൂടെ ചിന്തിക്കുവന്‍ അയാള്‍ ആരംഭിച്ചു. ഭൗതികധനം സമ്പാദിക്കുന്നതോടൊപ്പം അഭിഷേകം പ്രാപിക്കയും ചെയ്യാം എന്ന് അയാള്‍ ചിന്തിച്ചു. എന്നാല്‍ അയാള്‍ക്കു തെറ്റുപറ്റി. അനേകം ക്രിസ്തീയ പ്രവര്‍ത്തകരും ഇതേ തെറ്റു ചെയ്തിട്ടുളളവരാണ്. ഏതെങ്കിലും സഭയിലോ ക്രിസ്തീയ സ്ഥാപനത്തിലോ ഉളള നമ്മുടെ സ്ഥാനമോ ശുശ്രൂഷയോ വ്യക്തിപരമായ ആദായത്തിനുളള ഒരു മാര്‍ഗ്ഗമാക്കിത്തീര്‍രക്കുന്നതില്‍ നിന്ന് എപ്പോഴും കര്‍ത്താവു നമ്മെ വിടുവിക്കട്ടെ!

ഇന്നു നമ്മുടെ രാജ്യത്തില്‍ തന്‍റെ ആത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെടുവാന്‍ യോഗ്യരായ സ്ത്രീ പുരുഷന്മാര്‍ക്കായി ദൈവം നോക്കിക്കൊണ്ടിരിക്കുന്നു. - ശക്തിയുടെ നിറവു പ്രാപിക്കുവാനും അതു നിലനിര്‍ത്തുവാനുമാവശ്യമായ വില കൊടുക്കുവാന്‍ സന്നദ്ധതയുളള ഒരു ശേഷിപ്പായിരിക്കും അവര്‍.

നമ്മുടെ രാജ്യത്തു ശത്രുവിന്‍റെനുകം തകര്‍ക്കുവാന്‍ അഭിഷേകത്തിനു മാത്രമെ കഴിയൂ (യെശ.10:27), യേശുവിന്‍റെ നാമം നമ്മുടെ പക്കല്‍ ഭരമേല്‍പ്പിച്ചിരിക്കുന്നു. എന്നാല്‍ നമുക്ക് അഭിഷേകം ഉണ്ടോ? ഓ, ദൈവത്തെ മഹത്വപ്പെടുത്തുവാനും അവിടുത്തെ ഹിതം നിറവേറ്റുവാനും അവിടുത്തെ രാജ്യം ആവിഷ്കരിക്കുവാനുമായി നമ്മുടെ ജീവിതത്തിലും ശുശ്രൂഷയിലും പരിശുദ്ധാത്മശക്തിക്കായുളള ദാഹം നമുക്കുണ്ടാകട്ടെ.