WFTW Body: 

സദൃശവാക്യങ്ങള്‍ 8:1,27 എന്നീ വാക്യങ്ങളില്‍ കാന്തനെ 'ജ്ഞാനം' എന്നാണ് വിളിച്ചിരിക്കുന്നത്. പിന്നീട് അടുത്ത അദ്ധ്യായത്തില്‍ കാന്തയും 'ജ്ഞാനം' എന്നാണ് വിളിക്കപ്പെട്ടിരിക്കുന്നത് ( സദൃശവാക്യങ്ങള്‍ 9:1), കാരണം എല്ലാവിധത്തിലും അവള്‍ തന്‍റെ കാന്തനോട് ഒന്നാണ്. കൂടാതെ അവിടുത്തെ നാമം ('ജ്ഞാനം')അവളുടെ നെറ്റിയില്‍ എഴുതപ്പെട്ടിരിക്കുന്നു- അവളുടെ കാന്തന്‍ ആയിരുന്നതു പോലെ അവളും ഒരു ജയാളി ആയിരിക്കുന്നതിനാല്‍ (വെളിപ്പാട് 3:12,21; 4:1). സദൃശവാക്യങ്ങള്‍ 9-ാം അദ്ധ്യായത്തില്‍ കാന്തയും വേശ്യയും തമ്മിലുളള വ്യത്യാസം വ്യക്തമായി പറഞ്ഞിരിക്കുന്നതു നാം കാണുന്നു. ആ അദ്ധ്യായത്തിന്‍റെ ആദ്യത്തെ 12 വാക്യങ്ങളില്‍, കാന്തയായവള്‍, അല്പ ബുദ്ധികളായ എല്ലാവരെയും തങ്ങളുടെ ഭോഷത്തമായ വഴികളില്‍ നിന്നു തിരിഞ്ഞ് അവരുടെ പാപകരമായ കൂട്ടുകെട്ടുവിട്ട് (വാക്യം 6) ജ്ഞാനത്തിന്‍റെ ആരംഭമായ ദൈവഭയം (വാക്യം 10)പഠിക്കുവാനായി ക്ഷണിക്കുന്നു. ആ അദ്ധ്യായത്തിന്‍റെ അവസാനത്തെ 6 വാക്യങ്ങളില്‍, നാം വേശ്യയുടെ വിളിയെക്കുറിച്ചു വായിക്കുന്നു. അനേകര്‍ വേശ്യയുടെ വിളിയോടു പ്രതികരിക്കുകയും ആത്മീയ മരണത്തില്‍ കലാശിക്കുകയും ചെയ്യുന്നു. (വാക്യം 18). നാം അവിടെ വായിക്കുന്നത് കാന്ത (ജ്ഞാനമായവള്‍) ഏഴുതൂണുകള്‍ കൊണ്ട് അവളുടെ ഭവനം പണിയുന്നു എന്നാണ്. യാക്കോബ് 3:17ല്‍ ഈ ഏഴു തൂണുകളുടെ നാമാവലി (ലിസ്റ്റ്) നമുക്കുവേണ്ടി തന്നിരിക്കുന്നു, ഈ തുണുകളിന്മേലാണ് സത്യസഭ പണിയപ്പെടുന്നത്. ഈ സവിശേഷതകളാല്‍ ഏതു സ്ഥലത്തുമുളള ക്രിസ്തുവിന്‍റെ കാന്തയെ നമുക്കു തിരിച്ചറിയാന്‍ കഴിയും.

