ലേഖകൻ :   സാക് പുന്നൻ വിഭാഗങ്ങൾ :   സഭ
WFTW Body: 

പൌലോസിനെപ്പോലെ ഒരാളിനുണ്ടായിരുന്ന അധികാരം ഉണ്ടാകുവാന്‍ നമുക്ക്‌ എല്ലാവര്‍ക്കും ഇഷ്‌ടമാണ്‌. എന്നാല്‍ അത്‌ ഉണ്ടാകുവാന്‍, അദ്ദേഹം ചെയ്‌തതുപോലെ നമ്മളും എല്ലാം ഉപേക്ഷിക്കുകയും അതെല്ലാം ചപ്പും ചവറും എന്നെണ്ണുകയും വേണം. യേശു പിതാവിനോടു പറഞ്ഞു: ``എന്റേതെല്ലാം നിന്റേതാണ്‌.'' അതുകൊണ്ട്‌ അദ്ദേഹത്തിന്‌ ഇങ്ങനെയും കൂടെ ചേര്‍ത്തു പറയാന്‍ കഴിഞ്ഞു ``അങ്ങയുടേതെല്ലാം എന്റേതാണ്‌'' (യോഹ. 17:10). നമുക്കുള്ളതെല്ലാം ദൈവത്തിനു നിബന്ധനകളില്ലാതെ നല്‍കുമ്പോള്‍, ദൈവത്തിനുള്ളതെല്ലാം നിബന്ധനകളില്ലാതെ നമുക്കും നല്‍കപ്പെടും. ഇതുകൊണ്ടാണ്‌ അനേക ക്രിസ്‌തീയ നേതാക്കന്മാരും ആത്മീയ അധികാരത്തിന്റെ കാര്യത്തില്‍ വളരെ ദരിദ്രരായിരിക്കുന്നത്‌: അവര്‍ തങ്ങള്‍ക്കുള്ളതെല്ലാം ദൈവത്തിനു നല്‍കിയിട്ടില്ല. യോഹ. 2:23-25ല്‍ നാം വായിക്കുന്നത്‌ അനേകര്‍ യേശുവില്‍ വിശ്വസിച്ചെങ്കിലും, യേശു അവനെ തന്നെ അവരുടെ പക്കല്‍ വിശ്വസിച്ചേല്‍പിച്ചില്ല. നാമും, കര്‍ത്താവിനു വിശ്വസിച്ചേല്‍പിക്കാന്‍ കഴിയാതിരുന്ന ആളുകളുടെ കൂട്ടത്തിലാകാം. കാരണം നമ്മിലുള്ളതെന്താണെന്നും നമ്മുടെ ലക്ഷ്യം എന്താണെന്നും അവന്‍ കാണുന്നു.

നമ്മുടെ ജോലിയും ക്രിസ്‌തുവിന്റെ ശരീരം പണിയുന്നതും തമ്മില്‍ ഒരു തിരഞ്ഞെടുപ്പു നടത്തേണ്ടി വന്നാല്‍, നാം ഏതു തിരഞ്ഞെടുക്കും? സഭ പണിയുന്നതിനു കൂടുതല്‍ സമയം ലഭിക്കേണ്ടതിനായി നമ്മുടെ ഭൌതിക ജോലിയിലുള്ള പുരോഗതി വേണ്ടെന്നു വയ്ക്കുവാന്‍ നാം മനസ്സുള്ളവരാണോ? അങ്ങനെയല്ലെങ്കില്‍ എന്തുകൊണ്ട്‌ ദൈവം തന്നെതന്നെ നമ്മുടെ പക്കല്‍ വിശ്വസിച്ചേല്‍പിക്കണം? കര്‍ത്താവിന്റെ ആളുകള്‍ക്കായി നമ്മുടെ ഭവനം തുറന്നു കൊടുക്കാന്‍ നമുക്കു മനസ്സുണ്ടോ? അതോ നമ്മുടെ സൌകര്യവും, സ്വാകാര്യതയുമാണോ നമുക്കു കൂടുതല്‍ പ്രാധാന്യമുള്ളത്‌? ഏതെങ്കിലും മേഖലകളില്‍ നാം നമ്മുടെ സ്വന്തം അന്വേഷിക്കുന്നെങ്കില്‍, നാം അതിനുവേണ്ടി ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്‌താലും നമുക്കു ദൈവത്തില്‍നിന്ന്‌ ആത്മീയാധികാരം ലഭിക്കുകയില്ല. ദൈവത്തെ ആര്‍ക്കും കബളിപ്പിക്കാന്‍ സാധിക്കുകയില്ല.

