WFTW Body: 

തിരുവചനത്തിൽ മനുഷ്യരെ ആടുകളോട് തുലനം ചെയ്തിരിക്കുന്നു. ചോദ്യം ചെയ്യാതെ അതിന്റെ കൂട്ടത്തെ പിന്തുടരുവാനുള്ള ഒരു പ്രവണത ആടുകൾക്കുണ്ട്. എന്നിരുന്നാലും എല്ലാകാര്യങ്ങളും ദൈവവചന അടിസ്ഥാനത്തിൽ പരിശോധിക്കുവാനാണ് യേശു വന്ന് നമ്മെ പഠിപ്പിച്ചത്. പരീശന്മാർ മാനുഷിക പാരമ്പര്യങ്ങളെ ഉയർത്തിപ്പിടിച്ചു.യേശു ദൈവവചനത്തെ ഉയർത്തി. മനുഷ്യർ വായിൽനിന്നും പുറപ്പെടുന്ന ഓരോ വചനത്താലും ജീവിക്കേണ്ടതാണ് (മത്താ 4.4 )

യേശു പരീശന്മാരുമായി നിരന്തരമായി ഏർപ്പെട്ടിരുന്ന പോരാട്ടം ദൈവവചനവും മാനുഷ സമ്പ്രദായങ്ങളും തമ്മിൽ യുഗങ്ങളായി നടന്നുകൊണ്ടിരുന്ന പോരാട്ടം തന്നെയായിരുന്നു. സഭയിൽ ഇന്ന് നാം അതേ പോരാട്ടത്തിലായിരിക്കുന്നു. ഈ ഭൂമിയിൽ നമുക്കുള്ള ഏക വെളിച്ചം ദൈവവചനമാണ് . ആരംഭത്തിൽ ദൈവം വെളിച്ചം സൃഷ്ടിച്ചപ്പോൾ ഉടൻതന്നെ അവിടുന്ന് വെളിച്ചത്തെ ഇരുളിൽനിന്നും വേർതിരിച്ചു. പാപവും അതുപോലെ മാനുഷ സമ്പ്രദായങ്ങളും ഇരുട്ടാണ് . സഭയിൽ ഇവയുടെ ഒരു മിശ്രിതം ഉണ്ടാകാതിരിക്കേണ്ടതിന് ഇവ രണ്ടിനേയും നിർമ്മല വചനത്തിൽനിന്ന് വേർതിരിക്കാൻ ആണ് നാമും വിളിക്കപ്പെട്ടിരിക്കുന്നത്

ക്രിസ്തുമസ് യേശുക്രിസ്തുവിന്റെ ജന്മദിനം എന്ന നിലയിൽ പലരും ആഘോഷിക്കുന്ന ക്രിസ്തുമസിന്റെ കാര്യം പരിഗണിക്കാം. എല്ലാ മതവിഭാഗങ്ങളിലുമുള്ള വ്യാപാരികൾ ആവേശപൂർവ്വം ക്രിസ്തുമസ് കാത്തിരിക്കുകയാണ്. കാരണം അത് വളരെ അധികം വളരെയധികം ലാഭമുണ്ടാക്കാൻ പറ്റുന്ന ഒരു സമയമാണ് . അത് വാണിജ്യ സംബന്ധമായ ഒരു ഉത്സവമാണ്, അല്ലാതെ ആത്മീയമായ ഒന്നല്ല. ലക്ഷക്കണക്കിന് രൂപയാണ് ക്രിസ്തുമസ് കാർഡിനും സമ്മാനങ്ങൾക്കുമായി ചിലവാക്കപ്പെടുന്നത്. മദ്യത്തിന്റെ വില്പനയും ഈ സമയത്ത് വളരെ ഉയർന്ന തോതിൽ നടക്കുന്നു.

അപ്പോൾ ഇത് യഥാർത്ഥത്തിൽ ദൈവപുത്രന്റെ ജന്മദിനമാണോ അതോ 'മറ്റൊരു യേശു'വിൻറെ ജന്മദിനമോ ?

