ലേഖകൻ :   സാക് പുന്നൻ
WFTW Body: 

" ഞാന്‍ ദേശത്തെ നശിപ്പിക്കാതവണ്ണം അതിനു മതില്‍ കെട്ടി എന്‍റെ മുമ്പാകെ ഇടിവില്‍ നില്‍ക്കേണ്ടതിന് ഒരു പുരുഷനെ ഞാന്‍ അവരുടെ ഇടയില്‍ അന്വേഷിച്ചു; ഒരുവനെപോലും ഞാന്‍ കണ്ടില്ല" (യെഹെ.22:30). ലോകത്തിന്‍റെയും, യിസ്രായേലിന്‍റെയും, സഭയുടെയും ചരിത്രത്തില്‍, ഒരു പ്രത്യേക സാഹചര്യത്തില്‍ ചില ഉദ്ദേശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുവേണ്ടി ദൈവം പലപ്പോഴും ഒരൊറ്റ മനുഷ്യനില്‍ തന്നെ ആശ്രയിക്കുന്ന അനേകം ഉദാഹരണങ്ങള്‍ നാം കാണുന്നു. എന്നാല്‍ ദൈവത്തോടു കൂടെ ചേര്‍ന്നു നില്‍ക്കുന്ന ഒരു മനുഷ്യന്‍ ഒരു ഭൂരിപക്ഷമാണ്.

നോഹ: ദൈവത്തിനെതിരെയുളള മത്സരവും ദുഷ്ടതയും കൊണ്ട് മുഴുവന്‍ ലോകവും നിറഞ്ഞിരുന്നപ്പോള്‍, നോഹയുടെ കാലത്ത്, അവിടെ ദൈവത്തെ ഭയപ്പെട്ടിരുന്ന 8 പേര്‍ ഭൂമിയിലുണ്ടായിരുന്നെങ്കിലും ദൈവത്തിന്‍റെ ഉദ്ദേശ്യത്തിന്‍റെ പൂര്‍ത്തീകരണം പൂര്‍ണ്ണമായി ആശ്രയിച്ചിരുന്നത് കേവലം ഒരു മനുഷ്യന്‍റെ, നോഹയുടെ, വിശ്വസ്തതയിലാണ്. ആ സമയത്ത് ദൈവത്തിന്‍റെ ദൃഷ്ടിയില്‍ കൃപ ലഭിപ്പാന്‍ യോഗ്യനായ ഏക മനുഷ്യന്‍ നോഹ ആയിരുന്നു (ഉല്‍പ്പ.6:8). ആ ഏക മനുഷ്യന്‍ ദൈവത്തോട് അവിശ്വസ്തനായിരുന്നെങ്കില്‍, മനുഷ്യവര്‍ഗ്ഗം മുഴുവന്‍ തുടച്ചുനീക്കപ്പെടുമായിരുന്നു, അങ്ങനെ ആയിരുന്നെങ്കില്‍ നമ്മില്‍ ആരും ഇന്നു ജീവിച്ചിരിക്കുമായിരുന്നില്ല !! നോഹ വിശ്വസ്തനായി നിലനിന്നു എന്നതില്‍ നമുക്ക് തീര്‍ച്ചയായി ദൈവത്തിനു നന്ദി പറയാം. അവസാന നാളുകള്‍ നോഹയുടെ കാലം പോലെ ആയിരിക്കും എന്ന് യേശുപറഞ്ഞു. നോഹയുടെ കാലത്തുണ്ടായിരുന്ന ലൈംഗിക വൈകൃതവും അക്രമങ്ങളും അവസാനനാളുകളുടെയും പ്രത്യേകതകളായിരിക്കും. ഇന്നു നാം ജീവിക്കുന്നത് ആ നാളുകളിലാണ്. അതുകൊണ്ട്, നോഹയെപോലെ ഒത്തുതീര്‍പ്പിനു വഴിങ്ങികൊടുക്കാത്ത മനുഷ്യരെയാണ് ഇന്നും ദൈവത്തിന് ആവശ്യമുളളത്.

