ലേഖകൻ :   സാക് പുന്നൻ
WFTW Body: 

ഒരു മനുഷ്യൻ രക്ഷിക്കപ്പെടേണ്ടതിന് അവൻ ആദ്യം മാനസാന്തരപ്പെടണം എന്നു പുതിയ നിയമം പഠിപ്പിക്കുന്നു. മാനസാന്തരം എന്നാൽ നമ്മുടെ പഴയ ജീവിത പാതയിൽ നിന്നു തിരിയുക എന്നാണ്. അത് കേവലം ചില ദുശ്ശീലങ്ങളായ മദ്യപാനം, ചൂതുകളി മുതലായവ ഉപേക്ഷിക്കുക എന്നതിനെക്കാൾ വളരെ വലിയ അർത്ഥമാണതിനുള്ളത്. നമ്മുടെ പഴയ ജീവിതരീതി എന്നത് ഒരു സ്വയ- കേന്ദ്രീകൃത ജീവിതമാണ്, മാനസാന്തരം എന്നാൽ, "കർത്താവെ എന്നിൽത്തന്നെ കേന്ദ്രീകൃതമായിരിക്കുന്നതിൽ ഞാൻ മടുത്തു. ഇപ്പോൾ ഞാൻ അങ്ങിലേക്കു തിരിഞ്ഞ് അങ്ങയിൽ കേന്ദ്രീകരിക്കുവാൻ ആഗ്രഹിക്കുന്നു" എന്നു പറയുന്നതാണ് .

യേശുവന്നത് നമ്മെ പാപത്തിൽ നിന്നു രക്ഷിക്കുവാനാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവിടുന്ന് വന്നത് നമ്മെ സ്വയ-കേന്ദ്രീകരണത്തിൽ നിന്നു രക്ഷിക്കാനാണ്. പുതിയ നിയമത്തിൽ 'പാപം ' എന്ന വാക്കിനു പകരം "സ്വയ- കേന്ദ്രീകരണം " എന്ന വാക്കു ചേർക്കുക. അപ്പോൾ പല ലേഖന ഭാഗങ്ങളിലും എന്തർത്ഥമാണ് ഉയർന്നു വരുന്നത് എന്നു നിങ്ങൾ കാണും." പാപം നിങ്ങളുടെ മേൽ കർതൃത്വം നടത്തുകയില്ല" എന്നത് "സ്വയ കേന്ദ്രീകരണം നിങ്ങളിൽ കർതൃത്വം നടത്തുകയില്ല" എന്നായി തീരുന്നു (റോമർ 1:14) .അതാണ് ദൈവത്തിൻ്റെ ജനത്തിന് വേണ്ടിയുള്ള അവിടുത്തെ ആഗ്രഹം. എന്നിട്ടും ഇപ്പോഴും നാം നമ്മുടെ ജീവിതങ്ങൾ പരിശോധിച്ചാൽ നമ്മുടെ ഏറ്റവും വിശുദ്ധ ആഗ്രഹത്തിൽ പോലും, സ്വയ -കേന്ദ്രീകരണം ഉണ്ട് എന്ന് നാം കണ്ടെത്തും. നമ്മെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമെ എന്നു ദൈവത്തോടു ചോദിക്കുന്നത്, ആ ശക്തി നമുക്ക് ആവശ്യമായിരിക്കുന്നത് ഒരു വലിയ പ്രാസംഗികൻ, അല്ലെങ്കിൽ ഒരു വലിയരോഗശാന്തി ശുശൂഷകൻ ... തുടങ്ങിയവ ആകാൻ വേണ്ടി ആണെങ്കിൽ, അതും ഒരു സ്വയ- കേന്ദ്രീകൃത ആഗ്രഹമായിരിക്കാം. അത് ലോകത്തിൽ വലിയവൻ ആകാൻ ആഗ്രഹിക്കുന്നതു പോലെയുള്ള സ്വയ -കേന്ദ്രീകൃത വാഞ്ഛയാണ്. അതി പരിശുദ്ധമായ സ്ഥലത്തുപോലും പാപം പ്രവേശിക്കുന്നത് എങ്ങനെയെന്നു നിങ്ങൾ കാണുന്നുണ്ടോ?

