WFTW Body: 

വന്ധ്യയായ തന്റെ മാതാവ് ഹന്നയിലാണ് ശമുവേലിന്റെ കഥ ആരംഭിക്കുന്നത്. വളരെ നാളുകള്‍ കുഞ്ഞുങ്ങളില്ലാതിരുന്ന പല സ്ത്രീകളുടെ കഥകള്‍ തിരുവചനത്തില്‍ വിവരിച്ചിട്ടുണ്ട്- സാറ, റിബേക്ക, റാഹേല്‍, ഹന്ന എന്നിങ്ങനെ. ഇവരെല്ലാം തങ്ങളുടെ ആവശ്യം ദൈവമുമ്പാകെ അര്‍പ്പിച്ചു. ഇവരെല്ലാം ദൈവത്തിന്റെ പദ്ധതിയില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്ന ഓരോ ആണ്‍മക്കള്‍ക്കെങ്കിലും ജന്മം നല്‍കുകയും ചെയ്തു. അവര്‍ തങ്ങളുടെ വന്ധ്യതയെ അംഗീകരിച്ചില്ല. മറിച്ച് കുഞ്ഞുങ്ങള്‍ക്കായി മുട്ടിപ്പായി ദൈവത്തോട് അപേക്ഷിച്ചു. ദൈവം അവരുടെ പ്രാര്‍ഥനയ്ക്കു മറുപടി നല്‍കി എന്നു മാത്രമല്ല, അവര്‍ക്കു ജനിച്ച കുഞ്ഞുങ്ങളില്‍ ഓരോരുത്തരിലൂടെ ദൈവം തന്റെ ലക്ഷ്യത്തെ മുന്നോട്ടു കൊണ്ടുപോയി.

കുഞ്ഞുങ്ങള്‍ ഗര്‍ഭത്തില്‍ ഉള്ളപ്പോള്‍ത്തന്നെ പല അമ്മമാരും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കാറുണ്ട്. എന്നാല്‍ ഈ അമ്മമാര്‍ വലിയ തീക്ഷ്ണതയോടെ പ്രാര്‍ഥിച്ചു. ഇത്തരം തീക്ഷ്ണമായ നിലയിലുള്ള പ്രാര്‍ഥനയുടെ ഫലമായി ഒരു കുഞ്ഞു ജനിക്കുന്നത് അത്ഭുതകരമാണ്. ഇങ്ങനെ ജനിച്ചതാണ് ശമുവേല്‍.

ഹന്നാ അനേക വര്‍ഷങ്ങളായിട്ട് ഒരു കുഞ്ഞിനുവേണ്ടി യഹോവയോട് യാചിച്ചിട്ടുണ്ട്. ഒടുക്കം അവള്‍ ഇങ്ങനെ പറഞ്ഞുകൊണ്ട് ഒരു നേര്‍ച്ച നേര്‍ന്നു. ''സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓര്‍ക്കുകയും അടിയനെ മറക്കാതെ ഒരു പുരുഷ സന്താനത്തെ നല്‍കുകയും ചെയ്താല്‍ അടിയന്‍ അവനെ ജീവപര്യന്തം യഹോവയ്ക്കു കൊടുക്കും'' (1 ശമു. 1-11). അവളുടെ ലക്ഷ്യത്തിന് ഒരു മാറ്റമുണ്ടായി. ആദ്യം, അവള്‍ അവളുടെ സ്വന്തം ആവശ്യത്തെക്കുറിച്ചു മാത്രമെ ചിന്തിച്ചുള്ളു: ''എനിക്ക് ഒരു പുത്രനെ വേണം.'' അനന്തരം അവള്‍ പറഞ്ഞു തുടങ്ങിയത്. ''എനിക്കൊരു പുത്രനുണ്ടായാല്‍ യഹോവയ്ക്കും അവനെ ആവശ്യമുള്ളതിനാല്‍, ഞാന്‍ അവനെ യഹോവയ്ക്കു നല്‍കും. നമ്മുടെ പ്രാര്‍ത്ഥനകളുടെ കേന്ദ്രസ്ഥാനം നമ്മുടെ ആവശ്യത്തില്‍ നിന്ന് ദൈവത്തിന്റെ ആവശ്യത്തിലേക്ക് എപ്പോള്‍ മാറുമോ അപ്പോഴാണ് നമുക്ക് നമ്മുടെ പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാന്‍ തുടങ്ങുന്നത്. കര്‍ത്താവ് നമ്മെ പ്രാര്‍ത്ഥിപ്പാന്‍ പഠിപ്പിച്ചത് ആദ്യം ''അവിടുത്തെ നാമം പരിശുദ്ധമാക്കണമേ'' എന്നാണ്.

