WFTW Body: 

യേശുവിൻ്റെ ജീവിതം സമ്പൂർണ്ണമായ സ്വസ്ഥതയുടെ ഒരു ജീവിതമായിരുന്നു. ഒരു ദിവസം 24 മണിക്കൂറുകൾ കൊണ്ട് തൻ്റെ പിതാവിൻ്റെ സകല ഹിതവും ചെയ്യുവാൻ അവിടുത്തേക്ക് വേണ്ടത്ര സമയമുണ്ടായിരുന്നു. എന്നാൽ അവിടുത്തേക്ക് നല്ലതെന്നു തോന്നിയ കാര്യങ്ങൾ ചെയ്യാൻ താൻ തീരുമാനിച്ചിരുന്നെങ്കിൽ, ഒരു ദിവസം 24 മണിക്കൂർ മതിയാകുമായിരുന്നില്ല തന്നെയുമല്ല അവിടുന്ന് മിക്ക ദിവസങ്ങളിലും അസ്വസ്ഥതയിൽ അവസാനിക്കുമായിരുന്നു.

യെരുശലേം ദേവാലയത്തിൻ്റെ സുന്ദരം എന്ന ഗോപുരവാതിലിനു പുറത്ത് ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ഒരു മുടന്തനായ മനുഷ്യനെ യേശു മിക്കപ്പോഴും കണ്ടു. എന്നാൽ അവിടുന്ന് അയാളെ സൗഖ്യമാക്കിയില്ല, കാരണം അങ്ങനെ ചെയ്യാൻ, തൻ്റെ പിതാവിൽ നിന്ന് അവിടുത്തേക്ക് മാർഗ്ഗദർശനമൊന്നും ലഭിച്ചില്ല. പിന്നീട്, അവിടുന്നു സ്വർഗ്ഗാരോഹണം ചെയ്തതിനു ശേഷം, പത്രൊസും യോഹന്നാനും ആ മനുഷ്യന് സൗഖ്യം വരുത്തി - പിതാവിൻ്റെ തികവുള്ള സമയത്ത് - അതുമാത്രമല്ല അതിൻ്റെ ഫലമായി അനേകർ കർത്താവിലേക്കു തിരിയുന്നതിനും ഇടയായി (പ്രവൃത്തി. 3:1-4:4). അതായിരുന്നു ആ മനുഷ്യനെ സൗഖ്യമാക്കുന്നതിനുള്ള പിതാവിൻ്റെ സമയം, നേരത്തെ ആയിരുന്നില്ല. ആ മനുഷ്യനെ യേശു നേരത്തെ സൗഖ്യമാക്കിയിരുന്നെങ്കിൽ യേശു പിതാവിൻ്റെ ഹിതത്തെ തടസ്സപ്പെടുത്തുമായിരുന്നു. പിതാവിൻ്റെ സമയം തികവുള്ളതാണെന്ന് അവിടുത്തേക്കറിയാമായിരുന്നു അതുകൊണ്ട് ഒരു കാര്യവും ചെയ്യുന്നതിന് ഒരിക്കലും അക്ഷമനായിരുന്നില്ല.

അവിടുത്തേക്കുണ്ടായ ഓരോ തടസ്സങ്ങളിലും യേശുവിനു സന്തോഷിക്കാൻ കഴിഞ്ഞു, കാരണം തൻ്റെ ദൈനംദിന പ്രവർത്തന പട്ടിക ആസൂത്രണം ചെയ്യുന്നത് സ്വർഗ്ഗത്തിലുള്ള പരമാധികാരിയായ പിതാവാണെന്ന വസ്തുത അവിടുന്ന് അംഗീകരിച്ചു. അതുകൊണ്ട് അവിടുന്ന് തടസ്സങ്ങൾ കൊണ്ട് ഒരിക്കലും അസഹ്യപ്പെട്ടില്ല. യേശുവിൻ്റെ ജീവൻ നമ്മുടെ ആന്തരികജീവനെയും പൂർണ്ണമായ സ്വസ്ഥതയിലേക്കു കൊണ്ടുവരും. ഇതിൻ്റെ അർഥം നാമൊന്നും ചെയ്യുകയില്ല എന്നല്ല, എന്നാൽ നമ്മുടെ ജീവിതങ്ങൾക്കു വേണ്ടി പിതാവിൻ്റെ പദ്ധതിയിലുള്ള കാര്യങ്ങൾ മാത്രമെ നാം ചെയ്യൂ എന്നാണ്. അപ്പോൾ നാം മുൻനിർണ്ണയിച്ച കാര്യപരിപാടി ചെയ്യുന്നതിനേക്കാൾ പിതാവിൻ്റെ ഇഷ്ടം നിവർത്തിക്കുന്നതിൽ നാം കൂടുതൽ ആകാംക്ഷയുള്ളവരായിരിക്കും.

