ലേഖകൻ :   സാക് പുന്നൻ
WFTW Body: 

ഈ ലോകം വിട്ടുപോകുന്നതിനുമുമ്പ് പൗലൊസിന്‍റെ ഭാരം ദൈവജനത്തിന് നല്ല ഇടയന്മാരായിരിക്കുന്ന നേതാക്കന്മാരുടെ മറ്റൊരു തലമുറയെ ഒരുക്കുക എന്നതായിരുന്നു. അദ്ദേഹം തന്‍റെ തന്നെ ജീവിതത്തിലേക്ക് ചൂണ്ടികാണിച്ചു. പൗലൊസ് എല്ലായ്പ്പോഴും ഒരു മാതൃകയായി ചൂണ്ടിക്കാണിച്ചത് അദ്ദേഹത്തിന്‍റെ സ്വന്തം ജിവിതമാണ്. എഫസൊസിലെ മൂപ്പന്മാരോട് സംസാരിച്ചപ്പോള്‍, 'ഞാന്‍ നിങ്ങളോടു പ്രസംഗിച്ച സന്ദേശങ്ങള്‍ ഓര്‍ക്കുക' എന്നല്ല, എന്നാല്‍ അതിലുപരിയായി 'ഞാന്‍ നിങ്ങളോട്കൂടെ ജീവിച്ച വിധം നിങ്ങള്‍ ഓര്‍ക്കുക' എന്നാണ് പറഞ്ഞത് (അപ്പോപ്ര 20 : 19, 33-35), ഇവിടെ അദ്ദേഹം തിമൊഥെയോസിനോടും അതു തന്നെ പറയുന്നു. 'എന്‍റെ പിതാക്കന്മാര്‍ ചെയ്തതുപോലെ നിര്‍മ്മല മനസാക്ഷിയോടെ ഞാന്‍ സേവിക്കുന്ന ദൈവത്തിനു സ്തോത്രം ചെയ്യുന്നു.' (2 തിമൊ 1 : 3). പൗലൊസ് പൂര്‍ണ്ണതയുള്ള വനായിരുന്നില്ല, എന്നാല്‍ തന്‍റെ പരമാവധി അറിവിനൊത്തവണ്ണം, തന്‍റെ മനസാക്ഷി അദ്ദേഹത്തെ പഠിപ്പിച്ചതുപോലെ, അദ്ദേഹം ദൈവത്തിന്‍റെ മുമ്പാകെ നേരോടെയുള്ള ഒരു ജീവിതം ജീവിച്ചു.

അതിനുശേഷം പൗലൊസ് തിമോഥെയോസിനോട് സ്നേഹം ജനിപ്പിക്കുന്ന വാക്കുകള്‍ പറയുന്നു, കാരണം പൗലോസിന്‍റെ ഹൃദയത്തിന് ഏറ്റവും വലിയ സന്തോഷം കൊണ്ടുവന്ന ഒരുസഹപ്രവര്‍ത്തകനായിരുന്നു തിമൊഥെയോസ്. മിക്ക സഭകളിലുമുള്ള അനേകം വിശ്വാസികളെക്കുറിച്ചും പൗലോസിന് നിരാശയായിരുന്നു. കാരണം അവര്‍ ഉത്പതിഷ്ണുക്കളായ ശിഷ്യന്മാരല്ലായിരുന്നു. അദ്ദേഹം തന്‍റെ മിക്ക സഹപ്രവര്‍ത്തകരുടെ കാര്യത്തിലും നിരാശനായിരുന്നു. കാരണം അവര്‍ മുഴുവനായി ദൈവത്തിനുവേണ്ടി ജിവിച്ചില്ല. ദൈവത്തിന്‍റെ ഏതൊരു യാഥാര്‍ത്ഥ ഭൃത്യനും ഇന്ന് ഇതേ നിരാശ നേരിടേണ്ടിവരും. താന്‍ സ്ഥാപിച്ച സഭകളുടെ കാര്യത്തില്‍ പൗലൊസിന് നിരാശ ഉണ്ടായെങ്കില്‍, നാം ഇതിനെക്കാള്‍ നന്നായി എന്തെങ്കിലും ചെയ്യുമെന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്? ഞാന്‍ സഭകള്‍ സ്ഥാപിച്ചിട്ടുണ്ട്, അതില്‍ ചിലസഭകളില്‍ കാണുന്ന അനേകം കാര്യങ്ങള്‍ കൊണ്ട് ഞാനും നിരാശപ്പെട്ടിട്ടുണ്ട്. എനിക്ക് സഹപ്രവര്‍ത്തകരുണ്ട്. അതില്‍ ചില സഹപ്രവര്‍ത്തകരില്‍ കാണുന്ന ചില കാര്യങ്ങളും എന്നെ നിരാശ പ്പെടുത്തിയിട്ടുണ്ട്. തിമൊഥെയോസിനെ പോലെ ഒരു കാര്യത്തിലും സ്വന്തം അന്വേഷിക്കാത്ത ചിലരെ നാം അവിടെയും ഇവിടെയും കാണുന്നു. അത്തരം ആളുകള്‍ ഒരു ദൈവദാസന്‍റെ ഹൃദയത്തില്‍ പരമാനന്ദമുണ്ടാക്കുന്നു.