ഏലിയാവ്: ആഹാബ് എല്ലാ യിസ്രായേല്യരെയും ബാലിനെ ആരാധിക്കുന്നവരാക്കി തീര്‍ത്ത സമയത്തുളള യിസ്രായേലിന്‍റെ ചരിത്രം നമുക്കു നോക്കാം. ബാലിനെ നമസ്കരിക്കുവാന്‍ കൂട്ടാക്കാതിരുന്ന 7000 പേര്‍ ആ സമയത്ത് യിസ്രായേലില്‍ ഉണ്ടായിരുന്നു ( 1 രാജാ 19:18). അത് അന്നെടുക്കുവാനുളള ധീരമായതും സ്തുത്യര്‍ഹവുമായ ഒരു നിലപാടായിരുന്നു എന്നതിന് സംശയമില്ല. എന്നാല്‍ അത്തരത്തിലുളള ഒരു സാക്ഷ്യം അപ്പോഴും നിഷേധാത്മകമായ ഒന്നായിരുന്നു: അവര്‍ വിഗ്രഹങ്ങളെ ആരാധിച്ചില്ല. ഇന്നു മിക്ക വിശ്വാസികള്‍ക്കും പറയുവാനുളള നിഷേധാത്മക സാക്ഷ്യം പോലെയാണിത് - അവര്‍ പുകവലിക്കുന്നില്ല, അവര്‍ ചൂതുകളിക്കുന്നില്ല തുടങ്ങിയവ പോലെ. എന്നാല്‍ ഈ 7000 പേരില്‍ ഒരാളിനെ പോലും ആ സമയത്ത് യിസ്രായേലില്‍ തന്‍റെ ഉദ്ദേശ്യം നിര്‍വ്വഹിക്കാനായി ഉപയോഗിക്കാന്‍ ദൈവത്തിനു കഴിഞ്ഞില്ല. അതിനായി, ദൈവത്തിന് ഒരു ഏലിയാവിനെ വേണ്ടിയിരുന്നു. ഈ 7000 'വിശ്വാസികളെ' കുറിച്ച് ആഹാബിനു ഭയമില്ലായിരുന്നു. ഈ 7000 പേരും ദൈവത്തോടു പ്രാര്‍ത്ഥിച്ചു എന്നതിന് ഒരു സംശയവുമല്ല, എന്നാല്‍ അവരുടെ പ്രാര്‍ത്ഥനയ്ക്ക് സ്വര്‍ഗ്ഗത്തില്‍ നിന്നു തീ ഇറക്കിക്കൊണ്ടുവരുവാന്‍ കഴിഞ്ഞില്ല. ഏലിയാവിന്‍റെ പ്രാര്‍ത്ഥന ആയിരുന്നു, അതു ചെയ്തത്. ദൈവത്തിന്‍റെ മുമ്പാകെ എല്ലാ വിശ്വാസികളുടെയും പ്രാര്‍ത്ഥന, അതിന്‍റെ ഫലത്തില്‍ ഒരു പോലെയല്ല. ഏലിയാവിനോടുളള ബന്ധത്തില്‍ വേദപുസ്തകം ഇപ്രകാരം പറയുന്നു, "നീതിമാന്‍റെ ശ്രദ്ധയോടുകൂടിയ പ്രാര്‍ത്ഥന വളരെ ഫലിക്കുന്നു" (യാക്കോബ് 5:17,16). ഒരു മനുഷ്യന്‍ ഏകനായി, ഒരു രാഷ്ട്രത്തെ മുഴുവന്‍ ദൈവത്തിലേക്കു തിരിച്ചു കൊണ്ടുവന്നു, ദുഷ്ടശക്തികളെ വലിച്ചു പുറത്തുചാടിക്കുകയും ബാലിന്‍റെ എല്ലാ പ്രവാചകന്മാരെയും കൊല്ലുകയും ചെയ്തു. ഇന്നും ദൈവത്തിന്‍റെ ഉദ്ദേശങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടുന്നത്, ഒരു പുരുഷാരത്തിലൂടെയല്ല, എന്നാല്‍ വിശ്വസ്തനായ ഒരു മനുഷ്യനിലൂടെയാണ്.