ദേഹീപരരായ ക്രിസ്ത്യാനികൾ മിക്കപ്പോഴും മുൻകോപികളും അസ്വസ്ഥരും ആയിരിക്കത്തക്കവിധം "അവരുടെ സ്വന്ത താൽപര്യം" നിവർത്തിക്കുന്നതിന് അത്രമാത്രം ഏകാഗ്രതയുള്ളവരാണ്. അവരിൽ ചിലർ ഒടുവിൽ നാഡീ സംബന്ധമായോ ശാരീരികമായോ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലെത്തി ചേരുന്നു. മാർത്ത കർത്താവിനെയും അവിടുത്തെ ശിഷ്യന്മാരെയും ശുശ്രൂഷിച്ചതിലൂടെ ഒരു പാപവും ചെയ്യുകയായിരുന്നില്ല. എന്നിട്ടും അവൾ അസ്വസ്ഥയും മറിയയിൽ കുറ്റം കണ്ടു പിടിക്കുന്നവളും ആയിരുന്നു. ഇത് ദേഹീപരമായ ശുശ്രൂഷയുടെ വ്യക്തമായ ഒരു ചിത്രമാണ്. ദേഹീപരരായ ക്രിസ്ത്യാനികൾ അസ്വസ്ഥരും മുൻകോപികളും ആണ്. അവൻ അവൻ്റെ "സ്വന്തം പ്രവൃത്തികളിൽ" നിന്ന് നിവൃത്തനായില്ല അതുകൊണ്ട് അവൻ ദൈവത്തിൻ്റെ സ്വസ്ഥതയിൽ പ്രവേശിച്ചില്ല (എബ്രാ. 4:10). അവൻ്റെ ഉദ്ദേശ്യങ്ങൾ നല്ലതാണ്, എന്നാൽ രക്ഷിക്കപ്പെട്ട ശേഷം പോലും അവൻ്റെ സ്വന്തം പ്രവൃത്തികൾ അതെത്ര നല്ലതാണെങ്കിലും, ദൈവത്തിൻ്റെ ദൃഷ്ടിയിൽ, അപ്പോഴും അത് കറ പുരണ്ട തുണിയാണ് എന്ന് അവൻ മനസ്സിലാക്കിയിട്ടില്ല (യെശ. 64:6).

മാർത്തയെപ്പോലെ സേവനം ചെയ്യുന്നവർ, എത്ര പരമാർത്ഥികളായാലും, യഥാർത്ഥത്തിൽ അവർ തങ്ങളെതന്നെ സേവിക്കുകയാണ്. അവരെ കർത്താവിൻ്റെ വേലക്കാർ എന്നു വിളിക്കാൻ കഴിയില്ല കാരണം ഒരു ദാസൻ (വേലക്കാരൻ) സേവിക്കുന്നതിനു മുമ്പ് തൻ്റെ യജമാനൻ അവനോട്‌ എന്തു ചെയ്യാനാണ് പറയുന്നത് എന്നു കേൾക്കാൻ കാത്തു നിൽക്കുന്നു. യേശുവിന് നാഡീ സംബന്ധമായ ഒരു നിശ്ചലാവസ്ഥ ഉണ്ടാകുന്നത് അസംഭവ്യമായിരുന്നു, കാരണം അവിടുന്ന് തൻ്റെ ആന്തരിക മനുഷ്യനിൽ പരിപൂർണ്ണ സ്വസ്ഥതയിൽ ആയിരുന്നു. അവിടുന്നു നമ്മോടു പറയുന്നത്,
എൻ്റെ നുകം ഏറ്റുകൊണ്ട് എന്നിൽ നിന്നു പഠിപ്പിൻ, എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും (മത്താ.11:29) എന്നാണ്‌. ഇതാണ് ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് ദൈവ വചനത്തിൽ നമുക്കു കാണിച്ചു തരുന്ന യേശുവിൻ്റെ തേജസ്സ്. ഈ തേജസ്സ് തന്നെയാണ് നമ്മിലേക്കു പകരുവാനും നമ്മിലൂടെ വെളിപ്പെടുത്തുവാനും അവിടുന്നാഗ്രഹിക്കുന്നത്.

