ലേഖകൻ :   സാക് പുന്നൻ
WFTW Body: 

താഴ്മ

എഫെസ്യർ 4 : 1 - 2 വരെയുള്ള വാക്യങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു. " അതുകൊണ്ട് , കർതൃസേവ നിമിത്തം ബദ്ധനായിരിക്കുന്ന ഞാൻ പ്രബോധിപ്പിക്കുന്നത് : നിങ്ങളെ വിളിച്ചിരിക്കുന്ന വിളിക്കു യോഗ്യരാം വണ്ണം പൂർണ്ണ വിനയത്തോടും സൗമ്യതയോടും ദീർഘക്ഷമയോടും കൂടെ നടക്കയും , സ്നേഹത്തിൽ അന്യോന്യം പൊറുക്കുകയും ആത്മാവിൻ്റെ ഐക്യത സമാധാന ബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ് വിൻ " . ക്രിസ്തീയ ജീവിതത്തിൻ്റെ 3 രഹസ്യങ്ങൾ : താഴ്മ , താഴ്മ പിന്നെയും താഴ്മ എന്നു ഞാൻ കൂടെ കൂടെ പറയാറുണ്ട് . അവിടെയാണ് എല്ലാം ആരംഭിക്കുന്നത് . യേശു തന്നത്താൻ താഴ്ത്തിയിട്ട് മത്തായി 11 : 29 ൽ ഇങ്ങനെ പറഞ്ഞു " ഞാൻ സൗമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എൻ്റെ നുകം ഏറ്റുകൊണ്ട് എന്നോടു പഠിപ്പിൻ " . തന്നിൽ നിന്നു പഠിക്കുവാൻ എപ്പോഴും അവിടുന്നു പറഞ്ഞിട്ടുള്ള രണ്ടു കാര്യങ്ങൾ താഴ്മയും സൗമ്യതയും ആണ് . എന്തുകൊണ്ട്? കാരണം ആദാമിൻ്റെ മക്കൾ എന്ന നിലയിൽ , നാം എല്ലാവരും നിഗളികളും കാഠിന്യമുള്ളവരുമാണ്. ഈ ഭൂമിയിൽ ഒരു സ്വർഗീയ ജീവിതം പ്രദർശിപ്പിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ , അത് ഒന്നാമത് പ്രദർശിപ്പിക്കുന്നത് സുവിശേഷീകരണത്താലോ , പ്രസംഗത്താലോ , ബൈബിൾ പഠിപ്പിക്കുന്നതിനാലോ , അല്ലെങ്കിൽ സാമൂഹ്യപ്രവർത്തനങ്ങൾ കൊണ്ടോ അല്ല. അത് ഒന്നാമതായി പ്രദർശിപ്പിക്കപ്പെടാൻ പോകുന്നത് താഴ്മയുടെയും സൗമ്യതയുടെയും ഒരു മനോഭാവം കൊണ്ടാണ്. ദൈവം അന്വേഷിക്കുന്നത് താഴ്മയും , സൗമ്യതയും, ക്ഷമയും ആണ്. എഫെസ്യർ 4:2 (എൽ. ബി) പറയുന്നത് " നിങ്ങളുടെ സ്നേഹം നിമിത്തം മറ്റുള്ളവരുടെ പിഴവുകൾക്ക് അനുവാദം നൽകുക ( വിട്ടുവീഴ്ച നൽകുക) എന്നാണ് . ഏതു സഭയിലുമുള്ള ആരും തികഞ്ഞവരല്ല. എല്ലാവർക്കും തെറ്റുപറ്റുന്നു . ഓരോരുത്തരും മറ്റുള്ളവരുടെ തെറ്റുകൾക്ക് അനുവാദം കൊടുക്കേണ്ടതുണ്ട് . കാരണം നാം അന്യോന്യം സ്നേഹിക്കുന്നു . " നിങ്ങൾ ഒരു തെറ്റു ചെയ്താൽ , ഞാൻ അതിനെ മറയ്ക്കും. നിങ്ങൾ ഏതെങ്കിലും കാര്യം ചെയ്യാതെ വിട്ടാൽ , ഞാൻ അതു ചെയ്യും " . അങ്ങനെയാണ് ക്രിസ്തുവിൻ്റെ ശരീരം പ്രവർത്തിക്കേണ്ടത്.