അടുത്തതലമുറയിലേക്ക് ഈ ശുശ്രൂഷ തുടര്‍ന്നുകൊണ്ടു പോകാന്‍ തന്നെപ്പോലെ കഴിവുള്ള കുറച്ചുപേരെ അദ്ദേഹം കണ്ടെത്തിയതുകൊണ്ട് പൗലൊസ് ആവേശ ഭരിതനായിതീര്‍ന്നു. ഏതൊരു ദൈവഭൃത്യന്‍റെയും ഹൃദയത്തിലേക്ക് ആനന്ദം കൊണ്ടു വരുന്നകാര്യം, തന്‍റെ ശുശ്രൂഷ അതേ ആത്മാവിലും കര്‍ത്താവിനോടുള്ള ഭക്തിയിലും തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയുന്ന ചിലരെ കാണുന്നതാണ്. തിമോഥെയോസ് അതുപോലെ ഒരാളായിരുന്നു. അതുകൊണ്ടാണ് പൗലൊസ് ഇപ്രകാരം എഴുതിയത്, 'നിന്നെ കാണുവാന്‍ വാഞ്ചിച്ചുകൊണ്ട് നിരന്തരമായി നിന്നെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നു. ഞാന്‍ നിന്‍റെ കണ്ണുനീര്‍ ഒര്‍ക്കുന്നു.' അത് പൗലോസ് തിമൊഥെയോസിനെ കണ്ട അവസാന തവണയായിരുന്നിരിക്കാം. അദ്ദേഹം ഇനി ഒരിക്കലും അവനെ വീണ്ടും കാണുകയില്ലെ ന്നായിരിക്കാം പൗലൊസ് ഇവിടെ ചിന്തിച്ചത്.