ആദ്യമായി ദൈവവചനത്തിൽ നോക്കാം. വേദ പുസ്തകം നമ്മോട് പറയുന്നത് യേശു ബെത്‌ലഹേമിൽ ജനിച്ച രാത്രിയിൽ ഇടയന്മാർ തങ്ങളുടെ ആടുകളുമായി യഹൂദയിൽ വെളിമ്പ്രദേശത്ത് ആയിരുന്നു എന്നാണ് (ലൂക്കോസ് 2:7-14). പാലസ്തീനിൽ ഉള്ള ഇടയന്മാർ തങ്ങളുടെ ആടുകളെ ഒക്ടോബർ മാസത്തിനുശേഷം ഫെബ്രുവരി വരെയുള്ള മാസങ്ങളിൽ വെളിയിൽ സൂക്ഷിക്കാറില്ല. ആ ദിവസങ്ങളിൽ മഴയും അതിശൈത്യമുള്ള കാലാവസ്ഥ ആയതിനാൽ. അതുകൊണ്ട് യഥാർത്ഥത്തിൽ യേശു ജനിച്ചത് മാർച്ചിനും സെപ്റ്റംബനും ഇടയ്ക്കുള്ള ഏതെങ്കിലും സമയത്തായിരിക്കാം. അപ്പോൾ ഡിസംബർ 25 എന്നത് ഒന്നും സംശയിക്കാത്ത ഒരു ക്രിസ്‌തീയ ഗോളത്തിന്മേൽ രക്ഷിക്കപ്പെടാത്ത മനുഷ്യരാൽ കൗശലപൂർവ്വം കൂട്ടിച്ചേർക്കപ്പെട്ട 'മറ്റൊരു യേശു'വിൻറെ ജന്മദിനമായിരിക്കണം. !

ഇനിയും, നമുക്ക് യേശുവിൻറെ കൃത്യമായ ജന്മദിനം അറിയാമെങ്കിൽത്തന്നെ സഭ അത് ആഘോഷിക്കണമെന്ന് ദൈവം ഉദ്ദേശിച്ചിട്ടുണ്ടോ എന്നതാണ് പിന്നത്തെ ചോദ്യം. യേശുവിൻറെ അമ്മ മറിയക്ക് യേശുവിൻറെ കൃത്യമായ ജന്മദിനം അറിയാമായിരുന്നിരിക്കണം.പെന്തക്കോസ്ത് നാളിനു ശേഷം അനേകവർഷങ്ങൾ അവൾ അപ്പോസ്തലന്മാരോടുകൂടെ ആയിരുന്നുതാനും. എന്നിട്ടും ഒരിടത്തും യേശുവിൻറെ ജന്മദിനത്തെക്കുറിച്ച് ഒന്നും സൂചിപ്പിച്ചിട്ടില്ല. ഇതെന്താണ് കാണിക്കുന്നത് ? ഇത്രമാത്രം ദൈവം മനപ്പൂർവം യേശുവിൻറെ ജന്മദിനം മറച്ചുവച്ചു , കാരണം അത് ആഘോഷിക്കുവാൻ അവിടുന്ന് ആഗ്രഹിച്ചില്ല. വർഷത്തിലൊരിക്കൽ ജന്മദിനം ആഘോഷിക്കേണ്ടിയിരുന്ന ഒരു സാധാരണ മർത്യനായിരുന്നില്ല യേശു. നമ്മെപ്പോലെ അല്ല , അവിടുന്ന് ജീവാരംഭം ഇല്ലാത്ത (എബ്രാ 7:3 ) ദൈവപുത്രനായിരുന്നു. യേശുവിൻറെ ജനനം മരണം പുനരുദ്ധാനം സ്വർഗ്ഗാരോഹണം എന്നിവയെല്ലാം വർഷത്തിലൊരിക്കലല്ല, ഓരോ ദിവസവും നാം അംഗീകരിക്കണം എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്.

എന്തുകൊണ്ടാണ് ദൈവം ഈ നാളുകളിൽ അവിടുത്തെ മക്കൾ ഏതെങ്കിലും വിശുദ്ധദിവസങ്ങൾ ആഘോഷിക്കുവാൻ ആഗ്രഹിക്കാത്തത് എന്നു മനസ്സിലാക്കുവാൻ പഴയ ഉടമ്പടിയും പുതിയ ഉടമ്പടി തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള അറിവ് നമ്മെ പ്രാപ്തരാക്കുന്നു. പഴയ ഉടമ്പടിയുടെ കീഴിൽ ചില ദിവസങ്ങൾ വിശേഷദിവസങ്ങൾ ആയി ആഘോഷിക്കുവാൻ ഇസ്രായേലിനോട് കൽപിച്ചിട്ടുണ്ട് .എന്നാൽ അത് നിഴൽ മാത്രമായിരുന്നു. ഇപ്പോൾ നമുക്ക് ക്രിസ്തുവിനെ ലഭിച്ചിട്ടുള്ളതിനാൽ നമ്മുടെ ഓരോ ദിവസവും ഒരുപോലെ വിശുദ്ധം ആയിരിക്കണമെന്നതാണ് ദൈവത്തിൻറെ ഹിതം. പുതിയ ഉടമ്പടിയുടെ കീഴിൽ ആഴ്ചതോറുമുള്ള ശബ്ബത്ത് പോലും നീക്കി കളഞ്ഞിരിക്കുന്നു. ഈ കാരണത്താലാണ് പുതിയനിയമത്തിൽ ഒരിടത്തും വിശുദ്ധ ദിവസങ്ങളൊന്നും തന്നെ എടുത്തു പറഞ്ഞിട്ടില്ലാത്തത് (കൊലോ 2:16,17 )