ഐക്യം

എഫെസ്യർ 4 :3 ൽ നാം ഇപ്രകാരം വായിക്കുന്നു " ആത്മാവിൻ്റെ ഐക്യത സമാധാന ബന്ധത്തിൽ കാപ്പാൻ ശ്രമിക്കയും ചെയ് വിൻ" . ഐക്യം എന്നത് പൗലോസിൻ്റെ മിക്ക ലേഖനങ്ങളിലെയും മഹത്തായ ഒരു പ്രതിപാദ്യ വിഷയം ആണ് . ഇതുതന്നെയാണ് അവിടുത്തെ സഭയുടെമേൽ കർത്താവിനുള്ള ഭാരവും . ഒരു മനുഷ്യശരീരം മരിക്കുമ്പോൾ , അതു ശിഥിലമാകാൻ തുടങ്ങുന്നു . നമ്മുടെ ശരീരം പൊടി കൊണ്ട് ഉണ്ടാക്കിയിട്ടുള്ളതാണ് , ഈ പൊടിയുടെ കണങ്ങൾ എല്ലാം ഒരുമിച്ചു ചേർത്തു നിർത്തപ്പെടുന്നത് ശരീരത്തിൽ ജീവനുള്ളതുകൊണ്ടാണ് . ജീവൻ പോകുന്ന ആ നിമിഷത്തിൽ തന്നെ ശിഥിലീകരണം ആരംഭിക്കുന്നു . കുറച്ചു കാലത്തിനു ശേഷം , ആ ശരീരം മുഴുവൻ പൊടിയായി തീരുന്നതു നാം കാണുന്നു. വിശ്വാസികളുടെ ഒരു കൂട്ടായ്മയിലും ഇതേ കാര്യം തന്നെയാണ് ഉണ്ടാകുന്നത്. സഭയിലുള്ള വിശ്വാസികൾക്ക് അനൈക്യം ഉണ്ടാകുമ്പോൾ അവിടെ മരണം അകത്തു പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു എന്നു നമുക്ക് തീർച്ചപ്പെടുത്താം . ഒരു ഭർത്താവും ഭാര്യയും അനൈക്യത്തിൽ ആകുമ്പോൾ അവിടെ മരണം പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു എന്നു നിങ്ങൾ അറിയുക , അവർ പരസ്പരം വിവാഹമോചനം നടത്തിയില്ലെങ്കിൽ പോലും .ഒരു വിവാഹം നടന്ന്, ഒരു ദിവസത്തിനുള്ളിൽ തന്നെ ആ വിവാഹജീവിതത്തിൽ ശിഥിലീകരണം ആരംഭിക്കാൻ കഴിയും - തെറ്റിദ്ധാരണകൾ ,സമ്മർദ്ദങ്ങൾ ,വഴക്കുകൾ മുതലായവ കൊണ്ട് . ഒരു സഭയിലും അതു സംഭവിക്കാൻ കഴിയും. ഒരു സഭ സാധാരണയായി ആരംഭിക്കുന്നത് തീക്ഷ്ണതയുള്ള ഏതാനും സഹോദരന്മാർ കർത്താവിനുവേണ്ടി ഒരു നിർമ്മലമായ പ്രവർത്തനം കെട്ടിപ്പടുക്കുന്നതിനു വേണ്ടി വലിയ എരിവോ ടെ ഒരുമിച്ചു ചേർന്നു വരുമ്പോഴാണ് . വളരെ പെട്ടെന്നുതന്നെ അനൈക്യം കടന്നുവരികയും മരണം പ്രവേശിക്കുകയും ചെയ്യുന്നു . ആത്മാവിൻ്റെ ഐക്യത കാപ്പാൻ നാം നിരന്തരമായി ഒരു യുദ്ധം ചെയ്യേണ്ടതുണ്ട് - വിവാഹ ജീവിതത്തിലും സഭയിലും .

ദൈവം വിശുദ്ധന്മാരായ ഒരുപറ്റം വ്യക്തികളെയല്ല പണിയുന്നത്. അവിടുന്നു പണിയുന്നത് ഒരു ശരീരമാണ് . എഫെസ്യർ 4: 1 - 3 ൽ പൗലൊസ് പറയുന്നത് ഇതിനെ കുറിച്ചാണ്. " ശരീരം ഒന്നാകുന്നതുകൊണ്ട് ആത്മാവിൻ്റെ ഐക്യത കാത്തുസൂക്ഷിക്കുവാനാണ് " പൗലോസ് നമ്മെ ഉത്സാഹിപ്പിക്കുന്നത് . ഒരു പ്രാദേശിക സഭയിൽ ഐക്യതയുണ്ടെന്ന് നമുക്കെപ്പോഴാണ് പറയാൻ കഴിയുക? " സമാധാന ബന്ധത്തിൽ " ( എഫെസ്യർ 4:3 ) . " ആത്മാവിൻ്റെ ചിന്ത സമാധാനം ആകുന്നു" (റോമർ 8: 16 ).