1. നിര്‍മ്മലത: സത്യ സഭയുടെ ഒന്നാമത്തെയും ഏറ്റവും പ്രധാനമായതുമായ തൂണ്‍ നിര്‍മ്മലതയാണ്. ബാഹ്യമായ നിര്‍മ്മലത മാത്രമുളള പൊളളയായ ഒരു തൂണല്ല ഇത്. അല്ല. ഇത് ആസകലം സുദൃഢമാണ്. ഇത് ഹൃദയത്തിന്‍റെ നിര്‍മ്മലതയാണ്, അത് ഹൃദയത്തിന്‍റെ ആഴത്തില്‍ ഉളള ദൈവഭയത്തിന്‍റെ വിത്തില്‍ നിന്ന് വളര്‍ന്നുവരുന്നതാണ്. ബുദ്ധിയുളള മസ്തിഷ്കങ്ങളാലല്ല, എന്നാല്‍ നിര്‍മ്മല ഹൃദയങ്ങളാലാണ് ക്രിസ്തുവിന്‍റെ സത്യസഭ പണിയപ്പെടുന്നത്. നമുക്ക് ദൈവത്തെയും അവിടുത്തെ വഴികളെയും കുറിച്ചുളള വെളിപ്പാടുകളില്ലെങ്കില്‍ സഭ പണിയുവാന്‍ കഴിയുകയില്ല - ഹൃദയശുദ്ധിയുളളവര്‍ മാത്രമെ തങ്ങളുടെ ഹൃദയങ്ങളില്‍ ദൈവത്തെ കാണുവാന്‍ അനുവദിക്കപ്പെടാറുളളൂ ( മത്തായി 5:8).

2.സമാധാനം : നീതിയും സമാധാനവും എപ്പോഴും ഒരുമിച്ചു പോകുന്നു. അവ ഇരട്ടകളാണ്. ദൈവരാജ്യം നീതിയും സമാധാനവുമാണ് (റോമര്‍ 14:17). യഥാര്‍ത്ഥ ജ്ഞാനം ഒരിക്കലും വിവാദ പ്രിയമായതോ, വഴക്കിടുന്ന സ്വാഭാവമുളളതോ അല്ല. അത് സ്പര്‍ദ്ധയുണ്ടാക്കുന്നില്ല. അത് കഴിയുന്നിടത്തോളം എല്ലാവരോടും യോജിപ്പുളള ഒരു ബന്ധം നിലനിര്‍ത്തുന്നു. ദിവ്യജ്ഞാനത്താല്‍ നിറയപ്പെട്ട ഒരുവനോട് വഴക്കിടുന്നത് അസാധ്യമാണ്. അയാള്‍ സ്ഥിരചിത്തനും ഒത്തുതീര്‍പ്പുകാരാല്‍ വെറുക്കപ്പെടുന്നവനും ആയിരിക്കാം. എന്നാലും അദ്ദേഹം സമാധാനപ്രിയനാണ്. യേശു തന്‍റെ ശിഷ്യന്മാരോടു പറഞ്ഞത്, അവര്‍ സുവിശേഷ ഘോഷണത്തിനായി യാത്ര ചെയ്യുമ്പോള്‍, "സമാധാന പുരുഷന്മാരുടെ വീടുകളില്‍ മാത്രമെ താമസിക്കാവൂ"എന്നാണ് (ലൂക്കോസ് 10:5-7). നമുക്ക് ദൈവത്തിന്‍റെ ആലയം പണിയണമെങ്കില്‍ നാം സമാധാന പുരുഷന്മാര്‍ ആയിരിക്കണം.