പിന്നെ എങ്ങനെയാണ് ക്രിസ്തുമസും ഈസ്റ്ററും ക്രിസ്തീയതയിൽ കടന്നുവന്നത് ? ഇതിൻറെ ഉത്തരം ഇതാണ് : ശിശുസ്നാനം , ദശാംശം, പൗരോഹിത്യതന്ത്രം , കൂടാതെ മറ്റനേകം മാനുഷ പാരമ്പര്യങ്ങൾ, പഴയ ഉടമ്പടി ആചാരങ്ങൾ തുടങ്ങിയവ തങ്ങളുടെ പ്രവേശനം സാധ്യമാക്കിയിട്ടുള്ളത് സാത്താന്റെ നിഗൂഢമായ പ്രവർത്തനം മൂലമാണ് .

നാലാം നൂറ്റാണ്ടിൽ കോൺസ്റ്റന്റെൻ ചക്രവർത്തി ക്രിസ്തീയ ക്രിസ്തീയത റോമാ ഗവൺമെന്റിന്റെ മതമാക്കിതീർത്തപ്പോൾ വലിയൊരു സമൂഹം ഹൃദയത്തിൽ യാതൊരു മാറ്റവും ഉണ്ടാകാതെ തന്നെ 'പേരിൽ' ക്രിസ്ത്യാനികളായി മാറി. എന്നാൽ അവരുടെ രണ്ടു വാർഷിക ഉത്സവങ്ങൾ ഉപേക്ഷിക്കുവാൻ അവർ ആഗ്രഹിച്ചില്ല- രണ്ടുത്സവങ്ങളും സൂര്യനെ ആരാധിക്കുന്നതുമായി ബന്ധപ്പെട്ടവയാണ്. ഒന്ന് സൂര്യദേവന്റെ ജന്മദിനമായ ഡിസംബർ 25 ആയിരുന്നു.ദക്ഷിണാർത്ഥത്തിലേക്ക് പോയ സൂര്യൻ അതിൻറെ മടക്കയാത്ര ആരംഭിക്കുന്ന സമയമാണത് ( ദക്ഷിണായനാന്തം ) . മറ്റേത് മാർച്ച് / ഏപ്രിൽ മാസങ്ങളിൽ ഉള്ള വസന്തോത്സവം ആയിരുന്നു. ശിശിരകാലത്തിന്റെ മരണവും അവരുടെ സൂര്യദേവൻ കൊണ്ടുവന്നിട്ടുള്ള ഊഷ്മളമായ വേനൽക്കാലത്തിന്റെ ജനനവും അവർ ആഘോഷിച്ചത് അപ്പോഴായിരുന്നു. അവർ അവരുടെ സൂര്യന് യേശു എന്ന മറുപേര് നൽകുകയും അവരുടെ വലിയ രണ്ടു ഉത്സവങ്ങൾ ഇപ്പോൾ ക്രിസ്തീയ ഉത്സവങ്ങളായി ആഘോഷിക്കുന്നത് തുടരുകയും ചെയ്തിട്ട് അവയെ ക്രിസ്തുമസ് എന്നും ഈസ്റ്റർ എന്നു വിളിക്കുകയും ചെയ്തു.

ക്രിസ്തുമസിനെക്കുറിച്ച് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കക്ക് (മതേതര ചരിത്രത്തിന്റെ ഒരു ആധികാരിക ഗ്രന്ഥം) പറയുവാനുള്ളത് താഴെപ്പറയുന്ന കാര്യങ്ങളാണ്

"ഡിസംബർ 25, ഫിലോകലസിന്റെ, ആർക്കും കീഴടക്കാൻ പറ്റാത്തവനായ സൂര്യദേവന്റെ മിത്രോത്സവമാണ്. ക്രിസ്തുമസ് ആചാരങ്ങൾ ക്രൈസ്തവ കാലയളവിന് വളരെ മുൻപുള്ള കാലങ്ങളിൽ നിന്നുണ്ടായ ക്രമീകമായ ഒരു വികാസമാണ്- ഇതിഹാസങ്ങളുടെയും പാരമ്പര്യങ്ങളുടെയും വേലിക്കെട്ടുകൾക്കുള്ളിൽ അടക്കപ്പെട്ട കാലികവും, വിജാതീയവും, മതപരവും, രാഷ്ട്രീയവുമായ ഒരു ചായ്‌വാണ് . ക്രിസ്തുവിൻറെ കൃത്യമായ ജനനത്തീയതി ഒരിക്കലും തൃപ്തികരമായി നിർണയിക്കപ്പെട്ടിട്ടില്ല. എന്നാൽ എ.ഡി 440-ൽ സഭാപിതാക്കന്മാർ ഈ സംഭവത്തെ ആഘോഷിക്കുവാൻ ഒരു തീയതി നിശ്ചയിച്ചപ്പോൾ അവർ ബുദ്ധിപൂർവം(?) ജനങ്ങളുടെ മനസ്സുകളിൽ ഉറപ്പിക്കപ്പെട്ട അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവമായ ദക്ഷിണായനാന്തത്തിന്റെ തീയതി തിരഞ്ഞെടുത്തു. ക്രിസ്തുമാർഗം വിജാതീയ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചപ്പോൾ , ദക്ഷിണായനാന്തത്തിന്റെ പല ആചാരങ്ങളും ക്രിസ്തീയതയോട് കൂട്ടി കലരുവാൻ ഇടയായി" (വാല്യം 5 പേജുകൾ 642 A , 643)

