ലേഖകൻ :   സാക് പുന്നൻ
WFTW Body: 

യോഹന്നാന്‍ 8:44 ല്‍ യേശുപറഞ്ഞു " പിശാച് ആദി മുതല്‍ കൊലപാതകന്‍ ആയിരുന്നു. അവനില്‍ സത്യം ഇല്ലാത്തതു കൊണ്ട് അവന്‍ സത്യത്തിന്‍റെ വശത്തു നില്‍ക്കുന്നതുമില്ല". ഇവിടെ സാത്താന്‍റെ ഒരു പ്രത്യേക സ്വഭാവം നാം കാണുന്നു: അവനില്‍ സത്യം ഒട്ടുമില്ല. അവന്‍ സത്യത്തില്‍ നില്‍ക്കുന്നതുമില്ല. അതിനുശേഷം യേശു തുടര്‍ന്നു പറയുന്നു, " സാത്താന്‍ ഒരു കളളം പറയുമ്പോഴെല്ലാം, അവന്‍ തന്‍റെ സ്വന്തം സ്വഭാവത്തില്‍ നിന്നാണ് സംസാരിക്കുന്നത്, കാരണം അവന്‍ വ്യാജം പറയുന്നവനും വ്യാജത്തിന്‍റെ അപ്പനും ആകുന്നു."ദൈവം സ്നേഹമാണെന്നും സാത്താന്‍ വെറുപ്പാണെന്നും നാം കാണുന്നു. അതു പോലെ തന്നെ " ഞാന്‍ തന്നെ സത്യം' എന്നും പിശാച് ഭോഷ്ക് പറയുന്നവന്‍ ആണെന്നും യേശു പറയുന്നത് നാം കാണുന്നു. പിശാച് സത്യത്തിന്‍റെ വശത്തു നില്‍ക്കുന്നില്ല തന്നെയുമല്ല അവനില്‍ സത്യം ഇല്ല. അവന്‍ കളളം പറയുമ്പോഴെല്ലാം അവന്‍ അവന്‍റെ തന്നെ സ്വഭാവത്തില്‍ നിന്നാണ് പറയുന്നത്. അതായത് അവന്‍ വ്യാജം പറയുന്നവന്‍ ആകയാലും~, അവന്‍ ഭോഷ്കിന്‍റെ അപ്പനാകയാലും കളളം പറയുക എന്നത് അവന്‍റെ സ്വഭാവമാണ്. എല്ലാ കളളങ്ങളും ഉത്ഭവിക്കുന്നത് സാത്താന്‍ എന്ന പിതാവില്‍ നിന്നാണ്. നിങ്ങള്‍ ഒരു കളളം പറയുകയാണെങ്കില്‍ സാത്താന്‍ എന്ന അപ്പനിലൂടെയും നിങ്ങള്‍ എന്ന അമ്മയിലൂടെയും പിറന്ന ഒരു കുഞ്ഞാണ് ആ കളളം. ആ സമയത്ത് കളളം എന്നു പേരുളള ആ കുഞ്ഞിനെ ജനിപ്പിക്കുവാന്‍, നിങ്ങള്‍ നിങ്ങളുടെ ഹൃദയവും നാവും സാത്താനു കൊടുത്തിരിക്കുന്നു. ദൈവം ഒരിക്കലും ഒരു ഭോഷ്ക്കിനെ ജനിപ്പിക്കുന്നില്ല. അതു കൊണ്ടാണ് നാം ഒരിക്കല്‍ ക്രിസ്ത്യാനി ( വിശ്വാസികള്‍) ആയാല്‍ പിന്നെ എല്ലായ്പോഴും സത്യം സംസാരിക്കാന്‍ പഠിക്കണമെന്നുളളത് വളരെ പ്രാധാന്യമുളള കാര്യമായിരിക്കുന്നത്.

