ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   നേതാവ്‌
WFTW Body: 

ന്യായാധിപന്മാര്‍ 6:34 ല്‍ എഴുതിയിരിക്കുന്നത്, "ദൈവത്തിന്‍റെ ആത്മാവ് ഗിദെയോനെ ധരിപ്പിച്ചു" എന്നാണ്. അവന്‍ ധരിച്ചിരുന്ന വസ്ത്രം പോലെ പരിശുദ്ധാത്മാവ് അവന്‍റെ മേല്‍ വന്നു. ഗിദെയോന് അധികാരം ലഭിച്ചിട്ട് അവന്‍ കാഹളം ഊതുകയും യുദ്ധത്തിന് പുറപ്പെടുകയും ചെയ്തു. 32,000 പേര്‍ അവനോടു കൂടെ യുദ്ധത്തിനു പോകാനായി വന്നു. എന്നാല്‍ യഹോവ അവനോട്, അവന്‍റെ കൂടെയുളള ജനം വളരെ അധികമാണെന്നു പറഞ്ഞു. (ന്യായാധിപന്മാര്‍ 7:2). ദൈവത്തിന് അവരെ എല്ലാവരെയും ആവശ്യമില്ലായിരുന്നു കാരണം അവര്‍ പൂര്‍ണ്ണമനസ്കരല്ലായിരുന്നു. അതുകൊണ്ട് ഭയമുളള എല്ലാവരും ഭവനത്തിലേക്ക് മടങ്ങി പോകുവാന്‍ ഗിദെയോന്‍ പറഞ്ഞു.

അതു തന്നെയാണ് കര്‍ത്താവ് നമ്മോടും പറയുന്നത്:" നിങ്ങള്‍ പിശാചിനെ ഭയപ്പെടുന്നുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ ഭവനത്തിലേക്ക് പോകുക. ആരെങ്കിലും നിങ്ങളെ 'ബേല്‍സെബൂല്‍' എന്നോ 'ദുരുപദേഷ്ടാവ്' എന്നോ 'കളള പ്രവാചകന്‍' എന്നോ വിളിക്കുമെന്ന് നിങ്ങള്‍ ഭയപ്പെടുന്നുണ്ടോ? അങ്ങനെയെങ്കില്‍ നിങ്ങള്‍ ഭവനത്തിലേക്ക് പോകുക. കര്‍ത്താവിനെ സേവിച്ച് നിങ്ങളുടെ സമയം പാഴാക്കരുത്"

അന്ന് 22,000 പേര്‍ ഭവനത്തിലേക്ക് തിരിച്ചു പോയി.10,000 പേര്‍ പിന്നെയും ശേഷിച്ചു (ന്യായാധിപന്മാര്‍ 7:3). ഇപ്പോഴും ജനങ്ങള്‍ അധികമാണെന്ന് ദൈവം പറഞ്ഞു. അവരും പൂര്‍ണ്ണ ഹൃദയരല്ലായിരുന്നു. അവരില്‍ അധികംപേരും സ്വന്തം അന്വേഷിക്കുന്നവരായിരുന്നതു കൊണ്ട് അവരെ നീക്കികളയണമായിരുന്നു. " അവരെ വെളളത്തിലേക്കു കൊണ്ടുപോക അപ്പോള്‍ അവിടെ വെച്ച് ഞാന്‍ അവരെ പരിശോധിക്കാം" (വാ:4). അവര്‍ വെളളത്തിന്‍റെ അടുത്തെത്തിയപ്പോള്‍, അവരില്‍ മിക്കവരും ശത്രുവിന്‍റെ കാര്യമെല്ലാം മറന്ന് വെളളത്തില്‍ മുട്ടുകുത്തി കുനിഞ്ഞുനിന്ന് വെളളം കുടിക്കാന്‍ തുടങ്ങി. മിക്ക ക്രിസ്ത്യാനികളും അങ്ങനെയാണ് ലോകത്തിലുളള ആകര്‍ഷകങ്ങളായ കാര്യങ്ങള്‍ കാണുമ്പോള്‍, അവര്‍ കര്‍ത്താവിനെയും കര്‍ത്താവിന്‍റെ യുദ്ധങ്ങളെയും കുറിച്ചുളളതെല്ലാം മറന്ന് അത്യാഗ്രഹത്തോടെ, സമ്പത്തിന്‍റെ പിന്നാലെ ഓടുന്ന കാര്യത്തില്‍ തലപൂഴ്ത്തുന്നു. ഗിദെയോന്‍റെ പടയാളികളില്‍ 9700 പേര്‍ ആ ദിവസം അയോഗ്യരായി തളളപ്പെട്ടു.