ഈ വിജാതിയ ആചാരങ്ങൾ ഉൽഭവിച്ചത് നിമ്രോദിനാൽ ആരംഭിക്കപ്പെട്ട ബാബിലോണിയൻ മതത്തോട് കൂടെയാണ് ( ഉല്പത്തി 10:8,10 ) . പാരമ്പര്യം നമ്മോട് പറയുന്നത് അയാൾ മരിച്ച ശേഷം അയാളുടെ ഭാര്യ സെമിരാമിസിന് ഒരു നിയമാനുസൃതമല്ലാത്ത പുത്രനുണ്ടായി . അവൾ അവകാശപ്പെട്ടത് നിമ്രോദ് പുനർജ്ജനിച്ചതാണ് ആ കുഞ്ഞ് എന്നാണ്. അങ്ങനെ മാതാവിനെയും ശിശുവിനെയും ആരാധിക്കുന്ന രീതി ആരംഭിച്ചു നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ നാമധേയ ക്രിസ്ത്യാനികൾ അതിനെ 'മറിയം യേശുവും' എന്ന് മാറ്റി.

ഈ ശിശു ദൈവത്തിൻറെ ജന്മദിനം പുരാതന ബാബിലോണിയാരാൽ ഡിസംബർ 25-ആം തിയതി ആഘോഷിക്കപ്പെട്ടു. ആകാശ രാജ്ഞി സെമിരാമിസ് ആയിരുന്നു (യിരെ 44:19) , അത് നൂറ്റാണ്ടുകൾക്ക് ശേഷം എഫേസോസിൽ ഡയാന അല്ലെങ്കിൽ ആർത്തിമസ് എന്നപേരിൽ ആരാധിക്കപ്പെട്ടു (അപ്പൊ. പ്ര.19 :28 )

ഒരു ജീർണിച്ച മരക്കുറ്റിയിൽ നിന്ന് ഒരു രാത്രികൊണ്ട് പൂർണവളർച്ചയെത്തിയ ഒരു നിത്യഹരിത വൃക്ഷം വളർന്നുവന്നു എന്ന് സെമിരാമിസ് അവകാശപ്പെട്ടു. ഇത് മാനവ ജാതിക്ക് സ്വർഗ്ഗീയ ദാനങ്ങളും കൊണ്ടുവന്ന നിമ്രോദിന്റെ ജീവനിലേക്കുള്ള തിരിച്ചുവരവിനെ പ്രതീകാത്മ വൽക്കരിക്കുന്നതായി പറയുന്നു . അങ്ങനെയാണ് ഒരു ദേവദാരു മരം വെട്ടി സമ്മാനങ്ങൾ തൂക്കിയിടുന്ന ആചാരം ആരംഭിച്ചത്. ഇന്നത്തെ ക്രിസ്തുമസ് ട്രീയുടെ ഉദ്ഭവം അതാണ് ! (ഒരു ഗൂഗിൾ സെർച്ച് ഈ വസ്തുതകളെല്ലാം തെളിയിക്കുന്ന രേഖകൾ നിങ്ങൾക്ക് ലഭിക്കും)

യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുത് ; അവരുടെ ആചാരങ്ങൾ വ്യർത്ഥമായതാണ് . ഒരുവൻ കാട്ടിൽനിന്നു കോടാലികൊണ്ട് ഒരു മരം വെട്ടുന്നു.അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു. (യിരേമ്യാവു - 10:2-4)

ഈസ്റ്റർ

'ഈസ്റ്റർ' എന്നപദം ആകാശ രാജ്ഞിയുടെ സ്ഥാനപ്പേരുകളിൽ ഒന്നായ 'ഇഷ്താർ' അഥവാ 'അസ്റ്റാർട്ടെ' (1 രാജാക്കന്മാർ 11.5 കാണുക) എന്നതിൽ നിന്ന് വന്നതാണ് .ശലോമോൻ ആരാധിച്ച വിഗ്രഹങ്ങളിൽ ഒന്നാണത്. ആ നാമത്തിന്റെ വിവിധങ്ങളായ രൂപങ്ങൾ വ്യത്യസ്ത രാജ്യങ്ങളിൽ ഉണ്ടായിരുന്നു

എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക ഇതിനെപ്പറ്റി ഇപ്രകാരം പറയുന്നു 'ഈസ്റ്റർ' എന്ന ഇംഗ്ലീഷ് പദത്തോട് സാമ്യമുള്ള ജർമ്മൻ പദമായ 'ഓസ്റ്റർ' മധ്യയൂറോപ്പിലെ ട്യൂട്ടോണിക് വർഗ്ഗത്തോട് ക്രിസ്തുമതത്തിനുള്ള കടപ്പാട് ( ! ) വെളിപ്പെടുത്തുന്നു. ക്രിസ്തുമതം ട്യൂട്ടോൺ വർഗ്ഗക്കാരുടെ അടുത്തെത്തിയപ്പോൾ, ഈ വലിയ ക്രൈസ്തവ ഉത്സവ ദിനാഘോഷത്തിൽ അവരുടെ വസന്തോത്സവത്തോടനുബന്ധിച്ചുണ്ടായിരുന്ന പല ജാതീയ ആചാരാനുഷ്ഠാനങ്ങളും കൂട്ടിച്ചേർക്കപ്പെട്ടു.'ഉയിർത്തെഴുന്നേൽപ്പിന്റെ' ഉത്സവം വസന്തകാലത്താണ് എന്നതും ജീവനും മരണത്തിന്മേലുമുണ്ടായ വിജയത്തെ ഇതാഘോഷിക്കുന്നു എന്നതും,ശൈത്യകാലത്തിൻറെ മരണം, പുതുവർഷത്തിന്റെ ജനനം, സൂര്യന്റെ മടങ്ങി വരവ് എന്നിവ ആഘോഷിക്കുവാൻ ട്യൂട്ടോൺ വർഗ്ഗക്കാർ നടത്തിയ ഏറ്റവും സന്തോഷകരമായ ഉത്സവത്തിന്റെ ഈ അവസരത്തോട് താദാത്മ്യം പ്രാപിക്കുവാൻ എളുപ്പമായി തീർന്നു. 'ഈസ്റ്റർ'( അഥവാ 'ഓസ്റ്ററോ') എന്ന വസന്ത ദേവതയുടെ പേര് ക്രിസ്തീയ വിശുദ്ധ ദിവസത്തിന് നൽകി. മുട്ടയെ ഫലപുഷ്ടിയുടെയും പുതുക്കപ്പെട്ട ജീവന്റെയും പ്രതീകമായി സങ്കൽപ്പിക്കുന്ന രീതി പ്രാചീന ഈജിപ്തുകാരുടെയും പേർഷ്യക്കാരുടെയും കാലം മുതലേ ഉള്ളതാണ്.വസന്തോത്സവകാലത്ത് മുട്ടയ്ക്ക് ചായമടിക്കുകയും മുട്ട ഭക്ഷിക്കുകയും ചെയ്യുന്ന രീതിയും അവർക്കുണ്ട്. മുട്ട ജീവന്റെ പ്രതീകമായി കരുതുന്ന ഈ പ്രാചീന സങ്കല്പം നിഷ്പ്രയാസം മുട്ട ഉയർത്തെഴുന്നേൽപ്പിന്റെ പ്രതീകമായി കാണുന്ന ആശയമായിത്തീർന്നു .പ്രാചീനകാലത്തുണ്ടായിരുന്ന അന്ധവിശ്വാസമനുസരിച്ച് ഈസ്റ്റർ പ്രഭാതത്തിൽ ഉദിക്കുന്ന സൂര്യൻ ആകാശത്ത് നൃത്തംചെയ്യുന്നു.ഈ വിശ്വാസം പണ്ടുകാലത്തെ വിജാതീയ വസന്തോത്സവത്തിൽ നിന്ന് വന്നതാണ്. അതിൻ പ്രകാരം കാഴ്ചക്കാർ സൂര്യന്റെ ബഹുമാനാർത്ഥം നൃത്തം ചെയ്തപ്പോൾ..പ്രൊട്ടസ്റ്റന്റ് സഭകളും ഈസ്റ്റർ പ്രഭാതത്തിൽ സൂര്യോദയ ആരാധനകൾ നടത്തികൊണ്ട് ഈ ആചാരത്തെ പിന്തുടർന്നു."(195 എഡിഷൻ , വാല്യം 7 പേജ് 859,860 )