ഈ സംഗതിയെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു " നിങ്ങളുടെ ഉവ്വ് എന്നത് ഉവ്വ് എന്നും ഇല്ല എന്നത് ഇല്ല എന്നും ആയിരിക്കട്ടെ. ഇതില്‍ അധികമായത് ദുഷ്ടനില്‍ നിന്നു വരുന്നു" (മത്താ 5:37). " നിങ്ങള്‍ സത്യം ചെയ്യരുത്. നിങ്ങള്‍ ആണയിടുകയേ ചെയ്യരുത് " (മത്താ 5:34)എന്നും അവിടുന്നു പറഞ്ഞു. നിങ്ങള്‍ ആണയിടേണ്ട ആവശ്യമില്ല കാരണം, ഒരു മനുഷ്യന്‍ ആണയിടുമ്പോള്‍ അവന്‍ തന്‍റെ കൈകള്‍ ബൈബിളിന്മേല്‍ വയ്ക്കുകയോ അല്ലെങ്കില്‍ ദൈവത്തെ കൊണ്ടോ, സ്വര്‍ഗ്ഗത്തെകൊണ്ടോ അതു പോലെ മറ്റെന്തിനെയെങ്കിലും കൊണ്ടോ സത്യം ചെയ്യുകയോ ചെയ്യുന്നു. അവന്‍ വാസ്തവത്തില്‍ എന്താണു പറയുന്നത്? "കൊളളാം, അധിക സമയങ്ങളിലും ഞാന്‍ പറയുന്നത് കളളം ആണ് എന്നാല്‍ ഇപ്പോള്‍ ഞാന്‍ സത്യം ചെയ്തു പറയന്നതു കൊണ്ട് സത്യമാണ് ഞാന്‍ പറയുന്നത്." എന്നാല്‍ യേശു പറഞ്ഞു, " നിങ്ങള്‍ അങ്ങനെ ആകരുത്. നിങ്ങള്‍ മുഴുവന്‍ സമയവും സത്യം മാത്രം സംസാരിക്കണം. അങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് സത്യം ചെയ്യേണ്ടി വരികയേ ഇല്ല" ആണയിട്ടുപറയുന്നു ഒരു പ്രസ്താവനകളും ആണയില്ലാതെ പറയുന്നവയെക്കാള്‍ കൂടുതല്‍ സത്യമുളളവ ആയിരിക്കുകയില്ല. അതു രണ്ടും ഒരു പോലെ ആയിരിക്കണം. ഇതില്‍ അധികമായതെല്ലാം ദുഷ്ടന്‍റെതാണ്.

നാം ദൈവത്തിന്‍റെ അടുത്ത വരുമ്പോള്‍ അവിടുന്നു നമ്മില്‍നിന്നാഗ്രഹിക്കുന്ന ഒന്നാമത്തെ കാര്യം എന്താണ്? അത് പൂര്‍ണ്ണതയല്ല, അത് നിര്‍മ്മലതയല്ല, അത് നന്മയല്ല, അത് സ്നേഹമല്ല, ഈ കാര്യങ്ങളൊന്നുമല്ല. നാം അവിടുത്തോട് അടുത്ത വരുമ്പോള്‍ അവിടുന്ന് നമ്മില്‍ നിന്നാഗ്രഹിക്കുന്നത് ഒരേ ഒരു കാര്യം മാത്രമാണ്, അത് സത്യസന്ധതയാണ്.