പിന്നെ അവിടെ 300 പേര്‍ മാത്രം ശേഷിച്ചു. ഈ പുരുഷന്മാര്‍ വെളളത്തിന്‍റെ അടുത്തെത്തിയപ്പോള്‍, ജാഗ്രതയോടു കൂടി ശത്രുക്കള്‍ വരുന്നുണ്ടോ എന്നു നോക്കിക്കൊണ്ട് അന്നേരത്തെ ദാഹം തീര്‍ക്കുവാന്‍ മതിയായ വെളളം മാത്രം അവരുടെ കൈകൊണ്ട് കോരി നക്കി കുടിച്ചു. ഇവര്‍ പണവും ഭൗതിക വസ്തുക്കളും, അവയാല്‍ പിടിക്കപ്പെട്ടു പോകാതെ ഉപയോഗിക്കുന്നവരായ വിശ്വാസികളുടെ ഒരു ദൃഷ്ടാന്തമാണ്. അവര്‍ ഉപജീവനത്തിനുവേണ്ടി തങ്ങളുടെ ഉദ്യോഗങ്ങളില്‍ വിശ്വസ്തതയോടെ പ്രവൃത്തിക്കുന്നു. എന്നാല്‍ അവരുടെ ശേഷിക്കുന്ന സമയം കര്‍ത്താവിനുവേണ്ടി അവരാല്‍ കഴിയുന്നതു ചെയ്യുന്നതിനായി ചെലവാക്കുന്നു. ദൈവം പറയുന്നത്, "അങ്ങനെയുളള വരെയാണ് എനിക്കാവശ്യം", അന്ന് ആ സൈന്യത്തില്‍ 300 പേര്‍ മാത്രമെ ശേഷിച്ചുളളു - ആരംഭത്തില്‍ ഉണ്ടായിരുന്ന 32000 ത്തിന്‍റെ ഒരു ശതമാനത്തേക്കാള്‍ കുറവ്. ഈ ശതമാനം എപ്പോഴും ചെറിയതാണ്, കാരണം ജീവനിലേക്കുളള വഴി ഇടുക്കമുളളതും അതു കണ്ടെത്തുന്നവര്‍ ചുരുക്കവുമാണ്. 600000 പേരില്‍ 2 പേര്‍ -യോശുവയും കാലേബും - മാത്രമാണ് വാഗ്ദത്തദേശത്തു പ്രവേശിച്ചത്. എന്നാല്‍ കര്‍ത്താവ് ആ ചുരുക്കം പേരില്‍ സന്തുഷ്ടനായിരുന്നു.