3. പരിഗണന: ക്രിസ്തുവിന്‍റെ കാന്ത എപ്പോഴും മറ്റുളളവരോട് നീതിയുക്തമായി , ശാന്തമായി, ക്ഷമയോടെ, ദാക്ഷിണ്യത്തോടെ, മര്യാദയായി പെരുമാറുന്നു. അവള്‍ ഒരിക്കലും പരുഷമായോ, നിഷ്ഠൂരമായോ പെരുമാറുകയില്ല. എന്നാല്‍ എല്ലായ്പോഴും മറ്റുളളവരുടെ വികാരങ്ങളെക്കുറിച്ച് പരിഗണനയുളളവള്‍ ആയിരിക്കും. സഭ ഈ തൂണിനാല്‍ താങ്ങപ്പെടുമ്പോള്‍, അന്യോന്യം വഹിക്കുന്നത് എളുപ്പമായി തീരുന്നു - കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ ചിലര്‍ സാവധാനതയുളളവരായാലോ അല്ലെങ്കില്‍ ചിലര്‍ തങ്ങളുടെ രീതികളില്‍ അപരിഷ്കൃതരായാലോ. നമ്മുടെ സഹോദരന്‍റെയോ സഹോദരിയുടെയോ സംസ്കാരമില്ലായ്മയല്ല. നമ്മില്‍ കുടികൊളളുന്ന അസഹിഷ്ണുതയാണ് പ്രശ്നം എന്ന് നാം മനസ്സിലാക്കാന്‍ തുടങ്ങുന്നു. അങ്ങനെ നാം ശരിയായ ശത്രുവിനോട് -നമ്മുടെ സ്വയജീവനോട് -പോരാടുന്നു, നമ്മുടെ സഹോദരീ സഹോദരന്മാരോടല്ല.

4. കീഴടങ്ങുന്നതിനുളള മനസ്സ് : ശാസനയും പ്രബോധനവും സ്വീകരിക്കാന്‍ കഴിയാത്തവനും, താന്‍ ആഘട്ടത്തിനപ്പുറം എത്തിക്കഴിഞ്ഞിരിക്കുന്നു എന്ന് ചിന്തിക്കുന്നവനും, അയാള്‍ ഒരു മൂപ്പനായാലും ഒരു വൃദ്ധനായാലും, അയാള്‍ യഥാര്‍ത്ഥമായി ഒരു ഭോഷനാണ് (സഭാപ്രസംഗി 4:13). ഇന്ത്യയില്‍ പ്രത്യേകിച്ച്, മിക്കയാളുകള്‍ക്കും "പ്രായം ചെന്ന ആളുകള്‍ അധികം ജ്ഞാനമുളളവരാണ്" എന്ന ഒരു വിജാതീയ ചിന്തയുണ്ട്. ഭൗമികകാര്യങ്ങളില്‍ ഇത് സത്യമായിരിക്കാം എന്നാല്‍ ആത്മീയ കാര്യങ്ങളില്‍ അങ്ങനെയല്ല. യേശു തന്‍റെ അപ്പൊസ്തലന്മാരായിരിക്കുവാന്‍ സിനഗോഗിലുളള ഏതെങ്കിലും പ്രായമുളള ആളുകളെ അവിടുന്നു തിരഞ്ഞെടുത്തില്ല. അവിടുന്നു യുവാക്കളെയാണ് തിരഞ്ഞെടുത്തത്. സഭയിലുളള പ്രായമായ ആളുകള്‍ക്ക് പലപ്പോഴും തങ്ങളെക്കാള്‍ ചെറുപ്പക്കാരനായ ഒരു സഹോദരനില്‍ നിന്ന് പ്രബോധനങ്ങള്‍ സ്വീകരിക്കാന്‍ പ്രയാസം ഉണ്ടാകുന്നു, അദ്ദേഹം ആ സഭയുടെ മൂപ്പനും വളരെയധികം ദൈവഭക്തിയുളളവനും ആയിരിക്കാം. അത് അവരുടെ നഗളം മൂലമാണ്. തിരുത്തലുകള്‍ സ്വീകരിക്കുവാന്‍ മനസ്സുളളവന്‍ ജ്ഞാനിയായി തീരുന്നു (സദൃശവാക്യങ്ങള്‍ 13:10). അതുകൊണ്ട് ഏതൊരു സഭയില്‍, ശാസനകള്‍ സ്വീകരിക്കുവാന്‍ അത്യുത്സാഹമുളള സഹോദരീ സഹോദരന്മാരുണ്ടോ, അവിടെ യഥാര്‍ത്ഥമായി മഹത്വകരമായ ഒരു സഭ പണിയപ്പെടും. ജ്ഞാനിയായ ഒരു മനുഷ്യന്‍ അവനെ വിശ്വസ്തതയോടെ ശാസിക്കുന്നവരെ സ്നേഹിക്കയും അവരുമായുളള സഹവാസത്തിനായി ആകാംക്ഷയോടെ അന്വേഷിക്കുകയും ചെയ്യും. ' അന്യോന്യം കീഴടങ്ങുവിന്‍' (എഫെസ്യര്‍ 5:21) എന്നീ വാക്കുകളാണ് ഈ തൂണില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്.