ക്രിസ്‌തുവിന്റെ ശരീരം നമുക്ക്‌ പണിയാന്‍ ആഗ്രഹമുണ്ടെങ്കില്‍, എല്ലാ കാര്യങ്ങളും അതെ എല്ലാ കാര്യങ്ങളും നമ്മുടെ ജീവിതത്തില്‍ ദൈവരാജ്യത്തോടു രണ്ടാം സ്ഥാനത്തായിരിക്കണം. ദൈവത്തിനു മുഖപക്ഷമില്ല. നാം എല്ലാവരും അവന്‌ ഒരുപോലെയാണ്‌. മറ്റുള്ളവര്‍ക്കു ചെയ്യുന്നത്‌ അവിടുന്നു നമുക്കും ചെയ്യും. യേശുവും പൌലൊസും അവരുടെ ശുശ്രൂഷകളില്‍ ദൈവത്താല്‍ ശക്തമായി സാക്ഷ്യപ്പെടുത്തപ്പെട്ടു, കാരണം അവര്‍ ഒരു വില കൊടുത്തിരുന്നു. നാമും അതേ വില കൊടുക്കാന്‍ മനസ്സുള്ളവരാണെങ്കില്‍ ദൈവം നമുക്കുവേണ്ടിയും അതുപോലെ തന്നെ ചെയ്യും.

നമുക്കു സഭയെ പണിയണമെങ്കില്‍ നമ്മുടെ പണവും സന്പാദ്യങ്ങളും പോലും ദൈവത്തിനുള്ളതായിരിക്കണം. ദൈവം നോഹയോടു പെട്ടകം പണിയാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഇത്രയും വലിയ ഒരു കപ്പല്‍പണിയുന്നതിനുള്ള ചെലവ്‌ ആര്‍ കൊടുക്കും എന്നു നോഹ ദൈവത്തോടു ചോദിച്ചില്ല. അവന്‍ ആ ചോദ്യം ചോദിച്ചിരുന്നെങ്കില്‍ ദൈവം അവനോടു പറയുമായിരുന്നു. ``നോഹ, അതിനുവേണ്ടി നീ തന്നെ കൊടുക്കണം. വേറെ ആരാണ്‌ അതിനുവേണ്ടി കൊടുക്കാനുള്ളത്‌?'' എന്നാല്‍ നോഹയ്ക്ക്‌ അതു നേരേത്തെ തന്നെ അറിയാമായിരുന്നുതുകൊണ്ട്‌ അവന്‌ അതു ചോദിക്കേണ്ട ആവശ്യമില്ലായിരുന്നു. നമുക്കതറിയാമോ എന്നാണ്‌ ചോദ്യം. പെട്ടകം പണിയാന്‍ നോഹയ്ക്ക്‌ അവന്റെ സ്വന്തം വസ്‌തുക്കള്‍ വില്‌ക്കേണ്ടി വന്നുകാണും. ദൈവത്തിന്റെ വേലയ്ക്ക്‌ പണം നല്‍കേണ്ടതിനായി വ്യക്തിപരമായ വസ്‌തുക്കള്‍, വില്‍ക്കുവാന്‍ മനസു കാണിക്കുന്ന എത്ര ദൈവദാസന്മാരെ നമുക്കു കാണാന്‍ കഴിയും? ദൈവത്തിനു തങ്ങളുടേതെല്ലാം കൊടുക്കാത്തവര്‍ കണ്ടെത്തും, ദൈവം തനിക്കുള്ളതെല്ലാം അവര്‍ക്കും കൊടുക്കുന്നില്ല എന്ന്‌.

മിക്ക ദൈവദാസന്മാരുടെയും കാര്യത്തില്‍ അവരുടെ മനോഭാവം, ഇതു ദൈവത്തിന്റെ വേലയാണെങ്കില്‍ അതിനുള്ള പണം മറ്റെവിടെ നിന്നെങ്കിലും വരണം. അവരുടെ സ്വന്തം പോക്കറ്റില്‍ നിന്നല്ല എന്നാണ്‌. സ്‌തോത്രക്കാഴ്‌ചപ്പെട്ടിയിലൂടെ വരുന്ന പണം ചെലവാക്കുന്ന കാര്യത്തില്‍ അവര്‍ അമിതവ്യയം ചെയ്യുന്നു. എന്നാല്‍ അവരുടെ സ്വന്തം പണം ദൈവത്തിന്റെ വേലയ്ക്കുവേണ്ടി കൊടുക്കുന്നതില്‍ അമിതവ്യയം ചെയ്യുന്നില്ല. പണത്തിന്റെ പിടിയില്‍നിന്ന്‌ സ്വതന്ത്രനാകാത്ത ഒരു ദൈവദാസന്റെ ജീവിതത്തില്‍ ഒരിക്കലും ഒരാത്മീയ അധികാരം ഉണ്ടാകാന്‍ സാധിക്കുകയില്ല.