ക്രിസ്തുവിന്റെ മരണവും ഉയർത്തെഴുന്നേൽപ്പുമാണ് സുവിശേഷത്തിന്റെ കേന്ദ്ര സന്ദേശം. ഇത് നാം ഓർമിക്കുവാൻ യേശു ഇച്ഛിച്ച ഏക മാർഗ്ഗം ഒരു സഭയായി കൂടി വരുമ്പോൾ നാം പങ്കെടുക്കേണ്ട 'അപ്പം നുറുക്കൽ' മാത്രമാണ്. നാം അപ്പം നുറുക്കുമ്പോൾ ക്രിസ്തുവിന്റെ മരണത്തെ മാത്രമല്ല നാം സാക്ഷീകരിക്കുന്നത് , എന്നാൽ അവിടുത്തോടുകൂടെയുള്ള നമ്മുടെ മരണവും കൂടിയാണ്. ദുഃഖവെള്ളിയാഴ്ച യുടെ വൈകാരികതയും ഈസ്റ്ററിനെ അതിഭാവുകത്വവും മനുഷ്യൻറെ ശ്രദ്ധയെ യേശുവിനെ പിന്തുടരേണ്ട ആവശ്യത്തിൽ നിന്നകറ്റി പൊള്ളയായ ആചാര്യ പ്രമാണത്തിലേക്ക് കൊണ്ടുപോകുന്നു

ദൈവവചനമോ അതോ മനുഷ്യന്റെ പാരമ്പര്യമോ ?

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് പിന്നിലുള്ളത് ദൈവവചനത്തിൽ യാതൊരടിസ്ഥാനവുമില്ലാത്ത,മാനുഷ്യപാരമ്പര്യങ്ങളെ പിന്തുടരുന്ന വളരെയധികം മരണകരമായ പ്രമാണമാണ്. മറ്റുമേഖലകളിൽ ദൈവവചനം പിൻതുടർന്ന അനേകം വിശ്വാസികൾക്ക് ഇപ്പോഴും ക്രിസ്തുമസ് ഈസ്റ്റർ എന്നീ ആഘോഷങ്ങൾ ഉപേക്ഷിക്കുന്നത് വിഷമകരമായി അനുഭവപ്പെടുമാറ് അത്ര ബലമുള്ളതാണ് പാരമ്പര്യത്തിന്റെ ശക്തി.

മതേതര ഗ്രന്ഥകാരന്മാർ പോലും (മുകളിൽ ഉദ്ധരിച്ച എൻസൈക്ലോപീഡിയ ബ്രിട്ടാനിക്കയുടെ ഗ്രന്ഥകാരന്മാർ ) വ്യക്തമായി മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങൾ - അതായത് ക്രിസ്തുമസും ഈസ്റ്ററും അടിസ്ഥാനപരമായി വിജാതിയ ഉത്സവങ്ങളാണ് എന്നുള്ള വസ്തുത അംഗീകരിക്കുവാൻ അനേക വിശ്വാസികൾ സന്നദ്ധരല്ലാതിരിക്കുന്നത് ആശ്‌ചര്യകരമാണ്. പേരു മാറ്റുന്നതു കൊണ്ട് ഈ ഉത്സവങ്ങൾ ക്രിസ്തീയമാകുന്നില്ല !

നാം തുടക്കത്തിൽ പറഞ്ഞതുപോലെ ദൈവവചനത്തിന് എതിരായ മാനുഷ പാരമ്പര്യമെന്ന ഈ പ്രശ്നത്തെ സംബന്ധിച്ച് യേശു പരീശന്മാരുമായി ഒരു നിരന്തര പോരാട്ടത്തിൽ ഏർപ്പെട്ടിരുന്നു. പാപത്തിനെതിരായി പ്രസംഗിക്കുന്നതിനേക്കാൾ അധികമെതിർപ്പ് പിതാക്കന്മാരുടെ പൊള്ളയായ പാരമ്പര്യത്തെ എതിർക്കുന്നതിൽ യേശു നേരിട്ടു. നാമും അവിടുന്ന് ആയിരുന്നതുപോലെ വിശ്വസ്തരായിരിക്കുമെങ്കിൽ നമ്മുടെ അനുഭവവും അതുതന്നെയാണെന്ന് നാം കണ്ടെത്തും

ദൈവവചനം മാത്രമാണ് നമ്മുടെ വഴികാട്ടി, ആ മേഖലകളിൽ ദൈവവചനം പിന്തുടരാത്തവർ ദൈവഭക്തരാണെങ്കിലും അവരുടെ മാതൃക പോലും യോഗ്യമല്ല. "സകലമനുഷ്യരും ഭോഷ്ക്കു പറയുന്നവരായി കാണപ്പെട്ടാലും ദൈവം സത്യവാനായി കാണപ്പെടട്ടെ" (റോമാ 3:4 ) . ബെരോവയിലുള്ളവർ, പൗലോസിന്റെ ഉപദേശം പോലും പരിശോധിക്കുവാൻ അവർ തിരുവെഴുത്ത് അന്വേഷിച്ചു. ആ കാര്യത്തിൽ പരിശുദ്ധാത്മാവ് അവരെ പ്രശംസിക്കുന്നു(അപ്പൊ പ്ര. 17:11) നമുക്ക് പിന്തുടരുവാനുള്ള നല്ലൊരു മാതൃകയാണത്.

