WFTW Body: 

യിരെമ്യാവ് 15:16-21 ല്‍ നാം ദൈവത്തിന്റെ വക്താവായിരിക്കുന്നതിനുള്ള മൂന്ന് നിബന്ധനകള്‍ കാണുന്നു.'

യിരെമ്യാവ് 15:16-21 ല്‍ നാം ദൈവത്തിന്റെ വക്താവായിരിക്കുന്നതിനുള്ള മൂന്ന് നിബന്ധനകള്‍ കാണുന്നു. ഒന്നാമതായി ''ഞാന്‍ അങ്ങയുടെ വചനങ്ങളെ കണ്ടെത്തി ഭക്ഷിച്ചിരിക്കുന്നു. അങ്ങയുടെ വചനം എന്റെ സന്തോഷവും ഹൃദയത്തിന്റെ പ്രമോദവുമായിത്തീര്‍ന്നു'' (വാക്യം 16 ). ദൈവത്തിന്റെ വചനം നിങ്ങളുടെ ഹൃദയത്തിന്റെ സന്തോഷവും പ്രമോദവുമായിരിക്കണം. ഒരു ബിസിനസ്സുകാരന്‍ പണമുണ്ടാക്കുന്നതില്‍ സന്തോഷിക്കുന്നതു പോലെ ദൈവവചനം ആഴത്തില്‍ അറിയുന്നതില്‍ ആയിരിക്കണം നിങ്ങളുടെ സന്തോഷം. പലര്‍ക്കും പ്രസംഗകര്‍ ആകണം. എന്നാല്‍ അവര്‍ ദൈവവചനം ആഴത്തില്‍ പഠിക്കുവാന്‍ സമയം ചെലവഴിക്കുന്നില്ല, അവര്‍ ദൈവവചനത്തെ തങ്ങളുടെ ഹൃദയത്തിന്റെ സന്തോഷവും പ്രമോദവുമായി എടുക്കുന്നില്ല..''

രണ്ടാമതായി ''കളിക്കാരുടെ കൂട്ടത്തില്‍ ഞാനിരുന്നു ഉല്ലസിച്ചിട്ടില്ല'' (വാക്യം 17). യഹൂദ്യയിലെ മറ്റ് ജനങ്ങള്‍ തിന്നും കുടിച്ചും രസിച്ചും ഇരുന്നപ്പോള്‍ യിരെമ്യാവ് ഒറ്റയ്ക്ക് ദൂരെ മാറി ദൈവത്തോടു കൂടെയിരുന്നു. ഈ ലോകത്തിലെ കോമാളികളോട് അകന്നു നില്‍ക്കുന്നതില്‍ നിങ്ങള്‍ അച്ചടക്കം പാലിച്ചില്ലെങ്കില്‍ നിങ്ങള്‍ക്കൊരിക്കലും ദൈവത്തിന്റെ വക്താവാകുവാന്‍ സാധിക്കുകയില്ല. ശുദ്ധ ഫലിതവും തമാശകളും തെറ്റാണെന്നല്ല, എന്നാല്‍ പല ക്രിസ്ത്യാനികള്‍ക്കും എവിടെ നിര്‍ത്തണമെന്നറിയില്ല. അവര്‍ എപ്പോഴും തമാശകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇത്തരക്കാരുമായി സമയം ചെലവഴിക്കാതിരിക്കുന്ന കാര്യം യിരെമ്യാവ് ഉറപ്പാക്കിയിരുന്നു.

മൂന്നാമതായി യിരെമ്യാവ് ദൈവത്തോട് ഒരു പരാതി പറയുന്നു വാക്യം 18-ല്‍ ''എന്റെ വേദന നിരന്തരവും എന്റെ മുറിവ് പൊറുക്കാത്തതും സൗഖ്യം പ്രാപിക്കാത്തതും ആയിരിക്കുന്നത് എന്തുകൊണ്ട്? അങ്ങെനിക്ക് വഞ്ചിക്കുന്ന ഉറവും വറ്റിപ്പോകുന്ന തോടും പോലെ ആയിരിക്കുമോ?'' ദൈവം പറഞ്ഞു: ''ഇത്തരത്തില്‍ നീ എന്നോട് സംസാരിക്കരുത്''. അവിശ്വാസത്തിന്റെ വാക്കുകള്‍ സംസാരിച്ച യിരെമ്യാവിനെ ദൈവം ശാസിക്കുന്നു. ദൈവം നമ്മെ ഒരിക്കലും തള്ളി കളയുന്നില്ല. അവിടുന്ന വഞ്ചിക്കുന്ന ഉറവയല്ല. യിരെമ്യാവ് തന്റെ തോന്നലുകളിലും സാഹചര്യങ്ങളിലുമാണ് ആശ്രയിച്ചത്. ദൈവം അവനോട് പറഞ്ഞു ''നീ മടങ്ങി വന്നാല്‍ ഞാന്‍ നിന്നെ എന്നെ സേവിക്കത്തക്കവണ്ണം പുനരുദ്ധരിക്കും. നീ അധമമായത് തള്ളി (ഇപ്പോള്‍ പറഞ്ഞതുപോലുള്ള വ്യര്‍ത്ഥമായ വാക്കുകളും അവിശ്വാസത്തിന്റെ വാക്കുകളും) ഉല്‍കൃഷ്ടമായത് (വിശ്വാസത്തിന്റേയും നന്മയുടേയും വാക്കുകള്‍) സംസാരിച്ചാല്‍ നീ എന്റെ വക്താവായിത്തീരും (വാക്യം 19 )..

നിങ്ങളില്‍ എത്ര പേര്‍ക്ക് ദൈവത്തിന്റെ വക്താവാകാം? നിങ്ങള്‍ വായിച്ച ഏതെങ്കിലും പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രസംഗം തയ്യാറാക്കി നിര്‍ജ്ജീവപ്രസംഗം നടത്തി ഒരു പ്രസംഗകനാകുന്ന കാര്യമല്ല ഞാന്‍ പറയുന്നത്. എന്നാല്‍ ദൈവത്തിന്റെ യഥാര്‍ത്ഥ വക്താവാകുക എന്നതാണ്. അങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍ അനാവശ്യകൂട്ടുകെട്ടുകളില്‍ സമയം ചെലവഴിക്കാതെ നിങ്ങളുടെ സമയത്തെ വീണ്ടെടുത്ത് അത് ദൈവവചന പഠനത്തിന് ഉപയോഗിക്കുക. അതായിരിക്കട്ടെ നിങ്ങളുടെ സന്തോഷം. അനാവശ്യസംഭാഷണങ്ങള്‍ ഒഴിവാക്കി എപ്പോഴും വിശ്വാസത്തിന്റെ വാക്കുകളും നല്ല വാക്കുകളും മാത്രം ഉപയോഗിക്കുക. അപ്പോള്‍ ദൈവം നിങ്ങളെ അവിടുത്തെ നാവാക്കി മാറ്റും. ദൈവത്തിന് ഒരു പക്ഷാഭേദവുമില്ല..