WFTW Body: 

മത്തായി 25:1-13 വരെയുളള വാക്യങ്ങളില്‍, പത്തു കന്യകമാരെക്കുറിച്ച് യേശു സംസാരിക്കുന്നു. അവരില്‍ ആരും തന്നെ വ്യഭിചാരിണികളല്ലായിരുന്നു (ആത്മീയ വ്യഭിചാരം എന്നതിന്‍റെ നിര്‍വ്വചനത്തിനായി യാക്കോബ് 4:4 കാണുക). അവരെല്ലാവരും കന്യകമാരായിരുന്നു.മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, അവര്‍ക്കു മനുഷ്യരുടെ മുമ്പാകെ നല്ല സാക്ഷ്യം ഉണ്ടായിരുന്നു. അവരുടെ വിളക്കുകളെല്ലാം കത്തിക്കൊണ്ടിരിക്കുകയായിരുന്നു (മത്തായി 5:16). അവരുടെ നല്ല പ്രവൃത്തികള്‍ മറ്റുളളവര്‍ കാണത്തക്കവണ്ണമായിരുന്നു. എന്നിട്ടും ഈ എല്ലാ കന്യകമാരുടെയും ഇടയില്‍ ബുദ്ധിയുളളവര്‍ അഞ്ചുപേര്‍ മാത്രമായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഇത് എല്ലാവര്‍ക്കും വ്യക്തമല്ലായിരുന്നു. അഞ്ചുപേര്‍ മാത്രമെ തങ്ങളുടെ കൂടെ പാത്രങ്ങളില്‍ എണ്ണ എടുത്തിരുന്നുളളു (മത്തായി 25:4).

പ്രകാശത്തെ രാത്രിയില്‍ കാണാന്‍ കഴിയുന്നതു പോലെ, ആപാത്രത്തിലുളള എണ്ണ രാത്രിയില്‍ കാണാന്‍ കഴിയുമായിരുന്നില്ല, അത് ഈ ലോകത്തിന്‍റെ അന്ധകാരത്തില്‍ മനുഷ്യര്‍ക്കു കാണാന്‍ പറ്റാത്ത, എന്നാല്‍ ദൈവത്തിന്‍റെ മുമ്പാകെയുളള മറയ്ക്കപ്പെട്ടിരിക്കുന്ന ജീവിതത്തെക്കുറിച്ചാണ് പറയുന്നത്. നമുക്കെല്ലാവര്‍ക്കും ഒരു പാത്രമുണ്ട്. എന്നാല്‍ നമുക്ക് അതിനകത്ത് എണ്ണയുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം.

തിരുവചനത്തിലുടനീളം എണ്ണ എന്നത് പരിശുദ്ധാത്മാവിന്‍റെ പ്രതീകമായാണ് ഉപയോഗിച്ചിരിക്കുന്നത് കൂടാതെ നമ്മുടെ ആത്മാവിലേക്ക് പരിശുദ്ധാത്മാവ് പകരുന്ന ദൈവത്തിന്‍റെ തന്നെ ജീവനെക്കുറിച്ചാണ് ഇവിടെ സൂചിപ്പിച്ചിരിക്കുന്നത്. ആ ജീവന്‍റെ പുറമേയുളള വെളിപ്പെടുത്തലാണ് പ്രകാശം (യോഹന്നാന്‍ 1:4). അകത്തുളളത് എണ്ണയാണ്. അനേകരും തങ്ങളുടെ പുറമേയുളള സാക്ഷ്യത്താല്‍ മാത്രം പിടിക്കപ്പെട്ടവരാണ്. ഇത് അവരുടെ ഭോഷത്തമാണ്. പുറമേയുളള പ്രകാശം കൊണ്ടുമാത്രം മതിയാവുകയില്ല എന്നു നാം കണ്ടെത്തുന്നത്, ശോധനയുടെയും കഷ്ടതകളുടെയും സമയങ്ങളിലാണ്. നമ്മെ ജയോത്സവമായി വഹിച്ചുകൊണ്ടുപോകുന്നതിന് ഒരുവന് ദിവ്യജീവന്‍റെ ആന്തരിക ഉളളടക്കം ആവശ്യമാണ്.

"നിന്‍റെ ഒരു പ്രതിസന്ധിഘട്ടത്തില്‍ നീ ബലഹീനനാണെങ്കില്‍, നീ യഥാര്‍ത്ഥത്തില്‍ ബലഹീനനാണ് (സദൃശ :24:10). ജീവിതത്തിലെ പ്രതിസന്ധികളാണ് നാം എത്രമാത്രം ശക്തരാണെന്നോ, ബലഹീനരാണെന്നോ നമുക്ക് കാണിച്ചുതരുന്നത്. ഈ ഉപമയില്‍, മണവാളന്‍റെ വരവു താമസിപ്പിച്ചതാണ് പ്രതിസന്ധി. കാലമാണ് നമ്മുടെ ആത്മീയതയുടെ യഥാര്‍ത്ഥ്യം തെളിയിക്കുന്നത്.

വിശ്വാസമുളളവന്‍ അവസാനത്തോളം സഹിച്ചു നില്‍ക്കും, അവന്‍ രക്ഷിക്കപ്പടുകയും ചെയ്യും. തന്‍റെ ജീവതത്തില്‍ ആന്തരിക ജീവന്‍റെ ഉളളടക്കം ഉളളവന്‍ ആരെന്നും ഇല്ലാത്തവന്‍ ആരെന്നും തെളിയിക്കുന്നതും കാലം തന്നെയാണ്. അനേകരും ക്ഷണത്തില്‍ മുളച്ചുവന്ന വിത്തുപോലെയാണ് എന്നാല്‍ അവര്‍ക്ക് ആന്തരിക ജീവന്‍ ഇല്ല. അവരുടെ ഹൃദയങ്ങളില്‍ മണ്ണിന് താഴ്ച ഇല്ല (മാര്‍ക്കോസ് 4:5).

അതു കൊണ്ടാണ് പുതിയ വിശ്വാസികളെ സംബന്ധിച്ച് അവരുടെ ആത്മീയതയോ അവരുടെ പൂര്‍ണ്ണമനസ്കതയോ തിട്ടപ്പെടുത്തുവാന്‍ പ്രയാസമായിരിക്കുന്നത്. നമുക്ക് കാത്തിരിക്കുവാനുളള സഹിഷ്ണുത ഉണ്ടെങ്കില്‍, കാലം സകലവും വെളിപ്പെടുത്തും. ക്രിസ്തുവിന്‍റെ വരവിനായി ഒരുങ്ങുന്നതിനുളള മാര്‍ഗ്ഗം, നിര്‍മ്മലമായ ഒരു ആന്തിരക ജീവന്‍ ഉണ്ടായിരിക്കുന്നതും നമുക്കു ചുറ്റുമുളള മനുഷ്യര്‍ക്കു കാണാന്‍ കഴിയാത്ത കാര്യങ്ങളായ നമ്മുടെ ചിന്തകള്‍, ഭാവങ്ങള്‍, ലക്ഷ്യങ്ങള്‍ തുടങ്ങിയവയിലെല്ലാം ദൈവത്തിന്‍റെ മുമ്പാകെ വിശ്വസ്തത ഉണ്ടായിരിക്കുക എന്നതുമാണ്. ഇവ നമുക്കില്ലെങ്കില്‍, നാം ക്രിസ്തുവിന്‍റെ വരവിനായി ഒരുക്കമുളളവരാണ് എന്നു ചിന്തിച്ചാല്‍ നാം നമ്മെതന്നെ വഞ്ചിക്കുകയാണ്.