നാം എപ്പോഴെങ്കിലും കര്‍ത്താവിനോടു പറഞ്ഞിട്ടുണ്ടോ, ``കര്‍ത്താവേ, അങ്ങയുടെ വേലയാണ്‌ എന്റെ വേല. എന്റെ സന്പാദ്യമെല്ലാം അങ്ങയുടേതാണ്‌. എന്റെ പണവും അങ്ങയുടെ പണവും തമ്മില്‍ ഒരു വേര്‍തിരിവു ഞാന്‍ ഉണ്ടാക്കുകയില്ല?'' നാം അപ്രകാരം കര്‍ത്താവിനോട്‌ (അത്‌ അര്‍ത്ഥമാക്കി) പറഞ്ഞിട്ടില്ലെങ്കില്‍ നാം ഇപ്പോഴും പഴയ ഉടന്പടിയുടെ കീഴിലാണ്‌, അവിടെ അവരുടെ പണത്തിന്റെ 10% ദൈവത്തിനുള്ളതും 90% അവര്‍ക്കു തന്നെയുള്ളതുമാണ്‌. ഒരു പ്രാവശ്യം അവര്‍ 10% കൊടുത്തു കഴിഞ്ഞാല്‍ പിന്നെ അവരുടെ കടപ്പാട്‌ തീര്‍ന്നു.

എന്നാല്‍ യേശു വന്നത്‌ അവന്റെ വരുമാനത്തിന്റെ 10% മാത്രം പിതാവിനു കൊടുക്കാനല്ല. അവന്‍ വന്നത്‌ ഒരു പുതിയ ഉടന്പടി സ്ഥാപിക്കുവാനും ഒരു പുതിയനിയമ സഭ പണിയുവാനുമാണ്‌. അതുകൊണ്ട്‌ അവന്‍ 100% അവന്റെ പിതാവിനു കൊടുത്തു. എന്നിട്ട്‌ ഇപ്പോള്‍ നമ്മോടു പറയുന്നു: ``എന്നെ അനുഗമിക്കുക.'' ആത്മീയ അധികാരം ഉണ്ടാകുവാന്‍ കഴിയുന്ന ഒരേ ഒരുവന്‍, തന്റെ സകലവും ദൈവത്തിനു കൊടുത്തിട്ടുള്ള ഒരുവനാണ്‌.

നമുക്ക്‌ എന്തു വില കൊടുക്കേണ്ടി വന്നാലും ക്രിസ്‌തുവിന്റെ ശരീരം പണിയുവാന്‍ തയാറായിരിക്കണം - ആ വില നമ്മുടെ പണം, മാനം, നമ്മുടെ സൌകര്യം, നമ്മുടെ ശാരീരികകോര്‍ജ്ജം, നമ്മുടെ പ്രശസ്‌തി, നമ്മുടെ ജോലി അല്ലെങ്കില്‍ മറ്റെന്തായാലും. കര്‍ത്താവിനുവേണ്ടി നാം ത്യജിക്കുന്ന കാര്യങ്ങള്‍ക്ക്‌ ഒരു പരിധിയും ഉണ്ടാകരുത്‌. ഏതു കാര്യത്തിലും നമ്മുടെ സ്വന്തം സൌകര്യമോ, നമ്മുടെ സ്വന്തം സുഖമോ അന്വേഷിക്കുന്നവരല്ല. നാം ചെയ്യുന്ന എല്ലാ കാര്യവും ക്രിസ്‌തുവിന്റെ ശരീരം പണിയുന്നതിനോടു ബന്ധപ്പെട്ടതായിരിക്കണം. നമ്മുടെ ഭൌതികമായ ജോലിപോലും, സഭയില്‍ മറ്റുള്ളവര്‍ക്കു നമ്മുടെ സാന്പത്തിക കൈത്താങ്ങല്‍ ഒരു ഭാരമായിത്തീരാതെ നമ്മുടെ ജീവിതം പുലര്‍ത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമായിരിക്കണം.

ദൈവത്തോടുള്ള നമ്മുടെ പിശുക്കുള്ള മനോഭാവത്തില്‍ നിന്ന്‌ മാനസാന്തരപ്പെടാം. വരുന്ന ദിവസങ്ങളില്‍ നമുക്കു ദൈവവിഷയമായി സമ്പന്നരായിരിക്കാം. അതിനാല്‍ നമുക്കു നമ്മുടെ ജീവിതത്തില്‍ ആത്മീയ അധികാരം ഉണ്ടാകുവാനും നമ്മുടെ ദേശത്തു നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവിന്റെ മഹത്വത്തിനായി ക്രിസ്‌തുവിന്റെ ശരീരം പണിയുവാനും നമുക്ക്‌ കഴിയും.