ന്യായാധിപന്മാര്‍ 7:16 ല്‍ നാം വായിക്കുന്നത് ഗിദെയോന്‍ തന്‍റെ സൈന്യത്തെ 100 പേര്‍ വീതമുളള മൂന്ന് സംഘങ്ങളായി വിഭാഗിച്ചു. ഓരോരുത്തനും കൈയില്‍ ഒരു കാഹളവും, ഒഴിഞ്ഞ കുടവും, കുടത്തിനകത്ത് ഓരോ പന്തവും വഹിച്ചിരുന്നു. വെളിച്ചം പുറത്തുവരത്തക്കവണ്ണം. അവര്‍ കുടം ഉടച്ചതിനുശേഷം അവര്‍ തങ്ങളുടെ കാഹളം ഊതി. നമ്മുടെ ജീവിതവും ശുശ്രൂഷയും എപ്രകാരം ആയിരിക്കണമെന്നതിന്‍റെ ഒരു ചിത്രമാണിത്. നാം എല്ലാവരും മണ്‍കുടങ്ങളാണ് എന്നാല്‍ " ദൈവതേജസ്സിന്‍റെ ഈ നിക്ഷേപം നമ്മുടെ മണ്‍പാത്രങ്ങളിലാണ് നമുക്ക് ലഭിച്ചിരിക്കുന്നത്" (2 കൊരിന്ത്യര്‍ 4:6,7) എന്നാല്‍ മറ്റുളളവര്‍ക്ക് ഈ പ്രകാശം കാണാന്‍ കഴിയുന്നതിനു മുമ്പ്, അനേകം ശോധനകളിലൂടെ - " യേശുവിന്‍റെ മരണം" - ഈ മണ്‍പാത്രം തകര്‍ക്കപ്പെടെണ്ടതുണ്ട് ( 2 കൊരി 4:7-11). അല്ലാത്തപക്ഷം ഈ പ്രകാശം എന്നേക്കുമായി നമ്മില്‍ തന്നെ മറയ്ക്കപ്പെട്ടിരിക്കും. ഗിദെയോന്‍റെ സൈന്യം വഹിച്ചിരുന്ന മണ്‍കുടങ്ങളും അതു തകര്‍ക്കുമ്പോള്‍ മാത്രം ദൃശ്യമാകത്തക്കവിധം അതിനകത്തു വച്ചിരുന്ന പന്തങ്ങളുടെയും കാര്യം ചിന്തിച്ചു കൊണ്ടായിരുന്നു പൗലോസ് ഇതെഴുതിയത്. നമ്മുടെ ഉളളിലുളള ക്രിസ്തുവിന്‍റെ ജീവന്‍റെ വെളിച്ചം പുറത്തേക്ക് പ്രകാശിക്കുന്നതിനുവേണ്ടി, അനേക സാഹചര്യങ്ങളിലൂടെ ദൈവം നമ്മെ തകര്‍ക്കുവാന്‍ നോക്കുന്നു. കാഹളം ഊതുന്നത്, കര്‍ത്താവിന്‍റെ മഹത്വത്തെയും അവിടുത്തെ വചനത്തെയും ലജജകൂടാതെ പ്രഘോഷിക്കുന്നതിന്‍റെ ഒരു ചിത്രമാണ്. ദൈവം ഇന്ന് അങ്ങനെയുളള സ്ത്രീപുരുഷന്മാരെയാണ് അന്വേഷിക്കുന്നത്.

ആരംഭത്തില്‍, ഗിദെയോന്‍ യുദ്ധത്തിനു പോകുന്നതിനു മുമ്പ്, യഹോവ അവനോടു പറഞ്ഞു, " നിനക്ക് അല്‍പ്പം കൂടെ ധൈര്യം ആവശ്യമുണ്ടെങ്കില്‍, രാത്രിയില്‍ നീ ശത്രുപായളത്തിന്‍റെ നേരെ ഇറങ്ങിചെല്ലുക എന്നിട്ട് അവര്‍ സംസാരിക്കുന്നതു നീ ശ്രദ്ധിക്കുക" (ന്യായാധിപന്മാര്‍ 7:10,11). ഗിദെയോന്‍ അവിടേക്ക് ഇറങ്ങി ചെന്നപ്പോള്‍, അവര്‍ എല്ലാവരും അവനെയും അവന്‍റെ കൂടെയുളള ആളുകളെയും ഭയപ്പെടുന്നതായി അവന്‍ കേട്ടു. ഇന്ന് നിങ്ങള്‍ പിശാചിന്‍റെ പാളയത്തിലേക്കു ചെന്നാല്‍, യേശുവിനെയും അവിടുത്തെ പിന്‍ഗമിക്കുന്നവരെയും അവര്‍ ഭയപ്പെടുന്നു. എന്ന് അവര്‍ പറയുന്നത് നിങ്ങള്‍ കേള്‍ക്കും. സാത്താനെതിരായി യുദ്ധം ചെയ്യുന്നതിനു വേണ്ടി പോകുവാന്‍ അതു നമ്മെ പ്രോത്സാഹിപ്പിക്കും. പിശാച് യേശുക്രിസ്തുവിനെ ഭയപ്പെടുന്നു - അവന്‍ വാസ്തവത്തില്‍ നമ്മെയും ഭയപ്പെടുന്നു - നാം യാഥാര്‍ത്ഥ ശിഷ്യന്മാരാണെങ്കില്‍. അതു കൊണ്ട് അവന്‍ നമ്മെ പേടിപ്പിക്കാന്‍ ശ്രമിക്കുമ്പോഴൊക്കെ അവന്‍റെ ഭോഷ്ക് നമുക്ക് വിളിച്ചു പറയാം.