പറുദീസ തികഞ്ഞവര്‍ക്കുവേണ്ടി നിര്‍മ്മിക്കപ്പെട്ടതല്ല. അത് സത്യസന്ധരായ ആളുകള്‍ക്കു വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുളളതാണ്. അത് സത്യം സംസാരിക്കുവാന്‍ മനസ്സുളളവര്‍ക്കു വേണ്ടി ഉണ്ടാക്കപ്പെട്ടിട്ടുളളതാണ്. വേദപുസ്തകത്തില്‍ സൂചിപ്പിച്ചിരിക്കുന്ന ആദ്യത്തെ പാപം കളളം പറയുന്നതാണ്. വേദ പുസ്തകത്തില്‍ ഉല്‍പ്പത്തി 3 ല്‍ ആദ്യത്തെ പാപത്തെക്കുറിച്ചു പറഞ്ഞിരിക്കുന്നത് നമുക്ക് വായിക്കാന്‍ കഴിയുന്നു,അത് ദൈവം വിലക്കിയിട്ടുളള വൃക്ഷത്തില്‍ നിന്ന് ഹവ്വാ ഭക്ഷിച്ചതല്ല. അതിനും മുമ്പ് തന്നെ ഉല്‍പ്പത്തി 3 ല്‍ പറഞ്ഞിട്ടുളള ഒരു പാപം ഉണ്ട്. സാത്താന്‍ ഹവ്വയുടെ അടുത്തു വന്ന് ' നിങ്ങള്‍ ഈ വൃക്ഷങ്ങളില്‍ ഏതില്‍ നിന്നെങ്കിലും ഉളള ഫലം തിന്നരുത് എന്ന് ദൈവം പറഞ്ഞിട്ടുണ്ടോ?" എന്ന് അവളോട് ചോദിച്ചതിന് അവള്‍ പറഞ്ഞത് കൊളളാം നിങ്ങള്‍ തോട്ടത്തിന്‍റെ നടുവില്‍ നില്‍ക്കുന്ന ഈ വൃക്ഷത്തിന്‍റെ ഫലം തിന്നുകയാണെങ്കില്‍ നിങ്ങള്‍ മരിക്കും" എന്ന് ദൈവം പറഞ്ഞിട്ടുണ്ട് എന്നാണ് അപ്പോള്‍ ഉല്‍പ്പത്തി 3:4 ല്‍ സര്‍പ്പം പറഞ്ഞു, "നിങ്ങള്‍ മരിക്കയില്ലാ നിശ്ചയം" അതൊരു ഭോഷ്കായിരുന്നു. ദൈവവചനത്തില്‍ പ്രസ്താവിച്ചിട്ടുളള ഒന്നാമത്തെ കളളവും ഒന്നാമത്തെ പാപവും അതു തന്നെയാണ്; നിങ്ങള്‍ മരിക്കുകയില്ല, നിങ്ങള്‍ക്ക് ദൈവത്തോട് അനുസരണക്കേട് കാണിക്കാം, എങ്കിലും നിങ്ങള്‍ അതിന്‍റെ പേരില്‍ ശിക്ഷിക്കപ്പെടുകയില്ല. നിങ്ങള്‍ നരകത്തില്‍ പോകുകയില്ല. പാപത്തിന് ഒരു ശിക്ഷ ഉണ്ടാകുകയുമില്ല. ഈ കളളം കൊണ്ടാണ് സാത്താന്‍ ഹവ്വയെ വഞ്ചിച്ചത്, അന്നു മുതല്‍ എന്നും, ആയിരക്കണക്കിന് വര്‍ഷങ്ങളായി മനുഷ്യരാശിയെ മുഴുവനും ഇന്നുവരെ പോലും വഞ്ചിട്ടുളളത് ഈ കളളം ഉപയോഗിച്ചാണ്. പാപികളെ അവരുടെ പാപങ്ങളില്‍ ആശ്വസിപ്പിക്കുന്ന പ്രാസംഗികര്‍ ഉണ്ട്. 'നിങ്ങള്‍ കര്‍ത്താവിനെ സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ എത്ര പാപം ചെയ്താലും സാരമില്ല, നിങ്ങള്‍ സ്വര്‍ഗ്ഗത്തില്‍ പോകും' എന്നു പറഞ്ഞ് വിശ്വാസികളെ അവരുടെ പാപത്തില്‍ ആശ്വസിപ്പിക്കുന്ന പ്രാസംഗികര്‍ ഉണ്ട്.