ആ കാലത്ത് യിസ്രയേലില്‍ ഒരു ആത്മീയ ആവശ്യം ഉണ്ടായിരുന്നു. ദൈവജനം അങ്ങേയറ്റം പിന്മാറ്റത്തിലായിരുന്നു. ഏലിപുരോഹിതനെപ്പോലെയുള്ള അവരുടെ നേതാക്കളും വലിയ പിന്മാറ്റത്തിലായിരുന്നു. മോശെയ്ക്കു ശേഷം അതുവരെ യിസ്രായേലില്‍ ഒരു പ്രവാചകന്‍ എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. തന്റെ ചുറ്റും നടക്കുന്ന കാര്യത്തെക്കുറിച്ചു ബോധവതിയായിരുന്നു ഹന്ന. യിസ്രായേലില്‍ ഒരു പ്രവാചകനുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള തികഞ്ഞ ബോധ്യം അവള്‍ക്കുണ്ടായിരുന്നിരിക്കണം. അതുകൊണ്ടു അവള്‍ തുടര്‍ന്നു പ്രാര്‍ഥിച്ചു: ''ഞാന്‍ എന്റെ മകനെ അങ്ങേക്കു സമര്‍പ്പിക്കുന്നു. അവന്റെ തലയില്‍ ഒരു ക്ഷൗരക്കത്തി തൊടുകയില്ല. അങ്ങേക്കായി സമര്‍പ്പിതനായ ഒരു നാസിര്‍വ്രതക്കാരനായിരിക്കും അവന്‍. ഈ ജനതയെ അവനെയുപയോഗിച്ച് അങ്ങിലേക്കു തിരിക്കാന്‍ കഴിയുമെങ്കില്‍ അവന്‍ അവിടുത്തേതായിരിക്കും.'' തന്റെ ആവശ്യത്തില്‍നിന്നു അവളുടെ പ്രാര്‍ഥനയുടെ ഊന്നല്‍ ദൈവത്തിന്റെ ആവശ്യത്തിലേക്കു മാറി.

നമ്മുടെ പല പ്രാര്‍ഥനകള്‍ക്കും മറുപടി കിട്ടാത്തതിന്റെ കാരണം അവയുടെ ഊന്നല്‍ പലപ്പോഴും നമ്മിലേക്കു തന്നെയാണ് എന്നുള്ളതാണ്. ഇത്തരം ഒരു മാതാവിനു ശമുവേല്‍ ജനിച്ചതില്‍ എന്തത്ഭുതം!

ഹന്നാ ശമുവേലിനെ പ്രസവിച്ചപ്പോള്‍, അവള്‍ അവളുടെ വാഗ്ദാനം മറന്നില്ല. അവള്‍ തന്റെ മകനെ ദേവാലയത്തിലേക്ക് കൊണ്ടു വന്നിട്ടു പറഞ്ഞു, ''ഈ ബാലനായിട്ടു ഞാന്‍ പ്രാര്‍ത്ഥിച്ചു; ഞാന്‍ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്‍കിയിരിക്കുന്നു. അതുകൊണ്ട് ഞാന്‍ അവനെ യഹോവയ്ക്കു നിവേദിച്ചിരിക്കുന്നു; അവന്‍ ജീവപര്യന്തം യഹോവയ്ക്കു നിവേദിതനായിരിക്കും'' (1 ശമു. 1:27,28). അവള്‍ ഇനി ഒരിക്കലും അവനെ തിരിച്ചുകൊണ്ടു പോകാന്‍ പോകുന്നില്ല. അവള്‍ അവിടെ ആ ബാലനെ മുട്ടുകുത്തി ദൈവത്തെ ആരാധിക്കാന്‍ പഠിപ്പിച്ചു. അങ്ങനെയുള്ള ദൈവഭക്തയായ ഒരമ്മയെ ലഭിക്കുന്നത് വളരെ ആശ്ചര്യകരമാണ്. അനന്തരം അവള്‍ യഹോവയ്ക്കു മനോഹരമായൊരു സ്‌തോത്രഗാനം പാടി! (1 ശമു. 2:1-10). മറിയയുടെ സ്‌തോത്രഗാനം ഹന്നായുടെ പാട്ടിനാല്‍ പ്രചോദിപ്പിക്കപ്പെട്ടതായിരിക്കാന്‍ കൂടുതല്‍ സാധ്യത ഉണ്ട്. കാരണം അവയിലെ വാക്കുകള്‍ അത്ര സാമ്യമുള്ളതാണ്!

തന്റെ പ്രവചന ശുശ്രൂഷയിലൂടെ യിസ്രയേലിന്റെ മുഖഛായ മാറ്റിയ ഒരു യുവാവായി ശമുവേല്‍ വളര്‍ന്നു വന്നു - ന്യായാധിപന്മാരുടെ പുസ്തകത്തില്‍ നാം കാണുന്ന കുത്തഴിഞ്ഞ അവസ്ഥ മുതല്‍ ദാവീദിന്റെ ഭരണത്തിന്‍ കീഴുള്ള മഹത്വകരമായ അവസ്ഥ വരെ.