തിമൊഥെയോസിന്‍റെ വലിയമ്മ ലോവീസ് ആയിരുന്നു ആകുടുംബത്തില്‍ വിശ്വാസത്തിലേക്കുവന്ന ആദ്യ വ്യക്തി (1 : 5). അവന്‍റെ വലിയമ്മ ലോവീസ്, അവളുടെ വിശ്വാസം, അവന്‍റെ അമ്മ യുനിക്കയിലേക്ക് പകര്‍ന്നു-അവള്‍ അത് തിമെഥെയോ സിലേക്കും പകര്‍ന്നു. ആ വലിയമ്മ തന്‍റെ മകള്‍ക്ക് വിശ്വാസം പകര്‍ന്നുകൊടുത്തു, വചന പരിജ്ഞാനമല്ല. ആ അമ്മ ആ വിശ്വാസം തിമൊഥെയോസിലേക്കു പകര്‍ന്നു. അതിന്‍റെ അര്‍ത്ഥം തിമൊഥെയോസ് വളര്‍ന്നുവന്നപ്പോള്‍, തന്‍റെ മാതാവ് കടന്നുപോയ വിവിധ ശോധനകളില്‍ അവള്‍ ദൈവത്തില്‍ ആശ്രയിക്കുന്നത് അവന്‍ കണ്ടിട്ടുണ്ടാകണം. നിങ്ങളുടെ ശോധനകളില്‍ നിങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുന്നത് നിങ്ങളുടെ മക്കള്‍ കാണുന്നുണ്ടോ? അപ്രകാരമാണ് നിങ്ങള്‍ക്ക് നിങ്ങളുടെ വിശ്വാസം നിങ്ങളുടെ മക്കളിലേക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയുന്നത്. അതുകൊണ്ടാണ് നിങ്ങളുടെ ജീവിതത്തില്‍ ആപ്രയാസമുള്ള ശോധനകള്‍ കടന്നുവരുവാന്‍ ദൈവം അനുവദിക്കുന്നത്. ഒരു ചെറിയ പ്രായം മുതല്‍ നിങ്ങളുടെ മക്കള്‍ ഒരുകാര്യം അറിയണം.'ഒരു പ്രയാസമുള്ള സാഹചര്യത്തില്‍കൂടി കടന്നുപോകുമ്പോള്‍ എന്‍റെ മമ്മി പ്രാര്‍ത്ഥിക്കുകയും ദൈവത്തില്‍ ആശ്രയിക്കുകയം ചെയ്യുന്നു. ഞാന്‍ രോഗിയാകുമ്പോള്‍ എന്‍റെ ഡാഡി തന്‍റെകരം എന്‍റെ തലയില്‍ വച്ച് എനക്കുവേണ്ടി യേശുവിന്‍റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്നു.' ആ ചെറിയ കുഞ്ഞ് വളര്‍ന്ന് ഒരുനാള്‍ അവന്‍റെ വീടു വിട്ട് ദൂരെപോയിട്ട്, അവനോ അവള്‍ക്കോ ഒരു പ്രയാസമുള്ള സാഹചര്യം നേരിടുമ്പോള്‍, അവരുടെ ഡാഡിയും മമ്മിയും ചെയ്ത അതേ കാര്യംതന്നെ അവരും ചെയ്യും. അവന്‍ യേശുവിന്‍റെ നാമത്തില്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കും. അങ്ങനെയാണ് നാം അവരിലേക്ക് വിശ്വാസംപകരേണ്ടത്. നാം അവരോട് ബൈബിളിലുള്ള കഥകള്‍ പറഞ്ഞുകൊടുക്കണം. അത് ആവശ്യമാണ്. ആ മാര്‍ഗ്ഗത്തില്‍ അവര്‍ക്ക് ദൈവവചനത്തിന്‍റെ പരിജ്ഞാനം ഉണ്ടാകും. എന്നാല്‍ അതുപോലെതന്നെ വിശ്വാസവും നാം അവരിലേക്കു പകരണം. ഈ ചെറിയ കുട്ടി വളര്‍ന്ന് ഒരിക്കല്‍ യേശുക്രസ്തുവിന്‍റെ ശക്തനായ ഒരു അപ്പൊസ്തലനായിതീരും എന്ന് യുനിക്ക അല്പംപോലും അറിഞ്ഞിരുന്നില്ല. തിമൊഥിയോസിന് ഏതാണ്ട് 20 വയസ് പ്രായമുണ്ടാ യിരുന്നപ്പോഴാണ് പൗലൊസ് അവനെ തന്‍റെ സഹപ്രവര്‍ത്തകനായി തിരഞ്ഞെടുത്തത്. ആ മാതാവ് സഭയ്ക്കുവേണ്ടി അവളുടെ ഭവനത്തില്‍ എന്തൊരു മഹത്തായ പ്രവൃത്തിയാണ് ചെയ്തത്. നിങ്ങളുടെ മക്കളെ അവരുടെ ചെറിയ പ്രായം മുതല്‍ കര്‍ത്താവില്‍ ആശ്രയിക്കാന്‍ പഠിപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരുന്നതുവഴി ഇതേകാര്യം നീങ്ങള്‍ക്കും ചെയ്യാന്‍ കഴിയും.

തിമൊഥിയോസിന്‍റെ പിതാവ് ഒരു യവനനായിരുന്നു. (അപ്പൊ പ്ര 16:3). ദൈവഭയമുള്ള ഒരു യഹൂദ അമ്മയുടെ മകളായിരുന്നു യുനീക്ക. എന്നാല്‍ യുനീക്ക ന്യായപ്രമാണത്തോട് അനുസരണക്കേട് കാണിച്ച് ഒരു വിജാതിയനെ വിവാഹം ചെയ്യുവാന്‍ തക്കവണ്ണം ദൈവത്തില്‍ നിന്ന് അകന്നുപോയിട്ടുണ്ടാകണം. പിന്നീട് അവള്‍ മാനസാന്തരപ്പെട്ടിട്ടുണ്ടാകാം. അവളുടെ ഭര്‍ത്താവ് ദൈവത്തിനു വേണ്ടി ചിലവാക്കാന്‍ സമയമില്ലാത്തവനും തന്‍റെ മകനെ ദൈവിക വഴിയില്‍ വളര്‍ത്തികൊണ്ടുവരുവാന്‍ താല്‍പര്യമില്ലാത്തവനുമായ ധനികനായ ഒരു വ്യാപാരി ആയിരുന്നിരിക്കാം. അതുകൊണ്ട് യുനിക്ക ഒറ്റയ്ക്ക് തിമൊഥിയോസിനെ വളര്‍ത്തിക്കൊണ്ടുവരേണ്ടിവന്നു. എന്നിട്ടും അവള്‍, തിമോഥെയോസ് ഒന്നാം നൂറ്റാണ്ടിലെ എറ്റവും നല്ല ഒരു അപ്പൊസ്തലനായിതീരുവാന്‍ തക്കവണ്ണം, ഒരു ദൈവികമാര്‍ഗ്ഗത്തില്‍ അവനെ വളര്‍ത്തി. രക്ഷിക്കപ്പെടാത്ത ഭര്‍ത്താക്ക ന്മാരുള്ള ഇന്നത്തെ അമ്മമാര്‍ക്ക് യുനിക്ക എത്രനല്ലൊരു മാതൃകയാണ്.! ഒരു പക്ഷെ, ഇപ്പോള്‍ 4 വയസ്സുള്ള നിങ്ങളുടെ കുഞ്ഞു മകനുവേണ്ടിയുള്ള ദൈവത്തിന്‍റെ പദ്ധതി, ഒരുനാള്‍ അവന്‍ യേശുക്രിസ്തുവിന്‍റെ ഒരു അപ്പൊസ്തലനായി തീരണമെന്നാണോ എന്ന് ആര്‍ക്കറിയാം! അങ്ങനെയാണങ്കില്‍ പ്രിയ മാതാവെ, ഒരു വലിയ അംശം നിന്നെ ആശ്രയിച്ചാണിരിക്കുന്നത്, നീ എങ്ങനെയാണ് അവനെ വളര്‍ത്തികൊണ്ടു വരുന്നതെന്നും, ദൈവത്തിലുള്ള വിശ്വാസം അവന്‍റെ കുഞ്ഞു ഹൃദയത്തിലേക്ക് നീ പകരുന്നുണ്ടോ എന്നതും. നീ സഭയിലുള്ള മറ്റുള്ളവരെപറ്റി ദൂഷണം പറയുന്നതും ഭവനത്തിലെ കാര്യങ്ങളെക്കുറിച്ച് ആവലാതി പറയുന്നതും അവന്‍ കേള്‍ക്കുവാനിടയാകാതിരിക്കട്ടെ. അത് അവനെ നശിപ്പിക്കും.