സഭാ പ്രസംഗി 8:11 ല്‍ വേദപുസ്തകം ഇപ്രകാരം പറയന്നു, " കുറ്റകൃത്യങ്ങള്‍ക്കുളള ശിക്ഷ വേഗം നടപ്പിലാക്കാതിരിക്കുമ്പോള്‍, തെറ്റു ചെയ്യുവാനുളള ആലോചനകള്‍ കൊണ്ട് മനുഷ്യരുടെ ഹൃദയം നിറയും". ദൈവം ഉടനെ തന്നെ ശിക്ഷിക്കാതിരിക്കുന്നതു കൊണ്ട്, മനുഷ്യര്‍ പാപത്തില്‍ ജീവിക്കുന്നതു തുടരുന്നു. അതുകൊണ്ട് പിശാച് പറയുന്നു, നിങ്ങള്‍ ശിക്ഷിക്കപ്പെടുവാന്‍ പോകുന്നില്ല. നിങ്ങള്‍ക്കു ചുറ്റുമുളള ഈ ആളുകളെ നോക്കുക. അവര്‍ ചെയ്യുന്ന ഈ പാപങ്ങളെ നോക്കുക. ഇത്രയധികം തെറ്റുകള്‍ ചെയ്യുന്ന വിശ്വാസികളെ നോക്കുക, അവര്‍ അതു ചെയ്യുന്നതില്‍ വിജയിക്കുകയും അവര്‍ ശിക്ഷിക്കപ്പെടാതെ രക്ഷപെടുകയും ചെയ്യുന്നു. അവര്‍ ശിക്ഷിക്കപ്പെടാതെ ഒഴിവാകുകയല്ല. ദൈവത്തിന്‍റെ ശിക്ഷ, അവിടുത്തെ ന്യായവിധി ഇതുവരെ വന്നിട്ടില്ല. അത്രയേ ഉളളൂ അതുകൊണ്ട് എല്ലായിടത്തമുളള മനുഷ്യരെ കബളിപ്പിക്കാന്‍ സാത്താന്‍ ഉപയോഗിക്കുന്ന ഒരു കളളം അവിടെ ഉണ്ട്: നിങ്ങള്‍ക്കു പാപം ചെയ്യാം എന്നാലും നിങ്ങള്‍ കഷ്ടം അനുഭവിക്കുകയില്ല. വേദപുസ്തകം ഇപ്രകാരം പറയുന്നു "ജഡത്തെ അനുസരിച്ചു ജീവിച്ചാല്‍ നിങ്ങള്‍ മരിക്കും നിശ്ചയം" (റോമ 8:13). എന്നാല്‍ സാത്താന്‍ പറയുന്നത്, ഇല്ല, നിങ്ങള്‍ മരിക്കുകയില്ല, ദൈവം കരുണയുളളവനാണ്. ദൈവം കൃപാലുവാണ്. നിങ്ങള്‍ യേശുവിനോട് നിങ്ങളുടെ ജീവിതത്തിലേക്കുവരുവാന്‍ അപേക്ഷിച്ചിട്ടുണ്ട്. അതു കൊണ്ട് നിങ്ങള്‍ ജഡത്തെ അനുസരിച്ചു നടന്നാലും നിങ്ങള്‍ മരിക്കുകയില്ല. അതൊരു വഞ്ചനയാണ്. നിങ്ങള്‍ ജഡത്തെ അനുസരിച്ചു ജീവിച്ചാല്‍ നിങ്ങള്‍ മരിക്കും. അതിനെക്കുറിച്ച് ഒരു സംശയവുമില്ല. സാത്താന്‍ കളളം പറയന്നവനാണെങ്കില്‍, തന്‍റെ ആ സ്വഭാവം അവന്‍റെ മക്കളിലേക്ക് അയക്കുവാന്‍ അവന്‍ ശ്രമിക്കുന്നു. അതിനാല്‍ ബാധിക്കപ്പെടുന്നത് ഒരു വിശ്വാസിക്ക് എളുപ്പവുമാണ്. നിങ്ങള്‍ ഒരു കളളം പറയുമ്പോഴെല്ലാം ഒരു കുഞ്ഞിനെ കൂടെ ജനിപ്പിക്കുവാന്‍ നിങ്ങള്‍ നിങ്ങളെ തന്നെ, പിശാചിന് അര്‍പ്പിക്കുകയാണ്.