എലീശ: ഏലിയാവിന്‍റെ സമയത്ത് , ഒരു നാള്‍ യിസ്രായേലിന്‍റെ പ്രവാചകന്മാരാകുമെന്നു പ്രതീക്ഷിച്ച, അമ്പതു പ്രവാചക പുത്രന്മാര്‍"(പ്രവാചക ശിഷ്യന്മാര്‍) (ബൈബിള്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍) അവിടെ ഉണ്ടായിരുന്നു. എന്നാല്‍ ദൈവത്തിന്‍റെ ആത്മാവ് ഇവരെയെല്ലാം കടന്ന് ഒരു "പ്രവാചക പുത്രന്‍" അല്ലാതിരുന്ന എലീശയുടെ മേല്‍ വന്നു. ( 2 രാജാ 2:7,15). എലീശ യിസ്രായേലിലെ ഒരു ഭൃത്യനായി മാത്രം അറിയപ്പെട്ടിരുന്നവനായിരുന്നു - "ഏലിയാവിന്‍റെ കൈക്ക് വെളളം ഒഴിച്ചു കൊടുത്തിരുന്നവന്‍ " എന്നറിയപ്പെട്ടവന്‍ ( 2 രാജാ 3:11). അരാം രാജാവിന്‍റെ സൈന്യം യിസ്രായേലിനെ ആക്രമിച്ചപ്പോള്‍, ഈ അമ്പതു ബൈബിള്‍ - വിദ്യാര്‍ത്ഥികളില്‍ ആര്‍ക്കും യിസ്രായേലിനെ സംരക്ഷിക്കുവാന്‍ കഴിഞ്ഞില്ല - കാരണം അവരുടെ ബൈബിള്‍ സ്കൂളില്‍ അവര്‍ മോശെയുടെ ന്യായപ്രമാണം പഠിച്ചിട്ടുണ്ടായിരുന്നിരിക്കാം എങ്കിലും അവര്‍ ദൈവത്തെ അറിഞ്ഞിരുന്നില്ല. യിസ്രായേലില്‍ ദൈവവുമായി ബന്ധമുണ്ടായിരുന്ന ഏക മനുഷ്യനായ എലീശയ്ക്കു മാത്രമെ ശത്രു ആക്രമിക്കാന്‍ സാധ്യതയുളള ഇടം എവിടെയാണെന്നു കൃത്യമായി മുന്നറിയിപ്പു നല്‍കുവാന്‍ കഴിഞ്ഞുളളു. ഇന്നും ഒരു പ്രവാചകന്‍റെ ധര്‍മ്മം സമാനമായതാണ്; സാത്താന്‍ അവരെ ആക്രമിക്കാന്‍ പോകുന്നത് എവിടെയാണ് എന്ന് നേരത്തെ ദൈവജനത്തിനു മുന്നറിയിപ്പു നല്‍കുന്നത്. ഇന്നത്തെ സഭയില്‍ എലീശായെപോലെയുളള ഒരു പ്രവാചകന്, അമ്പതു പ്രസംഗകരെ (പ്രവാചകപുത്രന്മാരെ)ക്കാള്‍ അധികം, ദൈവജനത്തെ ആത്മീയ ദുരന്തത്തില്‍ നിന്നു രക്ഷിക്കുവാന്‍ കഴിയും. ഒരു മനുഷ്യന് ആത്മാവിന്‍റെ ശബ്ദം കേള്‍ക്കാന്‍കഴിയുന്നില്ലെങ്കില്‍ ബൈബിള്‍- പരിജ്ഞാനം ഒരു പ്രയോജനവും ഇല്ലാത്തതാണ്. ദൈവശബ്ദം കേള്‍ക്കാന്‍ കഴിയുന്ന ഒരുവനു മാത്രമെ സാത്താന്‍റെ തന്ത്രങ്ങളില്‍ നിന്നും, ആക്രമണങ്ങളില്‍ നിന്നും ഒരു സഭയെ രക്ഷിക്കാന്‍ കഴിയൂ. പഴയ പ്രവാചകന്മാര്‍ "ദര്‍ശകന്മാര്‍" എന്നും വിളിക്കപ്പെട്ടിരുന്നു. (" ദൈവത്താല്‍ നല്‍കപ്പെട്ട ദര്‍ശനം കൊണ്ട് ഭാവയിലുളള കാര്യങ്ങള്‍ കാണുവാന്‍ കഴിവുളളവര്‍" - 1 ശമു.9:9) ശത്രു ആക്രമിക്കുവാന്‍ പോകുന്നത് എവിടെയാണെന്ന് അവര്‍ അറിഞ്ഞു, കൂടാതെ ഒരു പ്രത്യേക പ്രവര്‍ത്തന രീതി സ്വീകരിക്കുന്നതിലുളള അപകടങ്ങളും അവര്‍ക്കു മുന്‍കൂട്ടികാണുവാന്‍ കഴിഞ്ഞു. ഇന്ന് സഭയ്ക്ക് അത്തരം ദര്‍ശകന്മാരുടെ വലിയ ഒരാവശ്യമുണ്ട്.