ഞാന്‍ മറ്റു വിശ്വാസികളെക്കുറിച്ച് ദൂഷണം പറയുന്നത് എന്‍റെ മക്കള്‍ ഒരിക്കലും കേള്‍ക്കരുത് എന്നകാര്യത്തില്‍ ഞാന്‍ എന്‍റെ ഭവനത്തില്‍ വളരെ ശ്രദ്ധാലു ആയിരുന്നു, അതിലൂടെ അവര്‍ ആ രോഗത്താന്‍ ബാധിതരാകരുതെന്ന് ഞാന്‍ ആഗ്രഹിച്ചു. എന്‍റെ ഏതെങ്കിലും മക്കള്‍ക്ക് ക്ഷയമോ, കുഷ്ഠമോ ഉണ്ടാകുവാന്‍ ഞാന്‍ ആഗ്രഹിക്കാ ത്തതുപോലെതന്നെ, മറ്റു വിശ്വാസികള്‍ക്ക് നേരെയുള്ള നിഷേധാത്മകമായ മനോഭാവത്താല്‍ അവര്‍ ബാധിക്കപ്പെടുവാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. നമുക്ക് ഭവനത്തില്‍ പ്രയാസങ്ങള്‍ നേരിടുമ്പോള്‍ നമ്മുടെ മക്കളിലേക്ക് വിശ്വാസം പകര്‍ന്നുകൊടുക്കാന്‍ കഴിയുമെങ്കില്‍ നാം അവര്‍ക്ക് മറ്റെന്തിനെക്കാളും പ്രാധാന്യമുള്ള ഒരു സമ്മാനം നല്‍കിയിട്ടുണ്ട്.

മിക്ക ആളുകളുടെ കാര്യത്തിലും നാം കാണുന്ന ഒരുകാര്യം, ഒന്നാം തലമുറയിലുള്ള ക്രിസ്ത്യാനികളാണ് കര്‍ത്താവിനോടുള്ള വിശ്വാസത്തിലും ഭക്തിയിലും, വിശ്വാസികളുടെ ഭവനത്തില്‍ വളരുന്ന രണ്ടാം തലമുറ ക്രിസ്ത്യാനികളെക്കാള്‍ അധികം ശക്തരായി രിക്കുന്നത്. എന്നാല്‍ തിമൊഥെയോസ് ഇതിനൊരു അപവാദം ആയിരുന്നു. അവന്‍ കര്‍ത്താവിനു സമര്‍പ്പിക്കപ്പെട്ട ഒരു മൂന്നാം തലമുറ വിശ്വാസിയായിരുന്നു. അതുകൊണ്ട് തങ്ങളുടെ മാതാപിതക്കള്‍ക്കുണ്ടായിരുന്നതിനേക്കാള്‍ അധികം കര്‍ത്താവിനോട് നിര്‍മ്മലതയും ഏകാഗ്രതയും ഉള്ള രണ്ടാംതലമുറ വിശ്വാസികളും മൂന്നാം തലമുറ വിശ്വാസികളും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്.