5. കരുണയുടെയും അതിന്‍റെ സല്‍ഫലങ്ങളുടെയും നിറവ്: ക്രിസ്തുവിന്‍റെ കാന്ത കരുണ നിറഞ്ഞവളാണ് - വല്ലപ്പോഴും മാത്രം കരുണയുളളവളല്ല. സ്വാതന്ത്ര്യത്തോടും സന്തോഷത്തോടും ആരോടാണെങ്കിലും ഹൃദയപൂര്‍വ്വം ക്ഷമിക്കുന്നതിന് അവള്‍ക്കൊരു പ്രശ്നവുമില്ല. അവള്‍ മറ്റുളളവരെ വിധിക്കുകയോ കുറ്റവാളിയാക്കുകയോ ചെയ്യുന്നില്ല, എന്നാല്‍ അതിനുപകരം അവളുടെ കാന്തനെപ്പോലെ അവരോട് മനസ്സലിവ് കാണിക്കുന്നു. ഈ കരുണ എന്നത് കേവലം ഒരു മാനസിക ഭാവമല്ല എന്നാല്‍ അവളുടെ പ്രവൃത്തികളില്‍ ഉരുവാകുന്ന നല്ല ഫലങ്ങളുടെ പ്രകടനായി കാണപ്പെടുന്നു. എല്ലാവിധത്തിലും എല്ലാ ആളുകള്‍ക്കും അവള്‍ക്കു ചെയ്യാന്‍ കഴിയുന്ന നന്മ അവള്‍ക്കു കഴിയുന്നിടത്തോളം എല്ലാ സമയവും ചെയ്യുന്നു.

6. മനഃസ്ഥിരത: ദിവ്യ ജ്ഞാനമുളള ഒരു സഹോദരന്‍ എല്ലാ വക്രതയില്‍ നിന്നും സ്വതന്ത്രനായിരിക്കും. അദ്ദേഹം പൂര്‍ണ്ണഹൃദയനും നേരുളളവനും, ഏകലക്ഷ്യമുളളവനും, സംശയങ്ങളില്‍ നിന്നും ശങ്കയില്‍ നിന്നും സ്വതന്ത്രനുമായിരിക്കും. അയാള്‍ ഇരു മനസ്സുളളവനായിരിക്കുകയില്ല, എന്നാല്‍ ദൈവത്തിലുളള വിശ്വാസത്തില്‍ ശക്തനായിരിക്കും, അയാള്‍ സ്വന്തം ബലഹീനതകളിലേക്കു നോക്കുന്നവനായിരിക്കുകയില്ല അതിനുപകരം ദൈവത്തിന്‍റെ വാഗ്ദത്തങ്ങളിലേക്കായിരിക്കും അവന്‍റെ നോട്ടം. ബോധപൂര്‍വ്വമായ എല്ലാ പാപങ്ങളുടെയും മേലുളള വിജയം ഇവിടെ ഇപ്പോള്‍ തന്നെ സാധ്യമാണ് എന്ന് അങ്ങനെയുളള ഒരു സഹോദരനറിയാം. അവന്‍ ആശ്രയിക്കാന്‍ കൊളളാവുന്ന ഒരു വ്യക്തിയാണ് - എല്ലാ സമയവും തന്‍റെ വാക്കുകള്‍ പാലിക്കുമെന്ന് വിശ്വസിക്കാവുന്നവനാണ്. അയാള്‍ മനഃസ്ഥിരതയുളളവനും അചഞ്ചലനുമാണ്. അയാളുടെ ബോധ്യങ്ങളെ വളച്ചൊടിക്കുവാനോ ഒരു കാര്യത്തിലും വിട്ടുവീഴ്ച ചെയ്യുവാനോ തക്കവണ്ണം അയാളെ മാറ്റുവാന്‍ നിങ്ങള്‍ക്ക കഴിയുകയില്ല. അയാള്‍ ഒരു റോഡുപോലെ നേരെയുളളവനും സത്യനിഷ്ഠനും ആണ്.