യഹോവ നമ്മുടെ ഇടയനാകുന്നു. അവിടുന്നു തൻ്റെ ആടുകളെ സ്വസ്ഥതയുടെ മേച്ചിൽ സ്ഥലത്തേക്കു നയിക്കുന്നു. ആടുകളുടെ കാര്യപരിപാടികൾ പ്ലാൻ ചെയ്യുന്നതോ അടുത്തതായി ഏതു പുൽത്തകിടിയിലേക്കാണു പോകേണ്ടത് എന്നു തീരുമാനിക്കുന്നതോ അവയല്ല. അവ തങ്ങളുടെ ഇടയനെ അനുഗമിക്കുക മാത്രമാണ് ചെയ്യുന്നത്. അങ്ങനെ ഇടയനെ പിൻഗമിക്കണമെങ്കിൽ ഒരുവൻ 'ആത്മധൈര്യ'ത്തിൽ നിന്നും 'താൻപോരിമ'യിൽ നിന്നും തന്നെത്തന്നെ ശൂന്യമാക്കേണ്ട ആവശ്യമുണ്ട്. യേശു സൗമ്യതയോടെ തൻ്റെ പിതാവിനെ അനുഗമിച്ചു. എന്നാൽ ദേഹീപരരായ ക്രിസ്ത്യാനികൾ ആടുകളാകാൻ ആഗ്രഹിക്കുന്നില്ല, അതുകൊണ്ടുതന്നെ അവരുടെ ബുദ്ധിശക്തിയാൽ അവർ തെറ്റായ വഴികളിലേക്കു നയിക്കപ്പെടുന്നു. നമ്മുടെ ബുദ്ധിശക്തി ദൈവത്തിൻ്റെ അതിശയകരവും ഏറ്റവും പ്രയോജനകരവുമായ ഒരു വരദാനമാണ്, എന്നാൽ അതിനെ നമ്മുടെ ജീവിതത്തിൻ്റെ ആധിപത്യ സ്ഥാനത്തിലേക്ക് ഉയർത്തിയാൽ അതിന് മറ്റ് എല്ലാ വരങ്ങളേക്കാൾ അപകടകാരിയായി തീരാൻ കഴിയും.

"പിതാവെ, അവിടുത്തെ ഇഷ്ടം സ്വർഗ്ഗത്തിലെ പോലെ ഭൂമിയിലും ചെയ്യണമേ" എന്നു പ്രാർഥിക്കുവാൻ കർത്താവു തൻ്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. എങ്ങനെയാണ് സ്വർഗ്ഗത്തിൽ ദൈവത്തിൻ്റെ ഇഷ്ടം ചെയ്യപ്പെടുന്നത്? അവിടെയുള്ള മാലാഖമാർ ചുറ്റും ഓടി നടന്ന് 'ദൈവത്തിനു വേണ്ടി' എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുകയല്ല. അവർ അങ്ങനെ ചെയ്തെങ്കിൽ അവിടെ കലക്കം ഉണ്ടാകുമായിരുന്നു. അവർ എന്താണു ചെയ്യുന്നത്? അവിടുന്നു കൽപ്പിക്കുന്നതെന്താണെന്നു കേൾക്കുവാൻ ദൈവസന്നിധിയിൽ കാത്തു നിന്നിട്ട്, വ്യക്തിപരമായി അവരോട് ഒരോരുത്തരോടും പറയുന്നത് അവർ കൃത്യമായി ചെയ്യുന്നു. സെഖര്യാവിനോട് ഗബ്രിയേൽ ദൂതൻ്റെ വാക്കുകൾ ശ്രദ്ധിക്കുക, "ഞാൻ ദൈവ സന്നിധിയിൽ നിൽക്കുന്ന ഗബ്രിയേൽ ആകുന്നു, നിന്നോടു സംസാരിക്കുവാൻ ഞാൻ അയയ്ക്കപ്പെട്ടിരിക്കുന്നു..." (ലൂക്കോ. 1:19). കർത്താവായ യേശുവും ഇതേ സ്ഥാനമാണ് എടുത്തത് - അവിടുത്തെ പിതാവിൻ്റെ സന്നിധിയിൽ കാത്തുനിന്ന്, അവിടുത്തെ ശബ്ദം കേട്ട്, അവിടുത്തെ ഹിതം ചെയ്തുകൊണ്ട്.

ദേഹീ പരരായ ക്രിസ്ത്യാനികൾ കഠിനമായി അധ്വാനിക്കുകയും കൂടുതൽ ത്യാഗം സഹിക്കുകയും ചെയ്തേക്കാം, നിത്യതയുടെ തെളിഞ്ഞ വെളിച്ചം വെളിപ്പെടുത്താൻ പോകുന്നത് "രാത്രി മുഴുവൻ അവർ അധ്വാനിച്ചു എങ്കിലും ഒന്നും പിടിച്ചില്ല" എന്നായിരിക്കും. എന്നാൽ നാൾതോറും തങ്ങളുടെ ക്രൂശ് എടുത്ത് (തങ്ങളുടെ ദേഹീ ജീവനെ നിഷേധിച്ച് അതിനെ മരണത്തിനേൽപിച്ചവർക്കു) കർത്താവിനെ അനുസരിച്ചവർക്ക്, ആ നാളിൽ വലനിറയെ മീനുണ്ടായിരിക്കും (യോഹ. 21:1-6).

"ഞാൻ അവനുവേണ്ടി ആസൂത്രണം ചെയ്ത വേലയിൽ നിന്നു ശ്രദ്ധ തിരിക്കുവാൻ തന്നെത്തന്നെ അനുവദിക്കുന്നവൻ ആരും ദൈവരാജ്യത്തിനു യോഗ്യനല്ല" (ലൂക്കോ. 9:62 - ടി എൽ ബി).