ദാനിയേല്‍ : യിസ്രായേല്യരെ ഈജിപ്തില്‍ നിന്നു കനാനിലേക്കു കൊണ്ടുവരുവാന്‍ ദൈവം ആഗ്രഹിച്ചപ്പോള്‍, അവിടുത്തേക്ക് ഒരു മനുഷ്യനെ ആവശ്യമായിരുന്നു. അവിടുന്നു മോശെയെ കണ്ടെത്തി. യഹൂദന്മാരെ ബാബിലോണില്‍ നിന്നു യെരുശലേമിലേക്കു കൊണ്ടുവരുവാന്‍ ദൈവം ആഗ്രഹിച്ചപ്പോള്‍, അവിടുത്തേക്കു മറ്റൊരു മനുഷ്യനെ ആവശ്യമായിരുന്നു. അവിടുന്നു ദാനിയേലിനെ കണ്ടെത്തി. യൗവ്വനകാലം മുതല്‍ ദാനിയേല്‍ വിശ്വസ്തനായിരുന്നു. തന്നെയുമല്ല ഓരോ പരീക്ഷയും അവന്‍ ജയോത്സവത്തോടെ കടന്നു. ബാബിലോണിലെ ഒരു കൗമാര പ്രായക്കാരന്‍ എന്ന നിലയില്‍, അവന്‍ കര്‍ത്താവിനു വേണ്ടി ഒരുറച്ച നിലപാടെടുത്തു. " തന്നെത്താന്‍ അശുദ്ധമാക്കുകയില്ല എന്നു ദാനിയേല്‍ തന്‍റെ ഹൃദയത്തില്‍ നിശ്ചയിച്ചു" (ദാനി 1:8)- എല്ലാ ചെറുപ്പക്കാര്‍ക്കും ഓര്‍മ്മിക്കാന്‍ പറ്റിയ ഒരു നല്ല വാക്യം. യഹൂദന്മാരായ മറ്റെല്ലായുവാക്കളും രാജാവിനെ ഭയപ്പെട്ട് രാജാവിന്‍റെ മേശയില്‍ വിളമ്പിയ ഭക്ഷണം (ലേവ്യപുസ്തകത്തില്‍ ദൈവം വിലക്കിയിട്ടുളള ഭക്ഷണം) മടികാണിക്കാതെ ഭക്ഷിച്ച പ്പോള്‍, ദാനിയേല്‍ മാത്രം അതു കഴിക്കുന്നതു നിരസിച്ചു. ദാനിയേല്‍ ഒരു നിലപാടെടുക്കുന്നതു കണ്ട, മറ്റു മൂന്നു യുവാക്കള്‍ അവിടെ ആ മേശയില്‍ ഉണ്ടായിരുന്നു, അവര്‍ ദാനിയേലിനോടു ചേര്‍ന്നു. അപ്പോള്‍ ദാനിയേലും മറ്റു മൂന്നു ചെറുപ്പക്കാരും ബാബിലോണില്‍ ദൈവത്തിനുവേണ്ടി ശക്തിയുളള ഒരു സ്വാധീനമായി തീര്‍ന്നു. 70 വര്‍ഷങ്ങള്‍ക്കുശേഷം, ദാനിയേല്‍ 90 വയസ്സു പ്രായമായപ്പോള്‍,അദ്ദേഹത്തിന്‍റെ പ്രാര്‍ത്ഥനകള്‍, ബാബിലോണില്‍ നിന്നു തിരികെ യെരുശലേമിലുക്കുളള യഹൂദന്മാരുടെ പ്രയാണത്തിനു തുടക്കം കുറിച്ചു. ഇന്നും ദൈവജനത്തിനു ആത്മീയ ബാബിലോണില്‍ നിന്നും (വ്യാജസഭ) ആത്മീയ യെരുശലേമിലേക്ക് (ക്രിസ്തുവിന്‍റെ ശരീരം) ഒരു പ്രയാണം ഉണ്ട്, അങ്ങനെയൊരു പ്രയാണത്തിനും, ദൈവത്തിനു മനുഷ്യരെ ആവശ്യമുണ്ട്. ദാനിയേലിന്‍റെ മൂന്നു സ്നേഹിതന്മാരായ ഹനന്യാവ്, മിശായേല്‍, അസര്യാവ് എന്നിവരെ പോലെ ( ദാനി 1:11) അനേകര്‍ ഇന്നുണ്ട്. അവര്‍ കര്‍ത്താവിനുവേണ്ടി നില്‍ക്കുവാന്‍ അത്യുത്സാഹമുളളവരാണ്, എന്നാല്‍ അവര്‍ക്കു സ്വയമായി അങ്ങനെ ചെയ്യുവാനുളള ധൈര്യമില്ല. അവരെ നയിക്കുവാന്‍ ഒരു ദാനിയേലിനായി അവര്‍ കാത്തിരിക്കുകയാണ്. ആയതിനാല്‍ ദൈവം പിന്നെയും ദാനിയേലുമാര്‍ക്കായി അന്വേഷിക്കുന്നു.

ഓരോ തലമുറയിലും ദൈവത്തിനു അവിടുത്തെ നാമത്തിനായി ഒരു നിര്‍മ്മല സാക്ഷ്യം ആവശ്യമുണ്ട്. നമ്മുടെ തലമുറയിലും ദൈവം അവിടുത്തെതന്നെ, ഒരു സാക്ഷിയില്ലാതെ, ശേഷിപ്പിക്കുകയില്ല. ഈ തലമുറയില്‍ ദൈവത്തിനു പൂര്‍ണ്ണമായി ലഭ്യമാകപ്പെടുവാന്‍ തക്കവണ്ണം ഒരു വില നിങ്ങള്‍ കൊടുക്കുമോ?