WFTW Body: 

ദൈവത്തിന്റെ അടിമയായിരിക്കുവാനാണ് പുതിയനിയമം നമ്മെ പ്രബോധിപ്പിക്കുന്നത്. യേശുക്രിസ്തുവിന്റെ അടിമ എന്നാണ് പൗലൊസ് തന്നെത്തന്നെ വിളിച്ചത്.

പഴയനിയമത്തില്‍ രണ്ടുതരം വേലക്കാരെക്കുറിച്ചു പറയുന്നു. അടിമയും കൂലി വാങ്ങുന്ന വേലക്കാരനും. കൂലി വാങ്ങുന്ന വേലക്കാരനു കൊടുക്കുന്നതുപോലെ അടിമയ്ക്കു കൂലി കൊടുക്കുന്നില്ല. അടിമയെ അവന്റെ യജമാനന്‍ ഒരു വില കൊടുത്തു വാങ്ങിയതാണ്. അതിനാല്‍ അവനും അവനുള്ള എല്ലാ വസ്തുക്കളും അവന്റെ യജമാനന് അവകാശപ്പെട്ടതാണ്. ഓരോ വിശ്വാസിയും തന്നെക്കുറിച്ച് ഇങ്ങനെയായിരിക്കണം അറിയേണ്ടത്. നമ്മുടെ പണം, സമയം, കഴിവുകള്‍, കുടുംബം, വസ്തുവകകള്‍, മനസ്സ്, ശരീരം അങ്ങനെയെല്ലാം നമ്മുടെ യജമാനനായ കര്‍ത്താവിനുള്ളതാണ്. കാരണം, കാല്‍വറിയില്‍ അവിടുന്നു നമ്മെ വിലയ്ക്കു വാങ്ങിയിരിക്കുന്നു (1 കൊരി 6: 19, 20).

റോമ 12: 2 ല്‍ നമ്മുടെ ശരീരങ്ങളെ ജീവനുള്ള യാഗമായി, പഴയനിയമത്തിലെ ഹോമയാഗം പോലെ ദൈവത്തിന് സമര്‍പ്പിക്കുവാന്‍ നമ്മെ പ്രബോധിപ്പിക്കുന്നു. ഹോമയാഗം പാപയാഗം പോലെയല്ല. യാഗമര്‍പ്പിക്കുന്ന ആള്‍ സമ്പൂര്‍ണ്ണമായി തന്നെത്തന്നെ വിട്ടുകൊടുക്കുകയാണ്. ഒരു മനുഷ്യന്‍ ഹോമയാഗം നടത്തുമ്പോള്‍ അവനു തിരികെ ഒന്നും ലഭിക്കുന്നില്ല. ആ യാഗവസ്തു ഉപയോഗിച്ച് ദൈവത്തിന് എന്തും ചെയ്യാം. ''പിതാവേ എന്റെ ഇഷ്ടമല്ല അങ്ങയുടെ ഇഷ്ടം നിറവേറ്റണമെ'' എന്നു പറഞ്ഞ് പിതാവിന്റെ കൈകളിലേക്കു തന്നെത്തന്നെ ഏല്പിച്ചുകൊടുത്ത യേശുവിന്റെ കാല്‍വറിക്രൂശിലെ പ്രവൃത്തി ഇതിന്റെ അടയാളമായിരുന്നു. നമ്മുടെ ശരീരങ്ങളെ ജീവനുള്ള യാഗമായി അര്‍പ്പിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ സ്വന്ത ഇച്ഛയെ മരിപ്പിക്കുകയും നമ്മുടെ ശരീരങ്ങളെ എങ്ങനെയും എവിടെയും ദൈവത്തിനു ഉപയോഗിക്കുവാന്‍ വിട്ടുകൊടുക്കുകയും ചെയ്യുക എന്നതാണ്. അങ്ങനെ മാത്രമേ ദൈവഹിതം തിരിച്ചറിയുവാന്‍ കഴിയുകയുള്ളു.

അത്തരം സമര്‍പ്പണത്തിന്റെ കുറവു കൊണ്ടാണ് ദൈവഹിതം എന്താണെന്ന് ഉറപ്പു വരുത്താന്‍ കഴിയാതെ പോകുന്നത്. പലപ്പോഴും എതിര്‍പ്പോടെയാണ് നാം ദൈവഹിതത്തിനു കീഴടങ്ങിയിരിക്കുന്നത്. ദൈവം നമുക്കു ഒരുക്കുന്നതെല്ലാം സ്വീകരിക്കുവാന്‍ നാം തയ്യാറല്ല.