അതു കൊണ്ടാണ് യേശു നമ്മെ പ്രാർത്ഥിക്കുവാൻ പഠിപ്പിച്ചത്,ഒന്നാമതായി, നാം പരിശുദ്ധാത്മാവിനാൽ നിറയപ്പെടേണമെ എന്നു പോലുമല്ല, എന്നാൽ ദൈവത്തിൻ്റെ നാമം വിശുദ്ധീകരിക്കപ്പെടേണമെ എന്നാണ്. ഒരു യഥാർത്ഥ ആത്മീയനുമാത്രമേ ഈ പ്രാർത്ഥന ആത്മാർത്ഥമായി പ്രാർത്ഥിക്കുവാൻ കഴിയുകയുള്ളൂ .ഈ പ്രാർത്ഥന ആർക്കു വേണമെങ്കിലും ആവർത്തിച്ച് ഉരുവിടാം. ഒരു തത്തയ്ക്കു പോലും അത് ചെയ്യാൻ കഴിയും. എന്നാൽ അത് വാസ്തവമായി അർത്ഥമാക്കുവാൻ , നമ്മുടെ ജീവിതങ്ങളിൽ ദൈവം ഒന്നാമനായിരിക്കുന്ന ഇടമായ, നാം അവിടുത്തേതിൽ കേന്ദ്രീകൃതമായിരിക്കുന്ന ഇടമായ, അവിടുത്തെ അനുഗ്രഹങ്ങൾക്കായി അന്വേഷിക്കുന്നതിനെക്കാൾ അധികം അവിടുത്തേ തന്നെ നാം അന്വേഷിക്കുന്ന ഇടമായ , നമ്മുടെ ഹൃദയത്തിൻ്റെ ആഴത്തിൽ നിന്ന് ,ദൈവത്തോട് മുഴുവനായ ഒരു സമർപ്പണം നമുക്കാവശ്യമാണ്. അവിടുന്ന് നമുക്ക് അവിടുത്തെ ദാനങ്ങൾ നൽകുന്നെങ്കിൽ നല്ല തു തന്നെ; എന്നാൽ ദാനങ്ങളൊന്നും അവിടുന്നു നമുക്കു നൽകുന്നില്ലെങ്കിൽ അതും നല്ലതു തന്നെ, കാരണം നാം വാഞ്ഛിക്കുന്നത് ദൈവത്തെ തന്നെയാണ്, അവിടുത്തെ ദാനങ്ങളെയല്ല. എന്തു കൊണ്ടാണ് ദൈവം യിസ്രായേൽമക്കളെ അവിടുത്തെ തന്നെ പൂർണ്ണഹൃദയത്തോടെ സ്നേഹിക്കുവാനും അവരെ പോലെ അവരുടെ അയൽക്കാരെ സ്നേഹിക്കുവാനും പഠിപ്പിച്ചത്? അവരെ തങ്ങളുടെ സ്വയ- കേന്ദ്രീ കരണത്തിൽ നിന്നു വിടുവിക്കുവാൻ വേണ്ടി മാത്രം

ജോയ് (Joy) എന്ന വാക്കിന് ഇപ്രകാരം ഒരു പദസമസ്യ ഉണ്ട്, ജെ (J) - ജീസസ് ഒന്നാമത്, ഒ (O) - മറ്റുള്ളവർ ( others )അടുത്തത്, വൈ (Y) - ഒടുവിൽ നിങ്ങൾ തന്നെ (Yourself). ദൈവം ശാശ്വതമായി സന്തോഷം നിറഞ്ഞിരിക്കുന്നവനാണ്.സ്വർഗ്ഗത്തിൽ ഒരു ദുഃഖവും ആകുലചിന്തയും ഇല്ല, കാരണം അവിടെ എല്ലാം ദൈവത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. ദൈവദൂതന്മാർ (മാലാഖമാർ) എപ്പോഴും സന്തോഷിക്കുന്നു കാരണം അവർ ദൈവത്തിൽ കേന്ദ്രീകരിച്ചിരിക്കുന്നു. നമുക്കു സന്തോഷം, സമാധാനം അതുപോലെ ആത്മാവിൻ്റെ മറ്റനേകം നന്മകൾ കുറവായിരിക്കുന്നതിൻ്റെ കാരണം നാം നമ്മുടെ ശരിയായ കേന്ദ്രം ഇതുവരെ കണ്ടത്തിയിട്ടില്ല എന്നതാണ്. നാം ദൈവത്തെ നമ്മുടെ സ്വന്തം ലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുവാൻ ശ്രദ്ധിക്കുന്നു.കൂടാതെ നമ്മുടെ പ്രാർത്ഥനകൾ പോലും ഏതാണ്ടിതുപോലെയാണ്, "കർത്താവേ, ദയ തോന്നി എൻ്റെ വ്യാപാരം അഭിവൃദ്ധിപ്പെടുത്തേണമെ ... എൻ്റെ ജോലിയിൽ ഒരു ഉദ്യോഗകയറ്റം കിട്ടാൻ എന്നെ സഹായിക്കണമെ...എനിക്കു കുറച്ചു കൂടി നല്ല ഒരു വീടു ലഭിക്കുവാൻ ദയവുണ്ടാകണമെ ... തുടങ്ങിയവ നമ്മുടെ ഭൗതിക ജീവിതം കൂടുതൽ സുഖകരമാക്കാൻ നമ്മെ സഹായിക്കുന്ന ഒരു വേലക്കാരനായിരിക്കുവാൻ ദൈവത്തെ കുറിച്ചു നാം ആഗ്രഹിക്കുന്നു - അലാവുദീനും അത്ഭുതവിളക്കും എന്ന കഥയിലെ ജിന്നിനെപ്പോലെ.