അവസാനത്തെ പാപം ബൈബിളില്‍ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത് വെളിപാട് 22:15 ലാണ്. അന്ത്യനാളില്‍ ദൈവത്തിന്‍റെ നഗരത്തിന് പുറത്താകുന്നവരെക്കുറിച്ചാണ്. "വ്യാജം ഇഷ്ടപ്പെടുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏവരും പുറത്തു തന്നെ". വേദപുസ്തകത്തില്‍ പ്രസ്താവിക്കപ്പെട്ടിട്ടുളള ആദ്യത്തെ പാപവും അവസാനത്തെ പാപവും വ്യാജം പറയുന്നതാണെന്ന് നിങ്ങള്‍ ഇതിനു മുമ്പ് എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഭോഷ്ക് പറയുന്നത് വളരെ ഗൗരവമുളള ഒരു പാപം ആണ്. ദൈവത്തോട് വ്യാജം പറയുന്നത്, മനുഷ്യരോട് വ്യാജം പറയുന്നത്, കൂടാതെ എല്ലാ വ്യാജങ്ങളും പിശാചിനാല്‍ ജനിപ്പിക്കപ്പെടുന്നതാണ്. പത്രൊസ് അനന്യാസിനോടു ചോദിച്ചു " നീ പരിശുദ്ധാത്മാവിനോട് വ്യാജം കാണിച്ചതെന്തു കൊണ്ട്?" അതുകൊണ്ടാണ് അവന്‍ കൊല്ലപ്പെട്ടത്. ആദിമ സഭയില്‍ ന്യായം വിധിക്കപ്പെട്ട ഒന്നാമത്തെ പാപം വ്യാജം പറഞ്ഞതാണ്. അത് അതീവ ഗുരുതരമാണ്. അതു കൊണ്ടാണ് മാതാപിതാക്കള്‍ എന്ന നിലയില്‍ നാം കുഞ്ഞുങ്ങളെ പഠിപ്പിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്ന് കളളം പറയുന്നത് അവസാനിപ്പിക്കുവാനാണ്. നമ്മുടെ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് നമ്മുടെ സ്വഭാവവുമായാണ്. ജനനം മുതല്‍ അവര്‍ വ്യാജം പറയന്നു. അത് എത്ര ഗൗരവമുളളതാണെന്ന് നാം അവരെ കാണിക്കുന്നില്ലെങ്കില്‍, അത് നമ്മുടെ ജീവിതത്തില്‍ അവര്‍ക്കു കാണാന്‍ കഴിയുന്നില്ലെങ്കില്‍ അവര്‍ അതു പഠിക്കുകയില്ല. മാതാപിതാക്കള്‍ എന്ന നിലയില്‍ നാം അത് ഗൗരവമായി എടുക്കുന്നെന്നും, നാം എന്തെങ്കിലും പറഞ്ഞാല്‍ അതു ചെയ്യുന്നവരാണെന്നും അവര്‍ക്കു കാണാന്‍ കഴിയണം. നാം നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കില്‍ നാം നമ്മുടെ വാക്കു പാലിക്കണം. അല്ലെങ്കില്‍ അതു ചെയ്യാതെവണ്ണം നമ്മെ തടയുവാന്‍ എന്തെങ്കിലും സാഹചര്യം ഉണ്ടായെങ്കില്‍ അത് അവര്‍ക്കു വിശദീകരിച്ചു കൊടുക്കണം.

സത്യം പറയുക എന്നത് ഒരു ഗുണ വിശേഷമാണ്, ഒരു നന്മയാണ് . നമുക്ക് അതു നേടിയെടുക്കണമെങ്കില്‍ നാം പൂര്‍ണ്ണഹൃദയത്തോടെ പോരാടണം. പരിശുദ്ധാത്മാവ് സത്യത്തിന്‍റെ ആത്മാവാണ്. നിങ്ങള്‍ സത്യമുളളവരായിരിക്കണമെങ്കില്‍, നിങ്ങളെ നിറയ്ക്കുവാനും നിങ്ങളുടെ എല്ലാ സംസാരത്തിലും ഈ വ്യാജം പറയുന്ന ശീലത്തെ മരിപ്പിക്കുവാനും പരിശുദ്ധാത്മാവിനോട് നിങ്ങള്‍ ആവശ്യപ്പെടണം. നാം അതു ചെയ്താല്‍, സാത്താന്‍ നമ്മെ വഞ്ചിക്കുവാന്‍ നോക്കുന്ന വ്യാജങ്ങളെ തിരിച്ചറിയുവാനുളള വിവേചനം ദൈവം നമുക്കു നല്‍കുന്നതായി നാം കണ്ടെത്തും.