പൂര്‍ണ്ണസമയക്രിസ്തീയവേല ഒഴിച്ച് മറ്റെന്തു ജോലിയും ചെയ്യാന്‍ തയ്യാറുള്ള ഒരു സഹോദരനെ ഒരിക്കല്‍ ഞാന്‍ കണ്ടു. അവന്റെ ജീവിതത്തെക്കുറിച്ചുള്ള ദൈവഹിതം വ്യക്തമായി അറിയാതിരിക്കുന്നതിനുള്ള കാരണം ഈ എതിര്‍പ്പു തന്നെയാണെന്നു ഞാന്‍ ആ സഹോദരനോടു പറഞ്ഞു. ഒടുവില്‍ അവന്‍ സമ്പൂര്‍ണ്ണമായി ദൈവത്തിനു കീഴടങ്ങിയ ഉടനെതന്നെ ദൈവഹിതം സംബന്ധിച്ച് ആഴത്തിലുള്ള ഉറപ്പു ലഭിച്ചു. അവനെ പൂര്‍ണ്ണസമയദൈവവേലയ്ക്കായി വിളിച്ചില്ല. എന്നാല്‍ അതിനും അവന്‍ തയ്യാറായിരിക്കണമെന്നു ദൈവം ആഗ്രഹിക്കുന്നു.

ദൈവഹിതം അറിയണമെന്നു പറഞ്ഞ് ദൈവത്തിന്റെ അടുക്കലേക്കു വരുന്ന പലര്‍ക്കും വാസ്തവത്തില്‍ അവര്‍ തെരഞ്ഞെടുത്തു കഴിഞ്ഞ കാര്യത്തിന് അംഗീകാരം ലഭിക്കുക മാത്രമാണ് വേണ്ടത്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഉത്തരം ലഭിക്കുന്നില്ല. ''ദൈവമേ, എന്തും സ്വീകരിക്കുവാന്‍ ഞാന്‍ തയ്യാറാണ്. അത് അവിടുത്തെ ഹിതമാണെന്ന് ഉറപ്പു തന്നാല്‍ മാത്രം മതി. എന്റെ ദൈവമേ എന്നെ അവിടുത്തേക്കുവേണ്ടി തെരഞ്ഞെടുക്കേണമേ. ഈ കാര്യത്തില്‍ എന്റേതായ ഒരു തെരഞ്ഞെടുപ്പുമില്ല.'' എവിടേക്കു പോകുവാനും എപ്പോള്‍ വേണമെങ്കിലും എന്തു വേണമെങ്കിലും ദൈവത്തിനു വേണ്ടി ചെയ്യുവാനുമുള്ള മനസ്സൊരുക്കമാണ് അബ്രഹാമിനെ ''ദൈവത്തിന്റെ സ്‌നേഹിതന്‍'' ആക്കിയത്.

വളരെ കൃത്യതയോടെ ദൈവഹിതം തിരിച്ചറിഞ്ഞ ഒരു വിശ്വാസവീരനായിരുന്നു ബ്രിസ്റ്റോളിലെ (ഇംഗ്ലണ്ട്) ജോര്‍ജ് മുള്ളര്‍. ഈ കാര്യത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ് ''ഒരു പ്രത്യേകകാര്യം സംബന്ധിച്ച ദൈവഹിതമന്വേഷിക്കുന്ന തുടക്കത്തില്‍ത്തന്നെ ആ വിഷയത്തില്‍ ഒരു താത്പര്യവുമില്ലാത്ത അവസ്ഥയിലേക്ക് എന്റെ ഹൃദയത്തെ കൊണ്ടുവരുവാന്‍ ശ്രമിക്കുന്നു.'' 90% ആളുകളുടെയും പ്രശ്‌നം ഇവിടെയാണ്. എന്തുതന്നെ ആയാലും ദൈവഹിതം അനുസരിക്കുവാന്‍ നമ്മുടെ ഹൃദയം ഒരുക്കമാണെങ്കില്‍ തൊണ്ണൂറു ശതമാനം പ്രശ്‌നങ്ങളും തീരും. ഈയൊരവസ്ഥയില്‍ എത്തിച്ചേര്‍ന്നാല്‍ ദൈവഹിതം അറിയുക എന്നത് പ്രയാസമല്ല. ചിലര്‍ക്ക് അനുസരിക്കുന്നതിനു മുമ്പുതന്നെ ദൈവഹിതം അറിയണം. അങ്ങനെയുള്ളവര്‍ക്കു ദൈവം തന്റെ ഹിതം വെളിപ്പെടുത്തിക്കൊടുക്കുന്നില്ല. യേശു പറഞ്ഞു ''ആരെങ്കിലും ദൈവയിഷ്ടം ചെയ്യാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അവര്‍ അറിയും....''(യോഹ. 7:17).ദൈവം എന്തു കല്പിച്ചാലും ചെയ്യാനുള്ള മനസ്സൊരുക്കമാണ് അവിടുത്തെ ഹിതമറിയുന്നതിനുള്ള യോഗ്യത. ഇത് ചെറുതും വലുതുമായ എല്ലാ കാര്യങ്ങള്‍ക്കും ബാധകമാണ്.