7. കാപട്യത്തില്‍ നിന്നുളള സ്വാതന്ത്ര്യം: മറ്റുളളവര്‍ക്ക് അവളില്‍ ബാഹ്യമായി കാണാന്‍ കഴിയുന്നതിനെക്കാള്‍ കൂടുതല്‍ ആന്തരികമായ ആത്മീയ പരിമാണം ക്രിസ്തുവിന്‍റെ കാന്തതയ്ക്കുണ്ട്. അവളുടെ ബാഹ്യ ജീവിതത്തെക്കുറിച്ച് മറ്റുളളവര്‍ക്കുളള അഭിപ്രായത്തെക്കാള്‍ വളരെയധികം നല്ലതാണ് അവളുടെ മറഞ്ഞിരിക്കുന്ന ജീവിതം. ഇത് "ആത്മീയ വ്യഭിചാരിണിയുടെ" അല്ലെങ്കില്‍ "വേശ്യയുടെ" ജീവിതത്തിനു നേരെ വിപരീതമാണ്, അവളുടെ നാമധേയ ആത്മീയത മനുഷ്യന്‍റെ മാനം നേടുന്നതിനു മാത്രമുളളതാണ്. വാസ്തവത്തില്‍ അവള്‍ക്കുളളത് "മതഭക്തിയാണ്"യഥാര്‍ത്ഥ ആത്മീയത അല്ല. കാന്ത അവളുടെ ബാഹ്യമായ വാക്കുകള്‍, പ്രവൃത്തികള്‍ ഇവയെക്കാള്‍ വളരെയധികം സൂക്ഷിക്കുന്നത് അവളുടെ അന്തരംഗത്തിലെ ചിന്തകള്‍, ലക്ഷ്യങ്ങള്‍, ഭാവങ്ങള്‍ മുതലായവയാണ്. അവള്‍ തന്‍റെ ആന്തരിക ജീവിതത്തിന്മേലുളള ദൈവത്തിന്‍റെ അംഗീകാരത്തിനായി വളരെയധികം ആഗ്രഹിക്കുന്നു. എന്നാല്‍ അവളുടെ ബാഹ്യജീവിതത്തിന്മേലുളള മനുഷ്യന്‍റെ അംഗീകാരത്തെപ്പറ്റി അവള്‍ ഒട്ടും തന്നെ ശ്രദ്ധിക്കുന്നില്ല. ഈ പരിശോധന വഴി നമ്മില്‍ ഓരോരുത്തര്‍ക്കും നാം കാന്തയുടെ ഭാഗമാണോ അതോ വേശ്യയുടെ ഭാഗമാണോ എന്നറിയാന്‍ കഴിയും.

ക്രിസതുവിന്‍റെ കാന്തയ്ക്ക് അവളുടെ ഹൃദയത്തില്‍ നട്ടിട്ടുളള ജ്ഞാനത്തിന്‍റെ വിത്തുണ്ട്. അതുകൊണ്ട് ഈ ഏഴു സവിശേഷതകളും അവളില്‍ വര്‍ഷം തോറും വളര്‍ന്നുകൊണ്ടിരിക്കും. അവള്‍ ഇപ്പോഴും പൂര്‍ണ്ണതയില്‍ നിന്നു വളരെ അകലെയാണെങ്കിലും അവള്‍ പൂര്‍ണ്ണതയിലേക്ക് ആയുകയും വളരുകയും ചെയ്തു കൊണ്ടിരിക്കുന്നു.