ദാവീദ് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള ഒരു മനുഷ്യനായിരുന്നു. എന്നിട്ടും അദ്ദേഹം നാൽപതു വർഷങ്ങളോളം, യിസ്രായേല്യരെ മോശെയുടെ പിച്ചള സർപ്പത്തെ ആരാധിക്കുവാൻ, അതു ദൈവത്തിനു അറപ്പാണെന്ന് മനസ്സിലാക്കാതെ, അനുവദിച്ചു. അത്രയും പ്രകടമായ വിഗ്രഹാരാധനയുടെ കാര്യത്തിൽ പോലും അദ്ദേഹത്തിന് വെളിച്ചം ഉണ്ടായിരുന്നില്ല. അയാളെക്കാൾ വളരെ ചെറിയ ഒരു രാജാവായിരുന്നഹിസ്കീയാവിനാണ് ഈ വിഗ്രഹാരാധന സമ്പ്രദായം വെളിച്ചത്തു കൊണ്ടുവരുവാനും അതിനെ നശിപ്പിക്കാനുമുള്ള വെളിച്ചം നൽകപ്പെട്ടത് (2 രാജാക്കന്മാർ 18:1-4 ).ദൈവഭക്തരെ അവരുടെ വിശുദ്ധിയുടെ കാര്യത്തിൽ നമുക്ക് പിന്തുടരാം എന്നാൽ മാനുഷ പാരമ്പര്യങ്ങളുടെ മേൽ അവർക്കുള്ള വെളിച്ചത്തിന്റെ കുറവിനെ നാം പിന്തുടരുരത്‌. നമ്മുടെ സുരക്ഷിതത്വം സ്ഥിതിചെയ്യുന്നത് ദൈവത്തിൻറെ ഉപദേശങ്ങൾ ശുദ്ധമായി, അതിനോടോന്നും കൂട്ടാതെയും അതിൽനിന്നൊന്നും കുറയ്ക്കാതെയും പിന്തുടരുന്നതിലാണ്.

മറ്റുള്ളവരെ വധിക്കരുത്

അവസാനമായി: ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കുന്ന പരമാർത്ഥതായുള്ള വിശ്വാസികളോട് നമ്മുടെ മനോഭാവം എന്തായിരിക്കണം ?

ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കാത്തതുകൊണ്ടുമാത്രമല്ല നാം ആത്മീയരായിത്തീർന്നത് എന്ന കാര്യം ഓർക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ് .അതുകൊണ്ട് ഈ ഉത്സവങ്ങൾ ആഘോഷിക്കുന്നു എന്ന കാരണത്താൽ ആഘോഷിക്കുന്നവർ ജഡീക വിശ്വാസികളല്ല.

നാൾതോറും തന്നെത്താൻ ത്യജിക്കുകയും നാൾതോറും പരിശുദ്ധാത്മാവിനാൽ നിറയപ്പെടുകയും ചെയ്യുന്ന മാർഗ്ഗത്തിലൂടെ യേശുവിനെ പിന്തുടരുന്നവരാണ് ആത്മീയർ - അവർ ക്രിസ്തുമസും ഈസ്റ്ററും ആഘോഷിച്ചാലും ഇല്ലെങ്കിലും.

അതുകൊണ്ട് ഈ ഉത്സവങ്ങൾ ആഘോഷിക്കുന്ന വിശ്വാസികളെ നാം കണ്ടുമുട്ടുമ്പോൾ അവർ ഈ ഉത്സവങ്ങളുടെ വിജാതിയമായ ഉത്ഭവത്തെക്കുറിച്ച് അജ്ഞരായിരിക്കാം എന്ന് പരിഗണിക്കുവാൻ വേണ്ടതായ കൃപ നമുക്കുണ്ടായിരിക്കണം. അതുകൊണ്ട് ഈ ഉത്സവങ്ങൾ ആഘോഷിക്കുന്നത് കൊണ്ട് ഒരുവിധത്തിലും അവർ പാപം ചെയ്യുന്നില്ല. മറിച്ച്, നാം അവരെ വിധിക്കുകയാണെങ്കിൽ നാം ആയിരിക്കും പാപം ചെയ്യുന്നത്.

സാധാരണയായി ഡിസംബർ 25 എല്ലാവർക്കും ഒരു അവധി ദിവസം ആയതിനാലും അതിനോട് ചേർന്നുള്ള മറ്റു ദിവസങ്ങൾ സ്കൂളുകൾക്കും മറ്റും അവധിദിവസങ്ങൾ ആയതിനാലും, മിക്കപേരും ഈ സമയം വർഷാവസാന കുടുംബസംഗമങ്ങൾക്കായി ഉപയോഗിക്കുന്നു- അത് ഒരു നല്ല കാര്യമാണ്.