അനേകം ദൈവമക്കൾ പ്രാർത്ഥിക്കുന്ന ദൈവം ഈ വിധത്തിലുള്ളതാണ് - ഈ ലോകത്തിൽ അവരുടെ സ്വന്തം പുരോഗതിക്കും പ്രയോജനത്തിനുമുള്ള ഒരു ഉപാധിയായവൻ. എന്നാൽ പുതിയ നിയമത്തിലെ ദൈവം അല്ല. ഒളിംപിക്സിലെ 100 മീറ്റർ ഓട്ടമത്സരത്തിൽ വിജയിക്കുവാനോ ബിസിനസ്സിൽനിങ്ങളുമായി മത്സരിക്കുന്ന വ്യക്തിയെ മറികടക്കുവാനോ നിങ്ങളെ സഹായിക്കുന്ന ഒരുവൻ. നാം എത്ര സ്വയ- കേന്ദ്രീകൃതമാണെന്നു നമ്മുടെ പ്രാർത്ഥന വെളിവാക്കുന്നു.

" യഹോവയിൽ തന്നെ രസിച്ചു കൊൾക " എന്നു വേദപുസ്തകം പറയുന്നു. " നിൻ്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ അവിടുന്ന് നിനക്കു നൽകും" (സങ്കീ.37: 4) .യഹോവയിൽ തന്നെ രസിച്ചു കൊൾക എന്നാൽ ദൈവത്തെ നമ്മുടെ ജീവിതങ്ങളുടെ കേന്ദ്രത്തിൽ വയ്ക്കുക എന്നാണ്. അതു കൊണ്ട് തൻ്റെ ഹൃദയത്തിൻ്റെ എല്ലാ ആഗ്രഹങ്ങളും ലഭിക്കാൻ കഴിയുന്നത് ദൈവ-കേന്ദ്രീകൃതമായ ഒരാളിനു മാത്രമാണ്. "നേരോടെ നടക്കുന്നവർക്ക് ദൈവം ഒരു നന്മയും മുടക്കുകയില്ല (അതായത്, തങ്ങളുടെ തല മുകളിൽ ആയി നടക്കുന്നവർക്ക് - തങ്ങളുടെ ജീവിതം നിയന്ത്രിക്കുവാൻ ദൈവം ഉള്ളവർക്ക് " ) (സങ്കീ.84:11). "നീതിമാൻ്റെ ശ്രദ്ധയോടു കൂടിയ പ്രാർത്ഥന വളരെ ഫലിക്കുന്നു " - നീതിമാനായ ഒരു മനുഷ്യൻ ദൈവകേന്ദ്രീകൃതനായ ഒരുവനാണ്. നേരേ മറിച്ച്, സ്വയ- കേന്ദ്രീകൃതനായ ഒരു മനുഷ്യൻ്റെ പ്രാർത്ഥന, അവൻ രാത്രി മുഴുവൻ പ്രാർത്ഥിച്ചാൽ പോലും ഒന്നും ലഭിക്കാൻ പോകുന്നില്ല. നാം ജീവിക്കുന്ന ജീവിത ശൈലിയാണ് നാം പ്രാർത്ഥിക്കുന്ന പ്രാർത്ഥനയ്ക്ക് വില നൽകുന്നത്.

അതുകൊണ്ടാണ് നമ്മുടെ ജീവിതത്തിൻ്റെ ആദ്യത്തെ മൂന്ന് ആഗ്രഹങ്ങൾ ഇവ ആയിരിക്കണമെന്നു പറയുന്നത്. "പിതാവെ, അവിടുത്തെ നാമം വിശുദ്ധീകരിക്കപ്പെടേണമെ .അവിടുത്തെ രാജ്യം വരേണമെ. അവിടുത്തെ ഇഷ്ടം നടക്കണമെ" .നമുക്ക് " എൻ്റെ നടുവേദനയിൽ നിന്ന് എന്നെ സൗഖ്യമാക്കണമെ, എനിക്കു ജീവിക്കുവാൻ കുറച്ചു കൂടി നല്ല ഒരു വീടു കണ്ടു പിടിക്കുവാൻ എന്നെ സഹായിക്കണമെ, എൻ്റെ മകന് ഒരു ജോലി ലഭിക്കുവാൻ സഹായിക്കണമെ" തുടങ്ങിയവ പോലുള്ള അനേകം അപേക്ഷകൾ ഉണ്ടായിരിക്കും. ഇവയെല്ലാം നല്ല അപേക്ഷകളാണ് .എന്നാൽ " പിതാവെ, ഈ അപേക്ഷകളൊന്നും അവിടുന്ന് അനുവദിച്ചില്ലെങ്കിലും, എൻ്റെ പ്രാഥമിക ആഗ്രഹം അവിടുത്തെ നാമം മഹത്വപ്പെടണമെന്നുള്ളതാണ് " എന്നു പറയാൻ നിങ്ങൾക്കു കഴിയുമെങ്കിൽ അപ്പോൾ നിങ്ങൾ ഒരു ആത്മീയനാണ്.