ഒരു വർഷത്തിൽ രണ്ടു പ്രാവശ്യം മാത്രം സഭാ ശുശ്രൂഷകളിൽ പങ്കെടുക്കാറുള്ളവരാണ് ചിലർ ( ഡിസംബർ 25നും ഈസ്റ്റർ ആഴ്ചയുടെ അവസാനവും ). ആ തീയതികളിൽ ശുശ്രൂഷകൾ ഉണ്ടായിരിക്കുന്നത് സഭകൾക്ക് നല്ലതാണ്, അതിലൂടെ അവർക്ക് അങ്ങനെയുള്ള ആളുകളോട് സുവിശേഷം പ്രസംഗിക്കുവാനും അവരെ പാപത്തിൽ നിന്നു രക്ഷിക്കാൻ യേശു ഭൂമിയിൽ വന്നു എന്നും അവിടുന്ന് നമുക്കുവേണ്ടി മരണത്തെയും സാത്താനെയും ജയിച്ചു എന്നും അവർക്ക് വിവരിച്ചു പറഞ്ഞുകൊടുക്കുവാനും കഴിയും.

സത്യവിശ്വാസികൾ തങ്ങളുടെ ജീവിതത്തിന്റെ ഓരോ ദിവസവും യേശു ജനിക്കുകയും തങ്ങളുടെ പാപങ്ങൾക്കുവേണ്ടി മരിക്കുകയും വീണ്ടും ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നതിൽ നന്ദിയുള്ളവരായിരിക്കും - കേവലം വർഷത്തിലെ രണ്ട് സമയങ്ങളിൽ മാത്രമല്ല.

ക്രിസ്തീയതയുടെ പ്രാരംഭ നാളുകളിൽ, ചില ക്രിസ്ത്യാനികൾ ശബ്ബത്ത് ആഘോഷിച്ചു - ക്രിസ്തുമസും ഈസ്റ്ററും പോലെതന്നെ അതും ക്രിസ്തീയമല്ലാത്ത മതപരമായ ഒരു ഉത്സവമായിരുന്നു. അതുകൊണ്ട് മറ്റു ക്രിസ്ത്യാനികൾ അവരെ വിധിക്കുന്നതിലൂടെ പാപം ചെയ്യാതിരിക്കാനുള്ള മുന്നറിയിപ്പ് നൽകുന്നതിനായി റോമർ 14 എഴുതുവാൻ പരിശുദ്ധാത്മാവ് പൗലോസിനെ പ്രചോദിപ്പിച്ചു. ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കുന്ന മറ്റുള്ളവരെ വിധിക്കുന്നവർക്കും അതേ മുന്നറിയിപ്പ് നല്ലതാണ്.

"വിശ്വാസത്തിൽ ബലഹീനനായവനെ ചേർത്തുകൊൾവിൻ, എന്നാൽ അവന്റെ അഭിപ്രായങ്ങളുടെ മേൽ വിധി കൽപ്പിക്കുവാനുള്ള ഉദ്ദേശത്തോടെയല്ല. മറ്റൊരുത്തന്റെ ദാസനെ വിധിക്കുവാൻ നീ ആർ ? ഒരുവൻ ഒരു ദിവസത്തേക്കാൾ മറ്റൊരു ദിവസത്തെ മാനിക്കുന്നു വേറൊരുവൻ ദിവസങ്ങളെയും മാനിക്കുന്നു. ദിവസത്തെ ആദരിക്കുന്നവൻ കർത്താവിനായി ആദരിക്കുന്നു, കാരണം അവൻ ദൈവത്തിന് നന്ദി പറയുന്നു. അതു ചെയ്യാത്തവൻ കർത്താവിനായി ചെയ്യാതിരിക്കുന്നു, അവനും ദൈവത്തിനു നന്ദി പറയുന്നു. ഓരോരുത്തൻ താന്താങ്ങളുടെ മനസ്സിൽ ഉറച്ചിരിക്കട്ടെ. എന്നാൽ നീ സഹോദരനെ വിധിക്കുന്നത് എന്ത് ? നാം എല്ലാവരും ദൈവത്തിന്റെ ന്യായാസനത്തിനു മുൻപാകെ നിൽക്കേണ്ടിവരികയും നമ്മിൽ ഓരോരുത്തൻ ദൈവത്തോട് അവനവന്റെ കണക്കുബോധിപ്പിക്കേണ്ടി വരികയും ചെയ്യും (റോമ 14:1-2) .

ക്രിസ്തുമസിനെയും ഈസ്റ്ററിനെയും കുറിച്ചുള്ള ഈ പഠനം ഉപസംഹരിക്കുവാനുള്ള ഏറ്റവും നല്ല വാക്ക് അതുതന്നെയാണ്